സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1988-10-30-ൽ പ്രസിദ്ധീകരിച്ചതു്)

ഭാവന പലതരത്തിലാണു്. വസ്തുക്കളുടെ ബാഹ്യസ്വഭാവത്തെ ആവിഷ്കരിക്കാൻ സഹായിക്കുന്ന ഭാവന ആദ്യത്തേതു്.

കിഞ്ചനോന്നമിതമാം കഴുത്തൊടും

ചഞ്ചലാക്ഷിപൂട വീക്ഷണത്തൊടും

തഞ്ചമായ് കൃശപദങ്ങൾ വച്ചിതാ

സഞ്ചരിപ്പിതൊരു കോഴി മെല്ലവേ

എന്ന ശ്ലോകം വായിക്കുമ്പോൾ കോഴി നടക്കുന്നതുപോലെ നമുക്കു തോന്നുന്നതു് ബാഹ്യാംശങ്ങളെ ആവിഷ്കരിക്കുന്ന ഭാവനയുടെ മിടുക്കുകൊണ്ടാണു്.

തിങ്ങിപ്പൊങ്ങും തമസ്സിൽ കടലിലൊരു കുടംപോലെ ഭൂചക്രവാളം

മുങ്ങിപ്പോയീമുഴുക്കെ കുളിരിളകുമിളം കാറ്റുതാനേ നിലച്ചു

മങ്ങിക്കാണുന്ന ലോകപ്രകൃതിയുടെ പകർപ്പെന്ന മട്ടങ്ങു മൗനം

തങ്ങിക്കൊണ്ടർദ്ധരാത്രിക്കൊരു പുരുഷനിരുന്നീടിനാനാടലോടെ.

ഓരോ വ്യക്തിക്കും വിചാരങ്ങൾക്കും ദർശനങ്ങൾക്കും ശീലങ്ങളുണ്ടു്. ആ ശീലങ്ങളിൽനിന്നു മാറി അവർക്കു് ഒരു വിചാരത്തിനും കെല്പില്ല. തത്ത്വചിന്താസ്വീകാരത്തിനും കഴിവില്ല. അദ്വൈത സിദ്ധാന്തമാണു് ശരിയെന്നു കരുതുന്നവർ ശങ്കരാചാര്യരെക്കുറിച്ചു പറയും. എക്സിസ്റ്റെൻഷ്യലിസത്തിൽ വിശ്വസിക്കുന്നവർ സാർത്ര്–കമ്യൂ എന്നൊക്കെ ഉരുവിട്ടുകൊണ്ടിരിക്കും.

എന്ന ശ്ലോകത്തിൽ ബാഹ്യധർമ്മങ്ങളെ ചിത്രീകരിച്ചിട്ടുണ്ടെങ്കിലും ആന്തരധർമ്മങ്ങളുടെ സ്ഫുടീകരണത്തിനാണു് പ്രാധാന്യം. അങ്ങനെ ആന്തരധർമ്മങ്ങളുടെ ആവിഷ്കാരത്തിനു സഹായിക്കുന്ന ഭാവന രണ്ടാമത്തേതു്. രണ്ടു ശ്ലോകങ്ങളും നോക്കൂ. ഭാവന ബാഹ്യധർമ്മം ചിത്രീകരിച്ചാലും ആന്തരധർമ്മം ചിത്രീകരിച്ചാലും ബിംബങ്ങൾ നിർമ്മിക്കുകയാണു് എന്നതു സ്പഷ്ടമാകും. ആ ബിംബങ്ങളെ വേണ്ടപോലെ സംയോജിപ്പിച്ചു് ഒരു രൂപമുണ്ടാകുമ്പോൾ ദ്രഷ്ടാവിനു് ആഹ്ലാദമുണ്ടാകുന്നു. കുറെക്കൂടി ഇതു സ്പഷ്ടമാക്കാനായി പ്ലാൻ വരയ്ക്കുന്നതിനെ ഞാൻ ആശ്രയിക്കട്ടെ; കലാതത്ത്വം വിശദമാക്കാൻ എഞ്ചിനീയറിംഗിനെ അവലംബിക്കുന്നതു തെറ്റാണെന്നു് അറിഞ്ഞുകൊണ്ടുതന്നെ. കെട്ടിടം വയ്ക്കാനായി എഞ്ചിനീയർ പ്ലാൻ തയ്യാറാക്കിക്കൊണ്ടു വരുന്നു. മുറികളുടെ സംയോജനവും അനുപാതവും ശരിയായിട്ടുണ്ടെങ്കിൽ ‘ഭേഷ്’ എന്നു് കെട്ടിടംകെട്ടാൻ ആഗ്രഹിക്കുന്നവൻ പറയും. എന്നാൽ ഈ ‘ഡ്രായിംഗ് റൂം’ ശരിയായില്ല എന്നു് അയാൾ അഭിപ്രായപ്പെട്ടാൽ രൂപശില്പം ശരിയായില്ല എന്നാണു് അർത്ഥം. സർഗ്ഗാത്മകഭാവന ബിംബങ്ങളെ വേണ്ടമട്ടിൽ യോജിപ്പിച്ചു രൂപം നിർമ്മിക്കുമ്പോൾ ‘ഭേഷ്’ എന്ന ഉദീരണമുണ്ടാകും. ഒ. വി. വിജയന്റെ “ആമ്പൽക്കുളത്തിലെ പുലരിക്കാറ്റു്” എന്ന ചെറുകഥ (മാതൃഭൂമി ആഴ്ചപ്പതിപ്പു്) വായിച്ചിട്ടു് സഹൃദയൻ അഭിനന്ദനസൂചകമായി ആ വാക്കു പറയുന്നില്ലെങ്കിൽ എന്തോ പന്തികേടുണ്ടെന്നതു് വ്യക്തം. പ്ലാനിലെ ഡ്രായിങ് റൂം ശരിപ്പെടാത്തതുപോലെ കഥയിലെ ഏതോ ഒരംശം ശരിപ്പെട്ടിട്ടില്ല എന്നു നമ്മൾ ഗ്രഹിക്കണം.

