രസതന്ത്രശാസ്ത്രവും ഭൗതികശാസ്ത്രവും ഐച്ഛികവിഷയങ്ങളായി സ്വീകരിച്ചു വളരെക്കാലം ബി. എസ്സി. ക്ലാസ്സിൽ പഠിച്ചിരുന്ന ഞാൻ വേണ്ടിടത്തോളം ആലോചനയില്ലാതെ മലയാളം പഠിക്കാനായിപോയി. ആദ്യത്തെ ക്ലാസ് കരിങ്കുളം നാരായണപിള്ളസ്സാറിന്റേതു്; ‘രാമചരിതം’. “കാനനങ്കളിലരൻ കുളിറുമായ് ” എന്നു തുടങ്ങുന്ന പദ്യഭാഗം വായിച്ചു് വ്യാഖ്യാനിക്കാൻ ആരംഭിച്ചു ഗുരുനാഥൻ. അപ്പോൾത്തന്നെ എനിക്കു മതിയായി. മുൻകരുതലില്ലാതെ കെമിസ്ട്രി ഉപേക്ഷിച്ചതു് ബുദ്ധിശൂന്യമായിപ്പോയിയെന്നു തോന്നി. ക്ലാസ് കഴിഞ്ഞു് ദുഃഖത്തോടെ വരാന്തയിൽ നിന്നപ്പോൾ കഥയെഴുത്തുകാരിയെന്ന നിലയിൽ അന്നേ കീർത്തിനേടിയ പാൽക്കുളങ്ങര സരസ്വതി അമ്മ എന്റെ അടുത്തെത്തി ചോദിച്ചു: “എന്താ വൈതരണിയിൽ പെട്ടപോലെ നില്ക്കുന്നതു്?” ഞാൻ മറുപടി നല്കി: “മലയാളം പഠിക്കാനായി കെമിസ്ട്രി വേണ്ടെന്നുവച്ച മണ്ടത്തരം ഓർമ്മിച്ചു”. പെട്ടെന്നു സരസ്വതിഅമ്മ പറഞ്ഞു: “ങ്ഹാ, ചങ്ങമ്പുഴക്കവിതയിലെ പ്രേമവും മറ്റും കള്ളമാണെന്നും ഈ ലോകത്തു് എന്തു കാണുന്നുവോ അതിനെ അതേ രീതിയിൽ ചിത്രീകരിക്കുകയാണു് വേണ്ടതെന്നും ഞാൻ ചങ്ങമ്പുഴയോടു പറഞ്ഞു. അതനുസരിച്ചു് അദ്ദേഹമെഴുതിയ റീയലിസ്റ്റിക്‍ കവിതയാണു് ‘എങ്ങനെയോ അങ്ങനെ’ എന്നതു്. നിങ്ങൾ അതുവായിച്ചു നോക്കൂ”. ഇത്രയും ആജ്ഞാപിച്ചിട്ടു് സരസ്വതിഅമ്മ പോയി. ഞാൻ ആ കാവ്യം തേടിയെടുത്തു വായിച്ചു.
“…മൂട്ടയൊന്നു കടിച്ചിതെന്നെ
പിടഞ്ഞുടനെഴുന്നേറ്റു പല്ലൊരല്പമിളിച്ചുകൊ-
ണ്ടിടം കൈയാൽ, പൃഷ്ഠം, നിന്നു ചൊറിയുന്നു ഞാൻ”.
കാല്പനികാംശം പോയാൽ കവിത കവിതയല്ലാതെയാകും എന്നു തെളിയിക്കാനാണു് ചങ്ങമ്പുഴ ഇതെഴുതിയതു്. യഥാതഥമായ കാവ്യത്തിലൂടെ കവി സ്പഷ്ടമാക്കിത്തന്ന ഈ സത്യം ആരു മാനിക്കുന്നില്ലയോ അയാൾ കവിയല്ല. കാരണമുണ്ടു്. കവിത—കല—ജീവിതത്തിന്റെ വാസ്തവിക ചിത്രീകരണമല്ല. അതിന്റെ (ജീവിതത്തിന്റെ) മനോഹരമായ രൂപാന്തരീകരണമാണു്. ഈ മാറ്റംവരുത്താൻ കവിയെ സഹായിക്കുന്നതു് ചിത്രകല്പനയാണു്. “പൂവുവേണമോ പൂവു നാലണയ്ക്കാരെങ്കിലും കൊണ്ടുകൊൾവിൻ… ” എന്നു പറഞ്ഞാൽ രൂപാന്തരീകരണമില്ല. എന്നാൽ “ആരുവാങ്ങുമിന്നാരുവാങ്ങുമീയാരാമത്തിന്റെ രോമാഞ്ചം?” എന്നു പറഞ്ഞാൽ ജീവിതത്തിനു മാറ്റംവന്നു. അതു കവിതയായി. ചിത്രകല്പനകൊണ്ടുവരുത്തുന്ന മാറ്റം ഹൃദയഹാരിയായിരിക്കണം. പച്ചസ്സൂര്യപടം കൊണ്ടുള്ള റവുക്കയണിഞ്ഞവളെ കണ്ടിട്ടു് “അർക്കകാന്തിയിൽ വിളങ്ങിനശ്ശീമച്ചക്ക പോലെ ഹൃദയം കവരുന്നു” എന്നാണു് എഴുതുന്നതെങ്കിൽ അതു് എഴുതിയ ആളിന്റെ ഹൃദയം മാത്രമേ അതു കവരുന്നുള്ളു. അനുവാചകനു് ഓക്കാനമാണുണ്ടാവുക.
