സംസ്കൃതത്തിൽ പാണ്ഡിത്യവും മലയാളം, ഇംഗ്ലീഷ് ഈ ഭാഷകളിൽ സാമാന്യമായ അറിവുമുള്ള ഒരാളോടൊരുമിച്ചു കൊട്ടാരക്കരയ്ക്കു വടക്കുള്ള ഒരു വിദ്യാലയത്തിന്റെ വാർഷിക സമ്മേളനത്തിനു ഞാൻ പോയി, കൂടെ പ്രശസ്തനായ ഒരു കഥാകാരനുമുണ്ടായിരുന്നു. പണ്ഡിതനും കഥാകാരനും സംഭാഷണവിദഗ്ദ്ധർ. അതുകൊണ്ടു സമയം പോയതു് അറിഞ്ഞേയില്ല. സമ്മേളനം തുടങ്ങുന്നതിനുമുൻപു് വിദ്യാലയത്തിന്റെ ഉടമസ്ഥരായ നമ്പൂതിരിമാരുടെ വീട്ടിൽ വിശ്രമിക്കേണ്ടി വന്നു. ഉച്ചയ്ക്കുള്ള ഊണും അവിടെത്തന്നെ. ഉണ്ണാൻ സമയമായപ്പോൾ ആരോ ഒരാൾ വന്നു ഞങ്ങളെ ക്ഷണിച്ചു. പണ്ഡിതനായ അദ്ധ്യക്ഷനും പ്രഭാഷകരും നായർ വർഗ്ഗത്തിൽപ്പെട്ടവരായതുകൊണ്ടു് പായോ തടുക്കോ നല്കിയിരുന്നില്ല. ഇരിക്കാൻ ഒരു വാഴയില. ഉണ്ണാൻ വേറൊരു വാഴയില. അദ്ധ്യക്ഷൻ നേരമ്പോക്കുകാരനാണു്. “ഏതിൽ ഇരിക്കണം? ഏതിൽ നിന്നു് ഉണ്ണണം?” എന്നു് അദ്ദേഹത്തിന്റെ ചോദ്യം. ഇരുന്നു. ഊണു് ആരംഭിച്ചു. സാമ്പാറൊഴിച്ചപ്പോൾ ഊണു് തുടരാൻ സാദ്ധ്യമല്ലെന്നായി. അത്രയുണ്ടു് ഉപ്പിന്റെ ചുവ. അദ്ധ്യക്ഷൻ കഥാകാരനോടു്: “ഉപ്പു് തീരെയില്ല സാമ്പാറിനു് അല്ലേ?” ചോറു വിളമ്പുന്ന നായർ (നമ്പൂതിരിമാരെല്ലാവരും ആ സമയത്തു് മറഞ്ഞുനിന്നിരുന്നു. നായന്മാർ ഉണ്ണുന്നിടത്തു നോക്കുകപോലും പാടില്ലത്രേ.) ഓടിയെത്തി ‘ഉപ്പു് വേണോ?’ എന്നു ചോദിച്ചു. അദ്ധ്യക്ഷൻ മറുപടി നൽകി: “ എനിക്കു് ഇത്രയും മതി ഉപ്പു്. പക്ഷേ ഈ കഥാകാരനുണ്ടല്ലോ വലിയ ഉപ്പുതീറ്റക്കാരനാണു്. അതുകൊണ്ടു് കുറെ ഉപ്പുകൂടി സാമ്പാറിൽ ഇട്ടു കൊടുക്കൂ.” അയാൾ ഉപ്പു് കൊണ്ടുവരുന്നതിനുമുൻപു് ഞങ്ങൾ ഊണു മതിയാക്കി.

ഉപ്പിനെതിരായി അമേരിക്കയിൽ ബഹളം തുടങ്ങിയിട്ടു് കുറെക്കാലമായി. സകല രോഗങ്ങളും ഉപ്പു കൂട്ടുന്നതുകൊണ്ടു് ഉണ്ടാകുന്നു എന്നാണു് ചിലരുടെ അഭിപ്രായം. അതു സത്യമോ അസത്യമോ ആകട്ടെ. ഉപ്പു് ചേർക്കാതെ കറികൾ കഴിക്കാനൊക്കുകയില്ല. കുറഞ്ഞാലും വയ്യ. കുറഞ്ഞാൽ ഉപ്പു് ചേർക്കാം. കൂടിയാലോ? കൂട്ടാനെടുത്തു ദൂരെക്കളയുകയേ തരമുള്ളൂ. അല്ലെങ്കിൽ ഞങ്ങൾ ചെയ്തതുപോലെ ഊണു മതിയാക്കി എഴുന്നേറ്റു പോകണം. കറിയുപ്പുപോലെയാണു് സന്മാർഗ്ഗം. അതു കുറഞ്ഞാൽ ആപത്തു്, കൂടിയാലും ആപത്താണു്. വാ തോരാതെ സന്മാർഗ്ഗം പ്രസംഗിച്ചുകൊണ്ടു് നടക്കുന്ന ഒരുത്തൻ വീട്ടിലുണ്ടെന്നു വിചാരിക്കൂ. ആ വീടു് നരകമായിമാറും. വിദ്യാർത്ഥിക്കു ജയിക്കാൻ നൂറിൽ മുപ്പത്തഞ്ചു് മാർക്കു വേണം. മുപ്പത്തിനാലേമുക്കാൽ മാർക്കു് കൊടുത്ത ഒരു ഇംഗ്ലീഷ് പ്രൊഫസറെ എനിക്കറിയാം. മുപ്പത്തിനാലര എന്നതു മുപ്പത്തഞ്ചായി പരിഗണിക്കുമെങ്കിലും അയാൾ അതു കൊടുത്തില്ല. കാൽമാർക്കിൽ അയാളുടെ സന്മാർഗ്ഗ നിഷ്ഠ അർക്കകാന്തിയോടെ വിലസി. ലോകത്തുള്ള ഏതു് ആഭാസനും ഈ ഇംഗ്ലീഷ് പ്രൊഫസറെക്കാൾ മാന്യനാണു്. വീട്ടിലെ സന്മാർഗ്ഗവാദിയെക്കുറിച്ചാണു് നമ്മൾ പറഞ്ഞുവന്നതു്. അയാൾ ഭാര്യയോടു്: “എടീ, മലക്കറി ആറുരൂപ തൊണ്ണൂറ്റിയഞ്ചു പൈസയല്ലേ ആയുള്ളൂ. ബാക്കി അഞ്ചു പൈസ എവിടെ? എന്തു്? കടക്കാരന്റെ കൈയിൽനിന്നു വാങ്ങിച്ചില്ല എന്നോ? ദ്രോഹി. (വേലക്കാരനോടു്) എടാ ശങ്കരാ ആ ബാക്കി അഞ്ചു പൈസ ചെന്നു വാങ്ങിക്കൊണ്ടു വാ. (ഉറങ്ങാൻ കിടന്ന മകനോടു്) എടാ സന്ധ്യയ്ക്കു് ആറുമണിതൊട്ടു് രാത്രി പത്തുമണിവരെ പഠിക്കണമെന്നു പറഞ്ഞിട്ടില്ലേ? ഒൻപതു അൻപത്തഞ്ച് ആയപ്പോൾ കിടന്നുകളഞ്ഞോ? എഴുന്നേല്ക്കു് അഞ്ചുമിനിറ്റുകൂടെ പഠിച്ചിട്ടു് കിടന്നാൽ മതി.” ഇമ്മട്ടിലുള്ള സന്മാർഗ്ഗവാദി ഭാര്യയുടെയും കുഞ്ഞുങ്ങളുടേയും ജീവിതം നശിപ്പിക്കും.
കറിയുപ്പുപോലെയാണു് സാഹിത്യത്തിലെ സന്മാർഗ്ഗ ചിന്ത. കുറഞ്ഞാൽ വെണ്മണി ക്കവിതപോലെ നിന്ദ്യമാകും. കൂടിയാൽ ഉള്ളൂർ ക്കവിതകൾപോലെ അസഹനീയമാകും. അദ്വൈതചിന്ത ഏറിയാൽ, മാർക്സിസം ഏറിയാൽ, ക്രൈസ്തവ സിദ്ധാന്തങ്ങൾ ഏറിയാൽ സാഹിത്യസൃഷ്ടി തകരും. നിശ്ചയിക്കപ്പെട്ട അളവിൽ ഈ കറിയുപ്പു് സാഹിത്യത്തിൽ ചേർക്കാം. അതു കുറയരുതു്, കൂടരുതു്.

കുറ്റത്തിനും അതിനോടുചേർന്ന സാഹസകൃത്യങ്ങൾക്കും ആധിക്യമുണ്ടായാലും സാഹിത്യത്തിന്റെ മേന്മയ്ക്കു കുറവു സംഭവിക്കുമെന്നതിനു തെളിവു നല്കുന്നു ജേംസ് ഹഡ്ലി ചേസിന്റെ കൃതികൾ. അവയെക്കുറിച്ചു സാമാന്യമായും No Orchids for Miss Blandish എന്ന ത്രില്ലറിനെക്കുറിച്ചു് സവിശേഷമായും എം. ഹരികുമാർ കലാകൗമുദിയിൽ എഴുതിയിരിക്കുന്നു. (ചേസ് എത്ര കേമൻ — ലക്കം 493). ചേസിന്റെ “ …ബ്ളൻഡിഷ്” എന്ന നോവൽ വായിക്കാൻ രസമുണ്ടു്. ഒരു കോടീശ്വരന്റെ മകളായ ബ്ളൻഡിഷിനെ ഒരു കൊള്ളസംഘം അപഹരിച്ചുകൊണ്ടുപോകുന്നു. ആ സംഘത്തിന്റെ കൈയിൽനിന്നു മറ്റൊരു സംഘം അവളെ അപഹരിക്കുന്നു. മോചനദ്രവ്യം കൈക്കലാക്കിയതിനുശേഷം അവളെ കൊല്ലാനായിരുന്നു രണ്ടു സംഘങ്ങളുടെയും ഉദ്ദേശ്യം. രണ്ടാമത്തെ സംഘത്തെ നയിക്കുന്നതു് ഒരു സ്ത്രീയാണു്. അവരുടെ മകൻ ബ്ളൻഡിഷിനെ ലൈംഗിക ലക്ഷ്യത്തോടെ സമീപിക്കുന്നു. അവൻ ധ്വജഭംഗമുള്ളവനാണു്. ബ്ളൻഡിഷിനെ അവൻ ബലാത്സംഗം ചെയ്താൽ ആ ധ്വജഭംഗം മാറുമെന്നാണു് അമ്മയുടെ വിചാരം. പൊലീസ് കൊള്ളക്കാരെ തോൽപ്പിച്ചു. ബ്ളൻഡിഷിനു വീട്ടിൽ പോകാം. പക്ഷേ അവൾ പാർത്തിരുന്ന കെട്ടിടത്തിൽ നിന്നു താഴത്തേക്കു ചാടി ആത്മഹത്യചെയ്തു. ചെറുപ്പക്കാരന്റെ പ്രേമപ്രകടനങ്ങൾ അവൾ ഇഷ്ടപ്പെട്ടെന്നും അവനെ ഉപേക്ഷിച്ചുപോകാൻ വയ്യാത്തതുകൊണ്ടാണു് അവൾ ആത്മഹത്യ ചെയ്തതെന്നും ഓർവെൽ എഴുതിയിട്ടുണ്ടു്. ഓർവെല്ലിന്റെ ഈ വാദം ശരിയല്ലെന്നു കോളിൻ വിൽസൻ പറയുന്നു. സാഹിത്യപരമായ മേന്മയില്ലെങ്കിലും അവഗണിക്കാൻ വയ്യാത്ത സംഭ്രമ കഥയാണു് “ …മിസ്സ് ബ്ളൻഡിഷ്.”
