സാഹിത്യത്തിൽ താൽപര്യമുളളവനെ ജീവിപ്പിക്കുന്നതു് പുസ്തകങ്ങളാണു്. കൂടുതൽ വായിക്കുന്നതുകൊണ്ടു് എന്തു പ്രയോജനമെന്നു പ്രൊഫസർ എസ്. ഗുപ്തൻ നായർ ഒരിക്കൽ എന്നോടു ചോദിച്ചു. ലോകവുമായി അവ നമ്മെ കൂട്ടിയിണക്കുന്നു എന്നു് എന്റെ ഉത്തരം. ആ ബന്ധം മറ്റു ബന്ധങ്ങളെക്കാൾ ദൃഡതയുള്ളതാണു്.
അയാൾ അവളെ സ്നേഹിച്ചു. അവൾ അയാളെയും. അതു് എന്തൊരു സ്നേഹമായിരുന്നു! അയാളുടെ സാന്നിദ്ധ്യത്തിലും അസാന്നിദ്ധ്യത്തിലും അവളുടെ കണ്ണുകൾ ആർദ്രങ്ങളായി. കവിൾത്തടങ്ങൾ ജ്വലിച്ചു. മധുരപദങ്ങൾ ചുണ്ടുകളിൽ നിന്നൊഴുകി. അയാളുടെ, സ്ഥിതിയും അതുതന്നെ. അവളുടെ അടുത്തിരിക്കുമ്പോൾ അയാൾക്കെന്തൊരു തേജസ്സ്! ഇരുണ്ട വിദൂരതയിലും അവളെ ധ്യാനിക്കുമ്പോൾ അയാൾക്കു് ഔജ്ജ്വല്ല ്യം തന്നെ. അങ്ങനെയിരിക്കെ വീട്ടുകാർ അവൾക്കു വിവാഹം നിശ്ചയിച്ചു. കാമുകനെക്കാൾ സുന്ദരനല്ലെങ്കിലും ആരോഗ്യമുളളവനും ധനമുളളവനുമായ യുവാവു്. ജീവിതത്തിന്റെ സുരക്ഷിതത്വമാണല്ലോ ഏതൊരു സ്ത്രീയുടേയും നോട്ടം. അശക്തനു് ജനിക്കുന്ന കുഞ്ഞിനെക്കാൾ ശക്തനു് ജനിക്കുന്ന കുഞ്ഞുതന്നെയാണു് വേണ്ടതു്. ഉൽകടപ്രേമത്തോടു് യാത്ര പറഞ്ഞിട്ടു് അവൾ കല്യാണമണ്ഡപത്തിലേക്കു് കാലെടുത്തുവച്ചു. വിവാഹം കാണാൻ ഞാനും പോയിരുന്നു. പൂർവകാമുകനെ അവിടെയെങ്ങും ഞാൻ കണ്ടില്ല. വരൻ ഗൾഫ് ദേശത്തെ ജോലിക്കാരനാണു്. അയാളും നവവധുവും യാത്രയാരംഭിക്കുന്ന ദിവസം. തീവണ്ടിയാപ്പീസിൽ ഞാനെത്തി. അങ്ങു ദൂരെ പഴയ കാമുകൻ നില്ക്കുന്നുണ്ടു് തീവണ്ടി നീങ്ങിക്കഴിഞ്ഞാലുടൻ താൻ മറ്റൊരു തീവണ്ടിയുടെ അടിയിൽ തല വയ്ക്കുമെന്നാണു് അയാളുടെ മട്ടു്. ആ കാമുകനെ കരുതിയല്ലെങ്കിലും അവൾ കള്ളക്കണ്ണീരൊഴുക്കുന്നുണ്ടു്. മേൽവിലാസം പോലുമറിയാൻ വയ്യാത്ത ഒരുത്തനോടുകൂടി പോകുകയല്ലേ. ലോകത്തുളള മുതലകൾക്കെല്ലാം ആഹ്ലാദമുളവാക്കിക്കൊണ്ടു് അവൾ മിഴിനീരു് ഒഴുക്കുകയാണു്. അങ്ങനെ കണ്ണീരൊഴുകിക്കൊണ്ടിരിക്കുമ്പോൾ തീവണ്ടി നീങ്ങി. പേട്ട തീവണ്ടിയാപ്പീസിലെത്തുന്നതിനു മുൻപു് ആ ബാഷ്പത്തിലൂടെ അവളുടെ പുഞ്ചിരി പ്രകാശിച്ചിരിക്കും; മഴ പെയ്യുമ്പോൾ സൂര്യൻ തിളങ്ങുന്നതുപോലെ. പഴയ കാമുകൻ രാജവീഥിയിലേക്കു പോന്നു. ആര്യ സെൻട്രൽ റ്റീ ഷോപ്പ്. കേറിയാൽ ചൂടു ചായ കുടിക്കാം. വേണമെങ്കിൽ ഉഴുന്നുവടയും തിന്നാം. അയാൾ അങ്ങോട്ടു കയറിയപ്പോൾ ഞാനും കയറി. ഞാൻ പ്രതീക്ഷിച്ചപോലെ അയാൾ ചായകുടിച്ചു, ഉഴുന്നുവട തിന്നു. കാമുകൻ റോഡിലിറങ്ങിയപ്പോൾ ഞാനും. ബസ്സ് വരുന്നു. അതിൽ പറ്റിക്കൂടിയാൽ വീട്ടിൽ ചെന്നു കിടക്കാമെന്നു് അയാൾ വിചാരിച്ചിരിക്കും. ഓട്ടോറിക്ഷയിൽ കയറിയാൽ വേഗം വീട്ടിലെത്താമെന്നു കരുതിയിരിക്കും. ടാക്സിക്കാറിലാണെങ്കിൽ അതിലും വേഗത്തിൽ. സുന്ദരികളായ തരുണികൾ അടുത്ത ട്രെയിനിൽ പോകാൻ തിടുക്കത്തിൽ വരുന്നു. അവരിലൊരുത്തിയോടു് ചങ്ങാത്തം കൂടിയാൽ അവൾ വേറെ വിവാഹം നടത്തുന്നതുവരെ കാമുകനായി കഴിയാമല്ലോ എന്നും