സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1985-08-04-ൽ പ്രസിദ്ധീകരിച്ചതു്)

കാലം! അതിനൊട്ടും കാരുണ്യമില്ല. വസ്തു സുന്ദരമാകട്ടെ, അസുന്ദരമാകട്ടെ. അതിനെ നശിപ്പിച്ചുകൊണ്ടുകാലം പുതിയ വസ്തുവിനെ സൃഷ്ടിക്കുന്നു. അതിനെയും നിഗ്രഹിച്ചുകൊണ്ടു നൂതനമായതിനെ നിർമ്മിക്കുന്നു. ശുചീന്ദ്രത്തുനിന്നു് ഏതാനുംനാഴിക കിഴക്കോട്ടുപോയാൽ മരുത്വാമലയിൽ ചെല്ലാം. അതിന്റെ താഴ്‌വരയിൽ വലിയ ചുറ്റളവിൽ ഒരു കോട്ടയുടെ അവശിഷ്ടങ്ങൾ കാണാം. ഏതോ രാജാവു് ശത്രുക്കളെ ഭയന്നു കെട്ടിയതാവണം ആ കോട്ട. അതിനുള്ളിൽ അദ്ദേഹം ഭയരഹിതനായി, ആഹ്ളാദഭരിതനായി വാണരുളിയിരിക്കണം. കാലം കൈയമർത്തി. രാജാവു് പോയി. കോട്ട പോയി. എന്റെ കുട്ടിക്കാലത്തു് തിരുവനന്തപുരത്തെ ചെമ്മണ്ണു നിറഞ്ഞ വഴികളിൽകൂടി സന്ധ്യാവേളയിൽ നടന്നാൽ ഓരോ ഭവനത്തിൽനിന്നും “രാമ രാമ പാഹിമാം” എന്നു് ഈണത്തിൽ പ്രാർത്ഥനാഗാനമുയരുന്നതു കേൾക്കാം. നോക്കൂ. കത്തിച്ചുവച്ച വിളക്കിന്റെ ചേതോഹരമായ ദീപത്തിനുചുറ്റും ബാലികമാർ ഇരിക്കുന്നു. അവരുടെ ചെറിയ ഗളനാളങ്ങളിൽനിന്നുയരുന്ന ആ ഗാനങ്ങൾ ഹിന്ദുക്കളല്ലാത്തവരെയും കോരിത്തരിപ്പിക്കും. കാലം കൈയമർത്തി. അവർ പോയി. ഇന്നു നിലവിളക്കില്ല. പകരം ടെലിവിഷനുണ്ടു്. പെൺകുട്ടികളും ആൺകുട്ടികളും പുസ്തകങ്ങൾ ദൂരെയെറിഞ്ഞു് അതിനടുത്തു് ഇരിക്കുന്നു. ‘ചിത്രഗീതം.’ കുളികഴിഞ്ഞു് ഈറൻ തുണിയോടെ കരയ്ക്കുകയറുന്ന നായികയെ നേരത്തെ കുളത്തിൽ ചാടിയിട്ടു് കരയിൽ കയറിനിന്ന നായകൻ കെട്ടിപ്പിടിക്കുന്നു. ചുംബനം പാടില്ല. അതുകൊണ്ടു ചുംബനത്തോളം എത്തുന്ന അധരസ്പർശം കാണിക്കുന്നു. പിന്നീടു് നായിക ഡാൻസ് എന്ന മട്ടിൽ ചന്തിയും മുലയും കുലുക്കിക്കാണിക്കുന്നു. നായകൻ ഒട്ടിയ പൃഷ്ഠം പാന്റ്സിലൂടെ കാണിച്ചുകൊണ്ടു് യഥാർത്ഥത്തിൽ ഉഡാൻസായ ഡാൻസ് നടത്തുന്നു. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും രസം. കാലം കൈയുയർത്തി നിൽക്കുന്നു. വളരെ വൈകാതെ അതു താഴത്തേക്കു പോരും. പക്ഷേ “കാലത്തിന്റെ കരുത്തേറിയ കരങ്ങൾ”ക്കു് ഒന്നും ചെയ്യാനാവാത്തതായ ഒരെണ്ണമുണ്ടു്. അതാണു് ‘തപ്പും തുടിയും’. പല്ലുപോയ ചില കിഴവന്മാർ തോലുപൊതിഞ്ഞ ഒരു വട്ടം കൈയിലെടുത്തു് അതിലടിച്ചു ശബ്ദമുണ്ടാക്കിക്കൊണ്ടു് സംഗീതത്തെ കൊല്ലുന്നു. ‘ഫോൾക്ക് ആർട്’ എന്നാണു് അതിന്റെ പേരു്. അതിനെ സംരക്ഷിക്കാൻ സർക്കാർ ബാദ്ധ്യസ്ഥമാണു്. കാലം പല സർക്കാരുകളെയും തകർത്തിട്ടുണ്ടെങ്കിലും തപ്പും തുടിയും എന്നതിനോടു് അതിനു് ഒന്നുംചെയ്യാൻപറ്റില്ല. അതിനാൽ ടെലിവിഷൻ ഉള്ളകാലംവരം ഈ ബീഭത്സത മനുഷ്യരെ ആക്രമിച്ചുകൊണ്ടിരിക്കും.

