പണത്തിൽ കൊതി വന്നാൽ മനുഷ്യനു് സ്നേഹം വേണ്ട. ഭാര്യയുടെ അച്ഛൻ വിട്ടു കൊടുക്കാത്ത വസ്തുവിനു വേണ്ടി അയാൾ ഭാര്യയെ തല്ലിച്ചതയ്ക്കും. “വാങ്ങിക്കൊണ്ടു വാടീ പ്രമാണം” എന്നു് അട്ടഹസിച്ച് അവളെ രാത്രിയിൽ വീട്ടിൽ നിന്നു് ചവിട്ടിപുറത്താക്കും. തന്റെ കുഞ്ഞ് മധുരമന്ദഹാസത്തോടു കൂടി പൂമുഖത്തു് കിടന്നാൽ അതിനെ നോക്കുകപോലും ചെയ്യാതെ ചാടിക്കുതിച്ച് അകത്തേക്കു കയറും. ക്രമേണ അയാളുടെ യൗവനം ഇല്ലാതാകും. മുഷിഞ്ഞ വേഷം ധരിച്ച് ഓഫീസിൽ പോകും. ഒരു ദിവസമെടുത്തു് ധരിക്കുന്ന ഷർട്ടും മുണ്ടും കൂറഞ്ഞതു് ഏഴു ദിവസം ധരിക്കും. ‘പണം, പണം’ ഈ മന്ത്രം അയാൾ ഉരുവിട്ടുകൊണ്ടിരിക്കും. നിലാവു് പുരണ്ടുനിൽക്കുന്ന താമരപ്പൂവു കണ്ടാൽ, മിന്നൽ പ്രവാഹത്തിൽ മിന്നുന്ന നനഞ്ഞ മരം കണ്ടാൽ, സുന്ദരിയുടെ പട്ടു പോലുള്ള നീണ്ട തലമുടി കണ്ടാൽ അയാൾക്കു് ഒരു വികാരവും ഇല്ല. അയാളുടെ കൈയിൽ ‘മനസ്വിനി’ എന്ന കാവ്യമോ ഹാംസൂണി ന്റെ ‘വിക്ടോറിയ’ എന്ന നോവലോ മോപസാങ്ങി ന്റെ ‘ചന്ദ്രികയിൽ’ എന്ന ചെറുകഥയോ വച്ചുകൊടുക്കൂ. ‘ഹായ്! വെള്ളക്കടലാസ്സിൽ അച്ചടിമഷി’ എന്ന വിചാരത്തോടെ അയാളതു ദൂരെയെറിയും. സാഹിത്യം, കല ഇവ ആസ്വദിക്കാനുള്ള കഴിവു് പ്രകൃതിയുടെ അനുഗ്രഹമാണു്. ആ അനുഗ്രഹമുള്ളതു കൊണ്ടു് ഞാനിതു് എഴുതുന്നു. എന്റെ വായനക്കാർ ആ വിധത്തിൽ അനുഗൃഹീതരായതുകൊണ്ടു് സാഹിത്യത്തോടു ബന്ധപ്പെട്ട ഈ ലേഖനം വായിക്കുന്നു. എനിക്കു് പണത്തിൽ കൊതിയില്ല. ലോകത്തു് ഏതു ബാങ്ക് പൊളിഞ്ഞാലും എനിക്കൊന്നും നഷ്ടപ്പെടില്ല. പാലാ ബാങ്ക് തകർന്നപ്പോൾ എന്റെ കൂട്ടുകാരിൽ ചിലർ ബോധം കെട്ടു വീണു. എനിക്കു് അഞ്ചു രൂപയാണു് നഷ്ടപ്പെടാൻ ബാങ്കിലുണ്ടായിരുന്നതു്. പണമില്ലാത്തതുകൊണ്ടു് എനിക്കു് ഒട്ടും ദുഃഖമില്ല. ജീനിയസ്സായ മാൽകം ലോറി യുടെ ‘Hear us O Lord From Heaven Thy Dwelling Place’ എന്ന കഥാസമാഹാരത്തിലെ ‘The Bravest Boat’ എന്ന ചെറുകഥ വായിച്ച് ഞാനിന്നു് കലയുടെ മനോഹാരിത ദർശിച്ചല്ലോ. പ്രകൃതിക്കു് നന്ദി.
