സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, kk-1987-12-08-ൽ പ്രസിദ്ധീകരിച്ചതു്)

images/JosephBrodsky-c.jpg
ഇയോസിഫ് ബ്രോഡ്സ്കി

ഈ വർഷത്തെ, സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ ഇയോസിഫ് ബ്രോഡ്സ്കി (Iosif Brodsky) ആ സമ്മാനത്തിനു സർവ്വഥാ അർഹനാണു്. രാഷ്ട്രവ്യവഹാരത്തെ സംബന്ധിച്ച പരിഗണനകളാണു് ഈ പുരസ്കാരത്തിന്റെ പിറകിലുള്ളതെന്നു പറയുന്നവരുണ്ടാകാം. ഒക്ടോവ്യാ പാസ്സ ല്ലേ ബ്രോഡ്സ്കിയെക്കാൾ കേമൻ എന്നു ചോദിക്കുന്നവരുണ്ടാകാം. ആ പ്രസ്താവനയും ചോദ്യവും തെറ്റാണെന്നു എഴുതാൻ ധൈര്യമില്ലെനിക്കു്. പക്ഷേ, ബ്രോഡ്സ്കി അന്യാദൃശ സ്വഭാവമാർന്ന കവിയാണെന്നു് സാഹിത്യത്തെക്കുറിച്ചു നിഷ്പക്ഷചിന്താഗതിയുള്ളവർക്കു സമ്മതിക്കാതിരിക്കാൻ കഴിയുകയില്ല. കവിയുടെ വീക്ഷണത്തിനു് സാർവ്വലൗകിക സ്വഭാവം വരുമ്പോഴാണു് ആ കവി നിസ്തുലനെന്നോ ‘അസാധാരണ’നെന്നോ വിശേഷിപ്പിക്കപ്പെടുന്നതു്. ഒക്ടോവ്യാ പാസ്സ് മഹാകവി തന്നെ. പക്ഷേ, ഇവിടെപ്പറഞ്ഞ സാർവ്വലൗകിക സ്വഭാവം ബ്രോഡ്സ്കിയുടെ കവിതയ്ക്കുള്ളതുപോലെ പാസ്സിന്റെ കവിതയ്ക്കില്ല. ബ്രോഡ്സ്കിയുടെ കവിത വായിക്കു. അനുഗ്രഹിക്കപ്പെട്ട ഒരു കവിയുടെ ഗാനധാര നിങ്ങളെ ആവരണം ചെയ്യും. അദ്ദേഹത്തിന്റെ ആശയങ്ങളുടെ പരിമളം നിങ്ങളെ ആഹ്ലാദാനുഭൂതിയിലേക്കു് എറിയും.

ഇതെഴുതുന്ന ആളിനെ വല്ലാതെ ആകർഷിച്ച ഒരു കാവ്യമാണു ബ്രോഡ്സ്കിയുടെ “The Fountain”. ലോഹം കൊണ്ടുണ്ടാക്കിയ ഒരു സിംഹമാണു് fountain—ജലധാരായന്ത്രം. പക്ഷേ, അതിന്റെ അണകളിൽനിന്നു കൊച്ചോളങ്ങളോടെ ജലം പ്രവഹിക്കുന്നില്ല. ഗർജ്ജനമുയരുന്നില്ല. ‘ഹയാസിന്തു്’ പുഷ്പിക്കുന്നു. ചൂളമടിയില്ല. നിലവിളിയില്ല. ശബ്ദമേയില്ല. ഇലകൾ നിശ്ചലങ്ങൾ. പേടിപ്പിക്കുന്ന ആ മുഖത്തിനു് അതൊരു വിചിത്ര പശ്ചാത്തലം തന്നെ. സിംഹത്തിന്റെ ചുണ്ടുകൾ വരണ്ടിരിക്കുന്നു. അവന്റെ തൊണ്ടയാകെ തുരുമ്പു പിടിച്ചിരിക്കുകയാണു്. ലോഹം മരിക്കാത്തതല്ല. ജലനിയന്ത്രണോപകരണം പൂർണ്ണമായും അടച്ചിരിക്കുകയാണു്. അവന്റെ വാലിന്റെ അറ്റത്തുള്ള ആ ഉപകരണത്തിന്റെ ‘വാൽവ്’ ഒരു ചെടി അടച്ചുകളഞ്ഞു. സായാഹ്നം അവരോഹണം ചെയ്യുന്നു. കുറ്റിക്കാടുകളിൽനിന്നു് ഒരു കൂട്ടം നിഴലുകൾ കാടുകളിൽനിന്നു സിംഹങ്ങളെന്നപോലെ ധാരായന്ത്രത്തിലേക്കു് ഓടുന്നു. ജലാധാരത്തിന്റെ നടുക്കു് ഉറങ്ങിക്കിടക്കുന്ന ബന്ധുവിന്റെ ചുറ്റുമായി അവർ കൂട്ടം കൂടുന്നു. അവ അരികിന്റെ മുകളിലൂടെ ചാടി ജലാധാരത്തിൽ പൊങ്ങിക്കിടക്കാൻ തുടങ്ങുന്നു. തങ്ങളുടെ നേതാവിന്റെ മോന്തയും പാദവും അവർ നക്കുന്നു. അവർ കൂടുതൽ നക്കുന്തോറും അവന്റെ ഭീതിദമായ മുഖം കൂടുതൽ കൂടുതൽ ഇരുളുന്നു. അവസാനമായി അവ പൊടുന്നനവേ ജീവനാർന്നു്, ചാടിയിറങ്ങി അവരുമായി ഒരുമിച്ചു ചേരുന്നു. ആ സംഘം മുഴുവനും ഇരുട്ടിലേക്കു വേഗത്തിൽ ഓടുന്നു. ആകാശം ഒരു മേഘത്തിനു പിറകിലായി നക്ഷത്രങ്ങളെ ഒളിക്കുന്നു. പ്രതിഭയുടെ ഈ വിലാസം ഇനിയുമുണ്ടു്. എങ്കിലും അതു കാണിച്ചുതരാൻ ഞാൻ ഉദ്യമിക്കുന്നില്ല. ബ്രോഡ്സ്കി കാവ്യത്തിന്റെ അവസാനത്തോടു് അടുപ്പിച്ചു് പറയുന്ന വാക്കുകൾ ഈ സിംഹയന്ത്രത്തിന്റെ സ്വഭാവം വ്യക്തമാക്കിത്തരും.

