കയ്പാലിത്തിരി പുരളാതില്ലൊരു നേരും; കണ്ണീ-
രില്ലാതില്ലൊരു കണ്ണും.
ഉറ്റവരെവിടെ?
ഊരെവിടെ? കാണാ-
തായതു് സ്വർഗ്ഗം.
തേടാതെങ്ങനെ?
അടയാളങ്ങൾ മറഞ്ഞെന്നാലും?
ആശയിരുണ്ടെന്നാലും?
വരുമാരെങ്കിലുമെന്നൊരു നെഞ്ചിൽ
മിടിപ്പുണ്ടേലോ?
സന്നാഹങ്ങൾ പെരുക്കിയിറങ്ങി.
പലനാൾ മേലും കീഴും പരതി.
മുന്നും പിന്നും പരതി.
അടവും തുറവും പരതി.
ജെ സി ബിത്തൊട്ടിലിലാടി
ഉറ്റവർ ചിലരുണരാതെത്തി.
മേൽപ്പുര കീഴ്പ്പുര പോയൊരു ജന്നൽ
തല വിട്ടു് തുറിച്ചൊരു കണ്ണായ്.
അതു് കണ്ടതുമൊരു കാറ്റും
പരിചിതമല്ലാ ലോകം.
കിട്ടിയ കീറർത്ഥങ്ങൾ
കയ്പ്പേറും സൂചനകൾ.
നാഗരികാർത്തികൾ പൊന്മുട്ടകൾ
തേടിത്തോണ്ടിയ ഖനികൾ
നാടിൻ കൂട്ട മൃതിക്കുഴിയായി.
ഭാവിയിലേക്കു് കുതിച്ച പദങ്ങൾ
പ്രാചീനതയിൽ ചിന്നിച്ചിതറി.
ഉയരത്തിനൊരുങ്ങിയതെല്ലാം
പാതാളത്തിലടങ്ങിയമർന്നു.
തേടാതെങ്ങനെ, എന്നാലും?
മണ്ണിന്നടിയിൽ, പാറയ്ക്കടിയിൽ,
ചേറ്റുകയത്തിൽ താഴും വാക്കിൽ
എല്ലാറ്റിലുമുള്ള തുടക്കത്തിൽ
എവിടെയുമാഴുമൊടുക്കത്തിൽ
എല്ലാറ്റിലുമുള്ള കയത്തിൽ
കരിവെയിലെരിയും മൌനത്തിൽ
കൂനിയിരിക്കുന്നുണ്ടാവാം
കാണാതായ മുതിർന്നോർ.
മൃതിയിലുമൊരു കളിമൈതാനം
കണ്ടു് കിടാങ്ങൾ
കളിയാടുകയാവാമവിടെ.
തെരയാതെങ്ങനെ?
കൈവരുമെന്തു് തെരഞ്ഞാലും?
മണ്ണിൽത്താഴും രണ്ടോ മൂന്നോ
മുടിയിഴ വിരലിലിഴഞ്ഞാലായി.
തെരയാതെങ്ങനെ, എന്നാലും?
തീയെ തീയിലുരുക്കിയിരുന്നൂ വിജ്ഞർ
പ്രതിയെ പ്രതിയിലുരുക്കിയിരുന്നൂ പോലീസ്;
തെളിയാൻ നിഴലില്ലാപ്പൊരുൾ:
ഒച്ചയിലുയരും മൂകത നേരോ?
ചിരിയിലൊലിക്കും കണ്ണീർ നേരോ?
വിരിയലിൽ വിളയും കരിയൽ നേരോ?
നേരോ, കുതികളിലുറയുമനങ്ങായ്ക?
അറിവേക്കാൾ അറിവില്ലായ്കകൾ
വാഴും പുരമോ നമ്മുടെ പ്രജ്ഞ?
ചിത്രങ്ങൾ: വി. ആർ. സന്തോഷ് (‘സ്റ്റഡീസ് ഓൺ റോബോട്ടിക് മൻ’ എന്ന സീരീസിൽ നിന്നു്).
