സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, kk-1987-12-27-ൽ പ്രസിദ്ധീകരിച്ചതു്)

ക്ഷുദ്രങ്ങളെന്നു തോന്നിക്കുന്ന നാടോടിക്കഥകൾപോലും ഗഹനങ്ങളായ തത്ത്വങ്ങൾ പകർന്നുതന്നു് മാനസികോന്നമനം സംഭവിപ്പിക്കുന്നു. അവയൊക്കെ അവഗണിച്ചു് നമ്മൾ മൂല്യമില്ലാത്ത കഥകൾക്കും കാവ്യങ്ങൾക്കും വേണ്ടി പരക്കം പായുന്നു.

ആരും മരിക്കാത്ത സ്ഥലം കണ്ടുപിടിക്കാൻ ശ്രമിച്ച ഒരു ചെറുപ്പക്കാരന്റെ കഥയുണ്ടു്. അച്ഛനമ്മമാരോടു യാത്രപറഞ്ഞ് അയാൾ നടന്നു തുടങ്ങി. വളരെ ദൂരം ചെന്നപ്പോൾ, നെഞ്ചുവരെ താടിരോമം വളർത്തിയ ഒരു വയസ്സനെ അയാൾ കണ്ടു. മലയിൽ നിന്നു പാറക്കഷണങ്ങൾ അടർത്തിയെടുത്തു് കൈവണ്ടിയിൽ കയറ്റിക്കൊണ്ടുപോകുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു വൃദ്ധൻ. യുവാവു് അയാളോടു ചോദിച്ചു:

“ആർക്കും മരണമില്ലാത്ത സ്ഥലമെവിടെയെന്നു നിങ്ങൾക്കറിയാമോ?”

കിഴവൻ മറുപടി നല്കി:

“എന്നോടൊരുമിച്ചു താമസിക്കു. ഈ മല മുഴുവൻ ഞാൻ അടർത്തിയെടുത്തു കൈവണ്ടിയിൽ വച്ചു് അങ്ങുദൂരെ കൊണ്ടിടുന്നതുവരെ നിങ്ങൾ മരിക്കില്ല”.

“അതെത്ര കാലം?”

“നൂറുകൊല്ലം”

അതുപോരെന്നു പറഞ്ഞു് ചെറുപ്പക്കാരൻ നടന്നു. ഏറെദൂരം അയാൾ സഞ്ചരിച്ചപ്പോൾ അരവരെ താടിമീശ വളർത്തിയ വേറൊരു വൃദ്ധനെ കണ്ടു. അയാൾ മരക്കൊമ്പുകൾ വെട്ടിയെടുക്കുകയായിരുന്നു കാട്ടിൽ നിന്നു്. അവസാനമില്ലാത്ത കാടു്. ചെറുപ്പക്കാരന്റെ ചോദ്യത്തിനു് അയാൾ ഉത്തരം പറഞ്ഞു:

“എന്നോടൊരുമിച്ചു താമസിക്കു. ഈ കാട്ടിലെ എല്ലാ മരങ്ങളും മുറിച്ചെടുക്കുന്നതുവരെ നിങ്ങൾ മരിക്കില്ല”

“അതെത്ര കാലം?”

“ഇരുന്നൂറുകൊല്ലം”.

പോരെന്നു് അറിയിച്ചിട്ടു് യുവാവു് വീണ്ടും നടക്കുകയായി. ഏറെ ദൂരം ചെന്ന അയാൾ മറ്റൊരു വൃദ്ധനെ കണ്ടു. മുട്ടുവരെ താടിരോമം വളർത്തിയ അയാൾ സമുദ്രജലം കുടിക്കുന്ന താറാവിനെ നോക്കി നില്ക്കുകയായിരുന്നു.

“എന്നോടൊരുമിച്ചു താമസിക്കു. ഈ താറാവു് കടൽവെള്ളം കുടിച്ചു തീരുന്നതുവരെ നിങ്ങൾ മരിക്കില്ല”.

“അതെത്ര കാലം?”

“മൂന്നൂറുകൊല്ലം”.

ചെറുപ്പക്കാരൻ പിന്നെയും നടന്നു. നടന്നു നടന്നു് അയാൾ ഒരു ദുർഗ്ഗഹർമ്മ്യത്തിലെത്തി.

കാൽവിരലോളം താടിരോമം വളർത്തിയ ഒരു വൃദ്ധനെ അവിടെക്കണ്ടു് യുവാവു് തന്റെ അഭിലാഷമറിയിച്ചു. അതറിഞ്ഞ വൃദ്ധൻ:

“ആർക്കും മരണമില്ലാത്ത സ്ഥലം ഇതുതന്നെയാണു്. വരൂ”.

ചെറുപ്പക്കാരൻ അകത്തുകയറി; താമസവുമായി. കാലം കഴിഞ്ഞു. ഒരുദിവസം അയാൾ കിഴവനോടു പറഞ്ഞു:

“ഞാൻ വീട്ടിൽച്ചെന്നു് അച്ഛനമ്മമാരോടു് യാത്ര പറഞ്ഞിട്ടു വരാം”.

വൃദ്ധൻ മറുപടി നല്കി: “ശതാബ്ദങ്ങൾ കഴിഞ്ഞിരിക്കുന്നു. അവരൊക്കെ മരിച്ചു”.

താൻ ജനിച്ച സ്ഥലമെങ്കിലും കണ്ടിട്ടുവരാമെന്നായി യുവാവു്. അതുകേട്ടു വയസ്സൻ പറഞ്ഞു:

“എന്നാൽ ലായത്തിൽ ചെന്നു് എന്റെ വെള്ളക്കുതിരയെ കെട്ടഴിച്ചെടുത്തു് കയറിപ്പോകു. വായുവിന്റെ വേഗമാണു് അതിനു്. ഒരിക്കലും അതിന്റെ പുറത്തുനിന്നിറങ്ങരുതു്. ഇറങ്ങിയാൽ നിങ്ങൾ മരിക്കും”.

യുവാവു് കുതിരപ്പുറത്തു യാത്രയായി. താറാവു് കടൽവെള്ളം കുടിക്കുന്നിടത്തു് അയാളെത്തി. കടലാകെ വറ്റി കട്ടംതറയായി മാറിയിരിക്കുന്നു.