And, if you were a monster, a

company of monsters

will resurrect you, at a late hour,

out of the earth.

(നിങ്ങൾ രാക്ഷസനാണെങ്കിൽ രാക്ഷസന്മാരുടെ സംഘം ഭൂമിക്കടിയിൽനിന്നു്, വൈകിയവേളയിൽ നിങ്ങളെ ഉയിർത്തെഴുന്നേല്പിക്കും.)

ഇതു് സവിശേഷമായ രാഷ്ട്ര വ്യവഹാര സിദ്ധാന്തത്തിനു് കൊടുക്കുന്ന അടിയായി കരുതേണ്ടതില്ല. ഈ ലോകത്തെ ക്രൂരതയിൽ ഏല്പിക്കുന്ന ആഘാതമായി മാത്രം പരിഗണിച്ചാൽ മതി. ഇതുകൊണ്ടാണു് ഞാൻ പറഞ്ഞതു് ബ്രോഡ്സ്കിയുടെ വീക്ഷണത്തിനു സാർവ്വലൗകിക സ്വഭാവമുണ്ടെന്നു് നൃശംസതയിൽനിന്നു മനുഷ്യനെ മോചിപ്പിച്ചു് ആർദ്രമനസ്ക്കനാക്കുന്നതാണു് ബ്രോഡ്സ്കിയുടെ കവിത. ആലസ്യത്തിലാണ്ട അവനെ വിളിച്ചുണർത്തുന്നതാണു് അദ്ദേഹത്തിന്റെ കവിത.

കോടതിയിൽ വിസ്താരം നടക്കുമ്പോൾ ബ്രോഡ്സ്കിയുടെ ജോലി എന്തെന്നു് ചോദ്യമുണ്ടായി. “ഞാൻ കവിയാണു് ” എന്നായിരുന്നു അദ്ദേഹത്തിന്റെ ഉത്തരം. “നിങ്ങൾ കവിയാണെന്നു് ആരാണു് പറഞ്ഞതു?” എന്നു വീണ്ടും ചോദ്യം. ബ്രോഡ്സ്കി ഉത്തരം നല്കി വേറൊരു ചോദ്യം കൊണ്ടു്. “മനുഷ്യവർഗ്ഗത്തിലെ ഒരംഗമായി എന്നെ കണ്ടതു് ആരാണു്?” (ന്യൂസ് വീക്ക്) വേറൊരു സന്ദർഭത്തിൽ അദ്ദേഹം പറഞ്ഞു:

“പക്ഷിയുടെ പാട്ടിന്റെ ഉദ്ഭവകേന്ദ്രമറിയാൻ വേണ്ടി ആരുമതിനെ കീറിനോക്കാറില്ല”. (ഇക്കണോമിസ്റ്റ് മാസിക).

അധമത്വം

കുടുംബത്തെ ദ്രോഹിക്കുന്നവനെ പ്രകൃതിവച്ചുപൊറുപ്പിക്കില്ല. അവനെ ആ വലിയ ശക്തി നശിപ്പിച്ചുകളയും. ഞാനതു പലയിടങ്ങളിലും കണ്ടിട്ടുണ്ടു്. സിനിമാ തിയേറ്ററുപോലെ വീടു വയ്ക്കരുതു് അതു കുടിലുപോലെ ആകുകയുമരുതു്. ചുറ്റും കുറച്ചു ചെടികളാകാം. പനിനീർപ്പൂക്കൾ ഹൃദ്യമാണു്. പക്ഷേ, ഉദ്യാനത്തിനുവേണ്ടി ഉദ്യാനമുണ്ടാക്കരുതു്.

