സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1985-04-07-ൽ പ്രസിദ്ധീകരിച്ചതു്)

“അവനു് ആഹ്ലാദമില്ലായിരുന്നു. ഏകാകിയായവൻ ആഹ്ലാദിക്കുന്നതേയില്ല. അവൻ ഇണയെ കിട്ടാൻ ആഗ്രഹിച്ചു. അന്യോന്യം ആശ്ലേഷിക്കുന്ന പുരുഷനും സ്ത്രീയുമായി അവൻ മാറി. ഈ ശരീരം രണ്ടായി അവൻ വിഭജിച്ചു. അതിൽ നിന്നു ഭർത്താവും ഭാര്യയും ഉണ്ടായി. അതുകൊണ്ടു യാജ്ഞവൽക്യൻ പറഞ്ഞു ഈ ശരീരം ഒരാളിന്റെ തന്നെ പകുതിയാണു്; പിളർന്ന പയറിന്റെ രണ്ടു ഭാഗങ്ങളിൽ ഒന്നു് എന്ന പോലെ. അതിനാൽ ഈ ശൂന്യസ്ഥലം ഭാര്യയാൽ നിറയ്ക്കപ്പെട്ടിരിക്കുന്നു. അവൻ അവളോടുകൂടി ചേർന്നു. അതിൽ നിന്നു് മനുഷ്യരുണ്ടായി” (ബൃഹദാരണ്യകോപനിഷത്തു് 1-4-3. സ വ നൈവ രേമേ… എന്നു തുടങ്ങുന്ന ഭാഗം).
images/GeorgesBataille.jpg
ബതായീ

സൃഷ്ടിയോടു ബന്ധപ്പെട്ട ശക്തിക്കു ദൈവികത്വമുണ്ടെന്നു ഋഷിമാർപോലും വിശ്വസിച്ചിരുന്നു എന്നതിനു് ഈ ഭാഗം തെളിവു നൽകുന്നു. അതുകൊണ്ടു് സെക്സ് എന്ന വാക്കുകേട്ടാൽ ചുവപ്പു കണ്ട നാടൻ കാളയെപ്പോലെ ആരും വിരണ്ടു് ഓടേണ്ടതില്ല. “ഈ കൈയാണു ശത്രുക്കളെ കൊന്നതു്: ബ്രാഹ്മണർക്കു് ആയിരക്കണക്കിനു പശുക്കളെ നൽകിയതു്; വീരന്മാരെ നിഗ്രഹിച്ചതു്; സുന്ദരികളുടെ നീവീബന്ധമഴിച്ചതു്. അവരുടെ ചീർത്ത മുലകൾ ഞെരിച്ചതും നാഭീദേശവും തുടകളും ഗുഹ്യഭാഗവും തലോടിയതും ഈ കൈ തന്നെ. ഈ കൈയാണു് അവരുടെ ഉടുതുണിമാറ്റിയതു്” എന്നു വിലപിച്ചു മഹാഭാരതത്തിലെ ഒരു നായിക. ഭർത്താവിന്റെ തകർന്ന കൈ കണ്ടാണു് അവളുടെ ഈ വിലാപം. ഋഷിമാർക്കു് ഇതൊക്കെ ആകാമെങ്കിൽ നമ്മുടെ സാഹിത്യകാരന്മാർക്കും സെക്സിന്റെ വർണ്ണനയാകാം. പക്ഷേ, അതു വിലക്ഷണങ്ങളായ ശാരീരിക ബന്ധങ്ങളിലേക്കു് വരരുതെന്നേയുള്ളു. അതു സംഭവിച്ചാൽ വായനക്കാരനു് ക്ഷോഭമുണ്ടാകും. രക്തം കൂടുതൽ പ്രവഹിക്കും തലച്ചോറിലേക്കു്. ആ ക്ഷോഭം മാനസികമായ ഇളക്കമുണ്ടാക്കും. ഒരു വ്യക്തിക്കും അസ്വസ്ഥതയുളവാക്കാൻ മറ്റൊരു വ്യക്തിക്കു് അധികാരമില്ല. പിന്നെ സെക്സിന്റെ തേജസ്സു് പ്രകാശിപ്പിക്കാം. ഖസാക്കിന്റെ ഇതിഹാസ ത്തിൽ ആ തേജസ്സേയുള്ളു. ഹെൻറിമില്ലറു ടെ നോവലുകളിൽ വൾഗർ സെക്സാണുള്ളതു്. ഫ്രാൻസിൽ പ്രഖ്യാതമായ ഒരശ്ലീല രചനയാണു് The Story O. കാമുകനെ രസിപ്പിക്കാനായി ഒരു സ്ത്രീ എഴുതിയ ഈ ഗ്രന്ഥത്തിൽ എഴുതിയവരുടെ ലൈംഗികങ്ങളായ ഫാന്റസികളാണു് അധികം. തന്റെ വൈരസ്യം അസഹനീയമായപ്പോൾ അതിൽ നിന്നു രക്ഷനേടാനായി ഈ ഗ്രന്ഥമെഴുതിയെന്നു് അവർ പറഞ്ഞിട്ടുണ്ടു്. ഞാൻ ഇതെന്നല്ല ഏതു തരത്തിലുള്ള ഗ്രന്ഥവും വായിക്കാറുണ്ടു്. വായിച്ചാൽ മനുഷ്യത്വത്തിന്റെ ഒരു സ്പന്ദമെങ്കിലും എവിടെയെങ്കിലും കാണാതിരിക്കില്ല. The Story O എന്ന നോവലിൽ അതുണ്ടു്. ബതായീ എഴുതിയ Story of The Eye എന്ന അശ്ലീല നോവലിൽ അതു കൂടുതലായി കാണാം. ഈ സ്പന്ദം ഒട്ടുമില്ലാത്തതു് മനോരമ ആഴ്ചപ്പതിപ്പിൽ വരുന്ന കഥകളിലാണു്. മനോരമ ആഴ്ചപ്പതിപ്പു് എന്നു് എടുത്തു പറഞ്ഞെങ്കിലും അതിനെ മാത്രം ലക്ഷ്യമാക്കിയല്ല ഞാനിങ്ങനെ എഴുതുന്നതു്. മ എന്ന അക്ഷരത്തിൽ തുടങ്ങുന്ന ഏതു വാരികയിലെ കഥയിലും ഈ ന്യൂനത ദർശിക്കാം. 6-ാം ലക്കം മനോരമ ആഴ്ച്ചപ്പതിപ്പിൽ തങ്കച്ചൻ ആമ്പല്ലൂർ എഴുതിയ “മൃതിയുടെ കാലൊച്ച കേട്ടു് ” എന്ന കഥാദുർമുഖിയെ കണ്ടപ്പോഴുണ്ടായ ജൂഗുപ്സ മനസ്സിന്റെ ഉപരിതലത്തിൽ നിന്നപ്പോൾ അതു് അച്ചടിച്ചുവന്ന വാരികയുടെ പേരു് തൂലികത്തുമ്പിലൂടെ കടലാസ്സിൽ വീണുവെന്നേയുള്ളു. ഒരു പൈങ്കിളികഥയാണിതു്. പക്ഷേ, വാക്കുകളുടെ ബഹളത്തിൽ, ക്ലീഷേയുടെ അതിപ്രസരത്തിൽ അതിന്റെ പൈങ്കിളിസ്സ്വഭാവം പോലും വ്യക്തമാക്കുന്നില്ല. നിശ്ചേതനമായ, ദാരുമയമായ ഒരു രചന.

