സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1985-05-12-ൽ പ്രസിദ്ധീകരിച്ചതു്)

ഏതോ പുസ്തകത്തിൽനിന്നു കിട്ടിയ കഥയാണിതു്: ഒരു പാതിരി കൂട്ടുകാരോടൊരുമിച്ചു് പോകുകയായിരുന്നു. പൊടുന്നനവേ ഒരു മില്ല് പ്രവർത്തിപ്പിക്കുന്നതിന്റെ കറകറ ശബ്ദവും മധുരസംഗീതത്തിന്റെ നിസ്വനവും അയാളുടെ കാതിൽ വന്നുവീണു. പാതിരി മുന്നോട്ടു ചെന്നപ്പോൾ ഒരു സ്ത്രീ പാട്ടുപാടിക്കൊണ്ടു് മില്ല് തിരിക്കുന്നതു കണ്ടു. അയാൾ കൂട്ടുകാരനോടു ചോദിച്ചു: “പറയൂ ചങ്ങാതീ കലകൊണ്ടാണോ മില്ല് തിരിക്കുന്നതു്? അതോ അദ്ധ്വാനം കൊണ്ടോ?” കൂട്ടുകാരൻ മറുപടി നല്കി: “രണ്ടുകൊണ്ടും, കലയും അദ്ധ്വാനവും മില്ലിനെ തിരിക്കുന്നു.” അപ്പോൾ പാതിരി പറഞ്ഞു: “കലയില്ലെങ്കിൽ അദ്ധ്വാനത്തെ ആർക്കു സഹിക്കാനാവും? എന്തൊരു വൈചിത്ര്യം!” ഇക്കഥയ്ക്ക് ആശയത്തിന്റെ ചാരുതയുണ്ടെങ്കിലും സത്യാത്മകതയുണ്ടോ? അദ്ധ്വാനത്തിന്റെ ലയത്തിൽ നിന്നാണു് കലയുണ്ടാകുന്നതെന്ന ചിലരുടെ മതം ഈ കഥയിലൂടെ ആവിഷ്കരിക്കപ്പെടുന്നു. സമ്മതിച്ചു. പക്ഷേ, കുയിൽ കൂകുന്നതു് ചന്ദ്രനെ ചലനം കൊള്ളിക്കാനാണോ? അതിനു യത്നിച്ചപ്പോഴാണോ കുയിലിനു കൂകണമെന്നു തോന്നിയതു് ? കലാപ്രവർത്തനം താൽപര്യരഹിതമത്രേ. ശാസ്ത്രീയ പ്രവർത്തനവും അങ്ങനെ തന്നെ. E = mc2 എന്ന സമവാക്യം ശാസ്ത്രജ്ഞൻ എഴുതിയതു് നിസ്സംഗവും താല്പര്യശൂന്യവുമായ പ്രവർത്തനത്താലാണു്. അതു് ആറ്റം ബോംബിന്റെ നിർമ്മിതിക്കു് സഹായിച്ചെങ്കിൽ കുറ്റക്കാരൻ ശാസ്ത്രജ്ഞനല്ല. വള്ളത്തോളി ന്റെ അദ്ധ്വാനാസക്തിയിൽ നിന്നല്ല ‘മഗ്ദലനമറിയം’ ഉണ്ടായതു്. ഒരു വികാരം അനുധ്യാനത്തിന്റെ പ്രശാന്തതയിലേക്കു ചെന്നപ്പോഴാണു് അതിന്റെ ആവിർഭാവം.
കയ്യാല വയ്പു്

അദ്ധ്വാനത്തിൽ അടിയുറച്ച ഈ കലാസിദ്ധാന്തം ഇങ്ങനെ ഭാഗിക സത്യം മാത്രമായിരിക്കുമ്പോൾ കയ്യാല വയ്ക്കുന്നതിനു തുല്യമായ മട്ടിൽ ദേഹണ്ഡം നടത്തുന്നവരും കേരളത്തിലുണ്ടു് എന്ന സത്യം അർക്കകാന്തിയോടെ മറ്റൊരു മണ്ഡലത്തിൽ പരിലസിക്കുന്നു. അമ്മട്ടിലൊരു ദേഹണ്ഡക്കാരനാണു് കരിമ്പുഴ രാമചന്ദ്രൻ. അദ്ദേഹം പിക്കാക്സ് എടുത്തു് കട്ടം തറയിൽ ആഞ്ഞു വെട്ടുന്നതു കണ്ടാലും:

ഉഷസ്സേ നിനക്കുണ്ടൊരു കപ്പു ചായ

ചമയ്ക്കുവാനെന്നിൽക്കൊതിയുദിക്കവേ

ഒരു മൂളിപ്പാട്ടിൻ മധുരമെൻ ചുണ്ടിൽ

ഒരോർമ്മതൻ രുചികരമാം മധുരമെൻ ചുണ്ടിൽ

മണ്ണു് ഒരിടത്തു കൂട്ടിയിട്ടു് ഒരു കുടം വെള്ളം അതിലൊഴിച്ചു ചെളിയാക്കി അതിൽ ദേഹണ്ഡക്കാർ ഇടതുകാൽ ചവിട്ടിത്താഴ്ത്തുന്നു. അതു വലിച്ചെടുത്തു് വലതുകാൽ താഴ്ത്തുന്നു. അങ്ങനെ അവിരാമമായ ബീഭത്സനൃത്തം കണ്ടാലും:

“ഉഷസ്സേ നീ കപ്പിൽ മൃദുഷ്മളംതാവി

ത്തുളുമ്പുവാനിവൻ നളനായ് മാറവേ…”

