SFNസായാഹ്ന ഫൌണ്ടേഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1986-11-09-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

​ ​

images/TheHumanProvince.jpg

1981-ലെ നോബൽ സ­മ്മാ­നം നേടിയ ഇ­ലി­യ­സ് ക­നേ­റ്റി യുടെ അ­ത്യു­ജ്ജ്വ­ല­ങ്ങ­ളാ­യ ര­ണ്ടു­കൃ­തി­ക­ളാ­ണു് ഔട്ടോ തെഫെ യും (Auto da Fe), ക്രൗ­ഡ്സ് ആൻഡ് പവറും (Crowds and Power). ഇതിൽ ആ­ദ്യ­ത്തേ­തു് നോവൽ. ര­ണ്ടാ­മ­ത്തേ­തു സ­മൂ­ഹ­ശാ­സ്ത്രം. വ്യാ­പ­ക­മാ­യ അർ­ത്ഥ­ത്തിൽ അതു മാനവ വി­ജ്ഞാ­ന­മാ­ണെ­ന്നും പറയാം. ക­നേ­റ്റി­യു­ടെ മ­റ്റൊ­രു പു­സ്ത­കം—The Human Province—അ­ടു­ത്ത­കാ­ല­ത്താ­ണു് എ­നി­ക്കു കി­ട്ടി­യ­തു്. ചി­ന്ത­യു­ടെ ഔ­ജ്ജ്വ­ല്യം കൊ­ണ്ടു്, ജീവിത നി­രീ­ക്ഷ­ണ­ത്തി­ന്റെ സ­ത്യാ­ത്മ­ക­ത­കൊ­ണ്ടു് ഇതു ന­മ്മ­ളെ വ­ല്ലാ­തെ ആ­കർ­ഷി­ക്കും. ഒരു വലിയ മ­ന­സ്സി­ന്റെ അ­ഗാ­ധ­ത­യും സു­സൂ­ക്ഷ്മ­ത­യും സ­ങ്ക­ല്പാ­തീ­ത­ങ്ങ­ളാ­യ അ­നു­പാ­ത­ങ്ങ­ളി­ലേ­ക്കു് ഉ­യ­രു­ന്ന­തെ­ങ്ങ­നെ­യെ­ന്നു നമ്മൾ ഗ്ര­ഹി­ക്കും. അ­പ്പോൾ ക്ഷു­ദ്ര­മാ­യ ന­മ്മു­ടെ ജീ­വി­തം സ­മ്പ­ന്ന­മാ­കും. എന്റെ വാ­യ­ന­ക്കാർ ഇ­ത്ത­രം ഗ്ര­ന്ഥ­ങ്ങൾ വാ­യി­ക്ക­ണ­മെ­ന്നു ഞാൻ വി­ന­യ­ത്തോ­ടെ നിർ­ദ്ദേ­ശി­ക്കു­ന്നു.

സ­ത്യ­ത്തെ­ക്കു­റി­ച്ചു ക­നേ­റ്റി പ­റ­യു­ന്ന­തു കേ­ട്ടാ­ലും: “സത്യം സാ­ങ്ക­ല്പി­ക­മാ­യി­ട്ടാ­ണെ­ങ്കിൽ കൊ­ടു­ങ്കാ­റ്റാ­ണു്. അതു അ­ന്ത­രീ­ക്ഷ­ത്തെ സ്വ­ച്ഛ­മാ­ക്കി­ക്ക­ഴി­ഞ്ഞാൽ ക­ട­ന്നു­പോ­കു­ന്നു. സത്യം മി­ന്നൽ­പ്പി­ണ­രി­നെ­പ്പോ­ലെ ആ­ഘാ­ത­മേ­ല്പി­ക്ക­ണം. അ­ല്ലെ­ങ്കിൽ അ­തു­കൊ­ണ്ടു ഫ­ല­മി­ല്ല. ആരു സ­ത്യ­മെ­ന്തെ­ന്നു് അ­റി­ഞ്ഞാ­ലും അതിനെ പേ­ടി­ച്ചേ തീരൂ. മ­നു­ഷ്യ­ന്റെ ശ്വാ­നൻ ആകാൻ പാ­ടി­ല്ല സ­ത്യ­മൊ­രി­ക്ക­ലും. അ­തി­നു­വേ­ണ്ടി ചൂ­ള­മ­ടി­ക്കു­ന്ന­വ­നു ഹാ കഷ്ടം!.”

ഇനി വേ­റൊ­രു നി­രീ­ക്ഷ­ണം: “ചില കാ­ര്യ­ങ്ങൾ പ­റ­യു­ന്ന­തു വീ­ണ്ടും ഒ­രി­ക്ക­ലും പ­റ­യാ­തി­രി­ക്കാൻ വേ­ണ്ടി­യാ­ണു്. നിർ­ഭ­യ­ങ്ങ­ളാ­യ ചി­ന്ത­കൾ ഇവ ഉൾ­ക്കൊ­ള്ളു­ന്നു. ആ­വർ­ത്തി­ക്കു­മ്പോൾ അ­വ­യു­ടെ നിർ­ഭ­യാ­വ­സ്ഥ മ­രി­ക്കു­ന്നു. ഒരു സ്ഥ­ല­ത്തു തന്നെ മി­ന്നൽ ര­ണ്ടു­ത­വ­ണ ആ­ഘാ­ത­മേ­ല്പി­ക്ക­രു­തു്. പി­രി­മു­റു­ക്ക­മാ­ണു് അ­തി­ന്റെ അ­നു­ഗ്ര­ഹം. പ്ര­കാ­ശം ക്ഷ­ണി­ക­വും. തീ പി­ടി­ച്ചാൽ അതു പ്ര­കാ­ശം പ്ര­സ­രി­പ്പി­ക്ക­ല­ല്ല.

images/WilliamBlakebyCurrie.jpg
ബ്ളേ­ക്ക്

മ­റ്റൊ­രു­നി­രീ­ക്ഷ­ണം: “വാ­യി­ക്കാ­തെ ഇ­രു­പ­തു­കൊ­ല്ല­ക്കാ­ല­മാ­യി കൊ­ണ്ടു­ന­ട­ക്കു­ന്ന പു­സ്ത­ക­ങ്ങു­ളു­ണ്ടു്. അവ കൈ­വ­ശ­മു­ണ്ടു്. പ­ട്ട­ണം തോറും അവയെ കൊ­ണ്ടു ന­ട­ക്കു­ന്നു. ഒരു രാ­ജ്യ­ത്തു­നി­ന്നു മ­റ്റൊ­രു രാ­ജ്യ­ത്തി­ലേ­ക്കും. സ്ഥ­ല­മി­ല്ലെ­ങ്കി­ലും ശ്ര­ദ്ധി­ച്ചു­കെ­ട്ടി­പ്പൊ­തി­ഞ്ഞു­കൊ­ണ്ടു്. ചി­ല­പ്പോൾ പെ­ട്ടി­യിൽ­നി­ന്നു് എ­ടു­ക്കു­ന്ന വേ­ള­യിൽ അ­വ­യു­ടെ പു­റ­ങ്ങൾ മ­റി­ച്ചു­നോ­ക്കി­യെ­ന്നും വരാം. എ­ങ്കി­ലും ഒരു വാ­ക്യം പോലും പൂർ­ണ്ണ­മാ­യി വാ­യി­ക്കാ­തി­രി­ക്കാൻ ശ്ര­ദ്ധി­ക്കും. എ­ന്നി­ട്ടു് ഇ­രു­പ­തു­വർ­ഷ­ങ്ങൾ ക­ഴി­യു­മ്പോൾ ഒരു നി­മി­ഷം സ­മാ­ഗ­ത­മാ­കും. വ­ല്ലാ­ത്ത പ്രേ­ര­ണ­യു­ടെ ഫ­ല­മെ­ന്നോ­ണം ഒ­റ്റ­യി­രി­പ്പിൽ അതു് ആ­ദ്യം­തൊ­ട്ടു് അ­വ­സാ­നം വ­രെ­യും വാ­യി­ച്ചു­തീർ­ക്കും. അതൊരു വെ­ളി­പാ­ടു­പോ­ലെ­യാ­കും… ദീർ­ഘ­കാ­ലം അതു ന­മ്മോ­ടൊ­രു­മി­ച്ചു് ഉ­ണ്ടാ­യേ തീരൂ. സ­ഞ്ച­രി­ക്ക­ണം അതു്. സ്ഥ­ല­ത്തു നി­റ­ഞ്ഞി­രി­ക്ക­ണം. ഭാ­ര­മാ­യി വർ­ത്തി­ക്ക­ണം. ഇ­പ്പോൾ യാ­ത്ര­യു­ടെ ല­ക്ഷ്യ­ത്തി­ലെ­ത്തി­യ­തു­കൊ­ണ്ടു് അതു് അ­തി­നെ­ത്ത­ന്നെ പ്ര­കാ­ശി­പ്പി­ക്കു­ന്നു. ക­ഴി­ഞ്ഞു­പോ­യ ഇ­രു­പ­തു സം­വ­ത്സ­ര­ങ്ങ­ളിൽ അതു വെ­ളി­ച്ചം വീ­ശു­ന്നു… ”

