ബാദലിംഗാണു് ബീജിംഗിനു് ഏറ്റവും അടുത്തുള്ള വൻമതിൽഭാഗം. എഴുപതു് കിലോമീറ്റർ. അവിടേയ്ക്കാണു് ഞങ്ങളുടെ യാത്ര. നന്നായി സംരക്ഷിക്കപ്പെട്ട ഭാഗം. കുറേ ദൂരം വൻമതിൽ കാണാം. വൻമതിൽനഗരം എന്ന പുതിയ വാണിജ്യവേദി. കേബിൾകാർ. ഗ്രേറ്റ്വാൾ മ്യൂസിയം. സർക്കുലർ സ്ക്രീൻ സിനിമ. റെസ്റ്റോറന്റുകൾ ഡോളർ യുവാൻ ആക്കൽ… സൗകര്യങ്ങൾ കാരണം ബാദലിംഗ് കൂടുതൽ ജനപ്രിയം.
എത്ര തവണ വൻമതിലിൽ വന്നു എന്നു് നിയുവിനോർമ്മയില്ല. അത്രയേറെ വന്നു. ബീജിംഗ് സർവകലാശാലയിൽ പഠിക്കുന്ന കാലത്തു് ടൂർ വന്നതു് ആദ്യവരവു്. അന്നു് വൻമതിലിലേക്കുള്ള പടവുകൾ കയറുമ്പോൾ കൂടെയുണ്ടായിരുന്നവളോടൊപ്പമായി പിന്നെ കയറ്റവും ഇറക്കവും. അവളായി പിന്നെ മതിലും തുറസ്സും. അകാല്പനികമായ ചെറിയ മൗനത്തിനും ചിരിക്കും ശേഷം നിയു[1] പറഞ്ഞു:
വൻമതിൽക്കഥകൾ കേട്ടുറങ്ങിയ ഒരു കുട്ടിക്കാലം എനിക്കുമുണ്ടായിരുന്നു. വൻമതിൽ ലോകാത്ഭുതം. ശത്രുക്കൾക്കും ദുർദ്ദേവതകൾക്കും പിശാചുക്കൾക്കും മഹാരോഗങ്ങൾക്കുമെതിരേയുള്ള ചൈനയുടെ പ്രതിരോധം. അത്രയേറെ ദൈവങ്ങൾ വസിക്കുന്നതിനാൽ ഏറ്റവും വലിയ ദേവാലയം. മതിലുയരാനും ഉറയ്ക്കാനും അനേകായിരം പാവങ്ങളുടെ ജീവൻ ബലിയായിട്ടുള്ളതിനാൽ ചൈനയുടെ ഏറ്റവും വലിയ പാപശാല; ബലികുടീരം. ഓരോ ദിക്കിൽ നിന്നു് നോക്കുമ്പോൾ ഓരോ ഉയരവും രൂപവും അർത്ഥവും കഥയുമുളള പ്രതിഭാസം. മനസ്സിലാകലിനു് വഴങ്ങാതെ ഏറെ ഭാഗവും അദൃശ്യതയിൽ. അത്ഭുതമായിരിക്കെത്തന്നെ കരുണവും ശാന്തവും ക്രൂരവും. ഏകവചനത്തിൽ ബഹുവചനം. ചൈനക്കാർ ചൈനക്കാരെ നിർവചിച്ചാൽ ഒരുടലിൽ പല പ്രായമുള്ള അവയവങ്ങളും മനസ്സുമുള്ള ഈ വൻമതിലാണവർ. മതിലില്ലെങ്കിൽ ചൈനയില്ലെന്നാണു് ഞങ്ങളെ പഠിപ്പിച്ചതു്.
[1] യാത്രാസഹായി, ദ്വിഭാഷി.
പടിഞ്ഞാറു് ഗാൻസു പ്രവിശ്യയിലെ ജിയായുഗുവാൻ ചുരം മുതൽ കിഴക്കു് ഹേബൈ പ്രവിശ്യയിലെ ഷാൻഹൈഗുവാൻ ചുരം വരെയാണു് വൻമതിൽ. ഇരുപത്തിയോരായിരത്തിലേറെ കിലോ മീറ്റർ നീളം. പാറയും ഇഷ്ടികയും ചരിത്രവും കെട്ടുകഥയും ഭയവും കരുത്തും കൊടുംക്രൂരതയും കാത്തിരിപ്പും ദുഃഖവും കണ്ണീരും കൊണ്ടു് കെട്ടിപ്പടുത്തതു്. പല രാജവംശങ്ങളുടെ പല നൂറ്റാണ്ടുകളിലെ ജനപീഡനത്തിന്റെ സ്മാരകം. മഹത്തല്ല, വലുതു്. വലുതേതും വിസ്മയം. വലുതു് കഥ പറയിപ്പിക്കും.
ചീനർ, കഥ തീനികൾ. ബി. സി. രണ്ടാം നൂറ്റാണ്ടു് മുതൽ ചീനർക്കുണ്ടു് മതിൽക്കഥകളുടെ പെരുംകൃഷി. രാവു് പതിനായിരത്തൊന്നു് പോരാ അതു് പറഞ്ഞുതീരാൻ. ലോകം ചൈനയിലുള്ളത്ര ലോകത്തില്ലെന്നു് പറയാൻ കുഞ്ഞുന്നാളിലേ ചൈനക്കാർ പഠിക്കുന്നു. അന്ധവിശ്വാസവും ഭാവനയും ചാലിച്ച നാടോടിക്കഥകൾ ഓരോ അനുഭവ/കർമ്മ സന്ദർഭത്തിലും ചേരുംപടി ചേർക്കും ചൈനക്കാർ. ഭക്ഷണം വിളമ്പുമ്പോൾ പ്രമുഖ റെസ്റ്റോറന്റുകളിലെ കുശിനിമേധാവി അതിഥികളുടെ അടുത്തു് വന്നു് നിൽക്കും. പറയും, ഓരോ വിഭവത്തിനും പിന്നിലെ കഥ. കഥ ചേർന്നു് സ്വാദു് കൂടാതൊരു ചൈനീസ് വിഭവമില്ല; ഭാഷണ വൈഭവവും. ആഫ്രിക്ക കഥ ശ്വസിക്കുന്നു എന്നു് പറയും. ചൈനയെപ്പറ്റിയും അതു് പറയാം. കഥയില്ലാതെ ശ്വസിക്കാനാവില്ല ചൈനയ്ക്കു്.
