SFNസാ​യാ​ഹ്ന ഫൌ​ണ്ടേ​ഷൻ
സാ​ഹി​ത്യ​വാ​ര​ഫ​ലം
എം കൃ​ഷ്ണൻ നായർ
(കലാ​കൗ​മു​ദി വാരിക, 1985-03-17-ൽ പ്ര​സി​ദ്ധീ​ക​രി​ച്ച​തു്)

“നാ​രീ​സ്ത​ന​ഭ​ര​നാ​ഭീ​ദേ​ശം

ദൃ​ഷ്ട്വാ മാ ഗാ മോ​ഹാ​വേ​ശം

ഏത​ന്മാം സവ​സാ​ദി വി​കാ​രം

മനസി വി​ചി​ന്തയ വാരം വാരം”

(സ്ത്രീ​യു​ടെ കന​മാർ​ന്ന മു​ല​ക​ളും അടി​വ​യ​റും കണ്ടു് മന​സ്സി​ന്റെ ഉറ​പ്പി​ല്ലാ​യ്മ​യിൽ ചെ​ന്നു വീ​ഴ​രു​തു്. അവ മാം​സ​ത്തി​ന്റെ​യും കൊ​ഴു​പ്പി​ന്റെ​യും രൂ​പ​ഭേ​ദ​ങ്ങ​ളാ​ണു്. ഇതു മന​സ്സിൽ എപ്പോ​ഴും കരു​തി​ക്കൊ​ള്ളു.) എന്നു് ശങ്ക​രാ​ചാ​ര്യർ ‘മോ​ഹ​മു​ദ്ഗര’ത്തിൽ. തു​ടർ​ന്നു് അദ്ദേ​ഹം പറ​യു​ന്നു:

അംഗം ഗലിതം പലിതം മു​ണ്ഡം

ദശന വി​ഹീ​നം ജാതം തു​ണ്ഡം

വൃ​ദ്ധോ യാതി ഗൃ​ഹി​ത്വാ ദണ്ഡം

തദപി ന മു​ഞ്ച​ത്യാ​ശാ​പി​ണ്ഡം

(ശരീരം തളർ​ന്നു. തല നര​ച്ചു. വാ​യ്ക്ക​ക​ത്തു് പല്ലി​ല്ലാ​തെ​യാ​യി. വടി​യൂ​ന്നി വയ​സ്സൻ നട​ക്കു​ന്നു. എന്നി​ട്ടും അയാൾ​ക്കു് ആഗ്ര​ഹ​ങ്ങൾ വി​ട്ടു​ക​ള​യാൻ വയ്യ.) ഇതാണു മനു​ഷ്യ​ന്റെ അവസ്ഥ. ജീർ​ണ്ണി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന, അനു​നി​മി​ഷം അഴു​കി​ക്കൊ​ണ്ടി​രി​ക്കു​ന്ന ശരീ​ര​ത്തി​ന​ക​ത്താ​ണു് നമ്മു​ടെ വാസം. ഈ ശരീ​ര​ത്തോ​ടു കൂടി നമ്മൾ മൂ​ല്യ​ങ്ങൾ സൃ​ഷ്ടി​ക്കാൻ യത്നി​ക്കു​ന്നു. നമ്മൾ എന്തെ​ല്ലാ​മാ​ണു ചെ​യ്യുക? രഘു​വം​ശം എഴു​തു​ന്നു. താ​ജ്മ​ഹൽ നിർ​മ്മി​ക്കു​ന്നു. ‘മോ​ണ​ലീസ’ വര​യ്ക്കു​ന്നു. മൂ​ല്യ​മു​ള്ള​തു സൃ​ഷ്ടി​ച്ചു് അമ​ര​ത്വം വരി​ക്കാ​നു​ള്ള മനു​ഷ്യ​ന്റെ ശ്ര​മ​ങ്ങ​ളാ​ണിവ. സ്പ​ന്ദി​ക്കു​ന്ന കുറെ പര​മാ​ണു​ക്ക​ളു​ടെ കൂ​ട്ടം മാ​ത്ര​മാ​ണു് മനു​ഷ്യൻ. അവനെ മരണം പൊ​തി​ഞ്ഞി​രി​ക്കു​ന്നു. ക്ഷു​ദ്ര​ത്വ​മാർ​ന്ന ഈ മനു​ഷ്യൻ നക്ഷ​ത്ര​സ​മ​ലം​കൃ​ത​മായ അന്ത​രീ​ക്ഷ​ത്തി​ലേ​ക്കു പറ​ന്നു​യ​രു​ന്നു. ആ പറ​ന്നു​യ​ര​ലാ​ണു് സാ​ഹി​ത്യ രചന. അതിൽ മൂ​ല്യാ​വി​ഷ്കാ​രം നട​ക്കു​ന്നി​ല്ലെ​ങ്കിൽ മനു​ഷ്യ​ന്റെ യത്നം വ്യർ​ത്ഥ​മാ​യി ഭവി​ക്കു​ന്നു. അതി​നാ​ലാ​ണു് നി​രൂ​പ​ണ​വും വി​മർ​ശ​ന​വും ഉണ്ടാ​കു​ന്ന​തു്. അതു് മന​സ്സി​ലാ​ക്കി​യാൽ നി​രൂ​പ​ണ​ത്തിൽ ആഹ്ലാ​ദി​ക്കേ​ണ്ടി വരി​ല്ല. വി​മർ​ശ​ന​ത്തിൽ ക്ഷോ​ഭം ഒഴി​വാ​ക്കു​ക​യും ചെ​യ്യാം.

മൂ​ല്യ​ച്യു​തി
ഈ ചി​ന്ത​യോ​ടു കൂടി നദീ തീ​ര​ത്തു നി​ന്നു് ആഴ​ത്തി​ലേ​ക്കു് എടു​ത്തു​ചാ​ടു​ന്ന ആ ചെ​റു​പ്പ​ക്കാ​ര​നെ നോ​ക്കുക. അയാൾ എന്തി​നാ​ണു് ജീവൻ പു​ല്ലു​പോ​ലെ കരുതി ആറ്റി​ലേ​ക്കു ചാ​ടി​യ​തു്? ഒരു കു​ഞ്ഞു് വീണു. അതിനെ രക്ഷി​ക്കാൻ. രക്ഷി​ച്ചോ? രക്ഷി​ച്ചു. ശി​ശു​വി​ന്റെ അച്ഛ​ന​മ്മ​മാർ അയാ​ളോ​ടു നന്ദി പറ​ഞ്ഞു. നാ​ട്ടു​കാർ ചു​റ്റും കൂടി അഭി​ന​ന്ദി​ച്ചു. സമ്മേ​ള​നം കൂടി നല്ല വാ​ക്കു​കൾ പറ​ഞ്ഞു് അയാളെ ബഹു​മാ​നി​ച്ചു. സർ​ക്കാർ, ധീരത കാ​ണി​ച്ച​തി​നു പണ​ക്കി​ഴി നൽകി. ഇനി അയാ​ളോ​ടു ചോ​ദി​ക്കൂ എന്തി​നാ​യി​രു​ന്നു ആ ചാ​ട്ട​മെ​ന്നു്. കു​ഞ്ഞു മരി​ക്കു​ന്നു​വെ​ന്നു​ക​ണ്ടു​ണ്ടായ ദുഃഖം കൊ​ണ്ടാ​ണോ? അതോ അതി​ന്റെ അമ്മ​യോ​ടു​ള്ള താ​ല്പ​ര്യം കൊ​ണ്ടോ? നാ​ട്ടു​കാർ അഭി​ന​ന്ദി​ക്കു​മ​ല്ലോ എന്നു കരു​തി​യോ? അയാൾ ആർ​ജ്ജ​വ​മു​ള്ള​വ​നാ​ണെ​ങ്കിൽ ഈ ചോ​ദ്യ​ങ്ങൾ​ക്കെ​ല്ലാം നിഷേധ രൂ​പ​ത്തി​ലു​ള്ള മറു​പ​ടി​ക​ളേ നൽകൂ. “എനി​ക്കു ചാ​ട​ണ​മെ​ന്നു തോ​ന്നി. ചാടി. ഇം​പൾ​സീ​വായ പെ​രു​മാ​റ്റം. മറ്റൊ​രു സന്ദർ​ഭ​ത്തിൽ ഞാൻ ചാ​ടി​യി​ല്ലെ​ന്നു വരും” എന്നാ​കും സത്യ​സ​ന്ധ​നായ അയാ​ളു​ടെ ഉത്ത​രം. ഇതു് പു​റ​ത്തേ​ക്കു വരി​ല്ല. മന​സ്സിൽ ഒതു​ങ്ങി നിൽ​ക്കും. എങ്കി​ലും സമു​ദാ​യ​വും സർ​ക്കാ​രും അയാ​ളു​ടെ പ്ര​വർ​ത്ത​ന​ത്തെ അം​ഗീ​ക​രി​ക്കു​ന്നു. ധീരത എന്ന മൂ​ല്യ​മു​ള്ള പ്ര​വൃ​ത്തി​യാ​യി അതിനെ കാ​ണു​ന്നു. ആ മൂ​ല്യം പ്ര​ക​ടി​പ്പി​ച്ച, ആവി​ഷ്ക​രി​ച്ച അയാൾ​ക്കു സമ്മാ​നം നൽകി പരോ​ക്ഷ​മാ​യി മൂല്യ പ്ര​കീർ​ത്ത​നം നിർ​വ്വ​ഹി​ക്കു​ന്നു.
images/KumaranAshanstatue.jpg
കു​മാ​ര​നാ​ശാൻ