അയാൾ ചിന്തിച്ചിരിക്കും. അയാൾ നടക്കുന്നു. ഞാൻ വീണ്ടും തീവണ്ടിയാപ്പീസിൽ വന്നു ഹിഗിൻ ബോത്തംസ് ബുക്ക്സ്റ്റാളിന്റെ മുൻപിൽ നില്പായി. എന്നെ മറ്റൊരു ലോകവുമായി കൂട്ടിയിണക്കുന്നതു പുസ്തകമാണു്. ആ പൂർവകാമുകനെ ബാഹ്യലോകവുമായി ബന്ധിപ്പിച്ചതു് ഭക്ഷണശാലയാണു്, വാഹനമാണു്, തരുണികളാണു്. ഈ ബന്ധങ്ങളുള്ളതുകൊണ്ടാണു് നമ്മൾ ഇവിടെ കഴിഞ്ഞുകൂടുന്നതു്. എന്നു് ഒരു ബന്ധവുമില്ലാതാകുമോ അന്നു നമ്മൾ ആത്മഹത്യ ചെയ്യും. തീവണ്ടിയിൽ ഭർത്താവിനോടൊരുമിച്ചുപോയ യുവതിക്കു് അപ്പോൾ ഒരു ബന്ധമേയുള്ളു. അയാളോടുള്ള ബന്ധം. അതിനു ശൈഥില്യം വരണമെങ്കിൽ ഗൾഫ് രാജ്യത്തു് ചെന്നതിനു ശേഷമുളള അയാളുടെ കുത്സിതത്വങ്ങൾ കാണണം. അതുവരെ അവൾ അയാളുടെ മടിയിൽ തലവച്ചു കിടക്കും. പുഞ്ചിരികൊണ്ടു നനഞ്ഞ കണ്ണുകളാൽ അയാളെ അഭിലാഷത്തോടെ നോക്കും. ആവർത്തിക്കട്ടെ. സാഹിത്യത്തിൽ താൽപര്യമുളളവനെ ജീവിപ്പിക്കുന്നതു് പുസ്തകങ്ങളാണു്. കൂടുതൽ വായിക്കുന്നതുകൊണ്ടു് എന്തു പ്രയോജനമെന്നു പ്രൊഫസർ എസ്. ഗുപ്തൻ നായർ ഒരിക്കൽ എന്നോടു ചോദിച്ചു. ലോകവുമായി അവ നമ്മെ കൂട്ടിയിണക്കുന്നു എന്നു് എന്റെ ഉത്തരം. ആ ബന്ധം മറ്റു ബന്ധങ്ങളെക്കാൾ ദൃഡതയുള്ളതാണു്.
നിങ്ങളെ ചിരിപ്പിക്കുന്ന ഭാവവിശേഷം? ആകൃതി സൗഭഗമുള്ള പുരുഷന്മാരെ റോഡിൽ കാണുമ്പോൾ അവരെ നോക്കാൻ സ്ത്രീകൾക്കു കൊതി. എങ്കിലും പണിപ്പെട്ടു് അവർ കണ്ണുകൾ വലിച്ചെടുക്കും. അതിന്റെ ഫലമായി മുഖത്തെ മാംസപേശികൾ വക്രിക്കും. കാണേണ്ട കാഴ്ചയാണതു്.
ഈ ബന്ധമുളവാക്കാൻ എസ്. വി. ഉണ്ണിക്കൃഷ്ണന്റെ “ഇരുപത്തൊന്നിലേക്കു്” എന്ന പരിഹാസരചനയ്ക്കു തെല്ലും കഴിയുന്നില്ല എന്നതു അദ്ഭുതാവഹമല്ലെങ്കിലും ദുഃഖജനകമാണു്. സമയവും പണവും ഊർജ്ജവും നഷ്ടപ്പെടുമ്പോൾ വിഷാദമുണ്ടാകുമല്ലോ. ഇരുപത്തൊന്നാം ശതാബ്ദമാകുമ്പോൾ ദാരിദ്യം നിശ്ശേഷം നിർമ്മാർജ്ജനം ചെയ്യപ്പെട്ടിരിക്കുമെന്നാണല്ലോ അധികാരികളുടെ പ്രഖ്യാപനം. ദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്യപ്പെടുകയില്ലെന്നു മാത്രമല്ല ആ വാക്കു പറയുന്നവനെ അറസ്റ്റ് ചെയ്തു കൂട്ടിലാക്കുകയും ചെയ്യും എന്നാണു് ഉണ്ണിക്കൃഷ്ണനു പറയാനുളളതു്. ആഹാരം കഴിക്കാതെ മരണത്തിന്റെ വക്കിലോളമെത്തിയ കുഞ്ഞിനെ എടുത്തുകൊണ്ടു് എത്തിയ അതിന്റെ അച്ഛനോടു് പൊലീസ് പറയുന്നു: “രക്ഷ വേണമെങ്കിൽ പട്ടിണിയെന്നു മിണ്ടരുതു്. വേഗം സ്ഥലം വിട്ടു് വീട്ടിൽ പോയിരുന്നോ. അല്ലെങ്കിൽ ഒന്നുകിൽ ജയിൽ അല്ലെങ്കിൽ ഭ്രാന്താസ്പത്രി.” ധിഷണയും ഹാസ്യവും കൂട്ടിയിണക്കി കലാകാരൻ സൃഷ്ടിക്കുന്നതാണു് പരിഹാസരചന. ഈ ലോകത്തു് ചിന്തിക്കാൻ വളരെക്കുറച്ചു സമയമേയുള്ളു. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പരസ്യപ്പെടുത്താൻ പാകത്തിൽ ഒരു കഥ ചിന്തിച്ചെടുത്തപ്പോൾ അതു് ‘പ്ലാറ്റിറ്റ്യൂഡി’ന്റെ സന്തതിയായിപ്പോയി. ഉണ്ണിക്കൃഷ്ണനെന്തുചെയ്യും. ധിഷണയുടെ കാര്യത്തിലും അദ്ദേഹം ഒരുണ്ണി തന്നെയാണല്ലോ. എന്നാൽ ഹാസ്യംകൊണ്ടു് കാര്യം നേടാമെന്നു കരുതിയാലോ? ഹാസ്യം അനുഗൃഹീതന്മാർക്കു മാത്രമുള്ളതാണു്. അതുകൊണ്ടു് ശുഷ്കമായ പ്രബന്ധത്തിന്റെ രീതിയിൽ ഒരു ശകാരം അദ്ദേഹമങ്ങു നടത്തുന്നു. ശകാരിക്കുന്നയാൾ സാഹിത്യകാരനല്ല ‘കാരിക്കേച്ച’റാണു്. റോസാച്ചെടിയുടെ കമ്പുമുറിച്ചെടുത്തു നടുന്നവനെ അത്ഭുതപ്പെടുത്തുന്ന മട്ടിൽ അതിൽ പച്ചയിലകളും പൂക്കളുമുണ്ടാകുന്നു. വിരൂപമായ ചെങ്കല്ലു് ഒന്നിനു മുകളിൽ വേറൊന്നായി വയ്ക്കുന്നവനെ ആഹ്ലാദത്തിലെറിഞ്ഞുകൊണ്ടു് സൗധമുയരുന്നു. മാർബിളിൽ ഉളികൊണ്ടു് തട്ടിക്കൊണ്ടിരിക്കവെത്തന്നെ ഒരത്ഭുതസ്ത്രീരൂപം ആവിർഭവിച്ചു് ശില്പിയെ പുളക പ്രസരത്തിലേക്കു നയിക്കുന്നു. താൻ വാക്കുകളെടുത്തു വെളളക്കടലാസ്സിൽ ഇട്ടപ്പോൾ ഇങ്ങനെയൊരു ‘ഗ്രൊട്ടസ്ക്ക് മോക്കറി’ സൃഷ്ടിക്കുമെന്നു് ഉണ്ണിക്കൃഷ്ണൻ അറിഞ്ഞിരിക്കില്ല.
ലിയോണിദസ് എന്ന കവി ചോദിച്ചു: “ഒരിക്കലും മദ്യപിക്കാതെ മാന്യനായി ജീവിച്ചു് മരിച്ച യൂബോലസി നെ ഓർമ്മയില്ലേ? അയാളുടെ ശവക്കല്ലറയാണിതു്. അതുകൊണ്ടു് നമുക്കു മദ്യപിക്കാം. നമ്മളെല്ലാവരും ഒരേ തുറമുഖത്തു നങ്കൂരമിടുന്നവരല്ലേ?”
നന്നായി എഴുതിയാലും ചീത്തയായി എഴുതിയാലും നമ്മളാകെ മരിക്കും. അതിനാൽ വിമർശനമെന്തിനു് എന്നൊരു സംശയം.
ഈ സംശയത്തോടെ എഴുതുകയാണു് ഞാൻ. ജീവിതകാലം മുഴുവൻ ഇറച്ചിവെട്ടിയവനു് പിച്ചിപ്പൂ കെട്ടാൻ കൊതി. പ്രതിയോഗിയുടെ മൂക്കിലിടിച്ചു രക്തം ചാടിക്കുന്ന ബോക്സിങ് ചാമ്പ്യനു് സ്വന്തം കുഞ്ഞിന്റെ മൂക്കിൽ ഉമ്മവയ്ക്കാൻ ആഗ്രഹം. പട്ടച്ചാരായം അന്നനാളം വഴി എപ്പോഴും ഒഴിച്ചുകൊണ്ടിരിക്കുന്നവനു് അമ്പലപ്പുഴ പാൽപ്പായസം രുചിക്കാൻ അഭിലാഷം. പതിനെട്ടു കൊല്ലമായി ഏറിയകൂറും പ്രതികൂലമായി ഏഴുതിക്കൊണ്ടിരിക്കുന്ന എനിക്കു് അനുകൂലമായി നാലുവാക്കു പറയാൻ താൽപര്യം. മാതൃഭൂമി ആഴ്ചപ്പതിപ്പുതന്നെ തുറക്കട്ടെ.
സി. പി. വത്സന്റെ ‘നിഷ്പന്ദകാലം’ തുടങ്ങുന്നു.
ഈയിലച്ചീന്തിലൊരു ഭൂമിയുടെ ഹൃദയവും മലകളുടെ ഹരിതവും
അരിമണിയുമുലയുന്ന തിരിനാളവും നിഴൽ
പിണയുന്ന കാടിന്റെ സർപ്പക്കളങ്ങളും
അന്തിയുടെ കുരുതിയും
സങ്കീർത്തനത്തിൽ ചരടറ്റ പട്ടവും വിഹ്വലം
വാലുമാക്രി മാക്രിയാകും; കൃമികോശം ചിത്രശലഭമാകും; കളിമണ്ണു കൃഷ്ണവിഗ്രഹമാകും, മാർബിൾക്കഷണം വീനസാകും. വാക്കുകളുടെ ഈ വൈരൂപ്യം കവിതയാകുന്നതെങ്ങനെ? ഞാൻ നല്ലവാക്കു പറയുന്നതെങ്ങനെ? വികാരം പൂർണ്ണമായും അദൃശ്യമാകത്തക്ക വിധത്തിൽ ‘ഇമേജറി’ പ്രയോഗിച്ചാൽ കവിതയാകുമോ? ആ ഇമേജറികൊണ്ടു് വായനക്കാരനു് അമ്പരപ്പു് ഉണ്ടാക്കിയാൽ കവിതയാകുമോ? മേശപ്പുറത്തു സ്വർണ്ണച്ചെയിൻ ആകാശത്തു മിന്നല്പിണർ എന്നു പറയുന്നതിനുപകരം മേശപ്പുറത്തു് മിന്നൽപിണർ ആകാശത്തു സ്വർണ്ണച്ചെയിൻ എന്നു പറഞ്ഞാൽ കവിതയാകുമോ? നമ്മുടെ ഈ കാലം അപരിഷ്ക്കൃതമാണു്. കവിതയെസ്സംബന്ധിച്ചു് അതേറ്റവും അപരിഷ്കൃതം.