ജിയായുഗുവാൻ ചുരത്തിനു് ആ പേരു് വരാൻ കാരണം വൻമതിൽ നിർമ്മിതിയുടെ ആദ്യകാലത്തെ ഒരു ദുരന്തം. ഗാൻസു പ്രവിശ്യയിലെ ഒരു ഗ്രാമീണ വധു, ചെറിയ പെണ്ണു്, അതിസുന്ദരി, മെങ്ങ് ജിയാങ്ങ്ന്യൂ. അവളുടെ പ്രിയൻ, ഫാങ് ചീ ലിയാങ്ങ്. കല്യാണം കഴിഞ്ഞു് മൂന്നാം നാൾ രാജകിങ്കരന്മാർ വന്നു. ചീ ലിയാങ്ങിനെ വലിച്ചിഴച്ചു് മതിൽപ്പണിക്കു് കൊണ്ടു പോയി. ലിയാങ്ങിനെപ്പറ്റി ഗ്രാമത്തിൽ പിന്നെ ഒരു വിവരവും വന്നില്ല. കാത്തു് കാത്തു് മനസ്സു് വെന്ത ജിയാങ്ങ്ന്യൂ ഭർത്താവിനെ അന്വേഷിച്ചു് പോയി. പോയിപ്പോയി കേട്ടുകേൾവികളിലെത്തി. പേടിപ്പിക്കുന്ന ചെറുവിവരങ്ങളിലെത്തി. ഒടുവിൽ മതിൽപണിക്കാരിൽ നിന്നറിഞ്ഞു, ചീ ലിയാങ്ങിന്റെ മരണം. മിംഗ് വംശത്തോടെതിരിടാൻ ഒരു പാവപ്പെട്ട നാടൻ പെണ്ണു് കൂട്ടിയാൽ കൂടുമോ? ദരിദ്ര ഏകാകിനിക്കു് കഴിയുന്നതു് ജിയാങ്ങ്ന്യൂ ചെയ്തു. കരഞ്ഞു. മൂന്നു പകലും മൂന്നു് രാവും മതിലിൽ തലയറഞ്ഞു് കരഞ്ഞു. നാലാം നാൾ അവൾ മരിച്ചു. അലറിപ്പൊളിഞ്ഞു് മതിലും മറിഞ്ഞു. കരഞ്ഞു് കരഞ്ഞു് മരിക്കേണ്ടി വന്ന ഒരു യുവതിയെ ഓർമ്മയിലല്ലാതെ എവിടെ അടക്കും? അവളുടെ പേരിലായി, അവളായി, വീണ്ടും പണിതപ്പോൾ മതിലിന്റെ ആ ഭാഗം. ജിയായുഗുവാൻ.
പൊളിച്ചു് കളയൂ ഭീമാകാരമായ ഈ പാപമൂർത്തിയെ, പിഴുതെറിയൂ ജീവനൂറ്റുന്ന ഈ രാക്ഷസ ഇത്തിളിനെ, എന്നായിരുന്നു കൺഫ്യൂഷ്യസിന്റെ ശിഷ്യന്മാരുടെ മതിൽവിരുദ്ധത. മതിൽ വിരുദ്ധരും മതിൽ ഭക്തരുമായി ചൈനക്കാർ അകമേ അകന്നു. നിർമ്മിക്കുന്നതിനേക്കാൾ പാടാണു് ചിലതു് പൊളിച്ചുകളയാൻ. ഒരിക്കലെങ്കിലും വൻമതിലിലെത്തിയിട്ടില്ലാത്തവർ നല്ല മനുഷ്യരല്ലെന്ന മാവോസൂക്തം ഞങ്ങളെ ആരോ പഠിപ്പിച്ചിരുന്നു.
ബാദലിങ്ങിലേക്കുള്ള വഴിയിൽ വാഹനങ്ങൾ കുറവു്. നിയു പറഞ്ഞു: ‘റോഡ് ഫ്രീ. നാമിന്നു് വേഗമെത്തും.’
വിലക്കപ്പെട്ട നഗരത്തിന്റെ മതിൽക്കെട്ടിനു് മുന്നിൽ നിന്നു് രാവിലെ വൻമതിലിലേക്കു് പുറപ്പെടുമ്പോൾ തോന്നി: ഏതെങ്കിലുമൊരു മതിലിൽ നിന്നു് ഏതെങ്കിലുമൊരു മതിലിലേക്കല്ലാതെ ഏതു് വഴി? ഏതു് യാത്ര? എത്ര ചിരിച്ചിട്ടുണ്ടാവും മതിൽവലയങ്ങൾ കണ്ടു് കണ്ടു് ബഷീർ? പ്രതിരോധമെന്നു് ഭാവിക്കുന്ന വിഭജനത്തിന്റെ കല്ലുഭാഷ വായിച്ചിട്ടു് കാഫ്ക? ഏകദൈവം, അദ്വൈതം, എത്രയെത്ര മതിൽക്കെട്ടുകൾ ചേർത്തു് മെടഞ്ഞതെന്നോർത്തു് അംബേദ്കർ?
