സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1985-03-03-ൽ പ്രസിദ്ധീകരിച്ചതു്)

images/AndreMalraux.jpg
ആങ്ദ്രേ മൽറോ

ഫ്രഞ്ചെഴുത്തുകാരനും രാജ്യതന്ത്രജ്ഞനുമായ ആങ്ദ്രേ മൽറോ യുടെ (Andre Malraux, 1901–1975) “ആന്റി മെമ്വാർസ്” (Anti-Memoirs) മഹനീയവും സുന്ദരവുമായ ആത്മകഥയാണു്. അതിന്റെ തുടക്കത്തിൽ തെക്ക്-കിഴക്കൻ ഫ്രാൻസിലെ ദ്രോം (Drome) പട്ടണത്തിൽ വച്ച് ഒരു പാതിരിയെക്കണ്ടതിനെക്കുറിച്ച് മൽറോ എഴുതുന്നുണ്ടു്. രാവേറെച്ചെല്ലുന്നതുവരെ അവർ സംസാരിച്ചുകൊണ്ടിരുന്നു. ആങ്ദ്രേ മൽറോ ചോദിച്ചു:

ചോദ്യം:
എത്രകാലമായി പാപനിവേദനങ്ങൾ കേൾക്കുന്നു? (കുമ്പസാരം—ലേഖകൻ)
ഉത്തരം:
പതിനഞ്ചു കൊല്ലത്തോളമായി.
ചോദ്യം:
പാപനിവേദനത്തിൽ നിന്നു് മനുഷ്യനെക്കുറിച്ച് എന്താണു് മനസ്സിലാക്കിയതു?
ഉത്തരം:
ഓ, പാപനിവേദനം ഒന്നും പഠിപ്പിക്കുന്നില്ല. അതറിയാമല്ലോ. കാരണം പാതിരി കുമ്പസാരക്കൂട്ടിൽ പോകുമ്പോൾ വേറൊരാളായി മാറുന്നു എന്നതാണു്—ഈശ്വരസ്നേഹവും മാറും. എന്നാലും—ആദ്യമായി; നമ്മൾ വിചാരിക്കുന്നതിനെക്കാൾ കൂടുതലായി മനുഷ്യർ ദുഃഖിതരാണ്… പിന്നീടു്… നക്ഷത്ര പ്രകാശമാർന്ന രാത്രിയിലേക്ക്, തടിക്കച്ചവടക്കാരന്റേതെന്ന പോലെ ഉറച്ച മാംസപേശികളുള്ള കൈകൾ ഉയർത്തിക്കൊണ്ടു് അദ്ദേഹം പറഞ്ഞു: പിന്നീടു്… അടിസ്ഥാനപരമായ വസ്തുത വളർച്ചയെത്തിയ ആരുമില്ല എന്നതു തന്നെ.

ആങ്ദ്രേ മൽറോയും ഇതു വിശ്വസിക്കുന്നുണ്ടാവണം—വളർച്ചയെത്തിയ ആരും ഈ ലോകത്തില്ല. അതുകൊണ്ടാണല്ലോ അദ്ദേഹം ആ പാതിരിയുടെ അഭിപ്രായം ആദ്യം തന്നെ എടുത്തെഴുതിയിരിക്കുന്നതു്. പരിപാകമില്ലാത്തവരാണു് മനുഷ്യർ. അങ്ങനെയുള്ളവർക്ക് യോജിച്ചിരിക്കും അവരുടെ സാഹിത്യവും ചിത്രകലയുമൊക്കെ. ‘നിങ്ങൾക്ക് അർഹതയുള്ള സർക്കാർ നിങ്ങൾക്ക് കിട്ടുന്നു’ (അപരിഷ്കൃതരാണു് ജനങ്ങളെങ്കിൽ അപരിഷ്കൃതമായ സർക്കാർ അവർക്കു ലഭിക്കുന്നു). ‘നിങ്ങൾക്ക് അർഹതയുള്ള ഈശ്വരൻ നിങ്ങൾക്ക് കിട്ടുന്നു’ (കാട്ടിൽ കഴിഞ്ഞുകൂടുന്നവർക്ക് പുലി തുടങ്ങിയ ക്രൂരമൃഗങ്ങളെ പേടി. അവരുടെ ഈശ്വരൻ പുലിപ്പാലും കൊണ്ടു് പുലിയുടെ പുറത്തു കയറി വരുന്നു). ഇതുപോലെ നമുക്ക് അർഹതയുള്ള കഥകൾ നമുക്കു കിട്ടുന്നു—ഗോപിക്കുട്ടന്റെ ‘കൊഴിഞ്ഞ പൂവിന്റെ മണം’ (കുങ്കുമം വാരിക). ഇതു് വളർച്ചയെത്തിയ മനുഷ്യനില്ല, വളർച്ചയെത്തിയ എഴുത്തുകാരനുമില്ല എന്ന സത്യം വിളിച്ചോതുന്നു. മകൾ അമ്മയില്ലാത്ത വീട്ടിലെത്തുന്നു. അച്ഛനുണ്ടു്. അമ്മ നേരത്തേ മരിച്ചുപോയി. മറ്റൊരു വിവാഹം ചെയ്യണമെന്നു് അച്ഛൻ പറഞ്ഞപ്പോൾ മകൾ എതിർത്തിരുന്നു. ഇപ്പോൾ അച്ഛന്റെ പ്രയാസങ്ങൾ കണ്ടപ്പോൾ മകളുടെ മനസ്സു് മാറുന്നു. അച്ഛൻ രണ്ടാമതു് വിവാഹം കഴിക്കണമെന്നു് അവൾ നിർദ്ദേശിക്കുന്നു. തന്തയുണ്ടോ അയോഗ്യനായി പ്രത്യക്ഷനാവുന്നു! ദ്വിതീയ വിവാഹം വേണ്ടെന്നു് അയാൾ. എന്തൊരു ‘സെന്റിമെന്റൽ റബിഷ്!’ ഇത്തരം കഥകൾ വായിച്ച് വായിച്ച് പ്രതികരിക്കുവാൻ വയ്യാത്ത നിലയിലായിപ്പോയിട്ടുണ്ടു് ഞാൻ. ക്യാൻസറിന്റെ വേദനയില്ലാതാക്കാൻ മയക്കുമരുന്നു് കുത്തിവയ്ക്കും. കൂടുതൽ ദിവസങ്ങൾ കുത്തിവയ്ച്ചാൽ വേദനയ്ക്ക് ഒരു കുറവുമുണ്ടാവുകയില്ല. വേദന പരകോടിയിലെത്തുമ്പോൾ വേദനയില്ലെന്നും തോന്നും. ജലാശയത്തിൽ സൂര്യരശ്മികൾ വീഴുമ്പോൾ കുളം ചിരിക്കുന്നുവെന്നു് കുട്ടി പറയും. ആ കുട്ടി പ്രായമെത്തുമ്പോൾ രശ്മികൾ വീണ കുളം അവനിൽ ഒരു പ്രതികരണവും ഉളവാക്കുകയില്ല. ഒറ്റയ്ക്ക് വീട്ടിലിരിക്കുന്ന ചെറുപ്പക്കാരിയുടെ മുൻപിൽ ചെറുപ്പക്കാരൻ വന്നാൽ അവൾ പേടിക്കും. പതിവായി അയാൾ വരാൻ തുടങ്ങിയാൽ അവൾക്കു പേടിയില്ല. ചവറുകൾ കണ്ടുകണ്ടു് എനിക്ക് വൈരസ്യമില്ലാതെയായിത്തീർന്നിരിക്കുന്നു.