മഹനീയമായ കാലമേ, നിന്നെ ക്ഷുദ്രമായ ‘തപ്പും തുടിയും’ എന്ന ഗർഹണീയതയോടു ബന്ധപ്പെടുത്തിയ എന്റെ അനൗചിത്യത്തിനു മാപ്പുതരൂ. നിനക്കു പരാജയം സംഭവിക്കുന്ന ഉത്കൃഷ്ടങ്ങളായ സ്ഥലങ്ങളും സംഭവങ്ങളും വേറെയുണ്ടു്. വാല്മീകിരാമായണത്തെ, മഹാഭാരതത്തെ, കാളിദാസകൃതികളെ, ഷേക്‍സ്പിയർ നാടകങ്ങളെ നിനക്കു സ്പർശിക്കാനാവുമോ? ഇല്ല. അതു പറഞ്ഞാൽ നിനക്കു വല്ലായ്മയുണ്ടാവുകയില്ല. അപകൃഷ്ടമായതിനോടു ബന്ധപ്പെടുത്തി നിന്റെ പരാജയത്തെക്കുറിച്ചു ഞാൻ പറയാൻ പാടില്ലായിരുന്നു.

പരുക്കൻ സ്പർശം

പറയാൻ പാടില്ലായിരുന്നുവെന്നു പിന്നീടു പലപ്പോഴും തോന്നിയിട്ടുണ്ടെങ്കിലും പറഞ്ഞുപോയിട്ടുണ്ടു്. ഇതെഴുതുന്ന കാലംവരെ പറയേണ്ടതായുംവരും. കുത്സിത രചനകൾ സമുദായദ്രോഹമാണല്ലോ. അതു കണ്ടുകൊണ്ടു മൗനം അവലംബിക്കുന്നതു ശരിയല്ല. കഴിവുകേടിന്റെ വിരൂപമായ ആകൃതി കണ്ണാടിയിലെന്നപോലെ പ്രതിഫലിപ്പിക്കുന്ന ഒരു ചെറുകഥയുണ്ടു് ചന്ദ്രിക ആഴ്ചപ്പതിപ്പിന്റെ 50-ആം ലക്കത്തിൽ. സുപ്രസാദ് തറോപ്പൊയിൽ എഴുതിയ ‘എങ്കിലും അച്ഛാ ഇതു വേണ്ടായിരുന്നു’ എന്ന കഥ. അച്ഛനെന്താണു് മകനെ വിഷാദത്തിൽ എറിയുന്ന മട്ടിൽ ചെയ്തുകളഞ്ഞതു്? മകൻ ഒന്നാംക്ലാസ്സിൽ ജയിച്ചിട്ടും അവനു ജോലികിട്ടിയില്ല. പെൺപിള്ളേർ സ്ഥിരം ശൈലിയിൽ പുരനിറഞ്ഞു നില്ക്കുന്നു. കിട്ടുന്ന പണംകൊണ്ടു് റേഷനരിപോലും വാങ്ങാൻ വയ്യ. ഈ കഷ്ടതയ്ക്കൊക്കെ എളുപ്പമാർന്ന പരിഹാരമുണ്ടു്. അച്ഛൻ ആത്മഹത്യചെയ്തു. ഇങ്ങനെ എത്രയെത്ര ആത്മഹത്യകൾ ഈ ലോകത്തു നടക്കുന്നു! അതു് സാഹിത്യത്തിനു വിഷയമാകാം. വിഷയമായാൽ മാത്രം പോരല്ലോ. അസദൃശമായ രീതിയിൽ അതു പ്രതിപാദിക്കപ്പെടണം. നൂതനമായ ഉൾക്കാഴ്ച വേണം. ആയിരമായിരം വർഷങ്ങളായി ആ വിഷയം ആരും മഷികൊണ്ടുതൊട്ടിട്ടില്ല എന്നു വായനക്കാരനു തോന്നണം. ഇതൊക്കെ ഉണ്ടാവണമെങ്കിൽ എഴുത്തുകാരൻ പ്രതിഭാശാലിയായിരിക്കണം. ഈ കഥാകാരൻ പ്രതിഭാദരിദ്രനാണു്. അദ്ദേഹത്തിനു കഥയെഴുതാനറിഞ്ഞു കൂടാ. ഉപന്യാസമെഴുതാനേ അറിയൂ. ജോലിചെയ്തു തഴമ്പുവീണ കൈകൊണ്ടു പതിനെട്ടുവയസ്സായ ജോലിക്കാരിപ്പെണ്ണു് ഗൃഹനായകന്റെ മകനും സുന്ദരനുമായ യുവാവിന്റെ പട്ടുപോലുള്ള കൈയിൽ കയറിപ്പിടിച്ചാൽ അവനു് എന്തുതോന്നും? എന്തുതോന്നുമോ അതാണു് ഇക്കഥവായിച്ചപ്പോൾ എനിക്കു തോന്നിയതു്. കൈ മരംപോലെയാണെങ്കിലും പിടിച്ചതു പെണ്ണല്ലേ എന്നു വിചാരിച്ചു് ചെറുപ്പക്കാരൻ മിണ്ടാതെനിന്നെന്നു വരും. ഞാൻ മിണ്ടാതെ നില്ക്കുന്നില്ല.

പ്രഭാതനക്ഷത്രത്തിന്റെ ശോഭ നിമിഷംതോറും മങ്ങിവരുന്നതുപോലെ നമ്മുടെ ചെറുകഥാസാഹിത്യത്തിന്റെ ശോഭയും മങ്ങിവരുന്നു.

സ്ഫടികഭാജനം

ശോഭമങ്ങുന്നതു കഥയുടേതു മാത്രമല്ല; കാവ്യത്തിന്റേതുമാണു്. “വെറുതേ സ്നേഹിക്കാൻ ശ്രമിക്കു”ന്ന ശരത്ചന്ദ്രലാലിന്റെ (ദീപിക ആഴ്ചപ്പതിപ്പു്) ഒരു കാവ്യത്തിന്റെ ഒരു ഭാഗം കേട്ടാലും;

“തകരപ്പാട്ടപ്പുറത്താണിത്തുമ്പുരയ്ക്കുമ്പോ-

ളുയരും സ്വരം പ്രേമമെന്നു ഞാനറിയുന്നു.

