സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1988-02-14-ൽ പ്രസിദ്ധീകരിച്ചതു്)

images/CharlieChaplinportrait.jpg
ചാർലി ചാപ്ലിൻ

വിശ്വവിഖ്യാതനായ ചാർലി ചാപ്ലിനെ ക്കുറിച്ചു് ഞാനൊരു കഥ കേട്ടിട്ടുണ്ടു്. ഇംഗ്ലളണ്ടിലെ ഒരു കലാസംഘടന ഒരു മത്സരം ഏർപ്പാടുചെയ്തു. ചാപ്ലിന്റെ വേഷംകെട്ടി ആർക്കു വേണമെങ്കിലും വേദിയിൽച്ചെന്നു നില്ക്കാം. അദ്ദേഹത്തോടു കൂടുതൽ ഛായാസാദൃശ്യമുള്ളയാളിനു് ഒന്നാം സമ്മാനമായി വെള്ളിക്കപ്പ് കൊടുക്കും. ചാപ്ലിൻ ഇതറിഞ്ഞു. അദ്ദേഹവും മത്സരത്തിനു ചെന്നു. പക്ഷേ, രണ്ടാമത്തെ സമ്മാനമേ അദ്ദേഹത്തിനു കിട്ടിയുള്ളു. സത്യം സൂര്യനാണെങ്കിൽ അതിനെ ഋജുരേഖയിൽക്കൂടി നോക്കാനുള്ള പ്രാഗൽഭ്യത്തെയാണു് പ്രതിഭയെന്നു പലരും വിളിക്കുന്നതു്. ആ രീതിയിൽ മനുഷ്യസ്വഭാവത്തിന്റെ സത്യം കണ്ട പ്രതിഭാശാലിയായിരുന്നു ചാർലി ചാപ്ലിൻ. പക്ഷേ, മത്സരം നടത്തിയവർ അദ്ദേഹത്തിനെയല്ല അദ്ദേഹത്തിന്റെ നിഴലിനെയാണു് ജീനിയസ്സായി കണ്ടതു്. അക്കാഡമികൾ സമ്മാനം കൊടുക്കുന്ന പുസ്തകങ്ങളുടെ രചയിതാക്കൾ പ്രതിഭയുള്ളവരാണെന്നു നമ്മൾ തെറ്റിദ്ധരിക്കാതിരുന്നാൽ മതി.

ബെത്ലീയമിലെ നക്ഷത്രം— സാഹിത്യത്തിലെയും

പ്രതിഭാശാലികൾ മഹായശസ്കരാവണമെന്നുമില്ല. മഹായശസ്സു പോകട്ടെ. അവരെ ലോകമറിഞ്ഞില്ല എന്നും വരും. ഒരുദാഹരണം പറയാം. ബെത്ലീയമിലെ (Bethlehem) നക്ഷത്രത്തെക്കുറിച്ചു് ഹെൻട്രി വാൻ ഡൈക്ക് എഴുതിയ The Story of the Other Wise Man എന്ന ക്രിസ്മസ് കഥ സാഹിത്യത്തിലെ നക്ഷത്രമാണു്. എങ്കിലും അതിന്റെ ശോഭ ആരുകണ്ടു? വാൻ ഡൈക്കിനെ ആരറിഞ്ഞു. ഈ ‘മാസ്റ്റർപീസി’നെക്കുറിച്ചു പറയേണ്ടതു് എന്റെ കർത്തവ്യമാണെന്നുതെല്ലുപോലും അഹങ്കാരമില്ലാതെ എഴുതിക്കൊള്ളട്ടെ.

