ഞാൻ കുറെക്കാലം ആലപ്പുഴെ താമസിച്ചിരുന്നു. എന്റെ വീടു് തത്തംപളളിയിൽ. അവിടെനിന്നു തോണ്ടൻകുളങ്ങര അമ്പലത്തിലേക്കുള്ള റോഡിലൂടെ കുറച്ചുനടന്നാൽ തെക്കനാര്യാട്ടേക്കു പോകാനുളള പാത കാണാം. ആ പാതയിലൂടെ ഏതാനുമടി മുന്നോട്ടുപോയാൽ ഒരു വീട്ടിന്റെ മുൻപിൽ ഗിരിജ നില്ക്കുന്നതും കാണാം. കറുത്ത നിറമാണെങ്കിലും അതിസുന്ദരി. സനാതനധർമ്മ വിദ്യാലയത്തിലെ വിദ്യാർത്ഥിയായിരുന്നു ഞാൻ അക്കാലത്തു്. സ്ക്കൂളിൽ ഞങ്ങൾക്കൊക്കെ ഒരു പേരേ പറയാനുണ്ടായിരുന്നുള്ളു ഒരാളിനെ മാത്രമേ വർണ്ണിക്കാനുണ്ടായിരുന്നുള്ളു. ഹെഡ് മാസ്റ്റർ മഞ്ചേരി രാമകൃഷ്ണയ്യരുടെ ചൂരലുകൊണ്ടുളള അടിമേടിച്ചു പുളയുമ്പോഴും ഒരു ഇമേജ് മാത്രമേ മനസ്സിലുണ്ടായിരുന്നുള്ളൂ, ഗിരിജ. നട്ടുച്ചയ്ക്കു പോയാലും അവൾ ഗെയ്റ്റിനടുത്തു നില്ക്കുന്നുണ്ടാവും. അപ്പോൾ ആ കടും വെയിൽ നിലാവായി രൂപാന്തരപ്പെട്ടിരുന്നു ഞങ്ങൾക്കു്. ആരെക്കണ്ടാലും പുഞ്ചിരിപൊഴിച്ചിരുന്ന ഗിരിജ എന്നെ മാത്രം അവജ്ഞയോടെ നോക്കിയിരുന്നു. ചെറുപ്പക്കാരിയായ അവൾ കേവലം ബാലനായിരുന്ന എന്നെ അമ്മട്ടിൽ വീക്ഷിച്ചതെന്തിനാണ്? അറിഞ്ഞുകൂടാ. അങ്ങനെയിരിക്കെ ഒരു ദിവസം അവൾ പാതയുടെ ഒരുവശത്തു് എന്തോ നോക്കി നടക്കുന്നതു ഞാൻ കാണുകയായി. പുല്ലുനിറഞ്ഞ ആ സ്ഥലത്തു് അവൾ വല്ലതും കളഞ്ഞിരിക്കും. എന്താ കളഞ്ഞതു്? എന്നു ചോദിച്ചാൽ ഗിരിജ മറുപടി പറഞ്ഞില്ലെന്നുവരും. എന്നോടു് അത്രയ്ക്കായിരുന്നു അവളുടെ വെറുപ്പു്. എങ്കിലും ഞാൻ ചോദിച്ചു—വല്ലതും കളഞ്ഞുപോയോ? ഉത്തരം ഉടനെ. “എന്റെ ഒരു കൊലുസ്സ്.” “വെള്ളിയോ?” “അല്ല സ്വർണ്ണം.” വളരെനേരം നോക്കിയിട്ടു് ഗിരിജ ദുഃഖത്തോടെ വീട്ടിലേക്കു പോയി. ഞാൻ അന്വേഷണം തുടങ്ങി. കമ്പെടുത്തു് ഓരോ പുല്ക്കൊടിയും മാറ്റിനോക്കി. ഏതാണ്ടു് ഒരു മണിക്കൂർ നോക്കിയപ്പോൾ കൊലുസ്സ് കിട്ടി. ഞാൻ അതെടുത്തുകൊണ്ടു അവളുടെ വീട്ടിലേക്കു് ഓടി. “ഇതാ തെക്കുവശത്തുള്ള പുല്ക്കൂട്ടത്തിൽ കിടന്നു.” അവജ്ഞയോടെ ഗിരിജ അതു വാങ്ങി. നന്ദി പറയുന്നതിനു പകരം അവജ്ഞയോടെ എന്നെ നോക്കി. വീട്ടിനകത്തേക്കു കയറിപ്പോകുകയും ചെയ്തു. പിന്നീടു് അവളെ കാണുമ്പോഴും ആ വെറുപ്പിനു ഒട്ടും കുറവുണ്ടായിരുന്നില്ല. എങ്കിലും പരാജയപ്പെട്ട ആളിന്റെ മുഖഭാവത്തോടെ അവൾ നേത്രങ്ങൾ താഴ്ത്തുമായിരുന്നു. മനഃശാസ്ത്രത്തിലെ ഒരു തത്വമാണതു് നിങ്ങളെ നിന്ദിക്കുന്നവനു് ഉപകാരം ചെയ്യു. നിന്ദനം അവസാനിപ്പിക്കാതെയാണെങ്കിലും പരാജയ മനഃസ്ഥിതിയോടെ അവൻ നിങ്ങൾക്കു വിധേയനായി വർത്തിക്കും. വിമർശകനെന്ന നിലയിൽ സാഹിത്യസൃഷ്ടിയുടെ വൈകല്യമെടുത്തു കാണിക്കു. സ്രഷ്ടാവിനു നിങ്ങളോടു് അവജ്ഞയാണെങ്കിലും അയാൾക്കു മുൻപുണ്ടായിരുന്ന ‘സുപീരിയോറിറ്റി കോംപ്ലെക്സ്’ നഷ്ടമായി ഭവിച്ചിരിക്കും. മഹാപണ്ഡിതനായി ഭാവിക്കുന്ന ഒരാൾ ഒരിക്കൽ ധ്രുവചരിതം കഥകളിയിലെ ഒരു ശ്ലോകം തെറ്റായി വ്യാഖ്യാനിക്കുന്നതു ഞാൻ കേട്ടു. വിദ്യാർത്ഥി പോയയുടനെ ഞാൻ ആ സംസ്കൃത പണ്ഡിതനോടു പറഞ്ഞു: “സാർ അതു് പ്രഭാതവർണ്ണനമാണു്. സാറ് പറഞ്ഞതല്ല ആ ശ്ലോകത്തിന്റെ അർത്ഥം” ഞാൻ വിശദീകരിച്ചു. പിന്നീടു് അദ്ദേഹം എന്നെ കാണുമ്പോഴെല്ലാം ക്ഷതമേറ്റവനെപ്പോലെ നോക്കിയിരുന്നു. സത്യമാണെങ്കിൽ പറയാനുള്ളതു ധൈര്യത്തോടെ പറയൂ. അതു് നിങ്ങളെ ശക്തനാക്കും. എതിരാളിയെ ദുർബ്ബലനാക്കും.