ഇല്ലാത്ത വിഷാദം അഭിനയിക്കാൻ എനിക്കു പ്രയാസമുണ്ടു്. അതുകൊണ്ടു് മുഖത്തു മൂകത വരുത്തിക്കൊണ്ടു് ഞാൻ ആ വീട്ടിൽ പ്രവേശിച്ചു. അയാൾ ചുണ്ടുകളിൽ പുഞ്ചിരിയോടെ കിടക്കുന്നു. തലയ്ക്കൽ ഒരു നിലവിളക്കു കത്തിച്ചുവച്ചിട്ടുണ്ടു്. ഓഫീസിൽ പോകാൻ ഷേവ് ചെയ്തു കുളിച്ചുവന്നപ്പോഴാണു് ഹൃദയസ്തംഭനമുണ്ടായതു്. അതുകൊണ്ടു് കവിൾത്തടങ്ങൾ മിനുങ്ങുന്നു. മൃതദേഹമാണെന്നു തോന്നുകയേയില്ല. അയാളുടെ മകൻ എനിക്കുള്ള വല്ലായ്മപോലുമില്ലാതെ അവിടെ കസേരയിലിരിക്കുന്നു. എനിക്കു് ആ ചെറുപ്പക്കാരന്റെ ദുഃഖമില്ലായ്മയിൽ തെല്ലും അദ്ഭുതമുണ്ടായില്ല. കാരണം അയാളുടെ അച്ഛൻ അത്തരത്തിലൊരു അധമനായിരുന്നു. കാലത്തു പട്ടണത്തിലേക്കു പോയാൽ “സേവിയറി”യിൽ കയറി കൊക്കോ ബ്രാൻഡി കുടിക്കും. വൈകുന്നേരം മകനെ ചാരായഷാപ്പിൽ അയച്ചു പട്ടച്ചാരായം വാങ്ങിച്ചു് ഉള്ളിലേക്കു ഒഴുക്കും. ഭാര്യയേയും നിർബ്ബന്ധിച്ചു കുടിപ്പിക്കും. എന്നിട്ടു് ഉണ്ണാനിരിക്കും. ചോറു വിളമ്പുന്ന വേലക്കാരനെ അവിടിരുന്നു ചവിട്ടും, തെറിവിളിക്കും. ഇതിനൊക്കെപ്പുറമേ അയാളൊരു രതോപകാരിയുമായിരുന്നു. ആ മനുഷ്യന്റെ ഭാര്യ നേരത്തെ മരിച്ചതിൽ വിസ്മയിക്കാനെന്തിരിക്കുന്നു. അയാളുടെ മരണമന്വേഷിച്ചു ചെന്നപോലെ ആ സ്ത്രീയുടെ മരണം കഴിഞ്ഞയുടനെയും ഞാനാ വീട്ടിലെത്തി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ, ആലപ്പുഴയിലെ ഒരു സ്ത്രീ അയാൾക്കു് എഴുതിയ പ്രേമലേഖനം മകൻ എനിക്കു കാണിച്ചുതന്നു… “അക്കൻ മരിച്ചുകഴിഞ്ഞാൽ ഞാൻ കൂടെവന്നു താമസിക്കും.” എന്നായിരുന്നു കത്തിലെ വാക്യം. അവളുടെ ആഗ്രഹവും അയാളുടെ ആഗ്രഹവും സാധിച്ചില്ല. പ്രകൃതി അയാളെ തിരിച്ചുവിളിച്ചു. നേരെമറിച്ചു് അയാൾ ജീവിച്ചിരുന്നെങ്കിലോ? ആൺമക്കളെ അയാൾ വിറ്റുകാശുവാങ്ങിയേനെ. പെൺമക്കളെ വേശ്യകളാക്കിയേനെ. സന്താനങ്ങളുടെ ഭാഗ്യം. എന്റെ പ്രിയപ്പെട്ട വായനക്കാരോടു പറയട്ടെ. കുടുംബത്തെ ദ്രോഹിക്കുന്നവനെ പ്രകൃതി വച്ചുപൊറുപ്പിക്കില്ല. അവനെ ആ വലിയ ശക്തി നശിപ്പിച്ചുകളയും. ഞാനതു പലയിടങ്ങളിലും കണ്ടിട്ടുണ്ടു്. ഇനി ആ നീചൻ ജീവിച്ചിരുന്നെങ്കിലോ? ആലപ്പുഴക്കാരി ഭാര്യ ചമഞ്ഞു് എത്തുമായിരുന്നു. മകൾ വല്ലാതെ ദുഃഖിക്കുമായിരുന്നു. ആ ദുഃഖത്തിന്റെ സ്വഭാവം കൂടുതലറിയണമെന്നുണ്ടെങ്കിൽ യു. കെ. കുമാരൻ മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ “കാക്കകളുടെ ശവദാഹം” എന്ന ചെറുകഥ വായിച്ചാൽ മതി. ഞാനിവിടെ വിവരിച്ച മട്ടിലുള്ള ഒരു സംഭവത്തിന്റെ കാല്പനികമായ ആവിഷ്കാരം അതിൽ കാണാം. ഒരു വ്യത്യാസമുണ്ടു്. കഥയിലെ പിതാവു് യഥാർത്ഥ സംഭവത്തിലെ പിതാവിനെപ്പോലെ അധമത്വമുള്ളവനല്ല. മകൾക്കു കൂട്ടായി ഒരു സ്ത്രീ വേണമല്ലോ എന്നു കരുതിയാണു് താൻ ദ്വിതീയ വിവാഹം നടത്തുന്നതു് എന്നു പറയുന്ന ഒരു ഹിപക്രിറ്റ് മാത്രമാണു് അയാൾ. അമ്മ മരിച്ചതിലും അച്ഛൻ രണ്ടാമതു് വിവാഹം കഴിച്ചതിലും ദുഃഖമുള്ള ഒരു പെൺകുട്ടിയുടെ ചിത്രം ഇക്കഥയിലുണ്ടു്. യു. കെ. കുമാരന്റെ കഥകൾക്കുള്ള ഒരു ദോഷം അതു നൂറുശതമാനവും കലാത്മകമാവുന്നില്ല എന്നതാണു്.

ചോദ്യം, ഉത്തരം

ചോദ്യം: സീമോൻ ദ ബോവ്വാറി നെക്കാൾ ധിഷണാശാലിനിയായി ഈ ശതാബ്ദത്തിൽ വേറൊരു സ്ത്രീയുണ്ടോ?

ഉത്തരം: ഉണ്ടു്. റെബേക്ക വെസ്റ്റ്. അവരുടെ Black Lamb and Grey Falcon—A journey through Yugoslavia എന്ന ഗ്രന്ഥം ഒരു ശതാബ്ദത്തിലെ മഹനീയങ്ങളായ ഗ്രന്ഥങ്ങളിലൊന്നാണു്.

ചോദ്യം: റേഡിയോ, ടി. വി ഇവയിൽ ഭേദമേതു?

ഉത്തരം: റേഡിയോ. അതു് കാതിനേ ദോഷമുണ്ടാക്കുന്നുള്ളു. ടി. വി. കാതിനും കണ്ണിനും കേടുണ്ടാക്കുന്നു.

ചോദ്യം: ടി. വിയെക്കുറിച്ചു് ഒരു നന്മയും നിങ്ങൾക്കു പറയാനില്ലേ?

ഉത്തരം: നവംബർ പത്താം തീയതി രാത്രി ഏഴുമണിയോടു് അടുപ്പിച്ചു് ഉണ്ടായിരുന്ന സ്വപ്ന സുന്ദരിയുടെ നൃത്തം ഒന്നാന്തരമായിരുന്നു. അതു പ്രദർശിപ്പിച്ച തിരുവനന്തപുരം ദൂരദർശൻ കേന്ദ്രത്തിലെ അധികാരികൾ അഭിനന്ദനം അർഹിക്കുന്നു.

ചോദ്യം: പൊലീസും ജനങ്ങളും തമ്മിൽ സംഘട്ടനം നടക്കുമ്പോൾ നിങ്ങൾക്കതു കാണാനിടവന്നാൽ പേടിയുണ്ടാകുമോ?

ഉത്തരം: ടെലിവിഷനിലാണെങ്കിൽ ഒരു പേടിയുമില്ല. റോഡിലാണു് ബഹളമെങ്കിൽ ഞാൻ ഓടും.

ചോദ്യം: ജി. രാമചന്ദ്രന്റെ പ്രഭാഷണം?

ഉത്തരം: പ്ലാറ്റിറ്റ്യൂഡും കനത്ത ശബ്ദവും.

ചോദ്യം: പനമ്പിള്ളി യുടെ പ്രഭാഷണം?

ഉത്തരം: വാഗ്മിതയുടെ വിലാസം.

