വൃദ്ധൻ ഒറ്റയ്ക്കു് താമസം, ഒറ്റമുറിവീട്ടിൽ;
വൈക്കം കായലിന്റെ ഓരത്തു്.
എങ്ങുന്നോ എന്നോ വന്നൊരാൾ; സിദ്ധനോ
മുൻനക്സലൈറ്റോ മായാവിയോ.
കാണാൻ വരുന്നു പലരും.
ഭാവനയിൽ വൈക്കം പലരാക്കി വൃദ്ധനെ.
നിലാവത്തു് കായലിനു് മേലേ ഉലാത്തുന്നൊരാൾ,
ചിലർ കണ്ടു.
കായൽക്കാറ്റിൽ ആ ജുബ
കാണാത്തോണിക്കു് പായ;
ചിലർ കണ്ടു. ചിതറി വൃദ്ധൻ
ചരിത്രത്തിൽ നിന്നു് കെട്ടുകഥകളിലേക്കു്.
കെടുന്നില്ലൊരു വീട്ടിലും
കെട്ടുകഥ വേവും അടുപ്പു്.
സ്കൂൾ വിട്ടു് മടങ്ങും വഴി മൂന്നദ്ധ്യാപകർ
സാഹസികരായി: ഇന്നറിയണം നിജം.
വൃദ്ധൻ പറഞ്ഞു: സാറുമ്മാരെ, എന്റെ പേർ സംഭവൻ.
മുംബൈയിലും അഹമ്മാദാബാദിലും
തുണിമിൽത്തൊഴിലാളി.
ദത്താസാമന്ത് എന്ന ഡോക്ടർ സാബിന്റെ
യൂണിയനിലെ രണ്ടര ലക്ഷത്തിലൊരു കനൽ.
ഗുജറാത്തി, മറാത്തി, ഹിന്ദി, അന്നു് വശമായി.
എന്നെപ്പറ്റിപ്പറയാൻ ദലിത് കവി
യശ്വന്ത് വഗേലയുടെ രീതിയാണെളുപ്പം:
എന്റെ കുലം അയ്യങ്കാളിയുടെ
തല ശംബൂകന്റെ
കൈ ഏകലവ്യന്റെ
മനസ്സു് കബീറിന്റെ
സ്വപ്നം നെരൂദയുടെ
വെളിവു് നീതിവംശത്തിന്റെ.
നേരം പോയ് നേരം പോയ് പാടി ഞാൻ
വിലങ്ങില്ലാ വാക്കു് വിതയ്ക്കാൻ കൂടി
തീണ്ടലില്ലാ കൂടൽ വളർത്താൻ കൂടി
ഓരു്വെള്ളം പോലെ ദുർഭൂതം
ഭാവിക്കണ്ടത്തിലേക്കൊഴുകുന്നതു് തടയാൻ കൂടി
രാജ്യം നീതിക്കവിതയാക്കാൻ കൂടി.
കൂട്ടക്കൊലയുടെ കാലത്തു്
ഗുജറാത്ത് ചോദിച്ചു:
ബീവീം മോളും വെന്തു; നിനക്കെന്തു് വേണം?
ചാവണോ കൈകാൽ വെട്ടി വിടണോ?
ഓടിയോടി വെറുപ്പിന്റെ തീപ്പുരയിൽ നിന്നു്
പുറത്തെത്തിയപ്പോൾ ഞാനൊരു പുകച്ചുരുൾ.
ഞാനെന്റെ മായൽ കാണുകയാണെന്നു് തോന്നി.
കോശങ്ങളിൽ ലോകമെഴുതിയ
ക്ഷോഭപ്രമാണങ്ങൾ മായുന്നെന്നു് തോന്നി.
എഴുത്തെല്ലാം മാഞ്ഞ കൽത്താളുമായി
എന്റെ മോശ മരുഭൂമിയിൽ ഒറ്റപ്പെട്ടെന്നു് തോന്നി.
ഒറ്റപ്പെടലും കൊല്ലപ്പെടലെന്നു് തോന്നി.