ബീജിംഗിൽ നിന്നു് സാഹസികരേറെയും പോകാറുള്ളതു് മുതിയന്യു, സിമാതായ്, ചുരങ്ങളിലെ മതിൽ ഭാഗങ്ങൾ കാണാൻ. അവ ബാദലിങ്ങിനേക്കാൾ ലേശം കൂടി അകലെ. ഉയരെ. അവിടെ മതിൽകയറ്റം സാഹസികം. ക്ലേശകരം. കയറിക്കഴിഞ്ഞാൽ വിജയത്രിൽ. കയറ്റത്തിനിടയിൽ പാറയിടുക്കിൽ മലമ്പാമ്പിന്റെ മന്ദഹാസം കണ്ടു് വിജയത്രിൽ വർദ്ധിക്കുന്നവരുമുണ്ടു്. കൊടുമുടിയിലെ ഞെട്ടിൽ വിരിഞ്ഞ വിജയത്തിനു് മണം കൂടും. ശരിവെക്കപ്പെട്ട തീരുമാനത്തിനു് സൗന്ദര്യം കൂടും. മതിലിന്റെ മുകളിലെ പാതയിൽ അവിടവിടെ താവോ പവിലിയനുണ്ടു്. പാടുപെട്ടു് മേലേയെത്തിയവരെ കുളിർകാറ്റു് ചാർത്തി അനുമോദിക്കാൻ പവിലിയന്റെ പടിക്കൽ ചീനക്കാരായ പ്രാചീനദൈവങ്ങൾ കാത്തിരിക്കുന്നുണ്ടു്.
കടൽസ്നേഹികൾ കിഴക്കു് ഹേബൈ പ്രവിശ്യയിൽ, ഹാങ്ങ്ചുവാംഗ്ദൗവിൽ, കടലിൽ വൻമതിൽ അവസാനിക്കുന്നതു് കാണാൻ പോകും. അവർക്കു് ആ മതിൽക്കാഴ്ച, മതിലിൽ നിന്നുള്ള കടൽ/കരക്കാഴ്ച, ചരിത്രക്കാഴ്ച. അവിടേക്കേ പോകുൂ അപാരതയുടേയും സ്ഥലകാലഗഹനതയുടേയും ഉപാസകർ.
ചൈനയെ ആക്രമിക്കാൻ വന്നവരൊക്കെ പ്രാർത്ഥനകളിൽ അവരവരുടെ ദൈവങ്ങളേയും കൊണ്ടു വന്നു. കേടാവാത്ത വിത്തുകളും ധാന്യങ്ങളും കൊണ്ടു വന്നു. അന്നപാനങ്ങൾക്കു്. പോരാത്തതു് കൊള്ളയടിച്ചു. വൻമതിലിനോടു് തോറ്റോടിയ മംഗോളിയരെ ഉപേക്ഷിച്ചു് മംഗോളിയൻ ദൈവങ്ങൾ വൻമതിൽ പരിസരത്തു് തങ്ങി. മതിലിന്റെ അനാദ്യന്തമായ ദുരൂഹസ്വരൂപത്തെ ഉപാസിച്ചു് രാപകൽ അവർ മതിലിനു് മേലേയുലാത്തി. കാറ്റുകളായി വീശി. ചെറുതാരങ്ങളുടെ ആരും കാണാത്ത ഉദയാസ്തമയങ്ങളായി പ്രസാദിച്ചു. ചൈനീസ് ദൈവങ്ങളോടിണങ്ങി. ചീനക്കോവിലുകളുടെ ഉപശാലകളിലെ സിംഹപ്രതിമകളിൽ ചൈനയുടെ അജയ്യത വായിച്ചു് നിന്നു. തോറ്റവരുടെ കുതിരകളും ദൈവങ്ങളും ധാന്യങ്ങളും ഈ മലകളിൽ വീണു് ചിതറി. അവ ഇവിടെ മുളച്ചു് വളർന്നു. തഴച്ചു് കാടായി. ചൈനയുടെ ബലിഷ്ഠകാതലുകളിൽ ചുറ്റിപ്പടർന്നു. തോറ്റോ മരിച്ചോ മടങ്ങിയവർ ചൈനക്കാർ ചെയ്യാത്ത യുദ്ധങ്ങളിൽപ്പോലും അവർക്കു് വിജയം കപ്പം നൽകി. വൻമതിൽ എന്നും ചൈനയ്ക്കു് വേണ്ടി പ്രതിരോധയുദ്ധം ചെയ്യുന്ന നിത്യസജ്ജമായ ഒരു മഹാസൈന്യം. ഉറക്കം തോന്നിച്ചു് നിൽക്കുന്ന അനന്തമായ ഉണർവു്. അതാണു് മതിലിന്റെ കാവൽപ്പൊരുൾ. ആ കാവലില്ലാത്ത യുദ്ധങ്ങളിലെല്ലാം ചൈന തോറ്റു. ബ്രിട്ടനും ഫ്രാൻസും റഷ്യയും ജപ്പാനുമെല്ലാം ചൈനയെ തോൽപ്പിച്ചു. അടച്ചു് ഭദ്രമാക്കിയിരുന്ന ചൈനയുടെ വാതിലുകൾ വിജയികൾ ചവിട്ടിത്തുറന്നു. അമൂല്യമായ ചൈനീസ് വിഭവങ്ങൾ കൊള്ളയടിച്ചു് കൊണ്ടുപോയി. ചൈന ദരിദ്രമായി. കിഴക്കിന്റെ രോഗിയായി. ചുറ്റോടു് ചുറ്റും മതിൽ പടർന്ന വലിയൊരു മതിലകരാജ്യമായിരുന്നെങ്കിൽ എന്നു് ഓരോ തോൽവിയിലും ചൈന മോഹിച്ചു. അതിർത്തികളും വിഭവങ്ങളും യുദ്ധകാരണങ്ങളാവാത്ത കാലം ചൈന കിനാവു് കണ്ടു.
