അയാൾ ഒരു യഥാർത്ഥ സംഭവം വർണ്ണിക്കുകയാണു്. തനിക്കു പതിമ്മൂന്നു വയസ്സായിരുന്ന കാലത്തുണ്ടായ ഒരു സംഭവം. വസന്തകാലം. കളപ്പുരയ്ക്കു പിറകിലുള്ള പുൽത്തകിടിയിലൂടെ അവൻ നടക്കുകയായിരുന്നു. പുൽക്കൂട്ടങ്ങളുടെ ആർദ്രത കലർന്ന മാധുര്യം. സൂര്യന്റെ ചൂടിലേക്കു ഭൂമിയുടെ ആത്മാവു് ഉയർത്തപ്പെടുന്നു. ചിരിക്കാതിരിക്കാൻ അവനു കഴിഞ്ഞില്ല. അത്രയ്ക്കുണ്ടു് ആഹ്ലാദം. ബാലൻ കളപ്പുരയിലേക്കു ചെന്നു. പരിതഃസ്ഥിതികളോടുള്ള ആത്മബന്ധത്തോടുകൂടി, സൂര്യന്റെ ചൂടു് പുറത്തു് ഏറ്റുകൊണ്ടു്, കളപ്പുരയുടെ തണുപ്പു് മുഖത്തു അനുഭവിച്ചുകൊണ്ടു് കണ്ണാടിയിടാത്ത കളപ്പുര ജനലിൽക്കൂടി അവൻ നോക്കി. വയ്ക്കോലിലും ചാണകത്തിലുമായി അവന്റെ അമ്മ നഗ്നയായി കിടക്കുന്നു. അവളടെ മുഖം അവളുടെ വസ്ത്രങ്ങൾകൊണ്ടു മൂടിയിട്ടുണ്ട്. തനിക്കു് അപ്പോൾ തോന്നിയതിനെ അവൻ എങ്ങനെ വർണ്ണിക്കും? അവനെ— തന്റെ അമ്മയെ കൊല്ലുന്ന അവനെ—ബാലനു് കൊല്ലാനാഗ്രഹമുണ്ടായി. ജനലിൽക്കൂടി കുതിച്ചുചെന്നു്, വയ്ക്കോൽ പൊക്കിയെടുക്കാനുള്ള ‘പിച്ച് ഫോർക്ക്’ അവന്റെ മുതുകിൽ കുത്തിയിറക്കാൻ ആ മകനു് അഭിലാഷം. പക്ഷേ, അവൻ അമ്മയെ കൊല്ലണമെന്നു തന്നെയാണു് ബാലന്റെ വിചാരം; അവൻ താനായിരുന്നെങ്കിൽ എന്നും. കളപ്പുരയുടെ ചരിവിലൂടെ അവൻ ഉരുണ്ടു താഴത്തേക്കു പോന്നു. അവന്റെ പേരു് ലേഡിഗ്. ബാലൻ വില്ലിയും. വില്ലിയുടെ ട്യൂട്ടറാണു് ലേഡിഗ്.
ആഹാരം കഴിക്കാനിരുന്നപ്പോൾ മകൻ അമ്മയെ നോക്കി. മെഴുകുതിരിയുടെ ദീപനാളം അമ്മയുടെ കണ്ണുകളിൽ ജ്വലിക്കുകയാണു്. ചൂടു് ആ നയനങ്ങളിൽ ഉണ്ടെന്നാണു് അവൻ കരുതിയതു്. പക്ഷേ, അമ്മയ്ക്കു് എന്തൊരു ശാന്തത! അമ്മ ട്യൂട്ടറെ നോക്കുന്നതേയില്ല. അച്ഛനെയാണ് നോക്കുന്നതു്. ഏതൊരാളിനെ വഞ്ചിച്ചുവോ ആ ആളിനെ സ്നേഹിക്കാനാവുമോ? അതിനു കഴിയുമായിരിക്കും. അവൻ സ്വന്തം മുറിയിലേക്കു് ഓടി. അപ്പോൾ ആരു് അവിടെ കയറിയാലും അവൻ ഇടിച്ചു് തകർത്തുകളയും. അമ്മ വരാനാണു് അവന്റെ ആശ. അവർ വന്നു് അവനെ കെട്ടിപ്പിടിച്ചു് ഉമ്മവയ്ക്കുമ്പോൾ അവൻ കൈമുറുക്കി ഇടിക്കും. അടിക്കും. അമ്മയുടെ പ്രാണൻ പോകുന്നതുവരെ അങ്ങനെ അവൻ അവരെ മർദ്ദിക്കും. പക്ഷേ, അവിടെ വന്നു് നോക്കിയിട്ടു് അങ്ങ് പോയതു് അവന്റെ ട്യൂട്ടർ മാത്രമാണു്.
മകൻ അമ്മയെ പല ദിവസങ്ങൾ സൂക്ഷിച്ചുനോക്കി. അവരുടെ മാംസത്തിൽ വികാരത്തിന്റെ ചൊറിഞ്ഞു പൊട്ടൽ. അവനു വമനേച്ഛ. രക്തത്തിന്റെയും അസ്ഥിയുടെയും ഓക്കാനം.