കുഞ്ഞിനെ നെഞ്ചോടു ചേർത്തു കെട്ടിവച്ചു് ഒരമ്മ കുളത്തിൽച്ചാടി ആത്മഹത്യയ്ക്കായി. അമ്മ മരിച്ചു. കുഞ്ഞിനെ ഒരു ഹരിഹരൻ വളർത്തിക്കൊണ്ടു വന്നു. അവളെ അയാൾ പഠിപ്പിച്ചു് ഡോക്ടറാക്കി. അനാഥശിശുവായ അവൾ ഡോക്ടറായി നാട്ടിൽ തിരിച്ചെത്തിയപ്പോൾ ഹരിഹരൻ ഒരനാഥാലയം നിർമ്മിച്ചിരിക്കുന്നു. അവിടെ ഡോക്ടറായിട്ടാണു് അവൾ പ്രവർത്തിക്കേണ്ടതു്. പക്ഷേ, അവൾ ഹരിഹരനെ—രക്ഷിതാവിനെ—ബലം പ്രയോഗിച്ചു വീഴ്ത്തുന്നു. രതിയുടെ പേരിലുള്ള വീഴ്ച എന്നാണു് ഞാൻ പറയുന്നതു്. വായിച്ചു കഴിയുമ്പോൾ ഹായ്, എന്തൊരു കഥ! എന്തൊരു അസ്വാഭാവികത! മതിയായ മാനസികപ്രേരണകൾ ഇല്ലാതെ ഒരു യുവതി തന്റെ രക്ഷാകർത്താവിനെ ബലാത്കാരവേഴ്ചയ്ക്കായി പ്രേരിപ്പിക്കുകയോ? എന്നൊക്കെ സഹൃദയൻ ചോദിക്കാതിരിക്കല്ല. എഞ്ചിനീയർ പ്രഗൽഭനാണെങ്കിലും എപ്പോഴും സഹജാവബോധവും യുക്തിയും നല്ലപോലെ പ്രവർത്തിച്ചെന്നു വരില്ല. കെട്ടിടമുടമസ്ഥന്റെ പ്രേരണകൊണ്ടു് പെട്ടെന്നു് പ്ലാൻ വരയ്ക്കേണ്ടതായി വന്നാൽ ‘ഇപ്പോൾ സാദ്ധ്യമല്ല’ എന്നു പറയാൻ ധൈര്യമുണ്ടാകണം. ആ ധൈര്യമില്ലാതെയാവുകയും പ്ലാൻ വരയ്ക്കാൻ തുടങ്ങുകയും ചെയ്താൽ പ്ലാനിൽ ഒട്ടും യോജിപ്പില്ലാത്ത ഡ്രായിങ് റൂം ഉണ്ടാകും. കഥാകാരന്മാർക്കും സ്വീകരിക്കാവുന്ന ഒരു സാരസ്വതരഹസ്യമാണിതു്. “കാറ്റുപറഞ്ഞ കഥ” എഴുതിയ വേളയിൽ ഒ. വി. വിജയന്റെ ഭാവന ഔന്നത്യത്തിൽ. “ആമ്പൽക്കുളത്തിലെ പുലരിക്കാറ്റു്” എഴുതിയ സന്ദർഭത്തിൽ ആ ഭാവന താഴ്ചയിൽ.

ചോദ്യം, ഉത്തരം

ചോദ്യം: കഥയും കവിതയും മാറിമാറി എഴുതുന്ന സാഹിത്യകാരന്മാരെക്കുറിച്ചു് എന്താണു് അഭിപ്രായം?

ഉത്തരം: അങ്ങനെ കേരളത്തിൽ ആരുണ്ടു്? പണ്ടു് പി. സി. കുട്ടിക്കൃഷ്ണൻ അങ്ങനെ എഴുതിയിരുന്നു. അതും കുറച്ചുകാലത്തേക്കു മാത്രം. ഇപ്പോൾ വല്ലവരും അമ്മട്ടിൽ എഴുതുന്നുണ്ടെങ്കിൽ കുറ്റപ്പെടുത്തേണ്ടതില്ല. കഥയെ ഒരു ഭാര്യയായും കവിതയെ മറ്റൊരു ഭാര്യയായും കരുതിയാൽ മതി. അവർ രണ്ടുപേരും ‘ജലസി’യാൽ അടികൂടുകയില്ല. അവർക്കു് അമ്മമാരുമില്ല. ഒരമ്മായിയെത്തന്നെ സഹിക്കാനാവാത്തവനു് രണ്ടമ്മായിമാരുണ്ടായാൽ എന്തുചെയ്യും?” കഥയും കവിതയും എഴുതുന്നവർ ഉപന്യാസംകൂടി എഴുതി മൂന്നാമത്തെ ബാന്ധവം ഉണ്ടാക്കട്ടെ. അമ്മായിമാരില്ലാത്ത കാലത്തോളം എത്ര ഭാര്യമാർ വേണമെങ്കിലുമാകാം.

ചോദ്യം: അപ്പോൾ ദശരഥനോ?

ഉത്തരം: കൈകേയിയുടെയും കൗസല്യയുടെയും സുമിത്രയുടെയും അമ്മമാർ നേരത്തെ മരിച്ചുപോയിരിക്കണം. അവർ ജീവനോടെ ഇരിക്കുമ്പോഴാണു് ദശരഥന്റെ വിവാഹമെങ്കിൽ അദ്ദേഹം ഉടനെ പരലോകം പൂകുമായിരുന്നു. മൂന്നു് അമ്മായിമാർ ദശരഥന്റെ മുൻപിൽ വന്നു് അദ്ദേഹത്തെ തുറിച്ചുനോക്കുന്നതു് ഒന്നു സങ്കല്പിച്ചുനോക്കൂ.

ചോദ്യം: നിങ്ങളെഴുതുമ്പോൾ നിങ്ങളുടെ നോട്ടം എവിടെ?

ഉത്തരം: പത്രാധിപരുടെ ചെക്ക്ബുക്കിൽ, അതിൽ കുറ്റം പറയാനില്ല. ചിറ്റൂരു് തത്തമംഗലത്തു് ഒരു ഡോക്ടർ എന്നെ ചികിത്സിച്ചിരുന്നു. കോളറയ്ക്കും വസൂരിക്കും ജലദോഷത്തിനും ‘നോവൽജിൻ’ എന്ന ഗുളിക എഴുതിക്കൊടുക്കുന്ന ഡോക്ടർ. പത്തുരൂപ നോട്ടുകൾ അടുക്കിവച്ച എന്റെ പോക്കറ്റിന്റെ പുറത്തു് കുഴലമർത്തിക്കൊണ്ടാണു് ‘ശ്വാസം വലിച്ചു വിടൂ’ എന്നു് അദ്ദേഹം പറഞ്ഞിരുന്നതു്. മൂന്നുതവണ ശ്വാസം വലിച്ചുവിട്ടാൽ ഒരുതുണ്ടു് എഴുതിത്തരും. നോവൽജിൻ കാലത്തു് ഒന്നു്, ഉച്ചയ്ക്കു് ഒന്നു് രാത്രി ഒന്നു്. രണ്ടു പത്തുരൂപ നോട്ടുകൾ ഞാൻ ഡോക്ടറുടെ കൈയിലേക്കു വയ്ക്കും.

ചോദ്യം: ചിരി ആകർഷകമാകുന്നതെപ്പോൾ?

ഉത്തരം: സ്ത്രീ ചിരിക്കുമ്പോൾ.

ചോദ്യം: എപ്പോഴും ചിരിക്കാമോ?

ഉത്തരം: മരിച്ചവീട്ടിൽ ചെല്ലുമ്പോൾ, ചിതാഭസ്മം വെള്ളത്തിലൊഴുക്കുമ്പോൾ, ജാഥനോക്കിക്കൊണ്ടു നില്ക്കുമ്പോൾ ചിരി പാടില്ല.

ചോദ്യം: നിങ്ങൾ ചിരിക്കാത്തതു് എപ്പോൾ?

ഉത്തരം: ഡോക്ടർമാർ, ഉള്ളൂർ നാരായണമേനോൻ, വള്ളത്തോൾ പരമേശ്വരയ്യർ എന്നൊക്കെ പറയുമ്പോൾ ഞാൻ ചിരിക്കില്ല. അവർക്കറിഞ്ഞുകൂടാല്ലോ എന്നു വിചാരിച്ചാവും ചിരി വരാത്തതു്.