കുങ്കുമം വാരികയിൽ എന്റെ കാരിക്കേച്ചർ വരച്ച ജി. ഹരിയോടു് എനിക്കു് നന്ദിയുണ്ടു്. ആയിരം നല്ലവാക്കുകൾ പറഞ്ഞിട്ടു് ഒരു ചീത്തവാക്കു പറഞ്ഞാൽ മതി ആ നല്ല വാക്കുകളെ മറന്നിട്ടു് ആളുകൾ കോപിഷ്ഠരാകും. എന്നെക്കുറിച്ചു് ധാരാളം നന്മ പറഞ്ഞിട്ടു് ഒരു ദോഷമെടുത്തു കാണിക്കുന്നു ഹരി. പത്രാധിപന്മാരുടെയും പത്രാധിപസമിതിയിലെ ആളുകളുടെയും രചനകളെപ്പറ്റി ഞാൻ നല്ലതേ പറയൂ. അതിനുകഴിവില്ലെങ്കിൽ അവ കണ്ടമട്ടു കാണിക്കില്ല എന്നതാണു് ദോഷം. ഇതിൽ എനിക്കു് പരിഭവമില്ല. പിന്നെ ഒരു ചോദ്യം. പത്രാധിപൻമാരെഴുതുന്നതു നന്നായിക്കണ്ടാൽ ആ പരമാർത്ഥം പറയേണ്ടതല്ലേ? എൻ. വി. കൃഷ്ണവാരിയരു ടെ കാവ്യങ്ങൾ ഉത്കൃഷ്ടങ്ങളാണു്. അദ്ദേഹത്തിന്റെ ഒരു നല്ല കാവ്യം കണ്ടാൽ മിണ്ടാതിരിക്കുന്നതു ശരിയാണോ? തിന്മ കണ്ടാൽ കണ്ണടയ്ക്കുന്നു എന്നു ഹരി പറഞ്ഞതും ആത്രകണ്ടു ശരിയല്ല. കലാകൗമുദി പത്രാധിപസമിതിയിലെ ഒരംഗത്തിന്റെ പല കഥകളും മോശമാണെന്നു ഞാൻ എഴുതിയിട്ടുണ്ടു്. അദ്ദേഹത്തിന്റെ നല്ല കഥകൾ നന്മയാർന്നതാണെന്നും. ഞാൻ ബുദ്ധിമാനാണെന്നു വാദത്തിനു വേണ്ടി സമ്മതിക്കൂ. അങ്ങനെയിരിക്കെ ഒരാൾ എന്റെ മുഖത്തുനോക്കി “you are a fool” എന്നു പറഞ്ഞാൽ ഞാനും അതു കേൾക്കുന്നവരും ചിരിക്കും. ഞാൻ മണ്ടൻ തന്നെയാണെങ്കിൽ വക്താവു് സത്യം പറഞ്ഞുവെന്നു കരുതി ചിരിക്കാതിരിക്കും. കേൾക്കുന്നവനും ചിരിക്കാതെ പോകും. ഹരിക്കു വീണ്ടും കൃതജ്ഞത പറഞ്ഞുകൊണ്ടു് ദോഷാരോപണത്തിൽ ഞാനൊന്നു ചിരിക്കട്ടെ.

2. വൈകുന്നേരം മൂന്നു മണിക്കു തിരുവനന്തപുരത്തെ ചായക്കടകളുടെ മുൻപിൽ എരുമകളെ കൊണ്ടുവന്നു കെട്ടി പാലു കറന്നുകൊടുക്കും എരുമയുടമസ്ഥന്മാർ. ഇതുപോലെ കവിത കറന്നു വാരികകൾക്കു കൊടുക്കുന്ന കവികൾ ഇവിടെ ഏറെയുണ്ടെന്നു പാലാ നാരായണൻനായർ ഒരു പ്രഭാഷണത്തിനിടയിൽ പറഞ്ഞു. അസത്യം കേട്ടാൽ ചിരിക്കുമെന്നു മുകളിൽ എഴുതി. ഇവിടെ സത്യം കേട്ടു് ഞാൻ ചിരിക്കുന്നുവെന്നു് എഴുതിക്കൊളളട്ടെ. വൈരുദ്ധ്യത്തിനു മാപ്പ്.
You are naive and vain. You are a woman-hater. (അനുഭവ സമ്പത്തില്ലാത്ത, വിധി നിർണ്ണയത്തിനു് കഴിവില്ലാത്ത ലളിതമനസ്കനാണു് നിങ്ങൾ. അഹങ്കാരിയും. സ്ത്രീ വിദ്വേഷിയാണു് നിങ്ങൾ) ഒരു അധ്യാപിക ഇങ്ങനെ എഴുതി അയച്ചിരിക്കുന്നു. ആദ്യത്തെ നിരീക്ഷണം ശരിയാവാം. അഹങ്കാരിയാണെന്നതു ശരിയല്ല. സ്ത്രീ വിദ്വേഷിയുമല്ല ഞാൻ. എനിക്കു് ജനനം നല്കിയതു് സ്ത്രീയാണു്. ഞാൻ മറുപടി അയയ്ക്കാറില്ലെങ്കിലും എന്നെ ബഹുമാനിച്ചുകൊണ്ടു സ്ത്രീകൾ കത്തുകളെഴുതാറുണ്ടു്. അതുകൊണ്ടു് ഞാൻ സ്ത്രീകളെ വെറുക്കുന്നില്ല. പിന്നെ എന്റെ അമ്മയ്ക്കും കത്തുകൾ അയയ്ക്കുന്നവർക്കും ഐൻസ്റ്റൈന്റെ ബുദ്ധിവിശേഷമില്ലെങ്കിൽ, സൈഗാളി നെപ്പോലെ അവർക്കു പാടാൻ അറിഞ്ഞുകൂടെങ്കിൽ, ശ്രീനിവാസ ശാസ്ത്രി യെപ്പോലെ, ചർച്ചിലി നെപ്പോലെ പനമ്പിളളി ഗോവിന്ദമേനോനെ പ്പോലെ പ്രസംഗിക്കാൻ കഴിവില്ലെങ്കിൽ ഞാനെന്തിനു് ആ സ്ത്രീകളെ കുറ്റപ്പെടുത്തണം? സ്ത്രീകളെസ്സംബന്ധിച്ചു് പ്രകൃതിക്കു് അങ്ങനെയൊരു ഉദ്ദേശ്യമേയില്ലല്ലോ.
