SFNസാ​യാ​ഹ്ന ഫൌ​ണ്ടേ​ഷൻ
സാ​ഹി​ത്യ​വാ​ര​ഫ​ലം
എം കൃ​ഷ്ണൻ നായർ
(കലാ​കൗ​മു​ദി വാരിക, 1985-06-02-ൽ പ്ര​സി​ദ്ധീ​ക​രി​ച്ച​തു്)

തി​രു​വ​ന​ന്ത​പു​ര​ത്തു വി​ദ്യു​ച്ഛ​ക്തി​യു​ടെ പ്ര​വർ​ത്ത​നം ആരം​ഭി​ച്ച​തു എനി​ക്കു നല്ല ഓർ​മ്മ​യു​ണ്ടു്. മുൻ​സി​പ്പാ​ലി​റ്റി​യു​ടെ കല്പ​ന​യ​നു​സ​രി​ച്ചു കത്തി​ക്ക​പ്പെ​ട്ടി​രു​ന്ന മണ്ണെ​ണ്ണ വി​ള​ക്കു​കൾ തെ​രു​വു​ക​ളിൽ നി​ന്നു അപ്ര​ത്യ​ക്ഷ​ങ്ങ​ളാ​യി. പകരം കമ്പി​ക്കാ​ലു​ക​ളി​ലെ രജത തളി​ക​ക​ളിൽ ചേർ​ന്ന സ്ഫ​ടി​ക​ഗോ​ള​ങ്ങൾ​ക്കു​ള്ളി​ലാ​യി വി​ദ്യു​ച്ഛ​ക്തി​യു​ടെ പ്ര​ഭാ​പൂ​രം. സന്ധ്യ​ക്കു വീ​ട്ടു​വാ​തിൽ​ക്കൽ നിൽ​ക്കു​മ്പോൾ മന്തു​കാ​ലു​ള്ള ഒരു പാവം കരി​ങ്കൽ​ത്തൂ​ണിൽ ഏണി​ചാ​രി പ്ര​യാ​സ​പ്പെ​ട്ടു കയറി മണ്ണെ​ണ്ണ ഒഴി​ച്ചു ഒര​വ്യ​ക്ത​ദീ​പ​ത്തി​നു ജനനം നൽ​കു​ന്ന​തു ഞാൻ പല തവണ കണ്ടി​ട്ടു​ണ്ടു്. അന്ന​ത്തെ ദിവസം അയാൾ വന്നി​ല്ല. സൂ​ക്ഷ്മം ആറു​മ​ണി​ക്കു വി​ദ്യു​ച്ഛ​ക്തി​ദീ​പം സ്വയം പ്ര​കാ​ശി​ച്ചു. ഇരു​ണ്ട പട്ട​ണ​മാ​കെ വെ​ള്ളി​വെ​ളി​ച്ചം. അതിൽ നീ​ന്തി​തു​ടി​ച്ചു പവർ ഹൗ​സി​നു സമീ​പ​ത്തെ​ത്തി​യ​പ്പോൾ ആ സൗ​ധ​ത്തിൽ ലക്ഷ​ക്ക​ണ​ക്കി​നു ദീ​പ​ങ്ങൾ. എന്തൊ​രു അതു​ല്യാ​നു​ഭൂ​തി​യാ​യി​രു​ന്നു ആ ദർശനം പ്ര​ദാ​നം ചെ​യ്ത​തു്! നാൽ​ക്കാ​ലി​കൾ മാ​ത്രം പ്ര​തി​ദി​നം ആവിർ​ഭ​വി​ച്ചി​രു​ന്ന കാ​ല​ത്തു റൊ​മാ​ന്റി​ക് യുഗം കേ​ര​ള​ത്തിൽ പൊ​ട്ടി​വി​ടർ​ന്ന​തി​നു തു​ല്യ​മായ ഒര​വ​സ്ഥ,

അമ്മാ​വി​നു​ള്ള തളിർ​ന​വ്യ​വ​സ​ന്ത ലക്ഷ്മി

സമ്മാ​ന​മേ​കു​വ​തു തി​ന്നു​ക​ഴി​ഞ്ഞി​ടു​മ്പൊൾ

അമ്മാ! പു​റ​പ്പെ​ടു​മി​ള​ങ്കു​യി​ലി​ന്റെ പാ​ട്ടു

മമ്മാ​ളു​വ​മ്മ​യു​ടെ സൂ​ക്തി​യു​മൊ​ന്നു​പോ​ലെ

എന്നു വൽ​മീ​ക​പാ​ദൻ മണ്ണെ​ണ്ണ​വി​ള​ക്കു കത്തി​ച്ചി​രു​ന്ന കാ​ല​ത്തു

ഭിദുര മഹഹ പൂർ​വ്വ​വി​സ്മൃ​തി​ക്കീ

മൃ​ദു​തര വാ​യു​ത​രംഗ രം​ഗ​ലോ​ലം

ഹൃ​ത​ഹൃ​ദയ മഹോ വരു​ന്നു​തോ​ഴീ,

ഹി​ത​ക​ര​മീ​വ​ഴി ഹേ​മ​പു​ഷ്പ​ഗ​ന്ധം.

എന്നി​ങ്ങ​നെ വൈ​ദ്യു​ത​ശ​ക്തി​യു​ടെ കാ​ല്പ​നി​ക​ശോഭ പ്ര​സ​രി​ക്കു​ക​യാ​യി …കാലം കഴി​ഞ്ഞു. ഇന്നു വി​ദ്യു​ച്ഛ​ക്തി ദീ​പ​ത്തി​നു പ്ര​കാ​ശ​മി​ല്ല. വോൾ​ട്ടേ​ജ് ഡ്രോ​പ്പു പോലും! എഴു​താൻ വയ്യ. വാ​യി​ക്കാൻ വയ്യ. ടെ​ലി​വി​ഷൻ സെ​റ്റി​ലെ ഇമേ​ജു​കൾ കട​ലി​ലെ തിരകൾ പോലെ വള​യു​ന്നു. ഇതു സെ​റ്റി​നു കേ​ടാ​ണ​ത്രേ. ആയി​ക്കൊ​ള്ള​ട്ടെ. കണ്ണി​നു വരു​ന്ന കേ​ടി​നെ​ക്കാൾ ഗൗ​ര​വ​മി​ല്ല​ല്ലോ അതി​നു്. വൈ​ദ്യുത ശക്തി​ക്കു മങ്ങ​ലേ​റ്റ​തു​പോ​ലെ കാ​ല്പ​നി​ക​ത​യ്ക്കും മങ്ങൽ. കരി​ങ്കൽ​ത്തൂ​ണിൽ ഏണി​ചാ​രി ഇടു​പ്പി​ലെ കു​പ്പി​യിൽ​നി​ന്നു മണ്ണെ​ണ്ണ എടു​ത്തു വി​ള​ക്കി​ലൊ​ഴി​ച്ചു കത്തി​ക്കു​ന്ന കാലം വരാൻ​പോ​കു​ന്നു. പല കവി​ക​ളും തറ്റു​ടു​ത്തു ഏണി തോ​ളി​ലേ​ന്തി​പ്പോ​കു​ന്ന​തു ഇവി​ടെ​യി​രു​ന്നാൽ കാണാം.