മൽറോയുടെ പുസ്തകം ചേതോഹരമാണെന്നു് എഴുതിയല്ലോ. ഒരു ഭാഗം കൂടി എടുത്തു കാണിക്കാം:

തന്റെ നോവലുകളിൽ കഥാപാത്രങ്ങളാക്കിക്കൊണ്ടുവരാൻ വേണ്ടി ഗോർക്കി ചെറുപ്പകാലത്തു് ആളുകളുടെ പിറകേ രഹസ്യമായി പോകുമായിരുന്നു (ബൽസാക്കും അങ്ങനെ പ്രവർത്തിച്ചിരുന്നു). യാസ്നായ പോളിയാനായിലെ കാട്ടിൽ അദ്ദേഹമൊരിക്കൽ ടോൾസ്റ്റോയി യുടെ പിറകേ പോയതിനെക്കുറിച്ച് എന്നോടു പറഞ്ഞു. കാടുവെട്ടിത്തെളിച്ച ഒരു സ്ഥലത്തു് മൃദുലതയാർന്ന ഒരു പാറയ്ക്ക് സമീപത്തു് ആ വൃദ്ധൻ നിന്നു. അതിൽ ഒരു പല്ലിയിരുന്നു് അദ്ദേഹത്തെ നോക്കുന്നുണ്ടു്, ടോൾസ്റ്റോയി അതിനോടു് പറഞ്ഞു: “നിന്റെ ഹൃദയം സ്പന്ദിക്കുന്നു. സൂര്യൻ പ്രകാശിക്കുന്നുണ്ടു്. നിനക്ക് ആഹ്ലാദം. തെല്ലുനേരം കഴിഞ്ഞ് വിഷാദത്തോടെ ടോൾസ്റ്റോയി വീണ്ടും: “പക്ഷേ എനിക്ക് ആഹ്ലാദമില്ല”.

ഇതൊക്കെ വായിക്കുമ്പോൾ മനസ്സിനു് ഉയർച്ചയുണ്ടാകുന്നു. മലയാള സാഹിത്യത്തിൽ നിന്നു് ഇമ്മട്ടിൽ ഒരനുഭവമുണ്ടാകുമോ?

കാണുവാൻ, കണ്ടു ഞാൻ പിന്നെയും നിന്മുഖം

കാണുവാൻ കണ്ടങ്ങിരിക്കുവാൻ

കാണാത്ത മോഹങ്ങളായിരം വന്നെന്റെ

ചാരത്തു നിന്നു ചിണുങ്ങി

പൂനിലാവിൽ പൂങ്കവിളിൽ നിന്നൂഴിയിൽ

വീണ രോമാഞ്ചമായ് തോന്നി

ഈ വരികൾ മംഗളം വാരികയിൽ കുറിച്ച ചുനക്കര രാമൻകുട്ടിയോടു്:

നിങ്ങൾ രചിച്ചൊരീ മാറ്റൊലിക്കാവ്യത്തിൽ

ചങ്ങമ്പുഴ തന്റെ പ്രേതം

വല്ലാത്ത രൂപമായ്, ഭീഷണാകാരമായ്

പല്ലിളിച്ചങ്ങനെ നില്പൂ.

