റോസാച്ചെടി വാങ്ങാൻ ഞാൻ തിരുവനന്തപുരത്തെ ഒരു ‘റോസ് ഗാർഡ’നിൽ കൂടെക്കൂടെ പോകാറുണ്ടു്. ഇന്നലെയും പോയി. പൂത്തുനിൽക്കുന്ന ചെടികൾ ധാരാളം. ചുവപ്പു്, മഞ്ഞ, വെള്ള ഇങ്ങനെ പലനിറങ്ങളിലുള്ള പൂക്കൾ. ആ പനിനീർച്ചെടികളിൽനിന്നു് അല്പമകന്നു് പുഷ്പമഞ്ജരി എന്നു വിളിക്കാവുന്ന മട്ടിൽ വെള്ളപ്പൂവോടുകൂടി ഒരു ചെടി നിൽക്കുന്നു. ‘അതിന്റെ പേരെന്തു്?’ എന്നു ഞാൻ ചോദിച്ചു. ‘ഡേലിയ’ എന്നു മറുപടി കിട്ടി; ‘മെക്സിക്കൻ സൂര്യകാന്തിയാണിതു്.’ എന്നും. ‘ഇതെനിക്കു വേണമല്ലോ’ എന്നു ഞാൻ. ‘അതു വേറൊരാൾക്കു കൊടുത്തുപോയി’ എന്നു വീണ്ടും മറുപടി. ആ ഡേലിയ എന്നെ വല്ലാതെ ആകർഷിച്ചു. സൗരഭ്യമുണ്ടോ അതിനു്? ഇല്ല. ചുവന്നു് പനിനീർപ്പൂവിന്റെ ഭംഗിയുണ്ടോ? ഇല്ല. എങ്കിലും ചില ആളുകൾക്കു സ്വത്വമുള്ളതുപോലെ അതിനും സ്വത്വമുണ്ടു്. പുഷ്പമഞ്ജരിയുടെ ഭാരംകൊണ്ടു് അതു തലതാഴ്ത്തി നിൽക്കുന്നതു കാണേണ്ട കാഴ്ച്ചയാണു്. അതു കിട്ടിയില്ല എന്ന ദുഃഖത്തോടുകൂടി ഞാൻ വീട്ടിലേക്കു തിരിച്ചുപോന്നു. വാഹനങ്ങളിൽ സഞ്ചരിക്കുന്നവർ ഇതിനു സദൃശമായ കാഴ്ച പലപ്പോഴും കണ്ടിരിക്കും. ആകർഷകത്വമുള്ള പല തരുണികൾ. അവരിൽനിന്നു തെല്ലൊന്നു മാറി ഒരു സുന്ദരി നിൽക്കുന്നു. തന്റെ സൗന്ദര്യത്തെക്കുറിച്ച് അറിവുള്ളതുകൊണ്ടാണു് അവളങ്ങനെ മാറിനിൽക്കുന്നതു്. അമ്മട്ടിൽ സ്വത്വത്തിന്റെ കാന്തിവിതറി അവൾ നിൽക്കുമ്പോൾ ആകസ്മികമായി സാരി മാറി വക്ഷസ്സിന്റെ ഒരു ആവൃത ഭാഗമോ ഉദരത്തിന്റെ ഒരനാവൃത ഭാഗമോ പ്രത്യക്ഷപ്പെട്ടാൽ അതു് അവളറിയുന്നില്ല എന്നു വിചാരിക്കരുതു്. നല്ലപോലെ അറിയുന്നുണ്ടു്. അറിഞ്ഞിട്ടും അറിയുന്നില്ലെന്നു ഭാവിക്കുന്നു. അത്രേയുള്ളൂ. അപ്പോൾ സൗന്ദര്യമില്ലാത്ത മറ്റൊരുത്തി വന്നു് അവളുടെ സാരി നേരെ പിടിച്ചിടുന്നു. തനിക്ക് ഒട്ടും പരിചയമില്ലാത്ത ആ സുന്ദരിയുടെ മാനം രക്ഷിക്കാൻ അവൾ മെനക്കെടുന്നതു് ‘മഹിളമാർ മറക്കാമാനം’ എന്നതുകൊണ്ടാണെന്നു തെറ്റിദ്ധരിക്കരുതു്. അസൂയയാണു് ആ പ്രവൃത്തിക്കു ഹേതു. ‘നീയൊരു ഡേലിയാപ്പൂവു്. വലിയ ദോഷമില്ലാത്ത ഈ നഗ്നതകൂടി കാണിച്ച് നീ പുരുഷന്മാരെ വലക്കേണ്ടതില്ല’ എന്ന അബോധാത്മകമായ ചിന്തയിലാണു അവളങ്ങനെ പ്രവൃത്തിക്കുന്നതു്. ആ പരോപകാരതല്പരത്വം ഡേലിയച്ചെടിക്ക് ഇഷ്ടമാവുകയുമില്ല; ‘താങ്ക്സ്’ എന്ന കിളിനാദമുയരുമെങ്കിലും.
സാഹിത്യത്തിലെ നിർദ്ദോഷമായ സെക്സിന്റെ നേർക്ക് ‘സദാചാരവ്യസനി’യായ നിരൂപകൻ കയർക്കുന്നതും ഇതുപോലെയാണു്. അസൂയയാണു് അതിനു കാരണം. “കുഞ്ഞാമിന അടിവയറ്റിൽ കൈയമർത്തി. അവൾ ചെറുതായി മുന്നോട്ടു് ചാഞ്ഞു. രവി അവളെ താങ്ങി. പെട്ടെന്നു്, വെള്ളിത്തണ്ടയുടെ മേൽ, കല്പടത്തിൽ, സിന്ദൂരക്കുറിപോലെ. രവി മിഴിച്ചുനോക്കി. വീണ്ടുമൊരു ചോരത്തുള്ളി താഴോട്ടുവീണു”. ‘ഖസാക്കിന്റെ ഇതിഹാസ’ത്തിലെ ഈ ഭാഗം ദോഷമൊട്ടുമില്ലാത്ത നഗ്നമായ ഉദരഭാഗത്തിന്റെ പ്രദർശനമാണു്. അതു മറയ്ക്കാൻ ഒരു കിഴവിയും മുന്നോട്ടു വരേണ്ടതില്ല.
