അറേബ്യൻ സമുദ്രം കേരളക്കരയോളം വന്നെത്തി വ്യാപനം അവസാനിപ്പിക്കുന്നു. വേമ്പനാട്ടുകായൽ എറണാകുളം തുടങ്ങിയ അനേകം സ്ഥലങ്ങളെ തൊട്ടിട്ടു മിണ്ടാതെ നില്ക്കുന്നു. അന്തരീക്ഷം ചക്രവാളരേഖയെ സ്പർശിച്ചു് സംതൃപ്തിയടയുന്നു. പക്ഷേ ഐലൻഡ് എക്സ്പ്രസ് ട്രെയിൻ പെരുമൺപാലംവരെ മാത്രമേ വരുന്നുള്ളു. മനുഷ്യൻ നിർമ്മിക്കുന്നവയെല്ലാം അങ്ങനെയാണു്. അന്യൂനാവസ്ഥയില്ല. സാഹിത്യത്തിനുമില്ല അന്യൂനാവസ്ഥ.
ഒരു ചെറുപ്പക്കാരി ജോലി തേടി ഒരാപ്പീസിൽ ചെന്നു. പക്ഷേ ഓഫീസ് ക്ലാർക്ക് അവളെ അധികാരികളുടെ അടുത്തേക്കു കടത്തിവിടുകയില്ല. അങ്ങനെ നൈരാശ്യത്തിൽപ്പെട്ടു് എന്തുചെയ്യണമെന്നറിയാതെ അവൾ അവിടെ നിന്നപ്പോൾ ഒരാൾ ഒരുപദേശം നല്കി. “നിനക്ക് ഈ ലോകത്തു് കഴിഞ്ഞു കൂടണമെന്നുണ്ടോ? എങ്കിൽ പുരുഷന്മാരുടെ മുഖത്തുനോക്കി അവർ സുന്ദരന്മാരാണെന്നു പറയൂ, അവരതു വിശ്വസിക്കും. ഏറ്റവും വിരൂപനായവൻപോലും ഹൃദയത്തിൽ സൗന്ദര്യമുള്ള ബന്ധം വച്ചുപുലർത്തുന്നുണ്ടു്. നീ പുരുഷനോടു് ‘നിങ്ങൾ സുന്ദരനാണെ’ന്നു പറയുമ്പോൾ ജീവിതത്തിലാകെ അവൻ ആന്തരമായി കേട്ടുകൊണ്ടിരുന്ന ഒരു ശബ്ദം ബാഹ്യമായി കേൾക്കുകയാണു്. താൻ എത്ര വിരുപൻ എന്നു് അവൻ വിചാരിച്ചുകൊണ്ടിരുന്നു എന്നതു് ഇരിക്കട്ടെ. ഒരു തരുണി അവനോടു് ‘നിങ്ങൾ എത്ര സുന്ദരൻ’ എന്നു് പറഞ്ഞാലുടനെ അവൻ അവളെ പിടിച്ചെടുത്തു് ഉരുക്കുകൊളുത്തുകൾകൊണ്ടു് സ്വന്തം ഹൃദയത്തോടു ബന്ധിപ്പിക്കും. കൂനനോടു് ‘നിങ്ങൾ വിശാലഹൃദയനാ’ണെന്നും വെള്ളിക്കണ്ണനോടു് ‘നിങ്ങൾ ധീരനാ’ണെന്നും പറയുന്ന പെണ്ണുങ്ങളുണ്ടു്. അതുകൊണ്ടു് ഒരു ഫലവുമില്ല. ‘നിങ്ങൾ സുന്ദരനാണെ’ന്നു് നീ പറയുന്നതു കേൾക്കാനാണു് പ്രസിഡന്റ് അകത്തിരിക്കുന്നതു്. അതു പറയുമെങ്കിൽ നിനക്കു് അകത്തേക്കു് ചെല്ലാനുള്ള അനുമതികിട്ടും.” ചെറുപ്പക്കാരി ഈ ഉപദേശം സ്വീകരിച്ചു. ചിമ്പൻസിയെപ്പോലിരിക്കുന്ന ക്ലാർക്ക് വന്നപ്പോൾ “നിങ്ങൾ എത്ര സുന്ദരൻ” എന്നു് അവൾ പറഞ്ഞു. അയാൾ ആദ്യം പ്രതിഷേധിച്ചെങ്കിലും പിന്നീടു് അതിൽ വീണുപോയി. ഇങ്ങനെ അവൾ വൈസ് പ്രസിഡന്റിനെയും പ്രസിഡന്റിനെയും വീഴ്ത്തി. ചെയർമാൻ അവൾ നില്ക്കുന്നിടത്തു് എത്തി. “ഹാ അദ്ദേഹമെത്ര സുന്ദരൻ” എന്നു് അവൾ പറഞ്ഞു. അവിവാഹിതനായ അയാളും വീണു. അവൾ ജോലി നേടി ചെയർമാന്റെ ഭാര്യയായി.

ഫ്രഞ്ച് നാടകകർത്താവു് ഷാങ് ഷിറോദി (Jean Giraudoux, 1882–1944) എഴുതിയ ഒരു ഏകാങ്കനാടകത്തിന്റെ സാരമാണിതു്. സ്ത്രീകൾ ഇങ്ങനെ പറയുമോ എന്നു് സംശയിക്കുന്നവരുണ്ടാകാം. പറയും പറയും എന്നാണു് എനിക്കവരെ അറിയിക്കാനുള്ളതു്. ഞാനതു കേട്ടിട്ടുണ്ടു്. ഞാൻ ജോലി നോക്കിയിരുന്ന ഒരു സ്ഥാപനത്തിലെ ഒരു ചെറുപ്പക്കാരി കഥയെഴുതുമായിരുന്നു. പക്ഷേ പത്രാധിപന്മാർ അവയെല്ലാം നിഷ്കരുണം തിരിച്ചയയ്ക്കും. അങ്ങനെയിരിക്കെ ഷീറോദുവിന്റെ നാടകത്തിലെ ക്ലാർക്കിനെപ്പോലെ ഒരധ്യാപകൻ അവിടെ ‘ട്രാൻസ്ഫ’റായി വന്നു. പത്രത്തിലെഴുത്തുകാരനായ അയാളെ യുവതി സമീപിച്ചു. സാമീപ്യം സൗഹൃദമായി വികസിച്ചപ്പോൾ ഒരു ദിവസം അവൾ അയാളോടു ഇങ്ങനെ പറയുന്നതു് സ്ക്രീനിന്റെ അപ്പുറത്തിരുന്ന ഞാൻ കേട്ടു. “സാറിനു് മൂന്നു പോയിന്റുകൾ അനുകൂലമായി ഉണ്ടു്?”
‘എന്താണവ?’
“ങ്ഹൂ, ഞാനതു് പറയില്ല.”
“പറയൂ.”
“നിർബന്ധമാണെങ്കിൽ പറയാം. ഒന്നു്: ആകർഷകത്വമുള്ള ശബ്ദം. രണ്ടു്: വലിയ കണ്ണുകൾ, മൂന്നു്: ചുരുണ്ടമുടി.”