എൻ. വി. കൃഷ്ണവാരിയർ

നിങ്ങൾ തടവറയിലാണോ? ‘അതേ’ എന്നാണു് ഉത്തരമെങ്കിൽ നിങ്ങളുടെ ശരീരത്തെ മാത്രമേ ഇരുമ്പഴികളും കന്മതിലുകളും തടയുന്നുള്ളൂ. മനസ്സു് സ്വച്ഛന്ദം സഞ്ചരിക്കും. ചക്രവാളത്തിനപ്പുറത്തു് മഹാരഹസ്യം തേടി അതലയും, ഓ നീലി ന്റെ “ചക്രവാളത്തിനപ്പുറം ” എന്ന നോവലിലെ കവി റോബർട്ടിനെപ്പോലെ.

I am restless

I am athiest for far-away things.

My soul goes out in a longing to -

touch the skirt of the dim distance

എന്നു പാടിയ ടാഗോറി ന്റെ മാനസികനില തന്നെയാണു് അദ്ദേഹത്തിന്റെ കഥാപാത്രമായ അമലിനു് (The Post Office എന്ന നാടകം). നിങ്ങളുടെ മനസ്സു് അമലിന്റെ മനസ്സു് പോലെ വിദൂരസ്ഥിതങ്ങളായ കാര്യങ്ങൾ കാണുവാൻ കൊതിക്കും. അവ്യക്തതയാർന്ന വിദൂരതയുടെ അരികു് സ്പർശിക്കാൻ അഭിലഷിക്കും. നൂറ്റെട്ടു ഭാഷകളിലേക്ക് തർജ്ജമ ചെയ്ത ‘Pilgrim’s Progress’ (John Bunyan എഴുതിയതു്) ഒരു സുദീർഘ സ്വപ്നമാണു്. ഈ ലോകത്തെ നിർജ്ജന സ്ഥലങ്ങളിലൂടെ നടന്ന ഒരുവന്റെ സ്വപ്നം. ആ സ്വപ്നം “നിങ്ങളെയും യാത്രക്കാരനാക്കും” എന്നു് ഗ്രന്ഥകാരൻ പറഞ്ഞു.

images/KnutHamsun.jpg
ക്നൂട്ട് ഹാം സൂൺ

ഒന്നിനോടും ബന്ധമില്ലാത്ത അലഞ്ഞു തിരിയുന്ന മനുഷ്യനെ ചിത്രീകരിച്ച നിസ്തുല പ്രതിഭാശാലിയാണു് ക്നൂട്ട് ഹാം സൂൺ (Knut Hamsun). നാഗരികതയെ ഉപേക്ഷിച്ചു് പ്രകൃതിയിൽ അന്തർലീനമായ ശക്തിവിശേഷത്തെ ഉപാസിക്കുന്ന പല കഥാപാത്രങ്ങളേയും ഹാംസൂൺ അവതരിപ്പിച്ചിട്ടുണ്ടു്. നോർവേയിലെങ്ങും സഞ്ചരിക്കുന്ന രണ്ടു ചെറുപ്പക്കാരെ—മുക്കുവന്മാരെ—Wayfarers എന്ന നോവലിൽ കാണാം. ക്നൂറ്റ് പെഡേർസൻ പ്രകൃതിയുടെ ശക്തിയെ സാക്ഷാത്കരിക്കാൻ യത്നിക്കുന്നു. The Wanderer എന്ന നോവലിന്റെ പ്രമേയം അതാണു്. പെൻഡേർസനും അലഞ്ഞു തിരിയുന്നു. സ്വാതന്ത്ര്യത്തിന്റെ പാതയിലൂടെ അലസഗമനം ചെയ്യാനാണു് ഹാംസൂണുന്റെ കഥാപാത്രങ്ങൾ കൊതിക്കുക.

images/NVKrishnaWarrier.jpg
എൻ. വി. കൃഷ്ണവാരിയർ

ഈ കൊതിയല്ലേ എൻ. വി. കൃഷ്ണവാരിയരും പ്രകടിപ്പിക്കുന്നതു്? അദ്ദേഹം ചോദിക്കുന്നു: “ ഒരു ലക്ഷ്യവുമില്ലാതെ, ഒരു ഉത്തരവാദിത്വവുമില്ലാതെ, കൈയിൽ കാശോ വിലപിടിച്ച വസ്തുക്കളോ ഇല്ലാതെ അടുത്ത നിമിഷത്തിൽ എന്തു സംഭവിക്കുമെന്ന ചിന്തയില്ലാതെ, ആശയോ ആശങ്കയോ ഇല്ലാതെ, വരുന്നതു് എന്തായാലും അതിനെ ഒരു പുഞ്ചിരിയോടെ നേരിടാമെന്ന ഉറപ്പോടെ പരന്ന ഭൂമിയിൽ ചുറ്റിയലഞ്ഞു നടക്കുവാൻ നിങ്ങൾ എപ്പോഴെങ്കിലും ആഗ്രഹിച്ചിട്ടുണ്ടോ?” എന്നു് അദ്ദേഹം ചോദിക്കുന്നു. (കുമാരി വാരിക) അതിനുശേഷം അങ്ങനെ അലഞ്ഞുനടന്ന ഒരു ചെറുപ്പക്കാരിയെക്കുറിച്ചു് അദ്ദേഹം എഴുതുന്നു. ഹാംസൂണിന്റെ നോവലുകളെക്കാൾ ആകർഷകമായി എനിക്കു തോന്നിയതു് ഹെർമാൻ ഹെസ്സേ യുടെ “Wandering” എന്ന ആത്മകഥയാണു്. In wandering we don’t look for a goal, we look for the happiness of wandering, only the wandering—ചുറ്റിത്തിരിയലിൽ നമ്മൾ ലക്ഷ്യമെന്തെന്നു നോക്കുന്നില്ല. അതിന്റെ സുഖത്തിലേ നോട്ടമുള്ളൂ; ചുറ്റിത്തിരിയലിൽ മാത്രം. “വീണ്ടും ആകാശം പ്രകാശത്തോടെ ചിരിക്കുന്നു. വായു നൃത്തംചെയ്തു് എല്ലാറ്റിനും മുകളിലായി ഒഴുകുന്നു. വിദൂരതയിലുള്ള ആ അപരിചിത പ്രദേശം എന്റേതായിത്തീരുന്നു വീണ്ടും. വിദേശം സ്വദേശമാകുന്നു.” എന്നു് ആത്മകഥയുടെ വേറൊരുഭാഗത്തു്.