ജീവിതച്ചെളിക്കുണ്ടിൽ താഴുമെൻ ചുറ്റും കൈകൾ

നീണ്ടതു തഴുകാനല്ലിനിയും താഴ്ത്താൻ മാത്രം

പഴുത്ത പേപ്പട്ടികൾ കരപെയ്യുന്നൂ റോഡിൽ

കറുത്ത പൂച്ചക്കൂട്ടം കടികൂടുന്നു കീഴിൽ

സുനന്ദേ”

ഇങ്ങനെയൊക്കെ എഴുതാൻ ചങ്കൂറ്റമല്ലാതെ വേറെ വല്ലതും വേണ്ടതുണ്ടോ?

“പരുക്കൻപാറപ്പുറത്താച്ചിരട്ട കൊണ്ടുരയ്ക്കുമ്പോ-

ളുയരും ശബ്ദം കാവ്യമെന്നുഞാനറിയിന്നു

കവിതേ”

എന്നു ഞാനെഴുതുന്നതും ശരത്ചന്ദ്രലാൽ എഴുതുന്നതും തമ്മിൽ എന്തേ വ്യത്യാസം? ഉണ്ടു് ഒരു വ്യത്യാസം. ലാൽ അക്ഷരസംഖ്യ ക്രമപ്പെടുത്തിയിട്ടുണ്ടു്. എന്റെ വരികളിൽ അതില്ല.

ഗൃഹനായകനോടും ഗൃഹനായികയോടും ജോലിക്കാർ ദേഷ്യം തീർക്കുന്നതു് കണ്ണാടിപ്പാത്രങ്ങൾ പൊട്ടിച്ചാണു്. അതുകൊണ്ടു് അവരെ അത്തരം പാത്രങ്ങൾ വിശ്വസിച്ചേല്പിക്കാൻ വയ്യ. കവിയെ ജോലിക്കാരനായി ഞാൻ കരുതുകയല്ല. അലങ്കാരം തോന്നിയതു് വെറുതെ കളയേണ്ട, പ്രയോഗിച്ചുകളയാം എന്നു തോന്നിയതുകൊണ്ടു പറയുകയാണു്. കവിത ഒരു സ്ഫടിക ഭാജനമാണു്. ശരത്ചന്ദ്രലാൽ അതു കൈകൊണ്ടു തൊട്ടാൽ അദ്ദേഹമറിയാതെതന്നെ അതു താഴെ വീഴും, പൊട്ടിച്ചിതറും. “പൊട്ടിച്ചെറിഞ്ഞാനവൻ എന്റെ നേരേ” എന്നു പഴയ കവിയെപ്പോലെ എനിക്കു പറയേണ്ടതായും വരും.

മഹാഭാരതത്തിൽ, രാമായണത്തിൽ, രഘുവംശത്തിൽ ഞാൻ മിഴിചേർത്തിരിക്കുമ്പോൾ ധർമ്മപുത്രരും രാമനും രഘുവും എഴുന്നേറ്റുവരുന്നു. മേഘ സന്ദേശം നോക്കുമ്പോൾ സംഗീതത്തിന്റെയും സൗന്ദര്യത്തിന്റെയും മഹാത്ഭുതങ്ങൾ കാണുന്നു. ഇപ്പോഴോ? ബ്ലാക്ക് ഹോൾ മാത്രം…

images/RaymondCarver.jpg
റേമണ്ട് കാർവർ

നവീന ചെറുകഥയുടെ സൗന്ദര്യം കാണണമെന്നുണ്ടോ? എങ്കിൽ റേമണ്ട് കാർവറു ടെ ചെറുകഥകൾ വായിക്കണം. അദ്ദേഹത്തിന്റെ ‘കത്തീഡ്രൽ’ എന്ന കഥ വായിച്ചാൽ നമ്മൾ കലാസൗഭഗം കണ്ടു അദ്ഭുതപ്പെടും. ഒരു അന്ധൻ കൂട്ടുകാരന്റെ വീട്ടിലെത്തുന്നു. ആഹാരമെല്ലാം കഴിഞ്ഞു് അയാൾ അങ്ങനെയിരിക്കുമ്പോൾ ഗൃഹനായകൻ ടെലിവിഷൻ പ്രവർത്തിപ്പിച്ചു. കത്തീഡ്രലിനെക്കുറിച്ചുള്ള ഡോക്യുമെന്ററിച്ചിത്രമാണു് ടെലിവിഷനിൽ. അതിനെക്കുറിച്ചു് അന്ധനു് പറഞ്ഞുകൊടുത്താൽ കൊള്ളാമെന്നുണ്ടു് ഗൃഹനായകനു്. പക്ഷേ, അയാൾക്കു് ആശയങ്ങളില്ല; ആവിഷ്കരണ സാമർത്ഥ്യമില്ല. അതുകൊണ്ടു് “ഒന്നുമില്ല വെറും കത്തീഡ്രൽ” എന്നു പറഞ്ഞു് ഒഴിയുന്നു. അജ്ഞതയുടെ അന്ധകാരവും കാഴ്ചയില്ലാത്തതിന്റെ ഫലമായ അന്ധകാരവും ഒരുമിച്ചുചേർന്നു് കൂരിരുട്ടിന്റെ ലോകം നമ്മുടെ മുൻപിലെത്തുന്നു. വല്ലാത്ത ആർദ്രീകരണ ശക്തിയാണു് ഇക്കഥയ്ക്ക്.