images/TheGiantBookofSuperstitions.jpg

‘ചുവപ്പു കണ്ട നാടൻ കാളയെപ്പോലെ’ എന്നു മുകളിൽ എഴുതിയെങ്കിലും ചുവന്ന തുണി കണ്ടാൽ കാള വിരണ്ടോടുകയില്ല. ഓടും എന്നതു അന്ധവിശ്വാസമാണു്. ചുവന്ന തുണി കാണിച്ചാൽ കാള ഇടിക്കാൻ വരുന്നതു പോലെ വെള്ളത്തുണി കാണിച്ചാലും അതു് ഇടിക്കാൻ വരും (Claudia de Lys എഴുതിയ The Giant Book of Superstitions എന്ന പുസ്തകത്തിൽ നിന്നാണു് ഈ അറിവു് എനിക്കു കിട്ടിയതു്).

ഉദ്ദേശ്യ ശുദ്ധിയാൽ…

ഖൊമൈനി യുടെ നാട്ടിൽ ആളുകളെ വെടിവച്ചു കൊല്ലുന്നതിന്റെയും തൂക്കിക്കൊല്ലുന്നതിന്റെയും പടങ്ങൾ ‘റ്റൈം’, ‘ന്യൂസ് വീക്ക്’ ഈ വാരികകളിൽ വന്നിട്ടുണ്ടു്. കബന്ധങ്ങളുടെ ചിത്രങ്ങളും കാണാം. അവയൊക്കെ നോക്കേണ്ടതായി വരുമ്പോൾ ഞാൻ പുറങ്ങൾ വേഗം മറിക്കാറാണു പതിവു്. എന്തോ അസ്വസ്ഥത. വധശിക്ഷ ശരിയാണെന്നു ഫ്രഞ്ചെഴുത്തുകാരൻ കമ്യു വിന്റെ അച്ഛൻ കരുതിയിരുന്നു. ഒരു ദിവസം ഒരു കുറ്റക്കാരന്റെ തലവെട്ടുന്ന രംഗം അദ്ദേഹം കണ്ടു. ഉടനെ ഛർദ്ദിക്കുകയും ചെയ്തു. സംസ്കാരത്തിന്റെയും പരിഷ്കാരത്തിന്റെയും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കേണ്ട വാരികകൾ വധത്തിന്റെയും മൃതദേഹങ്ങളുടെയും ചിത്രങ്ങൾ പരസ്യപ്പെടുത്തിക്കൂടാ. 12-ാം ലക്കം മംഗളം വാരികയിൽ ഒരു കൊച്ചു കുഞ്ഞിന്റെ അറ്റുപോയ തല ചേർത്തുവച്ച പടവും തലയില്ലാത്ത പടവും ഉണ്ടു്. അവ കണ്ടു് എനിക്കു എന്തെന്നില്ലാത്ത അസ്വസ്ഥത ജനിച്ചു. ലോകത്തു എന്തെല്ലാം ക്രൂരകൃത്യങ്ങൾ നടക്കുന്നു! അവയുടെയെല്ലാം പടങ്ങൾ പരസ്യപ്പെടുത്തുന്നതു വലിയ ദ്രോഹകൃത്യമാണു്. രോഗാർത്തമായ മനസ്സുള്ളവരെ ഇത്തരം ചിത്രങ്ങളും അവയോടു ബന്ധപ്പെട്ട വർണ്ണനകളും ആകർഷിക്കുമെന്നു് എനിക്കറിയാം. അരോഗമായ മനസ്സുള്ളവരെ ഇതു് ഛർദ്ദിപ്പിക്കുകയും ചെയ്യും. ഈ സമുദായദ്രോഹത്തിൽ നിന്നു വാരികകൾ അകന്നു നിൽക്കണമെന്നാണു് എന്റെ അഭിലാഷം.

