സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1986-02-16-ൽ പ്രസിദ്ധീകരിച്ചതു്)

തിരൂർ—പൊന്നാനിപ്പുഴയെ വർണ്ണിക്കുന്ന വള്ളത്തോളി ന്റെ അന്തർല്ലോചനം പൊടുന്നനവേ തുഞ്ചൻപറമ്പിനെ കാണുകയും അദ്ദേഹം താനറിയാതെ ഇങ്ങനെ ഉദ്ഘോഷിക്കുകയും ചെയ്യുന്നു.

ഇതാ, കിഴക്കേക്കരമേൽപ്പറമ്പൊ-
ന്നൊരാലയത്തിൻതറയൊത്തുകാൺമൂ
മറ്റെന്തിതിൻ നേർക്കു നമസ്കരിക്ക
സാഷ്ടാംഗമായ് നീ മലയാളഭാഷേ.
images/Vallathol-Narayana-Menon.jpg
വള്ളത്തോൾ

ഈ കാവ്യത്തിന്റെ ഉത്തരാർദ്ധം ഉളവാക്കുന്ന അദ്ഭുതാംശമാണു് മഹത്ത്വമാർന്ന കവിതയ്ക്കു് ആസ്പദം. ഇനി മറ്റൊരു ഭാഗം നോക്കാം. വാസവദത്തയുടെ രക്തമാകെ ഒഴുകിപ്പോയി. സിരകൾ ശൂന്യമായി. പ്രാണപാശം അറ്റുപോകാറായി. എങ്കിലും അങ്ങനെ കിടന്നുകൊണ്ടു് അവൾ ഉപഗുപ്തനെ കാണാനായി തല ഉയർത്തുന്നു. ആ സന്ദർഭത്തിൽ കുമാരനാശാൻ പറയുകയാണു്:

അന്തിമമാം മണമർപ്പിച്ചടിവാൻമലർകാക്കില്ലേ
ഗന്ധവാഹനെ—രഹസ്യമാർക്കറിയാവൂ?

ഇവിടെയും ഈ വരികൾ ഉത്പാദിപ്പിക്കുന്ന അദ്ഭുതാംശമാണു് കവിതയ്ക്കു മഹനീയത നൽകുന്നതു്. കാണാവുന്നതിനും സ്പർശിക്കാവുന്നതിനും അപ്പുറത്തുള്ള അജ്ഞാതവും അജ്ഞേയവും ആയതിനെ അഭിവ്യഞ്ജിപ്പിക്കാൻ ആർക്കു കഴിയുന്നുവോ ആ ആളാണു് കവി. ഈ സിദ്ധിവിശേഷം ഏറ്റവും കൂടിയ അളവിൽ വ്യാസനും ഹോമർ ക്കും ഷേക്സ്പിയറിനും ഉണ്ടായിരുന്നു.

images/Kumaran_Asan.jpg
കുമാരനാശാൻ

ഇത്രയും എഴുതിക്കഴിഞ്ഞപ്പോൾ ഒരുദാഹരണം ഓർമ്മയിലെത്തുന്നു. അതും കൂടി കാണിച്ചുകൊള്ളട്ടെ. ഏകാന്തത നിറഞ്ഞ കടപ്പുറത്തു് ഒറ്റയ്ക്കുനിന്നു് ചൂണ്ടയിട്ടു് മീൻപിടിക്കാൻ ശ്രമിക്കുന്ന ഒരു മുക്കുവബാലനോടു് കവി ചോദിച്ചു, അവനു് പേടിയില്ലേയെന്നു്. പേടി ഒട്ടുമില്ലെന്നു് മറുപടി നൽകിയശേഷം അവൻ പറഞ്ഞു:

ഈ മണൽവിരിപ്പിന്മേൽ മറിഞ്ഞും മണപ്പിച്ചും
കാമം പോലെന്നോടു് കളിക്കുന്നൊരിപ്പൊണ്ണൻ
പാതിരായ്ക്കെങ്ങാൻ കൂർക്കം വലിക്കാനാരംഭിക്കേ
വാർതിങ്കൾ തെങ്ങിൻതോപ്പിലെത്തിച്ചു നോക്കാൻ വന്നാൽ
ഭാവമപ്പടി മാറും കരയിൽച്ചുരമാന്തി
ഭൂവമ്പേക്കുലുക്കുമ്പോളമ്പിളി വിളർത്തുപോം.

തെങ്ങിൻതോപ്പിന്റെ മുകളിൽ ചന്ദ്രനുദിക്കുന്നതു് നമ്മൾ കണ്ടിട്ടുണ്ടു്. അപ്പോൾ പട്ടി കുരയ്ക്കുന്നതു് കേട്ടിട്ടുണ്ടു്. എന്നാൽ ഈ പ്രാപഞ്ചിക സംഭവത്തിൽ അടങ്ങിയ അദ്ഭുതാംശം കവി—ജി. ശങ്കരക്കുറുപ്പു്—എടുത്തു് കാണിക്കുന്നതു വരെ നമ്മൾ അറിയുന്നില്ല.