ബു​ദ്ധി കു​റ​ഞ്ഞ​വർ​ക്കു വേ​ണ്ടി

ഇവി​ടി​രു​ന്നാൽ അതു മാ​ത്ര​മ​ല്ല കാ​ണു​ന്ന​തു്. അതി ഭാ​വു​ക​ത്വം, അവാ​സ്ത​വി​ക​ത്വം, കല​യു​ടെ നാ​ട്യം ഇവ​കൊ​ണ്ടു മനു​ഷ്യ​രെ നി​ഗ്ര​ഹി​ക്കാ​നെ​ത്തു​ന്ന കെ. പി. ഭവാ​നി​യെ​യും കാണാം. ‘വനിത’യുടെ മൂ​ന്നാം ലക്ക​ത്തി​ലൂ​ടെ​യാ​ണു ശ്രീ​മ​തി​യു​ടെ ആഗമനം. ഇപ്പോ​ഴ​ത്തെ പെ​ണ്ണു​ങ്ങൾ​ക്കൊ​ക്കെ ഭർ​ത്താ​വു ശ്രീ​യേ​ട്ട​നും ശങ്ക​ര​യേ​ട്ട​നു​മാ​ണ​ല്ലോ. ദേ​വി​യു​ടെ ശ്രീ​യേ​ട്ടൻ പരമ സാ​ത്ത്വി​ക​നും പച്ച​വെ​ള്ളം ചവ​ച്ചു കു​ടി​ക്കു​ന്ന മാർ​ജ്ജാ​ര​നു​മാ​യി​രു​ന്നു. അപ്പോൾ ദേ​വി​ത​ന്നെ ഒരു വേ​ല​ക്കാ​രി​യെ നി​യ​മി​ച്ചു. അവളെ ജോ​ലി​ക്കാ​ക്ക​രു​തെ​ന്നു മാ​ന്യ​നായ ശ്രീ​യേ​ട്ടൻ പറ​ഞ്ഞ​താ​ണു്. കേ​ട്ടി​ല്ല ദേ​വ്യ​നു​ജ​ത്തി. “നോ മാൻ ഇസ് ഓണ​റ​ബിൾ.” ശ്രീ​യേ​ട്ടൻ ജോ​ലി​ക്കാ​രി​യു​ടെ കൂടെ കി​ട​പ്പാ​യി. അതു നിർ​ബ്ബാ​ധം നട​ത്താൻ വേ​ണ്ടി ദേ​വി​യെ ഭ്രാ​ന്തി​യാ​ക്കി മു​റി​യി​ലി​ട്ടു പൂ​ട്ടി. സ്ത്രീ​യു​ടെ വഞ്ചന എപ്പോ​ഴും മി​സ്റ്റീ​രി​യ​സാ​ണു്: പു​രു​ഷ​ന്റേ​തു അങ്ങ​നെ​യ​ല്ല താനും. അതു​കൊ​ണ്ടു വേ​ല​ക്കാ​രി ദേ​വി​യെ വഞ്ചി​ച്ച​തു അത്ഭു​താ​വ​ഹം. ശ്രീ​യേ​ട്ടൻ ദേ​വി​യ​നു​ജ​ത്തി​യെ വഞ്ചി​ച്ച​തു തി​ക​ച്ചും സ്വാ​ഭാ​വി​ക​വും. ഈ അത്ഭു​താം​ശ​ത്തെ​യും സ്വാ​ഭാ​വി​കാം​ശ​ത്തെ​യും കല​യു​ടെ ഭാ​ഷ​യിൽ ആവി​ഷ്ക​രി​ക്കാൻ കെ. പി. ഭവാ​നി​ക്കു അറി​ഞ്ഞു കുടാ. അവർ ആ അത്യു​ക്തി​യി​ലേ​ക്കും അതി​ഭാ​വു​ക​ത്വ​ത്തി​ലേ​ക്കും ചെ​ന്നു കയ​റു​ന്നു. സം​ഭാ​ഷ​ണ​ത്തിൽ​പ്പോ​ലു​മു​ണ്ടു് ഈ ന്യൂ​ന​ത​കൾ. ശ്രീ​യേ​ട്ടൻ ദേ​വി​യോ​ടു പറ​യു​ന്ന​തു കേ​ട്ടാ​ലും: “ദേവീ, എന്നെ മത്തു പി​ടി​പ്പി​ക്കു​ന്നു നി​ന്റെ​യീ സു​ഗ​ന്ധം.” ഭാ​ഗ്യം അയാൾ ഇത്ര​യ​ല്ലേ പറ​ഞ്ഞു​ള്ളു. “ദേവീ, ഭഗ​വ​തി​യു​ടെ വദന സരോ​ജ​ത്തിൽ നി​ന്നു ഉദ്ഗ​മി​ക്കു​ന്ന ഈ പരി​മ​ള​ധോ​ര​ണി എന്നെ മാ​ദ​ക​ല​ഹ​രി​ക്കു വി​ധേ​യ​നാ​ക്കി അർ​ദ്ധ​സു​ഷു​പ്തി​യു​ടെ ആന്ദോ​ള​നാ​വ​സ്ഥ​യി​ലേ​ക്കു നയി​ക്കു​ന്ന​ല്ലോ” എന്നാ​ണു ശ്രീ​യേ​ട്ടൻ കാ​ച്ചി​യ​തെ​ങ്കിൽ അതും സഹി​ക്കാൻ വാ​യ​ന​ക്കാർ നിർ​ബ്ബ​ദ്ധ​രാ​കു​മ​ല്ലോ. ഇമ്മ​ട്ടിൽ സം​ഭാ​ഷ​ണ​മെ​ഴു​തി​യെ​ഴു​തി, വർ​ണ്ണന നട​ത്തി നട​ത്തി കഥാ​കാ​രി വാ​യ​ന​ക്കാ​രെ കര​യി​പ്പി​ക്കാൻ തന്നെ തീ​രു​മാ​നി​ക്കു​ന്നു. വഞ്ചി​ക്ക​പ്പെ​ട്ട ദേ​വി​യു​ടെ കാലിൽ കയ​റു​കെ​ട്ടി അവളെ മു​റി​യി​ല​ട​യ്ക്കു​ന്നു. ദേവി കി​റു​ക്കി​യാ​ണ​ത്രേ. ഈ ഭ്രാ​ന്തു കണ്ടി​ട്ടും ശ്രീ​യേ​ട്ട​ന്റെ ക്രൂ​രത കണ്ടി​ട്ടും വാ​യ​ന​ക്കാ​രായ നമ്മൾ​ക്കു ഒരു ചാ​ഞ്ച​ല്യ​വു​മി​ല്ല. കഥ അസ​ത്യ​പൂർ​ണ്ണ​മാ​യാൽ അങ്ങ​നെ​യേ സം​ഭ​വി​ക്കൂ. ബു​ദ്ധി വളരെ കു​റ​ഞ്ഞ​വർ​ക്കു വേ​ണ്ടി രചി​ക്ക​പ്പെ​ട്ട ബു​ദ്ധി​ശൂ​ന്യ​മായ ഒരു കഥ​യാ​ണി​തു്.

