സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1985-07-14-ൽ പ്രസിദ്ധീകരിച്ചതു്)

images/Thakazhi.jpg
തകഴി ശിവശങ്കരപ്പിള്ള

ശാരദ യുടെ ലജ്ജ പുരണ്ട കണ്ണുകൾ ഷീല യ്ക്ക് ഇല്ലാത്തതെന്താണു്? ഷീലയുടെ നടത്തത്തിന്റെ മാദകത്വം സീമ യ്ക്ക് ഇല്ലാത്തതെന്നതാണു്? ബുദ്ധിശൂന്യങ്ങളായ ചോദ്യങ്ങളാണിവ. ഓഴ്സൺ വെൽസ്, മക്‍ബത്താ യി അഭിനയിക്കുമ്പോൾ ജനിക്കുന്ന ഉദാത്തമായ അനുഭൂതി പൃഥ്വിരാജ്, അലക്സാണ്ടറായി അഭിനയിക്കുമ്പോൾ ജനിക്കാത്തതെന്തു് എന്ന ചോദ്യത്തിനും സാംഗത്യമില്ല. ഓരോ വ്യക്തിക്കും സവിശേഷതയുണ്ടു്. ആ സവിശേഷത അവർ പ്രദർശിപ്പിക്കുമ്പോൾ ആളുകൾ ആഹ്ലാദിക്കുന്നുവെന്നേയുള്ളു. സാഹിത്യത്തെ സംബന്ധിച്ചും ഇതു ശരിയാണു്. തകഴി ശിവശങ്കരപ്പിള്ള സി.വി. രാമൻപിള്ള യെപ്പോലെ എഴുതണം എന്നു് അഭിപ്രായപ്പെടുന്നതിൽ ഒരർത്ഥവുമില്ല. ഈ സത്യം സിതോപലം പോലെ തെളിഞ്ഞതാണു്. അതിനാൽ പടിഞ്ഞാറൻ സാഹിത്യകാരന്മാരെപ്പോലെ കേരളത്തിലെ സാഹിത്യകാരന്മാർ എഴുതണം എന്നാരും പറയുകയില്ല. ഈ ലേഖകൻ അങ്ങനെ ഒരിക്കലും പറഞ്ഞിട്ടില്ല. കലാശൂന്യമായ ഒരു കഥയുടെ വൈരൂപ്യം വ്യക്തമാക്കാൻ കലാത്മകമായ ഒരു പടിഞ്ഞാറൻ കഥയുടെ സൗന്ദര്യം എടുത്തുകാണിച്ചിട്ടുണ്ടു്. ആ താരതമ്യവിവേചനമില്ലാതെ സാഹിത്യാസ്വാദനം സാദ്ധ്യമല്ല തന്നെ. എന്റെ വീട്ടിലിരിക്കുന്ന പുഷ്പഭാജനത്തിലെ പുഷ്പങ്ങളുടെ സംവിധാനം നന്നായില്ല എന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ? ഉണ്ടെങ്കിൽ, അതിനു ഹേതു നിങ്ങളുടെ വീട്ടിലെ പുഷ്പസംവിധാനം രമണീയമാണു് എന്നതത്രേ. റ്റോമാസ് മാനി ന്റെ ‘ബുഡ്ഡൻബ്രോക്ക്സ്’ എന്ന നോവൽ മഹനീയമാണു്. കേശവദേവി ന്റെ ‘അയൽക്കാർ’ മോശമായ നോവലാണെന്നു് എനിക്കു തോന്നുന്നതു് ഞാൻ ബുഡ്ഡൻ ബ്രോക്ക്സ് വായിച്ചു് അതിന്റെ ഔജ്ജ്വല്യം കണ്ടറിഞ്ഞു എന്നതാണു്. വിവാഹം കഴിഞ്ഞു: ആദ്യരാത്രി, വരൻ വധുവിനോടു് “തങ്കം, ജയഭാരതിയെപ്പോലെ ചിരിക്കൂ” എന്നു ആവശ്യപ്പെട്ടാൽ അയാൾ ഫൂളാണു്.