images/Homer.jpg
ഹോമർ

അനുവാചകനു് എപ്പോഴും വേണ്ടതു് ഈ വിസ്മയാംശമാണു്. അതിന്റെ കൂടെ അയാൾ പലതും ചോദിക്കും. ആ ചോദ്യങ്ങൾ പ്രച്ഛന്നങ്ങളായിരിക്കുമെന്നെയുള്ളൂ. അർത്ഥാന്തരങ്ങൾ, ലയം, ബാഹ്യസംഗീതം (ആന്തരസംഗീതമാണു് ലയം) ഇവയൊക്കെയാണു് അയാൾക്കു് വേണ്ടതു്. ഒരു കൊച്ചുകഥ കൊണ്ടു് ഇതു വ്യക്തമാക്കാം. ജനിച്ച നാൾ തൊട്ടു് അന്ധനായിരുന്നു, ആ യാചകൻ. നിരന്തരമായ പ്രാർത്ഥനയാൽ അയാൾ ഈശ്വരനെ സന്തോഷിപ്പിച്ചു. ഈശ്വരൻ പ്രത്യക്ഷനായി അയാളോടു് പറഞ്ഞു: “ഒരു വരം മാത്രം ചോദിക്കൂ”. കുറച്ചു നേരം യാചകൻ കുഴങ്ങി. പക്ഷേ, എല്ലാ യാചകരും ബുദ്ധിയുള്ളവരാണു്. അയാൾ പറഞ്ഞു: “ഒറ്റ വരമേ ഞാൻ ചോദിക്കുന്നുള്ളൂ. എന്റെ പേരക്കുട്ടിയുടെ പേരക്കുട്ടി ഏഴു് നിലയുള്ള കൊട്ടാരത്തിൽ അനേകം ഭൃത്യന്മാരാൽ പരിസേവിതനായി സ്വർണ്ണനിർമ്മിതമായ പാത്രങ്ങളിൽ നിന്നു് വിശിഷ്ടഭോജ്യങ്ങൾ കഴിക്കുന്നതു് എനിക്കു് കാണണം” (യാചകൻ സംസ്കൃതം പഠിച്ചിരുന്നോ എന്നു് പ്രിയപ്പെട്ട വായനക്കാർ ചോദിക്കരുതേ). ഒരു വരം മാത്രം സംശയമില്ല. പക്ഷേ, അതിലെന്തെല്ലാമുണ്ടു്? കാഴ്ച വീണ്ടുകിട്ടുക, ദീർഘായുസ്സു് ലഭിക്കുക, സമ്പത്തു് ഉണ്ടാവുക, യാചകനു് തന്നെ ഭാര്യയെ കിട്ടുക ഇങ്ങനെ പലതും. കവിതയിൽ നിന്നു് അദ്ഭുതാംശം ചോദിക്കുന്ന അനുവാചകൻ ഇയാളെപ്പോലെയാണു്. അർത്ഥാന്തരങ്ങൾ തുടങ്ങിയവയെല്ലാം അതിൽ അടങ്ങിയിരിക്കുന്നു.

ആനന്ദിന്റെ കഥ
images/Lukacs_Gyorgy.jpg
ദൊർദ്യ ലൂക്കാച്ച്

ഈ വിസ്മയാംശം ജനിപ്പിക്കുന്നതിൽ വിജയം കൈവരിച്ചിരിക്കുന്നു, ‘പഴയ കളികൾ’ എന്ന ചെറുകഥയെഴുതിയ ആനന്ദ് (മാതൃഭൂമി ആഴ്ചപ്പതിപ്പു്—ലക്കം 46). ‘കെട്ടി നിൽക്കുന്ന ചെളിവെള്ളത്തിൽ മഴവില്ലിന്റെ നേർത്ത നിറങ്ങളുണ്ടെങ്കിലും അതു ചെളിവെള്ളം തന്നെയാണല്ലോ?’ എന്നു് ഹംഗേറിയൻ എഴുത്തുകാരനായിരുന്ന ദൊർദ്യ ലൂക്കാച്ച് പറഞ്ഞിട്ടുണ്ടു്. (After all, a puddle can never be more than dirty water, even though it may contain rainbow tints—Lukacs against Bloch എന്ന ലേഖനം. “Aesthetics and politics—Debates between Bloch, Lukacs, Brecht, Benjamin, Adorno” എന്ന ഗ്രന്ഥം). വിരസങ്ങളായ ആയിരം വാക്യങ്ങൾ എഴുതുന്ന കഥാകാരന്റെ രണ്ടോ മൂന്നോ വാക്യങ്ങൾ രസാത്മകങ്ങളായെന്നു വരാം. ആനന്ദിന്റെ കഥ അമ്മട്ടിലല്ല. അതു നിർമ്മലമായ ജലാശയമാണു്. അതിൽ മഴവില്ലിന്റെ ഉജ്ജ്വലവർണ്ണങ്ങളാകെയുണ്ടു്. പ്രായം ചെന്ന മനുഷ്യരെയും പ്രായം കൂടിയ മൃഗങ്ങളെയും കൊണ്ടു് സർക്കസ്സ് കാണിക്കാനെത്തിയ ഒരു പാവത്തിന്റെ കഥ പറയുകയാണു് കഥാകാരൻ. അയാൾ കാണിച്ചതൊക്കെ പഴയ കളികൾ. ജനത്തിനു് അതു കാണേണ്ടതില്ല. അവർ സർക്കസ്സ് കമ്പനിക്കാരെ കൂവിയോടിച്ചു. എന്നാൽ നേരത്തേ ഒരു കൂട്ടർ വന്നു് വാളുകൾ കൊണ്ടു് വിദ്യകൾ കാണിച്ചപ്പോൾ ബഹുജനം കൈയടിച്ചു് അവരെ പ്രോത്സാഹിപ്പിച്ചതേയുള്ളൂ. ലളിതമായ ആഖ്യാനത്തിലൂടെ സമകാലികസമുദായത്തിന്റെ ചിത്രം ആകർഷകമായി വരയ്ക്കുന്നു ആനന്ദ്. ഇവിടെ വിദഗ്ദ്ധങ്ങളെന്നാലും പുതുമ നശിച്ച പ്രവർത്തനങ്ങൾ ആർക്കും വേണ്ട. ആപത്തുണ്ടാക്കുന്ന, രക്തം പ്രവഹിപ്പിക്കുന്ന കളികൾ ഉണ്ടോ? ഉണ്ടെങ്കിൽ കാണിക്കു എന്നാണു് ജനത ആവശ്യപ്പെടുന്നതു്. മനുഷ്യൻ എങ്ങനെയിരുന്നാലും വേണ്ടില്ല, ഉള്ളിലുള്ളതു മാത്രം പുറത്തു കാണിച്ചാൽ മതി എന്നോ മറ്റോ ഒഥല്ലോ നാടകത്തിൽ വായിച്ച ഓർമ്മയുണ്ടു്. നാട്യമുള്ള മനുഷ്യനു ആനന്ദിനെ വഞ്ചിക്കാനാവില്ല. അദ്ദേഹം അവരെ യഥാർത്ഥവർണ്ണത്തിൽ തന്നെ കാണുന്നു. കൊതിയാർന്ന, ക്രൂരതയാർന്ന മനുഷ്യനെ ചിത്രീകരിച്ചു് നിഷ്കളങ്കതയും സ്നേഹവായ്പും ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകതയെ അദ്ദേഹം ധ്വനിപ്പിക്കുന്നു.

