വിദേശസഞ്ചാരത്തിനുപോയ ഒരാൾ ദൂരെയിരുന്നുകൊണ്ടു് ഭാര്യയ്ക്കു് ആയിരം ചുംബനങ്ങളുടെ ചെക്ക് അയച്ചു കൊടുത്തത്രെ. അതു് ക്യാഷ് ചെയ്തു കൊടുത്തതു് അടുത്ത വീട്ടിലെ സുന്ദരനായ യുവാവായിരുന്നു പോലും. വാക്കുകൾ ആരെ ലക്ഷ്യമാക്കി പ്രയോഗിക്കുന്നുവോ അയാൾക്കു് അവയുടെ പിറകിലുള്ള അനുഭൂതി ഉളവാക്കുമെന്നാണു് ഇപ്പറഞ്ഞതിന്റെ അർത്ഥം.
യു. പി എന്ന സ്ഥലം യു. പി ആയിരുന്നകാലത്തു്—അതായതു് ഇന്നത്തെ പേരു് അതിനു വരുന്നതിനുമുൻപു്—ഞാൻ കുറെക്കാലം അവിടെ താമസിച്ചിട്ടുണ്ടു്. മുന്നൂറു മലയാളികൾ പാർക്കുന്ന ഒരു കാട്ടുപ്രദേശം. അവിടെയുള്ള ഒരു കൊച്ചുപള്ളിയുടെ മുൻപിൽ ഏകാന്തതയുടെ സുഖമനുഭവിക്കാനും യേശുദേവനെ ധ്യാനിക്കാനുംവേണ്ടി ഞാൻ ചെന്നിരിക്കാറുണ്ടായിരുന്നു. ചിലർക്കു് കടപ്പുറത്തു പോകാനാണു കൊതി. വേറെ ചിലർക്കു് വിമാനത്തിൽ കയറണം. മറ്റു ചിലർക്കു് കൊതുമ്പുവള്ളത്തിൽക്കയറി വേമ്പനാട്ടു കായലിന്റെ മറുകരയിലെത്തണം. എനിക്കു് കാട്ടുപ്രദേശത്തുള്ള ക്രൈസ്തവ ദേവാലയത്തിന്റെ മുൻപിൽ ഒറ്റയ്ക്കിരുന്നു് കുരിശിനെ നോക്കണം. ഒരുകാലത്തു് അതിൽ ചോരയൊലിപ്പിച്ചുകൊണ്ടു കിടന്നു് ‘ഭഗവാനേ അങ്ങെന്തിനു് എന്നെ കൈവെടിഞ്ഞു?’ എന്നു ചോദിച്ച പാവനചരിത സ്മരിച്ചുകൊണ്ടു് ഇരിക്കാൻ വല്ലാത്ത ആഗ്രഹമാണു്. അങ്ങനെ ഒരുദിവസം സന്ധ്യാവേളയിൽ അവിടെ ധ്യാനനിമഗ്നനായി ഇരുന്നപ്പോൾ പള്ളിക്കകത്തുനിന്നു് യുവാവായ ഒരു വൈദികനിറങ്ങിവന്നു് ഒരു നോട്ടം എന്റെനേർക്കു് എറിഞ്ഞിട്ടു നടന്നുപോയി. ഏതാനും നിമിഷങ്ങൾക്കകം അദ്ദേഹം തിരിച്ചുവന്നു് തെല്ലൊരു ഭീതിയോടെ എന്നോടു പറഞ്ഞു: “കണ്ടിട്ടു് മലയാളിയാണെന്നു തോന്നുന്നു. ഇവിടെ ഇനി ഇരിക്കരുതു്. രാത്രിയായാൽ പുലികൾ ഇറങ്ങും”. ഞാൻ എഴുന്നേറ്റു. എന്നിട്ടു് അദ്ദേഹത്തോടു ചോദിച്ചു: “ഇന്നലെ പ്രായംകൂടിയ ഒരു വൈദികനാണല്ലോ ഇവിടെനിന്നു് ഇറങ്ങിപ്പോയതു? നിങ്ങൾ രണ്ടു പേരുണ്ടോ?” ചെറുപ്പക്കാരൻ മറുപടി പറഞ്ഞു: “ഇല്ല. ഇന്നലെ നിങ്ങൾകണ്ട അച്ചൻ സ്ഥലംമാറിപ്പോയി. ഇന്നുമുതൽ ഞാനാണു് ഇവിടെ”. ചിരിച്ചുകൊണ്ടു് അദ്ദേഹം വീണ്ടും: “നെഹ്റു വിനുശേഷം ലാൽ ബഹദൂർ ശാസ്ത്രി. ഫ്രാൻസിസ് അച്ചനുശേഷം തോമസ്”.
(പാതിരിമാരുടെ പേരുകൾ ഇവയല്ല—ലേഖകൻ)
ഞാൻ പാർപ്പിടത്തിലേക്കു തിരിച്ചുപോന്നു. രാവിലെ നടക്കാനിറങ്ങിയപ്പോൾ എനിക്കു പരിചയമുള്ള ഒരു ചെറുപ്പക്കാരിയെ റോഡിൽവച്ചു കണ്ടു. ഞാൻ അവളോടു ചോദിച്ചു: “നിങ്ങളുടെ അച്ഛൻ സ്ഥലംമാറിപ്പോയോ?” “പോയി” എന്നു് ആഹ്ലാദത്തോടെ മറുപടി. “പുതിയ അച്ചനെങ്ങനെ?” വീണ്ടും എന്റെ ചോദ്യം. ആത്മാവിനെ സംരക്ഷിക്കുന്ന ആ പുതിയ വൈദികനെ ഓർമ്മിച്ചു് കാമത്തിന്റെ ശാർദ്ദുല നൃശംസത നേത്രങ്ങളിൽ വരുത്തി മധുര മന്ദസ്മിതത്തോടെ അവൾ അറിയിച്ചു: “യങ് ആൻഡ് ഹാൻസം” എന്നെ ആക്രമിക്കുമായിരുന്ന പുലി കാണാൻകൊള്ളാവുന്ന ആ യുവതിയെ കാമത്തിന്റെ രൂപമാർന്നു് എപ്പോഴേ ആക്രമിച്ചിരിക്കുന്നു.