ചോദ്യം: ഡോക്ടർമാർ ചിരിക്കുന്നതോ?

ഉത്തരം: നമ്മൾ അറിഞ്ഞുകൂടാതെ ഒരു രോഗത്തിന്റെ പേരു തെറ്റായിപ്പറഞ്ഞാൽ അവർ ചിരിക്കും. നമ്മൾ അപമാനിക്കപ്പെടുകയും ചെയ്യും. ഞാൻ രോഗങ്ങളുടെ പേരുകൾ തെറ്റിച്ചു ഡോക്ടർമാരോടു പറഞ്ഞിട്ടുണ്ടു്. അപ്പോഴൊക്കെ അവർ ചിരിച്ചു് എന്നെ അപമാനിച്ചിട്ടുമുണ്ടു്.

ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിയുടെ ‘ഈറൻ നിലാവിൽ’ എന്ന ചെറുകഥ (കലാകൗമുദി) മൃഗങ്ങളോടുള്ള നമ്മുടെ സഹാനുഭൂതിയെ വർദ്ധിപ്പിക്കുന്നു. അവയെ കൂടുതൽ മനസ്സിലാക്കാനും അതു സഹായിക്കുന്നു. ഒരാനയും അതിന്റെ സൂക്ഷിപ്പുകാരനും തമ്മിലുള്ള ബന്ധമാണു് ഇക്കഥയുടെ വിഷയം. പാപ്പാനെ ഉപദ്രവിച്ച മറ്റൊരാനയോടു് കഥയിലെ പ്രധാന കഥാപാത്രമായ ആന പ്രതികാരം ചെയ്യുന്നു. മദമിളകിച്ചെയ്ത പ്രവൃത്തിയാണു് അതെന്നു കരുതി ആളുകൾ അവനെ തളയ്ക്കുന്നു. പക്ഷേ, അവനറിയാം അവനു് മദമിളകിയില്ല എന്നു്. പാപ്പാനുമറിയാം തന്റെ ‘പുത്ര’നായ ആനയ്ക്കു് ഉന്മാദമില്ലെന്നു്. അവർ മൗനത്തിലൂടെ സ്നേഹത്തിന്റെ വാഗ്മിതയിലെത്തുമ്പോൾ കഥ അവസാനിക്കുന്നു. ആനയുടെ കഥതന്നെയാണു് മനുഷ്യരുടെയാകെയുള്ള കഥ എന്നു് വായനക്കാരനു തോന്നുന്നു.

ഗീതാഞ്ജലി അയ്യരെ വെളുപ്പിക്കുന്നുവോ?
images/abuabraham.jpg
എബു എബ്രഹാം

കേന്ദ്ര ദൂരദർശനിൽ ഇംഗ്ലീഷിൽ വാർത്തകൾ വായിക്കുന്ന ഗീതാഞ്ജലി അയ്യരെ അവിടുത്തെ മേക്കപ്പുകാർ പ്രേതമാക്കി അവതരിപ്പിക്കുന്നുവെന്നു് എബു എബ്രഹാം 1988 ഒക്ടോബർ 2-ആം തീയതിയിലെ സൺഡേ ഒബ്സർവറിൽ എഴുതിയിരിക്കുന്നു. The make-up boys present Gitanjali Aiyar to us in the form of a ghost or, as they say, in England, like ‘death warmed up’. വിന്നി മൻഡേല യെ ഇന്ത്യൻ ടെലിവിഷനിൽ കാണിക്കേണ്ടി വന്നാൽ ദൂരദർശൻ മേക്കപ്പ് ബോയ്സ് അവരെയും വെളുപ്പിച്ചു കാണിച്ചുകളയുമെന്നു എബ്രഹാം സംശയിക്കുന്നു. ശ്രീലങ്ക, ക്യൂബ, ജമൈക്ക ഈ രാജ്യങ്ങളിലെ ടെലിവിഷൻ അധികാരികൾ അവരുടെ കറുത്ത സുന്ദരികളെ കറുത്തവരായിത്തന്നെ കാണിക്കുന്നുവെന്നും അതിനാൽ ഗീതാഞ്ജലി അയ്യരെ ലക്മി ഫേയ്സ് പൗഡറിൽ മുക്കുന്ന ഏർപ്പാടു് നിറുത്തേണ്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. എബ്രഹാമിനോടു യോജിക്കാൻ പ്രയാസമില്ല. പക്ഷേ, ഒരു സംശയം. ഗീതാഞ്ജലി അയ്യരുടെ സമ്മതംകൂടാതെ ആരാണു് അവരുടെ മുഖം വെളുപ്പിക്കാൻ ചെല്ലുക? സമ്മതമില്ലെന്നു പറഞ്ഞാൽ ‘നിങ്ങൾ ന്യൂസ് വായിക്കണ്ട’ എന്നു് അധികാരികൾ പറയുമായിരിക്കും. അതുകൊണ്ടാവണം മേക്കപ്പ് ബോയ്സിന്റെ അംഗുലി വിഭ്രമത്തിനു് ശ്രീമതി വിധേയയായിപ്പോകുന്നതു്.

ഗീതാഞ്ജലി അയ്യരെ മാത്രമല്ല, ഭാഷയെയും ചിലർ ലക്മി പൗഡറിട്ടു് വെളുപ്പിക്കാറുണ്ടു്. ‘കഥാ’ മാസികയിൽ ടി. കെ. ശങ്കരനാരായണൻഎഴുതിയ ‘ജനീഫർ’ എന്ന സൂപ്പർ പൈങ്കിളിക്കഥ വായിച്ചാൽ മേക്കപ്പിന്റെ കുത്സിതത്വം മുഴുവനും കാണാൻ കഴിയും. അലക്സാണ്ടർ എന്ന ചെറുപ്പക്കാരൻ പാട്ടുകാരിയായ ജനീഫറെക്കണ്ടു പ്രേമത്തിൽ വീഴുന്നു. അവളെ വിവാഹം കഴിക്കുന്നു. അവരുടെ മകൾ പ്രായമെത്തിയപ്പോൾ അവൾക്കിഷ്ടപ്പെട്ട ഒരുത്തനോടുകൂടി ഒളിച്ചോടാൻ സന്നദ്ധയാവുന്നു. ഒരു പാതിരിയുടെ ഉപദേശമനുസരിച്ചു് തന്ത അവളെ അവനു തന്നെ വിവാഹം കഴിച്ചുകൊടുക്കാൻ തീരുമാനിക്കുന്നു. അക്ഷരശൂന്യർക്കും അടുക്കളക്കാരികൾക്കും മാത്രം ഇഷ്ടമാകുന്ന ഈ വിഷയം—ആയിരം പേരല്ല, പതിനായിരം പേരല്ല, കാക്കത്തൊള്ളായിരം ആളുകൾ ചവച്ചുതുപ്പിയ ഈ വിഷയം—വാക്കുകളിൽ സ്യൂഡോ പൊയട്രിയുടെ പഞ്ചാരക്കുഴമ്പു് പുരട്ടി നമ്മുടെ മുൻപിൽ വച്ചുതരുന്നു കഥാകാരൻ. അതും എത്രനേരം! ഒരുപുറമോ രണ്ടുപുറമോ ആണെങ്കിലും സഹിക്കാമായിരുന്നു. കടലാസ്സിനു് വിലകൂടിയ ഇക്കാലത്തു് ഏതാണ്ടു് ഒൻപതു പേജിൽ വാരിവലിച്ചിട്ടിരിക്കുന്നു ഈ ചവറു്. ഗീതാഞ്ജലി അയ്യരെ വെളുപ്പിക്കുന്നതു ശരിയല്ല. വാക്കുകളെ ഇങ്ങനെ ധവളാഭമാക്കി സ്യൂഡോ ആർട്ട് സൃഷ്ടിക്കുന്നതും ശരിയല്ല.