ഇതു് കേൾക്കുമ്പോൾ എതിർവസ്തുതകൾ നമുക്കോർമ്മ വരും; അതിഥി അഹിതം പറയരുതെന്നും ഓർമ്മ വരും; നാം പറയില്ല. നല്ല അതിഥികൾ, നാം. അല്ലലില്ലാതെ ചൈനയിൽ നിന്നു് പോരണമല്ലോ.
ഞങ്ങൾ ബാദലിങ്ങിലെത്തിയപ്പോൾ പെരുമഴ. ടെമ്പോട്രാവലറിൽത്തന്നെയിരുന്നു. മലയിൽ പെയ്യുന്ന മഴ പുരാതനമഴ. അതേ മഴ, താഴെ, ഗ്രേറ്റ് വാൾസിറ്റിയിൽ പെയ്യുമ്പാൾ പുതിയ മഴ. എന്തു് പെയ്യുന്നു എന്നതല്ല, എവിടെപ്പെയ്യുന്നു എന്നതാണു് മഴയെ പഴയതും പുതിയതുമാക്കുന്നതു്. ഇന്ത്യൻ മഴയും ചൈനീസ് മഴയുമാക്കുന്നതു്. മഴയുടെ ദേശീയത, സ്വത്വം, ഭാഷ, നിർണ്ണയിക്കുന്നതു്.
മഴയല്ല, വൻമതിലാണിപ്പോൾ കണ്ണുകളുടെ പ്രിയവിഷയം. പല കണ്ണുകൾ പല പഴുതുകളിലൂടെ പല വട്ടം തിരഞ്ഞു. മതിൽ കാണാനില്ല. ചിത്രങ്ങളിൽ കണ്ട മതിൽത്തുണ്ടുകളുടെ ഓർമ്മ പല വലിപ്പത്തിൽ കണ്ണിൽ തുറന്നടഞ്ഞു. വർണ്ണചിത്രങ്ങളായും രേഖാചിത്രങ്ങളായും, മാറി മാറി. മഴയല്ലാതൊരു കാഴ്ചയില്ല മഴയിൽ. ഇന്ത്യയിലായാലും ചൈനയിലായാലും. മറ്റെല്ലാം മറയ്ക്കും മഴ. പെയ്തൊടുങ്ങും വരെ ആവുന്നത്ര തന്നെത്തന്നെ കാണിക്കുന്നൊരു ജീനിയസ്സാണു് മഴ. അല്പാവിഷ്കാരമല്ല, പൂർണ്ണാവിഷ്കാരം, ഓരോ മഴയും.
മതിലെവിടെ?
നിയു: മലമുകളിൽ. മഴയ്ക്കപ്പുറം. കാഴ്ചയ്ക്കപ്പുറം.
മറ കൂടിയാണു് മതിൽ. മതിൽക്കെട്ടു്, കൺകെട്ടു്. വിലങ്ങി നിന്നു് വിലക്കു് കല്പിക്കലാണു് മതിൽ. മറയ്ക്കാനുള്ള പറയലാണു് പല മതിലും. നുണ പോലെ. പകുക്കാനും മറയ്ക്കാനും അകറ്റാനുമുള്ള ആവിഷ്കാരനിരോധനത്തിന്റെ വാസ്തുവിദ്യ. ഫ്യൂഡൽ മതിൽ, ഗ്ലോബൽ മതിൽ, തടവറമതിൽ, ബെർലിൻ മതിൽ, ഏതു് മതിലും… വിലക്കപ്പെട്ട നഗരത്തിന്റെ മതിലിലെ മാവോഫോട്ടോ പോലെ കാണിക്കുന്നതിനേക്കാളേറെ മറയ്ക്കുന്ന ഫോട്ടോമഴ, ബിംബമഴ, മതിലായ മതിൽ നിറയെ. മതിൽ സംരക്ഷിക്കും; ആരെ? ഏതു് പോലെ? സ്ത്രീയെ പുരുഷൻ എന്ന പോലെയോ? അകത്തെ പുറം എന്ന പോലെയോ? ഉയിരിനെ ഉടൽ എന്ന പോലെയോ?
തമിഴ് നാട്ടിലെ അയിത്തമതിൽ ഇന്ത്യയെ വരിഞ്ഞു് ചുറ്റി ഞെരിക്കുന്ന ജാതിവൻമതിലിന്റെ ചെറിയൊരു തുമ്പു്. ജാതിമതിലിൽ നിന്നു് ചെറുതും വലുതുമായ ഉപജാതിമതിലുകൾ. ഒരു മതത്തിനുള്ളിൽ, ഒരു പാർട്ടിക്കുള്ളിൽ, വെറുപ്പിന്റെ പല കോട്ടകൾ; വളരുന്ന പുതിയ ഭീകരത; പുതിയ വർഗ്ഗീയദുർഗ്ഗം. പുതിയ അനീതിക്കോട്ട. ചൈനയിൽ, പാർട്ടി സ്വേച്ഛാധിപത്യം പുതിയ വൻമതിൽ. എവിടെയുമുണ്ടു് കാവൽഗോപുരങ്ങളും ദുർദ്ദേവതകളും പീഡനവും കൊല്ലലും കുഴിച്ചുമൂടലും; ആരും ഇന്നോളം മുഴുവൻ കണ്ടിട്ടില്ലാത്തൊരു വൻമതിൽ. അതിനുളളിൽ, ലൂഷുന്റെ ഭ്രാന്തന്റെ ഡയറിയിലെപ്പോലെ മനുഷ്യമാംസത്തിനു് വിശക്കുന്ന മതഭ്രാന്തന്മാരുടെ ചോര പുരണ്ട ചിരിയുള്ള മുഖങ്ങൾ.
മഴ കുറഞ്ഞു. ഞങ്ങൾ പുറത്തിറങ്ങി.
നിയുവിനോടു് ഞാൻ പറഞ്ഞു: എനിക്കു് കുറച്ചു് ഡോളർ യുവാനാക്കി മാറ്റണം.
