
1969-ൽ ചിന്മയാനന്ദസ്സ്വാമി ചിറ്റൂരെ സർക്കാർ കലാശാലയിൽ പ്രസംഗിക്കാൻ വന്നു. ആധുനിക സംസ്കാരത്തിന്റെ ജീർണ്ണതയെക്കുറിച്ചു പറയുന്നതിന്നിടയിൽ അദ്ദേഹത്തിന്റെ നാവിൽ നിന്നു ഇങ്ങനെയും ഒരു വാക്യം ഉണ്ടായി. Low-necked garments come down and miniskirts go up (കഴുത്തിന്റെ ഭാഗം താഴ്ത്തിവെട്ടിയ ഉടുപ്പുകൾ കൂടുതൽ താഴുന്നു. ഇറക്കം കുറഞ്ഞ പാവാടകൾ ഉയരുന്നു). സെക്സിന്റെ സൂചന മതി കുട്ടികൾക്കു ചിരിക്കാൻ. അന്നു പെൺകുട്ടികളേറെ ഉണ്ടായിരുന്ന ചിറ്റൂർ കോളേജിലെ ആൺകുട്ടികളുടെ ഭാഗത്തു നിന്നു പൊട്ടിച്ചിരി ഉയർന്നു. സംസ്ക്കാരത്തിന്റെ ജീർണ്ണതയെക്കുറിച്ചു പറയുന്ന സന്ദർഭത്തിൽ സംസ്ക്കാര ഭദ്രമല്ലാത്ത ഈ വാക്യം ഒരാചാര്യൻ പറയേണ്ട ആവശ്യമുണ്ടായിരുന്നോ എന്നു ഇന്നും ഞാൻ സംശയിക്കുന്നു. ആ സംശയം അങ്ങനെതന്നെയായിരിക്കട്ടെ. ഇറക്കം കുറഞ്ഞ പാവാട ഉയർന്നാൽ എത്രത്തോളം ഉയരാം? കഴുത്തിന്റെ ഭാഗം താഴ്ത്തി വെട്ടിയ ബ്ലൗസ് താണാൽ എത്രത്തോളം താഴാം? രണ്ടിനും പരിധിയുണ്ടു്. അതു ലംഘിച്ചാൽ പോലീസ് പിടികൂടും. അത്യന്തതയ്ക്കും അതിരുണ്ടു്. ആ അതിരു കടക്കാൻ ആവില്ല. ചിത്രകല രൂപത്തേയും സാഹിത്യം ഘടനയേയും എത്രത്തോളം അത്യന്തതയിലേക്കു കൊണ്ടു ചെല്ലാമോ അത്രത്തോളം കൊണ്ടു ചെന്നു. അതിന്റെ ഫലമായി രൂപം തകർന്നു. രാം കുമാറി ന്റെ Cityscape എന്ന ചിത്രം നോക്കുക. (ലളിതകലാ അക്കാഡമി പ്രസിദ്ധപ്പെടുത്തിയ Ram Kumar എന്ന ഗ്രന്ഥം, പ്ലേറ്റ് 17.) അല്ലെങ്കിൽ Varanasi എന്ന ചിത്രം കണ്ടാലും (പ്ലേറ്റ് 14). കുറെ തകരക്കഷണങ്ങൾ അടുക്കിവച്ചിരിക്കുന്ന പ്രതീതിയല്ലാതെ മറ്റൊന്നും ഉണ്ടാകുന്നില്ല. അമേരിക്കൻ പെയിന്റർ ജാക്ക്സൺ പൊളക്കി ന്റെ ചിത്രങ്ങളിൽ രൂപമേയില്ല. ഡ്രിപ്പ് ടെക്നിക്ക് ഉപയോഗിച്ചു വരച്ച അദ്ദേഹത്തിന്റെ ചിത്രങ്ങൾ ചിത്രകലയുടെ പരിധിക്കുള്ളിൽ വർത്തിക്കുന്നവയാണോ എന്നു തന്നെ സംശയമുണ്ടു്. ഘടന തകർന്ന സാഹിത്യത്തിനു് ഉദാഹരണമേ ആവശ്യമില്ല. കേരളത്തിലെ ഇന്നത്തെ കവികളുടെ ‘കാവ്യങ്ങ’ളും കഥാകാരന്മാരുടെ ‘കഥ’കളും നോക്കിയാൽ മതി. വ്യാമിശ്രസ്വഭാവമാർന്ന കൂമ്പാരം മാത്രമാണു ഓരോ കാവ്യവും ഓരോ കഥയും. കേരളത്തിലെ പുതിയ നാടകവും പുതിയ ചലച്ചിത്രവും രൂപത്തെയും ഘടനയെയും തകർത്തു ശൂന്യതയിലേക്കു് അവയെ കൊണ്ടു ചെന്നു കഴിഞ്ഞു. ഇനി ഭാവനയുടെ സന്തതികളായ കലാസൃഷ്ടികൾ എന്നാണാവോ ആവിർഭവിക്കുക! ഇതുതന്നെയാണു എസ്. ജയചന്ദ്രൻ നായർ മറ്റൊരു വിധത്തിൽ പറയുന്നതു്. “കലാകാരൻ സത്യസന്ധനായാലേ കല സത്യത്തിന്റെ പ്രഖ്യാപനമാകൂ. ‘മുഖാമുഖം’ സത്യത്തിന്റെ പ്രഖ്യാപനമല്ല. എന്തെന്നാൽ ‘മുഖാമുഖ’ത്തിന്റെ സ്രഷ്ടാവു് സത്യസന്ധനല്ല എന്നതു തന്നെ. ഈ തലമുറയുടെ ധർമ്മസങ്കടവും ഇതാണു്. ഇതു മാത്രമാണു്.” (കലാകൗമുദി, ഒരു വിയോജനക്കുറിപ്പു്).

