SFNസാ​യാ​ഹ്ന ഫൌ​ണ്ടേ​ഷൻ
സാ​ഹി​ത്യ​വാ​ര​ഫ​ലം
എം കൃ​ഷ്ണൻ നായർ
(കലാ​കൗ​മു​ദി വാരിക, 1984-01-05-ൽ പ്ര​സി​ദ്ധീ​ക​രി​ച്ച​തു്)

images/RabindranathTagore.jpg
രവീ​ന്ദ്ര​നാഥ ടാഗോർ

ആല​പ്പുഴ തൊ​ണ്ടം​കു​ള​ങ്ങര അമ്പ​ല​ത്തിൽ​നി​ന്നു നേരെ തെ​ക്കോ​ട്ടു​പോ​യാൽ തത്തം​പ​ള്ളി എന്ന സ്ഥ​ല​ത്തെ​ത്തും. ഞാൻ അവിടെ കു​റെ​ക്കാ​ലം താ​മ​സി​ച്ചി​രു​ന്നു. കൂ​ട്ടി​നു് അച്ഛ​ന്റെ ഒര​ക​ന്ന ബന്ധു​വായ വൃ​ദ്ധ​നു​മു​ണ്ടു്. അദ്ദേ​ഹ​ത്തി​ന്റെ രൂപം എന്റെ അക​ക്ക​ണ്ണി​ന്റെ മുൻ​പിൽ ഇപ്പോ​ഴു​മു​ണ്ടു്. തല​യോ​ടി​ന്റെ മു​ക്കാൽ​ഭാ​ഗ​വും ‘ബ്ര​ഹ്മ​ക്ഷൗ​രം’. കു​ടി​ച്ചു് കു​ടി​ച്ചു് ചോര നി​റ​മാർ​ന്ന ഉണ്ട​ക്ക​ണ്ണു​കൾ. ഓരോ വരി​പ്പ​ല്ലി​ന്റെ​യും പകു​തി​യോ​ളം നഷ്ട​പ്പെ​ട്ടി​രി​ക്കു​ന്നു. മു​റു​ക്കി​ച്ചു​വ​പ്പി​ച്ച തടി​ച്ച കീ​ഴ്ചു​ണ്ടു്. വേ​ഷ​മാ​ണെ​ങ്കിൽ അതും ബഹു​കേ​മം. ബനി​യ​നി​ല്ല. ഷർ​ട്ടി​ല്ല. തു​കൽ​പ്പാ​ടു​കൾ കൊ​ണ്ടു് അലം​കൃ​ത​മായ വെ​യ്സ്ക​ട്ട് മാ​ത്രം. മു​ഷി​ഞ്ഞു നാ​റു​ന്ന ഒരു T73 മൽമൽ മു​ണ്ടു് ഏങ്കോ​ണി​ച്ചു് ഉടു​ത്തി​രി​ക്കും. വീ​ട്ടി​ന്റെ വരാ​ന്ത​യി​ലു​ള്ള ചാ​രു​ക​സേ​ര​യിൽ ആ മനു​ഷ്യൻ കൈ രണ്ടും മേൽ​പ്പോ​ട്ടാ​ക്കി വച്ചു് ഭു​ജ​കോ​ട​ര​ങ്ങ​ളി​ലെ കൊ​ടു​ങ്കാ​ടു് കാ​ണി​ച്ചു​കൊ​ണ്ടു് കി​ട​ക്കും. ജോ​ലി​ക്കാ​ര​നു​ണ്ടെ​ങ്കി​ലും കാ​പ്പി ഞാൻ തന്നെ കൊ​ണ്ടു​കൊ​ടു​ക്ക​ണ​മെ​ന്നാ​ണു് അമ്മാ​മ​ന്റെ ആജ്ഞ. ‘കൃ​ഷ്ണാ കാ​പ്പി​യെ​വി​ടേ​ടാ’ എന്നു ചോ​ദി​ക്കു​മ്പോൾ വി​റ​ച്ചു കൊ​ണ്ടു ഞാൻ കാ​പ്പി കൊ​ണ്ടു കൊ​ടു​ക്കും. കൈ​നീ​ട്ടി അതു വാ​ങ്ങു​ന്ന​തു് അമ്മാ​വ​ന​ല്ല, ദേ​ഷ്യ​മാ​ണു്. കാ​പ്പി വൈ​കി​പ്പോ​യ​തു​കൊ​ണ്ടു് വട്ടി​യൂർ​ക്കാ​വു​കാ​ര​നായ അമ്മാ​വൻ അപ്ര​ത്യ​ക്ഷ​നാ​യി​രി​ക്കു​ന്നു. ചാ​രു​ക​സേ​ര​യിൽ കി​ട​ക്കു​ന്ന രൂപം ദേ​ഷ്യം മാ​ത്ര​മാ​ണു്. കോപം അദ്ദേ​ഹ​ത്തി​ന്റെ സ്ഥാ​യി​ഭാ​വ​മാ​യ​തു​കൊ​ണ്ടു് ഞാ​നൊ​രി​ക്ക​ലും അമ്മാ​മ​നെ കണ്ടി​ട്ടി​ല്ല. എന്നാൽ ചി​ല​പ്പോൾ കാ​ണു​ക​യും ചെ​യ്യും. അതു് മു​ല്ല​യ്ക്കൽ ക്ഷേ​ത്ര​ത്തി​ന​ടു​ത്തു​ള്ള ചില ബന്ധു​ഭ​വ​ന​ങ്ങ​ളിൽ പോ​കു​മ്പോ​ഴാ​ണു്. വഴി​വ​ക്കി​ലു​ള്ള ചാ​രാ​യ​ഷാ​പ്പിൽ നി​ന്നു് ചാ​രാ​യം മോ​ന്തി ചു​രു​ട്ടും വലി​ച്ചു​കൊ​ണ്ടു് അമ്മാ​മൻ ആദ്യ​ത്തെ വീ​ട്ടി​ലെ​ത്തു​മ്പോൾ ഗൃ​ഹ​നാ​യിക പറ​ഞ്ഞെ​ന്നു​വ​രും: “മോള് ഗൗ​രി​ക്കു​ട്ടി​ക്കു പനി​യാ​ണു്”. ഉടനെ: “ആങ്ഹാ പനിയോ? എവിടെ കി​ട​ക്കു​ന്നു അവൾ?” എന്നു ചോ​ദി​ച്ചു​കൊ​ണ്ടു് അക​ത്തേ​ക്കു് വേ​ച്ചു​വേ​ച്ചു പോകും. പനി​യു​ണ്ടോ എന്നു തൊ​ട്ടു​നോ​ക്കാ​ത​റി​യു​ന്ന​തെ​ങ്ങ​നെ? പക്ഷേ, നെ​റ്റി​യി​ല​ല്ല കീചകൻ തൊ​ടു​ന്ന​തു്. ദൗ​ഹി​ത്രി​യു​ടെ പ്രാ​യ​മു​ള്ള ഗൗ​രി​ക്കു​ട്ടി​യു​ടെ ബ്ലൗ​സി​ന്റെ അക​ത്തേ​ക്കു കൈ​ക​ട​ത്തി വള​രെ​നേ​രം പനി​നോ​ക്കും. തെർ​മോ​മീ​റ്റ​റി​ലെ മെർ​കു​റി ഉയ​ര​ണ​മെ​ങ്കി​ലും സമയം വേ​ണ്ടേ? അതു​കൊ​ണ്ടു് അമ്മാ​മ​ന്റെ ദീർ​ഘ​ത​യാർ​ന്ന പരി​ശോ​ധ​ന​യിൽ കു​റ്റം പറ​യാ​നാ​വി​ല്ല. ആ സമ​യ​ത്താ​ണു് ഞാൻ അമ്മാ​വ​നെ സാ​ക്ഷാൽ അമ്മാ​വ​നാ​യി കാ​ണു​ന്ന​തു്. അദ്ദേ​ഹ​ത്തി​ന്റെ കണ്ണു​കൾ തി​ള​ങ്ങും. വി​ര​ള​മായ ദന്ത​ങ്ങ​ളിൽ പു​ഞ്ചി​രി​പു​ര​ളും. അതു് ചോ​ര​ച്ചു​ണ്ടി​ലേ​ക്കു് ഒലി​ച്ചി​റ​ങ്ങി അരു​ണാ​ഭ​മാ​കും. കൈ​ത്ത​ണ്ട​ക​ളിൽ രോ​മ​രാ​ജി എഴു​ന്നേ​റ്റു​നിൽ​ക്കും. പെ​ണ്ണു് പി​ട​ഞ്ഞു കമി​ഴ്‌​ന്നു കി​ട​ന്നാൽ ആ വി​രാ​ട​സ്യാ​ലൻ പണി​പ്പെ​ട്ടു കൈ​വ​ലി​ച്ചൂ​രും.