ഏറ്റുവിളിക്കാനാള് വേണം
മുദ്രാവാക്യത്തിനു് ജീവിക്കാൻ.
കൂട്ടു് വേണം പാട്ടിനു് ജീവിക്കാൻ.
പട്ടിക്കതിന്റെ വാൽ പിടികിട്ടുന്നില്ല;
എനിക്കെന്റെ മനസ്സും;
ആ സമരവട്ടത്തിൽ ചുറ്റിക്കറങ്ങി,
സൂചിപ്പെരുപ്പം കൊണ്ടു്
നേരഭ്രമം ബാധിച്ച എന്റെ ഘടികാരം.
ആളിന്റെ തെളിമ നോക്കി
വാഴ്‌വിന്റെ എളിമ നോക്കി
പുസ്തകങ്ങളെ നോക്കി,
മനസ്സിലാകായ്കയിലും മതിപ്പു് തോന്നി,
മാഷന്മാർ മടങ്ങി.
കണ്ടോ കേട്ടോ മനസ്സിൽ നിന്ന
ഗാന്ധിയൻ/ മാർക്സിയൻ/അംബേദ്കേറിയൻ
ഛായകളിൽ കുടയൂന്നി,
വൃദ്ധന്റെ കൊമ്പും തുമ്പിയും ചെവിയും കാലും
വർണ്ണിച്ചും തർക്കിച്ചും മാഷന്മാർ
കടവത്തേക്കു് നടന്നു.
ഞാനറിയും മൂപ്പരെ,
മാങ്ങാടു് രത്നാകരൻ പറഞ്ഞു;
പോയിട്ട്ണ്ടു് ഞാനാ ഒറ്റമുറിയിൽ
ചിന്തരവിക്കൊപ്പം.
കെ. പി. ആറിന്റെയോ പാറയുടേയോ
വടിവിലൊരു വൃദ്ധകനൽ.
രവി ചോദിച്ചു:
എപ്പോഴും സന്ദർശകർ; ആളൊഴിഞ്ഞെപ്പൊഴാ
കള്ളച്ചരിത്രത്തിനെതിരേ
നേർച്ചരിത്രമെഴുത്തു?
വേണേൽ നേരം വേരിലും കായ്ക്കും, രവീ;
വേണംന്നു് തോന്നണം.
ആൾവരവു് വിശ്വാസ, സംശയ, വരവു്.
ഞാനതു് രസിക്കുന്നു.
കാണുമ്പോൾ ഏകവചനം
കേൾക്കുമ്പോൾ ബഹുവചനം, വരുന്നവർ.
നേടുന്നു വരവേതിലും ഞാൻ, വൃദ്ധൻ ചിന്താസക്തൻ,
തത്വസുഖമെന്തെങ്കിലും;
തേടുന്നു പ്രത്യാശ, മൃത്യുഞ്ജയ രഹസ്യവും.
കോരുന്ന മീനെല്ലാം ചോരുന്നു
വാർദ്ധക്യത്തിന്റെ വലിയ വലക്കണ്ണിയിലെങ്കിലും.
ആരും വരാനില്ലാത്തപ്പോൾ വരും
തോണിക്കാരന്റെ കൂക്കു്, സമയം തുഴയും
നീണ്ടു് നീണ്ടൊരു വാക്കു്;
ഉച്ചഭാഷിണിയിലൂടെ വരും സക്കറിയയോ
ഇളയിടമോ കപിക്കാടോ ചുള്ളിക്കാടോ
രാജീവനോ സച്ചിയോ കാരശ്ശേരിയോ
സമയം തുറക്കും വെയിൽ.
നാളെ വരും ശ്രീരാമനും ക്യാമറയുമെന്നെ
വേറിട്ട കാഴ്ചയാക്കാനെന്നോർമ്മ വരും.