ഒരു നി­രീ­ക്ഷ­ണം കൂ­ടി­യാ­വ­ട്ടെ: “ബ്ളേ­ക്കി ന്റെ കാ­വ്യം വാ­യി­ച്ച­തി­നു­ശേ­ഷ­മേ കടുവ എ­ന്താ­ണെ­ന്നു ഞാൻ അ­റി­ഞ്ഞു­ള്ളൂ”.

ആർ­നോൾ­ഡ് ടോ­യിൻ­ബി, ഐറിസ് മർ­ഡോ­ക്ക്, സ്റ്റീ­ഫൻ സ്പെൻ­ഡർ ഇ­വ­രു­ടെ മു­ക്ത­ക­ണ്ഠ­മാ­യ പ്ര­ശം­സ നേ­ടി­യ­താ­ണു് ഈ ഗ്ര­ന്ഥം. Elias Canetti is one of our great imaginers and solitary men of genius എന്നു ഐറിസ് മർ­ഡോ­ക്ക് വേ­റൊ­രു സ­ന്ദർ­ഭ­ത്തിൽ പ­റ­ഞ്ഞ­തു ശ­രി­യാ­ണെ­ന്നു് ഈ ഗ്ര­ന്ഥം വാ­യി­ച്ചാൽ മ­ന­സ്സി­ലാ­ക്കാം (The Human Province, Elias Canetti, Picador, £30.95).

പാദം—ക­വി­ത­യിൽ

സ­ര­സ­പ­ല്ല­വ കോ­മ­ള­മാ­യ­നിൻ

ച­ര­ണ­താ­രി­നു പ­ങ്ക­ജ­ലോ­ച­നേ

പ­രു­പ­രു­ത്ത­മ­ര­ത്തി­ല­ണ­യ്ക്ക­യാൽ

പ­റ­ക­ചെ­റ്റൊ­രു­വേ­ദ­ന പ­റ്റി­യോ?

പ­ണ്ടൊ­രു വി­ഡ്ഢി­രാ­ജാ­വു് പ്രേ­മ­ഭാ­ജ­ന­ത്തോ­ടു് ഇ­ങ്ങ­നെ ചോ­ദി­ച്ച­താ­യി എന്റെ ഓർമ്മ പ­റ­യു­ന്നു. സു­ന്ദ­രി­ക­ളു­ടെ പാ­ദ­സ്പർ­ശ­ത്താൽ മരം പൂ­ക്കു­മ­ത്രേ. അവൾ കാ­ലു­കൊ­ണ്ടു മ­ര­ത്തെ ച­വി­ട്ടി­യ­പ്പോൾ കാ­ലി­നു­വേ­ദ­ന­യു­ണ്ടാ­യോ എ­ന്നാ­ണു് കാ­മാ­ന്ധ­നാ­യ രാ­ജാ­വി­ന്റെ ചോ­ദ്യം. കു­റ്റം പ­റ­യാ­നി­ല്ല. കാ­മ­ത്തിൽ­പ്പെ­ട്ട­വ­നു കാ­മു­കി­യു­ടെ ശ­രീ­ര­ത്തി­ന്റെ ഏ­തു­ഭാ­ഗ­വും ആ­കർ­ഷ­ക­മാ­ണു്. അ­വി­ടെ­യു­ണ്ടാ­കു­ന്ന ഒരു പോ­റൽ­പോ­ലും അ­യാൾ­ക്കു സ­ഹി­ക്കാ­നാ­വി­ല്ല. സ­ഹി­ക്കാ­നാ­വു­ന്ന­തു് അവൾ അയാളെ ച­വി­ട്ടു­മ്പോൾ മാ­ത്ര­മാ­ണു്. പ­ണ്ടും പെ­ണ്ണു­ങ്ങ­ളു­ടെ ച­വി­ട്ടു­കി­ട്ടു­ന്ന­തു പു­രു­ഷ­ന്മാർ­ക്കു സു­ഖ­മാ­യി­രു­ന്നു. പാർ­വ്വ­തി­യു­ടെ ച­വി­ട്ടു­കി­ട്ടു­ന്ന­തു് പ­ര­മ­ശി­വ­നും സു­ഖ­മ­ത്രേ. എ­ങ്കി­ലും അ­ങ്ങ­നെ ച­വി­ട്ടേ­ണ്ട­തി­ല്ല എ­ന്നാ­ണു് പാർ­വ്വ­തി­യെ ഒ­രു­ക്കു­ന്ന സ­ഖി­യു­ടെ ഉ­പ­ദേ­ശം.

ച­ര­ണ­ന­തി­ശി­വ­ശി­ര­സി­ശ­ശി­ക­ല­യി­ലെ­ന്നി­യേ

ശാ­തോ­ദ­രീ, നീ ച­വി­ട്ട­രു­തെ­ങ്ങു­മേ.’

ല­ളി­ത­മി­തി പ­റ­യു­മൊ­രു സഖിയെ മുഖരേ! എന്നു

ലീ­ലാ­ര­വി­ന്ദേ­ന താ­ഡി­ച്ചു­ച­ണ്ഡി­ക”

(ഗി­രി­ജാ­ക­ല്യാ­ണം)

കാ­ല്ക്കൽ ന­മ­സ്ക്ക­രി­ക്കു­ന്ന ശി­വ­ന്റെ തലയിൽ ശ­ശി­ക­ല­യി­ലൊ­ഴി­ച്ചു ഒ­രി­ട­ത്തും ദേവി ച­വി­ട്ട­രു­തെ­ന്നാ­ണു് സ­ഖി­യു­ടെ നിർ­ദ്ദേ­ശം. ഇ­ങ്ങ­നെ പറഞ്ഞ സഖിയെ വാ­യാ­ടി­യെ­ന്നു വി­ളി­ച്ചു പാർ­വ്വ­തി ക­ളി­ത്താ­മ­ര­കൊ­ണ്ടു അ­ടി­ച്ചു. നല്ല കവിത വാ­യി­ക്കു­ന്ന സുഖം എ­നി­ക്കു്. എ­ങ്കി­ലും പാർ­വ്വ­തി­യു­ടെ ച­വി­ട്ടു­കി­ട്ടി­യാൽ ശി­വ­നു­ണ്ടാ­കു­ന്ന സു­ഖ­ത്തേ­ക്കാൾ കൂ­ടു­ത­ല­ല്ല അതു്.