വേ​റൊ​രു ദിവസം മറ്റൊ​രു ബന്ധു​ഗൃ​ഹ​ത്തിൽ അദ്ദേ​ഹ​മെ​ത്തി​യ​പ്പോൾ അവി​ട​ത്തെ ചെ​റു​പ്പ​ക്കാ​രി കല്യാ​ണി​ക്കു​ട്ടി​ക്കു കാ​ലു​ക​ഴ​പ്പു്. വേ​ല​ക്കാ​രി അവ​ളു​ടെ കാ​ലു​തി​രു​മ്മു​ന്ന​തു് അമ്മാ​മൻ കണ്ടു. “നീ അങ്ങോ​ട്ടെ​ണീ​ക്കെ​ടീ, ഞാൻ തി​രു​മ്മി​ക്കൊ​ടു​ക്കാം” എന്നു പറ​ഞ്ഞു​കൊ​ണ്ടു് കല്യാ​ണി​ക്കു​ട്ടി പ്ര​തി​ഷേ​ധി​ക്കു​ന്ന​തി​നു മുൻ​പു് ആ പാ​ട​ച്ച​ര​കീ​ടൻ ചാടി അവ​ളു​ടെ കാൽ​വ​ണ്ണ​യിൽ ഒരു​പി​ടി. കൈ പെ​ട്ട​ന്നു മേ​ലോ​ട്ടു മേ​ലോ​ട്ടു് ഉയർ​ന്ന​പ്പോൾ പെ​ണ്ണു ചാ​ടി​യെ​ഴു​ന്നേ​റ്റു. എങ്കി​ലും എന്തൊ​രു സന്തോ​ഷം അമ്മാ​വ​നു്! ഇങ്ങ​നെ​യു​ള്ള സന്ദർ​ഭ​ങ്ങ​ളി​ലാ​ണു് ഞാൻ സാ​ക്ഷാൽ അമ്മാ​വ​നെ കണ്ടി​ട്ടു​ള്ള​തു്.

images/LesMiserables.jpg

ചില സാ​ഹി​ത്യ​കാ​ര​ന്മാർ ഈ മനു​ഷ്യ​നെ​പ്പോ​ലെ​യാ​ണെ​ന്നു പറ​ഞ്ഞാൽ അതു് ഫാർ​ഫെ​ച്ച്ഡായ—വലി​ച്ചി​ഴ​ച്ചു കൊ​ണ്ടു​വ​രു​ന്ന—അല​ങ്കാ​ര​പ്ര​യോ​ഗ​മാ​ണെ​ന്നു വാ​യ​ന​ക്കാർ കരു​തു​മോ എന്തോ? ‘രക്ത​പു​ഷ്പ​ങ്ങ’ളും ‘സ്വ​ര​രാ​ഗ​സുധ’യും മറ്റും എഴു​തിയ ചങ്ങ​മ്പുഴ സാ​ക്ഷാൽ ചങ്ങ​മ്പുഴ. ‘കളി​ത്തോ​ഴി’ എന്ന നോ​വ​ലെ​ഴു​തിയ ആ കവി ചാ​രു​ക​സേ​ര​യിൽ മലർ​ന്നു​കി​ട​ന്ന ‘കോപം’. ‘ധർ​മ്മ​രാ​ജാ’യും ‘രാ​മ​രാ​ജ​ബ​ഹ​ദൂ​റും’ എഴു​തിയ സി. വി. രാമൻ പിള്ള സാ​ക്ഷാൽ സി. വി. അദ്ദേ​ഹം പനി തൊ​ട്ടു​നോ​ക്കു​ന്നു. ‘പ്രേ​മാ​മൃത’മെ​ഴു​തിയ സി. വി.-യോ? നി​രാ​യാ​സാ​വി​സ്ത​ര​ത്തിൽ (easy chair) ശയനം കൊണ്ട ദേ​ഷ്യം. എന്നാൽ ചില പ്ര​തി​ഭാ​ശാ​ലി​ക​ളു​ണ്ടു്. അവർ ഏതി​ലും സ്വ​ന്തം രൂപം കാ​ണി​ക്കും. രവീ​ന്ദ്ര​നാഥ ടാഗോർ, അദ്ദേ​ഹം നോ​വ​ലി​സ്റ്റാ​ണു്, ചെ​റു​ക​ഥാ​കൃ​ത്താ​ണു്, മഹാ​ക​വി​യാ​ണു്, പ്ര​ഭാ​ഷ​ക​നാ​ണു്, നാ​ട​ക​കാ​ര​നാ​ണു്, എല്ലാ​മാ​ണു്. നമു​ക്കു് അദ്ദേ​ഹ​ത്തെ​പ്പോ​ലൊ​രു സാ​ഹി​ത്യ​കാ​ര​നു​ണ്ടോ?

സാ​ഹി​ത്യ​കാ​ര​ന്മാ​രു​ടെ ശക്തി, അവ​രു​ടെ വാ​ക്കു​കൾ​ക്കു​ള്ള ശക്തി, അവർ സൃ​ഷ്ടി​ക്കു​ന്ന കഥാ​പാ​ത്ര​ങ്ങൾ​ക്കു​ള്ള ശക്തി ഇവ​യൊ​ക്കെ ഞാൻ പറ​ഞ്ഞി​ട്ടു​വേ​ണ്ട വാ​യ​ന​ക്കാർ​ക്കു മന​സ്സി​ലാ​ക്കാൻ. യൂഗോ യുടെ ‘പാ​വ​ങ്ങൾ’ എന്ന നോ​വ​ലി​ലെ മെ​ത്രാ​നു​ണ്ട​ല്ലോ അദ്ദേ​ഹം എന്നിൽ ചെ​ലു​ത്തു​ന്ന സ്വാ​ധീ​ന​ശ​ക്തി മഹാ​ത്മാ​ഗാ​ന്ധി ചെ​ലു​ത്തു​ന്ന സ്വാ​ധീ​ന​ശ​ക്തി​യെ​ക്കാൾ മഹ​നീ​യ​മാ​ണു്. യു​ധി​ഷ്ഠി​ര​നു് ഗാ​ന്ധി​ജി​യെ​ക്കാൾ ഭാ​ര​തീ​യ​രിൽ പ്ര​ഭ​വ​മു​ണ്ടെ​ന്നു് പറ​ഞ്ഞ​തു് രാ​ജ​ഗോ​പാ​ലാ​ചാ​രി യല്ലേ? അൽബേർ കമ്യു വി​ന്റെ ഗ്ര​ന്ഥ​ങ്ങൾ വീ​ണ്ടും വാ​യി​ച്ച​പ്പോൾ ഈ വാ​ക്യം എന്റെ ശ്ര​ദ്ധ​യിൽ​പെ​ട്ടു: ‘Tyrants conduct monologues above a million solitudes’ എന്തൊ​രു ഉജ്ജ്വ​ല​മായ വാ​ക്യം!