ചോദ്യം: കുഞ്ഞു് ബുദ്ധിയോടെ പലതും പറയുകയും ക്ലാസ്സിൽ ഏറ്റവും കൂടിയ മാർക്ക് വാങ്ങുകയും ചെയ്യുമ്പോൾ ബന്ധുക്കളെന്തു പറയും?

ഉത്തരം: ‘എന്റെ അച്ഛന്റെ ബുദ്ധിയാണു് അവനു്’ എന്നു കുഞ്ഞിന്റെ അമ്മ. ‘എന്റെ മോന്റെ ബുദ്ധിയാണു് അവനു്’ എന്നു കുഞ്ഞിന്റെ അച്ഛന്റെ അമ്മ.

ചോദ്യം: ആൺടീ? (Auntie)

ഉത്തരം: ഏതു ചെറുപ്പക്കാരിക്കും കൂടുതൽ ചെറുപ്പം അഭിനയിക്കാൻ സഹായിക്കുന്ന ഒരു സംബോധന. ഇരുപത്തഞ്ചുവയസ്സായ സ്ത്രീ ഇരുപതുവയസ്സുള്ള വേറൊരു സ്ത്രീയെ സങ്കോചം കൂടാതെ ആൻടീ എന്നു വിളിക്കും.

അനുരഞ്ജനം
images/BlackLambAndGreyFalcon.jpg

സിയാ ഉൾഹക്ക് താനൊരു ക്രൂരനല്ല, നല്ല മനുഷ്യനാണു് എന്നുവരുത്താൻവേണ്ടി അതിവിനയം കാണിച്ചതു് ടെലിവിഷനിൽ ഞാൻ കണ്ടു. ക്രിക്കറ്റ് സെമിഫൈനൽസിൽ പാകിസ്ഥാനെ തോല്പിച്ച വിദേശത്തെ കളിക്കാരെ ദൂരെനിന്നു കണ്ടപ്പോൾത്തന്നെ അദ്ദേഹം കൈയടിച്ചു് ബഹുമാനിച്ചു. ശരീരമാകെ കുലുക്കി ചിരിച്ചു. (ചിരിക്കുമ്പോൾ ശരീരം കുലുക്കുന്നവരെ സൂക്ഷിക്കുക) മെഡൽ വാങ്ങിക്കൊണ്ടുപോകാൻ തിടുക്കം കാണിച്ചവരെ പിടിച്ചുനിർത്തി അഭിനന്ദിച്ചു. തന്റെ ഇടത്തും വലത്തും ഓരോ കളിക്കാരനെ നിറുത്തി ഫോട്ടോ എടുപ്പിച്ചു. തന്റെ മനഃസാക്ഷിക്കുത്തിനേയും കപടമായ പെരുമാറ്റത്തേയും അനുരഞ്ജിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു ഭൂട്ടോ യെ തൂക്കിലിട്ട ആ ഭയങ്കരൻ.

പൊളിഞ്ഞുപാളീസായ ശ്രീലങ്കാക്കരാർ ഇപ്പോഴും സുദൃഢാവസ്ഥയിലിരിക്കുന്നുവെന്ന മട്ടിലാണു് ഇന്ത്യയിലെ അധികാരികൾ സംസാരിക്കുക. ഇല്ലാത്ത ഒന്നിനെ ഉള്ളതായി സങ്കല്പിച്ചു് തങ്ങളുടെ നിലനില്പിനെ അതുമായി അനുരഞ്ജിപ്പിക്കാനുള്ള യത്നമാണു് അവരുടേതു്.

ഉള്ളുകൊണ്ടു ഭാര്യയെ വെറുത്തിട്ടു് മന്ദസ്മിതത്തോടുകൂടി അവളോടു നല്ല വാക്കുകൾ പറഞ്ഞു് രണ്ടിനേയും അനുരഞ്ജിപ്പിക്കാൻ ശ്രമിക്കുന്നു ഭർത്താവു്.

കലാകൗമുദിയിൽ ‘കൽച്ചുമരിൽ തുറന്നു വച്ച കണ്ണുകൾ’ എന്ന ചെറുകഥ എഴുതിയ പി. എഫ്. മാത്യൂസ് തനിക്കു് ഇല്ലാത്ത പ്രതിഭയേയും കഥാരചനതല്പരത്വത്തെയും അനുരഞ്ജിപ്പിക്കാൻ യത്നിക്കുന്നു.

നിർവ്വചനങ്ങൾ
യൗവനം:
ഭാര്യയെ ഒരുനിമിഷം കണ്ടില്ലെങ്കിൽ ‘സരളേ, സരളേ, ഇങ്ങുവരൂ’ എന്നു വിളിക്കുന്ന കാലം.
മദ്ധ്യവയസ്സു്:
‘ഉപദ്രവിക്കാതെ ഒന്നു നീങ്ങിക്കിടക്കു’ എന്നു ഭാര്യയോടു പറയുന്ന കാലം.
വാർദ്ധക്യം:
ഷോപ്പിങ്ങിനുപോയ ഭാര്യ രാത്രി ഒൻപതു മണിയായിട്ടും വന്നില്ലെങ്കിൽ ഒരു ഉത്കണ്ഠയും കൂടാതെ ഭർത്താവു് ഈസിച്ചെയറിൽ കിടന്നുറങ്ങുന്ന കാലം.
ചിരി:
തിരഞ്ഞെടുപ്പു് അടുക്കുമ്പോൾ രാഷ്ട്രീയ പ്രവർത്തകൻ ജീപ്പിൽനിന്നു നടത്തുന്ന ഒരു പ്രവർത്തനം.
കോവളം കടപ്പുറം:
കേട്ടുകേട്ടു് കൊതിച്ചു കൊതിച്ചു ചെല്ലുമ്പോൾ വൈരസ്യം ഉണ്ടാക്കുന്ന ഒരു സ്ഥലം.
സംഭാഷണത്തിലൂടെ

ജനയുഗം വാരികയിൽ ‘പരാജയം’ എന്ന കഥയെഴുതിയ ടി. രഘുനാഥൻ സാഹിത്യവാരഫലക്കാരനോടു്:

രഘു:
“നിങ്ങൾ എന്റെ കഥ വായിച്ചോ?
സാ. വാ. ഫ:
വായിച്ചു. സർഗ്ഗപ്രക്രിയയുമായി നിങ്ങളുടെ കഥയ്ക്കു് ഒരു ബന്ധവുമില്ല. ഭർത്താവിനെ ചതിച്ചു് ഭാര്യ ഗർഭിണിയാകുമ്പോൾ ഭർത്താവു് തൂങ്ങിച്ചാകുന്നു എന്ന സ്ഥിരം വിഷയമാണു് നിങ്ങൾ വായനക്കാരായ ഞങ്ങളുടെ മുഖത്തേക്കു നിഷ്ഠീവനം നടത്തുന്നതു്.
രഘു:
എന്താ പരുഷമായ ഭാഷ പ്രയോഗിക്കുന്നതു? ഒരു കഥയെഴുതിപ്പോയാൽ ഇത്രവളരെ ചീത്ത പറയേണ്ടതുണ്ടോ?
സാ. വാ. ഫ:
ശരിയാണു് സുഹൃത്തേ. ക്ഷമിക്കൂ. അധമസാഹിത്യരചന സമുദായത്തിന്റെ നേർക്കുള്ള ഒരു ‘ക്രൈ’മാണു്. അതു കാണുമ്പോൾ എനിക്കു ചിലപ്പോൾ കോപമുണ്ടാകും. അതുകൊണ്ടാണു് പരുക്കൻ വാക്കുകൾ പ്രയോഗിച്ചുപോകുന്നതു്. സങ്കല്പത്തിലോ നേരിട്ടോ നിങ്ങൾക്കു് ഒരനുഭവമുണ്ടായി. ആ അനുഭവത്തിന്റെ തീക്ഷണത നിങ്ങളുടെ കഥയിൽ ഇല്ല. ഇംഗ്ലീഷിൽ penetrating insight എന്നു പറയാറില്ലേ? ആ ഉൾക്കാഴ്ച നിങ്ങൾക്കില്ല. അത്തരം ഉൾക്കാഴ്ചയില്ലാതെ, അനുഭവത്തെ പരിവർത്തനം ചെയ്തു് ഒരു നൂതന മണ്ഡലമുണ്ടാക്കാതെ രചന നടത്തുമ്പോൾ വാക്കുകളേ കാണൂ. ഉത്കൃഷ്ടമായ ചെറുകഥയിലൂടെ കടന്നുപോകുമ്പോൾ നിങ്ങൾ അതിലെ പ്രപഞ്ചമേ കാണൂ. വാക്കുകൾ കാണില്ല. രഘുനാഥന്റെ കഥയിൽ ചതഞ്ഞ വാക്കുകൾ മാത്രമേയുള്ളു.
images/MaxfieldParrish.jpg
മാക്സ്ഫീൽഡ് പാരിഷ്

അമേരിക്കൻ ചിത്രകാരൻ മാക്സ്ഫീൽഡ് പാരിഷ് കുറെനേരം ചിത്രം വരച്ചിട്ടു് വിശ്രമിക്കുകയായിരുന്നു. തന്റെ മോഡലുമായി (ചിത്രരചനയ്ക്കു നിന്നുകൊടുക്കുന്ന ആണോ പെണ്ണോ) അദ്ദേഹം ചായ കുടിക്കുകയാണു്. പെട്ടെന്നു ചിത്രകാരന്റെ ഭാര്യ അവരുടെ മുറിയിലേക്കു വരുന്ന ശബ്ദം കേട്ടു് അദ്ദേഹം അവളോടു് (മോഡലിനോടു്) പറഞ്ഞു: “വേഗമാകട്ടെ. നമ്മൾ ചത്രം വരയ്ക്കുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുകയല്ല എന്നു കണ്ടാൽ അവൾക്കു സംശയമുണ്ടാകും. അതുകൊണ്ടു് വസ്ത്രങ്ങൾ ഉടനെ അഴിച്ചുകളയൂ”. (The speaker’s book of quotations എന്ന പുസ്തകത്തിൽ കണ്ടതു്)

മിതത്വം

ഓവർഡ്രസ്സ് ചെയ്യുന്നവനോടു നമുക്കു പുച്ഛമാണു്. അതുകൊണ്ടാണു് ഗൾഫ് രാജ്യത്തിൽനിന്നു നാട്ടിലെത്തുന്നവന്റെ വേഷം നമ്മുടെ പുച്ഛത്തെ ക്ഷണിച്ചു വരുത്തുന്നതു്. താഴെച്ചേർക്കുന്നവ ഈ അവജ്ഞയ്ക്കു ഹേതുക്കളാണു്. അത്യുക്തി, അതിരുകടന്ന സ്വർണ്ണാഭരണമണിയിക്കൽ, ആവശ്യകതയിൽക്കവിഞ്ഞ വലിപ്പമുള്ളവീടു്, സുദീർഘ പ്രഭാഷണം, തീക്ഷ്ണമായ പെർഫ്യൂം പുരട്ടൽ, വാഹനമോടിക്കലിലുള്ള അതിവേഗം, അതിരറ്റ സ്വദേശസ്നേഹം, സ്വന്തം ജോലിയിലുള്ള അഭിമാനാധിക്യവും അതിന്റെ ഫലമായ തണ്ടും. ഇങ്ങനെ വളരെപ്പറയാം. വീട്ടിന്റെ കാര്യം പറഞ്ഞപ്പോഴാണു് അതിനെക്കുറിച്ചു വീണ്ടും എഴുതണമെന്നുതോന്നിയതു്. സിനിമാ തീയറ്ററുപോലെ വീടു വയ്ക്കരുതു്. അതു കുടിലുപോലെ ആകുകയുമരുതു്. ചുറ്റും കുറച്ചു ചെടികളാകാം. പനിനീർപ്പൂക്കൾ ഹൃദ്യമാണു്. പക്ഷേ, ഉദ്യാനത്തിനുവേണ്ടി ഉദ്യാനമുണ്ടാക്കരുതു്. മതിലിനുമുകളിൽ വരിവരിയായി റോസാച്ചെടികൾ ചട്ടികളിൽ വളർത്തുകയും അവയ്ക്കു വെള്ളമൊഴിക്കാനും വളമിടാനും ഒരു പാവത്തിനെ നിയമിക്കുകയും അയാൾ ജോലികഴിഞ്ഞു് പൂന്തോട്ടത്തിന്റെ ഒരു മൂലയിൽ കുത്തിയിരുന്നു് ഉറക്കം തൂങ്ങാൻ ഇടയാക്കുകയുമരുതു്.