രാ​ജ്യ​ത​ന്ത്ര​ജ്ഞ​ന്മാ​രു​ടെ​യും ദേ​ശ​സ്നേ​ഹി​ക​ളു​ടെ​യും സാ​ഹി​ത്യ​കാ​ര​ന്മാ​രു​ടെ​യും പ്ര​തി​മ​കൾ സ്ഥാ​പി​ക്കു​മ്പോ​ഴും നമ്മൾ മൂ​ല്യ​ങ്ങ​ളെ വാ​ഴ്ത്തു​ക​യാ​ണു്. പക്ഷേ, മൂ​ല്യ​ങ്ങൾ ആ പ്ര​തി​മ​ക​ളി​ലൂ​ടെ സാ​ക്ഷാ​ത്ക​രി​ക്ക​പ്പെ​ടു​ന്നി​ല്ല എന്നു വന്നാൽ? അതു മഹാ​പ​രാ​ധ​മാ​യി മാറും. ചങ്ങ​മ്പുഴ കൃ​ഷ്ണ​പി​ള്ള ഒരി​ക്കൽ എം. കെ. കുമാര നോടു പറ​ഞ്ഞു ലീ​ലാ​കാ​വ്യ​ത്തി​ലെ “മടു​മ​ലർ​ശില തന്നി​ല​ന്തി​മേ​ഘ​ക്കൊ​ടു​മു​ടി​പ​റ്റി​യ​താ​ര​പോൽ വി​ള​ങ്ങി” എന്നു തു​ട​ങ്ങു​ന്ന നാ​ല​ഞ്ചു ശ്ലോ​ക​ങ്ങൾ തനി​ക്കു് എഴു​താൻ കഴി​ഞ്ഞെ​ങ്കിൽ ജീ​വി​തം ധന്യ​മാ​യി​ത്തീ​രു​മാ​യി​രു​ന്നു​വെ​ന്നു്. അങ്ങ​നെ ചങ്ങ​മ്പുഴ വാ​ഴ്ത്തിയ കു​മാ​ര​നാ​ശാൻ സമര സന്ന​ദ്ധ​നാ​യി യൂ​ണി​വേ​ഴ്സി​റ്റി ഓഫീ​സി​ന്റെ മു​മ്പിൽ നിൽ​ക്കു​ന്ന​തു കാ​ണു​മ്പോൾ എനി​ക്കു ദുഃ​ഖ​മു​ണ്ടാ​കു​ന്നു. ഭാ​ര​തീ​യ​രു​ടെ പൗ​രു​ഷ​ത്തി​ന്റെ ശാ​ശ്വത പ്ര​തീ​ക​മായ സു​ഭാ​ഷ് ചന്ദ്ര​ബോ​സ് ഒരു പട്ടാ​ള​ശ്ശി​പാ​യി​യെ​പ്പോ​ലെ മസ്ക​റ്റ് ഹോ​ട്ട​ലി​ന്റെ തെ​ക്കു വശ​ത്തു നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ന്ന​തു കാ​ണു​മ്പോൾ എനി​ക്കു വേദന തോ​ന്നു​ന്നു. തേ​ജ​സ്വി​നി​യായ പട്ടം താ​ണു​പി​ള്ള തി​ക​ച്ചും “സാ​ധാ​ര​ണ​ക്കാ​ര​നാ”യി, വെറും പേ​ട്ടു​നാ​യ​രാ​യി ടൗൺ​ഹാ​ളി​ന്റെ മുൻ​പിൽ ഷാള് കഴു​ത്തിൽ​ച്ചു​റ്റി നിൽ​ക്കു​ന്ന​തു കാ​ണു​മ്പോൾ ക്ഷോ​ഭ​മു​ണ്ടാ​കു​ന്നു. ഇതെ​ഴു​തു​ന്ന ആൾ പട്ടം താ​ണു​പി​ള്ള​യെ കണ്ടി​ട്ടു​ണ്ടു്. പല​പ്പോ​ഴും അദ്ദേ​ഹ​ത്തോ​ടു സം​സാ​രി​ച്ചി​ട്ടു​ണ്ടു്. ആ വ്യ​ക്തി​പ്ര​ഭാ​വ​ത്തി​ന്റെ ഒരം​ശം​പോ​ലും പ്ര​തി​മ​യിൽ ഇല്ല​ത​ന്നെ. മൂ​ല്യം ആവി​ഷ്ക്ക​രി​ച്ചി​ല്ലെ​ങ്കി​ലും വേ​ണ്ടി​ല്ല. മൂ​ല്യ​ച്യു​തി വരു​ത്ത​രു​തു്. അതു ജാ​ഡ്യ​ത്തി​ലേ​ക്കും ദൈ​ന്യ​ത്തി​ലേ​ക്കും മനു​ഷ്യ​രെ കൊ​ണ്ടു ചെ​ല്ലും.

“തി​രു​വ​ന​ന്ത​പു​ര​ത്തെ പു​ത്ത​രി​ക്ക​ണ്ടം മൈ​താ​ന​ത്തിൽ നി​റു​ത്തി​യി​രി​ക്കു​ന്ന ഗാ​ന്ധി​പ്ര​തി​മ​യെ​ക്കു​റി​ച്ചു് നി​ങ്ങൾ എഴു​തി​യി​രു​ന്ന​ല്ലോ! ഒന്നു​കൂ​ടെ അതിനെ വി​ശേ​ഷി​പ്പി​ക്കു” എന്നു് സാ​ങ്ക​ല്പി​ക​മായ ചോ​ദ്യം. “വി​ശേ​ഷി​പ്പി​ക്കാം. ഇം​ഗ്ലീ​ഷ് വാ​ക്കു​ക​ളെ അതി​നു​ള്ളു. Colossal vulgarity” എന്നു ഉത്ത​രം.