മഗ്ദലനമറിയവും എം. ഗോവിന്ദനും
images/Bamber_Gascoigne.jpg
ബംബർ ഗസ്കോയിൻ

“മഗ്ദലനമറിയയ്ക്കു പുണ്യവാളത്തി പദം തിരുസഭ നൽകിയില്ല. അതു തീരെ ശരിയായില്ല.” എന്നു എം. ഗോവിന്ദൻ പറഞ്ഞതിനു് ഏറെ എതിർപ്പുകൾ ഉണ്ടായിരിക്കുന്നു. ആ എതിർപ്പുകളുടെ സ്വഭാവം വ്യക്തമാക്കിയിട്ടു് അദ്ദേഹം ഇപ്പോൾ പറയുന്നു: “അപ്പോസ്തല പാരമ്പര്യമനുസരിച്ചു് മഗ്ദലനമറിയത്തിന്റെ ‘സെയിന്റ് ഹുഡ്’ പോലും രണ്ടാം കിടയിൽപ്പെടുന്നു.” ഈ പ്രസ്താവത്തേയും മതപണ്ഡിതന്മാർ എതിർക്കുമെന്നു ഗോവിന്ദൻ കരുതുന്നുണ്ടു്. അദ്ദേഹം തുടർന്നെഴുതുന്നു: “ഇത്രയും ഞാനിവിടെ സൂചിപ്പിക്കുമ്പോൾ മറ്റു ചോദ്യങ്ങൾ വരാനിടയുണ്ടെന്നും ഞാൻ മനസ്സിലാക്കുന്നു. മഗ്ദലനമറിയത്തെ പുണ്യവാളത്തിയാക്കില്ലെന്നു താങ്കൾ പരാതി ഉന്നയിച്ചു. അതിൽ പരാജയപ്പെട്ടു് ഇപ്പോൾ എന്നാലും വേണ്ടപ്പോലെ ചെയ്തിട്ടില്ലെന്ന നിഗമനം വച്ചു നീട്ടുന്നു. ഇതിനെന്തർത്ഥം?” (കലാകൗമുദി, ലക്കം 542). സാങ്കല്പികമായ ഈ ചോദ്യത്തിനും ഗോവിന്ദൻ ഉത്തരം നല്കിയിട്ടുണ്ടു്.

ഇത്തരം വിഷയങ്ങളിൽ സുപ്രതിഷ്ഠിതമെന്നു കരുതാവുന്ന ഒരു തീരുമാനത്തിലും ആർക്കും എത്താവുന്നതല്ല. ലൂക്കിന്റെ സുസംവാദത്തിൽ (7–36) അവതരിപ്പിക്കുന്ന പേരില്ലാത്ത സ്ത്രീയെ മഗ്ദലനമറിയമായിട്ടോ ബഥനിയിലെ മേരിയായിട്ടോ കരുതുന്നതു ശരിയല്ലന്നു ബൈബിൾ പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. (82 മാർക്ക് 14 3−4 ജോൺ 121−8). യേശുവിനെ ഒരു സ്ത്രീ സുഗന്ധതൈലം പൂശിച്ച രണ്ടു കഥകളും തമ്മിൽ “ഇന്ററാക്ഷൻ”—പരസ്പരപ്രവർത്തനം—ഉണ്ടായിരിക്കാമെന്നു് അവർക്കു മതമുണ്ടു്. (ജോൺ 12−3, ലൂക്ക് 738) (Saint Luke, G. B. Caird, Penguin Book, Page 115) ‘സെയിന്റ് ഹുഡി’നെക്കുറിച്ചും ഇതു തന്നെയാണു് പറയാനുള്ളതു്. ഫാക്റ്റ് ഏതു്, ഫിക്ഷനേതു്? എന്നു നിർണ്ണയിക്കാൻ പ്രയാസം. മഗ്ദലനമറിയത്തെ പുണ്യവാളത്തിയായിട്ടു തന്നെയാണു് ക്രൈസ്തവലോകത്തിൽ പലരും കരുതിപ്പോരുന്നതു്. St. Mary Magdalene (മഗ്ദലൻ എന്നു് ഉച്ചാരണം) എന്നാണു് ക്രിസ്ത്യാനികൾ അവരെ പരാമർശിച്ചു കണ്ടിട്ടുള്ളതു്.