നിയു: നോ പ്രോബ്ലം. ആദ്യം നമുക്കു് മഴ മാറും വരെ സർക്കുലർ സ്ക്രീനിൽ വൻമതിലിന്റെ സിനിമ കാണാം. പിന്നെ ഡോളർ ടു യുവാൻ; യുവാൻ ടു കേബിൾകാർ; കേബിൾകാർ ടു ഗ്രേറ്റ് വാൾ. ഓകേ?
ഓകെ.
പുണ്യപുരാണചരിത്രസിനിമ. ആദിയിൽ മതിൽ ഇല്ലായിരുന്നു. ആക്രമണങ്ങളുണ്ടായിരുന്നു. പ്രതിരോധം വേണമായിരുന്നു. മിന്നലും ഇടിവെട്ടും പേമാരിയുമായി ചൈനയുടെ രക്ഷാദുർഗ്ഗയായ ക്ഷുബ്ധവ്യാളി താണ്ഡവമാടി. കാറ്റും മിന്നലും ഇടിവെട്ടും മഴയും മാഞ്ഞപ്പോൾ ക്ഷോഭം ശമിച്ചു് തീക്കണ്ണു് പൂട്ടി മലകൾക്കും കുന്നുകൾക്കും തടങ്ങൾക്കും മീതേ, സമതലങ്ങൾക്കും ഒമ്പതു് പ്രവിശ്യകൾക്കും മീതേ, തണുത്തുറഞ്ഞു് വ്യാളി വൻമതിലായി അവതരിച്ചു. ദൈവകല്പനയും രാജകല്പനയും നിറഞ്ഞ പഴയൊരു തെലുങ്ക് സിനിമ പോലെ മായാമയം വൻമതിലിന്റെ ദിവ്യോല്പത്തിപുരാണസിനിമ. മിത്തും ഭക്തിയും ചരിത്രവും ചാലിച്ചു് വൻമതിലിനൊരു വൻന്യായീകരണം.
വ്യാളിയുമായി വൻമതിലിനുള്ള ആകാരസാമ്യം ഒരു രസനിമിഷം തന്നെന്നു് വരാം. പലശതാബ്ദങ്ങളിലെ മനുഷ്യാദ്ധ്വാനവും ബലികളും മറന്ന സിനിമ. മിത്തിന്റെ നാമത്തിൽ ഒരു നാടോടി അന്ധവിശ്വാസത്തിന്റെ ആഖ്യാനം. വേഗം നാം ചരിത്രയാഥാർത്ഥ്യത്തിലേക്കു് മടങ്ങും. അനേകായിരങ്ങൾ അടിമപ്പണി ചെയ്തതു് കാണാനില്ല. പീഡിപ്പിക്കപ്പെട്ടതു് കാണാനില്ല. പല നൂറ്റാണ്ടുകളിലെ നരബലി കാണാനില്ല. പലനാട്ടിൽ പലകാലത്തു് തുണ്ടു തുണ്ടായി നിർമ്മിക്കപ്പെട്ട മതിലിന്റെ ഖണ്ഡകാവ്യങ്ങൾ കാണാനില്ല. സൈന്യത്തേക്കാൾ വലിയ സൈന്യം ഈ ദുർഗ്ഗമാണെന്നു് വിശ്വസിച്ച വംശവാഴികളെ അവരുടെ ക്രൂരനേരിൽ കാണാനില്ല. രാജ്യങ്ങളെ ഒന്നിപ്പിച്ചു് ചൈനയെ സാമ്രാജ്യമാക്കി വിപുലപ്പെടുത്തിയ ചിംഗ് ചക്രവർത്തി ഷി ഹുവാംഗ് ചിയുടെ ക്രൂരകാലം കാണാനില്ല. കമ്യൂണിസ്റ്റ് കഥനരീതി കാണാനില്ല. കൊള്ളക്കാരായ നാടോടികളെ കാണാം. ആക്രമണവ്യഗ്രരായ അയൽരാജ്യക്കാരെ കാണാം. മായാവികളേയും മാലാഖമാരെയും കാണാം.
പ്ലാനറ്റോറിയത്തിനു് വെളിയിൽ വൻമതിലിന്റെ ശില്പങ്ങളും ചിത്രങ്ങളും കലണ്ടറുകളും വാങ്ങാം. തിരിച്ചെത്തുമ്പോൾ നമ്മുടെ ചൈനാവീമ്പു് കേട്ടുതരുന്നതിനു് നാട്ടിലെ കൂട്ടുകാർക്കു് ചെറുസമ്മാനം കൊടുക്കാം.
നിയു പറഞ്ഞു: വാങ്ങലൊക്കെ മടക്കത്തിൽ. ഇപ്പോൾ മഴയില്ല. വേഗം കേബിൾകാറിൽ കേറാം.
മതിൽച്ചോട്ടിലെ കേബിൾസ്റ്റേഷനിലിറങ്ങി. കുറ്റിക്കാടു് വകഞ്ഞു് മതിലിലേക്കു് നടക്കുമ്പോൾ പരിചയക്കാരെന്നു് തോന്നിച്ചു് പല ചെടികൾ. മണങ്ങൾ. അടുത്തറിയുമ്പോൾ ഒന്നും അതല്ല. വെറും സാമ്യം മാത്രം. നാട്ടിലെ കുറ്റിക്കാടിനും വൻമതിൽച്ചോട്ടിലെ കുറ്റിക്കാടിനും തമ്മിൽ തോന്നിയ ചാർച്ചയും വെറും തോന്നൽ മാത്രം.