വർഷങ്ങൾ കഴിഞ്ഞു … എന്ന സ്ഥലത്തു് ഒരു സ്കൂൾ വാർഷിക സമ്മേളനത്തിനുശേഷം ഞങ്ങൾ ശ്രോതാക്കളുടെ കൂടെയിരുന്നു് ഹെഡ്മാസ്റ്റ്റുടെ മകൾ പാടുന്നതു കേൾക്കുകയായിരുന്നു. ‘ജെന്യൂയിൻ ടാലന്റ്’ എന്നു പാട്ടുകാരിയെ അഭിനന്ദിച്ചു മന്മഥൻസാറ് ഹെഡ്മാസ്റ്ററോടു പറയുന്നതിനിടയിൽ പിറകിലത്തെ കസേരയിൽ നിന്നൊരു ശബ്ദം. “എന്നെ ഓർമ്മയുണ്ടോ?” ഞാൻ നോക്കി. “ഇല്ല” എന്നു മറുപടി നല്കി. ചോദിച്ച സ്ത്രീ പറഞ്ഞു: “നമ്മൾ ആലപ്പുഴെ വച്ചു പരിചയപ്പെട്ടിട്ടുണ്ട്. കളഞ്ഞുപോയ കൊലുസ്സ് നോക്കിയെടുത്തു തന്ന ആളാണു് നിങ്ങൾ.” ഞാൻ സൂക്ഷിച്ചു നോക്കി. ഗിരിജ; വൃദ്ധയായിരിക്കുന്നു. വീണ്ടും സൂക്ഷിച്ചുനോക്കി. അവജ്ഞ കലർന്ന മുഖം. എങ്കിലും നേത്രങ്ങൾ താഴുന്നു.

അച്ഛൻ കുടിയനും അമ്മയെ തല്ലുന്നവനുമാണെങ്കിൽ കൊച്ചുമകൻ വല്ലാതെ പേടിക്കും. കുടിച്ചു ചുവന്ന കണ്ണുകളോടുകൂടി ഊണു കഴിക്കാനിരിക്കുന്ന അച്ഛൻ ഒരു ഹേതുവുമില്ലാതെ എച്ചിൽക്കൈകൊണ്ടു് വേലക്കാരനെ അടിക്കുകയും അമ്മയുടെ കഴുത്തിൽ കുത്തിപ്പിടിച്ചു തെറിവിളിക്കുകയും ചെയ്യുമ്പോൾ ആ കൊച്ചുകുട്ടി വിറയ്ക്കുകയായിരിക്കും. കാലം കഴിഞ്ഞു് ആ പിതാവു് ഇവിടം വിട്ടുപോയാലും മകന്റെ പേടി മാറുകയില്ല. അതു വേറൊരു വിധത്തിൽ പ്രത്യക്ഷപ്പെടുമെന്നേയുളളു. അവൻ സ്കൂളിൽ പോയാൽ അധ്യാപകനോടു് ആവശ്യകതയിൽ കവിഞ്ഞ ബഹുമാനം കാണിക്കും. ജോലി കിട്ടിയാൽ മേലുദ്യോഗസ്ഥനെ അതിരുകടന്നു് ബഹുമാനിക്കും. വാക്കുകൾ പോലും അവന്റെ വായിൽ നിന്നു പുറത്തു വരില്ല. അനിയതമായ ഈ പെരുമാറ്റത്തിനു കാരണം മദ്യപനും തെമ്മാടിയുമായ അച്ഛന്റെ പ്രവൃത്തികളാണു്. അധ്യാപകനും ഉദ്യോഗസ്ഥനും സ്നേഹത്തോടെ അയാളോടു പെരുമാറിയാലും അയാളുടെ അടിമത്തം മാറുകയില്ല; ഭൂതകാലാനുഭവങ്ങൾ ഇങ്ങനെ വ്യക്തിയുടെ വർത്തമാനകാലാനുഭവങ്ങളെ സ്വാധീനിക്കുന്നു. അയാളെ മറ്റൊരാളായി മാറ്റുന്നു. ഈ മനോവിജ്ഞാനീയതത്ത്വത്തെ ആകർഷകമായി ചിത്രീകരിക്കുന്ന ഒരു കഥയുണ്ടു് മനോരാജ്യം ആഴ്ചപ്പതിപ്പിൽ; കെ. കെ. സുധാകരന്റെ ‘നിഴൽ പോരാട്ടം.’ പ്രധാന കഥാപാത്രം ഒരുത്തനോടു കടംവാങ്ങിയ രൂപ തിരിച്ചുകൊടുക്കുന്നില്ല. ആപ്പീസിലെ തൂപ്പുകാരിയുടെ മകളുമായി പ്രേമബന്ധത്തിലാകുന്നു. ആ ബന്ധം മനസ്സിലാക്കി അവളുടെ ചിറ്റപ്പൻ തന്നെ ദേഹോപദ്രവം ചെയ്യുമെന്നു് അയാൾക്കു ഭയം. പണം കൊടുത്തവനും പെണ്ണിന്റെ ചിറ്റപ്പനും മാനഭംഗം വരുത്തുമെന്നുള്ള അബോധാത്മകമോ ബോധാത്മകമോ ആയ പേടി അയാളുടെ എല്ലാ പ്രവൃത്തികളെയും ബാധിക്കുന്നു. യാദൃശ്ചികമായി റോഡിൽ വച്ചു കണ്ട നാലു പേരെ തന്റെ മർദ്ദകരായി അയാൾ കരുതുന്നു. ഭൂതകാലാനുഭവങ്ങളാൽ പേടിപ്പിക്കപ്പെട്ടു് അയാൾ ഓടുന്നു. യഥാർത്ഥമല്ലാത്ത ആപത്തു സങ്കല്പിച്ചു് പേടിക്കുകയും ആ പേടികൊണ്ടു തകർന്നു വീഴുകയും ചെയ്യുന്ന ഒരുത്തനെ കഥാകാരൻ പ്രാഗല്ഭ്യത്തോടെ ഇക്കഥയിൽ ചിത്രീകരിച്ചിരിക്കുന്നു. ഭൂതകാല സംഭവങ്ങൾക്കു രൂപപരിവർത്തനം വരുത്തിതന്നെ അവയിൽ നിന്നു് രക്ഷിക്കാൻ ശ്രമിക്കുന്ന ഒരാളിന്റെ ചിത്തവൃത്തിപരങ്ങളായ സംഘട്ടനങ്ങളെയാണു് ഈ കഥയിൽ പ്രതിപാദിച്ചിട്ടുളളതു്. അതു ഭേഷായിട്ടുണ്ടുതാനും.
പേടിയെ സ്ഫുടീകരിക്കുന്ന അതിസുന്ദരമായ ഒരു കാവ്യമുണ്ടു് റോബർട്ട് ഫ്രോസ്റ്റി ന്റേതായി,
She said, as the light on the dash board ran
Along the bushes at the roadside—a man’s face.
You must have seen it too
‘I didn’t see it
Are you sure—’
“Yes, I’am sure!”
‘—it Was a face’
“Joel, I’ll have to look, I can’t go in,
I can’t, and leave a thing like that unsettled
Doors locked and curtains drawn will make no difference.”
(Robert Frost—selected by himself—Penguin Books, P. 73)
പലതരത്തിലുളള കാലാവസ്ഥകളെക്കുറിച്ചു് പറയുകയായിരുന്നു അധ്യാപകൻ. ക്ലാസ്സ് അവസാനിക്കാറായപ്പോൾ അദ്ദേഹം കുട്ടികളോടു ചോദിച്ചു: “സിംഹത്തെപ്പോലെ കയറിവരികയും ആട്ടിൻകുട്ടിയെപ്പോലെ തിരിച്ചിറങ്ങിപ്പോകുകയും ചെയ്യുന്നതാരു്?”
ഒരു പെൺകുട്ടി കൈയുയർത്തി പെട്ടെന്നു പറഞ്ഞു: “അച്ഛൻ”. ഇതു് ഇംഗ്ലീഷ് നേരമ്പോക്ക്. ഇനി ഒരിംഗ്ലീഷ് നേരമ്പോക്കു കൂടി.
മരുമകന്റെ ജന്മദിനത്തിൽ അമ്മായി രണ്ടു ഷർട്ടുകൾ അയച്ചുകൊടുത്തു. ഒരുമാസം കഴിഞ്ഞു് അവർ തന്റെ വീട്ടിൽ വരുന്നുവെന്നറിഞ്ഞു് പേടിയോടുകൂടി അയാൾ പച്ച ഷർട്ടെടുത്തു ധരിച്ചു. വെളളഷർട്ട് പിന്നീടു് ധരിക്കാമെന്നു തീരുമാനിക്കുകയും ചെയ്തു. അമ്മായി വീട്ടിൽ ചെന്നയുടനെ കോപത്തോടെ ചോദിച്ചു; “എന്തു്? നിനക്കു മറ്റേ ഷർട്ട് ഇഷ്ടമായില്ലേ?”

