സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1984-12-30-ൽ പ്രസിദ്ധീകരിച്ചതു്)

images/JaneAusten.jpg
ജേൻ ഓസ്റ്റിൻ

ലാക്ഷണികസ്വഭാവമുള്ള ഒരു കഥ പറയാം: “തിര പതഞ്ഞുകൊണ്ടു് ശിലയ്ക്കു ചുറ്റും കറങ്ങി. രാത്രിയും പകലും അതിനെ ഉമ്മവച്ചു. വെളുത്ത കൈകൾ കൊണ്ടു കെട്ടിപ്പിടിച്ചു് അവളുടെ അടുത്തേയ്ക്കു ചെല്ലാൻ യാചിച്ചു. ഇങ്ങനെ സ്നേഹിച്ചും ചുറ്റിക്കറങ്ങിയും തിര പാറയെ ദുർബ്ബലമാക്കി. അങ്ങനെ ഒരു ദിവസം അടിവശം തകർന്ന ശില തിരയുടെ കൈകളിൽ വീണു. അതോടെ അതു കടലിന്റെ അടിത്തട്ടിലുമായി. തിരയ്ക്കു ആശ്ലേഷിക്കാനോ ചുംബിക്കാനോ പാറയില്ലാതെയായി. സമുദ്രത്തിന്റെ അടിത്തട്ടിൽ ഒരു ശിലാഖണ്ഡം മാത്രം. തിരയ്ക്കു നൈരാശ്യം. അതു വേറൊരു പാറ അന്വേഷിച്ചു പോയി”. പാറയെ സ്നേഹിച്ച് തിരയിലൂടെ ഇക്കഥ എഴുതിയ ആൾ സ്ത്രീയെ സംബന്ധിച്ച ഒരു സാമാന്യ തത്ത്വം പ്രതിപാദിക്കുകയാണു്. പുരുഷനെ തന്നിലേയ്ക്കു ആകർഷിക്കുക, സ്നേഹിക്കുന്നുവെന്നു് ഭാവിക്കുക, അവൻ വീണു എന്നു കണ്ടാൽ അവനെ ഉപേക്ഷിച്ചിട്ടു് മറ്റൊരുത്തനെ തേടിപ്പോവുക—ഇതാണു് ആ തത്ത്വം. അമേരിക്കയിലെ പ്രസിദ്ധനായ ഒരഭിഭാഷകൻ പ്രഭാഷകന്മാർക്കുവേണ്ടി എഴുതിയ ഒരു ഗ്രന്ഥത്തിലെ ഒരു പ്രസ്താവം കൂടി ഓർമ്മയിലെത്തുന്നു (അഭിഭാഷകന്റെയും പുസ്തകത്തിന്റെയും പേരുകൾ സ്മരണയിലില്ല. കോടതിയിലെ ജീവിതത്തെക്കുറിച്ചു സുന്ദരമായ ആത്മകഥയും രചിച്ചിട്ടുണ്ടു് അദ്ദേഹം). മഞ്ഞുകട്ടയുടെ തണുപ്പും അഗ്നിയുടെ ചൂടും വ്യാഘ്രത്തിന്റെ ക്രൂരതയും വജ്രത്തിന്റെ കാഠിന്യവും കലർന്നവളാണു് സ്ത്രീ എന്നു് ആ അഭിഭാഷകൻ പറഞ്ഞിട്ടുണ്ടു്. പൊതുവേ സ്ത്രീ കാരുണ്യശാലിനിയാണു്. എങ്കിലും ക്രൂരസ്വഭാവം ഉണ്ടായിക്കഴിഞ്ഞാൽ കാരുണ്യം തിരിച്ചുവരാത്ത വിധത്തിൽ അപ്രത്യക്ഷമാകും. ക്രൂരനായ പുരുഷനെ നല്ല വാക്കു പറഞ്ഞ് കാരുണ്യമുള്ളവനാക്കാം. സ്ത്രീയോടു് അതു പ്രയോജനപ്പെടുകയില്ല. സാമദാനഭേദദണ്ഡങ്ങൾ നിഷ്ഫലങ്ങളാണു്. അവളെ എത്ര വേണമെങ്കിലും പ്രശംസിക്കൂ. പണ്ടു് ഏതെങ്കിലുമൊരു സന്ദർഭത്തിൽ പുരുഷൻ പ്രതികൂലമായി പറഞ്ഞ ഒരു വാക്കു് ഓർമ്മിച്ചു വച്ചുകൊണ്ടു് അവൾ അതിനു മറുപടി പറയും. പ്രശംസ താനർഹിക്കുന്നു എന്ന മട്ടിൽ അതു് അവഗണിക്കുകയും ചെയ്യും. ഇതു സ്ത്രീയുടെ സ്വഭാവസവിശേഷത. മറ്റൊന്നു് അവളുടെ പ്രായോഗിക ബുദ്ധിയാണു്. ഇതു് സ്വാർത്ഥതാല്പര്യത്തോടു ബന്ധപ്പെട്ടിരിക്കുന്നു. കാല്പനിക പ്രേമത്തിൽ വലയം കൊണ്ടിരിക്കുമ്പോഴും പ്രായോഗികത്വം കൈവിട്ടുകളയുന്നില്ല, സ്ത്രീ. അതിനാലാണു് ജേൻ ഓസ്റ്റിൻ പെൺമക്കളുടെ വിവാഹത്തെക്കുറിച്ചു നോവലെഴുതിയതു് (Pride and Prejudice) ഷൊർഷ്സാങ് (George Sand) അഭ്യാസജനിതങ്ങളായ (Practical) നോവലുകൾ രചിച്ചതു്. കേരളത്തിലെ അനാഗതാർത്തവങ്ങളും ആഗതാർത്തവങ്ങളും പൈങ്കിളിക്കഥകൾ എഴുതുന്നതിന്റെ ഹേതുവും വേറൊന്നല്ല. മുൻപും ഇതു പറഞ്ഞിട്ടില്ലേ എന്ന ചോദ്യമുണ്ടാകാം. പറഞ്ഞിട്ടുണ്ടു്. സമ്മതിക്കുന്നു. എന്നാൽ ഇതിലെ ആശയങ്ങൾക്കു പുനരുക്ത ദോഷമില്ല.