വ്യക്തി സ്പർശകങ്ങളായ കാര്യങ്ങളിലാണു് സ്ത്രീക്കു താൽപര്യം. ഭർത്താവുമായുള്ള ബന്ധത്തിലാണു് അവൾ അവ കണ്ടെത്തുന്നതു്. അപ്പോൾ ഭർത്താവു് അകന്നുനിന്നാൽ അവൾ ശണ്ഠകൂടും. മിക്ക ദാമ്പത്യജീവിതങ്ങളും തകരുന്നതു് ഭാര്യയുടെയും ഭർത്താവിന്റെയും ഈ അകൽച്ചയിലാണു്. മുഹമ്മദ് റോഷൻ കലാകൗമുദിയിലെഴുതിയ “പോയകാലത്തിന്റെ വിത്തുകൾ” എന്ന ചെറുകഥയിൽ ‘പേർസനൽ റിലേഷൻ’ നഷ്ടപ്പെട്ട ഒരു സ്ത്രീയുടെ ചിത്രം കാണാം. വിരളമായേ അയാൾ അവളുടെ അടുക്കലെത്തുന്നുള്ളൂ. വ്യക്തിബന്ധം തകരുന്നുവെന്നു കണ്ട അവൾ വീട്ടിന്റെ മുറ്റത്തു പൂന്തോട്ടമുണ്ടാക്കാൻ ശ്രമിക്കുന്നു. ഭൂമി കിളച്ചു മറിച്ചപ്പോഴാണു് നടാൻ വിത്തുകളില്ലെന്നു അവൾ മനസ്സിലാക്കുന്നതു. അവൾ വീട്ടിലേക്കു് ഓടുന്നു. പക്ഷേ അവിടെയും വിത്തുകളില്ല. ഉണ്ടായിരുന്ന ഉദ്യാനം നശിച്ചുപോയി. ഭർത്താവിന്റെ ബീജം സ്വീകരിക്കുവാൻ സന്നദ്ധമായ ഗർഭാശയം. ആ വിത്തു വീണു സന്തത്യുല്പാദനം നടക്കുന്നില്ലെന്നു വ്യംഗ്യം. ഈ പ്രതിരൂപാത്മകത്വവും ആഖ്യാനവും മോരും മുതിരയുമെന്നപോലെ ചേരാതെ കിടക്കുന്നതാണു് ഇക്കഥയുടെ ന്യൂനത. അതു് ആന്റി ക്ലൈമാക്സിൽ ചെന്നു നിൽക്കുന്നതാണു് വേറൊരു ന്യൂനത.
റോഷന്റെ സിംബലിസം ദുർഗ്രഹമല്ല. ദുർഗ്രഹതയുള്ളതു് വി. ആർ. സുധീഷിന്റെ ‘തയ്യൽക്കാരൻ’ എന്ന കഥയിലെ സിംബലിസത്തിനാണു്. തയ്യൽക്കാരൻ കുപ്പായം തുന്നിക്കൊടുക്കാത്തതും തയ്യൽക്കടയ്ക്കകത്തു് ഒരു സ്ത്രീ കയറിപ്പോയിട്ടു് തിരിച്ചുവരാത്തതുമൊക്കെ പ്രതിരൂപാത്മകതയുള്ള സംഭവങ്ങളാണു്. ആഖ്യാനപാടവം പ്രകടമാകുന്ന ആ കഥയിലെ ദുർഗ്രഹതയാർന്ന ഈ സിംബലിസം ഹൃദയസംവാദത്തിനു പ്രതിബന്ധം സൃഷ്ടിക്കുന്നു. സാർവലൗകിക പ്രാധാന്യമാർജ്ജിക്കാത്ത ഇത്തരം സ്വകീയ പ്രതിരൂപങ്ങൾ ചെറുകഥകളെ പരാജയത്തിലേക്കു തള്ളിവിടുന്നു.
ഗ്രന്ഥശാലയിൽ അനേകം പുസ്തകങ്ങളുണ്ടെങ്കിലും ഒരാൾക്കു് ഒരു സമയം ഒരു പുസ്തകമല്ലേ വായിക്കാനാവൂ എന്നു നവീന സാഹിത്യകാരനു പറയണമെന്നിരിക്കട്ടെ. അങ്ങനെ ‘നേരേചൊവ്വേ’ അയാളതു പറയുകയില്ല. പറയുന്നതു് ഇങ്ങനെയാവാം. കാട്ടിൽ മരങ്ങൾ അനവധിയുണ്ടെങ്കിലും ഒരു കിളിക്കു് ഒരു സമയത്തു് ഒരു മരക്കൊമ്പിലല്ലേ ഇരിക്കാൻ പറ്റൂ?