തിരുവനന്തപുരത്തെ വൈ. എം. സി. എ. ഹാളിൽ ഒരു സമ്മേളനം ‘എന്തരടേ അവിടെ?’ എന്നു ചോദിച്ച കൊണ്ടു് സമ്മേളനസ്ഥലത്തേക്കു കടന്നു വരുന്നവരാണു് തിരുവനന്തപുരത്തുകാരിൽ അധികം പേരും. അന്നു് അങ്ങനെ ചോദിച്ചെത്തിയവർ വളരെ കുറവ്. ശ്രോതാക്കളെ, പ്രഭാഷകനായ ഞാനൊന്നു നോക്കി. എല്ലാവരും പരിചയക്കാർ. ഒരു മുഖം മാത്രം കണ്ടുമറന്നതുപോലെ. അപ്പോഴാണു് ആരോ പ്രസംഗത്തിനിടയിൽ പറഞ്ഞതു് ‘കഥാകാരൻ യു. എ. ഖാദർ ശ്രോതാവായിവന്നിട്ടു’ണ്ടെന്ന്. അതുകേട്ടപ്പോഴാണു് ഞാൻ ഖാദറിനെ അതിനുമുമ്പു കണ്ടിട്ടില്ലെന്നും കണ്ടതു് അദ്ദേഹത്തിന്റെ ചിത്രമായിരുന്നെന്നും ഓർമ്മിച്ചതു്. പ്രഭാഷണം കഴിഞ്ഞു് ഞാൻ അദ്ദേഹത്തിന്റെടുത്തു ചെന്നിരുന്നു. “കക്കാടിനെക്കുറിച്ചുളള സമ്മേളനമാണിതെന്നു് അറിഞ്ഞുകൊണ്ടാണു് ഞാൻ വന്നത്” എന്നു് ഖാദർ പറഞ്ഞു. പിന്നീടു് വേറെ ചില കാര്യങ്ങളെക്കുറിച്ചും സംസാരിച്ചു. നല്ല കഥാകാരനായ യു. എ. ഖാദർ നല്ല മനുഷ്യനാണെന്നും എനിക്കു മനസ്സിലായി. കോഴിക്കോട്ടു് ചെല്ലുമ്പോൾ ഞാൻ അദ്ദേഹത്തെ ചെന്നുകണ്ടുകൊളളാമെന്നു പറഞ്ഞു പിരിഞ്ഞു. അതിനു ശേഷം ഇപ്പോൾ അദ്ദേഹത്തിന്റെ കഥ—മാതൃഭൂമി ആഴ്ചപ്പതിപ്പിലെ, ‘മറ്റേതോ ലോകം’ എന്ന കഥ—വായിച്ചു തീർത്തു. നല്ല മനുഷ്യനും നല്ല കഥാകാരനുമായ യു. എ. ഖാദർ ഈ രചനയിൽ മോശപ്പെട്ട കഥാകാരനായി എന്റെ മുൻപിൽ നില്ക്കുന്നു എന്ന പരമാർത്ഥം മറച്ചുപിടിക്കാൻ എനിക്കു കഴിയുന്നില്ല. ഒരു കലാശാലയിൽ മോഡലായി വന്നു് നഗ്നയായി നില്ക്കുന്ന ഒരു ചെറുപ്പക്കാരിയോടു പ്രിൻസിപ്പലിനു തോന്നുന്ന വികാരത്തെയാണു് ഖാദർ ഊന്നൽ കൊടുത്തു് സ്ഫുടീകരിക്കുന്നതു്. പക്ഷേ, പ്രതിഭ സൃഷ്ടിക്കുന്ന ചൈതന്യമില്ല കഥയ്ക്ക്. ചൈതന്യത്തിന്റെ ഫലമായ കെട്ടുറപ്പില്ല. Invention എന്നു് ഇംഗ്ലീഷിൽ പറയുന്ന സിദ്ധിവിശേഷം ഇക്കഥയിൽ തീരെ പ്രകടമാകുന്നില്ല.

തീവണ്ടിയിലോ ബസ്സിലോ സഞ്ചരിക്കുമ്പോൾ മനോഹരമായ ഒരു മുഖം വഴിവക്കിൽ കണ്ടെന്നുവരും. അതു് നിങ്ങളെ മറ്റൊരാളാക്കി മാറ്റും. ജീവിതകാലം മുഴുവൻ ‘ഹോൺട്’ ചെയ്യും. ഉത്കൃഷ്ടങ്ങളായ കലാസൃഷ്ടികളും അമ്മട്ടിലാണു്. യൂക്കിയോ മിഷിമ യുടെ Swaddling cloths എന്ന കഥ വായിച്ചാൽ ഈ അനുഭവമുണ്ടാകും. നമ്മുടെ പ്രഗല്ഭന്മാർ എഴുതുന്ന കഥകളും ഈ രീതിയാവണമെന്നാണു് എന്റെ ആഗ്രഹം.
ചോദ്യം: “ചലച്ചിത്രസംവിധായകർ താടി വളർത്തുന്നതെന്തിനു്?”
ഉത്തരം: “പുതിയ ചിന്തകൾക്കു വേണ്ടി എഴുത്തുകാരും പ്രഭാഷകരും നെറ്റിയിൽ വിരലുകൊണ്ടു സ്പർശനം നടത്താറുണ്ടല്ലോ? അതുപോലെ താടിയിൽ തടവിയാൽ പുതിയ ആശയങ്ങൾ കിട്ടും.”
ചോദ്യം: “ഫാദർ ഇൻ ലാ?”