വധം

“നിറമില്ലാത്ത പച്ച ആശയങ്ങൾ രോഷാകുലങ്ങളായി ഉറങ്ങുന്നു.” (Colourless green ideas sleep furiously) ഭാഷാശാസ്ത്രജ്ഞൻ ചൊംസ്കി യുടെ വാക്യമാണിതു്. അർത്ഥരഹിതമെങ്കിലും വ്യാകരണത്തെറ്റില്ലാത്ത വാക്യം. “രോഷാകുലങ്ങളായി ഉറങ്ങുന്നു ആശയങ്ങൾ പച്ചനിറമില്ലാത്ത.” (Furiously sleep ideas green colourless) എന്ന വാക്യത്തിനും അർത്ഥമില്ല. എങ്കിലും ഈ രണ്ടു വാക്യങ്ങളിൽ മെച്ചം ആദ്യത്തേതാണു്. കാരണം അതിന്റെ പദവിന്യാസക്രമം നമ്മെ അതിന്റെ അംഗീകാരത്തിനു പ്രേരിപ്പിക്കുന്നു എന്നതാണു്. (ചൊംസ്കിയുടെ പുസ്തകം വായിച്ച ഓർമ്മയിൽ നിന്നു്. രണ്ടും സ്വന്തമല്ല). ഇവിടെ ആദ്യമെത്തിയ വാക്യത്തിന്റെ മട്ടിൽ വാക്യങ്ങൾ എഴുതുന്ന കഥാകാരന്മാർ ഉണ്ടായിരുന്നു. അതു ചെലവാകുന്നില്ലെന്നു കണ്ടു് അവരങ്ങു് അപ്രത്യക്ഷരായിക്കളഞ്ഞു. സാഹിത്യഗാത്രത്തിനു വന്ന ഈ കുഷ്ഠരോഗം ഇനി കാണേണ്ടതായി വരില്ലെന്നു് പലരും ആശ്വസിച്ചിരുന്നു. അതു് തെറ്റു്. സർക്കാർ പറയാറുള്ള പൂർവകാല പ്രാബല്യത്തോടെ അതു് ഇതാ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പുനഃപ്രവേശനം നടത്തിയിരിക്കുന്നു. “ബാല്യത്തിന്റെ പച്ചപ്പുല്‍ശിരസ്സുകളിൽ ജലത്തുള്ളികൾ കൊണ്ടു കുഞ്ഞുതൊപ്പികൾ അണിയിക്കുന്ന നദി അമ്മയുടെ ജലരൂപമാണെന്നു ബോദ്ധ്യം വന്ന കാലസന്ധിയിലെ വെളുത്ത ശിലാഗ്രാമത്തിൽ കയറിനിന്നു നദിയെ നോക്കിക്കാണുമ്പോൾ പീതാംബരൻ പിറുപിറുത്തു.” പി. സുരേന്ദ്രൻ എഴുതിയ കൈപ്പത്തി നഷ്ടപ്പെട്ടവരുടെ കഥ (!!) ഒരു വാക്യം കൂടെ എഴുതാം: “വൃക്ഷങ്ങൾക്കു മുകളിലെ നിലാവു് ചില്ലകളിലെ നക്ഷത്രകണ്ണിലൂടെ സ്മൃതിയായിചോർന്നു.” ഇവയ്ക്കൊക്കെ എന്താണർത്ഥമെന്നു ചോദിക്കരുതു്. കുഷ്ഠരോഗത്തിന്റെ അർത്ഥം ആരു ചോദിക്കും? അതിനു ചികിത്സയാണു് വേണ്ടതു്.

images/NativeTongues.jpg

The Bermuda Triangle എന്ന ഗ്രന്ഥമെഴുതി പ്രശസ്തനായ ചാൾസ് ബർലിറ്റ്സി ന്റെ പുതിയ പുസ്തകമാണു് Native Tongues. ലോകത്താകെയുള്ള ഭാഷകളെസ്സംബന്ധിച്ച വിസ്മയാവഹങ്ങളായ വസ്തുതകളുടെ ‘കോണു കോപ്യ’യാണു് (Cornu Copia) ഈ പുസ്തകം. അതിൽനിന്നു് ഒരു ഭാഗം: (സംഗ്രഹിച്ചെഴുതുകയാണു്.)

ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യൻ പ്രതിനിധി അനർഗ്ഗളമായി ഇംഗ്ലീഷിൽ പ്രസംഗിക്കുകയാണു്. ഭാഷയുടെ ഒഴുക്കിനു കുറവില്ല. പക്ഷേ ഉച്ചാരണം ഇന്ത്യാക്കാരന്റേതു്. അധിനിവേശത്വത്തെ അവഹേളിച്ചു പ്രസംഗിക്കുന്നതിനിടയിൽ അദ്ദേഹം long-standing fallacies എന്നു പറഞ്ഞു. പക്ഷേ ഫ്ലസസ്— phalluses—എന്നാണു് അദ്ദേഹം ഉച്ചരിച്ചതു്. പുരുഷന്റെ ജനനേന്ദ്രിയമാണു് ഫാലസ്. സഭയിലെ അംഗങ്ങൾ പൊട്ടിച്ചിരിച്ചിട്ടും പ്രതിനിധിക്കു തന്റെ തെറ്റു മനസ്സിലാക്കാൻ കഴിഞ്ഞില്ല (Native Tongues—Undiplomatic translations).

സർക്കാരാപ്പീസുകൾ
images/JeanPaulSartre1967.jpg
ഷാങ്പോൾ സാത്ര്

സ്വന്തം കാര്യം പറയുകയാണെങ്കിൽ എനിക്കു സർക്കാരാപ്പീസുകളെക്കുറിച്ചു ഒരു പരാതിയുമില്ല. ഒരു മേലുദ്യോഗസ്ഥനെയും ഞാൻ കാണാൻ പോയിട്ടില്ല. ക്ലാർക്കന്മാരും മറ്റുമിരിക്കുന്നിടത്തു ചെന്നാൽ മതി. ഒരു വർഷം കൊണ്ടു് കല്പന കിട്ടുന്ന കാര്യങ്ങൾ അഞ്ചുമിനിറ്റുകൊണ്ടു് അവർ നിർവഹിച്ചുതരും. ചെന്നില്ലെങ്കിലും അവർ സഹായിക്കും. കുറച്ചുമാസങ്ങൾക്കുമുൻപു് ഞാൻ സെക്രട്ടേറിയറ്റിന്റെ തെക്കുവശത്തുള്ള റോഡിലൂടെ പോകുകയായിരുന്നു. എനിക്കു് ഒരു പരിചയവുമില്ലാത്ത ഒരു ചെറുപ്പക്കാരൻ ഓടി വന്നു പറഞ്ഞു: “സാറ് വർഷങ്ങൾക്കു മുൻപു് ഡിസ്ട്രിക്ട് ട്രഷറിയിൽ കുറേ രൂപയിട്ടിരുന്നില്ലേ. അതു മുഴുവൻ സാറ് തിരിച്ചെടുത്തു. പക്ഷേ, അതിന്റെ പലിശ രണ്ടായിരം രൂപയോളം വരും. അതെടുത്തിട്ടില്ല. മറന്നുപോയോ? അതോ അറിയാത്തതോ?” “രൂപയുണ്ടെന്നു് എനിക്കറിഞ്ഞുകൂടാ” എന്നു ഞാൻ മറുപടി നൽകി. കൈയിൽ ഒന്നുമില്ലാതെ നടക്കുന്ന സമയം. ഞാൻ ആ യുവാവിന്റെ കൂടെ പോയി. പത്തുമിനിറ്റുകൊണ്ടു് പുതിയ പാസ്സുബുക്ക് എഴുതി. തുക കണക്കാക്കി. മുകളിൽപറഞ്ഞ സംഖ്യ എനിക്കു തരികയും ചെയ്തു. ഇതൊക്കെക്കൊണ്ടാണു് എനിക്ക് സർക്കാരാപ്പീസുകളിൽ ഒരു പ്രയാസവും നേരിടാറില്ലെന്നു പറഞ്ഞതു്. പക്ഷേ ബഹുജനങ്ങളെ സംബന്ധിച്ചിടത്തോളം ഇതു ശരിയല്ല. നീതിപൂർവകമായ അഭ്യർത്ഥനകൾപോലും ആരും ചെവിക്കൊള്ളാറില്ല. ഇതിനു ഹേതു മേലുദ്യോഗസ്ഥന്മാരുടെ പരുഷമായ പെരുമാറ്റമാണു്. ക്ലാർക്കു് ഫയലുമെടുത്തു് ഓഫീസറുടെ മുറിയിൽചെല്ലുന്നു. അയാൾ വന്നു നിൽക്കുന്നതു അറിയുന്നില്ലെന്നമട്ടിൽ ഉദ്യോഗസ്ഥൻ കുനിഞ്ഞിരുന്നു വായിക്കുന്നു. ഇടയ്ക്കു ഫോൺ ശബ്ദിച്ചാൽ സംസാരിക്കുന്നു. വീണ്ടും വായിക്കുന്നു. പത്തു മിനിറ്റെങ്കിലും ക്ലാർക്കു നിന്നു കഴിയുമ്പോഴാണു അദ്ദേഹം തലയുയർത്തുന്നതു്. എന്തു എന്ന ചോദ്യത്തിന്റെ മട്ടിൽ പുരികം പൊക്കുന്നതു്. ഈ പുരികംപൊക്കികൾ ബുദ്ധിശാലികളും വിദഗ്ദ്ധരുമായ ഗുമസ്ഥന്മാരെ വസ്തുക്കളാക്കി മാറ്റുകയാണു്. അങ്ങനെ തേജോവധം ചെയ്യുകയാണു്. ഷാങ്പോൾ സാത്രി ന്റെ ഭാഷയിൽ ക്ലാർക്ക് ഉദ്യോഗസ്ഥന്റെ ദൃഷ്ടിയിൽ other ആണു്. ഈ ‘അതർ’ വെറുമൊരു വസ്തു. അതിനു് നിഷേധാത്മകതയേയുള്ളൂ. (Therefore he is given as non—essential object with a character of negativity—Being and Nothingness—The Existence of others) മേലുദ്യോഗസ്ഥന്റെ ഈ അവഗണന കീഴുദ്യോഗസ്ഥൻ ബഹുജനത്തോടു കാണിക്കുന്നു. ബഹുജനം കഷ്ടപ്പെടുന്നു. അവരുടെ ആവശ്യങ്ങൾ നടക്കുന്നില്ല. ഡെമോക്രസിയോടു ബന്ധപ്പെട്ട മൂല്യങ്ങൾ മേലുദ്യോഗസ്ഥന്മാർ മാനിച്ചു തുടങ്ങുന്നതുവരെ ഈ ദുരവസ്ഥ നിലനിന്നു പോകും. ഞാൻ വിരസമായിപ്പറഞ്ഞ ഈ സത്യങ്ങൾ വൈരസ്യമൊഴിവാക്കി ഒരു ചെറുകഥയിലൂടെ ആവിഷ്കരിക്കുന്നു പഴശ്ശി (ജനയുഗം വാരികയിലെ ഡിക്രൂസിന്റെ കണ്ണു് എന്ന കഥ). അപേക്ഷയുമായി ഓഫീസിൽ ചെല്ലുന്ന ഒരുത്തനെ അവിടെയുള്ളവർ കഷ്ടപ്പെടുത്തുന്നതിന്റെ ചിത്രം ഹാസ്യം കലർത്തി കഥാകാരൻ വരയ്ക്കുന്നു. അപേക്ഷകന്റെ പേനത്തുമ്പുകൊണ്ടു് ഓഫീസറുടെ കണ്ണുപിളർക്കുന്നതിലുള്ള അത്യുക്തിയും സ്ഥൂലീകരണവും ഒഴിവാക്കിയിരുന്നെങ്കിൽ ഇക്കഥ കൂടുതൽ രസകരമായേനേ.

