സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1984-11-25-ൽ പ്രസിദ്ധീകരിച്ചതു്)

images/Indira_Gandhi.jpg
ഇന്ദിരാ ഗാന്ധി

ഈ നവംബർ ഒന്നാം തീയതി ഇതെഴുതുമ്പോൾ ശ്രീമതി ഇന്ദിരാ ഗാന്ധി യുടെ പ്രത്യക്ഷ ശരീരം തീൻമൂർത്തി ഭവനത്തിൽ ശയിക്കുകയാണു്. അവരെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഓരോ വ്യക്തിയും കണ്ണീരൊഴുക്കിക്കൊണ്ടു് അന്തിമാഭിവാദനം നിർവഹിക്കുകയാണു്. അവിടെ ചെന്നെത്താൻ ആഗ്രഹമുണ്ടെങ്കിലും അതിനു കഴിയാതെ നിസ്സാരനായ ഞാനും കൂപ്പുകൈയോടെ എന്റെ കണ്ണീർ അവരുടെ പാദങ്ങളിൽ വീഴ്ത്തുകയാണു്. ഇന്നലെ കാലത്തു് പത്തുമണിയോടു് അടുപ്പിച്ചു തുടങ്ങിയ ഈ ഹൃദയവേദന ഇതെഴുതുന്ന സന്ദർഭത്തിലും തീക്ഷ്ണമായിരിക്കുന്നു. ഭാരതത്തിലെ ഹൃദയാലുവായ ഓരോ വ്യക്തിക്കും ഈ തീവ്രവേദനയുണ്ടെന്നു് എനിക്കറിയാം.

മരണത്തിന്റെ യവനിക വീണു് ഇന്ദിരാ ഗാന്ധി എന്ന മഹതി അപ്രത്യക്ഷയായിരിക്കുന്ന ഈ സന്ദർഭത്തിൽ അവരുടെ മഹത്ത്വത്തെക്കുറിച്ചൊന്നും എഴുതേണ്ടതില്ല. അത്രയ്ക്കു വിദിതങ്ങളാണു് അവരുടെ മഹത്ത്വവും ഗുണങ്ങളും. നമ്മൾ സ്നേഹിക്കുന്നവരുടെ സ്വാഭാവിക മരണംപോലും നമ്മളെ വല്ലാതെ വേദനിപ്പിക്കും. ക്രൂരതയുടെ രക്തം പുരണ്ട കൈകൾ മഹനീയമായ ജീവിതത്തെ നശിപ്പിക്കുമ്പോൾ നമ്മൾ തളരും. ആ തളർച്ചയും തകർച്ചയുമാണു് നമുക്കു് ഇപ്പോൾ ഉള്ളതു്. പക്ഷേ, അസ്വാഭാവികമരണം നമ്മുടെ സ്നേഹത്തെ വർദ്ധിപ്പിക്കുകയും ചെയ്യും. അങ്ങനെ പ്രിയദർശിനി നമുക്കു സുപ്രിയയായി തീർന്നിരിക്കുന്നു. അവരെ സംബന്ധിച്ച അനർഘങ്ങളായ സ്മരണകൾക്കു കൂടുതൽ അനർഘത്വം വരും. ആ സ്മരണകളിൽ വിലയം കൊണ്ടു നമുക്കു കഴിഞ്ഞുകൂടാം. ഇന്ദിരാ പ്രിയദർശിനീ, ഭവതി അനന്തമായ കാലത്തിന്റെ തേജോമയമായ നിമിഷമാണു്. ആ നിമിഷത്തിന്റെ ഔജ്ജ്വല്യം ഞങ്ങളുടെ അന്ധകാരമയമായ മാർഗ്ഗത്തിൽ പ്രകാശം വീഴ്ത്തട്ടെ.

images/Abraham_Lincoln.jpg
ലിങ്കൺ

തന്റെ മരണത്തെക്കുറിച്ചുള്ള പൂർവബോധം ശ്രീമതി ഇന്ദിരാ ഗാന്ധിക്കു് ഉണ്ടായിരുന്നതായി പത്രത്തിൽ കണ്ടു. ഈ പൂർവജ്ഞാനം പലർക്കും ഉണ്ടായിട്ടുണ്ടു്. മരിക്കുന്നതിനു് കുറച്ചു മുൻപു് ലിങ്കൺ പലപ്പോഴും സ്വപ്നം കണ്ടു താൻ വധിക്കപ്പെടുമെന്നു്. വൈറ്റ്ഹൗസിൽ തന്റെ മൃതദേഹം കിടക്കുന്നതായിട്ടായിരുന്നു ഒരു സ്വപ്നം. മരിച്ച ദിവസം ഉച്ചയ്ക്കു ശേഷം ലിങ്കൺ മറ്റുള്ളവരോടു പറഞ്ഞു തന്നെ അന്നു കൊല്ലുമെന്നു് (കോളിൻ വിൽസൺ, Encyclopaedia of Murder).