ഉത്തരം: മുതലാളിമാരെപ്പോലെ ഒരു വർഗ്ഗം താൻ മരിച്ചതിനുശേഷം സ്വത്തൊക്കെ എടുത്തുകൊളളണമെന്നു പറയും. പക്ഷേ, അയാൾ മരിക്കുന്നതിനുമുമ്പ് സൺ ഇൻ ലാ മരിച്ചിരിക്കും.
ചോദ്യം: “രചനകൾ ഉത്കൃഷ്ടങ്ങളാവുന്നതു് എങ്ങനെ?”
ഉത്തരം: “വാരികകളുടെ നിലവാരത്തെ അവലംബിച്ചിരിക്കുമതു്. ഞാൻ ഒരു പ്രഭാഷണത്തിൽ പറഞ്ഞതുപോലെ പാലക്കാട്ടു മണി യുടെ മൃദംഗം വായന കേമമാകണമെങ്കിൽ ചെമ്പൈവൈദ്യനാഥയ്യർ പാടണം. ഏതെങ്കിലും വിമൻസ് കോളേജിലെ മ്യൂസിക് പ്രൊഫസർ പാടിയാൽ പോരാ.”
ചോദ്യം: “ആയിരം സുന്ദരികൾ ഒരുമിച്ചുവരുന്നു. ഒരു സുന്ദരി ഒറ്റയ്ക്കുക്കു വരുന്നു. ഏതാണു് ഇഷ്ടം?”
ഉത്തരം: “അന്തരീക്ഷത്തിൽ കോടാനുകോടി നക്ഷത്രങ്ങൾ. ഒരു ദിവസം ഏകാന്ത താരകം മാത്രം. ഏതാണു് നിങ്ങൾക്കു് ഇഷ്ടം?”

ഞാൻ തിരുവനന്തപുരത്തെ ശ്രീമൂലവിലാസം ഇംഗ്ലീഷ് ഹൈസ്കൂളിൽ പഠിച്ചിട്ടുണ്ടു് എന്റെ ഗുരുനാഥനായിരുന്നു കെ. എം. ജോസഫ്. ഭൂമിശാസ്ത്രത്തിൽ വലിയ ബിരുദങ്ങൾ നേടിയ അധ്യാപകൻ. കാഴ്ചയ്ക്കു കൊള്ളാം. യൂറോപ്യൻ വേഷം. പക്ഷേ, ക്ലാസ്സിൽ എന്നും ബഹളമായിരുന്നു. ഒരു ദിവസം ബഹളം വല്ലാതെ കൂടിയപ്പോൾ ഹെഡ്മാസ്റ്റർ രാമൻ നമ്പീശൻ വന്നുനോക്കി. പൊടുന്നനവേ ക്ലാസ്സു് നിശ്ശബ്ദമായി. ഹെഡ്മാസ്റ്റർ ഒരു പയ്യനെ ചൂണ്ടിചോദിച്ചു: “സിംല ഡൽഹിയെക്കാൾ തണുപ്പുളള പ്രദേശമാണു്. കാരണമെന്തു് ?”
വിദ്യാർത്ഥി ഉടനെ മറുപടി നല്ക്കി: “വൈസ്രോയി ഉഷ്ണകാലത്തു സിംലയിലാണു് ഡൽഹിയിൽ നിന്നു പോയി താമസിക്കുന്നതു്.” ക്ലാസ്സാകെ ചിരി. നമ്പീശൻസാറും ചിരിച്ചുപോയി. എന്നിട്ടു് സാറ് തന്നെ ഒരു ചോദ്യവും ഉത്തരവും നല്കി. “പാലുപുളിക്കാതിരിക്കാൻ എന്തു ചെയ്യണം?” “പശുവിന്റെ മുലയ്ക്കകത്തുതന്നെ അതു് വച്ചേക്കണം.” ക്ലാസ്സു് ശാന്തമായെന്നു കണ്ടപ്പോൾ ഹെഡ്മാസ്റ്റർ തിരിച്ചുപോയി. പോയയുടനെ ജോസഫ് സാർ കുട്ടികളെ ചിരിപ്പിക്കാൻ ഒരു നേരമ്പോക്കു പറഞ്ഞു: Tropic of Cancer is a fatal disease. പൊട്ടിച്ചിരി. പിന്നീടു് ഒരു ബഹളവും ഉണ്ടായില്ല. സാറ് പീരിയെഡ് തീരുന്നതുവരെ പഠിപ്പിച്ചു. നേരമ്പോക്കിനു് സമാശ്വസിപ്പിക്കാൻ കഴിയുന്ന ഗുണമുണ്ട്. വൃത്തികെട്ട കഥകൾ വായിച്ചും പരുക്കൻ കവിതകൾ പാരായണം ചെയ്തും ബഹളം കൂട്ടാൻ ഞാൻ തയ്യാറായിരിക്കുമ്പോഴാണു് കലാകൗമുദിയിലെ ചേറപ്പായിക്കഥ കണ്ടതു്. ആർത്തിയോടെ വായിച്ചു മനസ്സു ശാന്തമായില്ല. ഫുട്ബാൾ കളിക്കാൻ ചേറപ്പായി വക്കീലും മറ്റു വക്കീലന്മാരും ഗ്രൗണ്ടിലിറങ്ങി. തോല്ക്കുമെന്നു കണ്ടപ്പോൾ പതിനൊന്നു പേരും ഗോൾ മുഖത്തു നിരന്നുനിന്നുവത്രെ. പെനൽറ്റിയാകാതിരിക്കാൻ എല്ലാ കളിക്കാരും പിറകിൽ കൈകെട്ടിയാണു് നിന്നതുപോലും. എനിക്കു ചിരിവന്നില്ല. “ഇരുപത്തിരണ്ടു പേരും കൂടി ഒരു പന്തിനുവേണ്ടി കടിപിടി കൂടുന്നു. ഇട്ടുകൊടുക്കട്ടേ ഓരോരുത്തനും ഓരോ പന്തു്” എന്നു പണ്ടൊരു കൊച്ചി രാജാവു് കല്പിച്ചു എന്നു കേൾക്കുമ്പോൾ ഉണ്ടാകുന്ന ‘രസം’ പോലും അയ്പ് പാറമേലിന്റെ ഈ ഹാസ്യരചന ഉളവാക്കുന്നില്ല.
