പന്ത്രണ്ടു് ദശലക്ഷം ഇന്ത്യൻ കർഷകർ ഡൽഹിയുടെ അതിർത്തിയിൽ ഇപ്പോൾ സമരത്തിലാണു്. കർഷക വിരുദ്ധനിയമങ്ങൾ പിൻവലിക്കണം. കർഷകരുടെ സ്വാതന്ത്ര്യത്തിനും അവകാശങ്ങൾക്കും മേലുള്ള എല്ലാ കൈയേറ്റങ്ങളും അവസാനിപ്പിക്കണം. അപൂർവമായ ഇച്ഛാശക്തിയാൽ നയിക്കപ്പെടുന്ന മഹത്തായ ഈ കർഷകസമരത്തോടുള്ള ഐക്യദാർഢ്യത്തിന്റെ ഒരടയാളം, ഈ കവിത.
കെ. ജി. എസ്സിനൊപ്പം സായാഹ്ന.


കൊയ്യാറായ വയൽ ആരോ കട്ടു് കൊയ്യുന്നെന്നു്
ദുഃസ്വപ്നം കണ്ടു് ഞെട്ടിയുണർന്നു, തകഴി.
പാതിരാക്കുരകൾ ഉയരുന്നുണ്ടു്.
ടോർച്ചും വടിയും കൂട്ടാളികളും നായ്ക്കുരകളുമായി
പാടത്തേക്കു് പായുമ്പോൾ തകഴി ശങ്കിച്ചു:
വിളിച്ചുണർത്തണോ വള്ളക്കാരനെ?
വിശ്വസിക്കാമോ സ്വപ്നത്തെ?
വന്നറിയിച്ച ദുരന്തമല്ലല്ലോ; സ്വപ്നമല്ലേ?
സ്വപ്നം തന്നെ ഒരു വന്നറിയിക്കലല്ലേ?
അജ്ഞാതത്തിന്റെ സന്ദേശം?
ചരിത്രാതീത ഭാഷയിൽ മനസ്സെഴുതുന്ന
ഭാവിചരിത്രമല്ലേ സ്വപ്നം?
അതോ അരാഷ്ട്രീയത ഉറങ്ങുമ്പോൾ
രാഷ്ട്രീയതയുടെ ഉൾവിളിയോ?
പല സ്വപ്നവും അലസിയ കഥകൾ.
ഉണരാറുണ്ടു് പണ്ടും ഞാൻ ദുഃസ്വപ്നം കണ്ടു്.
എന്നുണരുന്നതും കൂടുതൽ തകഴിയായിട്ടു്;
ഭീമൻകീടമായിട്ടല്ല, ഗ്രിഗർ സാംസ യെപ്പോലെ.
ചെന്നു് കാണാതെ വയ്യെനിക്കുടനെന്റെ
കൊയ്യാറായ വയൽ, ആലസ്യത്തിൽ,
അരണ്ട വെട്ടത്തെച്ചാരിയുറങ്ങുന്നതു്.
ഇതെന്റെ ആധി. എന്റെ ആഗ്രഹം.
വയലെനിക്കയച്ച വിപൽദൂതല്ല
ഈ പേക്കിനാവെന്നാരു് കണ്ടു?

മറ്റുള്ളോരുടെ സ്വപ്നം ഞാൻ വിശ്വസിച്ചു. പല കാലം.
മാർക്സ്, ലെനിൻ, ടോൾസ്റ്റോയ്, ഗോർക്കി, ബൽസാക്ക്,
കേസരി, മോപ്പസാങ്, എന്റെ ഭാര്യ കാത്ത,
കാരൂർ, ഫ്ലാബേർ, ബഷീർ… സ്വപ്നങ്ങൾ.
രണ്ടല്ലായിരുന്നു സ്വപ്നവും ദർശനവുമെനിക്കു്.
വയലിലെത്തിയതും തകഴി ഞെട്ടി:
വയൽ നിറഞ്ഞു് നിൽക്കുന്നതൊരസാധ്യത:
കണ്ടൻ മൂപ്പൻ; പണ്ടേ മരിച്ച വിതക്കാരൻ.
കൃഷിയുടെ ഋഷി.
(എത്ര കണ്ടതാ ഞാനാ കൈയുടെ മാസ്മര വിതമുദ്ര.
ചൂണ്ടുവിരലും തള്ളവിരലും ചേർന്നൊരുക്കുന്ന
വിത്തുവാതിൽ കടന്നു് നെൻമണികൾ വായുവിലുയരും
വിതപ്പാട്ടിലെ വാക്കുകൾ പോലെ ചിറകു് വീശും
കാൽനിമിഷം വായുവിൽ തങ്ങും
ഓരോ വിത്തും വയൽനെഞ്ചിൽ സ്വന്തം ഇടം കാണും
ആ കുളിരിലേക്കു് താണിറങ്ങും.
കണ്ടു് കഴിഞ്ഞും കണ്ണിൽ തുടരും
കണ്ടൻ മൂപ്പന്റെ വിതനടനം.)

കണ്ടൻ മൂപ്പൻ പറഞ്ഞു:
പാടത്തെന്തോ പതിവുകേടു് തോന്നി വക്കീൽ സാറെ;
നോക്കുമ്പോൾ കുഞ്ചിനിലാവു് കുലുക്കി മേയുന്നു
കണ്ടത്തിലൊരു പരദേശി മാന്ത്രികക്കുതിര.
മൂന്നാൾ പൊക്കം, തൂവെള്ള, തീനാവു്…
ഒറ്റയ്ക്കൊരു സൈന്യം.
അല്ല, ആ ചതിക്കുതിരയിൽ നിന്നു്
ലോകത്തേക്കിറങ്ങി മാരകമൊരു
സൈന്യപ്പാതിര. അതു്
മേഞ്ഞിടം തരിശു്.
തുറന്നു് വിട്ടു, കുഴിമാടങ്ങളിൽ നിന്നു്
ഞാനെന്റെ ചാത്തന്മാരെ.
മാഞ്ഞെന്നു് തോന്നിച്ചു മാന്ത്രികക്കുതിര,
മാനത്തേക്കോ മനസ്സിലേക്കോ? കാറ്റിൽ
ബോംബർപ്പുക പോലെ വാലു് നീണ്ടുലഞ്ഞു;
നഗരമായ പോലെന്റെ കണ്ണു് കെട്ടി.

കാഴ്ചയിലിപ്പോൾ പാടം
പീഡിത പോലെ മയക്കത്തിൽ.
ഓക്കാനിക്കുന്നതു് കണ്ണും മൂക്കും പൊള്ളിക്കും
രാസമണം.
കനകവയൽ കാർന്നൊടുക്കുമ്പോൾ
കൊള്ളക്കുതിരയൊലിപ്പിച്ച രാസ ഊറലിൽ
നെല്ലും മീനും ചീവീടും പുൽത്തളിരും ചെറുമഞ്ഞും
നീർക്കോലി, നീർത്തുമ്പിയുമവയുടെ
നേർമൊഴിയും… അടപടലേ
നീറിച്ചീയുമൊരാവാസത്തിൻ നാറ്റം.
കാഴ്ചയിലിപ്പോൾ ശേഷിക്കുന്നതു്
ഉൾക്കനം വാർന്നു്
വളഞ്ഞ നട്ടെല്ലു് പോലെ ചില പതിർക്കുല;
ചുമ്മാ കിലുങ്ങുന്നതു്.

കലിഗ്രഫി: എൻ. ഭട്ടതിരി
ചിത്രങ്ങൾ: വി. ആർ. സന്തോഷ്
—വി. ആർ. സന്തോഷ്
വിത്തുകൾ ഭൂമിയുടെ നട്ടെല്ലിൽ തൊടുമ്പോളാണു് കാമ്പുകൾ മുളയ്ക്കുക. ആ കാമ്പുകളാണു് എല്ലാം ഭേദിക്കുന്ന വിത്തുകൾ ആകുക. വിത്തുകൾ നട്ടെല്ലിലെ രസമെടുത്തു് പാകപ്പെടുന്നതുകൊണ്ടാണു് ദുരന്തങ്ങളെ അതിജീവിക്കുന്നതു്. ആ വിത്തുകൾ ചില നേരങ്ങളിൽ നമ്മുടെ ചാഞ്ചാട്ടങ്ങളെക്കുറിച്ചു് പറയും. നമ്മുടെ ദർശനങ്ങളിലെ വൈരുദ്ധ്യങ്ങളെക്കുറിച്ചു് പറയും. ശരി എന്നു് മാത്രം പറയാതെ എങ്ങനെ ആയി എന്നു് നോക്കിക്കൊണ്ടിരിക്കും. താനൊരിക്കലും ശരിയെന്നു് ഒരിടത്തും പറയില്ല. അഴിച്ചു് മാറ്റി പുതിയ മുറുക്കങ്ങളെ ചേർത്തു് കടമ്പനാട്ടു് കടമ്പില്ലെന്നു പറയുന്ന പോലെ മാറി നിന്നു നോക്കും. ചിലപ്പോൾ കൊച്ചിയിലെ വൃക്ഷങ്ങളിൽ നിന്നു് നോട്ടം പായിച്ചു് ശത്രുതാവളങ്ങൾ കണ്ടെത്തുന്ന മിസൈലുകൾ പോലെ സൂക്ഷ്മമായി കാർട്ടോഗ്രാഫുകൾ അടയാളപ്പെടുത്തും. ആ കാർട്ടോഗ്രാഫുകളിൽ സ്വയം മുഴുകാതെ സ്വന്തം ശീലങ്ങളെ ആക്രമിച്ചിടും. എന്നിട്ടു് തന്നിലെ സൂക്ഷ്മദർശനി വച്ചു് അവ പരിശോധിക്കും. ആ പരിശോധനകളുടെ ദർശന രൂപമാണു് കെ. ജി. എസ്. കവിതകൾ.