ഈ സംഭാഷണത്തിനുശേഷം രണ്ടാഴ്ച കഴിഞ്ഞപ്പോൾ യുവതിയുടെ കഥ ഒരു വാരികയിൽ അച്ചടിച്ചുവന്നു. ചിമ്പൻസി ആയാലെന്തു? പെണ്ണു പറഞ്ഞാൽ ചിമ്പൻസി കാമദേവനായി മാറും.
ഈ ബാഹ്യസൗന്ദര്യ പ്രകീർത്തനത്തേക്കാൾ പുരുഷനെ വീഴ്ത്താൻ പറ്റിയ മറ്റൊരു മാർഗ്ഗമുണ്ടു്. അയാൾ എഴുത്തുകാരനാണെന്നു കരുതു,“താങ്കളുടെ ഇന്ന കവിത അല്ലെങ്കിൽ ഇന്ന ലേഖനം അതിസുന്ദരമാണു്” എന്നു പറഞ്ഞാൽ മതി. കവിത നാല്ക്കാലിയായിരിക്കും. ലേഖനം വെറും സ്കൂൾ ബോയ് കോമ്പൊസിഷനായിരിക്കും. എങ്കിലും അതു കേട്ടു് താൻ ഒരു ചങ്ങമ്പുഴയാണെന്നു് അയാൾ വിചാരിക്കും. അല്ലെങ്കിൽ താനൊരു ഡോക്ടർ ഭാസ്കരൻ നായരാണെന്നു സങ്കല്പിക്കും. രചനകൾ ആത്മാവിൽനിന്നു വരുന്നവയാണല്ലോ. ആത്മാംശങ്ങളായ രചനകളെ കുറ്റപ്പെടുത്തിയാൽ ആർക്കും ഇഷ്ടമാവില്ല. ഏതു സംസ്കാരസമ്പന്നനും വിമർശനത്തിൽ കോപിക്കും. ചിലപ്പോൾ വിമർശകനെ അസഭ്യപദങ്ങൾകൊണ്ടു മൂടും. ഇക്കാരണത്താൽ വിമർശകന്റെ നില കഷ്ടത്തിലാണു്. പത്രാധിപന്മാർ അയാൾക്കു പ്രതിഫലം കൊടുക്കുന്നതിനു പുറമേ ലൈസൻസ് കൂടി നല്കണം. അതിനെ റിസ്ക്ക് അലവൻസെന്നോ ഒബ്സീൻ അലവൻസെന്നോ വിളിക്കാം.
സ്ത്രീകളോടു് ഈ വിദ്യ ഫലിക്കുമോ? ഫലിക്കും, ഫലിക്കും, ഫലിക്കും എന്നു മൂന്നുതവണ എഴുതട്ടെ. പക്ഷേ ഒരു പ്രയാസമുണ്ടു്. “ഓമനേ നീ സുന്ദരിയാണു്” എന്നു് പലരും അവളോടു് മുൻപു പറഞ്ഞിട്ടുണ്ടാകും. അങ്ങനെ പറഞ്ഞുകളിപ്പിച്ചിട്ടു് അവന്മാർ മഷിയിട്ടുനോക്കിയാലും കാണാത്ത മട്ടിൽ അപ്രത്യക്ഷനായിരിക്കും. അതു മാത്രമല്ല. അവൾ പൈങ്കിളി നോവലുകൾ വായിക്കുന്നവളാണെങ്കിൽ ഇതേ വാക്യംതന്നെ അവയിലെ നയകന്മാർ പറയുന്നതു് പല തവണ കേട്ടിരിക്കും. അങ്ങനെയിരിക്കുമ്പോൾ ലൈബ്രറിയിലെ രണ്ടു ഷെൽഫുകളുടെ ഇരുളടഞ്ഞ ഭാഗത്തുനിന്നുകൊണ്ടു് കാമുകൻ “തങ്കം നിന്നെക്കാൾ വലിയ സുന്ദരിയെ ഞാൻ കണ്ടിട്ടേയില്ല” എന്നു പറഞ്ഞാൽ “ശപ്പൻ, മുട്ടത്തുവർക്കി യുടേയോ കാനം ഈ. ജെ. യുടെയോ നോവലിലെ നായകനെപ്പോലെയാണു് ഇയാൾ എന്നെ സ്തുതിക്കുന്നതു്” എന്നു് അവൾ വിചാരിക്കും. അതൊഴിവാക്കാൻ ഒരു മാർഗ്ഗമേയുള്ളു. കള്ളം പറയാൻ വേറൊരു കള്ളത്തെ കൂട്ടു വിളിച്ചാൽ മതി. ഷെൽഫിലിരിക്കുന്ന പൈങ്കിളി നോവൽ എടുത്തുകൊണ്ടുവന്നു് കാമുകൻ കാമുകിയുടെ കൈയിൽ കൊടുക്കണം. എന്നിട്ടു് രണ്ടുപേരും ഈശ്വരവിശ്വാസത്തോടെ അതിൽ കൈയുർത്തി മൂന്നു മിനിറ്റ് മിണ്ടാതെ നില്ക്കണം. അതിനുശേഷം കാമുകൻ ഇങ്ങനെ പറയണം: “ഓമനേ മുട്ടത്തു വർക്കിയുടെ ഈ നോവലിലെ നായിക നീലനീലസ്സാരിയുടുത്തു്, പച്ചപ്പച്ച ബ്ലൗസിട്ടു്, ചുവന്നചുവന്ന കമ്മലിട്ടു് റോസാപ്പൂപോലെ റോസാപ്പൂപോലെ റോസ് നിറമാർന്ന ചുണ്ടുകളിൽ വെള്ളി വെള്ളിപ്പുഞ്ചിരിയുമായി നില്ക്കുന്നു. അതുപോലെ നീയും ഇവിടെ നില്ക്കുന്നു, നിന്നെ വേണ്ടപോലെ എനിക്കു കാണാൻ കഴിയാത്തതു് ഇതു് സ്റ്റാക് റൂം ആയതുകൊണ്ടാണു്. ഇവിടുത്തെ ട്യൂബ് ലൈറ്റുകൾ കത്താറില്ല ഓമനേ. ഈ നോവലിലെ പൈങ്കിളി നായകൻ പൈങ്കിളി നായികയോടു് പറയുന്നു: ‘തങ്കം നീ സുന്ദരിയാണു്’. അതുപോലെ ഞാനും നിന്നോടു പറയുന്നു, ‘തങ്കം നീ അതിസുന്ദരിയാണു്.” രണ്ടു കള്ളങ്ങൾ ഒരുമിച്ചു ചേരുമ്പോൾ മൂന്നാമതു് ഉണ്ടാകുന്നതു് സത്യമാണെന്നു തോന്നലുണ്ടാകും. പെണ്ണു് താനൊരു അതിസുന്ദരിയാണെന്നു് വിചാരിച്ചു് ആഹ്ലാദിക്കുകയും ചെയ്യും. ഈ പ്രേമാവിഷ്കരണം നടത്തുന്നതിനു് സഹായം ചെയ്യുമാറു് ലൈബ്രേറിയന്മാർ തോമസ് മാന്റെ യും ഗോയ്ഥേ യുടെയും പോൾ വലേറി യുടേയും പൊടിമൂടിയിരിക്കുന്ന ഗ്രന്ഥങ്ങൾ എടുത്തു ദൂരെയെറിയണം. പൈങ്കിളി നോവലുകൾ ധാരാളം വാങ്ങി ആ സ്ഥാനങ്ങളിൽ നിറച്ചുവയ്ക്കണം. അതുചെയ്താൽ എന്നെപ്പോലുള്ളവർ അങ്ങോട്ടുപോകാതെയാവും. പാടച്ചരകീടന്മാർ പ്രേമനാടകങ്ങളെങ്കിലും ആടട്ടെ. ജർമ്മൻ സാഹിത്യം പത്തു പുസ്തകങ്ങൾ, ഫ്രഞ്ച് സാഹിത്യം പതിനൊന്നു പുസ്തകങ്ങൾ, ഇറ്റാലിയൻ സാഹിത്യം ഏഴു പുസ്തകങ്ങൾ, സ്വീഡിഷ് സാഹിത്യം രണ്ടു പുസ്തകങ്ങൾ ഇമ്മട്ടിൽ ഒരു ലൈബ്രറിയെന്തിനു്? പൈങ്കിളി നോവലുകളേ നിങ്ങൾ ലൈബ്രറി ഷെൽഫുകളിൽ സ്ഥലംപിടിക്കൂ. കാമുകിമാരെയും കാമുകന്മാരെയും സഹായിക്കൂ.