ഒരിക്കലെഴുതിയ സംഭവമാണു്. മനോരമ പത്രം ദയാപൂർവം അതു് വാചകമേളയിൽ ചേർത്തിരുന്നു. എങ്കിലും വായനക്കാരുടെ സദയാനുമതിയോടെ ആവർത്തിക്കുകയാണു്. എന്റെ ഒരകന്ന ബന്ധുവിനെ തിരുവനന്തപുരത്തെ കിഴക്കേക്കോട്ടയ്ക്കടുത്തുവച്ചുകണ്ടു. “എന്തെല്ലാം വിശേഷം?” എന്ന സ്ഥിരം ചോദ്യം ഞാൻ ചോദിച്ചു. അയാളുടെ മറുപടി: കഴിഞ്ഞ മാസം കുറെ അനാമത്തു ചെലവുകളൊക്കെ വന്നുപോയി. അച്ഛൻ കേറിയങ്ങു ചത്തു. ശവമടക്കുന്നതിനു് ചെലവു്. സഞ്ചയനത്തിനു് ചെലവു്. കുളി ദിവസം സദ്യ. പത്തുരണ്ടായിരം രൂപ പൊട്ടി. കൂടുതൽ കേട്ടാൽ എന്റെ കാതു പൊട്ടിപ്പോകുമെന്നതുകൊണ്ടു് ഞാൻ തിടുക്കത്തിൽ നടന്നു. ഇതു പറഞ്ഞയാൾ കൊച്ചുകുഞ്ഞായിരുന്നപ്പോൾ അച്ഛന്റെ മടിയിൽ മലമൂത്രവിസർജ്ജനം നടത്തിയിരിക്കും. അവനു് പനി വന്നപ്പോൾ അയാൾ അവനെയും കൊണ്ടു് ചൈൽഡ് സ്പെഷ്യലിസ്റ്റിന്റെ അടുക്കലേക്കു ഓടിയിരിക്കും. പനി കുറയുന്നില്ലെന്നു കണ്ടു കരഞ്ഞിരിക്കും. അവനെ പഠിപ്പിക്കാൻ ഭാര്യയുടെ— അവന്റെ അമ്മയുടെ—ആഭരണങ്ങൾ വിറ്റിരിക്കും. അവനു നല്ല സഹധർമ്മിണി വേണമെന്നു കരുതി അയാൾ നാടൊക്കെ അലഞ്ഞു് ഒരുത്തിയെ കണ്ടുപിടിച്ചിരിക്കും. വിവാഹം നടത്താൻ പണം കടം മേടിച്ചിരിക്കും തെണ്ടിയിരിക്കും. മകൻ ആഹ്ലാദിക്കുന്നതുകണ്ടു് ആ പാവം ആഹ്ലാദബാഷ്പം പൊഴിച്ചിരിക്കും. അങ്ങനെയുളള അച്ഛൻ മരിച്ചപ്പോൾ പണം ചെലവാക്കേണ്ടിവന്നു മകനു്. അതാണു് അനാമത്തു് ചെലവായി പുത്രൻ കണ്ടതു്. എല്ലാ പിതാക്കന്മാരോടും പ്രായം കൂടിയ ഞാൻ പറയുന്നു; “നിങ്ങളൊക്കെ അനാമത്തു് ചെലവു മക്കൾക്കു വരുത്തിക്കൂട്ടുന്നവരാണു്.” മനുഷ്യന്റെ ഈ കൃതഘ്നതയെ ഹാസ്യഛായ കലർത്തി എന്നാൽ രമണീയമായി; ആവിഷ്കരിക്കുന്ന ഒരു കഥയുണ്ടു് കലാകൗമുദിയിൽ. പി. എൻ. വിജയന്റെ ‘മാവിന്റെ കാലാവധി’. വൃദ്ധനായ പിതാവിന്റെ വീട്ടിൽ മക്കളെല്ലാവരും വന്നിട്ടുണ്ടു്. സംസാരത്തിനിടയിൽ ഒരുത്തൻ പറഞ്ഞു: “അല്ല തൊടീലിനി ഈ മാവല്ലേ ഉള്ളു. അതിന്റെ കാലാവധി ഇനി എത്ര ദിവസാണാവോ?” കിഴവനു ആ ചോദ്യത്തിന്റെ സാരാംശം പിടികിട്ടി. എങ്കിലും അയാൾ അപ്പോൾ ഒന്നും പറഞ്ഞില്ല. മക്കൾ തിരിച്ചുപോകാൻ ഭാവിച്ചപ്പോൾ അയാൾ അവരെ അറിയിച്ചു: “എനിക്കു വയ്യാന്നായിത്തൊടങ്ങി. ഇനി എത്ര ദെവസാണു രൂപല്യ… പിന്നെ വെഷമം തോന്നരുതു്. ഈ മാവ് ഇവിടെത്തന്നെ നിന്നോട്ടെ” മക്കളും പേരക്കുട്ടികളും ഞെട്ടിയിരിക്കില്ല. “അനാമത്തു് ചെലവുകാർ” ഞെട്ടുന്നതെങ്ങനെ? ചെറുപ്പക്കാരുടെ ആഹ്ലാദാരുണിമയിൽ വൃദ്ധന്റെ ഏകാന്തതയുടെയും നിരാശതയുടെയും കരിനിഴൽ വീഴുന്നു. ആ നിഴലാണു് എന്റെ ജീവിതാവബോധത്തെ തീക്ഷ്ണമാക്കി മാറ്റുന്നതു്. വൃദ്ധന്റെ ഹൃദയസ്പന്ദനത്തോടൊരുമിച്ചു നമ്മുടെ ഹൃദയവും സ്പന്ദിക്കുന്നു.