പക്ഷേ, ആഹ്ലാദത്തിനുശേഷം ദുഃഖമുണ്ടെന്നു് ഓർമ്മിക്കണം. ദീപത്തിനു് തൊട്ടടുത്തു് നിഴലുണ്ടു്. ആ നിഴലിലാണു് കെ. അരവിന്ദാക്ഷന്റെ ‘അൾസർ’ എന്ന കഥ വായിച്ച ഞാൻ ഇപ്പോൾ നിൽക്കുന്നതു്. പ്രകാശത്തിൽ നിന്നു് അന്ധകാരത്തിലേക്കുപോയ പ്രതീതി. ശരത്കാലത്തുനിന്നു് അതിനുമുൻപുള്ള വർഷകാലത്തു ചെന്ന തോന്നൽ. അല്ലെങ്കിൽ ശരത്കാലത്തു നിന്നു് ഹേമന്തകാലത്തേക്കു പോയ മട്ടു്. ഇംഗ്ലീഷിൽ പറഞ്ഞാൽ ‘ഇംബാരസിങ്’ (Embarrassing)—ആകുലാവസ്ഥ ജനിപ്പിക്കുന്നതു്. ഓഫീസ്ശിപായിക്കു് വയറ്റിൽ അൾസർ (വ്രണം). കൂട്ടുകാരൻ അയാളെ ആശുപത്രിയിൽ കൊണ്ടു പോകുന്നു. ഗേറ്റ് തുറക്കാൻ പ്യൂണിനു് ഒരു രൂപ കൈക്കൂലി. രോഗിയെ നോക്കാൻ ഡോക്ടർക്കു് ഇരുപതു രൂപ. കട്ടിലില്ല. താഴെക്കിടത്താൻ അറ്റൻഡർക്കു് രണ്ടു രൂപ. പിന്നെ ഒരഞ്ചു രൂപ. പിന്നെയും ഒരു രൂപ. ചില്ലറകൂടി വേറൊരു കൈയ്യിലിട്ടു. ആശുപത്രിയിലെ കറപ്ഷന്റെ പത്തിയിൽ യോഗദണ്ഡെടുത്തു് അടിക്കുകയാണു് അരവിന്ദാക്ഷൻ. അടി എനിക്കും ഇഷ്ടമായി. കാരണം ഇതിനു് തുല്യമായ അവസ്ഥയിൽ ഞാനും ചെന്നുവീണിട്ടുണ്ടു് എന്നതു തന്നെ. എന്റെ വയറ്റിലൊരു ശസ്ത്രക്രിയ ചെയ്ത ഡോക്ടർക്ക്, ഞാൻ ശസ്ത്രക്രിയയ്ക്കു് മുൻപു് കൊടുത്ത മുന്നൂറു രൂപ കുറവായിപ്പോയി എന്നതിന്റെ പേരിൽ അദ്ദേഹം എന്നെ പിന്നീടു് നോക്കാനേ വന്നില്ല. ഡോക്ടറുടെ അവഗണനയുടെ ഹേതു ഊഹിച്ചറിഞ്ഞ എന്റെ മകൻ ഇരുന്നൂറു രൂപ കൂടി അദ്ദേഹത്തിനു കൊണ്ടുകൊടുത്തപ്പോൾ അദ്ദേഹം കട്ടിലിനു് അരികിലെത്തി ‘എന്താ കൃഷ്ണൻ നായർ വേദനയുണ്ടോ?’ എന്നു ചോദിച്ചു. ആ വേദന ഇരുപത്തിനാലു മണിക്കൂറായി ഇഞ്ചെക്ഷൻ കിട്ടാത്തതുകൊണ്ടായിരുന്നു. ‘Work to rule’ എന്നതനുസരിച്ച് നേഴ്സ് മരുന്നുകുത്തിവയ്ക്കാൻ വന്നില്ല. ഞാൻ അവരെക്കണ്ടപ്പോൾ കൈകൂപ്പിക്കൊണ്ടു് ‘ഇഞ്ചക്ഷൻ തരണേ’ എന്നഭ്യർത്ഥിച്ചു. തല വെട്ടിച്ച് അവർ പോയതേയുള്ളൂ. ഈ ക്രൂരതയ്ക്കു് ഞാൻ വിധേയനായിട്ടുണ്ടു്. അതിനാൽ അരവിന്ദാക്ഷന്റെ ഉപാലംഭം എനിക്കിഷ്ടപ്പെട്ടു. പക്ഷേ, കഥയെന്ന നിലയിൽ, സാഹിത്യരചനയെന്ന നിലയിൽ അതു് അധമമാണു്. സർവ്വസാധാരണങ്ങളായ സങ്കടങ്ങൾ അതിഭാവുകത്വത്തിലേക്കു് കടന്നാൽ അതു കലയല്ല. യാദൃച്ഛികമായി വലയിൽ വീണ ജീവിയെ വീണ്ടും വീണ്ടും കുത്തി മുറിവേൽപ്പിക്കുകയും അതിനെ വരിഞ്ഞുകെട്ടുകയും ചെയ്യുന്ന എട്ടുകാലി കലയ്ക്കു് വിഷയമാണു്; മരിക്കുന്ന ജീവിയും. എന്നാൽ അവയുടെ ചിത്രീകരണം സാർവ്വലൗകികത്വത്തിലേക്കു് കടക്കുന്നു. വലയിൽ വീണ ക്ഷുദ്രജീവിയാണു് ശിപായി. കറപ്റ്റായ സർക്കാരിന്റെ പ്രതിനിധിയാണു് ഡോക്ടർ; അയാൾ എട്ടുകാലിയാണു്. പക്ഷേ, ആ എട്ടുകാലിയുടെ ക്രൂരതയും ജീവിയുടെ യാതനയും നമ്മുടെ ഹൃദയത്തിലേക്കു് കടക്കുന്നില്ല.