എം. കെ. കെ. നായർ; എം. കെ. ബി.

വൾഗർ എന്ന ഇം​ഗ്ലീ​ഷ് പദ​ത്തി​നു് ‘സാ​ധാ​ര​ണം’ എന്നർ​ത്ഥ​മേ​യു​ള്ളു​വെ​ന്നു് വോൾ​ട്ട​യർ സ്കോ​ട്ട് പറ​ഞ്ഞെ​ങ്കി​ലും ‘മര്യാ​ദ​യി​ല്ലാ​ത്ത​തു്’, ‘സ്വ​ഭാ​വ​ത്തി​ന്റെ അം​ഗീ​കൃത മാ​ന​ദ​ണ്ഡ​ങ്ങ​ളെ മാ​നി​ക്കാ​ത്ത​തു്’ എന്ന അർ​ത്ഥ​ങ്ങൾ​കൂ​ടി അതി​നു​ണ്ടു്. ഈ വൾ​ഗാ​രി​റ്റി കല​യു​ടെ മണ്ഡ​ല​ത്തിൽ കാ​ണു​ന്ന​തി​നെ എം. കെ. കെ. നായർ വി​മർ​ശി​ക്കു​ന്നു. പത്ര​പ്ര​വർ​ത്ത​ന​ത്തിൽ അതു പ്ര​ത്യ​ക്ഷ​മാ​കു​ന്ന​തി​നെ എം. കെ. ബി. കു​റ്റ​പ്പെ​ടു​ത്തു​ന്നു. രണ്ടു് ഉപാ​ലം​ഭ​ങ്ങ​ളും ശരി​ത​ന്നെ. ഉത്കൃ​ഷ്ട​മായ കലയെ തെ​രു​വി​ലി​റ​ക്കി വൾ​ഗ​റൈ​സ് ചെ​യ്യു​ന്ന​തി​നോ​ടാ​ണു് എം. കെ. കെ. നാ​യർ​ക്കു അമർഷം. അധി​കാ​രി​ക​ളാ​ണു് ഇതു ചെ​യ്യു​ന്ന​തെ​ന്ന കാ​ര്യം അതി​ന്റെ ഗർ​ഹ​ണീ​യത കൂ​ട്ടു​ന്നു. കഴി​ഞ്ഞ സം​ഭ​വ​ങ്ങ​ളെ​യൊ​ക്കെ തോ​ണ്ടി​യെ​ടു​ത്തു് വീ​ണ്ടും വീ​ണ്ടും പോ​സ്റ്റു​മോർ​ട്ടം എക്സാ​മി​നേ​ഷൻ നട​ത്തു​ന്നു പ്ര​തീ​ഷ് നന്ദി. (ഉദാ: കമ്മ്യൂ​ണി​സ്റ്റു​കാ​രു​ടെ വഞ്ചന എന്നു പറ​ഞ്ഞു പര​സ്യ​പ്പെ​ടു​ത്തിയ ചില ലേ​ഖ​ന​ങ്ങൾ) ആന്റി ഡി​ലൂ​വി​യൻ (മഹാ​പ്ര​ള​യ​ത്തി​നു മു​മ്പു​ള്ള) കഥകൾ ഇം​ഗ്ലീ​ഷി​ലേ​ക്കു് തർ​ജ്ജമ ചെ​യ്യി​ച്ചു് പ്ര​സി​ദ്ധ​പ്പെ​ടു​ത്തു​ന്നു അദ്ദേ​ഹം. ഓരോ കഥ​യു​ടെ​യും മു​ക​ളിൽ ‘ഫാ​സി​നേ​റ്റി​ങ്’ തു​ട​ങ്ങിയ വി​ശേ​ഷ​ണ​ങ്ങൾ അച്ച​ടി​ച്ചു വയ്ക്കു​ന്നു. വാ​യി​ച്ചു നോ​ക്കു​മ്പോൾ ട്രാ​ഷ് അല്ലെ​ങ്കിൽ സർ​വ്വ​സാ​ധാ​ര​ണ​ങ്ങൾ. വലിയ വില കൊ​ടു​ക്കാ​തെ കി​ട്ടു​ന്ന അസ്സി​മോ​വി ന്റെ ചില പു​സ്ത​ക​ങ്ങ​ളിൽ നി​ന്നു് ജ്ഞാ​ന​കു​ല​ങ്ങ​ളെ​ടു​ത്തു വി​ള​മ്പു​ന്നു വള​രെ​ക്കാ​ല​മാ​യി. എല്ലാ​വ​രും വാ​യി​ച്ചു കഴി​ഞ്ഞ ഇം​ഗ്ലീ​ഷ് പു​സ്ത​ക​ങ്ങ​ളിൽ നി​ന്നു് എക്സേ​പ്റ്റു​കൾ—ഉദ്ധ​ര​ണി​കൾ—തു​ട​രെ​ത്തു​ട​രെ അച്ച​ടി​ക്കു​ന്നു (ഒരു​ദാ​ഹ​ര​ണം ജർമേൻ ഗ്രീ​റു ടെ പു​സ്ത​ക​ത്തിൽ നി​ന്നു​ള്ള ഭാ​ഗ​ങ്ങൾ) “50 Indians who matter” എന്ന തല​ക്കെ​ട്ടിൽ ഒരു ഫോ​ട്ടോ​ഗ്രാ​ഫർ രഘു​റാ​യി, സെൻ​സേ​ഷൻ മാ​ത്രം ഉണ്ടാ​ക്കു​ന്ന ഒരു നാ​ട​കർ​ത്താ​വു് വിജയ ടെ​ണ്ഡുൽ​ക്കർ, ഒരു അർത്ഥ ശാ​സ്ത്ര​പ്രൊ​ഫ​സർ മൻ മോഹൻ സിങ്, ജർ​ണ്ണ​ലി​സ്റ്റ് ചോ രാ​മ​സ്വാ​മി ഇവ​രെ​യൊ​ക്കെ ഉൾ​പ്പെ​ടു​ത്തി വാ​യ​ന​ക്കാർ​ക്കു് ചി​ന്താ​ക്കു​ഴ​പ്പം സൃ​ഷ്ടി​ക്കു​ന്നു. ഇല​സ്ട്രേ​റ്റ​ഡ് വീ​ക്ക്ലി​യു​ടെ ഈ അധഃ​പ​ത​ന​ത്തി​ന്റെ നേർ​ക്കാ​ണു് കലാ​കൗ​മു​ദി ലേഖകൻ കൈ ചൂ​ണ്ടു​ന്ന​തു്; കു​റ്റ​പ്പെ​ടു​ത്തു​ന്ന കൈ​ചൂ​ണ്ടൽ. ഞാൻ കു​റെ​ക്കാ​ല​മാ​യി ഈ ആഴ്ച​പ്പ​തി​പ്പു് വാ​യി​ക്കു​ന്നു. ബം​ഗാ​ളി​കൾ​ക്കാ​ണു് അമിത പ്രാ​ധാ​ന്യം. സത്യ​ജി​ത് റേ യുടെ അച്ഛ​നാ​യാൽ, അപ്പൂ​പ്പ​നാ​യാൽ അവർ ഭാഗ്യ പരി​ലാ​ളി​തർ തന്നെ. അവ​രു​ടെ​യെ​ല്ലാം പുരാണ രചനകൾ ഇതിൽ വരും. വാ​യ​ന​ക്കാ​ര​നെ​ന്ന നി​ല​യിൽ എനി​ക്കു പറ​യാ​നു​ള്ള​തു് എം. കെ. ബി. പറ​ഞ്ഞി​രി​ക്കു​ന്നു. മഞ്ഞു​കാ​ലം. തണു​പ്പു്. ജന​ലു​ക​ളും വാ​തി​ലു​ക​ളും അട​ച്ചി​ട്ടാ​ണു് ഞാ​നി​തു് എഴു​തു​ന്ന​തു്. എനി​ക്കു ജല​ദോ​ഷ​പ്പ​നി. പനി​യ​റി​യാൻ ഞാ​നെ​ടു​ത്ത തെർ​മോ​മീ​റ്റർ നാ​ക്കി​ന​ടി​യിൽ വച്ചാൽ കൂടിയ ചൂടു് അതു കാ​ണി​ക്കും. പക്ഷേ, മു​റി​യു​ടെ തണു​പ്പു് മാ​റു​മോ? ചൂടു് കൂ​ട്ടു​ന്നു പ്രീ​തി​ഷ് നന്ദി ഇല​സ്ട്രേ​റ്റ​ഡ് വീ​ക്ക്ലി എന്ന തെർ​മോ​മീ​റ്റർ കൊ​ണ്ടു്. വാ​യ​ന​ക്കാ​രു​ടെ മന​സ്സിൽ തണു​പ്പു മാ​ത്രം.