പടികൾ കയറുന്നതു് വൻമതിലിന്റെ കൽപ്പള്ളയെ തൊട്ടു്. ഭീമാകാരത്തിന്റെ സാന്നിധ്യഗരിമ അറിയാതെ ഒരു പടിയും കയറാനാവില്ല. നൂറ്റാണ്ടുകളായി ഇതേ ഇരിപ്പാണു് കൽത്തുണ്ടുകൾ. പലതിനും ചുറ്റും വിടവു് കണ്ടു. വിടവു് പടർന്നുണ്ടായ വിള്ളൽ കണ്ടു. വിള്ളലിൽ ഉറുമ്പു്, വെള്ളക്കൂറ, വണ്ടു്, ഗൗളിഗണങ്ങളെ കണ്ടു. വരിവരിയായി ദീർഘയാത്രയിലേർപ്പെട്ടിരിക്കുന്ന ചെറു പ്രാണികളെ, കരിമൗനികളെ, കണ്ടു. കണ്ണീച്ചയുടെ കുഞ്ഞിച്ചിറകുകളുളള ചിലർ ഒരു കൽപ്പഴുതിനെ ചുറ്റിപ്പറക്കുന്നു. ഇതിലും ചെറിയ പറവകളെ ഒരാകാശത്തിനും കിട്ടില്ല. ഇതിലും ചെറിയ താമസക്കാരെ ഒരു ചുവരിനും കിട്ടാനില്ല. അരയാലിലയുടെ കനമുള്ള ഇലകളുമായി ചില സസ്യങ്ങൾ ചില കൽവിടവുകളിൽ നിന്നു് തൃപ്തി വിരിയിക്കുന്നു. മലയും കാടും വന്യതയുമായി ഇണക്കി വൻമതിലിനെ അവർ പ്രകൃതിയുടെ ജൈവവൈവിധ്യത്തിൽ ഉൾച്ചേർക്കുകയല്ലേ? അപനിർമ്മിക്കുകയല്ലേ? അവരെല്ലാം കൂടി എന്റെ മനസ്സിൽ നെയ്യുന്നതു് വൻമതിലും ആ പരിസരവും അവരും തമ്മിലുള്ള ചിരസ്ഥായിയെ അല്ലേ? അവർ നിരസിക്കുന്നതു് കാലങ്ങളായി ആവാസന്യായങ്ങളായി എന്റെയുള്ളിലുള്ള മുൻധാരണകളെയല്ലേ? അല്ലെന്നെങ്ങനെ ഞാൻ വിധിക്കും? അവരിലെല്ലാം തുളുമ്പുന്നുണ്ടു് ചെറുതു് സുന്ദരമെന്ന ബുദ്ധൻ; എന്ന ഷൂമാക്കർ. പടി പടിയായി നാം അപനിർമ്മിക്കണം വലുതാണു് കേമമെന്ന കാഴ്ചത്തെറ്റിനെ എന്ന ബുദ്ധവ്യഗ്രത; എന്ന ഷൂമാക്കർ. ഈ ചെറു ചെറു ജന്മങ്ങളിലുണ്ടു് മനുഷ്യർ കൃത്രിമമാക്കിയതിനെ ക്രമേണ സ്വാഭാവിക പ്രകൃതിയാക്കി അവർക്കു് മാറ്റാനാവുമെന്ന വിശ്വാസം. ഇവർക്കെന്തറിയാം വൻമതിലിനെപ്പറ്റി? മനുഷ്യരെപ്പറ്റി? പ്രകൃതിയെപ്പറ്റി? എന്നൊക്കെയുള്ള എന്റെ ഗർവുകൾ മങ്ങി. അല്ലെങ്കിൽ അവർ എന്തറിയണം? എന്തിനറിയണം? ജൈവനീതിസ്ഫുരണം പോലൊരു വിവേകദ്യുതി അവരിൽ ജ്ഞാന/സംസ്കാര വ്യവസ്ഥയായി ഇല്ലെന്നെങ്ങനെ ഞാൻ വിധിക്കും? അറിവുൾപ്പടെ എല്ലാറ്റിനേയും കുറിച്ചുള്ള എന്റെ നിർവചനങ്ങളിലെ മനുഷ്യമേൽക്കോയ്മയല്ലേ എന്റെ അധികബലം? വൻമതിലവർക്കു് ചൈനക്കാരുടെ പെരിയ യുദ്ധസാമഗ്രിയല്ല. പ്രതിരോധദുർഗ്ഗമല്ല; അടിയിൽ അനേകായിരം എല്ലിൻകൂടുകൾ പാകിയ കൂട്ടക്കല്ലറയല്ല; കോടാനുകോടി ജീവികൾ വസിക്കുന്ന പ്രകൃതി എന്ന കൂട്ടുകുടുംബം. അളവുകൾക്കതീതമായതു്. ലോകാന്തര വ്യാപ്തിയുള്ളതു്. ജീവന്റെ ഭാവിവസതിക്കു് ഞാനിനി പുതിയ വാസ്തു ഗണിക്കണം. പുതിയ ഫെങ് ഷൂയ്.
ഏതു് അജൈവത്തെയും ശുദ്ധീകരിച്ചു്, പാപമോചനം നൽകി, പ്രകൃതി ഒരുനാൾ ജൈവമാക്കുമെന്നും പ്രകൃതി സ്വയം രക്ഷിക്കുമെന്നുമെനിക്കു് പ്രതീക്ഷ തോന്നി. ഞാൻ ലൂഷുനെ ഓർത്തു: പ്രതീക്ഷ ഒരു മലയോര വഴി. ആദിയിൽ വഴികളില്ലായിരുന്നു; പ്രതീക്ഷയും. ഒരേ ദിശയിലേക്കു് ജീവികളോ മനുഷ്യരോ നടന്നു് നടന്നു് വഴികളുണ്ടായി; പ്രതീക്ഷയും.