മൂന്നു വർഷംകഴിഞ്ഞു് ഞാൻ ആ സ്ഥലത്തു് വീണ്ടും പോയി. വൈദികൻ മാറിയിട്ടില്ല. അദ്ദേഹത്തിന്റെ യുവത്വം ലേശം മാറിയിരിക്കുന്നു. തൃശ്ശൂർക്കാരനായ ഒരു ചെറുപ്പക്കാരനെ ഞാൻ അവിടെവച്ചു് പരിചയപ്പെട്ടു ‘സാഹിത്യവാരഫല’ത്തിന്റെ വായനക്കാരനായ അദ്ദേഹത്തോടു് ഞാൻ ചോദിച്ചു: “ഈ അച്ചനെ അധികാരികൾ സ്ഥലം മാറ്റിയില്ലേ?” അയാൾ മറുപടി പറഞ്ഞതു് ഇങ്ങനെയാണു്: “മാറ്റി, പക്ഷേ, ശുപാർശചെയ്തു് അയാൾ അതു് റദ്ദാക്കി. അയാളെങ്ങനെ പോകാനാണു്? ഇവിടുത്തെ ചെറുപ്പക്കാരികൾ പ്രസവിക്കുമ്പോൾ ശിശുക്കൾക്കു് അവയുടെ പിതാക്കന്മാരുടെ ഛായയില്ലെങ്കിൽ ഇയാളുടെ ഛായ കാണും”. ഞാൻ ആ യുവാവിന്റെ ആവിഷ്കാര വൈദഗ്ദ്ധ്യത്തിന്റെ മുൻപിൽ തലകുനിച്ചിട്ടു് മലയാളസാഹിത്യത്തിൽ ആവിർഭവിക്കുന്ന കൃതികളെക്കുറിച്ചു് ആലോചിക്കുകയായി. അവയ്ക്കു് ജനയിതാവിന്റെ ഛായയില്ലെങ്കിൽ സായ്പിന്റെ ഛായ കാണും. അതും സത്യം.
‘മലയാളനാടു്’ വാരികയുടെ എഡിറ്ററായിരുന്ന എസ്. കെ. നായർ പല നേരമ്പോക്കുകളും എന്നോടു പറഞ്ഞിട്ടുണ്ടു്. അവയിൽ അച്ചടിക്കാവുന്ന ഒരെണ്ണം ഇവിടെ എഴുതാം. ഭർത്താവു് പൂമുഖത്തിരുന്നു പത്രം വായിച്ചുകൊണ്ടിരുന്നപ്പോൾ ഭാര്യവന്നു ചോദിച്ചു: “സരളയാരു്?” ഭർത്താവു് ഒന്നു ഞെട്ടിയെങ്കിലും അതു കാണിക്കാതെ പറഞ്ഞു: “ഇന്നലെ നമ്മുടെ ചന്ദ്രശേഖരൻ നായർ വാങ്ങിയ പശുവിന്റെ പേരാണു് സരള. മൃഗങ്ങൾക്കും മനുഷ്യരുടെ പേരു്” അതുകേട്ടു് ഭാര്യ പറഞ്ഞു: “എന്നാലേ ആ സരള നിങ്ങളെ ഫോണിൽ വിളിക്കുന്നു. അങ്ങോട്ടു ചെന്നാട്ടെ”.
ഭർത്താവു് ഭാര്യയെ പേടിച്ചു് കാമുകിയെ പശുവാക്കി. പാവം കാമുകിയുണ്ടോ അതറിയുന്നു! എന്നാൽ ചിലർ മറ്റാളുകളായി നമ്മുടെ മുൻപിൽവന്നു നിന്നുകളയും. മുൻപൊരിക്കൽ താൻ സതീഷ്ബാബു പയ്യന്നൂരാ ണെന്നു പറഞ്ഞുകൊണ്ടു് ഒരാൾ എന്റെ വീട്ടിൽ വന്നു് വലിയൊരു തുക പറ്റിച്ചു വാങ്ങിക്കൊണ്ടുപോയ കാര്യം ഞാൻ ഈ പംക്തിയിൽ എഴുതിയിരുന്നു. മാന്യനായ ഒരു സാഹിത്യകാരനെ പരോക്ഷമായി അപമാനിക്കുകയായിരുന്നു ആ തസ്കരൻ. അയാൾ വെട്ടൂർ രാമൻ നായരെ യും ഇമ്മട്ടിൽ പറ്റിച്ചെന്നു് അദ്ദേഹം എന്നെ അറിയിച്ചു. ഇയാളെ പിന്നീടു് പൊലീസ് അറസ്റ്റു ചെയ്തെന്നു് മാതൃഭൂമി ദിനപത്രത്തിൽ വായിച്ചു. ആണുങ്ങൾക്കു മാത്രമല്ല ഈ ധൈര്യമുള്ളതു്, പെണ്ണുങ്ങൾക്കുമുണ്ടു്. പണ്ടു് ലക്ചററായി ഒരാളിനെ തിരഞ്ഞെടുക്കുന്നതിനുവേണ്ടി സർവകലാശാലയുടെ പ്രതിനിധിയായി ഞാനൊരു കോളേജിൽ പോയി. ഇന്റർവ്യൂവിനുള്ള സമയമാകാത്തതുകൊണ്ടു് ഞാൻ പ്രിൻസിപ്പലിന്റെ മുറിയിൽ ഇരിക്കുകയായിരുന്നു. അദ്ദേഹം എവിടെയോ പോയ സന്ദർഭം നോക്കിക്കൊണ്ടു് കണ്ടാൽ തരക്കേടില്ലാത്ത ഒരു പെൺകുട്ടി മുറിയിലേക്കു വന്നു. ചിരിച്ചുമയങ്ങി അവൾ എന്നോടു ചോദിച്ചു: “സാർ എന്നെ ഓർമ്മയില്ലേ? ഞാൻ യൂണിവേഴ്സിറ്റി കോളേജിൽ സാറിന്റെ ശിഷ്യയായിരുന്നു. സാറിന്റെ ക്ലാസ് എത്ര