ഗോപിനാഥ് പനങ്ങാടു് മനോരാജ്യം വാരികയിൽ കയറിനിന്നു് “തിമിംഗലങ്ങളേ തിരിച്ചു വരൂ” എന്നു വിളിക്കുന്നു. അവ തിരിച്ചുവരുമെന്നു തോന്നുന്നില്ല. ഞാൻ പനങ്ങാട്ടു ചെന്നുനിന്നു് ഗോപനാഥേ എന്നോ ഗോപനാഥാ എന്നോ വിളിച്ചാൽ ഗോപിനാഥ് ഞാൻ നിൽക്കുന്നിടത്തു് എത്തുമോ? ഇല്ലേയില്ല. അതുപോലെ ‘തിമിംഗലങ്ങളേ തിരിച്ചുവരൂ’ എന്നു വിളിച്ചാലും തിമിംഗിലങ്ങൾ വരില്ല. ‘തിമിംഗിലങ്ങളേ തിരിച്ചുവരൂ’ എന്നു വിളിച്ചു നോക്കൂ. വരും. തിമി ഒരുതരം മത്സ്യമാണു്. ‘ഗില’ ശബ്ദത്തിനു വിഴുങ്ങുന്നതു്, ഗ്രസിക്കുന്നതു് എന്നർത്ഥം. തിമിയെ വിഴുങ്ങുന്നതു് തിമിംഗിലം.
ഭാഷ സൂക്ഷിച്ചു് ഉപയോഗിക്കേണ്ടതാണു്. ഇല്ലെങ്കിൽ ആപത്തുണ്ടാകും. അതിനു ചാൾസ് ബർലിറ്റ്സി നെ അവലംബിച്ചുകൊണ്ടു് ഒരു സംഭവം ചുരുക്കിയെഴുതാം. ജപ്പാനീസ് ഭാഷയിലെ mokusatsu എന്ന വാക്കിനു “അവഗണിക്കുക” “അഭിപ്രായം തൽക്കാലം പറയാതിരിക്കുക” “അഭിപ്രായമില്ല” എന്ന അർത്ഥങ്ങളുണ്ടു്. ഹീരോഷിമയിലും നാഗസാക്കിയിലും ആറ്റം ബോംബ് ഇടുന്നതിനു മുൻപു് അമേരിക്കൻ ഗവണ്മെന്റ് ജപ്പാനീസ് ഗവണ്മെന്റിനു മുന്നറിയിപ്പു് നൽകി. തങ്ങളുടെ കൈയിൽ മാരകായുധമുണ്ടെന്നും അതു ഉപയോഗിച്ചാൽ പട്ടണങ്ങൾ മരുഭൂമികളായി മാറുമെന്നും അതുകൊണ്ടു് കീഴടങ്ങുകയാണു വേണ്ടതെന്നും അമേരിക്ക അറിയിച്ചു. ക്യാബിനറ്റ് ഡിസ്കഷൻ നടത്തിക്കൊണ്ടിരിക്കുന്ന ആ സന്ദർഭത്തിൽ Mokusatsu പരിപാലിക്കുകയാണു് തങ്ങളെന്നു ജപ്പാനീസ് സർക്കാർ മറുപടി കൊടുത്തു. ഭാഗ്യക്കേടുകൊണ്ടു് ആ വാക്കു് ‘അവഗണിക്കുന്നു’ (ignore) എന്നു തർജ്ജമ ചെയ്യപ്പെട്ടു. ‘അഭിപ്രായം പിന്നീടു പറയാം’ എന്നാണു് അവർ ഉദ്ദേശിച്ചതു്. പക്ഷേ തർജ്ജമ കേട്ട അമേരിക്കൻ സർക്കാർ ആറ്റംബോംബ് ഇട്ടു.

അത്യുക്തി ഇല്ലാതെ ‘വസ്തുനിഷ്ഠത്വം’ പരിപാലിച്ചു് എഴുതുന്ന ആളാണു് പ്രൊഫസർ എസ്. ഗുപ്തൻനായർ. അത്യുക്തി ബാലിശമായ മനസ്സിന്റെ സന്തതിയാണെന്നു അദ്ദേഹത്തിനറിയാം. ‘കളിയിൽ പ്രാണരക്ഷയ്ക്കും ഗോബ്രാഹ്മണ ഹിതത്തിനും വേളിക്കും വൃത്തിരക്ഷയ്ക്കും പൊളിചൊല്ലുന്നതുത്തമം’ എന്നു വ്യാസൻ പറഞ്ഞിട്ടുണ്ടല്ലോ. അതുപോലെ അവതാരിക എഴുതുമ്പോഴും സ്വാഗത പ്രഭാഷണം നടത്തുമ്പോഴും ചരമാനന്തര പ്രഭാഷണം നിർവഹിക്കുമ്പോഴും അത്യുക്തിയാകാമെന്നു നിസ്സാരനായ ഞാൻ പറഞ്ഞുകൊള്ളട്ടെ. ഗുപ്തൻനായർ അവയിലും അത്യുക്തി കലർത്താറില്ല. അന്തരിച്ച സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതരെ ക്കുറിച്ചു അദ്ദേഹം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതിയ ലേഖനം നോക്കൂ. അത്യുക്തിയും സ്ഥൂലീകരണവും തന്റെ ശത്രുക്കളാണെന്നു അദ്ദേഹം പരോക്ഷമായി പറയുന്നു. അന്തരിച്ച വ്യക്തിയുടെ കഴിവുകളും സ്വഭാവ സവിശേഷതയും എടുത്തു കാണിക്കുന്ന ഹൃദ്യമായ ലേഖനമാണതു്.