അല്ലെങ്കിൽ മതി. മണ്ണു വലിയ ഉരുളയാക്കിയെടുത്തു് അതാ വയ്ക്കുന്നു. അതിൽ അടിക്കുന്നു, പരത്തുന്നു. മറ്റൊരു ഉരുള അതിന്റെ മുകളിൽ. ജോലിക്കാരൻ വിയർത്തൊഴുകുന്നു. എങ്കിലും കയ്യാല പയ്യെപ്പയ്യെ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ 31-ആം പുറത്തു് ഉയരുന്നു. അടുത്ത മഴയ്ക്കു വീഴും അതു്. എങ്കിലും ഈ ശ്രമദാനത്തെ വാഴ്ത്താതിരിക്കുന്നതെങ്ങനെ? കരിമ്പുഴ രാമചന്ദ്രന്റെ കയ്യാല വയ്പു് അവിശ്രമം അവിരാമം പുരോഗമിക്കട്ടെ.

ഈ പങ്കഭിത്തി നിർമ്മാണത്തിനിടയിൽ മണിയൂർ ഇ. ബാലൻ പൊലീസിന്റെ നേർക്കു് ലക്ഷ്യവേധിയായ ശരം അയയ്ക്കുന്നതു കാണാൻ ഒരു രസമുണ്ടുതാനും. മരുത്തന്റെ അച്ഛനെ ചില കള്ളന്മാർ ഞെക്കിക്കൊന്നു. മരണാനന്തര പരിശോധന കഴിഞ്ഞു. അപ്പോഴേക്കും പൊലീസിനു ഒരു ശവം കൂടിയേ തീരൂ. ലോക്കപ്പിൽവച്ചു മരിച്ച ഒരു കങ്കൻ നായരുടെ മൃതദേഹം അവർക്കു മറ്റുള്ളവരെ കാണിച്ചു കൊടുക്കണം. നോട്ടുകെട്ടു മകനു കൊടുത്തു് അവർ പോസ്റ്റ്മോർട്ടം പരിശോധന കഴിഞ്ഞ ശവം സമ്പാദിക്കുന്നു. പിതാപുത്രബന്ധത്തിന്റെ നിരർത്ഥകത്വം നിയമപരിപാലകരുടെ കൊള്ളരുതായ്മ ഇവയെല്ലാം കഥാകാരൻ ധ്വനിപ്പിക്കുന്നു മദ്ധ്യമപദസ്ഥമായ കഥ.

images/LeoTolstoyPainting.jpg
ടോൾസ്റ്റോയി

സാഹിത്യത്തിനു് ഉത്കൃഷ്ടം, ഉത്കൃഷ്ടതരം, ഉത്കൃഷ്ടതമം എന്ന വിഭജനമാകാം. അല്ലെങ്കിൽ ഉപരിസ്ഥം (superior) മദ്ധ്യമപദസ്ഥം (middling) അധഃസ്ഥം (low) എന്ന വിഭജനവുമാകാം. ഇംഗ്ലീഷിൽ നിന്നാകട്ടെ ഉദാഹരണങ്ങൾ. ടോൾസ്റ്റോയി യുടെ ‘അന്നാകരേനിന’ സുപ്പീരിയർ, ഷ്ടെഫാൻ സ്വൈഹി ന്റെ Beware of Pity എന്ന നോവൽ മിഡ്ലിങ് ക്വാളിറ്റി ഉള്ളതു്. ഹാഡ്ലി ചേസി ന്റെ “നോ ഓർക്കിഡ്സ് ഫോർ മിസ് ബ്ലൻഡിഷ് ” അധഃസ്ഥം.

images/ThomasMann1906.jpg
റ്റോമാസ് മാൻ

തകഴി ശിവശങ്കരപ്പിള്ള യുടെ നോവലുകൾ ഏതു വിഭാഗത്തിൽപ്പെടും? ഞാൻ ‘കയർ’ വായിച്ചിട്ടില്ല. ആ നോവൽ ഉപരിസ്ഥ വിഭാഗത്തിൽ ചെന്നു നില്ക്കുമെന്നു ചിലർക്ക് അഭിപ്രായമുണ്ടു്. ‘കയർ’ വായിച്ചതിനു ശേഷമേ എനിക്കു് അവരോടു യോജിക്കാനോ യോജിക്കാതിരിക്കാനോ കഴിയൂ. എന്നാൽ ‘ചെമ്മീൻ’ ഞാൻ പല പരിവൃത്തി വായിച്ചിട്ടുണ്ടു്. മനോഹരമായ ആ നോവൽ ‘മദ്ധ്യപദസ്ഥം’ എന്നതിലേ ചെല്ലുകയുള്ളു. കാരണം സാന്ദ്രതയുടെ – ഡെൻസിറ്റിയുടെ – കുറവാണു്. ഉദാഹരണം ഒരു സമ്മേളനത്തിൽ വച്ചു് ഞാൻ നല്കുകയുണ്ടായി. റ്റോമാസ് മാൻ എഴുതിയ ‘ഡോക്ടർ ഫൗസ്റ്റസി’ന്റെ മൂന്നാമദ്ധ്യായത്തിൽ “സുതാര്യമായ നഗ്നത”യുള്ള (transparent nudity) ഒരു ചിത്രശലഭത്തെ ഗ്രന്ഥകാരൻ വർണ്ണിക്കുന്നുണ്ടു്. ഹീറ്റേറ എസ്മെറൽഡ എന്നാണു് അതിന്റെ പേരു്. ഈ വർണ്ണന നിഷ്പ്രയോജനമല്ല. കഥാനായകനായ ലേഫർകൂൺ, എസ്മെറൽഡ എന്ന ഒരു വേശ്യയുമായി ലൈംഗികവേഴ്ചയിലേർപ്പെട്ടു് സിഫിലിസ് പിടിച്ചു് ഭ്രാന്തുവന്നു മരിക്കുന്നു. ഇതിനെയും വേറെ ചില സംഭവങ്ങളെയും സൂചിപ്പിക്കാനാണു് നോവലിസ്റ്റ് ആ ചിത്രശലഭത്തെ നേരത്തേ വർണ്ണിച്ചതു്. ഇതാണു് രചനയുടെ ഡെൻസിറ്റി അല്ലെങ്കിൽ ധ്വനന ശക്തി.