ഒരിടത്തു് വെളുത്ത കുറെ എല്ലിൻ കഷണങ്ങൾ മാത്രം. മുട്ടുവരെ താടിവളർത്തിയ വൃദ്ധന്റെ അസ്ഥികളാണവ. യുവാവു് യാത്രതുടർന്നു് കാടായിരുന്ന സ്ഥലത്തെത്തി. അവിടം തരിശുഭൂമി. മലയുണ്ടായിരുന്ന സ്ഥലത്തു് ചെറുപ്പക്കാരൻ ചെന്നുചേർന്നു. മലയ്ക്കു പകരം സമതലം. ഒടുവിൽ ജന്മദേശത്തെത്തിയപ്പോൾ അവിടെ ഒന്നുമില്ല. എല്ലാം മാറിയിരിക്കുന്നു. അയാൾ ദുർഗ്ഗഹർമ്മ്യത്തിലേക്കു തിരിച്ചു യാത്രയായി. അങ്ങനെ പോരുമ്പോൾ സന്ധ്യയോടു് അടുത്ത സമയത്തു് ഒരു കാളവണ്ടി കണ്ടു. അതിൽ നിറച്ചു് തേഞ്ഞ ബൂട്ട്സും ഷൂസും. വണ്ടിക്കാരൻ പെട്ടെന്നു വിളിച്ചു പറഞ്ഞു:

“നോക്കൂ, വണ്ടിച്ചക്രം ചെളിയിൽ പുതഞ്ഞുപോയി. എന്നെ ഒന്നു സഹായിക്കു”.

തനിക്കു കുതിരപ്പുറത്തു നിന്നിറങ്ങാൻ ഒക്കുകയില്ലെന്നു ചെറുപ്പക്കാരൻ അറിയിച്ചെങ്കിലും വണ്ടിക്കാരന്റെ ദയനീയമായ അപേക്ഷയെ അയാൾക്കു നിരസിക്കാൻ കഴിഞ്ഞില്ല. “ഒരു നിമിഷംകൊണ്ടു് ഇരുട്ടു വ്യാപിക്കും, എല്ലാം മരവിക്കും. ഞാൻ കിഴവൻ. നിങ്ങൾ ചെറുപ്പക്കാരൻ, എന്നെ സഹായിക്കു”. എന്നായി വണ്ടിക്കാരൻ. യുവാവു് ദയയ്ക്കു അധീനനായി കുതിരയുടെ പുറത്തു നിന്നിറങ്ങി. ഉടനെ അയാളെപ്പിടിച്ചുകൊണ്ടു് വണ്ടിക്കാരൻ പറഞ്ഞു:

“നോക്കൂ, ഞാനാരെന്നു് അറിയാമോ? ഞാനാണു് മരണം. വണ്ടിക്കകത്തു തേഞ്ഞപാദരക്ഷകൾ കണ്ടോ? നിന്നെ അന്വേഷിച്ചു ഞാൻ ഓടിയതുകൊണ്ടു തേഞ്ഞുപോയ പാദരക്ഷകൾ. ഇപ്പോൾ എനിക്കു നിന്നെ കാണാൻ കഴിഞ്ഞു. ആരും എന്നിൽ നിന്നു് രക്ഷനേടുന്നില്ല”.

images/ItaloCalvino.jpg
ഈറ്റാലോ കാൽവീനോ

മഹാനായ സാഹിത്യകാരൻ ഈറ്റാലോ കാൽവീനോ സമാഹരിച്ച Italian Folk Tales എന്ന ഗ്രന്ഥത്തിലുള്ളതാണു് ഇക്കഥ. കാൽവീനോയുടെ ആ സമാഹാരഗ്രന്ഥം ഞാൻ വായിച്ചിട്ടുണ്ടെങ്കിലും ഇപ്പോൾ ഇതെടുത്തു് എഴുതുന്നതു് ഇംഗ്ലീഷ് സാഹിത്യകാരനായ ജോൺ ബർജറു ടെ (Berger) ഒരു പ്രബന്ധത്തിൽ നിന്നാണു്. ഈ കഥയെക്കുറിച്ചു് ബർജർ പറയുന്നു:

‘കാലത്തിന്റെ നിർദ്ദയാവസ്ഥ, മരണത്തിന്റെ അനിവാര്യത, നിത്യതയ്ക്കായുള്ള അഭിലാഷം ഇവയൊന്നും ഇന്നും മാറിയിട്ടില്ല”. എങ്കിലും ഒന്നിനു മാറ്റമുണ്ടു്. ആദ്യമായി ഇക്കഥ കേട്ടവർ, എന്നും ജീവിച്ചിരിക്കാൻ ആഗ്രഹിച്ച യുവാവിനെ അറിവില്ലാത്തവനായി കരുതിയിരിക്കും. കാലത്തിനപ്പുറത്തുള്ള ഒന്നിനെ കാണാൻ കഴിയാത്തവനായി അയാളെ കണ്ടിരിക്കും. ഇന്നത്തെ ആളുകൾ യാഥാർത്ഥ്യ ബോധമില്ലാത്തവനായിട്ടാണു് ആ ചെറുപ്പക്കാരനെ ദർശിക്കുക. കാലമെന്ന പ്രഹേളികയെ അക്കാലത്തെ യുവാവു് ഒരു വിധത്തിൽ കണ്ടു ഇന്നത്തെ യുവാവു് അതിൽ നിന്നു വിഭിന്നമായ രീതിയിൽ കാണും.

images/JohnBerger2009.jpg
ജോൺ ബർജർ

ക്ഷുദ്രങ്ങളെന്നു തോന്നിക്കുന്ന നാടോടിക്കഥകൾപോലും ഗഹനങ്ങളായ തത്ത്വങ്ങൾ പകർന്നു തന്നു് മാനസികോന്നമനം സംഭവിപ്പിക്കുന്നു. ഭാരതത്തിലുമുണ്ടു് ഇതിനെക്കാൾ വിശിഷ്ടങ്ങളായ കഥകൾ. അവയെയൊക്കെ അവഗണിച്ചു് നമ്മൾ മൂല്യമില്ലാത്ത കഥകൾക്കും കാവ്യങ്ങൾക്കും വേണ്ടി പരക്കം പായുന്നു.

വലിയ “നോ”
images/FiabeItaliane.jpg

നാടോടിക്കഥകളിലെ ആർജ്ജവവും അസങ്കീർണ്ണതയും എല്ലാ രചനകളിലും ഉണ്ടായിരിക്കുന്നതു് നന്നു്. കഥയോ കാവ്യമോ ആകട്ടെ. അവയിലെ ആവിഷ്കാര രീതി ഋജുവും ലളിതവുമാണെങ്കിൽ വിചാര സംക്രമണവും വികാര നിവേദനവും എളുപ്പത്തിൽ നടക്കും.

‘സർവരാജ്യ തൊഴിലാളികളേ സംഘടിക്കുവിൻ. നിങ്ങൾക്കു നഷ്ടപ്പെടാൻ കൈച്ചങ്ങലകളല്ലാതെ മറ്റൊന്നുമില്ല.’ എന്ന വാക്യങ്ങളുടെ ശക്തി ഇപ്പറഞ്ഞ ഋജുതയിൽ നിന്നാണു്, ലാളിത്യത്തിൽ നിന്നാണു് ഉണ്ടാവുക. നവീനങ്ങളായ രചനകളിൽ ഈ രണ്ടു ഗുണങ്ങളും കാണാനില്ല. ഒരുദാഹരണത്തിനുവേണ്ടി ഒ. വി. വിജയൻ മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ “അവസാനത്തെ ചിരി” എന്ന പ്രബന്ധത്തിലെ ചില വാക്യങ്ങൾ ഇവിടെ എടുത്തെഴുതട്ടെ:

“അനർത്ഥകാരികളായ അസംബന്ധ ധ്രുവീകരണങ്ങൾ ഒരു സവിശേഷതയാക്കിയ ദില്ലിയിൽ പിന്നെയും ഒന്നുകൂടി സംഭവിച്ചു. ഇന്ത്യൻ എക്സ്പ്രസ്സിന്റെ ദില്ലിപ്പതിപ്പിലെ പണിമുടക്കത്തെത്തുടർന്നു്.’

