സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1985-07-28-ൽ പ്രസിദ്ധീകരിച്ചതു്)

കീർത്തി എന്നതു പണമെറിയുമ്പോൾ പൊന്മേനി കാണിക്കുന്ന വേശ്യയല്ല. ചാടുവചനങ്ങൾ പറഞ്ഞും എഴുത്തുകൊടുത്തും വശീകരിക്കാവുന്ന കോളേജ് വിദ്യാർത്ഥിനിയുമല്ല. “ആഹ്ലാദത്തിന്റെ പാൽക്കടലിൽനിന്നു് ഉയർന്നുവരുന്ന ലക്ഷ്മീദേവി”ക്കു സദൃശയായ നവവധുവാണു് അവൾ. വരനോടൊത്തു് അവൾ രമിക്കുമ്പോൾ എന്നും പ്രഥമരാത്രിയാണു് അയാൾക്കു്. സൂക്ഷിച്ചു പെരുമാറിയാൽ എല്ലാക്കാലവും അയാൾക്കു് ആ ആഹ്ലാദാനുഭൂതി ഉണ്ടാകും. വള്ളത്തോളം ചങ്ങമ്പുഴ യും ഇടപ്പള്ളി യും അവളുടെ മടിയിൽ തലവച്ചു കിടന്നവരാണു്. അവളുടെ പട്ടുപോലത്തെ തലമുടി തടവിത്തടവി പുളകംകൊണ്ടവരാണു്.

കീർത്തി വേറെ, ലോകപ്രിയത വേറെ. ലോകപ്രിയതയ്ക്ക് പടിഞ്ഞാറുള്ളവർ പോപ്യുലാരിറ്റി എന്നാണു് പേരിട്ടതു്. ഇന്നത്തെ പല കവികളും നോവലെഴുത്തുകാരും നിരൂപകരും പോപ്യുലാരിറ്റി ഉള്ളവരാണു്. അവർ കീർത്തിയാർജ്ജിച്ചവരല്ല. ധൈഷണിക ജീവിതം നയിക്കുന്നവർ വ്യക്തിയുടെ പ്രതിഭകണ്ടു് അതിനെ അംഗീകരിക്കുമ്പോൾ ജനിക്കുന്നതാണു് കീർത്തി, യശസ്സു്. ധിഷണാപരമായി ജീവിതത്തോടു് ഒരു ബന്ധവുമില്ലാതെ, ക്ഷുദ്രവികാരങ്ങളെ പ്രതിപാദിക്കുന്ന കൃതികളെമാത്രം നെഞ്ചേറ്റിലാളിക്കുന്നവർക്കു പ്രതിഭ കണ്ടറിയാൻ പ്രാഗൽഭ്യമില്ല. അവർ പത്താംതരം എഴുത്തുകാരെ അംഗീകരിക്കുന്നു. ആ അംഗീകാരത്തിൽനിന്നു ജനിക്കുന്ന പോപ്യുലാരിറ്റി—ലോകപ്രിയത വെറും കാപട്യമാണു്. ആ കാപട്യത്തെ യാഥാർത്ഥ്യമായി – യശസ്സായി – കരുതുന്നു ഈ എഴുത്തുകാർ. യശസ്സിനെയും ലോകപ്രിയതയെയും വേർതിരിച്ചറിയേണ്ടിരിക്കുന്നു നമ്മൾ.