images/BorisPasternakyouth.jpg
പസ്തർനക്ക്

എനിക്കു പന്ത്രണ്ടുവയസ്സുള്ള കാലം, ദേവികുളത്തെ ഒരു കെട്ടിടത്തിൽ ഞാൻ ഒറ്റയ്ക്കു് ഒരു മുറിയിൽ കിടന്നുറങ്ങുകയായിരുന്നു. അർദ്ധരാത്രി കഴിഞ്ഞു് രണ്ടു മണിയോടടുപ്പിച്ചു് എന്റെ അടുത്തു് ഒരു കാല്പെരുമാറ്റം. ഞെട്ടിയുണർന്നു നോക്കിയപ്പോൾ വീട്ടിലെ പരിചാരകൻ—അവനും പന്ത്രണ്ടുവയസ്സു വരും—എന്റെ അടുത്തു നില്ക്കുന്നു. ഭയന്നു് “എന്തു്” എന്നു ഞാൻ ചോദിച്ചു. “വരൂ” എന്നു് അവൻ വിളിച്ചതനുസരിച്ചു് ഞാൻ പിറകെ പോയി. ദേവികുളത്തെ വീടുകൾക്കു് രണ്ടുതരത്തിലുള്ള ജനൽപ്പാളികളാണു് അക്കാലത്തു്; തടികൊണ്ടും കണ്ടാടികൊണ്ടും. മഞ്ഞുകട്ട വീഴുമ്പോൾ, മഴപെയ്യുമ്പോൾ വെളിച്ചം കിട്ടാൻവേണ്ടി കണ്ണാടിയിട്ട ജനൽപ്പാളികൾ അടയ്ക്കും. അങ്ങനെ അടച്ചിട്ട ചില്ലിൽക്കൂടി നോക്കാൻ വേലക്കാരൻ പയ്യൻ പറഞ്ഞു. നോക്കി. അങ്ങു ദൂരെ ആനമുടിയെന്നു പേരുള്ള കൊടുമുടി ജ്വലിക്കുന്നു. ‘എനിക്കു പേടിയാകുന്നു’ എന്നു ബാലൻ. ഞാനും പരിഭ്രമിച്ചു. അതു തെല്ലുനേരം മാത്രം. പെട്ടെന്നു് ഞാൻ പറഞ്ഞു: “അരവിന്ദാക്ഷാ പേടിക്കേണ്ട. ആനമുടിക്കു മുൻപിലുള്ള കാട്ടുതീ പിടിച്ചതാണതു്”. ഉദാത്തവും ചേതോഹരവുമായ ദൃശ്യം. അതു കുറെനേരം നോക്കിക്കൊണ്ടു നിന്നതിനു ശേഷം ഞാൻ മുറിയിൽ വന്നുകിടന്നു. ഇന്നു് റഷ്യൻ മഹാകവി പസ്തർനക്കി ന്റെ കാവ്യങ്ങൾ വായിക്കുമ്പോൾ ഇതിനു സദൃശമായ അനുഭവമാണെനിക്കു്.

സൃഷ്ടി, നിരൂപണം
images/Lukacs.jpg
ലൂക്കാച്ച്

ഓംലെറ്റോ ബുൾസ്ഐയോ ഉണ്ടാക്കിക്കൊണ്ടു വയ്ക്കുമ്പോൾ അതു രുചിച്ചു നോക്കിയിട്ടു്. “ചീഞ്ഞുപോയല്ലോ മുട്ട” എന്നു് എനിക്കു പറയാൻ കഴിയും. അതുകേട്ടു്—ആ മുട്ടവിമർശനംകേട്ടു്— ആരെങ്കിലും “മുട്ടയെ കുറ്റം പറയുന്നോ? എങ്കിൽ താനൊരു മുട്ടയിട്ടു കാണിക്കു” എന്നു കല്പിച്ചാൽ ഞാൻ കറങ്ങിപ്പോകുകയേയുള്ളു. വള്ളത്തോൾ “ജ്വലിച്ച കൺകൊണ്ടൊരു നോക്കുനോക്കി” എന്നു് എഴുതുമ്പോൾ അതിലെ ‘കൺകൊണ്ടാരു’ എന്ന പ്രയോഗം ശരിയല്ല എന്നു് എനിക്കു പറയാം. കണ്ണുകൊണ്ടാണല്ലോ നോക്കുന്നതു്. കൺകൊണ്ടല്ലല്ലോ. (കൺകെട്ടുവിദ്യ തുടങ്ങിയ പ്രയോഗംപോലെയല്ല കൺകൊണ്ടു നോക്കി എന്ന പ്രയോഗം) എന്റെ ഈ വിർമശനം കേട്ടാലുടൻ “എന്നാൽ താൻ ‘ശിഷ്യനും മകനും’ ഒന്നെഴുതിക്കാണിക്കു്” എന്നു പറഞ്ഞാൽ എന്തായിരിക്കും സ്ഥിതി? കഴിഞ്ഞയാഴ്ച യേശുദാസൻ സെനറ്റ്ഹാളിൽ നടത്തിയ പാട്ടുകച്ചേരി പരമബോറായിരുന്നുവെന്നും സംഗീതത്തിന്റെ ആധ്യാത്മികാനുഭൂതി നൽകാൻ അദ്ദേഹത്തിനു കഴിഞ്ഞില്ലെന്നും എനിക്കെഴുതാം. പക്ഷേ, എനിക്കു് അദ്ദേഹത്തെപ്പോലെ പാടാൻ കഴിയുമോ? ഇല്ല. സർഗ്ഗാത്മകപ്രക്രിയ വേറെ, വിമർശപ്രക്രിയ വേറെ. അതിനാൽ കേരളത്തിലെ സർഗ്ഗാത്മക സാഹിത്യകാരന്മാരെപ്പോലെ ഒൗന്നത്യം ഇവിടുത്തെ വിമർശകർക്കില്ല എന്നു് ആരെങ്കിലും പറഞ്ഞാൽ അതു ശരിയാവില്ല. പ്രൊഫസർ ജി. എൻ. പണിക്കർ അങ്ങനെ സ്പഷ്ടമായി പറയുന്നില്ലെങ്കിലും ഉത്കൃഷ്ട കലാകാരന്മാർ ഇവിടെയുണ്ടു്, വിമർശനവും നിരൂപണവും അധഃപതിച്ചിരിക്കുന്നു എന്നു് അഭിപ്രായപ്പെടുന്നുണ്ടു്. അതു് സർഗ്ഗാത്മക പ്രക്രിയയെ പ്രശംസിക്കലും വിമർശപ്രക്രിയയെ നിന്ദിക്കലുമാണു്.