images/SaintJoanplay.jpg

ബർനാഡ് ഷാ യുടെ ‘മനുഫാക്ച്ചേഡ് ട്രാജഡി’യായ Saint Joan-ൽ ജോൺ ഒഫ് ആർക്കിനെ അഗ്നിയിൽ എരിച്ചു കൊല്ലാൻ വാദിക്കുന്നവരിൽ പ്രധാനൻ ഒരു പുരോഹിതനാണു്. (Chaplain de stogumber) Light your fire… My voices were right എന്നു പറഞ്ഞ ജോണിനെ അവർ കുറ്റിയിൽ കെട്ടി എരിച്ചു. അതു കണ്ട ആ പുരോഹിതൻ പശ്ചാത്താപവിവശനായി ഹിസ്സ്റ്റീരിയ പിടിച്ചവനെപ്പോലെ ഓടിവരുന്ന ഒരു രംഗമുണ്ടു് നാടകത്തിൽ. വധവും മൃതദേഹവും ഒരുമാതിരിയുള്ളവരെയെല്ലാം ഞെട്ടിക്കും. വധത്തിനു പ്രേരണ നൽകിയവനെപ്പോലും ഞെട്ടിക്കുമെന്നു് ഷാ പരോക്ഷമായി അഭിപ്രായപ്പെടുന്നു.

പട്ടത്തുവിള
വായനക്കാർക്കു് ചിരപരിചിതങ്ങളായ വിഷയങ്ങൾ—വസ്തുക്കൾ—ഇവ ചെറുകഥയിൽ വർണ്ണിക്കണമെന്നില്ല. മേശപ്പുറത്തു് പുസ്തകം കിടക്കുന്നു എന്നു പറഞ്ഞാൽ മതി. തേക്കിൻ തടി കാട്ടിൽ നിന്നു വെട്ടിക്കൊണ്ടു വന്നു അറുത്തെടുത്തു പലകകളാക്കിയതിനുശേഷം ആശാരിയെ വിളിച്ചു. അയാൾ ഉളി തേച്ചു മിനുസപ്പെടുത്തി എന്നിട്ടു് പലക ചവിട്ടിപ്പിടിച്ചു കൊണ്ടു ഉളി അതിലമർത്തി… ഇമ്മട്ടിൽ മേശ നിർമ്മിച്ചതു മുഴുവൻ പറയണമെന്നില്ല. എന്നാൽ മേ… പ്പു… പു… കി… എന്നു് അക്ഷരങ്ങൾ എഴുതിയാലും മതിയാവുകയില്ല. ഒരു സ്ത്രീക്കു മറ്റൊരു സ്ത്രീയോടു തോന്നിയ ‘ജലസി’യാണു് കഥയുടെ വിഷയമെങ്കിൽ ‘ജലസി’ എന്ന വികാരം വായനക്കാരുടെ അനുഭവമായിത്തീരത്തക്ക വിധത്തിൽ ഉചിതങ്ങളായ പദങ്ങൾ കൊണ്ടു് ഉചിതമായ രീതിയിൽ ആവിഷ്കാരം നിർവ്വഹിക്കണം. ഇല്ലെങ്കിൽ അതൊരു വ്യർത്ഥരചനയായി ഭവിക്കും. പട്ടത്തുവിള കരുണാകരൻ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതിയ “മറ്റേ സെക്സ്” എന്ന ചെറുകഥയുടെ ന്യൂനത ഇതു തന്നെയാണു്. ഒരു പുരുഷനും സ്ത്രീയും എവിടെയോ പോകാൻ വെയിറ്റിങ് ഹാളിൽ വന്നിരിക്കുന്നു. സ്ത്രീ ബാത്റൂമിൽ പോയ സമയത്തു് അയാൾക്കു് പരിചയമുള്ള വേറൊരു സ്ത്രീയുമായി എന്തോ ചിലതു സംസാരിക്കുന്നു. ബാത്രൂമിൽ നിന്നു് മടങ്ങിയെത്തിയ സ്ത്രീക്കു് അസൂയ. ഇത്രയും കാര്യങ്ങൾ പറയാൻ ഒരുതരം ‘ഷോർട്ട് ഹാൻഡ്’ ഭാഷയാണു് കഥാകാരൻ ഉപയോഗിക്കുന്നതു്. അതിനാൽ ഭാവം ആവിഷ്ക്കരിക്കപ്പെടുന്നില്ല. അന്യോന്യബന്ധമില്ലാത്ത കുറേ വാക്യങ്ങളുടെ സമാഹാരമായി കഥ ആഴ്ചപ്പതിപ്പിന്റെ താളുകളിൽ കിടക്കുന്നു. സാമാന്യം വണ്ണമുള്ള ഒരു മരത്തിന്റെ ചുവട്ടിൽ നിന്നു് ക്രമേണ മുകളിലേക്കു് കണ്ണയക്കൂ. തടി കനം കുറഞ്ഞു കുറഞ്ഞു വരുന്നു. കൊമ്പുകളിലേക്കു് ചെല്ലുമ്പോൾ പിന്നെയും കനം കുറഞ്ഞു. ചില്ലയിലേക്കു ചെന്നാൽ നമ്മുടെ ചെറുവിരലിന്റെ കനമേ ഉള്ളൂ. ഇലയിലേക്കു പോയാലോ? അതിന്റെ നടുവിലത്തെ ഞരമ്പിൽകൂടി സഞ്ചരിച്ചു് അറ്റത്തു ചെന്നാലോ? ഒരു ബിന്ദുവിൽ നിൽക്കുന്ന പ്രതീതി. ഈ പ്രതീതിയാണു് കരുണാകരന്റെ കഥ വായിച്ചപ്പോൾ എനിക്കുണ്ടായതു്. ഓരോ അടി കയറുമ്പോഴും വിശാലതയുടെ ഒരനുഭൂതി ജനിപ്പിക്കും, കലാസൃഷ്ടി. നല്ല മിനിക്കഥകൾ പോലും ഈ അനുഭവങ്ങൾ ജനിപ്പിക്കും. ഇന്നത്തെ നിലയിൽ പട്ടത്തുവിള കരുണാകരന്റെ ഈ ചെറുകഥ വ്യർത്ഥ രചനയാണു്.