images/WalterScott.jpg
സ്കോട്ട്

‘ചെമ്മീനി’ന്റെ തുടക്കത്തിലെ രണ്ടു മൂന്നു പുറങ്ങൾ അതിന്റെ കേന്ദ്രസ്ഥിതമായ വിഷനോടു ബന്ധപ്പെട്ടതല്ലെന്നും നിഷ്പ്രയോജനമായ രചനയായി അതു് കാണപ്പെടുന്നുവെന്നും ഞാൻ പറഞ്ഞു. ഡെൻസിറ്റി എന്ന വാക്കിന്റെ അർത്ഥം ഗ്രഹിക്കാൻ കഴിയാത്ത ഒരു ഐ. എ. എസ്സ്. ഉദ്യോഗസ്ഥൻ ചെമ്മീനിനെപ്പോലുള്ള പ്രണയകഥയ്ക്കു് സാന്ദ്രത ദോഷമായി ഭവിക്കുമെന്നു് ചൂണ്ടിക്കാണിച്ചു. സാന്ദ്രതയില്ലാത്ത ചങ്ങമ്പുഴക്കവിതയെ ഞാൻ വാഴ്ത്തുന്നതു് എങ്ങനെയെന്നും അദ്ദേഹം ചോദിച്ചു. നേരത്തേ പ്രസംഗിച്ചവനെ വിമർശിക്കുക എന്നതു് അപമര്യാദയാണു്. കാരണം ആദ്യം പ്രസംഗിച്ചവനു് പിന്നെ ‘വോയ്സ്’ ഇല്ലല്ലോ. അയാൾ പറഞ്ഞതെന്തെന്നു ശരിയായി മനസ്സിലാക്കാതെ വിമർശനം നിർവഹിക്കുമ്പോൾ ആ അപമര്യാദ വളരെ കൂടുന്നു. അദ്ദേഹത്തിന്റെ അറിവിലേക്കായി ആവർത്തനം നടത്തട്ടെ. ഡെൻസിറ്റി എന്നു പറഞ്ഞാൽ ‘രാമരാജാ ബഹദൂറി’ലെ കടിച്ചാൽ പൊട്ടാത്ത ഭാഷയല്ല. അർത്ഥാന്തരങ്ങൾ ധ്വനിപ്പിക്കാനുള്ള രചനയുടെ ശക്തിയാണതു്. “All happy families are alike, but every unhappy family is unhappy in its own way” എന്ന ‘അന്നാകരേനിന’യിലെ ആദ്യത്തെ വാക്യം ഡെൻസിറ്റിയുള്ളതാണു്. സ്കോട്ടി ന്റെ The Talisman എന്ന നോവലിന്റെ തുടക്കം (The burning sun of Syria…) വൃഥാസ്ഥൂലമാണു്; ധ്വനിരഹിതമാണു്. എന്നാൽ വായിക്കുമ്പോൾ ഗുരുത്വമുള്ളതായി തോന്നുകയും ചെയ്യും. Workers of all countries unite. You have nothing to lose but your chains എന്ന വാക്യങ്ങൾ ഡെൻസിറ്റിയാർന്നതാണു്.