സൗരഭ്യം കൂടുമ്പോൾ

സൗരഭ്യത്തിന്റെ തീക്ഷ്ണസ്വഭാവമുണ്ടു് ഗൾഫ് രാജ്യങ്ങളിൽ നിന്നു വരുന്ന സെന്റുകൾക്കു്. അതുകൊണ്ടു് ഒരു ഫോറിൻ പെർഫ്യൂമും എനിക്കു് സഹിക്കാനാവില്ല. താമരപ്പൂവിന്റെയോ റോസാപ്പൂവിന്റെയോ പരിമളത്തിനു ഹൃദ്യതയുണ്ടു്. എന്നാൽ ആ പരിമളത്തിന്റെ തീക്ഷ്ണത വർദ്ധിപ്പിക്കു. ആ മണം അപ്പോൾ അസഹനീയമാവും. ഷർട്ടും പാന്റ്സുമൊക്കെ മനുഷ്യനു വേണം. നിറമുള്ള സാരി സ്ത്രീയുടെ സൗന്ദര്യം കൂട്ടും. എന്നാൽ അറേബ്യൻ കടലു കടന്നു് തിരിച്ചുവരുന്ന ചില മലയാളികൾ കോമാളിവേഷം കെട്ടി നടക്കുമ്പോൾ വിവേകമുള്ളവർ പുച്ഛിക്കും. വിദേശവസ്തുക്കളോടുള്ള താല്പര്യത്താൽ നമ്മുടെ സ്ത്രീകൾ വർണ്ണോജ്ജ്വലങ്ങളായ സാരികൾ ഉടുക്കുമ്പോൾ അവരുടെ സൗന്ദര്യം ഇല്ലാതാവുന്നു. കാഴ്ചക്കാർക്കു പുച്ഛവും, ‘സാർടോറിയിൽ സ്പ്ലെൻഡർ’—വേഷവിധാനത്തെ സംബന്ധിച്ച ഉജ്ജ്വലത പരിഹാസജനകമാണു്. ആഭരണം ഭംഗി വർദ്ധിപ്പിക്കും. പക്ഷേ, തെക്കൻതിരുവിതാംകൂറിലെ – ഇപ്പോഴത്തെ തമിഴ്‌നാട്ടിലെ – ചില പെണ്ണുങ്ങളെപ്പോലെ ആഭരണക്കടയായി നടക്കാനാണു് ഭാവമെങ്കിലോ? കാർക്കിച്ചു തുപ്പാൻ തോന്നും. ചുരുക്കത്തിൽ; ഒന്നും അതിരു കടക്കരുതു്. വികാരം അതിന്റെ പാകത്തിനു വീഴട്ടെ കഥയിലും കവിതയിലും, നന്നു്. അതിരു ലംഘിച്ചാൽ അപഹാസ്യമാവും സംശയമില്ല. വികാരത്തിന്റെ ഈ അതിരുകടക്കലിനെയാണു് അതിഭാവുകത്വം എന്നു വിളിക്കുന്നതു്. ഈ അതിഭാവുകത്വമാണു ‘കളിപ്പാട്ടങ്ങൾ’ എന്ന ചെറുകഥയുടെ മുദ്ര (കുങ്കുമം വാരിക, ബി. അശോക് കുമാർ) രണ്ടാമത്തെ വിവാഹത്തിനു വേണ്ടി പ്രഥമ വിവാഹത്തിന്റെ ഫലമായ കുഞ്ഞിനെ അനാഥാലയത്തിലാക്കിയിട്ടു് അമ്മ വിദേശത്തു പോകുന്നു. രണ്ടാമത്തെ ഭർത്താവുമായി നാലുവർഷം അവിടെ താമസിച്ചിട്ടു് തിരിച്ചു നാട്ടിലെത്തുന്നു. കുട്ടിയെക്കാണാൻ അനാഥാലയത്തിൽ അവൾ എത്തുന്നു. മകനെ കാണിച്ചുകൊടുക്കാമെന്നു പറഞ്ഞു് വളരെദൂരം അവളെ നടത്തിക്കുന്നു അനാഥാലയത്തിലെ ഫാദർ. ഒടുവിൽ ഒരു ശവക്കുഴിയുടെ അടുത്തു് അവളെ എത്തിച്ചിട്ടു് ഇതാ നിന്റെ മകൻ എന്നോ മറ്റോ പറയുന്നു. ശബരിമലയിൽ പോകുന്നവർ അങ്ങു ദൂരെയിരിക്കുന്ന ശാസ്താവിനു കേൾക്കാൻവേണ്ടി “സ്വാമിയേ അയ്യപ്പോ” എന്നു ഉറക്കെ വിളിക്കുന്നതു പോലെ തൊണ്ട പൊട്ടുമാറു് വിളിക്കുകയാണു് കഥാകാരൻ. എന്റെ ഈ ‘കഥാസാമഗ്രികൾ വാങ്ങൂ’ എന്നാണു് അദ്ദേഹത്തിന്റെ നിലവിളി. പ്ലാസ്റ്റിക് സാധനങ്ങൾ വഴിവക്കിൽ നിരത്തിയിട്ടു് കച്ചവടക്കാരൻ ഏതെടുത്താലും ഒരു രൂപ എന്നു നിലവിളിക്കാറില്ലേ. ഭക്തിയുള്ളവൻ ഉറക്കെ ശരണം വിളിക്കില്ല. വില്പനവസ്തുക്കളുടെ നന്മയിൽ വിശ്വാസമുള്ളവൻ ഏതു വസ്തുവിനും ഒരുരൂപ എന്നു പറയുകയില്ല. അതിഭാവുകത്വം അസത്യമാണു്. അസത്യം വിറ്റേതീരൂ കഥാകാരനു്. അദ്ദേഹം ഉറക്കെ വിളിക്കുന്നു. മാറിനടക്കൂ സാഹിത്യപലത്തിൽ സഞ്ചരിക്കുന്നവരേ.