ഈ വാക്യം വായിക്കുന്ന മലയാളിക്കു് സമ്പൂർണ്ണമായ അർത്ഥഗ്രഹണം ഉണ്ടാവുകയില്ല. ഇംഗ്ലീഷിലെ Polarisation എന്ന വാക്കിന്റെ തർജ്ജമയാണു് ധ്രുവീകരണം എന്നതു്. എന്താണു് ധ്രുവീകരണം? അയസ്കാന്തത്തിനു് രണ്ടു ധ്രുവങ്ങളുണ്ടു്. ഭൂമിക്കുമുണ്ടു് അവ; ഉത്തരധ്രുവവും ദക്ഷിണധ്രുവവും.

കാലത്തു് ഉറക്കമെഴുന്നേല്ക്കുമ്പോൾ നിങ്ങൾക്കു് എന്തു തോന്നും? അദ്ഭുതം തന്നെ. ഞാൻ രാത്രി ഉറക്കത്തിൽ മരിച്ചില്ലല്ലോ; ഇനി രാത്രി പത്തുമണിവരെ ജീവിതം തള്ളി നീക്കണമല്ലോ എന്നുതോന്നും. ഡോക്ടറേറ്റും അറിവും തമ്മിലുള്ള ബന്ധം? തെക്കേയിന്ത്യയിലുള്ളവർ സീറോ എന്നു പറയും ആ ബന്ധത്തെക്കുറിച്ചു്. വടക്കേയിന്ത്യയിലെ ഗോസായികൾ ജീറോ എന്നും.

ഒരു കാര്യത്തിനു രണ്ടു ധ്രുവങ്ങളുണ്ടാക്കി ഒന്നിനെ ഒരു ധ്രുവത്തിലേക്കും മറ്റൊന്നിനെ മറ്റൊരു ധ്രുവത്തിലേക്കും കൊണ്ടുചെല്ലുന്നതാണു് ധ്രുവീകരണം. കമ്മ്യൂണിസ്റ്റ് പാർട്ടി കുറെ വർഷങ്ങൾക്കു മുൻപു് രണ്ടായി പിളർന്നു. ഒരു വിഭാഗം മാർക്സിസ്റ്റുകൾ. മറ്റേവിഭാഗം വലതുപക്ഷം ഇപ്പോൾ കുറേപേർ ധ്രുവീകരണത്തിലൂടെ വലതുപക്ഷക്കാർ മാത്രമായി. ഇവയ്ക്കിടയ്ക്കു വേറെ പക്ഷക്കാരില്ല. (അക്കാലത്തു് പ്രമുഖനായ ഒരു കമ്മ്യൂണിസ്റ്റ് നേതാവു് രണ്ടു പക്ഷക്കാരെയും അനുകൂലിച്ചു പ്രസ്താവനകൾ നടത്തി. ഞാൻ അദ്ദേഹത്തോടു ചോദിച്ചു: ‘സാറെന്താ ഇങ്ങനെ രണ്ടുപക്ഷവും പിടിക്കുന്നതു?’ ഒരു വല്ലാത്ത ചിരിചിരിച്ചു് അദ്ദേഹം പറഞ്ഞു: ‘ഞാൻ ഏതാണ്ടു മാർക്സിസ്റ്റും ഏതാണ്ടു വലതുപക്ഷവുമാണ്! പണ്ടു്, പെറ്റുവീണ പൂച്ചക്കുട്ടി ആണോ പെണ്ണോ എന്നു തർക്കമുണ്ടായപ്പോൾ ഗൃഹനായകനെയും ഗൃഹനായികയെയും ഒരേ വിധത്തിൽ സന്തോഷിപ്പിക്കാനായി വേലക്കാരൻ ‘ഏതാണ്ടു് കണ്ടനും ഏതാണ്ടു ചക്കിയും ആണേ’ എന്നു പറഞ്ഞ കഥയാണു് എനിക്കു് അപ്പോൾ ഓർമ്മ വന്നതു്.) അതിരിക്കട്ടെ. ദില്ലിയിൽ ഏതു വിധത്തിലുള്ള “അനർത്ഥകാരികളായ അസംബന്ധ ധ്രുവീകരണങ്ങളാണു്” നടന്നതു? അവയ്ക്കു കാരണക്കാരാരു്? കോൺഗ്രസ്സ് (ഐ) നടത്തിയതാണോ അവ? അതോ ബി. ജെ. പിയോ? അതോ മറ്റു പാർട്ടികളോ? ഒന്നും ഗ്രഹിക്കാനാവാതെ മനസ്സിന്റെ ആകുലാവസ്ഥയോടെ വായനക്കാരൻ തുടർന്നു വായിക്കുന്നു. അപ്പോഴാണു് ‘ഒരു സവിശേഷത’ എന്ന പ്രയോഗം അയാൾ കാണുക. വിഗതമായ ശേഷത്തോടു കൂടിയതാണു് വിശേഷം. ഒന്നു് എന്നു് അർത്ഥം. ‘സവിശേഷത’യുടെ അർത്ഥവും ഒന്നു് എന്നുതന്നെ. അതുകൊണ്ടു് ഒരു സവിശേഷത എന്ന പ്രയോഗം ശരിയല്ല. ലേഖകനു സംസ്കൃതത്തിൽ വലിയ ‘പിടിപാടി’ല്ലാത്തതുകൊണ്ടു് ആ തെറ്റു് ക്ഷമിക്കത്തക്കതാണു്. എന്നാൽ ‘ഒന്നുകൂടി സംഭവിച്ചു’ എന്നെഴുതിയതിനുശേഷം അടുത്തവാക്യമെഴുതുമ്പോൾ ആ സംഭവമെന്തായിരുന്നുവെന്നു് പ്രബന്ധകാരൻ വ്യക്തമാക്കേണ്ടിയിരുന്നു. വായനക്കാരൻ അടുത്ത വാക്യം വായിക്കുന്നതു് സംഭവിച്ചതു് എന്തെന്നറിയാനുള്ള ഉത്കണ്ഠയോടുകൂടിയാണു്. അതിനു് ശമനം നല്കാതെ വിജയൻ ‘പണിമുടക്കത്തിന്റെ സ്ഥിതി വിവരങ്ങളിലേക്കു ഞാൻ കടക്കുന്നില്ല’ എന്നെഴുതുന്നു. നിരാശതയോടെ ആഴ്ചപ്പതിപ്പു് കൈയിൽ വച്ചു് ഇരിക്കുന്ന വായനക്കാരന്റെ മുൻപിൽ നിന്നു് ഒ. വി. വിജയൻ പിന്നീടും ഒരു ഹനുമാൻ ചാട്ടം നടത്തുന്നു. അതു് ഇതാ: “മൂലധനവും തൊഴിലും തമ്മിലുള്ള വൈരുദ്ധ്യം നിരന്തരമാണല്ലോ”. ഇങ്ങനെ ക്രമവും സംശ്ലേഷവും സ്പഷ്ടതയുമില്ലാതെയാണു് വിജയൻ എഴുതുന്നതു്. ‘രീതിയെന്നതു് ആ മനുഷ്യൻ തന്നെ’—Style is the man— എന്നാണു് ചൊല്ലു്. ഒ. വി. വിജയന്റെ ആകുലാവസ്ഥയും ധൈര്യക്കുറവും മനസ്സിന്റെ ശിഥിലാവസ്ഥയും അദ്ദേഹത്തിന്റെ രചനകളിൽ പ്രതിഫലിക്കുന്നുണ്ടോ? എന്റെ അഭിവന്ദ്യമിത്രം അതിനെക്കുറിച്ചു് ആലോചിക്കണം.

