പണ്ടു ഒരു ശുദ്ധാത്മാവായ രാജാവു് ഉണ്ടായിരുന്നു. കൊട്ടാരത്തിനടുത്തുള്ള കാട്ടിലിരുന്നു കുറുനരികൾ കൂവുന്നതു കേട്ടു് അദ്ദേഹം മന്ത്രിയോടു ചോദിച്ചു: “ഈ പാവപ്പെട്ട ജന്തുക്കൾ എന്തിനാണു് കരയുന്നതു്?” മന്ത്രി പറഞ്ഞു: “മഞ്ഞുകാലമല്ലേ. അവയ്ക്കു് തണുപ്പു തോന്നുകയാണു്. കമ്പിളിയുടുപ്പു വേണമെന്നു പറയുകയാണു് കുറുനരികൾ. പാവങ്ങൾ! കമ്പിളിയുടുപ്പു പോയിട്ടു് അവയ്ക്കു് അണ്ടർവേയർപോലുമില്ല”. രാജാവു വീണ്ടും ചോദിച്ചു: “എത്ര രൂപയാകും അവയ്ക്കു കമ്പിളിയുടുപ്പുകൾ കൊടുക്കാൻ?” മന്ത്രി: “അഞ്ചുലക്ഷം രൂപയാകും”. ദയാശീലനായ രാജാവു് അഞ്ചുലക്ഷം രൂപ അനുവദിച്ചു. കുറെ ദിവസംകഴിഞ്ഞു് കുറുനരികൾ കൂവുന്നതു കേട്ടു് രാജാവു് ചോദിച്ചു: “എന്താ കമ്പിളിയുടുപ്പു കൊടുത്തതിനു ശേഷവും അവ കരയുന്നതു്?” മന്ത്രി: “കരയുകയല്ല പ്രഭോ കമ്പിളിയുടുപ്പു കിട്ടിയ സന്തോഷംകൊണ്ടു് അവ അങ്ങയ്ക്കു നന്ദിപറയുകയാണു്”. ഈ രാജാവിന്റെ ശുദ്ധമനസ്സാണു് “നാവു നഷ്ടപ്പെട്ടവർ” എന്ന ചെറുകഥയെഴുതിയ ഹനീഫിനു് (കുങ്കുമം). അതുകൊണ്ടു തന്നെയാണു് ഈ ബാലിശമായ കഥ അദ്ദേഹം എഴുതിപ്പോയതു്. പൊലീസ് അടുത്തടുത്തു വന്നപ്പോൾ സമരക്കാരുടെ നാവിന്റെ ശക്തി പോയിപോലും. വാക്കുകൾ കൊണ്ടുള്ള കലാരൂപമാണു് ചെറുകഥയെങ്കിൽ ഇതു ചെറുകഥയല്ല. മനുഷ്യജീവിതത്തിലേക്കു നൂതനമായ ഇൻസൈറ്റ് നൽകുന്നതാണു് ചെറുകഥയെങ്കിൽ ഇതു ചെറുകഥയല്ല. പിന്നെ ജേർണലിസമാണോ? ജേർണലിസത്തിനും ഒരുതരത്തിലുള്ള ഭംഗി കാണും. അതും ഇതിനില്ല.
ഇത്രയും എഴുതിയപ്പോൾ എനിക്കൊരു പേടി. വായനക്കാർ പറയുന്നതു് എന്റെ ആന്തരശ്രോത്രം കേൾക്കുന്നതുകൊണ്ടുണ്ടാകുന്ന ഭയമാണതു്. “നിങ്ങൾ ഇതു വളരെക്കാലമായി പറയുന്നല്ലോ. ഓരോ തവണ പറഞ്ഞപ്പോഴും “ഞങ്ങൾ യോജിക്കുന്നു, ഞങ്ങൾ യോജിക്കുന്നു” എന്നു് പ്രഖ്യാപനമുണ്ടായി. “എന്നിട്ടും നിങ്ങൾ ആവർത്തിക്കുകയല്ലേ കൃഷൻനായരേ?” താൻ വിനയത്തോടെ ഈ ചോദ്യത്തിനു മറുപടി നല്കട്ടെ. “നിരൂപണത്തെ സംബന്ധിച്ച ആശയങ്ങൾക്കു വൈരള ്യമുണ്ടു്. ആഖ്യാനം, സ്വഭാവാവിഷ്കരണം, അന്തരീക്ഷസൃഷ്ടി എന്നിങ്ങനെ ഏതാനും കാര്യങ്ങളിൽ അതു് ഒതുങ്ങിനില്ക്കും. ചക്കിൽ കെട്ടിയ കാളയാണു് നിരൂപണം. അതു് ഒരേ വൃത്തത്തിലൂടെ കറങ്ങിക്കൊണ്ടിരിക്കും. വായനക്കാരുടെ ക്ഷമകെടാറാകുമ്പോൾ ഞാൻ നിറുത്താം”.

നിറുത്തേണ്ടതില്ല എന്നുണ്ടെങ്കിൽ ഞാൻ ഡി. സി. കിഴക്കേമുറി യെപ്പോലെ “ചെറിയ കാര്യങ്ങൾ മാത്രം” ആകർഷകമായി എഴുതിയാൽ മതി. കോട്ടയത്തെ ഒരു “സാംസ്കാരികകേന്ദ്രം” ഉദ്ഘാടനം ചെയ്യാൻ മുഖ്യമന്ത്രി കരുണാകരൻ ചെന്നു. അദ്ദേഹവും മറ്റുള്ളവരും സംസാരിച്ചിരിക്കുമ്പോൾ മലയാളമനോരമയുടെ ചീഫ് എഡിറ്റർ കെ. എം. മാത്യു പറഞ്ഞു: “ടെലിവിഷൻ പ്രചാരത്തിൽ വരുന്നതോടെ പത്രങ്ങളുടെ പ്രചാരം കുറയും”. അതുകേട്ടു് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു: “പത്രങ്ങൾക്കു കുഴപ്പമൊന്നും വരില്ല. ടെലിവിഷനിൽ കാണുക നടന്ന കാര്യങ്ങൾ, സത്യമായവ, മാത്രമായിരിക്കും. സത്യമല്ലാത്ത കാര്യങ്ങൾ പത്രത്തിൽനിന്നല്ലേ അറിയാൻ പറ്റൂ”. കൂട്ടച്ചിരി. ചെറിയ കാര്യം. പക്ഷേ, അതു ഹൃദ്യമായി അവതരിപ്പിക്കുന്നു ഡി. സി. കിഴക്കേമുറി.