images/A_History_of_Christianity.jpg

വെസേലേ സന്ന്യാസിമഠത്തിൽ മേരി മഗ്ദലനയുടെ അസ്ഥിപഞ്ജരം സമ്പൂർണ്ണവസ്ഥയിലുണ്ടായിരുന്നു. തീർത്ഥാടകർ അവിടേക്കു പ്രവഹിക്കാറുണ്ടു്. സ്വർഗ്ഗത്തിരിക്കുന്ന പുണ്യവാളത്തി പാപികളായ തീർത്ഥാടകർക്കുവേണ്ടി ഒരു നല്ലവാക്കെങ്കിലും പറയാതിരിക്കില്ലന്നാണു് The Christians എന്ന നല്ല പുസ്തകമെഴുതിയ ബംബർ ഗസ്കോയിൻ (Bamber Gascoigne) പറയുന്നതു്. മഗ്ദലനമറിയം പാപം ചെയ്തവളായിരുന്നു, വേശ്യയായിരുന്നു, യേശുക്രിസ്തുവിന്റെ പ്രത്യേക കൂട്ടുകാരിയുമായിരുന്നു. അവർക്കു അതു മനസ്സിലാകും. അവർക്കു് അതു് വിവരിച്ചു കൊടുക്കാൻ സാധിക്കും. (She had herself been a sinner, it was believed even a prostitute, and yet she was a special friend of Jesus. She would understand; she could explain—Page 95). വെസേലയിൽ വച്ചല്ല വേറേ എവിടെയോ വച്ചു് മഗ്ദലനമറിയത്തിന്റേതായി കരുതപ്പെടുന്ന ഒരസ്ഥിയുടെ അറ്റം ഒരു ബിഷപ്പു് നമസ്കരിക്കുന്ന വേളയിൽ കടിച്ചു മുറിച്ചെടുത്തു് തന്റെ പള്ളിയിലേക്കു കൊണ്ടുപോയെന്നും ഗസ്കോയിൻ എഴുതുന്നു. ഹംഗറിയിലെ ഇലിസബത്തു് പുണ്യാളത്തി 1231-ൽ മരിച്ചു. ആ മൃതദേഹത്തിൽ നിന്നു് ഭക്തന്മാർ അവരുടെ മുടിയും നഖങ്ങളും മുലക്കണ്ണുകളും മുറിച്ചെടുത്തുകൊണ്ടുപോയി എന്നും അദ്ദേഹം പറയുന്നുണ്ടു്. ഭക്തിപ്രകർഷം എന്നല്ലതെ എന്തെഴുതാൻ? വെസേല സന്ന്യാസിമഠത്തിലെ അസ്ഥിപഞ്ജരത്തെ പ്രൊട്ടസ്റ്റന്റുകാർ പിന്നീടു് എരിച്ചു കളഞ്ഞതായും ഗ്രന്ഥത്തിൽ പ്രസ്താവമുണ്ടു്. ഇതൊക്കെ കൊണ്ടാണു് ആരു പുണ്യവാളൻ ആരു പുണ്യവാളത്തി എന്നു നിർണ്ണയിക്കാൻ വൈഷമ്യമുണ്ടെന്നു് ഇവിടെ സൂചിപ്പിച്ചതു്. ഭക്തന്മാർ ആരാധിക്കുന്ന പല പുണ്യവാളന്മാരും യഥാർത്ഥത്തിൽ ജീവിച്ചിരുന്നവരല്ലെന്നും മതപണ്ഡിതന്മാർക്കു് അഭിപ്രായമുണ്ടു്. A History of Christianity എന്ന ഗ്രന്ഥമെഴുതിയ പോൾ ജോൺസൺ പറയുന്നതു കേട്ടാലും: “A great many primitive biographies of the earliest monks survive, but most of them are pure fiction. This is certainly true of the life of the St. Barlaam, who probably never existed; and the life of Joasaph is based on Budha (Page 139 ഒടുവിലത്തെ ഖണ്ഡിക).

വലിയ പ്രയോജനമില്ലാത്ത കാര്യത്തെക്കുറിച്ചാണു് അഭിവന്ദ്യനായ ഗോവിന്ദനും അദ്ദേഹത്തെ എതിർക്കുന്ന പുരോഹിതന്മാരും തർക്കിക്കുന്നതു് എന്നതു് സ്പഷ്ടമാക്കുന്നു ഇതെല്ലാം.

ഞാൻ വിദ്യാര്‍ത്ഥിയായിരുന്ന കാലത്തു്, മഗ്ദലനമറിയത്തെക്കുറിച്ചു് ഒരു ഫ്രെഞ്ച് പാതിരി എഴുതിയ ഒരു വലിയ പുസ്തകം വായിച്ചിട്ടുണ്ടു്. ഗ്രന്ഥകാരന്റെ പേരു് ഓർമ്മയില്ല. തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളേജ് ലൈബ്രറിയിൽ നിന്നാണു് ആ പുസ്തകം എനിക്കു കിട്ടിയതു്. എം. ഗോവിന്ദനും പുരോഹിതന്മാരും വിദ്വജ്ജനോചിതമായ ആ ഗ്രന്ഥം വായിച്ചാൽ കൊള്ളാം.

നിർവ്വചനങ്ങൾ

നെഹ്രു സ്വർണ്ണക്കപ്പ് ഫുട്ബോളിന്റെ ‘റണ്ണിങ് കമന്ററി’ നടത്തുന്നവർ:

അതിസുന്ദരമായ മലയാളം പറയുന്ന അനുഗൃഹീതർ. സ്വർണ്ണാഭരണത്തിൽ രത്നം വച്ചതുപോലുള്ള പ്രയോഗങ്ങൾ നടത്താൻ കെൽപുള്ളവർ. ഒന്നുരണ്ടു രത്നങ്ങൾ ഇതാ: പന്തു് മെല്ലെ പതുക്കെ മന്ദമായി ഉരുളുന്നു. കളി വീണ്ടും പുനരാരംഭിക്കുകയായി (ഇതു എഴുതുന്നതു് 24-01-86-ൽ).