(‘കയ്പി’ന്റെ ഒരു വായനാനുഭവം)
—എ. പ്രതാപൻ
ചക്കരപ്പന്തലിൽ തേന്മഴ ചൊരിയുന്ന, പാടാനോർത്ത ആ മധുരിത കാലത്തു നിന്നു് ഓടാതിരിക്കാൻ വയ്യ. ആ പ്രമേഹ ബാധിത ഭൂതകാലത്തിനു് പ്രതിവിധിയായി കയ്പുനീരു കുടിച്ചേ മതിയാവൂ. നിങ്ങൾ രാവിലെ ഊതിയാറ്റി കുടിക്കുന്ന ചായ ഞങ്ങളുടെ ചോരയാണു് എന്നാണു് പെട്ടിമുടിയിലെ കുരുതിക്കു ശേഷം മൂന്നാറിലെ ആൺപിളൈ ഒരുമകൾക്കു മുന്നിൽ തോറ്റുപോയ ഗോമതി എന്ന പെൺപിള കേരളത്തോടു് പറഞ്ഞതു്. നമ്മുടെ ചായക്കോപ്പകളിൽ ഒരു കൊടുങ്കാറ്റും വീശിയില്ല, എങ്കിലും പിന്നീടു് ചായ കുടിക്കുമ്പോൾ ഒരു കയ്പു് എന്റെ കൂടെ വന്നു. കയ്ക്കുന്ന പഞ്ചസാര (bitter sugar) എന്ന ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ കരിമ്പിൻ തോട്ടങ്ങളിലെ ഹെയ്ത്തിയൻ തൊഴിലാളികളുടെ ഭീകര ജീവിതത്തെക്കുറിച്ചുള്ള പുസ്തകം പണ്ടു് വായിക്കുമ്പോൾ തോന്നിയതു പോലെ കെ. ജി. എസ്സിന്റെ ‘കയ്പു്’ എന്ന കവിതയിൽ ഞാനതു വീണ്ടും അനുഭവിക്കുന്നു.
ഇത്തിരി കയ്പു് പുരളാത്ത ഒരു നേരുമില്ല, കണ്ണീരില്ലാത്ത കണ്ണു പോലെ എന്നാണു് നേരിന്റെ മുന്നിലെ കെ. ജി. എസ്സിന്റെ കവിതക്കാഴ്ച. ഒരു നിമിഷം കൊണ്ടു് അപ്രത്യക്ഷമായ സ്വർഗ്ഗ ഭൂമിയിൽ കളഞ്ഞു പോയ ഊരും ഉറ്റവരും. ആശകൾ അവസാനിക്കുമ്പോഴും ആരെങ്കിലും വരുംവരും എന്ന പ്രതീക്ഷയിൽ മണ്ണിന്നടിയിൽ ഒരു നെഞ്ചിടിപ്പു് ബാക്കി കിടപ്പുണ്ടെങ്കിലോ എന്നു് പിന്നെയും തേടിക്കൊണ്ടിരിക്കുന്നു. ജെസിബിയുടെ തൊട്ടിലിൽ ഇനിയുണരാത്ത നിത്യനിദ്രയിലാണു് തിരിച്ചു വരുന്ന ഉറ്റവർ. മേൽപ്പുരയും കീഴ്പ്പുരയും പോയി തലവിട്ടു് തെറിച്ച കണ്ണു പോലെ ഒരു ജനൽ ബാക്കിയായി. നാഗരികതയുടെ ആർത്തികൾ പൊന്മുട്ടകൾ തേടി കുഴിച്ച ഖനികൾ ഒരു നാടിന്റെ മൊത്തം ശവക്കുഴിയായി മാറി.
“ഭാവിയിലേക്കു് കുതിച്ച പദങ്ങൾ
പ്രാചീനതയിൽ ചിന്നിച്ചിതറി.
ഉയരത്തിനൊരുങ്ങിയതെല്ലാം
പാതാളത്തിലടങ്ങിയമർന്നു.”