കായൽക്കയം മുഴക്കി വരും വാനമ്പാടി
ജീവനെരിഞ്ഞു് പാടി വരും രാപ്പാടി, വരും
ഉള്ളിലൊരു കിളി പാടും വാക്കു്, കവിത;
പൊയ് കീറും വജ്രം
നേരൂറും ഉറവ
നാലും ആറും നാനോപ്പൊരുളുമാടും വാക്കു്.
കായലറിയുമാദ്യം
ഇരുളിന്റെ വെളിവിന്റെ വരവു്;
വാക്കിലറിയുമാദ്യം
ഭ്രാന്തിന്റെ പ്രിയത്തിന്റെ വരവു്.
ദുരന്ത ശുഭാന്തങ്ങൾ.
വെറുപ്പല്ല സ്നേഹത്തിന്റെ വിപരീതപദം
ഭ്രാന്തെന്നു് കേഴും ഭാഷ.
പെണ്ണും ദളിതും നീതിയും തെളിക്കപ്പെടുന്നതു്
ബലിക്കുറ്റിയിലേക്കെന്നു് കാണിക്കും.
ആത്മഹത്യയ്ക്കുള്ള ഭ്രാന്തൻ തയ്യാറെടുപ്പിലാണു്
ലോകമെന്നു് തോന്നിക്കും.
ഞാനെന്നിൽ പതുങ്ങിയിരിക്കുന്നെന്നു്
തോന്നിക്കും.
ചരിത്രം കൊള്ളിവാക്കു് കൊണ്ടെന്നെ
പൊള്ളിക്കുന്നെന്നു് തോന്നും.
പകൽ വീഴ്ത്താനാവാഞ്ഞ വന്യമൃഗങ്ങളെ
ഗുഹയുടെ രാച്ചുമരിൽ ഞാൻ കോറി വീഴ്ത്തും.
പീഡിപ്പിച്ച ബോസിനെ പെൺവാക്കു്
നീതിമുനയിൽ തറച്ചെന്നു് കേൾക്കും.
പീഡനത്തുറുങ്കിൽ നിന്നു് നീതി
മോചിതസുന്ദരിയായി ഇറങ്ങി വരുന്നെന്നു് തോന്നും.
മുറ്റത്തൊഴിഞ്ഞു് നിൽക്കുന്ന
നിഴലിന്റെ മൌനത്തിലെ തീയുടെ തഴമ്പു്
സി. അയ്യപ്പന്റെ കഥ കാണിക്കും.
വരാനാരുമില്ലാത്തപ്പോളിങ്ങനെ മുനകളായ്
വന്നു തറയാറുണ്ടെന്റെ
രാക്കാതിൻ പനമ്പുവാതിലിൽ വാക്കു്.
മനസ്സുരുകി ഞാൻ തുക്കാറാമിനോടു് ചോദിച്ചു:
തുക്കാറാം,
ഈ വാക്കുകളോ നീ ചൂടുന്ന
ഒരേയൊരാഭരണം?
നിന്നെ ജീവിപ്പിക്കുന്ന
ഒരേയൊരന്നം?
നീയണിയുന്ന
ഒരേയൊരു വസ്ത്രം?
നീ വാരിവിതറുന്ന
ഒരേയൊരു ധനം?
പറയില്ല ഞാൻ പൂക്കൈതയെ[1] സൂര്യനാക്കിയ
പഴയ പോരാട്ടം പാഴായെന്നു്; വേദികളിൽ
ആളിക്കുന്നുണ്ടു് വിവേകികൾ
നേരം പോയ് നേരം പോയ് എന്ന
നീതിപ്പാട്ടിലെ തുല്യനീതിയുടെ എതിർജ്യോതി.
[1] “അവരുടെ പൂക്കൈതയ്ക്കു് ഇവിടെ സൂര്യൻ എന്നു് തന്നെയാണു് അർത്ഥം.”—കവിയൂർ മുരളി. ദലിത് ഭാഷ, പേജ് 106.
ഡ്രോയിങ്: വി. ആർ. സന്തോഷ്
ചിത്രങ്ങൾ: വി. മോഹനൻ