വിരസവും ക്ഷുദ്രവും അടുക്കളയിൽ ജോലി ചെയ്യുന്ന പെണ്ണുങ്ങളെ മാത്രം രസിപ്പിക്കുന്നതും ആയ ഒരു പംക്തിയുണ്ടു് മനോരമ ആഴ്ചപ്പതിപ്പിൽ: ‘ദാമ്പത്യ ദുഃഖങ്ങൾ’ എന്നാണു് അതിന്റെ പേരു് ഇത്തവണ ഒരു പദ്മാവതി അമ്മയാണു് ഈ പംക്തിയിൽ എഴുതിയിട്ടുള്ളതു്. കഥ പറയുന്ന ആൾ (സ്ത്രീ) സ്നേഹത്തിന്റെ നീർച്ചുഴിയിൽ വീണു. വിനോദിനെയാണു് അവർ സ്നേഹിച്ചതു്. പക്ഷേ അയാൾ കടലിൽ വീണു ചത്തുപോയി. കാലം കഴിഞ്ഞു് അവളെ വിജയൻ വിവാഹം ചെയ്തു. ഒരു ദിവസം രതിക്രീഡകളിൽ പെട്ടിരിക്കുമ്പോൾ അവൾ വിജയനെ അറിയാതെ വിനോദേ എന്നു വിളിച്ചു പോയി. ഭർത്താവിനു തെറ്റിദ്ധാരണയുമായി. ഈ തെറ്റിദ്ധാരണ മാറ്റാൻ എന്താണു് വഴിയെന്നു് കഥ പറയുന്ന ആൾ അല്ലെങ്കിൽ കഥാനായിക ചോദിക്കുന്നു. ഉത്തരം പറയാൻ കടപ്പെട്ടവരാണു് വായനക്കാരായ നമ്മൾ. സംഭവിച്ചതു് അങ്ങു പോകട്ടെ. വിനോദ് എന്നൊരുത്തനെ പരിചയമില്ലെന്നു കള്ളം പറഞ്ഞാൽ മതി. പിന്നെ ഇനി സംബുദ്ധി ഒന്നു മാറ്റണം. തിരുവനന്തപുരത്തെ പെണ്ണുങ്ങൾ ഇപ്പോൾ ഭർത്താവിന്റെ പേരിന്റെ ആദ്യത്തെ അക്ഷരമാണു് ‘ചെല്ലം കൊഞ്ചി’ വിളിക്കുന്നതു്. ‘നായേ ഇങ്ങോട്ടു വരൂ’ എന്നു അവൾ വിളിച്ചാൽ നാരായണൻ നായരെന്ന ഭർത്താവു് അവളുടെ അടുക്കലെത്തും. അതുകൊണ്ടു് ‘വീയേട്ട’ എന്നു വിളിച്ചാൽ മതി അയാളെ. വിനോദിനും വിജയനും അതു ചേരുമല്ലോ. തന്നെയാണു അവൾ വിളിക്കുന്നതെന്നു് വിജയൻ കരുതും. തന്റെ പൂർവ്വ കാമുകനെ ഉദ്ദേശിച്ചുള്ള വിളിയാണു് അതെന്നു് അവൾക്കു് അകമേ വിചാരിച്ചു് ആഹ്ലാദിക്കുകയും ചെയ്യാം. ഒരു വെടിയ്ക്കു് രണ്ടു പക്ഷികൾ.
മലയാക്കാർ പശുക്കളെ എണ്ണുമ്പോൾ അവയുടെ തല നോക്കിയല്ല എണ്ണുന്നതു്. അവയെ തിരിച്ചുനിറുത്തി വാലു് എണ്ണും. സാഹിത്യത്തിന്റെ ചന്തിതൊട്ടു് എണ്ണുന്ന രീതിയാണു് നമ്മുടെ എഴുത്തുകാർക്കു് ഇഷ്ടം.

എം. പി. പോൾ ഖദർ വേഷമണിഞ്ഞു് തീവണ്ടിയിലിരിക്കുന്നു. ഒരു സുഹൃത്തു് ചോദിച്ചു: “അല്ല മാഷ് ഖദറാക്കിയോ വേഷമൊക്കെ?” പോൾ മറുപടി പറഞ്ഞു: “ഓർക്കായ്കയല്ല, വല്ല കരിഞ്ചന്തക്കാരനോ കള്ളനോ ആണെന്നു് എന്നെ തെറ്റിദ്ധരിക്കാനിടയുണ്ടെന്ന കാര്യം.” ഖദറുടുപ്പും ഖദർ മുണ്ടും പോയിട്ടു് തൊപ്പിക്കായി പ്രാധാന്യം. നെഹ്രു തൊപ്പിവച്ചിരുന്നല്ലോ. ഇന്നു ഷാളിനാണു് പ്രാധാന്യമെന്നു് അനുഗൃഹീതനായ കാർട്ടൂണിസ്റ്റ് യേശുദാസ് ഹാസ്യചിത്രങ്ങളിലൂടെ ധ്വനിപ്പിക്കുന്നു. (ഈയാഴ്ച വാരികയിലെ ‘കഴിഞ്ഞയാഴ്ച’ എന്ന ചിത്രപരമ്പര). മദ്യക്കുപ്പി വലിയ ഷാളിനകത്തുവച്ചു രണ്ടുപേർ നിൽക്കുന്നു. അതിനു് ഒരു കമന്റും യേശുദാസന്റേതായി: “ഷാൾ പുതച്ചാൽ രാജീവ് ഭക്തനാകില്ല. ഷാൾ ഒരു കർട്ടനാണു്. ഭക്തന്മാരുടെ അറയും മറയും രാജീവ് ഇഷ്ടപ്പെടില്ല”. സായ്പിന്റെ മട്ടിൽ പറയുകയാണു് ഞാൻ. യേശുദാസന്റെ മുൻപിൽ ഞാൻ തൊപ്പിയെടുക്കുന്നു.