മകനുമായി പിണക്കത്തിലായ അച്ഛൻ അവനെ കാണാൻ ആഗ്രഹിക്കുന്നതും തീവണ്ടിയാപ്പീസിൽ വന്നുനില്ക്കുന്ന അവനെ കാണാൻ ശ്രമിക്കാതെ അയാൾ കടന്നുപോകുന്നതുമായ മറ്റൊരു കഥ—ട്രാജഡിയുടെ തീക്ഷ്ണത ആവഹിക്കുന്ന വേറൊരു കഥ – ഞാൻ വായിച്ചിട്ടുണ്ടു്. കത്തീഡ്രൽ എന്ന കഥയെപ്പോലെ ഇതും മനോഹരമാണു്. (കഥയുടെ പേരു് ഓർമ്മിക്കുന്നില്ല) ഇതൊക്കെ വായിക്കുന്നവർക്കും വായിക്കാത്തവർക്കും അഷിത യുടെ ‘സംശയാലുവായ തോമസ്’ എന്ന ചെറുകഥ (ഗൃഹലക്ഷ്മി, ലക്കം 1) വെറും നാട്യമായിത്തന്നെ തോന്നും. തലമുറകളുടെ അന്തരം ചിത്രീകരിക്കാൻ മദ്ധ്യവയസ്കയായ ഒരു കോളേജ് അദ്ധ്യാപികയെയും കുടിയനായ ഒരു വിദ്യാർത്ഥിയെയും അവതരിപ്പിക്കുന്ന ഇക്കഥയിൽ പ്രിട്ടെൻഷൻ അല്ലാതെ മറ്റൊന്നുമില്ല.

പെർവേർഷൻ

ഗ്യുന്തർഗ്രാസ്സി ന്റെ ‘തകരച്ചെണ്ട’ എന്ന നോവൽ വായിച്ചിട്ടു കാലമേറെയായി. ഓർമ്മയിൽ നിന്നെഴുതുകയാണു്. നോവലിലെ പ്രധാന കഥാപാത്രമായ ആ മുണ്ടൻ (പേരു് മറന്നുപോയി) ആഹാരം കഴിക്കാനായി മേശയ്ക്കരികിൽ ഇരിക്കുമ്പോൾ അവന്റെ അമ്മയുടെ പാവാടയ്ക്കകത്തേക്കു് ഒരുത്തന്റെ സ്റ്റോക്കിങ് ഇട്ട കാലുയരുന്നതു് അവൻ കാണുന്നു. ബ്രിട്ടീഷ്-അമേരിക്കൻ ഗ്രന്ഥകാരനായ ഫ്രാങ്ക് ഹാരിസി ന്റെ കുപ്രസിദ്ധമായ My Life and Loves എന്ന ഗ്രന്ഥം ഞാൻ കണ്ടിട്ടില്ല. അതിൽ അദ്ദേഹം താൻ കുട്ടിയായിരുന്നപ്പോൾ ചെയ്യാറുള്ള ഒരു പ്രവൃത്തി വർണ്ണിച്ചിട്ടുണ്ടു്. അതു മറ്റുള്ളവർ എടുത്തെഴുതിയതു ഞാൻ വായിച്ചിട്ടുണ്ടു്. ആ ബാലൻ മേശയ്ക്കടിയിലേക്കു പെൻസിൽ ഉരുട്ടും. അതെടുക്കാനെന്ന മട്ടിൽ ‘നാലുകാലിൽ’ ഇഴഞ്ഞു മേശയ്ക്കടിയിലേക്കു ചെല്ലും. മേശയ്ക്കു ചുറ്റുമിരിക്കുന്ന പെൺകുട്ടികളുടെ കാലുകൾ കാണാനുള്ള വിദ്യയായിരുന്നു അതു്. ഈ പെർവേർഷനെല്ലാം ഞാനിവിടെ എഴുതുന്നതു ശരിയല്ലെന്നു വിചാരിച്ചു് വായനക്കാർ നെറ്റിചുളിക്കുന്നോ? ഉണ്ടെങ്കിൽ ആ ധർമ്മരോഷം ശരി. മലയാള മനോരമ ആഴ്ചപ്പതിപ്പിൽ കൂര്യനാട് ചന്ദ്രൻ എഴുതിയ ‘സുനന്ദ’ എന്ന കഥവായിച്ചപ്പോൾ ഗ്രാസ്സിന്റെ കഥാപാത്രവും ഫ്രാങ്ക്ഹാരിസും കാണിച്ച പെർവേർഷൻ എത്ര നിസ്സാരമെന്നു് എനിക്കു തോന്നിപ്പോയി. “സുനന്ദ പ്രസവിച്ചു. ദാസ് ആശിച്ചിരുന്നതുപോലെ കുട്ടൻ തന്നെ” എന്ന കത്തു് ഭർത്താവിനു വന്നതു ഭാര്യയെടുത്തു് ഒളിച്ചുവച്ചു. എന്നിട്ടു കരയാൻതുടങ്ങി. കൂത്താട്ടുകുളത്താണു് സുനന്ദ പാർക്കുന്നതു്. അന്നു തന്നെ അവിടത്തേക്കു് അയാൾക്കു ട്രാൻസ്ഫർ കിട്ടി. വാതോരാതെ കരയുന്ന ഭാര്യയെയും കൂട്ടിക്കൊണ്ടു് അയാൾ കൂത്താട്ടുകുളത്തുചെന്നു. പ്രസവിച്ച സുനന്ദയെ കണ്ടു. സുനന്ദ പശുവാണു്. അപ്പോൾ അവൾ (ഭാര്യ) കണ്ണീരോടെ ചിരിച്ചുപോലും. ഇതു് പെർവേർഷനല്ലെങ്കിൽ പിന്നെന്താണു്? ഹാവ്ലക് എല്ലിസ് മഹാനായ ലൈംഗിക ശാസ്ത്രജ്ഞനായിരുന്നു. അദ്ദേഹം കാമുകിമാരെ മൂത്രവിസർജ്ജനം ചെയ്യിച്ചു് അതുകണ്ടുരസിക്കുമായിരുന്നു. ഈ യൂറോലഗ്നിയ (urolagnia) ഞെട്ടിപ്പിക്കുന്നതുതന്നെ. പക്ഷേ, എല്ലിസ്, താങ്കളെത്ര പാവന ചരിതൻ! താങ്കളെയും സാഹിത്യം കൊണ്ടു് തോല്പിക്കുന്നവർ ഞങ്ങളുടെ നാട്ടിലുണ്ടു്.