സാ​ല​ഞ്ച​റു​ടെ കഥ
images/JDSalinger.jpg
ജെ. ഡി. സല​ഞ്ചർ

ഉജ്ജ്വ​ല​ങ്ങ​ളായ കൃ​തി​ക​ളു​ടെ രച​യി​താ​വെ​ന്ന നി​ല​യിൽ മഹാ​യ​ശ​സ്ക​നാ​ണു് അമേ​രി​ക്കൻ നോ​വ​ലി​സ്റ്റും ചെ​റു​ക​ഥാ​കൃ​ത്തു​മായ ജെ. ഡി. സല​ഞ്ചർ. അദ്ദേ​ഹ​ത്തി​ന്റെ പ്ര​ഖ്യാ​ത​മായ കഥ​യാ​ണു് ‘Pretty Mouth and Green My Eyes’ എന്ന​തു്. ലീയും ആർ​ത​റു​ടെ ഭാര്യ ജോ​അ​നും (ജോ​വ​നും) ലീ​യു​ടെ കി​ട​ക്ക​യിൽ കി​ട​ന്നു രസി​ക്കു​ന്ന രാ​ത്രി സമയം. പെ​ട്ടെ​ന്നു് ലീ​യു​ടെ ടെ​ലി​ഫോൺ ശബ്ദി​ച്ചു. ആർതർ ചോ​ദി​ക്കു​ക​യാ​ണു് തന്റെ ഭാ​ര്യ​യെ കണ്ടോ എന്നു്. ഇല്ലെ​ന്നു ലീ​യു​ടെ സ്വാ​ഭാ​വി​ക​മായ മറു​പ​ടി. നേരം കൊ​ല്ലാ​നും മദ്യ​പി​ക്കാ​നും വേ​ണ്ടി താൻ ലീ​യു​ടെ വീ​ട്ടിൽ ചെ​ല്ല​ട്ടോ എന്നു് ആർ​ത​റു​ടെ വീ​ണ്ടു​മു​ള്ള ചോ​ദ്യം. ചെ​ന്നാൽ ജോഅനെ കാ​ണു​മ​ല്ലോ അയാൾ. അതു​കൊ​ണ്ടു് ലീ വി​ദ​ഗ്ദ്ധ​മാ​യി അതു​വേ​ണ്ടെ​ന്നു് അറി​യി​ച്ചു. ആർതർ ഫോൺ താ​ഴെ​വ​ച്ചു. അല്പം കഴി​ഞ്ഞ​പ്പോൾ അയാൾ വീ​ണ്ടും ലീയെ വി​ളി​ച്ചു പറ​ഞ്ഞു: “ജോഅൻ ഇപ്പോൾ വന്നു”. അതു​കേ​ട്ടു് ലീയും ജോ​അ​നും അദ്ഭു​ത​പ്പെ​ട്ടു. കള്ളം പറ​ഞ്ഞു് ആർതർ ആത്മാ​ഭി​മാ​നം സം​ര​ക്ഷി​ക്കു​ന്ന​തു കാ​ണു​മ്പോൾ നമ്മൾ​ക്കു് അയാ​ളോ​ടു് സഹ​താ​പം; ഞെ​ട്ടൽ. ദു​ഷി​ച്ച അമേ​രി​ക്കൻ സമു​ദാ​യ​ത്തി​ന്റെ ചി​ത്ര​മാ​ണു് സല​ഞ്ചർ ഇക്ക​ഥ​യി​ലൂ​ടെ നൽ​കു​ന്ന​തു്. ദാ​മ്പ​ത്യ​ജീ​വി​ത​ത്തി​ന്റെ തകർ​ച്ച​കൊ​ണ്ടു് ആർതർ ന്യൂ​റോ​സി​സോ​ളം എത്തി​യി​രി​ക്കു​ന്നു. അയാ​ളു​ടെ ന്യൂ​റോ​സി​സി​നും ദാ​മ്പ​ത്യ​ജീ​വി​ത​ത്തി​ന്റെ തകർ​ച്ച​യ്ക്കും അമേ​രി​ക്കൻ സം​സ്കാ​രം കാ​ര​ണ​മാ​ണെ​ന്നു് സല​ഞ്ചർ കരു​തു​ന്നു​ണ്ടാ​വാം. ഇക്ക​ഥ​യു​ടെ തർ​ജ്ജമ കലാ​കൗ​മു​ദി​യു​ടെ 432 ലക്ക​ത്തി​ലു​ണ്ടു്. വി. പി. ശി​വ​കു​മാ​റാ​ണു് ഭാ​ഷാ​ന്ത​രീ​ക​ര​ണം നിർ​വ്വ​ഹി​ച്ച​തു്. ഭാ​ഷാ​ന്ത​രീ​ക​ര​ണം ‘ക്രി​മിന’ലായ പ്ര​വർ​ത്ത​ന​മാ​ണെ​ന്നു് കലാ​നി​രൂ​പ​ക​നായ കെ. പി. പത്മ​നാ​ഭൻ തമ്പി ഒരി​ക്കൽ എന്നോ​ടു പറ​ഞ്ഞു. കി​ഴ​ക്കും പടി​ഞ്ഞാ​റു​മു​ള്ള ആളു​ക​ളു​ടെ സാ​മാ​ന്യ​ങ്ങ​ളായ ചി​ന്ത​ക​ളും വി​കാ​ര​ങ്ങ​ളു​മാ​ണു് സാ​ഹി​ത്യ​കൃ​തി​ക​ളിൽ കാ​ണു​ന്ന​തു്. ആ വി​കാ​ര​വി​ചാ​ര​ങ്ങ​ളെ ആവി​ഷ്ക​രി​ക്കു​മ്പോൾ ഇം​ഗ്ലീ​ഷ് ഭാ​ഷ​യ്ക്കും മലയാള ഭാ​ഷ​യ്ക്കും സൂ​ക്ഷ്മത എന്ന ഗുണം ലഭി​ക്കാ​റി​ല്ല. അതി​നാൽ ഒര​വ്യ​ക്ത​ത​യിൽ നി​ന്നു് മറ്റൊ​രു അവ്യ​ക്ത​ത​യി​ലേ​ക്കു വരു​ന്ന​തിൽ ഒരു തെ​റ്റു​മി​ല്ല. ഭാ​ഷാ​ന്ത​രീ​ക​ര​ണ​മി​ല്ലെ​ങ്കിൽ ടോൾ​സ്റ്റോ​യി യു​ടെ​യും ദസ്ത​യേ​വ്സ്കി യു​ടെ​യും മഹ​ത്ത്വം നമ്മൾ മന​സ്സി​ലാ​ക്കു​ന്ന​തെ​ങ്ങ​നെ?

എ. ആർ.
images/ARRajaRajaVarma.jpg
എ. ആർ. രാ​ജ​രാ​ജ​വർ​മ്മ

മഹ​ത്വ​മു​ള്ള​വർ സമ​യ​ത്തു​ത​ന്നെ മരി​ക്കു​ന്ന​തു​കൊ​ണ്ടാ​ണു് അവർ മഹാ​ന്മാ​രാ​യി കൊ​ണ്ടാ​ട​പ്പെ​ട്ട​തു്. ഇതൊരു ബഹിർ​ഭാ​ഗ​മായ ചി​ന്ത​യാ​യി തോ​ന്നു​ന്നു​ണ്ടോ? ആയി​ക്കൊ​ള്ള​ട്ടെ. എങ്കി​ലും ഒന്നാ​ലോ​ചി​ച്ചു നോ​ക്കൂ. മഹാ​ത്മാ ഗാ​ന്ധി കു​റെ​ക്കാ​ലം കൂടി ജീ​വി​ച്ചി​രു​ന്നെ​ങ്കിൽ? അദ്ദേ​ഹം പറ​ഞ്ഞാൽ ആളുകൾ അനു​സ​രി​ക്കി​ല്ലാ​യി​രു​ന്നു. നെ​ഹ്രു പത്തു വർഷം കൂടി ഇവിടെ ജീ​വി​ച്ചെ​ങ്കിൽ? ചൈ​ന​യു​ടെ ആക്ര​മ​ണം കണ്ടു് ഹൃദയം തകർ​ന്ന അദ്ദേ​ഹം ഭാ​ര​തീ​യ​രു​ടെ അക്ര​മ​ങ്ങൾ കണ്ടു് കൂ​ടു​തൽ തകർ​ന്നു് തേ​ജ​സ്സ​റ്റു നി​ലം​പ​തി​ച്ചേ​നേ. മഹാ​ന്മാർ കൂ​ടു​തൽ കാലം ജീ​വി​ച്ചി​രു​ന്നാൽ തേ​ജ​സ്സ​റ്റ​വ​രാ​യി​ത്തീ​രു​മെ​ന്ന​തി​നു ശരി​യായ തെ​ളി​വു് വള്ള​ത്തോ​ളാ​ണു്. പ്രാ​യം കൂടിയ കാ​ല​ത്തു് എത്ര​യെ​ത്ര കു​ത്സിത കാ​വ്യ​ങ്ങ​ളാ​ണു് അദ്ദേ​ഹം എഴു​തി​ക്കൂ​ട്ടി​യ​തു്! എ. ആർ. രാ​ജ​രാ​ജ​വർ​മ്മ എല്ലാ​വി​ധ​ത്തി​ലും മഹാ​നാ​യി​രു​ന്നു. അദ്ദേ​ഹം ജനി​ച്ച​തു് ജർ​മ്മ​നി​യി​ലോ മറ്റോ ആയി​രു​ന്നെ​ങ്കിൽ സർ​വ്വ​ലോ​കാ​രാ​ദ്ധ്യ​നാ​യി​ത്തീ​രു​മാ​യി​രു​ന്നു. പ്ര​കൃ​തി ആവ​ശ്യ​പ്പെ​ട്ട കൃ​ത്യ​ങ്ങൾ രാ​ജ​രാ​ജ​വർ​മ്മ അനു​ഷ്ഠി​ച്ചു കഴി​ഞ്ഞ​പ്പോൾ പ്ര​കൃ​തി തന്നെ അദ്ദേ​ഹ​ത്തെ തി​രി​ച്ചു വി​ളി​ച്ചു. അദ്ദേ​ഹ​ത്തി​ന്റെ ജീ​വി​തം വേ​ണ്ടി​ട​ത്തോ​ളം ദീർ​ഘ​മാ​യി​രു​ന്നി​ല്ലെ​ന്നു വി​ചാ​രി​ച്ചു് വി​ഷാ​ദി​ക്കേ​ണ്ട​തി​ല്ല. എന്നാൽ മഹാ​ന്റെ ചര​മ​ത്തി​നു ശേഷം അദ്ദേ​ഹ​ത്തെ അനാ​ദ​രി​ക്കു​ന്ന​തു് പാ​പ​മാ​ണു്. ആ പാ​പ​ത്തെ​ക്കു​റി​ച്ചു​ള്ള നല്ല​കാ​വ്യ​മാ​ണു് ചേ​രാ​വ​ള്ളി ശശി യുടെ ‘രാ​ജ​ശി​ല്പി​യു​ടെ ശവ​കു​ടീ​ര​ത്തിൽ’ എന്ന​തു് (കലാ​കൗ​മു​ദി). അദ്ദേ​ഹം പാർ​ത്തി​രു​ന്ന കൊ​ട്ടാ​ര​ത്തി​ന്റെ​യും അന്ത്യ​വി​ശ്ര​മം കൊ​ള്ളു​ന്ന സ്ഥ​ല​ത്തി​ന്റെ​യും ശോ​ച​നീ​യാ​വ​സ്ഥ ധ്വ​നി​പ്പി​ച്ചു കൊ​ണ്ടു് കവി നമ്മു​ടെ കൃ​ത​ഘ്ന​ത​യു​ടെ നേർ​ക്കു് ഉപാ​ലം​ഭം ചൊ​രി​യു​ന്നു. പൂ​ജ്യ​പൂ​ജാ​വ്യ​തി​ക്ര​മം ആരിൽ നി​ന്നും ഉണ്ടാ​ക​രു​തെ​ന്നു് കവി ഉദ്ബോ​ധി​പ്പി​ക്കു​ന്നു. ഹൃ​ദ്യ​മായ കാ​വ്യം എന്നു് ഒന്നു​കൂ​ടി പറ​യ​ട്ടെ.