To take off one’s hat to എന്നു പറഞ്ഞാൽ ബഹുമാനം കാണിക്കുക, പ്രശംസിക്കുക എന്നർത്ഥം. ചെറുകഥയ്ക്കു് ഒരു വികാസവും ഇല്ലാതിരുന്ന കാലത്തു് ‘മധുമതി’ എന്ന കാല്പനിക കഥ രചിച്ച പൂർണ്ണചന്ദ്ര ചട്ടോപാദ്ധ്യായയുടെ മുമ്പിൽ എനിക്കു തൊപ്പിയെടുക്കാൻ വയ്യ എന്നു പറഞ്ഞാൽ ഞാൻ ബുദ്ധിശൂന്യനാണെന്നു കരുതണം. കരുതൂ. എങ്കിലും തൊപ്പി എന്റെ തലയിൽത്തന്നെ ഇരിക്കട്ടെ.
ഡോക്ടറുദ്യോഗം കിട്ടിയ ഒരു യുവാവു് ജോലിസ്ഥലത്തേക്ക് പോകുമ്പോൾ നദീതീരത്തു് മരണത്തോടടുത്തു കിടന്ന ഒരു യുവതിയെ കണ്ടു. ആ അതിസുന്ദരിയെ അയാൾ ശുശ്രൂഷിച്ചു, ജീവൻ നൽകി. അവൾ ആ ഡോക്ടറുടെ ഭാര്യയായി. പക്ഷേ അവൾ നേരത്തേ തന്നെ വിവാഹിതയായിരുന്നു. ആപത്തു് സംഭവിച്ചപ്പോൾ പൂർവ്വകാലജീവിതം വിസ്മരിച്ചു പോയി, അവൾ. അങ്ങനെ ഡോക്ടറോടൊത്തു് താമസിക്കുമ്പോൾ ആദ്യത്തെ ഭർത്താവു് പാട്ടുപാടി അലയുകയായിരുന്നു. ആ ഗാനം കേട്ട അവൾക്ക് പൂർവ്വസ്മൃതി ഉണ്ടായി. ഡോക്ടറെ ഉപേക്ഷിക്കാൻ അവൾ അശക്ത. ആദ്യത്തെ ഭർത്താവിനെ വേണ്ടെന്നു് വയ്ക്കാനും വയ്യ. ഗംഗയിൽ ചാടി അവളും ആദ്യത്തെ ഭർത്താവും ആത്മഹത്യ ചെയ്യുമ്പോൾ കഥ അവസാനിക്കുന്നു. സ്നേഹം, ചാരിത്ര്യം ഈ മൂല്യങ്ങളെ പ്രകീർത്തിക്കുന്ന ഈ കഥ 1873-ലാണു് രചിക്കപ്പെട്ടതു്. ബംഗാളി ഭാഷയിലെ ആദ്യത്തെ ചെറുകഥയാണിതു്. അതുകൊണ്ടു് നവീനകഥകൾക്ക് പറ്റിയ മാനദണ്ഡം കൊണ്ടു് ഇതിനെ അളക്കാൻ വയ്യ. കഥാകാരന്റെ ആന്തരചരിത്രത്തോടു് ബന്ധപ്പെട്ടാണു് ഇക്കഥയുടെ ജനനം. ആ രണ്ടു ചരിത്രങ്ങളോടും ബന്ധപ്പെടുത്തി നോക്കുമ്പോൾ, അക്കാലത്തെ വികാരങ്ങളോടും ചിന്തകളോടും ചേർത്തുവച്ച് സവീക്ഷണം ചെയ്യുമ്പോൾ ഇതിന്റെ നേർക്ക് ഒരു കല്ലു പോലും എറിയാൻ വയ്യെന്നു വരും.
എന്നാൽ തികച്ചും വിഭിന്നങ്ങളായ ഇന്നത്തെ പരിതഃസ്ഥിതികളിൽ ഇതു രോഗാർത്തമായ റൊമാന്റിസിസമായി പ്രത്യക്ഷപ്പെടുന്നു. അതിനാലാണു് തൊപ്പി തലയിൽ തന്നെ ഇരിക്കട്ടെ എന്നു് ഞാൻ ആദ്യമേ പറഞ്ഞതു് (കഥ കുങ്കുമം വാരികയിൽ. തർജ്ജമ പ്രൊഫസ്സർ പി. കൃഷ്ണന്റേതു്).
- ഷേർലി ഒരു ചെറുപ്പക്കാരനെ സ്നേഹിക്കുന്നു. അയാൾ അവളെ പറ്റിക്കുന്നു. ഷേർലി കന്യാസ്ത്രീ ആകുന്നു. യുവാവു് കോൺവെന്റിൽ ഭാര്യയുമൊത്തു് അവരെ കാണാൻ വരുന്നു. പഴയ ഓർമ്മകൾ കന്യാസ്ത്രീയെ പീഡിപ്പിക്കുന്നു — മേരിക്കുട്ടി നെല്ലിപ്പൊയിൽ ‘പൗരദ്ധ്വനി’ വാരികയിലെഴുതിയ “ഓർമ്മകളേ ഇനിയുറങ്ങൂ” എന്ന കഥയാണിതു്. ഇത്തരം കഥകൾക്കെതിരായി ശബ്ദമുയർത്തൂ. വസൂരി നിർമ്മാർജ്ജനം ചെയ്യപ്പെട്ടു. പൈങ്കിളിക്കഥാവസൂരിക്ക് മരുന്നില്ല. ബഹുജനരോഷമേ അതിനു് പ്രതിവിധിയായുള്ളൂ.