ശവസംസ്കാര കേരളം

“സംസ്കാര കേരളം ഇനി നമ്മെ ശല്യം ചെയ്യുകയില്ലല്ലോ. ആശ്വാസമായി. പുനർജനി നേടുമോ എന്നു് ശങ്ക ഇല്ലാതില്ല. ‘ശവസംസ്കാര കേരളം’ എന്ന അന്വർത്ഥനാമത്തിലെത്തിയാണു് അതു് അന്തരിച്ചതു്. ഹോ. അതിലെനായകാഭരണം’ പൊടിപൊടിച്ചു. ശൃംഗാരക്കുഴമ്പു് പഴകിയതുകൊണ്ടായിരിക്കാം ഇത്ര നാറ്റം… ”

മനുഷ്യനെ മൃഗത്തിൽനിന്നു വേർതിരിച്ചു നിറുത്തുന്നതു് സംസ്കാരമാണു്. ഒരു ദേശത്തിന്റെ ആശയങ്ങളും ആചാര ക്രമങ്ങളും ഒരുമിച്ചു ചേരുന്നതിനെ സംസ്കാരമെന്നു വിളിക്കുന്നു. അതു് ആ ദേശത്തിന്റേതു മാത്രമാണു്. പിന്നീടു് പിന്നീടു് വരുന്നവർ ആ ആശയങ്ങൾക്കും ആചാരക്രമങ്ങൾക്കും ഭംഗമോ ലോപമോ വരുത്താതെ സ്വകീയങ്ങളായ സംഭാവനകൾ കൊണ്ടു് അതിനു വികാസം വരുത്തണം. ഇങ്ങനെ നോക്കുമ്പോൾ കേരളത്തിനു് അതിന്റേതായ സംസ്കാരമുണ്ടെന്നു കാണാം. ആ സംസ്കാരത്തോടു സർക്കാർ പ്രസാധനമായ ‘സംസ്കാരകേരള’ത്തിനു ഒരു ബന്ധവുമുണ്ടായിരുന്നില്ല. ഇല്ലെന്നു മാത്രമല്ല അതിനെ അവഗണിക്കുവാൻ പോലും അധിപന്മാർ ശ്രമിച്ചിരുന്നു. ശങ്കരസൂരിക്കും ശ്രീധരകവിരാജനും തപോവനത്തിനും വിഹരിക്കുവാൻ പറ്റിയ ഒരു കളം ഈ മാസിക ഒരുക്കിക്കൊടുത്തു എന്നതു മാത്രമാണു സത്യം. ലോകത്തു് ഒരു മാസികയും ഇവരുടെ രചനകൾ പ്രസിദ്ധപ്പെടുത്തുകയില്ല. അത്രയ്ക്കു വിലക്ഷണങ്ങളാണു് അവ. അപ്പോഴുണ്ടു് സർക്കാരുവക പുറമ്പോക്കായ “സംസ്കാരകേരളം” കിടക്കുന്നു. പുറമ്പോക്കു സൂക്ഷിക്കാൻ നിയമിക്കപ്പെട്ട വ്യക്തിയുടെ സമ്മതത്തോടുകൂടി അവർ തങ്ങളുടെ രചനാഭാസങ്ങൾ അവിടേക്കു വലിച്ചെറിഞ്ഞു. വളരെക്കാലം കേരളീയർ ക്ഷമിച്ചു; സർക്കാരും ക്ഷമിച്ചു. ഇപ്പോൾ സംസ്കാരകേരളമില്ല. അതു നിറുത്തിയ സർക്കാരിനെ ഞാൻ സവിനയം അഭിനന്ദിക്കുന്നു.

ഈ വിഷയത്തെക്കുറിച്ചു് ടി. വേണു ഗോപാലൻ എഴുതിയ ലേഖനം (മാതൃഭൂമി ആഴ്ചപ്പതിപ്പു് ലക്കം 18) മനസ്സിരുത്തിയാണു് ഞാൻ വായിച്ചതു്. ലേഖകന്റെ പല മതങ്ങളോടും യോജിക്കാൻ പ്രയാസമുണ്ടായില്ല. വേണുഗോപാലൻ തന്റേതായ അഭിപ്രായങ്ങളാണു് ആവിഷ്കരിക്കുന്നതു്. എന്റേതല്ല. അതുകൊണ്ടു് ചില അഭിപ്രായങ്ങളോടു് ഞാൻ യോജിച്ചില്ലെങ്കിലും കുഴപ്പമൊന്നുമില്ല. കേരളീയരെയും കേരളസർക്കാരിനെയും അഴുക്കു ചാലിലേക്കു് എറിഞ്ഞുകൊണ്ടിരുന്ന ഒരു പ്രസാധനത്തെക്കുറിച്ചു് എഴുതണമെന്നു് അദ്ദേഹത്തിനു തോന്നിയതുതന്നെ വലിയ കാര്യം.