ആകുലാവസ്ഥകളെക്കുറിച്ച് അല്പം പറയൂ. പറയാം. സിനിമയിലെ കഥ പറയുമ്പോൾ കഥാപാത്രത്തിന്റെ പേരുപറയാതെ “ബാലചന്ദ്രമേനോൻ വടക്കോട്ടു നോക്കിയപ്പോൾ, അതാ നിൽക്കുന്നു ശ്രീവിദ്യ. അപ്പോഴുണ്ടു് ശങ്കരാടി ദൂരെ നിന്നു് വരുന്നു” എന്നു മൊഴിയാടുന്നതു് ഒരാകുലാവസ്ഥ. സ്ത്രീകൾ ജാഥയായി പോകുമ്പോൾ വഴിവക്കിൽ നിന്നു് ഓരോ മുഖവും അത്യാർത്തിയോടെ മാറി മാറി നോക്കുന്നവനെപ്പോലെ നമ്മുടെ വീട്ടിൽ കടന്നുവന്നു് ഷെൽഫിലിരിക്കുന്ന ഓരോ പുസ്തകവും കൗതുകത്തോടെ നോക്കുന്നവനെ കാണുമ്പോൾ നമുക്കുണ്ടാകുന്നതും അകുലത തന്നെ. ജാഥയിൽ പോകുന്നവരെ നോക്കാം; തൊട്ടാൽ പോലീസ് സ്റ്റേഷനിൽ പോകും. നമ്മുടെ കിതാബ് ലഡ്കികളെ തുരുതുരേ കടന്നുപിടിച്ച് കക്ഷത്തടുക്കിക്കൊണ്ടു് ‘ഞാനിവ കൊണ്ടു പോകട്ടെ. ആവശ്യം കഴിഞ്ഞു തിരിച്ച് തരാം’ എന്നു് മധുര ശബ്ദത്തിൽ മൊഴിയുമ്പോൾ ‘ഈശ്വരാ നാനൂറു രൂപയുടെ പുസ്തകം പോയി’ എന്നു വിചാരിച്ചുകൊണ്ടു് കള്ളപ്പുഞ്ചിരിയോടെ നമ്മൾ “ടേക്ക് യുവർ ഓൺ റ്റൈം” എന്നു പറയുമ്പോൾ ഉണ്ടാകുന്നതു് മറ്റൊരാകുലാവസ്ഥ. സ്നേഹിതന്റെ പ്രേരണയിൽപ്പെട്ടു് മീറ്റിങ്ങിനു് പോവുകയും സാമാന്യം ഭേദപ്പെട്ട പ്രസംഗത്തിനു ശേഷം നമ്മൾ ചാരിതാർത്ഥ്യത്തോടെ ഇരിക്കുകയും ചെയ്യുമ്പോൾ കൃതജ്ഞത പറയുന്നവൻ “അദ്ദേഹത്തിന്റെ കാര്യമാത്ര പ്രസക്തമായ പ്രസംഗം” എന്നു് അതിനെ വിശേഷിപ്പിക്കുമ്പോൾ ഉണ്ടാകുന്നതും ആകുലാവസ്ഥ.
ആകുലാവസ്ഥകളേ, നിങ്ങൾ മാത്രമേയുള്ളൂ ഈ ലോകത്തു്. സ്വസ്ഥതയോടെ വീട്ടിലിരിക്കുമ്പോൾ പ്രതിഷേധാർഹമായ പുഞ്ചിരിയോടെ വന്നു കയറുന്ന ഇൻഷ്വറൻസ് ഏജന്റിനെപ്പോലേ, വിദഗ്ധനായ ഡോക്ടറെ കാണാൻ ചെല്ലുന്ന രോഗിയെ കടന്നുകയറി പരിശോധിക്കുന്ന അവിദഗ്ദ്ധനായ അസിസ്റ്റന്റ് ഡോക്ടറെപ്പോലെ ആകുലാവസ്ഥകൾ വന്നുകൊണ്ടിരിക്കുന്നു. ആർ. രാമചന്ദ്രൻ നായരു ടെ ആധിപത്യത്തിൽ മാസം തോറും ആളുകളെ ആക്രമിക്കുന്ന ‘സംസ്കാര കേരളം’, ‘കല്പവൃക്ഷമായ തെങ്ങ് കോടാലിയേറ്റു് മറിഞ്ഞുവീഴുമ്പോൾ ഞെട്ടാതെ മഹാഗണിമരം മറിഞ്ഞേക്കുമെന്നു കരുതി ഞെട്ടുന്ന മരപ്രേമം—ഇവയും ആക്രമണോൽസുകങ്ങളായ ആകുലാവസ്ഥകൾ തന്നെ. അവയെക്കുറിച്ചാണു് സക്കറിയ മാതൃഭൂമി ആഴ്ചപ്പതിപ്പിലും, അയ്പ് പാറമേൽ മലയാള മനോരമ ദിനപ്പത്രത്തിലും (28-2-85) എഴുതിയിട്ടുള്ളതു്. രണ്ടും ലക്ഷ്യവേധികളായ സറ്റയർ. ജലാശയത്തിൽ വീണ നിലാവുപോലെ രണ്ടു രചനകളിലും ഹാസ്യം തിളങ്ങുന്നു. സക്കറിയയുടെ ഹാസ്യത്തിനു നിദർശനമായി ഒരു ഭാഗം എടുത്തെഴുതട്ടെ.
