സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1988-02-21-ൽ പ്രസിദ്ധീകരിച്ചതു്)

images/TheOutsider.jpg

അന്യാദൃശമായ ശക്തിയുള്ള ഒരു ജർമ്മൻ നാടകം ഈയിടെ ഞാൻ വീണ്ടും വായിച്ചു; വൊൾഫ്ഗാങ് ബൊർഹെർട്ടി ന്റെ The Outsider. നാടകം ആരംഭിക്കുകയാണു്. കാറ്റു് ആർത്തനാദം പുറപ്പെടുവിക്കുന്നു. എൽബ് നദി കെട്ടിടങ്ങളിൽ ചെന്നുതട്ടുന്നു. സായാഹ്നം. പ്രേതകർമ്മം നടത്തുന്നവൻ അവിടെയുണ്ടു്. ഒരാളിന്റെ തിമിരചിത്രം സായാഹ്നാന്തരീക്ഷത്തിനെതിരേ കാണാറാവുന്നു. പ്രേതകർമ്മം നടത്തുന്നവൻ പുലമ്പുകയാണു്: “ഈച്ചകളെപ്പോലെ—അതേ ഈച്ചകളെപ്പോലെ. അതാ ഒരുത്തൻ. ‘ഡോക്കി’ൽ ഒരുത്തൻ. യൂനിഫോം ധരിച്ചിരിക്കുന്നുവെന്നു തോന്നുന്നു. ഒരു പഴയ പട്ടാളക്കോട്ട്… വെള്ളത്തിനടുത്തു നില്ക്കുകയാണു് അയാൾ. സത്യത്തിൽ വെള്ളത്തിനു വളരെ അടുത്തു്. സംശയിക്കണം. ഇരുട്ടിൽ വെള്ളത്തിനടുത്തു നില്ക്കുന്നവർ കാമുകന്മാരായിരിക്കും അല്ലെങ്കിൽ കവികളായിരിക്കും… കാമുകനല്ല. കാമുകനാണെങ്കിൽ അയാളുടെ കൂടെ ആരെങ്കിലും കാണുമല്ലോ. കവിയുമല്ല. കവികൾക്കു നീണ്ട മുടിയുണ്ടായിരിക്കും. ഇയാൾക്കു ബ്രഷിന്റെ നാരുപോലെയാണു് മുടി. (ശബ്ദത്തോടെ വെള്ളത്തിൽ വീഴുന്നു, കറുത്ത രൂപം. അതു് അദൃശ്യമായി)… ഒരുത്തൻ മരിക്കുന്നു. അതുകൊണ്ടെന്തു? ഒന്നുമില്ല. കാറ്റടിച്ചുകൊണ്ടിരിക്കുന്നു… ”

ഈ പ്രേതകർമ്മ നിർവാഹകൻ മരണമാണു്. നദിയിൽ ചാടിയവൻ ബക്മാൻ. സൈബീരിയയിലെ തടവുതീർന്നു് നാട്ടിലെത്തിയ അയാൾ എൽബ് നദിയിൽ ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു. പക്ഷേ, നദി അയാളെ നിരാകരിച്ചു. സ്വന്തംവീട്ടിൽ പോയി. ഭാര്യയുടെ കാമുകൻ അയാളെ ആട്ടിയോടിച്ചു. ഒരു സുന്ദരിയായ പെൺകുട്ടിയുടെ പിറകേ ബക്മാൻ പോയി. അവളുടെ ഭർത്താവിന്റെ പ്രേതം അയാളെ പേടിപ്പിച്ചു. ഇങ്ങനെ പല അനുഭവങ്ങൾ. എല്ലാം അയാളെ അന്യനാക്കി. ഒടുവിൽ അയാൾ ചോദിക്കുകയാണു്: “ഈശ്വരൻ എന്ന പേരും പറഞ്ഞു നടന്ന ആ കിഴവനെവിടെ? അവനെന്താണു് ഇപ്പോൾ സംസാരിക്കാത്തതു? ഉത്തരം പറയൂ ഇപ്പോൾ!

നിങ്ങളെല്ലാവരും ഇത്ര നിശ്ശബ്ദരായിരിക്കുന്നതെന്തു? എന്തു കൊണ്ടു്?

നിങ്ങളാരും ഉത്തരം പറയുകില്ലേ?

ആരും ഉത്തരം പറയുകില്ലേ?

ഉത്തരം തന്നെ ഇല്ലെന്നാണോ?”

നാടകം അവസാനിച്ചു.

നാത്സികൾ വധശിക്ഷ നൽകിയ നാടക കർത്താവാണു് ബൊർഹെർട്ട്. അദ്ദേഹത്തിന്റെ യുവത്വം പരിഗണിച്ചു് അതിളവു ചെയ്തു. കിഴക്കൻ സമരമുഖത്തായിരുന്ന ആ യുവാവിനെ റഷ്യൻ പട്ടാളം അറസ്റ്റ് ചെയ്തു സൈബീരിയിലേക്കു അയച്ചു. മാരകമായ രോഗം പിടിച്ചു ബൊർഹെർട്ട് തിരിച്ചെത്തി. ഉജ്ജ്വലമായ ഈ നാടകം അരങ്ങേറുന്നതിന്റെ തലേദിവസം അദ്ദേഹം 26-ആമത്തെ വയസ്സിൽ മരിച്ചു. ബൊർഹെർട്ടിന്റെ ഗദ്യ രചനകൾ ഇംഗ്ലീഷിലേക്കു തർജ്ജമ ചെയ്ത കവി സ്റ്റീഫൻ സ്പെൻഡറി ന്റെ അവതാരികയോടുകൂടി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടു്. അതിലെ ഒരു കൊച്ചു കഥ നോക്കുക:

“സംവത്സരം അയ്യായിരം. ഒരു കുരിച്ചിൽ പ്രാണി ഭൂമിക്കടിയിൽനിന്നു് എത്തി നോക്കിയപ്പോൾ അതിനു് ആശ്വാസമായി. മരങ്ങൾ അപ്പോഴും മരങ്ങൾതന്നെ.

കാക്കകൾ അപ്പോഴും കാ കാ എന്നു കരയുന്നു. പട്ടികൾ അപ്പോഴും കാലുയർത്തുന്നു.

മത്സ്യവും നക്ഷത്രവും പായലും കടലും എല്ലാം അതുപോലെ തന്നെയിരിക്കുന്നു.

വല്ലപ്പോഴും-വല്ലപ്പോഴും ഒരു മനുഷ്യനെയും കാണാം”.