മരണത്തിന്റെ പ്രതീകം

മരണത്തെക്കാൾ ഭയജനകമായി, ദുരന്തസ്വഭാവം ആവഹിക്കുന്നതായി പലതുമുണ്ടു്. ദാർശനികനായ ഡോക്ടർ എസ്. രാധാകൃഷ്ണന്റെ അന്ത്യകാലത്തെ കഷ്ടപ്പാടുകളെക്കുറിച്ചു മദ്രാസ്സിലെ ഒരു സുഹൃത്തു് എന്നോടു പറഞ്ഞപ്പോൾ ഈ ലോകത്തു് ആരായി വേണമെങ്കിലും ജനിക്കാം. ഒന്നിലും ഒരർത്ഥവുമില്ല എന്നു് എനിക്കു തോന്നിപ്പോയി. കുട്ടിക്കൃഷ്ണമാരാർ—ജീവിതാസ്തമയത്തിൽ, സത്വഗുണപ്രധാനനായ അദ്ദേഹത്തിനുണ്ടായ ദൗർഭാഗ്യങ്ങൾ ആരെയും കരയിപ്പിക്കുന്നവയാണു്. ഹോമറും മിൽട്ടനും അന്ധരായിരുന്നു. മരണത്തെക്കാൾ യാതനാനിർഭരമാണു് അന്ധത്വം. He is a poet, therefore he is divine എന്ന ബനിഡെറ്റോ ക്രോചേ വാഴ്ത്തിയ ബോദലേർ എന്ന ഫ്രഞ്ചു കവിയുടെ ശബ്ദം ഇല്ലാതെയായി ജീവിതത്തിന്റെ അവസാനത്തോടു് അടുത്തു്. അദ്ദേഹം ശബ്ദനാശത്തിനു മുൻപു് മരിക്കേണ്ടിയിരുന്നു. ഈ ചിന്തകൾ എന്നിലങ്കുരിച്ചതു് ചെറിയാൻ കെ. ചെറിയാൻ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതിയ “ഇടനാഴി” എന്ന കാവ്യകഥ വായിച്ചതുകൊണ്ടാണു്. ചികിത്സയുടെ യാതന അനുഭവിച്ചു് ആശുപത്രിയിൽ കിടക്കുന്ന ഒരു രോഗി പ്ലാസ്മയുടെ സഞ്ചി കുഴലും സൂചിയും ചേർത്തു് വലിച്ചെടുത്തു് ജന്നലിൽക്കൂടി പുറത്തേക്കു് എറിയുന്നു. അതു് മൂന്നു നിലകൾക്കു താഴെ കോൺക്രീറ്റ് തറയിൽ വീണു തകരുന്നതുനോക്കി അയാൾ രസിക്കുന്നു. അപ്പോൾ നീണ്ട വെള്ളിത്താടിയുള്ള ഒരാൾ അവിടെയെത്തി അയാളെ കൂട്ടിക്കൊണ്ടു് നിത്യതയിലൂടെ നടക്കുന്നു. മരണത്തിന്റെ പ്രതീകമാണു് ആ താടിക്കാരൻ. ഭാവാത്മകതയിലൂടെ സത്യദർശനമരുളുന്ന മനോഹരമായ കഥയാണിതു്. വേദനിപ്പിക്കുന്ന സത്യമുണ്ടു്; വേദനിപ്പിക്കാത്ത സത്യവുമുണ്ടു്. നമുക്കു് ഇഷ്ടപ്പെട്ടവരുടെ മരണം വേദനാജനകമാണു്. ആ വേദനയെ കവിയോ കഥാകാരനോ വേണ്ട മട്ടിൽ ചിത്രീകരിക്കുമ്പോൾ വേദനയ്ക്കുള്ള ലൗകികസ്വഭാവം ഇല്ലാതാകുന്നു.

അതിപീഡനം
images/BookOfLists.jpg

The Book of Lists എന്ന ഗ്രന്ഥത്തിൽ വ്യക്തികൾക്കു അതിപീഡ (torture) നല്കുന്ന രാജ്യങ്ങളുടെ പട്ടിക നല്കിയിട്ടുണ്ടു്. ബ്രസീൽ, ചിലി, ഇന്ത്യ, ഇറാൻ, പരാഗ്വേ, ഫിലിപ്പിൻസ്, സ്പെയിൻ, ടർക്കി, ഉഗാണ്ട, ഉറുഗ്വേ ഇവയാണു് ആ രാജ്യങ്ങൾ. കത്തിച്ച സിഗററ്റ്, ആസിഡ് ഇവകൊണ്ടുള്ള പൊള്ളിക്കൽ, ബലാൽസംഗം, ഇരുമ്പുകമ്പി കൊണ്ടുള്ള അടി, മലദ്വാരത്തിലും ജനനേന്ദ്രിയത്തിലും ഇലക്ട്രിക്ക് ഷോക്ക് നൽകൽ, നഖം വലിച്ചെടുക്കൽ, ഏകാന്തത്തടവു് ഇങ്ങനെ പലതും. ഇന്ത്യയെക്കുറിച്ചുള്ള പരാമർശത്തിൽ പ്രതിഷേധിച്ചു് ഞാൻ ഗ്രന്ഥമിറങ്ങിയ കാലത്തു് പ്രസാധകർക്കു് എഴുതിയിരുന്നു. മറുപടി കിട്ടിയില്ല. അവരുടെ ഒരു പ്രതിനിധിയെ ഇവിടെ വച്ചു കണ്ടപ്പോൾ ഞാനതിനെക്കുറിച്ചു സംസാരിച്ചു. They are documented Cases എന്നു മറുപടി നല്കി അയാൾ. സത്യമെന്തുമാകട്ടെ. ഈ മർദ്ദന മുറകളെക്കാൾ ക്രൂരമായിട്ടാണു് സച്ചിദാനന്ദനും ചാത്തനാത്തു് അച്യുതനുണ്ണിയും വായനക്കാരെ പീഡിപ്പിക്കുന്നതു്. കുറെക്കാലമായി ഞാൻ സച്ചിദാനന്ദന്റെ ലേഖനങ്ങൾ വായിക്കുകയാണു്. അടുത്ത കാലത്തു് കലാകൗമുദിയിലും മാതൃഭൂമിയിലും വന്ന അദ്ദേഹത്തിന്റെ ലേഖനങ്ങളും വായിച്ചു. ഒരക്ഷരം പോലും മനസ്സിലായില്ല. വായനയുടെ ഫലമായി യാതന മാത്രം. ഇപ്പോൾ അച്യുതനുണ്ണിയും അദ്ദേഹത്തിന്റെ കൂട്ടുകാരനായി വന്നിരിക്കുന്നു. മാതൃഭൂമിയിൽ അദ്ദേഹമെഴുതിയ കവിതയിലെ പ്രരൂപങ്ങൾ എന്ന പ്രബന്ധം നോക്കുക. ചില വാക്യങ്ങൾ എടുത്തെഴുതാം.