ക്ലംസി
images/TheNightmareofReasonALifeofFranzKafka.jpg

ഈ തിരിച്ചറിവു് ആർക്കില്ലയോ ആ ആൾ കലാകാരനല്ല എന്നതു നിശ്ചയം. ഒരു ശാസ്ത്രജ്ഞനു് ഒരു പൂച്ചയുണ്ടായിരുന്നു. പൂച്ചയ്ക്കു കൂടക്കൂടെ വീട്ടിനു പുറത്തു പോകണം. തിരിച്ചുവരണം. ഓരോ തവണയും വാതിൽ തുറന്നുകൊടുത്തും അടച്ചും ശാസ്ത്രജ്ഞൻ നന്നേതളർന്നു. അയാൾ ഒരു കല്ലാശാരിയെ വിളിച്ചു ചുവരിൽ ഒരു ദ്വാരം ഇടാൻ പറഞ്ഞു. പിന്നീടു് ആ ദ്വാരത്തിലൂടെയായി പൂച്ചയുടെ പോക്കും വരവും. അങ്ങനെയിരിക്കെ ആ പൂച്ച പ്രസവിച്ചു. ശാസ്ത്രകാരൻ ആശാരിയെ വീണ്ടും വിളിച്ചുവരുത്തി ഭിത്തിയിൽ ഒരു ചെറിയ ദ്വാരമിടാൻ നിർദ്ദേശിച്ചു. അങ്ങനെ ഒരു വലിയ ദ്വാരവും ഒരു ചെറിയ ദ്വാരവും. എന്നാൽ വലിയ ദ്വാരത്തിലൂടെ പൂച്ചക്കുട്ടിക്കും കടന്നുപോകാമെന്ന വിചാരം ശാസ്ത്രജ്ഞനു് ഉണ്ടായില്ല. മാനസി കലാകൗമുദിയിൽ (ലക്കം 513) എഴുതിയ ‘ഉണ്ണിക്കൃഷ്ണനും അച്ഛനും’ എന്ന ചെറുകഥ വായിച്ചപ്പോൾ എനിക്കോർമ്മവന്നതു് ഈ പൂച്ചക്കഥയാണു്. വൃദ്ധനായ അച്ഛനോടു് മകനു സ്നേഹവും കടപ്പാടും. മകന്റെ ഭാര്യയ്ക്കു് അവയില്ല എന്നതിൽ അദ്ഭുതപ്പെടാനില്ല. ആദ്യം ഭർത്താവിന്റെ അച്ഛനോടുകൂടി താമസിച്ചിരുന്ന അവൾ അയാളെ ഉപേക്ഷിച്ചു് ഭർത്താവിന്റെ ജോലിസ്ഥലത്തേക്കു പോന്നു. വൃദ്ധനു രോഗം കൂടി. ദാരിദ്ര്യം കൂടി. മകൻ ഭാര്യയുടെ വളയും കുഞ്ഞിന്റെ മാലയും വിറ്റു് അച്ഛനു പണമയച്ചു. അതോടെ കഥയുടെ പര്യവസാനം. വൃദ്ധനോ മകനോ മരിക്കുന്നു. ‘ക്ലംസി’യായ രചനയാണു മാനസിയുടേതു്. അതുകൊണ്ടു് മരിച്ചതു് ആരാണെന്നു് എനിക്കു പിടികിട്ടിയില്ല. ആരു ചത്താലും കുഴപ്പമില്ല. ആരുടെയും നേർക്കു സഹതാപത്തിന്റെ നീർച്ചാലു് ഒഴുകാതിരിക്കത്തക്കവിധത്തിലാണു് മാനസിയുടെ രചന. വൈദഗ്ദ്ധ്യമുള്ളവരുടെ കൈയിൽ കലാശില്പമായിത്തീരേണ്ട ഒരു വിഷയം ഇവിടെ വിരൂപമായി ഭവിക്കുന്നു; ചുട്ട പപ്പടം പോലെ. ഇക്കഥയിലെ പ്രധാന വികാരം കഷ്ടപ്പെടുന്ന അച്ഛനെ അവലംബിച്ചുള്ളതാണു്. അതൊരു വലിയ ദ്വാരമാണു്. അതിലൂടെ വായനക്കാരൻ ഗതാഗതം നടത്തിക്കൊള്ളും. പക്ഷേ കഥയെഴുത്തുകാരിയുടെ നിർബന്ധത്താലെന്നപോലെ ‘അനേകമനേകം’ കൊച്ചു ദ്വാരങ്ങൾ ഉണ്ടായിരിക്കുന്നു. അലങ്കാരമുപേക്ഷിച്ചു പറഞ്ഞാൽ കേന്ദ്രസ്ഥിതമായ വികാരത്തെ പരിപോഷിപ്പിച്ചു കൊണ്ടുവരാതെ മറ്റു വികാരങ്ങളിലേക്കു മാനസി ഓടിച്ചെല്ലുന്നു. ഫലം പ്രധാനപ്പെട്ട വികാരം ദുർബ്ബലമായിത്തീരുന്നു. അതിന്റെ ഫലം കഥ ദയനീയമായ പരാജയം. തള്ളപ്പൂച്ച കടക്കുന്ന ദ്വാരത്തിലൂടെ തന്നെ പൂച്ചക്കുട്ടിയും കടക്കുമെന്നു് നമ്മുടെ കഥയെഴുത്തുകാർ അറിഞ്ഞാൽ നന്നു്. ഒറ്റ വാക്കുകൊണ്ടു് ഈ കഥയെവിശേഷിപ്പിക്കാം. അതു് പറഞ്ഞുകഴിഞ്ഞു. എങ്കിലും ആവർത്തിക്കുന്നു; ക്ലംസി.

തിരുവനന്തപുരത്തെ ഒരു കോളേജിൽ ഒരു ഫിലോസഫി പ്രൊഫസറുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മനസ്സു് വിചിത്രമായ രീതിയിലാണു് പ്രവർത്തിച്ചിരുന്നതു്. “കീടനാശിനി ചേർന്ന പഞ്ചാര ഉപയോഗിച്ചതുകൊണ്ടു് രണ്ടായിരക്കണക്കിനു് ആളുകൾ മരിച്ചു.” എന്ന വാർത്ത പത്രത്തിൽ വന്നെന്നിരിക്കട്ടെ. ഉടനെ പ്രൊഫസർ ചോദിക്കും. “ഓ, കീടനാശിനീ കീടം എന്നാൽ പുഴു—അല്ലേ? ക്യാറ്റർ പില്ലർ. ക്യാറ്റർ പില്ലർ ക്യാറ്റ് പൂച്ചയല്ലേ? പൂച്ചയെന്നാൽ സുന്ദരിയെന്നല്ലേ.