കഷ്ടം!
images/MKThyagarajaBhagavathar.jpg
എം. കെ. ത്യാഗരാജഭാഗവതർ

1984 ഡിസംബർ 6-ആം തിയതി ഇതെഴുതുന്നു. “ഇന്നു കാലത്തു് തിരുവനന്തപുരത്തെ വെള്ളയമ്പലം എന്ന സ്ഥലത്തുവച്ച് ഒരു കാറ് ഓട്ടോറിക്ഷായിൽ ഇടിച്ച് ഓട്ടോറിക്ഷാ ഡ്രൈവറും അതിലുണ്ടായിരുന്ന രണ്ടുപേരും മരിച്ചു” എന്നെഴുതിയാൽ അതു കഥയാവില്ല (അപകടവും മരണവും സാങ്കൽപ്പികം). കാർ അതിവേഗം ഓടിച്ചു വരുന്നതു് വർണ്ണിക്കണം. ഡ്രൈവറും യാത്രക്കാരും പിടഞ്ഞു മരിച്ചതു് ചിത്രീകരിക്കണം. അവരുടെ മരണം നിമിത്തം കുടുംബങ്ങൾ അനാഥമാകുന്നതു് ധ്വനിപ്പിക്കണം. അപകടം എന്ന പ്രത്യക്ഷ സത്യത്തിന്റെ പിറകിൽ അനേകം പരോക്ഷ സത്യങ്ങളുണ്ടു്. അവയെ സ്ഫുടീകരിക്കണം. ഇത്രയും ചെയ്യുമ്പോൾ ആ വർണ്ണനം ഭാവനാത്മകമായ അനുഭവമായി മാറും. അപ്പോൾ നമ്മുടെ ജീവിതാവബോധം തീക്ഷ്ണതരമാകും. ഇതിനൊന്നും കഴിവില്ലാത്തവർ തൂലികയെടുത്തു് ‘സുജാതയും എലികളും ഞാനും’ പോലെയുള്ള കഥാസാഹസങ്ങൾ പടച്ചുവയ്ക്കുന്നതു് കഷ്ടമാണു് (പാങ്ങിൽ ഭാസ്കരൻ എഴുതിയ ഈ ‘സാഹസം’ ദേശാഭിമാനി വാരികയിൽ). സർക്കാരുദ്യോഗസ്ഥയായ സുജാത്യ്ക്കു സന്താനമില്ല. അവൾ എലികളെ സ്നേഹിക്കാൻ തുടങ്ങി. എലികൾ ഓഫീസ് ഫയലുകളിൽ കയറിനിന്നു് നൃത്തം വച്ചു. അപ്പോൾ കഥ പറയുന്ന ആൾ സുജാതയെ മറന്നുപോകും. പ്രതിരൂപാത്മകമായ എന്തോ മഹത്തായ രചന പാവപ്പെട്ട നമ്മൾക്കു നല്കിയിരിക്കുന്നുവെന്നാണു് പാങ്ങിൽ ഭാസ്കരന്റെ മട്ടു്. പക്ഷേ, പ്രതിരൂപത്തിന്റെ പിന്നിലുള്ള അർത്ഥത്തെക്കുറിച്ചോ ആ അർത്ഥത്തെ മൂർത്തമാക്കി മാറ്റുന്ന വിദ്യയെക്കുറിച്ചോ രചയിതാവിനു തന്നെ ഒരു പിടിയുമില്ല. നമ്മുടെ കാര്യം പിന്നെന്തു പറയാൻ? മലയാളഭാഷയിൽ ആവിർഭവിക്കുന്ന ഇത്തരം കഥകളുടെ പാരായണം നരകീയനുഭവമായി മാറിയിരിക്കുന്നു.

images/SDSubbulakshmi.jpg
എസ്. ഡി. സുബ്ബലക്ഷ്മി

ഞാൻ ആലപ്പുഴ സനാതനധർമ്മ വിദ്യാലയത്തിലെ വിദ്യാർത്ഥിയായിരുന്ന കാലം. എം. കെ. ത്യാഗരാജഭാഗവതരും എസ്. ഡി. സുബ്ബലക്ഷ്മി യും ആ പട്ടണത്തിൽ നാടകം കളിക്കാനെത്തി. എന്റെ വീട്ടിനടുത്തു് ഒരു രണ്ടുനില കെട്ടിടത്തിലാണു് അവർ താമസിച്ചതു്. ഞാൻ തിടുക്കത്തിൽ വള്ളിനായകത്തിന്റേയും ഷേണായിയുടെയും ബാഡ്മിന്റൻ കളി കാണാൻ ഓടിപ്പോകുമ്പോൾ ആ കെട്ടിടത്തിന്റെ രണ്ടാമത്തെ നിലയിൽ നിന്നു് സുബ്ബലക്ഷ്മി താഴോട്ടു നോക്കുന്നു. അവരെക്കണ്ടയുടനെ ‘ഇതാ മാളികയിൽ ചന്ദ്രൻ’ എന്നു് ആലങ്കാരികന്റെ മട്ടിൽ സ്വയം ഉദ്ഘോഷിച്ച് ഞാനവിടെത്തന്നെ നിന്നുപോയി. ബാഡ്മിന്റൻ കളി കാണാൻ പോയതേയില്ല. ഇങ്ങനെ നമ്മെ പിടിച്ചു നിർത്തുന്നതായിരിക്കണം സാഹിത്യ രചനകൾ.