ജന്മവാസനയോടു ബന്ധപ്പെട്ടതാണു സെക്സ്. അതിന്റെ പ്രക്രിയകൾ സ്വഭാവികങ്ങളാണു്. അവയെ വർണ്ണിക്കേണ്ടതു് സത്യാന്വേഷണം നടത്തുന്ന സാഹിത്യകാരന്മാരുടെ ചുമതലയത്രേ. പക്ഷേ, സെക്സിന്റെ വർണ്ണനയിലൂടെ സത്യം വ്യക്തമാക്കണം.
കിഴവികളും കിഴവന്മാരും മുന്നോട്ടുവന്നാൽ ചെറുപ്പക്കാർ പ്രതിഷേധിക്കും. കാരണമുണ്ടു്. ജന്മവാസനയോടു ബന്ധപ്പെട്ടതാണു സെക്സ്. അതിന്റെ പ്രക്രിയകൾ സ്വഭാവികങ്ങളാണു്. അവയെ വർണ്ണിക്കേണ്ടതു് സത്യാന്വേഷണം നടത്തുന്ന സാഹിത്യകാരന്മാരുടെ ചുമതലയത്രേ. പക്ഷേ, സെക്സിന്റെ വർണ്ണനയിലൂടെ സത്യം വ്യക്തമാക്കണം. മോപസാങ്ങി ന്റെ Checkmate എന്ന സുന്ദരമായ കഥ വായിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ വായിക്കണം. കഥപറയുന്ന ആൾ കൊഴ്സിക്ക വഴി ട്യൂറിനിലേക്കു പോകുകയായിരുന്നു. നീസിൽനിന്നു കപ്പലിൽ കയറി അയാൾ ബാസ്റ്റീയയിലേക്കു യാത്രയായി. അപ്പോഴാണു അവളെ അയാൾ കണ്ടതു്. അവർ തമ്മിൽ പരിചയമായി. സംസാരിച്ചു. അടുത്ത ദിവസം വണ്ടിയിലായിരുന്നു യാത്ര. അയാളുടെ സൗജന്യംകൊണ്ടാണു അവൾക്ക് അതിലിടം കിട്ടിയതു്. രാത്രി അയാൾ കാലുപതുക്കെ നീട്ടി അവളുടെ കാലു തൊട്ടു. ചെറുപ്പക്കാരി കാലു പിൻവലിച്ചില്ല. പിന്നീടു് കൈനീട്ടി തൊടുകയായി. അവൾ കൈയും അങ്ങനെതന്നെ വച്ചുകൊടുത്തു. അതിനുശേഷം അയാൾ അവളുടെ കഴുത്തിൽ ചുണ്ടുകൾ ചേർത്തു. പെട്ടെന്നു് ഉണർന്നതുപോലെ അവൾ ഞെട്ടിവിറച്ച് അയാൾക്ക് അഞ്ചോ ആറോ അടി കൊടുത്തു. വേണ്ടപോലെ അടിച്ചുകൊള്ളട്ടെ എന്നുകരുതി അയാൾ പുറംതിരിഞ്ഞു ഇരുന്നുകൊടുത്തു. അവൾ അടിനിറുത്തി കരയാൻ തുടങ്ങി. കുറഞ്ഞതു് ഒരു മണിക്കൂറെങ്കിലും കരഞ്ഞിരിക്കണം. അവളോടു മാപ്പു പറയണോ? വേണ്ട. കുറേക്കഴിഞ്ഞ് അവൾ പ്രശാന്തതയിലെത്തി. രണ്ടുപേരും ഒന്നും സംഭവിക്കാത്ത മട്ടിൽ സംസാരം നടത്തി. വണ്ടി ലക്ഷ്യസ്ഥാനത്തെത്തി. അവിടെയുണ്ടു് അവളുടെ തടിയനായ ഭർത്താവു്. അവർ ആശ്ലേഷത്തിലമരുന്നതു കണ്ടു് അയാൾ പിറകോട്ടു മാറി. അപ്പോൾ അവൾ ഭർത്താവിനോടു് പറഞ്ഞു.
“ഈ മാന്യനു നന്ദി പറയൂ. ഇദ്ദേഹമാണു സ്വന്തമാവശ്യത്തിനു റിസർവ്വ് ചെയ്ത സീറ്റ് എനിക്കു തന്നതു്. സൗഹൃദത്തോടെ പെരുമാറുന്ന ഇത്തരം കൂട്ടുകാരെ പരിചയപ്പെടുന്നതു് എത്ര നല്ലതാണു്!” ഭർത്താവു് അയാൾക്കു ഹസ്തദാനം ചെയ്തു നന്ദി പറഞ്ഞു. കഥ പറയുന്ന ആൾ മണ്ടനെപ്പോലെ നിന്നു. തീവണ്ടിയിലും മറ്റു വാഹനങ്ങളിലും വച്ചു കാണുന്ന സുന്ദരികളെ സ്വന്തം സെക്ഷ്വൽ പവർ (sexual power) കൊണ്ടു കീഴ്പ്പെടുത്തിക്കളയാമെന്ന വ്യാമോഹം പല പുരുഷന്മാർക്കുമുണ്ടു്. അതു വെറും വ്യാമോഹം മാത്രമാണെന്നു മോപസാങ്ങ് നമ്മെ ഗ്രഹിപ്പിക്കുന്നു. പിന്നെ സ്ത്രീക്ക് അതിൽ യഥാർത്ഥമായ പ്രതിഷേധമുണ്ടോ? ഇല്ലെന്നേ പറയാനാവൂ. ഉണ്ടെങ്കിൽ കാലും കൈയും അവൾ വലിച്ചെടുക്കുമായിരുന്നല്ലോ. അയാളുടെ ശരീരത്തിൽ ഏല്പിച്ച അടികൾക്കും ശക്തി കാണില്ല. അതിന്റെ തെളിവു് അയാൾ പുറം തിരിഞ്ഞിരുന്നുകൊടുത്തു എന്നതുതന്നെ. മൃദുലമായ ആ കൈകൊണ്ടുള്ള അടിയാകെ അയാൾക്ക് പുഷ്പവർഷം പോലെ തോന്നിയിരിക്കണം. അങ്ങുദൂരെ ഭർത്താവെന്ന തടിയൻ അവളെ പ്രതീക്ഷിച്ചു