‘ആർ. രാമചന്ദ്രൻ നായർ! അപ്പോൾ ‘തുലാം പതിനഞ്ച് എന്ന കവിതയെഴുതിയതു്? മുഖ്യ പത്രാധിപർ തന്നെയാവുമോ ആ കവിയും?’ ഞാനത്ഭുതപ്പെട്ടു. ഒരു പക്ഷേ, “ശ്രീധരഃ” “ശ്രീധരകവിരാജഃ” “മല്ലിനാഥൻ” തുടങ്ങിയ തൂലികാനാമങ്ങൾക്കു് പിന്നിലും അദ്ദേഹം തന്നെയാവുമോ സഭാകമ്പത്തോടെ ഒളിച്ചിരിക്കുന്നതു?. എങ്കിൽ 1984 ഡിസംബർ മാസത്തിൽ കേരളത്തിലെ കവിത, നിരൂപണം എന്നീ രണ്ടു സാഹിത്യ ശാഖകൾ ഒരൊറ്റ സർക്കാരുദ്യോഗസ്ഥനാണു് ഈ സുപ്രധാനമായ “സാഹിത്യ സാംസ്കാരിക” മാസികയിൽ പ്രതിനിധാനം ചെയ്തിരിക്കുന്നതു്. ഇതിൽക്കൂടുതൽ സർക്കാരിനു് സാംസ്കാരികമായി അഭിമാനിക്കാൻ മറ്റെന്തു വേണം? കേരള സംസ്കാരത്തിന്റെ എല്ലാ ശാഖകളും സാധിക്കുമെങ്കിൽ ഒരൊറ്റ സർക്കാരുദ്യോഗസ്ഥനിൽ കേന്ദ്രീകരിക്കാൻ കഴിയുമെങ്കിൽ—കുറച്ചധികം തൂലികാനാമങ്ങൾ വേണ്ടിവന്നേക്കും… ചെലവു ചുരുക്കൽ, അധ്വാനം കുറയ്ക്കൽ എന്നിവയും ആയി.
പണ്ടു് തിരുവനന്തപുരത്തെ ചാല ഇംഗ്ലീഷ് ഹൈസ്കൂളിനടുത്തു് ചില വേശ്യാലയങ്ങൾ ഉണ്ടായിരുന്നു. നാല്പത്തഞ്ചു വർഷം മുൻപത്തെ കാര്യമാണേ പറയുന്നതു്. ആരും വഴക്കിനു വരരുതു്. എന്റെ ഒരു കൂട്ടുകാരനുമായി ഞാൻ ആ വഴി പോയിട്ടുണ്ടു് പലപ്പോഴും. കൂട്ടുകാരൻ റോഡിൽ എന്നെ നിറുത്തിയിട്ടു് ഏതെങ്കിലും ഒരു ആലയത്തിൽ കയറും. കാത്തു നിൽക്കുന്ന അര മണിക്കൂറും ഞാൻ പേടിച്ച അവസ്ഥയിലായിരിക്കും. എന്റെ സ്നേഹിതനെ പോലീസ് പിടിക്കുമോ എന്നു പേടി. അര മണിക്കൂർ കഴിയുമ്പോൾ കൂട്ടുകാരൻ സുസ്മേരവദനനായി എത്തും. ഞങ്ങൾ വീണ്ടും നടന്നു തുടങ്ങും. വേശ്യ സ്നേഹിതനെ ആകർഷിക്കുന്നതു് മുഖം കാണിച്ചല്ല. മുഖം കണ്ടാൽ ആരും ചെല്ലുകില്ലെന്നു് അവൾക്കറിയാം. അവൾ തിരിഞ്ഞു നിൽക്കും. പാവാടയുടെ സമൃദ്ധി, നിതംബത്തിന്റെ സമൃദ്ധിയായി കൂട്ടുകാരൻ തെറ്റിദ്ധരിക്കും. സംസ്കാര കേരളം പുറം തിരിഞ്ഞു നിൽക്കുന്നു. സംസ്കൃതത്തിന്റെ സമൃദ്ധി സംസ്കാരത്തിന്റെ സമൃദ്ധിയാണെന്ന തെറ്റിദ്ധാരണ ഉളവാക്കാൻ.
എന്റെ അഭിവന്ദ്യ സുഹൃത്താണു് വെട്ടൂർ രാമൻ നായർ. എന്റെ ഭാഗ്യത്തിൽ അദ്ദേഹം ആഹ്ലാദിക്കുന്നു. ദൗർഭാഗ്യത്തിൽ ദുഃഖിക്കുന്നു. ചിലപ്പോൾ അദ്ദേഹം എന്റെ വീട്ടിലെത്തുന്നു. ഞാൻ അദ്ദേഹം താമസിക്കുന്നിടത്തു് പോകുന്നു. പക്ഷേ, അക്കാരണത്താൽ മാതൃഭൂമിയിൽ അദ്ദേഹം എഴുതിയ “ഒരു മാവിന്റെ കഥ” നല്ല കഥയാണെന്നു് ഞാൻ എങ്ങനെ പറയും? കൊല്ലത്തു നിന്നു് കഥാതീവണ്ടിയിൽ കയറിയ നമ്മൾ തിരുവനന്തപുരത്തു് എത്തുന്നില്ല. നിൽക്കാതെ അതു് ഓടിക്കൊണ്ടിരിക്കുന്നു. കോമ്പസ്സസ്സിന്റെ സൂചിമുന അമർന്ന പോയിന്റ് അതിനില്ല. കാര്യകാരണ ബന്ധവുമില്ല. ഒരിക്കലും കായ്ക്കാത്ത ഒരു മാവു് ഒരുത്തൻ വെട്ടിക്കളയുന്നു. അതു കണ്ടു് വേറൊരുത്തൻ മറ്റൊരു മാവിന്റെ കഥ പറയുന്നു. കൊമ്പുകൾ മുറിച്ചപ്പോൾ നിറയെ കായ്ച്ച ഒരു മാവിന്റെ കഥ. മുറിക്കേണ്ടതു മുറിക്കണം എന്നായിരിക്കാം രാമൻ നായരുടെ ഉദ്ദേശ്യം. എന്നാലെന്തു പ്രയോജനം? അപായച്ചങ്ങല വലിച്ചിട്ടും തീവണ്ടി ഓടിക്കൊണ്ടിരുന്നു.