പൂവും രാ​ജ്ഞി​യും
images/TheNecklace.jpg

യു​വ​തി​യും യു​വാ​വും കട​പ്പു​റ​ത്തി​രി​ക്കു​ന്നു. രാ​ത്രി. ഒരു നക്ഷ​ത്ര​ത്തെ ചൂ​ണ്ടി​ക്കാ​ണി​ച്ചു​കൊ​ണ്ടു അവൾ ചോ​ദി​ക്കു​ക​യാ​ണു്: “ആ കാ​ണു​ന്ന നക്ഷ​ത്ര​ത്തി​ലേ​ക്കു എന്തു ദൂരം വരും?” അയാ​ളു​ടെ മറു​പ​ടി: “4.3 പ്ര​കാ​ശ​വർ​ഷം.” ഇമ്മ​ട്ടിൽ ഉത്ത​രം നൽ​കു​ന്ന​വർ അവ​ളു​ടെ കാ​മു​ക​നാ​യി​രി​ക്കാൻ യോ​ഗ്യ​ന​ല്ല. അയാൾ​ക്കു ഫി​സി​ക്സ് ഡി​പ്പാർ​ട്ടു​മെ​ന്റിൽ അദ്ധ്യാ​പ​ക​നാ​യി പോകാം. നേരേ മറി​ച്ചു അയാൾ “ദൂ​ര​മൊ​ട്ടു​മി​ല്ല​ല്ലോ. നക്ഷ​ത്രം എന്റെ അടു​ത്ത​ല്ലേ ഇരി​ക്കു​ന്ന​തു്” എന്നു മറു​പ​ടി പറ​ഞ്ഞാ​ലോ? പ്ര​തി​ഭാ​ശാ​ലി​യാ​ണു ആ മനു​ഷ്യ​നെ​ന്നു നമ്മൾ അഭി​പ്രാ​യ​പ്പെ​ടും. ദൂ​ര​ത്തെ പ്ര​കാ​ശ​വർ​ഷ​മാ​ക്കു​ന്ന​വൻ ഏക കേ​ന്ദ്രാ​ഭി​മു​ഖ്യ​മു​ള്ള​വ​നാ​ണു്. അവനു സഹൃ​ദ​യ​ത്വ​മി​ല്ല. കേ​ന്ദ്ര പരാ​ങ്മു​ഖ​നാ​ണു കാ​മു​കി​യെ നക്ഷ​ത്ര​മാ​യി​ക്ക​ണ്ടു ദൂ​ര​ത്തെ ഹനി​ക്കു​ന്ന​തു്. അവൻ കവി​യ​ത്രേ. ആദ്യം പറഞ്ഞ ആളുകൾ കഥ​യെ​ഴു​തു​മ്പോൾ അവ കെ. പി. ഭവാനി എഴു​തിയ കഥ പോ​ലെ​യാ​കും. മനോ​രാ​ജ്യ​ത്തി​ലെ “തെ​റ്റു​ന്ന കണ​ക്കു കൂ​ട്ട​ലു​കൾ” എന്ന കഥ​പോ​ലെ​യാ​കും. കാർ​ത്തി​ക​പ്പ​ള്ളി രാ​ജ​ന്റെ ഈ കഥയിൽ രു​ഗ്മി​ണി അന്തർ​ജ്ജ​ന​ത്തെ കാണാം. പതി​വാ​യി അവളെ തു​റി​ച്ചു നോ​ക്കി ക്ലേ​ശി​പ്പി​ക്കു​ന്ന​വ​നാ​ണു് രാ​ധാ​കൃ​ഷ്ണൻ. ഒരു ദിവസം രു​ഗ്മി​ണി വൈകി വീ​ട്ടി​ലേ​ക്കു പോ​യ​പ്പോൾ അവനും പിറകേ പോയി. സൗ​ക​ര്യം കി​ട്ടു​മ്പോൾ അവൻ തന്നെ ബലാൽ​സം​ഗം ചെ​യ്യു​മെ​ന്നു് അവൾ പേ​ടി​ച്ചു. പക്ഷേ രാ​ധാ​കൃ​ഷ്ണൻ അവളെ വീ​ട്ടിൽ കൊ​ണ്ടാ​ക്കി​യി​ട്ടു തി​രി​ച്ചു​പോ​ന്നു. തോ​ന്ന​ലു​കൾ​ക്കു യാ​ഥാർ​ത്ഥ്യ​മി​ല്ല. മനു​ഷ്യ​ന്റെ അന്ത​രം​ഗം ആരു​ക​ണ്ടു? ഇതാണു കഥാ​കാ​രൻ ഉപ​ന്യ​സി​ക്കു​ന്ന രഹ​സ്യം. നി​ത്യ​ജീ​വി​ത​ത്തി​ലെ ഒരു സാ​ധാ​രണ സം​ഭ​വ​ത്തിൽ സങ്കീർ​ണ്ണ​മാ​യ​തും നൂ​ത​ന​മാ​യ​തു​മായ ഒരു ‘ഘടന’ നിർ​മ്മി​ക്കു​ന്ന​വ​നാ​ണു കലാ​കാ​രൻ. സ്ത്രീ​കൾ ആഭരണം കടം​വാ​ങ്ങി അണി​യു​ന്ന​തു് സർ​വ​സാ​ധാ​ര​ണ​മായ സംഭവം. ആ സം​ഭ​വ​ത്തെ മോ​പ​സാ​ങ്ങ് നവീ​ന​വും സങ്കീർ​ണ്ണ​വു​മായ ഘട​ന​യാ​ക്കി മാ​റ്റി​യ​തു ‘നെ​ക്ക്ലി​സ്’ എന്ന കഥയിൽ ദർ​ശി​ക്കാം. പനി​നീർ​പ്പൂ പനി​നീർ​പ്പൂ​വാ​ണെ​ന്നു പറയാം. അതു പൂ​വ​ല്ല രാ​ജ്ഞി​യാ​ണെ​ന്നു പറയാം. പൂ​വാ​ണെ​ന്നു സമ്മ​തി​ച്ചു​കൊ​ണ്ടു രാ​ജ്ഞി​യാ​ക്കി അവ​ത​രി​പ്പി​ക്കാം. ഈ മൂ​ന്നാ​മ​ത്തെ അവ​ത​ര​ണ​മാ​ണു് കലാ​പ്ര​ക്രി​യ​യോ​ടു ബന്ധ​പ്പെ​ട്ട​തു്. (റസ്ക്കി​ന്റെ ആശയം—ഓർ​മ്മ​യിൽ നി​ന്നു കു​റി​ക്കു​ന്ന​തു്.) കാർ​ത്തി​ക​പ്പ​ള്ളി രാജൻ പൂ​വി​നെ പൂ​വാ​യി മാ​ത്രം കാ​ണു​ന്ന അര​സി​ക​നാ​ണു്.

തി​രു​വ​ന​ന്ത​പു​ര​ത്തെ ഒരു ഹോ​ട്ട​ലിൽ പല​ഹാ​ര​വും ചാ​യ​യും മേ​ശ​പ്പു​റ​ത്തു​കൊ​ണ്ടു​വ​യ്ക്കു​ക​യും പി​ന്നീ​ടു് എച്ചിൽ​പ്പാ​ത്രം എടു​ത്തു​കൊ​ണ്ടു പോ​വു​ക​യും ചെ​യ്യു​ന്ന ഒരു ബാലൻ ബി. കോം പരീ​ക്ഷ ജയി​ച്ച​വ​നാ​ണു്. ആകൃതി സൗ​ഭ​ഗ​വും കു​ലീ​ന​ത​യു​മു​ള്ള ആ പയ്യ​നോ​ടു് “ഏതു​വ​രെ പഠി​ച്ചു?” എന്നു ഞാ​നൊ​രി​ക്കൽ ചോ​ദി​ച്ചു. അങ്ങ​നെ​യാ​ണു് അയാൾ ബി. കോം ജയി​ച്ചു​വെ​ന്നു ഞാൻ ഗ്ര​ഹി​ച്ച​തു്. കെ. എസ്. രാജൻ മനോ​രാ​ജ്യം വാ​രി​ക​യിൽ വരച്ച ഒരു ഹാ​സ്യ​ചി​ത്ര​ത്തിൽ എം. എ ജയി​ച്ച ഒരു കൂ​ലി​ക്കാ​ര​നെ കാണാം. ചു​മ​ടു് എടു​ത്തു ജീ​വി​ക്കു​ക​യാ​ണു് അവൻ. ബി. കോം. പരീ​ക്ഷ ജയി​ച്ച പയ്യ​നെ എനി​ക്കു പരി​ച​യ​മി​ല്ലാ​യി​രു​ന്നെ​ങ്കിൽ രാ​ജ​ന്റെ കാർ​ട്ടൂൺ വി​ശ്വ​സ​നീ​യ​മ​ല്ല എന്നു ഞാൻ അഭി​പ്രാ​യ​പ്പെ​ടു​മാ​യി​രു​ന്നു. വളരെ വൈ​കാ​തെ പി. എച്ച്. ഡി​ക്കാർ​ക്കും എച്ചി​ലെ​ടു​ക്കേ​ണ്ട​താ​യി വരു​മെ​ന്നു തോ​ന്നു​ന്നു. ‘ബിഗ് ബി​സ്നെ​സ്സ്’ സർ​ക്കാ​രി​നെ​യും സമൂ​ഹ​ത്തെ​യും ഭരി​ക്കു​മ്പോൾ അതു​ണ്ടാ​കും. ബാ​ങ്കിൽ​ച്ചെ​ന്നു് രണ്ടാ​യി​രം രൂപ പ്ര​തി​മാ​സ​ശ​മ്പ​ളം വാ​ങ്ങേ​ണ്ട പയ്യൻ ഹോ​ട്ട​ലി​ലെ എച്ചിൽ പാ​ത്ര​മെ​ടു​ക്കാ​നാ​യി പോകും. സം​ശ​യ​മു​ണ്ടോ വാ​യ​ന​ക്കാർ​ക്കു്? എങ്കിൽ വേളൂർ കൃ​ഷ്ണൻ​കു​ട്ടി യോടു് എഴു​തി​ച്ചോ​ദി​ക്കൂ. അദ്ദേ​ഹ​ത്തി​നും ഈ പയ്യ​നെ അറി​യാം.