ശീലം

പുസ്തകമെഴുതിയിട്ടു്, ലേഖനമോ കവിതയോ കഥയോ എഴുതിയിട്ടു് അതിനെക്കുറിച്ചു സാഹിത്യവാരഫലത്തിൽ എഴുതണമെന്നു എന്നോടാവശ്യപ്പെടുന്നവർക്കു് ഞാനൊരു ജുഡാസാണു്. എഴുതാം എന്ന അസത്യചുംബനം കൈക്കു നൽകിയിട്ടു് പറ്റിക്കും. വെള്ളിക്കാശു വാങ്ങുകയില്ലെന്നു മാത്രം.

വടക്കൊരു പ്രിൻസിപ്പൽ പെൻഷൻ പറ്റി. സഹപ്രവർത്തകർ യാത്രയയപ്പു സമ്മേളനത്തിൽ ഉള്ള കള്ളമൊക്കെപ്പറഞ്ഞു. പാർട്ടിങ് ഗിഫ്റ്റ് നല്കി. (പാർട്ടിങ് കിക്ക് എന്നു വേണം എഴുതാൻ) ഒടുവിൽ കാറിൽ കയറ്റി വീട്ടിൽ കൊണ്ടാക്കി പൂച്ചെണ്ടും കൊടുത്തിട്ടു പോയി. പ്രിൻസിപ്പൽ അന്നുരാത്രി ശരിയായി ഉറങ്ങിയിരിക്കാൻ ഇടയില്ല. നേരം വെളുത്തപ്പോൾ അദ്ദേഹം ദിനകൃത്യങ്ങൾക്കുശേഷം ട്രൗസേഴ്സും കോട്ടും ടൈയുമെല്ലാം അണിഞ്ഞു. ബ്രീഫ്കേയ്സെടുത്തു പോകാൻ ഭാവിച്ചപ്പോൾ സഹധർമ്മിണി ചോദിച്ചു “എങ്ങോട്ടു പോകുന്നു”വെന്നു്. അപ്പോഴാണു് തനിക്കു് അന്നുപോകാൻ സ്ഥലമില്ലെന്നും തലേദിവസം താൻ റിട്ടയർ ചെയ്തുവെന്നും അദ്ദേഹം ഓർമ്മിച്ചതു്. റിട്ടയർഡ് പ്രിൻസിപ്പൽ കസേരയിലങ്ങു ഇരുന്നു. അതോടെ അദ്ദേഹത്തിന്റെ ശബ്ദം പോയി. വളരെക്കാലം ചികിത്സിച്ചതിനുശേഷമാണു് ശബ്ദം തിരിച്ചു കിട്ടിയതു്.

ശീലങ്ങൾ പെട്ടെന്നു മാറുകയില്ല. ഭൂതകാലത്തു് ആവർത്തിച്ചു ചെയ്തുകൊണ്ടിരുന്ന പ്രവൃത്തി വർത്തമാനകാലത്തും അനിച്ഛാ പൂർവകമായി ആവർത്തിക്കും. അപ്പോൾ അതിനു സാംഗത്യമില്ലെന്നു മറ്റുള്ളവർ ചൂണ്ടിക്കാണിക്കുമ്പോൾമാത്രമേ അതിൽ അന്തർഭവിക്കുന്ന ബുദ്ധിരാഹിത്യം അയാൾ ഗ്രഹിക്കുകയുള്ളു. അതു ഗ്രഹിക്കുന്ന വേളയിൽ ചിലപ്പോൾ വല്ലാത്ത ‘ഷോക്ക്’ ഉണ്ടാകും. ആ ഷോക്കിന്റെ ഫലമാണു് പ്രിൻസിപ്പലിന്റെ ശബ്ദനഷ്ടം. മനുഷ്യന്റെ ഈ ശീലത്തെയാണു് സി. ജി. ശശിധരൻ ഒരു കൊച്ചു കഥയിലൂടെ സ്പഷ്ടമാക്കിത്തരുന്നതു്. (മനോരമ ആഴ്ചപ്പതിപ്പു്) റെയിൽവേ ട്രാക്കിനടുത്തു താമസിക്കുന്ന ഒരുത്തൻ പത്തരമണിക്കു എത്തുന്ന തീവണ്ടി കടന്നു പോയാലേ ഉറങ്ങൂ. അതു ശീലമായപ്പോൾ തീവണ്ടി പൊയിക്കഴിഞ്ഞേ ഉറക്കം വരൂ എന്നായി. തീവണ്ടിയുടെ സമയം മാറ്റി അധികാരികൾ. അതറിഞ്ഞിട്ടും അയാൾ ‘പത്തരവണ്ടി’ കാത്തിരുന്നത്രേ. ശീലം നൽകുന്ന സ്ഥിരത സി. ജി. ശശിധരൻ കഥയിലൂടെ കൊണ്ടുവന്നിട്ടുണ്ടെങ്കിലും ഈ രചനയ്ക്കു സാഹിത്യത്തിന്റെ ചാരുതയില്ല. പ്രത്യക്ഷാനുഭവത്തിന്റെയും പരോക്ഷാനുഭവത്തിന്റെയും ഭാവനാത്മകമായ പുനഃസൃഷ്ടിയാണു് സാഹിത്യം. അതല്ല ഇക്കഥ.

images/MargueriteDurascover.jpg
മാർഗറീതു് ദൂറാസ്

ശീലത്തിന്റെ ചിത്രീകരണം അഗാധമായ മനുഷ്യത്വത്തിലൂടെ ശുദ്ധമായ കലയായി രൂപാന്തരപ്പെടുന്നതിനു് ഒരുദാഹരണം നൽകാം. ഫ്രഞ്ച് നോവലിസ്റ്റ് മാർഗറീത് ദൂറാസി ന്റെ The Gentlemen from the Bus Company എന്ന യഥാർത്ഥ സംഭവ വിവരണമാണതു്. “അല്പകാലം മുൻപാണു് ഞങ്ങൾ മിസ്സ് റ്റിയെ പരിചയപ്പെട്ടതു്. അതിനുമുൻപു് അവർ രാത്രിയേറെച്ചെന്നതിനുശേഷവും ഒരു മദ്യശാലയിൽ ഇരിക്കുന്നതു പതിവായി കാണുമായിരുന്നു. അവർ ആരെന്നു ഞങ്ങൾ പലപ്പോഴും (തമ്മിൽത്തമ്മിൽ) ചോദിച്ചിട്ടുണ്ടു്. ആളുകൾ പറഞ്ഞു വിദേശഭാഷകൾ പഠിപ്പിക്കുന്ന അധ്യാപികയാണെന്നു്. എത്ര വയസ്സായി? ആർക്കുമറിഞ്ഞുകൂടാ. എല്ലാ രാത്രിയും അവർ അവിടെ എത്ര കാലമായിവരുന്നു? ഒന്നാം ലോക മഹായുദ്ധത്തിനു ശേഷം. ഈ മദ്യശാലയിൽത്തന്നെ എപ്പോഴും? അതേ എല്ലായ്പോഴും.