കാളിദാസൻ മരിച്ചു. കണ്വമാമുനി മരിച്ചു. ശകുന്തള മരിച്ചില്ല എന്നു സിനിമാപ്പാട്ടു്. ജീവിച്ചിരിക്കുകയാണെങ്കിലും സാമുവൽ ബക്കറ്റ് മരിച്ചു. ‘വെയിറ്റിങ് ഫോർ ഗദോ’യും മരിച്ചു. ടി. എസ്. എല്യറ്റ് മരിച്ചു. ‘വേസ്റ്റ്ലൻഡും’ മരിച്ചു. ഷേക്സ്പിയർ മരിച്ചില്ല. ‘ഹാംലറ്റും’ മരിച്ചില്ല.
യു. എസ്. ഫെമിനിസ്റ്റായ കേറ്റ് മിലറ്റ് എല്ലാ അധികാരങ്ങളും ‘ജെൻഡ’റിൽ (ലിംഗത്തിൽ) അടിയുറച്ചിരിക്കുന്നു എന്നു വാദിക്കുന്നു. മനുഷ്യ ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും പുരുഷനാണു് അധികാരം, അതു ജന്മസിദ്ധമാണു് എന്നു അവർ പ്രഖ്യാപിക്കുന്നുണ്ടു്. ഈ അധികാരത്തിന്റെ ഫലമായി വിദ്യാഭ്യാസം, മനഃശാസ്ത്രം, മതം, സാമ്പത്തികശാസ്ത്രം, രാഷ്ട്രവ്യവഹാരം, ഇവയിലെല്ലാം പുരുഷൻ ആധിപത്യം പുലർത്തുകയും സ്ത്രീയെ ബലിമൃഗമാക്കുകയും ചെയ്യുന്നുവെന്നാണു് അവരുടെ സെക്ഷ്വൽ പൊളിറ്റിക്സ്.

ഓസ്ട്രേലിയൻ ഫെമിനിസ്റ്റായ ജർമേൻ ഗ്രീർ The Female Eunuch എന്ന ഗ്രന്ഥത്തിൽ പുരുഷന്മാർ സ്ത്രീകളെ “വൃഷണച്ഛേദം” ചെയ്തു അടിമകളാക്കിയിരിക്കുന്നുവെന്നു എഴുതിയിരിക്കുന്നു. മിലറ്റിന്റെയും ഗ്രീറിന്റെയും പുസ്തകങ്ങൾ വിഖ്യാതങ്ങളത്രേ. വായിച്ചുതീർക്കാൻ പ്രയാസമുണ്ടെങ്കിലും വായിക്കേണ്ട ഗ്രന്ഥങ്ങളാണവ. കലാകൗമുദി വാരികയിൽ “സെക്ഷ്വൽ പൊളിറ്റിക്സ് മലയാള സാഹിത്യത്തിൽ” എന്ന ലേഖനമെഴുതിയ ശ്രീജ ഭാഗികമായി രണ്ടുപേരോടും യോജിച്ചുകൊണ്ടു് കേരളത്തിലെ എഴുത്തുകാരികളുടെ പൈങ്കിളി നോവലുകളെ വരെ നീതിമത്കരിക്കുന്നു; പുരുഷമേധാവിത്വത്തിന്റെ പേരിൽ ‘കാലം’, ‘ഖസാക്കിന്റെ ഇതിഹാസം’ എന്ന നോവലുകളെ കുറ്റപ്പെടുത്തുന്നു. എന്നാൽ ‘കാലത്തെ’ക്കാൾ ‘ഖസാക്കിന്റെ ഇതിഹാസ’ത്തെക്കാൾ രമണീയമായ ഒരു നോവലും ഒരു സ്ത്രീക്കും എഴുതാൻ കഴിഞ്ഞില്ല എന്ന സത്യവും അവർ വിസ്മരിക്കുന്നു.