കേരളത്തിലെ ഒരുജ്ജ്വലപ്രതിഭാശാലി എനിക്കെഴുതിയ ഒരു കത്തിൽനിന്നു ചില ഭാഗങ്ങൾ എടുത്തെഴുതട്ടെ: “സംസ്കാരകേരളം ഇനി നമ്മെ ശല്യം ചെയ്യുകയില്ലല്ലോ. ആശ്വാസമായി! പുനർജനി നേടുമോ എന്നു ശങ്കയില്ലാതില്ല. ‘ശവ സംസ്കാരകേരളം’ എന്ന അന്വർത്ഥനാമത്തിലെത്തിയാണു് അതു് അന്തരിച്ചതു്. ഹോ, അതിലെ ‘നായകാഭരണം’ പൊടി പോടിച്ചു. ശൃംഗാരക്കുഴമ്പു്; പഴകിയതുകൊണ്ടായിരിക്കാം ഇത്ര നാറ്റം. മുകിലനോടു യുദ്ധത്തിനുപോയ പടയാളികൾ (നായകന്മാർ) കള്ളുഷാപ്പു് വഴി വേശ്യാലയങ്ങളിൽ തുമുലയുദ്ധം നടത്തിവെളുപ്പിച്ചു. എങ്ങനെയുണ്ടു് സംസ്കാരം? മൃതഭാഷയെ സംസ്കരിച്ചുകഴിഞ്ഞു. വാല്മീകിവ്യാസകാളിദാസന്മാർ ചൈതന്യമേകി വികസിപ്പിച്ച അമൃത ഭാഷ കേരളത്തിലെത്തി മൃതമായി. പിന്നെ സംസ്കരിക്കാതെ നിവൃത്തിയുണ്ടോ? അതു സർക്കാർ ചെലവിൽ തന്നെ മാന്യമായി നടന്നു”.

ഭയജനകം
images/BenedettoCroce01.jpg
ക്രോചെ

തികച്ചും മനുഷ്യത്വശൂന്യവും ഭീതിജനകവുമായ കഥയാണു് മേതിൽ രാജേശ്വരിയുടെ “കഴുകന്മാർ” (കുങ്കുമം, ലക്കം 45). വിവാഹിതയായ കൂട്ടുകാരി ശാലിനിയെ കാണാൻ റോസി തോമസ് വരുന്നു. ശാലിനിയുടെ ഭർത്താവിനെ അവൾക്കു കണ്ടേതീരൂ. അയാളുടെ പടം ശാലിനി കാണിച്ചുകൊടുത്തു. സുന്ദരൻ അതുപോരെ എന്നു ശാലിനി. പോര, നേരിട്ടു കാണണമെന്നു റോസിതോമസ്. പറമ്പുതാണ്ടി അവർ ചെന്നു. ഒരു ഭ്രാന്തനെ ഒരൊഴിഞ്ഞ വീട്ടിലെ മുറിയിൽ പൂട്ടിയിട്ടിരിക്കുന്നു. ശാലിനി വികാരവിവശയായി അയാളുടെ തലയെടുത്തു് സ്വന്തം ശരീരത്തിൽ ബന്ധിപ്പിക്കുമ്പോൾ കഥ അവസാനിക്കുന്നു. കഥ എഴുതുന്നവർക്കു് ജീവിതത്തെ സംബന്ധിച്ചു് ഏതു ‘വിഷനു’മാകാം. അതു് ഇക്കഥയിലെന്നപോലെ രോഗാർത്തവുമാകട്ടെ. പക്ഷേ, പാരായണം കഴിയുമ്പോൾ പ്രതിപാദനത്തിന്റെ സവിശേഷതകൊണ്ടു് ഭാരതിയലങ്കാരികൻ പറയുന്ന വിശ്രാന്തി അനുവാചകനു് ഉണ്ടാകണം. അല്ലെങ്കിൽ ഇറ്റലിയിലെ തത്ത്വചിന്തകൻ ക്രോചെ പറഞ്ഞ “അനുധ്യാനത്തിന്റെ പ്രശാന്തത” ഉളവാകണം. വിശ്രാന്തിയോ പ്രശാന്തതയോ ജനിപ്പിക്കാൻ ഇക്കഥ അസമർത്ഥമാണു്. അതിലെ ‘ഇമോഷനൽ വയലൻസ് രോഗാർത്തമാക്കുന്നു വായനക്കാരന്റെ മനസ്സിനെ. സംസ്കൃത സാഹിത്യ ചിന്തകന്മാർ രണ്ടുതരത്തിലുള്ള വൃത്തികളെക്കുറിച്ചു പറഞ്ഞിട്ടുണ്ടു്. തദ്വൃത്തിയും തത്സമവൃത്തിയും. കൊലപാതകം നേരിട്ടുകണ്ടാൽ ഉണ്ടാകുന്ന ഭയവും ഞെട്ടലുമാണു് കൊലപാതകവർണ്ണനം ജനിപ്പിക്കുന്നതെങ്കിൽ ആദ്യത്തെ വൃത്തിയാണു് നടക്കുന്നതു്. വർണ്ണനം രസാനുഭൂതിക്ക് കാരണമായാൽ രണ്ടാമത്തെ വൃത്തി. ഒഥല്ലോ വായിക്കുമ്പോൾ ഇതാണു് ഉണ്ടാകുന്നതു്. അടുത്തവീട്ടിലെ കൊലപാതകമോ ചില വാരികകളിലെ കൊലപാതക റിപ്പോർട്ടുകളോ ആദ്യം എഴുതിയ വൃത്തിയോടു ബന്ധപ്പെട്ടിരിക്കുന്നു. മേതിൽ രാജേശ്വരിയുടെ കഥ സാഹിത്യമല്ല! അതു് Vulgar depravity മാത്രം.