അയർലണ്ടുകാരി. നീണ്ടു നിവർന്നവൾ. നല്ലവേഷം. മിസ്സ് റ്റി നാല്പത്തിമൂന്നു വർഷമായി എല്ലാ രാത്രിയും അവിടെ വരുന്നു. മിസ്സ് റ്റി വിവാഹം കഴിച്ചിട്ടില്ല. അവർ സുന്ദരിയായിരുന്നു. ഇപ്പോഴും അതേ. ഞങ്ങളും അവരുടെ ആകർഷകത്വത്തിനു്, മാന്ത്രികത്വത്തിനു വിധേയരായി.

പതിമ്മൂന്നു മാസം മുൻപു് മിസ്സ് റ്റി ഒരു ബസ്സപകടത്തിൽപെട്ടു. മരിച്ചില്ലെന്നേയുള്ളു. ബസ്സ് പെട്ടെന്നു നിന്നു. പതിനാറു വയസ്സായ കൃഷിക്കാരിപ്പെൺകുട്ടിയെപ്പോലെ ലഘുത്വമുള്ള മിസ്സ് റ്റി മുന്നോട്ടേക്കു് ആഞ്ഞു. ഗൗരവാവഹമായ വിധത്തിൽ തലയ്ക്കു ക്ഷതം പറ്റി അവർക്കു്. വളരെമാസം അവർക്കു് ഉറങ്ങാൻ കഴിഞ്ഞില്ല. ആഹാരം കഴിക്കാൻ പ്രയാസം. തലയ്ക്കും വയറ്റിനും തോളുകൾക്കും വേദന.

മദ്യശാലയിൽ തിരിച്ചെത്തിയിട്ടും അവർക്കു വേദനയായിരുന്നു. എങ്കിലും ഒരിക്കൽപ്പോലും അവർ പരാതിപ്പെട്ടില്ല. കാരണം ഡ്രൈവർക്കു വേറെ മാർഗ്ഗമൊന്നുമില്ലായിരുന്നു എന്നതാണു്. അവരുടെ നിസർഗ്ഗജമായ പ്രസന്നതയും നിസ്തുലമായ ആകർഷകത്വവും എപ്പോഴുമുണ്ടു്. പന്ത്രണ്ടുമാസം കഴിഞ്ഞപ്പോഴാണു് അവർക്കു സംശയങ്ങളുണ്ടായതു്. നഷ്ടപരിഹാരത്തിനുവേണ്ടിയുള്ള അവരുടെ അവകാശവാദം കാലഹരണപ്പെട്ടില്ലേ? അവർ മദ്യശാലയുടമസ്ഥനോടു ചോദിച്ചു: “ബസ്സ് കമ്പനിയിലെ മാന്യന്മാരെ എനിക്കെങ്ങനെ സമീപിക്കാമെന്നു ദയവായി പറയൂ” അയാൾക്കതു് അറിഞ്ഞു കൂടായിരുന്നു. പാരീസിലെ ട്രാൻസ്പോർട്ട് അഥോറിറ്റിക്കു് എഴുതാൻ ഞങ്ങൾ പറഞ്ഞു. പക്ഷേ, മിസ്സ് റ്റിക്കു് അചഞ്ചലമായ വിശ്വാസമാണു്. “ആ മാന്യന്മാർ എന്നെ കാണും. നഷ്ടപരിഹാരം കിട്ടുമെനിക്കു്” എന്നു് അവർ പറഞ്ഞു. എന്തിനാണു് ഇങ്ങനെ വളരെക്കാലം കാത്തിരിക്കുന്നതെന്നു് ഞങ്ങൾ അവരോടു ചോദിച്ചു. താൻ അയർലണ്ട്കാരിയാണു്, പ്രായം കൂടിയവളാണു്. ഒറ്റയ്ക്കാണു് എന്നു് റ്റി മറുപടി നൽകി. അധികാരികൾ നമ്മളെ കാണാൻ കൂട്ടാക്കിയില്ലെങ്കിലും നമ്മൾ വളരെനേരം കാത്തിരിക്കേണ്ടതല്ലേ?

നവംബർ കഴിഞ്ഞു, ഡിസംബറും

‘മിസ്സ് റ്റി. എന്തെങ്കിലുമായോ?’

‘ഇതുവരെയും ഒന്നുമായില്ല. ആ മാന്യന്മാർക്കു് ജോലിക്കൂടുതലായിരിക്കും. ഇനി അധികം ദിവസമാവുകയില്ല.’

ജനുവരി, എന്നിട്ടും ഒന്നുമില്ല.

ഫെബ്രുവരി എന്നിട്ടും ഒന്നുമായില്ല.

‘ഫ്രഞ്ച് ബ്യൂറോക്രസിക്കു പൊതുവേ ജോലിത്തിരക്കാണു് എന്റെ കാര്യത്തിൽ വരുമ്പോൾ അവർ വേഗം പ്രവർത്തിക്കും. നിങ്ങൾ നോക്കിക്കോളു എനിക്കു ഭാഗ്യം ആശംസിക്കു.’

‘ഭാഗ്യം കൈവരട്ടെ.’

അധികാരികളോടു മിസ്സ് റ്റിക്കുള്ള ബഹുമാനം അവർ അറിയുമോ. അവരുടെ പ്രസന്നതയാർന്ന ക്ഷമയെ അവർ വിഗണിക്കുമോ? അതിനുവേണ്ടി മിസ്സ് റ്റിയെത്തന്നെയാണു് കുറ്റപ്പെടുത്തേണ്ടതു്. പക്ഷേ, അതാണല്ലോ അവരെ നിസ്തുലമായ വിധത്തിൽ ആകർഷകത്വമുള്ളവരാക്കുന്നതു്”.

എന്തൊരു രചനാ വൈഭവം!

പാവം ഉലുവ
images/Pvnarshimarao.jpg
പി. വി. നരസിംഹറാവു

കേന്ദ്ര സർക്കാരിന്റെ ആരോഗ്യമന്ത്രി പി. വി. നരസിംഹറാവു വിന്റെ കടുത്ത പ്രമേഹരോഗത്തിനു് കേരളത്തിന്റെ മുഖ്യമന്ത്രി ഉലുവ ചേർന്ന ഒരു മരുന്നു നൽകിയെന്നും റാവുവിന്റെ രക്തത്തിലെ പഞ്ചാര ആ മരുന്നു കഴിച്ചതിന്റെ ഫലമായി കുറഞ്ഞുവെന്നുമുള്ള വാർത്ത ‘മലയാള മനോരമ’യിൽ വന്നു. അതിനെക്കുറിച്ചു് ചിലർ ഡോക്ടർ കാനം ശങ്കരപ്പിള്ളയോടു അഭിപ്രായം ചോദിച്ചു. വൈദ്യന്മാരുടെ പല “അവകാശവാദ”ങ്ങളും പൊള്ളയാണെന്നു എടുത്തു കാണിക്കാറുള്ള തനിക്കെതിരേ ഇതു ഒരായുധമായി ചിലർ പ്രയോഗിക്കുകയും ചെയ്തുവെന്നു ഡോക്ടർ എഴുതുന്നു (ട്രയൽ വാരിക).