images/KarlMarxandWorldLiterature.jpg

വസ്തുക്കൾ നിരത്തി കുറെ കടലാസ്സു ചുരുളുകളുമായി വഴിവക്കിൽ നിന്നു് “വരൂ, വരൂ. ഭാഗ്യം പരീക്ഷിക്കു” എന്നു് ആഹ്വാനം ചെയ്യുന്നവർ പണ്ടു് തിരുവനന്തപുരത്തുണ്ടായിരുന്നു. ഒരു ചക്രം അങ്ങോട്ടു് ഇടണം. അപ്പോൾ ഒരു കടലാസ്സു ചുരുളെടുക്കാൻ അനുവദിക്കും. അതു വാങ്ങി തുറന്നു നോക്കിയിട്ടു് വാണിഭക്കാരൻ പറയും: “ഭാഗ്യവാൻ അടിച്ചല്ലോ മൂന്നു മൊട്ടുസൂചി,” പലകപ്പുറത്തിരിക്കുന്ന ചന്തമുള്ള പാവ, തെർമസ്ഫ്ളാസ്ക്, സേഫ്റ്റി റെയ്സർ ഇവയിലേതെങ്കിലും ഒന്നു് വീട്ടിൽ കൊണ്ടുപോകാമെന്നു കരുതി തുണ്ടെടുക്കുമ്പോഴാണു് ഈ പ്രഖ്യാപനം. എല്ലാവർക്കും കിട്ടുന്നതു മൊട്ടുസൂചിയോ സേഫ്റ്റി പിന്നോ താക്കോൽ വളയമോ ആയിരിക്കും. അക്കാലത്തു് ഞാൻ വിദ്യാർത്ഥിയായിരുന്നു. ചാലയിൽ നിന്നു പൂജപ്പുരയിലേക്കു സിറ്റി ബസ്സിൽ പോകാനുള്ള ഒരു ചക്രം കൈയിലുണ്ടു്. നാലു നാഴിക നടന്നാലും വേണ്ടില്ല തെർമസ്ഫ്ളാസ്ക് കരസ്ഥമാക്കണമെന്ന ആഗ്രഹത്തോടെ ആ നാണയം തട്ടിലേക്കിട്ടു. കടലാസ്സു ചുരുളെടുത്തു. അയാൾ നോക്കിയിട്ടു പറഞ്ഞു: “അടിച്ചല്ലോ ഭാഗ്യവാൻ മൂടില്ലാത്ത മഷിക്കുപ്പിയൊന്നു്.” ഞാൻ ഏന്തിവലിഞ്ഞു് പൂജപ്പുരയിലേക്കു നടന്നു.

കുങ്കുമം വാരികയുടെ 44-ആം ലക്കം. ആകർഷകങ്ങളായ വില്പനവസ്തുക്കൾ അതിൽ നിരത്തിയിരിക്കുന്നു. ഒരു ചക്രമല്ല ഒന്നര രൂപ ഇടണം. ഇട്ട കൈയിൽ കിട്ടിയതു “മൂടില്ലാത്ത മഷിക്കുപ്പിയൊന്നു്.” ഈ മഷിക്കുപ്പിക്കു വേറൊരു പേരുണ്ടു് “ലില്ലിപ്പൂക്കൾ.” അതു നിർമ്മിച്ചതു ദേവസ്സി ചിറ്റമ്മൽ. പട്ടണത്തിൽ രണ്ടു സ്നേഹിതർ അവരിൽ ഒരുത്തൻ ലില്ലിയെന്ന സുന്ദരിയെക്കണ്ടു് പ്രേമത്തിൽ വീഴുന്നു. അപ്പോഴുണ്ടു് നാട്ടിൽ നിന്നു് ഒരു കത്തു വരുന്നു, അയാളുടെ കൂട്ടുകാരൻ വീട്ടിലേക്കു പണമയയ്ക്കുന്നില്ലെന്നു കാണിച്ച്. ധർമ്മരോഷത്തോടെ അയാൾ കൂട്ടുകാരനെച്ചെന്നു കണ്ടു കാര്യമന്വേഷിക്കുന്നു. അന്വേഷണത്തിനു് എത്തിയവനും വീട്ടിലേക്കു പണമയയ്ക്കുന്നില്ലെന്നു കാണിച്ചു വന്ന എഴുത്തു് അയാളെടുത്തു കൈയിൽ കൊടുക്കുന്നു. എന്നിട്ടു് തന്റെ അവഗണനയ്ക്കു ഹേതു പ്രേമമാണെന്നു വ്യക്തമാക്കാനായി അയാൾ ഒരു ഫോട്ടോയെടുത്തു കാണിക്കുന്നു. ഫോട്ടോ ലില്ലിയുടേതു്. തങ്ങൾ രണ്ടുപേരും ഒരേ പെണ്ണിനെ സ്നേഹിച്ചാണല്ലോ ജാഡ്യത്തിൽ വീണതെന്നു മനസ്സിലാക്കി അവർ അദ്ഭുതാദിവികാരങ്ങൾക്കു വിധേയരായി നില്ക്കുന്നു. ഇതു കഥയല്ല, കഥാഭാസമാണു്; ഇതു കലയല്ല, കലാഭാസമാണു്. ഇങ്ങനെ പൂർവകല്പിത രൂപങ്ങളിൽ വാർന്നു വീഴുന്ന വൈരുപ്യങ്ങളെ ഒരു കാലത്തും സാഹിത്യമായി പരിഗണിച്ചിട്ടുമില്ല. ഇതു പൈറോടെക്നിക്സാണു്; കമ്പക്കെട്ടാണു്. മൂടില്ലാത്ത മഷിക്കുപ്പിയാണു്.