കാമുകൻ കാമുകിയെ ആലിംഗനം ചെയ്തു മധുരപദങ്ങൾ പൊഴിക്കുമ്പോൾ അവൻ അവളുടേതാണു്. അവൾ അയാളുടേതാണു്. വസ്തുവിന്റെ ഉടമസ്ഥതയാണു് ഓരോ വ്യക്തിക്കും ഉണ്ടാകുന്നതു്. കലാസൃഷ്ടിയെസ്സംബന്ധിച്ചു് ഈ ഉടമസ്ഥതയുടെ ബോധം ഉണ്ടായിക്കൂടാ ഉണ്ടായാൽ അതിന്റെ മഹത്വത്തിനു മങ്ങലേല്ക്കും. അക്രമാസക്തരായ ജനങ്ങൾ വാതിൽ തല്ലിപ്പൊളിച്ചു് അകത്തേക്കു കയറുമ്പോൾ വൃദ്ധനായ രാജാവു് അവശനായി നില്ക്കുന്നതു കാണുന്നു. രാജഭക്തി ജയിക്കുന്നു. ആളുകൾ പിറകോട്ടു മാറുന്നു. ഇതു് “മാർത്താണ്ഡവർമ്മ ” എന്ന നോവലിൽ കാണുമ്പോൾ തിരുവിതാംകൂറുകാരൻ കണ്ണീർ പൊഴിക്കും. കൊച്ചിയിലോ മലബാറിലോ ഉള്ള ആളിനു് വലിയ വികാരമൊന്നും ഉണ്ടാവുകയില്ല. തിരുവിതാംകൂറുകാരൻ ആ നോവൽ കാമുകിയെ കാമുകനെന്ന കണക്കേ നെഞ്ചോടു ചേർത്തുവയ്ക്കും. ഇവിടെ നോവൽ ഒരു വസ്തുവാണു്. വസ്തുവായാൽ കലയുടെ ശക്തി കുറയും. ഗോർ വിഡാലിന്റെ അമേരിക്കൻ ചരിത്രത്തെസ്സംബന്ധിക്കുന്ന നോവലുകൾ വായിക്കുമ്പോൾ അമേരിക്കക്കാരനുണ്ടാകുന്ന അനുഭവവും ഇതുതന്നെ. അയാൾ ആ നോവലുകളെ വസ്തുക്കളായി കരുതുന്നു. ലെനിനെ ക്കുറിച്ചു മയകോവ്സ്കി പാടുമ്പോൾ ശ്രോതാവിനുണ്ടാകുന്നതു് സർഗ്ഗാത്മകത്തെസ്സംബന്ധിച്ച അനുഭവമല്ല. വസ്തുപ്രതീതിയാണു്. എന്നാൽ ഏതൻ ഫ്യൂഗാഡ് ‘റോഡ് റ്റു മെക്ക’ എന്ന അതിസുന്ദരമായ നാടകത്തിലൂടെ ദക്ഷിണാഫ്രിക്കൻ അനുഭവത്തെ ആവിഷ്കരിക്കുമ്പോൾ അതു് (നാടകം) വസ്തുവാണെന്നു നമുക്കു തോന്നുന്നില്ല. കലാസൃഷ്ടി വസ്തുപ്രതീതിയുളവാക്കാതെ അനുവാചകനിൽ അല്ലെങ്കിൽ ദ്രഷ്ടാവിൽ സർഗ്ഗാത്മക പ്രതീതി ഉണ്ടാക്കണം. സർഗ്ഗാത്മകത്വം ഒരു പ്രവാഹമാണു്. അതിന്റെ തുടക്കവും ഒടുക്കവും കാണാൻ വയ്യ. അതുകൊണ്ടു് കഥയോ നോവലോ കാവ്യമോ വായിച്ചുകഴിഞ്ഞാൽ ഇനിയും എന്തോ ഉണ്ടല്ലോ എന്നുതോന്നും. അവിടെയാണു് കലാസൃഷ്ടിയുടെ ഉത്കൃഷ്ടതയിരിക്കുന്നതു്. മയകോവ്സ്കിയുടെ ലെനിൻ എന്ന കാവ്യം വായിക്കുമ്പോൾ അദ്ദേഹം പറയാനുള്ളതെല്ലാം പറഞ്ഞു എന്ന തോന്നൽ നമുക്ക്. എന്നാൽ പസ്തർനക്കി ന്റെ കാവ്യം വായിച്ചു തീർക്കുമ്പോൾ ഇനിയും പലതുമുണ്ടു് എന്നു് തോന്നുന്നു. സർഗ്ഗാത്മക പ്രവാഹത്തിന്റെ അന്ത്യമുണ്ടു് മയകോവ്സ്കിയുടെ കാവ്യത്തിൽ. ആ പരിസമാപ്തിയല്ല പസ്തർനക്കിന്റെ കാവ്യത്തിൽ.