രസമാണു്. ഇപ്പോൾ ഇവിടുത്തെ ഇന്റർവ്യൂവിനു വന്നിരിക്കുകയാണു്. സാർ എന്നെത്തന്നെ സെലക്ട് ചെയ്യണം. സാറിന്റെ ശിഷ്യത്തിയല്ലേ ഞാൻ”. “നോക്കട്ടെ” എന്നുമാത്രം ഞാൻ പറഞ്ഞു. പെൺകുട്ടി പോയി. എനിക്കു് വലിയ ഓർമ്മപ്പിശകില്ല. എത്ര ആലോചിച്ചിട്ടും അവളെ പഠിപ്പിച്ചിരുന്നതായി എനിക്കു തോന്നിയതേയില്ല. ഇന്റർവ്യൂ കഴിഞ്ഞതിനുശേഷം മറ്റൊരു ഉദ്യോഗാർത്ഥിയോടു് ഞാൻ തിരക്കി അവളാരെന്നു്. അപ്പോഴാണു് എനിക്കു മനസ്സിലാക്കാൻ കഴിഞ്ഞതു് അവൾ തിരുവനന്തപുരത്തേ വന്നിട്ടില്ലെന്നു്. പിന്നല്ലേ യൂണിവേഴ്സിറ്റി കോളേജിൽ പഠിക്കുന്നതു്. ആ ഉദ്യോഗാർത്ഥിയോടൊരുമിച്ചു് അവൾ ബി. എയ്ക്കും എം. എയ്ക്കും ഉത്തരകേരളത്തിലെ ഒരു കോളേജിലാണു് പഠിച്ചതു്. ഇതാണു് ഇംപോസ്ച്ചർ (imposture)—ആൾമാറാട്ടം. ഇംപോസ്ച്ചർ നടത്തുന്ന ആള് ഇംപോസ്റ്റർ— ആൾമാറാട്ടക്കാരൻ. സാഹിത്യത്തിലെ ഒരു ഇംപോസ്റ്ററാണു് കുങ്കുമം വാരിയിൽ ‘പഴമയുടെ പുതുമ” എന്ന ചെറുകഥയെഴുതിയ മണികൃഷ്ണൻ. സാഹിത്യകാരനല്ലാതെ സാഹിത്യകാരന്റെ വേഷംകെട്ടി കുങ്കുമം വാരികയിൽ നില്ക്കുന്ന അദ്ദേഹത്തെ (മണികൃഷ്ണൻ സ്ത്രീയാണോ എന്തോ? സ്ത്രീയാണെങ്കിൽ എന്റെ തെറ്റു് സദയം ക്ഷമിക്കണം) ആൾമാറാട്ടക്കാരൻ എന്നല്ലാതെ എന്താണു വിളിക്കുക. ഒരു പരിഷ്കാരവുമില്ലാതെ ഗ്രാമപ്രദേശത്തു കിടന്ന ഒരു ചെറുപ്പക്കാരി പട്ടണത്തിൽ ജോലിയുള്ള ഒരു യുവാവിന്റെ ഭാര്യയായി വരുന്നു. അയാളോ? വലിയ പരിഷ്കാരി. ഒരുകാലത്തു് സാരിയുടുക്കാൻ അറിയാൻ പാടില്ലായിരുന്ന അവൾ ഭർത്താവിന്റെ ഉപദേശമനുസരിച്ചു് സ്ലീവ്ലെസ്സ് ബ്ലൗസിട്ടു് ക്ലബ്ബുകളിൽ പോകുന്നവളായി മാറി. പരിഷ്കാരം മൂത്തുമൂത്തു് കുഞ്ഞിനെപ്പോലും ശ്രദ്ധിക്കാതെയായി അവൾ. ശിശു മരിക്കുമെന്ന അവസ്ഥയിലായപ്പോൾ ഭർത്താവു് ഗ്രാമീണനെപ്പോലെ അന്ധവിശ്വാസിയായി. അവളും പഴയ നാട്ടിൻപുറത്തുകാരിയായി. ഏതു നല്ല കഥയുടെയും സംഗ്രഹം നല്കിയാൽ അതു് അപഹാസ്യമാകും. മണികൃഷ്ണന്റെ കഥയുടെ ചുരുക്കം അപഹാസ്യമായിട്ടുണ്ടെങ്കിൽ അതു് കഥയുടെ തിന്മകൊണ്ടുതന്നെയാണു്. സംശയമുണ്ടെങ്കിൽ കഥതന്നെ വായിച്ചു നോക്കിയാലും. അങ്ങനെ വായിച്ചുനോക്കിയാൽ കഥാകാരൻ ‘ലിറ്റററി ഇംപോസ്റ്ററാ’ണെന്ന പരമാർത്ഥം സ്പഷ്ടമാകും.
പഞ്ചാബിലെ ഭീകരനു്
നിങ്ങൾ ദിവസന്തോറും നിമിഷം തോറും ആളുകളുടെ കഥ കഴിക്കുന്നു. തോക്കാണു് അതിനു നിങ്ങൾ ഉപയോഗിക്കുന്നതു്. പക്ഷേ, തൂലികകൊണ്ടു് കേരളത്തിലെ കഥയെഴുത്തുകാരൻ വായനക്കാരന്റെ കഥകഴിക്കുന്നു എന്ന വസ്തുത നിങ്ങൾ അറിയുന്നുണ്ടോ? ഇപ്പോൾ കേരളത്തിൽ—വിശേഷിച്ചും കൊല്ലത്തു്—അതിസാരവും ഛർദ്ദിയുമാണു് സുഖക്കേടു്. തുടർക്കഥ വായിക്കുന്നതുകൊണ്ടാണു് ഇതുണ്ടാകുന്നതെന്നു് ഇവിടത്തെ ഡോക്ടർമാർ കണ്ടുപിടിച്ചിരിക്കുന്നു. നിങ്ങൾ തോക്കു് താഴെവച്ചിട്ടു് തൂലികയെടുക്കു. കഥയെഴുതു, തുടർക്കഥയെഴുതു, അതാണു നല്ലതു്.