images/Peterhandke.jpg
പേറ്റർ ഹൻഡ്കെ

വായിക്കേണ്ട ജേണലാണു് German Book Review (Published by Hans Winterberg Goethe Institute Boston). എന്റെ കൈയിൽ കിട്ടിയ ഏറ്റവും പുതിയ ജേണൽ 2/1984. അതിൽ Karl Marx and World Literature എന്ന ഗ്രന്ഥത്തിന്റെ കർത്താവും ഓക്സ്ഫോഡിലെ ജർമ്മൻ പ്രൊഫസറുമായ S. S. Prawer കാഫ്ക യെക്കുറിച്ചുള്ള ഏറ്റവും പുതിയ പുസ്തകം – The Nightmare of Reason: A Life of Franz Kafka – റിവ്യൂ ചെയ്തിരിക്കുന്നു. ആസ്ട്രിയൻ നാടക കർത്താവു് പേറ്റർ ഹൻഡ്കെ (Peter Handke) ഇന്നു വിശ്വവിഖ്യാതനാണു്. അദ്ദേഹത്തിന്റെ The Weight of the world എന്ന ഗ്രന്ഥത്തിന്റെ വിമർശനവും ഇതു് ഉൾക്കൊള്ളുന്നു. പുസ്തകത്തിന്റെ സ്വഭാവം കാണിക്കാൻ അതിൽനിന്നു് ഒരുഭാഗം എടുത്തെഴുതുന്നു. (വിമർശനത്തിൽനിന്നാണു്. പുസ്തകം ഞാൻ കണ്ടിട്ടില്ല.)

“Defiantly the woman in the cafe butters her bread, enjoying a brief respite from her routine unhappiness. The moment I enter the department store I seem automatically, under the neon light, to put an idiotic face. I prepare myself for the hug, but also for the embarrassment after it. Brief feeling of warmth during the day when I know that a rare film or a football game will be shown on television that evening (even when, a usual, I have no intention of tuning in). A beautiful, serious-looking woman. Suddenly her frozen face bursts into a smile—it’s as. If she were making water.”

നിത്യജീവിതാനുഭവത്തെ ഹൻഡ്കെ അസാധാരണമായി കാണുകയാണിവിടെ എന്നു് ഗ്രന്ഥം നിരൂപണം ചെയ്യുന്ന സ്റ്റാൻലി കൗഫ്മാൻ.

ഹൈൻറിഹ് ബോയ്ലി ന്റെ പുതിയ പുസ്തകത്തിന്റെ നിരൂപണം, ഉജ്ജ്വലങ്ങളായ ചലച്ചിത്രങ്ങളെക്കുറിച്ചുള്ള ലേഖനങ്ങൾ ഇവയെല്ലാം ഈ ജേണലിന്റെ മോടികൂട്ടുന്നു. വായിച്ചു കഴിഞ്ഞതിനു ശേഷം സൂക്ഷിച്ചു വയ്ക്കേണ്ടവിധത്തിൽ ഔത്കൃഷ്ട്യമുണ്ടു് ഇതിനു്.

ധർമ്മസങ്കടം
images/HeinrichBoll.jpg
ഹൈൻറിഹ് ബോയ്ൽ

ധർമ്മസങ്കടം ഏതു് മഹനീയമായ കൃതിയിലും ആവിഷ്കരിച്ചിട്ടുണ്ടാവും. പരസ്പരവിരുദ്ധങ്ങളായ കാര്യങ്ങൾക്കു് വ്യക്തി അഭിമുഖീഭവിച്ചു നിൽക്കുന്നു. അവയിൽ ഏതു് അനുഷ്ഠിക്കണം എന്നതിൽ സംശയം. ഇതിനെയാണു് ധർമ്മസങ്കടമെന്നു പറയുന്നതു്. ‘മഹാഭാരത’ത്തിലെങ്ങും ഈ സന്ദർഭങ്ങൾ കാണാം. എല്ലാവർക്കും അറിയാവുന്ന അവ എടുത്തു കാണിക്കേണ്ടതില്ല. അതുകൊണ്ടു് പടിഞ്ഞാറൻ സാഹിത്യത്തിലേക്കു പോവുകയാണു്. വിക്തർ യൂഗോ യുടെ ‘ എന്ന നോവൽ. അതിലെ ഒരു കഥാപാത്രമായ ഒരു കന്യാസ്ത്രീയുടെ മുറിയിൽ ഷാങ്വൽ ഷാങ് കടന്നു ചെന്നു. അയാളെ ഇൻസ്പെക്ടർ ഷാവേൽ അറസ്റ്റ് ചെയ്യുമെന്നു കണ്ടു് അവൾ മുട്ടുകുത്തി പ്രാർത്ഥിക്കാൻ തുടങ്ങി. പ്രാർത്ഥിക്കുന്ന കന്യാസ്ത്രീയുടെ മുറിയിൽ ആർക്കും പ്രവേശിച്ചുകൂടാ, ഇൻസ്പെക്ടർ കതകിനു പിറകിൽ മറഞ്ഞു നില്ക്കുന്ന ഷാങ്വൽ ഷാങ്ങിനെ കാണാതെ ചോദിച്ചു:

images/AnnaAkhmatovafamily.jpg
അഖ്മത്തോവ കുടുംബത്തോടൊപ്പം

“സിസ്റ്റർ, ഭവതി മാത്രമേയുള്ളോ ഈ മുറിയിൽ?” “കന്യാസ്ത്രീ പ്രാർത്ഥിക്കുന്നിടത്തു് മറ്റാരെങ്കിലും ഉണ്ടാവുമോ?” എന്നു് അവരുടെ മറു ചോദ്യം. ജീവിതത്തിലൊരിക്കലും കള്ളം പറഞ്ഞിട്ടില്ലാത്ത ആ സിസ്റ്റർ ധർമ്മസങ്കടത്തിനു തെല്ലുനേരം വിധേയയായതിനുശേഷമാണു് ആ കള്ളം പറഞ്ഞതു്. ഈ അസത്യപ്രസ്താവം അവർക്കു മാലാഖമാരുടെ ഇടയിൽ സ്ഥാനം നേടിക്കൊടുത്തെന്നു് യൂഗോ. ഇതിനെക്കാൾ ഹൃദയാവർജ്ജകമായ മറ്റൊരു ഭാഗം ആ നോവലിലുണ്ടു്. ഷാങ്വൽ ഷാങ്ങാണെന്നു സംശയിച്ചു് ഒരു പാവത്തിനെ അറസ്റ്റു ചെയ്തു കാരാഗൃഹത്തിലാക്കാൻ പോകുന്നു, താൻ നിശ്ശബ്ദനായിരുന്നാൽ തന്റെ ഭാവിജീവിതം സുരക്ഷിതമായിരിക്കുമെന്നു് ഷാങ്വൽ ഷാങ്ങിനു തോന്നി. പക്ഷേ, ആ ധർമ്മസങ്കടത്തിൽനിന്നു് അയാൾ മോചനം നേടി. രാത്രി മുഴുവൻ മുറിയിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നു അയാൾ. നേരം വെളുക്കാറായപ്പോൾ തലേദിവസം ഏർപ്പെടുത്തിയ കുതിരവണ്ടി വന്നുനിന്നു. താനറിയാതെ ഷാങ് വൽഷാങ് അതിൽക്കയറി വിചാരണ നടക്കുന്ന പട്ടണത്തിലേക്കു യാത്രയായി. വികാരവിവശരാകാതെ നമുക്കു് ഈ രംഗം കാണാൻ കഴിയുകയില്ല. മുരളീധരൻ ചെമ്പ്ര ദേശാഭിമാനി വാരികയിലെഴുതിയ “ഇയ്യാത്തുമ്മ, ഉണ്ണൂനീലി, കൃഷ്ണൻകുട്ടി.” എന്ന കഥയിലുമുണ്ടു് ഒരു ധർമ്മസങ്കടപ്രതിപാദനം. താൻ അദ്ധ്യാപകനായിരുന്നപ്പോൾ ശുപാർശയുമായി എത്തിയവളോടു അയാൾ പറഞ്ഞൊഴിഞ്ഞു തനിക്കു അധികാരമില്ലെന്നു്. ഹെഡ് മാസ്റ്ററായി കയറ്റം കിട്ടിയപ്പോൾ അധികാരം കൈവന്നു. പക്ഷേ അപ്പോൾ നീതിയും അനീതിയും പരിഗണിക്കേണ്ടി വരുന്നു. ഒരുഭാഗത്തു് കാരുണ്യം, മറുഭാഗത്തു് ധർമ്മചിന്ത. ഈ സംഘട്ടനത്തെ കഥാകാരൻ ഭേദപ്പെട്ട രീതിയിൽ ചിത്രീകരിച്ചിട്ടുണ്ടു്. പ്രചാരണത്തിന്റെ ചുവന്ന തുണിയെടുത്തു വീശാതെ തന്നെ ഇന്നത്തെ സമുദായത്തിന്റെ മലിനഭാഗങ്ങളെ കഥാകാരൻ നമുക്കു കാണിച്ചു തരുന്നു.

സാമുദായിക ഘടന ജനിപ്പിക്കുന്ന പാരതന്ത്ര്യത്തെ ആന്ന അക്മാത്തവ എന്ന റഷ്യൻ കവി (കവയിത്രി) സ്ഫുടീകരിക്കുന്നതു് അന്യാദൃശമായ രീതിയിലാണു്. വ്യക്തമല്ലാത്ത കുറ്റങ്ങളുടെ പേരിൽ അവരുടെ മകനെ ഇരുപത്തിരണ്ടു കൊല്ലം കാരാഗൃഹത്തിൽ പാർപ്പിച്ചു സർക്കാർ. പതിനേഴു മാസം എല്ലാ ദിവസവും അവർ കാരാഗൃഹത്തിന്റെ മുൻപിൽ ക്യൂവിൽ നിന്നിരുന്നു. മകനെ കണ്ടില്ല. അതിനെക്കുറിച്ചു് അവരെഴുതിയ ആർദ്രീകരണശക്തിയുള്ള ഒരു കാവ്യം അവസാനിക്കുന്നതു് ഇങ്ങനെ:

And let the melting snow stream

like tears from my motionless, bronze eyelids,

Let the prison dove call in the distance

and the boats go quietly on the Neva.

ശുഷ്കം

കാവ്യം പ്രാചീനമാവട്ടെ, നവീനമാകട്ടെ. അതിനു വൈകാരികസ്വാഭാവം ഉണ്ടായിരിക്കണം. ഈ വൈകാരികത്വം ആശയത്തോടും ലയത്തോടും ചേർന്നുവരുമ്പോൾ അതിനു രൂപശില്പം ലഭിക്കുകയായി. ‘കന്യാകുമാരി’ എന്ന കാവ്യം രമേശൻ നായരു ടേതാണു് (മാതൃഭൂമി ആഴ്ചപ്പതിപ്പു്, ലക്കം 17). ദേവിയെ അഭിസംബോധന ചെയ്തു കൊണ്ടു രചിച്ച ഈ കാവ്യത്തിൽ വൈകാരികത്വം ഒട്ടുമില്ല. തീക്ഷ്ണതയാർന്ന വികാരമില്ല എന്നല്ല പറയേണ്ടതു്. വികാരമേയില്ല.