images/HenryvanDyke.jpg
ഹെൻട്രി വാൻ ഡൈക്ക്

കിഴക്കൻ ദിക്കിലെ മൂന്നു ജ്ഞാനികൾ ബെത്ലീയമിലെ പുൽത്തൊട്ടിയിൽ കിടന്ന ശിശുവിനു കാഴ്ചദ്രവ്യങ്ങൾ നൽകാൻ വളരെയകലെനിന്നു യാത്രതിരിച്ചതിന്റെ കഥ എല്ലാവർക്കുമറിയാം. എന്നാൽ നക്ഷത്രം ഉദിക്കുന്നതുകണ്ടു് അതിനോടൊത്തു യാത്രയാരംഭിച്ചിട്ടും ഉണ്ണിയേശുവിന്റെ മുൻപിലെത്താത്ത മറ്റൊരു ജ്ഞാനിയെക്കുറിച്ചു് ആർക്കുമറിഞ്ഞുകൂടല്ലോ. ഒഗസ്റ്റസ് സീസർ, ചക്രവർത്തികളുടെയും ചക്രവർത്തിയായിരിക്കുന്ന കാലം. ഹെറദ് ജിറൂസലം ഭരിക്കുന്ന കാലം. പെർഷയിലെ മാമലകൾക്കിടയിലുള്ള എക്ബറ്റ്ന നഗരത്തിൽ ആർട്ടബൻ എന്നൊരാൾ ജീവിച്ചിരുന്നു. അദ്ദേഹത്തിന്റെ മൂന്നു കൂട്ടുകാർ ബബലോണിയയിലെ പ്രാചീന ദേവാലയത്തിൽ കാത്തിരിക്കുകയാണു്. ആ നക്ഷത്രം വീണ്ടും പ്രകാശിക്കുകയാണെങ്കിൽ അവർ ആർട്ടബനുവേണ്ടി പത്തുദിവസം കാത്തിരിക്കും. എന്നിട്ടു് അവർ നാലുപേരും ഒരുമിച്ചു ജിറൂസലമിലേക്കു പോകും; ഇസ്രായേലിലെ രാജാവായി ജനിക്കാൻ പോകുന്ന ശിശുവിനെ കണ്ടു വണങ്ങാൻ വേണ്ടി. ആർട്ടബൻ തന്റെ വീടും മറ്റു സമ്പാദ്യങ്ങളും വിറ്റു് മൂന്നു രത്നങ്ങൾ വാങ്ങിച്ചു വച്ചിരിക്കുന്നു. ഒരിന്ദ്രനീലം, ഒരു മാണിക്യം, ഒരു മുത്തു്. നിശീഥിനിയിലെ അന്തരീക്ഷംപോലെ നീലനിറമാർന്ന ഇന്ദ്രനീലക്കല്ലു്; ഉദയ സൂര്യനെക്കാൾ അരുണാഭമായ മാണിക്യം; പൂർവ്വസന്ധ്യയിലെ, മഞ്ഞണിഞ്ഞ പർവ്വതാഗ്രംപോലെ തിളങ്ങുന്ന വിശുദ്ധമായ മുക്താഫലം. ആർട്ടബൻ നോക്കിക്കൊണ്ടിരിക്കുകയാണു്. അപ്പോൾ അന്ധകാരത്തിൽ ഒരു നീലസ്ഫുരണം. അതു് അരുണാഭമായ വൃത്തമായി. അതിനുശേഷം ധവളപ്രകാശം. “ഇതാണു് അടയാളം. രാജാവു് വരുന്നു. ഞാൻ പോയി കാണട്ടെ” എന്നുപറഞ്ഞ് ആർട്ടബൻ യാത്രയായി. ചരിവുകളും സമതലങ്ങളും വയലുകളും താണ്ടി അങ്ങനെ പോകുമ്പോൾ പാതയ്ക്കു കുറുകെയായി ഒരു മനുഷ്യരൂപത്തെ അവ്യക്തമായ നക്ഷത്ര പ്രകാശത്തിൽ അദ്ദേഹം കണ്ടു. ആർട്ടബൻ കുതിരപ്പുറത്തുനിന്നിറങ്ങി. മൃതദേഹമാണു് അതെന്നു വിചാരിച്ചു് അദ്ദേഹം പോകാൻ ഭാവിച്ചതാണു്. അപ്പോൾ ഒരു തേങ്ങൽ ആ രൂപത്തിൽനിന്നുയർന്നു. അദ്ദേഹം ആ മനുഷ്യനെ എടുത്തു് ഒരു വൃക്ഷത്തിന്റെ ചുവട്ടിൽ കൊണ്ടുവന്നു കിടത്തി. അടുത്തുള്ള പുഴയിൽനിന്നു വെള്ളം കൊണ്ടുവന്നു കൊടുത്തു. ആർട്ടബൻ ഭിഷഗ്വരനുമായിരുന്നു. അദ്ദേഹം കൊണ്ടുനടക്കുന്ന മരുന്നുകളിൽ ഒന്നെടുത്തു് അയാൾക്കു നൽകി. മരിക്കാൻ പോയവൻ എണീറ്റിരുന്നു. അയാളുടെ അനുഗ്രഹവചനങ്ങൾ സ്വീകരിച്ചുകൊണ്ടു് അദ്ദേഹം കുതിരയെ ഓടിച്ചു. പക്ഷേ, ഫലമുണ്ടായില്ല. കൂട്ടുകാർ ഒരു കുറിപ്പു് എഴുതിവച്ചിട്ടു് സ്ഥലംവിട്ടു പോയിരുന്നു. മണൽക്കാടു കടക്കാൻ ആഹാരം വേണം, ഒട്ടകങ്ങൾ വേണം. ഇന്ദ്രനീലക്കല്ലു് വിൽക്കാൻ അദ്ദേഹം തീരുമാനിച്ചു. ബബലോണിയയിലേക്കു തിരിച്ചുചെന്നു് രത്നം വിറ്റു് ഇവയൊക്കെ വാങ്ങണം. ദയ കാണിച്ചതിന്റെ പേരിൽ രാജാവിനെ കാണാൻ കഴിയാതെ വരുമോ? ആർട്ടബൻ രാജാവു ജനിച്ചിടത്തു് എത്തി. പക്ഷേ, നസറേത്തിലെ ജോസഫ് ഭാര്യയും ശിശുവുമൊത്തു് ഈജിപ്തിലേക്കു് ഒളിച്ചോടിയെന്നു് ഒരു സ്ത്രീ അദ്ദേഹത്തെ അറിയിച്ചു. അവളുടെ കൈയിൽ ഒരു കൊച്ചു കുഞ്ഞുണ്ടു്. അതു് ആർട്ടബനെ നോക്കി പുഞ്ചിരിതൂകി. അദ്ദേഹത്തിന്റെ നെഞ്ചിൽ തൊട്ടു. ആർട്ടബനു് ആഹ്ലാദാനുഭൂതി. അപ്പോഴാണു് ഹെറദ് രാജാവിന്റെ പട്ടാളക്കാർ കുഞ്ഞുങ്ങളുടെ കഴുത്തറുക്കാൻ ഓടി എത്തുന്നതു്. കുഞ്ഞിന്റെ അമ്മ പേടിച്ചു വിളറി. അവൾ അതിനെ നെഞ്ചോടു ചേർത്തുപിടിച്ചു. പക്ഷേ, ആർട്ടബൻ വീട്ടിന്റെ വാതിൽക്കൽ ചെന്നുനിന്നു പട്ടാളക്കാരുടെ ക്യാപ്റ്റനോടു പറഞ്ഞു: ഞാൻ മാത്രമേ ഇവിടെയുള്ളു. എനിക്കു സ്വസ്ഥത നൽകുന്നവനു് നൽകാനായിട്ടാണു് ഈ മാണിക്യം”. ക്യാപ്റ്റൻ അതു വാങ്ങിക്കൊണ്ടു് അവിടംവിട്ടു പോയി. കുഞ്ഞിന്റെ അമ്മ ആർട്ടബനെ അനുഗ്രഹിച്ചു. “ഈശ്വരൻ അങ്ങയെ നോക്കട്ടെ. അങ്ങയ്ക്കു ശാന്തിയുണ്ടാവട്ടെ” എന്നായിരുന്നു അവളുടെ വാക്കുകൾ.

ഫിലിമോത്സവത്തിനു് ഫോൾക്ക് ആർട്ട് എന്നതിന്റെ പേരിൽ കുറെ കോലങ്ങൾ അരങ്ങു തകർക്കുന്നതുകണ്ടു. ഇവ ജുഗുപ്സാവഹങ്ങളായിരുന്നു. തെയ്യവും മറ്റും അവ ആവിർഭവിച്ചകാലത്തെ ആവശ്യകതയായിരുന്നു. ഇന്നു് അവയ്ക്കു സാംഗത്യമേയില്ല.