പെർഷൻ ചക്രവർത്തിയായിരുന്ന സർക്ക്സീസ് (Xerxes) ഗ്രീസ് ആക്രമിക്കാനായി വമ്പിച്ച സൈന്യവുമായി പോയി. ഹെലിസ്പൊന്റിൽ തന്റെ നാവികസൈന്യത്തെക്കണ്ടു് അദ്ദേഹം ആദ്യം ആഹ്ളാദിച്ചെങ്കിലും പിന്നീടു് കരഞ്ഞു. അതുകണ്ടു് ചക്രവർത്തിയുടെ അമ്മാവൻ അദ്ദേഹത്തോടു ചോദിച്ചു: “അങ്ങു് ഇപ്പോൾ ചെയ്യുന്നതു് അല്പം മുൻപുള്ള പ്രവർത്തനത്തിൽ നിന്നു വിഭിന്നമല്ലേ? അപ്പോൾ അങ്ങു് സ്വയം അഭിനന്ദിച്ചു. നോക്കൂ, ഇപ്പോൾ കരയുന്നു”. ഇതുകേട്ട ചക്രവർത്തി പറഞ്ഞു: “മനുഷ്യജീവിതത്തിന്റെ ഹ്രസ്വത ഓർമ്മിച്ചപ്പോൾ പെട്ടെന്നു് എനിക്കു കാരുണ്യം തോന്നി. നൂറുകൊല്ലം കഴിയുമ്പോൾ ഈ അസംഖ്യമാളുകളിൽ ഒരുത്തൻപോലുമുണ്ടായിരിക്കുകയില്ലല്ലോ”. (Histories, Herodotus, Chapters 45–46.)
ഒരു കഥകൂടി പറയാം. രണ്ടുപേർ തമ്മിൽ വസ്തുവിനെക്കുറിച്ചു തർക്കമുണ്ടായി. അവർ ഒരു സന്ന്യാസിയെ സമീപിച്ചു് ഉടമസ്ഥൻ ആരാണെന്നു് തീരുമാനിക്കണമെന്നു് അപേക്ഷിച്ചു. അദ്ദേഹം നിർദ്ദേശിച്ചതു് ഇങ്ങനെയാണു്: നൂറു കൊല്ലം കഴിഞ്ഞു് രണ്ടുപേരും വരൂ.
ഇതിൽ ആദ്യത്തേതു് ചരിത്രത്തോടു ബന്ധപ്പെട്ടതു്. രണ്ടാമത്തേതു് കഥ. അതിനാൽ ആദ്യത്തേതു് അച്ചടിച്ചോ, ഇന്ത്യൻ ഇങ്കിൽ എഴുതിയോ ഫ്രെയിം ചെയ്തു് ചിലർ മേശപ്പുറത്തു വയ്ക്കേണ്ടതാണു്.
പ്ലാറ്റ്ഫോമിൽ കയറിനിന്നു് മാന്യന്മാരെ തൊണ്ടകീറി ആക്ഷേപിക്കുന്ന നിരൂപകരെക്കാൾ, വെള്ളച്ചുവരു കണ്ടാൽ ഉടനെ കരിക്കട്ടയെടുത്തു് വൃത്തവും താളവും അർത്ഥവുമില്ലാതെ നാലുവരി എഴുതുന്ന കവികളെക്കാൾ പ്രഗല്ഭരായ നൂറ്റുക്കണക്കിനു നിരൂപകരും കവികളും കേരളത്തിലുണ്ടു്.
മരണം യാഥാർത്ഥ്യംതന്നെ. അതു് നമ്മെ എന്നും ഓർമ്മിപ്പിക്കുന്ന സർക്ക്സീസിനു് നന്ദി. പക്ഷേ, മരണത്തെ ചിത്രീകരിച്ചു് അനുവാചകനെ ജാഡ്യത്തിലേക്കു് എറിയുന്നതിനെക്കാൾ നല്ലതു് ജീവിതത്തിനു് പ്രാധാന്യം നൽകി അതിനു് ദൃഢീകരണമോ സ്ഥിരീകരണമോ വരുത്തുകയാണു്. നമ്മുടെ പേരുകേട്ട സാഹിത്യകാരന്മാരൊക്കെ അങ്ങനെയേ പ്രവർത്തിച്ചിട്ടുള്ളു, വള്ളത്തോൾ, കുമാരനാശാൻ, ഉള്ളൂർ, സി. വി. രാമൻപിള്ള, തകഴി, ബഷീർ, കേശവദേവ്, പൊറ്റെക്കാട്ടു്, ഉറൂബ്, പൊൻകുന്നം വർക്കി ഇങ്ങനെ പലരും. ജീവിതത്തെ ഇമ്മട്ടിൽ സ്ഥിരീകരിക്കുന്ന പ്രഖ്യാതമായ ഒരു കഥയുണ്ടു് തോമസ് മാനിന്റേ തായി (വേറൊരുവാരികയിൽ എഴുതി ഇതിനെക്കുറിച്ചു) പള്ളിയിലെ ശ്മശാനത്തിലേക്കുള്ള പാത രാജവീഥിക്കു സമാന്തരമാണു്. അതിലൂടെ ഒരു വൃദ്ധൻ നടക്കുന്നു. പ്രിയപ്പെട്ടവരുടെ ശവകുടീരങ്ങൾ കാണാനാണു് അയാളുടെ പോക്കു്. വിഭാര്യൻ. കറുത്ത വേഷം ധരിച്ചവൻ. ബന്ധുക്കളെല്ലാം മരിച്ചു. ജീവിതം തളർത്തിക്കളഞ്ഞ ആ മനുഷ്യൻ അങ്ങനെ നടക്കുമ്പോൾ ആ പാതയിലൂടെ തന്നെ ഒരു ചെറുപ്പക്കാരൻ സൈക്കിളിൽ വരുന്നു. സൂര്യൻ പെഡലുകളിൽ പ്രകാശിക്കുന്നു. ഹുറാ, ഹുറാ, ശ്മശാനത്തിലേക്കുള്ള വഴിയിലൂടെ ഒരു വാഹനത്തിലും വരാൻ പാടില്ല. വൃദ്ധൻ പൊലീസിനു റിപ്പോർട്ട് ചെയ്യുമെന്നമട്ടിൽ സൈക്കിളിന്റെ നമ്പർ വിളിച്ചു പറഞ്ഞു. യുവാവു് അല്ലെങ്കിൽ ജീവിതം തിരിഞ്ഞുനിന്നു ചോദിച്ചു: “നിങ്ങളെന്തു പറഞ്ഞു?” തർക്കമായി. യുവാവു് മര്യാദകേടായി സംസാരിച്ചിട്ടു് സൈക്കിളിൽ കയറി. വൃദ്ധൻ—ജീർണ്ണത—അതു പിടിച്ചുവലിച്ചു. ജീവിതം—യുവാവു്—അക്രമാസക്തനായി. അയാൾ കിഴവനെ പിടിച്ചു തള്ളിയിട്ടു് സൈക്കിളിൽ കയറി പോയി. “അവനെ തടയൂ; അവനെ തടയൂ” എന്നു് വൃദ്ധൻ നിലവിളിച്ചു. ഫലമില്ല. യുവാവു് അപ്രത്യക്ഷനായി. അതുമിതും പുലമ്പി അയാൾ തകർന്നു വീണു. കറുത്ത വസ്ത്രത്തിന്റെ ഒരു കൂമ്പാരം. ചുറ്റും ആളുകൾ. റെഡ്ക്രോസ്സുകാരുടെ ആംബുലൻസ് വന്നു. കിഴവന്റെ മൃതദേഹം അതിലെടുത്തിട്ടുകൊണ്ടു പോകുമ്പോൾ കഥ അവസാനിക്കുന്നു. മരിച്ചയാളിന്റെ നേർക്കു കാരുണ്യത്തിന്റെ നീർച്ചാലു് ഒഴുകുന്നുണ്ടെങ്കിലും കഥാകാരൻ ജീവിതത്തിന്റെ അദമ്യാവസ്ഥയെ ചിത്രീകരിച്ചു് അതിനു് ദൃഢീകരണം നല്കുകയാണു്.