നിരന്തരം വിഭജിച്ചു് റൈസോമാറ്റിക്കായി ഏതും ഉൾപ്പെടുത്തുന്ന കെ. ജി. എസിന്റെ കവിതകളിൽ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന നമ്മുടെ വേദനകളെ ചിത്രങ്ങളായി റെറ്റിനയിൽ അടയാളപ്പെടുത്തി പിന്നീടു് എടുക്കുന്നതായി കാണാം. ബോദ്രിലാദ് ഇതിനെ ജീവിച്ചിരിക്കുന്നതിന്റെ അടയാളമായി സൂചിപ്പിക്കുന്നുണ്ടു്. ജീവിച്ചിരിക്കുന്നതിന്റെ തെളിവാണു് അപ്രത്യക്ഷമായ അടയാളങ്ങൾ തിരയൽ. അതു് പല രീതിയിലാകാം. പിൻതിരിഞ്ഞു നടന്നാകാം. തന്റെ മുന്നിലുള്ള സമൂഹത്തിന്റെ കണികകൾ എടുത്താകാം. കെ. ജി. എസ്. സമൂഹത്തിന്റെ കണികകൾ എടുത്താണു് അതു ചെയ്യുന്നതു്. അതിൽ നിന്നു് നമ്മുടെ എല്ലാവരുടേയും കാഴ്ച എടുക്കുമെങ്കിലും ‘സ്വപ്നവും ദർശനവും ഒന്നായ ആളെ’പ്പോലെയാണു് വെളിപ്പെടുത്തുക. കെ. ജി. എസിന്റെ ‘തകഴിയും മാന്ത്രിക കുതിര’യുമെടുത്താൽ ഇതു് വ്യക്തമാകും.
ഒരു നാടോടിക്കഥാരൂപത്തിൽ വായിക്കാവുന്ന ഇക്കവിത ചെന്നു ചേരുന്ന ഇടങ്ങൾ വിപുലമായ ജൈവ ബന്ധങ്ങളിലേക്കു്. തകഴി എന്ന വിശ്വപ്രസിദ്ധനായ എഴുത്തുകാരന്റെ സ്വപ്നം, കാർഷിക ബന്ധങ്ങളും കമ്യൂണിസ്റ്റ് ബന്ധങ്ങളുമായി ചേർന്നു കിടക്കുന്നതാണു്. അതോടൊപ്പം കൃഷിയുടെ പശിമയിൽ ജീവിക്കുന്ന ദലിത് ബന്ധങ്ങൾ അതിനേക്കാളും ഉയരത്തിലാണു്. കണ്ടൻ മൂപ്പന്റെ ‘വിതനടനം’ പോലെ മാന്ത്രിക സ്പർശമുള്ളതാണു്. എന്നാൽ ഇതിനെയെല്ലാം ഒറ്റയടിക്കു് ഇല്ലാതാക്കുന്ന കുതിര വരവു് ജൈവ ബന്ധങ്ങളെ തകർക്കാൻ പോന്നതാണു്. എപ്പോഴും ഒളിപ്പിക്കുന്ന ‘സൈന്യപ്പാതിര’യുള്ള കുതിര, മണ്ണിനേയും വിളയേയും അറിയുന്നില്ല. അതു് പാദങ്ങൾ വയ്ക്കുന്നതു തന്നെ നാശത്തിലേക്കാണു്. ഒറ്റ രുചിയിലേക്കും ഓർമ്മകളുടെ തകർക്കലിലേക്കും അതെത്തുന്നു. അതിന്റെ രാസ ഈറൽ എല്ലാറ്റിനേയും നശിപ്പിക്കുന്നു.
ലോകവ്യാപകമായി ജൈവ ബന്ധങ്ങളെ നശിപ്പിക്കുന്ന ഇത്തരം സൈബർ യാന്ത്രികത ചിപ്പ് രൂപത്തിൽ നമ്മളിലെല്ലാം കടന്നു കയറിയിട്ടുണ്ടു്. അധികാരത്തിന്റെ സൂക്ഷ്മ രൂപങ്ങളാണെങ്കിലും അതു് ഉല്പാദിപ്പിക്കുന്നതു് കെ. ജി. എസ്. കവിതയിൽ സൂചിപ്പിക്കുന്നതു പോലെയാണു്. എന്നാൽ പതിർക്കുലപോലെ ചുമ്മാ കിലുങ്ങുന്ന ചില നട്ടെല്ലുകളുടെ കൂടി ചേരലുകൾ സാധിക്കുന്നിടങ്ങൾ നമുക്കു് സാധ്യമാണു്. ഈ നട്ടെല്ലുകൾ വളയാതെ വിതയ്ക്കുമ്പോളാണു് കാമ്പുള്ള വിത്തുകളുണ്ടാകുക. ഇതിലൂടെ കെ. ജി. എസ്. ലോകം അഭിമുഖീകരിക്കുന്ന ഭീഷണമായ മുഖത്തെയാണു കാട്ടിത്തരുന്നതു്.
വളരെ നാളുകൾക്കു മുൻപെഴുതിയ തകഴിയും മാന്ത്രികക്കുതിരയും പുതിയ സാഹചര്യത്തെ മുൻകൂട്ടിക്കണ്ടുവെന്നു പറയുമ്പോൾ അപ്രത്യക്ഷമായവയിൽ സൂക്ഷ്മമായി ദർശിച്ചതുകൊണ്ടാണു്. ‘ഹത്രസ്’ എന്ന കവിതയിലും ഇതുപോലൊരു ദർശന വാക്യം കെ. ജി. എസ്. പ്രയോഗിക്കുന്നുണ്ടു്. ‘സീതാ ജീവൻ’ എന്നാണതു്. അതു് വരും തലമുറ അറിയാനിരിക്കുന്ന കീവേഡാണു്. വാല്മീകി രാമായണത്തിൽ നിന്നും ആശാന്റെ ചിന്താവിഷ്ടയായ സീതയിൽ നിന്നും വെളിച്ചത്തെ ഊറ്റിയെടുത്ത ഒരു കാലഘട്ടത്തെ ഓർക്കുമ്പോൾ സീതാ ജീവൻ നമ്മളിലെ ഒളിയിടങ്ങളെ തെരഞ്ഞുപിടിയ്ക്കും. നമ്മളെ ശൂന്യരാക്കി നിർത്തും. അവിടെ അകത്തെ ‘പൂന്താന’ത്തെ പുറത്തെ ‘ലെനിനാ’ൽ ഒളിപ്പിക്കാൻ കഴിയില്ല. അത്രമാത്രം നാം വിഭജിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. എല്ലാ ഒളിച്ചുകടത്തലുകളും നമ്മെ വിട്ടകന്നു കഴിഞ്ഞിരിക്കുന്നു. സ്വന്തം ഇടങ്ങളിലെ വ്യസനങ്ങളും വ്യാകുലതകളും അറിയേണ്ടതായി വന്നിരിക്കുന്നു. കലാസൃഷ്ടികളിൽ വർത്തമാനത്തെ പിടിച്ചു വച്ചു് അതിന്റെ പീഢനങ്ങൾ അറിയേണ്ടവരായി മാറിയിരിക്കുന്നു. കെ. ജി. എസിന്റെ കവിതകൾ നേരത്തെ തന്നെ ഇക്കാര്യങ്ങൾ തിരിച്ചറിഞ്ഞിരുന്നു. അതു് ഒന്നും മറച്ചുവയ്ക്കാത്ത കഷണ്ടിക്കാരനെപ്പോലെ സംസാരിച്ചപ്പോൾ നമ്മുടെ കാല്പനികമായ വിമ്മിട്ടങ്ങളിൽ കുടുങ്ങുകയായിരുന്നു നമ്മൾ.
യാഥാർത്ഥ്യങ്ങളെ നോക്കാനുള്ള കണ്ണുകളില്ലെങ്കിൽ പരദേശി മാന്ത്രിക കുതിരകൾ വന്നിറങ്ങി നമ്മുടെ വിഭവങ്ങൾ ഇല്ലാക്കും. വിഭവങ്ങൾ ഇല്ലാത്തവരുടെ നിലനില്പു് എന്തായിരിക്കും? ഈ പ്രതിസന്ധി ജീവിതത്തിലുടനീളം സംഭവിച്ചുകൊണ്ടിരിക്കുകയാണു്. അതിനെ മറികടക്കാൻ സ്വയം വിമർശനവും സ്വയം വിഭവ സമാഹരണവും ആവശ്യമാണു്. ജാഗ്രത ഇല്ലാതെ ഒരടി പോലും മുന്നോട്ടു് വയ്ക്കാനാവില്ല എന്നു് സൂചിപ്പിക്കുന്ന തകഴിയും മാന്ത്രിക കുതിരയും നട്ടെല്ലിന്റെ കരുത്തുള്ള വിത ആവശ്യപ്പെടുന്നു.