images/Allenginsberg1.jpg
ഗിൻസ് ബർഗ്ഗ്

വിശ്വവിഖ്യാതനായ ഹെർബർട്ട്റീഡ് An extraordinary book എന്ന Prose style of astonishing beauty എന്നും വാഴ്ത്തിയ The Journals of Anais Nin എന്ന പുസ്തകത്തിൽ (ആറു് വാല്യങ്ങൾ) അമേരിക്കൻ കവി ഗിൻസ് ബർഗ്ഗി ന്റെ ഒരു അസാധാരണമായ പെരുമാറ്റത്തെക്കുറിച്ചു പറഞ്ഞിട്ടുണ്ടു്. ഗിൻസ്ബർഗ്ഗ് തന്റെ പ്രഖ്യതമായ Howl എന്ന കാവ്യം വായിക്കുകയായിരുന്നു. കേൾക്കാനെത്തിയവരിൽ നിന്നു് ഒരാൾ എഴുന്നേറ്റു് കവിയോടു ചോദിച്ചു: “ചേരിപ്രദേശങ്ങളെക്കുറിച്ചു് നിങ്ങൾ എഴുതുന്നതെന്തിനു്? നമുക്കു് അതു് ആവശ്യത്തിലധികമായി ഉണ്ടല്ലോ.” ഗിൻസ്ബർഗ്ഗ് കോപത്താൽ ഭ്രാന്തനായി. അദ്ദേഹം ധരിച്ചിരുന്ന ഓരോന്നും വാരി ദൂരെയെറിഞ്ഞു്. പൂർണ്ണ നഗ്നനായി നിന്നു. തന്നെപ്പോലെ വികാരവും ആത്മാവും നഗ്നമാക്കിക്കാണിക്കാൻ അദ്ദേഹം ചോദ്യകർത്താവിനെ വെല്ലുവിളിച്ചു. “ഇവിടെവന്നു് ആളുകളുടെ മുൻപിൽ നഗ്നനായിനിൽക്കു…കവി എപ്പോഴും ലോകത്തിന്റെ മുൻപിൽ നഗ്നനായി നിൽക്കുകയാണു്.” ചോദ്യകർത്താവു് ‘സ്ഥലംവിടാൻ’ ഒരുമ്പെട്ടപ്പോൾ ഗിൻസ്ബർഗ്ഗ് വീണ്ടും പറഞ്ഞു: “താൻ അനുഭവിക്കുന്നതു് നഗ്നമായി പ്രദർശിപ്പിക്കുന്ന കവിയെ അപമാനിക്കാൻ ആരെങ്കിലും ധൈര്യപ്പെടുമോ എന്നു കാണട്ടെ” ആളുകൾ ചോദ്യം ചോദിച്ചയാളിനെ കൂവി അയാൾ പോകുന്നതുവരെ കൂവി. അവർകൾ വസ്ത്രങ്ങൾ എറിഞ്ഞുകൊടുത്തു ഗിൻസ്ബർഗ്ഗിനു്. എന്നിട്ടും അദ്ദേഹം അവയെടുത്തു് ധരിച്ചില്ല. കവിയുടെ ഈ പ്രവൃത്തിയെ നീതിമത്കരിക്കുന്ന മട്ടിലാണു് അനൈസ് നീൻ എഴുതുന്നതു്. സംസ്കാരശൂന്യമായ നാട്ടിൽ സംസ്കാരരഹിതരായ കുറെ സാഹിത്യകാരന്മാർ! ഒരാൾ ഒരു ചോദ്യം ചോദിച്ചാൽ ട്രൗസേഴ്സ് അഴിച്ചു കാണിക്കുകയാണോ വേണ്ടതു്? അയാൾ കവിയായാലെന്തു്? അല്ലെങ്കിലെന്തു്? എങ്കിലും കലാകാരൻ ആത്മാവിനെ അതിഭാവുകത്വത്തിന്റെ കഞ്ചുകമണിയിക്കാതെ നഗ്നമാക്കി കാണിക്കേണ്ടതാണു് എന്ന ആശയത്തോടു ഞാൻ യോജിക്കുന്നു (The Journals of Anais Nin, Vol VI, Quartet Books, London, PP. 64, 65.).