images/GabrielGarciaMarquez.jpg
മാർ​കേ​സ്

ഒന്നു​കൂ​ടി പറ​യു​ന്ന കഥ​യെ​ക്കാൾ വി​ര​സ​മാ​യി ഈ ലോ​ക​ത്തു് എന്തു​ണ്ടു് എന്നു ഹോമർ ചോ​ദി​ച്ചെ​ങ്കി​ലും പലതും ആവർ​ത്തി​ച്ചു പറ​യേ​ണ്ട​താ​യി വരും. ആവർ​ത്തി​ക്കു​ന്തോ​റും സത്യം സത്യാ​ത്മ​ക​മാ​യി​ഭ​വി​ക്കും. Workers of all countries, unite; you have nothing to lose but your chains എന്ന വാ​ക്യം ആവർ​ത്ത​നം കൊ​ണ്ടാ​ണു് ഇന്നും സു​ശ​ക്ത​മാ​യി​രി​ക്കു​ന്ന​തു്. കൊ​ച്ചു​കു​ഞ്ഞി​ന്റെ തേൻ​പു​ര​ണ്ട വാ​ക്കു​കൾ ആവർ​ത്തി​ച്ചാ​വർ​ത്തി​ച്ചു് വരു​ന്നു; കാ​മി​നി​യു​ടെ ലജ്ജ​യും അതു​പോ​ലെ. അന്ത​രീ​ക്ഷം എന്നും നക്ഷ​ത്ര​ങ്ങ​ളെ വാ​രി​യെ​റി​യു​ന്ന​തു് ഒരേ രീ​തി​യിൽ, അതു​കൊ​ണ്ടു് ഇനി​യും എഴു​ത​ട്ടെ. മാർ​കേ​സ് അതു​ല്യ​നായ പ്ര​തി​ഭാ​ശാ​ലി​യാ​ണു്. അദ്ദേ​ഹ​ത്തി​ന്റെ ആ പ്ര​തി​ഭ​യു​ടെ വി​ലാ​സം കേ​ര​ളീ​യർ​ക്കു് അനു​ഭ​വ​പ്പെ​ടു​ത്തി​ക്കൊ​ടു​ക്കേ​ണ്ട​തു് സഹൃ​ദ​യ​രു​ടെ കർ​ത്ത​വ്യ​മാ​ണു്. മാ​ജി​ക്കൽ റി​യ​ലി​സം എന്താ​ണെ​ന്നു് സ്പ​ഷ്ട​മാ​ക്കേ​ണ്ട​തും അവ​രു​ടെ ജോ​ലി​യ​ത്രേ. മാർ​കേ​സ് സ്പാ​നി​ഷ് ഭാ​ഷ​യിൽ സാ​ഹി​ത്യ​ഗ്ര​ന്ഥ​ങ്ങൾ രചി​ക്കു​ന്ന ആളാ​ണെ​ന്നു് ഗ്ര​ഹി​ക്കാ​തെ​യ​ല്ല അവർ ഇതൊ​ക്കെ ചെ​യ്യു​ന്ന​തു്. ഇതു കണ്ടി​ട്ടു് ആർ​ക്കും അരിശം വരേ​ണ്ട​തി​ല്ല. മാർ​കേ​സ്സി​ന്റെ ഏതു ചെ​റു​ക​ഥ​യു​മെ​ടു​ക്കൂ. ത്രാ​സ്സി​ന്റെ ഒരു തട്ടി​ലി​ടൂ. മറ്റേ​ത​ട്ടിൽ ഇന്നു​വ​രെ മല​യാ​ള​ത്തിൽ ഉണ്ടാ​യി​ട്ടു​ള്ള എല്ലാ ചെ​റു​ക​ഥ​ക​ളും ഇടൂ. മാർ​കേ​സ്സി​ന്റെ കഥ കി​ട​ക്കു​ന്ന തട്ടു് താ​ണു​കി​ട​ക്കും ഭാരം കൊ​ണ്ടു്. ഈ ലാ​റ്റി​ന​മേ​രി​ക്കൻ പ്ര​തി​ഭാ​ശാ​ലി​യെ​പ്പോ​ലൊ​രു പ്ര​തി​ഭാ​ശാ​ലി കേ​ര​ള​ത്തി​ലു​ണ്ടാ​ക​ട്ടെ. മാർ​കേ​സ്സി​നെ വാ​ഴ്ത്തു​ന്ന കേ​ര​ള​ത്തി​ലെ സഹൃ​ദ​യർ അദ്ദേ​ഹ​ത്തെ​യും വാ​ഴ്ത്തും. വി​ശ്വ​സാ​ഹി​ത്യ​സം​സ്കാ​ര​ത്തെ വി​ക​സി​പ്പി​ച്ച ഒരു മഹാ​ന്റെ പ്ര​തി​ഭ​യെ​യും പ്രാ​ഗൽ​ഭ്യ​ത്തേ​യും വാ​ഴ്ത്തു​ന്ന​തു് അപ​രാ​ധ​മാ​കു​ന്ന​തെ​ങ്ങ​നെ? പര​നി​ന്ദ നട​ത്തു​ന്ന​വർ അതിലെ യു​ക്തി​ഹീ​ന​ത​യെ​ക്കു​റി​ച്ചു് ആലോ​ചി​ച്ചി​ട്ടു​ണ്ടോ? നി​ന്ദ​നം കൊ​ണ്ടും അപ​മാ​നം കൊ​ണ്ടും പു​ല​ഭ്യം പറ​ച്ചിൽ​കൊ​ണ്ടും മനു​ഷ്യ​ന്റെ സത്യാ​ന്വേ​ഷണ തല്പ​രത ഒരി​ക്ക​ലും കെ​ട്ടു​പോ​യി​ട്ടി​ല്ല. അതു് ഒന്നി​നൊ​ന്നു ജ്വ​ലി​ച്ചി​ട്ടേ​യു​ള്ളൂ.