“ലീ​ലാ​ങ്ക​ണം” എന്ന പ്രേ​തം
images/EmileZola1902.jpg
ഏമീൽ സൊല

ഏമീൽ സൊല യുടെ (Emile Zola) ചെ​റു​ക​ഥ​കൾ മനോ​ഹ​ര​ങ്ങ​ളാ​ണു്. അദ്ദേ​ഹ​ത്തി​ന്റെ “പ്രേ​ത​ബാ​ധ​യു​ള്ള വീടു്” എന്ന കഥ ഓർ​മ്മ​യി​ലെ​ത്തു​ന്നു. നാ​ല്പ​തു കൊ​ല്ല​മാ​യി ഒരു വീടു് ഒഴി​ഞ്ഞു കി​ട​ക്കു​ന്നു. ആരും അതു വാ​ങ്ങാൻ ധൈ​ര്യ​പ്പെ​ടു​ന്നി​ല്ല. മുൻ​പു് അവി​ടെ​യൊ​രാൾ പാർ​ത്തി​രു​ന്നു അതി​സു​ന്ദ​രി​യായ ഭാ​ര്യ​യോ​ടു കൂടി. അവ​ളെ​ക്കാൾ സു​ന്ദ​രി​യായ ഒരു മകളും അയാൾ​ക്കു​ണ്ടാ​യി​രു​ന്നു. കു​റെ​ക​ഴി​ഞ്ഞ​പ്പോൾ അയാ​ളു​ടെ ഭാര്യ മരി​ച്ചു. അവ​ളു​ടെ മര​ണ​ത്തി​നു ശേഷം അയാൾ അവ​ളെ​പ്പോ​ലെ സു​ന്ദ​രി​യായ വേ​റൊ​രു​ത്തി​യെ വി​വാ​ഹം കഴി​ച്ചു കൊ​ണ്ടു വന്നു. ഒരി​ക്കൽ ഭർ​ത്താ​വു് ആവേ​ശ​ത്തോ​ടെ മകളെ ചും​ബി​ക്കു​ന്ന​തു അവൾ കണ്ടു​പോ​ലും. ഉടനെ ആ പെൺ​കു​ട്ടി​യെ അവൾ തല​യ്ക്ക​ടി​ച്ചു കൊ​ന്നു. രാ​ത്രി​തോ​റും ആ പെൺ​കു​ട്ടി—അഞ്ച​ലീൻ—ആ വീ​ട്ടിൽ സഞ്ച​രി​ക്കു​ന്നു​വെ​ന്നാ​ണു് വി​ശ്വാ​സം. സംഭവം അങ്ങ​നെ​യ​ല്ലെ​ന്നാ​ണു് വേ​റൊ​രാൾ പറ​ഞ്ഞ​തു്. അച്ഛ​ന്റെ രണ്ടാ​മ​ത്തെ ഭാ​ര്യ​യോ​ടു​ള്ള വെ​റു​പ്പു​കൊ​ണ്ടു് അഞ്ച​ലീൻ കത്തി ഹൃ​ദ​യ​ത്തിൽ കു​ത്തി​യി​റ​ക്കി ആത്മ​ഹ​ത്യ ചെ​യ്തു എന്നാ​ണു് അയാ​ളു​ടെ അഭി​പ്രാ​യം. അങ്ങ​നെ​യി​രി​ക്കെ ആ വീ​ട്ടിൽ ആരോ താ​മ​സ​മാ​യി​യെ​ന്നു് കഥ പറ​യു​ന്ന ആൾ കണ്ടു. അയാൾ അവിടെ ചെ​ന്ന​പ്പോൾ ആരു​മി​ല്ല. രാ​ത്രി സമയം. പെ​ട്ടെ​ന്നു് അഞ്ച​ലീൻ എന്നു ആരോ വി​ളി​ച്ചു. അവൾ അയാ​ളാ​യി​രി​ക്കു​ന്ന മു​റി​യിൽ വന്നി​ട്ടു് അപ്ര​ത്യ​ക്ഷ​യാ​യി. അയാൾ വി​റ​ച്ചു് ഇരു​ന്നു. കു​റെ​ക്ക​ഴി​ഞ്ഞ​പ്പോൾ പുതിയ ഗൃ​ഹ​നാ​യ​കൻ പട്ട​ണ​ത്തിൽ നി​ന്നു തി​രി​ച്ചെ​ത്തി. കഥ പറ​യു​ന്ന ആൾ അഞ്ച​ലീൻ അവിടെ പ്ര​ത്യ​ക്ഷ​യാ​യി​യെ​ന്നു് അയാ​ളോ​ടു പറ​ഞ്ഞ​പ്പോൾ ‘അതെ​ന്റെ മക​ളാ​യി​രി​ക്കും’ എന്നു് അയാൾ മറു​പ​ടി നൽകി. മരി​ച്ച പെൺ​കു​ട്ടി​യു​ടെ ഓർ​മ്മ​യ്ക്കാ​യി തന്റെ മകൾ​ക്കു് ആ പേ​രി​ട്ട​താ​ണെ​ന്നും അയാൾ അറി​യി​ച്ചു. അമ്മ മകളെ വി​ളി​ച്ച​പ്പോ​ഴാ​യി​രി​ക്കും ആഗതൻ ആ പേരു കേ​ട്ട​തു്. ഗൃ​ഹ​നാ​യ​കൻ ഉടനെ ‘അഞ്ച​ലീൻ’ എന്നു വി​ളി​ച്ചു. സന്തോ​ഷം കൊ​ണ്ടു് തി​ള​ച്ചു മറി​യു​ന്ന ഒരു കൊ​ച്ചു “പ്രേ​തം” അവി​ടെ​യെ​ത്തി. സ്നേ​ഹ​ത്തി​ന്റെ​യും ആഹ്ലാ​ദ​ത്തി​ന്റെ​യും വാ​ഗ്ദാ​ന​മെ​ന്ന കണ​ക്കേ അവൾ വെ​ള്ള​യു​ടു​പ്പു​ക​ള​ണി​ഞ്ഞു കൊ​ണ്ടു് അവിടെ നി​ന്നു. മരി​ച്ച പെൺ​കു​ട്ടി​യിൽ നി​ന്നു ജനി​ച്ച ഓമ​ന​യായ അഞ്ച​ലീൻ. ഒന്നും ഇല്ലാ​താ​വു​ന്നി​ല്ല. എല്ലാം പു​തു​താ​യി സമാ​രം​ഭി​ക്കു​ന്നു. മര​ണ​ത്തി​നു് ജയമോ? ഇല്ല തന്നെ. അഞ്ച​ലീ​ന്റെ പ്രേ​ത​മാ​ണു് ചങ്ങ​മ്പുഴ യുടെ “ലീ​ലാ​ങ്ക​ണം” (മാ​തൃ​ഭൂ​മി ആഴ്ച​പ്പ​തി​പ്പിൽ). അതു് കുറെ ആഴ്ച​ക​ളാ​യി മനു​ഷ്യ​രെ പേ​ടി​പ്പി​ച്ചു​കൊ​ണ്ടു് വാ​രി​ക​യെ ഹോ​ണ്ട് ചെ​യ്തി​രു​ന്നു. സാ​ക്ഷാൽ അഞ്ച​ലീൻ “ബാ​ഷ്പാ​ഞ്ജ​ലി”യിൽ ഉണ്ടു്. അവ​ളെ​ക്ക​ണ്ടു് ആഹ്ലാ​ദി​ച്ചി​രു​ന്ന​വ​രെ ‘ലീ​ലാ​ങ്കണ’മെന്ന ഗോ​സ്റ്റി​നെ​ക്കൊ​ണ്ടു് പേ​ടി​പ്പി​ക്കേ​ണ്ടി​യി​രു​ന്നി​ല്ല. അമ്പ​ല​പ്പുഴ ഗോ​പ​കു​മാ​റാ ണത്രേ ഈ ഗോ​സ്റ്റി​നെ എഴു​ന്ന​ള്ളി​ച്ച​തു്. സാ​ഹി​ത്യ പഞ്ചാ​ന​നൻ മൗ​ന​മ​ന്ത്രം ചൊ​ല്ലി അട​ക്കി​വ​ച്ചി​രു​ന്ന ഈ പ്രേ​ത​ത്തെ ഇങ്ങ​നെ ഇള​ക്കി​വി​ട്ട​തു ശരി​യാ​യി​ല്ല.