ശാസ്ത്രജ്ഞനെന്ന നിലയിൽ, ഉലുവയ്ക്കു് പ്രമേഹം മാറ്റുന്നതിനു് വീര്യമുണ്ടോ എന്നു പരിശോധിക്കാതെ ഡോക്ടർ കാനം ശങ്കരപ്പിള്ള ഈ അഭിപ്രായത്തെയും വൈദ്യന്മാരെ അടിക്കാനുള്ള വടിയായി ഉപയോഗിക്കുകയാണു്. അദ്ദേഹത്തിന്റെ വിതണ്ഡാവാദങ്ങൾ നമ്പരിട്ടു് താഴെച്ചേർക്കന്നു:

  1. ഉലുവയല്ല മുഖ്യമന്ത്രിയുടെ “ചികിത്സോപദേശ”മാണു് റാവുവിന്റെ രക്തത്തിലെ പഞ്ചാര കുറച്ചതു്. കൃത്യമായി പഥ്യം നോക്കാൻ മുഖ്യമന്ത്രി ഉപദേശിച്ചിരിക്കും. റാവു അതനുസരിച്ചു പ്രവർത്തിച്ചിരിക്കണം.
  2. മുഖ്യമന്ത്രിക്കു് ഉലുവയുടെ ഔഷധവീര്യത്തിൽ വിശ്വാസമില്ല. ഉണ്ടെങ്കിൽ അദ്ദേഹം ഈ രഹസ്യം നാട്ടുകാരിൽനിന്നു് ഒളിച്ചുവയ്ക്കുമായിരുന്നില്ല.
  3. ഉലുവയുടെ ശക്തിയിൽ വിശ്വാസമുണ്ടായിരുന്നെങ്കിൽ ഉലുവാപ്പൊടി ഉണ്ടാക്കി പ്രമേഹരോഗികളായ തൊഴിലാളികൾക്കു വിതരണം ചെയ്യാൻ മുഖ്യമന്ത്രി തയ്യാറായേനേ.
  4. ശാസ്ത്ര സാഹിത്യപരിഷത്തും ഉലുവ പൊടിച്ചു വിതരണം ചെയ്യുമായിരുന്നു.

എങ്ങനെയിരിക്കുന്നു ഡോക്ടറുടെ വാദങ്ങൾ? ഞാൻ ശ്രീമൂലവിലാസം ഇംഗ്ലീഷ് ഹൈസ്ക്കൂളിൽ സിക്സ്തു് ഫോമിൽ പഠിക്കുമ്പോൾ എന്റെ ഗുരുനാഥനായ കെ. എം. ജോസഫ് സാറ് ‘Simla is cooler than Delhi എന്താ കാരണം?’ എന്നു് ഒരു കുട്ടിയോടു ചോദിച്ചു. അയാൾ മറുപടി നൽകി ‘Because Viceroy lives there in Summer’ എന്നു്. ആ വിദ്യാർത്ഥിയുടെ ഉത്തരം പോലിരിക്കുന്നു ഡോക്ടറുടെ വാദങ്ങൾ. ഉലുവയ്ക്കു് ഔഷധഗുണമുണ്ടോ എന്നു പരിശോധിക്കുന്നതിനു പകരം അതിനോടു ഒരു ബന്ധവുമില്ലാത്ത കുറെക്കാര്യങ്ങൾ അദ്ദേഹം പറയുന്നതേയുള്ളു. ഉലുവയോടു എനിക്കു സ്നേഹവുമില്ല, വിരോധവുമില്ല. ഡോക്ടർക്കു് കാരണം കൂടാതെയുള്ള ഈ ഉലുവാവിരോധമെന്തിനു്? വൈദ്യൻ കാച്ചിക്കൊടുക്കുന്ന ബലാഗുളൂച്യാദി എണ്ണ തേച്ചു കുളിച്ചു് കണ്ണിനു കുളിർമ്മ വരുത്തി, നീർത്താഴ്ച ഉണ്ടാകാതിരിക്കാൻ വൈദ്യന്റെ രാസ്നാദിപ്പൊടി ഉച്ചിയിൽ തിരുമ്മി പ്ലാറ്റ്ഫോമിൽ കയറിനിന്നു് വൈദ്യന്മാരെ പുലഭ്യം പറയുന്ന ഒരു വലിയ ഡോക്ടർ ഇവിടെയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കൊച്ചനുജൻ തന്നെയാണു് ഡോക്ടർ കാനം ശങ്കരപ്പിള്ള. പിന്നെ ഒരുകാര്യംകൂടി. അടുത്തകാലത്തു്, മൂന്നു വിദഗ്ദ്ധന്മാരായ ഡോക്ടർമാർ പ്രമേഹത്തെക്കുറിച്ചു് സംഭാഷണം നടത്തുന്നതു് ടെലിവിഷനിൽനിന്നു ഞാൻ കേട്ടു. അവരിൽ ഒരാൾ പ്രമേഹരോഗി ഉലുവ കഴിച്ചാൽ രക്തത്തിലെ പഞ്ചാര കുറയും എന്നു അസന്ദിഗ്ദ്ധമായി പറഞ്ഞു.

images/GeorgChristophLichtenberg.jpg
ഗേയോർഹ് ലിഹ്റ്റൻബർക്ക്

ഗേയോർഹ് ലിഹ്റ്റൻബർക്ക് (Georg Lichtenberg) നേരമ്പോക്കുകാരനായിരുന്നു. ഫിസിക്സ് അധ്യാപകനും സ്റ്റുപിഡ് നേരമ്പോക്കുകൾ പറഞ്ഞയാളെന്ന നിലയിൽ അദ്ദേഹം കീർത്തിയാർജ്ജിച്ചു. ലിഹ്റ്റൻ ബർക്ക് ഒരിക്കൽ ചോദിച്ചു: “പൂച്ചയ്ക്കു് അതിന്റെ കണ്ണുകൾ ഇരിക്കുന്നിടത്തുതന്നെ കണിശമായി രണ്ടു കുഴികൾ തുളച്ചുണ്ടാക്കിയതെങ്ങനെ?” ഈ ചോദ്യം എടുത്തെഴുതിയിട്ടു് ഫ്രായിറ്റ് പറഞ്ഞു: “To wonder about something that is in fact only the statement of an identity is undoubtedly a piece of stupidity” ഫ്രായിറ്റിന്റെ ‘സ്റ്റുപിഡിറ്റി’ എന്ന പ്രയോഗം കൂടിപ്പോയി. അതൊരു ‘സ്ട്രോങ് വേഡാ’ണു്. എങ്കിലും ചില അഭിപ്രായങ്ങൾ കണ്ടാൽ ആ വാക്കുതന്നെ ഉപയോഗിക്കാൻ തോന്നും.