ഐസോമോബിക്കായിരിക്കുമ്പോളും അനേക ജനിതക വ്യത്യാസങ്ങളുള്ള ജീവജാലങ്ങളെ തിരിച്ചറിഞ്ഞു് സംരക്ഷിക്കാനുള്ള കടമ ഇന്നു് എല്ലാവർക്കുമുണ്ടെന്ന ബോധ്യവും ഈ കവിത പകരുന്നു. സ്വയം ഒരു വിപ്ലവകാരിയല്ല വിപ്ലവമാകണമെന്ന ജനാധിപത്യ ബോധത്തേയും അടയാളപ്പെടുത്തുന്നു. പതിരിന്റെ കിലുക്കത്തെ നട്ടെല്ലിന്റെ കരുത്തു കൊണ്ടു് നേരിടാൻ കഴിവുള്ള വിത്തായി മാറാനുള്ള ദർശനവും കവിത മുന്നോട്ടുവയ്ക്കുന്നു; പലതിന്റെ വിഭജിത സ്വത്വങ്ങളെ തിരിച്ചറിഞ്ഞു കൊണ്ടു്.
- അജിത KCTP:
- കുട്ടനാടിന്റെ ഇതിഹാസമായ കേരളമോപ്പസാങ്ങായ നമ്മുടെ പ്രിയ കഥാകാരൻ തകഴിയുടെ പേരു പോലും ഊർജ്ജദായകമാണു്. അദ്ദേഹത്തിന്റെ കഥകളിലും നോവലുകളിലും നിറഞ്ഞു നിന്നതു് കേരളത്തിന്റെ ഒരു കാലത്തെ കർഷക സംസ്കൃതിയുടെ തനിമയാണല്ലോ. ശ്രീ കെ ജി ശങ്കരപ്പിള്ളയുടെ “തകഴിയും മാന്ത്രികക്കുതിരയും” എന്ന പേരു തന്നെ നമ്മെ മാറുന്ന കാർഷിക മേഖലയിലേക്കു് നയിക്കും. തകഴിയോടൊപ്പം വയലിലേക്കു പുറപ്പെട്ട നാമോരോരുത്തരും കണ്ടൻ മൂപ്പന്റെ വിതയുടെ കരുത്തിൽ പൊൻകതിരുകൾ നിറഞ്ഞു്, സുഗന്ധം പരത്തി, കൊയ്യാറായി നിൽക്കുന്ന വയൽ സ്വപ്നം കാണുന്നു. പക്ഷേ… പീഡിതയായവളെപ്പോലെ സകല അവയവങ്ങളും മനസ്സും തളർന്നു്, നിർവ്വികാരയായി, മീൻ, ചീവീടു്, പുൽത്തളിർ, ചെറുമഞ്ഞു്, നീർക്കോലി, നീർത്തുമ്പി തുടങ്ങിയ സൗഭാഗ്യങ്ങളെല്ലാം നഷ്ടപ്പെട്ടു് ഉൾക്കനം വാർന്നു് നിൽക്കുന്നതു കാണേണ്ടി വരുമ്പോൾ മനസ്സിലൊരു വിങ്ങൽ അവശേഷിക്കുന്നു. കൊവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ, കാർഷികരംഗം കൂടുതൽ മെച്ചപ്പെടേണ്ടതിന്റെ ആവശ്യകത ജനങ്ങൾ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണു്. തകർച്ചയിൽ നിന്നു കരകയറാൻ, മാന്ദ്യത്തിൽ നിന്നു് രക്ഷനേടാൻ നാം മനപ്പൂർവ്വം മറന്ന കുട്ടനാടൻ സംസ്കൃതി തിരികെയെത്തേണ്ടിയിരിക്കുന്നു. പ്രകൃതിസംരക്ഷണത്തിനു് ഊന്നൽ നൽകിയ നേരെഴുത്തുകാരെയെല്ലാം കവി ഓർമ്മിക്കുന്നുണ്ടിവിടെ. പ്രിയ കവിയുടെ വചനങ്ങൾ ഊർജ്ജമാകട്ടെ, സ്വപ്നങ്ങൾ യാഥാർഥ്യമാകട്ടെ. തകഴിയും മോപ്പസാങ്ങും അടുത്ത സ്വപ്നം കണ്ടുണരുന്നതു് വറ്റാത്ത നന്മയുടെ കാഴ്ചയിലേക്കാകട്ടെ.
- പ്രദീപ് കുറ്റ്യാട്ടൂർ:
- കെ. ജി. എസ്സിന്റെ തകഴിയും മാന്ത്രിക കുതിരയും… സർഗ്ഗാത്മകതയിൽ ഒരു കവിയോ ചിത്രകാരനോ നോവലിസ്റ്റോ പ്രതികരിക്കുന്നതു്, ഒരു കണ്ണു് ഭാവിയിലേക്കു ഉറ്റു നോക്കി കൊണ്ടു തന്നെയാവണം. ലോകത്തിന്റെ ഭാവിയെപ്പറ്റിയുള്ള ഉൽക്കണ്ഠയില്ലാതെ ഒരു നല്ല കവിതയും ഇല്ല. വർത്തമാനകാലത്തെ കയ്പുകളും ഹിംസകളും സ്നേഹശൂന്യതകളും ഒക്കെയാണു് ഭാവിയെപ്പറ്റിയുള്ള ഉൽക്കണ്ഠ ഉണ്ടാക്കുന്നതു്. കെ. ജി. എസ്സിന്റെ ഈ കവിതയിലൂടെ സഞ്ചരിക്കുമ്പോൾ നമ്മുടെ മുന്നിലേക്കു് കടന്നു വരുന്നതും ഈ ആകുലതയാണു്, ഉത്കണ്ഠയാണു്. കഴിഞ്ഞ ദിവസം ചർച്ച ചെയ്ത ശ്രീ അംബിക സുതൻ മാങ്ങാടിന്റെ കഥ കാർഷിക മേഖലയിൽ നടക്കുന്ന അധിനിവേശത്തെയാണു് പ്രതിപാദിക്കുന്നതു്. ഈ കവിതയും ഒരു പരിധിവരെ ആ വഴിയേ തന്നെയാണു് സഞ്ചരിക്കുന്നതു്. പുത്തൻ ആഗോളവത്കരണവും ഉദാരണവത്കരണവും നമ്മുടെ ദൈനംദിന ജീവിതത്തിന്റെ വിശിഷ്യാ കാർഷിക മേഖലയെ എങ്ങനെ സ്വാധീനിക്കുന്നു എന്നുള്ള തലത്തിൽ ആണു്, എഴുത്തുകാരിലെ കർഷകൻ ആയ തകഴിയും ഇന്നലെകളുടെ പരിച്ഛേദം ആയി കണ്ടൻ മൂപ്പൻ എന്ന കർഷകനും വ്യത്യസ്ത ബിംബങ്ങൾ ആയി കവിതയിൽ നിറഞ്ഞു നിൽക്കുന്നതു്. ആധുനികതയോടു് പുറം തിരിഞ്ഞു നിൽക്കുന്ന സമീപനം അല്ല, മറിച്ചു് നമ്മുടെ ജൈവ വൈവിദ്ധ്യം നിറഞ്ഞ കാർഷിക സംസ്ക്കാരം ഉന്മൂലനം ചെയ്യാൻ അന്തക വിത്തുകൾ ആയി രൂപം കൊള്ളുന്ന വർത്തമാനാകാല സത്യങ്ങളെ തകഴിയുടെ സ്വപനത്തിൽ കൂടി തുറന്നു കാട്ടാൻ ശ്രമിക്കുമ്പോൾ കണ്ടൻ മൂപ്പൻ നമ്മുടെ മണ്ണിന്റെ വിതയറിഞ്ഞു, മനസ്സറിഞ്ഞു, മുന്നേ നടക്കുന്ന ആൾ രൂപം ആകുന്നു. ഒടുവിൽ ഇവിടെ നടുവളഞ്ഞ കതിരായി അധിനിവേശത്തിനു് മുന്നിൽ വിനീത വിധേയൻ ആകുമ്പോൾ കാലഘട്ടത്തിന്റെ ദുരന്തമാണു് സംഭവിക്കുന്നതു്. ആ ഉത്കണ്ഠയും ആകുലതയും ഈ കവിതയിലുടനീളം തെളിഞ്ഞു നിൽക്കുന്നു…