എന്നു്,
ഒരു കേരളീയൻ
ജാഫ്നയിലെ ഇൻഡ്യൻ സൈനികരുടെ പ്രവർത്തനങ്ങളെക്കുറിച്ചു് കേരളത്തിലെ ചില ധിഷണാശാലികൾ പ്രകടിപ്പിച്ച അഭിപ്രായങ്ങൾ കലാകൗമുദിയിൽ കാണാം. ആ ധിഷണാശാലികളിൽ ഒരാൾ വൈക്കം മുഹമ്മദ് ബഷീറാ ണു്. “എന്നെസ്സംബന്ധിച്ചിടത്തോളം ശ്രീലങ്ക മുഴുവൻ അങ്ങു തീർന്നു പോയാലും എനിക്കൊന്നുമില്ല. ഞാൻ ഭക്ഷണവുംകഴിച്ചു് ഈ മരച്ചുവട്ടിൽത്തന്നെ കിടക്കും” എന്നാണു് അദ്ദേഹം പറയുന്നതു്. ഇതു് കടുത്ത നൈരാശ്യത്തിൽനിന്നോ കനത്ത വിഷാദത്തിൽനിന്നോ ഉണ്ടായ ചിന്തയല്ല. അന്യന്റെ സുഖത്തിൽ തല്പരത്വവും ദുഃഖത്തിൽ സഹതാപവുമുള്ള നല്ല മനുഷ്യനാണു് ബഷീറെന്നു് എനിക്കു് നേരിട്ടു മനസ്സിലാക്കാൻ കഴിഞ്ഞു. ഒക്ടോബർ മുപ്പതാം തീയതി കാലത്തു് പതിനൊന്നു മണിയോടടുപ്പിച്ചു് ഞാൻ ബഷീറിന്റെ ബേപ്പുരിലുള്ള വസതിയിലെത്തി. എന്റെ കൂടെ കേരളകൗമുദിയിലെ എസ്. ഭാസുരചന്ദ്രനും കഥാകാരനായ അക്ബർ കക്കട്ടിലും ഉണ്ടായിരുന്നു. ചുറ്റും കനത്ത കന്മതിലുള്ള ആ ഭവനത്തിന്റെ പടിക്കെട്ടു് ഞങ്ങൾ കയറി ഇടത്തോടു നോക്കിയപ്പോൾ ബഷീർ മരച്ചുവട്ടിലിട്ട ചാരുകസേരയിലിരുന്നു് എന്തോ എഴുതുന്നതു കണ്ടു. അക്ബർ ഞങ്ങളെ പരിചയപ്പെടുത്തി. ബഷീറിനു് ഒരു ഭാവവ്യത്യാസവും ഉണ്ടായില്ല. ‘ഇരിക്കു’ എന്നു് പറഞ്ഞു. ആ മിഴികളിൽ ആഹ്ലാദത്തിന്റെ നനവില്ല. കോപത്തിന്റെ സ്ഫുരണമില്ല. ഭൂതകാലത്തിന്റെ സുവർണ്ണദശകളെക്കുറിച്ചല്ല ആ സാഹിത്യകാരൻ സംസാരിച്ചതു്. വാർദ്ധക്യത്തിന്റെ ഒരു കെടുതിയായ സ്വന്തം രോഗത്തെക്കുറിച്ചു മാത്രമാണു്. കണ്ണിലെ തിമിരത്തെക്കുറിച്ചും പ്രായക്കൂടുതലുളവാക്കിയ ക്ഷീണതയെക്കുറിച്ചും നിസ്സംഗതയോടെ അദ്ദേഹം ചിലതൊക്കെ പറഞ്ഞു. ബഷീറിന്റെ നിർദ്ദേശമനുസരിച്ചു് ചായ കൊണ്ടുവന്നു. അടിക്കടി സിഗററ്റും ബീഡിയും വലിക്കുന്ന അദ്ദേഹത്തോടു് ഞാൻ ചോദിച്ചു: “ഇത്രയ്ക്കു് അസുഖമാണെങ്കിൽ ഈ സിഗററ്റങ്ങ് വേണ്ടെന്നു വച്ചു കൂടേ?” ബഷീർ പറഞ്ഞു. “‘വലിച്ചാലും ഇല്ലെങ്കിലും മരിക്കും. പിന്നെന്തിനു വലിക്കാതിരിക്കണം?” അദ്ദേഹം മരച്ചുവട്ടിലിരിക്കുകയായിരുന്നുവെന്നു് ഞാൻ പറഞ്ഞല്ലോ. മറ്റെങ്ങും ഞാൻ കണ്ടിട്ടില്ലാത്ത ആ മരം ഏതാണെന്നു് ഞാൻ ചോദിച്ചു. സ്റ്റൈൻ എന്നവസാനിക്കുന്ന ഒരു പേരു് അദ്ദേഹം പറഞ്ഞു. ആ പേരിന്റെ ആദ്യത്തെ ഭാഗം എന്റെ ഓർമ്മയിൽനിന്നു് ഓടിപ്പോയിരിക്കുന്നു. ഹരിതശോഭയാർന്ന വലിയ ഇലകളുള്ള ഒരു വൃക്ഷം. ഇൻഡൊനേഷ്യയിൽനിന്നു കുടിയേറിപ്പാർത്ത അവന്റെ സന്തതികൾ ഇന്നു് കോഴിക്കോട്ടു് പലയിടങ്ങളിലുമുണ്ടത്രെ. യാത്ര ചോദിച്ചപ്പോൾ ബഷീർ ഒരു കൊച്ചു വടിയെടുത്തു തന്നു. ഭംഗിയാർന്ന വടി. വരയിടാൻ കൊള്ളാമെന്നു് ഞാൻ പറഞ്ഞപ്പോൾ അദ്ദേഹം അതു് മെല്ലെവാങ്ങി. അതിനെ ഒന്നു തടവിയിട്ടു് ഒരുഭാഗം മൃദുവായി തിരിച്ചു. പെട്ടെന്നു നോക്കിയപ്പോൾ അതു് വടിവാളായി മാറിയിരിക്കുന്നു. അതിന്റെ മുന ഞങ്ങളുടെനേർക്കു ചൂണ്ടിയിട്ടു് “മൂന്നുപേരെയും ശരിപ്പെടുത്താം ഇതുകൊണ്ടു്” എന്നു് അദ്ദേഹം പറഞ്ഞു. ആ പ്രവൃത്തിക്കു് പ്രതിരൂപാത്മകതയുണ്ടെന്നാണു് അക്ബർ അറിയിച്ചതു്. ശരിയാണോ എന്തോ. ഞാൻ ബഷീറിന്റെ കരതലം ഗ്രഹിച്ചു. വാർദ്ധക്യത്തിന്റെ പാരുഷ്യത്തിലും സ്നേഹത്തിന്റെ മൃദുലത. “ഈശ്വരൻ അനുഗ്രഹിക്കും” എന്നു് അദ്ദേഹം എന്നോടു