പദ്യവും ഗദ്യവും എഴുതുന്ന സച്ചിദാനന്ദൻ ഇംഗ്ലീഷ് അധ്യാപകനാണു്. വടക്കു് ഏതോ കോളേജിൽ. അതുകൊണ്ടു് ഇംഗ്ലീഷിൽ ചോദ്യവും ഇംഗ്ലീഷിൽ മറുപടിയും.

ചോദ്യം, ഉത്തരം

ചോദ്യം: Mr. Krishnan Nair, did you get through Sachidanandan’s article in the Mathrubhoomi Weekly? (No. 1)

ഉത്തരം: I don’t think I can. His Malayalam language is not an instrument of clear expression. It is only a ghost—like system. Awful, sir, awful.

ചോദ്യം: You start an offensive against a well-known Poet and Prosaist.

ഉത്തരം: It is inaccurate to say so. I am in favour of clarity and decency. Sachidanandan is only a verbal juggler. He is neither a Poet nor a Prosaist.

അതാ ചിത്രശലഭം പോലെ പറക്കുന്നതെന്താണു്? കുട്ടികൃഷ്ണമാരാരു ടെ ഗദ്യം. ‘പാന്ഥപാദം ബാധിച്ച്’ നടപ്പാതയിൽ കിടക്കുന്നതെന്താണു്? സച്ചിദാനന്ദന്റെ ഗദ്യമെന്ന പാറക്കഷണം.

ടോർച്ചർ

ഈ ജീവിതത്തിലെ സുഖങ്ങളാകെ കൊച്ചുകൊച്ചു കാര്യങ്ങളിലാണു് അടങ്ങിയിരിക്കുന്നതു്. എന്നെ ആഹ്ലാദിപ്പിച്ചതും ഞാനൊരിക്കലും മറക്കാത്തതുമായ ചില സംഭവങ്ങൾ പറയാം. ഞാൻ വൈക്കം ഇംഗ്ലീഷ് ഹൈസ്കൂളിൽ പഠിക്കുന്ന കാലത്തു് സന്ധ്യാവേളയിൽ സ്കൂളിന്റെ നേരേ മുൻപിലുള്ള ഇടവഴിയിലൂടെ നടന്നപ്പോൾ, ഒരു കൊച്ചുപെൺകുട്ടി ഈ തിരിയൊന്നു് കൽവിളക്കിൽ വച്ചു തരാമോ എന്നു് ചോദിച്ചു. ഞാനതു് സന്തോഷത്തോടെ വാങ്ങി ഭവനത്തിന്റെ മതിലിലുള്ള കൽവിളക്കിൽ വച്ചു കൊടുത്തു.

യൂണിവേഴ്സിറ്റി കോളേജിൽ അധ്യാപകനായിരുന്ന കാലത്തു് ഒറ്റയ്ക്കു് മലയാളം ഡിപ്പാർട്ട്മെന്റിന്റെ വരാന്തയിലൂടെ ഞാൻ നടന്നു പോകുമ്പോൾ ഒരു സുന്ദരിയായ പെൺകുട്ടി മറ്റാരുമില്ലാത്ത ക്ലാസ്സ് റൂമിൽ നിന്നിറങ്ങി ‘സാർ ഇതാ’ എന്നു പറഞ്ഞ് ഒരു ചോക്ലേറ്റ് എന്റെ നേർക്കു് നീട്ടി. “എവിടെ നിന്നു വരുന്നു?” എന്നു ഞാൻ ചോദിച്ചു.

“ആറ്റിങ്ങൽ നിന്നു്” എന്നു മറുപടി. കാലില്ലാത്തവനു് എന്തിനു് ചെരിപ്പു്? അധ്യാപകൻ അച്ഛനു് തുല്യനാണു്. വിശേഷിച്ചും പ്രായം കൂടിയ ഗുരുനാഥൻ. എങ്കിലും ആ കുട്ടിയുടെ സ്നേഹം എനിക്കു് ആഹ്ലാദം നൽകിയില്ലെന്നു പറഞ്ഞാൽ അതു് ആത്മവഞ്ചനയായിരിക്കും.

വെട്ടൂർ രാമൻ നായർ ക്ഷണിച്ചതനുസരിച്ചു് പാലയിൽ സഹൃദയരഞ്ജിനി വായനശാലയുടെ വാർഷികസമ്മേളനത്തിനു് പോകാൻ കാലത്തു് നാലുമണിക്കു് എഴുന്നേറ്റു. കാറിന്റെ ഹോൺ കേട്ടു് മുറ്റത്തേക്കു് ചെന്നപ്പോൾ തെല്ലകലെയുള്ള തെങ്ങിന്റെ ഓലയുടെ തുമ്പത്തു് ഒരു നക്ഷത്രം തൂങ്ങി നിൽക്കുന്നു. മറ്റൊരു ആഹ്ലാദാനുഭൂതി.

ഇതുപോലെ വേദനിപ്പിക്കുന്ന നിമിഷങ്ങളും ഉണ്ടായിട്ടുണ്ടു്. അതൊക്കെ എഴുതി വായനക്കാരെ വിഷമിപ്പിക്കാൻ താല്പര്യമില്ല എനിക്കു്. രണ്ടു സന്ദർഭങ്ങൾ പറയാം. ഒന്നു്: ജനയുഗം വാരികയിൽ പെണ്ണുക്കര ശർമ്മ എഴുതിയ ‘ബോധോദയം’ എന്ന ചെറുകഥ വായിച്ചപ്പോൾ. രണ്ടു്: കുങ്കുമം വാരികയിൽ നീല പത്മനാഭൻ എഴുതിയ “രോഗം” എന്ന ചെറുകഥ വായിച്ചപ്പോൾ. രണ്ടും ടോർച്ചറാണു്.