നിൽക്കുന്നു എന്ന ബോധമാണു ആ അടിക്കു കാരണം. വിവാഹിതയുടെ സദാചാരബോധം! എങ്കിലുമതു് എളുപ്പത്തിൽ തെറിച്ചുപോകും. അടികൊടുത്തെങ്കിലും അവൾക്ക് അയാളെ ഇഷ്ടം തന്നെ. ഭർത്താവില്ലായിരുന്നെങ്കിൽ അവൾ അയാൾ വിളിക്കുന്നിടത്തു പോയേനെ. പ്രയത്നമില്ലാതെ, പ്രയാസമില്ലാതെ, സ്ത്രീയുടെ സൈക്കോളജിക്ക് ഒരു ന്യൂനതയും വരുത്താതെ മോപസാങ്ങ് കുറച്ചുനേരത്തേക്കുള്ള ‘സെക്സ് ലൈഫ് ’ ആകർഷകമായി പ്രതിപാദിച്ചിരിക്കുന്നു. ഏതാണ്ടു് സദൃശമായ ഒരവസ്ഥയാണു അക്ബർ കക്കട്ടിലും, വർണ്ണിക്കുന്നതു്. തീവണ്ടിയിൽ വച്ച് കാലുകൊണ്ടുള്ള സ്പർശം. പക്ഷേ, അവൾ നല്ല പെൺകുട്ടിയെപ്പോലെ കാലു പിൻവലിക്കുന്നു. അതിനുശേഷം അവൾതന്നെ അയാളുടെ കഴുത്തിൽ ചുണ്ടുകൾ അർപ്പിക്കുന്നു. ഇറങ്ങേണ്ട സ്ഥലത്തു് ഇറങ്ങാതെ അവൾ അയാളോടൊരുമിച്ച് പോകുന്നു. പിറ്റേ ദിവസം അയാൾ അവളെ ബസ്സിൽ കയറ്റി അയയ്ക്കുന്നു. പക്ഷേ, അക്ബറിന്റെ കഥ ഹൃദയഹാരിയല്ല. കലാപരമായ ആവശ്യകതയ്ക്ക് അതീതമായ സംഭവ വർണ്ണനകൾ. സ്ത്രീയുടെ സൈക്കോളജിയെക്കുറിച്ചുള്ള അനഭിജ്ഞത—ഇവയെല്ലാം അതിനെ (കഥയെ) വൈരസ്യത്തിലേക്കു കൊണ്ടു ചെല്ലുന്നു. ലൈംഗീക ജീവിതത്തിന്റെ വൈകാരികത്വം അക്ബർ കക്കട്ടിലിന്റെ തൂലികയിലൂടെ ഊർന്നു് കടലാസ്സിൽ വീഴുന്നില്ല. ചിരപരിചിതങ്ങളായ വിഷയങ്ങൾ പിന്നെയും പിന്നെയും കൈകാര്യം ചെയ്യുന്ന എഴുത്തുകാർക്കു നൂതനമായ ഉൾക്കാഴ്ച്ചയ്ക്ക് കഴിവില്ലെങ്കിൽ അവർ മിണ്ടാതിരിക്കുകയാണു വേണ്ടതു്.
എനിക്കുണ്ടായ ഒരോർമ്മപ്പിശകിനെ ഒ. വി. വിജയനും പറ്റിയ തെറ്റിനെ പി. എ. ഉത്തമനും ചൂണ്ടികാണിക്കുന്നു. രണ്ടുപേർക്കും ഞാൻ നന്ദി പറയുന്നു.
അമ്പതു് ഉപന്യാസം കാണാപ്പാഠം പഠിച്ച് എനിക്കും മൽസരപ്പരീക്ഷ എഴുതാമായിരുന്നു. ജയിക്കാമായിരുന്നു. അധികാരസ്ഥാനത്തു് ഇരിക്കാമായിരുന്നു. ജല്പനങ്ങൾ നടത്താമായിരുന്നു. ഞാൻ പോയില്ല അതിനൊന്നും. പാവനമായ സാഹിത്യപ്രവർത്തനത്തിൽ ഏർപ്പെട്ടു. അതു പാരവയ്ക്കലാണെന്നു ഹബീബ് മുഹമ്മദല്ലാതെ വേറെയാരും പറയുമെന്നു തോന്നുന്നില്ല.
തിരുവനന്തപുരത്തെ മൃഗശാലയിലേക്കു ചെന്നാൽ ആദ്യം കാണുന്നതു പക്ഷികളെ. രണ്ടാമതു കുരങ്ങുകളെ. കുരങ്ങിൻ കൂട്ടിന്റെ മുൻപിൽ ചെന്നു മിണ്ടാതെ നിന്നാൽ, അനങ്ങാതെ നിന്നാൽ കുരങ്ങനു രസിക്കില്ല. “’കണ്ണിന്റെ ചുറ്റും കറുപ്പും പൃഷ്ഠത്തിൽ ചുവപ്പുമായി ഞാനിവിടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു. എന്നിട്ടും നീ റിയാക്ട് ചെയ്യുന്നില്ലേ” എന്ന മട്ടിൽ അവൻ പല്ലിളിച്ചു കാണിക്കുന്നു. പിന്നെയും നിങ്ങൾ അനങ്ങുന്നില്ലെങ്കിൽ അവൻ ചാടിവന്നു കരിങ്കൽത്തൊട്ടിയിലെ വെള്ളം തെറിപ്പിച്ചു നിങ്ങളുടെ മുഖത്തും വസ്ത്രങ്ങളിലും വീഴ്ത്തും. ചെളിവെള്ളം വീണപാടുമായി നിങ്ങൾക്ക് താഴോട്ടു് ഇറങ്ങിപ്പോകേണ്ടതായിവരും. പി. എസ്. ഹബീബ് മുഹമ്മദ് ‘ഭാഷാസാഹിതി’ എന്ന ശുഷ്കമാസികയിൽ തകഴി യുടെ ‘രണ്ടിടങ്ങഴി’യെക്കുറിച്ചു ശുഷ്കതരമോ ശുഷ്കതമമോ ആയ ഒരു പ്രബന്ധമെഴുതി. വ്യാകരണത്തെറ്റുകൾ കൊണ്ടും ശൈലീഭംഗങ്ങൾകൊണ്ടും വിലക്ഷണമായ ആ പ്രബന്ധം—ദീർഘമായ ഉപന്യാസം—ഞാൻ നന്നേ പ്രയാസപ്പെട്ടു വായിച്ചുതീർത്തു.