ഇരു​ട്ട​ത്താ​ണു് പി​ച്ചി​പ്പൂ​വി​ന്റെ സൗ​ര​ഭ്യം സാ​ന്ദ്ര​ത​യോ​ടെ അനു​ഭ​വ​പ്പെ​ടു​ന്ന​തു്. ദുർ​ഗ​ന്ധ​ത്തി​ന്റെ തീ​വ്ര​ത​യും അന്ധ​കാ​ര​ത്തി​ലാ​ണു് നമ്മൾ അറി​യുക. പകൽ​സ​മ​യ​ത്താ​ണെ​ങ്കി​ലോ? സാ​ന്ദ്ര​ത​യി​ല്ല, തീ​വ്ര​ത​യി​ല്ല, മണ​മ​റി​യും, നാ​റ്റ​മ​റി​യും. അത്രേ​യു​ള്ളൂ. ചേ​തോ​ഹ​ര​ങ്ങ​ളായ കലാ​സൃ​ഷ്ടി​കൾ കു​റ​വായ സന്ദർ​ഭ​ത്തിൽ, കലാ​രാ​ഹി​ത്യം ഇരു​ട്ടു​പ​ര​ത്തു​ന്ന വേ​ള​യിൽ ഇട​ത്ത​രം കൃ​തി​കൾ ഉജ​ജ്വ​ല​ശോ​ഭ​പ്ര​സ​രി​പ്പി​ക്കു​ന്ന​താ​യി നമ്മു​ക്കു തോ​ന്നും. അവ​യു​ടെ യഥാർ​ത്ഥ​സ്വ​ഭാ​വം അറി​യ​ണ​മെ​ങ്കിൽ വി​ശ്വ​സാ​ഹി​ത്യ​ത്തി​ലെ രത്ന​ങ്ങ​ളു​ടെ നടു​ക്കു് അവ​കൊ​ണ്ടു​വ​ച്ചു നോ​ക്കേ​ണ്ട​താ​ണു്.

യാ​ഥാർ​ത്ഥ്യം, അദ്ഭു​തം

നി​ങ്ങൾ മണ്ണ​ടി​ഞ്ഞാ​ലും ഞാൻ ബാ​ക്കി: മാ​ധ​വി​ക്കു​ട്ടി

പ്ര​ശ​സ്ത​നായ ഒര​ഭി​നേ​താ​വു് എന്റെ ഒര​ക​ന്ന​ബ​ന്ധു​വാ​ണു്. വൃ​ദ്ധ​നായ അദ്ദേ​ഹ​ത്തെ കു​റേ​നാ​ളാ​യി കാ​ണാ​നി​ല്ലാ​യി​രു​ന്ന​തു​കൊ​ണ്ടു് മറ്റൊ​രു ബന്ധു​വി​നോ​ടു് ഞാൻ പറ​ഞ്ഞു: നമ്മു​ടെ…അമ്മാ​വ​നെ ഇപ്പോൾ കാ​ണാ​റി​ല്ല​ല്ലോ. എന്തു പറ്റി അദ്ദേ​ഹ​ത്തി​നു്?

ബന്ധു മറു​പ​ടി നൽകി:
…ചേ​ട്ടൻ മരി​ച്ചി​ട്ടു കാ​ല​മെ​ന്താ​യി! അറി​ഞ്ഞി​ല്ലേ?
ഞാൻ:
മരി​ച്ചോ? അയ്യോ ഞാ​ന​റി​ഞ്ഞി​ല്ല​ല്ലോ.
ബന്ധു:
മകൻ നേ​ര​ത്തേ മരി​ച്ചു. പി​ന്നീ​ടു് ചേ​ട്ട​നും മരി​ച്ചു.

ഈ സം​ഭാ​ഷ​ണ​ത്തി​നു ശേഷം മൂ​ന്നു മാസം കഴി​ഞ്ഞു. തി​രു​വ​ന​ന്ത​പു​ര​ത്തെ മോഡേൺ ബു​ക്സിൽ നി​ന്നു് ഞാൻ റോ​ഡി​ലേ​ക്കി​റ​ങ്ങി​യ​പ്പോൾ മരി​ച്ചു​വെ​ന്നു പറഞ്ഞ അഭി​നേ​താ​വു് തി​ടു​ക്ക​ത്തിൽ നട​ന്നു​വ​രു​ന്നു. ഞാൻ അത്ഭു​ത​പ്പെ​ട്ടു. ഒന്നു ഞെ​ട്ടു​ക​യും ചെ​യ്തു. സംശയം തന്നെ.

എങ്കി​ലും അടു​ത്തു ചെ​ന്നു വി​ന​യ​ത്തോ​ടെ ചോ​ദി​ച്ചു:
ആരാ​ണു്?
അദ്ദേ​ഹം:
കൃ​ഷ്ണൻ നാ​യ​ര​ല്ലേ? എന്നെ മറ​ന്നു​പോ​യോ? ഞാൻ …നായർ.
അതു​കേ​ട്ടു ഞാൻ കൂ​ടു​തൽ വി​ന​യ​ത്തോ​ടെ അറി​യി​ച്ചു:
ക്ഷ​മി​ക്ക​ണം അമ്മാ​വൻ. ശേ​ഖ​ര​പി​ള്ള ഒരു വാർ​ത്ത പറ​ഞ്ഞ​തു് ഞാൻ വി​ശ്വ​സി​ച്ചു​പോ​യി.
ബു​ദ്ധി​മാ​നായ അദ്ദേ​ഹം ഉടനെ ചോ​ദി​ച്ചു:
അവൻ പറ​ഞ്ഞാ​യി​രി​ക്കും ഞാൻ ചത്തു​പോ​യെ​ന്നു്, അല്ലേ? ആങ്. മരി​ച്ചി​ട്ടി​ല്ല.
images/GiovanniPapini.jpg
ജോ​വ​ന്നി പപ്പി​നി

ഞങ്ങൾ കു​റ​ച്ചു​നേ​രം സം​സാ​രി​ച്ചു​കൊ​ണ്ടു നി​ന്നു. പി​ന്നെ പി​രി​ഞ്ഞു. മരി​ച്ചു​വെ​ന്നു ഞാൻ വി​ശ്വ​സി​ച്ച വ്യ​ക്തി​യെ റോഡിൽ വച്ചു കണ്ട​പ്പോൾ എനി​ക്കു​ണ്ടായ അദ്ഭു​ത​മാ​ണു് ഫാ​ന്റ​സി ഉള​വാ​ക്കു​ന്ന​തു്. വി​ശ്വ​സാ​ഹി​ത്യ​ത്തി​ലെ ഉത്കൃ​ഷ്ട​ങ്ങ​ളായ ഫാ​ന്റ​സി​കൾ നോ​ക്കൂ. ഈ അദ്ഭു​താം​ശം കാണും. അദ്ഭു​താം​ശം നി​ത്യ​ജീ​വിത യാ​ഥാർ​ത്ഥ്യ​ത്തോ​ടു് ബന്ധ​പ്പെ​ട്ടി​രി​ക്കു​ക​യും ചെ​യ്യും. ജോ​വ​ന്നി പപ്പി​നി യുടെ The Sick Gentleman’s Last Visit ഹ്വാ​ലി​യോ കോർ​ട്ടാ​സാ​റി ന്റെ House Taken Over, പു​ഷ്കി​ന്റെ The Queen of Spades, ഡബ്ൾ​യു. ഡബ്ൾ​യു. ജേ​ക്ക​ബ്സി ന്റെ The Monkey’s Paw ഈ ഫാ​ന്റ​സി​കൾ ഉദാ​ഹ​ര​ണ​ങ്ങൾ. യാ​ഥാർ​ത്ഥ്യ​ത്തിൽ നി​ന്നു​ള്ള അപ്ര​തീ​ക്ഷി​ത​വും എന്നാൽ സ്വാ​ഭാ​വി​ക​വു​മായ വി​കാ​സ​മാ​ണു് അദ്ഭു​താം​ശം. അക്ബർ കക്ക​ട്ടിൽ മാ​തൃ​ഭൂ​മി ആഴ്ച​പ്പ​തി​പ്പി​ലെ​ഴു​തിയ ‘ഈ ജീ​വി​തം’ എന്ന ഫാ​ന്റ​സി​യിൽ നിത്യ ജീവിത യാ​ഥാർ​ത്ഥ്യ​മു​ണ്ടു്. പക്ഷെ അദ്ഭു​താം​ശം ആ യാ​ഥാർ​ത്ഥ്യ​ത്തിൽ​നി​ന്നു നൈ​സർ​ഗ്ഗി​ക​ത​യോ​ടെ വി​കാ​സം കൊ​ള്ളു​ന്ന​ത​ല്ല. കറ​ന്റു ബി​ല്ലി​ന്റെ പണ​മ​ട​യ്ക്ക​ണം എന്നു ഭാര്യ ഭർ​ത്താ​വി​നോ​ടു പറ​യു​ന്നു. പക്ഷേ അയാൾ പണം തലേ​ദി​വ​സം തന്നെ അവളെ ഏല്പി​ച്ചു​ക​ഴി​ഞ്ഞ​താ​ണു്. മറവി ഭാ​ര്യ​ക്കോ ഭർ​ത്താ​വി​നോ? ഇങ്ങ​നെ വി​സ്മൃ​തി​യു​ടെ പല സം​ഭ​വ​ങ്ങൾ കഥാ​കാ​രൻ കൊ​ണ്ടു​വ​രു​ന്നു. ഒടു​വിൽ, സം​ഭ​വ​ങ്ങൾ​ക്കു തമ്മിൽ ബന്ധ​മി​ല്ല, വ്യ​ക്തി​കൾ തമ്മിൽ ബന്ധ​മി​ല്ല എന്ന ദാർ​ശ​നിക സത്യം സൂ​ചി​പ്പി​ച്ചു​കൊ​ണ്ടു് അദ്ദേ​ഹം കഥ പരി​സ​മാ​പ്തി​യിൽ എത്തി​ക്കു​ന്നു. ഫാ​ന്റ​സി അടി​ച്ചേ​ല്പി​ച്ച വി​ര​സ​മായ കഥ​യാ​ണി​തു്. Fantastic Literature-​ൽപ്പെട്ട മാ​സ്റ്റർ​പീ​സു​കൾ അക്ബർ കക്ക​ട്ടിൽ വാ​യി​ച്ചാൽ ഞാ​നി​വി​ടെ പറ​ഞ്ഞ​തി​ന്റെ സത്യാ​ത്മ​കത അദ്ദേ​ഹ​ത്തി​നു് ഗ്ര​ഹി​ക്കാ​നാ​വും.