ഔവർബാഹ്
images/ErichAuerbach.jpg
ഔവർ ബാഹ്

ഞാൻ വായിച്ച ഏതെങ്കിലും ഒരു മാസ്റ്റർ പീസിനെക്കുറിച്ചു് അല്ലെങ്കിൽ ഗ്രന്ഥങ്ങളിലൂടെ എനിക്കു പരിചയം ലഭിച്ച ഒരു ചിന്തകനെക്കുറിച്ചു് ഈ പംക്തിയിൽ പതിവായി എഴുതണമെന്നു് വിചാരിക്കുന്നു. ഇന്നു് ഔവർ ബാഹ് (Erich Auerbach, 1892–1957. ഔവർ ബാഹ് എന്നതു് അത്രകണ്ടു് ശരിയായ ഉച്ചാരണമല്ല. എങ്കിലും അത്രയേ പറ്റൂ). Mimesis എന്ന നിരൂപണ ഗ്രന്ഥം കൊണ്ടു് വിശ്വവിഖ്യാതനായിത്തീർന്ന സാഹിത്യ ചിന്തകനാണു് അദ്ദേഹം. ഔവർ ബാഹ് ജർമ്മനിയിൽ ജനിച്ചെങ്കിലും അമേരിക്കയിൽ ചെന്നു് താമസിച്ചു് അവിടത്തെ പൗരനായിത്തീർന്നു. ഹോമർ തൊട്ടു് പ്രൂസ്ത് വരെയുള്ള സാഹിത്യ നായകന്മാരുടെ കൃതികൾ പരിശോധിച്ചു് ഓരോന്നിലും റിയാലിറ്റി എങ്ങനെ ആവിഷ്ക്കരിച്ചിരിക്കുന്നു, ഓരോ സാഹിത്യകാരന്റെയും റിയാലിറ്റിയെക്കുറിച്ചുള്ള സങ്കല്പമെന്താണു് എന്നൊക്കെ വിശദീകരിക്കുന്ന പ്രൗഢമായ ഗ്രന്ഥമാണു് ഇതു്. സാഹിത്യത്തെ സംബന്ധിക്കുന്ന മൂല്യങ്ങൾ ചരിത്രപരങ്ങളായ വസ്തുതകളോടു് ബന്ധപ്പെട്ടിരിക്കുന്നുവെന്നാണു് അദ്ദേഹത്തിന്റെ വാദം. അങ്ങനെ വിചാരിക്കുന്ന ആൾ ശാശ്വത മൂല്യങ്ങളെ അംഗീകരിക്കുന്നില്ലെന്നു് പ്രത്യേകിച്ചു് പറയേണ്ടതില്ല. ഞാൻ Mimesis വായിച്ചിട്ടു് പത്തു കൊല്ലത്തിലധികമായിരിക്കുന്നു. എങ്കിലും ഫ്ലോബറി ന്റെ മാസ്റ്റർ പീസിലെ നായികയായ എമ്മയുടെ വൈരസ്യം വിശദീകരിക്കുന്ന ഭാഗം ഓർമ്മയിൽ നിന്നു് വിട്ടു പോകുന്നില്ല.

സ്തംഭനം
നമ്മളെ ക്ഷോഭിപ്പിക്കുന്നുവെന്നു് നമ്മൾ കരുതുന്ന പല കാര്യങ്ങൾക്കും യഥാർഥത്തിൽ അടിസ്ഥാനമില്ല. അവയിൽ ഒന്നു് സാഹിത്യത്തിലെ സ്തംഭനവാദമാണു്. ഇവിടെ മുൻപു് പറഞ്ഞ ഒരാശയം ആവർത്തിക്കേണ്ടിയിരിക്കുന്നു. പരമാണുവിലെ ഒരു ഇലക്ട്രോണിൽ നിന്നു് അടുത്ത ഇലക്ട്രോണിലേക്ക് ദൂരമുണ്ടു്. ഒരു പർവ്വതം കണ്ടുകഴിഞ്ഞാൽ പിന്നെ നൂറ്റുകണക്കിനു് നാഴിക നടന്നാലേ അടുത്ത പർവ്വതം കാണൂ. ഒരു നക്ഷത്രത്തിൽ നിന്നു് അടുത്ത നക്ഷത്രത്തിലേക്കുള്ള ദൂരം വളരെക്കൂടുതലാണു്. സാഹിത്യത്തിലും ശാസ്ത്രത്തിലും ഇതു തന്നെയാണു് കാണുക. ന്യൂട്ടനു ശേഷം വളരെക്കാലം കഴിഞ്ഞിട്ടേ ഐൻസ്റ്റൈൻ ഉണ്ടായുള്ളൂ. സാഹിത്യത്തിൽ ഒരു പ്രതിഭാശാലി ആവിർഭവിച്ചുകഴിഞ്ഞാൽ അനേകം വർഷങ്ങൾക്ക് ശേഷമേ മറ്റൊരു പ്രതിഭാശാലി പ്രത്യക്ഷനാകൂ. ഇടയ്ക്കുള്ള കാലത്തെ “സ്തംഭനത്തിന്റെ കാലം” എന്നു വിളിക്കുന്നതു് ശരിയല്ല. ഡോക്ടർ എം. എം. ബഷീർ “മലയാളസാഹിത്യത്തിൽ പൊതുവേ ഒരു സ്തംഭനാവസ്ഥ ദൃശ്യമാകുന്നുണ്ടു്” എന്നു ചന്ദ്രിക വാരികയിൽ എഴുതിയിരിക്കുന്നു (സാഹിത്യത്തിൽ സ്തംഭനമോ? എന്ന ലേഖനം). രണ്ടു ഗോളങ്ങൾക്കിടയിൽ, രണ്ടു വസ്തുക്കൾക്കിടയിൽ, രണ്ടു് പ്രതിഭാശാലികൾക്കിടയിൽ ശൂന്യത സൃഷ്ടിക്കുന്നതിൽ പ്രകൃതി തല്പരയാണു്. ആ ശൂന്യതയെ നോക്കി സ്തംഭനം, സ്തംഭനം എന്നു പറയരുതു് നമ്മൾ.
ഒപ്പുകടലാസ്സ്