ജോലിക്കുവേണ്ടി അപേക്ഷയുമായി തന്റെ അടുക്കലെത്തുന്നവനോടു് നെപ്പോളിയൻ പറയുമായിരുന്നു. “ഏതെങ്കിലും വിഷയത്തെക്കുറിച്ചു് ഒരു പുറം എഴുതിക്കൊണ്ടുവരൂ. നിങ്ങളുടെ ഗദ്യശൈലി എങ്ങനെയിരിക്കുന്നുവെന്നു ഞാൻ കാണട്ടെ”. ശൈലിയിൽ നിന്നു് ആളിന്റെ സ്വഭാവമറിയാമെന്നായിരുന്നു നെപ്പോളിയന്റെ വിചാരം ശരിയാണതു്. ഒ. വി. വിജയൻ നെപ്പോളിയന്റെ കാലത്തു് ജീവിച്ചിരുന്നെങ്കിൽ? അദ്ദേഹം ജോലിക്കുവേണ്ടി ആ ഫ്രഞ്ച് ചക്രവർത്തിയെ സമീപിച്ചിരുന്നെങ്കിൽ? അദ്ദേഹം ഒരുപുറം എഴുതിക്കൊടുത്തിരുന്നെങ്കിൽ? നെപ്പോളിയൻ ആ കടലാസ്സിൽ ഒരു വലിയ No എഴുതി അതു തിരിച്ചു നല്കുമായിരുന്നു.

images/KarurNeelakantaPillai.jpg
കാരൂർ നീലകണ്ഠപ്പിള്ള

ധിഷണയെസ്സംബന്ധിച്ചു സ്ത്രീ എത്ര പിറകോട്ടാണെങ്കിലും അവൾ സുന്ദരിയാണെങ്കിൽ പരിസരത്തിനു് അവൾ ശോഭയുണ്ടാക്കും. അവളൊന്നു നോക്കിയാൽ മതി. ആ നേത്രഭൂതി ചുറ്റുപാടുകളെ പരിവർത്തനം ചെയ്യും. പുരുഷൻ എത്ര ധിഷണാശാലിയാണെങ്കിലും അവന്റെ സാന്നിദ്ധ്യം പരിസര പ്രദേശങ്ങളെ ഇളക്കുകയില്ല. യുങ്, ഹരീന്ദ്രനാഥ് ചട്ടോപാദ്ധ്യായ, സ്റ്റീഫൻ സ്പെൻഡർ, കോയ്റ്റ്സ്ലർ, വള്ളത്തോൾ, ജി. ശങ്കരക്കുറുപ്പു്, ഉള്ളൂർ, ചങ്ങമ്പുഴ ഇവരുടെ മുൻപിൽ ഒരു മാനസിക ചലനവും കൂടാതെ ഞാൻ ഇരുന്നിട്ടുണ്ടു്. എന്നാൽ യുങ്ങിന്റെ ഒരു കാവ്യം വായിക്കുമ്പോൾ, ചങ്ങമ്പുഴയുടെ ഒരു കാവ്യം വായിക്കുമ്പോൾ ഞാനാകെ ഇളകിപ്പോകുന്നു. വായനക്കാരെ ചലനം കൊള്ളിക്കാത്ത രചനകൾ കൊണ്ടു് ഒരു പ്രയോജനവുമില്ല.

സുതാര്യമല്ല

ഒ. വി. വിജയൻ നെപ്പോളിയന്റെ കാലത്തു ജീവിച്ചിരുന്നെങ്കിൽ? അദ്ദേഹം ജോലിക്കുവേണ്ടി ആ ഫ്രഞ്ച് ചക്രവർത്തിയെ സമീപിച്ചിരുന്നെങ്കിൽ? അദ്ദേഹം ഒരുപുറം എഴുതിക്കൊടുത്തിരുന്നെങ്കിൽ? നെപ്പോളിയൻ ആ കടലാസ്സിൽ ഒരു വലിയ നോ എഴുതി അതു് തിരിച്ചുനല്കുമായിരുന്നു.