ഇവിടെപ്പറഞ്ഞ മിതത്വമാണു് നരിക്കുട്ടി മോഹനന്റെ ‘പൊട്ടൻതെയ്യം’ എന്ന നല്ല കഥയുടെ സവിശേഷത. ‘തമ്പ്രാട്ടിയെ വേൾക്കാൻ പുലയക്കിടാത്തനായോടാ…’ എന്ന കോമരത്തിന്റെ ചോദ്യം കേട്ടു് ക്ഷോഭത്തിൽ വീണ കഥയിലെ അമ്മയെക്കാൾ എന്നെ ആകർഷിച്ചതു് അതിലെ ഗ്രാമീണ സൗന്ദര്യ പ്രകീർത്തനമാണു്. വിദേശത്തു് നവീനതയുടെ അതിപ്രസരത്തിലും അധിപ്രസരത്തിലും കഴിഞ്ഞുകൂടിയ ഒരു യുവാവു് ക്രമേണ നാട്ടിന്റെ ശാലീന സൗന്ദര്യത്തിൽ ആമഗ്നനാകുന്നതിന്റെ ചിത്രം ഇക്കഥയിലുണ്ടു്. വാക്കുകളിൽ മിതത്വം. വികാരാവിഷ്കരണത്തിൽ മിതത്വം. സുഹൃത്തേ, വായനക്കാരാ ഇക്കഥ ദേശാഭിമാനി വാരികയിൽ.

വായനക്കാരെ, താങ്കളെ വീണ്ടും സുഹൃത്തേ എന്നു വിളിക്കട്ടെ. അങ്ങനെ വിളിച്ചിട്ടു പറയുകയാണു്: ചന്ദ്രിക ആഴ്ചപ്പതിപ്പിൽ പയ്യന്നൂർ ബാലകൃഷ്ണൻ എഴുതിയ ‘തവിടു്’ എന്ന കഥ കൗതുകത്തോടെ ഞാൻ വായിച്ചു. റൈസ്മിൽ നടത്തുന്ന ഒരുത്തന്റെ—ഭാര്യയും മക്കളുമുള്ള ഒരുത്തന്റെ—കാമമാണു് കഥയുടെ വിഷയം. വേഴ്ചയെ കൊതിച്ചു് അയ്യഞ്ചുരൂപവീതം അയാൾ പെണ്ണുങ്ങൾക്കു കൊടുക്കുന്നു. അതറിഞ്ഞ ഭാര്യ മില്ലിൽ കാലത്തു പ്രവേശിക്കുന്നു. എല്ലാ കൃത്രിമത്വവുമുണ്ടു് സംഭാഷണത്തിൽ. സ്ത്രീയുടെ മാനസികനിലയെപ്പറ്റി കഥാകാരനു് ഒരറിവുമില്ല. സൂപ്പർ റിയാലിറ്റി ഇല്ലെന്നതു പോകട്ടെ. റിയാലിറ്റിപോലുമില്ല. എങ്കിലും കഥാകാരന്റെ ഹാസ്യവീക്ഷണം രസപ്രദമാണു്.

രത്നം

അധമസാഹിത്യ രചന സമുദായത്തിന്റെ നേർക്കുള്ള ഒരു ‘ക്രൈ’മാണു്. അതു കാണുമ്പോൾ എനിക്കു ചിലപ്പോൾ കോപമുണ്ടാകും. അതുകൊണ്ടാണു് പരുക്കൻ വാക്കുകൾ പ്രയോഗിച്ചു പോകുന്നതു്. ഉൾക്കാഴ്ചയില്ലാതെ, അനുഭവത്തെ പരിവർത്തനം ചെയ്തു് ഒരു നൂതനമണ്ഡലമുണ്ടാക്കാതെ രചന നടത്തുമ്പോൾ വാക്കുകളേ കാണൂ. ഉത്കൃഷ്ടമായ ചെറുകഥയിലൂടെ കടന്നുപോകുമ്പോൾ നിങ്ങൾ അതിലെ പ്രപഞ്ചമേ കാണൂ. വാക്കുകൾ കാണില്ല.

ജർമ്മൻ സോഷ്യൽ തീയറിസ്റ്റായ അഡോർനോ (Thedor Wiesengrund Adorno, 1903–1969) ഈ ശതാബ്ദത്തിലെ അസാധാരണനായ ചിന്തകനാണു്. അദ്ദേഹത്തിന്റെ Minima Moralia— Reflections from Damaged Life എന്ന പുസ്തകം ലണ്ടനിലെ Verso പ്രസാധകർ വീണ്ടും പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു. 1984 തൊട്ടു് തുടർച്ചയായി പ്രസിദ്ധീകരിക്കുകയാണു് അവർ ഈ ഗ്രന്ഥം. ഉജ്ജ്വലമെന്നല്ല, അത്യുജ്ജ്വലമെന്നാണു് ഇതിനെ വിശേഷിപ്പിക്കേണ്ടതു്. ഗ്രന്ഥം മുഴുവനും വായിക്കേണ്ടതില്ല, ഒന്നോ രണ്ടോ പുറം വായിച്ചുകഴിയുമ്പോൾത്തന്നെ അതിനു നല്കിയിരിക്കുന്ന പ്രശംസകൾ—A classic of twentieth century thought. A primary intellectual document of this age ഈ പ്രശംസകൾ—പ്രത്യക്ഷരം ശരിയാണെന്നു ബോധപ്പെടും. വൈവിധ്യവും വൈജാത്യവുമാർന്ന വിഷയങ്ങളാണു് ഈ ചിന്തകൻ കൈകാര്യം ചെയ്യുന്നതു്. ചിലപ്പോൾ ഏതാനും വാക്യങ്ങളേ കാണൂ. മറ്റുചിലപ്പോൾ രണ്ടോ മൂന്നോ പുറങ്ങളും. നിരീക്ഷണങ്ങൾ ഹ്രസ്വങ്ങളായാലും ദീർഘങ്ങളായാലും നമ്മൾ ഇവയുടെ തിളക്കം കണ്ടു വിസ്മയിച്ചുപോകും. Momento എന്ന ഉപശീർഷകത്തിന്റെ താഴെയായി അദ്ദേഹമെഴുതുന്ന ഒരു ദീർഘമായ ഖണ്ഡികയിൽ നിന്നു് ഏതാനും വാക്യങ്ങൾ (തർജ്ജമ ചെയ്തു് അവയെ വികലമാക്കുന്നില്ല ഞാൻ.)

images/TheodorWAdorno-c.jpg
അഡോർനോ

Beauty of expression for its own sake is not at all “too beautiful”, but ornamental, arty-crafty, ugly. But he who on the pretext of unselfishly serving only the matter in hand, neglects purity of expression, always betrays the matter as well.