വെ​ള്ള​മൊ​ഴി​ച്ചാ​ലും
images/CDGibson.jpg
ചാൾസ് ഡേന ഗി​ബ്സൻ

ചാൾസ് ഡേന ഗി​ബ്സൻ (Charles Dana Gibson, മരണം 1944) പേ​രു​കേ​ട്ട അമേ​രി​ക്കൻ ചി​ത്ര​കാ​ര​നാ​യി​രു​ന്നു. പു​സ്ത​ക​ങ്ങൾ​ക്കു പടം വര​യ്ക്കുക എന്ന​താ​യി​രു​ന്നു അദ്ദേ​ഹ​ത്തി​ന്റെ പ്ര​ധാ​ന​പ്പെ​ട്ട ജോലി. ഗി​ബ്സൻ പറ​ഞ്ഞു: ഇരു​ണ്ട വീ​ട്ടു​മു​റ്റ​ത്തു അല്പം നി​ലാ​വു ചേർ​ക്ക​ണം. രണ്ടാ​ളു​ണ്ടെ​ന്നു വി​ചാ​രി​ക്കു. ശക്തി​യാർ​ന്ന രണ്ടു കൈകൾ അമർ​ത്തി​ച്ചേർ​ക്കു. ഒന്നു മൃ​ദു​ല​മായ കൊ​ച്ചു​കൈ. രണ്ടു് ഔൺസ് ആകർ​ഷ​ക​ത്വം അരി​ച്ചു ചേർ​ക്ക​ണം. എന്നി​ട്ടു് മണ്ട​ത്ത​രം നല്ല​യ​ള​വിൽ​ത്ത​ന്നെ ഒഴി​ക്കു. ഒന്നോ രണ്ടോ അട​ക്കം പറ​ച്ചി​ലു​ക​ളും സ്വ​ല്പം പരി​ഭ​വ​വും ഒഴി​ച്ചു കല​ക്കി​യാ​ലും. നി​ശ്ശ​ബ്ദ​ത​യു​ടെ കി​ണ​റ്റിൽ അര​ഡ​സ്സൻ കടാ​ക്ഷ​ങ്ങൾ അലി​യി​ക്കുക ശങ്ക​യു​ടെ പൊടി അല്പം വിതറു. തട​സ്സം ഒരു ഔൺസ്. വഴ​ങ്ങി​ക്കൊ​ടു​ക്കൽ രണ്ടു ഔൺസ്. ചു​വ​ന്ന കവി​ളി​ലോ ചു​ണ്ടു​ക​ളി​ലോ ചും​ബ​ന​ങ്ങൾ വയ്ക്കു. ചെറിയ സീൽ​ക്കാ​രം കൊ​ണ്ടു് വാസന വരു​ത്ത​ണം. എന്നി​ട്ടു തണു​ത്തു കി​ട്ടാ​നാ​യി മാ​റ്റി​വ​യ്ക്കു. ഈ നിർ​ദ്ദേ​ശ​ങ്ങൾ ശ്ര​ദ്ധാ​പൂർ​വം പരി​പാ​ലി​ച്ചാൽ എന്തു ശീ​തോ​ഷ്ണാ​വ​സ്ഥ​യി​ലും ഇതു ഫലി​ക്കാ​തി​രി​ക്കി​ല്ല.

തണു​ക്കു​ന്ന​തി​നു മുൻ​പു​ത​ന്നെ വി​വാ​ഹം കഴി​യും. കഴി​ഞ്ഞാൽ​പ്പി​ന്നെ വെ​റു​പ്പി​ന്റെ​യും അവ​ഗ​ണ​ന​യു​ടെ​യും കഷാ​യ​മാ​ണു് രണ്ടു പേരും കു​ടി​ക്കു​ന്ന​തു്. അവ​ളു​ടെ മാ​ധു​ര്യം കലർ​ന്ന വാ​ക്കു​കൾ അയാൾ​ക്കു വിഷം കലർ​ന്ന വാ​ക്കു​ക​ളാ​യി മാറും. അവ​ളു​ടെ ചേ​തോ​ഹ​ര​മായ ചിരി മാംസ പേ​ശി​ക​ളു​ടെ ജു​ഗു​പ്സാ​വ​ഹ​മായ വക്രീ​ക​ര​ണ​മാ​കും. വി​വാ​ഹ​ത്തി​നു മുൻ​പു് രണ്ടു പേരും മൂ​ന്നു നി​മി​ഷ​ത്തേ​ക്കു തമ്മിൽ​ത്ത​മ്മിൽ നോ​ക്കി​യു​ള്ളു. അതോടെ പ്രേ​മ​മാ​യി. ഇപ്പോൾ അത്ര​യും സമയം പര​സ്പ​രം നോ​ക്കി​യാൽ അയാൾ കോ​ടാ​ലി​ക്കൈ തട്ടി​യൂ​രും. അവൾ മന​സ്സിൽ ആ പ്ര​ക്രിയ നട​ത്തും. ദാ​മ്പ​ത്യ ജീ​വി​ത​ത്തി​ന്റെ ഈ വൈ​ര​സ്യ​ത്തെ​യാ​ണു് മനോരമ ആഴ്ച​പ്പ​തി​പ്പി​ലെ “തെ​റ്റു​പ​റ്റി​യ​താർ​ക്ക്?” എന്ന ലേഖനം വ്യ​ക്ത​മാ​ക്കാൻ ശ്ര​മി​ക്കു​ന്ന​തു്. ദാ​മ്പ​ത്യ ജീ​വി​ത​ത്തി​ന്റെ വൈ​ര​സ്യ​ത്തെ​ക്കാൾ അസ​ഹ​നീ​യ​മായ വൈ​ര​സ്യ​മാ​ണു് മറി​യ​ത്തി​ന്റെ ഈ ലേഖനം ഉള​വാ​ക്കുക. ശ്രീ​മ​തി അല്ലെ​ങ്കിൽ ശ്രീ​മാൻ ഇതെ​ഴു​തിയ സമ​യം​കൊ​ണ്ടു് വീ​ട്ടു​മു​റ്റ​ത്തെ ചെ​ടി​കൾ​ക്കു വെ​ള്ളം കോ​രു​ക​യോ പു​ല്ലു​പ​റി​ക്കു​ക​യോ ചെ​യ്താൽ മതി​യാ​യി​രു​ന്നു.