images/ThomasMann1900.jpg
തോമസ് മാൻ

ഒരു നാണയത്തിന്റെ രണ്ടുവശങ്ങളാണു് സൃഷ്ടിയും നിരൂപണവും. പുതിയ നാണയത്തിന്റെ രണ്ടുവശങ്ങളും ഒരുപോലെ തിളങ്ങും. ഒരുവശത്തിന്റെ തിളക്കത്തിനു ഹേതു മറുവശമാണു്. അതുപോലെ മറുവശത്തിന്റെ തിളക്കത്തിനു കാരണം മറ്റേവശവും. സർഗ്ഗാത്മകകൃതികൾ ഉത്കൃഷ്ടങ്ങളാണെങ്കിൽ നിരൂപണകൃതികളും ഉത്കൃഷ്ടങ്ങളായിരിക്കും. തോമസ് മാൻ എന്ന നോവലിസ്റ്റുള്ള യൂറോപ്പിൽ ലൂക്കാച്ച് എന്ന നിരൂപകനുണ്ടാവും. നമ്മുടെ ആധുനിക സാഹിത്യകാരന്മാർ ഛോട്ടാ സാഹിത്യകാരന്മാരാണു്. അതുകൊണ്ടു് ഇവിടെ ഛോട്ടാനിരൂപകരും. (പ്രൊഫസർ ജി. എൻ. പണിക്കരുടെ അഭിപ്രായങ്ങൾ കുങ്കുമം വാരികയിൽ).

ടെലിഫോണും ഗുണപാഠവും
  1. എനിക്കു് അത്യാവശ്യമായി ഒരാളോടു സംസാരിക്കണം. ടെലിഫോൺ റിസീവർ എടുത്തു് നമ്പർ കറക്കുന്നതിനുമുൻപു് ഡയൽ ടോൺ ഉണ്ടോ എന്നു പരിശോധിച്ചു. അതിനുപകരം രണ്ടു പെൺപിള്ളേരുടെ സംസാരം കേൾക്കുന്നു. ആദ്യം കോളേജിലെ കാര്യമൊക്കെ പറഞ്ഞിട്ടു് ഒരു പയ്യന്റെ അംഗവർണ്ണന തുടങ്ങി. “മധു പ്രൊഫസേഴ്സിന്റെ ഫേവറിറ്റാ. എന്തൊരു ഭംഗിയുള്ള കണ്ണുകളാണു് മധുവിനു്” എന്നൊരുത്തി. “അതേയതേ” എന്നു മറ്റൊരുത്തി. (മധു എന്ന പേരു മാറ്റിയെഴുതിയതാണു്. അയാൾ പഠിക്കുന്ന കോളേജിന്റെ പേരും പെൺകുട്ടി പറഞ്ഞു. അതും എഴുതുന്നതു് ശരിയല്ല) അരമണിക്കൂർ കഴിഞ്ഞു് റസീവറെടുത്തപ്പോഴും മധുവിനെക്കുറിച്ചുള്ള വർത്തമാനംതന്നെ. എനിക്കു വൈഷമ്യം. എന്റെ വൈഷമ്യംകണ്ടു് അടുത്തുനിന്ന ഒരു സ്നേഹിതൻ ഫോണിലൂടെ ഒറ്റച്ചോദ്യം. “മധുവിന്റെ കണ്ണുകൾക്കു വലിയ ഭംഗിയാണു് അല്ലേ?” പെൺകുട്ടികളുടെ സംഭാഷണം അതോടെ നിന്നു—ഗുണപാഠം: ടെലിഫോണിലൂടെ അംഗവർണ്ണന നടത്തരുതു്. മറ്റുള്ളവർ കേൾക്കും.
  2. പുരുഷന്മാർ ടെലിഫോണിലൂടെ ദീർഘനേരം സംസാരിക്കില്ല. അതല്ല സ്ത്രീകളുടെ രീതി. “ഇന്നു് എന്തു മീൻ കിട്ടി” എന്ന ചോദ്യത്തിൽ തുടങ്ങുന്ന ആ വർത്തമാനം അരമണിക്കൂർ നീണ്ടുപോകും. അതിനാൽ സ്ത്രീകൾ ഫോണുപയോഗിക്കുന്ന വീടുകളിൽ ഫോണിനടുത്തായി കട്ടിലിടുന്നതുകൊള്ളാം. അവർ കിടന്നു സംസാരിക്കട്ടെ—ഗുണപാഠം: കട്ടിലുകൾ വാങ്ങാൻ പണച്ചെലവുവരും. അതിനാൽ ലോക്കൽ കാളിനു സമയപരിധി സർക്കാർ ഏർപ്പെടുത്തണം.
  3. ഒരു ചലച്ചിത്രം കാണാൻ എനിക്കു താല്പര്യമുണ്ടെങ്കിൽ ചലച്ചിത്രതാരം മധു എന്നെ ടെലിഫോണിൽ വിളിക്കുമെന്നു് ഡോക്ടർ പുതുശ്ശേരി രാമചന്ദ്രൻ അറിയിച്ചു. മധു പലതവണ എന്നെ വിളിച്ചിട്ടും റോങ് നമ്പറാണു് അദ്ദേഹത്തിനു കിട്ടിയതെന്നു് പിന്നീടു് ഞാനറിഞ്ഞു. എന്നാൽ മധു സിനിമയിൽ ഫോൺ ചെയ്യുന്നതു് ഞാൻ കണ്ടിട്ടുണ്ടു്. ഒരിക്കലും, കഥാപാത്രമായി അഭിനയിക്കുന്ന മധുവിനു തെറ്റായ നമ്പർ കിട്ടുകില്ല. സിനിമയിലെ ടെലിഫോൺ സിസ്റ്റം അത്ര പെർഫെക്ട് എന്നർത്ഥം—ഗുണപാഠം: കേരളത്തിലെ എല്ലാ ഫോണുടമസ്ഥന്മാർക്കും സിനിമയിലെ ടെലിഫോൺ ഉപയോഗിക്കാനായി സർക്കാർ സൗകര്യമുണ്ടാക്കണം. റോങ് നമ്പർ ഒരിക്കലും കിട്ടാത്തതുകൊണ്ടു് സർക്കാരിനു ഫോണുടമസ്ഥൻ കൊടുക്കേണ്ട ഭീമമായ തുകയിൽ തുച്ഛമായ കുറവെങ്കിലും ഉണ്ടാകും.
മനസ്സിന്റെ ശീലം
images/RabindranathTagore4.jpg
രവീന്ദ്രനാഥ ടാഗോർ

മുൻപൊരിക്കൽ എഴുതിയതാണു്. എങ്കിലും വീണ്ടും എഴുതുന്നു. രവീന്ദ്രനാഥ ടാഗോറി ന്റെ ശിഷ്യനാണു് കെ. സി. പിള്ള. ടാഗോറിനോടു സംസാരിച്ചിട്ടുണ്ടോ എന്നു ഞാൻ കെ. സി. പിള്ളയോടു ചോദിച്ചു. “ഓഹോ പലതവണ” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ടാഗോറിന്റെ സംഭാഷണത്തിന്റെ സ്വഭാവമെന്തായിരുന്നുവെന്നു് ഞാൻ വീണ്ടും ചോദിച്ചപ്പോൾ അദ്ദേഹം അറിയിച്ചു: “അദ്ദേഹം എപ്പോഴും ഉദാത്തങ്ങളായ കാര്യങ്ങളെക്കുറിച്ചേ പറയൂ. ഒരിക്കലും താണനിലവാരത്തിലുള്ള വർത്തമാനമില്ല. ആഴ്ചയിലൊരിക്കൽ ഞങ്ങളെല്ലാവരും ഒരുമിച്ചു കൂടും. അപ്പോൾ ടാഗോർ, ബ്രൗണിങ്ങിന്റെ കവിതകൾ വായിക്കും. ബ്രൗണിങ് എന്ന കവിയെയായിരുന്നു ടാഗോറിനു വലിയ ഇഷ്ടം”.