മാ​ധ​വി​ക്കു​ട്ടി
images/Cortazar.jpg
ഹ്വാ​ലി​യോ കോർ​ട്ടാ​സാർ

മൗ​ലി​കത എന്ന​തു് പുതിയ ആവി​ഷ്ക​രണ രീ​തി​യ​ല്ല, നവീ​ന​ത​യെ ലക്ഷ്യ​മാ​ക്കി​യു​ള്ള പ്ര​മേ​യ​ങ്ങ​ളു​ടെ കണ്ടു​പി​ടി​ത്ത​മ​ല്ല എന്നു നോബൽ സമ്മാ​നം നേടിയ ഐസ​ക്ക് ബാ​ഷേ​വി​സ് സി​ങ്ങർ പറ​ഞ്ഞി​ട്ടു​ണ്ടു്. അസാ​ധാ​ര​ണ​മായ ആർ​ജ്ജ​വ​ത്തോ​ടെ (sincerity) സ്വ​ന്തം രഹ​സ്യ​ചി​ന്ത​ക​ളേ​യും വി​ചി​ത്ര വാ​സ​ന​ക​ളേ​യും കലാ​സൃ​ഷ്ടി​ക​ളി​ലൂ​ടെ ആവി​ഷ്ക​രി​ക്കു​മ്പോ​ഴാ​ണു് മൗ​ലി​കത പ്ര​ദർ​ശി​പ്പി​ക്ക​പ്പെ​ടു​ന്ന​തു് (ക്നൂ​ട്ട് ഹാം​സൂ​ണി ന്റെ Hunger എന്ന നോ​വ​ലി​നു് സി​ങ്ങർ എഴു​തിയ അവ​താ​രിക). ഈ രീ​തി​യിൽ തി​ക​ഞ്ഞ മൗ​ലി​കത പ്ര​ക​ടി​പ്പി​ക്കു​ന്ന സി​ദ്ധി​ക​ളു​ള്ള കവി​യും കഥാ​കാ​രി​യു​മാ​ണു് മാ​ധ​വി​ക്കു​ട്ടി (കമ​ലാ​ദാ​സ്). മാ​ധ​വി​ക്കു​ട്ടി​ക്ക് സദൃ​ശ​യാ​യി മാ​ധ​വി​ക്കു​ട്ടി മാ​ത്ര​മേ​യു​ള്ളൂ സാ​ഹി​ത്യ​ത്തിൽ. വി​ശ്വ​സാ​ഹി​ത്യ​ത്തി​ന്റെ മാ​ന​ദ​ണ്ഡം കൊ​ണ്ടു് അള​ക്കു​മ്പോ​ഴും അവ​രു​ടെ കഥ​കൾ​ക്ക് പോ​രാ​യ്മ ഉണ്ടാ​കു​ന്നി​ല്ല. കാ​വ്യ​ങ്ങ​ളു​ടെ കാ​ര്യ​വും വി​ഭി​ന്ന​മ​ല്ല. അതു​കൊ​ണ്ടാ​ണു് വി​ഖ്യാ​ത​നായ നി​രൂ​പ​കൻ William Walsh (ലീ​ഡ്സ് സർ​വ്വ​ക​ലാ​ശാ​ല​യി​ലെ പ്രൊ​ഫ​സ്സർ) ഇങ്ങ​നെ എഴു​തി​യ​തു്: One of the most striking of the several women poets is Kamala Das who communicates a powerfully female sensibility in “An Introduction”. ഈ സെൻ​സി​ബി​ലി​റ്റി​യു​ടെ സ്വ​ഭാ​വം അന​തി​വി​സ്ത​ര​മാ​യി, എന്നാൽ സത്യാ​ത്മ​ക​മാ​യി വി. രാ​ജ​കൃ​ഷ്ണൻ വ്യ​ക്ത​മാ​ക്കു​ന്നു (മാ​തൃ​ഭൂ​മി ആഴ്ച​പ്പ​തി​പ്പി​ലെ ലേഖനം).

images/Kamaladas.jpg
മാ​ധ​വി​ക്കു​ട്ടി

അനു​ഗൃ​ഹീ​ത​യായ ഈ സാ​ഹി​ത്യ​കാ​രി​യെ ചിലർ കള്ള​ക്ക​ത്തു​കൾ അയ​ച്ചും ഐഡൻ​ഡി​റ്റി വ്യ​ക്ത​മാ​ക്കാ​തെ ഫോണിൽ കൂടെ പരുഷ വാ​ക്കു​കൾ പറ​ഞ്ഞും പീ​ഡി​പ്പി​ക്കു​ന്നു​വെ​ന്നു് അവ​രു​ടെ ഒരു​കാ​വ്യ​ത്തിൽ നി​ന്നു് നമ്മൾ മന​സ്സി​ലാ​ക്കു​ന്നു (മാ​തൃ​ഭൂ​മി–ലക്കം 9). പ്രി​യ​പ്പെ​ട്ട വാ​യ​ന​ക്കാർ ഒന്നാ​ലോ​ചി​ക്കൂ. നമ്മ​ളാ​രെ​ങ്കി​ലും ആർ​ക്കെ​ങ്കി​ലും കള്ള​ക്ക​ത്ത​യ​യ്ക്കു​മോ? ടെ​ലി​ഫോൺ കൈ​യി​ലെ​ടു​ത്താൽ നമ്മ​ളാ​രെ​ന്നു് സ്പ​ഷ്ട​മാ​ക്കാ​ന​ല്ലേ നമു​ക്ക് തി​ടു​ക്കം. നേ​ര​മ്പോ​ക്കി​നു് വല്ല കള്ള​വും വല്ല​പ്പോ​ഴും പറ​യു​മെ​ന്ന​ല്ലാ​തെ അന്യ​നെ വഞ്ചി​ക്കാൻ വേ​ണ്ടി അസ​ത്യ​പ്ര​സ്താ​വം നട​ത്തു​മോ? ഇല്ല. അതേ​സ​മ​യം നമ്മൾ തി​ക​ഞ്ഞ ലൗ​കി​ക​ന്മാ​രു​മാ​ണു്. ക്രി​സ്തു വോ ശ്രീ​രാ​മ​കൃ​ഷ്ണ പര​മ​ഹം​സ​നോ രമ​ണ​മ​ഹർ​ഷി യോ അല്ല നമ്മ​ളാ​രും. അപ്പോൾ കള്ള​ക്ക​ത്ത​യ​യ്ക്കു​ന്ന​വർ, ടെ​ലി​ഫോ​ണിൽ കൂടി തങ്ങ​ളാ​രെ​ന്നു് സ്പ​ഷ്ട​മാ​ക്കാ​തെ തെറി പറ​യു​ന്ന​വർ ഇവ​രൊ​ക്കെ അധ​മ​ന്മാ​രാ​ണെ​ന്ന​തു് സത്യം. ഇക്കൂ​ട്ട​രെ അവ​ഗ​ണി​ക്കു​ക​യാ​ണു് വേ​ണ്ട​തു്. എനി​ക്ക് കി​ട്ടു​ന്ന തെ​റി​ക്ക​ത്തു​കൾ ഒരു ക്ഷോ​ഭ​വും കൂ​ടാ​തെ ഞാൻ വാ​യി​ക്കു​ന്നു. ടെ​ലി​ഫോ​ണിൽ കൂടി തെ​റി​വി​ളി​ക്കു​ന്ന​വ​ന്റെ എല്ലാ അസ​ഭ്യ​പ​ദ​ങ്ങ​ളും ഞാൻ ക്ഷ​മ​യോ​ടെ കേൾ​ക്കു​ന്നു. “ചങ്ങാ​തീ, നി​ങ്ങൾ കോ​പി​ക്കു​ന്ന​തിൽ അർ​ത്ഥ​മി​ല്ല” എന്നു് ആ മനു​ഷ്യ​നോ​ടു് പറ​യു​ന്നു. പ്ര​തി​ഭാ​ശാ​ലി​നി​യായ മാ​ധ​വി​ക്കു​ട്ടി​യെ ഉപ​ദേ​ശി​ക്കാൻ എനി​ക്ക് അർ​ഹ​ത​യി​ല്ല. എങ്കി​ലും പറ​യു​ന്നു “ഈ മനു​ഷ്യാ​ധ​മ​ന്മാ​രെ അവ​ഗ​ണി​ക്കൂ”.