ആർജ്ജവം എന്ന സവിശേഷത
images/Balamaniamma.jpg
ബാലാമണിയമ്മ

ഭവതി ഈ ലോകത്തുനിന്നു് പൊടുന്നനെ അന്തർദ്ധാനം ചെയ്തപ്പോൾ ഉറങ്ങാനാവാത്ത രാത്രികൾ ഉണ്ടായിരുന്നു. കണ്ണീർ തോരാത്ത പകലുകളും രാത്രികളും. ഞാനിതെഴുതുമ്പോൾ, ഭവതിയുടെ പഞ്ചഭൂതാത്മകമായ ശരീരം ഹിമാദ്രിയിൽ വിലയംകൊണ്ടിട്ടു് മുപ്പത്താറു ദിനങ്ങൾ കഴിഞ്ഞിരിക്കുന്നു. എങ്കിലും രാത്രിയിൽ ഞെട്ടിയുണരുമ്പോൾ ഒരു ദൃശ്യം മാത്രമാണു് എപ്പോഴും മുന്നിലുള്ളതു്. ഭാരതനന്ദിനീ, ഭവതി നടന്നുവരുന്നു. ‘നമസ്തേ’ എന്നു പറഞ്ഞു ഘാതകൻ മുന്നിലെത്തുന്നു. അവൻ ഘാതകനാണെന്നു് മനസ്സിലാക്കാതെ ഭവതി ഹൃദയ വിശുദ്ധിക്ക് യോജിച്ച വിധത്തിൽ മന്ദസ്മിതം പൊഴിക്കുന്നു. നമസ്തേ എന്നു പറഞ്ഞ് പ്രത്യഭിവാദനം ചെയ്യുന്നു. നരാധമൻ വെടിയുണ്ടകൾ വർഷിക്കുന്നു. “ഓ, അവരെന്നെ കൊന്നു” (Aree Mar Diya) എന്ന വാക്കുകൾ പറഞ്ഞുകൊണ്ടു് ഭവതി മറിഞ്ഞുവീഴുന്നു. അതോടെ ഒരു യുഗം മറിഞ്ഞുവീഴുന്നു. ഏകാന്തതയുടെയും ദുഃഖത്തിന്റെയും വീഥികളിലൂടെ ഞങ്ങൾ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു.

ഈ ദുഃഖത്തിന്റെ തീവ്രത ഭവതിയുടെ ആത്മാവിനു് അറിയണമെന്നുണ്ടോ? എന്നാൽ ഞങ്ങളൂടെ ഒരു കവി—ബാലാമണിയമ്മ പരിദേവനം ചെയ്യുന്നതു് കേട്ടാലും.

ഗ്രാമ നഗരാദ്രി കാനനാദ്ധ്വാക്കളിൽ

ക്ഷേമവിധാനോദ്യതയായ്ച്ചരിക്കവേ,

സൗരബിംബം പോലെ സുപ്രിയം നിൻമുഖം

പൗരർ പാർത്തുന്മേഷമുൾക്കൊള്ളുകില്ലിനി!

നീ വെടിഞ്ഞുദ്വിഗ്നമാകുമീ നാട്ടിന്റെ

ഭാവിയെച്ചൊല്ലി മനീഷികൾ മഴ്കവേ

കാട്ടിലും പോട്ടിലും മേവുന്ന പാവങ്ങൾ

കണ്ണീരിലോർമ്മകളിട്ടു കതിർക്കയാ.

(ഗൃഹലക്ഷ്മി—ചിതാഗ്നി)

ഭവതിയുടെ ഉജ്ജ്വലതയ്ക്ക് മങ്ങലേല്പിക്കാതെയാണു് ഞങ്ങളുടെ കവി ഈ വരികൾ കുറിക്കുന്നതു്. ആർജ്ജവമാണു് ഈ കാവ്യത്തിന്റെ മുദ്ര.

ക്രോധാദ്ഭവതി സംമോഹഃ

കവിതയിലെ ഈ ആർജ്ജവം നിത്യജീവിതത്തിലും ഉണ്ടായിരുന്നാൽ നന്നു്. രാജ്യത്തിന്റെ പ്രതിനിധികൾക്ക് അതില്ലാതെ പോയതിന്റെ പേരിൽ, മര്യാദ ലംഘിച്ച് അവർ പെരുമാറിയതിന്റെ പേരിൽ ധർമ്മരോഷം കൊണ്ടു് ഡോക്ടർ സുകുമാർ അഴീക്കോട് ഇരുന്നൂറുപേരുമായി സത്യാഗ്രഹം നടത്തിയത്രേ. അതിന്റെ റിപ്പോർട്ട് ഡി. സി. കിഴക്കേമുറി നമുക്കു നൽകിയിരിക്കുന്നു (“എം. എൽ. എ.മാരേ നിങ്ങളെച്ചൊല്ലി ഞങ്ങൾ ലജ്ജിക്കുന്നു” എന്ന ലേഖനം—കുങ്കുമം വാരിക).