ഇപ്പോൾ എനിക്കും ഒരു ചെറിയ കാര്യമെഴുതാൻ കൗതുകം. ഞാൻ സയൻസ് കോളേജിലെ വിദ്യാർത്ഥിയായിരുന്നപ്പോൾ ഒരു വിടുതി വീട്ടിലാണു് താമസിച്ചതു്. അവിടെ ഒരു ട്രാൻസ്പോർട്ട് ബസ്സ് ഡ്രൈവറും അയാളുടെ സുന്ദരിയായ വളർത്തുമകളും. അവൾ വിവാഹിതയായിരുന്നു. ഭർത്താവു് വടക്കേയിന്ത്യയിലെവിടെയോ ജോലി നോക്കുന്നു. ഒരു ദിവസം വൈകുന്നേരം ഞാൻ കോളേജ് വിട്ടു് അവിടെ ചെന്നുകയറിയപ്പോൾ അക്കാലത്തെ ഒരു ഫിലിംസ്റ്റാർ—അഭിനേതാവു് റൊനാൾഡ് കോൾമാനെ പ്പോലിരിക്കുമയാൾ—അവളെ ചുംബിച്ചിട്ടു് പോകുന്നതുകണ്ടു. ഞാൻ കണ്ട ഭാവം നടിച്ചില്ല. സന്ധ്യയ്ക്കു് ഇംഗ്ലീഷ് പഠിക്കാൻ അവളെത്തിയപ്പോൾ ഞാൻ ചോദിച്ചു: കമലം നിന്നെ ഉമ്മവച്ച ആ ദുഷ്ടനാരു്?
- കമലം:
- എന്നെ ആരും ഉമ്മവച്ചില്ല. ആ മനുഷ്യൻ ദുഷ്ടനുമല്ല.
- ഞാൻ:
- നീ അവനോടു സല്ലപിച്ചില്ലേ?
- കമലം:
- ഇല്ല
- ഞാൻ:
- ഇല്ലെങ്കിൽ വേണ്ട. ഇനി ഇംഗ്ലീഷ് പഠിക്കാം. ചോദ്യങ്ങൾക്കു് ഉത്തരം പറയണം.
- ഞാൻ:
- Can a villain kiss a beautiful girl?
- കമലം:
- No villain can kiss a beautiful girl.
- ഞാൻ:
- Can she flirt with this man?
- കമലം:
- No, She cannot.
- ഞാൻ:
- ശരി പത്തിൽ പത്തുമാർക്ക്. ജീവിതത്തിലാണെങ്കിൽ പത്തിൽ പൂജ്യമേ കിട്ടൂ നിനക്കു്.
പഠിപ്പിക്കൽ അതോടെ അവസാനിച്ചു. വിടുതിയായുള്ള താമസം ഞാൻ മതിയാക്കി. ഗവണ്മെന്റ് ഹോസ്റ്റലിലേക്കു ഞാൻ മാറി. കമലം ഇന്നില്ല. വർഷങ്ങൾക്കു മുൻപു് ഞാനവളെ കോട്ടയ്ക്കകത്തുവച്ചു കണ്ടു. രാജകുമാരിയെപ്പോലെ കഴിഞ്ഞിരുന്ന അവൾ ഒരു പണം കൊടുത്തു് (നാലുചക്രം) ഒരു കട്ടച്ചോറു് അമ്പലത്തിൽനിന്നു വാങ്ങിവച്ചു റോഡിലിരുന്നു് ഉണ്ണുന്നു. ഞാൻ കണ്ണീരൊഴുക്കിക്കൊണ്ടു് പത്തുരൂപയെടുത്തു് അവളുടെ നേർക്കു നീട്ടി. (ഇന്നത്തെ ആയിരം രൂപയുടെ വിലയുണ്ടു് അന്നത്തെ പത്തുരൂപയ്ക്കു്) കമലം അതു വാങ്ങിയില്ല. ചോറുമുഴുവനും ഉണ്ണാതെ എഴുന്നേറ്റു് പടിഞ്ഞാറേക്കോട്ടവാതിലിലേക്കു നടന്നുപോയി. സ്ത്രീയുടെ ചാരിത്ര ഭ്രംശം! സ്ത്രീയുടെ അഭിമാനം!
ചാരിത്ര ഭ്രംശമില്ലാത്ത ഒരു ചെറുപ്പക്കാരിയുടെ കഥ പറയുകയാണു് പോൾ ചിറക്കരോടു്. അവളുടെ വിവാഹദിനം കാമുകൻ ഒരു സ്ഥലം നിർദ്ദേശിക്കുന്നു. അവൾ അവിടെചെന്നു നിന്നാൽ അയാൾ എത്തിക്കൊള്ളും. രണ്ടുപേർക്കും വിവാഹത്തിനു മുൻപു് ഒളിച്ചോടാം. പക്ഷേ അയാൾക്കു തീവണ്ടിയിൽ കയറാൻ സാധിക്കുന്നില്ല. അതുകൊണ്ടു് വിവാഹം നടന്നു. അയാൾ പിന്നീടു് അവളെ കണ്ടു. ഒട്ടും ദുഃഖമില്ല ആ യുവതിക്കു്. താലികോർത്ത മാലയുടെ തിളക്കം. ആ താലിയോ? സർപ്പത്തിന്റെ ഒതുക്കിവച്ച തല പോലെ.