വായനക്കാരിൽ വസ്തു പ്രതീതി ജനിപ്പിക്കാതെ സർഗ്ഗാത്മകത്വം ജനിപ്പിക്കുന്ന അനുഭവം ഉളവാക്കുന്നു. ഒ. വി. വിജയന്റെ “കാറ്റു് പറഞ്ഞ കഥ” എന്ന ചെറുകഥ (കലാകൗമുദി—ലക്കം 676). ചേട്ടനോടു് അനുജനു തോന്നുന്ന സ്നേഹമാണു് അതിസുന്ദരമായ ഇക്കഥയുടെ വിഷയം: അതു് എത്ര ലളിതമായി, ഹൃദയസ്പർശകമായി കഥാകാരൻ ആവിഷ്കരിക്കുന്നുവെന്നു മനസ്സിലാക്കണമെങ്കിൽ കഥ തന്നെ വായിക്കണം. ചേട്ടനെയും അനുജനെയും സവിശേഷങ്ങളായ സന്ദർഭങ്ങളിൽ കൊണ്ടുചെന്നിട്ടു് വായനക്കാരിൽ സുഖകരങ്ങളായ പ്രതികരണങ്ങൾ അനായാസമായി ഉളവാക്കുന്നു വിജയൻ. അതോടെ ബോധത്തിന്റെ അതിരുകൾ വികാസംകൊള്ളുന്നു. ആ വികാസം നടന്നുകൊണ്ടിരിക്കെ കഥ അവസാനിക്കുന്നു. ‘ഇനിയും ഉണ്ടല്ലോ എന്തൊക്കെയോ’ എന്നു നാം വിചാരിച്ചുകൊണ്ടു് സർഗ്ഗാത്മക പ്രവാഹത്തിലൂടെ ഒഴുകിപ്പോകുന്നു. മലയാള ചെറുകഥയുടെ ശക്തിയും സൗന്ദര്യവും ഞാൻ ഇക്കഥയിൽ കാണുന്നു.
ആഫ്രിക്കൻ നേതാവു് ലുമുംബായെ കൊന്ന ദിവസമോ അതിന്റെ അടുത്ത ദിവസമോ ആണു്, ഒരു മീറ്റിങ്ങിനു പോകാൻ ഞാൻ മഹാത്മാഗാന്ധി കോളേജ് പ്രിൻസിപ്പൽ എം. പി. മന്മഥന്റെ മുറിയിലെത്തി. അദ്ദേഹമായിരുന്നു സമ്മേളനത്തിന്റെ അധ്യക്ഷൻ. അദ്ദേഹം പറഞ്ഞു: ഉടനെ പോകാനൊക്കുമെന്നു തോന്നുന്നില്ല. ലുമുംബയുടെ വധത്തിൽ പ്രതിഷേധിച്ചു മീറ്റിങ്ങ് കൂടണം. അതിനുശേഷം കോളേജിനു് അവധി നല്കണം എന്നൊക്കെപ്പറഞ്ഞു വിദ്യാർത്ഥികൾ ബഹളം കൂട്ടുകയാണു്. ഇല്ലെങ്കിൽ സ്ട്രൈക്ക് ഉണ്ടാകും. അതുകൊണ്ടു് ഒരനുശോചനയോഗം നടത്തിയിട്ടു നമുക്കു പോകാം.” മീറ്റിങ്ങ് കൂടി. ലുമുംബായുടെ മരണത്തിൽ ക്ഷോഭംപൂണ്ടു് പ്രിൻസിപ്പലിനോടു തട്ടിക്കയറിയ വിദ്യാർത്ഥിയെത്തന്നെ അദ്ദേഹം ആദ്യമായി പ്രഭാഷണത്തിനു ക്ഷണിച്ചു. വിദ്യാർത്ഥി സഭാവേദിയിൽ കയറിനിന്നു. നെറ്റിയിലെ വിയർപ്പു തുടച്ചു. ചെവികളുടെ പിറകിലൂടെ ഒഴുകിയ സ്വേദജലം കൈലേസുകൊണ്ടു് ഒപ്പിയെടുത്തു. കണ്ണുമിഴിച്ചു സദസ്സിനെ നോക്കി. വാക്കുകൾ മാത്രം വരുന്നില്ല പുറത്തേക്കു്. എങ്ങനെ വരാനാണു്? ലുമുംബ ആരെന്നു അറിഞ്ഞുകൂടാ. അദ്ദേഹം എന്തുചെയ്തു നാട്ടിനെന്നു് അറിഞ്ഞുകൂടാ. അദ്ദേഹത്തെ കൊന്നതു് ആരെന്നുമറിഞ്ഞുകൂടാ. ഒടുവിൽ ലുമുംബ, ലുമുംബ, ലുമുംബ എന്നു മൂന്നുതവണ പറഞ്ഞിട്ടു് വേദിയിൽനിന്നിറങ്ങിപ്പോയി. അനുശോചനസമ്മേളനമായിട്ടും നീണ്ട കൂവൽ. പൊട്ടിച്ചിരി. മുൻവശത്തെ കസേരയിലിരുന്ന ഞാൻ ചിരിക്കാതിരിക്കാൻ നന്നേ പ്രയാസപ്പെട്ടു.

പട്രീസ് ഹെമറീ ലുമുംബ പോസ്റ്റൽ ക്ലാർക്ക് ആയിരുന്നതും കോംഗോയുടെ പ്രധാനമന്ത്രിയായതും കാസവുബൂ അദ്ദേഹത്തെ ഡിസ്മിസ് ചെയ്തതും കേണൽ മോബിട്ടു അദ്ദേഹത്തെ അറസ്റ്റു ചെയ്തതും കാസവുബുവും മൊബുട്ടുവും ചേർന്നു് അദ്ദേഹത്തെ തല്ലിക്കൊല്ലിച്ചതും ഒക്കെ ഓർമ്മിച്ചു ദുഃഖിച്ചിരുന്ന എനിക്കുപോലും ആ വിദ്യാർത്ഥിയുടെ ദയനീയാവസ്ഥ കണ്ടു ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല. എങ്കിലും ചിരിയടക്കി. അല്ലെങ്കിൽ പിറകിലിരുന്ന കുട്ടികൾ പച്ചക്കുളം വാസുപിള്ള (രസികൻ പത്രാധിപർ) പറഞ്ഞതുപോലെ മാംസപിണ്ഡത്തിൽ തൊട്ടു കളിക്കുമായിരുന്നു. ചിലർക്കു് ഈ വിദ്യാർത്ഥിയെപ്പോലെ ആശയദാരിദ്ര്യം മറ്റു ചിലർ അതു് സാധാരണത്വത്തിൽ പൊതിയും. പണ്ടു് ഇവിടെ ഒരു സ്ഥിരം അദ്ധ്യക്ഷനുണ്ടായിരുന്നു. ഏതു സ്കൂൾ വാർഷിക സമ്മേളനത്തിനും അദ്ദേഹം അദ്ധ്യക്ഷനായിരിക്കും. എഴുന്നേറ്റുനിന്നു് പ്രഭാഷണം നടത്തുന്നതു് ഇങ്ങനെ: “ഇതു് ഒരു സ്കൂളാകുന്നു. ഇവിടെ ഇരുപത്തൊന്നുമുറികളുണ്ടു്. ഓരോ മുറിയിലും പതിനെട്ടു ബഞ്ചുകളും അത്രയും ഡെസ്കുകളുമുള്ളതാകുന്നു. അദ്ധ്യാപകർ പാഠങ്ങൾ പഠിപ്പിക്കുന്നു.” ഇങ്ങനെ പോകും അദ്ദേഹത്തിന്റെ പ്രഭാഷണം. മലേഷ്യ രാമകൃഷ്ണ പിള്ള (മാതൃഭൂമിയുടെ ഭാഷയിലാണെങ്കിൽ രാമകൃഷ്ണപിള്ള) മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതിയ ‘മണ്ഡേല’ എന്ന കാവ്യം വായിച്ചപ്പോൾ എനിക്കു് ആദ്യം ഓർമ്മവന്നതു് ആ അദ്ധ്യക്ഷനെ; പിന്നീടു് ആ വിദ്യാർത്ഥിയെ. അവർ രണ്ടുപേരിലും ഞാൻ ‘പ്രിഫർ’ ചെയ്യുന്നതു് വിദ്യാർത്ഥിയെയാണു്.