പാവയ്ക്കയുടെ കയ്പു്
images/Petronius.jpg
പിട്രോണിയസ്

ഈ വൾഗർ ഡിപ്രേവിറ്റി—ആഭാസത്തരത്തോളം ചെല്ലുന്നവഷളത്തം—ദാമ്പത്യജീവിതത്തിലാണു് കൂടുതലും കാണുന്നതു്. ഭാരതീയകവികൾ ഇതു മുൻകൂട്ടിക്കണ്ടു് മനുഷ്യരെ അതിൽനിന്നു രക്ഷിക്കാനായി ദാമ്പത്യജീവിതത്തെ “ആദർശാത്മകമായി” ചിത്രീകരിച്ചു. സീതയുടെയും ശ്രീരാമന്റെയും കഥ ഒരുദാഹരണം. ദമയന്തിയുടെയും നളന്റെയും കഥ വേറൊരുദാഹരണം. ഈ ചിത്രീകരണങ്ങൾ ദമ്പതിമാർക്കു സഞ്ചരിക്കേണ്ട മാർഗ്ഗം ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും കാപട്യത്തിന്റെ സന്തതികളത്രേ. പടിഞ്ഞാറൻ സാഹിത്യകാരന്മാർ റീയലിസ്റ്റിക്കാണു്. റോമൻ സറ്റയറിസ്റ്റ് പിട്രോണിയസി ന്റെ കഥയാണെന്നാണു് എന്റെ ഓർമ്മ. സർക്കാർ ചില കള്ളന്മാരെ കുരിശിൽ തറച്ചുകൊന്നു. അവരുടെ മൃതദേഹങ്ങൾ ബന്ധുക്കൾ മോഷ്ടിച്ചുകൊണ്ടുപോകാതിരിക്കാൻവേണ്ടി ഒരു പട്ടാളക്കാരനെയും നിയമിച്ചു. അന്നുതന്നെ സ്വാഭാവികമായി മരിച്ച ഒരാളിന്റെ ശരീരം ഒരു ഗുഹയ്ക്കകത്താക്കി വച്ചിരുന്നു. (അവിടത്തെ ആചാരം അങ്ങനെയായിരുന്നു.) അയാളുടെ ഭാര്യ ദുഃഖം സഹിക്കാൻ വയ്യാതെ ആ മൃതദേഹത്തിനടുത്തു വന്നിരുന്നു നെഞ്ചിലടിക്കുകയും മുടി പിച്ചിപ്പറിക്കുകയും ചെയ്തു. കള്ളന്മാരുടെ മൃതദേഹങ്ങൾ സൂക്ഷിക്കുന്ന പട്ടാളക്കാരൻ സുന്ദരിയായ വിധവയുടെ അടുക്കലെത്തി. ആശ്വാസവചനങ്ങൽ അരുളി. ആഹാരം നല്കി. മുന്തിരിച്ചാറു കുടിക്കാൻ കൊടുത്തു. വിശപ്പു മാറിയപ്പോൾ ശരീരത്തിന്റെ മറ്റാവശ്യങ്ങൾ ഉയർന്നു. എന്തിനേറെപ്പറയുന്നു അവർ രണ്ടുപേരും രാത്രി ഗുഹയ്ക്കകത്തുകിടന്നു. പട്ടാളക്കാരൻ പോയെന്നു കണ്ടപ്പോൾ ബന്ധുക്കൾ വന്നു് ഒരു മൃതദേഹമെടുത്തു കൊണ്ടുപോയി. മൃതദേഹം നഷ്ടപ്പെട്ടാൽ സർക്കാർ പട്ടാളക്കാരനെ കൊല്ലും. അയാൾ വാളു് വലിച്ചൂരി ആത്മഹത്യയ്ക്കു് ഭാവിച്ചപ്പോൾ അവൾ പറഞ്ഞു, ഭർത്താവിന്റെ ശവമെടുത്തു് കുരിശിൽ കൊണ്ടുവയ്ക്കാൻ. രാത്രി നഷ്ടപ്പെട്ട മൃതദേഹം പിന്നീടു് കുരിശിൽ വന്നതെങ്ങനെയെന്നു വിചാരിച്ചു് ആളുകൾ അത്ഭുതപ്പെട്ടു.

images/LifeafterMarriage.jpg

“so speak of the woe that is in marriage” എന്നതു മിൽറ്റന്റെ വാക്കുകളാണു്. അദ്ദേഹമാണു് ദാമ്പത്യജീവിതത്തിന്റെ യാതനയെക്കുറിച്ചു് ആദ്യമായി എഴുതിയതെന്നു് എ. അൽവറസ് പറയുന്നു (Life after Marriage എന്ന പുസ്തകം). ഭാരതീയ സാഹിത്യകാരന്മാർ നല്ല ഉദ്ദേശ്യത്തോടുകൂടി പച്ചക്കള്ളം പ്രഖ്യാപിക്കുന്നു. പടിഞ്ഞാറുള്ളവർ സത്യത്തെ സത്യമായി കാണുന്നു. ഒരു വികാരത്തിനും സ്ഥിരതയില്ല എന്നതുകൊണ്ടാണു് ദാമ്പത്യജീവിതം പരാജയപ്പെടുന്നതു്. ജീവിതകാലം മുഴുവൻ ഒരാളെത്തന്നെ സ്നേഹിച്ചുകൊണ്ടിരിക്കാൻ സാദ്ധ്യമല്ല. അതുപോലെ ജീവിതകാലമത്രയും ഒരാളെ വെറുത്തുകൊണ്ടിരിക്കാനും വയ്യ. വലിയ ശത്രുക്കൾ ഏതാനും ദിവസങ്ങൾകൊണ്ടു് ഉറ്റമിത്രങ്ങളാകും. ‘നീയല്ലാതെ ഈ ലോകത്തു് എനിക്കാരുമില്ല’ എന്നു മധുവിധുകാലത്തു് ഉദ്ഘോഷിച്ച ഭർത്താവു് ഒരു മാസം കഴിയുന്നതിനുമുൻപു് കോടാലിക്കൈ തട്ടിയൂരി അവളെ അടിക്കും. മരിച്ചാൽ കെട്ടിത്തൂക്കും. “it [the family] will give him power and authority when no one else will. It will extend to him the palm of success, when no sign of even basic respect is forthcoming from any other quarter.” എന്നു് Sex and Destiny എന്ന ഗ്രന്ഥത്തിൽ (Germaine Greer) പറയുന്നതു കള്ളമാണു്. ദാമ്പത്യജീവിതത്തിന്റെ ഈ അസത്യാവസ്ഥയിലേക്കു രാജൂനായർ വിദഗ്ദ്ധമായി കൈചൂണ്ടുന്നു. “വിവാഹവാർഷികമല്ലേ നാളെ. എന്താണു സ്പെഷലായിട്ടു് ഉണ്ടാക്കേണ്ടതു്? പാല്പായസമോ അടപ്രഥമനോ പാച്ചോറോ?” എന്നു ഭാര്യയുടെ ചോദ്യം. “ഓർമ്മപുതുക്കാനാണോ? എന്നാൽ പാവയ്ക്കകൊണ്ടുള്ള ഏതെങ്കിലും കറിയായാലോ?” എന്നു് ഭർത്താവിന്റെ അങ്ങോട്ടുള്ള ചോദ്യം (ദീപിക വാരികയിലെ കാർട്ടൂൺ).