സുവ്യക്തമായ ചിന്തകളില്ലാത്ത ‘കഥ പറയും കഥമാമൻ’ എന്ന കഥയിലൂടെ വി. ആർ. സുധീഷ് അനുഷ്ഠിക്കുന്ന കൃത്യവും ഇതുതന്നെന്നു തോന്നുന്നു. ഭൂതകാലത്തിന്റെ കഥകൾ പറയുന്ന ഒരു പുരുഷൻ, വർത്തമാന കാലത്തിന്റെ കഥകൾ പറയുന്ന ഒരു സ്ത്രീ. പുരുഷൻ നിരാകരിക്കപ്പെടുന്നു. സ്ത്രീ ആത്മഹത്യ ചെയ്യുന്നു. പുരുഷനെ നിരാകരിക്കുന്നതിലൂടെ ജീവിതത്തെ സ്ഥിരീകരിക്കുന്നുണ്ടു് കഥാകാരൻ. എന്നാൽ ആ സ്ത്രീയെ നിഗ്രഹിച്ചതെന്തിനെന്നു മനസ്സിലായില്ല എനിക്കു്. പുതിയ രീതിയിൽ കഥ പറഞ്ഞിട്ടുണ്ടു് സുധീഷ്. ചില സ്ഥലങ്ങളിൽ ഭാവാത്മകതയുമുണ്ടു്. പക്ഷേ, സ്പഷ്ടതയ്ക്ക് ആഘാതമേല്പിച്ചുകൊണ്ടുള്ള പ്രതിപാദനം വായനക്കാരനെ ക്ലേശത്തിലേക്കു് എറിയുന്നു.
സത്യവും ചിന്തയും കൂട്ടിമുട്ടുമ്പോൾ ചിന്തയ്ക്ക് ദാർഢ്യമുണ്ടെങ്കിലേ സത്യത്തെ സാക്ഷാത്കരിക്കാനാവൂ. അല്ലെങ്കിൽ ചിന്ത പതറി നിന്നുപോകും.
ഞാൻ തിരുവനന്തപുരത്തെ സംസ്കൃതകോളേജിൽ അദ്ധ്യാപകനായിരുന്ന കാലത്തു് എന്റെ സഹപ്രവർത്തകനായിരുന്നു ഇന്നു് ഇംഗ്ലീഷ് പ്രൊഫസറായിരിക്കുന്ന സി. റ്റി. തോമസ്. അദ്ദേഹം മദ്രാസിലെ ഒരു കോളേജിൽ പഠിച്ചിരുന്ന കാലത്തുണ്ടായ സംഭവം എന്നോടു പറഞ്ഞു. അവിദഗ്ദ്ധനായ ഒരദ്ധ്യാപകൻ ആ കോളേജിൽ ഷേക്സ്പിയറി ന്റെ കൃതികൾ പഠിപ്പിച്ചിരുന്നു. അദ്ധ്യാപകന്റെ ‘ബോറ്’ സഹിക്കാനാവാതെ ഒരു കുട്ടി അടുത്തിരുന്നവനോടു സംസാരിച്ചപ്പോൾ അദ്ദേഹത്തിനു ദേഷ്യംവന്നു. തന്റെ, കൈയിലിരുന്ന ‘ട്വൽഫ്ത്തു് നൈറ്റ്’ എന്ന ഷേക്സ്പിയർ നാടകം തൊട്ടുകൊണ്ടു് അദ്ദേഹം സംസാരിച്ച കുട്ടിയോടു് ചോദിച്ചു: “Is Twelfth Night a tragedy or a comedy?” വിദ്യാർത്ഥി മറുപടി പറഞ്ഞു: “Sir it is a comedy, but it is a tragedy in your hands”.