സത്യാ​ന്വേ​ഷ​ണം
images/Vilasini.jpg
വി​ലാ​സി​നി

ജ്വ​ലി​ക്കു​ന്ന സത്യാ​ന്വേ​ഷ​ണ​ത​ല്പ​രത തന്നെ​യാ​ണു് ഹാ​സ്യ​ചി​ത്ര​കാ​ര​ന്മാ​രെ പ്ര​ചോ​ദി​പ്പി​ക്കുക. ടോംസി നെയും പ്ര​ചോ​ദി​പ്പി​ക്കു​ന്ന​തു് ഇതു​ത​ന്നെ. അവാർ​ഡ് ലഭി​ച്ച വി​ലാ​സി​നി യെ ബഹു​മാ​നി​ക്കാൻ സമ്മേ​ള​നം കൂ​ടു​ന്നു. മന്ത്രി​യെ ക്ഷ​ണി​ക്കു​ന്നു. ആരാ​ണു് വി​ലാ​സി​നി​യെ​ന്നു് മന്ത്രി പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യോ​ടു ചോ​ദി​ക്കു​ന്നു. ഫിലിം സ്റ്റാർ ആയി​രി​ക്കാ​മെ​ന്നു് അയാ​ളു​ടെ മറു​പ​ടി. വി​ലാ​സി​നി​യു​ടെ അവ​കാ​ശി​കൾ​ക്കു് അവാർ​ഡ് കി​ട്ടി​യി​ട്ടു​ണ്ടെ​ന്നു് ശി​പാ​യി മന്ത്രി​യെ അറി​യി​ക്കു​ന്നു. സമ്മേ​ള​ന​സ്ഥ​ല​ത്തു വച്ചു് വി​ലാ​സി​നി​യെ​ക്ക​ണ്ട മന്ത്രി​യു​ടെ ചോ​ദ്യം: “സ്ത്രീ​കൾ​ക്കു് പാ​ന്റ്സും ഷർ​ട്ടും കു​ഴ​പ്പ​മി​ല്ല. പക്ഷേ, മു​ടി​യു​ടെ കാ​ര്യ​ത്തിൽ ഇത്ര പി​ശു​ക്കു വേണോ?” സമ്മേ​ള​നം തു​ട​ങ്ങി. മന്ത്രി പറ​യു​ന്നു: “സാ​ഹി​ത്യ അക്കാ​ഡ​മി​യു​ടെ ദുർ​വ്യ​യ​ങ്ങ​ളെ​ക്കൂ​ടി ഞാൻ വി​ല​യി​രു​ത്തു​ക​യാ​ണു്. പരേ​ത​നായ കേ​ശ​വ​ദേ​വി​ന്റെ അയൽ​ക്കാർ​ക്കു​കൂ​ടി അവാർ​ഡ് കൊ​ടു​ക്ക​ണ​മെ​ന്നു സ്വാ​ഗ​ത​പ്ര​സം​ഗി​കൻ പറ​യു​ക​യു​ണ്ടാ​യി. കേ​ശ​വ​ദേ​വി​ന്റെ അനുജൻ പ്ര​സി​ദ്ധ​നായ ക്രി​ക്ക​റ്റ് കളി​ക്കാ​രൻ കപിൽ ദേ​വി​നു വേ​ണ​മെ​ങ്കിൽ അവാർ​ഡ് കൊ​ടു​ക്കു​ന്ന​തു മന​സ്സി​ലാ​ക്കാം. പക്ഷേ, ദേ​വി​ന്റെ അയൽ​ക്കാർ​ക്കെ​ല്ലാം അവാർ​ഡ് കൊ​ടു​ക്കു​ന്ന​തു് പൊ​തു​മു​ത​ലി​ന്റെ ധൂർ​ത്ത​ടി തന്നെ​യാ​ണു്. ഇവിടെ വി​ലാ​സി​നി​യു​ടെ അവ​കാ​ശി​കൾ​ക്കാ​ണു് അവാർ​ഡ് കൊ​ടു​ക്കു​ന്ന​തു്. എന്തു​കൊ​ണ്ടു് വി​ലാ​സി​നി​ക്കു തന്നെ കൊ​ടു​ത്തു കൂടാ?…” അടു​ത്ത ദി​വ​സ​ത്തെ പത്ര​ത്തിൽ റി​പ്പോർ​ട്ട്: “പ്രൗ​ഢ​വും പ്രോ​ജ്വ​ല​വു​മായ ഒരു കൃ​തി​യാ​ണി​തു്. സാ​ഹി​ത്യ​കാ​രൻ തന്റെ ആത്മാ​വി​ഷ്ക​ര​ണം ബോ​ധ​ധാ​രാ സമ്പ്ര​ദാ​യ​ത്തി​ലൂ​ടെ നിർ​വ​ഹി​ച്ചി​രി​ക്കു​ന്ന​തു് ഓരോ വരി​യി​ലും കാണാം എന്നു മന്ത്രി പറ​യു​ക​യു​ണ്ടാ​യി”.

ഇത്ര ലക്ഷ്യ​വേ​ധി​യായ വേ​റൊ​രു ഹാ​സ്യ​ചി​ത്രം അടു​ത്ത​കാ​ല​ത്തെ​ങ്ങും ഞാൻ കണ്ടി​ട്ടി​ല്ല. ഏതു് ‘ഒറി​ജി​ന​ലി’നെ പരി​ഹ​സി​ക്കു​ന്നു​വോ ആ വ്യ​ക്തി​യെ അല്ലെ​ങ്കിൽ വ്യ​ക്തി​ക​ളെ വായന ഇതു രസാ​സ്പ​ദ​മാ​യി​രി​ക്കു​ന്ന​തു്. ഈ ‘ഒറി​ജി​ന​ലി’നെ കാ​ണാ​നും കണ്ട ആളിനെ രേ​ഖ​ക​ളി​ലൂ​ടെ ആലേ​ഖ​നം ചെ​യ്യാ​നും ടോം​സി​നു് വൈ​ദ​ഗ്ദ്ധ്യ​മു​ണ്ടു്.

ചൈ​ന​യി​ലെ സൂങ് രാ​ജ​വം​ശം അധി​കാ​ര​ത്തി​ലി​രു​ന്ന​പ്പോൾ ജീ​വി​ച്ചി​രു​ന്ന മഹാ​ക​വി​യാ​ണു് സൂ ദൂങ് പോ (Su Tung Po, 1036–1101). അദ്ദേ​ഹ​ത്തി​ന്റെ ഒരു കാ​വ്യം:

“Families, when a child is born

Want it to be intelligent.

I, though intelligence,

Having wrecked my whole life,

Only hope The baby will prove

Ignorant and stupid

Then he will crown a tranquil life

By he will a Cabinet minister.”

ഇത്ര​യും എഴു​തി​യ​തു​കൊ​ണ്ടു് ഒരു ചൈ​നീ​സ് നേ​ര​മ്പോ​ക്കു കൂ​ടി​യാ​ക​ട്ടെ. ഭർ​ത്താ​വു് ഉറ​ക്ക​ത്തിൽ ഞര​ങ്ങു​ന്ന​തു​കേ​ട്ടു് ഭാര്യ അയാളെ കു​ലു​ക്കി​വി​ളി​ച്ചു​ണർ​ത്തി. “ഞാൻ ഞര​ങ്ങി​യോ?” എന്നു് അയാൾ ചോ​ദി​ച്ചു. ഭാര്യ മറു​പ​ടി പറ​ഞ്ഞു: “പേ​ടി​സ്വ​പ്നം കണ്ടു അല്ലേ?” ഭർ​ത്താ​വു് അറി​യി​ച്ചു: “ഇല്ല, ഇല്ല, ഒട്ടും പേ​ടി​യാ​യി​ല്ല. ഒരു പര​മ​സു​ന്ദ​രി എന്നെ കൈ​ക്കു​പി​ടി​ച്ചു​വ​ലി​ച്ചു് അവ​ളു​ടെ മനോ​ഹ​ര​മായ കി​ട​ക്ക​യിൽ കി​ട​ത്താൻ ശ്ര​മി​ച്ചു. ഞാൻ അവളെ തട​ഞ്ഞു​കൊ​ണ്ടു ഞര​ങ്ങു​ക​യാ​യി​രു​ന്നു”. ഭാര്യ വി​കാ​ര​ക്ഷോ​ഭ​ത്തോ​ടെ ചോ​ദി​ച്ചു: “അപ്പോൾ ഞാൻ വി​ളി​ച്ചു​ണർ​ത്തി​യി​ല്ലാ​യി​രു​ന്നെ​ങ്കിൽ നി​ങ്ങൾ അവളെ… ”