-
ദേവാ നിന്നാരാധികയ്ക്കേകുമീ— ഗോപാലകൃഷ്ണൻ കോട്ടയ്കൽ ‘പൗരധ്വനി’ വാരികയിലെഴുതിയ “ഇനി ഞാൻ മടങ്ങട്ടെ” എന്ന കാവ്യത്തിന്റെ തുടക്കമാണിതു്. ക്ലീഷേ കൊണ്ടു് വായനക്കാരെ ഇങ്ങനെ ഉപദ്രവിക്കുന്നവരിൽ നിന്നു് രക്ഷ നേടാൻ എന്തു ചെയ്യണം? പോലീസിനോടു ചോദിക്കാം. ടെലിഫോൺ എവിടെ? നൂറു് എന്ന നമ്പർ കറക്കട്ടെ.
നിർമ്മാല്യങ്ങൾ
ഭാവസൂനമായ് നീയെ-
ന്മേനിയിൽ ചൊരിഞ്ഞാലും
- “വൈക്കം മുഹമ്മദ് ബഷീർ ഒരു മിഥ്യയോ?” എന്ന പേരിൽ ദീപിക ആഴ്ചപ്പതിപ്പിൽ ഒരു റിപ്പോർട്ട്. ഡോക്ടർ ജോർജ് ഇരുമ്പയ ത്തിന്റെ ഒരു ഗ്രന്ഥം പ്രകാശനം ചെയ്തതിനെക്കുറിച്ചുള്ളതാണതു്. ചിത്രത്തിൽ ഡോക്ടർ കെ. രാമചന്ദ്രൻ നായരുടെ ശിരസ്സിന്റെ കാൽ ഭാഗം കാണാം. ഈ ലേഖകന്റെ ബ്രഹ്മക്ഷൗരം ചെയ്ത തല മുഴുവനും. പ്രൊഫസ്സർ എസ്. ഗുപ്തൻ നായർ ചിരിക്കുന്നു. പ്രൊഫസ്സർ പി. സി. ദേവസ്യ പ്രസംഗിക്കുന്നു. അദ്ദേഹം എന്നെ ‘നിരൂപകവ്യാഘ്രം’ എന്നു് വിശേഷിപ്പിച്ചപ്പോഴാണു് ചിരിക്കാത്ത ഞാൻ ചിരിച്ചതു്. ആ ചിരിയോടുകൂടിയ ചിത്രമാണു് എന്റേതു്. ഭാഗ്യം. ‘നിരൂപകവ്യാഘ്രം’ എന്നല്ലേ പറഞ്ഞുള്ളൂ. “നിരൂപകക്കടുവ” എന്നു് ദേവസ്യ പറഞ്ഞില്ലല്ലോ. നന്ദി. പിന്നെ റിപ്പോർട്ട് നന്നായിട്ടുണ്ടു്. മലയാള ഭാഷ നല്ലപോലെ കൈകാര്യം ചെയ്യാൻ അറിയാവുന്ന ആരോ ഒരാൾ എഴുതിയതാണിതു്. ഡോക്ടർ ജോർജ്ജ് ഇരുമ്പയം എഴുതിയാൽ എത്രത്തോളം നന്നാകുമോ അത്രത്തോളം നന്നായിട്ടുണ്ടു്. എം. കെ. എൻ. പോറ്റിയെ സവിനയം അഭിനന്ദിക്കട്ടെ.
- സാവിത്രിയുടെ ഭർത്താവു് മാധവൻ പണം അപഹരിച്ചു എന്നു് വാർത്ത പരന്നു. മാധവൻ ആത്മഹത്യ ചെയ്തു. സാവിത്രി മകനെ വളർത്തിക്കൊണ്ടു വന്നു. പ്രായം ചെന്നെത്തിയ മകൻ മറുനാട്ടിൽ നിന്നു് വരുമെന്നു് പ്രതീക്ഷിച്ച് സാവിത്രി കാത്തു് നിൽക്കുമ്പോൾ കമ്പി സന്ദേശം എത്തുന്നു. ‘മകൻ ആക്സിഡന്റിൽ മരിച്ചത്രേ”. ഇതാണു് ഉണ്ണിക്കൃഷ്ണൻ തേവള്ളി കുമാരി വാരികയിൽ എഴുതിയ “വേഴാമ്പലിന്റെ ദുഃഖം” എന്ന ചെറുകഥ — സർ, ദിസ് ഈസ് എ വെരി സീരിയസ്സ് ഒഫൻസ്.
-
ചില്ലക്കോണിൽച്ചിറകു കുടയും പക്ഷിജാലം വിദൂരസഖി വാരികയിലെ “ചന്ദ്രലേഖയ്ക്കൊരു സന്ദേശം” എന്ന സന്ദേശകാവ്യത്തിലെ ഒരു ശ്ലോകം. എഴുതിയ ആളിന്റെ പേരു് അച്ചടിച്ചിട്ടില്ല. ആറന്മുള സത്യവ്രതനായിരിക്കും കവി. അദ്ദേഹത്തിനു് ഒഴുക്കുള്ള ശ്ലോകങ്ങൾ രചിക്കാനറിയാം.