എപ്പോൾ ധർമ്മത്തിനു ഗ്ലാനി സംഭവിച്ച് അധർമ്മം ഉയരുന്നുവോ അപ്പോൾ ജഗത്സംബന്ധിയമായ ശക്തിവിശേഷം പ്രാദുർഭാവം കൊള്ളുന്നു. ഈ ശക്തിവിശേഷം അല്ലെങ്കിൽ ഈശ്വരൻ തന്നെയാണു് സുകുമാർ അഴീക്കോടായും ഡി. സി.യായും സെക്രട്ടേറിയേറ്റ് നടയിൽ അവതാരം കൊണ്ടു് എം. എൽ. എ കൗരവന്മാരുടെ നേർക്ക് അമ്പുകളയയ്ക്കാൻ ബഹുജനമെന്ന ഗുഡാകേശനോടു് ആവശ്യപ്പെട്ടതു്. ഗീതോപദേശത്തിനു ശേഷം സായാഹ്നത്തിൽ “സ്റ്റുഡന്റ്സ് സെന്ററിൽ പൊതുയോഗവും ഉണ്ടായി” പോലും. കംസചാണുരമർദ്ദനം നേരത്തേ നടത്തിയ സുകുമാരകളേബരൻ നിർവ്വഹിച്ച “അധ്യക്ഷപ്രസംഗം പലടത്തും ആഞ്ഞടിച്ചത്രേ”. ഈ ആഞ്ഞടി കലാകൗമുദിയുടെ നേർക്കും ആരുമല്ലാത്ത ഒരു എം. കൃഷ്ണൻ നായരുടെ നേർക്കുമായിരുന്നുവെന്നു് പിന്നീടു് പലരും പറഞ്ഞ് ഇതെഴുതുന്ന ആൾ അറിഞ്ഞു. ജഗദ്ഗുരും വന്ദേ. ആഞ്ഞടി നടത്തിയതിനു ശേഷം “പാളയം ജംഗ്ഷനിലെ ഫുട്പാത്തു് ചായക്കട”യിൽ നിന്നു് ‘സൈസ് ചെറുതാ’യ ‘ചൂടുദോശ’ വാങ്ങിത്തിന്നിട്ടു് ഏമ്പക്കമായ ശംഖനാദം മുഴക്കിക്കൊണ്ടു് ഫുല്ലാരവിന്ദായത പത്രനേത്രനും ശിഷ്യനും നടന്നു പോയി.

ഇത്രയും വിവരങ്ങൾ കുങ്കുമത്തിലൂടെ നൽകിയ ഡി. സി. കിഴക്കേമുറിക്ക് നന്ദി. യുയുധാനന്റെയും വിരാടന്റെയും ദ്രുപദന്റെയും സാന്നിധ്യത്തിൽ ചാഞ്ചല്യമരുതു് എന്നു് ഉപദേശിച്ച സുകുമാർ അഴീക്കോടിനും നന്ദി. പക്ഷേ താനുപദേശിച്ച സന്മാർഗ്ഗത്തെ സംബന്ധിച്ച മഹാരഹസ്യത്തിനും, താൻ ഉപന്യസിച്ച സ്വഭാവ ശുദ്ധി കലർന്ന പ്രവർത്തനത്തിനും കടകവിരുദ്ധമായിരുന്നില്ലേ ഡി. സി. ആഞ്ഞടിയായി വിശേഷിപ്പിച്ച അധ്യക്ഷപ്രസംഗം?

കലാകൗമുദിയുടെ ഒരു ലക്കത്തിൽ സുകുമാർ അഴീക്കോടിനെക്കുറിച്ച് നർമ്മം കലർന്ന ഒരു പരാമർശമുണ്ടായിരുന്നു (ചരിത്രരേഖകൾ). വായനക്കാരുടെ ചുണ്ടുകളിൽ മന്ദഹാസം അങ്കുരിപ്പിക്കാൻ വേണ്ടി മാത്രം നടത്തുന്ന ആ പരാമർശങ്ങളെ നർമ്മബോധത്തോടെ വേണം സ്വീകരിക്കാൻ. നർമ്മബോധം തീരെയില്ലാത്ത സുകുമാർ അഴീക്കോടു് അതുകണ്ടു് ക്ഷോഭിച്ചു. ആ പരാമർശത്തെക്കുറിച്ച് ഒരു വാക്യമെഴുതിയ എന്നോടും അദ്ദേഹത്തിനു് കോപമുണ്ടായി. ആ വികാരങ്ങൾ ഇളകിപ്പോയതിന്റെ ഫലമാണു് ‘അധ്യക്ഷപ്രസംഗം’. ഒരു ദുർബ്ബല നിമിഷത്തിൽ കോപം ജ്വലിക്കുന്നതു് ആർക്കും “മനസ്സിലാക്കാം”. പക്ഷേ അതു് സംമോഹത്തിലേക്കും സംമോഹത്തിൽ നിന്നു് സ്മൃതി വിഭ്രമത്തിലേക്കും സ്മൃതിഭ്രംശത്തിൽ നിന്നു് ബുദ്ധിനാശത്തിലേക്കും പോകാമോ? പോയിയെന്നാണു് ആ പ്രഭാഷണം കേട്ട പലരും എന്നോടു് പറഞ്ഞതു്. അപ്പോൾ നേരത്തേ നടത്തിയ ധർണ്ണയ്ക്ക് എന്തർത്ഥം? എം. എൽ. എമാരെ നേർവഴിക്ക് നയിക്കാനുള്ള പ്രചണ്ഡാട്ടഹസത്തിനു് എന്തർത്ഥം?