ലക്ഷത്തിയമ്പതിനായിരം സായ്പന്മാരുടെ പേരുകൾ കൂടി ഉൾക്കൊള്ളിച്ചുള്ള ആ കുത്സിതരചനയെക്കുറിച്ച് ഒന്നും മിണ്ടേണ്ടതില്ല എന്നു ഞാൻ തീരുമാനിച്ചു. കാരണമുണ്ടു്. എഴുതിയ ആൾ ഒരു മഹാസ്ഥാപനത്തിന്റെ—സംസ്കാരികജീവിതത്തോടു ബന്ധപ്പെട്ട ഒരു മഹാസ്ഥാപനത്തിന്റെ—അദ്ധ്യക്ഷനാണു് എന്നതുതന്നെ. ആ അദ്ധ്യക്ഷനിൽനിന്നു് ഇത്തരം രചനകളാണല്ലോ ഉണ്ടാകുന്നതു് എന്നു കേരളീയർ മനസ്സിലാക്കാതിരിക്കട്ടെ എന്നു ഞാൻ വിചാരിച്ചു. സർ. സി. പി. രാമസ്വാമിഅയ്യരും രാമസ്വാമിമുതലിയാരും ജോൺ മത്തായി യും ഇരുന്ന കസേരയിൽ ഇരിക്കുന്ന ഒരാളിൽനിന്നാണോ ഇതുണ്ടായതെന്നു ബഹുജനം ചോദിക്കരുതല്ലോ എന്ന വിചാരവും എനിക്കുണ്ടായിരുന്നു. “നീ റിയാക്റ്റ് ചെയ്യുകയില്ലേ, എന്നാൽ ഞാൻ റിയാക്റ്റ് ചെയ്യും” എന്ന മട്ടിൽ ഹബീബ് മുഹമ്മദ് ഇങ്ങനെ പറഞ്ഞതായി മലയാളമനോരമ ദിനപത്രത്തിൽ കാണുന്നു. ‘സാഹിത്യത്തിനു പാരവച്ച് അതിൽനിന്നു വാരഫലമുണ്ടാക്കുന്ന ചില സാഹിത്യകാരന്മാരാണിവിടെ—(1161 മേടം 22—പുറം 6—വാചകമേള). വാരഫലമുണ്ടാക്കുന്നു എന്നതു സത്യം. വാരഫലമല്ല മാസഫലമാണു്. പ്രതിഫലം മാസംതോറുമാണു കലാകൗമുദിയുടെ പത്രാധിപർ തരുന്നതു്. മാന്യമായ തൊഴിൽ എന്റേതു്. മാന്യമായ പ്രതിഫലം പത്രാധിപർ തരികയും ചെയ്യുന്നു. അമ്പതു് ഉപന്യാസം കാണാപ്പാഠം പഠിച്ച് എനിക്കും മൽസരപ്പരീക്ഷ എഴുതാമായിരുന്നു. ജയിക്കാമായിരുന്നു. അധികാരസ്ഥാനത്തു് ഇരിക്കാമായിരുന്നു. ജല്പനങ്ങൾ നടത്താമായിരുന്നു. ഞാൻ പോയില്ല അതിനൊന്നും. പാവനമായ സാഹിത്യപ്രവർത്തനത്തിൽ ഏർപ്പെട്ടു. അതു പാരവയ്ക്കലാണെന്നു ഹബീബ് മുഹമ്മദല്ലാതെ വേറെയാരും പറയുമെന്നു തോന്നുന്നില്ല. ആദരണീയരായ മറുനാടൻ സാഹിത്യകാരന്മാരെയും മുക്തകണ്ഠം വാഴ്ത്തുന്ന ഈ പംക്തി പാരവയ്പ്പായതെങ്ങിനെ?
ഇന്ദിരാഗാന്ധി വധിക്കപ്പെട്ടുവെന്നു് അറിഞ്ഞയുടനെ അതിന്റെ സത്യമറിയാൻ വേണ്ടി കോൺഗ്രസ്സുകാരനല്ലാത്ത ഞാൻ നിലവിളിച്ചുകൊണ്ടു് റോഡിലേക്കിറങ്ങിയോടി. സത്യമാണു അതെന്നറിഞ്ഞ ഞാൻ രണ്ടുദിവസത്തേക്ക് ആഹാരം കഴിച്ചില്ല. എന്റെ നിലവിളി പ്രശസ്ത കഥാകാരൻ കെ. എൽ. മോഹനവർമ്മ കണ്ടു. വേണമെങ്കിൽ ചോദിച്ചുനോക്കാം അദ്ദേഹത്തോടു്. ഭാരതത്തെ സ്നേഹിക്കുന്നവനെ പാരവയ്പുകാരൻ എന്നു വിളിക്കുന്ന പി. എസ്. ഹബീബ് മുഹമ്മദ് ആ സന്ദർഭത്തിൽ എന്താണു ചെയ്തതെന്നു് പത്രങ്ങളിലൊക്കെ അച്ചടിച്ചു വന്നു. അതാണോ പാരവയ്പ്പു്? അതോ എന്റെ നിർദ്ദോഷമായ വിമർശനമോ? ഹായ് നാസ്റ്റി.