ആഹ്ലാദം

വരാത്ത മണിയോർഡർ കാത്തിരിക്കുന്നതു ദുഃഖമാണു്. ആഗമിക്കാത്ത നിദ്രയെക്കരുതി കിടക്കയിൽ ‘താനേ തിരിഞ്ഞും മറിഞ്ഞും’ കിടക്കുന്നതു ദുഃഖം. താഴ്ചയേറിയ ജലാശയം വിഷാദം നൽകുന്നു. ഇതുപോലെ കൊച്ചു കൊച്ചു കാര്യങ്ങൾ ആഹ്ലാദാനുഭൂതിയും പ്രദാനം ചെയ്യും. വല്ലാതെ ദുഃഖിക്കുന്ന ആൾ നമ്മുടെ സാന്ത്വനോക്തികേട്ടു് ശോകമടക്കുന്നതു് നമുക്കു് ഒരളവിൽ ആഹ്ലാദകരമാണു്. സ്ഫടിക സദൃശമായ നിലത്തു പനിനീർപ്പൂപോലുള്ള കാലുകൾ പതിയുന്നതുകണ്ടാൽ സന്തോഷം. അന്വേഷിച്ചു ചെല്ലുന്ന പുസ്തകം വായനശാലയിൽ ഇരിക്കുന്നതു കണ്ടാൽ, അടിത്തട്ടു കാണാവുന്ന ജലാശയം ദർശിച്ചാൽ, തെങ്ങോലത്തുമ്പിൽ കൊച്ചുകിളിയിരുന്നു് ആടിതാഴുകയും ഉയരുകയും ചെയ്യുന്നതു കണ്ണിൽപ്പെട്ടാൽ ഹർഷം ജനിക്കും. ഈ രീതിയിലുള്ള ഒരു ചെറിയ ആഹ്ലാദമാണു് സി. എസ്. ശ്രീകുമാരിയുടെ “അസ്തമയത്തിനുമുൻപു്” എന്ന രചന എനിക്കു നൽകിയതു്. (കലാകൗമുദി) അസ്തമയത്തിനു മുൻപു് എന്നാൽ കക്കാടി ന്റെ മരണത്തിനുമുൻപു് എന്നാണർത്ഥം. കവി ഒരു വീട്ടിൽ വരുന്നതും അവിടെയുള്ള കൊച്ചു കുഞ്ഞിനെ ലാളിക്കുന്നതും മറ്റും ഹൃദ്യമായ രീതിയിൽ ശ്രീകുമാരി വർണ്ണിക്കുന്നു. ഇതിൽ കവിതയുടെ ശത്രുവായ യാഥാതഥ്യ പ്രതിപാദനം കണ്ടേക്കാം. ഭാവനയുടെ കുറവു് ഇതിന്റെ മുദ്രയായിരിക്കാം. എങ്കിലും വസന്തം പൂക്കളിലൂടെ പുഞ്ചിരിപൊഴിക്കുമ്പോൾ ആ പുഞ്ചിരി നോക്കിനിന്നു് നമ്മൾ നിർവൃതിയിൽ ലയിക്കാറില്ലേ. ആ വിധത്തിലുള്ള ഒരവസ്ഥാവിശേഷമാണു് ഈ രചന എനിക്കു പ്രദാനം ചെയ്തതു്.

എന്തൊരു പുച്ഛം

കക്കാടിന്റെ കവിതയെക്കുറിച്ചു് തിരുവനന്തപുരത്തെ വൈ. എം. സി. എ. ഹാളിൽ സമ്മേളനം നടക്കുകയാണു്. ഞാൻ എന്തൊക്കെയോ പറഞ്ഞിട്ടു് ഇരുന്നപ്പോൾ സദസ്സിലെ ഒരു മുഖം പരിചയമുള്ളതായി തോന്നി. അടുത്തിരുന്ന പ്രഭാഷകനോടു് ചിരിച്ചുകൊണ്ടിരിക്കുന്ന അദ്ദേഹമാരെന്നു് ചോദിച്ചു. “അറിയില്ലേ യു. എ. ഖാദർ എന്നു മറുപടി” ഞാനുടനെ പ്ലാറ്റ്ഫോമിൽ നിന്നിറങ്ങി അദ്ദേഹത്തിന്റെ അടുത്തുചെന്നു ഇരുന്നു. സംസാരിച്ചു വീട്ടുപേരു്, ഫോൺ നമ്പർ ഇവ ചോദിച്ചു. കോഴിക്കോട്ടു ചെല്ലുമ്പോൾ അദ്ദേഹത്തിന്റെ വീട്ടിൽ ചെല്ലാമെന്നും പറഞ്ഞു. പക്ഷേ, ജോലിത്തിരക്കുകൊണ്ടു് അദ്ദേഹത്തിനു് ഒരെഴുത്തയയ്ക്കാൻ പോലും സാധിച്ചില്ല. മേന്മ പറയുകയാണെന്നോ തണ്ടു കാണിക്കുകയാണെന്നോ തെറ്റിദ്ധരിക്കരുതു്. ഒരാഴ്ചകൊണ്ടാണു് ഈ ലേഖനം എഴുതിത്തീർക്കുന്നതു്. അതുകൊടുത്തു കഴിഞ്ഞാൽ അടുത്ത ലേഖനം എഴുതിത്തുടങ്ങും. ഇരുപതുകൊല്ലമായി എഴുതുന്ന പംക്തി. എല്ലാം ഒരാളിന്റെ ഉള്ളിൽനിന്നു വരേണ്ടതു്. ആശയ ദാരിദ്ര്യവും ഭാവനാ ദാരിദ്ര്യവും കൊണ്ടാണു് കൂടുതൽ സമയം ഇപ്പോൾ വേണ്ടിവരുന്നതു്. അതുകൊണ്ടു് കത്തുകൾ എഴുതാൻ സമയം കിട്ടാറില്ല.