മഹാപണ്ഡിതനും കവിയും വാഗ്മിയുമായ ഒരാൾ ഒരിക്കൽ ഒരു റേഡിയോ സ്റ്റേഷനിൽ ശൃംഗാര രസത്തെക്കുറിച്ചു സംസാരിക്കാൻ ചെന്നു. അനൗൺസറായി അദ്ദേഹത്തിന്റെ മുൻപിലിരുന്നതു വൈരൂപ്യത്തിനു ആസ്പദമായി, കൃശയായി, കറുത്ത ഒരു പെൺകോലം. സുന്ദരനായ പ്രഭാഷകൻ കൈയെഴുത്തു പ്രതിയുമായി മുറിയിൽ നിന്നു പുറത്തേക്കു വന്നു. റേഡിയോ സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ വിളിച്ചു പറഞ്ഞു: “കുറുപ്പേ, ഇവൾ ഇവിടെയിരുന്നാൽ എനിക്കു ബീഭത്സരസത്തെക്കുറിച്ചു മാതമേ ടാക് നടത്താൻ പറ്റു.”
എപ്പോഴും എതിർത്തു സംസാരിക്കുന്നതു് ബാഡ് റ്റെയ്സ്റ്റാണെന്നു് എനിക്കറിയാൻ പാടില്ലാതില്ല. പക്ഷേ, എടത്വാ പരമേശ്വരൻ കുങ്കുമം വാരികയിലെഴുതിയ “ജീവപര്യന്തം” എന്ന കഥാ മോൺസ്ട്രോസിറ്റി കണ്ടാൽ അടങ്ങിയിരിക്കുന്നതെങ്ങനെ? ഇന്ദിര കൂട്ടുകാരി ഗീതയെ കാണാൻ ഓഫീസിൽ പോകുന്നു. ഗീത കാരാഗൃഹത്തിലാണത്രേ. കാരണം മറ്റൊരു പുരുഷനെ അവളുടെ കിടപ്പറയിലാക്കിയ ഭർത്താവിനെ അവൾ കൊന്നു എന്നതാണു്. ഇത്രത്തോളം ‘ഫിൽതി’യായിട്ടുളള മറ്റൊരു കഥ ഞാൻ വായിച്ചിട്ടില്ല. നമുക്കു സ്വന്തമാക്കാൻ കഴിയാത്ത സത്യത്തിന്റെ സാരാംശത്തിലേക്കു നയിക്കുന്ന സാഹിത്യത്തെ നോക്കി കൊഞ്ഞനം കാണിക്കുന്നു ഈ കഥാസാഹസം. ഇതൊരു മാരകമായ രോഗമാണു്. അല്ലെങ്കിൽ എയ്ഡ്സിന്റെ വൈറസാണു്. ഇതു വായിക്കുമ്പോൾ എന്റെ രക്തത്തിലെ ശ്വേതാണുക്കൾ പൊട്ടിച്ചിതറുന്നു. ഞാൻ പ്രതിരോധശക്തി നശിച്ചവനായി കട്ടിലിൽ വീഴുന്നു. എനിക്കു് ഇനി ഒരു രക്ഷയുമില്ല. ഞാൻ മരിച്ചു കൊളളാം. വായനക്കാർ ജീവിച്ചിരിക്കണമെന്നാണു് എന്റെ ആഗ്രഹം. കാഷ്വൽ സെക്സ് ഒഴിവാക്കുന്നതുപോലെ ഈ കഥയും ഒഴിവാക്കു സഹൃദയരേ.
മൂല്യങ്ങളെ സാക്ഷാത്കരിക്കലാണു് ജീവിതം. എഴുത്തുകാർ മൂല്യനിരാസം നടത്തുമ്പോൾ ജീവിതം നശിക്കുന്നു. എന്റെ തലമുറയുടെ ജീവിതം ചില “കഥാകാരന്മാർ” നശിപ്പിച്ചുകൊണ്ടിരിക്കുന്നു.