അവൾ​ക്കു വേ​ണ്ടി
images/GermaineGreer.jpg
ജർമേൻ ഗ്രീർ

അവൾ—സാ​മാ​ന്യാർ​ത്ഥ​ത്തിൽ സ്ത്രീ—അവ​ളെ​ക്കു​റി​ച്ചു് ജർമേൻ ഗ്രീർ (Germaine Greer) എഴു​തിയ The Female Eunuch പ്ര​ഖ്യാ​ത​മായ പു​സ്ത​ക​മാ​ണു് (1970). സമു​ദാ​യം പ്ര​തി​രൂ​പാ​ത്മ​ക​മാ​യി സ്ത്രീ​യെ ‘വൃ​ഷ​ണ​ച്ഛേ​ദം’ ചെ​യ്തു് താ​ഴ്‌​ന്ന​നി​ല​യിൽ ആക്കി​യി​രി​ക്കു​ന്നു​വെ​ന്നാ​ണു് ഗ്രീർ വാ​ദി​ക്കു​ന്ന​തു്. പ്രേ​മം ‘നാർ​സിസ’മാ​ണെ​ന്നും (Narcissism)—ആത്മാ​ഭി​മാ​ന​മാർ​ന്ന​താ​ണെ​ന്നും—പു​രു​ഷ​ന്മാർ സ്ത്രീ​ക​ളിൽ നട​ത്തു​ന്ന ‘വൃ​ഷ​ണ​ച്ഛേ​ദം’ കൊ​ണ്ടു് ആ ആത്മാ​ഭി​മാ​നം നശി​പ്പി​ക്ക​പ്പെ​ടു​ന്നു​വെ​ന്നും ഗ്രീർ ചരി​ത്ര​ത്തിൽ നി​ന്നും സാ​ഹി​ത്യ​ത്തിൽ നി​ന്നും ഉദാ​ഹ​ര​ണ​ങ്ങൾ നൽകി സമർ​ത്ഥി​ക്കു​ന്നു. പര​സ്പ​രാ​ശ്ര​യ​ത്തി​ന്റെ വി​കൃ​ത​രൂ​പ​മാ​ണു് ഇന്നു​കാ​ണു​ന്ന പ്രേ​മ​മെ​ന്നും അവർ​ക്കു് (ഗ്രീ​റി​നു്) അഭി​പ്രാ​യ​മു​ണ്ടു്. സ്ത്രീ​യു​ടെ ശരീ​ര​ത്തി​ലും മന​സ്സി​ലും പു​രു​ഷൻ ഏല്പി​ക്കു​ന്ന ആഘാ​ത​ത്തെ അവർ വി​ശ്വാ​സ​ജ​ന​ക​മാ​യി വി​വ​രി​ക്കു​ന്നു. വൈ​ര​സ്യ​ത്തോ​ടെ, ഏകാ​ന്ത​ത​യു​ടെ ദുഃ​ഖ​ത്തോ​ടെ, തകർ​ച്ച​യോ​ടെ ജീ​വി​ക്കു​ന്ന സ്ത്രീ കാ​ത​ട​പ്പി​ക്കു​ന്ന ശബ്ദ​ത്തിൽ നി​ല​വി​ളി​ക്കു​ന്ന കു​ട്ടി​ക​ളോ​ടു് ശാ​ശ്വ​ത​മാ​യി ബന്ധി​ക്ക​പ്പെ​ട്ട​വ​ള​ല്ലേ? കു​ടി​യി​ലും ക്രി​ക്ക​റ്റി​ലും മറ്റു സ്ത്രീ​ക​ളോ​ടു​ള്ള സെ​ക്സി​ലും മു​ഴു​കി നട​ക്കു​ന്ന ഭർ​ത്താ​വെ​ന്ന മൃ​ഗ​ത്തോ​ടു് ശാ​ശ്വ​ത​മാ​യി ബന്ധി​ക്ക​പ്പെ​ട്ട​വ​ള​ല്ലേ അവൾ? ഈ ചോ​ദ്യം ഗ്രീർ സമു​ദാ​യ​ത്തോ​ടു ചോ​ദി​ക്കു​ന്നു. കോ​ടി​ക്ക​ണ​ക്കി​നു വി​റ്റ​ഴി​ഞ്ഞ ഈ പു​സ്ത​കം പന്ത്ര​ണ്ടി​ല​ധി​കം ഭാ​ഷ​ക​ളി​ലേ​ക്കു തർ​ജ്ജമ ചെ​യ്തി​ട്ടു​ണ്ടു്. പു​രു​ഷ​ന്മാർ സൃ​ഷ്ടി​ച്ചു​വ​ച്ച മൂ​ല്യ​ങ്ങൾ സ്ത്രീ​ത്വ​ത്തെ എങ്ങ​നെ അപ​മാ​നി​ക്കു​ന്നു​വെ​ന്നു് മന​സ്സി​ലാ​ക്ക​ണ​മെ​ങ്കിൽ ഈ ആസ്ട്രേ​ലി​യാ​ക്കാ​രി​യു​ടെ പു​സ്ത​കം വാ​യി​ക്ക​ണം. ഗ്രീർ എഴു​തിയ The Obstacle Race എന്ന പു​സ്ത​ക​വും ഉത്കൃ​ഷ്ട​മാ​ണ​ത്രേ. ഈ ലേഖകൻ അതു​ക​ണ്ടി​ട്ടി​ല്ല.

ഭയ​രാ​ഹി​ത്യം
images/ConradAiken.jpg
കോൺ​റ​ഡ് ഏക്കൻ

കണ്ടാ​ലും വാ​യി​ക്കാൻ സാ​ധി​ക്കു​മോ എന്നു സംശയം. ജീ​വി​തം ഹ്ര​സ്വം. ക്ലാ​സ്സി​ക്കു​കൾ വാ​യി​ച്ചു തീർ​ക്കാൻ പോലും സമ​യ​മി​ല്ല. ജീ​വി​താ​സ്ത​മ​യ​ത്തിൽ എത്തിയ ആളിനു പി​ന്നെ​ന്തു​ക​ഴി​യും. എങ്കി​ലും ചി​ല​തൊ​ക്കെ വാ​യി​ക്കാ​റു​ണ്ടു്. വാ​യി​ച്ച​തു രസ​ക​ര​മാ​യി തോ​ന്നി​യാൽ വീ​ണ്ടും വീ​ണ്ടും വാ​യി​ക്കാ​റു​ണ്ടു്. അങ്ങ​നെ ഞാൻ പല പരി​വൃ​ത്തി​വാ​യി​ച്ച കഥ​യാ​ണു് അമേ​രി​ക്കൻ സാ​ഹി​ത്യ​കാ​രൻ കോൺ​റ​ഡ് ഏക്ക​ന്റെ (Conrad Aiken) Impulse എന്ന​തു്. നമ്മൾ പു​ച്ഛി​ക്കു​ന്ന ഒരു​ത്ത​നെ കാ​ണു​ന്നു. അവ​ന്റെ മു​ഖ​ത്തു തു​പ്പാൻ തോ​ന്നു​ന്നു. പക്ഷേ, ചെ​യ്യു​ന്നി​ല്ല. ബസ്സിൽ തൊ​ട്ട​ടു​ത്തു് സു​ന്ദ​രി​യായ പെൺ​കു​ട്ടി നിൽ​ക്കു​ന്നു. തോടാൻ കൊതി. തോ​ടു​ന്നി​ല്ല. ഈ തോ​ന്ന​ലി​നെ​യാ​ണു് Impulse—ആവേശം—എന്നു പറ​യു​ന്ന​തു്. മൈ​ക്കൻ എന്ന ചെ​റു​പ്പ​ക്കാ​രൻ ഈ ഇം​പൾ​സി​നു് വി​ധേ​യ​നാ​യി ഒരു കടയിൽ കയറി സേ​ഫ്റ്റി റെ​യ്സർ മോ​ഷ്ടി​ക്കു​ന്ന​തി​ന്റെ​യും പി​ന്നീ​ടു് ജയി​ലി​ലാ​കു​ന്ന​തി​ന്റെ​യും കഥ​യാ​ണു് ഏക്കൻ പറ​യു​ന്ന​തു്. ‘ഇം​പൾ​സ്’ എത്ര അപ്ര​തി​രോ​ധ്യ​മാ​ണോ അത്ര​ക​ണ്ടു് അപ്ര​തി​രോ​ധ്യ​മാ​ണു് ആ ചെ​റു​ക​ഥ​യും. വാ​യി​ക്കാൻ തു​ട​ങ്ങി​യാൽ അതു തീർ​ത്തി​ട്ട​ല്ലാ​തെ താ​ഴെ​വ​യ്ക്കാൻ പറ്റി​ല്ല. സം​ഭ​വ​ങ്ങ​ളി​ലൂ​ടെ​യും വാ​ങ്മയ ചി​ത്ര​ങ്ങ​ളി​ലൂ​ടെ​യും ഇം​പൾ​സി​ന്റെ സ്വ​ഭാ​വം വ്യ​ക്ത​മാ​ക്കു​ന്ന പ്രാ​ഗൽ​ഭ്യ​മാ​ണ​തു്. നേ​രെ​മ​റി​ച്ചാ​ണു് പാ​ല​ക്കീ​ഴു് ലക്ഷ്മ​ണൻ ദേ​ശാ​ഭി​മാ​നി വാ​രി​ക​യി​ലെ​ഴു​തിയ ‘ഭയം’ എന്ന കഥ​യു​ടെ അവസ്ഥ. സർ​ക്കാ​രി​ന്റെ ദൃ​ഷ്ടി​യിൽ സാ​പ​രാ​ധ​നായ ഒരു​ത്തൻ അറ​സ്റ്റ് പേ​ടി​ച്ചു് ഓടു​ന്ന​താ​യി വർ​ണ്ണി​ക്കു​ന്ന ഇക്ക​ഥ​യിൽ ഇല്ലാ​ത്ത​തു ഭയം മാ​ത്രം. ഭയം, ഭയം എന്നു കൂ​ട​ക്കൂ​ടെ പറ​ഞ്ഞാൽ ഭയം ഉണ്ടാ​യി​ക്കൊ​ള്ളു​മെ​ന്നാ​ണു് ലക്ഷ്മ​ണ​ന്റെ വി​ചാ​രം. പലരും പലതവണ എഴു​തി​യ​തു് ആവർ​ത്തി​ക്കാൻ വാ​യ​ന​ക്കാർ എന്നെ അനു​വ​ദി​ച്ചാ​ലും. ശൃം​ഗാര രസ​ത്തി​ന്റെ പ്ര​തീ​തി ഉള​വാ​ക്ക​ണ​മെ​ങ്കിൽ വി​ഭാ​വാ​നു​ഭാ​വ​ങ്ങ​ളെ വേ​ണ്ട​രീ​തി​യിൽ വർ​ണ്ണി​ച്ചു് രതി എന്ന സ്ഥാ​യി​ഭാ​വം ആവി​ഷ്ക​രി​ക്കു​ക​യാ​ണു് വേ​ണ്ട​തു്. അല്ലാ​തെ ശൃം​ഗാ​രം, ശൃം​ഗാ​രം എന്നു നി​ല​വി​ളി​ക്കു​ക​യ​ല്ല; സർദാർ കെ. എം. പണി​ക്ക​രെ പ്പോ​ലെ “ഭാ​ഗ്യം മഹാ​ഭാ​ഗ്യം എൻ​തോ​ഴി​യി​ങ്ങ​നെ ഭാ​ഗ്യം നി​റ​ഞ്ഞ​മു​ല​ക​ളു​ണ്ടോ” എന്നു പെ​ണ്ണി​നെ​ക്കൊ​ണ്ടു് ഉദീ​ക​ര​ണം ചെ​യ്യി​ക്കു​ക​യ​ല്ല.