വാർദ്ധക്യത്തെക്കുറിച്ചു് പടിഞ്ഞാറൻ നാട്ടിലുണ്ടായ ഏറ്റവും ചിന്തോദ്ദീപകമായ ഗ്രന്ഥം സീമോൻ ദ ബോവ്വാറി ന്റെ Old Age എന്നതാണു്. ചെറുപ്പക്കാർക്കു് വൃദ്ധന്മാർ എപ്പോഴും other ആയി കാണപ്പെടുന്നു എന്നു് ബോവ്വാർ അതിൽ പറയുന്നു. അദർ (other) എന്ന സങ്കല്പം അസ്തിത്വവാദത്തിലെ പ്രധാനപ്പെട്ട ആശയമാണു്. ഞാൻ എന്നതു് ബോവ്വാറിന്റെ ദൃഷ്ടിയിൽ ശരീരമാണു്. എനിക്കു് അയാളുടെ നോട്ടത്തിൽ വസ്തുവിന്റെ സ്വഭാവമാണുളളതു്. അതുപോലെ അയാളെ ഞാൻ വസ്തുവായി പരിഗണിക്കുന്നു. അതുതന്നെയാണു് ‘അദർ’. ചില മര്യാദകെട്ട ഉദ്യോഗസ്ഥന്മാരുടെ മുൻപിൽ പാവപ്പെട്ട ക്ലാർക്കന്മാർ കുറേനേരത്തേക്കു് തലയുയർത്തി നോക്കില്ല. അവരുടെ നോട്ടത്തിൽ ഗുമസ്തന്മാർ അദറാണു്— വസ്തുക്കളെപ്പോലെയാണു്. (ഉദാഹരണം എന്റേതു്)

ലൈംഗികതയുടെ സൂക്ഷ്മമാംശങ്ങളെ ചേതോഹരമായി ധ്വനിപ്പിക്കുന്നതിൽ കാവാബത്ത യ്ക്കുള്ള വൈദഗ്ദ്ധ്യം അന്യാദൃശമാണു്. അദ്ദേഹത്തിന്റെ The Ring എന്ന കൊച്ചുകഥ ഇതിനു് നിദർശകമായിരിക്കുന്നു.
ആ അരുവിയിൽ പതിനൊന്നോ പന്ത്രണ്ടോ വയസ്സുളള പെൺകുട്ടി നഗ്നയായി നിന്നു. അവിടെയെത്തിയ ഒരു നിയമ വിദ്യാർത്ഥി വസ്ത്രമഴിച്ചു കരയിലിട്ടിട്ടു വെള്ളത്തിൽ മുങ്ങി; അവൾ നില്ക്കുന്നതിനടുത്തുതന്നെ. പെൺകുട്ടിയുടെ വൈരസ്യമാർന്ന മുഖം മന്ദസ്മിതത്തിൽ മുങ്ങി. പുരുഷന്മാർക്കു വൈഷയികമായ ആഹ്ലാദം നല്കുന്നതിനുവേണ്ടി മാത്രമുള്ള ഒരു തരം ജീർണ്ണിച്ച സൗന്ദര്യമായിരുന്നു അവൾക്കു്. “അയ്യോ ഞാനതു ഊരിവയ്ക്കാൻ മറന്നുപോയി.” എന്നു് അവൾ ഉറക്കെപ്പറഞ്ഞു് ഇടതുകൈ ഉയർത്തി. അവൾക്കു് മോതിരം പ്രദർശിപ്പിക്കാൻ ആഗ്രഹമുണ്ടായിരുന്നുവെന്നു് അയാൾക്കു തോന്നി. പ്രായം കൂടിയ പുരുഷനു ചേരാത്ത മട്ടിൽ അയാൾ പറഞ്ഞു. “നല്ല മോതിരം. നമുക്കു അതൊന്നു നോക്കാം.”
“ഇതു ഓപൽ രത്നമാ”ണെന്നു പറഞ്ഞു് അവൾ അതു കാണിക്കാനായി നീങ്ങിയപ്പോൾ വീഴാൻ പോയി. അയാളുടെ തോളിൽ പിടിച്ചു് അവൾ നേരേ നിന്നു. ‘ഓപലോ?’ എന്നായി അയാളുടെ ചോദ്യം. പെൺകുട്ടി മറുപടി പറഞ്ഞു: “അതേ. എന്റെ വിരൽ തീരെ മെലിഞ്ഞതുകൊണ്ടു് സ്വർണ്ണമോതിരം പ്രത്യേകമായ രീതിയിൽ ഉണ്ടാക്കേണ്ടിയിരിക്കുന്നു. ഓപൽ വലുതായിപ്പോയിയെന്നാണു് പറയുന്നതു്.” അവൾ ഇങ്ങനെ സംസാരിക്കുമ്പോൾ അയാൾ അവളുടെ കൊച്ചുകൈ തലോടുകയായിരുന്നു. പാലുപോലുളള വെളുപ്പിൽ ആ രത്നം മൃദുലവും അരുണാഭവുമായ രശ്മികൾ ചൊരിഞ്ഞു് കൂടുതൽ ഭംഗി പ്രദർശിപ്പിച്ചു. പെൺകുട്ടി അയാളുടെ അടുത്തേക്കു നീങ്ങി നീങ്ങി വന്നു. അയാളുടെ മുഖം അടുത്തു കണ്ടപ്പോൾ അവൾക്കു സന്തോഷം. അവൾക്കു മോതിരം കൂടുതൽ നന്നായി കാണിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ താൻ അവളെ കാൽമുട്ടുകൾകൊണ്ടു് ഇറുക്കിപ്പിടിക്കുന്നതു് അവൾ വകവയ്ക്കുകയില്ലായിരുന്നു എന്നു് അയാൾക്കു് തോന്നി.