പറഞ്ഞു. പ്രതികൂല വിമർശനംകൊണ്ടു് ഞാൻ വേദനിപ്പിച്ച ഒരു നല്ല മനുഷ്യനിൽനിന്നു് എനിക്കു കിട്ടിയ അനുഗ്രഹമാണതു്. പടിക്കെട്ടു് ഇറങ്ങുന്നതിനുമുൻപു് ഞങ്ങൾ ബഷീറിന്റെ സഹധർമ്മിണിയെയും മകളെയും കണ്ടു. രണ്ടുപേർക്കുമുണ്ടു് അതിഥി സൽക്കാര തല്പരത്വം. ഞാൻ ബഷീറിന്റെ സഹധർമ്മിണിയോടു പറഞ്ഞു: “ഞാൻ അദ്ദേഹത്തെ പതിവായി വധിക്കാറുണ്ടു്. എങ്കിലും സ്നേഹത്തോടെയാണു് അദ്ദേഹം പെരുമാറിയതു്. അതുകേട്ടു് അവർ പറഞ്ഞു: “അതൊന്നും സാരമില്ല. വിമർശിക്കുന്തോറും ഞങ്ങളുടെ പുസ്തകങ്ങൾ കൂടുതൽ കൂടുതലായി വിറ്റുപോകുന്നു”. ബഷീറിന്റെ മകൾ സാഹിത്യവാരഫലം പതിവായി വായിക്കുന്നുവെന്നും രസമുള്ളതാണു് ആ ലേഖനപരമ്പരയെന്നും അറിയിച്ചു. രണ്ടുപേർക്കും അതിഥികളുടെ ദർശനത്തിൽ ആഹ്ലാദാതിരേകം. റോഡിലേക്കു പോകാൻ ഭാവിച്ച ഞങ്ങളെനോക്കി ബഷീർ കൈയുയർത്തി വീണ്ടും അനുഗ്രഹിച്ചു. ബഷീറും അദ്ദേഹത്തിന്റെ കുടുംബവും അദ്ദേഹത്തിനു തണൽനല്കുന്ന വൃക്ഷവും ഒരുമിച്ചു വളരട്ടെ. അവർക്കു് എല്ലാ ഉയർച്ചകളും ഉണ്ടാകട്ടെ. പ്രകൃതിയുടെ പ്രതിരൂപമായ മരത്തിന്റെ ചുവട്ടിലിരുന്നു് ബഷീർ സ്നേഹസാന്ദ്രതയോടെ എല്ലാവരെയും വീക്ഷിക്കുന്നു. ആ വീക്ഷണം അവിരാമമായി തുടരണമെന്നാണു് എന്റെ ആഗ്രഹം.
ഉച്ചകഴിഞ്ഞ് മണി ഒന്നായപ്പോൾ ഹോട്ടലുടമസ്ഥൻ മാനേജരെ വിളിച്ചു പറഞ്ഞു: “എല്ലാ കാര്യങ്ങളും ശരിയായി നോക്കിക്കൊള്ളണം. ഞാൻ ഏതെങ്കിലും ഹോട്ടലിൽപ്പോയി ഊണുകഴിച്ചുവരാം”. മലയാളസാഹിത്യത്തിന്റെ ഹോട്ടലിൽനിന്നു് ഊണു കഴിക്കുന്നവനല്ല ഞാൻ. എല്ലാം പടിഞ്ഞാറാൻ ഹോട്ടലുകളിൽനിന്നാണു്. ബെഡ് കോഫിക്കുപോലും ഞാൻ എന്റെ ഹോട്ടൽവിട്ടു പോകുന്നു. സ്വന്തം ഹോട്ടലിന്റെ വൃത്തികേടു് അതിന്റെ ഉടമസ്ഥനല്ലാതെ വേറെയാർക്കാണു് അറിയാവുന്നതു?
ഞാൻ അങ്ങ് യു. പിയിലായിരുന്നപ്പോൾ എന്നും കാലത്തു് പോസ്റ്റോഫീസിൽ പോകുമായിരുന്നു. നാട്ടിൽനിന്നു വരാത്ത കത്തുകൾക്കായി. ഒരുദിവസം താങ്കൾക്കു് ഒരു കത്തുണ്ടു്’ എന്നു് ഹിന്ദിയിൽ പറഞ്ഞു കൊണ്ടു് പോസ്റ്റ്മാൻ എഴുത്തു് തന്നു. മേൽവിലാസംപോലും ശരിക്കു വായിക്കാതെ ഞാൻ കത്തുതുറന്നു് ആദ്യത്തെ രണ്ടു വാക്യങ്ങൾ വായിച്ചു. തുടക്കത്തിൽത്തന്നെ ആയിരമായിരം ഉമ്മകൾ എന്നു പലതവണ എഴുതിയിരിക്കുന്നു. ഭയന്നു് കവർ നോക്കിയപ്പോഴാണു് കാര്യം മനസ്സിലായതു്, കത്തു് എന്റെ പേരിനോടു് ഏതാണ്ടു് സാദൃശ്യമുള്ള വേറൊരാൾക്കാണെന്നു്. കത്തെഴുതിയ വിവാഹിതയായ സുന്ദരിയെ എനിക്കു് നേരത്തെ അറിയാമായിരുന്നു. അവർ ഭർത്താവറിഞ്ഞോ അറിയാതെയോ എഴുത്തിലെ മേൽവിലാസക്കാരനോടു് ബന്ധം പുലർത്തിയിരുന്നുവെന്നു് ഞാൻ അക്കാലത്തു കേട്ടിരുന്നു. സ്കാൻഡൽ എന്നുപറഞ്ഞു് ഞാൻ അതു് എന്നോടു പറഞ്ഞവരെ നിരുത്സാഹപ്പെടുത്തുകയും ചെയ്തു. അങ്ങനെയിരിക്കെ ആ സുന്ദരിയുടെ ഭർത്താവിനു് സ്ഥലംമാറ്റം കിട്ടി. പുതിയ സ്ഥലത്തു ചെന്നയുടനെ അവർ കാമുകനയച്ച, പ്രേമലേഖനമാണു് എന്റെ കൈയിൽ വന്നുപെട്ടതു്. ‘ഹായ് കത്തു് മാറിപ്പോയി’ എന്നു് മുറിഹിന്ദിയിൽ പറഞ്ഞ് ഞാനതു് പോസ്റ്റ്മാനു് തിരിച്ചുകൊടുത്തു. നേരേമറിച്ചു്, അതു് കിട്ടേണ്ട ആളിനു കിട്ടിയിരുന്നെങ്കിലോ? സന്തോഷംകൊണ്ടു് അയാൾ തുള്ളിമറിഞ്ഞേനേ. ചുംബനത്തിന്റെ അനുഭൂതി വാക്കുകളിൽനിന്നുതന്നെ അയാൾക്കു ലഭിച്ചേനേ.