കവികൾ ഉദീ​ക​ര​ണം ചെ​യ്യു​ന്ന​തും അവ​രെ​ക്കൊ​ണ്ടു് പാ​ര​മ്പ​ര്യം ഉദീ​ക​ര​ണം ചെ​യ്യി​ക്കു​ന്ന​തും സത്യ​മ​ല്ല പല​പ്പോ​ഴും. ഉദാ​ഹ​ര​ണം കോ​കി​ല​ഗാ​നം. ഞാ​നി​ന്നു​വ​രെ കു​യി​ലി​നെ കണ്ടി​ട്ടി​ല്ല. ഒന്നോ രണ്ടോ തവണ ഒരു കി​ളി​യു​ടെ ശബ്ദം കേ​ട്ട​പ്പോൾ ആരോ പറ​ഞ്ഞു കു​യി​ലി​ന്റെ ശബ്ദ​മാ​ണു് അതെ​ന്നു്. ഒരു മാ​ധു​ര്യ​വും അനു​ഭ​വ​പ്പെ​ട്ടി​ല്ല. ഇതു​പോ​ലെ​യാ​യി​രി​ക്ക​ണം നൈ​റ്റിം​ഗ്ഗേ​ലി​ന്റെ​യും സ്ഥി​തി. സാ​യ്പി​ന്റെ ‘കു​ക്കു’ കു​യി​ലാ​ണോ? അതോ കുയിൽ ജാ​തി​യിൽ​പെ​ട്ട വല്ല പക്ഷി​യു​മാ​ണോ? എന്താ​യാ​ലും.

O Cukoo Shall I call the bird

On but a wandering voice.

എന്നു കവി ചോ​ദി​ക്കു​മ്പോൾ നമ്മൾ ആഹ്ലാ​ദി​ക്കു​ന്നു. കു​ക്കു​വി​ന്റെ ശബ്ദം കേ​ട്ടാൽ ‘നാശം’ എന്നു പറ​ഞ്ഞെ​ന്നു വരും. ആന നട​ക്കു​ന്ന​തു കണ്ടാൽ വെ​റു​പ്പ​ല്ലേ ഉള​വാ​കുക? എന്നാൽ സ്ത്രീ​യു​ടെ നട​ത്ത​ത്തെ “ഗജ​രാ​ജ​വി​രാ​ജിത മന്ദ​ഗ​തി”യായി കവി വർ​ണ്ണി​ക്കു​മ്പോൾ നമു​ക്കു് ആഹ്ലാ​ദം. സ്റ്റീ​യ​റ്റോ​പീ​ജിയ (Steatopygia—നി​തം​ബ​ഗു​രുത) ഉള്ള സ്ത്രീ​ക​ളെ​ക്ക​ണ്ടാൽ വെ​റു​പ്പു്.

“മു​ന്നി​ട​മ​ഭ്യു​ന്ന​ത​മാ​യ് സന്ന​ത​മാ​യ് പി​ന്നി​ടം

ജഘ​ന​ഭ​രാൽ പെ​ണ്മ​ണി​യു​ടെ ചു​വ​ടി​വി​ടെ

വെ​ണ്മ​ണ​ലിൽ കാ​ണ്മ​തു​ണ്ടു നവ​മാ​രാൽ.”

എന്നു കവി ശകു​ന്ത​ള​യെ​ക്കു​റി​ച്ചു പറ​യു​മ്പോൾ ആഹ്ലാ​ദം. കവി​ക​ളാ​ണു് വസ്തു​ത​ക​ളെ​യും വി​കാ​ര​ങ്ങ​ളെ​യും രമ​ണീ​യ​ങ്ങ​ളാ​ക്കു​ന്ന​തു്. ഇതിനു കഴി​യു​ന്നി​ല്ല എന്ന​താ​ണു് പു​ന​ത്തിൽ കു​ഞ്ഞ​ബ്ദു​ള്ള ജന​യു​ഗം വാ​രി​ക​യിൽ എഴു​തിയ കഥ​യു​ടെ ന്യൂ​നത. ഒരു പ്ര​മാ​ണി​ക്കു് സു​ഖ​ക്കേ​ടാ​ണെ​ന്നു​പ​റ​ഞ്ഞു ചി​ലർ​വ​ന്നു ഡോ​ക്ട​റെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്നു. ഡോ​ക്ടർ ചെ​ന്ന​പ്പോൾ പ്ര​മാ​ണി​ക്കു് രോ​ഗ​മൊ​ന്നു​മി​ല്ല. അയാ​ളു​ടെ മകൾ ഭർ​ത്താ​വി​ല്ലാ​തെ ഗർ​ഭി​ണി​യാ​യി അവിടെ കി​ട​ക്കു​ന്നു. ഡോ​ക്ടർ ഗർ​ഭ​ച്ഛി​ദ്രം നട​ത്ത​ണം. ഇല്ലെ​ങ്കിൽ അയാളെ കൊ​ന്നു​ക​ള​യും. ഇത്ര​യും കാ​ര്യം റി​യ​ലി​സ്റ്റി​ക്കാ​യി ആദ​ര​ണീ​യ​മായ ആഖ്യാ​ന​പാ​ട​വ​ത്തോ​ടെ കഥാ​കാ​രൻ പറ​ഞ്ഞു​വെ​ക്കു​ന്നു. അതി​നു​ശേ​ഷം ഫന്റ​സി​യാ​ണു്. ഡോ​ക്ട​റു​ടെ ജീ​വി​തം അവ​സാ​നി​ച്ചി​രി​ക്കു​ന്നു​വെ​ന്നു് കത്തി​ത്തീ​രാ​റായ മെ​ഴു​കു​തി​രി​യി​ലൂ​ടെ സൂ​ചി​പ്പി​ക്കു​ന്നു. ഈ ഫന്റ​സി​യും നേ​ര​ത്തെ​യു​ള്ള റി​യ​ലി​സ​വും തമ്മിൽ ചേ​രു​ന്നി​ല്ല. ചി​രി​യും കര​ച്ചി​ലും പോലെ, മഞ്ഞും മഴയും പോലെ, രാ​ത്രി​യും പകലും പോലെ, ഹേ​മ​ന്ത​വും ഗ്രീ​ഷ്മ​വും പോലെ ഇവ ചേ​രാ​തെ​യി​രി​ക്കു​ന്നു.