മാസങ്ങൾ കഴിഞ്ഞു. വൈകുന്നേരം എവിടെയോ പോയിട്ടു് വീട്ടിൽ മടങ്ങിയെത്തിയപ്പോൾ അറിഞ്ഞു യു. എ. ഖാദർ വന്നിരുന്നെന്നു്. അദ്ദേഹം കുറിപ്പിൽ കാണിച്ച നമ്പരിൽ ടെലിഫോൺ ചെയ്തെങ്കിലും ഏതോ നാടകത്തിനുപോയിയെന്നു മറുപടി കിട്ടിയതേയുള്ളു. പിറ്റേ ദിവസം അതിരാവിലെ പോകുമെന്നു് കുറിപ്പിലുണ്ടായിരുന്നതിനാൽ കാലത്തു് അദ്ദേഹത്തെ വിളിച്ചതുമില്ല. പിന്നീടു അദ്ദേഹത്തെ വിളിച്ചതുമില്ല. പിന്നീടു അദ്ദേഹത്തെ കോഴിക്കോട്ടുവച്ചു കണ്ടപ്പോൾ ഇക്കാര്യമെല്ലാം നേരിട്ടു പറയുകയും ചെയ്തു. ഈ സൗഹൃദബന്ധത്തിനു് എതിരായി അദ്ദേഹം കുങ്കുമം വാരികയിൽ എഴുതുന്നു: “ഞാനാരാണു്? സാഹിത്യമീമാംസകനല്ല, മർമ്മജ്ഞനല്ല. വാരഫലം നുള്ളിപ്പെറുക്കിപ്പറയുന്ന ജോത്സ്യനുമല്ല. (ജ്യോത്സ്യൻ എന്നുവേണം, അച്ചടിപ്പിശക് ആകാം.)

ആ “നുള്ളിപ്പെറുക്കിപ്പറയുന്ന”, “ജ്യോത്സ്യൻ” ഈ പ്രയോഗങ്ങളിൽ ഒളിച്ചിരിക്കുന്ന പുച്ഛം നോക്കണേ. പ്രശ്നംവയ്ക്കാനോ ജാതകം നോക്കാനോ ആയിരിക്കണമല്ലോ ഖാദർ ജ്യോത്സ്യനായ എന്റെ വീട്ടിൽ വന്നതു്. കാണാൻ കഴിഞ്ഞില്ല. ജ്യോത്സ്യൻ ഉടനെ ടാക്സിയിൽ കയറി പ്രശ്നം വയ്ക്കാൻ വന്നയാളിന്റെ ലോഡ്ജിൽ ചെന്നിരുന്നെങ്കിൽ എന്റെ ഈ പ്രൊഫഷനെ അദ്ദേഹം ഇങ്ങനെ പരസ്യപ്പെടുത്തുകില്ലായിരുന്നു. ജ്യോത്സ്യം തൊഴിലാക്കിയിട്ടുള്ളവരെപ്പോലെ ഈ സാഹിത്യ ജ്യോത്സ്യനും തിരക്കുള്ളവനാണേ. എങ്കിലും ഇനി കോഴിക്കോട്ടു പോകുമ്പോൾ ഈയുള്ളവൻ മഹാനായ ഈ കഥാകാരനെ ചെന്നു കണ്ടുകൊള്ളാം.

നിർവ്വചനം
നവീന നിരൂപണം:
  1. സാഹിത്യത്തിലെ എപിലെപ്സി.
  2. സാഹിത്യത്തിന്റെ രോഗനിദാനശാസ്ത്രം.
  3. കേരളത്തിൽ നാലഞ്ചു പേർ ഒരുമിച്ചു ചേർന്നു തീരുമാനിച്ച കള്ളം പത്രങ്ങളിലൂടെ പരസ്യപ്പെട്ടുവരുന്നതു്.
ടെലിവിഷനിലെ തപ്പും തുടിയും:
കലയുടെ അഴുകിയ പല്ലുകൾ.
“ഓടയിൽ നിന്നു്” എന്ന നോവൽ:
ഒരു ചെറിയ ‘ലേ മീസേറേബ്ല.’
ക്ഷമ:
സിറ്റിബസ്സ് കാത്തുനില്ക്കുമ്പോൾ ഉണ്ടാകുന്ന ഒരവസ്ഥ.
ക്ഷമയില്ലായ്മ:
ട്രാഫിക് സിഗ്നൽ പച്ചയാകുന്നതു കാത്തു് കാറിലിരിക്കുമ്പോൾ ജനിക്കുന്ന ഒരു മാനസികാവസ്ഥ.
ഫിലിം ഡയറക്ടർ:
ആവശ്യത്തിലധികം വാഴ്ത്തപ്പെടുന്ന ടെക്നീഷ്യൻ.
ആത്മകഥ

ഞാൻ തിരുവനന്തപുരത്തുകാരനാണു്. തിരുവിതാംകൂറിന്റെ പല സ്ഥലങ്ങളിലും താമസിച്ചിട്ടുണ്ടു്. പഠിക്കാൻ വലിയ സാമർത്ഥ്യമുണ്ടായിരുന്നുവെന്നു പറയാൻവയ്യ. എങ്കിലും ഇംഗ്ലീഷിനും മലയാളത്തിനും ഒന്നാമനായിരുന്നു. ഈ സ്ഥാനത്തിനു ഭ്രംശം വന്നതു് ഇപ്പോൾ നെടുമങ്ങാട്ടെ എം. എൽ. എ. ആയ കെ. വി. സുരേന്ദ്രനാഥ് എന്റെ ക്ലാസ്സ്മെയിറ്റായി വന്നപ്പോഴാണു്. അദ്ദേഹം മറ്റൊരു ക്ലാസ്സിലേക്കു പോയതിനുശേഷമേ എനിക്കു വീണ്ടും ആ രണ്ടു ഭാഷകളിലും ഒന്നാമത്തെ മാർക്ക് കിട്ടിയുള്ളു.

സാമാന്യമായി പറഞ്ഞാൽ ഞാനൊരു ധാരാളച്ചെലവുകാരനാണു്. പുതിയ പുസ്തകങ്ങൾ കടയിൽ ഇരിക്കുന്നതുകണ്ടാൽ അരിയും പലവ്യഞ്ജനവും വാങ്ങാനുള്ള പണമെടുത്തുകൊടുത്തു ഞാനവ വാങ്ങും. കുടിക്കുകയില്ല. തിരുവനന്തപുരത്തുകാരുടെ ഭാഷയിൽ പറഞ്ഞാൽ ‘സിഗററ്റ് കുടിക്കും.’ ദിവസം 20 എന്ന കണക്കിനു്. ഈ സിഗററ്റ് ‘പാനം ചെയ്യൽ’ കണ്ടിട്ടു് വിതുരയിലെ ഡോക്ടർ കെ. പി. അയ്യപ്പൻ പറഞ്ഞു: “കൂടുതലാണിതു് ”.

രചനകളെ വാഴ്ത്തിക്കൊണ്ടു ധാരാളം കത്തുകൾ വരും. അവ അയയ്ക്കുന്നവർക്കു മനസ്സുകൊണ്ടു നന്ദി പറയാനല്ലാതെ മറുകത്തയയ്ക്കാൻ കഴിയുന്നില്ല. ആഗ്രഹമില്ലാഞ്ഞിട്ടല്ല; സമയം കിട്ടാറില്ല. തെറിക്കത്തുകളും വരാറുണ്ടു്. ആദ്യമൊക്കെ, അവ വായിക്കുമ്പോൾ വല്ലായ്മ തോന്നിയിരുന്നു. ഇപ്പോൾ ഒട്ടും വൈഷമ്യമില്ല. ഒരേ അനുഭവം ആവർത്തിച്ചുവരുമ്പോൾ നമുക്കു നിസ്സംഗത ഉണ്ടാവുമല്ലോ.