“ഇതൊരു സ്കൂളാകുന്നു” എന്ന മട്ടിൽ സർവസാധാരണമായ വസ്തുതകൾ പറഞ്ഞു ശ്രോതാക്കളെ ഉപദ്രവിക്കുന്ന അദ്ധ്യക്ഷനെക്കാൾ എത്രയോ ഭേദപ്പെട്ടവനാണു് തന്റെ ആശയദാരിദ്ര്യം പ്രകടിപ്പിച്ചുകൊണ്ടു് ഇറങ്ങിപ്പോയ ആ പാവം വിദ്യാർത്ഥി. അദ്ധ്യക്ഷനെപ്പോലെ മലേഷ്യാ രാമകൃഷ്ണപിള്ള “ഇരുണ്Lumumba.jpgട ഭൂഖണ്ഡത്തിൽ വെള്ളക്കാരന്റെ നീതി പെരുത്തുമിരുട്ടേറ്റി”,“കറുത്തവനെപ്പെറ്റ മണ്ണിൽ അവൻ അന്യനായി” ഇങ്ങനെ സ്കൂൾ കുട്ടികളുടെ ആശയങ്ങൾ വൃത്തത്തിലാക്കി വയ്ക്കുന്നു. ഗദ്യാത്മകങ്ങളായ ആശയങ്ങളും ചിലപ്പോൾ വൃത്തത്തിനുള്ളിൽ നൃത്തംവയ്ക്കും. “ഇന്നലെ രാത്രിയിൽ ഞാനൊരു പൂവിന്റെ മന്ദസ്മിതത്തിൽ കിടന്നുറങ്ങി” എന്നതു് ഗദ്യമാണു്. പക്ഷേ ഛന്ദസ്സിനകത്തു് അതു് ഹൃദയഹാരിയായ കവിതയായി മാറുന്നു. ഈ മാറ്റം വരുത്താൻ മലേഷ്യാ രാമകൃഷ്ണപിള്ളയ്ക്കു കഴിവില്ല. വൃത്തത്തിനു് ഭംഗംവരുത്താതെ ആശയം അതിനകത്തു തിരുകിയാൽ കവിതയുണ്ടാവുകയില്ല.
ചോദ്യം: ഈസാബേൽ ആയേന്ദേ ആരാണു്?
ഉത്തരം: ചില്ലിയിലെ നോവലെഴുത്തുകാരിയാണു്. സൈനികവിപ്ലവത്തിൽ കൊല്ലപ്പെട്ട (ആത്മഹത്യ ചെയ്തു എന്നും ഒരു കൂട്ടർ) പ്രസിഡന്റ് ആയേന്ദേ യുടെ (Allende) അനന്തരവൾ. The House of the Spirit എന്ന ആദ്യത്തെ നോവൽ കൊണ്ടുതന്നെ അവർ വിശ്വവിഖ്യാതയായി. അവരുടെ രണ്ടാമത്തെ നോവൽ Of Love and Shadows എന്നതാണു്. രണ്ടു നോവലുകളും തരക്കേടില്ല. അവർ ഇപ്പോൾ വെനസ്വേലയുടെ തലസ്ഥാനമായ കാരാകാസ് പട്ടണത്തിൽ താമസിക്കുന്നു, സ്വന്തം നാട്ടിൽ താമസിക്കാൻ പേടിച്ചു്.
ചോദ്യം: നിങ്ങളുടെ ആരാധ്യപുരുഷനായ ആ കവിയുണ്ടല്ലോ. അദ്ദേഹത്തിന്റെ ജീവിത ദർശനം എന്തായിരുന്നു!
ഉത്തരം: ആർനോൾഡ് ബന്നറ്റി ന്റെ ജീവിതദർശനം. കാണുന്ന സ്ത്രീകളെയെല്ലാം പ്രേമിക്കൂ. അഞ്ചു ശതമാനം തിരിച്ചുകിട്ടിയാൽ മുതൽമുടക്കിൽ നഷ്ടമില്ല.
ചോദ്യം: പ്രേമമെന്നു പറഞ്ഞാൽ?
ഉത്തരം: വിവാഹത്തിനുമുൻപുള്ള ഒരവസ്ഥ.
ചോദ്യം: സ്വീകരിക്കാവുന്ന ഒരു ഉപദേശം തരൂ. കഴിയുമോ (ചോദ്യം കിട്ടിയതു്)
ഉത്തരം: ആളുകളെ അവരെങ്ങനെയോ അങ്ങനെതന്നെ അംഗീകരിക്കണം. അവരെ ഉപദേശിച്ചോ ശകാരിച്ചോ നന്നാക്കാൻ ശ്രമിക്കരുതു്. അംഗീകരിക്കാൻ വയ്യെങ്കിൽ അവരോടു സംസാരിക്കാൻപോലും പോകരുതു്.
ചോദ്യം: വിനയത്തിന്റെ മൂർത്തിമദ്ഭാവം?
ഉത്തരം: ആട്ടിൻതോലിട്ട ചെന്നായ്.
ചോദ്യം: ദസ്തെയെവ്സ്കി യെപ്പോലൊരു നോവലിസ്റ്റുണ്ടോ?
ഉത്തരം: ഇല്ല. പാട്രിക് വൈറ്റ് അദ്ദേഹത്തിന്റെ അടുത്തെത്തും. തൊടാൻ പറ്റില്ല എന്നുമാത്രം.
ചോദ്യം: വൈറ്റിന്റെ മാസ്റ്റർപീസ്?
ഉത്തരം: Voss എന്ന നോവൽ.
ചോദ്യം: കള്ളപ്പേരിൽ സാഹിത്യകാരന്മാരുടെ കൃതികളെ വിമർശിക്കുന്നവരെക്കുറിച്ചു് എന്താണു് അഭിപ്രായം?
ഉത്തരം: അവർ നല്ലവരല്ല. മലിനമനസ്സുള്ളവരേ അത്തരം മുഖാവരണങ്ങൾ ധരിക്കാറുള്ളു. പറയാനുള്ളതു് സ്വന്തം പേരു വ്യക്തമാക്കി പറയുന്നവൻ സാഹിത്യകാരന്റെയും വായനക്കാരുടെയും ബഹുമാനം നേടുന്നു.
ചോദ്യം: നിങ്ങൾ കള്ളപ്പേരിൽ വല്ലതും എഴുതിയിട്ടുണ്ടോ?