ഹബീബ് മുഹമ്മദിന്റെ വ്യാകരണത്തെറ്റുകളെയും മനോരമയിൽ അച്ചടിച്ചുവന്ന ഇപ്പോഴത്തെ പ്രസ്താവത്തെയും കൂട്ടിച്ചേർത്തു ഞാൻ പറയട്ടെ: “Mr. Habib Muhammad, Your statement is as objectionable as your Malayalam grammar. (മിസ്റ്റർ ഹബീബ് മുഹമ്മദ്, താങ്കളുടെ പ്രസ്താവം താങ്കളുടെ മലയാള വ്യാകരണം പോലെതന്നെ പ്രതിഷേധാർഹമാണു്.)”
ദീർഘകാലം ജീവിച്ചിരിക്കാൻ ആഗ്രഹിക്കുന്നവർ താഴെ പറയുന്നവ ഒഴിവാക്കേണ്ടതാണു്.
ഓട്ടോറിക്ഷ, ട്രാൻസ്പോർട്ട്ബസ്സ്, ആന്റിബയോട്ടിക്സ്, ടെലിവിഷൻ ദർശനം, ഗ്യാസ് അടുപ്പു്, ബോറന്മാർ, ചുംബനം, മാലിയിലോ ബോംബെയിലോ നിർമ്മിച്ച് ‘കിക്കി’നുവേണ്ടി (ലഹരിക്കുവേണ്ടി) ഏതോ രാസദ്രവ്യമൊഴിച്ച് 555, ബി ആൻഡ് എച്ച് എന്ന പേരിൽ വിൽക്കപ്പെടുന്ന ‘ഡ്യൂപ്ലിക്കേറ്റ്’ സിഗററ്റുകൾ, ഇംഗ്ലീഷ് ശൈലിയിൽ എഴുതപ്പെടുന്ന മലയാളം പ്രബന്ധങ്ങൾ.
അന്തരംഗസ്പർശിയായ നിരൂപണമാണു എൻ. വി. കൃഷ്ണവാരിയരുടേതു്. കവി എന്ന നിലയിലും അദ്ദേഹം സുപ്രധാനനാണു്. മലയാളത്തിലെ മികച്ച അഞ്ചു കാവ്യങ്ങളിൽ പെടുന്നു എൻ. വി.യുടെ ‘ത്രിപഥഗ’.
ഇന്നു ഞായറാഴ്ചയോ? എന്നാൽ പള്ളിയിൽ പോകണം. വിലകൂടിയ ഷർട്ടും പാന്റ്സും ധരിക്കുന്നു പുരുഷന്മാർ. മനോഹരമായ സാരിയും, ബ്ലൗസും മറ്റും ചാർത്തുന്നു സ്ത്രീകൾ. കോൺടസ്സയോ മാരുതിയോ ഷെഡ്ഡിൽനിന്നിറക്കി അതിൽ കയറിയിരിക്കുന്നു. ഡ്രൈവറാൽ നയിക്കപ്പെട്ടു പള്ളിയുടെ വാതിൽക്കൽ എത്തുന്നു; കയറുന്നു. ഇന്നു് ഒന്നാംതീയതിയല്ലേ? അഷ്ടമിരോഹിണിയല്ലേ? എന്നാൽ അമ്പലത്തിൽ പോയേ മതിയാവൂ. ഡ്രൈവാഷിങ് സെന്ററിലെ യന്ത്രങ്ങളുടെ അഭിമർദ്ദപീഡ അനുഭവിച്ച വസ്ത്രങ്ങളെടുത്തു് ഉടുക്കുന്നു. ഒറ്റപ്പോക്കാണു്. യേശുദേവന്റെ പ്രശാന്തതയും സാത്വികവിശുദ്ധിയും വിളംബരം ചെയ്യുന്ന മെഴുകുതിരിയുടെ ദീപനാളം കാണുമ്പോഴും ചിന്ത വേറെ. ലോകമെങ്ങും നിറഞ്ഞ ശക്തിവിശേഷത്തിന്റെ പ്രതിരൂപമായ കർപ്പൂരദീപം വിഗ്രഹത്തിനു ചുറ്റും ഉഴിയുമ്പോഴും സമീപത്തുനിൽക്കുന്ന പെൺകൊടിയുടെ പൊന്മേനിയിലേക്കു കണ്ണു്. ആരാധന കഴിഞ്ഞു തിരിച്ചെത്തുന്നു. ഇതുപോലെയാണു അക്കാഡമിക് ക്രിട്ടിസിസം. മലയാളം എം. എ ജയിച്ചുപോയി. പിന്നെ നിരൂപണമെഴുതാതിരിക്കുന്നതെങ്ങനെ? (ഇതിൽ ഞാനും ഉൾപ്പെടും). ഞായറാഴ്ച പള്ളിയിൽ പോകുന്നതുപോലെ, അഷ്ടമിരോഹിണിനാളിൽ ശ്രീകൃഷ്ണക്ഷേത്രത്തിൽ പോകുന്നതുപോലെ എഴുതുന്നു. ഈ അക്കാഡമിക് നിരൂപകരിൽനിന്നു വിഭിന്നനായി നിൽകുന്നു എൻ. വി. കൃഷ്ണവാരിയർ.