പുസ്തകമെഴുതിയിട്ടു്, ലേഖനമോ കവിതയോ കഥയോ എഴുതിയിട്ടു് അതിനെക്കുറിച്ചു സാഹിത്യവാരഫലത്തിൽ എഴുതണമെന്നു എന്നോടാവശ്യപ്പെടുന്നവർക്കു് ഞാനൊരു ജുഡാസാണു്. ‘എഴുതാം’ എന്ന അസത്യചുംബനം കൈക്കു നൽകിയിട്ടു് പറ്റിക്കും. വെള്ളിക്കാശു വാങ്ങുകില്ലെന്നു മാത്രം.

നിഷ്പക്ഷമായിട്ടാണു് ഈ ലേഖനങ്ങൾ എഴുതുക. എങ്കിലും ചിലർ അർദ്ധരാത്രിക്കു ശേഷം ടെലിഫോണിൽ വിളിച്ചു തെറി പറയാറുണ്ടു്. തെറിയാണെന്നു കേട്ടാലുടനെ ഞാൻ ടെലിഫോൺ താഴെ വയ്ക്കാറില്ല. പറയുന്നവന്റെ സംതൃപ്തിക്കു വേണ്ടി അതു മുഴുവനും കേൾക്കും.

കടയ്ക്കാവൂർ ഇംഗ്ലീഷ് സ്ക്കൂളിന്റെ മുൻപിൽ വച്ചുകൂടിയ ഒരു സമ്മേളനത്തിൽ വക്കം പുരുഷോത്തമൻ അധ്യക്ഷനായിരുന്നു. ഞാൻ പ്രഭാഷകനും മീറ്റിങ്ങിനുശേഷം ആരോടോ വളരെനേരം സംസാരിച്ചുനിന്ന ഞാൻ ഒറ്റയ്ക്കാണു് റോഡിലേക്കു കയറിയതു്. അപ്പോൾ ഒരു ലെയ്നിൽ നിന്നിരുന്ന ഒരു ചെറുപ്പക്കാരി അടുത്തേക്കുവന്നു് ‘സാർ ഇതാ’ എന്നു പറഞ്ഞു ഒരു ചോക്ക്ലിറ്റ് എന്റെ നേർക്കുനീട്ടി. ആരെന്നു ചോദിക്കുന്നതിനു മുൻപു് അവർ മറഞ്ഞു കളഞ്ഞു. ഇരുട്ടിന്റെ നിശബ്ദതയിൽ തെറിവാക്കുകൾ വന്നുവീഴുമ്പോൾ ഞാൻ ഈ സംഭവം ഓർമ്മിക്കുന്നു.

പ്രായമേറെയായെങ്കിലും എനിക്കു രോഗമൊന്നുമില്ല. പിന്നെ ചന്ദ്രിക ആഴ്ചപ്പതിപ്പിൽ ‘നിഴൽപ്പാടുകൾ’ എന്ന കഥയെഴുതിയ റസാക്ക് ഇരിങ്ങാട്ടിരിയെപ്പോലുള്ളവരുടെ കഥകൾ വായിക്കുമ്പോൾ ഞാൻ ഛർദ്ദിക്കും.

അലയ്ക്കുന്നു
images/ArthurConanDoyle1893.jpg
കോനൻ ഡൊയിൽ

ലൂക്കാച്ച് non-literary literature എന്നൊരു ‘സാഹിത്യ’ വിഭാഗത്തെക്കുറിച്ചു പറഞ്ഞിട്ടുണ്ടു്. കോനൻ ഡൊയിലി ന്റെ രചനകളെ അദ്ദേഹം ആ വിഭാഗത്തിലാണു് ഉൾപ്പെടുത്തുക. ലൂക്കാച്ചിന്റെ വിഭാഗത്തിനു വ്യാപ്തി നൽകിയാൽ സജീവൻ അമ്പാടി എക്സ്പ്രസ്സ് വാരികയിൽ എഴുതിയ ‘അന്ത്യാഭിലാഷം’ എന്ന കഥ അതിൽച്ചെന്നു വീഴും. ഭാര്യ ഭർത്താവിനെ വധിപ്പിക്കുന്നതാണു് കഥയുടെ വിഷയം.

ചിലർക്കു വളരെപ്പറയാനുണ്ടു്. എങ്കിലും അവരൊന്നും മിണ്ടുകില്ല. മറ്റു ചിലർക്കു ഒന്നും പറയാനില്ലാത്തതുകൊണ്ടു മിണ്ടാതിരിക്കും. ഇനിയുമുണ്ടു് വേറൊരു കൂട്ടർ. അവർക്കും ഒന്നും പറയാനില്ല. പക്ഷേ, ‘വായിട്ടു്’ അലച്ചുകൊണ്ടിരിക്കുമവർ. നമ്മൾ വെറുപോടെ നോക്കിയാലും അവർ നാവടക്കുകയില്ല. അങ്ങനെ ഒന്നും പറയാനില്ലാതെ അലയ്ക്കുന്ന ഒരെഴുത്തുകാരനാണു് സജീവൻ അമ്പാടി.

ഉജ്ജ്വലപ്രതിഭയും ക്ഷുദ്രത്വവും

താമരക്കുളത്തിൽ താമരപ്പൂക്കൾ വിടർന്നു നില്ക്കുന്നു. എന്തൊരു ഭംഗി! കുളത്തിന്റെ കരയിൽ തൊട്ടാവാടികൾ. അവയിലും കൊച്ചുപൂക്കൾ താമരപ്പൂവിന്റെ ഭംഗി ആസ്വദിക്കുന്ന മട്ടിൽ നിങ്ങൾ എന്റെ ഭംഗിയും ആസ്വദിക്കൂ എന്നു തൊട്ടാവാടിപ്പൂക്കൾ നമ്മോടു് ആജ്ഞാപിക്കുന്നു.

സാഹിത്യവും നിരൂപണവും

കടൽക്കര സത്യമാണു്. അതിനു മാറ്റമില്ല. ആ സത്യത്തിൽ വന്നടിക്കുന്നു അസത്യമെന്ന മഹാതരംഗം. ഒരു തരംഗം കടൽക്കരയിൽ വന്നടിച്ചു തകരുമ്പോൾ നമ്മൾ പേടിക്കുന്നു, അതിന്റെ പിറകിലായി മറ്റൊരു തരംഗമുണ്ടെന്നു് ഭയം അസ്ഥാനത്തല്ല. അസത്യത്തിന്റെ മഹാതരംഗങ്ങൾ ഒന്നിനൊന്നായി കടൽക്കരയിൽ ആഘാതമേല്പിക്കുന്നു. എന്നിട്ടും ആ സത്യം സ്ഥിരതയാർന്നു നില്ക്കുന്നു.