ലോകത്തിനുവേണ്ടി ജീവിക്കാം. തനിക്കു ജീവിക്കാൻ വേണ്ടി ലോകത്തെ ആക്രമിക്കാം. മഹാത്മാഗാന്ധി ലോകത്തിനു വേണ്ടി ജീവിച്ചു. ജീവിക്കാൻ വേണ്ടി ലോകത്തെ ആക്രമിക്കുന്നവരാണു് സുകുമാർ അഴീക്കോടും, ഡി. സി. കിഴക്കേമുറിയും, എം. കൃഷ്ണൻ നായരും. അവർക്ക് എം. എൽ. എ.മാരെ ഉപദേശിക്കാനുള്ള അർഹതയില്ല. കാരണം എം. എൽ. എ.മാർക്ക് ഉണ്ടെന്നു് പറയുന്ന ദോഷങ്ങളെക്കാൾ കൂടുതൽ ദോഷങ്ങൾ അവർക്കുണ്ടു് എന്നതു തന്നെ. സുകുമാർ അഴീക്കോടിന്റെ പ്രഭാഷണം ഈ പ്രസ്താവത്തിന്റെ സത്യാത്മകത വ്യക്തമാക്കുന്നില്ലേ? ഞാനിത്രയും എഴുതിയതു് സുകുമാർ അഴീക്കോടു് എന്റെ ഉപകർത്താവാണെന്നുള്ള വസ്തുത വിസ്മരിച്ചുകൊണ്ടല്ല. കൂട്ടത്തിൽ പറയട്ടെ, ഡി. സി. കിഴക്കേമുറിയുടെ ലേഖനം ഒരു തരം ‘ലോ ലെവൽ റൈറ്റിങ്’ എന്ന വിഭാഗത്തിൽപ്പെടുന്നു.

രാഷ്ട്രീയപ്രവർത്തകർ മോശക്കാർ; സാഹിത്യകാരന്മാർ നല്ലയാളുകൾ—ഈ വിചാരം പല സാഹിത്യകാരന്മാർക്കുമുണ്ടു്. എന്നാൽ ഇന്നത്തെ ഏതു സാഹിത്യകാരനും ഏതു രാഷ്ട്രീയപ്രവർത്തകനെക്കാളും തരം താണവനാണു്.

സൗമ്യം, മധുരം

മൃദുലമായി സംസാരിക്കൂ എന്നു തുടങ്ങുന്ന ഒരു കാവ്യം ഞാൻ വായിച്ചിട്ടുണ്ടു്. ഭയമുളവാക്കി ഭരിക്കുന്നതിനെക്കാൾ നല്ലതു് സ്നേഹം കൊണ്ടു് ഭരിക്കുന്നതാണു്. അതുകൊണ്ടു് സൗമ്യമായി സംസാരിക്കൂ. പ്രേമം അടക്കിയ സ്വരത്തിലേ സംസാരിക്കാറുള്ളൂ. സൗഹൃദത്തിന്റെ നാദവും മൃദുലമായി ഒഴുകുന്നു. കുഞ്ഞിനോടു സൗമ്യമായി സംസാരിച്ചാൽ അതു നിങ്ങളെ സ്നേഹിക്കും. യുവാവിനോടും അങ്ങനെ മാത്രമേ ആകാവൂ. ഉത്കണ്ഠ നിറഞ്ഞ ഈ ജീവിതത്തിലൂടെ കടന്നു പോകേണ്ടവരല്ല അവർ. പ്രായം കൂടിയവരോടും സൗമ്യ ഭാഷണമേ പാടുള്ളൂ. ക്ലേശമാർന്ന അവരുടെ ഹൃദയത്തെ വേദനിപ്പിക്കരുതല്ലോ. പാവങ്ങളോടു മൃദുലമായി സംസാരിക്കൂ. ഒരു പരുക്കൻ ശബ്ദവും ഉയരരുതു്. ദയാശൂന്യമായ വാക്കില്ലാതെ തന്നെ അവർക്ക് ഈ ലോകത്തു പലതും സഹിക്കാനുണ്ടു്. തെറ്റു് ചെയ്യുന്നവനോടും സൗമ്യമായ വാക്കേ ആകാവൂ. ദയാശൂന്യമായ പെരുമാറ്റമാകാം അവരെ അങ്ങനെ മാറ്റിയതു്. മൃദുലമായ വാക്കു കൊണ്ടു് അവരെ നല്ല മാർഗ്ഗത്തിലേക്കു കൊണ്ടു വരൂ.