- ദീപ്തി ഭരതൻ:
- കെ. ജി. എസ്.: മാന്ത്രികക്കുതിരയിലേയ്ക്കു്… ‘ലഹരി പകരുന്ന കവിതകൾ’ ഞാനങ്ങനെയാണു് കെ. ജി. എസ്സിന്റെ കവിതകളെ അറിയുന്നതു്. ഒരു മാജിക്കൽ ടച്ച് വരികളിൽ വിതറിയിട്ടു പോവുന്ന കവി… കൊയ്യാറായ വയൽ ആരോ കൊയ്യുന്നതു് സ്വപ്നം കണ്ടുണരുന്ന തകഴി സ്വപ്നത്തെ വിശ്വസിക്കാനാവുമോ എന്നു ശങ്കിക്കുമ്പോഴും സ്വപ്നം ഒരു വന്നറിയിക്കലല്ലേ എന്ന ചോദ്യമുണരുന്നു. ചരിത്രാതീത ഭാഷയിൽ മനസ്സെഴുതുന്ന ഭാവി ചരിത്രമല്ലേ സ്വപ്നം—എത്ര മനോഹരമായ വരികൾ, കെ. ജി. എസ്സിന്റെ മന്ത്രിക സ്പർശം നിറയുന്ന വരികൾ. പണ്ടേ മരിച്ചവിതക്കാരൻ കണ്ടൻ മൂപ്പനെ വയലിൽ കാണുമ്പോ തകഴി ഞെട്ടുന്നു… ഈ വരികളിൽ ഭാഷ പരമ്പര്യ ചരിത്ര ഭൂമികയിലേക്കു് സഞ്ചരിക്കാൻ വെമ്പുന്നു എന്ന സൂചന കാണുന്നു. മൂപ്പന്റെ കൈയ്യിലെ മാസ്മരിക വിതമുദ്ര, ചൂണ്ടുവിരലും തള്ളവിരലും ചേർന്നൊരുക്കുന്ന കണ്ടൻ മൂപ്പന്റെ വിത നടനം—അന്യം നിന്നു പോവുന്ന കാർഷികമേഖല, അതിന്റെ പരമ്പരാഗത മൂല്യങ്ങൾ ഇവയൊക്കയും പുതിയ ഭാഷയുടെ വക്താവിനു് സ്വപ്നമാവുന്നു. മാന്ത്രിക കുതിരമേയുന്ന നിറവിൽ സംരക്ഷിക്കാൻ മൂപ്പൻ കുഴിമാടങ്ങളിൽ നിന്നു് ചാത്തന്മാരെ കൊണ്ടു വരുന്നു. മിത്തുകളിലേക്കു് ഒരു തിരിച്ചു പോക്കു്… യന്ത്രവത്കരണത്തിന്റെ ആഗമനമുണ്ടാക്കുന്ന ദൂഷ്യങ്ങളെക്കുറിച്ചൊരു തിരിച്ചറിവുകൂടിയാണീ വരികൾ ഒടുവിൽ കാഴ്ചയിൽ ശേഷിക്കുന്നതു്, ഉൾക്കനം വാർന്നു് വളഞ്ഞനട്ടെല്ലു പോലെ ചില പതിർക്കുല’… ചുമ്മാ കിലുങ്ങുന്നതു്…—എന്നാൽ കവിത മനസിൽ ശേഷിപ്പിച്ചതു് ഒരു നിറകുല തന്നെയാണു്.” പതിരില്ലാത്ത നിറകുല…
- ശ്രീജിത്ത് കാനായി:
- വയൽ കട്ടു കൊയ്യുന്നതായി തകഴി സ്വപ്നം കാണുന്നു. നമ്മുടെ ഉൾക്കാഴ്ചകൾ മിക്കതും ശരിയായി വരും. സ്വപ്നങ്ങൾ മിക്കതും നമ്മുടെ ഉൾ ചിന്തകളുടെ ഓർമ്മപ്പെടുത്തലോ മുന്നറിയിപ്പുകളോ ആവാം. വയൽ കട്ടു കൊയ്യുന്നതായി ദുഃസ്വപ്നം കണ്ടു് ചെല്ലുമ്പോൾ വയലുതന്നെ കട്ടു പോയതായി കാണാൻ പറ്റുന്നു. തനതു് വിത്തിന്റെ കരുത്തിൽ കൃഷിയിറക്കാൻ നട്ടെല്ലു് വളച്ചവർ സമ്മതിക്കില്ല. അവന്റെ നട്ടെല്ലു് പോലെ വളഞ്ഞു് നെല്ലു് പതിർക്കുലയാവുന്നു. കവിത തുടങ്ങുന്നതു് തകഴിയുടെ സ്വപ്നത്തിൽ നിന്നുമാണു്. വെറുതെയല്ല കെ. ജി. എസ്. അങ്ങനെ ഒരു തുടക്കം കവിതയിൽ കൊണ്ടു വന്നതു്. ഗ്രിഗർ സാംസയെ അദ്ദേഹം ഓർക്കുന്നു. ഫ്രാൻസിസ് കാഫ്കയുടെ മെറ്റമോർഫോസിസ് എന്ന കഥയിലെ നായകനായ ഗ്രിഗർ സാംസ ഒരു പുലർച്ചയിൽ അസ്വസ്ഥമായ സ്വപ്നത്തിൽ നിന്നും ഉണർന്നപ്പോൾ താനൊരു ഭീകര കീടമായി രൂപാന്തരപ്പട്ടു് കിടക്കുന്നതായി സ്വപ്നം കാണുന്നു. ഇതേ കഥാപാത്രത്തെ മുറകാമി എന്ന ജപ്പാനി എഴുത്തുകാരി വലിയ ഒരു കീടമായ ഗ്രിഗർ സാംസ മനുഷ്യനായി പിറവിയെടുക്കുന്നതായി സ്വപ്നം കാണുന്നതിൽ ആരംഭിക്കുന്നതായി ദേശാഭിമാനിയിൽ വാരാന്ത്യത്തിൽ ഒരു ആർട്ടിക്കിൾ വായിച്ചതായി ഓർക്കുന്നു. കൃഷിയിൽ എന്നു് മാത്രമല്ല രാജ്യത്തെ മൊത്തത്തിൽ ബാധിക്കുന്ന വിദേശ വ്യാപാര കരാറുകളും സൈനിക നടപടികളും ഉണ്ടാക്കുന്ന ഭീകരാന്തരീക്ഷത്തിലാണു് ഗ്രിഗർ സാംസ എന്ന കഥാപാത്രം പുനർ സൃഷ്ടിക്കപ്പെടുന്നതു്. എന്നാൽ കാഫ്കയുടെ ഗ്രിഗർ സാംസ അരാഷ്ട്രീയ വാദിയും അരാജക വാദിയും ഒക്കെ ആയിരുന്നതായി പറയുന്നു. അത്തരക്കാരുടെ ഉറക്കത്തിലൂടെയും കെടുകാര്യസ്ഥതയിലൂടെയുമാണു് കണ്ടൻ മൂപ്പന്റെ നടന തുല്യമായ വിതയും കൊയ്ത്തും ഇവിടെ അന്യം നിന്നു പോയതു്. കെ. ജി. എസ്. ആ കഥ കടമെടുത്തു് തകഴിയിലൂടെ കണ്ടൻ മൂപ്പനിൽ ലയിപ്പിക്കുന്നു. മാന്ത്രിക കുതിരകളെപ്പോലെ വൈദേശിക കടന്നുകയറ്റങ്ങൾ ഭൂമിയിലേക്കും മനുഷ്യ പാരമ്പര്യത്തിലേക്കും എഴുത്തിലേക്കും ഒക്കെ കടന്നു വരുന്ന ഈ കാലത്തു് തകഴിയൊക്കെ കൃഷിയിലും എഴുത്തിലും പ്രാദേശിക പാരമ്പര്യത്തെ മുറുകെ പിടിച്ചിരുന്നു എന്നു് നമുക്കനുഭവിക്കാം. അതിലേക്കു് കാഫ്കയേയും മുറകാമിയേയും ബൽസാക്കിനേയും ഒക്കെ കെ. ജി. എസ്. തന്നെ കൊണ്ടു് വന്നു് മാന്ത്രിക കുതിരയാക്കുകയും ചെയ്യുന്നില്ലേ എന്നു് വായനക്കാരനെന്ന നിലയിൽ ഞാൻ സംശയിക്കുന്നു.
