സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1984-12-16-ൽ പ്രസിദ്ധീകരിച്ചതു്)

പുതിയ മാർത്താണ്ഡവർമ്മ

ഈ കഥയുടെ ആരംഭത്തിൽ പ്രസ്താവിക്കപ്പെടുന്ന സംഗതികൾ ഒരു വനപ്രദേശത്താണു നടന്നതു്. വനപ്രദേശമെന്നു പറഞ്ഞതുകൊണ്ടു് ‘ഝില്ലിഝങ്കാരനാദമണ്ഡിത’മായും ‘സിംഹവ്യാഘ്രശല്യാദിമൃഗഗണനിഷേവിത’മായും ഉള്ള ഒരു ഘോരവിപിനം എന്നു വായനക്കാർ വിചാരിച്ചുപോകരുതു്. ചെറുതായ കാവ്യവൃക്ഷങ്ങളും കഥാമുൾച്ചെടികളും നിറഞ്ഞ കുമാരിവാരിക പ്രദേശമെന്നേ ഗ്രഹിക്കാനുള്ളൂ. അന്യകാവ്യപാദപങ്ങളേയും കഥാസസ്യങ്ങളേയും അവിടെ വാഴിച്ചുകൂടെന്നുള്ള മാൽസര്യംകൊണ്ടെന്നു തോന്നിക്കുംവണ്ണം ‘ആത്മരോദനം’ എന്ന ഒരുവക മുൾച്ചെടി ഉൾമദത്തോടുകൂടി മൂന്നു സെന്റോളം വളഞ്ഞു തിക്കിത്തിരക്കി നിൽക്കുന്നു. ഈ കാട്ടിന്റെ മദ്ധ്യത്തിൽക്കൂടിയുള്ള മാർഗ്ഗത്തിൽ ഒരു ഛായ കാണപ്പെടുന്നു. സമീപവീക്ഷണത്തിനു ദൃശ്യമാകുന്നതു് അതിഘോരമായുള്ള കാഴ്ചയാണു്. മാർദ്ദവം എന്നതറിഞ്ഞിട്ടില്ലാത്ത നിലത്തു് തന്റെ ദേഹത്തിൽനിന്നു പ്രവഹിച്ചതായ കടുനിണത്തിൽ മഗ്നയായിട്ടു് ദിവ്യരൂപിണിയായ ഒരു സ്ത്രീ മരണവേദനകൊണ്ടു കൈകാലുകൾ നിലത്തടിച്ചും “അയ്യോ ചെക്കോവേ, മോപസാങ്ങേ, ഉറൂബേ, ബഷീറേ, തകഴിയേ, ദേവേ” എന്നിങ്ങനെയെല്ലാം അതിദയനീയമാംവണ്ണം ഇടയ്ക്കിടെ ആർത്തസ്വരത്തിൽ വിളിച്ചും ശ്വാസംമുട്ടി ചിലപ്പോൾ ഭൂമിയിൽനിന്നു പൊങ്ങി വീണ്ടും പതിച്ചും ചരമ പ്രാന്തസ്ഥയായി കിടക്കുന്നു. തന്നെ ഇത്തരത്തിലാക്കിയ ആളിന്റെ പേർ ഉച്ചരിക്കുന്നതിനു ശ്രമിച്ചതിൽ ‘ഡോ’ എന്ന അക്ഷരം മാത്രം കഷ്ടിച്ചു ചുണ്ടുകളിൽനിന്നു പുറപ്പെടുന്നു. സകല ചലനവും നിൽക്കുന്നു. രതിസമാനയായ ആ യുവതി ചരമഗതിക്കു സന്നദ്ധയാകുന്നു.

images/KodungallurKunjikkuttanThampuran.jpg
കുഞ്ഞിക്കുട്ടൻ തമ്പുരാൻ

മാർത്താണ്ഡവർമ്മ’ എന്ന ആഖ്യായികയുടെ ഒന്നാമദ്ധ്യായം ഇവിടെ തീരുന്നു. പരിണാമഗുപ്തിയിൽ സി. വി. രാമൻപിള്ള യ്ക്കു താല്പര്യമുണ്ടെങ്കിലും എനിക്കില്ല. അതുകൊണ്ടു് അനുബന്ധം: വെട്ടുകൊണ്ടുകിടന്നതു കൈരളിയാണു്. അവൾ ഉച്ചരിച്ച പേർ ഡോക്ടർ ജയകുമാരി പദ്മജൻ എന്നാണു്. ചെക്കോവിനേയും മറ്റും കൈരളി വിളിച്ചെങ്കിലും ആരും വന്നില്ല. നെടിയ ശൂലങ്ങളും വസ്ത്രങ്ങളും കൊണ്ടെത്തിയവർ നിരൂപകരായിരുന്നു. അവർ അവകൊണ്ടുണ്ടാക്കിയ മഞ്ചലിൽ സ്കന്ധങ്ങളിൽ വഹിച്ചുകൊണ്ടു നടന്നുപോയി. വല്ല പട്ടാണിപ്പാളയത്തിലും അവൾ ഇപ്പോൾ കിടക്കുകയാവും. അവളുടെ മുറിവുകൾ വേഗം ഉണങ്ങട്ടെ.

നിർവ്വചനങ്ങൾ
ഉള്ളൂർ പരമേശ്വരയ്യർ:
കവിത സ്വാഭാവികമായി ഉണ്ടാകേണ്ടതല്ല, മനുഫാക്ചർ ചെയ്യപ്പെടേണ്ടതാണെന്നു തെളിയിച്ച ആൾ.
ജി. ശങ്കരക്കുറുപ്പു്:
നല്ല കവിതയെഴുതിയതുകൊണ്ടു് സ്വർഗ്ഗത്തിലിരിക്കുകയാണെങ്കിലും ഭൂമിയിൽ കഴിഞ്ഞുകൂടിയകാലത്തു് ഡയറി എഴുതിപ്പോയതുകൊണ്ടാണല്ലോ ആത്മകഥ വാരികയിൽ വരുന്നതെന്നു വിചാരിച്ചു ദുഃഖിക്കുന്ന വ്യക്തി.
ചങ്ങമ്പുഴ:
എനിക്കറിയാവുന്ന സംഭാഷണവിദഗ്ദ്ധരിൽ അദ്വിതീയൻ.
കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ:
മഹാഭാരതം “തർജ്ജമചെയ്ത വീരൻ”; മച്ച് മാരീഡ് മാൻ.
സാഹിത്യകാരന്മാർ:
എല്ലാ മലയാളം ലക്ചറന്മാരും മലയാളം പ്രൊഫസറന്മാരും. തിരുവനന്തപുരത്തു് അഞ്ചുപേർ ഒരുമിച്ചു കൂടിയാൽ അവരിൽ ഒരാൾ സാഹിത്യകാരനായിരിക്കും. ഇന്നലെ ഞാനുൾപ്പെടെ നാലുപേർ നാഷനൽ ബുക്ക് സ്റ്റാളിൽ ഇരിക്കുകയായിരുന്നു. അഞ്ചാമത്തെയാൾ ദൂരെനിന്നു വരുന്നതുകണ്ടു് ഭയാശങ്കകളോടെ ഞാൻ എഴുന്നേറ്റു സ്ഥലം വിടാൻ സന്നദ്ധനായി. വരുന്നയാൾ സാഹിത്യകാരനായിരുന്നു.
മണ്ടന്മാർ ചിരിക്കും

അങ്ങു ദൂരെ മാട്ടുപ്പെട്ടി എന്നൊരു സ്ഥലമുണ്ടല്ലോ. അവിടെയൊരു മീറ്റിങ്ങിനു പോകാനുള്ള ദൗർഭാഗ്യമുണ്ടായി എനിക്ക്. (ദൗർഭാഗ്യം—ദുർഭഗ+ഷ്യത്തു് =ഭാഗ്യക്കേടു്. ഭർത്താവു് വെറുക്കുന്ന സ്ത്രീയുടെ അസ്വസ്ഥത. നിർഭാഗ്യമെന്ന പദം നിഘണ്ടുവിൽ കണ്ടേക്കാം. സംസ്കൃതഗ്രന്ഥങ്ങളിൽ അതു കാണാൻ കഴിഞ്ഞിട്ടില്ല എനിക്ക്.) ആ സമ്മേളനത്തിൽ ഇന്നത്തെ നിയമസഭാസ്പീക്കർ ശ്രീ. വക്കം പുരുഷോത്തമനു മുണ്ടായിരുന്നു ഉദ്ഘാടകനായി. പ്രഭാഷണം കേൾക്കാനിരുന്നവരിൽ തൊണ്ണൂറ്റിയഞ്ചുശതമാനവും മലയാളം അറിയാൻ പാടില്ലാത്തവർ. സായ്പ്പന്മാർ, മദമ്മമാർ, തെലുങ്കുകാർ, പാഴ്സികൾ അങ്ങനെ പലരും. പ്രസംഗം കഴിഞ്ഞ് ഞാൻ പ്ലാറ്റ്ഫോമിൽനിന്നു താഴത്തേക്കു പോന്നപ്പോൾ ഒരു സായ്പ് അടുത്തുവന്നു കൈപിടിച്ചു കുലുക്കി Great Speech എന്നു പറഞ്ഞു. “താങ്കൾക്കു മലയാളമറിയാമോ?” എന്നു ഞാൻ ഇംഗ്ലീഷിൽ ചോദിച്ചു. “അറിഞ്ഞുകൂടെ”ന്നു മറുപടി. “പിന്നെങ്ങനെ ഇതുപറഞ്ഞു?” എന്നു എന്റെ ചോദ്യം. ഒരിളിഭ്യച്ചിരിയോടെ സായ്പ് അന്നത്തെ മന്ത്രി വക്കം പുരുഷോത്തമന്റെ അടുക്കലേക്കു പോയി. പ്രഭാഷണം മനസ്സിലായില്ലെങ്കിലും ‘ഗ്രേറ്റ്’ എന്നു തോന്നുമായിരിക്കും.

വെസ്റ്റ് എന്നൊരു ഇംഗ്ലീഷുകാരൻ തിരുവനന്തപുരത്തെ സംസ്കൃതകോളേജിൽ പ്രസംഗിക്കാൻ വന്നു. അദ്ദേഹം പ്രഭാഷണത്തിനിടയിൽ എന്തോ നേരമ്പോക്കു പറഞ്ഞു. എല്ലാവരും പൊട്ടിച്ചിരിച്ചു. സായ്പിന്റെ ഫലിതം മനസ്സിലാക്കാത്ത ഞാൻ അടുത്തിരുന്ന ഒരിംഗ്ലീഷ് അദ്ധ്യാപകനോടു് ‘എന്താണു നേരമ്പോക്ക്?’ എന്നു ചോദിച്ചു. ‘മനസ്സിലായില്ല’ എന്നു അദ്ദേഹത്തിന്റെ മറുപടി. നേരമ്പോക്ക് മനസ്സിലാകാതെയും ചിരിക്കാം.

images/SurendranathDasgupta.jpg
ദാസ്ഗുപ്ത

ഇന്ത്യൻ ഫിലോസഫിയെക്കുറിച്ച് നാലോ അഞ്ചോ വാല്യങ്ങൾ എഴുതിയ ദാസ്ഗുപ്ത റോമിൽച്ചെന്നു് ഇംഗ്ലീഷിൽ പ്രസംഗിച്ചപ്പോൾ ചില സംസ്കൃത ശ്ലോകങ്ങൾ ചൊല്ലി. സംസ്കൃതം ഒട്ടുമറിഞ്ഞുകൂടാത്ത ഇറ്റലിക്കാർ കൈയടിച്ചു. ഭാഷ അറിയാതെയും കരഘോഷം മുഴക്കാം.