അവന്റെ അച്ഛൻ പട്ടികളെ ഇണചേർക്കുകയായിരുന്നു. ആദ്യമൊക്കെ കൃത്യം നടന്നില്ല. പിന്നീടു് അതുണ്ടായി. പെൺപട്ടിക്കു ശാന്തത. ആൺപട്ടിക്കു കിതപ്പു്. മകൻ ഓടിച്ചെന്നു് അച്ഛനോടു പറഞ്ഞു. അച്ഛാ, ഇവയ്ക്കു് അമ്മയെന്നും ലേഡിഗ് എന്നും പേരിടണം. ഇത്രയം പറഞ്ഞിട്ടു് അച്ഛന്റെ മുഖംകാണാൻ നില്ക്കാതെ അവൻ ഓടിക്കളഞ്ഞു. അന്നു രാത്രി കിടപ്പുമുറിയിൽനിന്നു് ഞെട്ടിപ്പിക്കുന്ന ഇടികളുടെ ശബ്ദം ഉയരുന്നതു് ഞാൻ കേട്ടു. യുദ്ധത്തിനുശേഷം ബർലിനിൽ വേശ്യകളെ റൗഡികൾ ഇടിച്ചതു് ഇമ്മട്ടിലാണു്. അവൻ പേടിച്ചു ശ്വാസംവിടാനാവാതെ കിടക്കയിൽ എഴുന്നേറ്റിരുന്നു. മുഷ്ടി ചുരുട്ടി മറ്റേ ഉള്ളം കൈയിൽ ഇടിച്ചുകൊണ്ടു് അവൻ പറഞ്ഞു: കൊടുക്കു്, അങ്ങനെ കൊടുക്കു്. പക്ഷേ, കുറെക്കഴിഞ്ഞപ്പോൾ അവനു സഹിക്കാനായില്ല. അവൻ കിടപ്പുമുറിയിൽ ഓടിച്ചെന്നു് അവർ രണ്ടുപേരുടെയും ഇടയിൽനിന്നു. നിലവിളിക്കുന്ന അമ്മയെ കിടക്കയിൽനിന്നു പൊക്കിയെടുത്തു. അച്ഛനോടു് നിറുത്താൻ പറഞ്ഞു. പക്ഷേ, അയാൾ അവളടെ തലമുടിയിൽ പിടിച്ചുവലിച്ചു് മറ്റേക്കൈകൊണ്ടു മുഖത്തിടിച്ചു. അച്ഛനെ കൊല്ലുമെന്നു പറഞ്ഞു് അവൻ അയാളടെ നേർക്കുചാടി മുഷ്ടികൊണ്ടു് തുടരെത്തുടരെ ഇടിച്ചു. ഇതു് 1910-ൽ ഗലിഷ്യയയിൽ നടന്നതാണു്. കഥ പറയുന്ന ബാലനില്ലാതെതന്നെ അതു മുഴുവൻ നശിപ്പിക്കപ്പെട്ടു.
വിശ്വവിഖ്യാതനായ നോവലിസ്റ്റ് ഇ. എൽ. ഡോക്ടറോവി ന്റെ ഒരു ചെറുകഥയുടെ സംഗ്രഹമാണിതു്. എന്തെന്നില്ലാത്ത തീക്ഷ്ണത ആവഹിക്കുന്ന ഒരു കൊച്ചുകഥ. രത്നം കാന്തി ചിതറുന്നതുപോലെ ഇതു് മയൂഖങ്ങൾ പ്രസരിപ്പിക്കുന്നു. ഒരനുഭവത്തെ അതിന്റെ നൈരന്തര്യത്തോടും സാദ്യസ്കതയോടും കൂടി പ്രകാശിപ്പിക്കുന്നു എന്നതിലാണ് ഇതിന്റെ ഭംഗിയിരിക്കുന്നതു് ചീട്ടുകൊട്ടാരം ഒരാളോളം പൊക്കത്തിലുയർത്തിയിട്ടു് ഒറ്റ വിരൽകൊണ്ടുതട്ടിയിടുന്ന ആ രീതി നോക്കുക: “ഇതു് 1910-ൽ ഗലിഷ്യയയിൽ നടന്നതാണു്. ഞാനില്ലാതെ തന്നെ അതു് എന്തായാലും മുഴുവനും പിന്നീട് നശിപ്പിക്കപ്പെട്ടു”.
വിശ്വസാഹിത്യത്തിലെ ഉത്കൃഷ്ടങ്ങളായ കൊച്ചു കഥകളുടെ പേരുകൾ എഴുതട്ടെ.
- The Third Bank of the River —João Gumarães Rosa.
- A clean, Well-Lighted Place —Ernest Hemingway.
- The Death of Dolgustor—Isaac Babel.
- Swaddling Clothes—Yukio Mishima.
- Homage for Isaac Babel—Doris Lessing.
- The Blue Bouquet—Octavio Paz.
- The Eclipse—Augusto Monterroso.
- The Laugher—Heinrich Böll.

കാമുകിയും കാമുകനും പ്രേമലേഖനങ്ങൾ കൈമാറുന്നത് വിചിത്രങ്ങളായ രീതികളിലാണു്. തിരുവനന്തപുരത്തെ സെക്രട്ടേറിയറ്റിനു മുമ്പിലുള്ള ബസ് സ്റ്റോപ്പിൽ ഞാൻ നിൽക്കുകയായിരുന്നു. എന്റെ അടുത്തു് ഒരു പെൺകുട്ടി. അവൾ അസ്വസ്ഥയാണു്. ദൂരെനിന്നു് ഒരു ചെറുപ്പക്കാരൻ വരുന്നതു കണ്ടപ്പോൾ അവൾ കൂടുതൽ അസ്വസ്ഥയായി. അയാൾ അടുത്തെത്തി. പെൺകുട്ടി പെട്ടെന്നു് നോട്ട്ബുക്ക് തുറന്നു് മേൽവിലാസമെഴുതിയ ഒരു ഇൻലൻഡ് ലറ്ററെടുത്തു് അയാളുടെ കൈയിൽ കൊടുത്തിട്ടു് ‘ഒന്നു പോസ്റ്റ് ചെയ്തേക്കൂ’ എന്നു പറഞ്ഞു. അയാളതു വാങ്ങി തിരിച്ചുപോയി. പോസ്റ്റ് ബോക്സ് റോഡിന്റെ മറുവശത്തുണ്ട്. അയാൾ കത്തു് അതിലിടാതെ നേരേയങ്ങു നടന്നു. പെൺകുട്ടിയുംപോയി. അന്നു് ഇൻലൻഡ് ലറ്ററിനു് എന്തു വിലയായിരുന്നുവെന്നു് എനിക്കു് അറിഞ്ഞുകൂടാ. മുപ്പത്തഞ്ചുപൈസ എന്നു വിചാരിക്കു. അടുത്ത ദിവസം അതിനുള്ള മറുപടിയുമായി അയാൾ വേറൊരു സ്ഥലത്തു് നില്ക്കുമായിരിക്കും. അപ്പോൾ അതിലേ ചെല്ലുന്ന പെൺകുട്ടി അയാളുടെ അഭ്യർത്ഥനയനുസരിച്ചു് പോസ്റ്റ്ചെയ്യാൻ എഴുത്തു് അയാളുടെ കൈയിൽനിന്നു് വാങ്ങിക്കൊണ്ടുപോകുമായിരിക്കും. പ്രാണനാഥാ എന്നു് അങ്ങോട്ടു് വിളിക്കാനും ‘ഓമനേ’ എന്നു് ഇങ്ങോട്ടുവിളിക്കാനും എഴുപതു പൈസ ചെലവു്. കേന്ദ്രസർക്കാരിന്റെ ഭാഗ്യം.