ഉത്തരം: ഇന്നുവരെ ഇല്ല. ഇനിയെഴുതുകയുമില്ല.
ചോദ്യം: കേന്ദ്ര ടെലിവിഷനു് ഒരു നിർദ്ദേശം?
ഉത്തരം: പ്രധാനപ്പെട്ട വാർത്തകൾ ഉള്ള ദിവസമെങ്കിലും ബേഡിയെക്കൊണ്ടു വായിപ്പിക്കരുതു്. അദ്ദേഹം വായിച്ചാൽ ആളുകൾക്ക് ഒന്നും മനസ്സിലാവില്ല. പാകിസ്ഥാൻ പ്രസിഡന്റ് ഇന്നലെ മരിച്ചു. വാർത്ത അറിയിച്ചതു് സുനിലും ഉഷയും കൂടിയാണു്. ദൗർഭാഗ്യത്താൽ ബേഡിയാണു് ന്യൂസ് വായിച്ചതെങ്കിൽ സിയാ-ഉൾഹക്ക് വിമാനത്തിൽ കയറി ഇസ്ലാമാബാദിൽ വന്നിറങ്ങി എന്നേ ആളുകൾ ധരിക്കൂ.
ചോദ്യം: നമ്മുടെ ന്യൂസ് വായനക്കാരോ?
ഉത്തരം: പലരും വാക്യത്തിന്റെ അവസാനത്തെ വാക്കു വിഴുങ്ങും. അതുകൊണ്ടു് വ്യക്തി മരിച്ചോ ജീവിച്ചിരിക്കുന്നോ എന്നു് അറിയുകയില്ല.

വായിക്കേണ്ട പുസ്തകമാണു് Autobiography of a Yogi. (Paramahamsa Yogananda) അതിൽ നിന്നൊരു ഭാഗം. യോഗാനാനന്ദന്റെ ഗുരു പ്രാചീന ഗ്രന്ഥങ്ങൾ നിസ്തുലമായ രീതിയിൽ വ്യാഖ്യാനിക്കുകയായിരുന്നു. യോഗാനന്ദൻ അദ്ദേഹത്തിന്റെ അടുത്തു് ശാന്തനായി ഇരുന്നു. ഒരു കൊതുക് അതിന്റെ വിഷം നിറച്ച സൂചി യോഗാനന്ദന്റെ തുടയിൽ കുത്തിയിറക്കി. അദ്ദേഹം കൊതുകിനെ അടിക്കാൻ കൈ ഉയർത്തി. അഹിംസയെക്കുറിച്ചുള്ള പതഞ്ജലി യുടെ ഒരു സൂക്തം ഓർമ്മയിൽ വന്നതുകൊണ്ടു് യോഗാനന്ദൻ കൊതുകിനെ അടിച്ചില്ല. അപ്പോൾ ഗുരു ചോദിച്ചു: “നിങ്ങളെന്താണു് ആ ജോലി പൂർണ്ണമാക്കാത്തതു്?”
“ഗുരു ഹിംസയാണോ അങ്ങ് ഉപദേശിക്കുന്നതു?”
“അല്ല. പക്ഷേ നിങ്ങൾ മനസ്സുകൊണ്ടു മാരകമായ അടി അടിച്ചല്ലോ.”
“എനിക്കു് മനസ്സിലാകുന്നില്ല.”
“പതഞ്ജലി അഹിംസകൊണ്ടു് ഉദ്ദേശിച്ചതു് കൊല്ലാനുള്ള അഭിലാഷം ഇല്ലാതാക്കുക എന്നതാണു്.”
കൊല്ലാനുള്ള ആഗ്രഹം മനസ്സിലുണ്ടായാൽ മതി. അതു് ഹിംസയാകും എന്നാണു് ഗുരു പറഞ്ഞതു്. ഗുരു മൂർഖൻപാമ്പിന്റെ ദംശനാഭിലാഷം ഇല്ലാതാക്കിയതിന്റെ വർണ്ണനയും ഈ പുസ്തകത്തിലുണ്ടു്. ഗുരുവും ശിഷ്യന്മാരും ആശ്രമത്തിനു പുറത്തിരിക്കുകയായിരുന്നു. നാലടി നീളമുള്ള ഒരു മൂർഖൻ പാമ്പു് അവരുടെ അടുത്തേക്കു വന്നു. അതിന്റെ പത്തിവിടർത്തിവച്ചിരുന്നു. എല്ലാവരും പേടിച്ചു. പക്ഷേ ഗുരു പാമ്പിനെ സ്വാഗതം ചെയ്യുന്ന മട്ടിൽ ചിരിച്ചിട്ടു് കൈകൾ തമ്മിൽ ചേർത്തു് താളാത്മകമായി കൊട്ടിക്കൊണ്ടിരുന്നു. (മൂർഖൻപാമ്പു് അതിന്റെ അടുത്തുള്ള ഏതു ചലനാത്മക വസ്തുവിനെയും ചാടിവീണു കൊത്തും. അതു കടിക്കാതിരിക്കണമെങ്കിൽ അനങ്ങാതെ നിന്നുകൊള്ളണം) ഭയങ്കരനായ അതിഥിയെ ഗുരു രസിപ്പിക്കുകയായിരുന്നു. ശിഷ്യൻ ഉള്ളുകൊണ്ടു പ്രാർത്ഥിച്ചു. പാമ്പു് ഗുരുവിന്റെ അടുത്തെത്തി. അദ്ദേഹത്തിന്റെ ആ ഓമനിക്കലിന്റെ മാന്ത്രികശക്തിക്കു് അടിമപ്പെട്ടതുപോലെ അതു ചലനരഹിതമായി. അതിന്റെ പത്തി ക്രമേണ ചുരുങ്ങി. ഗുരുവിന്റെ കാലുകൾക്കിടയിൽക്കൂടി ഇഴഞ്ഞു് അതു് കുറ്റിക്കാട്ടിലേക്കു് കടന്നു.
ഒരു കഥാമൂർഖൻ കുങ്കുമം വാരികയിലൂടെ ഇഴഞ്ഞുവന്നു ഫണം വിടർത്തി നില്ക്കുന്നു. ‘ഇരുചക്രം’ എന്നു് അതിന്റെ പേരു്. അതിനെ അയച്ചതു വേണു നമ്പ്യാർ. സ്കൂട്ടർ വാങ്ങാത്ത ഭർത്താവിനോടു ഭാര്യയ്ക്കു പുച്ഛം. ആ പുച്ഛം ഒഴിവാക്കാനായി അയാൾ ഒരെണ്ണം വാങ്ങി. ഒരു ദിവസം അതോടിച്ചുവരുമ്പോൾ അപകടത്തിൽപ്പെട്ടു് അയാളങ്ങു മരിച്ചു. ഇതു് വെറും മൂർഖനല്ല. കിങ് കോബ്രയാണു്, രാജവെമ്പാല. ഞാൻ യോഗി അല്ലാത്തതുകൊണ്ടു് കൈ തട്ടുന്നില്ല. പാമ്പു് അതിന്റെ താളത്തിൽ മയങ്ങിപ്പോകുന്നില്ല. വിഷം എന്റെ സിരകളിലേക്കു കടത്തിയിട്ടു് മറ്റു വായനക്കാരെയും കടിക്കാനായി പത്തിവിടർത്തിത്തന്നെ നില്ക്കുന്നു. പ്രാണനിൽ കൊതിയുണ്ടെങ്കിൽ വായനക്കാരേ ഓടിയാലും.