- സദാശിവൻ ഇരിങ്ങൽ:
- കെ. ജി. എസ്.: തകഴിയും മാന്ത്രികക്കുതിരയും കവിതയിൽ ഒരു വിതയുണ്ടെന്നു് പറഞ്ഞതു് കുഞ്ഞുണ്ണി മാഷാണു്. ആ വിത മനോഹരമായ ഒരു നാട്യാലങ്കാരമാക്കി നമുക്കു് അനുഭവയോഗ്യമാക്കിയതു് കെ. ജി. എസ്സാണു്. ‘തകഴിയും മാന്ത്രികക്കുതിരയും’ എന്ന കവിതയിൽ കണ്ടൻ മൂപ്പനെ കൊണ്ടു് വിത്തെറിയിച്ചതു് മലയാള കവിതയുടെ ഭൂമികയിലേക്കാണെന്നു് വേണം പറയാൻ. ഒരൽപം കൂടി തെളിച്ചു പറഞ്ഞാൽ നമ്മുടെ രാഷ്ട്രീയത്തിന്റെ പാടപ്പരപ്പിലെ പാപ്പരത്തത്തിലേക്കുള്ള വിത്തെറിയൽ കൂടിയാണതു്. ഉൾക്കനം വാർന്നു് നട്ടെല്ലു് വളച്ചു് ചുമ്മാ കിലുങ്ങുന്നുവെന്നു് വരുത്തിക്കൊണ്ടു് ഓച്ഛാനിക്കുന്ന പതിർക്കുലകൾക്കു് നേരെയുള്ള പരിഹാസത്തിന്റെ ശരമെയ്ത്തു് എന്നു് പറഞ്ഞാലും തെറ്റില്ല. ഒരു സ്വപ്നത്തിന്റെ അസ്തിവാരത്തിലാണു് കവിതയുടെ ഇതിവൃത്തം. നൂതനമായ സാഹിത്യ പ്രവണതകൾ നിർമ്മിക്കുന്നതിൽ സ്വപ്നം നിർവഹിക്കുന്ന പങ്കു് അനിഷേധ്യമാണെന്നു് കാലങ്ങളായി നമുക്കു് ബോധ്യപ്പെട്ടതാണു്. യാദൃച്ഛികത നിറഞ്ഞ സംവേദനമാണു് സ്വപ്നത്തിന്റെ വലിയൊരു ഗുണം. സ്വപ്നത്തെ എല്ലാ സാധ്യതകളോടും കൂടി സാഹിത്യത്തിൽ ഉപയോഗപ്പെടുത്തുന്നതിനെ മാജിക്കൽ റിയലിസമെന്നും അൽപം കൂടി വേറിട്ടു് ബോധ ധാരയെന്നുമൊക്കെ വിളിക്കപ്പെടുന്നുണ്ടല്ലോ. ഇവിടെ സ്വപ്നത്തിനു് കവി അസാമാന്യമായ ഒരു നിർവചനം നൽകുന്നുണ്ടു്—“ചരിത്രാതീത ഭാഷയിൽ മനസ്സെഴുതുന്ന ഭാവിചരിത്രമാണു് സ്വപ്നം.” അതൊരു വലിയ നിരീക്ഷണമാണു്. മിത്തുകളുടെ പിൻബലത്തിൽ ചരിത്രത്തെ വായിക്കുന്ന നാം നേർരേഖയിൽ നിന്നു് വ്യതിചലിച്ചു് ചരിത്രത്തെ വളച്ചൊടിച്ചു് ആഖ്യാനിച്ചു് ശീലിക്കുകയാണല്ലോ. സത്യത്തിൽ എനിക്കു് തോന്നുന്നതു് സ്വപ്നങ്ങൾ പുതിയ കാലത്തിന്റെ മിത്തുകളാണെന്നാണു്. ഉദാത്തമായ നമ്മുടെ മൂല്യഘടനകളെ പുനരാഖ്യാനം ചെയ്തു് ജീവിതത്തോടു് ചേർത്തുവെച്ചു് വായിക്കാൻ ഇത്രയേറെ അനുഗ്രഹമായ മറ്റൊരു സങ്കേതമില്ല. കസാൻ ദ് സാക്കീസിന്റെ ‘ക്രിസ്തുവിന്റെ അന്ത്യ പ്രലോഭനം’, മാർക്വേയ്സിന്റെ ‘ഏകാന്തതയുടെ നൂറു് വർഷങ്ങൾ’, പൗലോ കൊയ്ലോയുടെ ‘ആൽക്കെമിസ്റ്റ്’, സേതുവിന്റെ ‘പാണ്ഡവപുരം’, വയലാറിന്റെ ‘സർഗസംഗീതം’, ആശാന്റെ ‘ചിന്താവിഷ്ടയായ സീത’… അങ്ങനെ എത്രയോ രചനകൾ ഇങ്ങനെയുള്ള സങ്കേതങ്ങളിൽ പിറന്നിട്ടുണ്ടു്. ബോധധാരയുടെ നിതാന്തപ്രവാഹമുള്ള ഒഴുക്കുചാലാണു് മനസ്സു്. അതുകൊണ്ടുതന്നെ സ്വപ്നങ്ങൾ മനസ്സിന്റെ വ്യവസ്ഥാപിതമല്ലാത്ത വ്യാപാരവുമാണു്. കൊയ്യാനായ പാടം ആരോ കട്ടുകൊയ്യുന്നതറിഞ്ഞു് പാടത്തേക്കു് പടപ്പുറപ്പാടിനൊരുങ്ങുന്ന തകഴിയുടെ സ്വപ്നത്തിൽ നിന്നാണു് തുടക്കം. വള്ളക്കാരനെ വിളിച്ചുണർത്തണോ എന്നു് ശങ്കിച്ചെങ്കിലും അതില്ലാതാക്കിയതു് സ്വപ്നത്തെ വിശ്വസിക്കുന്നതിലെ ഉറപ്പുകേടാണു്. ഏതു് ആകസ്മിക ദുരന്തമാണെങ്കിലും ‘വന്നറിയിക്കുക’ എന്ന നാട്ടുനടപ്പുണ്ടായിരുന്ന കാലത്തിന്റെ ജീവിത സാക്ഷ്യമാണല്ലോ സാക്ഷാൽ തകഴി. സ്വപ്നം തന്നെ ഒരുതരം വന്നറിയിക്കൽ ആണെന്നായിരുന്നു ആത്മഗതം. ദുഃസ്വപ്നം ഒരുണർച്ചയാണെന്നു് വായനക്കാർ തിരിച്ചറിയുന്നുണ്ടു്. പുതിയ കാലത്തു് നമ്മെ സ്വപ്നം കാണാൻ പഠിപ്പിക്കുന്ന അക്കാദമികൾ തുറന്നിട്ടില്ലെങ്കിലും പരോക്ഷമായി അത്തരം അക്കാദമികൻമാരായി ചിലർ അവതരിച്ചിട്ടുണ്ടു്. ഭ്രമാത്മകമായ കല്പനകളിൽ അഭിരമിച്ചുപോകുമ്പോൾ ഉറക്കത്തിൽ സുന്ദര സ്വപ്നങ്ങൾക്കു് ചിറകു് മുളയ്ക്കും. പക്ഷേ, മായിക ലോകത്തെ വിസ്മയ മുന്നേറ്റത്തിൽ സുപ്രധാനമായ ചിലതെല്ലാം കൈവിട്ടുപോകാറുണ്ടു്. അവയിലൊന്നാണു് കുഞ്ഞുന്നാളിൽ നമുക്കൊപ്പമുണ്ടായിരുന്ന സ്വഭാവശീലങ്ങൾ. ദുഃസ്വപ്നം കണ്ടു് ഞെട്ടിയുണർന്നു് സ്വപ്നത്തിൽ കണ്ടതു് സംഭവിക്കാതിരിക്കാൻ ബോധതലത്തിൽ പ്രതിരോധത്തിന്റെ കരുതലൊരുക്കിയിരുന്നവരാണു് നമ്മൾ. കവി പറയുന്ന ദുഃസ്വപ്നത്തിന്റെ ഉണർച്ച കാലക്രമത്തിൽ അന്യമായിപ്പോയ ഒന്നാണു്. ജനാധിപത്യത്തിൽ അടിയുറച്ചു വിശ്വസിക്കുന്നവർക്കു് ഉണർച്ചയുണ്ടായിരുന്നെങ്കിൽ കാലം പതിർക്കുലയൊരുക്കില്ലായിരുന്നു. മനുഷ്യന്റെ ബോധമനസ്സു് അരാഷ്ട്രീയതയുടെ വിളഭൂമിയാണു്. ഉപബോധമനസ്സിൽ രാഷ്ട്രീയത്തിന്റെ അടഞ്ഞു പോയ ഉറവയുണ്ടാകും. അതാണു് സ്വപ്നത്തിൽ ഉണർച്ചയേകുന്നതു്. സോഷ്യലിസം എന്ന സ്വപ്ന മരീചിക ഉൾപ്പെടെ ചിലതെല്ലാം അസംബന്ധമായിപ്പോയതും അലസിപ്പോയതുമൊക്കെ മറ്റൊരു വശം. അതൊക്കെ സുന്ദര സ്വപ്നങ്ങളുടെ ഗണത്തിലാണെന്നോർക്കണം. ഓരോ ദുഃസ്വപ്നത്തിനും ശേഷം തകഴി ഉറക്കമുണരുന്നതു് കൂടുതൽ സ്വത്വജ്ഞാനിയായ തകഴിയായിട്ടാണു്. അതായതു് ദ്വന്ദ്വ വ്യക്തിത്വത്തിന്റെ ലാഞ്ഛനയില്ലാതെയാണു്. ഇടതുപക്ഷ ആഭിമുഖ്യങ്ങളെയും പുരോഗമന ആശയഗതികളെയും ആത്മാവിൽ സ്വാംശീകരിച്ചതിന്റെ സവിശേഷതയായിരുന്നു അതെന്നു് കവിത വിശദീകരിക്കുന്നുണ്ടു്. മാർക്സും ലെനിനും മാക്സിം ഗോർക്കിയും മുതൽ ഭാര്യയായ കാത്ത വരെയുള്ളവരുടെ നിദർശനങ്ങളെ നിഴൽ പോലെ വിശ്വസിച്ചിരുന്നു. അവരുടെപ്രത്യയശാസ്ത്രപരവും ദർശനാത്മകവുമായ ചിന്തകളെല്ലാം സ്വപ്നത്തെയും ദർശനത്തെയും ഇഴപിരിക്കാൻ വയ്യാത്ത വിധം കെട്ടുപിണഞ്ഞതാണു്. (തകഴി ഇടതു പക്ഷക്കാരനായതു് ചില സമ്മർദ്ദങ്ങളുടെ പേരിലാണെന്നു് ദളിത് സാഹിത്യവിമർശകർ കുറ്റപ്പെടുത്തിയിട്ടുണ്ടെന്നതു് മറ്റൊരു സത്യം). അസാധ്യതയുടെ ആവരണം കൊണ്ടു് മൂടപ്പെട്ട വയലിലേക്കാണു് തകഴി നടന്നടുത്തതു്. പണ്ടേ മരിച്ച കണ്ടൻ മൂപ്പൻ കുട്ടനാട്ടിന്റെ സംസ്കൃതിമുദ്രയാണു്. പാടത്തു് എന്തോ പന്തികേടു് തോന്നിയതിനാലാണു് മൂപ്പനെത്തിയതെന്നു് പറയുമ്പോഴാണു് ദുഃസ്വപ്നത്തിന്റെ വ്യാഖ്യാനം തുടങ്ങുന്നതു്. കൈരളിയുടെ ജീവനമന്ത്രം കൃഷിയാണെന്നു് വിശ്വസിച്ചിരുന്ന എഴുത്തുകാരനാണു് തകഴി. മാന്ത്രികക്കുതിര പരദേശിയാണു്. പരദേശിയെന്ന പദം കേൾക്കുമ്പോൾ മനസ്സിലേക്കു് ഓടിയെത്തുന്നതു് പതിറ്റാണ്ടുകൾക്കു് മുമ്പു് അന്യദേശത്തു് നിന്നു് അന്നം തേടി നമ്മുടെ നാട്ടിൽ ഭിക്ഷാടനം നടത്താറുണ്ടായിരുന്ന പഥികരെക്കുറിച്ചുള്ള ഓർമ്മയാണു്. എന്നാൽ പുതിയ കാലത്തു് ആ പദത്തിനു് വൈദേശിക അധിനിവേശമെന്ന വിശാലമാനമുണ്ടെന്നു് പറയേണ്ടതില്ലല്ലോ. കരുത്തുറ്റ വേഗത്തിന്റെ ചിഹ്നമായാണു് പൊതുവെ കുതിരയെ കണക്കാക്കാറുള്ളതു്. അധിനിവേശം അധീശത്വം സ്ഥാപിക്കുന്നതിന്റെ ആവേഗമാണു് ധ്വന്യാത്മകമായി സൂചിപ്പിക്കുന്നതു്. ഒറ്റയ്ക്കൊരു സൈന്യമെന്നോ മാരകമായൊരു സൈന്യപ്പാതിരയെന്നോ ഒക്കെയാണതിനെ വിശേഷിപ്പിച്ചതു്. ഇറങ്ങിയതു് പാടത്തേക്കല്ല, മറിച്ചു് ലോകത്തേക്കാണു്. അതുകൂടി വായിക്കുമ്പോഴാണു് നമുക്കു് ശരിയായ ആഗോളമാനം കൈവരിക്കാൻ കഴിയുന്നതു്. പാരമ്പര്യ സംസ്കൃതിയിലെ ആഭിചാരശക്തികളായ ചാത്തൻമാരെ കുഴിമാടത്തിൽ നിന്നു് തുറന്നു വിട്ടു് പ്രതിരോധം തീർത്തിട്ടും ആ കുതിര മായയിൽ മറഞ്ഞു നിൽക്കുകയായിരുന്നു. അപ്പോഴേക്കും പീഡിതയെപ്പോൽ ഓക്കാനിച്ചു തുടങ്ങിയ വയലിന്റെ ഓരോ ഛർദ്ദിലും പൊള്ളിക്കുന്ന രാസമണമുണ്ടു്. (രാസവളം മുതൽ രാസായുധം വരെ നമുക്കു് അവർ തരുന്ന സുന്ദരങ്ങളായ ഉപഹാരങ്ങളാണല്ലോ) നെല്ലും മീനും പുൽത്തളിരും ചീവീടും ചെറുമഞ്ഞും നീർക്കോലിയും നീർത്തുമ്പിയുമെല്ലാം ജലത്തെ ആശ്രയിച്ചു് മാത്രം വളരുന്നവയാണു്. രാസ ഊറലൊലിപ്പിച്ചു് കുതിര മേഞ്ഞിടങ്ങളെല്ലാം തരിശാകുമ്പോൾ നമ്മുടെയും ആവാസവ്യവസ്ഥ നീറിച്ചീഞ്ഞു പോകും. അപ്പോൾ അവശേഷിക്കുക ഉൾക്കനം വാർന്നു് വളഞ്ഞ നട്ടെല്ലു് പോലെ ചുമ്മാ കിലുങ്ങുന്ന ചില പതിർക്കുലകളല്ലാതെ മറ്റെന്താണു്? കുട്ടനാട്ടിന്റെ ഇതിഹാസകാരനെന്നും കേരള മോപ്പസാങ്ങെന്നുമെല്ലാം വിശേഷിപ്പിക്കപ്പെട്ട തകഴിയെന്ന ജ്ഞാനപീഠ ജേതാവിനെ ബയോഫിക്ഷൻ എന്ന രചനാ തന്ത്രത്തിലൂടെ വായനക്കാരുടെ മുന്നിൽ പുനരാവിഷ്ക്കരിച്ച കെ. ജി. എസ്. സുപ്രധാനമായ മറ്റൊന്നു് കൂടി കവിതയിലൂടെ പറയാൻ ശ്രമിച്ചതായി തോന്നിയിട്ടുണ്ടു്. വാരിവലിച്ചെഴുതുന്നവരുടെ സത്തയില്ലായ്മയെക്കുറിച്ചാണു്. കാലത്തിന്റെ പുസ്തകത്തിൽ കണക്കു ചേർക്കാൻ കഴിയുന്ന സാഹിത്യ നിർമ്മിതികളുടെ സാധ്യതകൾ അസാധ്യത നിറഞ്ഞതായി മാറുകയാണെന്ന സന്ദേഹമാണു്. രാഷ്ട്രീയത്തിലും സാംസ്കാരിക മേഖലയിലും ഉൾപ്പെടെ ഇന്നുള്ള പതിർക്കുലകൾ ഈ സത്യം തിരിച്ചറിയട്ടെയെന്നു് പ്രത്യാശിക്കുന്നു.
- ഗംഗൻ കുഞ്ഞിമംഗലം:
- തകഴിയും മാന്ത്രികക്കുതിരയും കൊയ്യാറായ വയൽ ആരോ കൊയ്യുന്നെന്നു് സ്വപ്നം കണ്ടു ഞെട്ടിയുണർന്നു തകഴി. തകഴി ഒരു കാലത്തിന്റെ പ്രതീകമാണു്. നിലമുഴുതൊരുക്കി കഠിനാധ്വാനം ചെയ്ത് കൊയ്യാറാകുമ്പോഴാണു് പാതിരാവിൽ ആരോ വയൽ കൊയ്തു കൊണ്ടുപോകുന്നതു് തകഴി സ്വപ്നം കാണുന്നതു്. കാർഷിക നന്മകൾ നഷ്ടമായൊരു കാലത്തെ ഇത്തിരി നന്മകൂടി കട്ടെടുത്തു കൊണ്ടുപോകുന്നതായി കവി ആകുലപ്പെടുകയാണു്. പാതിരാക്കുരകൾ ഉയരുന്നുണ്ടു്. ഈ പാതിരാക്കുരകളാണു് പല കളവുകളും വെളിച്ചത്തു് കൊണ്ടുവന്നതു്. അവരെ വികസന വിരോധികളെന്നു് ഏമാന്മാർ വിളിക്കും. എന്നു് കരുതി ഞെട്ടിയുണരാതിരിക്കാനാവില്ല എനിക്കു്, ചെന്നു കാണാതെ വയ്യെനിക്കുടനെന്റെ കൊയ്യാറായ വയൽ, ആലസ്യത്തിൽ അരണ്ടവെട്ടത്തെച്ചാരി വയലുറങ്ങുന്നതു്, ഇതെന്റെ ആധി എന്റെ ആഗ്രഹം. വയലും കുന്നും മലയും പുഴയും നാട്ടുനന്മകളും നഷ്ടപ്പെടുന്ന തകഴിയായി ഞെട്ടിയുണരുന്ന കവിയെ കെ. ജി. എസ്സിന്റെ പല കവിതകളിലും നമുക്കു് കാണാൻ കഴിയും. വയലുകളിലൂടെ വികസനത്തിന്റെ മാന്ത്രികക്കുതിരയുടെ തേരോട്ടം കഴിഞ്ഞപ്പോൾ അവശേഷിച്ചതു് പീഡിതപോലെ മയക്കത്തിലുള്ള പാടം. ഓക്കാനിക്കുന്നതു് വികസനത്വര ഏല്പിച്ചു പോയ കണ്ണും മൂക്കും പൊള്ളിക്കുന്ന രാസമണം. കനകവയൽ കാർന്നൊടുക്കുമ്പോൾ കൊള്ളക്കുതിര ഒലിപ്പിച്ച രാസ ഊറ്റലിൽ നെല്ലും മീനും ചീവീടും പുൽത്തളിരും ചെറുമഞ്ഞും നീർക്കോലിയും നീർത്തുമ്പിയും അവയുടെ നേർമൊഴിയും നഷ്ടപ്പെട്ടു് ലഭിച്ചതോ നീറിച്ചീയുമൊരാവാസത്തിന്റെ നാറ്റവും. കൃഷി നഷ്ടപ്പെടുത്തി വികസനത്തിന്റെ എന്തെല്ലാം സുഗന്ധങ്ങൾ പൂശിയാലും ആ നാറ്റം മനസിൽ നിന്നും പോവില്ലെന്നു് അർത്ഥശങ്കയ്ക്കിടയില്ലാത്ത വിധം ഉറക്കെ പറയുകയാണു് കവി. കണ്ടൻ മൂപ്പനിലൂടെ കാർഷിക നന്മയാണു് കവി ഉയർത്തിപ്പിടിക്കുന്നതു്. എല്ലാം ഊറ്റിയെടുത്തു് പലരും തടിച്ചു കൊഴുത്തെങ്കിലും നമുക്കായി ബാക്കിയാക്കിയതു് വീറും നീരും ഊറ്റിയെടുത്തു് ഉൾക്കനം വാർന്നു് വളഞ്ഞ നട്ടെല്ലു് പോലുള്ള പതിർ കുലയാണെന്നു് ഓർമ്മപ്പെടുത്തുകയാണു് കവി. മനുഷ്യത്വമുള്ള അക്ഷരങ്ങൾ ആ തൂലികയിൽ നിന്നും ക്ഷോഭിച്ച തിരമാല പാറയിൽ തട്ടിത്തെറിക്കുന്ന ജലകണം പോലെ വായനക്കാരന്റെ മനസിൽ ആഘാതമുണ്ടാക്കട്ടെ എന്നു് ആശിക്കുന്നു. പ്രിയ കവിക്കു് ആദരം.