“പ്രത്യക്ഷങ്ങളെല്ലാം സ്വയം അപ്രധാനമായിനിന്നുകൊണ്ടു് പരോക്ഷങ്ങളായ അനേകം പ്രരൂപങ്ങളുടെ സംഘാതമുളവാക്കുന്നു. അനേകമാനമെങ്കിലും കേവലമായ ഈ പ്രരൂപസംഘാതം അപരിമേയമായ അർത്ഥസാധ്യതകളുടെ ആകരമത്രെ. അതുകൊണ്ടുതന്നെ, എല്ലാ ഭൗതിക വ്യക്തിബോധങ്ങളും അദിജ്ഞാനങ്ങളും (Identity) അതിൽ വിലയം കൊള്ളുന്നു. അവിടെ വക്താവും ശ്രോതാവും വേർതിരിച്ചറിയപ്പെടുന്നില്ല.”

ഇതിൽ നിന്നു് എന്തു മനസ്സിലായി? ഇക്കാരണത്താലാണു് ഇവർ രണ്ടുപേരും വായനക്കാരെ ടോർച്ചർ ചെയ്യുന്നുവെന്നു് ഞാൻ പറഞ്ഞതു്. സച്ചിദാനന്ദനെയും അച്യുതനുണ്ണിയെയും എനിക്കു നേരിട്ടറിയാം. സുജനമര്യാദയോടു പെരുമാറുന്ന നല്ല വ്യക്തികൾ. ആ സുജനമര്യാദ രചനകളിൽക്കൂടി അവർ പ്രദർശിപ്പിക്കണമെന്നാണു് എന്റെ അഭ്യർത്ഥന. അർത്ഥനിവേദനം നടക്കുന്നില്ലെങ്കിൽ രചനകൊണ്ടെന്തു പ്രയോജനം?

നെപ്പോളിയനോടു ജോലിക്കു് അപേക്ഷിക്കുമ്പോൾ വിദ്യാഭ്യാസയോഗ്യത നോക്കിയല്ല അദ്ദേഹം ജോലി കൊടുത്തിരുന്നതു്. “അയാൾ വല്ലതുമെഴുതിയിട്ടുണ്ടോ? ഉണ്ടെങ്കിൽ അയാളുടെ ശൈലി ഏതുവിധത്തിലുള്ളതാണെന്നു് ഞാൻ കാണട്ടെ” എന്നു് അദ്ദേഹം പറഞ്ഞിരുന്നു. നല്ല ശൈലി കഴിവിന്റെ, സ്വഭാവദാർഢ്യത്തിന്റെ ഫലമാണെന്നു നെപ്പോളിയൻ കരുതി. ഇന്നു വാരികകളിലെഴുതുന്ന പലരും നെപ്പോളിയന്റെ കാലത്താണു് ജിവിച്ചതെങ്കിൽ? ഒരു ജോലിയും അവർക്കു കിട്ടുമായിരുന്നില്ല. മാത്രമല്ല ദ്യുക്ക് ദാങ്ഗ്യയങ്ങിനു് വന്ന ദുരന്തം അവരെസ്സംബന്ധിച്ചും ഉണ്ടാകുമായിരുന്നു. (dud d’ Enghien)—ഈ പ്രഭുവിനെ വീട്ടിൽനിന്നു തട്ടിക്കൊണ്ടുവന്നു് ഏതാനും മണിക്കൂറിനകം സൈനിക കോടതിയിൽ വിചാരണ ചെയ്തു. എന്നിട്ടു് വധിച്ചു കളഞ്ഞു. (ടോൾസ്റ്റോയി യുടെ War and Peace-ൽ ഈ സംഭവത്തിന്റെ പരാമർശം ഉണ്ടു്.)

ഹാസ്യലഹരി

സുന്ദരമായ ഹാസ്യകവിതയാണു് വി. എ. കേശവൻ നമ്പൂതിരിയുടെ “ഗംഗാലഹരി” (കുങ്കുമം വാരിക). ഗ്രാമത്തിൽ താമസിച്ച കാലത്തു് പൂന്തെളിവെള്ളത്തിൽ നീന്തിക്കുളിച്ച കവി ഇപ്പോൾ പട്ടണത്തിലാണു് വാസം. ഇവിടെ കൈതോന്നി എണ്ണ തലയിലും പിണ്ഡതൈലം മേലിലും തേച്ചു് ഷൗവറിന്റെ താഴത്തു നില്ക്കുകയാണു് അദ്ദേഹം. പക്ഷേ, പട്ടണമല്ലേ? വെള്ളംകിട്ടുന്നില്ല. പൈപ്പു് വെള്ളത്തെ ഗംഗയായി സങ്കല്പിച്ചു് അദ്ദേഹം ആഹ്വാനം ചെയ്യുന്നു:

ഗംഗേ വരിക വരിക!-

ഞാൻ പൈപ്പിന്റെ

സംഗമത്തിൽ സ്നാന-

ലോലനായ് നില്ക്കയാം

നിന്നെത്തലയിലെ-

ടുത്തു ലാളിക്കുവാൻ

നിന്നെപ്പുണരുവാൻ,

നിന്നിൽ മുഴുകുവാൻ

ഭിന്നരാകുന്നു നാമെന്ന ഭേദംവരാ-

തൊന്നാകുവാ, നലിഞ്ഞി-

ല്ലാതെയാകുവാൻ

സന്നതാംഗീ, കൊതിക്കു-

ന്നുഞാൻ; വൈകാതെ

വന്നാലു, മൂഴിയിൽ

സ്വർഗ്ഗം രചിക്കുവാൻ,

ആഹ്വാനം കേട്ടിട്ടും കുഴൽവെള്ളമാകുന്ന ഗംഗ എത്തുന്നില്ല. അപ്പോൾ ശിവനായി നില്ക്കുന്ന കവി വീണ്ടും വിളിക്കുന്നു!