ത്തല്ലിന്റാഴം കുറയുമകലെച്ചക്രവാളം ചുവക്കും
മുല്ലപ്പൂവിൻ മണമൊടിളകും മന്ദവാതം ചരിക്കും
നല്ലൂർ ഗ്രാമം തെളിയുമുണരാനന്ത്യയാമം വിശേഷം
- ചന്ദ്രിക വാരിക 28-ആം ലക്കം, എത്ര തവണ മറിച്ചുനോക്കിയിട്ടും ചെറുകഥ കാണുന്നില്ല — കഥ മരിക്കുന്ന കലയാണെന്നു് മനസ്സിലായി വരുന്നു.

ഹംഗറിയൻ നോവലിസ്റ്റ് ദ്യോർദ്യ കോൺറാറ്റ് (Gyorgy Konrad, ജനനം 1933) ‘The Case Worker’ എന്ന നോവലിന്റെ രചനയോടു കൂടി മഹായശസ്കനായി. അതിനെക്കുറിച്ച് ഈ പംക്തിയിൽ മുൻപു് ഞാനെഴുതിയിരുന്നു. കോൺറാറ്റിന്റെ പുതിയ നോവലാണു് ‘The Loser’ എന്നതു്. “പ്രസ്ഥാനമെന്ന നിലയിൽ ലോകമുതലാളിത്തം അസാദ്ധ്യതയാണു്. ലോക കമ്മ്യൂണിസം അങ്ങനെയല്ല. വാഗ്ദത്ത ഭൂമി ചരിത്രത്തിന്റെ അതിരുകൾക്കുള്ളിൽ ഇവിടെത്തന്നെ സൃഷ്ടിക്കാം. ഇരുപതാം ശതാബ്ദത്തിലെ മതപരങ്ങളായ സംഘടനകളാണു് കമ്മ്യൂണിസ്റ്റ് പാർട്ടികൾ. ബുദ്ധമതക്കാരനോ മുഹമ്മദീയനോ ക്രിസ്ത്യനാകാൻ പറ്റില്ല. പക്ഷേ അയാൾക്ക് കമ്മ്യൂണിസ്റ്റാകാം.” (പുറം 174) എന്ന വിശ്വാസത്തോടു കൂടി പ്രവർത്തിച്ച ‘റ്റി’ എന്ന ഒരുത്തന്റെ മോഹഭംഗമാണു് ഈ നോവലിലെ വിഷയം.
‘റ്റി’ ജൂതനാണു്. കമ്മ്യൂണിസ്റ്റ് വിപ്ലവകാരിയായ അയാളെ നാത്സികൾ അറസ്റ്റ് ചെയ്തു. നാത്സികളിൽ നിന്നു് രക്ഷ നേടിയ അയാൾ സ്വന്തം നാടു് (ഹംഗറി) ആക്രമിച്ച സോവിയറ്റ് സേനയിൽ ചേർന്നു കൊലപാതകങ്ങൾ വരെ ചെയ്യുന്നു. (After all, I too, had already committed murder — പുറം 138). കാലം കഴിഞ്ഞപ്പോൾ കമ്മ്യൂണിസത്തിലുള്ള വിശ്വാസം അയാൾക്ക് ഇല്ലാതെയായി. പിന്നെ ആശ്രയസ്ഥാനമേതു? ഭ്രാന്താലയം. ‘റ്റി’ ഹംഗറിയിലെ ഒരു ഭ്രാന്താലയത്തിലിരുന്നുകൊണ്ടു് കയ്പാർന്ന അനുഭവങ്ങളെക്കുറിച്ചു് വിചാരിക്കുന്നു. ആ ഓർമകൾ ഫാന്റസികളുമായി യോജിക്കുന്നു. ഒരു നീണ്ട രോദനമാണു് ഈ നോവൽ. ഭ്രാന്താലയത്തിൽ താൻ കഴിഞ്ഞുകൊള്ളാമെന്നു് ‘റ്റി’ പറയുമ്പോൾ നോവൽ അവസാനിക്കുകയാണു്. വധ പരിപാടികൾ അവസാനിച്ച തന്റെ രാജ്യം (ഹംഗറി) ഭ്രാന്താലയമാണെന്നു് കോൺറാറ്റ് അങ്ങനെ സൂചിപ്പിക്കുന്നു. അസാധാരണമായ ശക്തിവിശേഷമുള്ള നോവലാണിതു്.
ചോദ്യം: പുതിയ വാരികകൾ എവിടെക്കിട്ടും?
ഉത്തരം: വാരികകൾ വിൽക്കുന്ന കടകളിൽ.
ചോദ്യം: കഴിഞ്ഞയാഴ്ച്ചത്തെ വാരികകളോ?
ഉത്തരം: ഓഫീസിൽ പോകുന്ന പെണ്ണുങ്ങളുടെ കയ്യിൽ കാണും.
ചോദ്യം: ആറുമാസം പഴക്കമുള്ളതും നാറുന്നതുമായ വാരികകൾ എവിടെക്കിട്ടും?
ഉത്തരം: ഡെന്റിസ്റ്റുകളും സ്കിൻ സ്പെഷ്യലിസ്റ്റുകളും തങ്ങളുടെ വീട്ടിന്റെ വരാന്തയിൽ ഇട്ടിരിക്കുന്ന ടീപ്പോയിയുടെ പുറത്തു് ധാരാളമായി കാണും.