images/RaimuntoPanikkar-c.jpg
റെ­യ്മു­ണ്ടോ പ­ണി­ക്കർ

കാ­ലി­നു് വലിയ പ്രാ­ധാ­ന്യ­മാ­ണു് ഏതു രാ­ജ്യ­ത്തും. ബൈ­ബി­ളി­ലും വേ­ദ­ത്തി­ലും കാ­ലി­നെ പ­രാ­മർ­ശി­ക്കാ­തി­രു­ന്നി­ട്ടി­ല്ല. His legs are as pillars of marble എന്നു ബൈ­ബി­ളിൽ വാ­യി­ച്ച­താ­യി ഓർ­മ്മ­യു­ണ്ടു്. അഥർവ വേ­ദ­ത്തി­ലെ ഒരു സൂ­ക്ത­ത്തിൽ “നി­ന്റെ കാ­ലു­ക­ളിൽ നി­ന്നു്—ഞാൻ രോ­ഗ­ത്തെ ബ­ഹി­ഷ്ക­രി­ച്ചു” എന്നു കാ­ണു­ന്ന­താ­യി റെ­യ്മു­ണ്ടോ പ­ണി­ക്കർ പ­റ­യു­ന്നു (അ­ദ്ദേ­ഹ­ത്തി­ന്റെ The Vedic Experience എന്ന ഗ്ര­ന്ഥ­ത്തിൽ. ഹി­ന്ദു മ­ത­ത്തിൽ താ­ല്പ­ര്യ­മു­ള്ള ഏ­തൊ­രാ­ളും ക്രി­സ്ത്യാ­നി­യാ­യ പ­ണി­ക്ക­രെ­ഴു­തി­യ ഈ ഗ്ര­ന്ഥം വാ­യി­ക്കേ­ണ്ട­താ­ണു്. അ­ത്ര­യ്ക്കു മ­ഹ­നീ­യ­മാ­ണ­തു്. Vedic Experience, Matramanjari, Pages 937, Raimunto Panikkar, All India Books, Pondichery.)

ഇനി കാ­ലി­നു കേ­ടു­വ­ന്നാ­ലോ? അതും ന­ല്ല­താ­ണു­പോ­ലും. മു­ട­ന്തു­ള്ള­വർ­ക്കു ലൈം­ഗി­ക ശ­ക്തി­കൂ­ടു­മെ­ന്നാ­ണു് അ­ഭി­പ്രാ­യം. മു­ട­ന്തി­ന്റെ ഫ­ല­മാ­യി ഊ­രു­സ­ന്ധി­യി­ലെ ഉ­പ­പേ­ശി­കൾ­ക്കു ശക്തി വർ­ദ്ധി­ക്കും. അ­തി­നാ­ലാ­ണു് ലൈം­ഗി­ക­മാ­യ ശ­ക്തി­ക്കു വർ­ദ്ധ­ന ഉ­ണ്ടാ­വു­ക. ചൈ­ന­യിൽ പെൺ­കു­ട്ടി­ക­ളു­ടെ കാ­ലു­കൾ കു­ട്ടി­ക്കാ­ല­ത്തേ ഷൂ­സി­ന­ക­ത്താ­ക്കു­മ­ല്ലോ. അതു vaginal reflex-​ന്റെ ശക്തി വർ­ദ്ധി­പ്പി­ക്കു­മ­ത്രേ. ഇ­തൊ­ക്കെ ശ­രി­യാ­ണോ എ­ന്ന­റി­ഞ്ഞു­കൂ­ടാ. വി­വ­ര­മു­ള്ള­വർ പ­റ­ഞ്ഞു­വ­ച്ച­താ­ണെ­ന്നു­മാ­ത്രം മ­ന­സ്സി­ലാ­ക്കി­യാൽ മതി നമ്മൾ.

സ്വ­ന്തം കാലും പ്രേ­മ­ഭാ­ജ­ന­ത്തി­ന്റെ കാലും നല്ല ക­വി­കൾ­ക്കു പ്ര­ചോ­ദ­ന­മ­രു­ളി­യി­ട്ടു­ണ്ടു. ലാ­റ്റി­ന­മേ­രി­ക്കൻ കവി പാ­വ്ലോ നെറൂത സ്വ­ന്തം കാ­ലി­നെ പ്ര­കീർ­ത്തി­ക്കു­ന്ന­തു കേൾ­ക്കു­ക:

Like stems of feminine adorable things

from the knees they rise, cylindrical and thick,

with a disturbed and compact material of existence;

like brutal, thick goddess arms,

like trees monstrously dressed as human beings,

like fatal, immense lips thirsty and tranquil

they are; there, the best part of my body:

(Ritual of My Legs)

നെറൂത കാ­മു­കി­യു­ടെ കാ­ലു­ക­ളെ വാ­ഴ്ത്തു­ന്ന­തു ഇ­തി­നെ­ക്കാൾ ഭം­ഗി­യോ­ടു­കൂ­ടി­യാ­ണു. അ­തും­കൂ­ടി കേൾ­ക്കാൻ കൗ­തു­ക­മി­ല്ലേ?

Your waist and your breasts

the doubled purple

of your nipples,

the sockets of your eyes

that have just flown away,

your wide fruit mouth,

your red tresses,

my little tower.

But I love your feet

only because they walked

upon the earth and upon

the wind and upon the waters

until they found me.

(Your Feet)

കേ­ര­ള­ത്തി­ലെ കവി പാ­ദ­ങ്ങ­ളെ കാ­ണു­ന്ന­തു ഒരു ചെ­രു­പ്പു­കു­ത്തി­യു­ടെ ക­ണ്ണിൽ­ക്കൂ­ടെ­യാ­ണു.

ഓരോ ദി­വ­സ­വും കാ­ണ്മൂ

പാ­ദ­ങ്ങൾ പ­ല­മാ­തി­രി

അ­ണി­ഞ്ഞി­ട്ടും പാ­ദ­സ­രം

മൈ­ലാ­ഞ്ചി­ച്ചോ­പ്പ­ണി­ഞ്ഞു­മേ

പാ­ദു­ക­ത്തി­ന്ന­റ്റു­പോ­യ

വാ­റു­തു­ന്നി­ക്കൊ­ടു­ക്കു­വാൻ

മു­ന്നി­ലേ­ക്കൂ­രി­വ­യ്ക്കു­മ്പോൾ

പൊ­ന്നൊ­ളി­ക്കാ­ലു കണ്ടു ഞാൻ

ഈ പൊ­ന്നൊ­ളി­ക്കാ­ലു കണ്ട കവി മാ­ലി­ന്യ­മാർ­ന്ന കാ­ലു­ക­ളും കാ­ണു­ന്നു. അ­ങ്ങ­നെ ജീ­വി­ത­ത്തി­ന്റെ സൗ­ന്ദ­ര്യ­വും വൈ­രൂ­പ്യ­വും ആ­വി­ഷ്ക­രി­ക്ക­പ്പെ­ടു­ന്നു. ഒ­ടു­വിൽ ജീ­വി­ത­ബോ­ധ­വും ഉ­ള­വാ­കു­ന്നു. ന­മ്മ­ള­റി­യു­ന്ന മ­നു­ഷ്യ­ജീ­വി­ത­ത്തി­നു ക­ട­ക­വി­രു­ദ്ധ­മാ­യി ടെ­ക്നി­ക് നി­വേ­ശി­പ്പി­ച്ചു അ­യ­ഥാർ­ത്ഥ­മാ­യ ‘കാ­വ്യം’ പ­ട­ച്ചു­വി­ടു­ന്ന ഇ­ക്കാ­ല­ത്തു ഇ­തു­പോ­ലു­ള്ള കാ­വ്യ­ങ്ങൾ വാ­യി­ക്കു­ന്ന­തു എത്ര ന­ന്നു്! (കവി, ടി. കെ. ജ­യ­ന്തൻ, വാരിക കു­ങ്കു­മം).