നല്ല ഉപദേശം. പക്ഷേ സാഹിത്യവിമർശനത്തിൽ ഇതു് അംഗീകരിക്കാനാവില്ല. സാഹിത്യം അധഃപതിച്ചാൽ സമുദായം അധഃപതിക്കും. അതുകൊണ്ടു് പരുക്കൻ മട്ടിൽത്തന്നെ കുത്സിത സാഹിത്യത്തിനു് എതിരേ സംസാരിക്കണം. ജോസ് പനച്ചിപ്പുറം സൗമ്യമായി സംസാരിച്ച് മാലിന്യങ്ങളെ മാറ്റാൻ ശ്രമിക്കുന്ന സാഹിത്യകാരനാണു്. മലയാള മനോരമ ആഴ്ച്ചപതിപ്പിൽ അദ്ദേഹമെഴുതിയ ‘കാവ്യനീതി’ എന്ന നർമ്മഭാസുരമായ മിനിക്കഥയിലും മൃദുലഭാഷണമേയുള്ളൂ. പ്രായം കൂടിയ എഴുത്തുകാർക്കെല്ലാമുള്ള ഒരു ദൗർബ്ബല്യമാണു് ചെറുപ്പകാലത്തെ ഫോട്ടോ വാരികയിൽ അച്ചടിപ്പിക്കാൻ. ആ ‘ക്ഷീണവശ’ത്തെ മിതമായി, ഇണക്കം കലർന്ന മട്ടിൽ അദ്ദേഹം പരിഹസിക്കുന്നു. മുൻപു പറഞ്ഞ കവിതയ്ക്ക് എതിരായുള്ള വേറൊരു കവിതയുമുണ്ടു്. “നിങ്ങളുടെ കുഞ്ഞിനോടു് പരുക്കൻ മട്ടിൽ സംസാരിക്ക. അവൻ തുമ്മുമ്പോൾ അടി കൊടുക്കു. നിങ്ങളെ ശല്യപ്പെടുത്താനാണു് അവൻ തുമ്മുന്നതു്.” സാഹിത്യത്തിലെ കുട്ടികളും യുവാക്കന്മാരും വൃദ്ധന്മാരും പീഡിപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെ തുമ്മുമ്പോൾ ഇതെഴുതുന്ന ആൾ അടികൊടുക്കാറുണ്ടു്. അവർ തിരിച്ചു തരുന്നതു വാങ്ങാറുമുണ്ടു്. എങ്കിലും “സൗമ്യമായി സംസാരിക്കൂ” എന്ന വിദഗ്ദ്ധോപദേശമനുസരിച്ചാണു് ഞാൻ ജോസ് പനച്ചിപ്പുറത്തോടു സംസാരിച്ചതെന്ന കാര്യം പ്രിയപ്പെട്ട വായനക്കാർ സദയം ശ്രദ്ധിക്കണം.

images/GertrudeStein01.jpg
ഗർട്രൂഡ് സ്റ്റൈൻ

എന്റെ മേശയുടെ പുറത്തു് റിസ്റ്റ് വാച്ച് കിടക്കുന്നു. ഈ കസേരയിലിരുന്നു നോക്കുമ്പോൾ അതിനു് ഒരാകൃതി. ഇവിടെ നിന്നെഴുന്നേറ്റു മറ്റൊരു വശത്തു നിന്നു നോക്കുമ്പോൾ വേറൊരുരൂപം. ഇമ്മട്ടിൽ ആയിരം കോണുകളിലൂടെ നോക്കാമെനിക്ക്. ഓരോ നോട്ടവും നൽകുന്നതു് ഒരോ രൂപമാണു്. ഈ വിവിധ രൂപങ്ങളെ സങ്കലനം ചെയ്തുവച്ചാൽ വാച്ചിന്റെ യാഥാർത്ഥ്യം കൂടുതൽ വെളിപ്പെട്ടുവരുമെന്നു് ക്യൂബിസ്റ്റുകൾ വിശ്വസിക്കുന്നു. ക്യൂബിസ ത്തിന്റെ അടിസ്ഥാനപരമായ തത്ത്വം ഇതാണു്. പ്രതിപാദ്യവിഷയത്തെ പല കോണുകളിൽക്കൂടി വീക്ഷിക്കുക എന്നതാണു് ഗർട്രൂഡ് സ്റ്റൈൻ എന്ന അമേരിക്കൻ എഴുത്തുകാരിയുടെ രീതി. അവരുടെ ചില ഗ്രന്ഥങ്ങൾ വായിച്ചു നോക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ടു്. വൈരസ്യത്താൽ പാരായണം അവസാനിപ്പിച്ചിട്ടുമുണ്ടു്. അതല്ല സ്റ്റൈനിന്റെ Three Lives എന്ന ഗ്രന്ഥത്തിലെ Melanctha എന്ന കഥയുടെ സ്ഥിതി. ക്യൂബിസത്തിന്റെ ടെക്നിക്കിൽ ഒരു നീഗ്രോ സ്ത്രീയുടെ വിചാരങ്ങളുടെ ലയം ആവിഷ്കരിക്കുന്ന കലാസൃഷ്ടിയാണിതു്. ആവർത്തനം സ്റ്റൈനിനു് വളരെ ഇഷ്ടമുള്ളതാണു്. It was summer now, and they had warm sunshine to wander. It was summer now and Jeff Campbell had more time to wander… It was summer now and there was a lovely silence… (p. 140). നവീന സാഹിത്യം സ്റ്റൈനിന്റെ കൃതികളിലാണു് ആരംഭിക്കുന്നതു്.