അന്തരംഗ സ്പർശിയായ നിരൂപണമാണു് അദ്ദേഹത്തിന്റേതു്. കവി എന്ന നിലയിലും അദ്ദേഹം സുപ്രധാനനാണു്. മലയാളത്തിലെ അഞ്ചു നല്ല കാവ്യങ്ങളെടുക്കൂ. കക്കാടി ന്റെ ‘സഫലമീ യാത്ര’, ചങ്ങമ്പുഴ യുടെ ‘മനസ്വിനി’ ഇവയുടെ കൂട്ടത്തിൽ എൻ. വി.യുടെ ‘ത്രിപഥഗ’ യ്ക്കും സ്ഥാനമുണ്ടായിരിക്കും. സംസ്കൃതത്തിലും ഇംഗ്ലീഷിലും മലയാളത്തിലും ഉറച്ച പാണ്ഡിത്യം. കേരളത്തിലെ അദ്വിതീയനായ പണ്ഡിതനാണദ്ദേഹം. ഈല്യാസ് കനേറ്റി ക്കു ‘ഔട്ടോ ദ ഫെ’ എന്ന നോവലെഴുതിയതിനു നോബൽ സമ്മാനം കിട്ടിയപ്പോൾ എൻ. വി. ആ നോവലിനെക്കുറിച്ചെഴുതി. നോബൽ സമ്മാനം കിട്ടുന്നതിനു പത്തുവർഷം മുൻപുതന്നെ കൃഷ്ണവാരിയർ ആ നോവൽ വായിച്ചിരുന്നു. അദ്ദേഹത്തിന്റെ ഗ്രന്ഥപാരായണത്തിലുള്ള കൗതുകവും വ്യാപകത്വവും ഇതു സ്പഷ്ടമാക്കിത്തരുന്നു. നമ്മുടെ സാംസ്കാരികജീവിതത്തിനു നിസ്തുലങ്ങളായ സേവനങ്ങൾ അനുഷ്ഠിക്കുന്ന ഈ മഹാവ്യക്തിക്കു എഴുപതു വയസ്സു തികഞ്ഞിരിക്കുന്നു. അദ്ദേഹത്തെ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പ്രസാധകർ സമുചിതമായി മാനിച്ചിരിക്കുന്നു. വായനക്കാരായ ഞങ്ങൾക്ക് അനല്പമായ സന്തോഷമുണ്ടു് അതിൽ. എൻ. വി. പറയുന്നു; ഞാൻ സംതൃപ്തനാണു്; കൃതജ്ഞനാണു്; ശുഭപ്രതീക്ഷകനുമാണു്. ഈ സംതൃപ്തിയും കൃതജ്ഞതയും പ്രസാദാത്മകതയുമാണു് അദ്ദേഹത്തിന്റെ ജീവിതത്തെ ശോഭാവഹമാക്കിയതു്.
സ്ത്രീ സ്നേഹിക്കുന്നതു സ്വന്തം സൗന്ദര്യത്തെ മാത്രം. കലാസൗന്ദര്യത്തെ സ്നേഹിക്കുന്നവൻ പുസ്തകങ്ങൾ വാങ്ങിക്കുന്നു; വായിക്കുന്നു. ചെറുപ്പക്കാരനും ചെറുപ്പക്കാരിയും സ്നേഹിക്കുന്നതു് സ്നേഹത്തെ തന്നെ. അതിന്റെ ഫലം പൈങ്കിളിക്കഥ.
യഥാർത്ഥത്തിൽ രാഷ്ട്രീയ പ്രവർത്തകനായിട്ടുള്ളവൻ ബഹുജനത്തെ സ്നേഹിക്കുന്നു. ജവഹർലാൽ നെഹ്രു ആ വിധത്തിലുള്ള രാഷ്ട്രീയ പ്രവർത്തകനായിരുന്നു. ജനക്കൂട്ടത്തെ കാണുമ്പോൾ അദ്ദേഹം സ്നേഹത്താൽ ഇളകിപ്പോയിരുന്നു. ഇന്നത്തെ രാഷ്ട്രീയ പ്രവർത്തകൻ സ്നേഹിക്കുന്നതു പണത്തെയാണു്. അയാൾ വസ്തു വാങ്ങിച്ചുകൂട്ടുന്നു. ബാങ്ക് ബാലൻസ് വർദ്ധിപ്പിക്കുന്നു. സ്ത്രീ സ്നേഹിക്കുന്നതു സ്വന്തം സൗന്ദര്യത്തെ മാത്രം. കലാസൗന്ദര്യത്തെ സ്നേഹിക്കുന്നവൻ പുസ്തകങ്ങൾ വാങ്ങിക്കുന്നു; വായിക്കുന്നു. ചെറുപ്പക്കാരനും ചെറുപ്പക്കാരിയും സ്നേഹിക്കുന്നതു് സ്നേഹത്തെ തന്നെ. അതിന്റെ ഫലം പൈങ്കിളിക്കഥ. അമ്മട്ടിൽ ഒരു പൈങ്കിളിക്കഥയാണു വിമൻസ് മാഗസിനിലെ ‘ഇതളില്ലാ പൂവു്’ എന്നതു്. (ഡി. ജയകുമാരി എഴുതിയതു്). ഇതു കലയല്ല, സാഹിത്യമല്ല, ബാർബറിസമാണു്. എന്റെ ഈ ഉപാലംഭവും പരുക്കൻ ഭാഷയും കേട്ടു വായനക്കാർക്കു നന്നേ മുഷിഞ്ഞോ? എന്നാൽ ഒരു ചെറിയ നേരമ്പോക്ക്.
- കുട്ടി (കോൺഗ്രസ്സുകാരനായ അദ്ധ്യാപകനോടു്):
- മാഷേ, 1948-ൽ എന്തുണ്ടായി?
- അദ്ധ്യാപകൻ:
- മഹാത്മാഗാന്ധി മരിച്ചു.
- കുട്ടി:
- 1985-ലോ?
- അദ്ധ്യാപകൻ:
- ഗാന്ധി മരിച്ചിട്ടു് 37 വർഷമേ കഴിഞ്ഞുള്ളൂ.
- “കേസരിബാലകൃഷ്ണപ്പിള്ള യും ജോസഫ് മുണ്ടശ്ശേരി യും കുറ്റിപ്പുഴകൃഷ്ണപ്പിള്ള യും കുട്ടികൃഷ്ണമാരാരും ഒന്നിച്ച് ഒരിടത്തു് ഇരിക്കുന്നതു കാണണമെങ്കിൽ സുകുമാർ അഴീക്കോടി നെ കണ്ടാൽമതിയെന്നു ഹബീബ് പറഞ്ഞു”—ഡി. സി. കിഴക്കേമുറി കുങ്കുമം വാരികയിൽ. “ചെല്ലുവിൻ ഭവാന്മാരെൻ ഗുരുവിൻ നികടത്തിലല്ലായ്കിലവിടുത്തെച്ചരിത്രം വായിക്കുവിൻ”. എന്നുകൂടി പറയാമായിരുന്നു അദ്ദേഹത്തിനു്. ഹബീബ് എന്നു പറഞ്ഞാൽ പി. എസ്. ഹബീബ്മുഹമ്മദാണു്. നേരത്തെ മുഴുവൻ പേരും എഴുതിയെങ്കിലും ചിരപരിചിതത്വം കൊണ്ടു് ഡി. സി. അങ്ങനെയേ വിളിക്കൂ. തിരുവനന്തപുരത്തു് ഞാൻ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരാളുണ്ടു്. അദ്ദേഹം ഒരിക്കൽ: “ദാസന്റെ കവിത തരക്കേടില്ല” (കാളിദാസ നാണു ദാസൻ). മറ്റൊരിക്കൽ: ജോസഫ് ആവിധത്തിൽ പെരുമാറിയതു ശരിയായില്ല (ജോസഫ് സ്റ്റാലിനാ ണു ജോസഫ്).