ഒരാപ്പീസിൽ ഒരു ചെറുപ്പക്കാരിയെകണ്ടു ചില വീട്ടുകാര്യങ്ങൾ അറിയിക്കാനുണ്ടായിരുന്നു എനിക്കു്. ഞാൻ അവിടെ ചെന്നപ്പോൾ അവൾ മേശയുടെ വലിപ്പു് തുറന്നുവച്ചു് അതിൽ ബോർഡ്വച്ചു് എഴുതുകയായിരുന്നു. എന്നെക്കണ്ടപ്പോൾ ഡ്രായർ അടയ്ക്കാതെ എഴുന്നേറ്റുവന്നു. ആ തക്കംനോക്കി അടുത്തിരുന്ന ഒരുത്തൻ കടലാസ്സുനോക്കുന്നുവെന്നമട്ടിൽ ഒരു തുണ്ടു് വലിപ്പിന്റെ അറയിലേക്കു് ഇട്ടു. ഞാനതുകണ്ടു. ചെറുപ്പക്കാരിയും കണ്ടു. അവളുടെ വെളുത്ത മുഖം കുറ്റബോധത്താൽ കർക്കടകമാസത്തിലെ അമാവാസി പോലെ കുറുത്തു. ആ കുറിപ്പിനുള്ള മറുപടി അയാളെ അന്വേഷിച്ചു് ഒരുത്തൻ വരുമ്പോൾ അവൾ അയാളടെ മേശവലിപ്പിനകത്തു് ഇടുമായിരിക്കും. കേരളസർക്കാരിന്റെ മേശകൾ പി. ഡബ്ലിയു. ഡി. വർക്ക്ഷാപ്പിലല്ലേ നിർമ്മിക്കുന്നത്? ഡ്രായറുണ്ടാക്കുന്ന ആശാരിമാർ അതിനകത്തു് കൂടുതൽ കൂടുതൽ കൊച്ചറകൾ ഉണ്ടാക്കട്ടെ. പേനയിടാനുള്ള അറകൾ അങ്ങനെ കാമലേഖനങ്ങൾ കൊണ്ടുനിറയട്ടെ.

കേരളത്തിൽ മാത്രമല്ല ഫ്രാൻസിലും ഇങ്ങനെയൊക്കെയാണു് സ്നേഹനിവേദനങ്ങളടങ്ങിയ കൊച്ചു കടലാസ്സുതുണ്ടുകൾ കൈമാറ്റം ചെയ്യപ്പെടുന്നതു്. നൂവോ റൊമാങ്ങിന്റെ (പുതിയ നോവലിന്റെ) ഉദ്ഘോഷകനായ എലങ് റോബ്ഗ്രീയെ (Alain Robbe-Grillet) എന്ന ഫ്രഞ്ചെഴുത്തുകാരന്റെ Jealousy എന്ന നോവൽ വായിച്ച ഓർമ്മയുണ്ടെനിക്കു്. ദുശ്ശങ്കയ്ക്കു് അധീനനാകുന്നതു് ഭർത്താവാണ്. ഭാര്യയും കാമുകനും ഒരുമിച്ചിരിക്കുമ്പോൾ ഒരു കുറിപ്പു് ഒരു കൈയിൽ നിന്നു് അടുത്തിരിക്കുന്ന ആളിന്റെ കൈയിലേക്കു പോകുന്നതു് ഭർത്താവു് കാണുന്നു. പിന്നീട് അവർ രണ്ടുപേരുംകൂടി ദൂരെയെവിടെയോ പോകുന്നു. അടുത്ത ദിവസമേ അവൻ തിരിച്ചുവരുന്നുള്ളൂ. കാറു കേടു വന്നു വഴിയിൽ കിടന്നുപോയതിനാൽ രണ്ടു പേർക്കും അന്നു രാത്രി ഒരു ഹോട്ടലിൽ കഴിയേണ്ടിവന്നു എന്നാണു് സമാധാനം. ദുശ്ശങ്കകൊണ്ടു് ഭർത്താവു പുളയുന്നു. കാമുകൻ യാത്രപറഞ്ഞു. പിരിയുമ്പോൾ ‘ജലസി’ അയാൾക്കു്. ഇല്ലാതാവുകയും ചെയ്യുന്നു. ജലസിയെക്കുറിച്ചു്—ദുശ്ശങ്കയെക്കുറിച്ചുള്ള— ഉജ്ജ്വലമായ പഠനമാണ് ഈ നോവൽ. പ്രൂസ്തി ന്റെ Rememberence of things past എന്ന നോവലിൽ ഇതിനെക്കാൾ ഉജ്ജ്വലതയാർന്ന അപഗ്രഥനമുണ്ട് ജലസിയെ സംബന്ധിച്ചു്. (പുതിയ തർജ്ജമ Terence Kilmartin-ന്റേതു്. പഴയ തർജ്ജമ C. K. Scott Moncrieff-ന്റേതു്. ആദ്യത്തേതു് പെൻഗ്വിൻ ബുക്സ് പ്രസാധനം) ജലസി രോഗാവസ്ഥയോളമെത്തുമ്പോൾ പുരുഷനും സ്ത്രീയും ഇന്നതേചെയ്യൂ എന്നു സൂക്ഷ്മമായി പറയാനാവില്ല. രാത്രി കുടികഴിഞ്ഞെത്തുന്ന ഭർത്താവു് ഭാര്യയുടെ കട്ടിലിനടിയിൽ നോക്കും. ഇവിടെ, ആരു ഒളിച്ചിരുന്നെടീ? എന്നു ചോദിക്കും. (സങ്കല്പമല്പ ഇതു്) ഭാര്യയുടെ കഴുത്തു ഞെരിക്കും. (ഒഥല്ലോ —ഫിക്ഷൻ) വീട്ടിൽ നില്ക്കുന്ന പെണ്ണിന്റെ കൺമഷിയും അവൾ കാതിലിടുന്ന ഇമിറ്റേഷൻ ആഭരണവും മുഖം