ഓരോ ശതാ​ബ്ദ​ത്തി​നും യോ​ജി​ച്ച മഹ​നീ​യ​ങ്ങ​ളായ കഥ​ക​ളു​ണ്ടു്. ഇരു​പ​താം ശതാ​ബ്ദ​ത്തി​നു യോ​ജി​ച്ച Greatest Story എച്ച്. ജി. വെൽ​സി​ന്റെ The Country of the Blind എന്ന​താ​ണു്. അതെ​ന്നെ ‘ഹാൺട്’ ചെ​യ്യു​ന്നു.

ജൂ​ഡാ​സി​ന്റെ ചും​ബ​നം
images/HGWells.jpg
എച്ച്. ജി. വെൽസ്

ജൂ​ഡാ​സ് ക്രി​സ്തു​വി​നെ ചും​ബി​ച്ച​തു പോ​ലെ​യാ​ണു് നവീന കവികൾ കവി​ത​യെ ചും​ബി​ക്കു​ന്ന​തു്. ഈശ്വ​ര​മം​ഗ​ല​ത്തി​ന്റെ ചും​ബ​നം അടു​ത്ത കാ​ല​ത്തു കണ്ട​തേ​യു​ള്ളൂ മാ​തൃ​ഭൂ​മി​യിൽ. വി​മർ​ശ​ന​സ്വ​ഭാ​വ​മാർ​ന്ന ഈ പം​ക്തി​യിൽ കഴി​യു​ന്ന​തും പരു​ഷ​ഭാ​ഷ​ണ​ങ്ങൾ ഒഴി​വാ​ക്കാൻ എനി​ക്കു കൗ​തു​ക​മു​ള്ള​തു​കൊ​ണ്ടു് ആ ജൂ​ഡാ​സ് ചും​ബ​നം ഞാൻ കണ്ടി​ല്ലെ​ന്നു ഭാ​വി​ച്ചു. ഇപ്പോൾ അതു​പോ​ലെ വേ​റൊ​ന്നു മാ​തൃ​ഭൂ​മി​യിൽ​ത്ത​ന്നെ​യു​ണ്ടു് (ലക്കം 41). എം. എസ്. ഗോ​പി​നാ​ഥ​ന്റെ മൂ​ന്നു കാ​വ്യ​ങ്ങൾ. ‘ഇട​നാ​ഴി​ക​ളും’ ‘മര​ണ​ത്തി​ന്റെ ദൃ​ശ്യ​ങ്ങ​ളും’ ‘തേനാം പേ​ട്ടു​മേ​രി​യും’. വി​കാ​ര​ത്തെ​യും പ്ര​തി​പാ​ദ്യ​വി​ഷ​യ​ത്തെ​യും പ്ര​ജ്ഞ​യു​ടെ മുൻ​പിൽ നി​റു​ത്തു​ന്ന​തു് കവിത. പ്ര​ജ്ഞ​യു​ടെ മുൻ​പി​ലാ​ണു് ഗോ​പി​നാ​ഥൻ വി​ഷ​യ​ത്തെ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​തു്.

ജനാ​ധി​പ​ത്യം നി​ല​വി​ലു​ള്ള രാ​ഷ്ട്ര​ങ്ങ​ളിൽ ആർ​ക്കും എന്തും എഴു​താം. ഞങ്ങൾ വാ​യി​ക്കും. വാ​യി​ച്ചാൽ അഭി​പ്രാ​യം പറയും. പരി​ഭ​വ​മ​രു​തേ.

ചെ​റു​ക​ഥ​യു​ടെ ശൈലി

പരി​ഭ​വ​വും പരാ​തി​യും തകഴി ശി​വ​ശ​ങ്ക​ര​പ്പി​ള്ള യ്ക്കു വേണ്ട. ചെ​റു​ക​ഥ​കൾ​ക്കു പറ്റിയ ഒരു ശൈലി തനി​ക്കു നിർ​മ്മി​ക്കാൻ സാ​ധി​ച്ചി​ല്ല എന്ന അദ്ദേ​ഹ​ത്തി​ന്റെ പരി​ദേ​വ​ന​ത്തെ​ക്കു​റി​ച്ചു് സി. അച്ചു​ത​മേ​നോൻ പറ​യു​ന്നു: “…ഈ ലേ​ഖ​ക​ന്റെ അഭി​പ്രാ​യം മല​യാ​ള​ത്തി​നു തനതായ ഒരു ചെ​റു​ക​ഥാ​സ​മ്പ്ര​ദാ​യം പഴയ കാരണവ മു​ത്ത​ശ്ശി​ക്ക​ഥ​ക​ളിൽ നി​ന്നു് ഉരു​ത്തി​രു​ഞ്ഞു​വ​രാ​തി​രു​ന്ന​തിൽ ഖേ​ദി​ക്കേ​ണ്ട കാ​ര്യ​മൊ​ന്നും ഇല്ലെ​ന്നാ​ണു്. ഭാ​വ​ത്തി​നു പറ്റിയ രൂപം തന്ന​ത്താൻ വാർ​ന്നു വീണ ഒരു അനു​ഭ​വ​മാ​ണു് മലയാള ചെ​റു​ക​ഥ​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഉണ്ടാ​യ​തു്”. (ജന​യു​ഗം വാരിക, ലക്കം 26.) അച്ചു​ത​മേ​നോ​നോ​ടു് ഇതെ​ഴു​തു​ന്ന ആളും യോ​ജി​ക്കു​ന്നു. തക​ഴി​യു​ടെ ‘വെ​ള്ള​പ്പൊ​ക്ക​ത്തിൽ’ എന്ന ചെ​റു​കഥ നോ​ക്കുക. പദ​ങ്ങൾ​കൊ​ണ്ടു് അദ്ദേ​ഹം ഏതർ​ത്ഥം പകർ​ന്നു തരു​ന്നു​വോ അതി​ലും കവി​ഞ്ഞ അർ​ത്ഥ​വി​ശേ​ഷ​ങ്ങൾ ആ പദ​ങ്ങൾ വ്യ​ഞ്ജി​പ്പി​ക്കു​ന്നു​ണ്ടു്. തക​ഴി​യു​ടെ ശൈലി അപ​ര്യാ​പ്ത​മാ​ണെ​ന്നു് ആർ​ക്കും തോ​ന്നി​യി​ട്ടി​ല്ല.

രച​ന​യി​ലെ പാ​രു​ഷ്യം രച​യി​താ​വി​ന്റെ പാ​രു​ഷ്യ​മാ​യി കരു​ത​രു​തു്. കു​ട്ടി​ക്കൃ​ഷ്ണ​മാ​രാ രുടെ നി​രൂ​പ​ണ​ങ്ങൾ വാ​യി​ച്ചാൽ ആളൊരു ഉദ്ധ​ത​നാ​ണെ​ന്നു തോ​ന്നും. പക്ഷേ, സം​സാ​രി​ച്ചാൽ കൊ​ച്ചു​കു​ട്ടി​യെ​പ്പോ​ലെ നി​ഷ്ക​ള​ങ്കൻ. തനി​ക്കു് പാ​ണ്ഡി​ത്യ​മൊ​ന്നു​മി​ല്ലെ​ന്നു് അദ്ദേ​ഹം കപ​ട​വി​ന​യ​മി​ല്ലാ​തെ പറ​യു​ക​യും ചെ​യ്യും. ഒരി​ക്കൽ മു​ണ്ട​ശ്ശേ​രി യുടെ വീ​ട്ടിൽ വച്ചു് മാരാർ എന്നോ​ടു ചോ​ദി​ച്ചു: “സ്ഥാ​യി​ഭാ​വ​മ​ല്ലേ ശരി? സ്ഥാ​യീ​ഭാ​വ​മ​ല്ല​ല്ലോ”. ഞാൻ അദ്ദേ​ഹ​ത്തോ​ടു് തി​രി​ച്ചു ചോ​ദി​ച്ചു: “മാഷേ അല്പ​ജ്ഞ​നായ എന്നോ​ടാ​ണോ മഹാ​പ​ണ്ഡി​ത​നായ അങ്ങു് അങ്ങ​നെ ചോ​ദി​ക്കു​ന്ന​തു്!”

Colophon

Title: Sāhityavāraphalam (ml: സാ​ഹി​ത്യ​വാ​ര​ഫ​ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1984-01-05.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ​ഹി​ത്യ​വാ​ര​ഫ​ലം, എം കൃ​ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 4, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: Anupa Ann Joseph; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.