ഉറങ്ങിക്കിടക്കുന്നവനെ വിളിച്ചുണർത്താമോ? അതു് അയാൾ കാണാനുളള ദൃശ്യത്തെ ആശ്രയിച്ചിരിക്കും. അടുത്ത ക്ഷേത്രത്തിലെ ഉത്സവത്തോടു ചേർന്നുളള കമ്പക്കെട്ടു നടക്കുകയാണെന്നിരിക്കട്ടെ. അമിട്ടുകൾ പല നിലകളിലായി ചിന്നിച്ചിതറുകയാണെങ്കിൽ അതു കാണാൻ ഉറങ്ങിക്കിടക്കുന്നയാളിനെ വിളിച്ചുണർത്താം. നേരെമറിച്ചു് യാചകരുടെ ഘോഷയാത്രയാണു് റോഡിലുള്ളതെങ്കിൽ ആ മനുഷ്യന്റെ നിദ്രയ്ക്കു ഭംഗം വരുത്തരുതു്. ശ്രീകൃഷ്ണപുരം കൃഷ്ണൻകുട്ടി ദാരിദ്ര്യം സ്വപ്നം കണ്ടു ഉറങ്ങുകയാണെന്നു ഞാൻ പറഞ്ഞാൽ അദ്ദേഹം കോപിക്കും. നിങ്ങളാണു് വേണ്ടാത്ത കിനാവുകൾ കാണുന്നതു്. ഞാൻ നിത്യജീവിതയാഥാർത്ഥ്യങ്ങളിലേക്കു് കണ്ണു തുറന്നുവച്ചിരിക്കുകയാണു് എന്നു് അദ്ദേഹം എന്നെ നോക്കി ഗർജ്ജിച്ചേക്കും. ഇരിക്കട്ടെ. അദ്ദേഹം കാണുന്ന കിനാക്കളിൽ ചെറിയ ശമ്പളം വാങ്ങുന്ന രഘുരാമനുണ്ടു് അയാളുടെ ഭാര്യ വത്സയുണ്ടു്; അവരുടെ മക്കളുണ്ടു് അവർക്കു വേണ്ടതൊന്നും വാങ്ങിക്കൊടുക്കാൻ അയാൾക്കു കഴിയുന്നില്ല. കിനാക്കളെന്നു ഞാൻ ചുമ്മാ പറഞ്ഞതാണു്. യാഥാർത്ഥ്യം തന്നെ. കിനാവിന്റെ മട്ടുവരുന്നതു് ഇനിയാണു്. വീട്ടിലേക്കു പോകാൻ രഘുരാമൻ കയറിയ ബസ്സ് അനന്തമായി സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു. കഥയുടെ പര്യവസാനം കഥാകാരന്റെ വാക്കുകളിൽത്തന്നെ കേട്ടാലും:
പെട്ടെന്നു് വണ്ടി ഒരു കീഴ്ക്കാംതൂക്കിലേക്കിറങ്ങുന്നതു് രഘുരാമൻ കണ്ടു. അഗാധമായ ഇറക്കം. ഡ്രൈവർ ഉറങ്ങുകയാണോ?
ഇല്ല. ഇനി ഞാൻ അനങ്ങില്ല. ആർക്കുമില്ലാത്ത പ്രശ്നം എനിക്കെന്തു് രഘുരാമൻ ഉറപ്പിച്ചു. ഒരു സാക്ഷിയായി എല്ലാം കാണാം. അയാളുടെ മുമ്പിൽ അഗാധമായ കൊക്കനിവർന്നുവന്നു. പക്ഷേ, ബസ്സിലുള്ള ആർക്കും ഒരു പരിഭവവുമില്ല. അയാൾ തന്റെ സഞ്ചിയിൽ മുറുകെപിടിച്ചു. വണ്ടിക്കെന്തു പറ്റുമെന്നു് അയാൾ ഓർത്തില്ല. പക്ഷേ, താൻ ഒരിക്കലും ഈ പൊതി കൈവിടുകയില്ല എന്നയാൾ ഉറപ്പിച്ചിരുന്നു.
ആപത്തു നിറഞ്ഞ ജീവിതത്തെയാണു് അന്തമില്ലാത്ത ആ ബസ്സ് യാത്ര സൂചിപ്പിച്ചിരിക്കുന്നതു്. നല്ല ആശയമെന്നു വായനക്കാർക്കു തോന്നുന്നുണ്ടാവും. അതിൽ തെറ്റുമില്ല. പക്ഷേ, പടിഞ്ഞാറൻ സാഹിത്യം ഒട്ടൊക്കെ വായിച്ചിട്ടുളള എനിക്കു് ഇതിൽ പുതുമയൊന്നുമില്ല.

ഡൂറൻമാറ്റ് എന്ന സ്വിസ്സ് സാഹിത്യകാരൻ The Tunnel എന്നൊരു ചെറുകഥ എഴുതിയിട്ടുണ്ട്. ഒരു ചെറുപ്പക്കാരൻ എന്നും പോകുന്ന സ്ഥലത്തേക്കു പോകാൻ തീവണ്ടിയിൽ കയറുന്നു. പക്ഷേ, രഘുനാഥനുണ്ടായ സംശയം അയാൾക്കും. ബസ്സ് വഴിതെറ്റി മറ്റൊരിടത്തേക്കു പോകുകയാണോ? അതുപോലെ തീവണ്ടി പാളംതെറ്റി വേറൊരിടത്തേക്കു പോകുകയാണോ? തീവണ്ടി ഒരു തുരങ്കത്തിൽ കയറി. അനന്തമായ യാത്ര. തീവണ്ടിയുടെ വേഗം കൂടിക്കൂടി വന്നു. ഇനി ഡൂറൻമാറ്റിന്റെ വാക്കുകൾ തന്നെ കേൾക്കണം:
But just then the engine took a further turn downwards. It hurtled towards the interior of the earth, goal of all things, in its terrible plunge.
ശ്രീകൃഷ്ണണപുരം കൃഷ്ണൻകുട്ടി ഡൂറൻമാറ്റിന്റെ കഥ വായിച്ചിട്ടുണ്ടെന്നു് എനിക്കഭിപ്രായമില്ല. അദ്ദേഹം ആ സ്വിസ്സ് സാഹിത്യകാരനെപ്പോലെ പ്രതിഭാശാലിയാണെന്നേ ഞാൻ കരുതുന്നുളളൂ.