- വത്സല ചെറുകുന്നത്തു്
- കൊയ്യാറായ വയൽ ആരോ കട്ടു കൊയ്യുന്നതു് സ്വപ്നം കണ്ടുണരുകയാണു് തകഴി. കുട്ടനാടിന്റെ പശ്ചാത്തലമാണു് കവിതയിൽ കാണുന്നതു്. സ്വപ്നങ്ങൾ ഫലിക്കുമോയെന്ന സന്ദേഹത്തോടെ വയലിലേക്കു് വരുന്ന തകഴിക്കു ചരിത്രാതീത ഭാഷയിൽ മനസ്സെഴുതുന്ന ഭാവിചരിത്രമല്ലേ സ്വപ്നം അതിനാൽ ഇതും യാഥാർത്ഥ്യമാകാം എന്നു് കവി പറയുന്നു. പണ്ടു നിലനിന്നിരുന്ന കൃഷി ആളുകളുടെ സംസ്ക്കാരം കൂടിയായിരുന്നു. ജൈവീകമായ കൃഷിരീതികളിലൂടെ വിളയിച്ചെടുത്തു് നെല്ലു് ഒന്നു പോലും പതിരാകാത്ത അവസ്ഥ… എന്നാൽ ഇന്നങ്ങനെയല്ല. സ്വപ്നാടകനെ പോലെ കവി പാടത്തു് എത്തുമ്പോൾ മൂപ്പനെ കാണുന്നുണ്ടു്, എന്തോ പന്തികേടു് കണ്ടിട്ടു് വന്നതാണെന്ന മൂപ്പന്റെ വർത്തമാനത്തിൽ പാടത്തു് നിൽക്കുന്ന മാന്ത്രിക ക്കുതിര മേഞ്ഞുനടന്നു് കൃഷി നിലമാകെ തരിശാക്കി മാറ്റിയിരിക്കുന്നു. ഇന്നത്തെ മനുഷ്യന്റെ ദുരാഗ്രഹം കാർഷിക മേഖലയെ നശിപ്പിക്കുന്നു എന്നതിന്റെ സൂചനയാണു്… അമിതമായ വളപ്രയോഗങ്ങളും കീടനാശിനികളുടെ ഉപയോഗവും കൊണ്ടു് രസമണം മൂക്കിലേക്കു് അടിച്ചു കയറുമ്പോൾ ഒരു പീഡിതയെപ്പോലെ നിവർന്നു തളർന്നു കിടക്കുന്നു നെൽവയലുകൾ… രാസവളത്തിന്റെ അമിതോപയോഗത്തിൽ പുൽച്ചെടികളും പ്രാണികളും കീടങ്ങളുമൊക്കെ ചീഞ്ഞ ഗന്ധത്താൽ നിറഞ്ഞു നിൽക്കുന്നു പാടം… ഇവിടെ കൃഷിയെന്ന സംസ്ക്കാരം തന്നെ ഇല്ലാതാവുകയും ലാഭത്തിനു വേണ്ടി പുത്തൻ സംസ്ക്കാരങ്ങളുടെ വിത്തു വിതക്കുകയും ചെയ്യുകയാണു്. ഇന്നു് കൃഷി (ഭക്ഷ്യവിളകൾ) ചെയ്യുന്നതിൽ വിമുഖത കാണിക്കുന്ന പുതിയ തലമുറകൾക്കു നേരെ നേരെയുള്ള ഒരു ചുണ്ടുവിരലാണു് ഈ കവിത…
- എ. കെ. ഈശ്വരൻ:
- കെ. ജി. എസ്സിന്റെ തകഴിയും മാന്ത്രിക കുതിരയും കാലികപ്രസക്തമായ ഒട്ടേറെ സാമൂഹ്യ രാഷ്ട്രീയ വിഷയങ്ങളിലേക്കു് വെളിച്ചം വീശുന്നുണ്ടു്. കവിതയെക്കുറിച്ചുള്ള നമ്മുടെ സങ്കൽപ്പം ഒരുപക്ഷേ, ഇവിടെ സാക്ഷാൽകൃതമാകുന്നില്ല എന്നു് ഒറ്റനോട്ടത്തിൽ തോന്നി. വീണ്ടും വീണ്ടും വായിച്ചപ്പോളാണു് അതിന്റെ സത്തയിലേക്കു് കടക്കാൻ കുറച്ചെങ്കിലും കഴിഞ്ഞതു്. അതു് എനിക്കു വായനാശീലം കുറവായതിനാൽ കൂടിയാണു്. കേരളത്തിന്റെ നെല്ലറയായ കുട്ടനാടു് തകഴിയുടെ തട്ടകവും കൃഷി അദ്ദേഹത്തിനു് ജീവവായുവും ആയിരുന്നല്ലോ. ജ്ഞാനപീഠ ജേതാവായ തകഴിയെ കേന്ദ്രബിന്ദുവായി കവി എടുത്തതു് അതുകൊണ്ടായിരിക്കണം. സുന്ദരസ്വപ്നങ്ങൾ പലതും തകരുന്നുണ്ടെങ്കിലും ദുഃസ്വപ്നങ്ങൾ വരാനിരിക്കുന്ന വിപത്തിനെ സൂചനയായിട്ടാണു് കണക്കാക്കുന്നതു്. കാർഷികമേഖലയിലടക്കം സാമ്രാജ്യത്വ അധിനിവേശം ഉണ്ടായ ഒരു പശ്ചാത്തലം കൂടി ഉണ്ടു്. നമ്മുടെ പൂർവികർ പുലർത്തിയിരുന്ന തനതു് കാർഷിക രീതിയുടെ പരിച്ഛേദം ആയി കണ്ടൻ മൂപ്പനെ കാണാം. കണ്ടൻ മൂപ്പൻ വിത്തു വിതക്കുന്നതു് മനോഹരമായി കവി വർണ്ണിക്കുന്നു. ഇപ്പോൾ എല്ലാം യന്ത്രങ്ങൾ ആണല്ലോ. വിതക്കാനും കൊയ്യാനും മെതിക്കാനുമെല്ലാം. ഒപ്പം രാസവളപ്രയോഗം വയലിനെ എങ്ങിനെ നശിപ്പിച്ചു എന്നു് മാന്ത്രികകുതിരയുടെ പടയോട്ടം വിളിച്ചോതുന്നു. സാഹിത്യരംഗത്തും രാഷ്ട്രീയ രംഗത്തും എല്ലാമുള്ള മോശം വിതകളും കവിതയിലെ തിരിച്ചറിവായി കവിതാവിശകലനത്തിലൂടെയും ആമുഖത്തിലൂടെയും മനസ്സിലാക്കുന്നു.