കാത്തിരിപ്പിന്റെ കടംകഥ നീ; കർമ്മ

കാണ്ഡങ്ങൾ നീറ്റും നിതാന്ത വിരഹിണി

തെറ്റിയതെന്തേ മുഹൂർത്തം നിനക്കന്നു

പറ്റലരായതു ദേവ സ്വാർത്ഥങ്ങളോ

ഇന്നും ചമയമഴിക്കാതെ നോറ്റിരി

ക്കുന്നൂ പ്രതിശ്രുതരുദ്രൻ, വരൻ, ഹരൻ

ഇങ്ങനെ മിത്തിനെ ആവിഷ്കരിക്കുന്നതിൽ തൽപരനായ രമേശൻനായർ അതിലടങ്ങിയ വികാരത്തെ താനറിയാതെ ചോർത്തിക്കളയുന്നു. ഏതനുഭവത്തിന്റെ വൈകാരികാംശത്തെ കലാകാരൻ നശിപ്പിക്കുന്നുവോ ആ അനുഭവം വിരസവും ജുഗുപ്സാവഹവും ബഹിർഭാഗസ്ഥവുമായി പരിണമിക്കുന്നു. ഈ കാവ്യത്തിന്റെ ദോഷം അതുതന്നെയാണു്. “വാക്യഝംകൃതിയിൽ” അഭിരമിക്കുന്ന കവി മിത്തിനെയും അതിനോടു ബന്ധപ്പെട്ട വികാരത്തെയും അയഥാർത്ഥീകരിക്കുകയാണു്. ആ പ്രക്രിയ നടക്കുമ്പോൾ ഫലം ആഹ്ളാദമല്ല, യാതനയാണു്. തീവ്രവേദനയോടുകൂടിയാണു് ഞാൻ രമേശൻനായരുടെ കാവ്യം വായിച്ചു തീർത്തതു്. ദുഃഖത്തോടുകൂടിയാണു് ഞാൻ ഇതു കുറിക്കുന്നതു്. കാരണം രമേശൻ നായർ എന്റെ അഭിവന്ദ്യമിത്രമാണു് എന്നതത്രേ. സാഹിത്യത്തോടു ബന്ധപ്പെട്ട വേറെ ഏതെങ്കിലും രചന ആഴ്ചപ്പതിപ്പിലുണ്ടായിരുന്നെങ്കിൽ ഞാൻ ഈ കാവ്യത്തെക്കുറിച്ചു എഴുതുകില്ലായിരുന്നു. വാരികയെ അവഗയമിക്കരുതല്ലോ. പറയുന്നതു സത്യം ആകണം. അതിനാലാണു് ഈ വിമർശനം.

സെൻ ബുദ്ധിസ ”ത്തെക്കുറിച്ചു പ്രതിപാദിക്കുന്ന പല ഗ്രന്ഥങ്ങളും വായിക്കാൻ കഴിഞ്ഞിട്ടുണ്ടു് എനിക്കു്. ഏതോ ഗ്രന്ഥത്തിൽ നിന്നു കിട്ടിയ ഒരാശയം ഇവിടെ എഴുതട്ടെ. ആചാര്യൻ പറഞ്ഞു: അന്തരീക്ഷത്തിൽ ചന്ദ്രന്റെ സ്ഥാനം കാണിക്കാനായി ഞാൻ ഈ ചൂണ്ടുവിരൽ ചൂണ്ടുന്നു. നോക്കു. ചന്ദ്രനെ കാണാം. എന്നാൽ ചന്ദ്രനെ കാണാനായി എന്റെ ചൂണ്ടുവിരലിൽ നോക്കിയാൽ പോരാ. കാവ്യത്തിലെ കവിതയുടെ അംശം ചന്ദ്രനെപ്പോലെ തിളങ്ങണം. വാക്കാകുന്ന ചൂണ്ടുവിരലാണു് ആ ചന്ദ്രനെ കാണിച്ചുതരുന്നതു്. കവി, വാക്കിലേക്കു മാത്രം നോക്കിയാൽ മതിയാവില്ല. (ആശയം മുഴുവനും പരകീയം.)