images/RobertBrowning1858.jpg
ബ്രൗണിങ്

മഹാന്മാർ അങ്ങനെയാണു്. അവർക്കു് അധഃസ്ഥിതങ്ങളായ ചിന്തകൾ മനസ്സിൽ അങ്കുരിക്കുകയേയില്ല. സാധാരണക്കാരായ നമ്മളുടെ—പുരുഷന്മാരുടെ—രീതി എന്തു? നാലുപേർ ഒരുമിച്ചുകൂടിയാൽ അവിടെയില്ലാത്ത ഒരുത്തനെക്കുറിച്ചു് ദുഷിച്ചു പറയും. അല്ലെങ്കിൽ ‘അയാൾക്കു് എന്നോടു വിരോധമാണു്’ എന്നാവും പറയുക. ഈ ദുഷിക്കലും വിരോധപ്രസ്താവവും കഴിഞ്ഞാൽ കാപ്പി കുടിച്ചിട്ടു പിരിയും. അടുത്തദിവസം ഒരുമിച്ചുകൂടുമ്പോഴും പരിപാടി ഇതുതന്നെ. സ്ത്രീകളുടെ കാര്യമാണെങ്കിൽ കുറെക്കൂടി മോശമാണു്. “അവൾ കാണാൻ കൊള്ളാം. ഇവൾ കൊള്ളുകില്ല. മോഹൻലാൽ പേരുകേട്ട സ്റ്റാറാണെങ്കിലും മമ്മൂട്ടിയാണു് സുന്ദരൻ. പഴവങ്ങാടിയിൽ സാരി വിലകുറച്ചു കൊടുക്കുന്നു” ഇങ്ങനെ പോകും അഭ്യസ്തവിദ്യകളുടെ സംസാരം. പരദൂഷണം പുരുഷന്മാർ ശബ്ദായമാനമായി നടത്തുന്നു; സ്ത്രീകൾ നിശ്ശബ്ദമായും. അത്രേ വ്യത്യാസമുള്ളു. ഇവിടെ ധിഷണാശാലികളെയും ധിഷണാശാലിനികളെയും ഒഴിവാക്കിയിട്ടാണു് ഞാനിങ്ങനെ എഴുതുന്നതു്. ഇനി അവരെത്തന്നെ പരിശോധിച്ചാലോ? ഓരോ വ്യക്തിക്കും വിചാരങ്ങൾക്കും ദർശനങ്ങൾക്കും ശീലങ്ങളുണ്ടു്. ആ ശീലങ്ങളിൽനിന്നു മാറി അവർക്കു് ഒരു വിചാരത്തിനും കെല്പില്ല. തത്ത്വചിന്താസ്വീകാരത്തിനും കഴിവില്ല. അദ്വൈത സിദ്ധാന്തമാണു് ശരിയെന്നു കരുതുന്നവൻ ശങ്കരാചാര്യരെ ക്കുറിച്ചു പറയും. എക്സിസ്റ്റെൻഷ്യലിസത്തിൽ വിശ്വസിക്കുന്നവൻ സാർത്ര്, കമ്യൂ എന്നൊക്കെ ഉരുവിട്ടുകൊണ്ടിരിക്കും. മറ്റൊരുതരത്തിൽ എഴുതാം. ഓരോ വ്യക്തിക്കും തന്റേതായ ചിന്താമാതൃക കാണും. അതിൽനിന്നും മാറാൻ അയാൾക്കാവില്ല.

നിങ്ങളുടെ സ്നേഹിതന്മാരോടും ബന്ധുക്കളോടും യഥാർത്ഥമായ സ്നേഹം നിങ്ങൾക്കുണ്ടെങ്കിൽ അവർക്കു് പുസ്തകങ്ങൾ കടം കൊടുക്കരുതു്. ഇംഗ്ലീഷിൽ ആംനീസ്യ എന്നു പറയുന്ന ഓർമ്മകേടെന്ന രോഗം അവർക്കു പിടിപെടും. അവരെ കാണുമ്പോൾ ആവശ്യത്തിലധികം നിങ്ങളുടെ ഓർമ്മയ്ക്കു തെളിച്ചം ഉണ്ടാവുകയും ചെയ്യും. അതും രോഗമാണു്.

ദേശാഭിമാനി വാരികയിൽ “ഒരു ഡിസംബറിന്റെ ഓർമ്മ” എന്ന ചെറുകഥയെഴുതിയ ടി. ശ്രീവത്സനു് സാഹിത്യത്തെസ്സംബന്ധിച്ചു് ചില തെറ്റിദ്ധാരണകളുണ്ടു്. വേണ്ടിടത്തോളം അർത്ഥം പകർന്നുകൊടുക്കാത്ത ചില വാക്യങ്ങൾ എഴുതുക. സ്യൂഡോ പൊയറ്റിക്കായ ചില പദങ്ങളും സമസ്തപദങ്ങളും തിരികുക, കരുതിക്കൂട്ടി ദുർഗ്രഹത വരുത്തുക ഇതൊക്കെയാണു് സാഹിത്യരചന എന്നു് അദ്ദേഹം ധരിച്ചുവച്ചിരിക്കുന്നതു്. കണ്ണിൽ ശസ്ത്രക്രിയ നടത്തിയ ഒരുത്തനെയും അയാളുടെ മകളെയും ചിത്രീകരിച്ചിട്ടു് അയാളെക്കൊണ്ടു് എന്തൊക്കെയോ വിചാരിപ്പിക്കുന്നു. നാട്യത്തോടു നാട്യംതന്നെ. മനുഷ്യന്റെ സ്വഭാവം, “സ്പന്ദിക്കാത്ത ഇരുമ്പുകൂട”മായതുപോലെ അവന്റെ ചിന്താമാതൃകയും ഇരുമ്പുകൂടമായി വർത്തിക്കുന്നു. അതുകൊണ്ടു് ശ്രീവത്സൻ ഇനി എന്തെല്ലാം എഴുതിയാലും കലാഭാസമായേ പ്രത്യക്ഷപ്പെടു.

സംഭാഷണം

ചോദ്യം: നിങ്ങൾ എന്തുചെയ്യുന്നു?

ഉത്തരം: സാഹിത്യവാരഫലമെഴുതുന്നു.

ചോദ്യം: എന്നാൽ

ഉത്തരം: കെ. ബാലകൃഷ്ണൻ നൽകിയ ഒരു പേരിന്റെ താഴെ സാഹിത്യത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും എഴുതുന്നു.

ചോദ്യം: എഴുതുന്നതൊക്കെ ശരിയാണോ?