പുരുഷന്റെ ആധിപത്യത്തെക്കുറിച്ചു് എത്ര തൊണ്ടകീറി വാദിച്ചാലും ജീവശാസ്ത്രപരമായി സ്ത്രീയും പുരുഷനും തമ്മിലുള്ള വ്യത്യാസത്തിന്റെ നേർക്കു് ആർക്കും കണ്ണടയ്ക്കാൻ കഴിയുകയില്ല. പെറ്റുവീണ പെൺകുഞ്ഞിന്റെ മുഖത്തു് പുഞ്ചിരിയുണ്ടായിരിക്കും. ആൺകുഞ്ഞിന്റെ മുഖത്തു് പാരുഷ്യവും. ഈ പുഞ്ചിരി സ്ത്രീകളുടെ പൊതുവേയുള്ള ശാലീനതയെ സൂചിപ്പിക്കുന്നു; പാരുഷ്യം പുരുഷന്റെ ആക്രമണോത്സുകതയെയും. ബസ്സിനു കൈകാണിക്കുമ്പോൾ ഡ്രൈവർ നിറുത്താതെപോയാൽ സ്ത്രീ ചിരിക്കുകയേയുള്ളു, പുരുഷൻ തെറി വിളിക്കും. ഇതു് ഒരു വ്യത്യാസം മാത്രം. ജീവശാസ്ത്രപരമായ ഈ വ്യത്യാസം കൊണ്ടാണു സ്ത്രീകളുടെ കൂട്ടത്തിൽ സോക്രട്ടീസ്, പ്ലേറ്റോ, ഹോമർ, ഷേക്സ്പിയർ, സോഫോക്ലിസ്, വാൽമീകി, വ്യാസൻ, ഐൻസ്റ്റൈൻ, ന്യൂട്ടൻ, ഡാർവിൻ, പോൾ റോബ്സൺ, ത്യാഗരാജൻ, ഡാവിഞ്ചി, മൈക്കലാഞ്ചലോ, ടോൾസ്റ്റോയി, ദസ്തെയെവ്സ്കി, കാളിദാസൻ, ടാഗോർ, ഗാന്ധിജി ഇവർ ഇല്ലാത്തതു്. ഇനിയൊട്ടു് ഉണ്ടാവുകയുമില്ല. പുരുഷന്റെ ആധിപത്യം സെക്സിൽ നിന്നു ജനിക്കുന്നതു കൊണ്ടു് സ്ത്രീ സ്വവർഗ്ഗാനുരാഗിണിയാകണമെന്നു് മില്ലറ്റ് പറയുന്നു. ഭാഗ്യം കൊണ്ടു് ശ്രീജ അങ്ങനെ വാദിക്കുന്നില്ല.
- രാമകഥാപ്പാട്ടും രാമചരിതവും:
- മലയാളഭാഷയിലെ രണ്ടു മണൽക്കാടുകൾ. മലയാളം എം. എ. വിദ്യാർത്ഥികൾ അവയിലെ ചുട്ടുപഴുത്ത മണലിൽ ചവിട്ടി നടന്നേ മതിയാകൂ.
- ഭാരതപര്യടനം:
- മഹാഭാരതത്തിൽ ധർമ്മം എവിടെയുണ്ടോ അതെല്ലാം അധർമ്മമായും അധർമ്മം എവിടെയുണ്ടോ അതെല്ലാം ധർമ്മമായും മനോഹരമായ ഭാഷയിൽ ആവിഷ്കരിച്ചുട്ടുള്ള ഒരു ഗ്രന്ഥം.
- അന്നാകരേനിന:
- പത്തൊൻപതാം ശതാബ്ദത്തിലെ ഒരു മഹാത്ഭുതം.
- വൃത്തശില്പം:
- പടിഞ്ഞാറൻ ദേശത്തു് ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ചെങ്കിൽ കുട്ടിക്കൃഷ്ണമാരാർ ക്കു് ഡി. ലിറ്റ് കിട്ടുമായിരുന്ന ഗ്രന്ഥം.