കനേറ്റിയും ബഷീറും
images/CVRamanPillai.jpg
സി. വി. രാമൻപിള്ള

ഐൻസ്റ്റൈന്റെ ആപേക്ഷികതാസിദ്ധാന്തം ഡൊൽറ്റന്റെ അറ്റോമിക്‍ സിദ്ധാന്തത്തെക്കാൾ മഹനീയമാണു്. ടാഗോറി ന്റെ ‘ഗീതാഞ്ജലി’ അദ്ദേഹത്തിന്റെ ‘ഉദ്യാനപാലക’നെക്കാൾ മഹനീയമാണു്. സി.വി. രാമൻപിള്ള യുടെ ‘മാർത്താണ്ഡവർമ്മ’യെക്കാൾ മഹനീയം ‘ധർമ്മരാജാ’; ധർമ്മരാജായെക്കാൾ മഹനീയം ‘രാമരാജാ ബഹദൂർ.’ മഹത്ത്വത്തിന്റെ മാനദണ്ഡം ഉൾക്കാഴ്ചയാണു്. എത്രകണ്ടു പ്രതിപാദ്യവിഷയത്തിന്റെ അഗാധതയിലേക്കു ചെല്ലാൻ കലാകാരനു കഴിയുമോ അത്രകണ്ടു് കലാസൃഷ്ടിയുടെ മഹത്ത്വം കൂടും. ഉൾക്കാഴ്ചയും ഗഹനതയും വിഷയത്തിന്റെ ഔജ്ജ്വല്യവും ‘യുദ്ധവും സമാധാനവും’ എന്ന നോവലിനു് മഹത്ത്വമെന്ന ഗുണം നല്കുന്നു. ഹെല്ലറു ടെ Catch-22 എന്ന നോവലിൽ ഈ ഗുണങ്ങളില്ല. അതിനാൽ അതു മഹനീയമായ കൃതിയല്ല. സങ്കീർണ്ണതയും രൂപശില്പത്തിന്റെ അന്യാദൃശസ്വഭാവവും കലാശില്പത്തിനു മഹത്ത്വം നൽകുന്നു.

images/EliasCanetti2.jpg
ഈല്യാസ് കനേറ്റി

ധൈഷണിക ജീവിതം നയിച്ച ഒരു വിയന്നാക്കാരന്റെ ദുരന്തം ചിത്രീകരിച്ചു് “ഇന്റലക്വച്ചൽസി”ന്റെയാകെയുള്ള ദുരന്തത്തെ വ്യജ്ഞിപ്പിക്കുന്ന ‘Auto da Fe’ എന്ന നോവൽ (1981-ൽ നോബൽ സമ്മാനം നേടിയ ഈല്യാസ് കനേറ്റി എഴുതിയതു്) പ്രതിപാദ്യവിഷയത്തിലും സൗന്ദര്യത്തിലും രൂപശില്പത്തിലും ഒക്കെ മഹനീയമാണു്. സങ്കീർണ്ണതയിലും ഔജ്ജ്വല്യത്തിലും അതു നിസ്തുലമാണു്. ഇതു ഞാൻ പറയുന്നതല്ല. മഹാന്മാരായ നിരൂപകരും വിമർശകരും അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചിട്ടുള്ളതാണു്. ഈ രീതിയിൽ ഉത്കൃഷ്ടമായ ‘Auto da Fe’ ബഷീറി ന്റെ ‘പാത്തുമ്മയുടെ ആടി’നെക്കാൾ മോശമാണെന്നു് പ്രത്യക്ഷമായിട്ടല്ലെങ്കിലും പരോക്ഷമായി എം. മുകുന്ദൻ പറയുന്നു. (മനോരാജ്യം, ലക്കം 30) “ഈയിടെ നോവൽ പുരസ്കാരം ലഭിച്ച കാനറ്റിയേക്കാൾ ഭേദപ്പെട്ട സാഹിത്യകാരനാണു് ബഷീർ എന്നു പറഞ്ഞാൽ ആരും തർക്കിക്കാൻ വരുകയില്ലല്ലോ.” എന്നും അദ്ദേഹമെഴുതുന്നു. ഇതു തികഞ്ഞ അജ്ഞതയാണു്. ഇംഗ്ലീഷ് അറിയാൻ പാടില്ലാത്തവരെ വഴിതെറ്റിക്കലാണു്. ഇത്തരം ‘ഇന്റലക്‍ച്ച ്വൽ ഡിസോണസ്റ്റി’ നമ്മുടെ സംസ്കാരത്തെ തകർത്തുകളയും.

സാഹിത്യമെന്ന നാട്യം
images/NicholasRoerichHimalayasSikkim.jpg
നിക്കലൗസ് റോറിഹ് വരച്ച ഹിമാലയ പർവ്വതത്തിന്റെ ചിത്രം