എന്തൊരു സൂക്ഷ്മതയാണു് കാവാബത്തയ്ക്കു് ലൈംഗിക വിഷയ പ്രതിപാദനത്തിലുളളതു്. കല്ലിനു് വലിപ്പം മോതിരത്തെക്കാൾ! രണ്ടുപേരുടെയും പ്രായത്തിന്റെ അന്തരമാണു് കഥാകാരൻ ധ്വനിപ്പിക്കുന്നതു്. പാലുപോലുള്ള വെളുപ്പിൽ ചുവന്ന രശ്മികൾ പ്രസരിപ്പിക്കുന്ന രത്നവും സെക്സ് സിംബലത്രേ. ഗർഹണീയത ഇവിടെ അപ്രത്യക്ഷമാകുന്നു.

ഒരു മധ്യവയസ്കൻ പന്ത്രണ്ടു് വയസ്സുള്ള പെൺകുട്ടിയെ വേഴ്ചയ്ക്കു വിധേയയാക്കുന്നതാണു് വ്ലാഡീമിർ നാബോക്കോഫി ന്റെ ‘ലോലീറ്റാ’ എന്ന നോവലിലെ പ്രതിപാദ്യം. എന്റെ ഓർമ്മ എന്നെ വഞ്ചിക്കുന്നില്ലെങ്കിൽ ആ മധ്യവയസ്കൻ ഉറക്കഗുളികയെടുത്തു വിഴുങ്ങുന്നതായി ഭാവിക്കുന്നു. അതെന്താണു് എന്നു് അവളുടെ ചോദ്യം. വിറ്റാമിൻ ഗുളിക എന്ന അർത്ഥത്തിൽ You can be strong like an ox എന്നുത്തരം. ഉറങ്ങിയ ലോലീറ്റായെ അയാൾ പ്രാപിച്ചു. ഇംഗ്ലീഷ് വാക്യവും ഓർമ്മയിൽ നിന്നു്. ഇത്തരം ‘വൈഷയിക കൗതുക’ങ്ങൾ പടിഞ്ഞാറൻ നാടുകളിൽ ധാരാളം കണ്ടിട്ടുള്ള എനിക്കു് കുന്നന്താനം രാമചന്ദ്രന്റെ ‘കുരങ്ങ്’ എന്ന ചെറുകഥ വിശേഷിച്ചൊരു വികാരവും ഉളവാക്കിയില്ല. അറുപത്തിമൂന്നുവയസ്സു കഴിഞ്ഞ ഒരുത്തൻ പതിനഞ്ചോ പതിനാറോ വയസ്സുളള ഒരു പെൺകുട്ടിയെ കാപ്പിയിൽ മയക്കുമരുന്നു കലക്കിക്കൊടുത്തു പ്രാപിക്കുന്നതിന്റെ ചിത്രമാണു് ഇക്കഥയിലുളളതു്. ചിത്രത്തിനു സ്പഷ്ടടതയുണ്ടു്. ആവശ്യകതയ്ക്കു് അതീതമായി വളരെ വാക്കുകൾ കഥാകാരൻ പ്രയോഗിക്കുന്നില്ല. മലയാളം മാത്രമറിയുന്ന വായനക്കാരനു് ഇതു് ഇഷ്ടമാവുകയും ചെയ്യും. ദൗർഭാഗ്യം കൊണ്ടു് ഞാൻ ഇംഗ്ലീഷ് പഠിച്ചുപോയല്ലോ.
ചോദ്യം: “നിങ്ങളെ ചിരിപ്പിക്കുന്ന ഭാവവിശേഷം?”
ഉത്തരം: “ആകൃതി സൗഭഗമുള്ള പുരുഷന്മാരെ റോഡിൽ കാണുമ്പോൾ അവരെ നോക്കാൻ സ്ത്രീകൾക്കു കൊതി. എങ്കിലും പണിപ്പെട്ടു് അവർ കണ്ണുകൾ വലിച്ചെടുക്കും. അതിന്റെ ഫലമായി മുഖത്തെ മാംസപേശികൾ വക്രിക്കും. കാണേണ്ട കാഴ്ചയാണതു്.”
ചോദ്യം: “വേറൊന്നുകൂടി പറയു.”
ഉത്തരം: “അതു ഭാവവിശേഷമല്ല. വൈരൂപ്യമുള്ള യുവാവു് റോഡിലൂടെ നടക്കുമ്പോൾ കൂടക്കൂടെ ട്രൗസർ പോക്കറ്റിൽ നിന്നു ചീപ്പെടുത്തു തലകോതുന്നതു്. ചീകിക്കഴിഞ്ഞാൽ വൈരൂപ്യം കൂടും.”
ചോദ്യം: “പ്രേമത്തിൽ സ്വാതന്ത്ര്യമുണ്ടോ?”
ഉത്തരം: “ഇല്ലെന്നാണു് സാർത്ര് പറഞ്ഞതു്. ഒന്നുകിൽ പുരുഷൻ സ്ത്രീയെ അടിമയാക്കുന്നു (Sadism) അല്ലെങ്കിൽ സ്ത്രീ പുരുഷനെ അടിമയാക്കുന്നു (Sadism) പുരുഷനു് സ്ത്രീയുടെ അടിമയാകാൻ ഇഷ്ടം (Masochism). സ്ത്രീക്കു് പുരുഷന്റെ അടിമയാകാൻ ഇഷ്ടം (Masochism).”
കള്ളക്കഥകൾ പറയുന്നതിൽ വിരുതനായ ഒരുത്തൻ കൂട്ടുകാരെ അറിയിച്ചു: “എന്റെ വീട്ടിൽ ആയിരം നാഴിക നടക്കാൻ കഴിയുന്ന കാളയും ഓരോ മണിക്കൂറും കൂകി അറിയിക്കുന്ന കോഴിയും പുസ്തകം വായിക്കാനറിയുന്ന പട്ടിയുമുണ്ടു്.” അതുകേട്ടു കൂട്ടുകാർ പറഞ്ഞു: “അത്ഭുതാവഹം തന്നെ. ഞങ്ങൾ നാളെ നിങ്ങളുടെ വീട്ടിൽ വരും അവയെല്ലാം കാണാൻ”. കള്ളക്കഥകൾ പ്രചരിപ്പിക്കുന്നതിൽ പ്രഗല്ഭനായ അയാൾ, വീട്ടിൽച്ചെന്നു ഭാര്യയോടു് “ഇനി എന്തുചെയ്യും? അവർ നാളെ വരുമല്ലോ” എന്നു ദുഃഖിച്ചു ചോദിച്ചു: “അതിനെല്ലാം വഴിയുണ്ടു് എന്നായി ഭാര്യ. അടുത്ത ദിവസം കൂട്ടുകാരെത്തിയപ്പോൾ അവൾ പറഞ്ഞു: “എന്റെ ഭർത്താവ് പീക്കിങ്ങിൽ പോയിരിക്കുകയാണു്.”