നോക്കുന്ന കണ്ണാടിയും ഗൃഹനായിക നശിപ്പിക്കും. (ഫിക്ഷനല്ല സത്യം) സിന്ദൂരത്തിന്റെ പാടും പൗഡറിന്റെ മണവും ഭർത്താവിന്റെ ഷർട്ടിലുണ്ടോ എന്നു പരിശോധിക്കും. (സങ്കല്പമാണെങ്കിലും സത്യമാകാവുന്നതു്) അടുത്തവീട്ടിൽ സുന്ദരികളുണ്ടു്. ഭർത്താവു് അവരെ കാണാതിരിക്കാൻവേണ്ടി ജന്നലിൽ പലകവച്ചു് അതിന്റെ പുറത്തു് കൊച്ചു തടിക്കഷ്ണംവച്ചു് തറയ്ക്കുന്നു. (കഥ. സ്നേഹലത ചിരിച്ചതെന്തിനു്? കഥയെഴുതിയ ആൾ സീനത്ത്) ജലസിയെ ഹാസ്യാത്മകമായി ചിത്രീകരിക്കുന്ന ഇക്കഥ കൗതുകത്തോടെ ആരും വായിക്കും.

നല്ല കഥകളെഴുതുന്ന സാറാ ജോസഫ് ഡോക്ടർ എം. ലീലാവതി യെപ്പോലെ പ്രൊഫസർ മീനാക്ഷി തമ്പാനെ പ്പോലെ സ്ത്രീ സ്വാതന്ത്ര്യവാദം ഉദ്ഘോഷിച്ചുകൊണ്ടു് കലാകൗമുദിയിൽ പ്രത്യക്ഷയായിരിക്കുന്നു. കുറ്റപ്പെടുത്തിയല്ല ഞാൻ ഇതു പറയുന്നതു്. ലീലാവതിയെ എനിക്കു നേരിട്ടറിയാം. മീനാക്ഷി തമ്പാനെ ഒരിക്കൽ കണ്ടിട്ടുണ്ടു്. രണ്ടുപേരും സ്ത്രീ രത്നങ്ങൾ. സാറാ ജോസഫും അങ്ങനെയാണെന്നു് ഞാൻ കേട്ടിട്ടുണ്ടു്. മൂന്നുപേരും നന്മയാർന്നവരാണെങ്കിലും സ്ത്രീ സ്വാതന്ത്ര്യത്തിനു് അമിത പ്രാധാന്യം കല്പിക്കുന്നു എന്നൊരു ദോഷം. സാറാ ജോസഫ് എഴുതുകയാണു്: “വ്യത്യസ്ത ധർമ്മികളായ ഇരുഘടകങ്ങളെ താരതമ്യംചെയ്തു് സ്ത്രീ ദുർബലയാണെന്ന ധാരണ പരത്തുന്നതു് തികച്ചും അശാസ്ത്രീയമാണു്… ജൈവശാസ്ത്രപരമായി സ്ത്രീപുരുഷന്മാർ തുല്യരാണു്.” (പുറം 21 കോളം 1. ആദ്യത്തെയും രണ്ടാമത്തെയും ഖണ്ഡികൾ)
‘ജൈവശാസ്ത്രപരമായി’ സ്ത്രീയും പുരുഷനും തുല്യരല്ല. അവർ തമ്മിൽ ജെനെറ്റിക് വ്യത്യാസങ്ങളുണ്ടെന്നു് ശാസ്ത്രജ്ഞന്മാർ അസന്ദിഗ്ദ്ധമായി തെളിയിച്ചിട്ടണ്ടു്. ‘ബിഹേവിയറൽ ജീൻസ്’ വ്യത്യസ്തങ്ങളായ മാനസികഘടകങ്ങൾ സ്ത്രീക്കും പുരുഷനും നല്കുന്നു. പ്രായം കൂടുന്തോറും ആ ഘടനകൾ വികാസം കൊള്ളുകയും വിഭിന്നത നിഷേധിക്കാനാവാത്തവിധം പ്രകടമാക്കുകയും ചെയ്യുന്നു. ഒരു വിശ്വവിഖ്യാതനായ ജെനെറ്റിക് ശാസ്ത്രജ്ഞന്റെ അഭിപ്രായങ്ങൾ നമ്പരിട്ടു താഴെ കൊടുക്കുന്നു.
- പെൺകുഞ്ഞുങ്ങൾ കൂടുതൽ ചിരിക്കും. ആൺകഞ്ഞുങ്ങൾ ചിരിക്കില്ല. കണ്ണടച്ചുകൊണ്ടാണു് അവ കിടക്കുന്നത്. ജനിക്കുമ്പൊഴേ ചിരിക്കാനുള്ള ഈ പ്രവണത വികാസംകൊള്ളുന്നു. യുവതിയായാലും വൃദ്ധയായാലും അവൾ ചിരിക്കും. പുരുഷൻ മുഖം വീർപ്പിച്ചാണ് ഇരിപ്പു്. (ബസ്സിനു കൈ കാണിക്കുമ്പോൾ ഡ്രൈവർ നിറുത്താതെ പോയാൽ സ്ത്രീ ചിരിക്കും. പുരുഷൻ തെറി വിളിക്കും. ഉദാഹരണം എന്റേതു്)
- പേടിയും ഇൻഹിബിഷനും (നിരോധപ്രവണത) കൂടുതലാണു് പെൺകുഞ്ഞുങ്ങൾക്കു് (ശിശുക്കൾക്കു്)—ആൺ കുഞ്ഞുങ്ങൾക്കു പേടിയില്ല, ഇൻഹിബിഷനുമില്ല. കളിമണ്ണുകൊണ്ടുണ്ടാക്കിയ മുഖങ്ങൾ ഒരുവയസ്സുള്ള പെൺകുഞ്ഞുങ്ങളെ കാണിച്ചാൽ അവർ പേടിക്കും—അതേ വയസ്സുള്ള ആൺകുഞ്ഞുങ്ങൾ പേടിക്കില്ല. ഇവയൊക്കെ ജെനറ്റിക് വ്യത്യസ്തതകളത്രേ.