മുപ്പത്തിമൂന്നുവർഷം കഴിഞ്ഞു. ആർട്ടബൻ ഇപ്പോഴും തീർത്ഥാടകനാണു്, പ്രകാശം അന്വേഷിക്കുന്നവനാണു്. സഗ്രസ് മലകളെക്കാൾ കറുത്തിരുന്ന അദ്ദേഹത്തിന്റെ തലമുടി ഇന്നു് അവയെ മഞ്ഞുകാലത്തു് ആവരണം ചെയ്യുന്ന മഞ്ഞിനെക്കാൾ വെളുത്തിരിക്കുന്നു. മരിക്കാറായെങ്കിലും അദ്ദേഹം രാജാവിനെ അന്വേഷിച്ചു് ജിറൂസലമിലെത്തി. ചിലർ പറഞ്ഞു: “ഞങ്ങളിന്നു ഗോൽഗൊത്തയിലേക്കു പോകുകയാണു്. അവിടെ ഇന്നു വധം നടക്കുന്നു”. പട്ടണത്തിന്റെ ഡമാസ്കസ് ഗെയ്റ്റിനടുത്തു് ആർട്ടബൻ ചെന്നു. ഒരു പെൺകുട്ടിയെ പട്ടാളക്കാർ വലിച്ചിഴയ്ക്കുകയാണു്. “മരിച്ചുപോയ, എന്റെ അച്ഛന്റെ കടത്തിനുവേണ്ടി ഇവർ എന്നെ അടിമയായി വിൽക്കാൻ പോവുന്നു. എന്നെ രക്ഷിക്കൂ” എന്നു് അവൾ അദ്ദേഹത്തോടു് അപേക്ഷിച്ചു. അദ്ദേഹം മുത്തു് എടുത്തു. അപ്പോൾ അതിനുണ്ടായിരുന്ന ശോഭ മുൻപൊരിക്കലും ഇല്ലായിരുന്നു. “മകളേ ഇതാണു് നിന്റെ മോചനദ്രവ്യം. രാജാവിനുവേണ്ടി ഞാൻ സൂക്ഷിച്ചുവച്ചിരുന്ന എന്റെ സമ്പാദ്യത്തിൽ അവസാനത്തേതു്”. ഭവനങ്ങളുടെ ഭിത്തികൾ ആടി. കല്ലുകൾ ഇളകിത്തെറിച്ചു പാതയിൽ വീണു. പൊടിപടലമുയർന്നു. പട്ടാളക്കാർ പേടിച്ചോടി.

ആർട്ടബൻ പറഞ്ഞു: “മുപ്പത്തിമൂന്നുവർഷം ഞാൻ അങ്ങയെ അന്വേഷിച്ചു. രാജൻ, അങ്ങയെ ഞാൻ കണ്ടില്ല, സേവനമനുഷ്ഠിച്ചതുമില്ല”. അപ്പോൾ ഒരു മധുരശബ്ദം, പെൺകുട്ടിയും അതുകേട്ടു. “യഥാർഥമായി ഞാൻ നിന്നോടു പറയുന്നു. എന്റെ സഹോദരരിൽ ഏറ്റവും കുറഞ്ഞവനു് നീ ചെയ്യുന്നതെന്തും എനിക്കുവേണ്ടി ചെയ്യുന്നതാണു്”. ആർട്ടബന്റെ മുഖത്തു് ശാന്തതയുടെ ഔജ്ജ്വല്യം. ആശ്വാസത്തിന്റെ ദീർഘനിശ്വാസം അദ്ദേഹത്തിന്റെ ചുണ്ടുകളിൽ നിന്നു് ഉയർന്നു. അദ്ദേഹത്തിന്റെ യാത്ര അവസാനിച്ചു. ആ ജ്ഞാനി രാജാവിനെ കണ്ടു.

ഈച്ചയെ അഹങ്കാരത്തിന്റെയും ധൃഷ്ടതയുടെയും പ്രതീകമായിവേണം കരുതാൻ. മനുഷ്യൻ അടുത്തെത്തും മുൻപു് മറ്റു ജീവികൾ ഓടിക്കളയുന്നു. എന്നാൽ ഈച്ച അവന്റെ മൂക്കിൽത്തന്നെ കയറി ഇരിക്കുന്നു എന്നു് ആർറ്റൂർ ഷോപൻ ഹൗവർ. ശൈലീ ഭംഗവും വ്യാകരണത്തെറ്റുമുള്ള പ്രബന്ധം വായനക്കാരന്റെ മൂക്കിൽ കയറിയിരിക്കുന്ന ഈച്ചയാണു്.

യഥാർത്ഥമായ ഈശ്വരസേവനം മനുഷ്യസേവനമാണെന്നു സ്ഥാപിക്കുന്ന ടോൾസ്റ്റോയി യുടെ ‘ഫാദർ സെർജിയസ്സ് ’ എന്ന ചെറിയ നോവലിനെക്കാൾ ഉത്കൃഷ്ടതയില്ലേ വാൻ ഡൈക്കിന്റെ ഈ കലാശില്പത്തിനു്? സാഹിത്യസൃഷ്ടികളെക്കുറിച്ചു പറയുമ്പോൾ ‘കണ്ണീരൊഴുക്കി’ എന്നും മറ്റും പറയുന്ന രീതി തെറ്റാണെന്നു് എനിക്കറിയാം. എങ്കിലും പ്രിയപ്പെട്ട വായനക്കാരോടു പറയട്ടെ, ഞാൻ മൂന്നു പരിവൃത്തി ഈ കഥ വായിച്ചു. മൂന്നു തവണയും എനിക്കു കണ്ണീരടക്കാൻ കഴിഞ്ഞില്ല. അതു് ശോകത്തിന്റെ ബാഷ്പമല്ല. ആഹ്ലാദത്തിന്റെ— രസാനുഭൂതിയുടെ—മിഴിനീരാണു്.

ഹെൻട്രി വാൻ ഡൈക്ക് (1852–1933) അമേരിക്കൻ ക്രൈസ്തവ പുരോഹിതൻ. പ്രിൻസ്ടൺ സർവകലാശാലയിൽ അദ്ദേഹം ഇംഗ്ലീഷ് പ്രൊഫസറുമായിരുന്നു. അദ്ദേഹത്തിന്റെ മറ്റു കൃതികൾ: Little Rivers (1895) Fisherman’s Luck (1899) ജർമ്മൻ കവി നോവാലിസി ന്റെ The Blue Flower എന്നതിന്റെ തർജ്ജമ.

ആദ്യം ഭാഷ, രണ്ടാമതു് പ്രബന്ധരചന

മാതൃഭൂമി ആഴ്ചപ്പതിപ്പിൽ (ലക്കം 46) കെ. പി. കരുണാകരൻ എഴുതിയ “ഇന്ത്യൻ റിപ്പബ്ലിക് ലോകരംഗത്തു്” എന്ന പ്രബന്ധത്തിൽനിന്നു ചില വാക്യങ്ങൾ:

  1. “1947-ൽ സ്വതന്ത്രയായപ്പോൾ ഇന്ത്യ ദരിദ്രയും ദുർബലയുമായിരുന്നു”.—ഇതു മലയാളഭാഷയല്ല. “ഇന്ത്യ 1947-ൽ സ്വതന്ത്രമായപ്പോൾ ദരിദ്രവും ദുർബലവുമായിരുന്നു” എന്നു മാറ്റിയെഴുതിയാൽ ഏതാണ്ടു ശരിപ്പെടും.
  2. “… 1950-ൽ ഇന്ത്യ ഒരു റിപ്പബ്ലിക്കായപ്പോൾ”—ഇന്ത്യ 1950-ൽ റിപ്പബ്ലിക്കായപ്പോൾ എന്നു വേണം. രണ്ടു റിപ്പബ്ലിക്കായില്ലല്ലോ. അതിനാൽ ‘ഒരു’ എന്നു ചേർക്കേണ്ടതില്ല.
  3. “ഭക്ഷണക്കാര്യത്തിൽ പ്രത്യേകിച്ചും… ”—‘ക’യുടെ ഇരട്ടിപ്പിനെക്കുറിച്ചു് അഭിപ്രായവ്യത്യാസമുണ്ടാകാം. അതു പോകട്ടെ. പ്രത്യേകം എന്നാൽ each എന്നാണർത്ഥം. അതുകൊണ്ടു് വിശേഷിച്ചും എന്നു വേണം പ്രയോഗിക്കാൻ.
  4. “…ഒന്നു് അന്താരാഷ്ട്രീയ രംഗംതന്നെ ഒരു പുതിയ രൂപം കൈക്കൊണ്ടതാണു്”— അന്തര്+രാഷ്ട്രം = അന്താരാഷ്ട്രം. ശരി. ഒരു രാഷ്ട്രത്തിനു മറ്റൊരു രാഷ്ട്രവുമായുള്ള ബന്ധത്തെ കാണിക്കുന്നതിനു് international എന്നു് ഇംഗ്ലീഷ് പ്രയോഗം. അതു കരുതിയാണു് അന്താരാഷ്ട്രീയം എന്നു പ്രയോഗിച്ചതെങ്കിൽ തെറ്റുപറ്റി പ്രബന്ധകാരനു്. അവിടെ ‘രാഷ്ട്രാന്തരീയം’ എന്നുവേണം. രാഷ്ട്രത്തെസ്സംബന്ധിച്ചതു് എന്ന അർത്ഥത്തിൽ രാഷ്ട്രീയം എന്ന പ്രയോഗമില്ല സംസ്കൃതത്തിൽ. അന്താരാഷ്ട്രീയത്തിൽ തെറ്റു് ഒന്നല്ല; രണ്ടാണു്.

കെ. പി. കരുണാകരൻ പ്രബന്ധങ്ങളെഴുതി പരസ്യപ്പെടുത്തുന്നതിനുമുൻപു് മലയാളഭാഷ ‘നേരേച്ചൊവ്വേ’ എഴുതാൻ പഠിക്കണം.

images/ArthurSchopenhauer1859b.jpg
ആർറ്റൂർ ഷോപൻഹൗവർ

“ഈച്ചയെ അഹങ്കാരത്തിന്റെയും ധൃഷ്ടതയുടെയും പ്രതീകമായിട്ടുവേണം കരുതാൻ. മനുഷ്യൻ അടുത്തെത്തുംമുൻപു് മറ്റു ജീവികൾ ഓടിക്കളയുന്നു. എന്നാൽ ഈച്ച അവന്റെ മൂക്കിൽത്തന്നെ കയറിയിരിക്കുന്നു.” എന്നു് ആർറ്റൂർ ഷോപൻഹൗവർ. ശൈലീ ഭംഗവും വ്യാകരണത്തെറ്റുമുള്ള പ്രബന്ധം വായനക്കാരന്റെ മൂക്കിൽ കയറിയിരിക്കുന്നു ഈച്ചയാണു്.

ഒ. വി. വിജയൻ

അജ്ഞാതങ്ങളും അജ്ഞേയങ്ങളുമായ ശക്തിവിശേഷങ്ങൾ ഈ പ്രപഞ്ചത്തിലുണ്ടു്. വൈവിധ്യമാർന്നവയാണു് അവയെന്നു തോന്നും. പക്ഷേ, ആ വൈവിധ്യത്തിലുടെ ഏകത്വം കാണാവുന്നതേയുള്ളു. മനുഷ്യന്റെ ഭവിതവ്യതയെ ധ്വനിപ്പിച്ചുകൊണ്ടു് പ്രകൃതി അന്തരീക്ഷത്തിലെഴുതിയിടുന്ന നക്ഷത്രാക്ഷരങ്ങൾ; മനുഷ്യനെ അനുഗ്രഹിക്കുകയും നിഗ്രഹിക്കുകയും ചെയ്യുന്ന കാവിലെ ദേവി. ആ ദേവിക്കു ദീപാരാധന നിർവ്വഹിക്കുന്ന പൂജാരി. ആ പൂജാരി ‘സമയമായില്ല’ എന്നു പറയുമ്പോൾ മാറിപ്പോകുന്ന മൂർഖൻപാമ്പു്. സമയമാകുമ്പോൾ ഫണംവിടർത്തി നില്ക്കുന്ന അവൻ. സമയമായി എന്നു മനസ്സിലാക്കി അവന്റെ വിഷപ്പല്ലിലേക്കു ശുദ്ധിയാർന്ന കാലു നീട്ടിക്കൊടുക്കുന്ന പൂജാരി. എല്ലാം ശക്തികളാണു്. പല ശക്തികളെന്നു നമുക്കു തോന്നും. ഇല്ല. ഒരു ശക്തിവിശേഷത്തിന്റെ പല രീതിയിലുള്ള പ്രാദുർഭാവങ്ങളാണു് അവ. ഒ. വി. വിജയന്റെ ഭാവഗീതംപോലുള്ള “കോമ്പിപ്പുശാരിയുടെ വാതിൽ” എന്ന ചെറുകഥ ഈ ആശയത്തെ കലാത്മകമായി ആവിഷ്കരിക്കുന്നു. ഒരാദിമഭയത്തിലൂടെ വിചിത്രസത്യം ചിത്രീകരിക്കുകയാണു് കഥാകാരൻ. പക്ഷേ, കഥ വായിച്ചുകഴിയുമ്പോൾ ഭയം അപ്രത്യക്ഷമാകുന്നു. വിചിത്രസത്യം സാധാരണമായ സത്യമായി മാറുന്നു. ഒരു വാതിലിലൂടെ മനുഷ്യനെ അന്തർദ്ധാനം ചെയ്യിച്ചിട്ടു് മറ്റൊരു വാതിലിലൂടെ അവനെ പ്രത്യക്ഷനാക്കുന്ന പ്രകൃതിയുടെ അനുഗ്രാഹകശക്തി നമ്മെ തഴുകുന്നു.