“എന്നു തിരിച്ചുവരും”
“ഏഴു ദിവസത്തിനകം.”
“ഇത്രയും ദൂരം ഏഴുദിവസം കൊണ്ടെങ്ങനെ സഞ്ചരിക്കും?”
“ഞങ്ങളുടെ കാളയിൽ കയറിയാണു് അദ്ദേഹം പോയതു് വല്ലാത്ത വേഗമാണതിനു്.”
അപ്പോൾ കോഴി കൂവി. അതുകേട്ടു് വന്നവർ ചോദിച്ചു: “ഹാ കൃത്യം പന്ത്രണ്ടു മണിക്കു തന്നെ കോഴി കൂവുന്നല്ലോ. എല്ലാ മണിക്കൂറുകളിലും കോഴി ഇങ്ങനെ കൂവുമോ?”
“കൂവും.”
വന്നവർക്കു പട്ടിയെ കാണണമെന്നു് ആഗ്രഹം. അപ്പോൾ അവൾ പറഞ്ഞു: “സത്യം പറയാമല്ലോ. ഞങ്ങൾക്കു വലിയ കഷ്ടപ്പാടാണു്. അതുകൊണ്ടു പട്ടി ഒരു ട്യൂട്ടോറിയൽ കോളേജിൽ പഠിപ്പിക്കുകയാണു് പതിവായി.”

ഈ നേരമ്പോക്കിൽ പീക്കിങ് എന്ന വാക്കുളളതുകൊണ്ടു് ചൈനീസ് നേരമ്പോക്കാണിതെന്നു മനസ്സിലാക്കാം. ആ പദമില്ലെന്നു വിചാരിക്കു. എങ്കിലും അതിന്റെ വൈദേശിക സ്വഭാവം പ്രകടമാണു്. നേരമ്പോക്കിനു് തദ്ദേശ സ്വഭാവമുണ്ടു്. അതിനാൽ പഞ്ച് മാസികയിലെ ഫലിതം ഇംഗ്ലീഷുകാർ ആസ്വദിക്കുന്ന മട്ടിൽ നമുക്കു് ആസ്വദിക്കാൻ വയ്യ. പി. ജി. വുഡ്ഹൗസി ന്റെ നേരമ്പോക്കിനെക്കാൾ എനിക്കിഷ്ടം ഈ. വി. കൃഷ്ണപിളള യുടെ നേരമ്പോക്കാണു്. കുഞ്ചൻനമ്പ്യാരു ടെ ഹാസ്യം ആസ്വദിക്കുന്ന രീതിയിൽ എനിക്കു ചോസറു ടെ ഹാസ്യം ആസ്വദിക്കാനാവില്ല. ഞാൻ പറഞ്ഞുവരുന്നതു് കേരളീയമായ ഹാസ്യത്തിനു് ആസ്വാദ്യത കൂടുമെന്നാണു്. പനമ്പിളളി ഗോവിന്ദമേനോൻ സി. ജി. ജനാർദ്ദനനോ ടു് മത്സരിച്ചപ്പോൾ തോറ്റു. അതിനെക്കുറിച്ചു് വീണ്ടും വീണ്ടും പനമ്പിളളിയോടു് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു “പഴത്തൊലി ചവിട്ടിയാലും കരുത്തന്മാർ വീഴാറുണ്ടു്”. അതുകേട്ടു് ഞാൻ ഉള്ളുകുളിർക്കെ ചിരിക്കുന്നു. ഈ രീതിയിലുളള പനമ്പിളളി സൂക്തങ്ങൾ കൊളാടി ഗോവിന്ദൻകുട്ടി ജനയുഗം വാരികയിലെഴുതിയ “പനമ്പിളളി എന്ന വശ്യവചസ്സു്” എന്ന ഹൃദ്യമായ ലേഖനത്തിൽ കാണാം.
അമ്മായിയും മരുമകളും തമ്മിൽ സംഭാഷണം ചെയ്യുന്ന രീതിയിൽ ഒരു ഫ്രഞ്ച് കവിയെഴുതിയ കാവ്യം ഞാൻ മുൻപു വായിച്ചിട്ടുണ്ടു്. ആ ടെക്നിൿ കടം വാങ്ങി സംഭാഷണമെഴുതാൻ കൊതിയെനിക്കു്.
“അമ്മേ ആ കേൾക്കുന്ന ശബ്ദമെന്താണു്?”
“മകളേ ജ്ഞാനപീഠം അവാർഡിനു് വേണ്ടി വടക്കേയിന്ത്യയിലേക്കു കേരളത്തിലെ സാഹിത്യകാരന്മാർ ഓടുന്ന ശബ്ദമാണതു്.”
“അമ്മേ ആ കേൾക്കുന്ന ദയനീയസ്സ്വരമെന്താണു്?”
“മകളേ ഇവിടുത്തെ സാഹിത്യ അക്കാഡമിയിൽ കയറ്റണേ എന്നു് സാഹിത്യകാരന്മാർ സർക്കാരിനോടു് യാചിക്കുന്ന ശബ്ദമാണതു്.”
“അമ്മേ ആ കേൾക്കുന്ന പൊട്ടിച്ചിരി എന്താണു്?”
“മകളേ സാഹിത്യത്തിലെ നവീനത മരിച്ചതു കണ്ടു കൈരളി പൊട്ടിച്ചിരിക്കുകയാണു്.”