images/Haldane.jpg
ജെ. ബി. എസ്. ഹൊൽ​ഡേൻ

ഇം​ഗ്ലീ​ഷ് ബയോ കെ​മി​സ്റ്റും ജന​റ്റി​സി​സ്റ്റും ആയ ജെ. ബി. എസ്. ഹൊൽ​ഡേൻ (J. B. S. Haldane, 1892–1964. ഹാൽ​ഡേൻ എന്നു ചിലർ പറ​യു​ന്ന​തു് ശരി​യ​ല്ല. ഹൊൽ​ഡേം എന്നാ​ണു് Daniel Jonesന്റെ നി​ഘ​ണ്ടു​വിൽ.) മു​ങ്ങി​ച്ചാ​കാൻ പോ​കു​ന്ന​വ​നെ​ക്കു​റി​ച്ചു പറ​ഞ്ഞ​തു് സ്മ​ര​ണ​മ​ണ്ഡ​ല​ത്തിൽ കയറി വരു​ന്നു. സഹോ​ദ​ര​നാ​ണു് മു​ങ്ങി​ച്ചാ​കു​ന്ന​തെ​ന്നി​രി​ക്ക​ട്ടെ. കരയിൽ നിൽ​ക്കു​ന്ന​യാൾ അമ്പ​തു​ശ​ത​മാ​നം ‘റി​സ്ക്’ സ്വീ​ക​രി​ക്കും. വെ​ള്ളം കു​ടി​ക്കു​ന്ന​വർ അന​ന്ത​ര​വ​നാ​ണെ​ങ്കി​ലോ? അതു് ഇരു​പ​ത്തി​അ​ഞ്ചു് ശത​മാ​ന​മാ​യി​പ്പോ​കും. കസി​നാ​ണെ​ങ്കിൽ? പരോ​പ​കാര തല്പ​ര​മായ ജീ​നി​ന്റെ (Gene— സഹ​ജ​വാ​സ​ന​ക​ളെ തലമുറ തല​മു​റ​യാ​യി പകർ​ത്തു​ന്ന​തു്) “ഫ്രീ​ക്വൻ​സി’ പന്ത്ര​ണ്ടു ശത​മാ​ന​മാ​യി​പ്പോ​കും. ഭർ​ത്താ​വു് മു​ങ്ങി​മ​രി​ക്കാൻ പോ​കു​മ്പോൾ ഭാ​ര്യ​യു​ടെ “ജീൻ ഫ്രീ​ക്വൻ​സി” ആറേ​കാൽ ശത​മാ​ന​മാ​യി​രി​ക്കു​മെ​ന്നു് എനി​ക്കു തോ​ന്നു​ന്നു. ഭാര്യ മു​ങ്ങി​ച്ചാ​കാൻ പോ​കു​മ്പോൾ ഭർ​ത്താ​വി​ന്റെ ഫ്രീ​ക്വൻ​സി മൂ​ന്നേ​യ​ര​യ്ക്കാ​ലാ​യി​രി​ക്കും. ഭർ​ത്താ​വി​നെ​യും ഭാ​ര്യ​യെ​യും കു​റി​ച്ചു് ഹൊൽ​ഡേൻ ഒന്നും പറ​ഞ്ഞി​ട്ടി​ല്ല.

കാൽ​വീ​നോ
images/ItaloCalvino.jpg
ഈറ്റാ​ലോ കാൽ​വീ​നോ

ഈറ്റാ​ലോ കാൽ​വീ​നോ (Italo Calvino, b. 1923) മഹാ​നായ സാ​ഹി​ത്യ​കാ​ര​നാ​ണു്. മൊ​റാ​വ്യ യെ​ക്കാൾ ഉന്ന​ത​നാ​ണു് അദ്ദേ​ഹം. കഴി​ഞ്ഞ വർ​ഷ​ത്തെ നോബൽ സമ്മാ​നം കാൽ​വീ​നോ​യ്ക്കു് കി​ട്ടു​മെ​ന്നു് പലരും വി​ചാ​രി​ച്ചി​രു​ന്നു. അദ്ദേ​ഹ​ത്തി​ന്റെ ‘If On A winter’s Night A Traveller’ എന്ന നോവൽ ഞാൻ വാ​യി​ച്ചു. പ്ര​തി​ഭാ​ശാ​ലി​നി​യായ സൂസൻ സൊൺ​ടാ​ഗ് ‘Italy’s best living writer of fiction. His new book is endlessly inventive… idea within idea, tale within tale’ എന്നും ഫ്രൻ​സീൻ ദ്യു പ്ലെ​സി (Francine du Plessis) The most astoundingly inventive novel I’ve come across in a long time എന്നും വാ​ഴ്ത്തിയ ഈ കൃതി പത്തു വ്യ​ത്യ​സ്ത​ങ്ങ​ളായ നോ​വ​ലു​ക​ളെ​ക്കു​റി​ച്ചു​ള്ള ഒരു നോ​വ​ലാ​ണു്. ആദ്യ​മാ​യി ഒരു പോ​ളി​ഷ് നോ​വ​ലി​നെ​ക്കു​റി​ച്ചു് പറ​യു​ന്നു. അതു് പൂർ​ണ്ണ​മാ​കു​ന്ന​തി​നു മുൻ​പു് ഒരു ജപ്പാ​നീ​സ് നോ​വ​ലി​നെ​ക്കു​റി​ച്ചു് പറ​ഞ്ഞു് തു​ട​ങ്ങു​ന്നു. അങ്ങ​നെ പലതും. രണ്ടു വാ​യ​ന​ക്കാ​രാ​ണു് ഈ കൃ​തി​യി​ലു​ള്ള​തു്. ഒരാൾ പു​രു​ഷൻ, അയാ​ളു​ടെ പേരു പറ​ഞ്ഞി​ട്ടി​ല്ല. രണ്ടാ​മ​ത്തെ​യാൾ സ്ത്രീ; ലൂ​ഡ്മി​ല്ല. “Ludmilla closes her book, turns off her light, puts her head back against the pillow and says, “Turn off your light too. Aren’t you tired of reading?” And you say “Just a moment, I’ve almost finished”. If on a winter’s night a traveller” by Italo Calvio (pp. 205).