ഈ വിദ്യാർത്ഥി അയാളുടെ സാറിനെക്കാൾ ബുദ്ധിമാനാണു്. ഏതു തലത്തിലും ഇതു കാണാം. ഞാൻ കോളേജിൽ പ്രൊഫസറായിരുന്നു. എന്നെക്കാൾ വിദഗ്ദ്ധരായ പല വിദ്യാർത്ഥികളും എന്റെ ക്ലാസ്സുകളിൽ ഉണ്ടായിരുന്നു. മത്സരപ്പരീക്ഷയിൽ ജയിച്ചു് സമുന്നതമായ ജോലി നേടുന്ന വ്യക്തികളെക്കാൾ ആയിരംമടങ്ങു ബുദ്ധിശക്തിയും കഴിവുമുള്ള ഗുമസ്തന്മാർ അവരുടെ ഓഫീസിൽത്തന്നെ കാണും. ഒരുദാഹരണം പറയാം. ഞാൻ സെക്രട്ടേറിയറ്റിൽ ക്ലാർക്കായിരുന്ന കാലത്തു ചന്ദ്രചൂഡൻ നായർ എന്നൊരു ബുദ്ധിമാൻ ക്ലാർക്കായി അവിടെ ഉണ്ടായിരുന്നു. അദ്ദേഹം അക്കാലത്തെ ഏതു സെക്രിട്ടറിയെക്കാളും ചീഫ് സെക്രിട്ടറിയെക്കാളും വിദഗ്ദ്ധനായിരുന്നു. സെക്രിട്ടറി എഴുതിയ നോട്ടിൽ കുറുകെ ഒരു വര വരച്ചിട്ടു് ചന്ദ്രചൂഡൻ നായരെന്ന ക്ലാർക്കു് എഴുതിയ നോട്ടിന്റെ മാർജ്ജിനിൽ A very good note. This is the kind of note that I want എന്നു സർ. സി. പി. രാമസ്വാമി അയ്യർ പലതവണ എഴുതിയതു് ഞാൻ കണ്ടിട്ടുണ്ടു്. (ചന്ദ്രചൂഡൻനായർ പിന്നീടു് ഇൻകംടാക്സ് ഡിപ്പാർട്ട്മെന്റിൽ ഉദ്യോഗസ്ഥനായി. പെൻഷൻ വാങ്ങി. ഇപ്പോൾ കൊല്ലത്തിനടുത്തു താമസിക്കുന്നു.) ഇതൊക്കെ അംഗീകരിക്കേണ്ട സത്യമാണു്. അതുപോലുള്ള സത്യങ്ങൾ വേറെയും പലതുണ്ടു്. എന്നെക്കാൾ ഭംഗിയായി ഈ പംക്തി കൈകാര്യം ചെയ്യാൻ കഴിയുന്നവർ ആയിരക്കണക്കിനു്, ലക്ഷക്കണക്കിനു കാണും. പരിതഃസ്ഥിതികൾ എനിക്കു് അനുകൂലമായി വന്നതുകൊണ്ടു് ഞാനിങ്ങനെ എഴുതുന്നു എന്നേയുള്ളൂ. പ്ലാറ്റ്ഫോമിൽ കയറിനിന്നു് മാന്യന്മാരെ തൊണ്ടകീറി ആക്ഷേപിക്കുന്ന നിരൂപകരെക്കാൾ, വെള്ളച്ചുവരു കണ്ടാൽ ഉടനെ കരിക്കട്ടയെടുത്തു് വൃത്തവും താളവും അർത്ഥവുമില്ലാതെ നാലുവരിയെഴുതുന്ന കവികളെക്കാൾ പ്രഗല്ഭരായി നൂറ്റുക്കണക്കിനു നിരൂപകരും കവികളും കേരളത്തിലുണ്ടു്. അവരുടെ പേരുകൾ അച്ചടിക്കപ്പെടുന്നില്ല എന്നേയുള്ളു. പ്രൊഫസറന്മാരും മത്സരപ്പരീക്ഷയിൽ ജയിച്ച ഉദ്യോഗസ്ഥന്മാരും സാഹിത്യ വാരഫലക്കാരും നിരൂപകരും കവികളും ഇതറിയണം. അറിഞ്ഞില്ലെങ്കിൽ അതിനെയാണു് ഇംഗ്ലീഷിൽ സ്നോബറി എന്നു വിളിക്കുന്നതു്. മൂല്യങ്ങളെക്കുറിച്ചു് തെറ്റായ സങ്കല്പങ്ങൾ അവർ സമുദായത്തിൽ പ്രചരിപ്പിക്കുന്നു. അതിന്റെ ഫലമായി സംസ്കാരം തകരുന്നു. ദേശാഭിമാനിവാരികയിൽ ‘അന്യരുടെ വിശേഷങ്ങൾ’ എന്ന ‘പറട്ട’ക്കഥ എഴുതിയ വിജയൻ ആറ്റിങ്ങൽ തന്നെക്കുറിച്ചു് എന്തു വിചാരിക്കുന്നോ എന്തോ? പേരച്ചടിച്ചു കാണാൻ താനൊരു കഥ ദേശാഭിമാനിവാരികയ്ക്കു് അയച്ചു; അതു മഷിപുരണ്ടുവരികയും ചെയ്തു; ഭാഗ്യം. ഇമ്മട്ടിലേ അദ്ദേഹം വിചാരിക്കുന്നുള്ളുവെങ്കിൽ ഒരു കുഴപ്പവുമില്ല. അതല്ല “എന്റെ കഥ ഉത്കൃഷ്ടമായ ഒരു വാരികയിൽ പ്രസിദ്ധപ്പെടുത്തി. അതുകൊണ്ടു് അക്കഥ ഉത്കൃഷ്ടം തന്നെ” എന്നാണു് അദ്ദേഹം വിചാരിക്കുന്നതെങ്കിൽ — ക്ഷമിക്കണം — അതു് സ്നോബറിയാണു്.