images/SexandDestiny.jpg

ഇരുട്ടിലാണ്ട മുറി. ഭർത്താവും ഭാര്യയും വേറെ വേറെ കിടക്കുന്നു. ഭർത്താവു് ഉണർന്നു്: “തങ്കം, ഉറങ്ങിയോ?” ഭാര്യ ഉണർന്നു: “എന്തു വേണം?” ഭർത്താവു്: “ഇങ്ങുവാ” ഭാര്യ എഴുന്നേറ്റു് അയാളുടെ കട്ടിലിലേക്കു പോകുമ്പോൾ കാലു് കട്ടിലിന്റെ കാലിൽ തട്ടുന്നു. അവൾക്കു വല്ലാത്ത വേദന. “അയ്യോ” എന്നു വിളിക്കുന്നു. ഭർത്താവു് ചാടിയെഴുന്നേറ്റു അവളെ എടുത്തു കട്ടിലിൽ കിടത്തി വിരൽ തടവിക്കൊടുക്കുന്നു. ആശ്വാസവചനങ്ങൾ അരുളിക്കൊണ്ടുള്ള ഭർത്താവിന്റെ രതി ക്രീഡ വളരെ വേഗത്തിൽ. അഞ്ചുമിനിട്ടു കഴിഞ്ഞു് ഭാര്യ സ്വന്തം കട്ടിലിലേക്കു നടക്കുമ്പോൾ വീണ്ടും കാലുതട്ടുന്നു. നിലവിളിക്കുന്നു. അതുകേട്ടു് ഭർത്താവു് കോപിച്ചു് “എന്തെടീ നോക്കി നടന്നുകൂടേ. ശവം”.

കെ. ബാലകൃഷ്ണൻ

കെ. ബാലകൃഷ്ണൻ മരിച്ചിട്ടു് ഒരു വർഷമായി. കാലം എത്ര വേഗം പോകുന്നു! ഒരുമാസംപോലുമായില്ല ചരമം കഴിഞ്ഞിട്ടെന്നു് എനിക്കു തോന്നുന്നു. നമുക്കു് ഇഷ്ടമുള്ളവരുടെ മരണം കാലദൈർഘ്യത്തിന്റെ പ്രതീതി ഉളവാക്കുകില്ലായിരിക്കും. ഞാൻ പറഞ്ഞിട്ടു വേണ്ട ബാലകൃഷ്ണന്റെ മഹത്ത്വം കേരളീയർ മനസ്സിലാക്കാൻ. “ബാലൻ ജീനിയസ്സാ”ണെന്നു് കൈനിക്കര പത്മനാഭപിള്ള – പ്രസ്താവങ്ങളിൽ മിതത്വം പാലിച്ചിരുന്ന കൈനിക്കര പത്മനാഭപിള്ള—രണ്ടുതവണ എന്നോടു പറഞ്ഞിട്ടുണ്ടു്. അദ്ദേഹം പറഞ്ഞ സത്യം ഒന്നുകൂടെ വിശദമാക്കുന്നു കലാകൗമുദിയുടെ സ്റ്റാഫ് ലേഖകൻ (കെ. ബാലകൃഷ്ണനെ ഓർമ്മിക്കുമ്പോൾ എന്ന ലേഖനം. പുറം 7, 8). മരിക്കുന്നതിനു മുൻപു് മനുഷ്യത്വത്തിലേക്കും പുരുഷത്വത്തിലേക്കും ഉയർന്നുചെന്നു് ഉത്കൃഷ്ടമണ്ഡലങ്ങൾ അനാവരണം ചെയ്ത വലിയ വ്യക്തിയായിരുന്നു. കെ. ബാലകൃഷ്ണൻ.

“എടാ, ഉവ്വേ, ഞാൻ ടോൾസ്റ്റോയി യെക്കാൾ വലിയ എഴുത്തുകാരനാണടൊ” കേശവദേവ് ഇങ്ങനെ പലപ്പോഴും പറഞ്ഞിരുന്നു. ഈവിധത്തിലുള്ള മതിഭ്രമത്തിൽ പെട്ടിരിക്കുകയാണു് നമ്മുടെ കവികളും കഥാകാരന്മാരും. കൊച്ചു കുട്ടികൾ പാവകളെ ലാളിക്കുമ്പോൾ അവാസ്തവികമായ ലോകത്തു് പ്രവേശിക്കുമല്ലോ. അതിനു സദൃശമായ വിധത്തിൽ ഇവരും അസത്യാത്മകമായ ലോകത്തെത്തുന്നു സ്വന്തം കളിപ്പാട്ടങ്ങളിലൂടെ.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1985-08-04.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 23, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: Anupa Ann Joseph; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.