സീതയുടെ കത്തു്

പ്രിയപ്പെട്ട കാഴ്ചക്കാരേ, ഞാൻ ടെലിവിഷനിലൂടെ നിങ്ങളുടെ മുൻപിൽ വന്നിരിക്കുന്ന സീതയാണു്. മരച്ചുവട്ടിലിരുന്നുകൊണ്ടു് ഞാൻ ഹനുമാനോടു സംസാരിക്കുന്നു. സംസാരമെല്ലാം നിങ്ങൾക്കു മനസ്സിലാകാത്ത ഗോസായി ഭാഷയിലാണു്. എനിക്കു ദുഃഖം അഭിനയിക്കാൻ അറിഞ്ഞു കൂടാ. അറിഞ്ഞുകൂടാത്തതുകൊണ്ടു് ഞാൻ തുടരെത്തുടരെ ഏങ്ങുന്നു. എന്റെ ആ ഏങ്ങൽകണ്ടു് ഹനുമാൻ ചിലതൊക്കെ പറയുന്നു. എന്നെ അമ്മ എന്നു വിളിക്കുന്നു. എങ്കിലും അയാൾക്കു് എന്റെ അച്ഛന്റെ പ്രായമുണ്ടെന്നു നിങ്ങൾക്കു തോന്നുന്നുണ്ടാവും. ആ തോന്നൽ ശരിയാണുതാനും. ഹനുമാൻ തിരിഞ്ഞുപോകുമ്പോഴാണു് എനിക്കു പേടി. അയാളുടെ ആസനത്തിൽനിന്നു് മലയാളഭാഷയിലെ ‘ട’ എന്ന അക്ഷരംപോലെ എന്തോ വളഞ്ഞുനില്ക്കുന്നു. അതു് എന്റെ കണ്ണിൽ കുത്തിയാൽ കണ്ണു് പൊടിഞ്ഞുപോകില്ലേ? ഞാനും ഹനുമാനും ഹെഡ്കൺസ്റ്റബിളിനെപ്പോലിരിക്കുന്ന രാവണനും ഒക്കെച്ചേർന്നു് രാമായണത്തെ അപമാനിക്കുന്നു. വാല്മീകിയെയും വ്യാസനെയും കമ്പരെയും അപമാനിക്കുന്നു. ഭാരതീയരായ നിങ്ങളെ അപമാനിക്കുന്നു.

എന്നു്

ഏങ്ങലുകാരി സീത.

ഉപന്യാസം
images/MarievonEbnerEschenbach.jpg
മാറീ എബ്നർ ഇഷൻബാഹ്

ചെറുകഥ ചിലരുടെ കൈയിൽ കലയാണു്. വേറെ ചിലരുടെ കൈയിൽ പൈങ്കിളിയാണു്. സരോജിനി ഉണ്ണിത്താന്റെ കൈയിൽ അതു് ഉപന്യാസമാണു്. ഇപ്പറഞ്ഞതിന്റെ ഉൺമയിൽ ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ ആ വ്യക്തി, കുങ്കുമം വാരികയിൽ ശ്രീമതി എഴുതിയ “കൂട്ടാനാവാത്ത കൂടു്” എന്ന “കഥ”യൊന്നു വായിച്ചാൽ മതി. കിളിക്കു നിർമ്മിക്കാൻ കഴിയാതെപോയ കൂടാണു് കൂട്ടാനാവാത്ത കൂടു്. കഥയിൽ ഒരു കിളി കൊക്കിൽ നാരുവച്ചുകൊണ്ടു് കൂടക്കൂടെ വരുന്നതായി പ്രസ്താവമുണ്ടു്. നാരുകൾ കൊണ്ടുവരുന്നതല്ലാതെ കൂടുണ്ടാക്കാൻ അതിനു കഴിയുന്നില്ല. അതുപോലെ അനുരാധ എന്ന പാവപ്പെട്ട സ്ത്രീക്കു് ജീവിതം രൂപവത്കരിക്കാൻ സാധിക്കുന്നില്ല. ഇതു പറയാൻ വേണ്ടി ചാരുതയില്ലാത്ത കുറെ വാക്യങ്ങൾ എഴുതിവയ്ക്കുന്നു സരോജിനി ഉണ്ണിത്താൻ. ശ്രീമതിയുടെ രചനയെ ഉപന്യാസമായി വിശേഷിപ്പിച്ചതു് ഒരു കണക്കിൽ തെറ്റാണു്. ഉപന്യാസത്തിനുമുണ്ടല്ലോ വശീകരണശക്തി. കഥയുടെ പേരിൽ ആവിർഭവിച്ച ഈ ഉപന്യാസത്തിനു് ആരെയും വശീകരിക്കാനാവില്ല. മാറീ എബ്നർ ഇഷൻബാഹ് (Marie Ebner-Eschenbach) എന്നൊരു ഓസ്ട്രിയൻ എഴുത്തുകാരിയുണ്ടായിരുന്നു. അവരുടെ ‘സൂക്തങ്ങൾ’ പ്രഖ്യാതങ്ങളാണു്. ഒരിക്കൽ അവർ പറഞ്ഞു: “Even a Stopped clock is right twice a day എന്നു് ”. (നിന്നുപോയ നാഴികമണിപോലും ദിവസത്തിൽ രണ്ടുതവണ ശരിയായ സമയം കാണിക്കും.) സരോജിനി ഉണ്ണിത്താന്റെയും അവരെപ്പോലെ എഴുതുന്നവരുടെയും കഥകൾ ഒരുനിമിഷത്തിൽപ്പോലും ശരിയാവുകയില്ല.

കടുവാകളി വേണം
images/MrinalSen.jpg
മൃണാൾ സെൻ

ഫിലിമോത്സവത്തിനു് എനിക്കു പാസ്സ് കിട്ടാത്തതിൽ പരിഭവമില്ല, നൈരാശ്യമില്ല. പ്രഭാവവും പ്രാഭവവും ഉള്ളവരെയാണു് അതിലേക്കു പ്രവർത്തകർ ക്ഷണിച്ചതു്. രണ്ടു ഗുണങ്ങളും എനിക്കില്ല. അതുകൊണ്ടു വീട്ടിലുള്ള ടെലിവിഷൻ സെറ്റ് എന്ന കഷണത്തിന്റെ നോബ് തിരിച്ചുനോക്കി. മൃണാൾസെൻ, മുഖ്യമന്ത്രി, ഇവരുടെയെല്ലാം പ്രഭാഷണങ്ങൾ കേട്ടു. അവ നന്നായിരുന്നു. അതിനുശേഷം കുറെ കോലങ്ങൾ അരങ്ങുതകർക്കുന്നതുകണ്ടു. ഫോൾക്ക് ആർട്ട് എന്നതിന്റെ പേരിൽ കാണിക്കപ്പെട്ട ഇവ ജുഗുപ്സാവഹങ്ങളായിരുന്നു. തെയ്യവും മറ്റും അവ ആവിർഭവിച്ച കാലത്തെ ആവശ്യകതയായിരുന്നു. ഇന്നു് അവയ്ക്കു് സാംഗത്യമേയില്ല. കലയുടെ സാമൂഹിക ചരിത്രം പഠിക്കുന്നവർക്കു് ഈ നാടൻ കലകൾ പ്രധാനപ്പെട്ടവയായി തോന്നിയേക്കാം. ജീവിതലയം മാറിയ നമുക്കു് ഇവകൊണ്ടു് ഒരു പ്രയോജനവുമില്ല. വർണ്ണോജ്ജ്വലതയും ആഡംബര സമൃദ്ധിയും ഇവയ്ക്കു് ഉണ്ടെന്നു് സമ്മതിക്കാം. പക്ഷേ, ക്ഷുദ്രങ്ങളും ചൈതന്യ രഹിതങ്ങളുമാണു് ഇവ. പ്രകടനങ്ങൾ കണ്ടിട്ടു് മലയാളിയായ എനിക്കു ജുഗുപ്സ. അപ്പോൾ അവിടെയിരുന്ന സായ്പന്മാർക്കു് എന്തു തോന്നിയിരിക്കും?