തെന്നാലി രാമന്റെ നേരമ്പോക്കുകൾ പ്രഖ്യാതങ്ങളാണു്. രാജാവിന്റെ മുൻപിൽ സൈനികോദ്യോഗസ്ഥന്മാർ തങ്ങളുടെ പരാക്രമങ്ങളെക്കുറിച്ച് പറയുകയായിരുന്നു. “ഞാനൊരു ആനയുടെ വാലു മുറിച്ചു” എന്നു് ഒരാൾ. “ഞാൻ മലയിടുക്കിലൂടെ വന്ന നൂറു ശത്രുക്കളെ വെട്ടി” എന്നു് മറ്റൊരാൾ. “ഞാൻ ഒറ്റയ്ക്കു് ഇരുന്നൂറു് പ്രതിയോഗികളെ നേരിട്ടു” എന്നു് വേറൊരുത്തൻ. ഇതൊക്കെ കേട്ടു് തെന്നാലി രാമൻ പറഞ്ഞു: “‘ഞാൻ ശത്രുസേനാനായകന്റെ കാലു മുറിച്ചെടുത്തു.” അപ്പോൾ സഭയിലുണ്ടായിരുന്ന ഒരാൾ ചോദിച്ചു: “നിങ്ങൾ എന്തേ തല മുറിച്ചെടുത്തില്ല?” തെന്നാലി മറുപടി നൽകി: “തല നേരത്തേ തന്നെ ആരോ മുറിച്ചെടുത്തിരുന്നു.” ജീവനില്ലാത്ത ശരീരത്തിൽനിന്നു് അവയവങ്ങൾ മുറിച്ചെടുത്തു് പ്രദർശിപ്പിക്കരുതു് കഥാകാരന്മാർ.
എ. പി. ഉദയഭാനു ഉപദേശിക്കുന്നു. “ഒരൊറ്റ മുണ്ടേ ഉള്ളെങ്കിലും അതു് അഭിമാനത്തോടെ ധരിക്കുക. കുടിലിലാണെങ്കിലും അതിൽ അഭിമാനത്തോടെ താമസിക്കുക. ഉണക്കച്ചപ്പാത്തിയും പച്ചവെള്ളവുമേ ഉള്ളെങ്കിലും അതു് അഭിമാനത്തോടെ കഴിക്കുക” (മനോരാജ്യം—കളിയും കാര്യവും). ഇതു് “ഫാൾസ് ഐഡിയ”ലാണു്. ഒറ്റമുണ്ടു് മാത്രമുള്ളവനു് അഭിമാനം എങ്ങനെയുണ്ടാകും? മറ്റുള്ളവരുടെ മുൻപിൽ ചെന്നുനിൽക്കുമ്പോൾ അവർ അയാളെ പുച്ഛിക്കില്ലേ? മഴവെള്ളം അടിച്ചുകയറുകയും, മഞ്ഞ് അകത്തുകയറി ആക്രമിക്കുകയും, പകലും രാത്രിയും പാമ്പു് ഇഴഞ്ഞ് അകത്തെത്തുകയും ചെയ്യുന്ന കുടിലിൽ എങ്ങനെ കഴിയും?, എങ്ങനെ അഭിമാനം ഉണ്ടാകും? നല്ല ആഹാരം കഴിച്ചാലേ ആരോഗ്യം ഉണ്ടാകൂ. ആരോഗ്യമില്ലെങ്കിൽ തളർന്നു താഴെക്കിടക്കും. ക്യാൻസർ വരും, ന്യുമോണിയ പിടിക്കും, ചാകും. ഉദയഭാനു ക്ഷമിക്കണം. ഈ ഉപദേശം ബൂർഷ്വാ ഫിലോസഫിയിൽ നിന്നു് ജനിച്ചതാണു്. കളർ ടെലിവിഷൻ കാണുകയും, കാറിൽ സഞ്ചരിക്കുകയും, ടെലിഫോണിൽ കൂടി ആശയവിനിമയം നടത്തുകയും, ഫ്രിഡ്ജിൽ നിന്നു് തണുത്ത വെള്ളം കുടിക്കുകയും, പരവതാനി വിരിച്ച തറയിൽക്കൂടി ചെരിപ്പിട്ടു നടക്കുകയും, ഒന്നാന്തരം വസ്ത്രങ്ങൾ അണിയുകയും ചെയ്തുകൊണ്ടു് നടത്തുന്ന ആർജ്ജവമില്ലാത്ത ഉപദേശങ്ങൾ. ഉടുക്കാൻ നല്ല മുണ്ടില്ലേ? താമസിക്കാൻ നല്ല വീടില്ലേ? കഴിക്കാൻ നല്ല ഭക്ഷണമില്ലേ? ഇല്ലെങ്കിൽ നിങ്ങളുടെ ഡിഗ്നിറ്റി തകരും. അതു തകർന്നാൽ ജീവിച്ചിരിക്കുന്നതിൽ അർത്ഥമില്ല. ഗാന്ധിജിക്കു പോലും ഒരു തരത്തിലുള്ള വൈരുദ്ധ്യത്തിൽ നിന്നു് രക്ഷ നേടാൻ കഴിഞ്ഞില്ല. അദ്ദേഹം യാന്ത്രികസംസ്കാരത്തെ നിന്ദിച്ചുകൊണ്ടു പോക്കറ്റ് വാച്ചുകൊണ്ടു നടന്നു; തീവണ്ടിയിൽ സഞ്ചരിച്ചു. അഹിംസ പ്രസംഗിച്ചിട്ടു് തോൽച്ചെരിപ്പു ധരിച്ചു.