കാമുകിയുടെ അടുത്ത ചെല്ലാനുള്ള കാമുകന്റെ അതിരുകടന്ന ആവേശത്തെ, അതിനുവേണ്ടിയുള്ള അയാളുടെ പരിശ്രമത്തെ കഥാകാരൻ നന്നായി ചിത്രീകരിച്ചിട്ടുണ്ടു്. തീവണ്ടിയിൽ പിടിച്ചു കയറുന്നതും അയാൾക്കു കംപാർട്ട്മെന്റിന്റെ അകത്തുകടക്കാൻ സാധിക്കുന്നതിനുമുൻപു് അതു പാഞ്ഞുപോകുന്നതും പിന്നീടൊരു തീവണ്ടിയാപ്പീസിൽവച്ചു് ഒരു യാത്രക്കാരനു് ഇറങ്ങിപ്പോകാൻ വേണ്ടി അയാൾ പ്ലാറ്റ്ഫോമിലേക്കു് ഇറങ്ങിനില്ക്കുമ്പോൾ ട്രെയിൻ അയാളില്ലാതെ അതിവേഗം പോകുന്നതും ഒക്കെ വൈദഗ്ദ്ധ്യത്തോടെ പോൾ ചിറക്കരോടു വർണ്ണിക്കുന്നു. സ്ത്രീയുടെ വഞ്ചനയെ സൂചിപ്പിച്ചുകൊണ്ടു് കഥ പരിസമാപ്തിയിൽ എത്തിക്കുന്നു. സംഭവങ്ങൾക്കു പൊടുന്നനെവരുന്ന മാറ്റം അല്ലെങ്കിൽ അവയുടെ പ്രതിലോമഗതി. ഇതിനെ ‘പെറപിറ്റൈയ’ (Peri Peteia) എന്നു് അരിസ്റ്റോട്ടൽ വിളിക്കുന്നു. ഇവിടെ ദൗർഭാഗ്യത്തിനു ഹേതു തീവണ്ടിയിൽകയറാൻ സാധിക്കാത്തതാണു്. തികച്ചും ദുർബലമായ സങ്കല്പം. താൽപര്യം അത്രയ്ക്കുണ്ടെങ്കിൽ കുറേക്കൂടി നേരത്തേ പോകാൻ പാടില്ലായിരുന്നോ അയാൾക്കു് എന്ന സംശയം സ്വാഭാവികമായും വായനക്കാരനു് ഉണ്ടാകും.

മാക്സ് ഫ്രിഷ് എന്ന സ്വിസ്സ് സാഹിത്യകാരന്റെ I’m not Stiller എന്ന നോവൽ ഞാൻ വായിച്ചിട്ടുണ്ടു്. ആറു കൊല്ലം മുൻപു കാണാതെയായ ലൂട്ട്വിഹ് ഷ്ടൈലറാണു് അയാളെന്നു് പൊലീസ്. താൻ വൈറ്റ് എന്ന അമേരിക്കനാണെന്നു് അയാൾ. ആ നിഷേധത്തിലൂടെ ഷ്ടൈലറുടെ വ്യക്തിത്വത്തിന്റെയും സ്വത്വത്തിന്റെയും സവിശേഷതകൾ പ്രത്യക്ഷമാകുന്നുണ്ടു്. ‘ഐഡന്റിറ്റി’ എന്ന വിഷയം കൈകാര്യം ചെയ്യുകയാണു് ഫ്രിഷ് ഈ നോവലിൽ. തനിക്കു ഷ്ടൈലറായി കഴിയാൻ വയ്യാത്തതുകൊണ്ടു് അയാൾ മുഖാവരണങ്ങൾ സൃഷ്ടിച്ചു് ജീവിക്കുന്നു. നോവലിലെ ഒരു ഭാഗം:
‘So you admit, Herr Stiller, that your American passport was a fake?’
‘My name’s not Stiller!’

ഈ നോവൽ വായിച്ചതിനുശേഷം ഏതാണ്ടു് അതുപോലൊരു സംഭവം കേരളത്തിൽ ഉണ്ടായിയെന്നു പത്രത്തിൽ വായിച്ചു. സുകുമാരക്കുറുപ്പെന്നു കരുതി ഗംഗാധരൻ നായർ എന്ന എഞ്ചിനീയർ മർദ്ദനമേറ്റ സംഭവം. അതിനെക്കുറിച്ചു് എം. പി. നാരായണപിള്ള കലാകൗമുദിയിൽ എഴുതിയതു വായിക്കേണ്ടതാണു്. മറ്റാർക്കും അനുകരിക്കാൻ വയ്യാത്ത ശൈലിയിൽ ഹാസ്യാത്മകമായി, എന്നാൽ സംഭവത്തിന്റെ ദുരന്ത സ്വഭാവത്തിനു് ഒരു പോറൽപോലും വീഴ്ത്താതെ ലേഖകൻ ആവിഷ്കാരം നിർവ്വഹിക്കുന്നു. സ്റ്റേറ്റ് ഏർപ്പെടുത്തിയ അഭിഭാഷകൻ ഷ്ടൈലറോടു പറഞ്ഞു: ‘Just write the truth, nothing but the plain, unvarnished truth. They’ll fill your pen for you whenever you want”. എം. പി. നാരായണപിള്ളയോടു വായനക്കാരായ ഞങ്ങൾ പറയുന്നു: “എഴുതൂ താങ്കളുടെ പേനയിൽ ആവശ്യമുള്ളപ്പോഴെല്ലാം ഞങ്ങൾ മഷി ഒഴിച്ചു തരാം”.