കുന്നിൻ മകൾ കണ്ടുപോ-

മെന്നു ചിന്തിച്ചു

കുന്നിച്ച ലജ്ജയാൽ-

ചൂളിയിരിക്കയോ

നിന്നെജ്ജടയിലൊ-

ളിപ്പിച്ചിടാമിവ-

നൊന്നു വരികെന്റെ

സൗന്ദര്യനിർഝരീ!

എന്തൊരന്തസ്സുള്ള ഫലിതം മനുഷ്യനിലും അവന്റെ സമുദായത്തിലും തൊട്ടു നില്ക്കുന്ന കവിത. ഇതിനൊരു മൃദുത്വമുണ്ടു്. മനോഹാരിതയുണ്ടു്. കലയുടെ ചട്ടക്കൂട്ടിലൊതുങ്ങിയ സമൂഹ പരിഷ്കരണ സ്വഭാവമുണ്ടു്. “നെല്ലിൻപാടങ്ങളിൽക്കൂടി വളഞ്ഞൊഴുകുന്ന” ആറുകളെ കണ്ടാലുണ്ടാകുന്ന ഉൾക്കുളിരു്.

ചില വാക്യങ്ങളിലൂടെ സമൂഹവിമർശനം നടത്താൻ എനിക്കും കൊതി:

  1. ജീവിതകാലമത്രയും അമ്മയെ നിന്ദിച്ചവൾ അവരുടെ മരണത്തിനു ശേഷം വീടു വച്ചു് അവരുടെ പേരിടുന്നു—ലക്ഷ്മീനിലയം, കമലാലയം, വിജയനിലയം.
  2. അച്ഛന്റെ ജീവിതകാലമത്രയും അദ്ദേഹത്തെ നിന്ദിച്ച മകൻ അദ്ദേഹത്തിന്റെ മരണത്തിനു ശേഷം ഫോട്ടോ എൻലാർജ് ചെയ്തു വച്ചു ദിവസവും പത്തു പൈസയുടെ പിച്ചിപ്പൂമാല അതിൽ ചാർത്തുന്നു.
  3. നെട്ടയത്തേക്കുള്ള അവസാനത്തെ ബസ്സ് അധികം യാത്രക്കാരില്ലാതെ പോകുമ്പോൾ ബസ്സ്സ്റ്റോപ്പിൽ വച്ചു് അതിൽ ഓടിക്കയറാൻ ശ്രമിക്കുന്ന പാവത്തിനോടു് കണ്ടക്ടർ “പിറകെ മറ്റൊരു നെട്ടയം ബസ്സ് ഒഴിഞ്ഞു വരുന്നു. അതിൽ വരാം” എന്നു മൊഴിയുന്നു.
  4. കേരളത്തിലാകെയും ഇന്ത്യയിൽ ചിലയിടങ്ങളിലും പ്രസിദ്ധനായ സാഹിത്യകാരൻ മരിക്കുന്നു. മൃതദേഹം ബഹുജനദർശനത്തിനു് പൊതുസ്ഥാപനത്തിൽ കിടത്തിയിരിക്കുന്നു. അദ്ദേഹത്തിന്റെ മകൾ പട്ടുവസ്ത്രങ്ങളിൽ ശരീരം കടത്തി തോട പോലുള്ള കമ്മലുകൾ ഇട്ടു്, സിന്ദൂരപ്പൊട്ടു ചാർത്തി, പൗഡറണിഞ്ഞു് ആ മൃതദേഹത്തിനടുത്തു് ഇരിക്കുന്നു.
  5. എം.എൽ.എമാരെ നേർവഴിക്കു നടത്താനായി ധർണയ്ക്കുവന്ന സന്മാർഗ്ഗനിരതൻ വെറും നേരമ്പോക്കിനു വേണ്ടി അദ്ദേഹത്തെ ഒന്നു കളിയാക്കിയ വാരികയേയും ആ കളിയാക്കൽ നന്നായി എന്നു പറഞ്ഞ ഒരെഴുത്തുകാരനെയും അസഭ്യങ്ങളിൽ കുളിപ്പിക്കുന്നു.
  6. ഡോക്ടറെ കാണാനുള്ള തന്റെ ഊഴം എത്തിയെന്നു വിചാരിച്ചു രോഗി സന്തോഷത്തോടെ എഴുന്നേല്ക്കുമ്പോൾ അയാളെ തട്ടിമാറ്റിക്കൊണ്ടു് മെഡിക്കൽ റെപ്രസെന്റേറ്റീവ് കനത്ത ബാഗുമായി ഡോക്ടറുടെ മുറിയിലേക്കു കയറിപ്പോകുന്നു.
പ്രായംകൂടിയവൻ നിന്ദ്യൻ