കാറ്റു വന്നു തങ്ങളെ ചലിപ്പിക്കുമെന്നു ഇലകൾ പേടിക്കുന്നു. ഇലകൾ കൊഴിഞ്ഞു വീണു താൻ തടിയായി മാറുമെന്നു് മരം ഭയപ്പെടുന്നു. ഒറ്റത്തടിയായി നിൽക്കുന്ന മരത്തിൽ ആഘാതമേല്പിക്കാൻ തന്നെ ഉപയോഗിച്ചേക്കുമെന്നു കോടാലി പേടിക്കുന്നു. കോടാലികൊണ്ടു മരം മുറിച്ചിട്ടാൽ തന്നെക്കുറിച്ച് കവികൾ കവിത എഴുതിക്കളയുമെന്നു് മരംവെട്ടുകാരൻ പേടിക്കുന്നു. എങ്ങും എന്തിനും ഭയം. അത്യുക്തി വന്നു് തന്നെ ഗ്രസിക്കുമെന്നു് വാക്കു പേടിക്കുന്നു. പേടിയിൽ തെറ്റില്ല. “ഡോക്ടർ എസ്. കെ. നായർ എന്ന അത്ഭുതം” എന്നു ജനയുഗം വാരികയിൽ മേലാറ്റൂർ രാധാകൃഷ്ണൻ എഴുതിയ ഒരു ലേഖനത്തിന്റെ തലക്കെട്ടു്. വാക്കിനുണ്ടായ ഭയത്തിൽ എന്തെങ്കിലും തെറ്റുണ്ടോ? ഇല്ലേയില്ല. ഡോക്ടർ എസ്. കെ. നായർ നല്ല അദ്ധ്യാപകനായിരുന്നു. അദ്ധ്യാപകനു വേണ്ട പാണ്ഡിത്യം അദ്ദേഹത്തിനുണ്ടായിരുന്നു. വായിക്കാൻ കൊള്ളാവുന്ന ചില പുസ്തകങ്ങൾ അദ്ദേഹം എഴുതി. ചിലതെല്ലാം വെറും ചവറുകളായിരുന്നു. വലിയ കുഴപ്പമൊന്നുമില്ലാത്ത ഭേദപ്പെട്ട വ്യക്തി. ഇത്രമാത്രമേ സത്യമായുള്ളു. പക്ഷേ, ലേഖകൻ അദ്ദേഹത്തെ “അത്ഭുത”മായി കാണുമ്പോൾ സത്യത്തിന്റെ മാർഗ്ഗത്തിൽ നിന്നു വ്യതിചലിക്കുകയാണു്. ടോയിൻബി, റസ്സൽ, സാർത്ര് ഇവരെല്ലാമാണു് ഈ ശതാബ്ദത്തിലെ വലിയ ചിന്തകർ. അവരെപ്പോലും “അത്ഭുത”മായി ആരും വിശേഷിപ്പിക്കാറില്ല. അത്യുക്തി സമനിലയുള്ള മനസ്സിന്റെ ലക്ഷണമല്ല. അതു പരിപാകമില്ലാത്ത മനസ്സിന്റെ സന്തതിയാണു്. ഈ പരിപാകമില്ലായ്മ ചിലപ്പോൾ ഈ ലേഖകനും കാണിച്ചിട്ടുണ്ടു്. എങ്കിലും പ്രായം കൂടിയ കുടിയനു് ചെറുപ്പക്കാരോടു കുടിക്കരുതു് എന്നു് ഉപദേശിക്കാമല്ലോ. Great, genius എന്ന പദങ്ങൾ സായ്പന്മാർ വിരളമായേ ഉപയോഗിക്കു. കേരളീയർ അങ്ങനെയല്ല. നല്ല അഭിനേതാവായ സത്യൻ മരിച്ചപ്പോൾ അദ്ദേഹത്തെ യുഗപ്രഭാവൻ എന്നു പലരും വിളിച്ചു. അടുത്തകാലത്തു് സെബാസ്റ്റ്യൻ കുഞ്ഞുഞ്ഞുഭാഗവതരെ യും അങ്ങനെതന്നെ ഒരെഴുത്തുകാരൻ വിശേഷിപ്പിച്ചിരുന്നു.