ഇന്ത്യൻ ഫുട്ബോൾ കളിക്കാർ:

പണ്ടൊരു കൊച്ചിരാജാവു് ഫുട്ബോൾകളി കണ്ടിട്ടു് ദേഷ്യത്തോടെ പറഞ്ഞതു് അനുസ്മരിപ്പിക്കുന്നവർ. പതിനൊന്നു പേർ വേറെ പതിനൊന്നു പേരോടു് കളിക്കുന്നതു കണ്ടപ്പോൾ രാജാവു്: എന്തിനു എല്ലാവരും കൂടെ ഒരു പന്തിനു വേണ്ടി അടിപിടി കൂടുന്നു? ഇട്ടുകൊടുക്കട്ടേ ഓരോരുത്തനും ഓരോ പന്തു്.

താടി:

സുന്ദരമായ മുഖത്തെ വിരൂപമാക്കാനായി ചലച്ചിത്രസംവിധായകരും ചിത്രകാരന്മാരും വളർത്തുന്ന രോമസമൂഹം.

ഭാര്യ:

‘ഞാൻ നിന്നെ സ്നേഹിക്കുന്നു’ എന്നു ഒരു മിനിറ്റിൽ അറുപതു സെക്കൻഡും ഭർത്താവു് പറഞ്ഞുകൊണ്ടിരിക്കുമ്പോൾ മാത്രം സന്തോഷിക്കുന്ന സ്ത്രീ.

വയറു്:

സ്കൂട്ടറിന്റെയോ മോട്ടോർ സൈക്കിളിന്റെയോ പിറകിലിരിക്കുന്ന തരുണിയ്ക്കു് കൈവയ്ക്കാനുള്ള പുരുഷന്റെ അവയവം. അതിന്റെ വൈപുല്യം കൂടുന്തോറും കാഴ്ച ജുഗുപ്സാവഹമായിരിക്കും.

ഭർത്താവു്:

സുന്ദരനാണെങ്കിൽ ഒരു പരിചയവുമില്ലാത്ത ആളുകൾ താമസിക്കുന്നിടത്തും ‘സകലമാന’ ബന്ധുക്കൾ പാർക്കുന്നിടത്തും ഭാര്യ കൂട്ടികൊണ്ടു പോകുന്ന ഒരു ഹതഭാഗ്യൻ.

ഒ. എൻ. വി.-യും വി. എസ്സും
images/Onv.jpg
ഒ. എൻ. വി. കുറുപ്പ്

ഞാൻ ദേശാഭിമാനി വാരിക മാത്രമല്ല ദിനപത്രവും പതിവായി വായിക്കുന്ന ആളാണു്. ജനുവരി 23-ആം തീയതിയിലെ പത്രത്തിൽ ഇങ്ങനെ ചില വാക്യങ്ങൾ: “തൊഴിലാളിവർഗ്ഗ പ്രസ്ഥാനത്തെ നീറിപ്പുകയുന്ന നെരിപ്പോടായി ഇപ്പോൾ പ്രസംഗിക്കുന്ന ഒ. എൻ. വി. കുറുപ്പ് അടിയന്തരാവസ്ഥയെ സ്തുതിച്ചു് കവിതയെഴുതിയതും ജനങ്ങൾ മറന്നിട്ടില്ല. ഇവരെ മുന്നിൽ നിറുത്തി പിന്നിൽ നേതാക്കൾ നിൽക്കുന്ന ഈ കൃഷി ഇനി സി. പി. ഐ. നിറുത്തണം—വി. എസ്. താക്കീതുനൽകി” (പുറം 5). ഞാൻ പതിനേഴു കൊല്ലമായി ഈ പംക്തി എഴുതുന്നു. ഇതെഴുതാൻ വേണ്ടി കേരളത്തിലും പുറത്തും പ്രസിദ്ധപ്പെടുത്തുന്ന എല്ലാ വാരികകളും മാസികകളും വായിക്കുന്നു. എമെർജൻസിക്കാലത്തു് എല്ലാ പ്രസാധനങ്ങളും കാവ്യസമാഹാരങ്ങളും കഥാസമാഹാരങ്ങളും കൂടുതൽ ശ്രദ്ധയോടെ വായിച്ചു. ഒ. എൻ. വി. എമെർജൻസിയെ സ്തുതിച്ചു് ഒരിടത്തും ഒരു വാക്കുപോലും പറഞ്ഞതായി ഞാൻ കണ്ടില്ല, കേട്ടില്ല. മാത്രമല്ല അദ്ദേഹം അക്കാലത്തു തന്നെ അതിനെ നിന്ദിക്കുകയും ചെയ്തു ഒരു കാവ്യത്തിലൂടെ. ‘ജാലകം’ എന്നാണു് അതിന്റെ പേരു്, ‘കറുത്ത പക്ഷിയുടെ പാട്ടു്’ എന്ന കാവ്യസമാഹാരഗ്രന്ഥത്തിൽ അതു ഉൾപ്പെടുത്തിയിട്ടുണ്ടു്. അന്ധകാരം നിറഞ്ഞ ആതുരാലയത്തിൽ അകപ്പെട്ടുപോയ കവി ജാലകം തുറന്നിട്ടു, വെളിച്ചം കടന്നുവരട്ടെ എന്നു് നിയോഗിക്കുകയാണു് ആ കാവ്യത്തിൽ. രാഷ്ട്രത്തിന്റെ ചൈതന്യം കെട്ടു പോകുമ്പോൾ, അങ്ങനെ അന്ധകാരം വ്യാപിക്കുമ്പോൾ സെൻസിറ്റീവ് ആർട്ടിസ്റ്റായ കവിക്കു് ആ അന്ധകാരത്തെ വാഴ്ത്താനാവില്ല. സ്വാതന്ത്ര്യത്തിന്റെ പ്രകാശം വരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു് ലയാത്മകമെങ്കിലും സുശക്തമായി പാടാനേ കഴിയൂ. കവി ചെയ്തതു് അതാണു്. സ്നേഹലതാ റെഡ്ഡിയുടെ മരണത്തിൽ ദുഃഖിച്ചു കൊണ്ടു് അദ്ദേഹമെഴുതിയ ഒരു കൊച്ചു കാവ്യവും എന്റെ സ്മൃതിപഥത്തിലെത്തുന്നു. പുരോഗമനാത്മകങ്ങളായ ചിന്തകൾ ആവിഷ്കരിച്ചു്, വിപ്ലവാത്മകങ്ങളായ സംഘട്ടനങ്ങൾക്കു പ്രാധാന്യം കൽപ്പിച്ചു് എപ്പോഴും കാവ്യരചന നടത്തിയ ഈ കവിയെ എമെർജൻസിയുടെ സ്രോതാവായി വി. എസ്. കണ്ടതു് എങ്ങനെയാണു്?