- പുരുഷനു സ്ത്രീയെക്കാൾ ഇരുപതു ശതമാനം തൊട്ടു മുപ്പതു ശതമാനം വരെ കനം കൂടും.
- സ്പോർട്സിൽ. സ്പോർട്സിൽ പുരുഷൻ സ്ത്രീയെക്കാൾ എപ്പോഴും മുൻപിലാണു്. പുരുഷന്റെ മാംസപേശികൾക്കു് സാന്ദ്രതകൂടും എല്ലിൻകൂടിനു് പിരിമുറുക്കം കൂടും. സ്ത്രീ ചാമ്പ്യന്മാരെക്കാൾ പുരുഷന്മാരായ ചാമ്പ്യന്മാർ അഞ്ചു ശതമാനം തൊട്ടു് ഇരുപതു ശതമാനം വരെ കൂടുതൽ വേഗത്തിൽ ഓടും. മാരതോൺ ഓട്ടത്തിൽ പുരുഷനാണു് വേഗക്കൂടുതൽ. ഒളിമ്പിക്സിൽ സോവിയറ്റ് യൂണിയനിലെയും കിഴക്കൻ ജർമ്മനിയിലെയും സ്ത്രീകൾ റിക്കോർഡുകൾ സ്ഥാപിച്ചിട്ടണ്ടു്. പക്ഷേ, റീജിയണൽ ട്രാക്ക് മീറ്റിൽ പുരുഷന്മാരുണ്ടാക്കിയ റിക്കോർഡിനെക്കാൾ അവ കൂടുതലല്ല.
- ധൈഷണിക ജീവിതത്തിൽ പുരുഷന്റെ സമീപത്തു് ഒരു സ്ത്രീയും എത്തിയിട്ടില്ല. ഇതിനു ഹേതു ജെനെറ്റിക് വിഭിന്നതയാണു്. രാജ്ഞികളും ചക്രവർത്തിനികളും രാജ്യം, ഭരിച്ചിട്ടുണ്ടു്. പക്ഷേ, അവരെ നയിക്കാൻ എപ്പോഴും പുരുഷന്മാർ ഉണ്ടായിരിക്കും. (ഫിലിപ്പിൻസിൽ ഭരണം നടത്തുന്നതു മിസ്സിസ്സ് ആക്വിനോ അല്ല. കൂറുമാറിയ സൈനികോദ്യാഗസ്ഥനാണു്.)
സ്ത്രീ സ്വാതന്ത്ര്യവാദവും കൊണ്ടു് മുന്നോട്ടുവരുന്ന സ്ത്രീകളാകെ—സീമോൻ ദെ ബോവ്വാറും കേറ്റ് മിലറ്റും ജെർമേൻ ഗ്രീറും — സത്യം ദർശിക്കുന്നവരല്ല. അഡ്വ്ക്കെയ്റ്റ്സായിട്ടാണു് അവരുടെ രംഗപ്രവേശം. സാറാ ജോസഫ് നല്ല അധ്യാപികയാണു് നല്ല കഥയെഴുത്തുകാരിയാണ്. അവർ വക്കീലാകേണ്ടതില്ല. ഫെമിനിസം ഒരു പൊളിഞ്ഞ കെയ്സാണു്. (അഡ്വ്ക്കെയ്റ്റ് എന്ന പദവും കടമെടുത്തതാണു്. നോർമൻ മേലറു ടെ Prisoner of Sex എന്ന ഗ്രന്ഥം വായിച്ച ഓർമ്മയിൽ നിന്നു്)
- ഒരു മീറ്റിംഗിനു പോകാൻ ചലച്ചിത്രതാരം മധു വിന്റെ വീട്ടിൽ ഞാൻ ചെന്നപ്പോൾ അദ്ദേഹം ചിരിച്ചുകൊണ്ടെന്നോടു്: “അയ്യോ ഞാൻ സാഹിത്യത്തിലൊന്നും മോഷ്ടിച്ചിട്ടില്ലേ. എന്നെ വിട്ടേക്കണേ.”
- ചലച്ചിത്രസംവിധായകൻ സേതുമാധവൻ: സാഹിത്യവാരഫലം പുസ്തകമാക്കണം.
- സി. പി. നായർഎസ്. കെ. നായരോടു പറഞ്ഞതായി എസ്. കെ. എന്നെ അറിയിച്ചതു്: സാഹിത്യവാരഫലം വായിച്ചുകഴിഞ്ഞാൽ ഒരു പിഴിച്ചിൽ കഴിഞ്ഞ സുഖമാണു്.
- ഞാൻ അദ്ധ്യക്ഷനായിരുന്ന ഒരു സമ്മേളനത്തിൽ പ്രസംഗിക്കാൻ വന്ന ചലച്ചിത്രതാരം ശാരദ ഉദ്ഘാടകനായിരുന്ന കിടങ്ങൂർ ഗോപാലകൃഷ്ണണപിള്ളയോടു് എന്നെ ചൂണ്ടിയിട്ടു്: ആരാണു ആ മനുഷ്യൻ? കിടങ്ങൂർ മറുപടി പറഞ്ഞു: ഞങ്ങളുടെ ഒരു പ്രൊഫസറാണു്. (ശാരദ ഒന്നു തിരിഞ്ഞപ്പോൾ അവരുടെ കൈ എന്റെ കൈയിൽ അറിയാതെ തൊട്ടു. അവരുടെ തൊലിപ്പുറത്തെ ശല്ക്കകങ്ങൾ കണ്ടു് ഞാൻ കൈലേസെടുത്തു് എന്റെ കൈ അമർത്തിത്തുടച്ചു. അബോധാത്മകമായി ചെയ്തുപോയ ആ മര്യാദകെട്ട പ്രവൃത്തികണ്ടു് അവർക്കു് എന്നോടു് വിരോധം തോന്നിയിരിക്കണം.)