പൂർണ്ണ ചന്ദ്രനുള്ള രാത്രിയിൽ ഒരു ജലാശയത്തിന്റെ തീരത്തു് നിന്നാൽ ഉണ്ടാകുന്ന അനുഭൂതി അസാധാരണമായിരിക്കും. എന്നാൽ ആ അനുഭൂതി വളരെക്കാലത്തേയ്ക്കു് ഉണ്ടായിരിക്കുകയില്ല. മഹാകവി ശങ്കരക്കുറുപ്പി ന്റെ “ചങ്ങാതികൾ” (പേരു് ശരിയോ എന്തോ) എന്ന കാവ്യം വായിക്കൂ. ചില വരികൾ കുറിക്കാം.

ഈ മണൽവിരിപ്പിന്മേൽ മറിഞ്ഞും മണപ്പിച്ചും

കാമം പോലെന്നോടൊപ്പം കളിക്കുന്നൊരിപ്പൊണ്ണൻ

പാതിരായ്ക്കെങ്ങാൻ കൂർക്കം വലിക്കാനാരംഭിക്കെ

വാർതിങ്കൾ തെങ്ങിൻതോപ്പിലെത്തിച്ചു

നോക്കാൻ വന്നാൽ

ഭാവമപ്പടിമാറും കരയിൽച്ചുരമാന്തി

ഭൂവമ്പേ കുലുങ്ങുമ്പോളമ്പിളി വിളർത്തുപോം.

ഏതാണ്ടു് ഇരുപത്തഞ്ചു കൊല്ലമായിക്കാണും ഞാനിതു് വായിച്ചിട്ടു്. എന്നിട്ടും ഇതെന്റെ മനസ്സിൽ നിന്നു് പോകുന്നില്ല. കാരണം സ്പഷ്ടം. ഭാവന എന്ന ഗുണം മഹാകവിയുടെ കാവ്യത്തിനുണ്ടു്. ഭാവനാത്മകമായ ഏതു വർണ്ണനയും സഹൃദയനെ ഏതു സമയവും ചലനം കൊള്ളിക്കും. ആ രീതിയിൽ എഴുതാൻ കഴിയാത്തവർ തൂലിക തൊടാതിരിക്കുന്നതാണു് നല്ലതു്. സഖി വാരികയിൽ പാമ്പാടി രാമകൃഷ്ണൻ ‘പതനം’ എന്ന പേരിൽ ഒരു കഥ എഴുതിയിരിക്കുന്നു. മക്കളുടെയും മരുമക്കളുടെയും അവഗണന സഹിക്കാൻ വയ്യാതെ ഒരു വൃദ്ധൻ കുളത്തിൽ ചാടി ചത്തുകളഞ്ഞു പോലും. ഭാവനാശൂന്യമായ ഒരു കഥ. ബ്ലോട്ടിങ് പേപ്പർ കൊണ്ടു് മഷി ഒപ്പിയെടുക്കുന്നതു പോലെയുള്ള ഒരു പ്രവർത്തനം. അതു കലയാകുന്നതെങ്ങനെ?

അരുണിമയാർന്ന പാദങ്ങൾ കാണിച്ചു് ഹൈമവതഭൂവിൽ നടന്ന നളിനിയോടൊരുമിച്ചു് ഞാൻ നടന്നിട്ടുണ്ടു്. പ്രിയന്റെ കഥപോലെ കുയിലുകൾ കുഹൂ കുഹൂ നാദം മുഴക്കുന്നതു കേട്ടുകൊണ്ടു് അരണ്യത്തിൽ സഞ്ചരിച്ച ലീലയോടൊപ്പം ഞാൻ സഞ്ചരിച്ചിട്ടുണ്ടു്. ‘ഋജുവപുസ്സൊടു്’ കാരാഗൃഹത്തിലിരുന്ന അനിരുദ്ധനെക്കാണാൻ ചെന്ന ഉഷയോടൊരുമിച്ചു് ഞാൻ പോയിട്ടുണ്ടു്. രമണന്റെ ശവകുടീരത്തിനടുത്തിരുന്നു കരഞ്ഞ മദനനോടൊപ്പം ഞാൻ കരഞ്ഞിട്ടുണ്ടു്. മൂർച്ഛാജനകമായ മരുന്നുകൊടുത്തു മയക്കിക്കിടത്തിയ രോഗിണിയെപ്പോലെ അന്തരീക്ഷത്തിൽ നീണ്ടുനിവർന്നു കിടക്കുന്ന സായാഹ്നത്തോടൊപ്പം ഞാൻ കിടന്നിട്ടുണ്ടു്. ഭാവനയാണു് അതിനൊക്കെ എനിക്കു സഹായമരുളിയതു്.