അനിക്കു് എറുമ്പുകളെ സ്നേഹമാണു്. അവ വരാൻവേണ്ടി അവൾ പഞ്ചാരപ്പാവു നിലത്തു് ഒഴിച്ചുവയ്ക്കും. പിന്നെ അവൾക്കു പക്ഷികളെ ഇഷ്ടമാണു്. അവ എന്നും പറന്നു ജനലിൽ വന്നിരിക്കണം. ഇല്ലെങ്കിൽ അനിക്കു ദുഃഖമാണു്. പിന്നെയോ? അവൾക്കു് ആകാശവും ഇഷ്ടമാണു്. ആയിരം ആകാശം കിട്ടിയാലും അവൾക്കു മതിയാവുകയില്ല. എവിടെയോ മുയലുകൾക്കു കുഞ്ഞുങ്ങളുണ്ടായാൽ ആ തള്ളമുയലുകൾ വെള്ളിത്തിൽച്ചാടി മരിക്കുമത്രേ. അതുകൊണ്ടു തനിക്കു “കുഞ്ഞുണ്ടാക്കരുതെന്നു്” അനി ഭർത്താവിനോടു പറഞ്ഞു. ഈ വിചിത്ര കഥാപാത്രം എവിടെയാണെന്നോ? രവി മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ “അനിയുടെ ആകാശം” എന്ന ചെറുകഥയിൽ. നേരമ്പോക്കു് ഇതല്ല. പച്ചവെള്ളം ചവച്ചുകുടിക്കുന്ന, കൊച്ചുകുഞ്ഞിനെക്കാൾ കൊച്ചായ ഈ ചെറുപ്പക്കാരിക്കു് “ശബ്ദമുണ്ടാക്കാതെ കെട്ടിപ്പിടിച്ചോളൂ” എന്നു ഭർത്താവിനോടു പറയാൻ അറിയാം. ചോറുരുട്ടി അയാളുടെ വായ്ക്കകത്തുവയ്ക്കാൻ അറിയാം. കുഞ്ഞുണ്ടാക്കുന്ന വിദ്യയറിയാം. എന്തൊരു വൈരുദ്ധ്യം! ചില മലയാളം പ്രൊഫസർമാരുടെ ഭാഷയിലാണെങ്കിൽ എന്തൊരു “വിരോധാഭാസം!” ചില സ്ത്രീകൾ ഇങ്ങനെയാണു്. കാക്ക പറന്നാൽ മതി ‘അയ്യോ എനിക്കു പേടിയാവുന്നു’ എന്നു പറയും. ഭിക്ഷക്കാരൻ വീട്ടുമുറ്റത്തുവന്നു് ‘അമ്മാ’ എന്നു വിളിച്ചാൽ മതി. ‘അയ്യോ എനിക്കു പേടിയാവുന്നു’; തെങ്ങിൽനിന്നു് ഒരുണക്ക ഓല വീണാൽമതി, ‘അയ്യോ എനിക്കു പേടിയാവുന്നു!’ ഇങ്ങനെ പേടിക്കുന്നവൾ രാത്രി സകല രതിവൈകൃതങ്ങളും കാണിക്കും. വാത്സ്യായനും കൊക്കോകനും ഹാവ്ലക്ക് എലീസും ഹെൻട്രിമില്ലറും ഹാരോൾഡ് റോബിൻസും സ്വപ്നം കണ്ടിട്ടില്ലാത്ത രതി വൈകൃതങ്ങൾ. നിത്യജീവിതത്തിൽ ഇങ്ങനെയുള്ളവർ ഉണ്ടു്. അവർ സാഹിത്യത്തിൽ കടക്കുമ്പോൾ ‘കൺവിൻസിങ്ങാ’കണം. ആ ദൃഢപ്രത്യയം ഉളവാക്കാൻ കഥാകാരനു കഴിഞ്ഞില്ല. അതുകൊണ്ടു് ഇതു് വെറും പാഴ്‌വേലയാണു്. കലയില്ല ഇവിടെ. കലയുടെ നാട്യമേയുള്ളൂ.
മുൻപു് ഒരു വാരികയിൽ എഴുതിയതാണു് എങ്കിലും വായിച്ചിട്ടില്ലാത്തവരെക്കരുതി വീണ്ടും എഴുതുന്നു. വിക്രമാദിത്യൻ, പ്രജകളുടെ ക്ഷേമമറിയാൻ വേണ്ടി പ്രച്ഛന്ന വേഷനായി നടക്കുകയായിരുന്നു. ഒരു കിഴവ ബ്രാഹ്മണനും അയാളുടെ ചെറുപ്പക്കാരിയായ ഭാര്യയും താമസിക്കുന്ന വീട്ടിനടുത്തു് എത്തി അദ്ദേഹം. കിഴവൻ ബലിയിട്ടു് ചോറുരുളകൊണ്ടുവച്ചു് കൈനനച്ചു് തട്ടി. ബലിക്കാക്കകൾ വന്നു. ഒരു കാക്ക യുവതിയുടെ അടുത്തായിട്ടാണു് പറന്നതു്. ഉടനെ അവൾ പേടിച്ചു താഴെവീണു. ബ്രാഹ്മണൻ കാര്യമന്വേഷിച്ചപ്പോൾ അവൾ പറഞ്ഞു: “കാക്ക അടുത്തുവന്നാൽമതി. എനിക്കു ബോധക്കേടു് ഉണ്ടാകും”. കാക്ക വന്നാൽ ബോധം കെടുന്നവൾക്കു ചെറുപ്പക്കാരൻ എത്തിയാൽ എന്തു സംഭവിക്കും? കിഴവൻ അതുകണ്ടു് ആഹ്ലാദിച്ചു. രാജാവിനുതോന്നി അവൾ കള്ളിയാണെന്നു്. അതിനാൽ രാത്രി അദ്ദേഹം ആ വീട്ടിനടുത്തു ചെന്നുനിന്നു. അപ്പോഴുണ്ടു് അവൾ ഇറങ്ങുന്നു ഒരു കൂടയിൽ മാംസക്കഷണങ്ങളുമായി. നർമ്മദാ നദിയുടെ തീരത്തെത്തിയ അവൾ കൊച്ചു വള്ളമിറക്കി അതിൽ കയറി. രാജാവു് പിറകേയും. അവൾ മറുകരയിലെത്തി ഒരു കുടിലിൽ കയറി. അവിടെയുള്ള ചെറുപ്പക്കാരനുമായി ലൈംഗിക വേഴ്ചയിലേർപ്പെട്ടിട്ടു തിരിച്ചുപോന്നു. അടുത്ത ദിവസം സദസ്സു കൂടിയപ്പോൾ രാജാവു് പറഞ്ഞു: കാക രവാതു് ഭീതാ (കാക്കയുടെ ശബ്ദംകേട്ടു് അവൾ പേടിച്ചു). വിക്രമാദിത്യന്റെ സദസ്യനായിരുന്ന കാളിദാസൻ അതുകേട്ടു് “രാത്രൗ തരിതി നർമ്മദാം” (അവൾ രാത്രി നർമ്മദാ നദികടക്കുന്നു). രാജാവു് പിന്നെയും…“തത്രസന്തി ജലേ ഗ്രാഹാഃ (ആ ജലത്തിൽ മുതല തുടങ്ങിയ ജലജന്തുക്കളുണ്ടു്). കാളിദാസൻ വീണ്ടും: “മർമ്മജ്ഞാ സൈവസുന്ദരി” (ആ സുന്ദരി കാര്യമറിയുന്നവളാണു്. ജലജന്തുക്കൾക്കു കൊടുക്കാൻ ഇറച്ചിക്കഷണങ്ങൾ കൈയിൽ കരുതിയിരിക്കും).