- ഡോക്ടർ എസ്. കെ. നായരോട് മേൽവിലാസം ചോദിച്ചപ്പോൾ ഡോക്ടർ എസ്. കെ. നായർ, മദ്രാസ് എന്നു മാത്രം മതി. (തൃപ്പൂണിത്തുറ കോളേജ് പ്രിൻസിപ്പൽ സി. എ. മോഹൻദാസും ഉണ്ടായിരുന്നു എസ്. കെ. ഇതു പറഞ്ഞപ്പോൾ)
- വഴിവക്കിൽ ഒരു പശു മേയുന്നതുകണ്ടു് നോവലിസ്റ്റ് കെ. സുരേന്ദ്രനോടു് ഞാൻ ചോദിച്ചു: ആ പശുവിന് അറിയാമോ അതു പശുവാണെന്നു്. സുരേന്ദ്രൻ മറുപടി പറഞ്ഞു: അറിയാം. മാത്രമല്ല. ആ പുല്ക്കൊടിക്കുപോലും അറിയാം അതു പുല്ക്കൊടിയാണെന്നു്.
- ഞാൻ ഗായകനായ യേശുദാസി നോടു്: യു ആർ ദ ഗോൾഡൻ വോയസ് ഒഫ് ദിസ് സെൻചുറി. ഇതു പറഞ്ഞിട്ടു് പിറകോട്ടു് മാറിയ എന്നെ നോക്കി അദ്ദേഹം: “വീഴും വീഴും” എന്നു തിടുക്കത്തിൽ പറഞ്ഞു. ഞാൻ തിരിഞ്ഞുനോക്കിയപ്പോൾ പതിനഞ്ചടിത്താഴ്ച. ആ അഗാധതയിൽ ഞാൻ വീണു നട്ടെല്ലു് ഒടിക്കുമായിരുന്നു. യേശുദാസ് എന്നെ രക്ഷിച്ചു.
- രാമു കാര്യാട്ട് എന്നോടു്: മിസ്റ്റർ കൃഷ്ണൻനായർ, യൂ ആർ നോട്ട് എ ക്രിട്ടിൿ. യൂ ആർ ഒൺലി എ സെൻസേഷനലിസ്റ്റ്. അതുകേട്ടു് കുറ്റിപ്പുഴ കൃഷ്ണപിള്ള രാമുവിനോടു്: കുറെക്കൂടെ മര്യാദയായി സംസാരിക്കു.
യാഥാർത്ഥ്യത്തിന്റെ തലത്തിൽ ആരംഭിച്ച കഥ ക്രമേണ മനോരഥ സൃഷ്ടിയിലൂടെ വിഭ്രാമകത്വത്തിലേക്കു പോകുന്നതാണു് നമ്മൾ മുണ്ടൂർ സേതുമാധവന്റെ ‘നിർഗ്ഗതിയുടെ സൂക്തം’ എന്ന കഥയിൽ കാണുന്നതു്. നാരായണൻ കുട്ടിയുടെ അമ്മ രോഗം പിടിച്ചു് മരണത്തിന്റെ വക്കിലെത്തിയിരിക്കുന്നു. അവരെ—ആശുപത്രിയിലാക്കി ചികിത്സിക്കാൻ പണം വേണം. പണക്കാരിയായ കല്യാണി അമ്മയോടു കടംചോദിച്ചാലെന്തു? പലപ്പോഴും അവരോടു ചോദിച്ചിട്ടുള്ളതാണു്. അന്നു് അവർ അന്വേഷിച്ചുവന്നിരുന്നു എന്നതു് അനിയത്തിയിൽനിന്നറിഞ്ഞ നാരായണൻകുട്ടി രാത്രി കല്യാണിഅമ്മയെ അന്വേഷിച്ചുപോയി. വഴിയിൽവച്ചു് അവരെ കണ്ടു. പ്രായംകൂടിയ കല്യാണിഅമ്മയല്ല; മാദകത്വമുള്ള ചെറുപ്പക്കാരിയായി—അവർ മാറിയിരിക്കുന്നു. എന്തു സഹായവും ചെയ്യാമെന്നു പറഞ്ഞു് അവർ മുന്നോട്ടു് പോകുന്നു. സെക്സിന്റെ പ്രലോഭനത്തിനു വശംവദനായി അയാൾ അനുഗമിക്കുന്നു. പെട്ടെന്നു കല്യാണിഅമ്മയെ കാണാതെയായി. നാരായണൻകുട്ടി നില്ക്കുന്നതു് ഒരു ശവമെരിയുന്നതിനടുത്തു്.