വള്ളത്തോൾ തൊട്ടു് നവീനകവി വരെ
images/OliverGoldsmith.jpg
ഗോൾഡ്സ്മിത്ത്

ശരൽകാലത്തു് ജന്നലുകൾ തുറന്നിട്ടുകൊണ്ടു് ഞാൻ കിടക്കയിൽ കിടന്നു. നിലാവു് വിരിപ്പിൽ പൂക്കൾ വിതറി. ഞാൻ സൗന്ദര്യത്തിൽ വിലയംകൊണ്ടു് ഉറങ്ങി. നേരം വെളുത്തപ്പോൾ കാക്കകളുടെ കലമ്പൽ കേട്ടാണു് ഞാനുണർന്നതു്.

ചോദ്യം, ഉത്തരം

ചോദ്യം: “സ്ത്രീയെസ്സംബന്ധിച്ചുള്ള ഏറ്റവും നല്ല ചൊല്ലേതു?”

ഉത്തരം:ഗോൾഡ്സ്മിത്തി ന്റെ ഒരു നാടകത്തിന്റെ പേരാണതു്—She stoops to conquer. അവൾ ആക്രമിച്ചു കീഴടക്കാൻ വേണ്ടി കുനിയുന്നു”.

ചോദ്യം: “ആ കേൾക്കുന്ന ശബ്ദമെന്താണു്?”

ഉത്തരം: “പേടിക്കേണ്ട. ചില ഭാര്യമാർ ഭർത്താക്കന്മാർക്കു തല്ലുകൊടുക്കാറുണ്ടു്. അതിന്റെ ശബ്ദമാണു് നിങ്ങൾ കേൾക്കുന്നതു്”.

ചോദ്യം: “എന്തു? നിങ്ങൾ സിഗററ്റ് വലിക്കുന്നോ? ക്യാൻസർ വരില്ലേ?”

ഉത്തരം: “ഇപ്പോൾ സിഗററ്റിനെക്കുറിച്ചു ചിന്തിക്കാനേ സമയമുള്ളു. ക്യാൻസറിനെക്കുറിച്ചു് നാളെ ചിന്തിക്കാം”.

ചോദ്യം: “സാഹിത്യത്തിന്റെ രാജരഥ്യയിലുടെ നടക്കുമ്പോൾ?”

ഉത്തരം: “ചുവന്ന ലൈറ്റ് കണ്ടാൽ ഉടനെ നിൽക്കണം”.

ചോദ്യം: “ഗ്രന്ഥനിരൂപണത്തെക്കുറിച്ചു നല്ലൊരു ചൊല്ലു കേൾക്കട്ടെ”.

ഉത്തരം: “പറയാം ഒരു പഴഞ്ചൊല്ലാണു്. ഗ്രന്ഥം കണ്ണാടിയാണു്. അതിൽ കഴുതയാണു് നോക്കുന്നതെങ്കിൽ കഴുതയുടെ പ്രതിഫലനമേ കാണൂ”.

കൊല്ലുന്നു
images/KGParameswaranPillai.jpg
വടയാറ്റുകോട്ട പരമേശ്വരൻ പിള്ള

ഞാൻ സ്ക്കൂൾ വിദ്യാർത്ഥിയായിരുന്ന കാലത്തു് വടയാറ്റുകോട്ട പരമേശ്വരൻ പിള്ള യുടെ “അംഗനാചുംബനം” എന്ന നോവൽ വായിച്ചു് ഞെട്ടിയിട്ടുണ്ടു്. Voigim Kiss എന്ന ഇംഗ്ലീഷ് നോവലിന്റെ അനുകരണമാണു് അതു്. അതിലെ നിഷ്കളാനന്ദസ്സ്വാമിയുടെ വധപരിപാടികളാണു് എന്നെ ഞെട്ടിച്ചതു്. പിന്നീടു് ഫിക്ഷനിലെയും ദൈനംദിന ജീവിതത്തിലെയും വധങ്ങൾ അറിഞ്ഞപ്പോൾ ആദ്യത്തെ ഞെട്ടൽ നിസ്സാരമായിത്തോന്നി. അതിനുശേഷം ബാഡൻബാഡനിലെ ഒരു വധരീതിയെക്കുറിച്ചു കേട്ടു. കൊല്ലേണ്ടയാളിനെ ഒരു കിണറ്റിലേക്കു കെട്ടിയിറക്കും. അവിടെ കന്യാമാതാവിന്റെ പ്രതിമ വച്ചിരിക്കും. അതിൽ ചുംബിക്കാൻ അയാളോടു് ആവശ്യപ്പെടും. ചുംബനത്തിനുവേണ്ടി അയാൾ നീങ്ങുമ്പോൾ അയാൾ നില്ക്കുന്ന കള്ളപ്പലകതാഴത്തേക്കു പോകും. കൂർത്തകമ്പികളുള്ള ഒരു ചക്രത്തിൽ അയാൾ ചെന്നുവീഴും. ചക്രം വേഗത്തിൽ കറങ്ങുമ്പോൾ അയാൾ തുണ്ടുതുണ്ടായി ചിതറിവീഴും. പ്രാചീന ഭാരതത്തിലെ രാജാക്കന്മാർ ആളുകളെ വധിച്ചിരുന്നതു് ആനയെക്കൊണ്ടു ചവിട്ടിച്ചാണു്. ഈ വധങ്ങളൊക്കെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ “പുറപ്പാടു്” എന്ന കഥയെഴുതിയ പി. മോഹനന്റെ വധപരിപാടിയോടു തട്ടിച്ചുനോക്കുമ്പോൾ നിസ്സാരം. ഇഞ്ചിഞ്ചായിട്ടാണു് വായനക്കാരെ മോഹനൻ കൊല്ലുന്നതു്. കഥയുടെ സംഗ്രഹമൊന്നും നൽകുന്നില്ല ഞാൻ. മനസ്സിലായെങ്കിലല്ലേ സംഗ്രഹം നൽകാനാവൂ. പന്ത്രണ്ടു ശവശരീരങ്ങൾ സംസ്കരിച്ചു എന്നുമാത്രമേ എനിക്കു ഗ്രഹിക്കാൻ കഴിഞ്ഞുള്ളു. കഥാകാരനോടു് ഒരപേക്ഷ. ഒറ്റവെട്ടിനു് ഞങ്ങളുടെ കഴുത്തു മുറിച്ചേക്കു. ഓരോ അവയവമായി മുറിച്ചെടുക്കരുതു്.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1988-02-21.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 3, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: JS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.