അത്യുക്തി മനുഷ്യന്റെ പ്രാഥമികാവശ്യമാണെന്നു് മനഃശസ്ത്രജ്ഞന്മാർ യുക്തിയോടെ ചൂണ്ടിക്കാണിച്ചിട്ടുണ്ടു്. സുരക്ഷിതത്വത്തിനു്, ആത്മസംതൃപ്തിക്കു, അഭിനന്ദനത്തിനു അതു കൂടിയേതീരൂ എന്നാണു് അവരുടെ മതം.
എന്റെ വീട്ടിനടുത്തുള്ള ‘പ്രസ്സി’ൽ നിന്നു ഉയരുന്ന ശബ്ദം ഏകാഗ്രതയെ നശിപ്പിക്കുന്നു. പക്ഷേ, കെ. സുരേന്ദ്രൻ ഭൂതകാല സംഭവങ്ങൾ എടുത്തു നിരത്തുമ്പോൾ ആ ഏകാഗ്രതയ്ക്കു ഏൽക്കുന്ന ആഘാതം നിസ്സാരമായിത്തീരുന്നു. ഇത്തവണത്തെ “ജീവിതവും ഞാനും” എന്നതിൽ ചങ്ങമ്പുഴ യുടെ ഒരു ചിത്രമുണ്ടു്. കണ്ടാലും:
രണ്ടാം ദിവസത്തെ ചങ്ങമ്പുഴയുടെ അദ്ധ്യക്ഷപ്രസംഗം പച്ചകെടാത്ത ഒരു ചിത്രമാണു്—അലംകൃതമായ ഒരു ചിത്രം എന്നു കൂടി പറയാം. നീണ്ടുമെലിഞ്ഞു ഇരുനിറത്തിലുള്ള ഒരാളാണു ചങ്ങമ്പുഴ. ആളിനെ അറിഞ്ഞതിനുശേഷം ലക്ഷണ വ്യാഖ്യാനം നടത്തുന്നതിൽ അർത്ഥമില്ല. എന്നാലും പറയുകയാണു്. വീതിയുള്ള നെറ്റിയും കണ്ണിനു വരമ്പിടുന്ന വീർത്തമേൽപ്പോളകളും ഭാവനാത്മകമായ മാനസിക ജീവിതത്തെ ദ്യോതിപ്പിക്കുന്നു. വിടർന്ന ചുണ്ടുകൾ ഉച്ഛൃംഖലമായ വികാരത്തള്ളിച്ചയേയും കാണിക്കുന്നു. ദുർമ്മുഖനല്ലെങ്കിലും സുമുഖനല്ല. പക്ഷേ, സൗമുഖ്യം കൂട്ടാൻ ചെയ്യാവുന്നതിനപ്പുറവും ചെയ്തിട്ടുണ്ടു്. നേർത്ത മസ്ലിൻ ജുബ്ബാ. കഴുത്തിൽച്ചുറ്റിമുന്നോട്ടും പിറകോട്ടുമായി ഇട്ടിരിക്കുന്ന ഗംഭീരൻ കസവുനേര്യതു്; കസവു വച്ച മുണ്ടു്; സ്വർണ്ണക്കണ്ണട, പത്തു വിരലുകളിലുമില്ലങ്കിലും അങ്ങനെ തോന്നത്തക്കവണ്ണം മോതിരങ്ങൾ. ഇങ്ങനെയാണു അദ്ധ്യക്ഷനായ ചങ്ങമ്പുഴ പ്രത്യക്ഷപ്പെട്ടതു്—സംഗീതപട താളമേള ബഹുലമായ ഒരു ചങ്ങമ്പുഴക്കവിതപോലെ (കലാകൗമുദി).
സത്യാത്മകമായ ചിത്രമാണിതു്. ‘സുമുഖനല്ല’ എന്ന പ്രസ്താവത്തോടു കൂടി മാത്രമേ എനിക്കു യോജിക്കാൻ കഴിയാതെയുള്ളു. ചങ്ങമ്പുഴ സുന്ദരനായിരുന്നു. കവിതയുടെ സൗന്ദര്യവും കവിയുടെ സൗന്ദര്യവും കണ്ടു തരുണികൾ ചങ്ങമ്പുഴയെ അന്വേഷിച്ചു വന്നിരുന്നു. ഒരിക്കൽ കവിത തിരുത്താനെത്തിയ ഒരു ചെറുപ്പക്കാരിയെ ഞാൻ ഓർമ്മിക്കുന്നു. ചങ്ങമ്പുഴ എന്തോ സംശയം ചോദിച്ചപ്പോൾ അവൾ അദ്ദേഹത്തിന്റെ അടുത്തു ചേർന്നു നിന്നു നെയിൽ പോളീഷ് ഇട്ട വിരലുകൾ വെള്ളക്കടലാസ്സിൽ ഊന്നി. ആ കടലാസ്സിൽ റോസാപ്പൂക്കൾ വീണു. അവളുടെ കവിളിലും പനിനീർപ്പൂക്കൾ വിരിഞ്ഞു. വാക്കുകളുടെ സിതോപലങ്ങളിൽ ഇനിയും ചിത്രങ്ങൾ പ്രതിഫലിപ്പിക്കട്ടെ സുരേന്ദ്രൻ.