പ്രധാന കഥാപാത്രത്തിന്റെ അബോധാത്മകമായ ആഗ്രഹങ്ങളം അമ്മ മരിക്കുമെന്നുള്ള ചിന്തയും അയാളുടെ മുൻപിൽ ഒരു ഹൽയൂസിനേഷൻ—മതി വിഭ്രമം—ഉണ്ടാക്കുകയാണു്. സേതുമാധവൻ വിദഗ്ദ്ധനായ കഥാകാരനാണു്. അദ്ദേഹത്തിനു് ഭംഗിയായി കഥ പറയാനറിയാം, അന്തരീക്ഷം സൃഷ്ടിക്കാനറിയാം. ഭാവാത്മകത്വമുള്ള ഭാഷയുണ്ടു് അദ്ദേഹത്തിനു്. യാഥാർത്ഥ്യവും ഫാന്റസിയും മോരും മുതിരയുമെന്നപോലെ കിടക്കുന്നുവെന്നു പറഞ്ഞാൽ ചില നിരൂപകർ ജോൺ ഫൗൾസി ന്റെ ‘ദ ഫ്രഞ്ച് ലെഫ്റ്റനന്റ്സ് വുമൺ’ എന്ന നോവൽ ചൂണ്ടിക്കാണിക്കും. ചാൾസും സാറയും തമ്മിലുള്ള പ്രേമത്തെക്കുറിച്ചാണു് നോവൽ. പന്ത്രണ്ടാമത്തെ അദ്ധ്യായത്തിന്റെ അവസാനത്തിലെത്തുമ്പോൾ അദ്ദേഹം ആഖ്യാനത്തിനും കലാസങ്കേതത്തിനും മാറ്റം വരുത്തുന്നു. “സാറ ആരു്? ഏതു നിഴലുകളിൽ നിന്നാണു് അവൾ വന്നതു്” എന്നു ചോദിച്ചുകൊണ്ടു് ആ അദ്ധ്യായം അദ്ദേഹം നിറുത്തുന്നു. എന്നിട്ട് അടുത്ത അദ്ധ്യായം ഇങ്ങനെ തുടങ്ങുന്നു: “എനിക്കറിഞ്ഞുകൂടാ. ഞാൻ പറയുന്ന ഇക്കഥ മുഴവൻ ഭാവനയാണു്. ഞാൻ സൃഷ്ടിച്ച ഈ കഥാപാത്രങ്ങൾ എന്റെ മനസ്സിനു പുറത്തു ഒരിക്കലും ഉണ്ടായിരുന്നില്ല… അയാൾ (നോവലിസ്റ്റ്) എല്ലാം അറിഞ്ഞെന്നു വരില്ല. എങ്കിലും അറിയാമെന്നു ഭാവിക്കാൻ അയാൾ ശ്രമിക്കുന്നു. പക്ഷേ, റോബ് ഗ്രീയേയുടെയും റൊളാങ് ബാർതേഷി ന്റെയും കാലത്താണു് ഞാൻ ജീവിക്കുന്നതു്.” (പുറം 80 Signet Book)
നോവൽ അവസാനിപ്പിച്ചതിനുശേഷം നവീന നോവലിനു യോജിച്ച മറ്റൊരു പര്യവസാനം നല്കുവാനും നോവലിസ്റ്റ് ധൈര്യപ്പെടുന്നു. ഇങ്ങനെ പരിവർത്തനങ്ങൾ സംഭവിക്കുന്ന ഇക്കാലത്തു് “താങ്കളെന്തിനു് യാഥാതഥ്യവും ഫാന്റസിയും കൂട്ടിയിണക്കി?” എന്നു് സേതുമാധവനോടു ഞാൻ ചോദിക്കുന്നില്ല. എനിക്കു് ആ സങ്കലനം ഇഷ്ടമായില്ല എന്നു മാത്രം പറയുന്നു. (കഥ, മാതൃഭൂമി ആഴ്ചപ്പതിപ്പിൽ)

മുതലാളി, ഫാദർ ഇൻ ലാ, നാടകക്കമ്പനി മാനേജർ ഇവർ ഒരു വർഗ്ഗമാണു്. മുതലാളിക്കു പണം വിട്ടുകളിക്കാൻ വൈഷമ്യം. ഫാദർ ഇൻ ലാ, സൺ ഇൻ ലായോടു് പറയുന്നതു് “എന്റെ കാലംകഴിഞ്ഞു സ്വത്തു് എടുക്കാം. അതുവരെ ഒന്നും തരില്ല” എന്നാണു്. സൺ ഇൻ ലാ മര്യാദക്കാരനാണെങ്കിൽ മിണ്ടാതെ കഴിഞ്ഞുകൊള്ളം. ഫാദർ ഇൻ ലാ മരിക്കുന്നതിനുമുൻപു് അയാൾ മരിക്കുകയും ചെയ്യും. ഫാദർ ഇൻ ലാ പിന്നെയും വളരെക്കാലം ജീവിച്ചിരുന്നു പത്തായത്തിൽ നെല്ലുനിറയ്ക്കുകയും ബാങ്കിൽ പണമിടുകയും ചെയ്യും. നാടകക്കമ്പനി മാനേജർ ഇവരെക്കാളെല്ലാം ക്രൂരനാണു്. പത്തുരൂപ അഭിനേതാവു ചോദിച്ചാൽ രണ്ടു രൂപ കൊടുക്കും. കുറെവർഷം മുൻപു് ഒരു നാടകക്കമ്പനി മാനേജറെ കാണാനുള്ള ഭൗർഭാഗ്യമുണ്ടായി എനിക്കു്. “അദ്ദേഹം ഉണ്ണുന്നു” എന്നാണു് പ്യൂൺ പറഞ്ഞതു്. “ഊണു കഴിയട്ടെ എന്നിട്ടു് ഞാൻ ചെല്ലാം.” എന്നു് ഞാനും. “അല്ല ഉടനെ വിളിച്ചുകൊണ്ടുവരാൻ അദ്ദേഹം പറഞ്ഞു” എന്നു ശിപായി. നാടകത്തെക്കുറിച്ചു വല്ല നിരൂപണവും എഴുതാൻ പറയുമോ എന്ന പേടിയോടുകൂടി ഞാൻ അദ്ദേഹത്തിന്റെ മുൻപിൽ ചെന്നു. പാരുഷ്യമുള്ള മുഖം. ആ മുഖത്തിലെ വായ് എന്ന ഗഹ്വരത്തിലേക്കു