ആകസ്മികത്വം ജീവിതത്തിൽ, കലയിൽ

“ജാലകക്കിളി ഇനി വരില്ല. മലമണ്ടയിലെ ഹിമം അവന്റെ ശ്വാസനാളത്തിൽ കഫം നിറയ്ക്കും. കാറ്റിൽ തണുത്ത കൈകൾ അവനെ മരവിപ്പിച്ചു വധിക്കും. എന്നെക്കാണാൻ അടുത്ത വർഷം അവന്റെ മകൻ മാത്രം വരും.” ചെറിയാൻ കെ. ചെറിയാന്റെ രചനയിലെ ഒരു ഭാഗമാണിതു് (കലാകൗമുദി—ജാലകക്കിളി). കവിയുടെ ദുഃഖം എന്റെയും – അല്ല നമ്മളുടെയും – ദുഃഖമാണു്. ഇന്ദിരാഗാന്ധി പോയി. ഭോപ്പാലിൽ ആയിരക്കണക്കിനാളുകൾ പോയി. പലർക്കും കാഴ്ച നഷ്ടപ്പെട്ടു. എം. എൻ. ഗോവിന്ദൻനായർ പോയി. നമ്മെ ഞെട്ടിക്കുന്ന ഈ ആകസ്മികത്വമാണു് ഈ ലോകത്തിന്റെ അദ്ഭുതാംശം. എന്നാൽ കലയിൽ ഈ ആകസ്മികത്വം വരുമ്പോൾ അതു് രസകരമായിത്തീരുന്നു. അതു വിരളമായി മാത്രമേ നമുക്കു ലഭിക്കുന്നുള്ളൂ എന്നതാണു് ദുഃഖിപ്പിക്കുന്ന സത്യം. പക്ഷേ ദുഃഖിപ്പിക്കുന്ന സത്യങ്ങൾ ദിനംപ്രതി കൂടികൊണ്ടിരിക്കുന്നു. ടാറിട്ട റോഡിലാണെങ്കിലും വണ്ടിചക്രങ്ങൾ നിരന്തരം ഉരുണ്ടാൽ അതിൽ പാടുകൾ വീഴും. നമ്മുടെ മനസ്സു് അതു പോലൊരു രാജവീഥിയാണു്. ആകസ്മിക സംഭവങ്ങളുടെ ആഘാതമേറ്റു് അതിനു ക്ഷതം പറ്റുന്നു. എഴുപതുവയസ്സായ മനുഷ്യൻ ശാരീരികമായി ക്ഷതം പറ്റാത്തവനായിരിക്കും. എന്നാൽ അയാളുടെ മനസ്സു് വിണ്ടുകീറിയതായിരിക്കും. ലൊർക്ക യുടെ വധത്തെക്കുറിച്ചു എം. ജി. രാധാകൃഷ്ണനും ‘കലശങ്ങളുടെ സഞ്ചാരത്തെ’ക്കുറിച്ച് മാധവിക്കുട്ടി യും എഴുതുമ്പോൾ നമ്മുടെ മനസ്സിലേറ്റ മുറിവുകളെയാണു് അവർ ചൂണ്ടിക്കാണിച്ചു തരുന്നതു്. ഇന്ത്യയുടെ ഒന്നാമത്തെ രാഷ്ട്രപതിയായിരുന്ന രാജേന്ദ്രപ്രസാദ് 1963 ഫെബ്രുവരി 22-ആം തീയതി അന്തരിച്ചപ്പോൾ ത്യാഗോജ്ജ്വലമായ ജീവിതം നയിച്ച ഒരു മഹാവ്യക്തി പോയല്ലോ എന്നു കരുതി നമ്മൾ ദുഃഖിച്ചു. ആ ദുഃഖവും അതുളവാക്കിയ ക്ഷതവും ചൂണ്ടിക്കാണിച്ച് ഉത്കൃഷ്ടതമമായി ജീവിക്കാൻ നമ്മളോടു് ആഹ്വാനം നടത്തുകയാണു് സുകുമാരൻ പൊറ്റക്കാട്ടു്. (മൂന്നു ലേഖനങ്ങളും മാതൃഭൂമി ആഴ്ചപ്പതിപ്പിൽ). മഹത്ത്വം എന്നതു നഷ്ടപ്പെട്ടു കഴിഞ്ഞു. ഇപ്പോൾ പ്രശസ്തരേയുള്ളൂ. പ്രശസ്തർക്കു മഹത്ത്വം വേണമെന്നില്ല. ഒളിമ്പിക്സിൽ വേഗത്തിലോടുന്നവരേയും ബോക്സിങ് നടത്തി പ്രതിയോഗിയുടെ മൂക്കിൽനിന്നു രക്തം ചാടിക്കുന്നവരെയും നമ്മൾ ബഹുമാനിക്കുന്നു. നമ്മുടെ സംസ്കാരത്തിന്റെ ചക്രവാളം വികസിപ്പിക്കുന്നവരെ നാം നിന്ദിക്കുന്നു.

ഇതുവരെ പറഞ്ഞതിനോടു് ഒരു ബന്ധവുമില്ലാത്ത കാര്യം. വായനക്കാരെ അറിയിക്കാനുള്ള താല്പര്യം മാത്രം. വെണ്ണിക്കുളം ഗോപാലക്കുറുപ്പും ഇതെഴുതുന്ന ആളും തിരുവനന്തപുരത്തെ വാട്ടർ വർക്ക്സ് പാർക്കിൽ ഇരിക്കുകയായിരുന്ന ഒരു ദിവസം വൈകുന്നേരം. കവി എന്നോടു പറഞ്ഞു: “മുണ്ടശ്ശേരി കുമാരനാശാനെക്കുറിച്ച് ഇത്രയൊക്കെ നല്ലതു പറഞ്ഞിട്ടും കുമാരനാശാൻ നല്ല കവി തന്നെയാണു്.