“എനിക്കു നിന്നോടു് എന്തൊരു സ്നേഹം!” പുരുഷൻ സ്ത്രീയോടു പറയുന്ന ഈ വാക്യം സ്ത്രീയുടെ ഹൃദയത്തിൽ ചെന്നു വീഴുകയില്ല. “ഞാൻ നിന്നെ സ്നേഹിക്കുന്നു” എന്നാണു് പുരുഷൻ പറയുന്നതെങ്കിലോ? ഒരു നേരിയ ചലനമുണ്ടായിയെന്നുവരും അവളുടെ ഹൃദയത്തിൽ. ക്രിയാരൂപങ്ങൾ കൂടുതൽ ഹൃദയസ്പർശകങ്ങളാണു്. എന്നാൽ ഒന്നും പറയാതെ പ്രവൃത്തികളിലൂടെ സ്നേഹമുണ്ടെന്നു വ്യക്തമാക്കിയാലോ? അതായിരിക്കും സ്ത്രീക്കു പുരുഷനോടു ബന്ധമുണ്ടാക്കുന്നതു്; അവൾക്കു മാനസികമായി പരിവർത്തനമുണ്ടാക്കുന്നതു്. സാഹിത്യം മൂന്നു തരത്തിലാണു്. ഒന്നു്: നാമത്തിന്റെ നിശ്ചല സ്വഭാവം ആവഹിക്കുന്നതു്; രണ്ടു്: ക്രിയാരൂപത്തിന്റെ നേരിയ ചലനമുള്ളതു്; മൂന്നു്: പ്രവൃത്തിയുടെ ചലനാത്മകതയുള്ളതു്. കാരൂർ നീലകണ്ഠപ്പിള്ള യുടെ ‘മരപ്പാവകൾ’, ഉറൂബി ന്റെ ‘വാടകവീടുകൾ’ ഇവ മൂന്നാമത്തെ വിഭാഗത്തിൽ പെടുന്നു. ദൗർഭാഗ്യവശാൽ ജി. എൻ. പണിക്കർ ‘കലാകൗമുദി’യിൽ എഴുതിയ ‘അനുസ്മരണം’ എന്ന കഥയ്ക്കു മൂന്നാമത്തെ വിഭാഗത്തിൽ ചെന്നു ചേരാൻ കഴിഞ്ഞിട്ടില്ല. അച്ഛനമ്മമാരുടെ അതിരുകടന്ന ശാസനകൊണ്ടു് അടുത്തവീട്ടിലെ അങ്കിളിനെ സ്നേഹിച്ചു പോകുന്ന ഒരു പെൺകുട്ടിയുടെ കഥയാണു് ജി. എൻ. പണിക്കർ പറയുന്നതു്. ആ അങ്കിൾ മരിക്കുമ്പോൾ അവൾ ദുഃഖിക്കുന്നു. ആഖ്യാനമുണ്ടു് ഇതിൽ. മൃദുല വികാരങ്ങളുടെ ആവിഷ്കാരമുണ്ടു്. സ്വഭാവ ചിത്രീകരണമുണ്ടു്. പക്ഷേ, കഥയൊരു സ്ഫടിക പാളിയാണെങ്കിൽ അതിലൂടെ അപ്പുറം കാണുന്നില്ല അനുവാചകൻ. അതു കന്മതിലുപോലെ അയാളുടെ മുൻപിൽ ഉയർന്നു നില്ക്കുന്നു. കഥയെന്ന സ്ഫടികമുണ്ടെങ്കിലും അതറിയാതെ അതിലൂടെ നോക്കുകയും ജീവിതത്തിന്റെ ഭൂവിഭാഗങ്ങൾ കാണുകയും ചെയ്യുമ്പോഴാണു് കഥാസ്ഫടികത്തിനു് ഉത്കൃഷ്ടത വരുന്നതു്. ജി. എൻ. പണിക്കരുടെ കഥ സുതാര്യമല്ല, അതാര്യമാണു്.

ചോദ്യം, ഉത്തരം

ചോദ്യം: അവാർഡുകളെക്കുറിച്ചു് എന്തുപറയുന്നു?

ഉത്തരം: കേരളത്തിൽ അവാർഡുകൾ നല്കുന്നതു കൃതികളെ നോക്കിയല്ല, വ്യക്തികളെ നോക്കിയാണു്. ഓരോ അവാർഡിന്റെ പിറകിലും ചരടുവലിക്കുന്നവർ ഉണ്ടു്. അവർ രംഗത്തുവരികയും ചെയ്യും വരാതിരിക്കുകയും ചെയ്യും. വ്യക്തി വ്യക്തിയായിത്തന്നെ നില്ക്കണമെങ്കിൽ സമ്മാനം വാങ്ങരുതു്. വാങ്ങുമ്പോൾ സമ്മാനം കൊടുക്കുന്നവർ എടുത്തു നീട്ടുന്ന മുഖാവരണം ആ മനുഷ്യൻ ധരിക്കുകയാണു്. മുഖാവരണം ധരിച്ചുകൊണ്ടു് അയാൾ ജീവിതത്തിൽ അന്നുവരെ പറഞ്ഞിട്ടില്ലാത്ത കാര്യങ്ങൾ പറയും. അന്നുവരെയില്ലാത്ത കോമാളിത്തങ്ങൾ കാണിക്കും.

ചോദ്യം: നിങ്ങൾ സമ്മാനം വാങ്ങുമോ?

ഉത്തരം: ഞാൻ ‘സർഗ്ഗാത്മക കലാകാരനല്ല’. അതുകൊണ്ടു് എനിക്കു സമ്മാനം കിട്ടുകില്ല. കിട്ടിയാൽ വാങ്ങും. കാരണം എനിക്കു ജീവിക്കാൻ പണം വേണമെന്നതാണു്. പക്ഷേ, സമ്മാനം തരുന്നവർ വച്ചു നീട്ടുന്ന മുഖാവരണം ഞാൻ ധരിച്ചുകൊണ്ടു് അതുമിതും പുലമ്പുകയില്ല. സമ്മാനം തരുന്നവരെ ഉള്ളാൽ പുച്ഛിച്ചുകൊണ്ടു് അവർ തരുന്ന പണം വാങ്ങി പുസ്തകങ്ങൾ മേടിക്കും.

ചോദ്യം: നിങ്ങൾക്കു ഏറ്റവും ഇഷ്ടമുള്ള മണം?

ഉത്തരം: കാറിൽ പെട്രോൾ ഒഴിക്കുമ്പോൾ പ്രസരിക്കുന്ന ഗന്ധം.

ചോദ്യം: ആദർശാത്മക ഭർത്താവു്?

ഉത്തരം: ഭാര്യയുടെ സാരി ദിവസവും വാഷ് ചെയ്തു് ഇസ്തിരിയിട്ടു കൊടുക്കുന്നവൻ.

ചോദ്യം: സ്വസ്ഥത വേണമെങ്കിൽ എന്തു ചെയ്യണം?

ഉത്തരം: വീട്ടിൽ നിന്നു് പുറത്തേക്കു പോകരുതു്.

ചോദ്യം: കാലത്തു് ഉറക്കമെഴുന്നേല്ക്കുമ്പോൾ നിങ്ങൾക്കു് എന്തുതോന്നും?

ഉത്തരം: അദ്ഭുതംതന്നെ. ഞാൻ രാത്രി ഉറക്കത്തിൽ മരിച്ചില്ലല്ലോ; ഇനി രാത്രി പത്തു മണിവരെ ജീവിതം തള്ളിനീക്കണമല്ലോ എന്നു തോന്നും.

ചോദ്യം: ഡോക്ടറേറ്റും അറിവും തമ്മിലുള്ള ബന്ധം?

ഉത്തരം: തെക്കേയിന്ത്യയിലുള്ളവർ സീറോ (Zero) എന്നു പറയും ആ ബന്ധത്തെക്കുറിച്ചു്. വടക്കേയിന്ത്യയിലെ ഗോസായികൾ ജീറോ എന്നും.

ചോദ്യം: നിങ്ങൾക്കു് ഇഷ്ടമുള്ള ഒരു ഹിന്ദി ചെറുകഥ?

ഉത്തരം: അമർകാന്തി ന്റെ Assassins. ഇതു് പെൻഗ്വിൻ ബുക്ക്സ് പ്രസിദ്ധപ്പെടുത്തിയ A Death in Delhi എന്ന കഥാസമാഹാര ഗ്രന്ഥത്തിലുണ്ടു് (ഇംഗ്ലീഷ് തർജ്ജമ).