- കെ. എം. പണിക്കർ:
- മുലക്കവി (കേശവദേവ് നൽകിയ വിശേഷണം. ആരുമല്ലാത്ത ഞാനും ദേവിനോടു് യോജിക്കുന്നു.)
- കുഞ്ചുപിള്ള:
- ജീവിച്ചിരുന്നെങ്കിൽ കേരളത്തിലെ മഹാകവി ആകുമായിരുന്ന വ്യക്തി.
- ഏതൽ ഫൂഗാർഡ്:
- ഈ ദക്ഷിണാഫ്രിക്കൻ നാടക കർത്താവിന്റെ നാടകങ്ങൾ വായിക്കാത്തവർ സാഹിത്യമെന്തെന്നു് അറിഞ്ഞിട്ടില്ല.
- വെർജിലിന്റെ മരണം:
- ഹെർമ്മൻ ബ്രോഹി ന്റെ അതിസുന്ദരമായ നോവൽ. മറ്റൊരു മഹാത്ഭുതം.
- എറണാകുളം:
- പച്ചനിറമുള്ള അവിയൽ, നീല സാമ്പാർ, മഞ്ഞത്തോരൻ, വെളുത്ത തീയൽ, വേകാത്ത ചോറു് ഇവ കിട്ടുന്ന സ്ഥലം.
- മഹാരാജാസ് കോളേജ്, എറണാകുളം:
- അന്തസ്സു് ഉള്ള കലാലയം.
- ഉച്ചാരണ വൈകല്യം:
- അതിസുന്ദരിയായ യുവതിയിൽ നിന്നുണ്ടാകുമ്പോൾ ആകർഷകവും, വൈരൂപ്യമുള്ളവരിൽ നിന്നുണ്ടാകുമ്പോൾ ജുഗുപ്സാവഹവുമായതു്.
വർഷങ്ങൾക്കു മുൻപാണിതു് സംഭവിച്ചതു്. ഒരു ക്ഷേത്രത്തിൽ നിന്നു് ചിലതൊക്കെ മോഷണം പോയി. പൂജാരി ഒരു നായരായിരുന്നു. അയാൾ കാലത്തു് അമ്പലത്തിലെത്തിയപ്പോഴാണു് മോഷണത്തെക്കുറിച്ചറിഞ്ഞതു്. നേരെ പോലീസ് സ്റ്റേഷനിലേക്കു ചെന്നു് ആ നിരപരാധൻ ഇൻസ്പെക്ടറോടു് പരാതി പറഞ്ഞു.
അദ്ദേഹം മീശ പിരിച്ചിട്ടു് പൂജാരിയോടു് പറഞ്ഞു: ആങ്ഹാ, മോട്ടിച്ചിട്ടു് കേറി വന്നിരിക്കുന്നു, വേറെ ആരോ മോട്ടിച്ചു എന്നു് പറഞ്ഞുകൊണ്ടു്. അല്ലേടാ റാസ്കൽ? പരമേശ്വരൻ പിള്ളേ, ഇവനെ അങ്ങോട്ടു് തട്ടിക്കയറ്റു്.
പാവം ഒരു ദിവസം മുഴുവൻ ലോക്കപ്പിൽ കിടന്നു. അയാളെ ജാമ്യത്തിലിറക്കാൻ ഞാനും യത്നിച്ച കൂട്ടത്തിലാണു്.