കു​തി​ര​യു​ടെ വാശി

‘ചക്കീ​ച​ങ്കര’മെന്ന ഹാ​സ്യ​നാ​ട​ക​ത്തി​ന്റെ കർ​ത്താ​വായ രാ​മ​ക്കു​റു​പ്പി​ന്റെ നേ​ര​മ്പോ​ക്കു​കൾ പ്ര​സി​ദ്ധ​ങ്ങ​ളാ​ണു്. കോ​ളേ​ജിൽ അദ്ധ്യാ​പ​ക​നാ​യി​രു​ന്ന അദ്ദേ​ഹം കാ​ല​ത്തു് വൈ​കി​യാ​ണു് എത്തി​യ​തു്. പ്രിൻ​സി​പ്പൽ സാ​യി​പ്പ് “എന്തേ താ​മ​സി​ച്ച​തു?” എന്നു ചോ​ദി​ച്ചു. “എന്തു പറയാൻ സാ​യ്പേ, വലിയ മഴ. ആറ​ന്നൂർ ഏല​യി​ലെ വര​മ്പിൽ ഒരടി മു​മ്പോ​ട്ടു വച്ചാൽ രണ്ട​ടി പു​റ​കോ​ട്ടു പോകും” എന്നു മറു​പ​ടി. “രണ്ട​ടി പി​റ​കോ​ട്ടു പോ​കു​മെ​ങ്കിൽ നി​ങ്ങൾ ഇവിടെ എങ്ങ​നെ എത്തി?” രാ​മ​ക്കു​റു​പ്പു് പറ​ഞ്ഞു: “ഞാൻ തി​രി​ഞ്ഞു നട​ന്നു.” ഇതു​പോ​ലൊ​രു കഥ ലങ്ക​യി​ലെ ഒരു വി​ദൂ​ഷ​ക​നെ​ക്കു​റി​ച്ച് ഞാൻ കേ​ട്ടി​ട്ടു​ണ്ടു്. രാ​ജാ​വി​ന്റെ കു​തി​ര​യെ ഉദ്യാ​ന​ത്തി​ലേ​ക്ക് കൊ​ണ്ടു വരാൻ കൊ​ട്ടാ​ര​ത്തി​ലു​ള്ള​വർ എത്ര ശ്ര​മി​ച്ചി​ട്ടും സാ​ധി​ച്ചി​ല്ല. കു​തി​ര​യെ മുൻ​പോ​ട്ടു തള്ളു​മ്പോൾ അതു് രണ്ട​ടി പു​റ​കോ​ട്ടു് പോകും. അപ്പോൾ രാ​ജ​ക​ല്പ​ന​യ​നു​സ​രി​ച്ച് വി​ദൂ​ഷ​ക​നെ​ത്തി. അയാൾ കു​തി​ര​യു​ടെ പൃ​ഷ്ഠം ഉദ്യാ​ന​ത്തി​ന്റെ നേർ​ക്ക് തി​രി​ച്ചു വച്ചു. എന്നി​ട്ടു് അതി​ന്റെ പു​റ​കു​വ​ശ​ത്തു് തള്ളി. ഓരോ തവണ തള്ളു​മ്പോ​ഴും കുതിര രണ്ട​ടി പു​റ​കോ​ട്ടു വരും. ഇങ്ങ​നെ പല തവണ തള്ളി​യ​പ്പോൾ കുതിര ഉദ്യാ​ന​ത്തി​ലെ​ത്തി. കഥാ​ശ്വ​ത്തെ പി​റ​കോ​ട്ടു തള്ളു​ന്ന വ്യ​ക്തി​യാ​ണു് ഹബീബ് വല​പ്പാ​ടു്. തള്ളി​ത്ത​ള്ളി അദ്ദേ​ഹം അതിനെ എക്സ്പ്ര​സ്സ് വാ​രി​ക​യിൽ കൊ​ണ്ടു് നി​റു​ത്തി​യി​രി​ക്കു​ന്നു. ഒരു വി​വാ​ഹിത കു​ഞ്ഞോ​ടു കൂടി എന്നും ഗേ​റ്റിൽ വന്നു നിൽ​ക്കു​ന്നു. ഒരു​ത്തൻ പതി​വാ​യി കു​ഞ്ഞി​നു് മു​ട്ടാ​യി കൊ​ടു​ക്കു​ന്നു. അതിൽ പ്ര​തി​ഷേ​ധ​മു​ണ്ടെ​ങ്കി​ലും അവൾ​ക്ക് ഗേ​റ്റിൽ വന്നു നി​ല്ക്കാ​തി​രി​ക്കാൻ കഴി​യു​ന്നി​ല്ല. മു​ട്ടാ​യി കൊ​ടു​ക്കു​ന്ന​വൻ കു​ഞ്ഞി​ന്റെ കവി​ളിൽ തലോ​ടി​യി​ട്ടാ​ണു് പോ​യ​തു്. അവൾ സ്വ​ന്തം കവിൾ തട​വി​ക്കൊ​ണ്ടു് പു​ഞ്ചി​രി തൂകി പോലും. വി​മർ​ശ​നം അർ​ഹി​ക്കാ​ത്ത വിധം ബാ​ലി​ശ​മായ കഥ; ക്ഷു​ദ്ര​മായ കഥ. പൂ​ന്തോ​ട്ട​ത്തി​ലാ​ണു് ഈ കു​തി​ര​യു​ടെ നിൽ​പ്പു്. നമ്മൾ ഒന്നു തള്ളി​യാൽ മതി, രണ്ട​ടി കൂടെ പു​റ​കോ​ട്ടു് വച്ച് അതു് വാ​രി​ക​യു​ടെ താളിൽ നി​ന്നു് പു​റ​ത്താ​കും. സം​സ്കാ​ര​ത്തെ സ്നേ​ഹി​ക്കു​ന്ന​വ​രു​ണ്ടെ​ങ്കിൽ വരൂ. നമു​ക്ക് കു​തി​ര​യെ തള്ളാം.