അയ്യായിരം രൂപ ചെലവാക്കുമ്പോൾ എം. എ. ഡിഗ്രികിട്ടും. പിന്നീടു് കടലാസ്സിന്റെ താഴെനിന്നു് മൂന്നിഞ്ചു് മുകളിൽ ഒരു വരയിട്ടു് രണ്ടു സ്ഥലത്തും രണ്ടു രീതിയിലെഴുതുമ്പോൾ പി. എച്ച്. ഡി. കിട്ടും. രണ്ടിനും കുറെ പുസ്തകങ്ങൾ വായിക്കേണ്ടിവരും. അങ്ങനെ സമാർജ്ജിച്ച അറിവു് തൂലികയിലൂടെയും വക്ത്രത്തിൽക്കൂടിയും ബഹിർഗ്ഗമിപ്പിച്ചിട്ടു് “ബഹുമാനിയാ ഞാനാരെയും തൃണവൽ” എന്നു് ഉദ്ഘോഷിക്കുന്നതിൽ അർത്ഥമില്ല. നിശ്ശബ്ദ വായന നടത്തുന്ന, നിശ്ശബ്ദ ചിന്തനം നടത്തുന്ന വിദഗ്ദ്ധന്മാർ കേരളത്തിൽ വളരെയുണ്ടു്. ഇസ്രായേലിൽ ഈശ്വരൻ മന്ന എറിഞ്ഞപ്പോൾ അതു് എല്ലാവർക്കും കിട്ടി. വല്ലഭായിപട്ടേൽ പണ്ടെറിഞ്ഞ മന്ന ചിലർക്കേ കിട്ടുന്നുള്ളു. അതുകിട്ടിയവർ അഹങ്കരിക്കരുതു്. കിട്ടാത്തവർ ദുഃഖിക്കരുതു്. പട്ടേലിന്റെ മന്ന കിട്ടിയവർക്കും കിട്ടാത്തവർക്കും തമ്മിൽ ധൈഷണികമായി ഒരു വ്യത്യാസവുമില്ല.
പേരുകളെഴുതുന്നില്ല. ചിലർ പ്രസംഗിക്കാൻ തുടങ്ങിയാൽ ഒരു ശബ്ദപ്രപഞ്ചമുണ്ടാകും. അതിന്റെ ലയത്തിലൂടെ ശ്രോതാക്കൾ ഒഴുകിപ്പോകും. പ്രഭാഷണം കഴിയുമ്പോൾ നീണ്ടുനില്ക്കുന്ന കരഘോഷം. അപ്പോൾ പ്രസംഗം കേട്ടയാളിനോടു ചോദിക്കു പ്രഭാഷകൻ പറഞ്ഞതെന്താണെന്നു്. അയാൾക്കെന്നല്ല ആ മുറിയിൽ ഉണ്ടായിരുന്ന ആർക്കും തന്നെ അതിനു മറുപടി തരാൻ സാദ്ധ്യമാവുകയില്ല. അർത്ഥമില്ലാത്ത പദങ്ങളെ യോജിപ്പിച്ചു് ലയാത്മകമായി വാക്യങ്ങൾ പ്രവഹിപ്പിക്കുമ്പോൾ ആ ലയത്തിന്റെ തൊട്ടിലിൽ കിടന്നു സുഷുപ്തിയിൽ വിലയംകൊള്ളുകയാണു് ശ്രോതാവു്. നേരേമറിച്ചു് മുണ്ടശ്ശേരി യുടെ പ്രഭാഷണം കേട്ടാൽ, ബി. സി. വർഗ്ഗീസിന്റെ പ്രഭാഷണം കേട്ടാൽ അവർ പറഞ്ഞതെന്തെന്നു് നമ്പരിട്ടു പറയാൻ സാധിക്കും. അതാണു് വാഗ്മിതകൊണ്ടുണ്ടാകുന്ന ഗുണം. ആദ്യം പറഞ്ഞ കൂട്ടരുടെ പ്രഭാഷണങ്ങൾ കപട വാഗ്മിതയാണു്; വാചാലതയാണു് ഈ കാപട്യമാണു് ഉണ്ണിക്കൃഷ്ണൻ തിരുവാഴിയോടി ന്റെ കഥകളുടെ സവിശേഷത. അതു കഥാദ്വൈവാരികയിലെ ‘ചിതാഭസ്മത്തിലെ കനലുകൾ’ എന്ന ചെറുകഥയിലും കാണാം. വിദേശത്തുനിന്നു വരുന്ന ഒരു യുവതിയെ ഒരുത്തൻ സ്വീകരിക്കുന്നു, അവർ കുടിക്കുന്നു, രസിക്കുന്നു. അവൾ അയാളുടെ നിർബ്ബന്ധമനുസരിച്ചു് സ്വന്തം കഥ പറയുന്നു. പിരമിഡുകളോളം പഴക്കമുള്ള കഥ. ആർത്തവംനിന്ന അവൾ യുവതിയായിത്തന്നെ ഇരിക്കുന്ന കഥ. ശാശ്വതമായ സ്ത്രീത്വമാണു് കഥാകാരൻ ഊന്നിപ്പറയുക. അതിനു വേണ്ടി അദ്ദേഹം സകല മധുരപദങ്ങളുമെടുത്തു വയ്ക്കുന്നു. താളാത്മകമായി ചേർക്കുന്നു. ഒഴുക്കിവിടുന്നു. ഹൃദയപരിപാകമില്ലാത്ത അനുവാചകൻ ആ ഒഴുക്കിലൂടെ ഒഴുകും. പക്ഷേ, വിവരമുള്ള വായനക്കാരൻ ഈ സ്യൂഡോആർട് കണ്ടു മാറിനിൽക്കും. സൂക്ഷ്മങ്ങളായ വാക്കുകൾകൊണ്ടു് സൂക്ഷ്മങ്ങളായ ആശയങ്ങളും വികാരങ്ങളും പ്രതിപാദിക്കുന്നതാണു് കല. അതിൽ പദങ്ങളുടെ പെരുവെള്ളപ്പാച്ചിലിനു് സ്ഥാനമൊട്ടുമില്ല.
‘പ്രതിപാത്രം ഭാഷണഭേദം’ എന്ന എൻ. കൃഷ്ണപിള്ളയുടെ വിമർശനഗ്രന്ഥം തികച്ചും ഉജ്ജ്വലമാണു്. …ഈ ഗ്രന്ഥം കൃഷ്ണപിള്ളസ്സാറിന്റെ ‘മാഗ്നം ഓപസ്’ ആണെന്നുമാത്രം പറഞ്ഞാൽ പോരാ. മലയാള നിരൂപണസാഹിത്യത്തിലെ അദ്വിതീയമായ ഗ്രന്ഥമാണതു്. മറ്റു ഭാരതീയ ഭാഷകളിലും ഇതുപോലൊരു കൃതി കാണുമോ എന്നു സംശയം.