വേറൊരു കഥ കേട്ടിട്ടുണ്ടു്. വിദേശ സഞ്ചാരത്തിനുപോയ ഒരാൾ ദൂരെയിരുന്നുകൊണ്ടു് ഭാര്യയ്ക്കു് ആയിരം ചുംബനങ്ങളുടെ ചെക്ക് അയച്ചുകൊടുത്തത്രെ. അതു് ‘ക്യാഷ്’ചെയ്തു കൊടുത്തതു് അടുത്ത വീട്ടിലെ സുന്ദരനായ യുവാവായിരുന്നുപോലും. വാക്കുകൾ ആരെ ലക്ഷ്യമാക്കി പ്രയോഗിക്കുന്നുവോ അയാൾക്കു് അവയുടെ പിറകിലുള്ള അനുഭൂതി ഉളവാക്കുമെന്നാണു് ഇപ്പറഞ്ഞതിന്റെ അർത്ഥം. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ‘ഹിഗ്ഗിൻസിനു് ഒരു ചരമഹിന്ദോളം’ എന്ന കാവ്യമെഴുതിയ പി. ടി. നരേന്ദ്രമേനോൻ അനുവാചകരെ ലക്ഷ്യംവച്ചാണോ പദങ്ങൾ പ്രവഹിപ്പിക്കുന്നതു്. അങ്ങനെയാണെങ്കിൽ അദ്ദേഹത്തിന്റെ യത്നം വിഫലം എന്നു പറയേണ്ടിയിരിക്കുന്നു. കാവ്യത്തിന്റെ തുടക്കം കേട്ടാലും, കാറപകടത്തിൽ മരിച്ച ഒരു ഭാഗവതർ സായ്പിനെക്കുറിച്ചാണു് നരേന്ദ്രമേനോൻ എഴുതുന്നതു്.
വരിക തിരുവയ്യാറ്റു-
തീരത്തിൽനിന്നാദിവിധൂരതകൾ
നീറുന്ന ജീവരാഗങ്ങളിൽ, ചപല-
മോഹാതുരരഹസ്യങ്ങൾ ചീറി നി-
ന്നനുദിനം തലകൊയ്യുമീ ഭഗ്നധൂളിയിൽ,
സ്മൃതികൾ തൻ പൈദാഹസാധകക്കൂടു ചേർ-
ന്നൊരുപിടി സ്ഥായികളിലടയിരുന്നും, പഴം
മുറിവുകളിൽ രുധിരനീരിറ്റിച്ചുയിർക്കൊണ്ട
സ്വരതൃണാവർത്തങ്ങൾ താണ്ടിയും, മൃതിനാദ-
ഗതിവിഗതി കരയുന്ന കാറ്റിൽനിന്നശ്രുവി-
ന്നുതിർമണികൾ കൊത്തിയും
വരിക നീ ശാരികേ!
‘വരിക നീ ശാരികേ’ എന്ന വാക്കുകളൊഴികെ വായനക്കാർക്കു് എന്തു മനസ്സിലായി? മനസ്സിലാകുക എന്ന പ്രക്രിയ പോകട്ടെ. എന്തെങ്കിലും വികാരത്തിനു് അവർ വിധേയരായോ? രണ്ടിനും ‘ഇല്ല’ എന്ന ഉത്തരമേ അവർ നല്കൂ എന്നാണെന്റെ വിചാരം. ലോറിയുടെ പിൻഭാഗത്തെ അടപ്പു് വലിച്ചു താഴ്ത്തിയിട്ടു് കരിങ്കൽച്ചില്ലുകൾ റോഡിലേക്കു പ്രവഹിപ്പിക്കുന്ന കൂലിക്കാരന്റെ പ്രവൃത്തിയായിട്ടാണു് ഇതിനെ ഞാൻ കാണുന്നതു്. ശബ്ദത്തോടെ അവ താഴെ വന്നുവീഴുന്നു. യാത്രക്കാരുടെ കാലുമുറിയുമോ മറ്റു വാഹനങ്ങൾക്കു പോകാനിടമുണ്ടോ എന്നൊന്നും നോക്കാതെ അടപ്പു് തിരിച്ചടച്ചു് ഡ്രൈവർ ലോറി സ്റ്റാർട്ട് ചെയ്യുന്നു. വേഗത്തിൽ ഓടിച്ചുപോകുമ്പോൾ പോക്കു കാണേണ്ട കാഴ്ചയാണെങ്കിൽ നരേന്ദ്രമേനോന്റെ ലോറിയോടിക്കലും കാണേണ്ട കാഴ്ചയത്രെ. സത്യദർശനത്തിനു പല മാർഗ്ഗങ്ങളുണ്ടു്. ആകാരത്തിലൂടെ അതാകാം. ഇടപ്പള്ളിക്കവികൾ അനുഷ്ഠിച്ചതു് അതാണു്. ആശയത്തിലൂടെ സത്യം ദർശിക്കാം. വൈലോപ്പിള്ളി യുടെ മാർഗ്ഗമതായിരുന്നു. നരേന്ദ്രമേനോനു് രണ്ടും മാർഗ്ഗങ്ങളല്ല. അദ്ദേഹം വാക്കുകൾ വാരി എടുത്തു. നമുക്കു് ക്ലേശവും.