images/WritersfromtheOtherEurope.jpg

‘ഞാൻ’, ‘ഞാൻ’ എന്നു നി­ങ്ങൾ എ­പ്പോ­ഴും എ­ഴു­തു­ന്ന­തെ­ന്തി­നു്? നി­ങ്ങൾ­ക്കു­ണ്ടാ­യ അ­നു­ഭ­വം തന്നെ അ­ന്യ­നു­ണ്ടാ­യ അ­നു­ഭ­വ­മാ­യി­ക്ക­രു­തി വി­വ­രി­ച്ചാ­ലെ­ന്തു്?” ഇതു പലരും ചോ­ദി­ക്കാ­റു­ള്ള ചോ­ദ്യ­മാ­ണു്. ‘ഞാൻ’ എന്നു പ­റ­യു­മ്പോൾ ജ­നി­ക്കാ­വു­ന്ന അഹന്ത ഒ­ഴി­വാ­ക്കാൻ ഇതു സ­ഹാ­യി­ക്കു­മെ­ന്നു അ­റി­യാൻ പാ­ടി­ല്ലാ­തി­ല്ല. പക്ഷേ, ഈ പം­ക്തി­ക്കു എ­ന്തെ­ങ്കി­ലും വിജയം സി­ദ്ധി­ച്ചി­ട്ടു­ണ്ടെ­ങ്കിൽ അതിനു ഹേതു ഇതിലെ വ്യ­ക്തി­നി­ഷ്ഠ­ത്വം ത­ന്നെ­യാ­ണു്. ‘അ­വ­ന്റെ അച്ഛൻ മ­രി­ച്ചു’ എന്നു വാ­യി­ക്കു­മ്പോൾ വാ­യ­ന­ക്കാ­ര­നു­ണ്ടാ­വു­ന്ന സ­ഹാ­നു­ഭൂ­തി ഒ­രു­വി­ധം; ‘എന്റെ അച്ഛൻ മ­രി­ച്ചു’ എന്നു വാ­യി­ക്കു­മ്പോൾ ഉ­ള­വാ­കു­ന്ന സ­ഹാ­നു­ഭൂ­തി വേ­റൊ­രു­വി­ധം. അ­നു­വാ­ച­കൻ ‘അവനിൽ താ­ദാ­ത്മ്യം പ്രാ­പി­ക്കു­ന്ന­തി­നെ­ക്കാൾ എ­ളു­പ്പ­ത്തിൽ ‘ഞാനി’ൽ താ­ദാ­ത്മ്യം പ്രാ­പി­ക്കും. “ഹ­ത­ഭാ­ഗ്യൻ ഞാൻ പക്ഷേ, ക­ണ്ട­തെ­ല്ലാം പ­രി­താ­പാ­ച്ഛാ­ദി­ത­മാ­യി­രു­ന്നു” എന്ന വ­രി­യി­ലെ ‘ഞാൻ’ മാ­റ്റി വൃ­ത്ത­ത്തി­നു യോ­ജി­ച്ച­മ­ട്ടിൽ ‘അവൻ’ എന്നു വ­യ്ക്കു. കവിത അ­ന്ത­രം­ഗ­സ്പർ­ശി­യാ­വു­ക­യി­ല്ല.

അ­സം­ഗ­ത­ലോ­കം

കാ­മ­ത്തിൽ പെ­ട്ട­വ­നു കാ­മു­കി­യു­ടെ ശ­രീ­ര­ത്തി­ന്റെ ഏ­തു­ഭാ­ഗ­വും ആ­കർ­ഷ­ക­മാ­ണു. അ­വി­ടെ­യു­ണ്ടാ­കു­ന്ന ഒരു പോ­റൽ­പോ­ലും അ­യാൾ­ക്കു സ­ഹി­ക്കാ­നാ­വി­ല്ല. സ­ഹി­ക്കാ­വു­ന്ന­തു് അവൾ അയാളെ ച­വി­ട്ടു­മ്പോൾ മാ­ത്ര­മാ­ണു. ക­ഥ­യെ­ഴു­ത്തു­കാർ ന­മ്മ­ളെ ഹൃ­ദ­യ­സ­മ്പ­ന്ന­ത­യി­ലേ­ക്കു ന­യി­ച്ചി­ല്ലെ­ങ്കി­ലും വേ­ണ്ടി­ല്ല. മ­ന­സ്സി­നെ പ­രി­പൂർ­ണ്ണ­മാ­യും പൊ­ള്ള­യാ­ക്ക­രു­തു്. രോ­ഗാ­ണു­ക്ക­ളെ ക­ട­ത്തി­വി­ട­രു­തു്. ഭൂ­മി­യെ ഈ­ശ്വ­ര­ന്റെ പാ­പ­മാ­യി ചിലർ കാ­ണു­ന്നു. ആ കാഴ്ച തെ­റ്റു്. ഈ­ശ്വ­ര­ന്റെ പാപം യ­ഥാർ­ത്ഥ­ത്തിൽ മലയാള ഭാ­ഷ­യിൽ രൂപം കൊ­ള്ളു­ന്ന ചെ­റു­ക­ഥ­ക­ളാ­ണു്.

പഴയ ആസ്ട്രോ-​ഹംഗറിയൻ സാ­മ്രാ­ജ്യ­ത്തി­ലെ പേ­രു­കേ­ട്ട ക­ഥാ­കാ­ര­നാ­യി­രു­ന്നു ഗാ­സോ­ചാ­ത്ത് (Géza Csáth, 1987-1919. e എ­ന്ന­തി­ന്റെ മു­ക­ളിൽ കു­ത്തി­ട്ടു എ­ഴു­തി­യാൽ ഉ­ച്ചാ­ര­ണം ‘ആ’ എന്നു. a എ­ന്ന­തി­ന്റെ മു­ക­ളിൽ കു­ത്തി­ടു­മ്പോൾ ‘ആ’ എ­ന്നും. മു­ക­ളിൽ കു­ത്തി­ടാ­ത്ത ‘a’ എ­ന്ന­തി­ന്റെ ഉ­ച്ചാ­ര­ണം ‘ഒ’ എ­ന്നാ­ണു. അ­ങ്ങ­നെ ഗാസോ ചാ­ത്ത് എന്നു ഉ­ച്ചാ­ര­ണം). ഫി­ലി­പ്പ് റോ­ത്ത് ജനറൽ എ­ഡി­റ്റ­റാ­യി പെൻ­ഗ്വിൻ ബു­ക്ക്സ് പ്ര­സാ­ധ­നം ചെ­യ്യു­ന്ന Writers from the Other Europe എന്ന ഗ്ര­ന്ഥ­പ­ര­മ്പ­ര­യി­ലെ ഒരു പു­സ്ത­ക­മാ­ണു ഗാ­സോ­ചാ­ത്തി­ന്റെ Opium and Other Stories. അ­ദ്ദേ­ഹ­ത്തി­ന്റെ ആ പു­സ്ത­കം മാ­ത്ര­മേ ഞാൻ വാ­യി­ച്ചി­ട്ടു­ള്ളു. റൊ­മാ­ന്റി­സി­സ­ത്തെ അ­വാ­സ്ത­വി­ക­ത­യു­മാ­യി കൂ­ട്ടി­യി­ണ­ക്കി സാ­ന്ദ്ര­ത­വ­രു­ത്തി­യി­ട്ടു­ള്ള ഒരു പ്ര­സ്ഥാ­ന­ത്തി­ലാ­ണു ഈ ക­ഥാ­കാ­രൻ അ­ഭി­ര­മി­ക്കു­ന്ന­തു. ക്ലാ­സ്സി­സ­ത്തി­ന്റെ­യോ, റി­യ­ലി­സ­ത്തി­ന്റെ­യോ ലാ­ളി­ത്യം ചാ­ത്തി­നു ഇ­ഷ്ട­മ­ല്ല. ഫാ­ന്റ­സി­യി­ലാ­ണു അ­ദ്ദേ­ഹ­ത്തി­നു കൗ­തു­കം. സത്യം സ­ത്യ­മാ­യി പ്ര­തി­പാ­ദി­ക്കാ­ന­ല്ല അതിനു അ­സാ­ധാ­ര­ണ­ത്വം വ­രു­ത്താ­നാ­ണു അ­ദ്ദേ­ഹ­ത്തി­ന്റെ യത്നം. ഈ ക­ഥാ­സ­മാ­ഹാ­ര­ത്തി­ലെ എല്ലാ ക­ഥ­ക­ളും ഇ­വി­ടെ­പ്പ­റ­ഞ്ഞ­തി­നു നിർ­ദ്ദേ­ശ­ക­ങ്ങ­ള­ത്രേ.