കലാകൗമുദിയിൽ എം. മുകുന്ദൻ എഴുതിയ “അതിവിദഗ്ദ്ധനായ ചെത്തുതൊഴിലാളി” എന്ന ചെറുകഥ ഞാൻ വായിച്ചു. കറങ്ങിക്കറങ്ങി തെങ്ങിൽ കയറുകയും വേഗത്തിൽ അതേമട്ടിൽ താഴോട്ടിറങ്ങുകയും ചെയ്യുന്ന ഒരു ചെത്തുകാരൻ. ഒരു ദിവസം അയാൾ തെങ്ങിന്റെ മുകളിൽ നിന്നു താഴെ വീണപ്പോൾ സായ്പായി മാറിയിരിക്കുന്നു. ഇംഗ്ലീഷിൽ സംസാരം. ബെൽ ബോട്ടം പാന്റ്സും ടീ ഷർട്ടും വേഷം. റിസ്റ്റ് വാച്ച്, അതും ഇലക്ട്രോണിക് വാച്ച്. അയാളങ്ങു നടന്നുപോയി. കഥയെന്തെന്നു മനസ്സിലാകാതെ ഞാനും ചിരിച്ചുകൊണ്ടു നടന്നുപോകുന്നു. ചിരിച്ചില്ലെങ്കിൽ എന്നെ മണ്ടനെന്നു ആളുകൾ വിളിക്കുമല്ലോ. ​​

ഫാന്റസി ഭാവനയുടെ ശത്രുവാണു്. കലയെ ‘ഫന്റാസ്റ്റിക്’ എന്നു പറഞ്ഞു നമ്മൾ നിന്ദിക്കുമ്പോൾ യഥാർത്ഥത്തിൽ അസത്യത്തെ നിന്ദിക്കുകയാണു്—ഐറിസ് മർഡോക്ക്.
ഹിപോക്രിസി
images/IrisMurdoch.jpg
ഐറിസ് മർഡോക്ക്

ഇരുപത്തഞ്ചുപൈസ കൊടുത്താൽ കിട്ടുന്ന ചില ശാസ്ത്രഗ്രന്ഥങ്ങൾ വായിച്ചിട്ടു് പി. കേശവദേവ് ‘അയാം എ സൈന്റിസ്റ്റ്’ എന്നു പറഞ്ഞു നടന്നിരുന്നു. പൂജപ്പുരയുള്ള വസതിയിൽ മീറ്റിങ്ങ് കഴിഞ്ഞു തിരിച്ചെത്തിയാൽ അദ്ദേഹത്തിന്റെ ആദ്യത്തെ പ്രവൃത്തി ആറ്റം സ്പ്ലിറ്റിങ്ങായിരിക്കും എന്നു ഞാൻ വിചാരിച്ചിരുന്നു അക്കാലത്തു്. അന്തരിച്ചുപോയ ഒരു സുഹൃത്തു് ചിത്രകലാസ്വാദകനായി ഭാവിച്ചിരുന്നു. വെറുമൊരു മഞ്ഞച്ചതുരം കണ്ടാൽ “ഹാ, ശൂന്യതയുടെ പ്രതീതി” എന്നു പറഞ്ഞു നിർവൃതിക്കൊള്ളുമായിരുന്നു. എസ്. കെ. നായരുടെ അമ്മയുടെ ശതാഭിഷേകം ആഘോഷിച്ചപ്പോൾ സുകുമാരീ നരേന്ദ്രമേനോന്റെ പാട്ടുകച്ചേരിയുണ്ടായിരുന്നു. കാട്ടുപോത്തിനെ കണ്ടാൽ എങ്ങനെ പേടിക്കുമോ അതുപോലെ സംഗീതം കേട്ടാൽ പേടിക്കുന്ന ഒരു മന്ത്രി എന്റെ അടുത്തിരുന്നു പാട്ടു് ആസ്വദിക്കുന്നതുപോലെ തലയാട്ടുന്നുണ്ടായിരുന്നു. ഈവിധത്തിലുള്ള ഒരു ഹിപോക്രസിതന്നെയാണു പൈങ്കിളിക്കഥയുടെ രചനയും. ദീപിക ആഴ്ചപ്പതിപ്പിൽ ചുമ്മാർ പൂയപ്പാടം എഴുതിയ “സന്ധ്യാരാഗം” എന്നൊരു കഥയുണ്ടു്. കോളാമ്പി അടുത്തുതന്നെ വച്ചുകൊണ്ടു് അതൊന്നു വായിച്ചു നോക്കൂ. ഒരുത്തൻ, കാണുന്ന പെണ്ണുങ്ങളെയെല്ലാം സ്നേഹിക്കുന്നു. ഒടുവിൽ കാലിനു വൈകല്യമുള്ള ഒരു പെണ്ണിനെ ഭാര്യയായി സ്വീകരിക്കുന്നു. കോഴി മൺകൂന ചിക്കുന്നതുപോലെ, കുഞ്ഞിന്റെ തലയിൽനിന്നു പേൻ നുള്ളിയെടുത്തു തള്ള സ്വന്തം നഖത്തിൽ വച്ചു മറ്റൊരു നഖംകൊണ്ടമർത്തിപ്പൊട്ടിച്ചു രസിക്കുന്നതുപോലെ, വീട്ടിനകത്തുകയറിവരുന്നവൻ മേശപ്പുറത്തിരിക്കുന്ന സകല പുസ്തകങ്ങളും പൊക്കിനോക്കുന്നതുപോലെ കഥാകാരൻ സാഹിത്യത്തെ ചിക്കുകയും പൊട്ടിക്കുകയും പൊക്കിനോക്കുകയും മാന്തുകയും ചെയ്യുന്നു. ഇത്തരം കഥകൾ വായിക്കരുതു്. വായിച്ചാൽ കാഴ്ച നഷ്ടപ്പെടും. മസ്തിഷ്കം തകരും. ശ്വാസകോശങ്ങൾ വിണ്ടുകീറും. ​​ പെണ്ണിന്റെ കവിൾത്തടത്തിൽ ചുംബിക്കുന്നവൻ പൗഡറിന്റെ മണമേ അറിയൂ. അവളുടെ ചുണ്ടുകളിൽ ചുണ്ടുകൾ അമർത്തുന്നവൻ ലിപ്സ്റ്റിക്കിന്റെ അസുഖകരമായ സ്വാദേ അറിയൂ. അവളുടെ നെറ്റിയിൽ നെറ്റിയമർത്തുന്നവൻ സ്വന്തം നെറ്റിയിൽ സിന്ദൂരപ്പൊട്ടു് പകർത്തിയെടുക്കുകയേയുള്ളൂ. മതി. താഴോട്ടുപോയി വർണ്ണന നടത്താൻ ഞാൻ ചിന്മയാനന്ദനല്ല. ജീവിതത്തിന്റെ ഉപരിതലത്തിൽ മുഖമർപ്പിക്കുന്നവരാണു പൈങ്കിളിക്കഥയുടെ രചയിതാക്കൾ.