ബോധമണ്ഡലം മാത്രം

എനിക്കു ടി. വി. വർക്കി യുടെ കഥകൾ ഇഷ്ടമല്ല. കലാകൗമുദിയിലെ കാതറൈൻ ചാക്കോയുടെ മരണം എന്ന കഥയും ഇഷ്ടപ്പെട്ടില്ല. മതപരങ്ങളായ അനുഷ്ഠാനങ്ങൾക്കു വിലകല്പിക്കാത്ത കാതറൈൻ ചാക്കോ പുരോഹിതനെ നിന്ദിക്കുന്നു. ആ നിന്ദനത്തിൽ കോപിഷ്ഠനായിച്ചമഞ്ഞ പുരോഹിതൻ അവളെ തെമ്മാടിക്കുഴിയിലേ അടക്കം ചെയ്യൂ എന്നു ഭീഷണിപ്പെടുത്തുന്നു. പല വിധത്തിലുള്ള മർദ്ദനങ്ങളിൽപ്പെട്ടു് കാതറൈൻ ആത്മഹത്യ ചെയ്യുന്നു. രണ്ടായിരം രൂപ കിട്ടിയ പുരോഹിതൻ മൃതദേഹത്തിനു മാന്യമായ സംസ്കാരസ്ഥലം അനുവദിക്കുന്നു. കാതറൈനെപ്പോലെ വിപ്ലവചിന്താഗതിയുള്ളവർ എല്ലാക്കാലത്തും ഉണ്ടായിരിക്കും എന്നു സൂചിപ്പിച്ചുകൊണ്ടു് കഥാകാരൻ കഥ അവസാനിപ്പിക്കുന്നു. ഇതു സറ്റയറാണു്. മതത്തിന്റെയും അതിനെ കൈയടക്കി വച്ചിരിക്കുന്ന പുരോഹിത വർഗ്ഗത്തിന്റെയും ആ വർഗ്ഗത്തിനു് അടിമപ്പെട്ട സമുദായത്തിന്റെയും ചിത്രങ്ങൾ ഇക്കഥയിലുണ്ടു് കാതറൈന്റെയും പുരോഹിതന്റെയും സ്വഭാവം ചിത്രീകരിക്കുന്നതിൽ വർക്കി വിജയം കൈവരിച്ചിരിക്കുന്നു. എങ്കിലും എനിക്കു് ഇഷ്ടപ്പെട്ടില്ല ഇതു്. കാരണം പറയട്ടെ. ബോധമനസ്സും അബോധമനസ്സും ഒരുമിച്ചു ചേർന്നു പ്രവർത്തിക്കുമ്പോഴാണു് ഉത്കൃഷ്ടമായ കലയുടെ ആവിർഭാവം. അപ്പോൾ വാക്കുകൾ അപ്രത്യക്ഷങ്ങളാവുന്നു. ‘വിഷൻ’ മാത്രമേ നിലനിൽക്കു. ടി. വി. വർക്കി ബോധമനസ്സുകൊണ്ടു മാത്രമാണു് കഥയെഴുതുന്നതു്. ‘അജാഗരിതഹൃത്തി’ൽ നിന്നുയർന്നു വരുന്ന സർഗ്ഗാത്മകത്വത്തിന്റെ അഗ്നിനാളം അദ്ദേഹത്തിന്റെ ഒരു രചനയിലുമില്ല. ബോധമനസ്സു മാത്രം പ്രവർത്തിക്കുമ്പോൾ വാക്കുകൾ അല്ലെങ്കിൽ വാക്യങ്ങൾ പ്രാമുഖ്യമാർജ്ജിച്ചു വാരികയുടെ താളുകളിൽ കിടക്കും. “ഇതാ പ്രതിഭ സൃഷ്ടിച്ച ലോകം” എന്നു് അദ്ദേഹത്തിന്റെ കഥയെ നോക്കി നമുക്കു പറയാനാവില്ല.

images/JosephConrad.jpg
കോൺറഡ്

“വാക്കുകൾ അപ്രത്യക്ഷങ്ങളാവുകയും ‘വിഷൻ’ മാത്രം നില്ക്കുകയും ചെയ്യുന്ന ഒരു കഥയുടെ പേരു പറയൂ ജ്യോത്സ്യരേ” എന്നു് ആരോ ആവശ്യപ്പെടുന്നു. പറയാം. ബഷീറി ന്റെ ‘നീലവെളിച്ചം’, അദ്ദേഹത്തിന്റെ തന്നെ ‘പൂവമ്പഴം’, ഉറൂബി ന്റെ ‘വാടക വീടുകൾ’, കേശവദേവി ന്റെ ‘വില്പനക്കാരൻ’, തകഴിയുടെ ‘വെള്ളപ്പൊക്കത്തിൽ’. ഈ കഴിവു് – വാക്കുകളെ അപമാർജ്ജനം ചെയ്തു് ‘വിഷൻ’ മാത്രം കൊണ്ടുവരാനുള്ള കഴിവു് – പരമകാഷ്ഠയിലെത്തിയ കഥകളുണ്ടു് വിശ്വസാഹിത്യത്തിൽ. ഒരുദാഹരണം കോൺറഡി ന്റെ ‘Heart of Darkness.’

മീഡിയോക്രിറ്റി

ഞാനും കവി ഗൗരീശപട്ടം ശങ്കരൻ നായരും തിരുവനന്തപുരത്തെ കൊച്ചാർ റോഡിലൂടെ സായാഹ്നസവാരി നടത്തുകയായിരുന്നു. ഞങ്ങൾക്കെതിരേ ഒരു സ്ത്രീ കുട്ടിയെ നടത്തിക്കൊണ്ടു വരുന്നുണ്ടു്. അവൾക്കഭിമുഖമായി സ്കൂട്ടറിൽ വന്ന ഒരു ചെറുപ്പക്കാരനെ ആർത്തിയോടെ അവൾ നോക്കിയപ്പോൾ കുട്ടി സ്കൂട്ടറിന്റെ മുൻപിലേക്ക് എടുത്തു ചാടി. എതിരേ വന്ന സ്ത്രീയിൽ താൽപര്യമില്ലാത്ത യുവാവു് കുട്ടി കുറുകെ ചാടുന്നതു കണ്ടു. സ്കൂട്ടർ ഒഴിച്ചു മാറ്റി അവനെ രക്ഷിക്കുകയും ചെയ്തു. അപ്പോഴാണു് ആ കാമാർത്തയ്ക്ക് ബോധം വന്നതു്. അവൾ കുട്ടിയെ കണക്കറ്റു തല്ലി. അതുകണ്ടു ദേഷ്യപ്പെട്ട ശങ്കരൻ നായർ പറഞ്ഞു: “കുട്ടിയെയല്ല തല്ലേണ്ടതു്. അടി കിട്ടേണ്ടതു നിങ്ങൾക്കാണു്.” തന്റെ അപരാധം മറയ്ക്കാനായി ആ സ്ത്രീ കുട്ടിയെ അടിച്ചു. ഈ ‘റീഡയറക്ടഡ് ആക്റ്റിവിറ്റി’ ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും കാണാം. ‘ധിക്കൃതശക്രപരാക്രമനാകിന നക്തഞ്ചരൻ’ പൊലീസ് ഇൻസ്പെക്ടർ ഭാര്യയുടെ മുൻപിൽ പേടിത്തൊണ്ടൻ. അയാൾ മറ്റുള്ളവരെ അടിക്കുന്നു. അയാളെ ഒരു രാഷ്ട്രീയക്കാരൻ യൂണിഫോമിൽ പിടിച്ചു വലിച്ചു് അപമാനിക്കുന്നു. രാഷ്ട്രീയക്കാരോടു് എതിർക്കാൻ വയ്യ ഇൻസ്പെക്ടർക്കു്. അതുകൊണ്ടു് അയാൾ പോയപ്പോൾ ഇൻസ്പെക്ടർ മുഷ്ടി ചുരുട്ടി ചുവരിൽ ഇടിക്കുന്നു. ബാലകൃഷ്ണൻ മാങ്ങാടു് എക്സ്പ്രസ്സ് ആഴ്ച്ചപ്പതിപ്പിലെഴുതിയ ‘ശീലങ്ങൾ’ എന്ന ഈ കഥയെക്കുറിച്ചു് ഞാനെന്താണു് പറയേണ്ടതു്? നന്നായിട്ടുണ്ടോ കഥ? ഇല്ല. തീരെ മോശമാണോ? അതുമല്ല. എനിക്കു കുട്ടിക്കൃഷ്ണമാരാരെ പ്പോലെ ജോസഫ് മുണ്ടശ്ശേരി യെപ്പോലെ എഴുതിയാൽ കൊള്ളാമെന്നുണ്ടു്. കഴിയുന്നില്ല. അതുകൊണ്ടു് ‘മിഡിയോക്രിറ്റി’യിൽ ഞാൻ അഭിരമിക്കുന്നു. ഇതു മീഡിയോക്രിറ്റിയാണെന്നു് ആരെങ്കിലും പറഞ്ഞാൽ ഞാനെന്തിനു് പരിഭവിക്കണം? ബാലകൃഷ്ണൻ മാങ്ങാടും പരിഭവിക്കരുതു്.