നോ​വ​ലി​സ്റ്റ് സഹാറാ മരു​ഭൂ​മി​യി​ലെ വി​റ​കു​വെ​ട്ടു​കാ​ര​നാ​ണെ​ന്നു് ഒർ​ട്ടേഗ ഈ ഗാ​സ​റ്റ് എന്ന സ്പാ​നി​ഷ് തത്ത്വ​ചി​ന്ത​കൻ പണ്ടു് പറ​ഞ്ഞി​ല്ലേ. കോ​ടാ​ലി​യു​ണ്ടെ​ങ്കി​ലും മര​മി​ല്ല വെ​ട്ടി​യി​ടാൻ. സർ​ഗ്ഗ​ശ​ക്തി​യു​ണ്ടെ​ങ്കി​ലും പ്ര​തി​പാ​ദ്യ​വി​ഷ​യം തീർ​ന്നു​പോ​യി എന്നാ​ണു് ഒർ​ട്ടേഗ പറ​ഞ്ഞ​തു്. അതു തെ​റ്റാ​ണെ​ന്നു് ഈ നോവൽ സ്ഥാ​പി​ക്കു​ന്നു. വൈ​ചി​ത്ര്യ​വും വൈ​ജാ​ത്യ​വും ഉള്ള​താ​ണു് മനു​ഷ്യ​ജീ​വി​തം. അതു് എത്ര നോ​വ​ലു​ക​ളു​ടെ​യും വി​ഷ​യ​ങ്ങ​ളാ​വാം. ഒരി​ക്ക​ലും വി​ഷ​യ​ങ്ങൾ തീർ​ന്നു​പോ​കു​ന്നി​ല്ല എന്നാ​ണു് കാൽ​വീ​നോ​യു​ടെ വാദം.

രച​ന​യു​ടെ സവി​ശേ​ഷത ഈ നോ​വ​ലി​നെ മറ്റു നോ​വ​ലു​ക​ളിൽ നി​ന്നു് മാ​റ്റി​നി​റു​ത്തു​ന്നു. പു​സ്ത​കം വാ​യി​ക്കു​ന്ന​തു​പോ​ലെ കാ​മു​കി​യും കാ​മു​ക​നും പര​സ്പ​രം വാ​യി​ക്കു​ന്നു​വെ​ന്നു് കൽ​വീ​നോ പറ​യു​ന്നു: “Lovers reading of each other’s bodies (of that concentrate of mind and body which lovers used to go to bed together) differs from the reading of written pages in that it is not linear. It starts at any point, skips, repeats itself, goes backward, insists… (pp. 124). ഫാ​ന്റ​സി സൃ​ഷ്ടി​ക്കു​ന്ന​തിൽ, ഒരി​ക്ക​ലും അനു​ര​ഞ്ജി​ക്കാൻ വയ്യാ​ത്ത വസ്തു​ത​ക​ളെ അടു​ത്ത​ടു​ത്തു് പ്ര​ദർ​ശി​പ്പി​ക്കു​ന്ന​തിൽ ഇവ​യി​ലൊ​ക്കെ നി​സ്തു​ല​നാ​ണു് മഹാ​നായ ഈ സാ​ഹി​ത്യ​കാ​രൻ. നോവൽ വാ​യി​ച്ചു തീർ​ക്കാൻ വയ്യേ വയ്യ. എന്നാൽ കാൽ​വീ​നോ​യു​ടെ ഈ നോവൽ വാ​യി​ച്ചു തീർ​ക്കാം. ജീ​വി​ത​ത്തി​ന്റെ വൈ​വി​ധ്യം എന്താ​ണെ​ന്നു് മന​സ്സി​ലാ​ക്കു​ക​യും ചെ​യ്യാം.

കമ​ന്റു​കൾ

മോ​ഹ​ന​നും തങ്ക​മ​ണി​യും പര​സ്പ​രം സ്നേ​ഹി​ച്ചു് വി​വാ​ഹം കഴി​ച്ചു. വി​വാ​ഹ​ത്തി​നു ശേഷം ബന്ധു​ക്കൾ സ്ത്രീ​ധ​നം ചോ​ദി​ച്ച​പ്പോൾ ഭർ​ത്താ​വും ഭാ​ര്യ​യും അക​ന്നു. എങ്കി​ലും അയാൾ വല്ല​പ്പോ​ഴും അവളെ കാണാൻ വരും. അതു​കൊ​ണ്ടു് സന്താ​ന​ങ്ങ​ളു​ണ്ടാ​യി. മോഹനൻ സു​ഖ​ക്കേ​ടാ​യി ആശു​പ​ത്രി​യിൽ കി​ട​ന്ന​പ്പോൾ അയാ​ളു​ടെ കൊ​ച്ചു​മ​കൻ അന്വേ​ഷി​ച്ചു പോയി. അവ​ന്റെ പു​റ​ത്തു് തടി ലോറി കയറി. ആ കു​ട്ടി ചത​ഞ്ഞ​ര​ഞ്ഞു. ഇതാ​ണു് കെ. കെ. പടി​ഞ്ഞാ​റ​പ്പു​റം ‘മംഗളം’ വാ​രി​ക​യിൽ എഴു​തിയ “ഒരി​ക്ക​ലും കാ​ണാ​ത്ത​വർ” എന്ന കഥ​യു​ടെ സാരം—മംഗളം വാ​രി​ക​യു​ടെ ചെ​ല​വു് വർ​ദ്ധി​ച്ചു വരി​ക​യ​ല്ലേ? വര​ട്ടെ. വർ​ദ്ധി​ച്ചു് വർ​ദ്ധി​ച്ചു് ഇരു​പ​തു ലക്ഷ​മാ​കു​മ്പോൾ മറ്റു​ള്ള വാ​രി​ക​കൾ നി​ന്നു പോകും അപ്പോൾ ഇമ്മാ​തി​രി കക്കൂ​സ്സ് കഥകളേ കേ​ര​ള​ത്തിൽ ഉണ്ടാ​യി​രി​ക്കൂ.

പി​രി​വു​കാ​രെ​ക്കൊ​ണ്ടു​ള്ള ഉപ​ദ്ര​വം ജെ. ഫി​ലി​പ്പോ​സ് തി​രു​വ​ല്ല ഹാ​സ്യാ​ത്മ​ക​മാ​യി ചി​ത്രീ​ക​രി​ക്കു​ന്നു (മനോ​രാ​ജ്യം). പണ്ടൊ​രു പി​രി​വു​കാ​രൻ കാ​ട്ടിൽ പോയി. അയാൾ​ക്കെ​തി​രേ ഒരു കടുവ വന്നു. മരണം സു​നി​ശ്ചി​ത​മെ​ന്നു കരുതി വെ​പ്രാ​ള​പ്പെ​ട്ട​പ്പോൾ പി​രി​വി​നു വേ​ണ്ടി​യു​ള്ള രസീ​തു് ബു​ക്ക് അറി​യാ​തെ താഴെ വീണു. അതു കണ്ടു് കടുവ പ്രാ​ണ​നും കൊ​ണ്ടു് തി​രി​ഞ്ഞോ​ടി. അങ്ങ​നെ പി​രി​വു​കാ​രൻ രക്ഷ​പ്പെ​ട്ടു.

‘വേ​ല​ക്കാ​രി​കൾ കഥ പറ​യു​ന്നു’ എന്നൊ​രു പം​ക്തി​യു​ണ്ടു് “മാ​മാ​ങ്കം” വാ​രി​ക​യിൽ. ലേഖകൻ അസം​ഖ്യം വേ​ല​ക്കാ​രി​ക​ളെ സന്ദർ​ശി​ച്ച​തി​നു ശേ​ഷ​മാ​ണ​ത്രേ ആ ലേ​ഖ​ന​ങ്ങൾ തയ്യാ​റാ​ക്കി​യ​തു്. 22-ആം ലക്ക​ത്തി​ലെ വേ​ല​ക്കാ​രി കലാ​കൗ​മു​ദി​യിൽ ഞാ​നെ​ടു​ത്തു ചേർ​ത്തി​രു​ന്ന ഒരു ചൈ​നീ​സ് നേ​ര​മ്പോ​ക്കു് അതേ മട്ടിൽ പറ​യു​ന്നു (പുറം 14 കോളം 2,3,4). ഈ വേ​ല​ക്കാ​രി സാ​ഹി​ത്യ​വാ​ര​ഫ​ലം വാ​യി​ക്കു​ന്ന​വ​ളാ​ണു്. അവൾ​ക്കു് നന്ദി.