പണ്ടു് ഒരമേരിക്കൻ വാരികയിൽ വായിച്ചതാണു്. കള്ളന്മാർ ബാങ്കിൽ കയറി, പൂട്ടിൽ വെടി വച്ചു. പൂട്ടു് തകർന്നെന്നു് കണ്ടപ്പോൾ അവർ വാതിൽ പിടിച്ചു വലിച്ചുനോക്കി. എത്ര ശ്രമിച്ചിട്ടും അതു് തുറക്കുന്നില്ലെന്നു് കണ്ടു് കള്ളന്മാർ തിരിച്ചു പോയി. അവരൊന്നു് കതകു് അകത്തേക്കു് തള്ളിയിരുന്നെങ്കിൽ അതു തുറന്നേനെ. ഈ കള്ളന്മാരെയും പൂജാരിയെയും ഇംഗ്ലീഷിൽ ‘losers’ എന്നാണു് വിളിക്കുക. ഇമ്മട്ടിലൊരു ‘ലൂസറെ’യാണു് വിശ്വവിഖ്യാതനായ ആർ. കെ. നാരായൺ ‘Other Word’ എന്ന ഇംഗ്ലീഷ് ചെറുകഥയിൽ അവതരിപ്പിക്കുന്നതു്. സാരി മോഷണം പോയപ്പോൾ കടക്കാരൻ പോലീസിനു് പരാതി കൊടുത്തു. പോലീസിന്റെ ഉപദ്രവം കൊണ്ടു് അയാൾ കാണാത്ത കള്ളന്റെ വിവരണം നൽകി. ദൗർഭാഗ്യത്താൽ അതേ മട്ടിലൊരുത്തനെ പോലീസിനു കിട്ടി. മജിസ്ട്രേറ്റ് ‘ശീല’ മോഷ്ടിച്ചോ എന്നു് അയാളോടു് ചോദിച്ചു. ‘ശീല’ എന്നതു് ‘ശില’ (വിഗ്രഹം) എന്നു കേട്ട അവൻ താൻ മോഷ്ടിച്ച ഹനുമാന്റെ വിഗ്രഹം എടുത്തു കൊടുത്തു. ഈ കള്ളൻ ലൂസർ തന്നെ. സംശയമില്ല. എന്നാൽ എന്റെ സംശയം, ഇമ്മട്ടിലൊരു ‘ബോറൻ’ കഥയെഴുതിയ നാരായൺ എങ്ങനെ ലോകപ്രശസ്തനായി എന്നാണു്. ഹിന്ദു ദിനപ്പത്രത്തിന്റെ പ്രസാധകർ പ്രസാധനം ചെയ്ത ‘Frontline’ എന്ന മനോഹരമായ മാസികയിലാണു് ഈ കഥാസാഹസം. പൂജാരിയെ സംബന്ധിച്ച യഥാർത്ഥ സംഭവവും സത്യമെന്ന മട്ടിൽ അമേരിക്കൻ വാരികയിൽ വന്ന സംഭവവും ഈ വിശ്വവിഖ്യാതൻ എഴുതിയ കഥയെക്കാൾ എത്രയോ മെച്ചം. ഫ്രണ്ട് ലൈനിൽ വന്ന ഈ കഥയ്ക്കു് സാഹിത്യത്തിന്റെ റിയർലൈനിലാണു് സ്ഥാനം. ചില ഉപമകൾ പറയാം. കേട്ടാലും, ഭംഗിയുള്ള ഉപമകൾ അല്ല.
ഇരുവശവും വൈദ്യുതദീപങ്ങളും ചോലമരങ്ങളുമുള്ള ടാറിട്ട രാജവീഥിയുടെ മദ്ധ്യത്തിലൂടെ ചക്കടാവണ്ടി പോകുന്നതുപോലെ, ചുവന്നുചുവന്ന പനിനീർപ്പൂ നരച്ചതലയിൽ വച്ചിരിക്കുന്നതു പോലെ, സുന്ദരിയായ ചെറുപ്പക്കാരിയെ കഷണ്ടിക്കാരനായ കിഴവൻ പ്രേമപൂർവം കടാക്ഷിക്കുന്നതുപോലെ, സുന്ദരനായ യുവാവു് വൈരൂപ്യമുള്ളവളോടു കൂടി പോകുന്നതു പോലെ ഫ്രണ്ട് ലൈനിൽ ആർ. കെ. നാരായൺ-ന്റെ ചെറുകഥ.
തിരുവിതാംകൂർ–കൊച്ചി രാജ്യത്തിന്റെ തലസ്ഥാനവും തിരുവനന്തപുരമായിരുന്നല്ലോ? അന്നത്തെ സെക്രട്ടേറിയേറ്റിൽ എം. സി. തോമസ് എന്ന പ്രഗൽഭനായ അസിസ്റ്റന്റ് സെക്രട്ടറി ഉണ്ടായിരുന്നു. പ്രധാനപ്പെട്ട കത്തുകളെല്ലാം ദിവാൻ സർ. സി. പി. അദ്ദേഹത്തെക്കൊണ്ടാണു് ഡ്രാഫ്റ്റ് ചെയ്യിച്ചിരുന്നതു്. എം. സി. തോമസ് അസിസ്റ്റന്റ് സെക്രട്ടറി ആയിരുന്ന സെക്ഷനിൽ ക്ലാർക്കായിരുനു ഞാൻ. ഒരു വാക്കിന്റെ സ്പെല്ലിങ് തെറ്റിച്ചതു കണ്ടു് അദ്ദേഹം ഒരിക്കൽ എന്നോടു ദേഷ്യപ്പെട്ടു് ചോദിച്ചു: “നിങ്ങൾ ഇവിടത്തെ കുന്നുകുഴി യൂണിവേഴ്സിറ്റിയിലാണോ പഠിച്ചതു്?” (കുന്നുകുഴി യൂണിവേഴ്സിറ്റിയെന്നാൽ തിരുവിതാംകൂർ യൂണിവേഴ്സിറ്റി എന്നർത്ഥം.)