ഇടപ്പള്ളി
images/EdmundSpenser.jpg
സ്പെൻസർ

ഇടപ്പള്ളി രാഘവൻപിള്ള യുടെ പല കാവ്യങ്ങളും ഇംഗ്ലീഷ് കാവ്യങ്ങളുടെ പരിഭാഷകളാണെന്നു് ‘മുഖവുര പ്രവർത്തകർ’ ‘മുഖവുര’ മാസികയിൽ അസന്ദിഗ്ദ്ധമായി സ്ഥാപിച്ചിരിക്കുന്നു. ഈ ലേഖനത്തിൽ എടുത്തു കാണിക്കുന്ന ഇംഗ്ലീഷ് കാവ്യങ്ങൾ ഞാൻ മുൻപു് വായിച്ചിട്ടില്ല. അതുകൊണ്ടു് എന്നെസ്സംബന്ധിച്ചിടത്തോളം ഇതൊക്കെ പുതിയ അറിവുകളാണു്. പക്ഷേ, ഇടപ്പള്ളിയുടെ മറ്റു പല കാവ്യങ്ങളും ചോരണങ്ങളാണെന്നു് ഞാൻ വർഷങ്ങൾക്കുമുൻപു് മനസ്സിലാക്കിയിട്ടുണ്ടു്. ഒരുദാഹരണം മാത്രം നല്കാം. അദ്ദേഹത്തിന്റെ “നില്ക്കുക നിമ്നഗേ നീയിത്ര നിഷ്കൃപയെന്നോ നികൃഷ്ടയെന്നോ?” എന്നാരംഭിക്കുന്ന കാവ്യം സ്പെൻസറി ന്റെ ഒരു കാവ്യത്തിന്റെ തർജമയാണു്. ആത്മഹത്യചെയ്ത ഒരു കവിയെ അമ്പലക്കാള എന്നും മറ്റും വിശേഷിപ്പിച്ചതു് ക്രൂരമായിപ്പോയെങ്കിലും മുഖവുര പ്രവർത്തകരുടെ ഈ ലേഖനം ശ്രദ്ധാർഹമാണെന്നതിൽ ഒരു സംശയവുമില്ല.

images/Huysmans.jpg
ഷോറീസ് കാറൽ വീസ്മാങ്സ്

ചങ്ങമ്പുഴ യുടെ പല കാവ്യങ്ങളും ഇമ്മട്ടിൽ പരകീയങ്ങളത്രേ. ഇംഗ്ലീഷ് പദ്യഗ്രന്ഥങ്ങളിൽനിന്നു മാത്രമല്ല ഗദ്യഗ്രന്ഥങ്ങളിൽനിന്നും അദ്ദേഹം ചൂഷണം ചെയ്തിട്ടുണ്ടു്. ഫ്രഞ്ച് നോവലിസ്റ്റ് ഷോറീസ് കാറൽ വീസ്മാങ്സി ന്റെ (Joris Karl Huysmans) Against The Grain എന്ന നോവലിലെ ഒരു ഭാഗമാണു് അദ്ദേഹത്തിന്റെ ‘പച്ച’ എന്ന കാവ്യം. ഇതും ഒരുദാഹരണം മാത്രം.

മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയപ്പോൾ ‘ഇനി ആ ഗോളത്തിനു കവിതയിൽ സ്ഥാനമില്ല’ എന്നു ചിലർ പറഞ്ഞു. അക്കാലത്തു ജി. ശങ്കരക്കുറുപ്പു് പ്രസംഗിക്കുന്നതു ഞാൻ കേട്ടു. “ ആരെല്ലാം ചന്ദ്രനിൽ ചെന്നാലും നിലാവു് ഒഴുകുമ്പോൾ വിരഹദുഃഖമനുഭവിക്കുന്ന സ്ത്രീയുടെ ആ താപം കൂടുകയേയുള്ളൂ”. വരമൊഴി കണ്ടുപിടിച്ചപ്പോൾ ഓർമ്മിക്കാനുള്ള മനുഷ്യന്റെ കഴിവു് നഷ്ടപ്പെടുമെന്നു് അന്നുള്ളവർ വിചാരിച്ചിരിക്കാം. പക്ഷേ, അതു കൂടിയതേയുള്ളൂ. കമ്പ്യൂട്ടർ മനുഷ്യമസ്തിഷ്കം ചെയ്യുന്ന പല ജോലികളും ഇന്നു ചെയ്യുന്നതുകൊണ്ടു് തലച്ചോറു പ്രയോജനശൂന്യമാകുമെന്നു ചിലർ കരുതുന്നു. ഇതു ശരിയല്ലെന്നു അസിമോവ് അഭിപ്രായപ്പെടുന്നു. ആവർത്തനാത്മകവും വിരസവുമായ ജോലികൾ കമ്പ്യൂട്ടറിനെ ഏല്പിക്കുമ്പോൾ മറ്റു മണ്ഡലങ്ങളിൽ കൂടുതൽ ശ്രദ്ധയോടെ വ്യാപരിക്കാനുള്ള ശക്തി തലച്ചോറിനുണ്ടാകുമെന്നാണു് അസിമോവിന്റെ മതം. “അംബരമധ്യം തിളക്കുന്നൊരാദിത്യ ബിംബവും കെട്ടുപോമെങ്കിലാട്ടേ. അക്കരിയൂതിപ്പിടിപ്പിച്ചു മറ്റൊരുതീക്കട്ടയുണ്ടാക്കും സർഗ്ഗശക്തി”.

ശ്രീകാന്തു് വർമ്മയും മറ്റുള്ളവരും

വനം സൂക്ഷിച്ചിരുന്ന വൃദ്ധ—വനത്തിനു് ആത്മാവുണ്ടെങ്കിൽ അതു് അവരായിരുന്നു —മരിച്ചു. ഉടമസ്ഥൻ വനം വെട്ടി വെളുപ്പിക്കാൻ തുടങ്ങുമ്പോൾ അയാളുടെ മകൻ വൃദ്ധയെ സ്മരിച്ചു ദുഃഖിക്കുന്നു. ബേബി കുര്യൻ ദീപിക ആഴ്ചപ്പതിപ്പിലെഴുതിയ കഥ. സാഹിത്യ രചനയുടെ കാര്യത്തിൽ കുര്യൻ ഇപ്പോഴും ബേബി തന്നെ എന്നു് ഇതു വായിച്ചപ്പോൾ മനസ്സിലായി.