Properly written texts are like spiders’ webs: tight, concentric, well-spun and firm. They draw into themselves all the creatures of the air. Metaphors flitting hastily through them become their nourishing prey. Subject matter comes winging towards them” (pp. 86 & 87).

images/MinimaMoralia.jpg

ആവിഷ്ക്കരണ രീതിയെക്കുറിച്ചു് അഡോർനോ പറയുന്നതു് അദ്ദേഹത്തിന്റെ രചനയ്ക്കു് ചേരും. അതുകൊണ്ടു് വേണ്ടിടത്തോളം സാഹിത്യസംസ്കാരവും ചിന്താ സംസ്കാരവുമില്ലാത്തവർ ഈ ഗ്രന്ഥം വായിച്ചാൽ ‘ദുർഗ്രഹം, ദുർഗ്രഹം’ എന്നു മുറവിളി കൂട്ടിയേക്കും. അതു 12 ഡോളർ 95 സെന്റ് കൊടുത്തു് (ഏതാണ്ടു് 180 രൂപ) ഈ പുസ്തകം വാങ്ങുന്നവർക്കുള്ള ഒരു മുന്നറിയിപ്പാണു്.

ടെലിഫോണിൽക്കൂടി കേൾക്കുന്ന സ്ത്രീയുടെ ശബ്ദത്തെക്കുറിച്ചു് അഡോർനോ:

The sound of any woman’s voice on the telephone tells us whether the speaker is attractive. It reflects back as self-confidence, natural case and self-attention all the admiring and desirous glances she has ever received. It expresses the double meaning of graciousness: gratitude and grace. The ear perceives; what is for the eye, because both live on the experience of a single beauty. It is recognized on first hearing: a familiar quotation from a book never read (P. III).

ജീവിതം ധന്യമായി എന്നു തോന്നുന്നതു് ഇത്തരം പുസ്തകങ്ങൾ വായിക്കുമ്പോഴാണു്.

അവർ, പറഞ്ഞു.

സംസ്കൃതകോളേജിലെ ഒരു പ്രൊഫസർ (അവിടെ പ്രസംഗിക്കാനെത്തിയ ബെസ്റ്റ് എന്ന സായ്പിനെ കണ്ടിട്ടു്): ഈശ്വരന്റെ സൃഷ്ടിവിശേഷം!

എൻ. ഗോപാലപിള്ള (തിക്കുറിശ്ശി സുകുമാരൻ നായരെക്കുറിച്ചു് അദ്ദേഹം കേൾക്കെ): ഈ സുകുമാരനെ കാണാനും അദ്ദേഹം പറയുന്നതു കേൾക്കാനും യുവതികൾ കൊതിയോടെ ഇരിക്കുകയാണു്.

ഡോക്ടർ കെ. ഭാസ്കരൻ നായർ (എന്നോടു്): കോളേജിലെ മലയാളം വാദ്ധ്യാന്മാർ ഉള്ളൂരി നെക്കുറിച്ചു പ്രസംഗിച്ചാലും വള്ളത്തോളി നെക്കുറിച്ചു പ്രസംഗിച്ചാലും ആശാനെ ക്കുറിച്ചു പ്രസംഗിച്ചാലും ശരി എല്ലാ പ്രസംഗങ്ങളും ഒരുപോലിരിക്കും.

ഡോ. കെ. ഭാസ്കരൻ നായർ (കോയ്റ്റ്സ്ലറു ടെ Act of creations എന്റെ കൈയിൽ കണ്ടിട്ടു്): ശുദ്ധമായ നോൺസെൻസാണു് ഈ പുസ്തകം. നിങ്ങൾ ഇതൊന്നും വായിക്കരുതു്. ഭഗവദ്ഗീത വായിക്കണം.

തെറ്റായ ഇംഗ്ലീഷ് പ്രയോഗിക്കുന്നതിൽ കുപ്രസിദ്ധനായ ഒരു പ്രിൻസിപ്പൽ. (നിങ്ങൾ അന്നു ജനിച്ചിട്ടില്ലായിരുന്നു എന്ന അർത്ഥത്തിൽ): You were not even pregnant at that time.

വിൽസൻ മിസ്നർ: മാന്യയായ ചെറുപ്പക്കാരിയെ വേശ്യയെന്നു കരുതിവേണം അവളോടു പെരുമാറാൻ. വേശ്യയെ മാന്യയായിട്ടും.

ഞങ്ങൾ കുറുപ്പുസാർ എന്നുവിളിക്കുന്ന സംസ്കൃതം പ്രൊഫസർ (കീഴ്ജീവനക്കാരെ ഏഷണി കേട്ടു സ്ഥലം മാറ്റി കഷ്ടപ്പെടുത്തുന്ന ഒരു ഉദ്യോഗസ്ഥൻ. ദന്തവൈദ്യനെക്കൊണ്ടു് പല്ലുകളാകെ എടുപ്പിച്ചു എന്നു കേട്ടു്മറ്റുള്ളവർ എടുക്കുന്നതിനു മുൻപു് അങ്ങേരു തന്നെ സ്വന്തം പല്ലുകൾ എടുപ്പിച്ചു.)

ജി. ശങ്കരക്കുറുപ്പു് (സാഹിത്യപരിഷത്തിന്റെ വാർഷികസമ്മേളനത്തിൽ തിരുവനന്തപുരത്തുവച്ചു്): നിങ്ങളുടെ കുമാരനാശാൻ.