മഴ എന്ന ശക്തിവിശേഷം
images/Amarkant.jpg
അമർകാന്ത്

ഞാൻ വിദ്യാർത്ഥിയായിരുന്ന കാലത്താണു് തിരുവിതാംകൂറിലെ സ്റ്റേറ്റ് കോൺഗ്രസ്സ് പ്രക്ഷോഭം. സി. പി. രാമസ്വാമി അയ്യർ ഏർപ്പാടുചെയ്ത റൗഡികൾ ആനി മസ്ക്രീന്റെ വീട്ടിൽ രാത്രി കടന്നുചെന്നു് ഉറങ്ങിക്കിടന്ന അവരെ അപമാനിച്ചു. ആ വാർത്ത നാടെങ്ങും പരന്നപ്പോൾ ആളുകൾ ഇളകി. പ്രതിഷേധയോഗം ചേർന്നു. നേതാവായ പട്ടം താണുപിള്ള സ്സാർ ക്ഷോഭാകുലരായ ജനങ്ങളോടു് “അടങ്ങിയിരിക്കണം, അടങ്ങിയിരിക്കണം” എന്നു പറയുന്നുണ്ടായിരുന്നു. പക്ഷേ, ആരും അടങ്ങിയില്ല. അവർ ബസ്സുകൾക്കുനേരെ കല്ലെറിഞ്ഞുകൊണ്ടിരുന്നു. വഴിവക്കിലെ വിളക്കുകൾ എറിഞ്ഞു പൊട്ടിച്ചുകൊണ്ടിരുന്നു. പെട്ടെന്നു് ആകാശമിരുണ്ടു. കാർമേഘങ്ങൾ ഉരുണ്ടുകൂടി. മഴ തുടങ്ങി. ആളുകൾ എഴുന്നേറ്റു് ഓടി. അവർ കടത്തിണ്ണകളിലും മറ്റു ആശ്രയസ്ഥാനങ്ങളിലും ഓടിക്കയറി. തലയും മേലും തുടച്ചു. മഴതീരാൻ ഡിസിപ്ലിനോടുകൂടി ഇരുന്നു. പട്ടം താണുപിള്ളയ്ക്കുണ്ടായിരുന്നതിനെക്കാൾ ശക്തി മഴയ്ക്കായിരുന്നു. കലാകാരൻ ബഹുജനത്തിനു് അച്ചടക്കമുണ്ടാക്കുന്ന മഴയാണു്. ഈ മഴ പെയ്യുന്നില്ല എം. സുധാകരന്റെ “അപ്പോഴേക്കും രാത്രിയായിരുന്നു” എന്ന ചെറുകഥയിൽ. (ദേശാഭിമാനി വാരിക) അതുകൊണ്ടു് ഇതിലെ സംഭവങ്ങൾ കല്ലേറു നടത്തിക്കൊണ്ടിരിക്കുന്നു. ബസ്സുകളിലും വിളക്കുകളിലും മാത്രമല്ല ഏറു നടക്കുന്നതു്. തമ്മിൽത്തമ്മിലുമുണ്ടു്. കോടതിശിപായി ജഡ്ജിയുടെ ‘അനുവാദം’ വാങ്ങിക്കൊണ്ടു് ഏകാന്തമായ സ്ഥലത്തുവന്നു് ഇരിക്കുന്നു. അല്പം കഴിഞ്ഞപ്പോൾ ജഡ്ജിയും അവിടെയെത്തി. രണ്ടുപേർക്കും അദ്ഭുതം. വിധിക്കാൻ വിധിക്കപ്പെട്ടവനാണു് ജഡ്ജി. പലരെയും തൂക്കിലേറ്റിയവനാണു് ആ പ്രാഡ്വിവാകൻ. ജഡ്ജി അതുപറഞ്ഞപ്പോൾ ശിപായി അറിയിച്ചു:

“എല്ലാ വിധികൾക്കും സാക്ഷിയായിരിക്കുന്നവന്റെ ദുഃഖം മനുഷ്യന്റേതാണു്”. അപ്പോൾ കോടതിശിപായിയുടെ ദുഃഖമാണു് ജഡ്ജിയുടെ ദുഃഖത്തെക്കാൾ വലുതു്. ഈ ചിന്ത അങ്കുരിച്ചയുടനെ മറ്റൊരു ചിന്ത ജഡ്ജിയെ ഗ്രസിക്കുകയുണ്ടായി. താനും ഒരു സാക്ഷിയല്ലേ എന്നാണു് അദ്ദേഹത്തിന്റെ വിചാരം. സർക്കാരിന്റെ വകയായ കോപ്പി പുസ്തകങ്ങളിലെ വാക്യങ്ങൾക്കു സദൃശങ്ങളായ ഈ വാക്യങ്ങൾ കഥാപാത്രങ്ങളെക്കൊണ്ടു ഉദീരണം ചെയ്യിച്ചതിനു ശേഷം സുധാകരൻ ദേശാഭിമാനി വാരികയുടെ 27-ആം പുറത്തിൽ നിന്നു് ‘നിഷ്ക്രമണം’ നടത്തുന്നു. ഈ ആശയങ്ങൾ കഥയുടെ ഗാത്രത്തിലെ സ്വാഭാവികാവയവങ്ങൾ അല്ല. അതു് കൃത്രിമപ്പല്ലുകളും കൃത്രിമക്കാലുകളുമാണു്. അതുകൊണ്ടാണു് നേതാവു പറഞ്ഞിട്ടും അവർ അനുസരിക്കാൻ കൂട്ടാക്കാത്തതു്. മഴയുടെ അനുഗ്രാഹകശക്തി ഉണ്ടാകുന്നുമില്ല. ആശയം പൊതിയുന്ന ഉടുപ്പല്ല കഥ. അതു ജീവിതമാണു്. ആ ജീവിതമാവിഷ്കരിക്കാൻ സുധാകരൻ പഠിക്കേണ്ടിയിരിക്കുന്നു.

ചിന്ത

പ്രൈവസിക്കു്—രഹസ്യത്വത്തിനു്—കുഞ്ഞിനുപോലും അവകാശമുണ്ടു്. അതിനെ ആരും ലംഘിക്കാൻ പാടില്ല. എനിക്കു പല ദോഷങ്ങളുണ്ടു്. സ്വഭാവ വൈകല്യങ്ങളും കണ്ടേക്കും. പക്ഷേ, ഈ ദീർഘ ജീവിതത്തിൽ ഇതുവരെ ഞാൻ വേറൊരാളിന്റെ പ്രൈവസിയെ ലംഘിച്ചിട്ടില്ല. എന്റെ പേരക്കുട്ടി കളിപ്പാട്ടങ്ങൾ വച്ചു കളിക്കുന്ന സ്ഥലത്തുപോലും ഞാൻ പൊടുന്നനവേ ചെല്ലുകില്ല. ദൂരെ നിന്നു് അവളുടെ പേരു വിളിച്ചിട്ടേ അങ്ങോട്ടുപോകൂ. പക്ഷേ, എന്റെ പ്രൈവസിയെ പലരും തകർക്കുന്നു.