ലുക്കാച്ച്

ഹംഗേറിയൻ സാഹിത്യകാരനായിരുന്ന ദ്യോർദ്യ ലുക്കാച്ചി ന്റെ (Gyorgy Lukacs, 1885–1971) ആത്മകഥ പ്രസിദ്ധപ്പെടുത്തുന്നതായി ഞാൻ മാതൃഭൂമി ആഴ്ചപ്പതിപ്പിൽനിന്നു മനസ്സിലാക്കുന്നു. സർഗ്ഗാത്മക പ്രവർത്തനങ്ങളേയും സാമുദായിക സംഘട്ടനങ്ങളേയും ബന്ധിപ്പിച്ചുകൊണ്ടു് അദ്ദേഹമെഴുതിയ History and Class Consciousness എന്ന ഗ്രന്ഥം മഹനീയമാണു്.

അദ്ദേഹത്തിന്റെ Studies in European Realism പ്രകൃഷ്ടമായ ഗ്രന്ഥമായി കരുതിപ്പോന്നു. ഈ ഗ്രന്ഥത്തിലാണു ലുക്കാച്ചിന്റെ ‘റിയലിസം’ എന്ന സങ്കല്പത്തിനു വികാസം നൽകിയിട്ടുള്ളതു്. ക്ലാസിക്കൽ മാർക്സിസത്തിൽനിന്നു ലഭിച്ച ‘റ്റൈപ്പ്’ എന്ന ആശയത്തെ അവലംബിച്ചുകൊണ്ടു് അദ്ദേഹം കഥാപാത്രങ്ങളെ അങ്ങനെ (റ്റൈപ്പുകളായി) കാണുന്നു. അതുതന്നെയാണു അദ്ദേഹത്തിന്റെ റിയലിസമെന്ന സങ്കല്പം. ഈ റ്റൈപ്പുകൾ ചരിത്രപരമായ പ്രവർത്തനങ്ങളുടെ പ്രതിനിധികളായിരിക്കണം. റിയലിസത്തിലെ നായകൻ വീരധർമ്മാത്മകങ്ങളായ ഗുണങ്ങളാൽ അനുഗ്രഹീതനായിരിക്കേണ്ടതില്ല. അയാൾ ചരിത്രപരങ്ങളായ പ്രവർത്തനങ്ങളുടെ സിംബലാണു്. ഈ സങ്കല്പം വച്ചുകൊണ്ടു് ലുക്കാച്ച് ഗോർക്കി യെ വാഴ്ത്തി. കാഫ്ക യെ തള്ളിപ്പറഞ്ഞു. ഇതു എത്രകണ്ടു ശരിയാണെന്നു ആലോചിച്ചുനോക്കുക. മറ്റൊരു തരത്തിൽ പറയാം. സമുദായത്തെക്കുറിച്ച് അഗാധ സത്യങ്ങൾ ആവിഷ്കരിക്കുന്നവനേ മഹാനായ സാഹിത്യകാരനാവൂ. അതിനു കഴിയാത്തവനു മഹത്വമില്ല. ലുക്കാച്ചിനെ വിമർശിക്കാൻ ഞാനാരു്? എങ്കിലും എനിക്കതു വിശ്വസിക്കാൻ വയ്യ. സോഷ്യലിസ്റ്റ് റിയലിസത്തിന്റെ പേരിൽ ഗോർക്കിയെ വാഴ്ത്തുന്ന ലുക്കാച്ച് മോഡേണിസത്തിന്റെ പേരിൽ കാഫ്കയെ വിമർശിക്കുന്നു. ഈ മനോഭാവം എങ്ങനെ ആദരണീയമാകും?