തിരുവനന്തപുരത്തുള്ള ഒരു പുസ്തകക്കടയിൽ യാദൃച്ഛികമായി ചെന്നു കയറിയപ്പോൾ ഭാജനത്തിന്റെ ആകൃതിയിലുള്ള നിറമാർന്ന ‘മെഴുകുതിരി’ കണ്ടു. പെട്ടെന്നു് ഒരു കൗതുകം. വില നോക്കി. ഇരുപത്തെട്ടുരൂപ. കൗതുകം കെട്ടടങ്ങി. (വിലക്കൂടുതൽ കൊണ്ടല്ല) കണ്ണുകൾ മറ്റു ‘കൗതുക വസ്തുക്ക’ളിലേക്കു തിരിയുകയായി. ഒറ്റ നോട്ടം. അപ്പോഴേക്കും കണ്ടതുമതി എന്ന തോന്നൽ. എന്നാൽ മ്യൂസിയത്തിൽ വച്ചിരിക്കുന്ന ഒരു ചിത്രം നോക്കുമ്പോൾ – നിക്കലൗസ് റോറിഹ് വരച്ച ഹിമാലയ പർവ്വതത്തിന്റെ ചിത്രം നോക്കുമ്പോൾ – കണ്ടതു പോര എന്നു തോന്നുന്നു. കാരണമെന്താവാം? ഒരു ഹിമാലയദൃശ്യം ജനിപ്പിച്ച വികാരത്തെ റോറിഹ് ചായത്തിലൂടെ ആവിഷ്കരിച്ചിരിക്കുന്നു എന്നതാണു്. ആ ചിത്രം നോക്കുമ്പോൾ റോറിഹിന്റെ വികാരം എന്റേതായിത്തീരുന്നു. വികാരം ജീവിതമായതുകൊണ്ടു് ചിത്രം ജീവിതാവബോധം ഉളവാക്കുന്നു. ജീവിതാവബോധം സത്യദർശനത്തിനു തുല്യമാണു്. സത്യദർശനം ആഹ്ളാദദായകമത്രേ. അതിനാൽ ഞാൻ രസിക്കുന്നു. ചിത്രത്തിൽ നിന്നു കണ്ണെടുക്കാതെ അവിടെത്തന്നെ നില്ക്കുന്നു.

ചിത്രത്തെക്കുറിച്ചു പറഞ്ഞതു് കഥയ്ക്കും നോവലിനും ചേരും. പെരുന്ന പി. ആർ. എഴുതുന്നതൊക്കെ ഞാൻ വളരെക്കാലമായി വായിക്കുന്നു. ഇന്നുവരെ അദ്ദേഹത്തിന്റെ ഒരു രചനയും ജീവിതാനുഭൂതി പ്രദാനം ചെയ്തിട്ടില്ല. കുമാരി വാരികയിൽ അദ്ദേഹമെഴുതിയ ‘ഒറ്റപ്പെടുന്ന നെടുവീർപ്പുകൾ’ എന്ന കഥയുടെ സ്ഥിതിയും വിഭിന്നമല്ല. സ്നേഹിച്ചിരുന്ന സ്ത്രീ വേറൊരുത്തന്റെ ഭാര്യയായി. അയാൾ മരിച്ചു. അപ്പോൾ പൂർവ്വകാമുകൻ ചെന്നു് അവളെ വിളിച്ചു. പുതിയ ജീവിതം തുടങ്ങാൻ അവൾ പോയില്ല. ആയിരമായിരം ആളുകൾ ചവച്ചുതുപ്പിയ ഈ കരിമ്പിൻ ചണ്ടിയെടുത്തു് കഥാകാരൻ കുമാരി വാരികയുടെ വെള്ളത്താളിൽ വച്ചുതരുന്നു; നമ്മുടെ ഈസ്ത്തെറ്റിക് ഡിജസ്ച്ചെനുവേണ്ടി (aesthetic digestion) അന്യന്റെ വായിൽനിന്നു വീണ ചണ്ടിതൊടാൻപോലും വയ്യ. പിന്നീടല്ലേ ദഹനക്രിയയ്ക്കുവേണ്ടി അതു ഇട്ടുകൊടുക്കേണ്ടതു്? പെരുന്ന പി. ആറിന്റെ കഥയിൽ കൃത്രിമങ്ങളായ വാക്യങ്ങളേയുള്ളു. ഭാവമില്ല.

“ആവർത്തനത്തിനു വേണ്ടി ഞാൻ മെനക്കെടാറില്ല” “ഞാൻ മെനക്കെടാറുണ്ടു്”

അധ്യാപകനോടു ‘തർക്കുത്തരം’ പറയുന്ന വിദ്യാർത്ഥിയെപ്പോലെയാണു് കഥാകാരന്റെ നായിക സംസാരിക്കുന്നതു്. ഒറ്റവാക്യത്തിൽ എഴുതാം—പെരുന്ന പി. ആർ സാഹിത്യകാരനല്ല.