വലിയ കാ​ര്യ​ങ്ങൾ മാ​ത്രം

ഞാൻ എറ​ണാ​കു​ള​ത്തു​നി​ന്നു് തി​രു​വ​ന​ന്ത​പു​ര​ത്തേ​യ്ക്ക് വരി​ക​യാ​യി​രു​ന്നു. എക്സ്പ്ര​സ്സ് ബസ്സ് കോ​ട്ട​യം ബസ്സ് സ്റ്റേ​ഷ​നിൽ വന്നു നി​ന്ന​പ്പോൾ പലരും ബസ്സിൽ കയറാൻ ശ്ര​മി​ച്ചു. കണ്ട​ക്ടർ “സ്ഥ​ല​മി​ല്ല സ്ഥ​ല​മി​ല്ല” എന്നു് മൊ​ഴി​യാ​ടി​നി​ന്നു. അപ്പോൾ ഒരു തടിയൻ അതി​സു​ന്ദ​രി​യായ ഒരു കൃ​ശ​ഗാ​ത്രി​യു​മാ​യി എത്തി. അയാൾ ബസ്സിൽ കയറാൻ ശ്ര​മി​ച്ച​പ്പോൾ “തന്നോ​ട​ല്ലേ സ്ഥ​ല​മി​ല്ല എന്നു പറ​ഞ്ഞ​തു്” എന്നാ​യി കണ്ട​ക്ടർ. അയാൾ ഇളി​ഭ്യ​നാ​യി പിൻ​മാ​റി​യ​പ്പോൾ അതി​സു​ന്ദ​രി Let us try എന്നു തേ​ന്മൊ​ഴി ഉതിർ​ത്തു​കൊ​ണ്ടു് “ഞങ്ങ​ളെ​ക്കൂ​ടി കൊ​ണ്ടു​പോ​കു​മോ?” എന്നു് ചി​രി​ചൊ​രി​ഞ്ഞു ചോ​ദി​ച്ചു. കണ്ട​ക്ടർ ആ തേനിൽ അലി​ഞ്ഞ​ലി​ഞ്ഞു് ഇല്ലാ​തെ​യാ​യി. “വരൂ” എന്നു​മാ​ത്രം ശബ്ദം. രണ്ടു​പേ​രും അക​ത്തു​ക​യ​റി ഇരി​പ്പാ​യി. അതി​സു​ന്ദ​രി​ക്കു കണ്ട​ക്ട​റു​ടെ സീ​റ്റ്. ടി​ക്ക​റ്റി​ന്റെ പണ​ത്തി​നു് കണ്ട​ക്ടർ കൈ​നീ​ട്ടി​യ​പ്പോൾ തടിയൻ പേ​ഴ്സെ​ടു​ക്കാൻ ശ്ര​മി​ക്കു​ക​യാ​യി. പേ​ഴ്സ് ഒരു പൊ​തി​ക്കെ​ട്ടി​ന​ക​ത്താ​ണു്. നൂ​ല​ഴി​ക്കാൻ അയാൾ പത്തു​മി​നി​ട്ട് യത്നി​ച്ചി​ട്ടും പറ്റി​യി​ല്ല. ഒടു​വിൽ വലി​ച്ചു​പൊ​ട്ടി​ക്കാൻ ശ്ര​മി​ച്ചു, പൊ​ട്ടു​ന്നി​ല്ലെ​ന്നു കണ്ട​പ്പോൾ നൂലു് കടി​ച്ചു​മു​റി​ക്കാൻ തു​ട​ങ്ങി. അവൾ അതു കണ്ടു. പൊതി കൈയിൽ വാ​ങ്ങി. നെയ്ൽ പോ​ളി​ഷ് ഇട്ട വി​ര​ലു​കൾ -- ലോ​ലാം​ഗു​ലി​കൾ – മൃ​ദു​ല​മാ​യി ചലനം കൊ​ണ്ടു. നൂ​ല​ഴി​ഞ്ഞു. പൊതി തു​റ​ന്നു. പേ​ഴ്സ് പു​റ​ത്താ​യി. എല്ലാം​കൂ​ടി ഒരു മി​നി​റ്റ് വേ​ണ്ടി​വ​ന്നു. ഇതാ​ണു് സ്ത്രീ​യു​ടെ വൈ​ദ​ഗ്ദ്യം. പു​രു​ഷൻ മേ​ശ​പ്പു​റം അല​ങ്കോ​ല​മാ​ക്കി ഇട്ടി​രി​ക്കു​ന്നു. സ്ത്രീ വന്നു് രണ്ടു നി​മി​ഷം കൊ​ണ്ടു് എല്ലാം അടു​ക്കി വയ്ക്കു​ന്നു. മേ​ശ​പ്പു​റം കാ​ന്തി ചി​ന്തു​ന്നു; ഒപ്പം അവ​ളു​ടെ സ്നേ​ഹ​വും. ഇതാ​ണു് ചെറിയ കാ​ര്യ​ത്തി​ല​ട​ങ്ങിയ വലിയ കാ​ര്യം.

ഡി. സി. ചെറിയ കാ​ര്യ​ങ്ങൾ എന്നു തല​ക്കെ​ട്ടെ​ഴു​തി വലിയ കാ​ര്യ​ങ്ങൾ​മാ​ത്രം പറ​യു​ന്നു. അദ്ദേ​ഹം പ്ര​ധാ​ന​മ​ന്ത്രി​യെ കണ്ടു​സം​സാ​രി​ച്ചു. ഇന്ത്യൻ പ്ര​സി​ഡ​ന്റി​നോ​ടൊ​രു​മി​ച്ചു് “അര​മ​ണി​ക്കൂർ ചെ​ല​വ​ഴി​ച്ചു.” കേരള ഹൗസിൽ 623 രൂ​പ​യാ​ണു് ‘പേ’ ചെ​യ്യേ​ണ്ട​തു്. ട്രാ​വ​ലേ​ഴ്സ് ചെ​ക്ക് അദ്ദേ​ഹം കൊ​ടു​ക്കു​ന്നു. സ്വീ​ക​രി​ക്കു​ന്നി​ല്ല. ഹൗ​സി​ന്റെ അധി​കാ​രി​യായ ഡോ​ക്ടർ വെ​ങ്കി​ട്ട​നാ​രാ​യ​ണൻ തന്റെ സു​ഹൃ​ത്താ​ണെ​ന്നു് “ഒരു വശ​ത്തി​നു്” അറി​യി​ക്കു​ന്നു. കൂ​ടാ​തെ രണ്ടു മൂ​ന്നു ഫോൺ​കാ​ളു​ക​ളും നട​ത്തു​ന്നു. ഹൗ​സി​ലെ ജോ​ലി​ക്കാ​രൻ പേ​ടി​ച്ചു. അയാൾ ഡി. സി.-യുടെ ട്രാ​വ​ലേ​ഴ്സ് ചെ​ക്കു് വാ​ങ്ങി. ജയ​ഭേ​രി കേ​ട്ടാ​ലും: “അങ്ങ​നെ കേ​ര​ള​ഹൗ​സി​ന്റെ ചരി​ത്ര​ത്തിൽ ആദ്യം വാ​ങ്ങിയ ട്രാ​വ​ലെ​ഴ്സ് ചെ​ക്ക് എന്റേ​താ​വ​ണം.” ഡി. സി. ബോ​യൊ​ങ്ങിൽ കയറി; അദ്ദേ​ഹം വന്നു നി​ന്നി​ട്ടും ലേ​റ്റാ​യി എത്തിയ ബോ​യി​ങ്. ടി​ക്ക​റ്റ് ഒ. കെ. ആക്കി​യി​ല്ല. ഇതെ​നി​ക്കു് മന​സ്സി​ലാ​യി​ല്ല. ട്രാൻ​പോർ​ട്ട് ബസിലെ നാ​ല്പ​തു പൈ​സ​യു​ടെ മഞ്ഞ ടി​ക്ക​റ്റ് മാ​ത്രം കണ്ടി​ട്ടു​ള്ള എനി​ക്കെ​ങ്ങ​നെ മന​സ്സി​ലാ​കും? മൂ​ന്നു മണി​ക്കൂ​റും മൂ​ന്നു ഭക്ഷ​ണ​വും കഴി​ഞ്ഞ​പ്പോൾ ഡി. സി. കൊ​ച്ചി​യി​ലെ​ത്തി. ഇതൊ​ക്കെ ചെറിയ കാ​ര്യ​മ​ല്ല, വലിയ കാ​ര്യ​മാ​ണു്. അതു​കൊ​ണ്ടു് കൂ​ങ്കു​മ​ത്തി​ലെ പം​ക്തി​യു​ടെ തല​ക്കെ​ട്ടു് ‘വലിയ കാ​ര്യ​ങ്ങൾ മാ​ത്രം’ എന്നു മാ​റ്റി​യാൽ നന്നാ​യി​രി​ക്കും. അതി​സു​ന്ദ​രി സീ​റ്റ് നേ​ടി​യ​തി​ലും പൊതി ഒരു നി​മി​ഷം​കൊ​ണ്ട​ഴി​ച്ചു് പേ​ഴ്സ് എടു​ത്ത​തി​ലും അവ​ളു​ടെ വി​ദ​ഗ്ദ്ധത ഞാൻ കണ്ടു. ഡി. സി. വർ​ണ്ണി​ക്കു​ന്ന കാ​ര്യ​ങ്ങ​ളിൽ നി​ന്നു് എനി​ക്കു് എന്തു കാണാൻ കഴി​ഞ്ഞു?