മലയാളം ഐച്ഛികവിഷയമായി സ്വീകരിച്ചു് കഷ്ടിച്ചു സെക്കൻഡ് ക്ലാസ്സിൽ ബി. എ. ജയിച്ചതിനു ശേഷം പലതവണ റോഡിൽ നിന്നു കോളേജിലേക്കും കോളേജിൽ നിന്നു റോഡിലേക്കും യഥാക്രമം കയറിയും ഇറങ്ങിയും നടന്നു് എം. എ. ക്ലാസ്സിൽ അഡ്മിഷൻ നേടുന്ന ചില പയ്യന്മാരുണ്ടു്. തഴക്കവും പഴക്കവും ഉള്ള പ്രായം കൂടിയ അദ്ധ്യാപകർ അവരെ പഠിപ്പിക്കാൻ ക്ലാസ്സിലെത്തിയാൽ ആ അല്പജ്ഞരായ പിള്ളേർ അവരെ പുച്ഛിച്ചു നോക്കുന്ന പതിവുണ്ടു്. “പഠിപ്പിക്കാൻ വന്നിരിക്കുന്നു, ഇയാൾക്കെന്തറിയാം. എനിക്ക് അറിയാവുന്നതിന്റെ ആയിരത്തിലൊരംശം പോലും ഈ ഏഭ്യനു് അറിഞ്ഞുകൂടാ” എന്നു് അവർ നോട്ടം കൊണ്ടു ധ്വനിപ്പിച്ചു കളയും. ഇതു കോളേജിൽ മാത്രമല്ല കാണുക. ജൂനിയർ വക്കീൽ സീനിയർ വക്കീലിനെ പുച്ഛിക്കുന്നു. പത്രമാപ്പീസിലെ ടേബിളുകാരൻ ഡസ്ക്കുകാരനെ പുച്ഛിക്കുന്നു. (ടെക്‍നിക്കൽ വാക്കിന്റെ പ്രയോഗം ശരിയാണോ എന്തോ?) ഇൻറ്റേൺ (ആശുപത്രിയിൽ താമസിച്ചു ചികിത്സയിൽ പരിശീലനം നേടുന്നവൻ) സീനിയർ ഡോക്ടറെ പുച്ഛിക്കുന്നു. സീനിയർ ഡോക്ടർ അയാളുടെ മേലുദ്യോഗസ്ഥനെ പുച്ഛിക്കുന്നു. സന്ന്യാസി മഠങ്ങളിലുമുണ്ടു് ഈ കൊള്ളരുതായ്മയുടെ വിളയാട്ടം. ഏറ്റവും പ്രായം കുറഞ്ഞ സന്ന്യാസിക്കു് മഠാധിപതിയെ പുച്ഛമാണു്. ജൂനിയർ ഡോക്ടർമാർക്കുള്ള ഈ മനോഭാവത്തെ കലാചാതുരി കലർത്തി പരിഹസിക്കുന്ന ഒരു കഥയുണ്ടു് കുങ്കുമം വാരികയിൽ; സുജാതയുടെ ‘അരവൈദ്യൻ’ (മുറിവൈദ്യൻ എന്ന പേരു കുറെക്കൂടി മെച്ചപ്പെട്ടതാണു്). ചെറുപ്പക്കാരൻ ഡോക്ടർ തന്നെ ശാസിക്കുന്ന വയസ്സൻ ഡോക്ടറെ പുച്ഛിക്കുന്നു, അപവദിക്കുന്നു. പക്ഷേ പാമ്പുകടിയേറ്റു് ആശുപത്രിയിലെത്തിയ ഒരു യുവാവിനെ ആ ചെറുപ്പക്കാരൻ ഡേക്ടറുടെ അശ്രദ്ധയും അപ്രഗത്ഭതയും മരണത്തിലേക്കു തള്ളി വിടുന്നു. അപ്പോഴും പ്രായം കൂടിയ ഡോക്ടർ തന്റെ ജൂനിയറെ രോഗിയുടെ ബന്ധുക്കൾ നടത്താവുന്ന ആക്രമണത്തിൽ നിന്നു രക്ഷിക്കുന്നു. “വിലകൂടും വാർദ്ധകത്തൂവെള്ളിക്കു യൗവനത്തങ്കത്തെക്കാൾ”. പ്രതിപാദ്യ വിഷയത്തിനു യോജിച്ച ശൈലിയാണു സുജാതയുടേതു്. ആഖ്യാനവും ജലത്തിൽ വീണ നിലാവു പോലെ അതിനെ തേജോമയമാക്കുന്ന നർമ്മബോധവും ഒന്നാന്തരം.

ഡോക്ടർമാർ വായിക്കേണ്ട ചില പുസ്തകങ്ങൾ: (1) ആക്സൽ മുന്തേ യുടെ ആത്മകഥ; സാൻമീക്കേലീ (San Michele), (2) ഓസ്ട്രിയൻ സോഷ്യൽ ക്രിട്ടിക് ഐവാൻ ഇലീച്ചി ന്റെ Limits to Medicine, (3) എഫ് കാപ്ര യുടെ The Turning Point എന്ന പുസ്തകത്തിൽ മെഡിസിനെക്കുറിച്ചുള്ള അദ്ധ്യായം, (4) The Lives of a cell, The Medusa and the Snail ഈ ഗ്രന്ഥങ്ങളെഴുതി വിശ്വവിഖ്യാതനായ എൽ. തോമസി ന്റെ (Lewis Thomas) ആത്മകഥ (The Youngest Science എന്നു പേരു്).

1, 2, 3, 4.