പ്രൊഫസർ ചന്ദ്രികാ ശങ്കരനാരായണൻ
images/PhryneBeforetheAreopagus.jpg

പ്രാചീനഗ്രീസിലെ അതിസുന്ദരിയായിരുന്നു ഫ്രിനി. അവൾ കുറ്റക്കാരിയായി കോടതിയിലെത്തി. ജഡ്ജി അവളെ ശിക്ഷിക്കുമെന്നു് ഉറപ്പായപ്പോൾ അവളുടെ അഭിഭാഷകൻ ഒരു വിദ്യ പ്രയോഗിച്ചു. ഫ്രിനിയുടെ വക്ഷസ്സിനെ മറച്ചിരുന്ന വസ്ത്രം അദ്ദേഹം വലിച്ചു കീറി. അവളുടെ ചേതോഹരങ്ങളായ സ്തനങ്ങൾ കണ്ട ജഡ്ജി അവളെ വെറുതേ വിട്ടു. സോക്രട്ടീസ് പോലും ഫ്രിനിയെ സ്നേഹിച്ചിരുന്നു. അക്കാരണം കൊണ്ടു തന്നെ നമുക്കു് ഊഹിക്കാം അവൾ എത്രമാത്രം സുന്ദരിയായിരുന്നുവെന്നു്. മുലകൾ പ്രദർശിപ്പിച്ചു് രക്ഷപ്പെടാനുള്ള ഈ പ്രവണത സ്ത്രീയുടെ സ്വഭാവത്തെ സൂചിപ്പിക്കുന്നു. അഭിഭാഷകൻ വസ്ത്രം വലിച്ചു കീറിയെങ്കിലും ഫ്രിനി നിന്നു കൊടുത്തല്ലോ അതിനു വേണ്ടി. അതിനാൽ സ്ത്രീയെ നഗ്നയാക്കി ചലച്ചിത്രത്തിൽ പ്രദർശിപ്പിക്കുന്നു. ഹോട്ടലുകളിൽ കബറേ നൃത്തമാടാൻ അവളെ നിർബ്ബന്ധിക്കുന്നു എന്നൊക്കെപ്പറഞ്ഞു് പുരുഷന്മാരെ കുറ്റപ്പെടുത്തുന്ന രീതി ശരിയല്ല. സ്ത്രീ പാവനത്വമുള്ളവൾ, പുരുഷൻ ഗജപോക്കിരി എന്ന ഈ സങ്കല്പം സ്ത്രീകളുടേതു മാത്രമാണു്. മാറും തുടയും നിതംബവും കാണിക്കാൻ ഏതു സ്ത്രീക്ക് ഇഷ്ടമില്ലായോ അവളെ അതിലേക്കു നിർബന്ധിച്ചു കൊണ്ടുവരാൻ ഈ ലോകത്തു് ആർക്കും സാദ്ധ്യമല്ല. ലിബിഡോ—സെക്സ് എനെർജി ഒരേയളവിൽ സ്ത്രീയിലും പുരുഷനിലും പ്രവർത്തിക്കുന്നു. അതിന്റെ പ്രകടനം എപ്പോഴുമുണ്ടാകും. പെൺകുട്ടികൾക്കു മാത്രമായുള്ള ബസ്സിൽ സഞ്ചരിക്കാൻ ഒരു പെൺകുട്ടിക്കും താല്പര്യമില്ല. സൗകര്യം കിട്ടിയാൽ യുവാവിനെ ആദ്യം സ്പർശിക്കുന്നതും അവന്റെ വികാരം ഇളക്കി വിടുന്നതും യുവതിയാണു്. അവിവാഹിതനായ അധ്യാപകനെ വശത്താക്കാൻ പ്രേമലേഖനമെഴുതി കോംപെസിഷൻ ബുക്കിൽ വയ്ക്കുന്ന പെൺപിള്ളേർ, ധാരാളം സംശയം ചോദിക്കുന്നു എന്ന മട്ടിൽ ഏകാന്തത്തിൽ അയാളെ സമീപിക്കുന്നവർ എത്രയെത്ര പേർ ഇതിലൊന്നും കുറ്റമില്ല. ലിബിഡോ ആളിക്കത്തുന്ന അഗ്നിയാണു്. ജീവിതം സുരക്ഷിതമാക്കാനുള്ള അഭിനിവേശം എല്ലാവർക്കുമുണ്ടു്. അക്കാരണത്താൽ സ്ത്രീയെ നഗ്നയാക്കി സിനിമയിൽ കൊണ്ടുവരുന്നു പുരുഷൻ എന്നു പരാതി പറയുന്നതിൽ ഒരർത്ഥവുമില്ല. കബറേ നൃത്തത്തിനു് ഇഷ്ടമില്ലാത്ത ഒരു പെണ്ണിനേയും ആർക്കും അതു നടത്താൻ നിർബ്ബന്ധിക്കാനാവില്ല. മുല കാണിക്കാൻ തയ്യാറായി ഫ്രിനിമാർ നില്ക്കുമ്പോൾ പുരുഷന്മാരായ അഭിഭാഷകർ മേൽമുണ്ടു് വലിച്ചു കീറുന്നു എന്നുമാത്രം ഗ്രഹിച്ചാൽ മതി. സത്യമിതായതുകൊണ്ടു് പുരുഷന്മാരെ ഇക്കാര്യത്തിൽ ഒട്ടൊക്കെ കുറ്റപ്പെടുത്തിക്കൊണ്ടു് പ്രൊഫസർ ചന്ദ്രികാ ശങ്കരനാരായണൻ ‘വിമൻസ് മാഗസി’നിൽ എഴുതിയ ലേഖനത്തിനു സത്യാത്മകതയില്ല.