കുരങ്ങത്തം കാണിക്കുക
images/FlightToArras.jpg

ഫ്രഞ്ചെഴുത്തുകാരൻ ആങ്ത്വാൻ മസാങ്തേഗ്സ്യൂപേരി യുടെ Southern Mail, Night Flight, Flight to Arras ഈ ഗ്രന്ഥങ്ങൾ വായിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ വായിക്കണം. അത്രയ്ക്ക് ഉത്കൃഷ്ടങ്ങളാണവ. വിമാനയാത്ര ശൈശവാവസ്ഥയിലിരുന്നകാലത്തു് അന്തരീക്ഷയാനം നടത്തി ജനത്സംബന്ധീയമായ പ്രഭാവം ബാഹ്യനേത്രം കൊണ്ടും അന്തർനേത്രം കൊണ്ടും കണ്ട മഹാനായ എഴുത്തുകാരനാണു് അദ്ദേഹം. ആ പ്രഭാവം വായനക്കാർക്കു പകർന്നു കൊടുക്കാനും അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ടു്. സമുദ്രത്തിലൂടെയുള്ള യാത്രയാണു് മെൽവിൽമോബിഡിക്കിൽ’ വർണ്ണിക്കുന്നതു്. പക്ഷേ, അതു വായിക്കുമ്പോൾ സർഗാത്മകത്വത്തിന്റെ മണ്ഡലത്തിൽ സഞ്ചരിക്കുന്ന പ്രതീതി. ടോൾസ്റ്റോയി യുടെ “ഐവാൻ ഇലീച്ചിന്റെ മരണം ” എന്ന കൊച്ചു നോവൽ സാഹിത്യത്തിലെ മഹാദ്ഭുതമാണു്. വായിക്കൂ. നിങ്ങളുടെ ജീവിതത്തിനു് അതു പരിവർത്തനം വരുത്തും. സാഹിത്യം ഇതൊക്കെ അനുഷ്ഠിച്ചില്ലെങ്കിൽ ആ സാഹിതീയംകൊണ്ടെന്തു പ്രയോജനം? കവിയോ കഥാകാരനോ ഒരു പക്ഷിയുടെ പാട്ടിനെക്കുറിച്ചെഴുതിയാൽ ജീവിതത്തിന്റെ ‘മിസ്റ്ററി’ മുഴുവൻ അതിൽ ആവിഷ്കരിക്കപ്പെടണം. വേഡ്സ്വർത്തി ന്റെ The Solitary Reaper എന്ന കാവ്യത്തിന്റെ ഓർമ്മപോലും ഇതെഴുതുന്ന ആളിനു് ഹർഷാദകമായിരിക്കുന്നു.

വൈശാഖൻ മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ “കേവലം അവിചാരിതം” എന്ന കഥ വായിച്ചപ്പോൾ ഇങ്ങനെയൊക്കെ കുറിച്ചിടാനാണു് എനിക്കു് തോന്നിയതു്. അയാൾ അവളെ സ്നേഹിച്ചു വിവാഹം കഴിച്ചതാണു്. പക്ഷേ, അവൾ വ്യഭിചാരിണി. സമുദായം ശിക്ഷിക്കുന്നതു് അവളെയല്ല. അയാളെയാണു്. ഉടുതുണിയില്ലാതെ അയാൾ ഓടി മരത്തിന്റെ മുകളിൽ കയറി ഇരിക്കുന്നു. വൈശാഖൻ വരയ്ക്കുന്നതു ഹാസ്യചിത്രമായിരിക്കാം. ജീവിതത്തിന്റെ വാസ്തവികതകളെ എയ്പ് (ape) ചെയ്യുന്നതുകൊണ്ടു് കഥാകാരൻ ഒന്നും നേടുന്നില്ല. നമുക്കും നേട്ടമൊന്നുമില്ല.

തിരുവനന്തപുരത്തെ ചില ഓട്ടോറിക്ഷകളുടെ പിറകിലായി Don’t follow me, Don’t Kill me, Keep distance എന്നൊക്കെ എഴുതിവച്ചിട്ടുണ്ടു്. ഈ മുന്നറിയിപ്പു് നല്കുന്ന ഓട്ടോറിക്ഷകളുടെ പിറകിലായി സഞ്ചരിക്കുന്ന വാഹനങ്ങളിൽ നമ്മുടെ കഥാകാരന്മാരെ കയറ്റി വളരെ നേരം സഞ്ചരിക്കണം. അപ്പോൾ അവർ പഠിക്കും ജീവിതത്തെ കണ്ണുമടച്ചു് പിന്തുടരുതെന്നു്. ജീവിതത്തെ ചുംബിക്കാതെ, അതിൽനിന്നു തെല്ലകന്നു നിന്നു് ഒറിജിനലായി സഞ്ചരിക്കണമെന്നു്.

എൻ. വി., വൈക്കം
images/N.V.KrishnaWarrier.jpg
എൻ. വി. കൃഷ്ണവാരിയർ

കുങ്കുമം വാരികയിൽ എൻ. വി. കൃഷ്ണവാരിയരും വൈക്കം ചന്ദ്രശേഖരൻനായരും തമ്മിൽ സംസ്കാരിക കാര്യങ്ങളെക്കുറിച്ചു് സംസാരിച്ചതിന്റെ റിപ്പോർട്ടുണ്ടു്. പ്രൗഢതയാർന്ന വിഷയങ്ങൾ പ്രൗഢതയോടെതന്നെ ചർച്ച ചെയ്തു രണ്ടുപേരും. സംഭാഷണത്തിനിടയിൽ ചന്ദ്രശേഖരൻനായർ കൃഷ്ണവാര്യരോടു ചോദിച്ചു കാളിദാസ നെപ്പോലെ മറ്റൊരു കവി ഉണ്ടാകാത്തതെന്താണെന്നു്. കാരണം പറയാൻ പ്രയാസമാണെന്നു് എൻ. വി. ഇതിന്റെ ഹേതു ഒരിക്കൽ ഞാൻ ചൂണ്ടിക്കാണിച്ചിരുന്നു എന്നാണു് ഓർമ്മ. ഒരു പർവ്വതം കണ്ടുകഴിഞ്ഞാൽ പിന്നെ നൂറ്റുക്കണക്കിനു് നാഴിക നടന്നാലേ വേറൊരു പർവ്വതം കാണാൻ കഴിയൂ നമുക്കു്.