വയലാർ രാമവർമ്മ മരിച്ചില്ല
images/VayalarRamavarma.jpg
വയലാർ രാമവർമ്മ

വയലാർ രാമവർമ്മ തന്റെ ‘മഴവില്ലു്’ എന്ന കാവ്യം തിരുവനന്തപുരത്തുവച്ചുകൂടിയ സാഹിത്യപരിഷത്തിന്റെ സമ്മേളനത്തിൽ വായിക്കുന്നതു ഞാൻ കേട്ടു. തിരുവനന്തപുരത്തേക്കു പോരുമ്പോൾ തീവണ്ടിയിൽവച്ചു കുറിച്ചതാണു് കാവ്യം എന്നു പറഞ്ഞുകൊണ്ടാണു് കവി വായന തുടങ്ങിയതു്. (എന്റെ അടുത്തിരുന്ന പ്രശസ്തനായ വേറൊരു കവി: “തീപ്പെട്ടിക്കൂടിന്റെ പുറത്താണു് എഴുതിയതു്. അതു രാമവർമ്മ പറയുന്നില്ലെന്നേയുള്ളു”). കാവ്യത്തിന്റെ തുടക്കം ഇങ്ങനെയായിരുന്നു:

മാനത്തെത്തിയ മഴവിൽക്കൊടിയേ,

മായരുതേ, നീ മായരുതേ,

നീരദപാളികൾ തോളിലുയർത്തിയ

നീലപ്പീലിക്കാവടിയേ.

ഇതുചൊല്ലിയ രാമവർമ്മ മരിച്ചുപോയില്ലേ? മരിച്ചെന്നാണു് എന്റെ ഓർമ്മ. തിരുവനന്തപുരത്തെ ടൗൺഹാളിൽ അദ്ദേഹത്തിന്റെ നിശ്ചേതനശരീരം മൂക്കു കണ്ണാടിയുംവച്ചു കിടക്കുന്നതു് ഞാൻ കണ്ടല്ലോ? അതോ ഓർമ്മപ്പിശകോ? ജനയുഗം വാരികയിൽ വി. സുന്ദരേശൻ എഴുതിയ ചില വരികൾ വായിച്ച് വിമർശിക്കുന്നു. അദ്ദേഹത്തോടു യോജിക്കാൻ പ്രയാസമില്ല.

നൂതന പ്രകാശത്തിൽ
images/FranzKafka.jpg
ഫ്രാന്റ്സ് കാഫ്ക

ഫ്രാന്റ്സ് കാഫ്ക യുടെ America എന്ന നോവൽ അടുത്തുണ്ടു്. അതിലെ ആദ്യത്തെ വാക്യം:

As Karl Ross-mann, a boy of sixteen who had been packed off to America by his parents because a servant girl had seduced him and got herself with child by him, stood on the liner slowly entering the harbour of New Yourk, a sudden burst of sunshine seemed to illumine the Statue of Liberty, so that he saw it in a new light, although he had sighted it long before.

മുൻപു കണ്ടിട്ടുള്ളതാണെങ്കിലും നൂതന പ്രകാശത്തിൽ എല്ലാം കാണുക എന്നതാണു പ്രധാന്യമർഹിക്കുന്നതു്. അതു കൊണ്ടാണു് അമേരിക്കയിലേക്കും ഇംഗ്ലണ്ടിലേക്കും പോയവരുടെ വിവരങ്ങൾ നമ്മളെ രസിപ്പിക്കുന്നതു്. കേരളത്തിലെതന്നെ എല്ലാസ്ഥലങ്ങളും കണ്ടിട്ടില്ലാത്ത എനിക്കു് ഈ വർണ്ണനങ്ങൾ തികച്ചും രസകരങ്ങളാണു്. കാസാൻദ് സാക്കീസി ന്റെയും ലോറൻസ് ഡൂറലി ന്റെയും യാത്രാ വിവരണങ്ങൾ വിസ്മയാദി വികാരങ്ങളോടെയാണു് ഞാൻ വായിക്കാറു്. പി. ഭാസ്കരൻ നായർ ഐ.പി.എസ്. നിർവ്വഹിച്ച ഒരു യാത്രയുടെ വിവരണം മാമാങ്കം വാരികയിൽ പ്രസിദ്ധപ്പെടുത്തിത്തുടങ്ങിയിരിക്കുന്നു. ആകർഷകങ്ങളായ കൊച്ചുവാക്യങ്ങൾകൊണ്ടു് വായനക്കാരെ രസിപ്പിക്കാൻ അദ്ദേഹത്തിനു് അറിയാം. നോക്കുക:

“തിങ്ങിക്കൂട്ടിയിട്ടിരിക്കുന്ന ശുഭ്രധവളമായ പഞ്ഞിക്കെട്ടുകൾ പോലെ അനന്തമായി വ്യാപിച്ചുകിടക്കുന്ന വെള്ളി മേഘപടലങ്ങളിൽ സുഖരശ്മി പതിക്കുമ്പോൾ ഉണ്ടാകുന്ന ആ തിളക്കമേറിയ ദൃശ്യം എന്തെന്തു് വികാരങ്ങളേയാണിളക്കിവിടാത്തതു്! ആദ്യന്തവിഹീനമായ ഈ പ്രപഞ്ചത്തിന്റെ നിയാമകസൃഷ്ടിയേയും സ്രഷ്ടാവിന്റെ അപ്രമേയത്വത്തേയും മനുഷ്യന്റെ നിസ്സാരതയേയും ഒക്കെച്ചുറ്റി അടുക്കില്ലാതെ എന്റെ ചിന്തകൾ പാറി നടന്നുകൊണ്ടിരുന്നു.”