- ഏതു രോഗത്തിനും മരുന്നു ഈ ലോകത്തിലുണ്ടു് എന്നു് വൈക്കം മുഹമ്മദ് ബഷീർ പലപ്പോഴും പറഞ്ഞിട്ടുണ്ടു്. പക്ഷേ അതു കണ്ടുപിടിക്കാനാണു് പ്രയാസം.
- ഭാര്യ എത്ര നല്ല കറിയുണ്ടാക്കിയാലും ഭർത്താവു പറയും: “എന്റെ അമ്മ കറിയുണ്ടാക്കുന്നതുപോലെ ആർക്കും കറിയുണ്ടാക്കാൻ സാദ്ധ്യമല്ല. ഇവളൊക്കെ ഭാര്യയായിട്ടു് എന്തിനു് എഴുന്നള്ളുന്നു?”
- അധ്യാപകൻ വളരെ വ്യക്തമായി കുട്ടികൾക്കു കാര്യങ്ങൾ പറഞ്ഞുകൊടുക്കും. എല്ലാവർക്കും താൻ പറഞ്ഞതു മനസ്സിലായി എന്നു കരുതി ആഹ്ലാദിക്കും. പക്ഷേ അദ്ദേഹം വിശദീകരണങ്ങൾ നടത്തുന്ന വേളയിൽ പെൺകുട്ടികൾ ആൺകുട്ടികളെക്കുറിച്ചും ആൺകുട്ടികൾ പെൺകുട്ടികളെക്കുറിച്ചും വിചാരിച്ചുകൊണ്ടിരിക്കുകയായിരിക്കും. ഗുരുനാഥൻ ‘വായിട്ടലച്ചതു്’ വെറുതേ.
- ഒരിക്കലും അത്യുക്തിയിൽ തൽപ്പരനാകാത്ത നിരൂപകനാണു് പ്രൊഫസർ എസ്. ഗുപ്തൻനായർ. ഒരേയൊരു നിരൂപകൻ എന്നു പറഞ്ഞാലും തെറ്റില്ല. Over exaggeration നടത്തിയവരിൽ അദ്വിതീയനായിരുന്നു ഡോക്ടർ കെ. ഭാസ്കരൻ നായർ. ക്ലാസ്സിക് കൃതികളെക്കുറിച്ചു് അളന്നുമുറിച്ച മട്ടിൽ ഒന്നാന്തരം നിരൂപണങ്ങളെഴുതിയ കൃഷ്ണപിള്ളസ്സാർ തനിക്കു പരിചയമുള്ളവരുടെ കൃതികൾ നിരൂപണം ചെയ്തപ്പോൾ സൗഹൃദം കടന്നുവരാൻ ഇടയാക്കി. അവർക്കു് ഉള്ളതിലധികം വലിപ്പം അദ്ദേഹം കാണുകയും ചെയ്തു.
- സ്ത്രീയുടെ സൈക്കോളജി സ്ത്രീകളുടെ രചനകളിലേ ശരിയായി വരികയുള്ളു. പുരുഷന്മാരായ എഴുത്തുകാർ എത്ര ധിഷണാശാലികളാണെങ്കിലും സ്ത്രീയെപ്പറ്റി പറയുമ്പോൾ പ്രമാദത്തിൽ ചെന്നുവീഴും (പ്രമാദം=അവധാനത). പ്രായംകൂടിയ സ്ത്രീക്കു് പ്രായം കുറഞ്ഞ ആൺകുട്ടിയോടു തൊന്നുന്ന കാമം ഏതു വിധമായിരിക്കും? ഇതിന്റെ ഉജ്ജ്വലമായ ആവിഷ്കാരം Ruth Prawer Jhabvala എഴുതിയ The Widow എന്ന കഥയിൽ കാണാം. (Out of India—Selected stories William Morrow and Co. New york—Reduced Price Rs 60/- IBD)

പണ്ടൊരു രാജാവിനു് നടന്നപ്പോൾ കാലിനു വേദന വന്നു. പരുക്കൻ തറ. അദ്ദേഹത്തിനു് അപ്പോൾ ഒരാശയം തോന്നി. ലോകമാകെ തോൽ വിരിക്കട്ടെ എന്ന കല്പനയാണു് ഉണ്ടായതു്. അതുകേട്ട ഒരുത്തൻ തിരുമേനിയോടു പറഞ്ഞു: “തിരുമേനി രാജ്യം മുഴുവൻ തോലു് വിരിക്കുന്നതിനെക്കാൾ എളുപ്പം ഒരു തുണ്ടു് തോലു് കാലിനടിയിൽ ഉണ്ടായിരിക്കത്തക്കവിധത്തിൽ നിർമ്മിച്ചാൽ മതിയല്ലോ.” “ശരി” എന്നു രാജാവു്. അയാൾ ചെരിപ്പു് ഉണ്ടാക്കിക്കൊണ്ടുവന്നു. രാജാവു് വിസ്മയിക്കുകയും ചെയ്തു.
ഇനിപ്പറയുന്നതും പണ്ടത്തെ കഥയാണു്, രാജ്യമാകെ കള്ളന്മാർ കൂടിയപ്പോൾ രാജാവു് ആജ്ഞാപിച്ചു. “ഓരോ കള്ളനും ഓരോ തുണ്ടു ഭൂമി കൊടുക്കട്ടെ” എല്ലാ കള്ളന്മാർക്കും ഭൂമി കിട്ടി. അതോടെ മോഷണവും ഇല്ലാതായി. ഈ ലോകത്തുള്ള ഏതു ഗൗരവാവഹമായ പ്രശ്നത്തിനും പരിഹാരമായി ഒരു “ഞൊടുക്ക്” വിദ്യയുണ്ടു്. പക്ഷേ മനോരാജ്യത്തിൽ “മാറ്റം” എന്ന കഥയെഴുതിയ ജോസഫ് വെണ്ണൂരിന്റെ കഥാരചനാഭിലാഷം അവസാനിപ്പിക്കാൻ ഒരു വിദ്യയുമില്ല. അദ്ദേഹത്തിന്റെ കഥാനായകൻ ഗൗതമൻ ആരോടും ഒന്നും മിണ്ടുന്നില്ല. ഓഫീസിൽ കൃത്യസമയത്തു് വരും. കൃത്യസമയത്തു പോകും. ജോലി ശരിയായി ചെയ്യും. ആരെന്തു ചോദിച്ചാലും പുഞ്ചിരി മാത്രം മറുപടിയായി നല്കും. അങ്ങനെയിരിക്കെ അയാൾ വിവാഹം കഴിച്ചു. അതോടെ കൃത്യനിഷ്ഠ പോയി. ജോലി ശരിയായി ചെയ്യുകയില്ലെന്നായി. ധാരാളം സംസാരിക്കുന്ന ശീലം വന്നു. ഒടുവിൽ അങ്ങ് ആത്മഹത്യ ചെയ്തു.