images/CsathGeza.jpg
ഗാസോ ചാ­ത്ത്

അ­ത്ര­ക­ണ്ടു നമ്മൾ അ­റി­യാ­ത്ത സാ­ഹി­ത്യ­കാ­ര­ന്മാ­രെ പ­രി­ച­യ­പ്പെ­ടു­ത്തി­ത്ത­രാൻ വേ­ണ്ടി­യാ­വ­ണം വി. പി. ശി­വ­കു­മാർ ചാ­ത്തി­ന്റെ രണ്ടു കഥകൾ ഭാ­ഷാ­ന്ത­രീ­ക­ര­ണം ചെ­യ്തു പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­യ­തു് (ക­ലാ­കൗ­മു­ദി). ക­ഥ­ക­ളു­ടെ സാ­മാ­ന്യ­സ്വ­ഭാ­വം വ്യ­ക്ത­മാ­ക്കി­ക്ക­ഴി­ഞ്ഞു. അ­തു­കൊ­ണ്ടു് തർ­ജ്ജ­മ­യെ­ക്കു­റി­ച്ചു മാ­ത്ര­മേ എ­ഴു­താ­നു­ള്ളൂ. ശി­വ­കു­മാ­റി­നു പകരം ഞാ­നാ­ണു് ഇ­ക്ക­ഥ­കൾ തർ­ജ്ജ­മ ചെ­യ്ത­തെ­ന്നു് വി­ചാ­രി­ക്കൂ. ശി­വ­കു­മാ­റി­ന്റെ ഭാ­ഷാ­ന്ത­രീ­ക­ര­ണ­ത്തേ­ക്കാൾ വി­ല­ക്ഷ­ണ­മാ­യി­രി­ക്കും എന്റെ ഭാ­ഷാ­ന്ത­രീ­ക­ര­ണം. ഈ ലേ­ഖ­ന­ത്തി­ന്റെ തു­ട­ക്ക­ത്തിൽ ക­നേ­റ്റി­യു­ടെ ചില ഖ­ണ്ഡി­ക­കൾ ഞാൻ തർ­ജ്ജ­മ ചെ­യ്തു് ചേർ­ത്തി­ട്ടു­ണ്ട­ല്ലോ. അവ ന്യൂ­ന­ത­കൾ നി­റ­ഞ്ഞ­വ­യാ­ണെ­ന്നു് ശി­വ­കു­മാ­റി­നു് എ­ളു­പ്പ­ത്തിൽ ചൂ­ണ്ടി­ക്കാ­ണി­ക്കാം. ഇതു ഭാ­ഷാ­ന്ത­രീ­ക­ര­ണ­ത്തി­ന്റെ സ്വ­ഭാ­വ­മാ­ണു്. അ­തെ­ല്ലാം മ­ന­സ്സി­ലാ­ക്കി­ക്കൊ­ണ്ടു് തന്നെ പ­റ­യ­ട്ടെ: ശി­വ­കു­മാ­റി­ന്റെ തർ­ജ്ജ­മ വി­രൂ­പ­മാ­ണു്. അതു് ഇം­ഗ്ലീ­ഷ് തർ­ജ്ജ­മ­യോ­ടു് ഒ­ട്ടും “നീതി പു­ലർ­ത്തു­ന്നി­ല്ല.”

ഇം­ഗ്ലീ­ഷ് തർ­ജ്ജ­മ
The hall was infact already humming with students
ശി­വ­കു­മാ­റി­ന്റെ തർ­ജ്ജ­മ
നി­റ­ഞ്ഞ ഹാളിൽ നി­ന്നു് ശ­ബ്ദ­മു­യ­രു­ന്നു.
മൂ­ല്യ­വാ­ക്യ­ത്തോ­ടു് അ­ടു­ത്ത തർ­ജ്ജ­മ
ആ മുറി യ­ഥാർ­ത്ഥ­ത്തിൽ വി­ദ്യാർ­ത്ഥി­ക­ളെ­ക്കൊ­ണ്ടു് മു­ര­ളു­ക­യാ­യി­രു­ന്നു. (irreality—യാണു് ക­ഥ­യു­ടെ സ­വി­ശേ­ഷ­ത. ശി­വ­കു­മാ­റി­ന്റെ തർ­ജ്ജ­മ അ­തി­ല്ലാ­തെ­യാ­ക്കു­ന്നു).
ഇം­ഗ്ലീ­ഷ് തർ­ജ്ജ­മ
and was extremely myopic
ശി­വ­കു­മ­റി­ന്റെ തർ­ജ്ജ­മ
കാഴ്ച ശ­രി­യ­ല്ല.
മൂ­ല്യ­വാ­ക്യ­ത്തോ­ടു് അ­ടു­ത്ത തർ­ജ്ജ­മ
ഹ്ര­സ്വ­ദർ­ശി­ത വ­ള­രെ­ക്കൂ­ടു­ത­ലാ­യി­രു­ന്നു. (സ­ന്ദർ­ശ­ക­ന്റെ ആ നേ­ത്ര­രോ­ഗം ക­ഥ­യു­ടെ അ­വാ­സ്ത­വി­കാം­ശം വർ­ദ്ധി­പ്പി­ക്കു­ന്നു. ശി­വ­കു­മാർ അ­തി­ല്ലാ­തെ­യാ­ക്കി).

ഇ­ങ്ങ­നെ പല വാ­ക്യ­ങ്ങൾ എ­ടു­ത്തു കാ­ണി­ക്കാം. എ­ങ്കി­ലും ഞാ­ന­തി­നു തു­നി­യു­ന്നി­ല്ല. ഇം­ഗ്ലീ­ഷ് തർ­ജ്ജ­മ വാ­യി­ക്കു­മ്പോൾ ഒ­ര­സം­ഗ­ത­ലോ­ക­ത്തു് നമ്മൾ ചെ­ന്നെ­ത്തു­ന്നു. ആ വി­ചി­ത്ര­ലോ­കം സാ­ധാ­ര­ണ­മാ­യ ലോ­ക­മാ­യി­ത്തീ­രു­ന്നു, മ­ല­യാ­ളം തർ­ജ്ജ­മ­യിൽ. ക­ഥ­യു­ടെ അ­ന്ത­രീ­ക്ഷം ഭാ­ഷാ­ന്ത­രീ­ക­ര­ണ­ത്തിൽ മാ­റി­യാൽ പി­ന്നെ, അ­തെ­ന്തു ഭാ­ഷാ­ന്ത­രീ­ക­ര­ണം?