സി. പി. നായർ

എന്റെ ഒരു സ്നേഹിതൻ അവിവാഹിതയായ ഒരു കോളേജദ്ധ്യാപികയെ വിളിച്ചിരുത്തി ലേശം അശ്ളീലം കലർത്തി സംസാരിക്കുമായിരുന്നു. അവൾക്കു് ആ തെറി മനസ്സിലായിരുന്നു. എങ്കിലും മനസ്സിലായില്ലെന്ന മട്ടിൽ ചിരിച്ചുകൊണ്ടിരിക്കും. അശ്ളീലത്തിന്റെ അളവു കൂടിക്കൂടിവന്നു. “എന്തിനിങ്ങനെ സംസാരിക്കുന്നു?” എന്നു ഞാൻ ഒരു ദിവസം അദ്ദേഹത്തോടു ചോദിച്ചപ്പോൾ This is verbal seduction എന്നു് മറുപടികിട്ടി. യുവതിക്കു് അശ്ലീലഭാഷണം രസകരമാണെന്നു കണ്ടപ്പോൾ സ്നേഹിതൻ ‘വെർബൽ സെഡക്ഷൻ’ വിട്ടു് ‘വെർബൽ കോയിറ്റ’സിലേക്കു ചെന്നു. അതു യഥാർത്ഥമായ വേഴ്ചയായി മാറിയപ്പോൾ സംഭാഷണത്തിന്റെ ആവശ്യകത ഇല്ലാതായി. പിന്നീടു് രണ്ടുപേരും മൗനം. വാക്കിന്റെ ശക്തിയാണു് ഇതു കാണിക്കുന്നതു്. മുദ്രാവാക്യങ്ങൾ വെർബൽ കോയിറ്റസാണു നടത്തുന്നതെന്നു് എനിക്കു തോന്നുന്നു. അതു് അസത്യാത്മകമാണു്, സ്ഥൂലീകരിക്കപ്പെട്ടതാണു്. പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി വിദ്യാഭ്യാസ മന്ത്രിയായിരുന്നകാലത്തു് അദ്ദേഹത്തിന്റെ വിദ്യാഭ്യാസനയങ്ങളെ എതിർക്കാൻ വേണ്ടി ചിലർ ജാഥകൾ നടത്തി. ഒരു ജാഥയിൽ ഞാൻ കേട്ട മുദ്രാവാക്യം ഇങ്ങനെ: “മണ്ടാമുണ്ടാ മുണ്ടശ്ശേരി…” ജോസഫ് മുണ്ടശ്ശേരി ധിഷണാശാലിയായിരുന്നു. അതു് മുദ്രാവാക്യം വിളിച്ചവർക്കുമറിയാം. എങ്കിലും രാഷ്ട്രീയമായ ലക്ഷ്യത്തോടെ അസത്യാത്മകമായ മുദ്രാവാക്യംവിളിച്ചു പ്രതിയോഗികൾ. “അരിയെവിടെ തുണിയെവിടെ? പറയൂ പറയൂ നമ്പൂരി” ആരു ഭരിച്ചാലും അരിക്കും തുണിക്കും ക്ഷാമംവരും. ജനപ്പെരുപ്പമാണു് അതിനു കാരണം. അപ്പോൾ അരിയുടെയും തുണിയുടെയും ദൗർല്ലഭ്യത്തിനു കാരണക്കാരൻ നമ്പൂരിയാണെന്നു പറയുന്നതു കള്ളം. എങ്കിലും രാഷ്ട്രവ്യവഹാരത്തിന്റെ ആവശ്യകതയ്ക്കു് യോജിച്ച മട്ടിൽ മുദ്രാവാക്യം മുഴക്കുന്നു. “ഇതു പോലൊരു നാറിയഭരണം കേരളമക്കൾ കണ്ടിട്ടില്ല” എന്നു വേറൊരു മുദ്രാവാക്യം. ഏതു സർക്കാരിന്റെ കാലത്തായാലും ഇതു കള്ളമാണു്. അതിനെക്കാൾ നാറിയ ഭരണം പലതും കേരളമക്കൾ കണ്ടിട്ടുണ്ടല്ലോ. ഇങ്ങനെ അസത്യം കലർന്ന മുദ്രാവാക്യങ്ങൾ പല പരിവൃത്തി വിളിക്കുമ്പോൾ അവയിലെ അസത്യാംശം വിസ്മരിക്കപ്പെടുന്നു. അവ സത്യമാണെന്നു തോന്നുകയും ചെയ്യുന്നു. ജനം ഒരുമിച്ചുകൂടുമ്പോൾ ഒരു തരത്തിലുള്ള വിഷം വ്യാപിക്കും. ഈ വിഷം ഇന്ദ്രിയങ്ങളെ തളർത്തും. തളർന്ന ഇന്ദ്രിയങ്ങൾക്കു അസത്യത്തെ സത്യമായി സ്വീകരിക്കാൻ പ്രയാസമുണ്ടാവുകയില്ല. ഞാനിത്രയും വിരസമായി എഴുതിയതു് സി. പി. നായരുടെ ‘മുദ്രാവാക്യസാഹിത്യം സിന്ദാബാദ്’ എന്ന സരസമായ ലേഖനം വായിച്ചതിനാലാണു്. (മനോരമ ദിനപത്രം ജൂലൈ 4) ഏതു ശുഷ്കമായ വിഷയവും സി. പി. നായരുടെ തൂലികാസ്പർശംകൊണ്ടു് രസപ്രദമാകും. ആ കഴിവു് ഈ ഹാസ്യലേഖനത്തിലും ദർശിക്കാം. മന്നത്തു പത്മാനാഭൻ, എം. എൻ. ഗോവിന്ദൻനായർ എന്നീ മഹാവ്യക്തികളെ രസിപ്പിച്ചിരിക്കാൻ ഇടയുള്ള ചില മുദ്രാവാക്യങ്ങൾ ഈ ലേഖനത്തിലുള്ളതു് ഇവിടെ എടുത്തെഴുതട്ടെ.

“മന്നം സിംഹം ഗർജ്ജിക്കുമ്പോൾ എം. എൻ. ജംബുകനോരിയിടുന്നു” “എം. എൻ. ജംബുകനാണെങ്കിൽ മന്നം കോഴിക്കുഞ്ഞാണു്.” “മന്നം കോഴിക്കുഞ്ഞാണെങ്കിൽ എം. എൻ. വെറുമൊരു ചിതലാണു്” “എം. എൻ. വെറുമൊരു ചിതലാണെങ്കിൽ മന്നം വെറുമൊരു മതിലാണു്.” ചിരിപുരണ്ട കടക്കണ്ണുകൊണ്ടു് സി. പി. നായർ മുദ്രാവാക്യം വിളിക്കുന്നവരെ നോക്കുന്നു. ആ നോട്ടം എന്നെപ്പോലുള്ളവരെ രസിപ്പിക്കുന്നു.