ഫിലിമോത്സവത്തിനു് ഈ ഫോൾക്ക് ആർട്ട് ആകാമെങ്കിൽ തിരുവനന്തപുരത്തെ ‘കടുവാകളി’ കൂടി ഉൾപ്പെടുത്താമായിരുന്നു. മഞ്ഞച്ചായം ദേഹമാകെ തേച്ചു്, കറുത്ത ചായംകൊണ്ടു വരകൾ വരച്ചു്, വച്ചുകെട്ടിയ വാലു ചലിപ്പിച്ചു് കടുവകൾ മെയ്യിളക്കി കളിക്കുന്നതു സായ്പന്മാർ കണ്ടാൽ ‘ഫാസിനേറ്റിങ്, ഫാസിനേറ്റിങ്’ എന്നു പറയും. അവർ അങ്ങനെയാണു്. ഏതെങ്കിലും സായ്പ് ഇന്നുവരെ ഏതെങ്കിലും മലയാളസിനിമയെ കുറ്റം പറഞ്ഞിട്ടുണ്ടോ? ഉള്ളിൽ പുച്ഛിച്ചുകൊണ്ടു് ‘മാർവലസ്, മാർവലസ്’ എന്നു് അദ്ഭുതംകൂറും അയാൾ. ഫിലിമോത്സവത്തിലെ കലാപ്രകടനംകണ്ടും സായ്പന്മാർ ഇങ്ങനെതന്നെ മൊഴിയാടിയിരിക്കും. കടുവാകളി കണ്ടാലും അവർ ഇമ്മട്ടിൽത്തന്നെ പറയും. അതുകൊണ്ടു് അടുത്ത ഫിലിമോത്സവത്തിനു് കടുവാകളികൂടെ ഉൾപ്പെടുത്തണമെന്നു് ഞാൻ അപേക്ഷിക്കുന്നു. തിരഞ്ഞെടുപ്പു പ്രചാരണക്കാരുടെ ഭാഷയിലാണെങ്കിൽ “അഭ്യർത്ഥിക്കുന്നു, അപേക്ഷിക്കുന്നു”.

കലാഭാസം

പി. രാമമൂർത്തി മഹാനായ നേതാവാണെന്നു് ഞാനറിഞ്ഞിരുന്നു. പക്ഷേ, എനിക്കു് അദ്ദേഹത്തെക്കുറിച്ചു് അധികമൊന്നും അറിയാൻ കഴിഞ്ഞില്ല. ഐ. വാസുദേവൻ ദേശാഭിമാനി വാരികയിൽ ആ മഹാപുരുഷനെക്കുറിച്ചെഴുതിയ ലേഖനം എന്റെ അജ്ഞതയെ ഒരളവിൽ പരിഹരിച്ചു. ആ സന്തോഷത്തോടെയാണു് വാരികയിലുള്ള ‘വ്യാക്കൂണു്’ എന്ന ചെറുകഥ വായിക്കാൻ തുടങ്ങിയതു്. (വി. എസ്. അനിൽകുമാർ എഴുതിയതു്) ആദ്യത്തെ മൂന്നു കൊച്ചുഖണ്ഡികകൾ വായിച്ചുകഴിഞ്ഞപ്പോൾത്തന്നെ എനിക്കു മതിയായി. വഴുക്കുന്ന പാറക്കെട്ടിൽ ഭാര്യയും ഭർത്താവും വന്നു നില്ക്കുന്നുപോലും. അവർക്കു ചില ഓർമ്മകൾ ഉണ്ടായിപോലും. ഇങ്ങനെ പലതും പറഞ്ഞിട്ടു് കഥാകാരൻ കഥ അവസാനിപ്പിക്കുന്നു. “ഇതു് ഉരക്കുഴിയാണു് ”. അസങ്കീർണ്ണമായി കാര്യങ്ങൾ ചിത്രീകരിച്ചിട്ടു് സങ്കീർണ്ണമായ ജീവിതത്തിലേക്കു അനുവാചകനെ നയിക്കുകയല്ല കഥാകാരൻ. പ്രകടനാത്മകതയിൽ അഭിരമിക്കുകയാണു് അദ്ദേഹം പ്രകടനാത്മകതയുള്ള രചന കലയല്ല, കലാഭാസമാണു്. ഏതു കലാകാരനും വിശേഷമായതിനെ ചിത്രീകരിച്ചിട്ടു് അതിനെ സാമാന്യമായതിനോടു യോജിപ്പിക്കുകയാണു്. ആ സംയോജനമുണ്ടായില്ലെങ്കിൽ കല ജനിക്കില്ല. അനിൽകുമാറിന്റെ കഥയിൽ വിശേഷ പ്രസ്താവമേയുള്ളു. സാമാന്യമായതിനോടു് ബന്ധമില്ല. ഈ സംയോജനമില്ലാതെ വിശേഷം അതായിത്തന്നെ നില്ക്കുമ്പോൾ ‘ആബ്സ്ട്രാക്ഷനേ’ കാണുകയുള്ളു. അക്കാരണത്താൽ അനിൽകുമാറിന്റെ കഥ സ്യൂഡോ ആർട്ടാണു്. (വിശേഷം, സാമാന്യം ഇവയെ സംബന്ധിച്ച പ്രസ്താവത്തിനു് മൗലികതയില്ല. ലൂക്കാച്ച് പറഞ്ഞതാണതു്. ഏതു ഗ്രന്ഥത്തിലാണു് അതുള്ളതു് എന്നു വ്യക്തമാക്കാൻ ഓർമ്മക്കുറവു തടസ്സം സൃഷ്ടിക്കുന്നു.)