images/Vaikomchandrasekarannair.jpg
വൈക്കം ചന്ദ്രശേഖരൻനായർ

ഒരു നക്ഷത്രത്തിൽനിന്നു മറ്റൊരു നക്ഷത്രത്തിലേക്കുള്ള ദൂരം കോടാനുകോടി പ്രകാശവർഷങ്ങളാണു്. സോക്രട്ടീസി നു ശേഷം ക്രിസ്തു പ്രത്യക്ഷനാകാൻ എത്രയെത്ര ശതാബ്ദങ്ങൾ വേണ്ടിവന്നു? ക്രിസ്തുവിനു ശേഷം ഗാന്ധിജി ജനിച്ചതു് രണ്ടായിരംകൊല്ലത്തിനു ശേഷമാണു്. ഭാരതത്തിൽ ബുദ്ധനു ശേഷം അദ്ദേഹത്തെപ്പോലൊരു മഹാൻ ഉണ്ടായില്ല ഇതുവരെയും. പരമാണുവിൽപ്പോലും ഇലക്ട്രോണുകൾ അടുത്തടുത്തല്ല ഇരിക്കുന്നതു്. ഇലക്ട്രോണിന്റെ സൂക്ഷമത വച്ചുനോക്കിയാൽ അടുത്ത ഇലക്ട്രോണിലേക്കുള്ള ദൂരം വളരെക്കൂടുതലാണു്. ഇതുതന്നെയാണു് ജീനിയസ്സുകളുടെ കാര്യത്തിലും സംഭവിക്കുന്നതു്. ശൂന്യസ്ഥലമിടുന്നതിൽ തൽപരത്വമുണ്ടു് പ്രകൃതിക്കു്. കാളിദാസനെപ്പോലെ ഒരു പ്രതിഭാശാലിയെ ലഭിക്കാൻ ഇനിയും പല ശതാബ്ദങ്ങൾ കാത്തിരിക്കേണ്ടിവരും. 1564-ൽ ജനിച്ചു് 1616-ൽ മരിച്ച ഷേക്സ്പിയറിനു ശേഷം അദ്ദേഹത്തെപ്പോലൊരു കവി എവിടെയെങ്കിലും ഉണ്ടായോ? (ഷേക്സ്പിയറിന്റെ കാലം ഓർമ്മയിൽ നിന്നെഴുതുന്നതു്.)

മട്ടുപ്പാവു കല്യാണി

കല്യാണി എന്നു് കൂട്ടുകാരികൾ അവളെ വിളിച്ചു. പിന്നെ കാറ് വാങ്ങിയപ്പോൾ അംബാസഡർ എന്നേ നാവിൽ വരു. അങ്ങനെ അവൾ അംബാസഡർ കല്യാണിയായി. കാറിനുശേഷം ഫ്രിജ്ജ് വാങ്ങിച്ചു. ഫ്രിജ്ജിനെക്കുറിച്ചു വാതോരാതെ സംസാരിച്ചതുകൊണ്ടു് ഫ്രിജ്ജ് കല്യാണി എന്ന ഓമനപ്പേരു് അവൾക്കു നല്കി കൂട്ടുകാരികൾ. ഇപ്പോൾ അവൾ കളർ ടെലിവിഷൻ കല്യാണിയാണു്. അവളൊരിക്കൽ മകനോടു പറയുന്നതു് എന്റെ ഒരു ബന്ധു കേട്ടു. അതിങ്ങനെ: “മോനേ ശ്രീകുമാരാ, അംബാസഡർ കഴുകാൻ കൃഷ്ണനോടു പറഞ്ഞിട്ടു് നീ രണ്ടാമത്തെ നിലയിൽച്ചെന്നു് ഫ്രിജ്ജ് തുറന്നു റൊട്ടിയും ജാമും എടുത്തുകഴിച്ചോ. നെസ്കഫേ ഞാൻ ഫ്ളാസ്കിൽ വച്ചിട്ടുണ്ടു്. അതു കുടിച്ചിട്ടു് അച്ഛനെ വേഗം ഓഫീസിൽ നിന്നുവരാൻ ഫോൺ ചെയ്യു. എന്നിട്ടു് കളർ ടെലിവിഷന്റെ അടുത്തു ചെന്നിരുന്നു് എല്ലാം കണ്ടോ. പിന്നെ വേലക്കാരിപ്പെണ്ണിനോടു പറ “അടുക്കളയിൽ ഹോട്ട്പ്ലേറ്റ് സൂക്ഷിച്ചു ഉപയോഗിക്കണമെന്നു്.” ഇതു സത്യം.