പൊട്ടിവിടരുന്ന ആകാശ ഗംഗയിൽ

നീന്തി നടക്കുന്നു കാർമുകിൽ കൂട്ടങ്ങൾ

എം. പാസിയമ്മ നെറ്റോ കുമാരി വാരികയിലെഴുതിയ ‘ദിവ്യ ദർശനം’ തുടങ്ങുന്നതിങ്ങനെയാണു്. പാസിയമ്മ എന്തിനു ക്ലേശിക്കുന്നു? ഗദ്യമായിട്ടു് ഇതങ്ങു് എഴുതിയാൽ മതിയല്ലോ. ഗൗതമൻ ദേശാഭിമാനി വാരികയിലെഴുതിയ ‘പ്രതി’ എന്ന ചെറുകഥ. പല പരിവൃത്തി വായിച്ചിട്ടും ഇതു് എന്താണെന്നു എനിക്കു മനസ്സിലായില്ല. ഒരു കാലത്തു നല്ല കഥാകാരനായിരുന്നു ഗൗതമൻ; ഇന്നു അങ്ങനെയല്ല എന്നു മനസ്സിലായി.

ശ്രീകാന്തു് വർമ്മ യുടെ The Funeral എന്ന ചെറുകഥ ‘ഇലസ്ട്രേറ്റഡ് വീക്ക്ലി’യിൽ. കുപ്രസിദ്ധയായ ഒരു വേശ്യ മരിച്ചു. ആരും മൃതദേഹം സംസ്കരിക്കാനില്ല. തൂപ്പുകാരൻ ബൻസിലാൽ അതെടുത്തു വണ്ടിയിൽ കിടത്തി ശവപ്പറമ്പിലേക്കു കൊണ്ടുപോയി. നാണയങ്ങൾ ചുറ്റും വലിച്ചെറിഞ്ഞു് അയാൾ ആളുകളെക്കൂട്ടി ആ ഘോഷയാത്രയ്ക്കു പകിട്ടു നൽകി. നാണയങ്ങൾ തീർന്നപ്പോൾ ആളുകളും അകന്നു. ശവപ്പറമ്പിലെത്തിയപ്പോൾ അവിടത്തെ ചൗക്കീദാറിനൂ് മരിച്ച സ്ത്രീയുടെ പേരും വയസ്സും അറിയണം. ബൻസിലാൽ അതു പറഞ്ഞു. അടുത്ത ചോദ്യം ഭർത്താവാരാണെന്നു്.

ആരും കേൾക്കാതെ അയാൾ അറിയിച്ചു. “ബൻസിലാൽ”. വേശ്യ ജീവിച്ചിരിക്കുമ്പോൾ അവളോടു താത്പര്യം തോന്നിയവനാണു് ആ തൂപ്പുകാരൻ. പക്ഷേ, അവളുണ്ടോ നിസ്സാരനായ അയാളെ നോക്കുന്നു. അന്നു തോന്നിയ താല്പര്യം അവളുടെ മൃതദേഹത്തെ മാനിക്കുന്നതിലൂടെ സാഫല്യത്തിലെത്തുന്നു. ബൻസിലാൽ എന്നാണു് ഭർത്താവിന്റെ പേരെന്നു പറയുമ്പോൾ അയാൾ എന്തൊരു അവാച്യമായ ആനന്ദം അനുഭവിച്ചിരിക്കും. ചേതോഹരമായ കഥയാണിതു്. പ്രതിഭാശാലിയായ ശ്രീകാന്ത്വർമ്മ രാഷ്ട്രവ്യവഹാരത്തിൽ ആസക്തനായി തന്റെ കഴിവുകൾ നശിപ്പിച്ചുകളയുന്നല്ലോ എന്നു് എനിക്കു ഖേദം.

ഇ. എം. എസ്സ്; കുഞ്ഞനന്തൻ നായർ; മുണ്ടശ്ശേരി
images/EMSNamboodiripad.jpg
ഇ. എം. എസ്സ്

സ്വന്തം കാര്യം പറയുന്നതിലുള്ള അനൗചിത്യത്തിനു വായനക്കാരോടു മാപ്പു ചോദിച്ചുകൊണ്ടു് കുഞ്ഞനന്തൻ നായർ കലാകൗമുദിയിൽ എഴുതിയ “ബലിപട്ടേം” എന്ന ലേഖനത്തിലേക്കു് അവരുടെ ശ്രദ്ധ ഞാൻ സവിനയം ക്ഷണിക്കുന്നു. സുകുമാർ അഴീക്കോടു് മുഹമ്മദ് കോയ യോടു് പറഞ്ഞിട്ടാണു് എന്നെ ചിറ്റൂർ നിന്നു തിരുവനന്തപുരത്തേക്കു മാറ്റിയതെന്നു് അദ്ദേഹം (സുകുമാർ) പല തവണ പറഞ്ഞല്ലോ. യാഥാർഥ്യം അതല്ലെന്നു കുഞ്ഞനന്തൻ നായർ വ്യക്തമാക്കുന്നു; മുണ്ടശ്ശേരി ഇ. എം. എസ്സി നോടു അഭ്യർഥിച്ചതനുസരിച്ചാണു അദ്ദേഹം (ഇ. എം. എസ്സ്) എന്നെ മാറ്റിച്ചതു് എന്നു് അതിനൊക്കെ സാക്ഷ്യംവഹിച്ചു് കുഞ്ഞനന്തൻ നായർ സംശയത്തിന്റെ നിഴൽപോലുമില്ലാതെ സ്പഷ്ടമാക്കുന്നുണ്ടു്. ഇ. എം. എസ്സിനു നന്ദി. മുണ്ടശ്ശേരിയോടു അക്കാലത്തുതന്നെ ഞാൻ കൃതജ്ഞത പ്രകാശിപ്പിച്ചിട്ടുണ്ടു്. കഷ്ടം, അദ്ദേഹം ഇന്നില്ലല്ലോ.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1985-04-07.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 27, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: Anupa Ann Joseph; Digitizer: KB Sujith; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.