എം. പി. മന്മഥൻ മഹാത്മാ ഗാന്ധി കോളേജിൽ പ്രിൻസിപ്പലായിരിക്കുന്ന കാലം. മുലക്കണ്ണു വരെ കാണാവുന്ന മട്ടിൽ വേഷം ധരിച്ചെത്തിയ ഒരു പെൺകുട്ടിയെ ആൺകുട്ടികൾ കൂവാറുണ്ടായിരുന്നു. പെൺകുട്ടിയോടു് ‘പ്രേപ്പേറാ’യി ഡ്രസ്സ് ചെയ്തു വരണമെന്നു് നിർദ്ദേശിക്കാൻ പ്രിൻസിപ്പൽ അദ്ധ്യാപികമാരോടു പറഞ്ഞു. അവർ നിർദ്ദേശം നല്കിയിട്ടും പെൺകുട്ടി പഴയ രീതിയിൽത്തന്നെ കോളേജിൽ വന്നു. ബഹളം കൂട്ടിയപ്പോൾ മറ്റു മാർഗ്ഗമില്ലാതെ “അച്ഛനെ വിളിച്ചുകൊണ്ടു വരൂ” എന്നു് മന്മഥൻ സാർ അവളോടു് ആവശ്യപ്പെട്ടു. അച്ഛനെത്തിയപ്പോൾ അയാൾക്കു് വേദന തോന്നാത്ത രീതിയിൽ സാറ് കാര്യം പറഞ്ഞു. അച്ഛന്റെ മറുപടി: “ഞാൻ ഇതൊക്കെ അവൾക്കു വാങ്ങിക്കൊടുത്തതു് ധരിക്കാനാണു്. അവൾ ഇതുപോലെതന്നെ കോളേജിൽ വരും.” മന്മഥൻ സാർ ഒട്ടും ക്ഷോഭിക്കാതെ അയാളെ അറിയിച്ചു: “നിങ്ങൾ ഇതൊക്കെ അവളെ ധരിപ്പിച്ചു് കാഴ്ച ബംഗ്ലാവ് തോട്ടത്തിലോ കടപ്പുറത്തോ കൊണ്ടുപൊയ്ക്കൊള്ളു. ഈ കോളേജിൽ പഠിക്കണമെങ്കിൽ നിങ്ങളുടെ മകൾ നഗ്നത മറച്ചുവേണം വരാൻ.” പ്രിൻസിപ്പൽ ഇതു പറയുമ്പോൾ ഞാനും കൂടി അവിടെയുണ്ടായിരുന്നു. ആൺകുട്ടികൾ നിർബ്ബന്ധിച്ചതുകൊണ്ടാണു് പെൺകുട്ടി മുലക്കണ്ണു കാണിച്ചുകൊണ്ടു് കോളേജിലെത്തിയതെന്നു് ഇനി ആരെങ്കിലും എഴുതുമോ എന്തോ?

പൈങ്കിളി അല്ല

സുഗതകുമാരിയെക്കുറിച്ച് പറയേണ്ടതായി വരുമ്പോൾ വേലായുധൻ നായരുടെ ഭാര്യ എന്നു് ഡി. സി. പറയുമോ? പറയുകയില്ലെങ്കിൽ വേലായുധൻ നായരെ സുഗതകുമാരിയുടെ ഭർത്താവു് എന്ന മട്ടിലും അവതരിപ്പിക്കാൻ പാടില്ല.