എല്ലിൻകൂടു് ചിരിക്കുന്നു

എം. ഡി. പരീക്ഷയ്ക്കു പഠിക്കുന്നവനു പരീക്ഷയടുത്തു. എഴുതിയാൽ തോൽവി തീർച്ച. അയാൾ പ്രൊഫസർക്കു് പതിനായിരംരൂപ കൊടുത്തു് എട്ടു ചോദ്യക്കടലാസ്സുകൾ വാങ്ങി. നാലെണ്ണമുപയോഗിച്ചു് പരീക്ഷ പാസ്സായി. ശേഷിച്ച നാലെണ്ണം വേറൊരുത്തനു് പന്തീരായിരം രൂപയ്ക്കു വിറ്റു. ഇതാണു് ജോസഫ് മനോരമ ആഴ്ചപ്പതിപ്പിലെഴുതിയ “ആരാണു ഗുരു, ആരാണു ശിഷ്യൻ?” എന്ന മിനിക്കഥയുടെ സാരം. മനുഷ്യൻ ചിരിക്കും. ചിലപ്പോൾ അതു് ആർജ്ജവമുള്ള ചിരിയായിരിക്കും. മറ്റു ചിലപ്പോൾ കാപട്യമുള്ളതായിരിക്കും. മാംസപേശികൾക്കു മാറ്റം വരുത്തിയാൽ ചിരി മറയും. എന്നാൽ അസ്ഥിപഞ്ജരത്തിനു് എപ്പോഴും ചിരിയാണു്. ആർജ്ജവമുള്ള ചിരിയല്ല, കാപട്യമുള്ള ചിരിയുമല്ല. നിസ്സംഗമായ ചിരിയാണതു്. ഒരിക്കലതു നോക്കാമെന്നേയുള്ളു. ഏറെനേരം നോക്കിയാൽ അസ്വസ്ഥതയുണ്ടാകും നമുക്കു്. ജോസഫിന്റെ കഥ അസ്ഥിപഞ്ജരത്തിന്റെ നിസ്സംഗമായ ചിരിയാണു്. ആ പല്ലിളിക്കൽ നമുക്കു കൂടുതൽ സമയം നോക്കാനാവില്ല. വരൂ, പോകാം.

മാധവിക്കുട്ടി, പൊറ്റെക്കാട്ട്

മനോരാജ്യം വാരികയിലെ “ആളുകൾ അരങ്ങുകൾ” എന്ന പംക്തി രസകരമാണു്. ഈ ആഴ്ചയിലെ പംക്തിയിൽ മാധവിക്കുട്ടി ദേഷ്യപ്പെട്ടതിന്റെ വിവരണമുണ്ടു്. നോവൽ-സാഹിത്യ സമ്മേളനം ഉദ്ഘാടനം ചെയ്യാൻ എത്തിയ മാധവിക്കുട്ടിയെ ആനയും അമ്പാരിയും താലപ്പൊലിയുമായിട്ടാണു് സമ്മേളനത്തിന്റെ സംഘടകർ (സംഘടകർ എന്നുതന്നെയാണു് ഞാനെഴുതുന്നതു്. സംഘാടകർ എന്നല്ല) എതിരേറ്റതു്. ആ സ്വീകരണം മാധവിക്കുട്ടിക്കു രസിച്ചില്ല. “തുറന്ന ജീപ്പിൽ ആഘോഷപൂർവം എഴുന്നള്ളിക്കാൻ ഞാനും മുൽക് രാജ് ആനന്ദും ഒന്നും ദൈവങ്ങളല്ല” എന്നാണു് ശ്രീമതി കോപിച്ചു പറഞ്ഞതു്. “ബാലാമണി അമ്മ യുടെ മകളായതുകൊണ്ടു ക്ഷമിക്കുന്നു” എന്നു് സംഘടകരിൽ ചിലർ പറഞ്ഞുവത്രേ.

മാധവിക്കുട്ടിയുടെ ദേഷ്യം അസ്ഥാനത്തായിരുന്നുവെന്നു പറയാൻ വയ്യ. കോപം വരുമ്പോൾ മനസ്സിനേക്കാൾ വേഗത്തിൽ നാവു ചലനംകൊള്ളും. അതു തെറ്റാണെന്നു ചിലർ പറഞ്ഞേക്കാം. എങ്കിലും ധർമ്മാധർമ്മ വിചിന്തനമാണു് ആ ചലനത്തിനു ഹേതു. അപ്പോൾ മനസ്സിന്റെ മന്ദഗതിയെ പരിഗണിക്കേണ്ടതില്ല. അങ്ങനെ ആ സന്ദർഭത്തിൽ കോപിച്ചതിനു് ഞാൻ മാധവിക്കുട്ടിയെ വിനയത്തോടെ അഭിനന്ദിക്കട്ടെ.

അതിരുകടന്ന ആഡംബര പ്രതിഷേധത്തിനു ഹേതുവാണെങ്കിലും കരുതിക്കൂട്ടി അപമാനിച്ചാൽ പ്രതിഷേധിക്കണം. ഈ അപമാനം എല്ലായിടത്തുമുണ്ടെങ്കിലും വിദ്യാഭ്യാസവകുപ്പിൽ വളരെക്കൂടുതലാണു്. അധ്യക്ഷനോ, ഉദ്ഘാടകനോ വിദ്യാഭ്യാസ ഡയറക്ടറായിരിക്കണമെന്നില്ല. സ്കൂൾ ഇൻസ്പെക്ടറായിരുന്നാൽമതി. അയാളെ ആനയും അമ്പാരിയും താലപ്പൊലിയുമായി സ്വീകരിക്കും, എഴുന്നള്ളിക്കും. ക്ഷണിച്ചതിന്റെപേരിൽ ചെന്ന പ്രഭാഷകനെ അപ്പോൾ അവഗണിക്കും അവർ. ഒരു സ്കൂൾ ഇൻസ്പെക്ടർ അധ്യക്ഷനായിരുന്ന സമ്മേളനത്തിലെ പ്രഭാഷകനായിരുന്നു എസ്. കെ. പൊറ്റെക്കാട്ട്. ഇൻസ്പെക്ടറെ സ്കൂൾ അധികാരികൾ വാദ്യഘോഷത്തോടെ സ്വീകരിച്ചു. ആനയും അമ്പാരിയും താലപ്പൊലിയുമുണ്ടായിരുന്നു. സമ്മേളനമാരംഭിച്ചപ്പോൾ പൊറ്റെക്കാട്ടിനെ കാണുന്നില്ല. അദ്ദേഹം ഒരു ചായക്കടയിലെ ബഞ്ചിൽ ഇരിക്കുകയായിരുന്നു. ഒരധ്യാപകൻ ചെന്നു് അദ്ദേഹത്തെ വിളിച്ചു. പൊറ്റെക്കാട്ടു് അനങ്ങിയതേയില്ല. നിർബ്ബന്ധിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: “ഇൻസ്പെക്ടറെ സ്വീകരിക്കുന്ന തിടുക്കത്തിൽ നിങ്ങൾ എന്നെ നോക്കിയില്ല. ഇനി ഞാൻ വരണമെങ്കിൽ അയാൾക്കു കൊടുത്ത ‘ബഹുമതി’കളെല്ലാം എനിക്കും തരണം. ആന വേണം. അമ്പാരി വേണം. വാദ്യമേളങ്ങൾ വേണം. താലപ്പൊലിയും”. അങ്ങനെ സ്വീകരിച്ചതിനുശേഷമേ പൊറ്റെക്കാട്ടു് സഭാവേദിയിലേക്കു കയറിയുള്ളു (സംഭവം പവനൻ പറഞ്ഞതു്).