ഡോർബെല്ല് ശബ്ദിപ്പിക്കാതെ, കാലൊച്ച കേൾപ്പിക്കാതെ കടന്നെത്തി എഴുത്തിൽ മാത്രം ശ്രദ്ധിച്ചിരിക്കുന്ന എന്റെ മുൻപിൽ ഇസ്പീഡ് ഗുലാന്മാരെപ്പോലെ വന്നു നില്ക്കുന്നവർ ധാരാളം. ആകസ്മികമായ ആ ആഗമനത്തിൽ അല്ലെങ്കിൽ പ്രത്യക്ഷപ്പെടലിൽ ഞാൻ ഞെട്ടിപ്പോകുന്നു. എന്റെ അന്തസ്സത്തയെ പരിരക്ഷിക്കുന്നതു് അതിനു ചുറ്റും കെട്ടിയ പ്രൈവസിയെന്ന കോട്ടയാണു്. ആ കോട്ടയെ ഇടിച്ചിട്ടുംകൊണ്ടാണു് അക്കൂട്ടർ മുറിക്കുള്ളിൽ കടന്നുകയറി വടിപോലെ നില്ക്കുന്നതും കള്ളച്ചിരി ചിരിക്കുന്നതും. ഇങ്ങനെയുള്ളവരെ ഒഴിവാക്കാൻ വേണ്ടി വീട്ടിൽ പട്ടിയില്ലെങ്കിലും ‘പട്ടിയുണ്ടു് കടിക്കും, സൂക്ഷിക്കണം’ എന്നു് എഴുതിവയ്ക്കുന്നതു നന്നു്.

താഴെപ്പറയുന്ന ചോദ്യങ്ങളും പ്രൈവസിയുടെ ലംഘനമാണു്:

  1. കലാകൗമുദി നിങ്ങൾക്കു് എന്തു പ്രതിഫലം തരും ഈ പംക്തി എഴുതുന്നതിനു്?
  2. നിങ്ങളുടെ കൈയിലിരിക്കുന്ന പൊതിയുടെ അകത്തെന്താണു്?
  3. നിങ്ങളുടെ ശംബളമെത്ര?
  4. കാലത്തു് എങ്ങോട്ടു പോകുന്നു?
യാന്ത്രികവിദ്യ
images/Kdamodaran.jpg
കെ. ദാമോദരൻ

സാഹിത്യകാരൻ, കമ്മ്യൂണിസ്റ്റ്, രാഷ്ട്രീയ നേതാവു് ഈ നിലകളിൽ യശസ്സാർജ്ജിച്ച കെ. ദാമോദരൻ കടപ്പുറത്തു വച്ചു് കുട്ടിക്കൃഷ്ണമാരാരെ കണ്ടപ്പോൾ “ഞാൻ കാടത്തത്തിൽ നിന്നു് കമ്മ്യൂണിസത്തിലേക്കു് എന്നൊരു ഗ്രന്ഥമെഴുതുകയാ”ണെന്നു പറഞ്ഞു. കുട്ടിക്കൃഷ്ണമാരാൻ ഉടനെ ചോദിച്ചു:

“അവ തമ്മിൽ അത്രയ്ക്കു ദൂരമുണ്ടോ?” ഈ ചോദ്യം കേട്ടു ദാമോദരൻ പൊട്ടിച്ചിരിച്ചു. നേരമ്പോക്കിനു വേണ്ടി മാത്രം നേരമ്പോക്കു പറയുമ്പോൾ ആരും ചിരിക്കും. അതുപോലെ വേറൊന്നു്. “അമേരിക്കയിലുള്ളവർ ഒരു കാലത്തും കമ്മ്യൂണിസ്റ്റുകാരാവുകയില്ല, കാരണമുണ്ടു്. കാലത്തു്, ‘തൊഴിലാളികളേ ഉണർന്നെഴുന്നേല്ക്കൂ’ എന്നാരെങ്കിലും ഉറക്കെപ്പറഞ്ഞാൽ ബെഡ്കോഫി കുടിക്കാനുള്ള സമയമായി എന്നായിരിക്കും അവർ കരുതുക”. ഇതാരു പറഞ്ഞെന്നു് എനിക്കോർമ്മയില്ല. ഈ നേരമ്പോക്കു് ഏതു അമേരിക്കക്കാരനേയും രസിപ്പിക്കും. ഇവിടെയും വിദ്വേഷമില്ല. എന്നാൽ ‘ശക്തരെ ദുർബ്ബലർ ചൂഷണം ചെയ്യുന്നതാണു് കമ്മ്യൂണിസ്’മെന്നു് ഫ്രഞ്ച് സോഷ്യലിസ്റ്റ് പ്രൂദൊങ് (Proudhon) പറഞ്ഞതിൽ നേരമ്പോക്കില്ല, വിദ്വേഷമേയുള്ളു. കെ. കെ. സുധാകരൻ കുങ്കുമം വാരികയിലെഴുതിയ ‘ദീപാവലി’ എന്ന ചെറുകഥയ്ക്കും ‘പൈങ്കിളി’ക്കും തമ്മിൽ ദൂരമൊട്ടുമില്ല എന്നു ഞാൻ പറഞ്ഞാൽ അതിൽ നേരമ്പോക്കില്ല, വിദ്വേഷമില്ല, ധിഷണയുടെ സ്ഫുരണമില്ല. പച്ചയായ വസ്തുസ്ഥിതികഥനം മാത്രമേയുള്ളു. വ്യഭിചാരത്തിനു് ക്ഷണിച്ച സ്ത്രീയെ നിരാകരിച്ചിട്ടു സഹധർമ്മിണിയെയും കുഞ്ഞിനെയും സ്മരിച്ചു കൂടുതൽ സദാചാര തല്പരനാകുന്ന ഒരുത്തന്റെ കഥ പറയുകയാണു് സുധാകരൻ. വേശ്യയുടെ വീട്ടിൽ ഒരു കസ്റ്റമർ മറന്നിട്ട ചെരിപ്പു് അവൾ കഥാനായകനു കൊടുക്കുന്നു. അതു ധരിച്ചു കുറേദൂരം നടന്നപ്പോഴാണു് ഭൂതാവേശംപോലെ സന്മാർഗ്ഗാവേശം അയാൾക്കുണ്ടാകുന്നതു്. ചെരിപ്പു രണ്ടും ഒറ്റയേറു്. അതാ കിടക്കുന്നു വേശ്യ കൊടുത്ത ചെരിപ്പും മനസ്സിലുണ്ടായ താൽക്കാലികമായ മലിന ചിന്തയും. കഥാകാരൻ വിചാരിച്ചാൽ എന്തുതന്നെ ആയിക്കൂടാ? സാഹിത്യത്തിന്റെ പേരിലുള്ള ഈ യാന്ത്രികവിദ്യ എന്നവസാനിക്കുമോ എന്തോ? കഥയെഴുതാൻ എഴുത്തുകാരൻ തീരുമാനിക്കുന്നു. കസേരയിലിരിക്കുന്നു. മേശപ്പുറത്തു കടലാസ്സുവയ്ക്കുന്നു. പേനയെടുക്കുന്നു. എഴുത്തോടു് എഴുത്തുതന്നെ. അതു ‘ഡിമോറലൈസേഷ’നിലാണു് ചെല്ലുന്നതെന്നു് എഴുതുന്നയാൾ മാത്രം മനസ്സിലാക്കുന്നില്ല.