ആന്തരലോകത്തെയും ബാഹ്യലോകത്തെയും ഭാവനകൊണ്ടു് ഒന്നാക്കി ആ അദ്വൈതഭാവത്തെ സൂര്യവചനത്തിലൂടെ ആവിഷ്കരിക്കുന്ന ജയപ്രകാശ് അങ്കമാലിയുടെ കവിതയ്ക്കു് സവിശേഷതയുണ്ടു്. (‘സൂര്യവചനം’ —മാതൃഭൂമി ആഴ്ചപ്പതിപ്പു്) മരണവും ജീവിതവും കവി ഏതാനും വരികളിൽ ഒതുക്കിയിരിക്കുന്നു. സൂര്യൻ പറയുന്നതു കേട്ടാലും:
“നിറയും പെരിയാറിൻ കണ്ണിലെക്കരുണയിൽ
ക്കുളിയും കഴിഞ്ഞെത്തും നിങ്ങൾക്കു പുലരിയിൽ
വ്യഥയും നിരാശയും മായുന്ന കിഴക്കിന്റെ
മുഖമൊന്നുയരുമ്പോളവിടെ കാണാമെന്നെ.
അഗ്നിചുറ്റിയും പൊന്നിൻ മുടി ചൂടിയും കാല-
ചക്രങ്ങളുരുളുന്ന തേർതെളിക്കുമീയെന്നെ.”
എന്റെ മകൻ ആരോ കരിങ്കൽക്കഷണം കൊണ്ടിടിച്ച മുറിവിനു് സദൃശമായ മുറിവോടുകൂടി (തലയ്ക്കു്) മെഡിക്കൽകോളേജാശുപത്രിയിലെ ഇന്റൻസിവു് കെയർ യൂണിറ്റിൽ കിടന്നപ്പോൾ ഞാൻ ആ വരാന്തയിൽനിന്നു പ്രാർത്ഥിച്ചു: “എന്റെ മകൻ ജീവിച്ചെങ്കിൽ! തലയ്ക്കു് അടിയേറ്റതുകൊണ്ടു് അവൻ ജീവിതകാലമത്രയും ബോധമില്ലാതെ കിടക്കുമോ? കിടക്കട്ടെ ഞാൻ നോക്കിക്കൊള്ളാം. ചിലപ്പോൾ കാഴ്ച നഷ്ടപ്പെടുമോ? എങ്കിൽ ഞാൻ അവന്റെ നഷ്ടപ്പെട്ട നേത്രങ്ങളായി മാറിക്കൊള്ളാം. മകനെ ഞാൻ ചിലപ്പോൾ ശകാരിച്ചിട്ടുണ്ടു്. ഇനി ശകാരിക്കില്ല. എഴുന്നേറ്റു വരൂ”. വന്നില്ല. എന്റെ ദുഃഖം അന്വേഷിച്ച് എനിക്കു വലിയ പരിചയമൊന്നുമില്ലാത്ത കൈനിക്കര കുമാരപിള്ള സ്സാർ വന്നിരുന്നു വീട്ടിൽ. അന്യന്റെ ദുഃഖത്തിൽ ദുഃഖിക്കുന്ന പരമകാരുണികനാണു് കൈനിക്കര. മനുഷ്യത്വത്തിന്റെ മൂർത്തിമദ്ഭാവമാണു് അദ്ദേഹം. ഈ മഹാ വ്യക്തിയെക്കുറിച്ചു് വള്ളംകുളം പി. ജി. പിള്ള മനോരാജ്യം വാരികയിൽ എഴുതിയിരിക്കുന്നു. അന്യനെക്കുറിച്ചു് ഒരു ദോഷമെങ്കിലും പറയാതെ, അയാളോടു് അല്പമെങ്കിലും വെറുപ്പു കാണിക്കാതെ ജീവിക്കാൻ കഴിയാത്ത ആളുകളാണു് അധികം. എല്ലാവരുടെയും നന്മകണ്ടു്, ആരോടും വിദ്വേഷമില്ലാതെ സാഹിത്യകാരനായി, ചിന്തകനായി ജീവിക്കുന്ന കുമാരപിള്ളസ്സാറിന്റെ നന്മ കാണാൻ ഉൽസുകനായി പി. ജി. പിള്ള നില്ക്കുന്നു. ആദരണീയമാണതു്.