- കുഞ്ഞി, പി. ഏ. കെ.:
- കെ. ജി. എസ്സിന്റെ കവിത. ഇന്നലെകളുടെ ക്ഷീണമയക്കത്തിൽ സ്വപ്ന ദർശനം. ഇന്നലെകളുടെ പ്രതീകമായ തകഴി—ദുഃസ്വപ്നം കണ്ടു് ഉണരുന്നു. ഇപ്പോൾ കൊയ്യാറായ വയലും ഉറക്കത്തിലാണു്. ആ വയലുറക്കം തന്റെ ആധിയാണു്. അതു് എന്റെ ആഗ്രഹങ്ങളുടെ വിളനിലമാണു്. അവിടെ എത്തിപ്പെട്ടപ്പോഴും വയൽ നിറഞ്ഞു നില്ക്കുന്നതു് കണ്ടൻ മൂപ്പനാണു്. സ്വപ്നം കണ്ട തകഴിയും മൂപ്പനും ഇന്നലെയുടെ പ്രതീകങ്ങൾ. നാളെയുടെ ശുഭപ്രതീക്ഷ വച്ചു പുലർത്തുന്നവർ. വിത്തിടുന്നതു് നൂറു് മേനി വിളകൊയ്തു് എടുക്കാനാ. അതാണു് അതിന്റെ പ്രതീക്ഷ—വിത്തു വിതക്കുന്നവന്റെ കൈയ്യടക്കം, കൈപുണ്യം അതു് ഓരോ നെന്മണിക്കും മുളപൊട്ടാൻ വയൽ നെഞ്ചിനകത്തു് ഇരിപ്പിടം ഒരുക്കുന്നു അവസരം സൃഷ്ടിക്കുന്നു. കനിവിൻ നനവിൻ ഈർപ്പമുണ്ടു്—അവിടെയെല്ലാം ഇറ്റു് വീഴുന്ന വിയർപ്പുതുള്ളികളുമുണ്ടു്. മണ്ണും വിത്തും വിതക്കുന്നവനും ഒരുക്കുന്ന ഹൃദയതാളമുണ്ടു്. സ്വപ്ന ലോകത്തിൽനിന്നും യഥാർത്ഥ്യത്തിലേക്കു് എത്തുമ്പോൾ പാടത്തെന്തോ പതിവു് കേടിന്റെ ദുശ്ശകുനം കണ്ടൻ മുപ്പന്റെ മനസ്സിലുമുണ്ടായതാവാം ഒരുപക്ഷേ, ഈ സംഗമത്തിനു് കാരണം. കാഴ്ചവട്ടത്തു് പരദേശി മാന്ത്രിക കുതിര. അശ്വം അമിതവേഗതയുടെ പ്രതീകമാണു്. ശക്തിയുടെയും പ്രതീകമാണു്. അശ്വമേധം—എതിരില്ലാതെ എല്ലാം നേടി പിടിക്കാനുള്ള പ്രവണതയുടെ പ്രതീകമാണു് ഈ കുതിര. നിമിഷനേരം കൊണ്ടു് കൃഷിയിടത്തെ തരിശാക്കി. പ്രത്യേകതയുണ്ടു്—വലുപ്പത്തിലും നിറത്തിലും ശ്രദ്ധേയൻ. തീ തുപ്പുന്ന നാക്കു്—അതു് നാശത്തിന്റെ പ്രതിരൂപം. ചെന്നിടം വയറുനിറയ്ക്കുക മാത്രമല്ല നശിപ്പിക്കുക കൂടി ചെയ്യും. ഇന്നാട്ടുകാരനല്ല അവൻ. വിദേശത്തു നിന്നും ചേക്കേറിയവനാ. കുഴിമാടങ്ങളിലെ ചാത്തന്മാർ… കർഷകർ അവരെ തുറന്നു വിട്ടു. കുതിര മായയായി അലിഞ്ഞു ചേർന്നപ്പോഴും കൊള്ള കുതിരയൊലിപ്പിച്ച രാസവളത്തിൻ ഊറൽ നെല്ലിനെ മാത്രമല്ല നിർക്കോലിയും മീനും ചീവിടും പുൽ തളിരും എല്ലാം ചിഞ്ഞളിഞ്ഞ ഗന്ധം—ഇന്നലെയുടെ നേരറിവിന്റെ നേർ മൊഴിയുടെ ചുണ്ടനക്കമില്ലാതെ നടുവൊടിഞ്ഞു് പതിരായി തീരുന്നിടം ത്രാണിയില്ലാതെ പതിർക്കുല കിലുങ്ങുന്നു. ദർശനവും സ്വപ്നവും ഒന്നായി തീർന്ന അവസ്ഥ. മറ്റുള്ളവരുടെ സ്വപ്നം വിശ്വസിച്ചവന്റെ നിദ്രാ ഭംഗം വരുത്തിയ ദുഃസ്വപ്നത്തിന്റെ ലോകം കവി നന്നായി അവതരിപ്പിച്ചു. അപക്വമായ എന്റെ മനസ്സിൽ കവിതയെ കുറിച്ചു് തോന്നിയതു് കോറിയിടുന്നു.
- രജനി വെള്ളോറ:
- തകഴിയും മാന്ത്രികക്കുതിരയും ഏറ്റവും മഹത്തായ രണ്ടുപ്രതീകങ്ങളാണു് തലക്കെട്ടിൽ വന്നിരിക്കുന്നതു്. എഴുത്തുകാരൻ എന്നതിലുപരി നല്ലൊരു കർഷകനായിരുന്നു തകഴി. മാന്ത്രിക്കുതിര എന്നതു് നാഗരികതയുടെ കടന്നുകയറ്റവും. എല്ലാ സ്വപ്നദർശനങ്ങളെയും വിശകലനം ചെയ്യുന്ന കർഷകനു് തന്റെ സ്വപ്നം തിരിച്ചറിയാൻ സാധിക്കുന്നില്ല. എന്തോ ആപത്തു് വന്നുവെന്നതോന്നൽ വയലിലെത്തിക്കുന്ന തകഴിയെക്കാത്തു് പണ്ടേ മരിച്ചുപോയ കണ്ടൻ മൂപ്പൻ. വിരലുകൾക്കിടയിൽ മറഞ്ഞിരുന്ന വിത്തുകൾ മണ്ണിന്റെ മാറിലേക്കു് വീശിയെറിഞ്ഞു് മുളപ്പിച്ചെടുത്തു് ജൈവകൃഷി ചെയ്തവൻ. എല്ലാം പോയ് മറയുകയും രാസവളവും യന്ത്രവത്കൃതകൃഷിയും രംഗപ്രവേശം ചെയ്യുകയും ചെയ്തു. മണ്ണിലെ ജീവജാലങ്ങളെല്ലാം രാസവളപ്രയോഗത്തിൽ ചത്തൊടുങ്ങുന്നു. അന്തകവിത്തുകൾ വിളഭൂമികൾ കയ്യടക്കുന്നു. അതീവഗുരുതരമായ ഒരു കാർഷികസംസ്കാരം ഉടലെടുത്തുകഴിഞ്ഞു. ഇതുതന്നെയായിരിക്കണം ഒരു ശുദ്ധകർഷകനായ തകഴിയെ പേടിപ്പെടുത്തിയ സ്വപ്നം. നമ്മുടെ കൺമുന്നിൽ കാണുന്നതു് രാസവസ്തുക്കൾ മണ്ണിനെയും മനുഷ്യനെയും കൊന്നൊടുക്കുന്നതാണു്. കാസർഗോഡും ഭോപ്പാലും ചെർണ്ണോബിലും എല്ലാം ഉദാഹരണങ്ങളായി നമ്മുടെ മുന്നിലുണ്ടു്. ഭക്ഷ്യക്ഷാമവും ജലക്ഷാമവും നമ്മെ കാത്തിരിക്കുന്നു. വിൻസന്റ് വാൻഗോഖ് പൊട്ടറ്റോ ഈറ്റേർസ് എന്ന ചിത്രം രചിച്ചതു് അയർലന്റിലെ ഭക്ഷ്യക്ഷാമത്തിന്റെ പശ്ചാത്തലത്തിലാണു്. കുട്ടിയും കഴുകനും എന്ന കെവിൻ കാർട്ടറുടെ ഫോട്ടോ നമ്മുടെ കൺമുന്നിലുണ്ടു്. സുഡാനും ഏത്യോപ്യയും സോമാലിയയും… നമ്മളും നടന്നടുക്കുകയാണു് അതിഭീകരമായ യാഥാർത്ഥ്യത്തിലേക്കു്. സ്വപ്നത്തിൽനിന്നു് ലോകജനത ഉയർത്തെഴുന്നേൽക്കേണ്ടുന്ന സമയം അതിക്രമിച്ചിരിക്കുന്നു.
- അഷ്റഫ് മാടായി:
- കെ. ജി. എസ്സിന്റെ കവിത തകഴിയും മാന്ത്രികക്കുതിരയും കവിത തുടങ്ങുന്നതു് തന്നെ ഒരു സ്വപ്നത്തോടെയാണു്. ആ സ്വപ്നം കാണാനുണ്ടായ കാരണം ആധി തന്നെയാണു്. മണ്ണിനെ ആരൊക്കെയോ മലിനപ്പെടുത്തുകയാണു് എന്ന തിരിച്ചറിവിൽനിന്നുണ്ടായതാണു് ആ ആധി. കീടനാശിനികൾ തളിച്ചു് മണ്ണു് നശിച്ചുകൊണ്ടിരിക്കുയാണു് എന്ന അറിവിൽനിന്നുണ്ടായ ആധി. കൊയ്യാറായ വയൽ ആരോ കട്ടു് കൊയ്യുന്നു എന്നു് കിനാവുകണ്ടുണരുവാൻ മാത്രം ഓരോ കർഷകരും വയൽനെഞ്ചു് സ്വന്തം നെഞ്ചേറ്റി ഉണർന്നിരുന്നു എന്നു് നമ്മോടു് വിളിച്ചു പറയുന്നുണ്ടു് കവിത. കാലത്തിനു മുമ്പേ നടന്ന കവിയെന്നു് നമ്മൾ പൊതുവേ പറയാറുണ്ടെങ്കിലും അതിവിടെ സംഭവിക്കുകതന്നെ ചെയ്തു. ആ പേടിസ്വപ്നം യാഥാർഥ്യമായി എന്നുമാത്രമല്ല, ആർക്കുമാർക്കും ഒന്നു് കട്ട്കൊയ്യാനായി പോലും വിളവുകൾ പോയിട്ടു് ഒരു കൃഷിയിടം പോലുമില്ലല്ലോ എന്നതു് ഒരു വേദന തന്നെ. കവിക്കു് എല്ലാവിധ ഭാവുകങ്ങളും…