കണ്ണൂരു നിന്നു് മിസ്. സി. സി. ഷക്കീല (സഹീറ കോട്ടേജ്, മരയ്ക്കാർകണ്ടി, കണ്ണൂർ 3) എഴുതുന്നു:

“കലാകൗമുദിയുടെ ഒരു വായനക്കാരിയാണു ഞാൻ. മാസിക കിട്ടിയാൽ ആദ്യമായി കത്തുകൾ നോക്കും. പിന്നെ ഒരോട്ട പ്രദക്ഷിണം ചുറ്റിലും. ബഹളമൊന്നുമില്ലാത്തപ്പോൾ സാറിന്റെ അല്പം പേടിപ്പെടുത്തുന്ന മുഖത്തോടുകൂടിയുള്ള സാഹിത്യവാരഫലം കൗതുകത്തോടെ വായിക്കും…”

ആ പേടിക്കും കൗതുകത്തിനും നന്ദി. എന്റെ ‘സാക്ഷാൽ’ മുഖം പടത്തിൽ കാണുന്നതിനേക്കാൾ പേടിപ്പെടുത്തുന്നതാണെന്നു ഷക്കീലയെ അറിയിക്കാൻ എനിക്കു കൗതുകമുണ്ടു്. ‘കലാകൗമുദി’യുടെ സ്നേഹസമ്പന്നനായ ഫോട്ടോഗ്രാഫർ ‘ടച്ച്’ ചെയ്താണു് അതിന്റെ ഭയാനകത്വം കുറച്ചതു്. അതുനന്നായി, അല്ലെങ്കിൽ ഷക്കീല എന്റെ ശരിയായ പടം കണ്ടു ബോധംകെട്ടുവീണേനേ.

മേഴ്സി രവി
images/MercyRavi.jpg
മേഴ്സി രവി

മാനവധർമ്മങ്ങളുടെ ഉദയാസ്തമയങ്ങൾ കണ്ട യുഗസഞ്ചാരിയായ കാലത്തെ, എല്ലാറ്റിനും സാക്ഷിയായി നിറുത്തിക്കൊണ്ടു് ഞങ്ങളുടെ ശക്ത – ഈ യുഗത്തിലെ ദുർഗ്ഗാദേവി – പ്രിയദർശിനി ഉറങ്ങുകയാണു്—ഹിമവൽ സാനുക്കളുടെ മടിയിൽ.

ഇവിടെ താഴ്‌വരയിൽ ഞങ്ങൾ

അനാഥരുടെ കാലം തുടങ്ങുകയായി.

ഉറക്കമില്ലാത്ത രാത്രികൾ

അനന്തമായ കാത്തിരിപ്പ്

മേഴ്സി രവി എഴുതിയ “കേൾക്കാത്ത ശബ്ദം” എന്ന ഗദ്യകവിതയിലെ ഒരു ഭാഗമാണിതു്. ഇതു കുറിച്ച കവിയുടെ ശബ്ദം സഹൃദയർ കേൾക്കുന്നുണ്ടു്. ഒരു സ്ത്രീയുടെ ആന്തരശബ്ദമാണിതു്. മഹതിയായ മറ്റൊരു സ്ത്രീയുടെ വിയോഗത്താലുണ്ടായ തീവ്രവേദനയിൽ നിന്നുയർന്ന ശബ്ദം. ആ ആന്തരശബ്ദം ഭാരതീയർക്കാകെ – ലോകത്തിനാകെ – വേണ്ടിയുള്ളതാണു്. (ഗദ്യകവിത കേരളകൗമുദിയുടെ വീക്കെൻഡ് മാഗസിനിൽ).

സർഗ്ഗപ്രക്രിയയുടെ ഒരു തത്ത്വം വി. പി. ശിവകുമാർ ‘പ്രതിഷ്ഠ’ എന്ന കഥയിലൂടെ ആവിഷ്കരിക്കുന്നു. അന്യാദൃശ്യസ്വഭാവമുള്ള കഥയാണിതു്. (മാതൃഭൂമി ആഴ്ചപ്പതിപ്പു്). പണ്ടു് ഒ. വി. വിജയൻ കലാകൗമുദിയിൽ ഒരു കാർട്ടൂൺ വരച്ചിരുന്നു. ഒരു കൈപ്പത്തിയുടെ വിരലിന്നടിയിൽ ഒരു പാവപ്പെട്ടവൻ കിടന്നു പിടയുന്നു. ജനയുഗം വാരികയിൽ ‘പാര’ എന്ന ഓഫീസ് കഥയെഴുതിയ മണർകാടു് വിജയന്റെ വിരലിന്നടിയിൽ കിടന്നു ഞാൻ പിടയുന്നു. സുഹൃത്തേ, വിടൂ. എന്റെ പേന റിവോൾവറായെങ്കിൽ അതു് എന്റെ നെഞ്ചിനു നേരേ ചൂണ്ടി എനിക്കു കാഞ്ചി വലിക്കാമായിരുന്നു. ദീപിക ആഴ്ചപ്പതിപ്പിൽ ചന്ദ്രശേഖരൻ എഴുതിയ “മനസ്സിലെ മയിൽപ്പീലികൾ” വായിച്ചപ്പോൾ തോന്നിയതാണിതു്. അല്ലെങ്കിൽ ചന്ദ്രശേഖരൻ റിവോൾവറുമായി ഇങ്ങു വന്നാൽ മതി, ഞാൻ നെഞ്ചു കാണിച്ചുതരാം.

ക്ലിക്കുകളിൽ അംഗമായിക്കൊള്ളട്ടെ എന്നു വിചാരിച്ചാണു് ബ്രഹ്മാവ് എന്നെ തിരുവനന്തപുരത്തു ജനിപ്പിച്ചതു്. അതുകൊണ്ടു വൈകാതെ ഞാനും ക്ലിക്കിൽ അംഗമാകും. കമലാസന്റെ ആജ്ഞ അലംഘനീയം.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1984-12-30.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 28, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: Anupa Ann Joseph; Digitizer: KB Sujith; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.