പി. വി. തമ്പിയുടെ ‘അവതാരം’ എന്ന നോവലിൽ തിരുവനന്തപുരം വൈ. ഡബ്ൾയു. സി. എ. ഹോസ്റ്റലിനെക്കുറിച്ചു ഗർഹണീയങ്ങളായ ചില പ്രസ്താവങ്ങൾ ഉണ്ടെന്നു് ഒരു അന്തേവാസിനി എഴുതിയിരിക്കുന്നു. (മനോരാജ്യം വാരിക) ആ പ്രസ്താവങ്ങൾ അന്തേവാസിനി പറയുന്നതനുസരിച്ചു് ഇവയാണു്.
(1) ജേക്കബ്ബ് എന്ന മാർത്തൊമ അച്ഛൻ കോച്ചായി സ്ത്രീകളെ ഷട്ടിൽ കോക്ക് പഠിപ്പിക്കാൻ എത്തുന്നു. (2) അച്ചനു് ഏതു സമയത്തും എവിടെയും കടന്നുചെല്ലാം. (3) മേട്രന്റെ മകൻ (അതോ സെക്രട്ടറിയുടെയോ) പെണ്ണുങ്ങളുടെ മുറികളിൽ കയറിയിറങ്ങുന്നു. ഈ കത്സിത പ്രസ്താവങ്ങൾ എടുത്തു കാണിച്ച അന്തേവാസിനിക്കു് പത്രാധിപ മറുപടി നല്കിയിട്ടുണ്ടു്. അതു് ഇതാ: “ഒരു നൂറ്റാണ്ടിലധികം പ്രശസ്തസേവനപാരമ്പര്യമുള്ള വൈ. ഡബ്ലിയു. സി. എ.യ്ക്കു് ഒരു നോവലിലെ പരാമർശംകൊണ്ടു് മങ്ങലേൽക്കുമെന്നു് ഞങ്ങൾ വിശ്വസിക്കുന്നില്ല. എല്ലാ കഥാപാത്രങ്ങളും അതിന്റെ പശ്ചാത്തലവും തികച്ചും സാങ്കൽപികമാണെന്നു് പറയുന്നതോടൊപ്പം, ഈ നോവലിന്റെ പേരിൽ ആരെങ്കിലും വ്രണിതഹൃദയരായിട്ടുണ്ടെങ്കിൽ അവരോടു് ആത്മാർത്ഥമായി മാപ്പുചോദിക്കുകയും ചെയ്തുകൊള്ളുന്നു. പത്രാധിപ.
സംസ്കാര സമ്പന്നമായ മറുപടിയാണിതു്. പക്ഷേ ഇതുകൊണ്ടു് പരിഹാരമായില്ല. തികച്ചും അപകീർത്തികരമായ ആരോപണങ്ങളാണു് പി. വി. തമ്പിയുടേതു്—അദ്ദേഹം അങ്ങനെയൊക്കെ എഴുതിയിട്ടുണ്ടെങ്കിൽ. പി. വി. തമ്പി ക്ഷമായാചനം ചെയ്യുമെന്നു് ഞാൻ വിശ്വസിക്കുന്നു. കത്തെഴുതിയ അന്തേവാസിനിയുടെ ഹൃദയവേദന നമുക്കൊക്കെ ഊഹിക്കാവുന്നതേയുള്ളു. ഒരു കാര്യം രസകരമായിത്തോന്നി എനിക്കു്. അച്ചൻ ഷട്ടിൽ കോക്ക് പഠിപ്പിക്കാനെത്തുന്നില്ല എന്നതിനു തെളിവായി അന്തേവാസിനി പറയുന്നതു് ഇങ്ങനെയാണു്: “…മാർത്തോമ്മാ അച്ചന്മാർ 99 ശതമാനവും വിവാഹിതരാണെന്നു് പി. വി. തമ്പിക്കു് അറിയില്ലായിരിക്കും” പാവം അന്തേവാസിനി! വിവാഹം കഴിഞ്ഞാൽ പുരുഷന്റെ എല്ലാ വികാരങ്ങളും കെട്ടടങ്ങുമെന്നു് മറ്റനേകം പെണ്ണുങ്ങളെപ്പോലെ അന്തേവാസിനിയും വിചാരിക്കുന്നു. എന്തൊരു തെറ്റിദ്ധാരണ! Unmarried scoundrels are always better than married scoundrels എന്നു് ‘ഫിലിമിൻഡ്യ’യുടെ എഡിറ്ററായിരുന്ന ബാബുറാവുപട്ടേൽ പണ്ടെഴുതിയതു് എന്റെ ഓർമ്മയിലെത്തുന്നു.

കുമാരിവാരികയിൽ “ന്യൂട്ടന്റെ പ്രധാന കണ്ടുപിടിത്തങ്ങൾ എന്തെല്ലാമാണു്?” എന്നൊരു ചോദ്യവും അതിനുള്ള ഉത്തരവുമുണ്ടു്. അതിൽ ന്യൂട്ടന്റേതു് എന്ന മട്ടിൽ കൊടുത്തിരിക്കുന്ന പടം അദ്ദേഹത്തിന്റെതാണെന്നു കരുതാൻ വയ്യ. ഫ്രായിറ്റി ന്റെ പടംപോലിരിക്കുന്നു അതു്. മുൻപു് ഇരയിമ്മൻതമ്പി യുടെ പടം ഒരു സ്ഥാപനത്തിൽ വയ്ക്കേണ്ടിവന്നു. ഇരയിമ്മൻതമ്പിയെ കണ്ടവരാരും ഇന്നില്ല. അദ്ദേഹത്തിന്റെ പടവുമില്ല. അതുകൊണ്ടു് എന്റെ ഒരു സ്നേഹിതനെ വിളച്ചുകൊണ്ടുപോയി ആറുപോസുകളിൽ ഫോട്ടോ എടുത്തു ആർടിസ്റ്റ്. ആറു ഫോട്ടോയിലെയും ഛായകൂട്ടിക്കലർത്തി ഒരു രൂപം വരച്ചു. അതു തന്നെ ഇരയിമ്മൻതമ്പി. എത്രയെത്ര ആളുകൾ അതുനോക്കി പുളകമണിഞ്ഞിരിക്കും! ഇരയിമ്മൻതമ്പിയുടെ ഒറിജിനൽ മാർത്താണ്ഡത്തു് ഒരിടത്തു സുഖമായി ഇപ്പോഴും കഴിയുന്നു എന്നു് അവരറിയുന്നുണ്ടോ?