നൂതനപ്രകാശത്തിൽ വസ്തുക്കളെയും വസ്തുതകളെയും അവതരിപ്പിക്കാൻ ലേഖകനു കഴിയട്ടെ.

നിർവ്വചനങ്ങൾ
തിരുവനന്തപുരം:
  1. ശീതോഷ്ണാവസ്ഥ സുഖപ്രദമായതുകൊണ്ടു് വടക്കു നിന്നു ജോലിക്കെത്തുന്നവർ ഒരിക്കലും വിട്ടുപോകാത്തസ്ഥലം.
  2. സാഹിത്യകാരന്മാർ ഉപജാപങ്ങളും അപവാദവ്യവസായങ്ങളും നടത്തുന്ന സ്ഥലം.
  3. ഇവിടത്തെ റോഡുകൾ പശുക്കൾക്കു് അലയാൻ ഉള്ളതാണു്. കൃഷിക്കാർക്കു വൈക്കോൽ ഉണക്കാനുള്ളവയാണു്.
പ്രഭാഷകൻ:
ആദ്യം പ്രസംഗിച്ചവനെ പുലഭ്യം പറയുന്ന സംസ്കാരഹീനൻ.
ഡോക്ടർ:
നമ്മളെ മരണത്തിൽനിന്നു രക്ഷിക്കുന്ന ഇദ്ദേഹത്തിനു് പത്തുരൂപ (ആയിരം പൈസ) വെള്ളക്കവറിലാക്കി ഭക്ത്യാദരപൂർവ്വം കൊടുക്കുമ്പോൾ ഇരുപത്തഞ്ചെങ്കിലും കാണുമെന്ന പ്രതീക്ഷയോടെ അതു സ്വീകരിക്കുന്ന പരോപകാരി.
ഭാര്യ:
ഏതു കൊള്ളരുതാത്ത ഭർത്താവിനെയും മറ്റുള്ളവരുടെ മുൻപിൽ യോഗ്യനായി അവതരിപ്പിക്കുന്ന ഭാഗ്യം കെട്ടവൾ.
ഭർത്താവു്:
  1. ഏതു കൊള്ളരുതാത്ത ഭാര്യയെയും കൊള്ളരുതാത്തവൾ എന്നു് പരസ്യമായി പറയുന്ന ആൾ.
  2. ഭാര്യയുടെ ചവിട്ടുകിട്ടുന്തോറും മീശയുടെ നീളംകൂട്ടി പൗരുഷം തനിക്കുണ്ടെന്നു് അന്യരെ തെറ്റിദ്ധരിപ്പിക്കുന്ന മാന്യൻ.
സ്ത്രീജിതൻ:
സ്ത്രീകൾ രഹസ്യമായി ആദരിക്കുകയും പരസ്യമായി നിന്ദിക്കുകയും ചെയ്യുന്നവൻ.
പെങ്ങളേ!:
തന്റെ സെക്സ് മറയ്ക്കാനായി കൂട്ടുകാരൻ കേൾക്കേ അയാളുടെ ഭാര്യയുടെ നേർക്കു് ഒരുവൻ നടത്തുന്ന സംബുദ്ധി. (വിളിക്കുന്നവനു്, അതിന്റെ അർത്ഥമറിയാം; കേൾക്കുന്നവൾക്കു് അറിയാം; പക്ഷേ, ഭർത്താവെന്ന തടിമാടനു് അറിഞ്ഞുകൂടാ).
നിരീക്ഷണങ്ങൾ

അനുശോചനയോഗത്തിലും സ്വാഗത പ്രഭാഷണത്തിലും കവിതയിലും അത്യുക്തിയാകാം. വേറൊരിടത്തും പാടില്ല. രണ്ടായിരം ആളുകൾ കൂടിയ ഒരു സമ്മേളനത്തെ മനുഷ്യശിരസ്സുകളുടെ മഹാസമുദ്രം എന്നു് വിശേഷിപ്പിക്കുന്ന പത്രറിപ്പോർട്ടർ ജനവഞ്ചന നടത്തുകയാണു്. അതുകൊണ്ടു് “മയ്യഴിയെ അനശ്വരമാക്കിയ കഥാകാരൻ” എന്ന തലക്കെട്ടു് (ചന്ദ്രിക ആഴ്ചപ്പതിപ്പിൽ) വഞ്ചനാത്മകമാണു്. വാല്മീകി, ഹോമർ, വ്യാസൻ ഇവർക്കുപോലും മയ്യഴിയെ അനശ്വരമാക്കാൻ പറ്റില്ല.