നീതിനിഷ്ഠ
images/KarenBlixens.jpg
ഈസാക്ക് ഡീനസൻ

ഒരു കൈലേസിനെച്ചൊല്ലി ഒരു കറുത്തമൂർ അതിസുന്ദരിയായ ഡെസ്ഡിമോണ യുടെ കഴുത്തു ഞെരിക്കുന്നതു് ഞാൻ ചലച്ചിത്രത്തിൽ കണ്ടു. അവളുടെ പിടച്ചിൽ കണ്ടു ഞാൻ കണ്ണീരൊഴുക്കിയപ്പോൾ ചില സ്ത്രീകൾ പേടിച്ചമട്ടിൽ ഇരിക്കുന്നുണ്ടായിരുന്നു. സിനിമാശാലയിലെ അർദ്ധാന്ധകാരത്തിലും ആ പേടി ഞാൻ കണ്ടു. പിന്നീടു് ഓഴ്സൻ വെൽസ് അഭിനയിച്ച മക്ബത്ത് കാണാനിടയായി. തന്റെ വസ്ത്രത്തിൽ പറ്റിയ ചോര പ്രദർശിപ്പിച്ചുകൊണ്ടു ലേഡി മക്ബത്ത് അതുമിതും പുലമ്പുന്നതുകേട്ടു. എല്ലാ സ്ത്രീകളും ഡെസ്ഡിമോണകളാണോ? അല്ല. എല്ലാ സ്ത്രീകളും ലേഡിമക്ബത്തുകളാണോ? അല്ല. എങ്കിലും നീതിനിഷ്ഠ സ്ത്രീകൾക്കു കുറവാണെന്നു പുരുഷന്മാർ പറയുന്നു. ഉദ്യോഗസ്ഥന്മാർ കൈക്കൂലി വാങ്ങുന്നതു് അവരുടെ ധർമ്മദാരങ്ങളുടെ പ്രേരണയാലാണെന്നതു പരക്കെ സമ്മതിക്കപ്പെട്ട മതമാണു്. എന്റെ വായനക്കാരികൾക്കു വൈഷമ്യമുണ്ടാകരുതു്. ഉത്തരക്കടലാസ്സിൽ മാർക്കു കൂട്ടിയിടണമെന്ന അപേക്ഷയോടുകൂടി എന്റെ അടുക്കലെത്തിയവരിൽ സംഖ്യാബലമേറും സ്ത്രീകൾക്കു്. ഒരഡീഷണൽ എക്സാമിനർ (സ്ത്രീ) 364 ഉത്തരക്കടലാസ്സുകൾ നോക്കി മാർക്ക് ലിസ്റ്റും പേപ്പറും കൊണ്ടുവന്നു. എണ്ണിനോക്കിയപ്പോൾ ഒരു ഉത്തരക്കടലാസ്സില്ല. അതു കളഞ്ഞുപോയിയെന്നാണു് അവർ അറിയിച്ചതു്. മാർക്ക് ലിസ്റ്റിൽ ആ കടലാസ്സിനു് നൂറിൽ 65 മാർക്ക് അവർ കാണിച്ചിരുന്നു. ഒരിക്കൽ ഒരു കോളേജിൽ എനിക്കു പ്രിൻസിപ്പലിന്റെ ‘ചാർജ്ജു’ണ്ടായിരുന്നു. വൈകുന്നേരം കാഷ് ബോക്സുമായി ക്ലാർക്ക് എന്റെ മുറിയിൽവന്നു. പതിവായി നോട്ടുകൾ എണ്ണാതെ ഞാൻ കാഷ് രജിസ്റ്ററിൽ ഒപ്പുവച്ചുകൊടുക്കും. അന്നു് അവർ ചില “സ്വാതന്ത്ര്യങ്ങൾ” കാണിച്ചപ്പോൾ എനിക്കു സംശയമായി. ഞാൻ നൂറുരൂപയുടെ കെട്ടുകൾ എണ്ണിനോക്കി. മുന്നൂറു രൂപയുടെ കുറവു്. രൂപയെവിടെയെന്നു ചോദിച്ചപ്പോൾ അവർ ‘വാവിട്ടു’ കരഞ്ഞു. പണത്തിന്റെ കണക്കു ശരിയാക്കി ഞാൻ കോളേജിൽനിന്നു് മറ്റു ക്ലാർക്കുകളുമായി പോയപ്പോൾ ഏറെയായി സമയം. എടുത്ത പണം ആ സ്ത്രീ തന്നെ തന്നു. സ്ത്രീകൾക്കു നീതിനിഷ്ഠ കുറവോ? എന്തോ അറിഞ്ഞുകൂടാ. എന്റെ സ്നേഹിതൻ പി. ആർ. നാഥൻ ഭേദപ്പെട്ട ഒരു ചെറുകഥയിലൂടെ പറയുന്നതു് അതു കുറവാണെന്നു തന്നെയാണു് (കുങ്കുമം, കറുത്ത കണ്ണടകൾ). അതു കഥാകാരന്റെ വിശ്വാസമായിക്കൊള്ളണമെന്നില്ല. ഒരു ജീവിത ഖണ്ഡമെടുത്തു് വിശ്വാസജനകമായി ചിത്രീകരിക്കുകയാണു് കലാകാരൻ. മറ്റൊരു ജീവിതഖണ്ഡമെടുത്തു് വിശ്വാസം വരുമാറു് ആവിഷ്കരിക്കുമ്പോൾ ആദ്യത്തെ ജീവിതഖണ്ഡത്തിൽനിന്നു് അതു് വിഭിന്നമായിയെന്നും വരാം. രണ്ടിലും അഭിരമിക്കും വായനക്കാരൻ. സ്ത്രീയെ അങ്കുശമില്ലാത്ത ചാപല്യമായിക്കണ്ട കവി അവളെ വെള്ളത്താമരപോൽ വിശുദ്ധി വഴിയുന്നവളായും ദർശിച്ചിട്ടുണ്ടല്ലോ.

“സ്ത്രീയും പുരുഷനും അടച്ചുവച്ച രണ്ടു പെട്ടികളാണു്. താക്കോലുകൾ അവർ പരസ്പരം കൈമാറിയിരിക്കുന്നു.” എന്നു ഡാനിഷ് എഴുത്തുകാരി ഈസാക്ക് ഡീനസൻ. അതുകൊണ്ടു് പുരുഷൻ സ്ത്രീയെക്കുറിച്ചും സ്ത്രീ പുരുഷനെക്കുറിച്ചും പറയുന്നതു ശരിയാവാം.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; kk-1987-12-08.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 3, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: JS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.