ഒരു വീട്ടിൽ രണ്ടു കൂടുകളിലായി രണ്ടു തത്തകൾ ഉണ്ടായിരുന്നു. ഒന്നു് എപ്പോഴും ചീത്തവിളിക്കും. രണ്ടാമത്തേതു് നല്ലതു പറയും. ഗൃഹനായകൻ ചീത്തവിളിക്കുന്ന തത്തയെ നല്ല വാക്കു പറയുന്ന തത്തയുടെ കൂട്ടിലാക്കി. മൂന്നു ദിവസം കഴിഞ്ഞില്ല. രണ്ടു തത്തകളും ചീത്ത വിളിക്കാൻ തുടങ്ങി. ഉദ്യോഗസ്ഥ വക്രതുണ്ഡം നല്ല രീതിയിൽ പെരുമാറിയാൽ കായസ്ഥ ദാഡിമപ്രിയങ്ങളും അതുപോലെ പെരുമാറും.

തടിമാടന്മാർ

ഒരു നിർവചനം: സോക്രട്ടീസ്—പിഎച്ച്. ഡി. ‘എടുത്തു്’ അതിന്റെ ഭാരംകൊണ്ടു് തല അല്പം ചരിച്ചുവച്ച് റോഡിൽക്കൂടെ നടക്കാൻ കഴിയാത്ത, ഗ്രീസിലെ ഒരു മണ്ടൻ.