ഫ്ളാഷ് ലൈറ്റിൽ പുതിയ ബാറ്ററിയിട്ടു സ്വിച്ചമർത്തിയാൽ ഇരുട്ടത്തു ഭൂവിഭാഗം തെളിഞ്ഞു കാണാം. ബാറ്ററിയുടെ ശക്തി ക്ഷയിച്ചു വരുന്തോറും പ്രകാശം ചെന്നു വീഴുന്ന ഭാഗങ്ങൾ അസ്പഷ്ടങ്ങളായി കാണപ്പെടും. കെ. ജയചന്ദ്രന്റെ കഥയാകുന്ന ഫ്ളാഷ് ലൈറ്റിലെ ബാറ്ററി എപ്പോഴും ശക്തി കുറഞ്ഞതാണു്. അതിനാൽ അദ്ദേഹം കാണിച്ചു തരുന്ന ഭൂവിഭാഗങ്ങൾ അവ്യക്തങ്ങളാണു്. കലാകൗമുദിയിലെ “അയനം” എന്ന ചെറുകഥയുടെ സ്ഥിതിയും വിഭിന്നമല്ല. തീവണ്ടിയോടിക്കുന്ന അച്ഛൻ ഒരിക്കലും വീട്ടിൽ വരാത്തതിനെച്ചൊല്ലിയുള്ള മകന്റെ പരിദേവനമെന്നട്ടിൽ രചിക്കപ്പെട്ട ഇക്കഥയിലെ സിംബലിസം വ്യക്തമല്ല. ആഖ്യാനത്തിൽ അവശ്യം ഉണ്ടായിരിക്കേണ്ട ബന്ധദാർഢ്യം ഇതിലില്ല. കഥയുടെ അന്തരീക്ഷമില്ല. സ്വഭാവചിത്രീകരണമില്ല. ഭാവശില്പമില്ല. ചുരുക്കത്തിൽ ഒന്നുമില്ല. ഒരു ‘കൺഫ്യൂസ്ഡ് മൈൻഡാ’ണു് ഇതിൽ പ്രതിഫലിക്കുക. റഷ്യൻ സാഹിത്യകാരനായ എ. പി. പ്ലേറ്റോനോവ് Fierce, Fine World എന്നൊരു ചെറുകഥ എഴുതിയിട്ടുണ്ടു്. തീവണ്ടിയോടിക്കുന്നവന്റെ കഥയാണതു്. ജയചന്ദ്രൻ അതൊന്നു വായിച്ചു നോക്കിയാൽ കഥയുടെ ടോർച്ച് അന്ധകാരത്തിലാണ്ട വസ്തുക്കൾക്കും വസ്തുതകൾക്കും ജീവൻ നല്കുന്നതെങ്ങനെയെന്നു് ഗ്രഹിക്കാൻ കഴിയും. ഋജുതയാർന്ന ആഖ്യാനത്തിൽ 1, 2, 3, 4, 5 എന്ന ക്രമത്തിലാണു് കഥ മുന്നോട്ടു പോകുന്നതു്. ജയചന്ദ്രൻ 1 1/2, 8/128, 4, 100/28 എന്ന മട്ടിലാണു് കഥയെഴുതുന്നതു്. ഫലം വായനക്കാരനു ചിന്താക്കുഴപ്പവും തലവേദനയും.

ഈറ്റാലോ കാൽവീനോ നോബൽ സമ്മാനത്തിനു് അർഹതയുള്ള ഇറ്റാലിയൻ സാഹിത്യകാരനാണു്. അദ്ദേഹത്തിന്റെ A Judgement എന്ന കഥ യഥാസംഖ്യമായ ക്രമത്തിനു് ഉദാഹരണമായി നല്കാം. ക്ലെറീചീ ജഡ്ജിയുടെ വിധികൾ ജനങ്ങളെ ക്ഷോഭിപ്പിച്ചിരുന്നു. ആളുകൾ തന്നെ വെറുക്കുന്നുവെന്നു ജഡ്ജിയും മനസ്സിലാക്കിയിരുന്നു. താൻ തികഞ്ഞ ന്യായബോധത്തോടെയാണു് വിധികൾ പ്രസ്താവിക്കുന്നതെന്നു് ഉറച്ചു വിശ്വസിച്ച ജഡ്ജി ഇറ്റലിയിലെ ജനങ്ങളെ വെറുത്തു, പുച്ഛിച്ചു. ഇക്കൂട്ടർ ജനിക്കാതിരുന്നെങ്കിൽ എന്നേ അദ്ദേഹം വിചാരിച്ചുള്ളു. അന്നും ജഡ്ജി കോടതിയിലെത്തി. കഴിഞ്ഞ കാലത്തെ പല തവണയായി ഉണ്ടായ കാലത്തെ ബോംബേറു കൊണ്ടു് തകർന്ന കോടതിക്കെട്ടിടം. ജനക്കൂട്ടം ബഹളംകൂട്ടി തള്ളിക്കയറുമായിരുന്നു അതിനകത്തേക്കു്. പക്ഷേ, അന്നു് എല്ലാവരും നിശ്ശബ്ദർ. ഒരു മുദ്രാവാക്യം പോലും മുഴങ്ങിയില്ല. വിചാരണ തുടങ്ങി. ഭവനഭേദനം നടത്തിയവരുടെ നേർക്കുള്ള കുറ്റാരോപണമല്ല; വിചാരണയുമല്ല. ഇറ്റലിക്കാരെ യുദ്ധത്തിൽ പിടികൂടി വെടി വച്ചു കൊന്ന ചിലരെയാണു് അന്നു വിചാരണ ചെയ്യുന്നതു്. നിയമം! കറുത്തതിനെ വെളുത്തതും വെളുത്തതിനെ കറുത്തതുമാക്കാൻ കഴിവുള്ളതാണതു്. എല്ലാ കുറ്റക്കാരെയും വെറുതെ വിട്ടുകൊണ്ടു് ജഡ്ജി വിധി പ്രസ്താവിച്ചു.