- “പുസ്തകം മരിക്കുകയാണു എന്നു ഡി. സി. പറയുന്നു. രാജ്യം തന്നെ മരിച്ചുകൊണ്ടിരിക്കുമ്പോൾ പുസ്തകം മരിക്കുന്നു എന്നു പറയേണ്ട കാര്യമുണ്ടോ? അഴീക്കോടു് ചോദിച്ചു”.—ഡി. സി. കുങ്കുമം വാരികയിൽ. സുകുമാർ അഴീക്കോടിന്റെ ഈ ദുഃഖം എല്ലാവർക്കുമുണ്ടു്. അദ്ദേഹം അതു പ്രകാശിപ്പിച്ചതു നന്നായി. രാജ്യം മരിച്ചുകൊണ്ടിരിക്കുകയല്ല, മരിച്ചു കഴിഞ്ഞു. നമ്മളൊക്കെ ജീവനുള്ള ശവങ്ങൾ മാത്രം.
- “രാജഭരണത്തിൽനിന്നും ജനാധിപത്യത്തിലേക്കുള്ള വളർച്ചയാണു നമ്മുടെ സ്വാതന്ത്ര്യം എന്നു നാം കരുതുന്നു. പക്ഷേ അതു സത്യമോ? ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിന്റെയും ബ്യൂറോക്രസിയുടെയും നൂറു നൂറു നഖങ്ങൾക്കുള്ളിലല്ലേ ഭാരതജനത ഇന്നു ജീവിക്കുന്നതു? സെഡ്. എം. മൂഴൂറിന്റെ ചോദ്യമാണിതു്. (ദീപിക ആഴ്ചപ്പതിപ്പിൽ)—ശരി. എങ്കിലും അതൊരു ഭാഗിക സത്യം മാത്രം. ഭരണാധിപന്മാരും ഉദ്യോഗസ്ഥന്മാരും സാഹിത്യകാരന്മാരും രാഷ്ട്രീയക്കാരും ഒരുമിച്ചുചേർന്നു് രാജ്യത്തിന്റെ സദാചാരമായ അടിത്തറയെ ഇളക്കിമറിച്ചുകൊണ്ടിരിക്കുകയാണു്. അതാണു സമ്പൂർണ്ണസത്യം.
ഞാൻ സംസ്കൃതകോളേജിൽ അദ്ധ്യാപകനായിരുന്ന കാലം. ഒരു സഹപ്രവർത്തകൻ എന്റെ പുതിയ പാർക്കർ പേന എഴുതാൻ വാങ്ങിച്ചു. ഉടനെ തിരിച്ചു ചോദിക്കുന്നതു ശരിയല്ലല്ലോ എന്നു കരുതി ഞാൻ മൗനം അവലംബിച്ചു. മൂന്നുദിവസം കഴിഞ്ഞ് “പേനയെവിടെ?” എന്നു ചോദിച്ചപ്പോൾ ഒരലമാരി ചൂണ്ടിക്കാണിച്ചിട്ടു് അദ്ദേഹം പറഞ്ഞു: “അതാ അതിന്റെ തട്ടിൽ വച്ചിട്ടു് ഞാൻ വീട്ടിൽ പോയി, കാലത്തു വന്നു നോക്കിയപ്പോൾ പേനയില്ല”. ഞാൻ നീരസം പോലും കാണിച്ചില്ല. ഒരു മാസം കഴിഞ്ഞ് അദ്ദേഹം എന്നോടു് വെർജീനിയ വുൾഫി ന്റെ ഒരു നോവൽ വേണമെന്നു പറഞ്ഞു. ഞാൻ: “പുസ്തകം തരാം. പേനപോലെ കളയരുതു്”. ഇതു കേട്ടയുടനെ അദ്ദേഹം ക്ഷോഭിച്ചു. “എന്താ നിങ്ങളുടെ പേന സൂക്ഷിച്ചുവയ്ക്കാൻ ഞൻ നിങ്ങളുടെ വേലക്കാരനോ?” എന്ന ചോദ്യമെറിഞ്ഞു. ആ മനുഷ്യൻ ഒരു ക്രിമിനലാണെന്നു് എനിക്ക് 1950ൽ തോന്നി. ഇന്നലെ വടക്കുനിന്നു വന്ന ഒരു സുഹൃത്തിനോടു് ഞാൻ ആ മനുഷ്യനെക്കുറിച്ചു ചോദിച്ചു. അദ്ദേഹം മറുപടി പറഞ്ഞതു് ഇങ്ങനെയാണു: “ങ്ഹാ അയാൾ വർഷങ്ങൾക്കുമുമ്പു് ഒരു പാവത്തിന്റെ കൈയിൽനിന്നു വാടകയ്ക്ക് എടുത്ത കെട്ടിടം ഒഴിഞ്ഞുകൊടുക്കാതെ സ്വന്തമാക്കികളഞ്ഞു. റെന്റ് കൺട്രോൾ ആക്ടനുസരിച്ച് ഉടമസ്ഥനു അവകാശമില്ല കെട്ടിടത്തിനെന്നു പറഞ്ഞാണു സ്വന്തമാക്കിയതു്. ഇപ്പോൾ അയാൾ ലക്ഷപ്രഭുവാണു്. ആ കെട്ടിടത്തിൽ ട്യൂട്ടോറിയൽ കോളേജ് നടത്തുന്നു”. മനുഷ്യന്റെ ചെറിയ ചെറിയ ദോഷങ്ങൾ അവനു പ്രായംചെല്ലുന്തോറും വലിയ വലിയ ദോഷങ്ങളായി മാറുന്നു. രാഷ്ട്രത്തിന്റെ സ്ഥിതിയും അങ്ങനെതന്നെ. നെഹ്രുവിന്റെ കാലത്തെ കൊച്ചു ദോഷങ്ങൾ പിൽക്കാലത്തെ പ്രധാനമന്ത്രിമാരുടെ കാലയളവുകളിൽ ഭീമാകാരങ്ങളായി. ഇന്നു് അവയ്ക്ക് ഭയജന്യമായ വൈപുല്യം. രാഷ്ട്രത്തിന്റെ ഈ ദോഷങ്ങളാണു് ഒരലിഗറിയിലൂടെ വി. ആർ. സുധീഷ് പ്രതിപാദിക്കുന്നതു് (ഗാലറി—ദേശാഭിമാനി വാരിക). വിഷയത്തിനു സത്യാത്മകതയുണ്ടു്. പക്ഷേ, അലിഗറിയായതിനാൽ കലാപരമായ സത്യമില്ല.