മഹാനായ അലക്സാണ്ടർ ചക്രവർത്തി ഒരുത്തനെ വധിക്കാൻ ആജ്ഞാപിച്ചു. “നിനക്കു് എന്തെങ്കിലും പറയാനുണ്ടോ?” എന്നു അലക്സാണ്ടർ ചോദിച്ചു. “ഉണ്ടു്” എന്നു മറുപടി. അതെന്താണെന്നു ചോദിച്ചപ്പോൾ “എനിക്കു അപ്പീലിനു പോകണം” എന്നു ഉത്തരം. ചക്രവർത്തിയ്ക്കു കോപമായി. “എന്തു്? ഞാനാണു് ചക്രവർത്തി, ഞാനാണു് പ്രാഡ്വിവാകൻ. ആരോടാണു് നീ അപ്പീലിനു പോകുന്നതു്?” അപ്പോൾ അയാൾ പറഞ്ഞു: “അല്പനായ അലക്സാണ്ടറിൽ നിന്നു് മഹാനായ അലക്സാണ്ടറിലേയ്ക്കാണു് ഞാൻ പോകുക” അന്യരെക്കുറിച്ചു് അഭിപ്രായങ്ങൾ ആവിഷ്കരിക്കുമ്പോഴും നമ്മൾ മഹത്ത്വം പ്രദർശിപ്പിക്കണം. സാഹിത്യവാരഫലക്കാരനും അനുസരിക്കേണ്ട ഒരു തത്ത്വമാണിതു്.

മുകളിൽ പറഞ്ഞ തത്ത്വം സാഹിത്യ നിരൂപണത്തിലും കൂടിയേ തീരൂ എന്നില്ല. അങ്ങനെയാണെങ്കിൽ നിഷ്പക്ഷചിന്താഗതിയ്ക്കു സ്ഥാനമില്ലാതെയാകും. അതുകൊണ്ടു് ദേശാഭിമാനി വാരികയിൽ ‘വലിയ വീടു്’ എന്ന ചെറുകഥയെഴുതിയ എന്റെ യുവസ്നേഹിതൻ അക്ബർ കക്കട്ടിലിനെക്കുറിച്ചു് ഒരു വാക്യം മാത്രമെഴുതട്ടെ: “എന്റെ പേരക്കുട്ടി, എട്ടു വയസ്സുള്ള ഋതേഷ് ഇതിനേക്കാൾ നല്ല കഥയെഴുതും. അതു ഒരു വാരികയിലും പ്രസിദ്ധപ്പെടുത്തുകയുമില്ല.”

കവിയുടെ ആത്മാവു് ലജ്ജിക്കുന്നു

മരിച്ചയാളിനെക്കുറിച്ചുള്ള ഈ വിചാരം എ. പി. നളിനൻ കുങ്കുമം വാരികയിൽ എഴുതിയ ‘കയ്പവല്ലരി’ എന്ന ലേഖനത്തിലേയ്ക്കു് എന്നെ കൊണ്ടുചെല്ലുന്നു. വൈലോപ്പിള്ളിയെ ലേഖകൻ കണ്ടതും ഒരു സമ്മേളനത്തിനു കൂട്ടികൊണ്ടു പോയതുമാണു് വിഷയം. ആകെ അമ്പതു വാക്യങ്ങളുള്ള ഈ ലേഖനത്തിൽ ഇരുപത്തിരണ്ടു തവണ വൈലോപ്പിള്ളിയെ ‘മഹാകവി’ എന്നു വിളിച്ചിരിക്കുന്നു. (ഒന്നാം കോളം 7 മഹാകവി + രണ്ടാം കോളം 4 മഹാകവി + മൂന്നാം കോളം 11 മഹാകവി. ആകെ 22 മഹാകവി.) കുഴികുഴിച്ചു തൂണിറക്കി അതുറപ്പിക്കാൻ വേണ്ടി കുലുക്കിക്കുലുക്കി താഴ്ത്തുന്നതുപോലെയുള്ള കൃത്യമാണിതു്. ആദ്യം ഏഴു തവണ കുലുക്കി. ക്ഷീണം കൊണ്ടു രണ്ടാമത്തെ തവണ നാലു കുലുക്കേ കുലുക്കിയുള്ളൂ. ലേഖനം തീരാറായി. തൂണു വീണെങ്കിലോ എന്നു പേടി നളിനനു്. അവസാനമായി പതിനൊന്നു തവണ കുലുക്കി. തൂണുറച്ചോ സുഹൃത്തേ? ലജ്ജാവഹം എന്നല്ലാതെന്തു പറയാൻ.