ഈ വരികൾ വായിച്ചപ്പോൾ ഞാൻ വാൾട്ടർ ബെഞ്ചമി നെ ഓർത്തു. ചരിത്ര ദർശനത്തെക്കുറിച്ചുള്ള തിസീസുകളിൽ ബെഞ്ചമിൻ പോൾ ക്ലീ യുടെ ഒരു പെയിന്റിങിനെക്കുറിച്ചു പറയുന്നു. “താൻ സൂക്ഷ്മമായി ധ്യാനിച്ചു കൊണ്ടിരിക്കുന്ന ഒന്നിൽ നിന്നു് അകലാനൊരുമ്പെടുന്ന ഒരു മാലാഖയുടെ ചിത്രം. തുറിച്ചു നോക്കുന്ന കണ്ണുകൾ, തുറന്ന വായ, വിടർന്ന ചിറകുകൾ. ചരിത്രത്തിന്റെ മാലാഖ ഇങ്ങനെ വരയപ്പെടുന്നു. അതിന്റെ മുഖം ഭൂതത്തിലേക്കു് തിരിഞ്ഞിരിക്കുന്നു. സംഭവങ്ങളുടെ പരമ്പരയായി നാം കാണുന്നതു് ഒരൊറ്റ ദുരന്തമായി അതിനു കാണാം. ആ ദുരന്തത്തിന്റെ അവശിഷ്ടങ്ങൾ അതിന്റെ കാൽക്കീഴിൽ കുമിഞ്ഞു കൂടിയിരിക്കുന്നു. അവിടെത്തന്നെ തുടരാൻ, മരിച്ചവരെ ഉണർത്താൻ, പൊട്ടിച്ചിതറിയതിനെ ഒരുമിച്ചു ചേർക്കാൻ അതു് കൊതിക്കുന്നുണ്ടാവണം. പക്ഷേ, സ്വർഗ്ഗത്തിൽ നിന്നു് വലിയ കൊടുങ്കാറ്റു് വീശുകയാണു്. അതിന്റെ തീവ്രതയിൽ ചിറകുകൾ അടയ്ക്കാനാകുന്നില്ല. താൻ പുറം തിരിഞ്ഞിരിക്കുന്ന ഭാവിയിലേക്കു് ആ കൊടുങ്കാറ്റു് മാലാഖയെ പായിച്ചു കൊണ്ടിരിക്കുന്നു. നാശാവശിഷ്ടങ്ങൾ ആകാശത്തോളം കുന്നുകൂടുന്നു. ആ കൊടുങ്കാറ്റിനെ നമ്മൾ പുരോഗതി എന്നു വിളിക്കുന്നു.” പോൾ ക്ലീയുടെ മാലാഖയെ പറപ്പിച്ചു വിട്ട പുരോഗതിയുടെ ആ കൊടുങ്കാറ്റു് കെ. ജി. എസ്. കവിതയിലെ ഈ വരികൾക്കിടയിലൂടെ ചിറകടിച്ചു പോയി.
“ചേറ്റുകയത്തിൽ താഴുന്ന വാക്കിലും,
എല്ലാറ്റിലുമുള്ള കയത്തിലും
മൗനത്തിൽ കൂനിയിരിക്കുന്നുണ്ടാവും
കാണാതായ മുതിർന്നവർ”
എന്നു കഴിഞ്ഞു്
“മൃതിയിലുമൊരു കളി മൈതാനം
കണ്ടു കിടാങ്ങൾ
കളിയാടുകയാവാമവിടെ”
എന്നു വായിക്കുമ്പോൾ നിഷ്കളങ്കരായ കുഞ്ഞുങ്ങളുടെ മരണത്തെച്ചൊല്ലി ദൈവത്തെ വിചാരണ ചെയ്യുന്ന ഒരു കാരമസോവ് കലഹം തൊണ്ടയെ വീർപ്പു മുട്ടിച്ചു.
“വിഫലമായ തിരച്ചിലുകൾക്കൊടുവിൽ
ഒച്ചയിലുയരുന്ന മൂകതയുടെ,
ചിരിയിലൊലിക്കുന്ന കണ്ണീരിന്റെ,
വിരിയലിൽ വിളയുന്ന കരിയലിന്റെ,
കുതികളിൽ ഉറയുന്ന അനങ്ങായ്കകളുടെ,
അറിവിലെ അറിവില്ലായ്മകളുടെ”
ഒക്കെ നേരിൽ കയ്പിനെ തിരഞ്ഞു കൊണ്ടേയിരിക്കുന്നു ഈ കവിത.
ഈ കയ്പു് നമ്മുടെ മധുരങ്ങളിൽ നുരയുന്ന കയ്പു തന്നെ എന്നു കിട്ടിയ കീറർത്ഥങ്ങൾ പറയുന്നു.