തി­രു­നെ­ല്ലൂർ ക­രു­ണാ­ക­രൻ
images/BarbaraCartland1925.jpg
ബാർബറ കാർ­ട്ലൻ­ഡ്

ബാർബറ കാർ­ട്ലൻ­ഡ് മു­ന്നൂ­റ്റി­യ­മ്പ­തി­ല­ധി­കം റൊ­മാൻ­സു­കൾ എ­ഴു­തി­യി­ട്ടു­ണ്ടു് എ­ന്നാ­ണു് എന്റെ അ­റി­വു്. അ­വ­രു­ടെ ഒരു പു­സ്ത­കം പോലും ഞാൻ വാ­യി­ച്ചി­ട്ടി­ല്ല. എ­ന്നാൽ പ്രേ­മ­ത്തെ­ക്കു­റി­ച്ചു് അ­വ­രെ­ഴു­തി­യ­തു് പലതും വാ­യി­ക്കാൻ ക­ഴി­ഞ്ഞു, എ­നി­ക്കു്. അവർ ഒ­രി­ട­ത്തു പ­റ­ഞ്ഞു: “പു­രു­ഷ­നു് സ്ത്രീ­യെ സം­ബ­ന്ധി­ച്ചും സ്ത്രീ­ക്കു് പു­രു­ഷ­നെ സം­ബ­ന്ധി­ച്ചും ഉ­ണ്ടാ­കു­ന്ന ആ­കർ­ഷ­ണം മാ­ത്ര­മ­ല്ല സ്നേ­ഹ­മെ­ന്ന­തു്. അതു് കൂ­ടു­ത­ലും അ­ടി­സ്ഥാ­ന­പ­ര­മാ­യ ഒ­ന്നാ­ണു്. ജീ­വ­നു­ള്ള ഏ­തി­ലൂ­ടെ­യും പ്ര­വ­ഹി­ക്കു­ന്ന ജീ­വി­ത­ത്തി­ന്റെ ശ­ക്തി­യാ­ണ­തു്. ഈ ശക്തി ന­മ്മു­ടെ ശ­രീ­ര­ത്തെ ഉ­ത്തേ­ജി­പ്പി­ക്കു­ന്നു. കൂ­ടാ­തെ ഈ ലോ­ക­ത്തി­നു് അ­പ്പു­റ­ത്തു­ള്ള ലോ­ക­ത്തെ ദർ­ശി­ക്കാ­നു­ള്ള അ­ന്തർ­ദൃ­ഷ്ടി അതു് മ­ന­സ്സി­നു് നൽ­കു­ന്നു”. ഈ ആ­കർ­ഷ­ണ­ത്തേ­യും അ­ടി­സ്ഥാ­ന­പ­ര­മാ­യ വി­കാ­ര­ത്തേ­യും ജീ­വി­ത­ത്തി­ന്റെ ശ­ക്തി­യേ­യും ഈ ലോ­ക­ത്തി­നു് അ­പ്പു­റ­ത്തു­ള്ള ലോ­ക­ത്തേ­യും തി­രു­ന­ല്ലൂർ ക­രു­ണാ­ക­രൻ എത്ര മ­നോ­ഹ­ര­മാ­യി ആ­വി­ഷ്ക്ക­രി­ക്കു­ന്നു എ­ന്ന­റി­യ­ണ­മെ­ങ്കിൽ അ­ദ്ദേ­ഹം മാ­തൃ­ഭൂ­മി ആ­ഴ്ച­പ­തി­പ്പിൽ എ­ഴു­തി­യ “ഒ­രു­വർ­ഷ­കാ­ല­സ­ന്ധ്യ­യു­ടെ ഓർമ്മ” എന്ന കാ­വ്യം വാ­യി­ക്ക­ണം (വർ­ഷാ­കാ­ല­സ­ന്ധ്യ എന്നേ ഞാ­നെ­ഴു­തൂ).

എന്റെ പ്രി­യ­പ്പെ­ട്ട പെൺ­കി­ടാ­വ­പ്പോ

ളു­മ്മ­റ­ത്തു വി­ള­ക്കു­വ­യ്ക്കു­ന്നു

എന്റെ നേർ­ക്കാ­മി­ഴി­കൾ നീ­ളു­ന്നു

ച­ന്ത­മേ­ലു­മ­ക്കൈ വി­റ­യ്ക്കു­ന്നു

എ­ന്നു് ആ­കർ­ഷ­ണം

വർ­ഷ­കാ­ല­ത്തു­മീ­മ­ണൽ മു­റ്റം

സ്വ­ച്ഛ­നീ­ല­ശ­ര­ന്നി­ശാ­കാ­ശം

തേൻ ക­ണ­ങ്ങൾ പോ­ലോ­മ­ലാൾ മി­ണ്ടി

സ്നേ­ഹ­മ­ത്ര­യും പൂ­ക്ക­ളോ­ടാ­ണോ?

എ­ന്നി­ട­ത്തു് അ­ടി­സ്ഥാ­ന­പ­ര­മാ­യി വി­കാ­രം.

എന്റെ കൈ­യിൽ­ക്കു­ടു­ങ്ങി­യോ നാട

നെണ്ണ തൻ മ­ണം­താ­വു­മ­ക്കൂ­ന്തൽ

പോ­വ­തും നോ­ക്കി നി­ന്നി­ടു­മെ­ന്റെ

തോ­ളി­ലോ­മൽ­ക്ക­വിൾ­ത്ത­ടം­തൊ­ട്ടോ?

എന്നു ജീ­വി­ത­ത്തി­ന്റെ ശ­ക്തി­യു­ടെ പ്ര­ക­ട­നം. കാലം ക­ഴി­ഞ്ഞു.

എ­ന്തു­ചെ­യ്യ­ണ­മെ­ന്ന­റി­യാ­ത

ന്നെ­ന്റെ­മേൽ മ­ല­ര­മ്പു­ക­ളെ­യ്തോൾ

കാ­ല­മേൽ­പ്പി­ച്ച ഭാ­ര­മാർ­ന്നെ­ന്റെ

നാലു കു­ട്ടി­കൾ­ക്ക­മ്മ­യാ­ണി­പ്പോൾ

ആ അമ്മ ഇ­പ്പോൾ ക­മ്പി­ളി പു­ത­ച്ചാ­ണി­രി­പ്പു്. എ­ങ്കി­ലും

ശ­ങ്ക­യെ­ന്നി ഞാൻ കാ­ണ്മ­ത­ന്ന­ത്തെ

പെൺ­കി­ടാ­വി­നെ­ത്ത­ന്നെ­യാ­ണ­ല്ലോ

എ­ന്നു് അ­ന്തർ­ദൃ­ഷ്ടി കൊ­ണ്ടു് മ­റ്റൊ­രു ലോ­ക­ത്തെ ദർ­ശി­ക്കൽ. കാ­വ്യം ഇവിടെ നി­റു­ത്തേ­ണ്ടി­യി­രു­ന്നു. അതു ചെ­യ്യാ­തെ അ­ദ്ദേ­ഹം ക­സേ­ര­പ്പു­റ­ത്തു ചാ­ടി­ക്ക­യ­റി നി­ന്നു­കൊ­ണ്ടു് മു­ഷ്ടി­ചു­രു­ട്ടി ഉ­ദ്ബോ­ധി­പ്പി­ക്കു­ന്നു, കാ­വ്യ­ത്തി­ലെ സ­ഹ­ധർ­മ്മി­ണി­യേ­യും ന­മ്മ­ളേ­യും.

ഓ­ടി­യോ­ടി മ­ടു­ത്ത ര­ക്ത­ത്തിൻ

ചൂ­ടി­നി­യും തു­ട­ര­ണ­മെ­ങ്കിൽ

ഹാ സഖി ഹൃ­ദ­യ­ത്തി­നെ­പ്പേർ­ത്തും

സ്നേഹ തീ­വ്ര­ത­യാൽ പു­ത­പ്പി­ക്കു

ഈ വൈ­ല­ക്ഷ­ണ്യം വ­ന്നു­പോ­യെ­ങ്കി­ലും തി­രു­നെ­ല്ലൂ­രി­ന്റെ ക­വി­ത­യ്ക്കു് ലാ­ളി­ത്യ­മു­ണ്ടു്, ശ­ക്തി­യു­ണ്ടു്.