ഞാൻ കൊട്ടാരക്കര ഇംഗ്ലീഷ് ഹൈസ്കൂളിൽ സിക്സ്ത്ഫോമിൽ (ഇന്നത്തെ ടെൻത് സ്റ്റാൻഡേർഡ്) ചേരാൻ ചെന്നപ്പോൾ ഹെഡ്മാസ്റ്റർ പറഞ്ഞു: “ഓ തിരുവനന്തപുരത്തെ എസ്. എം. വി. സ്കൂളിൽ നിന്നാണു് വരുന്നതു് അല്ലേ? ആ സ്കൂളിലെ കുട്ടികളുടെ സ്വഭാവമൊന്നും ഇവിടെ കാണിച്ചേക്കരുതു് കേട്ടോ?”
മന്ത്രി മുഹമ്മദ് കോയ പറഞ്ഞതനുസരിച്ചു് ഡോക്ടർ കെ. ഭാസ്കരൻ നായർ സന്തോഷപൂർവ്വം എന്നെ ചിറ്റൂരെ കോളേജിലേക്കു് മാറ്റി. അവിടെച്ചെന്നു് ഒരു വീടു് കണ്ടുപിടിച്ചു. ഉടമസ്ഥൻ പറഞ്ഞു: “വീടു് വാടകയ്ക്കു് തരാം. പക്ഷേ, തിരുവനന്തപുരത്തുകാരനായതു കൊണ്ടു് ഒരു വർഷത്തെ വാടക മുൻകൂർ തരണം. സത്യസന്ധന്മാരല്ല തിരുവനന്തപുരത്തുകാർ.”
ചങ്ങമ്പുഴ ചിലതൊക്കെ പ്രവർത്തിച്ചുവെന്നു് അറിഞ്ഞപ്പോൾ ഞാൻ അതെല്ലാം ശരിയോ എന്നു് അദ്ദേഹത്തോടു് ചോദിച്ചു. മറുപടി ഇങ്ങനെയായിരുന്നു: “നീ ഫ്രായിറ്റി ന്റെ പുസ്തകങ്ങൾ വായിച്ചിട്ടുണ്ടോ? അവയിൽ പറയുന്നു, മനുഷ്യൻ ഇങ്ങനെയൊക്കെ ചെയ്യുമെന്നു്.” എം. സി. തോമസും, ഹെഡ്മാസ്റ്ററും, വീട്ടുടമസ്ഥനും, ചങ്ങമ്പുഴയും പറഞ്ഞതു ശരി. Unreadable ആയ കഥ എഴുതിക്കൊണ്ടു് ആരെങ്കിലും എന്റെ അടുത്തെത്തിയാൽ ഞാൻ ചോദിക്കും: ‘നിങ്ങളുടെ ഗുരുനാഥൻ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ “പൊന്നുതുള്ളി” എന്ന കഥയെഴുതിയ യു. എ. ഖാദറാ ണോ?’

എപ്പോഴുമെന്തിനു ‘വിഷൻ’ എന്ന വാക്കു പറയുന്നു എന്നു വായനക്കാർ ചോദിച്ചേക്കാം. വിഷനെന്നാൽ അതു് ആഴത്തിലുള്ള സത്യമാണു്. ടോൾസ്റ്റോയി യുടെ ‘ഇവാൻ ഇലീചിന്റെ മരണം’ എന്ന കഥ വായിക്കൂ. മരണത്തെസ്സംബന്ധിച്ച അഗാധതയാർന്ന സത്യം അതിൽ വെട്ടിത്തിളങ്ങുന്നതു കാണാം.