ഉത്തരക്കടലാസ്സു നോക്കുന്നതു മുഷിപ്പൻ പണിയാണു്. എങ്കിലും ചില ഉത്തരങ്ങൾ വായിക്കുമ്പോൾ രസം തോന്നും. “പുള്ളിക്കാരൻ പുള്ളിക്കാരത്തിയെ പ്രേമിച്ചപ്പോൾ അതിയാൻ സ്ഥലത്തില്ലായിരുന്നു” (ദുഷ്യന്തൻ ശകുന്തളയെ പ്രേമിച്ചപ്പോൾ കണ്വൻ ആശ്രമത്തിൽ ഇല്ലായിരുന്നു എന്നാണു് വിദ്യാർത്ഥി ഉദ്ദേശിച്ചതു്). മറ്റൊന്നു്: “താൻ ഭക്ത കവിയായിരുന്നു. താൻ ശ്രീരാമനെക്കുറിച്ചു പറയാൻ ഭാവിച്ചാൽ രാമന്റെ പല പേരുകൾ പറയും. താൻ ശ്രീകൃഷ്ണനെക്കുറിച്ചു പറഞ്ഞാലും ഇങ്ങനെതന്നെ. താനാണു് യഥാർത്ഥ ഭക്തകവി.” എഴുത്തച്ഛന്റെ ഭക്തിയെക്കുറിച്ച് ഉപന്യസിക്കുക എന്ന ചോദ്യത്തിന്റെ ഉത്തരമാണിതു്. ഇതിലെ ‘താൻ’ ഉത്തരക്കടലാസ്സുനോക്കുന്ന ഞാനാണോ എന്നു സംശയമുണ്ടായിട്ടുണ്ടു്. അല്ല എഴുത്തച്ഛൻ തന്നെ. മധ്യതിരുവിതാംകൂറിലെ വിദ്യാർത്ഥികളിൽ ചിലർ ഇങ്ങനെയാണു് എഴുതാറു്. വേറെ ചിലർ അപേക്ഷകൾ നടത്തും:— “ബഹുമാനപ്പെട്ട സാർ, ഞാൻ ഇരുപതുവയസ്സുള്ള ചെറുപ്പക്കാരിയാണു്. ഈ പരീക്ഷ മൂന്നാമത്തെ പ്രാവശ്യമാണു് ഞാനെഴുതുന്നതു്. ഇത്തവണയും ഞാൻ തോറ്റാൽ പിന്നെ എനിക്ക് ആത്മഹത്യയേ മാർഗ്ഗമായുള്ളൂ. സാർ എന്നെ ദയവായി ജയിപ്പിക്കണം.” മാർക്കിടുന്നവനു ‘സെക്സ് ഇന്ററസ്റ്റ്’ ഉണ്ടെങ്കിൽ അതു ചൂഷണം ചെയ്തു് കാര്യം നേടാനുള്ള വിദ്യയാണിതു്. ഇതെഴുതുന്നവൻ ഇരുപത്തഞ്ചോ അതിൽ കൂടുതലോ വയസ്സുള്ള തടിമാടനായിരിക്കും. സ്ത്രീയായി ഭാവിച്ച് പത്രാധിപന്മാരെ പറ്റിക്കുന്ന പുരുഷന്മാർ ധാരാളം. കൈയക്ഷരം സ്ത്രീയുടേതു്. രചനയിൽ ‘ഫെമിനിൻ ടച്ചസ്’ കാണും. പത്രാധിപർ വിശ്വസിക്കും. പ്രതിഫലം അയച്ചുകൊടുത്താൽ അതൊപ്പിട്ടു വാങ്ങാൻ വീട്ടിൽ അതേ പേരിൽ ഒരു സ്ത്രീയുണ്ടായിരിക്കും. കഥയെഴുതുന്നതു് സരോജിനി എന്ന പേരിലായിരിക്കും. യഥാർത്ഥമായ പേരു് പദ്മം എന്നാണെന്നും അതു് വെളിപ്പെടുത്തരുതെന്നും പത്രാധിപരോടു് അപേക്ഷിക്കും. എന്നാൽ പദ്മം മേൽച്ചുണ്ടിന്റെ രണ്ടറ്റത്തുനിന്നും താഴോട്ടു കുത്തനെ ഇറങ്ങി കീഴ്ച്ചുണ്ടിന്റെ രണ്ടറ്റത്തും കുത്തിനിൽക്കുന്ന മീശയുള്ളവനായിരിക്കും. നെഞ്ചിലെ രോമക്കാടു കാണിച്ചുകൊണ്ടു് അയാൾ സ്വന്തം ഭവനത്തിന്റെ വരാന്തയിൽ മടത്തുകെട്ടി സ്റ്റൂളിൽ ഇരിക്കുന്നുണ്ടാവും (യഥാർത്ഥ സംഭവം. സരോജിനി, പദ്മം ഈ പേരുകൾ മാറ്റി എഴുതിയതാണു് ഞാൻ). ഇത്രയും ഇവിടെ എഴുതിയതു് മനോരമ ആഴ്ചപ്പതിപ്പിലെ “അസൂയ സൃഷ്ടിച്ച അപകടം” എന്ന ശുഷ്കമായ ലേഖനം വായിച്ചതുകൊണ്ടാണു്. “പിന്നെ കിടപ്പറ വിളക്കണഞ്ഞതും പുതിയ ഒരനുഭൂതിയിൽ ഞങ്ങൾ അലിഞ്ഞുചേർന്നതും ഞാൻ ഉൾക്കുളിരോടെ ഓർക്കുന്നു” എന്നു് ലേഖനത്തിൽ കാണുന്നു. സ്ത്രീ ഇങ്ങനെയൊക്കെ എഴുതുമോ? എന്തോ!

മനോരാജ്യം വാരികയുടെ (ലക്കം 11) കവർ പേജിൽ “കൊല്ലത്തു് തിമിംഗലം” എന്നു കാണുന്നു. മലയാള മനോരമ തുടങ്ങിയ പല ദിനപത്രങ്ങളിലും (ദിനപ്പത്രമെന്നല്ല) ‘തിമിംഗലം’ എന്നു തന്നെ കണ്ടു. അങ്ങനെയൊരു ജലജന്തു ഇല്ല. കൊല്ലത്തെ കടൽക്കരയിൽ അടിഞ്ഞതു് തിമിംഗിലമാണു് (തിമി + ഗില് + ഖശ്, മും).