വനനാശനം (വനനശീകരണം എന്നു് എഴുതുന്നതു ശരിയല്ല) അധികമാകുമ്പോൾ ഒരു റീയാക്ഷനെന്ന നിലയിൽ വനം സംരക്ഷിക്കണമെന്നുള്ള മുറവിളി ഉണ്ടാകും. അതാണു് നമ്മൾ ഇപ്പോൾ കേൾക്കുന്നതു് പ്രകൃതിയെ നശിപ്പിക്കുമ്പോൾ അതിനോടു ബഹുമാനം ആളുകൾക്കു്. പക്ഷേ കവികളുടെ ഈ ബഹുമാനം കവിതയിൽ മാത്രം ഒതുങ്ങിനില്ക്കും. അവരുടെ വീട്ടിന്റെ മുറ്റത്തു പുല്ലുപോലും കാണില്ല. വല്ല പൂന്തോട്ടമോ മറ്റോ ഉണ്ടെങ്കിൽ ചെടികളെ കത്തിരി പ്രയോഗിച്ചു വികൃതമാക്കി മയിലായും പട്ടിയായും മാറി നിറുത്തും. (ചെടിയും മരവും ചെടിയായും മരമായും നില്ക്കുന്നതാണല്ലോ ഭംഗി. അതു മനസ്സിലാക്കാതെ കാഴ്ചബംഗ്ലാവു് തോട്ടത്തിലും സെക്രട്ടേറിയറ്റ് തോട്ടത്തിലും ചെടികളെ മൃഗങ്ങളും പക്ഷികളുമാക്കി നിറുത്തുന്നു.) പ്രകൃതി പരിണാമാത്മകമാണു്. മരങ്ങളെ കണ്ടമാനം മുറിച്ചുമാറ്റിയോ? മറ്റൊരു മണ്ഡലത്തിൽ മരങ്ങൾ തഴച്ചുവളരും. ജീവികളിൽ എത്രയെത്ര വർഗ്ഗങ്ങൾ നശിച്ചു. പകരം മറ്റു വർഗ്ഗങ്ങൾ ഉണ്ടായി. വൃക്ഷങ്ങളുടെ കാര്യവും അതുതന്നെ. എങ്കിലും ആകർഷകത്വമുണ്ടായിരുന്ന ഗ്രാമപ്രദേശം പട്ടണമായി മാറിക്കാണുമ്പോൾ നമുക്കു് വല്ലായ്മയുണ്ടാകും. അങ്ങനെയൊരു ഗ്രാമത്തിൽ ഒരു വൃദ്ധനെ അവതരിപ്പിച്ചു് ആ വല്ലായ്മയെ ഭേദപ്പെട്ട രീതിയിൽ ചിത്രീകരിക്കുകയാണു് ഹരിപ്പാടു് ജി. കരുണാകരപ്പണിക്കർ (പകൽ അറിയാതെ പോയ പോക്കുവെയിൽ എന്ന ചെറുകഥ, മനോരമ ആഴ്ചപ്പതിപ്പു്). കഥയ്ക്കു് ഉപന്യാസത്തിന്റെ ഛായയുണ്ടു്. എങ്കിലും അതിന്റെ പര്യവസാനം ഹൃദ്യമത്രേ. പണ്ടൊരു ധിക്കാരിയായ ഉദ്യോഗസ്ഥൻ പെൻഷൻ പറ്റിയെന്നു് അറിഞ്ഞയുടനെ ഒരാൾ ചോദിച്ചു: “അപ്പോൾ…നായിഡു റിട്ടയർ ചെയ്യും അല്ലേ?” ഞാനും ചോദിക്കുന്നു: “അപ്പോൾ പൈങ്കിളിക്കഥകൾ അല്ലാത്ത കഥകളും മനോരമയിൽ വരും അല്ലേ?”

ഭർത്താവു്

ടി. കെ. നാരായണപിള്ള മുഖ്യമന്ത്രിയായിരുന്ന കാലത്തു് ജവാഹർലാൽ നെഹ്റു തിരുവനന്തപുരത്തു വന്നു. വിമാനത്താവളത്തിൽ ചെന്ന സ്ത്രീകളെ മുഖ്യമന്ത്രി പ്രധാനമന്ത്രിക്കു പരിചയപ്പെടുത്തിക്കൊടുത്തു. “ഇന്നാരുടെ ഭാര്യ”, “ഇന്നാരുടെ ഭാര്യ” ഈ മട്ടിൽ ഓരോ സ്ത്രീയെയും പരിചയപ്പെടുത്തിയപ്പോൾ നെഹ്റു അസ്വസ്ഥസ്ഥതയോടെ “ഇവരെല്ലാം ഭാര്യമാർ മാത്രമാണോ?” എന്നു ചോദിച്ചു. ഓരോ സ്ത്രീക്കും വ്യക്തിത്വമില്ലേ? അതിലൂന്നിക്കൊണ്ടു ടി. കെ. എന്തുകൊണ്ടു പരിചയപ്പെടുത്തിയില്ല?