ഉത്തരം: ശരിയാണെന്നാണു് എന്റെ വിചാരം, വേറൊരാൾക്കു വേറെതരത്തിൽ വിചാരിക്കാനുള്ള അവകാശമുണ്ടു്.

ചോദ്യം: നിങ്ങൾ ആരെപ്പോലെ എഴുതുന്നു? കുട്ടിക്കൃഷ്ണമാരാരെ പ്പോലെയോ മുട്ടത്തു വർക്കി യെപ്പോലെയോ?

ഉത്തരം: ഞാൻ എന്റെ രീതിയിൽ എഴുതുന്നു.

ചോദ്യം: ജനയുഗം വാരികയിൽ സീയെസ് എഴുതിയ ‘സ്വപ്നസുന്ദരി’ എന്ന കാവ്യം വായിച്ചോ?

ഉത്തരം: വായിച്ചു.

ചോദ്യം: സീയെസ് സീയെസ്സിനെപ്പോലെതന്നെയാണോ എഴുതുന്നതു?

ഉത്തരം: അല്ല ചങ്ങമ്പുഴ യുടെ പ്രേതത്തെപ്പോലെയാണു് എഴുതുന്നതു്. “കമ്പിതഗാത്രിതൻ വെൺകപോലങ്ങളിൽ/ചെമ്പകപ്പൂക്കൾ വിരിഞ്ഞു”—ഇതിൽ പ്രേതമല്ലേ ഉള്ളതു?

ഫോവീയ സെൻട്രേലിസ്

നേത്രയവനികയുടെ പിറകിലായി ഒരു ചെറിയ കുഴി അല്ലെങ്കിൽ താഴ്ചയുള്ളതിനെ ഫോവീയ സെൻട്രേലിസ് (fovea centralis) എന്നു വിളിക്കുന്നു. സൂക്ഷ്മമായ കാഴ്ചയുടെ ബിന്ദുവാണതു്. കാഴ്ചയുടെ വിശദാംശങ്ങൾ നമുക്കു കിട്ടുന്നതു് ഈ ബിന്ദുവിന്റെ സഹായത്താലാണു്. ഇതു നഷ്ടപ്പെട്ടുവെന്നു വിചാരിക്കു. എങ്കിലും നേത്രയവനികയുടെ പ്രാന്തത്തിന്റെ സഹായംകൊണ്ടു് സാമാന്യമായ കാഴ്ച കിട്ടും. പ്രാന്തത്തിനു കേടുപറ്റിയാൽ ഫോവീയ സെൻട്രേലിസ് കൊണ്ടു് വലിയ പ്രയോജനമില്ല. കാഴ്ചയ്ക്കാകെ ഒരാകുലാവസ്ഥയോ കുഴപ്പമോ ഉണ്ടാകും. നേത്രയവനികയുടെ പ്രാന്തത്തിനു്—പെരിഫെറിക്ക്—രോഗം വന്ന മട്ടിലാണു് പലരും സാഹിത്യനിരൂപണം നടത്തുന്നതു്. ഷെയ്ക്സ്പിയറും ടോൾസ്റ്റോയി യും ഒത്തൊരുമിച്ചു് സി. വി. രാമൻപിള്ള യിൽ ആവിർഭവിക്കുന്നുവെന്നു പറയുമ്പോൾ, ഉറൂബ് ടോൾസ്റ്റോയിക്കു സദൃശനാണെന്നു് എഴുതുമ്പോൾ, ‘രാമരാജാബഹദൂർ’ എന്ന ആഖ്യായിക ‘കാരമാസോവ് സഹോദരന്മാർ’ എന്ന നോവലിനു തുല്യമാണെന്നു് ഉദീരണം ചെയ്യുമ്പോൾ അങ്ങനെ പറയുന്നവന്റെയും എഴുതുന്നവന്റെയും ‘റെറ്റിനൽ പെരിഫെറി’ക്കു രോഗം വന്നുവെന്നു മാത്രം ധരിച്ചാൽ മതി. കവി അക്കിത്തത്തി ന്റെ “വെളിച്ചം ദുഃഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം” എന്ന വരി വിഷാദാത്മകമായ വീക്ഷണഗതിക്കു പ്രാതിനിധ്യം വഹിക്കുന്നുവെന്നു് പറയുന്നവർക്കു് കാഴ്ച തകരാറിലാണു്. അതു തന്റേതായ രീതിയിൽ കെ. എം. റോയ് വിശദീകരിച്ചിരിക്കുന്നു (മംഗളം വാരികയിൽ) ചിന്തോദ്ദീപകമായ പ്രബന്ധമാണതു്.

പുസ്തകങ്ങൾ
  1. ചില കഥാസമാഹാരങ്ങളും ആത്മകഥകളും കാവ്യസമാഹാരങ്ങളും (എല്ലാം മലയാള ഭാഷയിലുള്ളതു്) ഒളിച്ചുവയ്ക്കാൻ എനിക്കു് ഒരു ഇരുമ്പുസേഫ് വാങ്ങിക്കേണ്ടിയിരിക്കുന്നു. സെക്സ് ബൂക്ക്സ് തുറന്ന ഷെൽഫിൽ വയ്ക്കാം. ഇപ്പറഞ്ഞ പുസ്തകങ്ങൾക്കു് സേഫ് തന്നെ വേണം. കാരണം, എന്റെ വീട്ടിൽ പിള്ളേർ ഉണ്ടു് എന്നതാണു്. അവ വായിച്ചാൽ അവർക്കു മുത്തച്ഛനെക്കുറിച്ചു് എന്തു തോന്നും?
  2. കലാത്മകങ്ങളായ നോവലുകളും പഴയ ക്ലാസ്സിക്കുകളും ലൈബ്രറിയിൽനിന്നു് എപ്പോഴുമെടുക്കാം. അംഗങ്ങൾ ഡെനിസ് റോബിൻസി ന്റെയും മറ്റും പുസ്തകങ്ങളേ കൊണ്ടുപോകുകയുള്ളു.
  3. ഗുപ്തൻ നായർ സ്സാർ ഒരിക്കൽ എന്നോടു പറഞ്ഞു: ‘എന്റെ വീട്ടിൽ പലതരത്തിലുള്ള ഇംഗ്ലീഷ് ഡിൿഷ്ണറികളുണ്ടു് ’. അതുകേട്ടു് ഞാനും പല ഇംഗ്ലീഷ് ഡിക്ഷ്ണറികൾ വാങ്ങിച്ചു. പക്ഷേ, ഒന്നിലുള്ള വാക്കുകൾ തന്നെ മറ്റെല്ലാത്തിലും. അർത്ഥങ്ങളും ഒരുപോലെ. പിന്നെന്തിനു് പല ഡിക്ഷ്ണറികൾ? എന്നാൽ മലയാളം നിഘണ്ടുക്കൾ പലതു വേണം. വാക്കുകൾ എല്ലാം ഒരു പോലെയാണെങ്കിലും അർത്ഥം വിഭിന്നങ്ങളായി കൊടുത്തിരിക്കും. ഒരു വാക്കിന്റെ അർത്ഥം നാലു നിഘണ്ടുക്കളിൽ നോക്കിക്കഴിഞ്ഞാൽ തലകറങ്ങും. ഏതു് അർത്ഥം ശരിയെന്നു് അറിയാൻ ദൈവജ്ഞ ചൂഡാമണികളുടെ അടുത്തുപോകണം.
  4. നിങ്ങളുടെ സ്നേഹിതന്മാരോടും ബന്ധുക്കളോടും യഥാർത്ഥമായ സ്നേഹം നിങ്ങൾക്കുണ്ടെങ്കിൽ അവർക്കു് പുസ്തകങ്ങൾ കടംകൊടുക്കരുതു്. ഇംഗ്ലീഷിൽ ‘ആംനീസ്യ’ (amnesia) എന്നു പറയുന്ന ഓർമ്മക്കേടെന്ന രോഗം അവർക്കു പിടികൂടും. അവരെക്കാണുമ്പോൾ ആവശ്യത്തിലധികം നിങ്ങളുടെ ഓർമ്മയ്ക്കു് തെളിച്ചം ഉണ്ടാവുകയും ചെയ്യും. അതും രോഗമാണു്.
  5. ക്ളോദ് ലെവി സ്ട്രോസി ന്റെ ഒരു പുസ്തകം വളരെക്കാലമായി കിട്ടാൻ കൊതിക്കുകയായിരുന്നു ഞാൻ. ഒരു എക്സിബിഷനു് അതു കണ്ടപ്പോൾ ആർത്തിയോടെ പുസ്തകം കൈയിലെടുത്തു. വില നോക്കിയപ്പോൾ ഇരുന്നൂറ്റിയൊന്നു് ഉറുപ്പിക. പണ്ടു് ആറണയ്ക്കു്—പത്തരച്ചക്രത്തിനു കിട്ടിയിരുന്നതാണിതു്. അത്രയും രൂപകൊടുത്തു് സംസ്കാരം ആർജ്ജിക്കേണ്ടതില്ലെന്നു് തീരുമാനിച്ചു. പുസ്തകങ്ങളെ സ്നേഹിച്ചിരുന്ന ജവാഹർലാൽ ഇന്നും പ്രധാനമന്ത്രിയായിരുന്നെങ്കിൽ ഇത്രയും വിലകൂട്ടാൻ അദ്ദേഹം സമ്മതിക്കില്ലായിരുന്നു.
അസംബന്ധം
images/GeorgeSaintsburyLafayette.jpg
സെയിൻസ്ബറി