നിർവ്വചനം
കൈക്കൂലി:
വലിയ ഉദ്യോഗസ്ഥന്മാർ കൊച്ചുദ്യോഗസ്ഥന്മാരെകൊണ്ടു് വാങ്ങിപ്പിക്കുന്ന തുക. പിടികൂടിയാൽ തുകയിൽ നിന്നു ഒട്ടുമെടുക്കാത്ത കൊച്ചുദ്യോഗസ്ഥന്റെ ജോലി പോകും. കൈക്കൂലി സ്വന്തമാക്കിയ ഉദ്യോഗസ്ഥൻ തനിക്കു് അതു് ഏല്പിച്ചു കൊടുത്ത കൊച്ചുദ്യോഗസ്ഥന്റെ പേരിൽ ചാർജ്ജ് ഷീറ്റ് തയ്യാറാക്കും.
ടെലിഫോൺ:
കറന്റ് ഇല്ലാതെയായാൽ ഇലക്ട്രിസിറ്റി വകുപ്പിലെ ഉദ്യോഗസ്ഥന്മാർക്കു റിസീവർ ക്രേഡിലിൽനിന്നു മാറ്റി താഴെവയ്ക്കാനുള്ള ഉപകരണം.
ഡ്രൈവാഷിംഗ്:
കല്ലിലടിച്ചു വാഷിങ് നടത്തി വെയിലിൽ ഡ്രൈ ചെയ്യുന്ന ഏർപ്പാടു്.
കൂളിങ്ഗ്ലാസ്സ്:
പെണ്ണുങ്ങളെ അവരറിയാതെ നോക്കാൻ ആണുങ്ങളെ സഹായിക്കുന്നതു്.
കെ. സുരേന്ദ്രൻ:
ഒരു ക്ലിക്കിലും പെടാത്ത സാഹിത്യകാരൻ. സിംഹം ഒറ്റയ്ക്കേ നടക്കു എന്നു് അദ്ദേഹത്തെ കാണുമ്പോഴൊക്കെ എനിക്കു തോന്നിയിട്ടുണ്ടു്.
പല വിഷയങ്ങൾ
  • ഹസ്സൻ വാഴൂർ എക്സ്പ്രസ്സ് ആഴ്ചപ്പതിപ്പിൽ എഴുതുന്നു:

“ഞാനൊരു കാടൻ എനിക്കില്ല കണ്മഴു

ഞാനിന്നൊരൊറ്റയാനില്ലെനിക്കുറ്റവർ”

തിരുവനന്തപുരം ഭാഷയിൽ പറയാം തന്നെ, തന്നെ. ഇങ്ങനെ കാവ്യം രചിച്ചാൽ അങ്ങനെയല്ലേ പറയാൻ പറ്റു.

  • ഡി. ജയശ്രീയുടെ ‘സ്നേഹ’മെന്ന ചെറുകഥ ട്രയൽ വാരികയിൽ. പെണ്ണിന്റെ മനോഹരമായ തലമുടി കണ്ടു അവളെ സ്നേഹിച്ച ആണു് അവൾ മൊട്ടയടിച്ചു വരുമ്പോൾ സ്നേഹമില്ലാത്തവനായി മാറുന്നു. ജയശ്രീ ഇനിയും കൂടുതലെന്തോ ഉദ്ദേശിച്ചിട്ടുണ്ടു്. പക്ഷേ, ബുദ്ധിശൂന്യനായ എനിക്കു് അതു മനസ്സിലായില്ല. സത്യത്തെ ചൂണ്ടിക്കാണിക്കുന്ന കള്ളമാണു് കലയെന്ന ഒരു ചിന്തകൻ. ജയശ്രീ കള്ളത്തെ ചൂണ്ടിക്കാണിക്കുന്ന കള്ളമായി കലയെ അധഃപതിപ്പിക്കുന്നു.
  • അപൂർവ്വ സിദ്ധികളുള്ള നോവലിസ്റ്റായി ഗുന്റർഗ്രാസ്സി നെ ദീപിക ആഴ്ചപ്പതിപ്പിന്റെ എഡിറ്റർ അവതരിപ്പിക്കുന്നു. ശരിയാവാം. പക്ഷേ, ‘ടിൻഡ്രം’ എന്ന നോവലിനു ശേഷം അദ്ദേഹമെഴുതിയ ഓരോ നോവലും ക്രമാനുഗതമായി താഴ്ചയിലേക്കു പോയി. വികാസമല്ല തകർച്ചയാണു് ഗ്രാസ്സിനു്. അതുകൊണ്ടാണു് അദ്ദേഹത്തിനു നോബൽ സമ്മാനം കിട്ടാത്തതു്.
  • എം. എൻ. ഗോവിന്ദൻ നായർ നാഗർകോവിലിലെ ക്ഷയരോഗാശൂപത്രിയിൽ നിന്നു് തടവുചാടിയ കഥ പൊലീസ് ഐ. ജിയായിരുന്ന എൻ. ചന്ദ്രശേഖരൻ നായർ വിവരിക്കുന്നു. (മനോരാജ്യം വാരിക) സത്യസന്ധതയോടെയാണു് ചന്ദ്രശേഖരൻ നായർ ഓരോ ലേഖനവും എഴുതുന്നതു്. പക്ഷേ, ലേഖനം ഒരസ്ഥിപഞ്ജരമാണു് മാംസവും മജ്ജയും ചോരയുമില്ല. അതുകൊണ്ടു് അതു ചൈതന്യാത്മകമല്ല.

ഒരിക്കൽ കേശവദേവ് എന്നെക്കുറിച്ചു് ഒരു പ്രഭാഷണത്തിനിടയിൽ പറഞ്ഞു: പണ്ടു് രാജാക്കന്മാരുടെ സദസ്സുകളിൽ വിദൂഷകന്മാരുണ്ടായിരുന്നു. ഇന്നു് രാജാക്കന്മാരില്ല വിദൂഷകരുമില്ല. സർക്കസ്സുകളിൽ അവരുണ്ടു്, സാഹിത്യത്തിന്റെ ലോകത്തും ഒരു വിദൂഷകനുണ്ടു്. ആ വിദൂഷകനാണു് എന്റെ വലതുവശത്തു ചിരിച്ചുകൊണ്ടിരിക്കുന്ന കൃഷ്ണൻ നായർ (കൈയടി).

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; kk-1987-12-27.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 3, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: JS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.