രാ​ജേ​ശ്വ​രി ദീപിക വാ​രി​ക​യി​ലെ​ഴു​തിയ ‘കരി​യില’ എന്ന കഥ. ഇതു സാ​ഹി​ത്യ​മ​ല്ല, സാ​ഹി​ത്യാ​ഭാ​സ​മാ​ണു്. മാലതി വി​വാ​ഹം കഴി​ക്കാ​തെ കഴി​ഞ്ഞു കൂ​ടു​ന്നു. അവ​ളു​ടെ വി​വാ​ഹം നി​ശ്ച​യി​ച്ച​താ​ണു്, പണ്ടു്. പക്ഷേ, ഭാ​വി​വ​രൻ സ്കൂ​ട്ട​റി​ടി​ച്ചു് മരി​ച്ചു​പോ​യി. രാ​ജേ​ശ്വ​രി എന്ന പേരിൽ മുൻ​പു് മനോരമ ആഴ്ച്ച​പ്പ​തി​പ്പിൽ വന്ന ഒരു “യഥാർ​ത്ഥ സംഭവ വി​വ​ര​ണ​വും” ഇതു തന്നെ​യാ​യി​രു​ന്നു എന്നാ​ണു് എന്റെ ഓർമ്മ. ആളു​ക​ളെ ഏതെ​ല്ലാം വി​ധ​ത്തി​ലാ​ണു് എഴു​ത്തു​കാർ പറ്റി​ക്കു​ന്ന​തു്! സാ​ഹി​ത്യാ​ഭാ​സം പെ​ണ്ണി​ന്റെ പേരിൽ രചി​ക്കു​മ്പോൾ കു​റ​ച്ചു് ‘ഫെ​മി​നിൻ ടച്ച​സ്’ വരു​ത്തു​ന്ന​തു് നന്നു്. എന്തൊ​രു കാലം! എന്തൊ​രു ജീർ​ണ്ണത!

ഡോ​ക്ടർ എം. എം. ബഷീർ പുതിയ എഴു​ത്തു​കാ​രോ​ടു് ‘മല​യാ​ള​ശൈ​ലി’യും ‘സാ​ഹി​ത്യ​സാ​ഹ്യ​വും’ വാ​യി​ക്കാൻ ഉപ​ദേ​ശി​ക്കു​ന്നു (ചന്ദ്രിക ആഴ്ച​പ്പ​തി​പ്പു്). നല്ല ഉപ​ദേ​ശം. വ്യാ​ക​ര​ണ​ത്തെ​റ്റു് ഒഴി​വാ​ക്കാ​നും ശൈ​ലീ​ഭം​ഗം വരു​ത്താ​തി​രി​ക്കാ​നും അവ​യു​ടെ പാ​രാ​യ​ണം സഹാ​യി​ക്കു​മ​ല്ലോ. ഇവിടെ ഒരു സംശയം. “പുതിയ എഴു​ത്തു​കാ​രോ​ടു് അനു​ഭാ​വ​പൂർ​വ്വം” എന്നാ​ണു് ലേ​ഖ​ന​ത്തി​ന്റെ തല​ക്കെ​ട്ടു്. ബഷീർ നൽ​കി​യ​തു തന്നെ​യാ​ണോ അതു്? എങ്കിൽ “അനു​ഭാവ”ത്തി​നു് അദ്ദേ​ഹം ഉപ​ദേ​ശി​ച്ച അർ​ത്ഥ​മി​ല്ലെ​ന്നു് പറ​യേ​ണ്ടി​യി​രി​ക്കു​ന്നു. ‘അനു​ഭാ​വഃ​പ്ര​ഭാ​വേ ചസതാം ച മതി​നി​ശ്ച​യേ’. അനു​ഭാ​വഃ = പ്ര​ഭാ​വ​ത്തി​ന്റെ​യും നല്ല​യാ​ളു​ക​ളു​ടെ ബു​ദ്ധി​നി​ശ്ച​യ​ത്തി​ന്റെ​യും പേരു്. ഇത്ര​യും എഴു​തി​യ​തു​കൊ​ണ്ടു് ബഷീ​റി​ന്റെ പ്ര​യോ​ഗം തെ​റ്റാ​ണെ​ന്നു് ഞാൻ കരു​തു​ന്ന​താ​യി വി​ചാ​രി​ക്ക​രു​തു്. “മന്ത്രി അനു​ഭാ​വ​പൂർ​വ്വം മറു​പ​ടി പറ​ഞ്ഞു” എന്നു് പത്ര​ക്കാർ​ക്കു് എഴു​താം. മല​യാ​ളം പഠി​പ്പി​ക്കു​ന്ന​വർ അത്ത​രം പ്ര​യോ​ഗ​ങ്ങൾ ഒഴി​വാ​ക്കി​യാൽ കൊ​ള്ളാം.

ഡോ​ക്ടർ കെ. പി. ഹാ​ഷി​മി​ന്റെ ‘വരയും കു​റി​യും’ എന്ന ഹാ​സ്യ​ചി​ത്രം 17-ആം ലക്കം ‘ഈയാ​ഴ്ച’ യിൽ ഡ്രൈ​വ​റെ​യാ​ണു് വര​ച്ചി​ട്ടു​ള്ള​തു്. ഒരു ‘രസ’മൊ​ക്കെ​യു​ണ്ടു് ചി​ത്രം കാ​ണാ​നും വി​വ​ര​ണം വാ​യി​ക്കാ​നും.

വി. സി. ബാ​ല​കൃ​ഷ്ണ​പ്പ​ണി​ക്ക​രെ ക്കു​റി​ച്ചു് ‘കൈ​ര​ളീ​സുധ’യിൽ മൂ​പ്പ​ത്തു് രാ​മ​ച​ന്ദ്രൻ എഴു​വ​ന്തല എഴു​തി​യി​രി​ക്കു​ന്നു. മനു​ഷ്യ​നു് മുൻ​പോ​ട്ടും പി​റ​കോ​ട്ടും വശ​ത്തോ​ട്ടും വീഴാം. എങ്ങ​നെ റോഡിൽ വീ​ണാ​ലും കണ്ടു നിൽ​ക്കു​ന്ന​വർ ഉള്ളാ​ലെ​യെ​ങ്കി​ലും ചി​രി​ക്കും. മൂ​പ്പ​ത്തു രാ​മ​ച​ന്ദ്ര​ന്റെ മൂ​പ്പെ​ത്താ​ത്ത ഈ ലേഖനം കണ്ടു്—വീ​ഴ്ച്ച കണ്ടു്— സ്കൂൾ​ക്കു​ട്ടി​യും ചി​രി​ക്കു​ന്നു.

സ്ത്രീ​രോഗ ചി​കിൽ​സാ​വി​ദ​ഗ്ദ്ധ​നു്—ഗൈ​ന​ക്കോ​ള​ജി​സ്റ്റി​നു്—സ്ത്രീ​യു​ടെ മനഃ​ശാ​സ്ത്രം അറി​യാ​മെ​ങ്കിൽ കോ​ളേ​ജിൽ മല​യാ​ളം പഠി​പ്പി​ക്കു​ന്ന ആളി​നു് സാ​ഹി​ത്യ​ത്തെ​ക്കു​റി​ച്ചു​മ​റി​യാം.

Colophon

Title: Sāhityavāraphalam (ml: സാ​ഹി​ത്യ​വാ​ര​ഫ​ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1985-03-17.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ​ഹി​ത്യ​വാ​ര​ഫ​ലം, എം കൃ​ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 27, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: Anupa Ann Joseph; Digitizer: KB Sujith; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.