സാമ്പാറൊഴിച്ചു് രുചിയാക്കിയ ചോറുരുള അദ്ദേഹമെറിഞ്ഞുകൊണ്ടിരിക്കുന്നു. വിളമ്പിക്കൊടുക്കുന്നതു് നാടകത്തിലെ നായികയുടെ വേഷം കെട്ടുന്നവൾ തന്നെ. “അവിയൽ കുറച്ചുകൂടെ ഇടടീ. നിനക്കു് ഉപ്പു ചേർത്തു് അവിയൽ വയ്ക്കാനറിഞ്ഞുകൂടേ. ഇങ്ങോട്ട് അടുത്തുനിന്നു വിളമ്പെടീ” എന്നൊക്കെ ഞാൻ കേൾക്കേ പറയുന്നുണ്ടു് മാനേജർ. ഞാൻ ചെന്ന കാര്യം പറഞ്ഞു. “നോക്കട്ടെ” എന്നു മറുപടിയും. വിളമ്പുകാരി അവിടെ ഇസ്പീഡ് ഗുലാനെപ്പോലെ നില്ക്കുന്ന എന്നെ അവഗണിച്ചു് ചേർന്നുനിന്നു വിളമ്പാൻ തുടങ്ങിയപ്പോൾ ഞാൻ രക്ഷപ്പെട്ടു. ഈ മാനേജരുടെ ‘തനിസ്സ്വരൂപം’ ഞാൻ ചിത്രത്തിലെന്നപോലെ കാണുന്നു തിക്കോടിയന്റെ ‘പുനർജന്മ’മെന്ന കഥയിൽ (ചന്ദ്രിക വാരിക—ലക്കം 41). കഥാകാരൻ മാനേജർക്കു സർവഥാ യോജിച്ച വിധത്തിൽത്തന്നെ അയാളെ കഴുതയാക്കി മാറ്റുന്നു. സ്വപ്നത്തിലുള്ള മാറ്റമാണു് അതെങ്കിലും തികച്ചും ഉചിതജ്ഞതയുള്ള മാറ്റമാണതു്. എല്ലാവർക്കും മുതലാളിമാരെ സേവിക്കണമെന്നില്ല. എല്ലാവർക്കും നാടകക്കമ്പനി മാനേജരുടെ ദൗഷ്ട്യത്തിനു വിധേയരാകണമെന്നില്ല. പക്ഷേ, ആണുങ്ങളായി ജനിച്ചുപോയാൽ നൂറിനു തൊണ്ണൂറ്റൊമ്പതുപേർക്കും സൺസ് ഇൻ ലാ ആകേണ്ടതായി വരും. ഹതഭാഗ്യരാണ് അവർ. എങ്കിലും നാടകക്കമ്പനി മാനേജർക്കു സേവനമനുഷ്ഠിക്കുന്ന ആണുങ്ങളുടെ കാര്യം വളരെ കഷ്ടം. പെണ്ണുങ്ങളുടെ കാര്യം അതിലും കഷ്ടം. തമ്മിൽ ഭേദം തൊമ്മൻ എന്നു പറയുന്നതുപോലെ സൺസ് ഇൻ ലാ നടീനടന്മാരെ അപേക്ഷിച്ചു് ഭേദപ്പെട്ട നിലയിൽ. നവീന ഹാസ്യസാഹിത്യം തൊലിപ്പുറത്തെ മിനുക്കം മാത്രമാണു്. തിക്കോടിയന്റെ ഹാസ്യം ആന്തരശോഭയാർന്നതും.
സ്നേഹത്തിന്റെ നീരുറവ ദാമ്പത്യ ജീവിതത്തിലുണ്ടോ? ഉണ്ടെങ്കിൽ പ്രസാദും ഭാര്യയും തമ്മിൽ പിണങ്ങിയതെങ്ങനെ? നിസ്സാരമായ ഒരു കാര്യത്തിന്റെ പേരിൽ—ജലസി കൊണ്ടു്—അവർ അകന്നുപോയല്ലോ. തുടർന്നു് ഒരുമിച്ചു് കഴിഞ്ഞുകൂടാൻ അവരെ നിർബ്ബദ്ധരാക്കുന്നതു് സന്താനമെന്ന കണ്ണി മാത്രമാണു്. ഇതാണു് ലക്ഷ്മീദേവിപ്പിള്ള എഴുതിയ ‘ശ്രുതിരംഗ’ത്തിന്റെ സാരം. (കഥാ ദ്വൈവാരിക.) ആ കണ്ണിയും താല്ക്കാലികമാണ്. വീണ്ടും അവൾ ഒറ്റയ്ക്കാകും. മരണത്തെ കാത്തു് അവൾ ഇരിക്കും. ഏതു മനുഷ്യഹൃദയത്തിലും ഉണ്ടാകുന്ന ക്ഷതങ്ങളെ ഇങ്ങനെ നോക്കുന്നതു് നന്നു്. ജീവിതത്തെക്കറിച്ചുള്ള അവബോധം അതുണ്ടാക്കുമല്ലോ.
“മാതൃകാദ്ധ്യാപകനെ”ന്നു് വിദ്യാർത്ഥികൾ കരുതിയിരുന്നു രാജാറാംസാറിനെ. പക്ഷേ, അദ്ദേഹം തന്നെ അദ്ധ്യാപകരുടെ സമരം നയിക്കുന്നതു കണ്ടപ്പോൾ കുട്ടികൾക്കു പുച്ഛം. സൂസൻ മേരി തോമസിന്റെ ‘സമരം’ എന്ന കഥയുടെ നിർഗ്ഗളിതാർത്ഥം ഇതത്രേ (മനോരാജ്യം). സിഗററ്റ് കൈയിലില്ലെങ്കിൽ ഉണ്ടാകുന്ന പേടിയെ Fumophobia എന്നു പറയും. ഇടതുകൈയിൽ സിഗററ്റ് ഇരിക്കുന്നതുകൊണ്ടു് എനിക്കു പേടിയില്ല. എങ്കിലും കലയുടെ സൗധത്തെ ഇത്തരം കഥകൾ തകർക്കുമെന്ന പേടി എനിക്കുണ്ടു്. ആ പേടിയെ architombraphobia എന്നു പറയും. ആ പേടി കൂടിക്കൂടി എനിക്കു സ്റ്റോറിയോ ഫോബിയ ഉണ്ടായിയെന്നുവരാം. ഇപ്പോഴെനിക്കു് സൂസനോഫോബിയയാണുള്ളതു്.