ഭാവശൂന്യമായ ഒരു വാക്യം താളാത്മകമായി എഴുതിപ്പോയാൽ അടുത്ത വാക്യം അതുപോലെയെഴുതാനുള്ള പ്രവണത ഉണ്ടാകും. അതെഴുതിയാൽ മൂന്നാമത്തെ വാക്യം അതുപോലെ എഴുതാനുള്ള പ്രവണത. അങ്ങനെ അവിരാമമായി എഴുതും. ‘സ്മാളി’ൽ തുടങ്ങുന്നയാൾ ‘ലാർജി’ലേക്കും പിന്നീടു് പല ലാർജ്ജുകളിലേക്കും പോയി ബോധം കെടുന്നതിനു തുല്യമായ അവസ്ഥയാണിതു്. അല്ലെങ്കിൽ ഒരു പി. എച്ച്. ഡി. എടുത്തയാൾ പല പി. എച്ച്. ഡി. എടുക്കുമ്പോലെ. ഒരു കഥ കേട്ടിട്ടുണ്ടു്. ഒരുത്തനു് ആറാമത്തെ പി. എച്ച്. ഡി. നൽകിയ കമ്മിറ്റിയോടു് എന്തിനു് അതു കൊടുത്തുവെന്നു് ആരോ ചോദിച്ചു. കമ്മിറ്റിയുടെ മറുപടി: അയാൾക്കു അഞ്ചു പി. എച്ച്. ഡി. ഉണ്ടല്ലോ നേരത്തേ പ്രഗല്ഭനായിരിക്കുമെന്നു വിചാരിച്ചു് ഞങ്ങളും കൊടുത്തു ആറാമത്തേതു്. അഞ്ചാമത്തെ ഡിഗ്രി നല്കിയ കമ്മിറ്റി പറഞ്ഞതു് “നേരത്തേ നാലെണ്ണമുണ്ടല്ലോ” എന്നാണു്. ഇങ്ങനെ ഓരോന്നു കുറച്ചു ഓരോ കമ്മിറ്റിയും പറഞ്ഞു. ഒടുവിൽ ആദ്യത്തെ പി. എച്ച്. ഡി. കൊടുത്ത കമ്മിറ്റിയോടു ചോദിച്ചപ്പോൾ അവർ പറഞ്ഞു: “പുള്ളിക്കാരനു് ഇംഗ്ളീഷുമറിഞ്ഞുകൂടാ മലയാളവുമറിഞ്ഞുകൂടാ, വയറ്റുപിഴപ്പിനു സഹായിക്കുമെങ്കിൽ സഹായമാവട്ടെ എന്നു പറഞ്ഞു് ഞങ്ങൾ ആദ്യത്തെ പി. എച്ച്. ഡി. കൊടുത്തു.
താഴെ പേരെഴുതിയിട്ടുള്ള വ്യക്തികൾ എന്നോടു പറഞ്ഞു:
- ജി. ശങ്കരക്കുറുപ്പു്:
- ഉത്സവസ്ഥലത്തു് പോകുമ്പോൾ ആകസ്മികമായി കിട്ടുന്ന സ്പർശം അതു ലഭിച്ചയാളിനെ ആഹ്ലാദിപ്പിക്കും. ആ ആഹ്ലാദമാണു് കവിതയും നല്കുന്നതെന്നു് നിങ്ങൾ വിചാരിക്കരുതു്.
- ചങ്ങമ്പുഴ:
- കവിതയ്ക്കു “മോറൽ അതോറിറ്റി” ഇല്ല. സാന്മാർഗ്ഗികമായ പ്രഭാവം വന്നാൽ കവിത തകരും.
- വെണ്ണിക്കുളം:
- പലപ്പോഴും, പറയാനുള്ളതു് ആദ്യം ഗദ്യത്തിലെഴുതിയിട്ടാണു് ഞാൻ പദ്യമാക്കി മാറ്റുന്നതു്.
- പി. കുഞ്ഞിരാമൻനായർ:
- ഞാനയച്ച സ്വകാര്യക്കത്തു് നിങ്ങൾ …നായർ എന്ന കവിയെ കാണിച്ചില്ലേ? നിങ്ങൾ നല്ല മനുഷ്യനാണോ?
- ഡോക്ടർ കെ. ഭാസ്കരൻനായർ:
- കാമവികാരത്തിൽ ആറാട്ടു നടത്തുന്ന പീറക്കഥകളെക്കുറിച്ചെഴുതി നിങ്ങൾ ജീവിതം പാഴാക്കരുതു്. ഭാരതീയ സംസ്കാരത്തെക്കുറിച്ചു് എഴുതൂ.
- വള്ളത്തോൾ:
- നിങ്ങളുടെ കവിതയിൽ മൗലികതയില്ല. ചെറുശ്ശേരി യുടെ കൃഷ്ണഗാഥ ഹൃദിസ്ഥമാക്കൂ. എന്നിട്ടു് എഴുതാൻ ശ്രമിക്കൂ.
- പുത്തേഴത്തു രാമൻമേനോൻ:
- സംസ്കൃതപാണ്ഡിത്യം കൂടുതൽ കൂടുതൽ ആർജ്ജിക്കുന്തോറും അതാർജ്ജിക്കുന്നവന്റെ മനസ്സു് സങ്കുചിതമായി വരും.
- എ. ബാലകൃഷ്ണപിള്ള:
- മനുഷ്യനു സർക്കാരില്ലാതെ സുഖമായി കഴിഞ്ഞു കൂടാൻ സാധിക്കും.
- വക്കം അബ്ദുൾഖാദർ:
- നിങ്ങളെപ്പോലെ ലേഖനങ്ങളെഴുതി ബഹളം ഉണ്ടാക്കിക്കൊണ്ടു നടന്നാലേ ജീവിതമാകുകയുള്ളോ? നിശ്ശബ്ദനായി ജീവിക്കുന്നതും ജീവിതമല്ലേ?