ബുദ്ധസന്ന്യാസിയും ചിത്രകാരനുമായിരുന്ന സെസ്ഷൂ വിനെക്കുറിച്ചു് (Sesshu) ഒരു കഥയുണ്ടു്. അദ്ദേഹത്തിന്റെ ചിത്രരചനാ താല്പര്യം മതപരങ്ങളായ കാര്യങ്ങളിൽ അഭ്യസിക്കുന്നതിൽ തടസ്സമായി നില്ക്കുന്നവെന്നു് മഠാധിപതി എപ്പോഴും കുറ്റപ്പെടുത്തുമായിരുന്നു. അതു് കേട്ടുകേട്ടു് സെസ്ഷൂവിനും ദുഃഖമുണ്ടായി. തന്നെ മഠത്തിന്റെ തൂണിൽ കൈയും കാലും കെട്ടി ബന്ധിക്കാൻ അദ്ദേഹം മറ്റു സന്ന്യാസിമാരോടു് അഭ്യർഥിച്ചു. ഒരു ദിവസമെങ്കിലും ചിത്രരചനയിൽ നിന്നു മാറിനിന്നാൽ അതിലുള്ള കൗതുകം തീരുമല്ലോ എന്നാണു് അദ്ദേഹം കരുതിയതു്. സെസ്ഷൂ തൂണിനോടു ചേർത്തു ബന്ധിക്കപ്പെട്ടു. അയാൾ വല്ലാതെ വിയർത്തു. വിയർപ്പു് കഞ്ചുകം നനച്ചുകൊണ്ടു് ഭൂമിയിലേക്കു് ഒഴുകി. ഭൂമി നനഞ്ഞു. അദ്ദേഹത്തിന്റെ പെരുവിരൽ വലിക്കാൻ തുടങ്ങി. കാലത്തു് സന്ന്യാസിമാർ വന്നു നോക്കിയപ്പോൾ അദ്ദേഹത്തിന്റെ വിരലിനരികെ ഒരു ചത്ത എലി കിടക്കുന്നതു പോലെ തോന്നി. അല്ല, ആ ചിത്രകാരൻ പെരുവിരൽകൊണ്ടു വരച്ച എലിയുടെ ചിത്രമായിരുന്നു അതു്. കലയുടെ പ്രചോദനമാർന്നവർ തങ്ങളറിയാതെ വരയ്ക്കും, കാവ്യമെഴുതും, നോവലെഴുതും, പ്രചോദനമില്ലാത്തവർ മിണ്ടാതിരിക്കുന്നതു് നന്നു്.
പൊലീസ് ഡിപ്പാർട്ട്മെന്റിൽ ഉദ്യോഗസ്ഥനായിരുന്ന ഉസ്മാൻ (D. S. P.) ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റിന്റെ അധിപതിയായിരുന്നു ഒരുകാലത്തു്. അദ്ദേഹം തിരിച്ചു് പൊലീസ് ഡിപ്പാർട്ട്മെന്റിലേക്കു പോന്നു. ഉസ്മാൻ ചെങ്ങന്നൂർ ഡി. എസ്. പി. ആയിരുന്നു കാലത്തു് ഞാൻ അദ്ദേഹത്തെ അവിടെവച്ചു കണ്ടു. ഒരുദിവസം പ്രഭാതത്തിൽ ഞാൻ ഉസ്മാന്റെ വീട്ടിൽച്ചെന്നപ്പോൾ അദ്ദേഹം ചേട്ടന്റെ മകൻ നൂറുദീനെ ടാഗോറി ന്റെ ഗീതാഞ്ജലി പഠിപ്പിക്കുകയായിരുന്നു. Deliverance, where is this deliverance to be found? എന്നു് ഉസ്മാൻ പറഞ്ഞതും ഞാനവിടെ ചെന്നതും ഒരുമിച്ചായിരുന്നു. പലതും സംസാരിച്ച കൂട്ടത്തിൽ ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റിലെ ഉദ്യോഗസ്ഥനായ പി. കെ. പരമേശ്വരൻ നായരെ അറിയുമോ എന്നു ഞാൻ അദ്ദേഹത്തോടു ചോദിച്ചു. ഉടനെ ഉസ്മാൻ പറഞ്ഞു: “അറിയും, പുരുഷരത്നം”. ആ പുരുഷരത്നത്തിന്റെ വ്യക്തിത്വത്തെയും സാഹിത്യസംഭാവനകളുടെ സവിശേഷതയെയും അനാവരണം ചെയ്യുകയാണു് ഇ. വി. ശ്രീധരൻ കലാകൗമുദി വാരികയിൽ. പി. കെ. പരമേശ്വരൻ നായർ സ്സാറിനു് 84 വയസ്സു് തികഞ്ഞിരിക്കുന്നു. ഒരു മനുഷ്യാത്മാവിന്റെ പുരോഗമനം. ആ ആത്മാവിന്റെ മാനുഷികമൂല്യ സാക്ഷാത്കാരം ഇവയെല്ലാം ഈ പ്രബന്ധത്തിൽ വിശദമാക്കിയിരിക്കുന്നു. രാജഹംസങ്ങൾ പറക്കുമ്പോൾ സൂര്യരശ്മികൾ അവയുടെ ചിറകുകളിൽ വന്നുവീഴും. അപ്പോഴാണു് അവയുടെ ഭംഗി കൂടുന്നതു്. ശതാഭിഷേകം എന്ന മഹത്വമാർന്ന ബിന്ദുവിൽ എത്തിയ പി. കെ. പരമേശ്വരൻ നായരെ ഇങ്ങനെ മാനിക്കുമ്പോഴാണു് അദ്ദേഹത്തിന്റെ ഉജ്ജ്വലതയെക്കുറിച്ചു് ബഹുജനത്തിനു് അറിവുണ്ടാകുന്നതു്. ആ നിലയിൽ ആദരണീയമായി കലാകൗമുദിയുടെ ഈ സമാരാധനം.