ഹാ, മൺകുടത്തിലെരിയുന്ന മണിപ്രദീപം!
ഭീമശ്മശാനഭുവി നട്ടരസാല പോതം!

മർഗറീത് ഈയൂർസനാർ (Marguerite Yourcenar) പ്രതിഭാശാലിനിയായ ഫ്രഞ്ച് നോവലെഴുത്തുകാരിയാണു്. അവരുടെ Memoirs of Hadrian എന്ന നോവലിനെ timeless masterpiece എന്നാണു് നിരൂപകർ വിശേഷിപ്പിക്കുക. ഹേഡ്രീയൻ റോമാച്ചക്രവർത്തിയായിരുന്നു. അദ്ദേഹം മരണശയ്യയിൽ കിടന്നുകൊണ്ടു് കൊച്ചനന്തരവനായ മാർകസ് ഒറീലീയസിനു് എഴുതുന്ന രീതിയിൽ രചിക്കപ്പെട്ട ഈ നോവൽ വിസ്മയാവഹമാണു്.

ഹേഡ്രീയൻ (117–138) കവിതയിലും സംഗീതത്തിലും തല്പരനായിരുന്നു. കലാകാരന്മാരെ പ്രോത്സാഹിപ്പിച്ച അദ്ദേഹം ധീരനായ യോദ്ധാവും ആയിരുന്നു. ഹേഡ്രീയന്റെ പ്രേമഭാജനമായിരുന്നു അന്റിനോയസ് (Antinous) എന്ന യുവാവ്. അയാൾ നൈൽ നദിയിൽ മുങ്ങി മരിച്ചപ്പോൾ ചക്രവർത്തി വല്ലാതെ ദുഃഖിച്ചു. ആ യുവാവിന്റെ ശിരസ്സോടുകൂടിയ നാണയങ്ങൾ ഹേഡ്രീയൻ അടിച്ചു പ്രചരിപ്പിച്ചു. അയാളുടെ പ്രതിമകൾ രാജ്യത്തെങ്ങും വച്ചു. അതൊരു സ്വവർഗ്ഗാനുരാഗത്തിന്റെ കഥയാണു്.
“ഹേഡ്രീയന്റെ സ്മരണകൾ” സാങ്കല്പികങ്ങളായ സ്മരണകളത്രേ. അതു് സ്വവർഗ്ഗാനുരാഗതൽപരനായ ഒരു ചക്രവർത്തിയുടെ സ്മരണകൾ മാത്രമല്ല കലയെ സ്നേഹിച്ച മനുഷ്യനെ സ്നേഹിച്ച ഒരു മഹാവ്യക്തി ജീവിതത്തെയും മരണത്തെയും കുറിച്ചു നടത്തുന്ന ചിന്തനങ്ങളാണു് ഈ മാസ്റ്റർ പീസിലുളളതു്. മരണത്തിലൂടെയാണു് അദ്ദേഹം എല്ലാം സംവീക്ഷണം ചെയ്യുന്നതു്. “നിദ്രയുടെ വെളുത്ത നീരുറവ മരണത്തിന്റെ ഇരുണ്ട നീരുറവയിലേക്കു്” ഒഴുകിപ്പോകുന്നതിന്റെ ചിത്രം ഇതിൽ നിന്നു ലഭിക്കും. തുറന്ന കണ്ണുകളോടെ മരണത്തിലേക്കു കടന്നുചെല്ലാൻ ഹേഡ്രീയൻ ആവശ്യപ്പെടുന്നു. മരണ ഭയം മാറ്റുന്ന ഈ നോവൽ മരണത്തെക്കാൾ ശക്തിയാർജ്ജിച്ചതാണു്.
മനുഷ്യജീവിതത്തെ മൂന്നുതരത്തിൽ വിലയിരുത്താമെന്നു് ചക്രവർത്തി പറയുന്നു. ഒന്നു്: തന്നെത്തന്നെ പഠിക്കുക. ഇതു് ആപത്തു നിറഞ്ഞ മാർഗ്ഗം. എങ്കിലും ഫലപ്രദം. രണ്ടു് നമ്മളിൽ നിന്നു സ്വന്തം രഹസ്യങ്ങൾ മറച്ചുവയ്ക്കുന്ന ആളുകളെ നിരീക്ഷണം ചെയ്യുക. മൂന്നു്: മനുഷ്യശബ്ദം ഉയരുന്ന ഗ്രന്ഥങ്ങൾ വായിക്കുക. മനുഷ്യന്റെ ശബ്ദമുയരുന്ന മഹനീയമായ കലാസൃഷ്ടിയാണു് ഈ നോവൽ.
അലമാരി നിറയെ വിലകൂടിയ സാരികൾ അടുക്കിയടുക്കിവച്ചിട്ടു് “ശ്ശേ ഒരു സാരിപോലുമില്ല എനിക്കുടുക്കാൻ” എന്നു പരാതിപറയുന്ന സ്ത്രീയെപ്പോലെയാണു് നമ്മുടെ ചില വായനക്കാർ. വ്യാസന്റെ മഹാഭാരതവും വാല്മീകിയുടെ രാമായണവും ഉണ്ടായിരുന്നിട്ടും “വായിക്കാനൊന്നുമില്ലല്ലോ” എന്നു് അവർ പരിഭവിച്ചു പറയുന്നു.