ഒരിക്കലും സംഭവിക്കാത്ത കാര്യങ്ങളും ഇല്ലാത്ത പ്രേരകങ്ങളും ചിത്രീകരിച്ചു് സത്യത്തെ അസത്യമാക്കുന്ന ഇക്കഥ കലയുടെ മണ്ഡലത്തിൽ ചെന്നു വീഴുന്നില്ല. അതുകൊണ്ടു് ഇതിനു് ജീവിതവുമായി ഒരു ബന്ധവുമില്ല. കവിൾ ഉള്ളതുകൊണ്ടാണു് മനുഷ്യനു കാൻസർ വരുന്നതു്. ജനിച്ചപ്പോൾ അവനു കവിളില്ലായിരുന്നു എന്നു സങ്കല്പിക്കൂ, അവനു ആ രോഗം വരില്ല. മലയാളത്തിൽ നല്ല ചെറുകഥകൾ ഉള്ളതുകൊണ്ടാണു് അതിന്റെ ഒരു ഭാഗത്തുണ്ടായ ഈ അർബ്ബുദം ഞാൻ കണ്ടതു്. ആ രോഗം ചികിത്സിക്കേണ്ടതു് എങ്ങനെയെന്നു് എനിക്കറിഞ്ഞുകൂടാ. എങ്കിലും ഇക്കഥ കാൻസറാണെന്നു് എനിക്കു് മനസ്സിലാക്കാൻ കഴിയുന്നു.

ശൂന്യതയിൽനിന്നു് ശൂന്യതയിലെത്തുന്നതാണു് ജീവിതം. രണ്ടാമത്തെ ശൂന്യതയിലെത്തിക്കഴിഞ്ഞാൽ ആ മനുഷ്യനെ ലോകം വിസ്മരിക്കും. “ഒരു ദിനം നിന്റെ കണ്ണൊന്നടയുകിലതുമതി നിന്നെ ലോകം മറക്കുവാൻ” എന്നു കവിതയെഴുതിയതു് സത്യം. ഈ ഹ്രസ്വകാലത്തിനിടയിൽ മനുഷ്യൻ എന്തെല്ലാം കാട്ടിക്കൂട്ടുന്നു? അന്യന്റെ മുതലു പിടിച്ചു പറിക്കുന്നു. അവനെ തേജോവധം ചെയ്യുന്നു. ചിലപ്പോൾ അവന്റെ പ്രത്യക്ഷശരീരം തന്നെ ഇല്ലാതാക്കിക്കളയുകയും ചെയ്യുന്നു. നന്മയാർന്ന മനുഷ്യൻ വധിക്കപ്പെടുന്നതുപോലെ തിന്മയാർന്ന മനുഷ്യനും വധിക്കപ്പെടുന്നു. തിന്മയുള്ളവനെ പ്രതിയോഗിയായിരിക്കും നിഗ്രഹിക്കുക. ഏതുവിധത്തിലും മരിക്കട്ടെ. നന്മയുള്ളവനും തിന്മയുള്ളവനും പൂജ്യമായി മാറുന്നു. ഈ പൂജ്യത്തെ നോക്കി നമുക്ക് എന്തുചെയ്യാം? നന്മയുള്ളവന്റെ മനുഷ്യസേവനത്തെ ബഹുജനത്തിന്റെ മുൻപിൽ എടുത്തുകാണിക്കും. അതുകൊണ്ടു് മരിച്ചവർക്കു പ്രയോജനമില്ല. പക്ഷേ നന്മയെടുത്തു കാണിക്കുന്നയാൾ സ്വന്തം നന്മയെ വിളംബരം ചെയ്യും. മനുഷത്വമുള്ളവർക്കേ മറ്റുള്ളവന്റെ നന്മയെ ബഹുജനമദ്ധ്യത്തിൽ പ്രദർശിപ്പിക്കാനാവൂ. ഈ ഉത്കൃഷ്ടമായ കൃത്യമാണു് ഡോക്ടർ കെ. എം. ജോർജ്ജും പ്രൊഫസർ വെറ്റിനാടു് ശ്രീധരൻനായരും അനുഷ്ഠിക്കുന്നതു്. (ദീപിക ആഴ്ചപ്പതിപ്പു്) അന്തരിച്ച കെ. എം. ഡാനിയലി ന്റെ സാഹിത്യപരങ്ങളായ സേവനങ്ങളെക്കുറിച്ചു് കെ. എം. ജോർജ്ജ് ഉപന്യസിക്കുന്നു. തന്റെ ഗുരുനാഥൻ ഡാനിയലിനോടുള്ള വ്യക്തിപരമായ ബന്ധത്തെക്കുറിച്ചു് ശ്രീധരൻനായർ എഴുതുന്നു. അന്തരിച്ച വ്യക്തിയുടെ സവിശേഷതകൾ പ്രത്യക്ഷമാക്കാൻ രണ്ടുപേരും ശ്രമിക്കുന്നു. അതിൽ വിജയം പ്രാപിക്കുന്നു. ഒരുത്തനു പത്തു രൂപ വെറുതെ കൊടുക്കുന്ന ആൾ സ്വന്തം നന്മയെയും സാന്മാർഗ്ഗികമായ ഔന്നിത്യത്തെയുമാണു് കാണിക്കുന്നതു്. പക്ഷേ രൂപ വാങ്ങുന്നവന്റെ നന്ദി ദാതാവിനു് ആഹ്ലാദം നല്കും. ഒരു ഫലേച്ഛയുമില്ലാതെ അന്തരിച്ചവരെ വാഴ്ത്തുന്ന ആളുകൾ ജന്മനാനന്മയുള്ളവരാണു്. കെ. എം.ജോർജ്ജും ശ്രീധരൻനായരും തങ്ങളുടെ നല്ല മാനസിക നില പ്രദർശിപ്പിക്കുന്നു.
അറേബ്യൻ സമുദ്രം കേരളക്കരയോളം വന്നെത്തി വ്യാപനം അവസാനിപ്പിക്കുന്നു. വേമ്പനാട്ടുകായൽ എറണാകുളം തുടങ്ങിയ അനേകം സ്ഥലങ്ങളെ തൊട്ടിട്ടു മിണ്ടാതെ നില്ക്കുന്നു. അന്തരീക്ഷം ചക്രവാളരേഖയെ സ്പർശിച്ചു് സംതൃപ്തിയടയുന്നു. പക്ഷേ ഐലൻഡ് എക്സ്പ്രസ് ട്രെയിൻ പെരുമൺപാലംവരെ മാത്രമേ വരുന്നുള്ളു. മനുഷ്യൻ നിർമ്മിക്കുന്നവയെല്ലാം അങ്ങനെയാണു്. അന്യൂനാവസ്ഥയില്ല. സാഹിത്യത്തിനുമില്ല അന്യൂനാവസ്ഥ.