മറ്റൊരു കുറ്റക്കാരൻ പ്രതിക്കൂട്ടിൽ നില്ക്കുകയാണു്: “അവൻതന്നെ… എന്റെ കണ്ണു കൊണ്ടു കണ്ടതാണു്… എടാ പന്നി…” എന്നു് ഒരാൾ വിളിക്കുന്നു. കുറ്റക്കാരൻ ശാന്തനായി നിന്നു. ആ ശാന്തത കണ്ടു് ജഡ്ജിക്കു് അയാളോടു് അസൂയ തോന്നി. വിചാരണ നടന്നുകൊണ്ടിരിക്കുമ്പോൾ ഒരുത്തൻ കയറു കൊണ്ടു വന്നു് അതിന്റെ ചുരുളഴിക്കുന്നതു് അദ്ദേഹം കണ്ടു. കയറെന്തിനു് ഇവിടെ? പെട്ടെന്നു് മുളകൾ കൊണ്ടുണ്ടാക്കിയ ഗ്യാലോസ് – തൂക്കുമരം – ഉയർന്നു. അതിൽ കുരുക്കിട്ട കയറും. ജഡ്ജി വിചാരിച്ചു. “വിവരം കെട്ട മണ്ടന്മാർ. അവർ വിചാരിക്കുന്നുണ്ടാവും കുറ്റക്കാരനെ തൂക്കിക്കൊല്ലുമെന്നു്. ഞാൻ കാണിച്ചു കൊടുക്കാം അവർക്കു്”. കോടതിയിലെ ക്ലാർക്കു് ജഡ്ജിയുടെ മുൻപിൽ എഴുതിയ കടലാസ്സുകൾ കൊണ്ടു വച്ചു. അദ്ദേഹം ഒപ്പിട്ടു. ഒരു കടലാസ്സിന്റെ താഴത്തെ അറ്റം മാത്രമേ ക്ലാർക്കു് ഒപ്പിടാൻ വേണ്ടി കാണിച്ചു കൊടുത്തുള്ളൂ. ജഡ്ജി അതിലും ഒപ്പിട്ടു. ആ ഒപ്പിനു മുകളിലായി ഇങ്ങനെ: “കെറീചി ജഡ്ജി വളരെക്കാലമായി പാവപ്പെട്ട ഇറ്റലിക്കാരെ അപമാനിക്കുകയും നിന്ദിക്കുകയും ചെയ്യുന്നതുകൊണ്ടു് അയാൾ പട്ടിയെപ്പോലെ ചാകാൻ വിധിക്കപ്പെട്ടിരിക്കുന്നു”. രണ്ടു പൊലീസുകാർ അദ്ദേഹത്തിന്റെ അടുത്തുവന്നു തൊടാതെ “വരൂ” എന്നു വിളിച്ചു. “ആ തൂക്കുമരത്തിൽ കയറൂ. കുരുക്കിൽ കഴുത്തിട്ടു. ഇനി സ്റ്റൂളിനു് ഒരു തട്ടുകൊടുക്കു്” എന്നു് അവർ ആജ്ഞാപിച്ചു. ജഡ്ജി സ്റ്റൂൾ തട്ടിയിട്ടു. കയറു കഴുത്തിൽ മുറുകി. തൊണ്ടയടഞ്ഞു. കണ്ണുകൾ തള്ളി… ഇരുട്ടിനു കനം കൂടിക്കൂടി വന്നു. കോടതി മുറ്റം വിജനമായി. ജഡ്ജി മരിക്കുന്നതു പോലും കാണാൻ ആരും ചെന്നില്ല.

തകർന്ന ഇറ്റലിയുടെ ചിത്രമാകെ ഇതിലുണ്ടു്. എന്നാൽ അതു കാണിക്കാനല്ല ഞാൻ ഈ സംഗ്രഹം നല്കിയതു്. ന്യൂമറിക്കൽ ഓർഡർ—സംഖ്യയനുസരിച്ചുള്ള ക്രമാനുഗതമായ ആഖ്യാനം കഥയ്ക്കു എങ്ങനെ ഉജ്ജ്വലത നല്കും എന്നതു് വ്യക്തമാക്കാനാണു്.

പഴയ വിഷയം

ആർതറിന്റെ കൈ നോക്കി ഹസ്തരേഖാശാസ്ത്രജ്ഞൻ പറഞ്ഞു അയാൾ കൊലപാതകം ചെയ്യുമെന്നു്. ആ ഹസ്തരേഖാ ശാസ്ത്രജ്ഞനെ ആർതർ തെംസ് നദിയിൽ തള്ളിയിട്ടു കൊന്നു. ഇതാണു് ഓസ്കർ വൈൽഡ് എഴുതിയ ഒരു കഥയുടെ സാരം. രാജാവു് ഏതാനും ദിവസങ്ങൾക്കകം മരിക്കുമെന്നു് ജ്യോത്സ്യൻ പറഞ്ഞപ്പോൾ അയാൾക്കു് എത്ര കാലം ജീവിതമുണ്ടെന്നു് രാജാവു് ചോദിച്ചു. താൻ ദീർഘ കാലം ജീവിച്ചിരിക്കുമെന്നു് ജ്യോത്സ്യന്റെ മറുപടി. രാജാവു് വാളുകൊണ്ടു് അയാളുടെ കഴുത്തു കണ്ടിച്ചു തല താഴെ വീഴ്ത്തി. ജ്യോത്സ്യം തെറ്റാണെന്നു തെളിഞ്ഞു. ഇങ്ങനെ എത്രയെത്ര കഥകൾ. ഈ പഴയ വിഷയം തന്നെയാണു് എം. സി. രാജനാരായണൻ ചെറുകഥയാക്കിയിരിക്കുന്നതു്. വിമല എന്ന കൈനോട്ടക്കാരി മിറാൻഡയുടെ കൈ നോക്കി പറയുന്നു അവൾ ഉടനെ മരിക്കുമെന്നു്. എന്നാൽ വിമല അന്നു തന്നെ കാറപകടത്തിൽ മരിച്ചു. (ജനയുഗം വാരികയിലെ ‘നിറങ്ങൾ’ എന്ന കഥ. വാരിക കൈയിലില്ല. വായിച്ച ഓർമ്മയിൽ നിന്നെഴുതുന്നതു്.) ഇമ്മട്ടിൽ കഥയെഴുതുന്നതിന്റെ പ്രയോജനം എന്താണാവോ? പ്രതിഫലത്തെ ലക്ഷ്യമാക്കിയാണോ? എങ്കിൽ ഇതിനെക്കാൾ മാന്യമായ എന്തെല്ലാം വേറെയുണ്ടു്!