വി​വി​ധ​വി​ഷ​യ​കം

ഭാ​ഗ്യം എന്ന​തു് ജീ​വി​ത​ത്തി​ലെ പ്ര​ധാ​ന​ഘ​ട​ക​മാ​ണെ​ന്നു് കെ. എം. തരകൻ പറ​യു​ന്ന​തി​നോ​ടു് ഞാനും യോ​ജി​ക്കു​ന്നു. അല്ലെ​ങ്കിൽ എം. എസ്സി ഒന്നാം​ക്ലാ​സിൽ ജയി​ച്ച ഒരു ക്ലാർ​ക്കി​നെ ബു​ദ്ധി​ശ​ക്തി​യി​ല്ലാ​ത്ത മേ​ലു​ദ്യോ​ഗ​സ്ഥൻ ഭരി​ക്കു​ന്ന​തെ​ങ്ങ​നെ? (തര​ക​ന്റെ ലേഖനം മനോരമ ആഴ്ച​പ്പ​തി​പ്പിൽ.)

images/DrGeorgeOnakkoor.jpg
ഡോ​ക്ടർ ജോർ​ജ്ജ് ഓണ​ക്കൂർ

ഖസാ​ക്കി​ന്റെ ഇതി​ഹാസ’ത്തെ അതർ​ഹി​ക്കു​ന്ന രീ​തി​യിൽ പ്ര​ശം​സി​ച്ചി​ട്ടു് ഡോ​ക്ടർ ജോർ​ജ്ജ് ഓണ​ക്കൂർ പറ​യു​ന്നു ആ നോ​വ​ലിൽ കാ​ണു​ന്ന​തു് പടി​ഞ്ഞാ​റൻ ദി​ക്കി​ലെ നി​ഷേ​ധ​മ​ല്ലെ​ന്നു്. ഭാ​ര​തീ​യ​ദർ​ശ​ന​ത്തി​ന്റെ സത്ത​യായ നൈ​ര​ന്ത​ര്യ​ബോ​ധ​മാ​ണു് നോ​വ​ലി​ലു​ള്ള​തെ​ന്നും. ഇതു ശരി​യാ​ണു്. ഇതിനു യോ​ജി​ച്ച മട്ടിൽ ചാ​ക്രി​ക​കാല സങ്ക​ല്പ​വും ഒ. വി. വിജയൻ സ്വീ​ക​രി​ച്ചി​രി​ക്കു​ന്നു. (ലേഖനം ഗ്ര​ന്ഥ​ലോ​കം മാ​സി​ക​യിൽ)

ലോ​ക​ഗു​രു
images/RomLandau.jpg
റൊം ലൻഡൗ

ആദ്ധ്യാ​ത്മിക വി​ഷ​യ​ങ്ങ​ളിൽ തല്പ​ര​ത്വ​മു​ള്ള​വർ വാ​യി​ച്ചി​രി​ക്കേ​ണ്ട ഒരു പു​സ്ത​ക​മു​ണ്ടു് ഇം​ഗ്ലീ​ഷിൽ: റൊം ലൻഡൗ എഴു​തിയ God is my Adventure. ആ ഗ്ര​ന്ഥ​ത്തിൽ ജെ. കൃ​ഷ്ണ​മൂർ​ത്തി യു​മാ​യി ലൻഡൗ നട​ത്തിയ കൂ​ടി​ക്കാ​ഴ്ച​യു​ടെ ചേ​തോ​ഹ​ര​മായ വി​വ​ര​ണ​മു​ണ്ടു്. കൃ​ഷ്ണ​മൂർ​ത്തി ലൻ​ഡൗ​വി​നോ​ടു പറ​ഞ്ഞു: “സത്യം അമൂർ​ത്ത​മ​ല്ല. അതു തത്ത്വ​ചി​ന്ത​യോ ഗൂ​ഢാ​ചാ​ര​മോ മി​സ്റ്റി​സി​സ​മോ അല്ല. അതു ദൈ​നം​ദിന ജീ​വി​ത​മാ​ണു്. നമു​ക്കു ചു​റ്റു​മു​ള്ള ജീ​വി​ത​ത്തി​ന്റെ അർ​ത്ഥ​വും ജ്ഞാ​ന​വും ദർ​ശി​ക്ക​ലാ​ണ​തു്.” ഈ വി​ധ​ത്തി​ലു​ള്ള സത്യ​ത്തി​ന്റെ അന്വേ​ഷ​ക​നാ​ണു് മഹാ​നായ കൃ​ഷ്ണ​മൂർ​ത്തി. അദ്ദേ​ഹ​ത്തി​നു തൊ​ണ്ണൂ​റു​വ​യ​സ്സു തി​ക​ഞ്ഞു. ഈ സന്ദർ​ഭ​ത്തിൽ, കൃ​ഷ്ണ​മൂർ​ത്തി​യു​ടെ പല പ്ര​ഭാ​ഷ​ണ​ങ്ങ​ളും നേ​രി​ട്ടു കേ​ട്ടി​ട്ടു​ള്ള ഇ. വി. ശ്രീ​ധ​രൻ, അദ്ദേ​ഹ​ത്തി​ന്റെ ആശ​യ​ങ്ങ​ളെ അസ​ങ്കീർ​ണ്ണ​മാ​യി നമു​ക്കു വി​വ​രി​ച്ചു​ത​രു​ന്ന ഈ ലോ​ക​ഗു​രു​വി​നെ​ക്കു​റി​ച്ചു് ഇങ്ങ​നെ​യൊ​രു പ്ര​ബ​ന്ധം എഴു​തി​യ​തു് നന്നാ​യി. അദ്ദേ​ഹ​ത്തി​ന്റെ പ്ര​ഭാ​ഷ​ണ​ങ്ങ​ളിൽ​നി​ന്നും ചില ഭാ​ഗ​ങ്ങൾ തർ​ജ്ജ​മ​ചെ​യ്തു് നല്കി​യ​തും ഉചി​ത​ജ്ഞ​ത​യു​ള്ള കൃ​ത്യം​ത​ന്നെ.

images/JidduKrishnamurti.jpg
ജെ. കൃ​ഷ്ണ​മൂർ​ത്തി

ഇവി​ടെ​യൊ​രു സംശയം. കൃ​ഷ്ണ​മൂർ​ത്തി​ക്കു് തൊ​ണ്ണൂ​റു വയ​സ്സു തി​ക​ഞ്ഞോ? ലൻഡൗ അദ്ദേ​ഹ​ത്തോ​ടു വയ​സ്സെ​ത്ര​യാ​യി എന്നു ചോ​ദി​ച്ചു. അതി​ന്റെ മറു​പ​ടി: I can’t tell. In India, age matters less than in the west, and records of age are not kept. According to my passport, I was born in 1897. But I can’t vouch for the accuracy of this (Chapter 12).

കാ​ളി​ദാ​സ​ന്റെ കാലം നമ്മു​ടെ ഇന്ന​ത്തെ കാ​ല​മെ​ന്ന​പോ​ലെ ക്രൂ​ര​വും ജു​ഗു​പ്സാ​വ​ഹ​വു​മാ​യി​രു​ന്നി​രി​ക്കും. പക്ഷേ നമ്മ​ള​തു് അറി​യു​ന്നി​ല്ല. ‘മേ​ഘ​സ​ന്ദേ​ശം’, ‘ശാ​കു​ന്ത​ളം’, ‘രഘു​വം​ശം’ ഈ കാ​വ്യ​മ​യൂ​ര​ങ്ങൾ പീ​ലി​വി​ടർ​ത്തി നി​ന്നാ​ടു​ന്ന​തേ നമ്മൾ കാ​ണു​ന്നു​ള്ളൂ. സൗ​ന്ദ​ര്യം മാ​ത്ര​മേ ദർ​ശി​ക്കു​ന്നു​ള്ളൂ. അതാ​ണു് കല​യു​ടെ ശക്തി.

Colophon

Title: Sāhityavāraphalam (ml: സാ​ഹി​ത്യ​വാ​ര​ഫ​ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1985-06-02.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ​ഹി​ത്യ​വാ​ര​ഫ​ലം, എം കൃ​ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 24, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: Anupa Ann Joseph; Digitizer: KB Sujith; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.