അരുവിക്കര വിജയകുമാറിന്റെ ‘മുത്തുമാലതേടി’ എന്ന മിനിക്കഥ പൗരധ്വനി വാരികയിൽ. മുത്തുമാല വിൽക്കുന്നവൾ തന്റെ അനുജത്തിയെപ്പോലെ സുന്ദരിയാണെന്നു് ഒരുത്തൻ പറയുമ്പോൾ അവൾ സാരിയുടെ തോളറ്റം മാറ്റി ഒരു കൈയില്ലെന്നു ഗ്രഹിപ്പിക്കുന്നു. ഇത്തരം കഥകൾ സാഹിത്യത്തെ മാത്രമല്ല പേടിപ്പിക്കുന്നതു്. കേരളീയരെയാകെ ഭീഷണിപ്പെടുത്തുകയാണു്.

മണിക്കൂറുകൾ മാത്രം

ഞാൻ രണ്ടു കൊല്ലത്തിനകം മരിക്കുമെന്നും അതോടെ വിമർശനമെന്നു് ഉപദ്രവം ഒഴിയുമെന്നും കാണിച്ചുകൊണ്ടു് വടക്കേയിന്ത്യയിലെ ഒരു മാന്യൻ അടുത്തകാലത്തു് ഒരു ചെറുകഥ എഴുതിയിരുന്നു (ജീവിച്ചിരിക്കുന്ന ഒരു നോവലിസ്റ്റ് വൈകാതെ മരിക്കുമെന്നും അതിലുണ്ടായിരുന്നു). ഞാൻ വാരികയെടുത്തു് ഒളിച്ചുവച്ചു. എങ്കിലും അതു കണ്ടെടുത്തു് ഭാര്യയും മക്കളും വായിച്ചു. അവർ കരഞ്ഞു: “ഇതെഴുതിയവനു ഭാര്യയും പിള്ളേരുമില്ലേ?” എന്നു് ആരോ ചോദിച്ചു. ചോദിച്ചയാളിനെ ഞാൻ സമാധാനപ്പെടുത്തി. “അങ്ങനെയൊന്നും ചോദിക്കരുതു്. അദ്ദേഹം എഴുതിയതു തന്നെ കാരുണ്യപൂർവമായിട്ടാണു്. രണ്ടു വർഷമല്ല ഏതാനും മാസങ്ങളേയുള്ള എനിക്കു ജീവിതം. ചിലപ്പോൾ മണിക്കൂറുകൾ മാത്രമേ കാണുകയുള്ളു. ആരറിഞ്ഞു?” കഥാകാരൻ ഇത്രയല്ലേ എഴുതിയുള്ളു! അദ്ദേഹം തോക്കുമായി തിരുവനന്തപുരത്തുവന്നു വെടിയുണ്ട എന്റെ നേർക്കയച്ചാൽ എനിക്കു് ആ വെടിയുണ്ടയെ കൈകൊണ്ടു തടുക്കാൻ സാധിക്കുമോ? ഇന്ത്യയുടെ വടക്കുകിഴക്കൻ ഭാഗത്തെ ഗ്രാമമായ പ്ലാസിയിൽ 1757-ൽ ക്ലൈവ് ബംഗാൾ സൈന്യത്തെ തോല്പിച്ചില്ലേ? ഇന്നു് എനിക്കു് ആ സൈന്യത്തിലെ ഒരു ഭടനാകാൻ പറ്റുമോ? എന്നും രാത്രി എവറസ്റ്റ് കൊടുമുടിയിൽ ചെന്നു കിടന്നുറങ്ങിയിട്ടു് കാലത്തു് തിരുവനന്തപുരത്തു് എത്താൻ കഴിയുമോ എനിക്കു്? കലാത്മകത്വം ഒട്ടുമില്ലാത്ത കാവ്യം ഉറക്കെച്ചൊല്ലി അതു് ഉത്കൃഷ്ടമായ കവിതയാണെന്നു ശ്രോതാക്കൾക്കു തെറ്റിദ്ധാരണയുണ്ടാക്കാമോ? ആകാമെന്നു് കേരളത്തിലെ കവികൾ തെളിയിച്ചിരിക്കുന്നു. അതു നടക്കുന്നതുകൊണ്ടു് എനിക്കു്, പാഞ്ഞുവരുന്ന വെടിയുണ്ട കൈകൊണ്ടു തടയാം. പ്ലാസിയുദ്ധത്തിൽ ക്ലൈവിനെ എതിർക്കാം. ചൊല്ലിയാലും അച്ചടിച്ചു വന്നാലും കുരീപ്പുഴ ശ്രീകുമാറി ന്റെ കാവ്യത്തിനു് വിഭിന്ന സ്വഭാവമില്ല. മനുഷ്യന്റെ വേദനയെ പ്രഗല്ഭമായി ആവിഷ്കരിക്കുന്ന ‘കാവൽക്കാരൻ’ എന്ന കാവ്യം (കലാകൗമുദി) വായിച്ചപ്പോൾ ഇങ്ങിനെ എഴുതുവാൻ തോന്നി.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1985-07-14.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 24, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: Anupa Ann Joseph; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.