ഓഫീസിൽ എത്തിയ സരോജം എന്ന സ്ത്രീ—കാണാൻ ഭേദപ്പെട്ട സ്ത്രീ—വീട്ടിലേക്കു ഫോൺ ചെയ്യുന്നു: മോളേ അച്ഛൻ ജോലിസ്ഥലത്തു പോയോ? അങ് ഹാ പോയോ? ഏതു കാറിൽ പോയി? കറുത്ത ഫിയറ്റിലോ വെള്ള അംബാസഡറിലോ?” ഫോണിനടുത്തിരിക്കുന്ന സെക്ഷനാഫീസറും അനേകം ക്ലാർക്കന്മാരും അതുകേട്ടു് അന്തംവിടുന്നു. അവരെ ബഹുമാനത്തോടെ നോക്കുന്നു. ഇതു സത്യം. ഇനിയൊരു കഥ. ഇംഗ്ലീഷിൽ നിന്നാണു്. പുതുതായി പണക്കാരിയായ ഒരുത്തി അയൽവീട്ടിലെ തൊഴിൽക്കാരിയോടു പറയുകയാണു്: “ഞാൻ എന്റെ വജ്രങ്ങൾ കഴുകുന്നതു് അമോണിയയിലാണു്. പവിഴങ്ങൾ വൈനിലും. പുഷ്യരാഗരത്നങ്ങൾ ബ്രാൻഡിയിൽ കഴുകും. പാലിലാണു് ഗോമദക രത്നങ്ങൾ കഴുകുക.” ഇതുകേട്ടു് തൊഴിൽക്കാരി മറുപടി പറഞ്ഞു: “എന്റെ മുക്കുപണ്ടങ്ങളിൽ അഴുക്കു പറ്റിയാൽ ഞാൻ അവ ദൂരെയെറിയും.” ഈ ഹുങ്ക് ക്ഷന്തവ്യം.

സ്ത്രീകളല്ലേ. അവരങ്ങനെയാണു്. പുരുഷന്മാർ മറ്റൊരു വിധത്തിലാണു്. അവരെക്കണ്ടാൽതന്നെ പേടിയാവും. കള്ളിമുണ്ടുടുത്തു് ആംലസ് ബനിയനിട്ടു് ഭുജകോടരങ്ങളിലെ കാടുകൾ കാണിച്ചു് തലയിൽ വട്ടക്കെട്ടുകെട്ടി കൊമ്പൻമീശ പിരിച്ചു് നാല്ക്കവലയിൽനിന്നു നെല്ലുകുത്തുകാരികളുടെ തലയിൽനിന്നു് കൊഴുന്നു് എടുത്തു മണപ്പിക്കുന്ന റൗഡികൾ. ചിലപ്പോൾ അവരുടെ ചന്തിയിൽ ഒരു തട്ടും കൊടുക്കും. ബന്തു് ഉണ്ടാകുമ്പോഴാണു് ഇവരുടെ വിശ്വരൂപം നമ്മൾ കാണുക. പാവപ്പെട്ട മുറുക്കാൻകടക്കാരുടെ മുൻപിൽ ചെന്നുനിന്നു് ‘അടയടാകട’ എന്നു് ആജ്ഞാപിക്കും. പാർട്ടിയുടെ പിൻബലമുള്ള റൗഡിയെ പേടിച്ചു കടക്കാർ ഉടനെ കടയടയ്ക്കും. ഇക്കൂട്ടരുടെ വിളയാട്ടം ഇന്നു വളരെ കൂടുതലാണു്. ആ വിധത്തിലൊരു റൗഡിയെ മൂടാടി ദാമോദരൻ അമ്പലക്കൂറ്റൻ എന്ന കാവ്യത്തിൽ ഭംഗിയായി അവതരിപ്പിക്കുന്നു. (ദേശാഭിമാനി വാരിക). നീതിയുടെ ചാട്ടവാർ വീശി ഈ അമ്പലക്കൂറ്റന്മാരെ നിലയ്ക്കു നിർത്താനുള്ള ആഹ്വാനത്തോടെ കവി കാവ്യം അവസാനിപ്പിക്കുന്നു.

ഒഴിഞ്ഞ കൈ, ഒഴിയാത്ത കൈ

ഇടതു കൈയിലെ തളളവിരലും ചൂണ്ടുവിരലും കൊണ്ടു് ഒരു കൊച്ചു വാക്സ് തീപ്പെട്ടി പിടിച്ചു. വലതു കൈയിലെ തളളവിരൽ തീപ്പെട്ടിയുടെ താഴെകൊണ്ടുവന്നു. മറ്റു നാലുവിരലുകൾകൊണ്ടു് അതു മറച്ചു. എന്നിട്ടു് അതു വലതുകൈ കൊണ്ടു് എടുക്കുന്ന ഭാവം കാണിച്ചു. അതേ സമയം തീപ്പെട്ടി ഇടതു ളള്ളം കൈയിലാക്കി വിരലുകൾ കൂട്ടിപ്പിടിച്ചു. വലതുകൈയും മുറുക്കി. രണ്ടുകൈയും അങ്ങനെ മുറുക്കിപ്പിടിച്ചുകൊണ്ടു് പേരക്കുട്ടിയോടു ഞാൻ ചോദിച്ചു. തീപ്പെട്ടി ഏതു കൈയിൽ? അവൾ സംശയംകൂടാതെ വലതുകൈ തൊട്ടു കാണിച്ചു. ഞാൻ വിരലുകൾ വിടർത്തിക്കാണിച്ചു. ഒന്നുമില്ല. വായനക്കാർ പേരക്കുട്ടികളെപ്പോലെയാണു്. ഉത്കൃഷ്ടങ്ങളായ വാരികകളിൽ കഥകളും മറ്റും അച്ചടിച്ചുവരുമ്പോൾ എന്തെങ്കിലും കാണുമവയിൽ എന്നു വിചാരിച്ചു വായിക്കുന്നു. കാണുന്നതു് ഒഴിഞ്ഞ കൈ മാത്രം. ‘ഈയാഴ്ച’ വാരികയിൽ സി. വി. ബാലകൃഷ്ണൻ എഴുതിയ “കഥ ഇതുവരെ” എന്നൊരു ചെറുകഥയുണ്ടു്. ജയിലിൽ കിടന്ന ഒരുത്തൻ മോചനം നേടി ഭാര്യയെയും മക്കളെയും കാണാൻ വീട്ടിലെത്തുന്നു. ഭാര്യയുടെ അപ്പോഴത്തെ ഭർത്താവു് അയാളെ ചവിട്ടുന്നു. പേരക്കുട്ടിയെ പറ്റിക്കുന്നതു് അവളുടെ മുഖത്തെ വിസ്മയഭാവം കാണാൻ. പ്രായംകൂടിയ ഞങ്ങളെ ബാലകൃഷ്ണന്മാർ ഇങ്ങനെ ചതിക്കുന്നതെന്തിനു്?