കല്പനാവിദഗ്ദ്ധവും സജീവവും അതേ സമയം സത്യസന്ധവും ആയ കാവ്യങ്ങളുടെ രചയിതാവായിരുന്നു വൈലോപ്പിള്ളി ശ്രീധരമേനോൻ. ഏതു വിഷയത്തിലും തുളച്ചു കയറുന്ന ധിഷണാവൈഭവം അദ്ദേഹത്തിനുണ്ടായിരുന്നു. മൗലികമായ ശൈലിയും ആ കവി സ്വായത്തമാക്കിയിരുന്നു. ഇതൊക്കെയാണു് സത്യം. അല്ലാതെ ‘തൊടുന്നതിനു് അഞ്ഞൂറു വട്ടം’ മഹാകവി എന്നു വിളിച്ചാൽ സരസ്വതീദേവി ലജ്ജിക്കും. ആ ദേവിയെ ഉപാസിച്ച കവിയും ലജ്ജിക്കും.

എ. പി. ഉദയഭാനു

“ഈ ലോകത്തു് മൂന്നു മഹാന്മാരേയുള്ളൂ. ഒന്നു്: സ്റ്റാലിൻ; രണ്ടു്: ഐൻസ്റ്റൈൻ; മൂന്നാമത്തെയാളിന്റെ പേരു് വിനയം കൊണ്ടു് ഞാൻ പറയുന്നില്ല”. ഇതു പറഞ്ഞതു് ബർനാഡ് ഷായാണു്. ഈ പ്രസ്താവം കേട്ടു് ആളുകൾ ചിരിച്ചതേയുള്ളൂ. കഴിവുള്ളവരുടെ അഹങ്കാരം കലർന്ന പ്രസ്താവങ്ങൾ വൈരസ്യജനകങ്ങളേയല്ല. മഹാഭാരതത്തിന്റെ ഭാഷാന്തരീകരണത്തിൽ തെറ്റുണ്ടെന്നു് മാവേലിക്കരത്തമ്പുരാനും, ചാത്തുക്കുട്ടി മന്നാടിയാരും പറഞ്ഞപ്പോൾ കുഞ്ഞിക്കുട്ടൻ തമ്പുരാൻ പരസ്യപ്പെടുത്തിയ ശ്ലോകം പ്രഖ്യാതമാണു്.

മാവേലിക്കര മന്ന, മാന്യമതിയാം
മന്നാടിയാരേ നമുക്കീ-
വേലയ്ക്കൊരബദ്ധമച്ചു-
പിഴയാൽ പെട്ടേ പെടുള്ളൂ ദൃഢം

ഈ അഹമ്മതിയും നീരസം ഉളവാക്കുന്നില്ല വായനക്കാർക്കു്. അതേ കാരണത്താൽ വൈലോപ്പിള്ളിയുടെ പരുഷങ്ങളായ പെരുമാറ്റങ്ങളും അവയ്ക്കു് വിധേയങ്ങളാവുന്നവർക്കു് അസഹ്യങ്ങളായില്ല. പരുക്കൻ പെരുമാറ്റത്തിനും ചേതോഹരമായ കവിതയ്ക്കും പേരുകേട്ട വൈലോപ്പിള്ളി, എ. പി. ഉദയഭാനുവിനോടു് എപ്പോഴും ഹൃദ്യമായേ പെരുമാറിയിരുന്നുള്ളൂവെന്നു് അദ്ദേഹം ഹൃദ്യമായ രീതിയിൽ വ്യക്തമാക്കിയിരിക്കുന്നു (മനോരാജ്യം വാരികയിലെ ‘വൈലോപ്പിള്ളി’ എന്ന ലേഖനം). സാർത്രിന്റെ ഒരേയൊരു ദാർശനിക നോവലായ ‘ല നോസേ’ യിലെ പ്രധാന കഥാപാത്രം വസ്തുക്കളുടേയും വസ്തുതകളുടേയും സാരാംശം പൊടുന്നനവേ ഗ്രഹിക്കുന്നതായി നമ്മൾ ഗ്രഹിക്കുന്നു. താൻ വർണ്ണിക്കുന്ന ഏതു വിഷയത്തിന്റേയും, ഏതു വ്യക്തിയുടേയും സാരാംശം മനസ്സിലാക്കാനും അതിനെ അത്യുക്തിയില്ലാതെ പ്രതിപാദിക്കാനും ഉദയഭാനുവിനു് കഴിയും. ആ പ്രഗൽഭത മനോരാജ്യത്തിലെ പ്രബന്ധത്തിലും ദർശിക്കാം.