- കെ. ബാലകൃഷ്ണൻ:
- എനിക്കെന്റെ ഈ ശിപായിയെ നോവലിസ്റ്റാക്കിയാൽ കൊള്ളാമെന്നുണ്ടു്. കഴിയുമോ എനിക്കതിനു്? ജി. വിവേകാനന്ദനെ ക്കൊണ്ടു് എനിക്കു ‘കള്ളിച്ചെല്ലമ്മ’ എഴുതിക്കാം. ഒ. എൻ. വി. കുറുപ്പി നെക്കൊണ്ടു് ‘ദാണ്ടെയൊരു തീമല’ എന്ന കവിതയെഴുതിക്കാം. എന്നാൽ ശിപായിയെ നോവലിസ്റ്റാക്കാൻ പറ്റില്ല.
- വയലാർ രാമവർമ്മ:
- നിങ്ങൾ മുട്ടത്തു വർക്കി യെക്കുറിച്ചെഴുതിയതു നന്നായി. എന്നാൽ അതുപോലെ എന്നെക്കുറിച്ചെഴുതുമ്പോൾ എനിക്കു ഖേദമാണു്.
- വയലാർ രാമവർമ്മയുടെ അമ്മ:
- നിങ്ങളെ എനിക്കിഷ്ടമില്ല. നിങ്ങൾ കുട്ടന്റെ കവിത മോശമാണെന്നു പറയുന്ന ആളല്ലേ?
- ഞാൻ എന്നോടു്:
- എല്ലാ അഭിനേതാക്കളും നന്നായി പെരുമാറും. അവർ അഭിനയത്തിൽ പ്രഗല്ഭരാണല്ലോ.
സേതു മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ ‘ദൂതു്’ എന്ന ചെറുകഥ മലയാള ചെറുകഥാസാഹിത്യത്തിലെ ഒരു നൂതന നിഷ്ക്രമണം തന്നെയാണു്. ശുദ്ധമായ കഥ മാത്രമുള്ള ചെറുകഥകൾ നമുക്കുണ്ടു്. അവ വായിച്ചു് നമ്മൾ രസിക്കുന്നു. ആ കഥ പറയുന്നതോടൊപ്പം സൂചനകളിലൂടെയും വാഗ്മിതയാർന്ന മൗനത്തിലൂടെയും മറ്റൊരു ലോകത്തെ ചിത്രീകരിക്കുന്ന കഥകൾ അധികമില്ല. വിരളമായ അത്തരം കഥകളിൽ അദ്വിതീയമായ സ്ഥാനമുണ്ടു് ദൂതിനു്. അച്ഛനും മകനും പിണക്കം. മകൻ ജോലി സ്ഥലത്തു്. മകന്റെ ആദ്യത്തെ കുട്ടിയെ അച്ഛൻ കണ്ടിട്ടില്ല. അവനു രണ്ടാമത്തെ കുട്ടി ജനിച്ചെന്നും കഴിഞ്ഞതൊക്കെ മറന്നു് ആ മകനു് അച്ഛനെ വന്നു കാണാൻ ആഗ്രഹമുണ്ടെന്നും അറിയിക്കാനാണു് അയാളുടെ സ്നേഹിതൻ വൃദ്ധന്റെ അടുക്കലെത്തിയിരിക്കുന്നതു്. പക്ഷേ, വയസ്സൻ ഉറച്ചുതന്നെ നില്ക്കുന്നു. ദിവ്യമായ വിഗ്രഹംപോലും ഉപദ്രവകരമാണെന്നു കണ്ടപ്പോൾ കിണറ്റിലെറിഞ്ഞവനാണു് മകനെന്നു പറഞ്ഞു് ദൂതൻ ആ മകന്റെ നിശ്ചയദാർഢ്യത്തേയും അച്ഛനോടു് പിണങ്ങാനുള്ള ധൈര്യത്തേയും അഭിവ്യഞ്ജിപ്പിക്കുമ്പോൾ ആ പിതാവു് അതിനു പകരമായി മറ്റൊരു സംഭവം ആഖ്യാനംചെയ്തു് തന്റെ നിലയെ നീതിമത്കരിക്കുന്നു. രേഖാരൂപത്തിലുള്ള ആഖ്യാനമല്ല ഈ കഥയ്ക്കുള്ളതു്. ചാക്രികരുപമാണിതിനു്. അതിലൂടെ രണ്ടു വ്യക്തികൾ — അച്ഛനും മകനും — ഉരുത്തിരഞ്ഞു വരുന്നു. അവരിൽ അച്ഛന്റെ രൂപത്തിനു തിളക്കമേറും. മകനു വരണമെങ്കിൽ വരാം. പക്ഷേ, അച്ഛൻ അവനെ കാണില്ല. എന്താ കാരണമെന്നു് ദൂതന്റെ അന്വേഷണം ഉത്തരവും തുടർന്നുള്ള ഭാഗവും അനുഗൃഹീതനായ കഥാകാരന്റെ വാക്കുകളിൽത്തന്നെ കേട്ടാലും:
“ഞാൻ യാത്രയാണല്ലോ” “എങ്ങോട്ടു്?” “ഈ പ്രായത്തിലു് യാത്രപോകുന്നവരോടു് എങ്ങോട്ടെന്നു ചോയ്ക്കണതു് വെറും ഭോഷ്കല്ലേ ചങ്ങാതി, ഒരു നീണ്ടയാത്രയാന്നന്നെ നിരീച്ചോളു”. “അപ്പോൾ അച്ചുതൻ കുട്ടിയോടു്-” “യാത്രയാന്നു് പറയൂ”. “അവൻ വരികയാണെങ്കിലോ-” “യാത്രയാന്നു് പറയൂ”. “ഒന്നുകാണണമെന്നുവച്ചാൽ-” “യാത്രയാന്നന്നെ പറയാല്ലോ”.