ആരോ ചോ­ദി­ക്കു­ന്നു
ഒരു വി­കാ­ര­ത്തി­നും ശാ­ശ്വ­ത സ്വ­ഭാ­വ­മി­ല്ലെ­ന്നു നി­ങ്ങൾ പലതവണ എ­ഴു­തി­യി­ട്ടി­ല്ലേ? അതു ആർ­ജ്ജ­വ­ത്തോ­ടു­ള്ള പ്ര­സ്താ­വ­ന ആ­യി­രു­ന്നെ­ങ്കിൽ ദ­മ്പ­തീ­വി­ഷ­യ­ക­മാ­യ സ്നേ­ഹ­ത്തെ വാ­ഴ്ത്തു­ന്ന ഈ കാ­വ്യ­ത്തെ നി­ങ്ങൾ പ്ര­ശം­സി­ച്ച­തെ­ങ്ങ­നെ?
എന്റെ ഉ­ത്ത­രം
കവികൾ ക­ള്ള­ത്തെ സ­ത്യ­മെ­ന്നു് തോ­ന്നു­ന്ന മ­ട്ടിൽ ആ­വി­ഷ്ക്ക­രി­ക്കു­ന്ന­വ­രാ­ണു്.
images/BorisPasternak1969.jpg
പ­സ്റ്റർ­ന­ക്ക്

ഈ ഉ­ത്ത­രം നൽ­കി­യി­ട്ടു് ഞാൻ പ­സ്റ്റർ­ന­ക്കി ന്റെ ‘ഡോ­ക്ടർ ഷി­വാ­ഗോ’ എന്ന നോ­വ­ലി­ന്റെ കഥ ഏ­താ­നും വാ­ക്യ­ങ്ങ­ളി­ലാ­ക്കി പ­റ­യു­ന്നു. ഷി­വാ­ഗോ വി­വാ­ഹി­ത­നാ­ണു്. അയാൾ ലോ­റ­യേ­യും സ്നേ­ഹി­ക്കു­ന്നു. ഷി­വാ­ഗോ ഭാ­ര്യ­യോ­ടൊ­രു­മി­ച്ചു് മോ­സ്ക്കോ­യിൽ താ­മ­സി­ക്കു­മ്പോ­ഴാ­ണു് റഷ്യൻ വി­പ്ല­വം ഉ­ണ്ടാ­യ­തു്. അതോടെ അ­യാ­ളു­ടെ ജീ­വി­തം ത­കർ­ന്നു. ആ­ശു­പ­ത്രി­യിൽ വ­ച്ചു് അയാൾ നേ­ഴ്സ് ലോറയെ പ­രി­ച­യ­പ്പെ­ട്ടു. പ­രി­ച­യം പ്രേ­മ­ത്തി­ലേ­ക്കും ചെ­ന്നു. വി­പ്ല­വം ന­ട­ക്കു­മ്പോൾ ഷി­വാ­ഗോ കു­ടും­ബ­മു­പേ­ക്ഷി­ച്ചു് ലോ­റ­യു­മാ­യി ജീ­വി­ക്കു­ന്നു. ഭാ­ര്യ­യോ­ടു് കു­റ്റ­സ­മ്മ­തം ന­ട­ത്താൻ അയാൾ വീ­ട്ടി­ലേ­ക്കു് വ­ന്ന­പ്പോൾ ഗ­റി­ല്ല­കൾ അയാളെ പി­ടി­ച്ചു­കൊ­ണ്ടു പോയി. അവരിൽ നി­ന്നു് ര­ക്ഷ­പ്പെ­ട്ട ഷി­വാ­ഗോ ഭാ­ര്യ­യു­ടെ അ­ടു­ത്ത­ല്ല പോ­യ­തു്. ലോറയെ കാ­ണാ­നാ­ണു്. ഈ സമയം കൊ­ണ്ടു് ഷി­വാ­ഗോ­യു­ടെ ഭാ­ര്യ­യും ര­ണ്ടു് കു­ട്ടി­ക­ളും പാ­രീ­സി­ലേ­ക്കു് നാ­ടു­ക­ട­ത്ത­പ്പെ­ട്ടു. ലോറയെ അ­റ­സ്റ്റ് ചെ­യ്യു­മെ­ന്ന­റി­ഞ്ഞ ഷി­വാ­ഗോ അവളെ മ­റ്റൊ­രി­ട­ത്തേ­യ്ക്ക­യ­ച്ചു. അവൾ അ­യാ­ളു­ടെ സ­ന്താ­ന­ത്തെ ഗർ­ഭാ­ശ­യ­ത്തിൽ വ­ഹി­ക്കു­ക­യാ­ണു്. അതു ഷി­വാ­ഗോ അ­റി­യു­ന്നി­ല്ല. മോ­സ്കോ­യിൽ തി­രി­ച്ചെ­ത്തി­യ ഷി­വാ­ഗോ ഒരു ചെ­റു­പ്പ­ക്കാ­രി­യെ ഭാ­ര്യ­യാ­യി സ്വീ­ക­രി­ച്ചു. തന്റെ ആ­ദ്യ­ത്തെ ഭാ­ര്യ­യെ കാ­ണാ­നാ­ണു് അ­യാൾ­ക്കു് കൊതി. പക്ഷേ, ആ അ­ഭി­ലാ­ഷം സാ­ഫ­ല്യ­ത്തി­ലെ­ത്തു­ന്ന­തി­നു് മുൻ­പു് അയാൾ ഹൃ­ദ­യ­സ്തം­ഭ­ന­ത്താൽ മ­രി­ച്ചു. ഷി­വാ­ഗോ­യു­ടേ മൃ­ത­ദേ­ഹം സം­സ്ക­രി­ക്കു­മ്പോൾ ലോറ അവിടെ എ­ത്തു­ന്നു. അവൾ പൊ­ട്ടി­ക്ക­ര­യു­ന്നു. പി­ന്നീ­ടു് ലോറയെ ആരും ക­ണ്ടി­ട്ടി­ല്ല.

പ­സ്റ്റർ­ന­ക്ക് സത്യം പ­റ­യു­ന്നു­വെ­ന്നു് ഞാൻ പ­റ­ഞ്ഞാൽ എന്റെ അ­ഭി­വ­ന്ദ്യ സു­ഹൃ­ത്താ­യ തി­രു­നെ­ല്ലൂർ ക­രു­ണാ­ക­രൻ എ­ന്നോ­ടു പി­ണ­ങ്ങു­മോ എന്തോ?

രോ­ഗാ­ണു

താൻ ന­ര­ക­ത്തെ സൃ­ഷ്ടി­ച്ച­തു് അ­ങ്ങു­താ­ഴെ­യാ­ണ­ല്ലോ എന്നു വി­ചാ­രി­ച്ചു കൊ­ണ്ടു ദൈവം ഉണ്ണി വാ­രി­യ­ത്തി­ന്റെ കഥയെ നോ­ക്കു­മ്പോൾ നരകം അതിൽ വ­ന്നി­രി­ക്കു­ന്ന­തു് അ­ദ്ദേ­ഹം കാ­ണു­ന്നു, ല­ജ്ജി­ക്കു­ന്നു