മതിലിന്റെ മുകളിലേക്കുളള പടുവൃദ്ധരായ കൽപ്പടവുകൾ കാറ്റും മഴത്തല്ലും ഇടിമിന്നലുമേറ്റു് തേഞ്ഞു. തേഞ്ഞു് ചരിഞ്ഞു. കയറ്റം തന്നെ കയറ്റം. മേലേയെത്തി. ഉയരത്തിന്റെ കാഴ്ചപ്പാടിലായി അനുഭവം. എല്ലാം താഴെ. എല്ലാം താഴെക്കണ്ട ചില മേലേനില്പുകളുടെ ഓർമ്മ മനസ്സിൽ. വലിയൊരു വൃക്ഷപ്പൊക്കമായിരുന്നു കുട്ടിക്കാലത്തെ വേനലവധിക്കാലം. കൊല്ലത്തെ, കവരത്തിയിലെ, ദീപസ്തംഭത്തിൽ; മക്കാവുവിലെ ടവറിൽ, വിലങ്ങൻ കുന്നിൽ, പെരുവൻമലയിൽ, മൂന്നാറിലെ ടോപ് പോയിന്റിൽ, രാമക്കൽമേടിൽ, ഹോങ്കോങ്ങിലെ പെരിയബുദ്ധയിൽ, ഷാ മോ തായ് മലയുടെ മേൽമുടിയിൽ, സിക്കിമിലെ നാഥുലാപാസിൽ, നിന്നതു്. താഴെ വിയറ്റ്നാമാണെന്നു് പൈലറ്റ് പറയുമ്പോൾ താഴെ ആദ്യം ഒന്നും കാണായ്ക, പിന്നെ ഒന്നോ രണ്ടോ വെട്ടം മൂട്ടവിളക്കു് പോലെ കാണൽ. വിളക്കും പിടിച്ചു് നിൽക്കുന്നതു് ഹോ ചി മിൻ ആണെന്നു് കാണൽ. ഉയരം തരുന്ന മായയും ഉയരമുളളതു്. പണ്ടു് നിന്ന ആ ഉയരത്തിരകൾ താണടിഞ്ഞു. ഞാനിപ്പോൾ നിൽക്കുന്നതു് തൃശൂരിൽ നിന്നു് വൻമതിലിന്റെ നെറുക വരെ നീളുന്ന ദൂരം മേലേക്കുയർന്ന മാരകമായ ഉയരത്തിലാണെന്ന തോന്നലിൽ. വൻമതിലിലെ ഗണിതം ഉയരത്തിന്റെയല്ല; നീളത്തിന്റെയും പഴക്കത്തിന്റെയും ഗണിതം. വിജയവും കീർത്തിയും പിന്നിൽ മൂടുന്ന പീഡാനുഭവത്തിലെ ദുരന്തത്തിന്റെ ഗണിതം.
മഴ തുടങ്ങി. ഞാനും മുകുന്ദനും നിയു ചൂടിച്ച പ്ലാസ്റ്റിക്ക് മഴക്കോട്ടിൽ ചെറിയ ദൂരം നടന്നു. മറ്റുള്ളവർ പടി ചവിട്ടിച്ചവിട്ടി ഉയരത്തിലേക്കു് വളവു് കടന്നു് മറഞ്ഞു. മഴ കുറഞ്ഞു.
മതിലിൽ സൂര്യഗ്രഹണത്തിലെ നിഴൽപ്പകൽ.
ഇപ്പോഴിവിടെ മാധവിക്കുട്ടിയുണ്ടെങ്കിൽ എന്താവും പ്രതികരണം?
‘ആഷാഢമാസം. പാവം മതിൽ; മലമുകളിലെ ഏകാകിയായ യക്ഷൻ. വിരഹി. ഇപ്പൊഴാ വേണ്ടതു് ഇണയുടെ തുണ.’
ഒ. വി. വിജയനാണെങ്കിലോ?
‘കടൽത്തീരത്തെ’ഴുതുമ്പോൾ കണ്ണൂരെ ജയിൽക്കോട്ടയിൽ ഈ വൻമതിലിന്റെ അനാദിവ്യഥ ഞാൻ എരിവെയിൽ പോലെ കൊണ്ടു് നിന്നിട്ടുണ്ടു്.
തീക്ഷ്ണമായിരുന്നു ലൂഷുന്റെ വൻമതിൽവിമർശനം. ‘ശക്തവും ശപിക്കപ്പെട്ടതുമാണു് വൻമതിൽ. അതിന്റെ നിർമ്മിതിക്കും നിലനിർത്തലിനും ഒരുപാടു് ജീവൻ ഹോമിക്കേണ്ടി വന്നു. നൂറ്റാണ്ടുകൾ നീണ്ട നരബലി. പഴയതും പുതിയതുമായ ഇഷ്ടികകൾ വൻമതിലിൽ ഉണ്ടു്. പല തലമുറകളുടെ കരുത്തു്. അർപ്പണം. ത്യാഗം. സഹനം. ബലി. വൻമതിലിനു് ലോകത്തു് പെരുമയും കീർത്തിയുമുണ്ടു്. വ്യക്തിപരമായി എന്റെ അനുഭവം അതെന്നെ സദാ വലയം ചെയ്യുന്നു, ബന്ദിയാക്കുന്നു എന്നാണു്.’ സൺ യാതു് സെന്നിന്റെ കാലത്തു് വൻമതിലിനെ ദേശാഭിമാന പ്രചോദകമായ ഒരു ദേശഭക്തിപ്രതീകമാക്കാനുള്ള ശ്രമമുണ്ടായി. അതിനോടു് പ്രതികരിക്കുകയായിരുന്നു ലൂഷുൻ. താജ്മഹലിനോടു് ദുഃഖരോഷങ്ങളോടെ പ്രതികരിച്ച ക്രൂഷ്ചേവിന്റെയും ഹക്സിലിയുടേയും വാക്കുകളേക്കാൾ തീക്ഷ്ണം, വൻമതിലിലേക്കുള്ള ലൂഷുന്റെ നോട്ടം. ‘പഴയ വിജ്ഞാനങ്ങൾ പഴയ സാമൂഹ്യവ്യവസ്ഥയുടെ ഉല്പന്നങ്ങളും ആലംബനങ്ങളുമാണു്. ഏകാധിപത്യത്തിനു് അവ കാവൽ. ജനങ്ങൾക്കു് തടവറകളും.’ വൻമതിലിന്റെ ‘ഗ്രേറ്റ്’ (മഹത്തായ, വൻ) എന്ന വിശേഷണം ലൂഷുൻ നിരാകരിച്ചു. great wall എന്നല്ല the long wall എന്നാണു് ലൂഷുൻ ലേഖനത്തിന്റെ പേർ. കൺഫ്യൂഷനിസം, താവോയിസം, മോവിസം, ബുദ്ധിസം, തുടങ്ങിയ ക്ലാസിക്കൽദർശനങ്ങളോടും ഫ്യൂഡൽ സാഹിത്യത്തോടും ലൂഷുനുണ്ടായിരുന്ന സമീപനം കൂടിയാണിതു്. ഫ്യൂഡൽ ക്ലാസിക്കുകളിലെ ആഢ്യഭാഷയാണു് വൻമതിലിന്റെയും ഭാഷ. സ്വന്തം അനുഭവയാഥാർത്ഥ്യത്തിലെത്തുന്നതിൽ നിന്നു് ജനങ്ങളെ തടയുന്ന ദുർഗ്ഗം. ആഢ്യഭാഷ ഉപേക്ഷിക്കണം. എഴുത്തുകാർ ജനങ്ങളുടെ സംഭാഷണത്തിലെഴുതണം എന്നായിരുന്നു ലൂഷുന്റെ വാദം. (വേഡ്സ്വർത്തിനെ ഓർത്തു). പുതിയ ചൈനയുടെ സാംസ്കാരികമൂലധനമായി സാമാന്യഭാഷയെ അവരോധിക്കുകയായിരുന്നു ലൂഷുൻ.
1997-ൽ ഞങ്ങൾ വൻമതിലിൽ നിൽക്കുമ്പോൾ കേട്ടതെല്ലാം ടൂറിസ്റ്റ് സ്തവങ്ങൾ. വടക്കനേഷ്യയിൽ നിന്നുള്ള നാടോടികളും കൊള്ളക്കാരും ചൈനയിലേക്കു് വരാതിരിക്കാനായിരുന്നു വൻമതിൽ നിർമ്മിച്ചതു്. പൊക്കം കുറഞ്ഞ മംഗോളിയൻ പോർക്കുതിരപ്പടയുടെ കടന്നാക്രമണക്കരുത്തിനെതിരേ ചൈനയുടെ പരമപ്രതിരോധം. രാഷ്ടീയധാർമ്മികതയായിരുന്നു റിപ്പബ്ലിക്കൻ ചൈനയിൽ വൻമതിലിന്റെ പവിത്രമൂല്യം. ലോകാത്ഭുതങ്ങൾ നിശ്ചയിക്കപ്പെട്ട കാലത്തു് ചൈനയുടെ വിസ്മയാസ്തിയും അഭിമാനവുമായി വൻമതിൽ. ടൂറിസത്തിന്റെ പുതിയ ആഗോള കാലത്തു് വൻമതിൽ ചൈനയുടെ പരമവശ്യത… ആരും വരാതിരിക്കാനല്ല, ആരും വരാൻ. പ്രതിരോധിക്കലല്ല, പ്രലോഭിപ്പിക്കൽ, വൻമതിലിന്റെ വ്യാസായിക പ്രയോജനം. കാണാൻ രസമുണ്ടു് പാരമ്പര്യത്തിന്റെ ഈ അർത്ഥപരിണാമം.
മുപ്പതു് കൊല്ലമായി അടിവാരത്തു് കൗതുകവസ്തുവില്പന; ഇതു് വരെ മതിലിന്റെ മേലേ കേറിയിട്ടില്ലാത്ത, കേറാൻ തോന്നിയിട്ടില്ലാത്ത, ചീനൻ ലുവോയെ നിയോയ്ക്കു് നല്ല പരിചയം. കൂട്ടുകാർക്കു് സമ്മാനിക്കൻ കൗതുകവസ്തുക്കൾ വാങ്ങാൻ ലുവോയുടെ കടയിലാണു് നിയു ഞങ്ങളെ കയറ്റിയതു്. ലുവോ വൻമതിൽ കാണാറേയില്ല. ഓർക്കാറേയില്ലാത്ത കാലം അതിലേറെ. അതിവിടെയുണ്ടല്ലോ; എപ്പൊ വേണെങ്കിലും കാണാല്ലോ. ഓർക്കുന്നതു് ആരെങ്കിലും ചോദിക്കുമ്പോൾ മാത്രം. കാണുന്നതു് ചിലപ്പോൾ സ്കൂട്ടർ പാർക് ചെയ്തു് തിരിയുമ്പോൾ, അല്ലെങ്കിൽ ടോയ്ലെറ്റിൽ പോയി വരുമ്പോൾ. കാണും, ഒരു കഷണം മതിൽ. അതും പീരങ്കിപ്പഴുതുകളുടെ ഒരു നിര. മുതലവായിലെ നെടുങ്കൻ ദന്തനിര പോലെ. അതിലേറെ മതിൽ കണ്ടവരെക്കാണും. സുന്ദരികളുടെ രാജ്യമാണോ പാകിസ്ഥാൻ പോലെ ഇന്ത്യയും? ലുവോയ്ക്കു് ഇക്കിളി. ആരും ആരെയും മുഴുവൻ കാണാത്തതു് പോലെ, അറിയാത്തതു് പോലെ, ഒന്നും മുഴുവൻ അനുഭവിക്കാത്തതു് പോലെ, ആരും കാണുന്നില്ല പൂർണ്ണ വൻമതിൽ. ആരുടെ ദർശനവും ഭാഗികം. ലുവോയ്ക്കു് നല്ല തിട്ടം.