സംസ്കൃതത്തിൽ ഒരു ശ്ലോകമുണ്ടു്. അതു മറന്നു പോയി. ആശയം മാത്രം എഴുതാം. “ഞാൻ ഇന്നാരുടെ മകൻ എന്നു പറയുന്നതു് നീചം. ഞാൻ ഇന്നാരുടെ അനന്തരവൻ എന്നു പറയുന്നതു് നീചതരം. ഞാൻ ഇന്നാരുടെ മരുമകൻ (ജാമാതാവു്) എന്നു പറയുന്നതു് നീചതമം.” ഞാൻ ഇന്നാരുടെ ഭർത്താവു് എന്നു പറയുന്നതോ? Degrees of Comparison നീചതമത്തിൽ തീർന്നു പോയി. അതുകൊണ്ടു് അതിന്റെ അധമത്വം കാണിക്കാൻ വാക്കില്ല. കുങ്കുമം വാരികയിൽ ഡി. സി. കിഴക്കേമുറി ഡോക്ടർ കെ. വേലായുധൻ നായർക്കു് അവാർഡ് കിട്ടി എന്നെഴുതിയിട്ടു് ബ്രാക്കറ്റിനകത്തു് സുഗതകുമാരിയുടെ ഭർത്താവു് എന്നു് കാണിച്ചിരിക്കുന്നു. സുഗതകുമാരി പേരുകേട്ട കവി. വേലായുധൻ നായർ മനോഹരമായി ഗദ്യത്തിൽ ദാർശനിക ഗ്രന്ഥങ്ങളെഴുതുന്ന പ്രഗല്ഭൻ. സമുന്നതനായ ഉദ്യോഗസ്ഥനാണു് അദ്ദേഹം. അങ്ങനെയുള്ള ഒരാളിനെ അദ്ദേഹത്തിന്റെ ഭാര്യയുടെ പേരു പറഞ്ഞു വായനക്കാർക്കു പരിചയപ്പെടുത്തിയതു് ഉചിതജ്ഞതയുടെ ലക്ഷണമല്ല. സുഗതകുമാരിയെക്കുറിച്ചു പറയേണ്ടതായി വരുമ്പോൾ വേലായുധൻ നായരുടെ ഭാര്യ എന്നു ഡി. സി. പറയുമോ? പറയുകയില്ലെങ്കിൽ വേലായുധൻ നായരെ സുഗതകുമാരിയുടെ ഭർത്താവു് എന്ന മട്ടിലും അവതരിപ്പിക്കാൻ പാടില്ല. അതു അപമാനനവും നിന്ദനവുമാണെന്നാണു് ആ സംസ്കൃതകവി പണ്ടേ പറഞ്ഞതു്.

കലാഭാസം

സമരം ചെയ്തു് മുതലാളിയിൽ നിന്നു പണം നേടിയ തൊഴിലാളിയെ നേതാവു് പറ്റിക്കുന്നു. ഇതാണു് വെണ്ണല മോഹനൻ ‘മനോരാജ്യ’ത്തിലെഴുതിയ ‘വിജയം ഒരു പരാജയം’ എന്ന കഥയുടെ സാരം. വെറുതെ ഒരു വർണ്ണനമെഴുതിയാൽ അതു സാഹിത്യമാവുകയില്ല.

“മാനം കറുത്തു തണുത്ത കാറ്റെമ്പാടുമോടിനടന്നു വിളിച്ചുകൂവി: മഴവരുന്നേ പുതുമഴ വരുന്നേ മഴവരുന്നോ പ്രിയ നാട്ടാരേ” എന്നു് കുമാരി വാരികയിൽ മേഴ്സി പീറ്റർ എഴുതിയ ഒരു കാവ്യത്തിന്റെ ആരംഭം. പേരച്ചടിച്ചു കാണാൻ കവിതയെ ഹനിക്കണമെങ്കിൽ ആയിക്കൊള്ളു.

“ശരത്കാലസൗന്ദര്യം ത്രസിക്കും മന്ദസ്മിതം ഉഷസ്സാം മനോജ്ഞയാൾ വിഷുക്കൈനീട്ടം നൽകി” എം. വിജയൻ ഇറവങ്കര മാമാങ്കം വാരികയിലെഴുതിയ ഒരു കാവ്യത്തിന്റെ തുടക്കം ഇങ്ങനെ. മനുഷ്യർക്കു കോമൺസെൻസ് കുറയുമ്പോഴാണു് ക്ളീഷേയുടെ പ്രവർത്തനം.

നിരീക്ഷണങ്ങൾ
സ്കൂട്ടർ:
വിവാഹം കഴിഞ്ഞാൽ മൂന്നാഴ്ചത്തേക്കു യുവതിക്കു് അന്തസ്സിൽ ഇരുന്നു സഞ്ചരിക്കാനുള്ള വാഹനം.
അടുക്കള:
ആ ഒരുമാസം കഴിഞ്ഞാൽ അവൾക്കു പെടാപ്പാടു് പെടാനുള്ള സ്ഥലം. അപ്പോൾ ഭർത്താവിന്റെ സ്ക്കൂട്ടറിന്റെ പിറകിലിരിക്കുന്നതു് അവളുടെ അനുജത്തിയോ ചേച്ചിയോ ആയിരിക്കും.
ഒരാളിന്റെ രാഷ്ട്രീയജീവിതം:
18 വയസ്സുതൊട്ടു് 25 വയസ്സുവരെ—കമ്മ്യൂണിസം. 25 വയസ്സുതൊട്ടു് 35 വയസ്സുവരെ—ആറെസ്പി. 35 വയസ്സുതൊട്ടു് 45 വയസ്സുവരെ—പി.എസ്.പി. 45 വയസ്സുതൊട്ടു് 55 വയസ്സുവരെ—ജനത. 55 വ.സ്സുതൊട്ടു് 65 വയസ്സുവരെ—‘ഐ’ അല്ലാത്ത കോൺഗ്രസ്. 65 വയസ്സുതൊട്ടു് 75 വയസ്സുവരെ—കോൺഗ്രസ് (ഐ). അതിനുശേഷം പദ്മശ്രീയോ പദ്മഭൂഷണോ കിട്ടുന്നു. അപ്പോൾ വിപ്ലവാസക്തി സാഫല്യത്തിലെത്തിയിരിക്കും.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1985-05-12.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 24, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: Anupa Ann Joseph; Digitizer: KB Sujith; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.