ബ്രെഹ്റ്റി ന്റെ ‘ഹോളിവുഡ് വിലാപഗീതങ്ങ’ളിൽ സ്വർഗ്ഗ മാതൃകയിൽ വിഭാവനം ചെയ്യപ്പെടുന്ന ഹോളിവുഡ് ഗ്രാമത്തെ കുറിച്ചു് പറയുന്നു. അന്നാട്ടിലെ ധാരണയനുസരിച്ചു് ദൈവത്തിനു് സ്വർഗ്ഗവും നരകവും ആവശ്യമാണെങ്കിലും അതു് രണ്ടു പ്രത്യേക സ്ഥാപനങ്ങളായി വേണ്ട, ഒന്നു മതി, അതു് സ്വർഗ്ഗം തന്നെയാകട്ടെ എന്നാണു തീരുമാനിക്കുന്നതു്. ഗതിപിടിക്കാത്ത പരാജിതർക്കു് അതു തന്നെ നരകമായി പ്രവർത്തിച്ചു കൊള്ളും. നമ്മുടെ ഭൂമി ആ ഹോളിവുഡ് ഗ്രാമത്തിന്റെ മാതൃകയിൽ തന്നെയാണു് പടുത്തുയർത്തപ്പെട്ടിരിക്കുന്നതു്. വിജയികളുടെ സ്വർഗ്ഗങ്ങൾ തന്നെ പരാജിതരുടെ നരകങ്ങൾ എന്നു് പുരോഗതിയുടെ ഓരോ കൊടുങ്കാറ്റുകൾക്കു ശേഷവും നമുക്കു മനസ്സിലാക്കാം. സ്വർഗ്ഗദർശനങ്ങൾക്കായി പോകുന്നവർക്കു് സൗജന്യമായി നരകദർശനവും സാദ്ധ്യമാക്കുന്ന ഒന്നു്. നമ്മുടെ മധുരങ്ങളൊക്കെയും അപരനു കയ്പായി മാറുന്ന ഒരു രാസവിദ്യ നമ്മുടെ സാമൂഹികതയിൽ ഉൾച്ചേർന്നിരിക്കുന്നു എന്ന തിരിച്ചറിവു് ഈ കെ. ജി. എസ്. കവിതയിൽ പ്രവർത്തിക്കുന്നു. ഇതു് നമ്മുടെ നാഗരികതയുടെ കയ്പാണു്, എളുപ്പം തുപ്പിക്കളയാനാകാത്ത ഒന്നു്.
മണ്ണിന്നടിയിൽ അടക്കം ചെയ്യപ്പെട്ട പൗരാണിക നഗരങ്ങളെന്ന പോലെ, ഓർമ്മയിൽ പുതഞ്ഞു കിടക്കുന്നു നമ്മുടെ അനുഭവങ്ങൾ. മറവു ചെയ്യപ്പെട്ട സ്വന്തം ഭൂതകാലത്തെ സമീപിക്കുന്ന ഒരുവനു കുഴിവെട്ടുകാരനെ പോലെ ആകാതെ വയ്യ. വീണ്ടും വീണ്ടും കിളച്ചു കോരി മറിക്കാതെ വയ്യ (വാൾട്ടർ ബെഞ്ചമിൻ). കവിതയും ഒരു ഖനനമാണു്. കെ. ജി. എസ്സിന്റെ കവിതയിൽ ആ കിളയ്ക്കൽ ചരിത്രത്തിന്റെ മേൽമണ്ണു നീക്കുന്ന ഉദാസീന ക്രിയ അല്ല. ആഴത്തിലാഴത്തിൽ വീണ്ടെടുക്കപ്പെടാനുള്ള മിടിപ്പുകൾ ഇനിയും ബാക്കിയുണ്ടോ എന്ന അവസാനിക്കാത്ത തെരച്ചിലാണതു്. വീട്ടുമുറ്റത്തെ കിണറ്റിൽ നിന്നു് മോഹൻജെദാരോവിലെ മരിച്ചവരുടെ മേട്ടിലെ പുഷ്കരത്തോളം എത്തുന്ന ഒന്നു്.
അറിഞ്ഞതിന്റെ വിപരീതങ്ങളെ ആരായുന്ന ഒരു ചരിത്രബോധമായി അതു് കെ. ജി. എസ്. കവിതകളിൽ. സാമ്പ്രദായിക പുരോഗമനത്തിന്റെ ഇത്തിരിവട്ട അധോമുഖ വാമനച്ചുവടുകളിൽ നിന്നു് പിന്നോട്ടു പറക്കുന്ന പോൾ ക്ലീയുടെ മാലാഖയുടെ ദുരന്തക്കാഴ്ച ആ കവിതകളെ ഭിന്നമാക്കി. ഒച്ചകളിൽ നിന്നു് നിശ്ശബ്ദതയേയും ജടാധാരികളിൽ നിന്നു് കഷണ്ടിക്കാരനേയും ആ കവിതകൾ അഭിമുഖീകരിച്ചു.
എ. പ്രതാപൻ, തൃശ്ശൂർ ജില്ലയിൽ ചൂലിശ്ശേരിയിൽ ജനിച്ചു. ഇപ്പോൾ കണ്ണൂരിൽ താമസിക്കുന്നു. ഭാര്യ: മാലതി നയൻതാര. മകൻ: ഋത്വിക്ക്.