ചലനവും അന്തസ്സും ബന്ധപ്പെട്ടതാണു്. സ്ത്രീകൾ പതുക്കെ മാത്രമേ നടക്കാവൂ. ഓടിയാൽ അവരുടെ ഡിഗ്നിറ്റി ഇല്ലാതാകും. കാളവണ്ടിക്കു മന്ദഗതിയേ പാടുള്ളൂ. നാലുകാലും ഇളക്കി ഓടുന്ന കാളകൾക്കു് അന്തസ്സില്ല. നൂറു മീറ്റർ ഓടുന്നവന്റെ ഡിഗ്നിറ്റി ഇരിക്കുന്നതു് വേഗത്തിലാണ്.
പണ്ടു പഠിച്ച കെമിസ്ട്രി ഓർമ്മയിലെത്തുമോ എന്തോ? ഒരു രാസവസ്തു ഒന്നോ രണ്ടോ രൂപങ്ങളിൽ പ്രത്യക്ഷപ്പെട്ടാൽ ആ രൂപങ്ങളെ അലോട്രോപ്പ് എന്നു വിളിക്കുന്നു. കാർബൺന്റെ അലോട്രോപ്പുകളാണു ഡയമണ്ടും ഗ്രാഫൈറ്റും. ജോസഫ് കടമ്പനാടു് മംഗളം വാരികയിലെഴുതിയ “ഒറ്റപ്പെട്ടവർ” എന്ന കഥ ‘പൈങ്കിളിക്കഥ’ എന്ന കെമിക്കൽ എലിമെന്റിന്റെ അലോട്രോപ്പുകളാണു്. കൂട്ടുകാരി അവളുടെ വിവാഹത്തിനു തന്നെ ക്ഷണിച്ചില്ലെന്നു് ഒരുത്തി പരാതിപ്പെടുന്നു. വല്ലവരും തള്ളിയിട്ടാലേ പരാതിയുള്ളു; തനിയേ വീണാൽ എഴുന്നേറ്റു നാലുപാടും നോക്കിയിട്ടു് ചെറുചിരിയോടെ അങ്ങു പോകും. ജോസഫ് കടമ്പനാടു് എന്ന കഥാകാരൻ സാഹിത്യത്തിന്റെ അങ്കണത്തിൽ കാലുതെറ്റി വീഴുന്നു. എഴുന്നേറ്റു പോകുന്നു. അദ്ദേഹം ചിരിക്കുന്നു. കാഴ്ചക്കാരായ ഞങ്ങളും ചിരിക്കുന്നു.
പുതുതായി ഓഫീസിലെത്തിയ ലേഡിക്ലാർക്ക് അതി സുന്ദരി. അവൾ ജോലിയെ സംബന്ധിച്ച ഫോം പൂരിപ്പിച്ചപ്പോൾ ‘സെക്സ്’ എന്നതിനെതിരെ “ഒൺസ് എ വീക്ക്” എന്നാണെഴുതിയതു്. കാരണം അന്വേഷിച്ചപ്പോൾ അവൾ ഓഫീസറോടു പറഞ്ഞതു് “മിസ്റ്ററിനു കുറച്ചകലെയാണു് ജോലി. ആഴ്ചയിൽ ഒരിക്കലേ വരാറുള്ളു” എന്നാണു്. കലാകൗമുദിയിൽ എം. എൻ. മേനോൻ എഴുതിയ “ഒൺസ് എ വീക്ക്” എന്ന കഥയുടെ സാരമിതത്രേ. കോളേജിൽ ചേരാൻ കുട്ടികൾ ആപ്ലിക്കേഷൻ പൂരിപ്പിക്കുമ്പോൾ അതിലൊരു കോളമുണ്ടു പോലും “ഫാദർ ഇഫ് എനി” എന്നു. ഇത്തരം നേരമ്പോക്കുകളെ കഥകളാക്കുന്നതുകൊണ്ടു് നമ്മൾ ഒന്നും നേടുന്നില്ല. പിന്നെ ഒരു നേരമ്പോക്കു് എന്ന മട്ടിലാണെങ്കിലോ? എം. എൻ. മേനോനെ കുറ്റം പറയാനും വയ്യ.
ചലനവും അന്തസ്സും ബന്ധപ്പെട്ടതാണു്. സ്ത്രീകൾ പതുക്കെ മാത്രമേ നടക്കാവൂ. ഓടിയാൽ അവരുടെ ഡിഗ്നിറ്റി ഇല്ലാതാകും. കാളവണ്ടിക്കു മന്ദഗതിയേ പാടുള്ളൂ. നാലുകാലും ഇളക്കി ഓടുന്ന കാളകൾക്കു് അന്തസ്സില്ല. നൂറു മീറ്റർ ഓടുന്നവന്റെ ഡിഗ്നിറ്റി ഇരിക്കുന്നതു് വേഗത്തിലാണു്. അതു് ചലച്ചിത്രത്തിൽ ‘സ്ലോ മോഷനാ’ക്കിക്കാണിക്കുമ്പോൾ നമുക്കൊരു വല്ലായ്മ. വിലാപ കാവ്യങ്ങൾക്കു വിയോഗിനി വൃത്തം തന്നെ വേണം. ശാർദ്ദൂലവിക്രീഡിതം പാടില്ല. അപ്പോൾ കുമാരനാശാന്റെ പ്രരോദന മോ? അതിനു ഉത്തരം പണ്ടു വള്ളത്തോൾ നൽകി: “ആശാൻ മഹാകവി. അദ്ദേഹത്തിനു് അതാകാം.”