ധർമ്മച്യുതി
images/KMTharakan.jpg
കെ. എം. തരകൻ

കാര്യഗുരുതയുള്ള ഒരു വിഷയത്തെക്കുറിച്ചാണു് പ്രൊഫസർ കെ. എം. തരകൻ മനോരമ ആഴ്ചപ്പതിപ്പിൽ ഉപന്യസിക്കുന്നതു്. “ഇടിച്ചു തള്ളാതെയും കാലു പിടിക്കാതെയും കാലു വാരാതെയും കൂട്ടം കൂടാതെയും ധർണ നടത്താതെയും ജാഥയിൽ ചേരാതെയും” ഒരാൾക്കും ഒന്നും നേടാൻ കഴിയാത്ത രാജ്യമല്ലേ ഇതു് ? എന്നു് അദ്ദേഹം ചോദിക്കുന്നു. തുടർന്നു പറയുന്നു: “നിങ്ങൾ ഞെട്ടുന്നു ആ ഞെട്ടലുണ്ടല്ലോ അതും വ്യാജമാണു്” സത്യം സത്യമായി ആവിഷ്കരിക്കുമ്പോൾ ഉണ്ടാകുന്ന ശക്തിയാണു് ഈ വാക്യങ്ങൾക്കു്.

ധർമ്മച്യുതിയുടെ നേർക്കാണു് പ്രൊഫസറുടെ ഉപാലംഭം. അതു ശരിയാണു താനും. കലയിലെ അപമാനവീകരണവും മൂല്യധ്വംസനവും ജനസംഖ്യാവർദ്ധനയും ഇതിന്റെ കാരണങ്ങളാണു്. ജനസംഖ്യ വർദ്ധിച്ചതുകൊണ്ടു് ലഭ്യങ്ങളായ സാമ്പദിക വിഭവങ്ങളിൽ സമ്മർദ്ദം ഉണ്ടാകുന്നു. വിഭവങ്ങൾ പരിമിതങ്ങളായതുകൊണ്ടു ഇടിച്ചു തള്ളലും കാലു പിടിക്കലും കാലു വാരലും ഉണ്ടാകുന്നു. സാഹിത്യത്തിലെ അപമാനവീകരണം. ചലച്ചിത്രങ്ങളിലെ സെക്സ്, സമൂഹത്തിലെവിടെയും ഉള്ള മൂല്യധ്വംസനം ഇവ മനുഷ്യത്വത്തെ നശിപ്പിക്കുന്നു. എനിക്കും പ്രൊഫസർ തരകനും ഇതിൽ നിന്നു് ഒഴിഞ്ഞുനില്ക്കാനാവില്ല. പ്രൊഫസർ തരകൻ എന്റെ സാഹിത്യ രചനകളെ വിമർശിച്ചിട്ടുണ്ടെങ്കിൽ ഞാനതു് അംഗീകരിക്കാതെ അദ്ദേഹത്തെ തേജോവധം ചെയ്യാൻ ശ്രമിക്കും. ഞാൻ ഒരു ത്രൈമാസികത്തിന്റെ അധിപരാണെങ്കിൽ ധിഷണാജീവിതം നയിക്കുന്ന അദ്ദേഹത്തോടു് ലേഖനം ചോദിക്കില്ല. സകല അണ്ടന്മാരുടെയും അടകോടന്മാരുടെയും ലേഖനങ്ങൾ ചോദിച്ചു വാങ്ങി, അതിൽ പ്രസിദ്ധപ്പെടുത്തും. അങ്ങനെ അദ്ദേഹത്തെ അപമാനിക്കും. എന്നിട്ടു് ഞാൻ യോഗ്യനായി ഭാവിക്കുകയും ചെയ്യും. ലോകഗതി ഇതാണു്. കാലികമായി പ്രാധാന്യമുള്ള വിഷയത്തെക്കുറിച്ചു് എഴുതിയ പ്രൊഫസർ അഭിനന്ദനമർഹിക്കുന്നു.

നവംബർ മൂന്നു്. സമയം അഞ്ചു മണി. ഭാരതീയർ ഹൃദയം പൊട്ടുന്ന മട്ടിൽ നിലവിളിക്കുമ്പോൾ ഹുതാശനൻ ഭാരതത്തിന്റെ ധീരയായ സന്താനത്തിന്റെ നിശ്ചേതനമായ പ്രത്യക്ഷ ശരീരത്തെതന്നിലേക്കു ആവാഹിക്കുകയാണു്. ഇന്ദിരാ പ്രിയദർശിനീ, മൂകമായ കാലം ഭവതിക്കു് അനുകൂലമായ വിധിനിർണ്ണയമേ നടത്തൂ. ഭവതി അത്രയ്ക്കു സമാരാദ്ധ്യയും സുപ്രിയയും ആണല്ലോ. പക്ഷേ, ഹതഭാഗ്യരായ ഞങ്ങളുടെ കണ്ണീർ ഒരിക്കലും തോരുകയില്ല.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1984-11-25.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 31, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: Anupa Ann Joseph; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.