കൃഷ്ണൻ
images/PVkrishnan.jpg
പി. വി. കൃഷ്ണൻ

ചതിക്കാത്ത ചില ഹാസ്യചിത്രകാരന്മാരിൽ സുപ്രധാനനാണു് കൃഷ്ണൻ. അദ്ദേഹത്തിന്റെ കാർട്ടൂണുകളിൽ ചിന്തയും ഹാസ്യവും സമഞ്ജസമായി സങ്കലനം ചെയ്തിരിക്കുന്നു. സംസ്കാരവുമായി ബന്ധമില്ലാത്ത പത്രമുടമ. ഏജന്റ് പണം അയച്ചില്ലെങ്കിൽ പത്രക്കെട്ടു് അയയ്ക്കേണ്ട എന്ന അർത്ഥത്തിൽ “ചരക്കു് അയയ്ക്കേണ്ട” എന്നു അയാൾ ആജ്ഞാപിക്കുന്നു (കുങ്കുമം വാരിക). മഹാത്മാഗാന്ധിയുടെ പടം. അതിൽ ചിലന്തിവല. തൊട്ടടുത്തു് നെഹ്രു വിന്റെ പടം. അതിലും എട്ടുകാലി വലകെട്ടിയിരിക്കുന്നു. ആ പടത്തിനടുത്തു് ഇന്ദിരാഗാന്ധി യുടെ പൂമാല ചാർത്തിയ ചിത്രം. വികാരം കെട്ടടങ്ങുമ്പോൾ ഗാന്ധിജിയെയും നെഹ്രുവിനെയും മറന്നതുപോലെ ഭാരതീയർ ഇന്ദിരാഗാന്ധിയെയും മറക്കുമെന്നു സൂചന. ആശയവും ആശയാവിഷ്കരണരീതിയും ഒന്നാന്തരം. ഒന്നൊ രണ്ടോ വരകൾ കൊണ്ടു് സ്ത്രീയുടെ ശാലീനത വ്യഞ്ജിപ്പിക്കാൻ കൃഷ്ണനു കഴിവുണ്ടു്.

അഞ്ജതയ്ക്കും ക്രൂരതയ്ക്കുമാണു് ഈ ലോകത്തു് ജയം. റെയ്ഗന്റെ വിജയം അതാണു് തെളിയിക്കുന്നതു്.

ശൂരനാട്ടു കുഞ്ഞൻപിള്ള
images/SooranadKunjanPillai.jpg
ശൂരനാട്ടു കുഞ്ഞൻപിള്ള

ഈ അജ്ഞതയിലേക്കും ക്രൂരതയിലേക്കും കൈ ചൂണ്ടുന്ന ശൂരനാട്ടു കുഞ്ഞൻപിള്ള. ശതാബ്ദങ്ങൾക്കു മുൻപു് ഭൂകമ്പം കൊണ്ടോ ചുഴലിക്കാറ്റുകൊണ്ടോ തീപിടിത്തം കൊണ്ടോ ലോകമാകെ ഒരു നിമിഷം കെണ്ടു് ഭസ്മമായേക്കുമെന്നു് ജനത വിചാരിച്ചിരുന്നു. ഇന്നു് ആ പേടിയില്ല. പക്ഷേ, അതിനേക്കാൾ വലിയ പേടിയുണ്ടു് മനുഷ്യന്റെ പ്രവർത്തനങ്ങൾതന്നെ അവനെ ഭസ്മമാക്കുമെന്ന പേടി. ചതി, കുതികാൽവെട്ടു്, കൊലപാതകം ഇവയെല്ലാം വളരെ കൂടിയിരിക്കുന്നു. നേതാക്കന്മാരുടെ സ്വാഭാവവൈരുദ്ധ്യം നമ്മെ അമ്പരിപ്പിക്കുന്നു. ഒരു വിദ്യാലയത്തിലെ പിഞ്ചുകുഞ്ഞുങ്ങളെ മുഴുവൻ കഴുത്തറത്തുകൊന്ന പി. എൽ. ഒ. നേതാവു് ഒരു കൊച്ചുകുഞ്ഞിനെയെടുത്തു പുഞ്ചിരി തൂകിക്കൊണ്ടു് ലാളിക്കുന്ന ചിത്രം പത്രത്തിൽ. കുഞ്ഞൻപിള്ളസ്സാർ പ്രധാനപ്പെട്ട മറ്റു കാര്യങ്ങളാണു് വിവരിക്കുന്നതു്. ചിന്തോദ്ദീപകമായ ആ ലേഖനം മനോരാജ്യം വാരികയിലുണ്ടു്.

ഷേക്സ്പിയറിന്റെ The Winter’s Tale എന്ന നാടകത്തിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട വരി “Exit, pursued by a bear” എന്നതാണു്. (Act III, Scene III) അന്റിഗനസ് (Antigonus) ബൊഹീമീയയിൽ ഒരു കുഞ്ഞുമായി വരുന്നു. അപ്പോഴാണു് കരടിയുടെ രംഗപ്രവേശം. അന്റിഗനസ് നിഷ്ക്രമണം നടത്തുന്നു. കഥാകരടിവരുന്നു, കവിതാ കരടി വരുന്നു. ഞാൻ നിഷ്ക്രമിക്കട്ടെ.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1984-12-16.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 28, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: Anupa Ann Joseph; Digitizer: KB Sujith; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.