ആഭാസന്മാർ മാന്യ ജീവിതം നയിക്കുന്നവരെ അപമാനിച്ചു ഹാസ്യ ചിത്രങ്ങൾ വരയ്ക്കുന്നു. വണ്ടിക്കാളകൾ റോഡു നീളെ ചാണകമിടുന്നു എന്നു പറഞ്ഞു് അവർ ആ കാളകളെ അടിക്കാറുണ്ടോ? ചാണകത്തിൽ ചവിട്ടി വീഴാതിരിക്കാനായി മാന്യന്മാർ മാറി നടക്കും. പിന്നെ റോഡിൽ അതു കിടന്നു പുഴുത്തു നാറുമെന്നേയുള്ളു. വാരികയാകുന്ന തെരുവിൽ അതു വീഴരുതെന്നു പത്രാധിപന്മാർക്കു നിർബ്ബന്ധമില്ലാത്തിടത്തോളം കാലം ചിലപ്പോൾ വിദേശനാമധേയമാർന്ന ഈ മൂരികൾ നിർബ്ബോധം മലവിസർജ്ജനം നടത്തിക്കൊണ്ടിരിക്കും. അതിനെ ഹാസ്യ ചിത്രരചനയായി കരുതും. ഈ ചിന്തയോടെയാണു് ഞാൻ മനോരമ ആഴ്ചപ്പതിപ്പിലെ അസ്തമയം എന്ന കഥ വായിച്ചതു് (ജോൺ കുന്നപ്പള്ളി എഴുതിയതു്). ആശുപത്രിയിൽ കിടക്കുന്ന ഒരുത്തിക്കു് ആഹാരം കൊണ്ടുവരുന്ന ഒരു പെൺകുട്ടിയെ ചിലർ ബലാൽസംഗം ചെയ്തു കൊല്ലുന്നു. ഓരോ രചന കാണുമ്പോഴും ഓരോ പ്രതികരണമുണ്ടാകുമല്ലോ. നമുക്കു് ഇക്കഥ വായിച്ചപ്പോൾ കാളച്ചാണകം കണ്ട അറപ്പും വെറുപ്പുമല്ല Sharp rejection എന്നതാണു എനിക്കുണ്ടായതു്. അത്രകണ്ടു് ഇതു് സാഹിത്യവുമായി അകന്നു നിൽക്കുന്നു. ആ വികാരം മാറിയതു് ആഴ്ചപ്പതിപ്പിലെ ടോംസി ന്റെ കാർട്ടൂൺ കണ്ടപ്പോഴാണു്. മരണപ്പാച്ചിൽ നടത്തുന്ന ഒരു ലോറിയെ കൈ കാണിച്ചു നിർത്താൻ ശ്രമിക്കുന്നു പോലീസുകാരൻ. ലോറി നിറുത്തുന്നില്ല. അത്ഭുതങ്ങളിൽ അത്ഭുതം. അയാളുടെ കൈയിൽ നൂറു രൂപയുടെ രണ്ടു നോട്ടു്. പോലീസുകാരനെപ്പോലും ചിരിപ്പിക്കുന്ന നേരമ്പോക്ക്. പ്രകൃതിയുടെ അനുഗ്രഹം സത്യത്തിലേക്കു നമ്മെ കൊണ്ടു ചെല്ലും; സൗന്ദര്യത്തിലേക്കും. സത്യവും സൗന്ദര്യവും ഒന്നായതുകൊണ്ടു് ടോംസിന്റെ കാർട്ടൂൺ സുന്ദരമാണു്.
കാലത്തിന്റെ പ്രവാഹത്തിനു് എതിരായി എനിക്കു സഞ്ചരിക്കാൻ കഴിഞ്ഞെങ്കിൽ! എന്തെല്ലാം കാഴ്ചകൾ ഞാൻ കാണുമായിരുന്നില്ല! ഇടപ്പള്ളി രാഘവൻ പിള്ള മുറിക്കൈഷർട്ടിട്ടു്, മുഷിഞ്ഞ മുണ്ടുടുത്തു് തിരുവനന്തപുരത്തെ സയൻസ് കോളേജിന്റെ മുൻപിൽ ചിന്താധീനനായി നിൽക്കുന്നു. സിൽക്ക് ട്രൗസേഴ്സ്, സിൽക്ക് ഷർട്ട്, സിൽക്ക് കോട്ട്, സിൽക്ക് ടൈ ഇവ ധരിച്ചു സുന്ദരനായ ചങ്ങമ്പുഴ കൃഷ്ണപിള്ള. ഇടപ്പള്ളി സാഹിത്യപരിഷത്തിൽ കവിതയെക്കുറിച്ചു് ഇംഗ്ലീഷിൽ പ്രസംഗിക്കുന്നു. ഇ. വി. കൃഷ്ണപിള്ള പ്രഭാഷണം നടത്തുന്നു. അദ്ദേഹത്തിന്റെ ഓരോ വാക്യത്തിലും നേരമ്പോക്ക്. ആളുകൾ അതുകേട്ടു് തലതല്ലി ചിരിക്കുന്നു. ഏ. ബാലകൃഷ്ണപിള്ള വെള്ളിത്താടി തടവിക്കൊണ്ടു് “എൻ. വി. കൃഷ്ണവാര്യർ നല്ല കവിയാണു്. നിങ്ങൾ മുൻപു് പറഞ്ഞതു് തിരുത്തിയെഴുതണം” എന്നു എന്നോടു പറയുന്നു. എറണാകുളത്തു് വള്ളത്തോൾ പ്രസംഗിച്ചുകൊണ്ടു് നിൽക്കുന്നു. ആയിടെ റഷ്യയിൽ പോയിട്ടുവന്ന അദ്ദേഹം മോസ്കോയിലെ ഒരു ബാലേനർത്തകിയെക്കുറിച്ചു് “റോസാദലം കാറ്റിൽ പറക്കുമ്പോലെ” എന്നു പറയുന്നു. കാലമേ, പിറകോട്ടുപോകൂ. ഞാനിവരെയൊക്കെ കാണട്ടെ. അവർ പറയുന്നതു കേൾക്കട്ടെ.