സെക്സിന്റെ ആകർഷണം വല്ലാത്തതാണു്. അതിനെ ജയിക്കുന്ന മറ്റൊരു ശക്തിയില്ല. അതിനു് അടിമപ്പെട്ട സ്ത്രീ പ്രോത്സാഹനാർത്ഥം കാണിക്കുന്ന അടയാളങ്ങൾ ഇവയാണു്: (1) ഉയർത്തിയ പുരികങ്ങൾ, (2) വിടർന്ന കണ്ണുകൾ, വിടർന്ന കൃഷ്ണമണികൾ, ദീർഘനേരത്തെ നോട്ടം, (3) തുറന്ന വായും ചിരിയും (4) കീഴ്ച്ചുണ്ടു് നാക്കുകൊണ്ടു നനയ്ക്കൽ (5) സമ്മതത്തോടുകൂടിയുള്ള തലയാട്ടൽ (6) ശരീരം മറ്റേ വ്യക്തിയോടു ചേർത്തു വയ്ക്കൽ (7) ഭാവസൂചകങ്ങളായ കരചലനങ്ങൾ (8) ചെറിയ തോതിലുള്ള സ്പർശങ്ങൾ. ഇഷ്ടമില്ലെങ്കിലോ? അപ്പോഴുണ്ടാകുന്ന അടയാളങ്ങൾ: (1) ദേഷ്യം കലർന്ന നോട്ടം. (2) നിർവികാരമായ തുറിച്ചു നോട്ടം. ചിലപ്പോൾ ദൂരെയുള്ള നോട്ടം. (3) പുച്ഛം കോട്ടുവാ (4) ഞെട്ടയൊടിക്കൽ. (5) മറ്റേ വ്യക്തിയിൽ നിന്നു മാറിനിൽക്കൽ (Sex-Auser’s Manual എന്ന ഗ്രന്ഥത്തിൽ നിന്നു്)
പ്രോത്സാഹിപ്പിക്കുന്ന അടയാളങ്ങൾ കന്യകയ്ക്കും വേശ്യയ്ക്കും ചേരും. കന്യക യഥാർത്ഥമായി അവ കാണിക്കുന്നു. വേശ്യ അയഥാർത്ഥമായും. അയഥാർത്ഥമായി ഭാവഹാവാദികൾ കാണിച്ചു് ഒരു വേശ്യ പൊലീസുദ്യോഗസ്ഥന്മാരെപ്പോലും പാട്ടിലാക്കുന്നു. സമുദായം അവളെ എതിർക്കുന്നു. പക്ഷേ, സമുദായമെന്നതു് വ്യക്തികൾ ഒരുമിച്ചുകൂടിയതല്ലേ? ഓരോ വ്യക്തിയേയും അവൾ വശപ്പെടുത്തുമ്പോൾ സമുദായം പരാജയപ്പെടുന്നു. അവൾ വിജയം പ്രാപിക്കുന്നു. സെക്സിന്റെ അദമ്യശക്തിയേയും അസാധാരണമായ ആകർഷണത്തേയും എം. പത്മനാഭൻ ‘പുതിയ അയൽക്കാർ’ എന്ന ചെറുകഥയിലൂടെ സ്ഫുടീകരിക്കുന്നു. (ജനയുഗം വാരിക)
അൽബേർ കമ്യൂ വിന്റെ “പ്ലേഗ് ” എന്ന നോവൽ വായിച്ചിട്ടില്ലേ? പ്ലേഗ് ഒരു സാർവലൗകികാവസ്ഥയാണെന്നു കമ്യൂ പറയുന്നു. താൽക്കാലികമായി പ്ലേഗ് പട്ടണത്തിൽ നിന്നു് അപ്രത്യക്ഷമാവുകയാണു്. എങ്കിലും അതു വീണ്ടും വരും. ആ പ്ലേഗിനെതിരായി— മരണത്തിനെതിരായി—സമരം ചെയ്യുകയാണു വേണ്ടതു്. നമ്മളെ ഭീഷണിപ്പെടുത്തുന്ന ലോകത്തോടു പടവെട്ടി ‘റെബലാവുക’ (rebel) എന്നാണു് കമ്യൂവിന്റെ നിർദ്ദേശം. പ്ലേഗ് വീണ്ടും വരുമെന്നു അദ്ദേഹം പറഞ്ഞില്ലേ? വന്നിട്ടുണ്ടു്, മലയാളമനോരമ ആഴ്ചപ്പതിപ്പിന്റെ താളുകളിൽ; അഖിലയുടെ “പകലുറക്കത്തിലെ സ്വപ്നം” എന്ന പൈങ്കിളിക്കഥയായി. “എന്റെ സേതുവേട്ടാ, എന്റെ സേതുവേട്ടാ” എന്ന കഥയിലെ അനിത വിളിക്കുന്നതുപോലെ “എന്റെ പ്ലേഗേ, എന്റെ പ്ലേഗേ” എന്നു നമ്മളും വിളിച്ചുപോകുന്നു. എത്ര വേണമെങ്കിലും നിങ്ങൾ ‘റെബല്യസാ’യിക്കൊള്ളു. മരണം നിങ്ങളെ കീഴ്പ്പെടുത്തും. പൈങ്കിളിക്കഥ എന്ന മരണം എന്നെയും നിങ്ങളെയും കൊണ്ടുപോകും.