മരണം വരെയും മകനെ കാണില്ല എന്നു അച്ഛന്റെ നിശ്ചയദാർഢ്യം. സ്വർണ്ണാഭരണത്തിൽ രത്നം പതിച്ചാൽ എന്തു ശോഭയായിരിക്കും! ആ ശോഭയാണു് ഈ കഥയുടെ പര്യവസാനത്തിനും. ഈ കഥ വായിച്ചുകഴിഞ്ഞപ്പോൾ മലയാളകഥാസാഹിത്യത്തിനു് ലജ്ജിക്കാനൊന്നുമില്ലെന്നു് എനിക്കു തോന്നി. കഥയുടെ ബാഹ്യലോകവും അതിന്റെ ഉപലോകവും ഒരേ മട്ടിൽ എന്നെ ‘ഹോൺട്’ ചെയ്യുന്നു.
സ്വർണ്ണമുരച്ചു നോക്കുന്നതു ചാണയിലാണു്. മൂല്യത്തിന്റെ നികഷോപലമോ? അതു് ജീവിതസംതൃപ്തിയാണു് ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും സംതൃപ്തിയോടെ ജീവിക്കുന്ന പുരുഷരത്നമാണു് പ്രൊഫസർ എൻ. കൃഷ്ണപിള്ള. അദ്ദേഹം നാടകകർത്താവാണു്. നാടകരചനയിൽ വിജയംവരിച്ചു എന്ന നിലയിൽ സംതൃപ്തിയുണ്ടു് അദ്ദേഹത്തിനു്. അദ്ധ്യാപകൻ, നിരൂപകൻ, പ്രഭാഷകൻ ഈ നിലകളിലും വിജയശ്രീലാളിതനത്രേ കൃഷ്ണപിള്ളസ്സാർ. മനുഷ്യനെന്ന നിലയിലും അദ്ദേഹം പരിഗണനാർഹനായിരിക്കുന്നു. ആരെയും ദുഷിക്കാതെ അദ്ദേഹം നല്ല കർമ്മങ്ങളിൽ മുഴുകിജീവിക്കുന്നു. ഈ മണ്ഡലങ്ങളിലെല്ലാം സംതൃപ്തിയാർന്നതുകൊണ്ടു് അദ്ദേഹം സ്ഥാനമാനങ്ങൾക്കുവേണ്ടി നടക്കാറില്ല. ഇങ്ങോട്ടു വന്നുകയറുന്നതിനെപ്പോലും നിരാകരിക്കാനേ അദ്ദേഹത്തിനു് പ്രവണതയുള്ളു. അതിനാൽ മൂല്യവത്തായ ജീവിതമാണു് കൃഷ്ണപിള്ളസ്സാറിന്റേതെന്നു് അസന്ദിഗ്ദ്ധമായി പ്രഖ്യാപിക്കാം. അദ്ദേഹത്തിനു് എഴുപതുവയസ്സു് തികയുന്നു. ഈ സന്ദർഭത്തിൽ ടി. എൻ. ഗോപിനാഥൻ നായർ അദ്ദേഹത്തിന്റെ സിദ്ധികളെ അവലോകനം ചെയ്തുകൊണ്ടു് മനോരമ ആഴ്ചപ്പതിപ്പിൽ എഴുതിയിരിക്കുന്നു. സത്യത്തിന്റെ ദർശനം ആഹ്ളാദായകമായതുകൊണ്ടു് ആ ലേഖനം എന്നെ ആഹ്ളാദിപ്പിച്ചു.
ഏതാനും ദിവസങ്ങൾക്കുമുൻപു് പ്രസാധനം ചെയ്ത ‘പ്രതിപാത്രം ഭാഷണഭേദം’ എന്ന എൻ. കൃഷ്ണപിള്ളയുടെ വിമർശനഗ്രന്ഥം തികച്ചും ഉജ്ജ്വലമാണു്. സി. വി. രാമൻപിള്ള യുടെ ചരിത്രനോവലുകളിലെ കഥാപാത്രങ്ങൾ തമ്മിൽ സംസാരിക്കുമ്പോൾ ഭാഷാപരമായ ‘ഇന്ററാക്ഷൻ’ കൊണ്ടു് മറ്റൊരു ലോകം ആവിഷ്കൃതമാകുന്നതിനെ കലാപരമായ ദൃഢപ്രത്യയം ഉളവാകുമാറു് എടുത്തുകാണിക്കുന്ന ഈ ഗ്രന്ഥം കൃഷ്ണപിള്ളസ്സാറിന്റെ ‘മാഗ്നം ഓപസ്’ (മഹനീയമായ കൃതി) ആണെന്നു മാത്രം പറഞ്ഞാൽ പോരാ. മലയാള നിരൂപണ സാഹിത്യത്തിലെ അദ്വിതിയമായ ഗ്രന്ഥമാണതു്. മറ്റു ഭാരതീയ ഭാഷകളിലും ഇതുപോലൊരു കൃതികാണുമോ എന്നു സംശയം.
അയൽവീട്ടുകാരനെ സ്നേഹിക്കണം—ഈ ഉപദേശം സദാചാരപരമാണു്; മനസ്സിനു് ഉത്കൃഷ്ടത വരുത്തുന്നതാണു്. “ഞാൻ ആരോടും മിണ്ടുകില്ല. സന്ധ്യയ്ക്കേ റോഡിലിറങ്ങു. ഇറങ്ങിയാലും അന്യന്റെ മുഖത്തു നോക്കില്ല. ഫയലിൽ കാണുന്നതനുസരിച്ചു് ഓർഡറിടും” ഉദ്യോഗസ്ഥന്റെ ഈ ചിന്താഗതി സന്മാർഗ്ഗപരംതന്നെ. പക്ഷേ, അതു മനസ്സിനു് ഉത്കൃഷ്ടത നല്കുകയില്ല. സ്വന്തം മനസ്സിനു് ഉന്നമനം വരുത്താതെ സദാചാരപരമായ ജീവിതം നയിക്കുന്നതുകൊണ്ടു് പ്രയോജനമില്ല.