തിരുവനന്തപുരത്തെ സയൻസ് കോളേജിൽ ബ്രൗണിങ്ങിന്റെ ആരാധകനായ ഒരു ഇംഗ്ലീഷ് അധ്യാപകൻ ഉണ്ടായിരുന്നു. അദ്ദേഹം ബ്രൗണിങ്ങിനെക്കുറിച്ചു് ദീർഘമായ പ്രബന്ധം തയ്യാറാക്കി നിരൂപകനായ സെയിൻസ്ബറി ക്കു് അയച്ചുകൊടുത്തു. സായ്പിന്റെ മറുപടി ഉടനെ വന്നു. “You have not considerably added to the nonsense that has been written on Browning” എന്നായിരുന്നു അതു്. ‘യോഗനാദം’ മാസികയിൽ നാടോടി മോഹനൻ കുമാരനാശാന്റെനളിനി’യെക്കുറിച്ചു് പ്രബന്ധം എഴുതിയിട്ടുണ്ടു്. കുമാരനാശാനെക്കുറിച്ചു് ചിലരൊക്കെ എഴുതിയ അസംബന്ധങ്ങളിൽ വളരെയേറെ അസംബന്ധം മോഹനൻ കൂട്ടിച്ചേർത്തിട്ടില്ല. അത്രയുമായി.

കുളിപ്പുരയിൽ കാലുതെറ്റി വീണു് ഉളുക്കു പറ്റിയാൽ ‘ട്രാജഡി’ എന്നു പറയുന്നവരാണു് നമ്മൾ. അതുപോലെ നാലുവരിക്കവിതയോ ഒരു ചെറുകഥയോ ഭേദപ്പെട്ട ഒരു നോവലോ എഴുതുന്നവനെ ‘ജീനിയസ്സ്’ എന്നു നമ്മൾ വിളിക്കുന്നു. ഇന്നു ജീവിച്ചിരിക്കുന്ന ഒരു മലയാള സാഹിത്യകാരനും ജീനിയസ്സ് എന്ന വിശേഷണത്തിനു് അർഹനല്ല.

ഏബ്രം ടെർറ്റ്സ്
images/Sinyavsky.jpg
സിന്യാവ്സ്കി

ഏബ്രം ടെർറ്റ്സ് എന്ന പേരിൽ ഉജ്ജ്വലങ്ങളായ സാഹിത്യകൃതികൾ റഷ്യയ്ക്കു പുറമേയുള്ള രാജ്യങ്ങളിൽ പ്രസിദ്ധപ്പെടുത്തിയ സിന്യാവ്സ്കി 1965-ൽ അറസ്റ്റ് ചെയ്യപ്പെട്ടു. 1971-ൽ മോചനം നേടിയ അദ്ദേഹം രണ്ടുവർഷത്തിനുശേഷം പാരീസിലേക്കു പോന്നു. സിന്യാവ്സ്കിയുടെ A voice From the Chorus എന്ന പുസ്തകം സങ്കീർണ്ണവും മനോഹരവുമാണു്. തടങ്കൽപ്പാളയത്തിൽ കിടക്കുമ്പോൾ അദ്ദേഹം ഭാര്യയ്ക്കു് എഴുതിയ കത്തുകളെ അവലംബിച്ചുള്ള ഈ ഗ്രന്ഥത്തെ നോബൽസമ്മാനം നേടിയ ഹൈന്റിഹ് ബോയ്ൽ “A silent bomb of a book” എന്നു വാഴ്ത്തി. സിന്യാവ്സ്കി ഭാര്യയ്ക്കു് ഇങ്ങനെ എഴുതിയതായി അതിൽ കാണുന്നു: “ഞാൻ പലപ്പോഴും നിനക്കു് എഴുത്തെഴുതാൻ ഇരിക്കുന്നതു് പ്രാധാന്യമുള്ള എന്തെങ്കിലും കാര്യം എനിക്കു് അറിയിക്കാനുള്ളതുകൊണ്ടല്ല. നീ കൈയിലെടുക്കുന്ന കടലാസ്സ് ഒന്നു തൊടാൻവേണ്ടി മാത്രമാണു് ”.

വേറൊരിടത്തു്: “എനിക്കു് ഒരു ബന്ധുവേയുള്ളു: ഈശ്വരൻ”.

മറ്റൊരിടത്തു്: ഈശ്വരവിശ്വാസമുള്ള ഒരു കർഷകൻ ഒരു സാമൂഹികാവശ്യകത എന്ന മട്ടിൽ കള്ളന്മാരെക്കുറിച്ചു പറയുന്നു: “കൃത്യാന്തരബഹുലമായ ജീവിതമാണതു്. ഒരു കടയോ ബാങ്കോ കൊള്ളയടിക്കാനുണ്ടാവും. അവരില്ലെങ്കിൽ ആ ജഡ്ജിമാരും വക്കീലന്മാരും എന്തുചെയ്യും?”

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1988-10-30.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 5, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.