കലാകാരന്റെയും ശാസ്ത്രകാരന്റെയും സർഗ്ഗാത്മക പ്രവർത്തനങ്ങൾക്കു ഒരു ലക്ഷ്യവുമില്ല. അവ രൂപംകൊണ്ടു കഴിയുമ്പോൾ പ്രയോജനമരുളുന്നു. അത്രേയുള്ളൂ. ലക്ഷ്യം വന്നാൽ കലാസൃഷ്ടി തകരും. ഉദാഹരണങ്ങൾ: “അങ്കിൾ ടോംസ് കാബിൻ”, നെറൂതയുടെ പ്രചരണാത്മകങ്ങളായ കാവ്യങ്ങൾ, “ദുരവസ്ഥ”. സമൂഹത്തെ മുന്നിൽക്കാണുമ്പോൾ ‘ഐഡിയോളജി’ ജനിക്കുന്നു.
സാഹിത്യം വ്യക്തിപ്രതിഭയിൽനിന്നു് ജനിക്കുന്നതാണെന്നു് എം. കെ സാനു സമ്മതിക്കുന്നു. (ചിന്ത, മെയ് ദിനപ്പതിപ്പു്). അതേ സമയം സമുദായത്തെ മുന്നിൽക്കണ്ടുകൊണ്ടാണു് ഏതു സാഹിത്യകാരനും രചന നിർവഹിക്കുന്നതു് എന്നും അദ്ദേഹം നമ്മെ ഓർമ്മിപ്പിക്കുന്നു. സമുദായത്തെ ഉത്കൃഷ്ടമായ അവസ്ഥയിലേക്കു നയിക്കാൻ സാഹിത്യം പ്രയോജകീഭവിക്കണം. ഈ കടപ്പാടാണു സാഹിത്യകാരന്റെ പ്രതിബദ്ധത എന്നു് അദ്ദേഹം അഭിപ്രായപ്പെടുന്നു. പ്രബന്ധകാരന്റെ ആശയം കൊള്ളാം. പക്ഷേ, അതു് എത്രകണ്ടു് സത്യത്തോടു പൊരുത്തപ്പെട്ടിരിക്കുന്നു എന്നുംകൂടി ആലോചിക്കേണ്ടതുണ്ടു്. E = mc2 എന്ന സമവാക്യമെഴുതിയ ഐൻസ്റ്റൈൻ സമൂഹത്തെ മുന്നിൽ കണ്ടുകൊണ്ടല്ല അതെഴുതിയതു്. ആ ശാസ്ത്രജ്ഞന്റെ പ്രവൃത്തി അനാസക്തമായ പ്രവൃത്തിയായിരുന്നു. അതുപോലെ ‘നളിനി’ എഴുതിയ കുമാരനാശാൻ ഒരു സമൂഹത്തെയും മുന്നിൽ കണ്ടില്ല. പക്ഷെ ‘നളിനി’യും ഐൻസ്റ്റൈന്റെ സമവാക്യവും സമൂഹത്തിനു പ്രയോജനപ്രദങ്ങളായി. കലാകാരന്റെയും ശാസ്ത്രകാരന്റെയും സർഗ്ഗാത്മക പ്രവർത്തനങ്ങൾക്കു ഒരു ലക്ഷ്യവുമില്ല. അവ രൂപംകൊണ്ടു കഴിയുമ്പോൾ പ്രയോജനമരുളുന്നു. അത്രേയുള്ളൂ. ലക്ഷ്യം വന്നാൽ കലാസൃഷ്ടി തകരും. ഉദാഹരണങ്ങൾ: “അങ്കിൾ ടോംസ് കാബിൻ ”, നെറൂത യുടെ പ്രചരണാത്മകങ്ങളായ കാവ്യങ്ങൾ, “ദുരവസ്ഥ ”. സമൂഹത്തെ മുന്നിൽക്കാണുമ്പോൾ ‘ഐഡിയോളജി’ ജനിക്കുന്നു. ഐഡിയോളജി പ്രതിബദ്ധതയുണ്ടാക്കുന്നു. അതു വരുമ്പോൾ കലാസൃഷ്ടിക്കു ദോഷം വരുന്നു. (ടോയിൻബി യുടെ ആശയം.)
സൽമാൻ റഷ്ദി യുടെ Midnight children എന്ന നോവലിന്റെ ആവിർഭാവം സാഹിത്യ ലോകത്തെ ഒരു സംഭവമായി പരിണമിച്ചതുപോലെ അമിതാവ് ഘോഷി ന്റെ The circle of reason എന്ന നോവലിന്റെ പ്രസാധനം വേറൊരു സംഭവമായി മാറിയിരിക്കുന്നുവെന്നു് ചില നിരൂപകർ പറയുന്നു. ഡോൺക്വിക്സോട്ട് പോലെ ഉത്കൃഷ്ടമാണത്രേ. ഇതിനകം ഫ്രഞ്ച്, ഇറ്റാലിയൻ, സ്വീഡിഷ് ഈ ഭാഷകളിലേക്കു തർജ്ജമ ചെയ്യപ്പെട്ട The circle of reason പുസ്തകത്തിനായി നമുക്കു കാത്തിരിക്കാം.