ദേ­ശാ­ഭി­മാ­നി വാ­രി­ക­യിൽ കൂ­ടെ­ക്കൂ­ടേ പ്ര­ത്യ­ക്ഷ­രാ­കു­ന്ന ബേ­ബി­മേ­നോ­ന്റെ­യും കണ്ണൻ മേ­നോ­ന്റെ­യും ക­ഥാ­സാ­ഹ­സ­ങ്ങൾ ഞാ­നെ­ന്തി­നു് വാ­യി­ക്കു­ന്നു? വാ­രി­ക­യു­ടെ പ­ത്രാ­ധി­പ­സ­മി­തി­യോ­ടു­ള്ള സ്നേ­ഹ­വും ബ­ഹു­മാ­ന­വും കൊ­ണ്ടു്. അവരിൽ ചിലർ എന്റെ അ­ഭി­വ­ന്ദ്യ സു­ഹൃ­ത്തു­ക്ക­ളാ­ണു്. അ­വ­രു­ടെ വാ­രി­ക­യെ എ­നി­ക്കു് അ­വ­ഗ­ണി­ക്കാൻ വയ്യ. അ­തു­കൊ­ണ്ടു് ഞാൻ ബേബി മേ­നോ­ന്റെ­യും കണ്ണൻ മേ­നോ­ന്റെ­യും കഥകൾ വാ­യി­ക്കു­ന്നു. പാ­രാ­യ­ണം ന­ട­ക്കു­മ്പോൾ­ത്ത­ന്നെ എന്റെ മുഖം അ­ല്പാ­ല്പ­മാ­യി തി­രി­യു­ന്നു. ക­ഥ­യു­ടെ പ­ര്യ­വ­സാ­ന­ത്തി­ലെ­ത്തു­മ്പോൾ ജു­ഗു­പ്സ കൊ­ണ്ടു് സ­മ്പൂർ­ണ്ണ­മാ­യി എന്റെ മുഖം തി­രി­ഞ്ഞു പോ­കു­ന്നു. ഈ ആ­ഴ്ച­ത്തെ വാ­രി­ക­യി­ലെ “അ­റ്റു­പോ­കു­ന്ന ക­ണ്ണി­കൾ” എന്ന ‘രാ­ക്ഷ­സീ­യ­ത’ ക്ലേ­ശി­ച്ചു് വാ­യി­ച്ചു. കു­ടി­യ­നും വ്യ­ഭി­ചാ­രി­യു­മാ­യ ഭർ­ത്താ­വി­നെ ഉ­പേ­ക്ഷി­ച്ചു് ഭാര്യ അ­മ്മ­യു­ടെ അ­ടു­ക്ക­ലെ­ത്തു­ന്നു. ഭർ­ത്താ­വു് ദൂതനെ അ­യ­ച്ചി­ട്ടും അവർ മകളെ തി­രി­ച്ച­യ­യ്ക്കു­ന്നി­ല്ല. വി­ഡ്ഢി­യാ­യ പ­മ്പ­രം സ്വയം ക­റ­ങ്ങു­ന്ന­തു­പോ­ലെ എ­ത്ര­യോ കാ­ല­മാ­യി ഈ ഇ­തി­വൃ­ത്തം ക­റ­ങ്ങി­ക്കൊ­ണ്ടി­രി­ക്കു­ന്നു. ഈ ഭ്ര­മ­ണം കാണാൻ ക­ഥ­യെ­ഴു­തി­യ­വർ ന­മ്മ­ളെ ക്ഷ­ണി­ച്ച­ല്ലോ. ആ­ഖ്യാ­ന­വൈ­ദ­ഗ്ദ്ധ്യ­മി­ല്ലാ­ത്ത, ജീ­വി­താ­വ­ബോ­ധ­മു­ള­വാ­ക്കാ­ത്ത, ക­ലാ­പ­ര­മാ­യ ആ­വി­ഷ്കാ­ര­മി­ല്ലാ­ത്ത ഈ രചന അ­നു­വാ­ച­ക­ന്റെ മ­ന­സ്സി­നെ ആ­ക്ര­മി­ക്കു­ന്ന രോ­ഗാ­ണു­വാ­ണു്. ക­ഥ­യെ­ഴു­ത്തു­കാർ ന­മ്മ­ളെ ഹൃ­ദ­യ­സ­മ്പ­ന്ന­ത­യി­ലേ­ക്കു ന­യി­ച്ചി­ല്ലെ­ങ്കി­ലും വേ­ണ്ടി­ല്ല, മ­ന­സ്സി­നെ പ­രി­പൂർ­ണ്ണ­മാ­യും പൊ­ള്ള­യാ­ക്ക­രു­തു്. രോ­ഗാ­ണു­ക്ക­ളെ ക­ട­ത്തി­വി­ട­രു­തു്.

കാ­മു­കി കാ­മു­ക­ന്റെ കൈ­ത്ത­ണ്ട­യിൽ കെ­ട്ടാൻ രാ­ഖി­യു­മാ­യി വ­രു­ന്നു. കെ­ട്ടി­ക്ക­ഴി­ഞ്ഞാൽ അവർ സ­ഹോ­ദ­രീ സ­ഹോ­ദ­ര­ന്മാ­രാ­യി. അവൾ വി­വാ­ഹി­ത­യാ­കാൻ പോ­കു­ക­യാ­ണെ­ന്നു് അ­റി­ഞ്ഞു് അയാൾ ചരടു കെ­ട്ടാൻ സ­മ്മ­തി­ച്ചു. പെ­ണ്ണി­നെ വേ­റൊ­രു­ത്തൻ വി­വാ­ഹം ക­ഴി­ച്ചു­കൊ­ണ്ടു­പോ­യി. നൂ­റ്റൊ­ന്നു ദിവസം ക­ഴി­ഞ്ഞു. അ­ന്നാ­ണ­ല്ലോ വി­വാ­ഹ­ത്തി­ന്റെ നൂ­റ്റൊ­ന്നാം ദി­വ­സ­മെ­ന്നു വി­ചാ­രി­ച്ചു പൂർവ കാ­മു­കൻ ഇ­രി­ക്കു­മ്പോൾ അവൾ അ­യാ­ളു­ടെ മുൻ­പി­ലെ­ത്തു­ന്നു. സ്വ­പ്ന­മോ? അല്ല. യാ­ഥാർ­ത്ഥ്യം തന്നെ. ഭർ­ത്താ­വു് ര­തോ­പ­കാ­രി­യാ­യ­തു­കൊ­ണ്ടു് അവൾ പി­ണ­ങ്ങി­ത്തി­രി­ച്ചു­വ­ന്നി­രി­ക്കു­ക­യാ­ണു്. പൂർവ കാ­മു­കൻ ചരടു പൊ­ട്ടി­ച്ചെ­റി­യു­മ്പോൾ കഥ തീ­രു­ന്നു. (ജ­ന­യു­ഗം വാരിക—നൂ­റ്റൊ­ന്നാം രാവു്—ഉണ്ണി വാ­രി­യ­ത്തു്) ഈ­ശ്വ­ര­നു­പോ­ലും ലജ്ജ തോ­ന്നു­ന്ന ക­ഥ­ക­ളു­ണ്ടു്. താൻ ന­ര­ക­ത്തെ സൃ­ഷ്ടി­ച്ച­തു് അ­ങ്ങു­താ­ഴെ­യാ­ണ­ല്ലോ എന്നു വി­ചാ­രി­ച്ചു കൊ­ണ്ടു ദൈവം ഉണ്ണി വാ­രി­യ­ത്തി­ന്റെ കഥയെ നോ­ക്കു­മ്പോൾ നരകം അതിൽ വ­ന്നി­രി­ക്കു­ന്ന­തു് അ­ദ്ദേ­ഹം കാ­ണു­ന്നു, ല­ജ്ജി­ക്കു­ന്നു. ലജ്ജ മാ­റു­മ്പോൾ ദേ­ഷ്യ­പ്പെ­ട്ടു് ‘ഹൊറർ, ഹൊറർ’ എ­ന്നു് അ­ദ്ദേ­ഹം വി­ളി­ക്കു­ന്നു. പ്രി­യ­പ്പെ­ട്ട വാ­യ­ന­ക്കാ­രേ കാ­തോർ­ത്തു നോ­ക്കു. ഈ­ശ്വ­രൻ ഹൊറർ എന്നു വീ­ണ്ടും വീ­ണ്ടും വി­ളി­ക്കു­ന്ന­തു കേ­ട്ടു­കൂ­ടേ?

ഭൂ­മി­യെ ഈ­ശ്വ­ര­ന്റെ പാ­പ­മാ­യി ചിലർ കാ­ണു­ന്നു. ആ കാഴ്ച തെ­റ്റു്. ഈ­ശ്വ­ര­ന്റെ പാപം യ­ഥാർ­ത്ഥ­ത്തിൽ മലയാള ഭാ­ഷ­യിൽ രൂ­പം­കൊ­ള്ളു­ന്ന ചെ­റു­ക­ഥ­ക­ളാ­ണു്.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1986-11-09.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 1, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: JS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.