നാനാവിഷയകം
  • “ഘോരമാം വനമദ്ധ്യേ താപസൻതപം ചെയ്യേ കൂരിരുൾ പരക്കവെ, ആരവം മുഴങ്ങുന്നു” എന്നു് എടയാളി ഗോപാലകൃഷ്ണൻ മനോരാജ്യത്തിലെഴുതിയ “കാവ്യ”ത്തിന്റെ തുടക്കം—ഗോപാലകൃഷ്ണൻ എന്തിനിങ്ങനെ വരികൾ പതിന്നാലു് അക്ഷരങ്ങളായി മുറിക്കുന്നു? ഗദ്യത്തിൽത്തന്നെ എഴുതിയാൽ മതിയല്ലോ.
  • “നിന്റെ കണ്ണുകളുടെ സമുദ്രങ്ങളിൽ നിന്നു് എനിക്കൊരു ശംഖ് തരിക” എന്നു് എൻ. കിഷോർ കുമാർ അഭ്യർത്ഥിക്കുന്നു—കാമുകിയോടാവാം ഈ അഭ്യർത്ഥന (മംഗളം വാരിക) പാവം പെണ്ണു്. ഇല്ലാത്ത ശംഖ് അവളെങ്ങനെ എടുക്കും? ഇമ്മാതിരി കവിത എഴുതാൻ പ്രയാസമൊട്ടുമില്ല. പിന്നെ അങ്ങനെ എഴുതിയതുകൊണ്ടു് എന്തു പ്രയോജനമെന്നുമാത്രം എന്നോടു ചോദിക്കരുതു്.

“അലറിക്കൊണ്ടവരെത്ര സ്വതന്ത്രപ്പോർ നയിച്ചാലും

അലാറം വച്ചവർ സമരം തുടങ്ങിയാലും അവരെ

അറമെ നമ്പരുതെ ഭാരതീയരാരും”.

എന്നു് ഏ. ഏ. മലയാളി ചന്ദ്രിക ആഴ്ചപ്പതിപ്പിലൂടെ മുന്നറിയിപ്പു് നൽകുന്നു.—മുന്നറിയിപ്പു കൊള്ളാം. പക്ഷേ, ഏ. ഏ. മലയാളി മലയാളക്കരയിൽ ജനിച്ചതു് കവിതയെഴുതാനായിട്ടല്ല. മനുഷ്യരെ ‘കവിത’കൊണ്ടു് കൊല്ലാനായിട്ടാണു് എന്നതു് വ്യക്തം.

  • എക്സ്പ്രസ്സ് ആഴ്ചപ്പതിപ്പിന്റെ കവർപേജിൽ സബിത ചിരിച്ചുകൊണ്ടിരിക്കുന്ന ചിത്രം—ഈ ലോകത്തു് ഏറ്റവും മനോഹരമായതു സുന്ദരിയായ തരുണിയുടെ ചിരിയാണെന്നു് ഞാൻ പലതവണ എഴുതിയിട്ടുണ്ടു്. ഈ ചിത്രം കണ്ടപ്പോൾ ആ അഭിപ്രായം മാറ്റണമെന്നു തോന്നി.
  • പുരോഗമനസാഹിത്യ സമ്മേളനത്തെക്കുറിച്ചു് സി. ജെ. പാപ്പുക്കുട്ടി ദീപിക ആഴ്ചപ്പതിപ്പിൽ ഉപന്യസിക്കുന്നു—സാഹിത്യത്തിൽ പുരോഗതി എന്നൊന്നുണ്ടോ? ഹോമറി നെപ്പോലെ പിന്നീടു് കവിതയെഴുതിയതാരു്? ഷേക്സ്പിയർ പോകട്ടെ, സോഫോക്ളിസ്സി നെ അതിശയിച്ച ഒരു നാടകകർത്താവിന്റെ പേരുപറയാമോ? പ്രപഞ്ചശക്തി പുതിയ പുതിയ രൂപങ്ങളിൽ പ്രത്യക്ഷമാകും. ശക്തി ഒന്നു മാത്രം. സാഹിത്യത്തിലും പ്രവർത്തിക്കുന്നതു് ഈ ശക്തിവിശേഷം തന്നെ. അതിനാൽ പുരോഗമന സാഹിത്യ പ്രസ്ഥാനം എന്നൊരു വിഭജനം അല്പിക്കുന്നതു ശരിയല്ല.

“ഇനിയുമീ വഴി വരു സഖി!

എന്റെ മൺദീപങ്ങളിൽ സ്നേ-

ഹാർദ്രയായ് തിരിനാളമൊന്നു കൊളുത്തിടു”

എന്നു ദേവി ആലപ്പുഴ ‘സഖി’ വാരികയിലൂടെ അപേക്ഷിക്കുന്നു—ക്ലീഷേ ഉപയോഗിച്ചു സഖിയെ വിളിച്ചാൽ പ്രയോജനമില്ല.

  • കലാമണ്ഡലം ഹൈദരലി, അന്തരിച്ച എം. കെ. കെ. നായരെ ക്കുറിച്ചു ‘സരോവരം’ മാസികയിൽ എഴുതുന്നു—ആർജ്ജവമാണു് ഇതിന്റെ മുദ്ര. മഹാവ്യക്തികളെക്കുറിച്ചു് എഴുതുമ്പോൾ എഴുതുന്നയാൾ ഉയരുന്നു. വായനക്കാർക്കും ഉന്നമനം.
images/KalamandalamHyderali.jpg
കലാമണ്ഡലം ഹൈദരലി

അമേരിക്കയിൽ ‘Dreadful Night’ എന്ന നാടകം നടന്നു. അടുത്ത ദിവസത്തെ പത്രത്തിൽ ഒറ്റവാക്കിൽ നിരൂപകന്റെ അഭിപ്രായം വന്നു. Exactly. ‘മനുഷ്യർ നല്ലവരാണു്’ എന്ന നാടകം കഴിഞ്ഞയുടനെ അതിനെക്കുറിച്ചു് അഭിപ്രായം പറയണമെന്നു തിക്കുറിശ്ശി സുകുമാരൻ നായരോടു് നാടകകർത്താവു് അപേക്ഷിച്ചു. തിക്കുറിശ്ശി നാടകവേദിയിൽ കയറിനിന്നു പറഞ്ഞു: “നാടകത്തിന്റെ പേരു് അന്വർത്ഥം. അല്ലെങ്കിൽ അതു കണ്ടുകൊണ്ടിരുന്ന നിങ്ങൾ ഈ നാടകകർത്താവിനെ വെറുതേ വിടുമായിരുന്നില്ലല്ലോ.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1988-02-14.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 3, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: JS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.