ചൂടാർന്ന ദിവസം എം. എൻ. ഗോവിന്ദൻ നായരുടെ ആത്മകഥയുടെ ഒരുഭാഗം ജനയുഗം വാരികയിൽ വായിച്ചതുകൊണ്ടു ഞാൻ മഹാനായ ആ നേതാവിനെക്കുറിച്ച്, ആ നല്ല മനുഷ്യനെക്കുറിച്ചു് ദുഃഖത്തോടെ ഓർമ്മിക്കുന്നു. കാറും ബസ്സും ആളുകളും നിറഞ്ഞ തിരക്കുള്ള രാജവീഥി. പുളിമൂടു് എന്ന സ്ഥലം. എം. എൻ. സഹജമായ ചിരിയോടെ വരുന്നു. ഞാൻ കൈകൂപ്പി. തിടുക്കത്തിൽ പോവുകയാണു് അദ്ദേഹം. എങ്കിലും നിന്നു. ഞാൻ വിനയത്തോടെ പറഞ്ഞു: “സാർ, ഞാൻ കലാകൗമുദിയിൽ ആഴ്ചതോറും ഒരു കോളം എഴുതുന്നുണ്ടു്. ചിലപ്പോൾ സാറിനെക്കുറിച്ചും എഴുതാറുണ്ടു്. അതു കാണാറുണ്ടോ?” എം. എൻ. മറുപടി നൽകി. ഹൃദ്യമായി ചിരിച്ചുകൊണ്ടു്. “ഒരക്ഷരം വിടാതെ എല്ലാം വായിക്കുന്നുണ്ടു്.” അദ്ദേഹം എന്റെ തോളിൽ സ്നേഹത്തോടെ ഒന്നു തട്ടി. യാത്ര ചോദിച്ചു് നടന്നു. ഈ സംഭവം നടന്നിട്ടു് അധികം ദിവസമായില്ല. പിന്നീടും ഞാൻ പുളിമൂട്ടിലെത്തിയിട്ടുണ്ടു്. എം. എൻ. ഗോവിന്ദൻ നായരെ കണ്ടിട്ടില്ല. ഇനി കാണുകയുമില്ല. ജനങ്ങൾക്കു വേണ്ടി ജീവിച്ച പുരുഷരത്നമായിരുന്നു അദ്ദേഹം. ലോകത്തിനു പ്രയോജനമില്ലാത്ത ഞാനെവിടെ? ഇവിടെയുണ്ടു്. ലോകത്തിനുവേണ്ടി ജീവിച്ച എം. എൻ. എവിടെ? ഇവിടെയില്ല. ഒറ്റയായ മരണം ട്രാജഡിയും ലക്ഷക്കണക്കിനുള്ള ആളുകളുടെ മരണം സ്ഥിതിവിവരക്കണക്കുമാണെന്നു സ്റ്റാലിൻ പറഞ്ഞിട്ടുണ്ടു്. കോടാനുകോടി ആളുകൾ മരിച്ചാലും എം. എൻ. ഗോവിന്ദൻ നായരുടെ മരണം ട്രാജഡിയായിത്തന്നെ ഹൃദയമുള്ളവർക്കെല്ലാം തോന്നും.
ക്യാൻസർ വരാൻ തുടരെത്തുടരെ സിഗരറ്റ് വലിക്കണമെന്നില്ല. അങ്ങനെ സിഗരറ്റ് വലിക്കുന്ന ആളുള്ള വീട്ടിൽ താമസിച്ചാൽ മതി. റ്റാർ ശ്വാസകോശത്തിൽ ധാരാളം കടന്നു ചെല്ലും. ക്യാൻസർ വരികയും ചെയ്യും. സാഹിത്യത്തോടു വിരോധം തോന്നാൻ വാരികകൾ വായിക്കണമെന്നില്ല. കടകളിൽ അവ നിരത്തി വച്ചിരിക്കുന്നതു കണ്ടാൽ മാത്രം മതി.