നിർവ്വചനങ്ങൾ
ആഷാ മേനോൻ:
എന്തുവേണമെങ്കിലും കരുതിക്കൊള്ളൂ പ്രിയപ്പെട്ട വായനക്കാരേ. മലയാള ഭാഷകൊണ്ടു കേരളീയരെ ഇത്രയധികം പീഡിപ്പിച്ച മറ്റൊരു മാന്യൻ ഇദ്ദേഹത്തെപ്പോലെ ഇതുവരെ ഉണ്ടായിട്ടില്ല, ഇനി ഉണ്ടാകുകയുമില്ല.
സോക്രട്ടീസ്:
പിഎച്ച്. ഡി. എടുത്തു് അതിന്റെ ഭാരംകൊണ്ടു് തല അല്പം ചരിച്ചുവച്ച് റോഡിൽക്കൂടെ നടക്കാൻ കഴിയാത്ത ഗ്രീസിലെ ഒരു മണ്ടൻ.
ക്ലീഷേ:
ഉദാഹരണങ്ങൾ നൽകാം. “കേരള രാഷ്ടീയത്തിലെ ഭീഷ്മാചാര്യൻ.” “ഉറങ്ങിക്കിടക്കുന്ന അഗ്നിപർവ്വതം.” “രാജ്യത്തു് ഉടനീളം.” ഇത്തരം പ്രയോഗങ്ങളെ കുഷ്ഠരോഗത്തെപ്പോലെ വെറുക്കണമെന്നു എഴുതുമ്പോൾ “കുഷ്ഠരോഗത്തെപ്പോലെ” എന്ന പ്രയോഗവും ക്ലീഷേയാണു്. ഈ ലേഖനത്തിന്റെ ആദ്യഭാഗത്തും ഇതു പ്രയോഗിച്ചിട്ടുണ്ടു്.
പി. കുഞ്ഞിരാമൻ നായർ:
പാർട്ടിയുടെ പിൻബലമില്ലാത്തതുകൊണ്ടു് അവഗണിക്കപ്പെടുന്ന സിദ്ധികളുള്ള കവി.
യേശൂദാസ്:
ഈ ശതാബ്ദത്തിന്റെ സുവർണ്ണനാദം.
എം. എച്ച്. ശാസ്ത്രികൾ:
ഞാനറിയുന്ന പണ്ഡിതന്മാരിൽ അദ്വിതീയൻ.
സീമോൻ ദെ ബൊവ്വാർ; സൂസൻ സൊൺടാഗ്:
ഈ ശതാബ്ദത്തിലെ ഏറ്റവും വലിയ ബുദ്ധിശാലിനികൾ.

കന്യാസ്ത്രീകൾ കുളിക്കുമ്പോൾ ഉടുപ്പുകൾ അഴിച്ചുവയ്ക്കാറില്ലത്രേ. ഈശ്വരൻ നഗ്നത കാണരുതല്ലോ എന്നു വിചാരിച്ചാണു് ഉടുപ്പുകൾ ധരിച്ചുകൊണ്ടുള്ള കുളി. ഇതിനെപ്പറ്റി ബർടൻഡ് റസ്സലി ന്റെ നേരമ്പോക്കുണ്ടു്. അടച്ച വാതിലിനകത്തുള്ള കാര്യങ്ങൾ ഈശ്വരനു കാണാമെന്നതുകൊണ്ടു് കന്യാസ്ത്രീകളുടെ നഗ്നതയും അദ്ദേഹം കാണുമല്ലോ.

images/TheNotebooksofMalteLauridsBrigge.jpg

ചില സത്യങ്ങളെക്കുറിച്ച് ചിലരുടെ അന്തരംഗത്തിൽനിന്നു വീശുന്ന മിന്നൽപ്പിണരുകൾ അവയുടെ നൈമിഷിക ശോഭ പ്രദാനംചെയ്യും. ആ ശോഭയിൽ നമ്മൾ ആ സത്യങ്ങൾ ദർശിക്കും. മരണം സത്യമാണു്; സത്യത്തിൽ സത്യം. അതിന്റെ സ്വഭാവം ആകർഷകമായി ചിത്രീകരിക്കുവാൻ ഇ. വി. ശ്രീധരനു കഴിഞ്ഞിട്ടുണ്ടു്. ജിനചന്ദ്രൻ മരിച്ചു. ആത്മഹത്യയോ? അതോ കൊലപാതകമോ? ജിനചന്ദ്രന്റെ മരണം അയാളുടെ രൂപമാർന്നു കഥപറയുന്നയാളിന്റെ മുൻപിലെത്തുന്നു. ആ രൂപം കഥപറയുന്ന ആളിന്റെ മരണത്തെത്തന്നെ ഓർമ്മിക്കുന്നു. നമുക്ക് ഒരു കമ്പനം ഉളവാക്കിക്കൊണ്ടു് കഥ അവസാനിക്കുന്നു. മരണത്തിന്റെ അനുഭൂതിയുളവാക്കി നമ്മെ ചിന്തയുടെ മണ്ഡലത്തിലേക്കും അവിടെ നിന്നു അനുധ്യാനത്തിലേക്കും നയിക്കുന്ന നല്ല കഥയാണിതു്.

ആസ്ത്രിയൻ കവി റൈനർ മാറിആ റിൽക യുടെ The Note books of Matte Laurids Brigge എന്ന നോവൽ മരണത്തെക്കുറിച്ചുള്ളതാണു്. പ്രതിഭ മരണത്തെ ആവിഷ്കരിക്കുന്നതിന്റെ ചാരുത കാണണോ? എങ്കിൽ അതു വായിക്കൂ.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1985-03-03.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 27, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: Anupa Ann Joseph; Digitizer: KB Sujith; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.