കൃഷ്ണസൂക്തങ്ങൾ (അഹങ്കാരമില്ലാതെ)
  1. റിലേറ്റിവിറ്റി സിദ്ധാന്തം കണ്ടു പിടിച്ച ഐൻസ്റ്റൈൻ വിനയസമ്പന്നനായിരുന്നു. അദ്ദേഹത്തെ ഞാൻ കണ്ടിട്ടില്ല. ‘ഭൂമി ഉരുണ്ടതാണു്’ എന്നതു് സ്വന്തം കണ്ടുപിടിത്തമായി തലകുലുക്കിക്കൊണ്ടു പറയുന്ന ഒരു സംസ്കൃതം പ്രൊഫസ്സറുണ്ടു്. ഞാൻ അദ്ദേഹത്തെ കണ്ടിട്ടുണ്ടു്.
  2. പുല്ലാങ്കുഴലിന്റെ നാദം നിശീഥിനിയിൽ ഉയരുമ്പോൾ സൂക്ഷിക്കൂ. പാമ്പുകൾ തല ഉയർത്തുന്നുണ്ടാവും.
  3. എഴുത്തച്ഛൻ, വള്ളത്തോൾ, ചങ്ങമ്പുഴ എന്നീ പേരുകൾ പറഞ്ഞുകൊണ്ടിരിക്കൂ. അനുഭൂതിയുടെ തലത്തിലെത്താം.
  4. പ്രായം കൂടിക്കൂടി വരുന്നവരെ മറ്റാളുകൾ വെറുക്കും. എന്നെ വെറുക്കുന്നവരോടു് എനിക്കു് വെറുപ്പില്ല, പരാതിയുമില്ല.
  5. ടെലിവിഷനിലെ ചിത്രഗീതവും ചിത്രഹാറും ആൺകുട്ടികളും പെൺകുട്ടികളും കാണാതിരിക്കരുതു്. ലൈംഗികവേഴ്ചയ്ക്കു് മുൻപുള്ളതെല്ലാം അവയിൽ നിന്നു് പഠിക്കാം.
  6. പാത്തുമ്മ കൈപ്പുള്ളി ചന്ദ്രിക വാരികയിലെഴുതിയ ‘തണൽ എത്ര അകലെ’ എന്ന കഥ. പൈങ്കിളിക്കഥ എന്നു് അവസാനമായി ഞാൻ പറയുന്നു. ഇനിയൊരിക്കലും ഈ വാക്കു് ഞാൻ പ്രയോഗിക്കില്ല.
അമേരിക്കൻ സംസ്കാരം

അലക്സാണ്ടർ ചക്രവർത്തിയും പേർഷ്യൻ വധുവും. ബി. സി. നാലാം നൂറ്റാണ്ടിൽ രത്നത്തിൽ കൊത്തിയ ശില്പം. കൊല്ലത്തെ പടയോട്ടത്തിനും ലോകചരിത്രത്തിലെ ഏറ്റവും വലിയ ദിഗ്വിജയങ്ങളിലൊന്നിനും ശേഷം 32-ആം വയസ്സിൽ പടയോട്ടത്തിനിടയിൽ തന്നെ അലക്സാണ്ഡർ മരിച്ചു പോയി.

ഒരു പ്രസിദ്ധമായ അമേരിക്കൻ നേരമ്പോക്കുണ്ടു്. അക്കാരണത്താൽത്തന്നെ ഇതു വൈരസ്യമാർന്നതുമായിരിക്കാം. ഒരു സ്ത്രീ വേറൊരു സ്ത്രീയുടെ കുഞ്ഞിനെ കണ്ടു് “നിന്റെ കുഞ്ഞു് എത്ര ഭംഗിയുള്ളതു?” എന്നു് പറഞ്ഞപ്പോൾ അവൾ “കുഞ്ഞു സാരമില്ല, ഇതിന്റെ ഫോട്ടോ കാണണം. അതിനു് ഭംഗി കൂടുതലാണു്” എന്നു പറഞ്ഞുവത്രേ. യാഥാർത്ഥ്യത്തെ വിട്ടു് നിഴലിനെ ആരാധിക്കുന്ന ദുഷിച്ച അമേരിക്കൻ സംസ്കാരത്തെ പ്രതിഫലിപ്പിക്കുന്നു, ഈ നേരമ്പോക്കു്. ഈ നിഴലിന്റെ സ്വഭാവത്തെ “അമേരിക്ക എന്ന മൂഢസ്വർഗ്ഗം” എന്ന ലേഖനത്തിലൂടെ ജോസഫ് കൈമാപ്പറമ്പൻ ഹൃദ്യമായി പരിഹസിക്കുന്നു (മനോരമ ആഴചപ്പതിപ്പു്). ഉള്ളു് കുളിർക്കുമാറു് നമ്മെ ചിരിപ്പിക്കുന്ന പല നേരമ്പോക്കുകളും ഇതിലുണ്ടു്. ഒരെണ്ണം പറയാം. ഒരു നാട്ടുകാരൻ കൈമാപ്പറമ്പിന്റെ മുന്നിലെത്തി. അദ്ദേഹം കഥാപ്രസംഗവേളയിൽ ചൊല്ലിയ മൂന്നു വരികൾ—സഞ്ജയൻ എന്ന ഹാസ്യ സാഹിത്യകാരന്റെ മൂന്നു വരികൾ—വന്നയാൾ പറഞ്ഞു:

കണ്ടാലൊരു ചിരി
കാണാതൊരു ചിരി
കാര്യം കാണാനൊരു കള്ളച്ചിരി

എന്നിട്ടു് കൈമാപ്പറമ്പനോടു് ഒരു ചോദ്യം “ഇന്ദിരാഗാന്ധിയുടെ മകൻ സഞ്ജയൻ മലയാളത്തിൽ കവിത എഴുതിയിട്ടുണ്ടോ?” ഹാസ്യത്തിന്റെ പ്രകാശം വിഷാദാന്ധകാരത്തെ അകറ്റിക്കളയും. അതുകൊണ്ടു് കൈമാപ്പറമ്പൻ ഇനിയും ഇതുപോലുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യട്ടെ.

കാമോത്സുകമായ സാഹിത്യം അത്യന്തതയിലെത്തുമ്പോഴും ജുഗുപ്സയിലേക്കു് വീഴുന്നില്ല എന്നതിനു് തെളിവു് നമ്മുടെ സംസ്കൃതസാഹിത്യം തന്നെ. എന്നാൽ ഹെൻട്രി മില്ലറുടെ Tropic of Cancer തുടങ്ങിയ കൃതികൾ അശ്ലീല സാഹിത്യമായി കരുതുന്നു. അതിനു് ഹേതു എന്താവാം? ആലോചിക്കേണ്ട വിഷയമാണിതു്.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1986-02-16.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 13, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.