നിരീക്ഷണങ്ങൾ

മദ്ധ്യവയസ്കന്റെ ചെറുപ്പക്കാരിയും സുന്ദരിയുമായ ഭാര്യയെ ഒരു ചെറുപ്പക്കാരൻ കടന്നുപിടിക്കുന്നു. അവൾ അയാളെ അടിക്കുന്നു. പക്ഷേ, ഭർത്താവിനോടു് ഒന്നും പറയുന്നില്ല മനോരാജ്യത്തിൽ (ലക്കം 32). രാജഗോപാൽ എഴുതിയ കഥയുടെ സാരമാണിതു്. ചേരചത്തു ചെളിയിൽ കിടക്കയോ?…? രണ്ടും അല്ല. രാജഗോപാലിന്റെ കഥ ഉത്കൃഷ്ടമായ ഒരു വാരികയിൽ കിടക്കുകയാണു്. മൂക്കു പൊത്തു.

“സ്വന്തമായൊരുപിടി പദങ്ങൾ വേണം ഇന്നെന്നന്തരംഗത്തിൽ തുടികൊട്ടുന്ന വികാരങ്ങൾ ഭാവപൂർണ്ണമായ് തീവ്രശക്തമായ് പകർന്നീടാൻ” ഇതു് എക്സ്പ്രസ്സ് വാരികയിൽ ‘പദങ്ങൾ’ എന്ന പദ്യമെഴുതിയ ധീരപാലൻ ചാളിപ്പാട്ടിന്റെ ആഗ്രഹമാണു്—ആഗ്രഹങ്ങളെല്ലാം കുതിരകളായിരുന്നെങ്കിൽ യാചകർ കുതിരസ്സവാരി നടത്തുമായിരുന്നു.

images/JonathanSchell.jpg
ജൊനതൻ ഷെല്ല്

ജൊനതൻ ഷെല്ലി ന്റെ The Fate of the Earth 1982-ൽ പ്രസിദ്ധപ്പെടുത്തി. ന്യൂക്ളിയർ ആയുധങ്ങൾ നശിപ്പിച്ചിട്ടു് ലോകഗവണ്മെന്റ് രൂപവത്കരിക്കാൻ ഷെൽ അതിലൂടെ ആഹ്വാനം ചെയ്തു. 1984-ൽ പ്രസിദ്ധപ്പെടുത്തിയ The Abolition എന്ന ഗ്രന്ഥത്തിൽ ന്യൂക്ലിയർ ആയുധങ്ങൾ നശിപ്പിക്കുന്നതെങ്ങനെയാണെന്നും രാഷ്ട്രങ്ങൾക്കു പരമാധികാരം നിലനിറുത്താൻ സാധിക്കുന്നതു് എപ്രകാരമാണെന്നും ഷെൽ വ്യക്തമാക്കിയിരിക്കുന്നു. രണ്ടും പ്രധാനപ്പെട്ട ഗ്രന്ഥങ്ങൾ തന്നെ. ഡോക്ടർ എം.എം. ബഷീർ ‘ജനയുഗം’ വാരികയിൽ (ലക്കം 31) The Fate of the Earth എന്ന ഗ്രന്ഥത്തെക്കുറിച്ചു് എഴുതിയിരിക്കുന്നു. സാഹിത്യപഞ്ചാനനൻ പി.കെ. യുടെ ഭാഷയിൽ പറഞ്ഞാൽ ഇത്തരം പ്രവർത്തനങ്ങൾ ആദരണീയങ്ങളും സ്വീകരണീയങ്ങളുമാണു്.

തിരുവനന്തപുരത്തെ ‘ചർച്ചാവേദി’യുടെ ഒരു സമ്മേളനത്തിൽ പ്രൊഫസർ എസ്. ഗുപ്തൻ നായർ പറഞ്ഞു പോലും “ഇടപ്പള്ളി രാഘവൻ പിള്ളയെക്കാൾ വലിയ കവിയാണു് വി. സി. ബാലകൃഷ്ണപ്പണിക്ക”രെ ന്നു്. ആഹ്ലാദദായകമല്ല ആ പ്രസ്താവം. കവിതയ്ക്കു ഭൂഷണങ്ങൾ ചാർത്തിക്കൊടുക്കുന്നതിലായിരുന്നു ബാലകൃഷ്ണപ്പണിക്കർക്കു കൗതുകം. “വിശ്വരൂപം” വായിക്കു. കൺസീറ്റുകൾ കൊണ്ടു നിറച്ച ആ കാവ്യം നമുക്കു് ചെടിപ്പു് ഉണ്ടാക്കും. ‘ഇടപ്പള്ളി രാഘവൻ പിള്ള ഭാഷ ഉപയോഗിച്ചതു് അലങ്കാരപ്പണിക്കല്ല; അലങ്കൃത സൗധത്തിന്റെ അകത്തു പാർക്കുന്ന മനുഷ്യരെ കാണാനാണു്. അദ്ദേഹം അവരെ കണ്ടു. അവരുടെ വേദനകൾ പകർത്തി. ആ വേദനകൾ നമ്മളുടേതുമാണു്. ഇടപ്പള്ളിക്കവിത ജനിപ്പിക്കുന്ന ‘ഇന്റിമസി’ ബാലകൃഷ്ണപ്പണിക്കരുടെ കവിത ജനിപ്പിക്കുന്നില്ല. ബാലകൃഷ്ണപ്പണിക്കരെക്കാൾ പൊക്കം കൂടുതലാണു് ഇടപ്പള്ളിക്ക്.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1985-07-28.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 23, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: Anupa Ann Joseph; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.