ബൊലൊന്യാ സർവകലാശാലയിൽ (University of Bologna) സീമിയോട്ടിക്സ് പ്രൊഫസറായ ഉമ്പർട്ടോ എചോ (Umberto Eco) The Name of the Rose എന്ന നോവൽ രചിച്ചതോടെ വിശ്വവിഖ്യാതനായി. അദ്ദേഹത്തിന്റെ പുതിയ പുസ്തകമാണു് Travels in Hyperreality (Picador Publication 1987) ഉത്കൃഷ്ടങ്ങളായ പ്രബന്ധങ്ങളുടെ സമാഹാരമാണു് ഈ ഗ്രന്ഥം. ഇറ്റലിയിലെ ഫിലിം ഡയറക്ടറന്മാരായ ഫേദറീക്കോ ഫേല്ലീനി (Federico Fellini), മീക്കലൊഞ്ചലോ ആന്റോനീയോനീ (Michelangelo Antonioni) ക്യാനഡയിലെ മാസ് കമ്മ്യൂനിക്കേഷൻസ് തീയറിസ്റ്റായ മർഷൽ മക്ലൂവൻ (Marshall McLuhan) ഇറ്റലിയിലെ തത്ത്വചിന്തകനായ സെയിന്റ് തോമസ് അക്വിനസ് ഇവരെക്കുറിച്ചും സമകാലിക പ്രാധാന്യമുള്ള മറ്റു പല വിഷയങ്ങളെക്കുറിച്ചും എചോ എഴുതുന്നു. ധിഷണകൊണ്ടു് ഓരോ വിഷയത്തിന്റെയും അഗാധതയിലേക്കു കടന്നുകയറുന്നു അദ്ദേഹം. എക്സ്പോ 67-നെക്കുറിച്ചു് എചോ എഴുതുന്നതിനിടയിൽ ഇങ്ങനെ: ബോട്ട്, കാറ്, ടി. വി സെറ്റ് ഇവ യഥാക്രമം സഞ്ചരിക്കുന്നതിനോ ഓടിക്കുന്നതിനോ കാണുന്നതിനോ ഉള്ളവയല്ല. അവ. അവയ്ക്കുവേണ്ടിമാത്രം വീക്ഷിക്കപ്പെടാനുള്ളവയത്രെ. വാങ്ങിക്കാനുമുള്ളവയല്ല ആ വസ്തുക്കൾ. ഡിസ്കോതെക്കിന്റെ വർണ്ണമണ്ഡലത്തെ ആസ്വദിക്കുന്നതുപോലെ ഞരമ്പുകൾകൊണ്ടും ക്ഷോഭമാർന്ന ഇന്ദ്രിയങ്ങൾകൊണ്ടും ആസ്വദിക്കേണ്ടവയാണു്. വസ്തുക്കൾ ഉണ്ടു് എന്നതുകൊണ്ടു് അവയെ സ്വായത്തമാക്കണമെന്നില്ല. അവയെ നോക്കിയാൽ മതി.
കായികവിനോദങ്ങൾ (Sports) രാഷ്ട്രീയ കാര്യങ്ങൾക്കു പകരമുള്ളവയായിത്തീർന്നിരിക്കുന്നുവെന്നാണു് എചോ പറയുക. ധനകാര്യമന്ത്രിയുടെ ജോലിയെ വിലയിരുത്തുന്നതിനു പകരമായി കോച്ചിന്റെ ജോലിയെ നമ്മൾ വിലയിരുത്തുന്നു. (ധനകാര്യമന്ത്രിയുടെ ജോലിയെ വിലയിരുത്തണമെങ്കിൽ ധനതത്ത്വശാസ്ത്രത്തെപ്പറ്റി അറിവു വേണമല്ലോ) പാർലമെന്റ് റിക്കോഡിനെ വിമർശിക്കുന്നതിനു പകരം നമ്മൾ സ്പോർട്സിൽ പങ്കെടുത്ത താരങ്ങളുടെ റിക്കോഡിനെ വിമർശിക്കുന്നു. ഏതോ ഒരു മന്ത്രി ഒപ്പുവച്ചുകൊടുത്ത കുത്സിതമായ ഒരു കരാറിനെപ്പറ്റി ചോദിക്കുന്നതിനു പകരമായി നമ്മൾ ചെയ്യുന്നതെന്താണു്? ഫൈനൽ ഗെയിം ശക്തിയാലാണോ അതോ യാദൃച്ഛികതയാലാണോ നിശ്ചയിക്കപ്പെടുന്നതു് എന്നാണു്. ധിഷണയ്ക്കു സംതൃപ്തിയരുളുന്നതാണു് ഇതിലെ ഓരോ പ്രബന്ധവും.
ജാക്ക് ബെന്നി യെ അമേരിക്കൻ പ്രസിഡന്റ് ഓഫീസിലേക്കു ക്ഷണിച്ചു. വയലിൻപെട്ടിയുമായി അവിടെയെത്തിയ അദ്ദേഹത്തോടു് സെക്യൂരിറ്റി ഓഫീസർ ചോദിച്ചു: “ഈ പെട്ടിയിലെന്താണു്?” ബെന്നി ഗൗരവഭാവത്തിൽ പറഞ്ഞു: “മെഷ്യൻഗൺ” അതുകേട്ടു് അതേ ഗൗരവത്തോടെ സെക്യൂരിറ്റി ഓഫീസർ പറഞ്ഞു: “എന്നാൽ കുഴപ്പമില്ല. അകത്തേക്കു പൊയിക്കൊള്ളു. ഒരുനിമിഷം ഞാൻ പേടിച്ചു, ഇതിനകത്തു് നിങ്ങളുടെ വയലിൻ ആണെന്നു് ”.