കൊടുങ്കാട്ടിൽ പോയാൽ കടുവ തുടങ്ങിയ ജന്തുക്കൾ ഉണ്ടെന്നും അവ ഏതു സമയത്തും നമ്മെ ആക്രമിക്കുമെന്നും നമുക്കറിയാം. അതുകൊണ്ടു് കരുതിക്കൂട്ടിയേ നമ്മൾ നടക്കുകയുള്ളു. അതല്ല തിരുവനന്തപുരം പട്ടണത്തിലെ സ്ഥിതി. ക്ലിക്കിലെ അംഗമായ വ്യാഘ്രം വിചാരിച്ചിരിക്കാത്ത സന്ദർഭത്തിൽ പിറകേ വന്നു നമ്മളെ അടിച്ചുവീഴ്ത്തിക്കളയും. ഈ വ്യാഘ്രസമൂഹത്തിന്റെ തനിനിറം പുനത്തിൽ കുഞ്ഞബ്ദുള്ള വ്യക്തമാക്കിയിരിക്കുന്നു. “ഇന്നു മലയാള സാഹിത്യം ക്ലിക്കുകളുടെ സാഹിത്യമാണു്. തിരുവനന്തപുരമാണു് ക്ലിക്കുകളുടെ കേന്ദ്രം” എന്നു് അദ്ദേഹം വി. ആർ. സുധീഷി നോടു പറഞ്ഞിരിക്കുന്നു. (കഥാമാസിക പുറം 10) സത്യത്തിൽ സത്യമാണിതു്. ബസ്സിൽ സഞ്ചരിക്കുമ്പോൾ യാത്രക്കാരെല്ലാം ഒന്നു്. ഒരു പുതിയ യാത്രക്കാരനെ കയറ്റാൻ സ്റ്റോപ്പിൽ നിർത്തിയാൽ ബസ്സിനകത്തിരിക്കുന്നവർക്കു് ദേഷ്യമാണു്. എന്നാൽ തീപിടിത്തമുണ്ടാകട്ടെ ബസ്സിൽ. യാത്രക്കാരുടെ ഐക്യം തകരുന്നു. അവർ ഇടിച്ചും ചവിട്ടിയും പുറത്തേക്കു ചാടാൻ ശ്രമിക്കുന്നു. നേരേമറിച്ചാണു് ക്ലിക്കുകളുടെ സ്ഥിതി. ആപത്തിന്റെ നിഴൽ വീണാൽ അംഗങ്ങൾ കൂടുതൽകൂടുതൽ അടുക്കുന്നു. “രാഷ്ട്രീയക്കാര”ന്റെ ഭാഷയിൽ അവർ ഒറ്റക്കെട്ടായിത്തീരുന്നു.
ഇ. വി. കൃഷ്ണപിള്ള മലയാളമനോരമ ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായിരിക്കുന്ന കാലം. ഞാൻ അന്നു് വടക്കൻ പറവൂർ ഇംഗ്ളീഷ് ഹൈസ്കൂളിൽ ഫിഫ്ത്തു് ഫോമിൽ പഠിക്കുകയായിരുന്നു. വരാപ്പുഴെനിന്നു് പറവൂർക്കു് ബസ്സിൽ വരുമ്പോൾ ഒരു യാത്രക്കാരൻ മനോരമ ആഴ്ചപ്പതിപ്പു് വായിച്ചു് പൊട്ടിച്ചിരിക്കുന്നതു കണ്ടു. ഇ. വി. കൃഷ്ണപിള്ളയുടെ ഹാസ്യലേഖനമായിരിക്കുമെന്നു കരുതി ഞാൻ എത്തിനോക്കി. അതേ ഇ.വി.യുടെ ‘കണ്ടക്ടർകുട്ടി’ വായിച്ചു യാത്രക്കാരൻ ചിരിക്കുകയാണു്. വളരെക്കാലത്തിനു ശേഷം ഞാൻ ഈ സംഭവത്തെക്കുറിച്ചു് ഹാസ്യസാഹിത്യകാരൻ സീതാരാമനോടു പറഞ്ഞു. അപ്പോൾ സീതാരാമൻ അറിയിച്ചു: “കൃഷ്ണൻനായരേ, നിങ്ങൾ ഒന്നും വായിച്ചിട്ടില്ല. ഇ. വി.യുടെ രചനകളെല്ലാം മോഷണങ്ങളാണു്. പബ്ലിക്‍ ലൈബ്രറിയിൽ നമുക്കു പോകാമോ? എന്നാൽ ഇ. വി.യുടെ ഓരോ കഥയുടെയും ഒറിജിനൽ ഞാനെടുത്തു തരാം. ‘സ്പെക്റ്റേയ്റ്റർ’ മാസികകൾ അവിടെ ഒരുമിച്ചു ബൈൻഡ് ചെയ്തു വച്ചിട്ടുണ്ടു്. അതിലുണ്ടു് എല്ലാം”. ഞാനതു വിശ്വസിച്ചോ? എന്തോ?
പി. കെ. പരമേശ്വരൻനായർ ‘പ്രേമ ഗൗതമൻ’ എന്ന പേരിൽ സ്ഥാനത്യാഗം ചെയ്ത എഡ്വേർഡ് രാജാവിനെക്കുറിച്ചു് ചില ലേഖനങ്ങൾ എഴുതി ഇ. വി.യുടെ നിർദ്ദേശമനുസരിച്ചു്. ഒരു ഇംഗ്ലീഷ് പുസ്തകത്തെ അവലംബിച്ചാണു് പരമേശ്വരൻനായർ അവ എഴുതിയതു്. ആ കടപ്പാടു് അദ്ദേഹം കൈയെഴുത്തുപ്രതിയുടെ താഴെ കാണിച്ചിരുന്നു. ഇ. വി. കൃഷ്ണപിള്ള ആ വാക്യം വെട്ടിക്കളഞ്ഞിട്ടു് പരമേശ്വരൻനായരോടു പറഞ്ഞു: “എടാ ഇതൊന്നും വെളിയിൽ പറയരുതു്”. പി. കെ. പരമേശ്വരൻനായർ എന്നോടു പറഞ്ഞതാണിതു്.