സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1989-01-08-ൽ പ്രസിദ്ധീകരിച്ചതു്)

ഭാര്യയും കാമുകിയും തമ്മിൽ വ്യതാസമെന്തു? കാമുകിയോടു് അവൾ സുന്ദരിയാണെന്നു വല്ലപ്പോഴുമൊരിക്കൽ കള്ളം പറഞ്ഞാൽ മതി. ഭാര്യയോടാണെങ്കിൽ അവൾ വയ്ക്കുന്ന കൂട്ടാനു് നല്ല സ്വാദാണെന്നു് എപ്പോഴും കള്ളം പറയണം.

ഒവിഡ് എന്ന ലാറ്റിൻ കവി തന്റെ ‘മെറ്റമർഫിസ് ’ എന്ന ഗ്രന്ഥത്തിൽ പിഗ്മേലിയന്റെ കഥ മനോഹരമായി പറഞ്ഞിട്ടുണ്ടു്. അദ്ദേഹമല്ലാതെ വേറെയാരും അതു പറഞ്ഞിട്ടുണ്ടെന്നും തോന്നുന്നില്ല. വേശ്യാത്വം അംഗീകരിച്ചു ജീവിച്ച സ്ത്രീകളെക്കണ്ടു പിഗ്മേലിയൻ സ്ത്രീദ്വേഷിയായി മാറി. അതുകൊണ്ടു് അയാൾ വിവാഹം കഴിച്ചതേയില്ല. പക്ഷേ, കലാകാരനായ അയാൾ അദ്ഭുതാവഹമായ വൈദഗ്ദ്ധ്യത്തോടെ ദന്തത്തിൽ ഒരു സ്ത്രീരൂപം നിർമ്മിച്ചു. ഈ ലോകത്തു ജനിച്ച ഏതു സ്ത്രീക്കുള്ളതിനെക്കാളും സൗന്ദര്യം ആ ദന്ത പ്രതിമയ്ക്കുണ്ടായിരുന്നു. ജീവനുള്ള പെൺകുട്ടി തന്നെ അതു്. വിനയം വിലക്കിയിരുന്നില്ലെങ്കിൽ താൻ അവിടെയൊക്കെ ഓടിനടക്കുമായിരുന്നുവെന്ന പ്രതീതിയാണു് അവൾ ഉളവാക്കിയതു്. പിഗ്മേലിയന്റെ കല അങ്ങനെ കലയെ മറച്ചുവച്ചു. വിസ്മയം കൊണ്ടു വിടർന്ന കണ്ണുകൾകൊണ്ടു് അതിനെ നോക്കിനിന്ന ആ കലാകാരൻ തീവ്രരാഗത്തിൽ വീണു. അയാൾ അതിനെ ചുംബിച്ചു. തിരിച്ചു് അതു് ഇങ്ങോട്ടു് ചുംബിക്കുമെന്നു് അയാൾ വിചാരിച്ചു. അതിനോടു് സംസാരിച്ചു. ആ സുന്ദരിയെ ആലിംഗനം ചെയ്തു. അതിന്റെ മേനിയിൽ വിരലമർത്തുമ്പോൾ അതിൽ പാടു വീണേക്കുമെന്നു പിഗ്മേലിയൻ കരുതി. അയാൾ അതിനു പല നിറമുള്ള പൂക്കളും മിനുക്കിയ കല്ലുകളും കൊണ്ടുകൊടുത്തു. അവളുടെ വിരലുകളിൽ മോതിരങ്ങൾ അണിയിച്ചു. കാതുകളിൽ പവിഴങ്ങൾ ചാർത്തി. കഴുത്തിൽ മാലയിട്ടു. ‘ഈ ദന്തപ്രതിമയെപ്പോലെ ഒരു പെൺകുട്ടിയെ എനിക്കു് ഭാര്യയായി നൽകേണമേ’ എന്നു് അയാൾ വീനസ് ദേവതയോടു് പ്രാർത്ഥിച്ചു. പ്രാർത്ഥന കഴിഞ്ഞു് അയാൾ വീട്ടിലെത്തി പ്രതിമയുടെ അടുത്തേക്കു ചെന്നു. അയാൾ ആ രൂപത്തെ ഉമ്മവച്ചു. അതിനു ചൂടുള്ളതുപോലെ അയാൾക്കു തോന്നി. ദന്തത്തിന്റെ കാഠിന്യം ഇപ്പോൾ ഇല്ല. വിരലു് അമർത്തിയിടത്തു പാടു്. സൂര്യരശ്മിയേറ്റു് മെഴുക് ഉരുകുന്നതുപോലെ ഒരയവു്. പിഗ്മേലിയനു് അദ്ഭുതം. അവളുടെ കവിൾത്തടങ്ങൾ അരുണിമയാർന്നു. രക്തധമനികൾ സ്പന്ദിച്ചു. അതേ അവൾക്കു് ജീവനുണ്ടായിരിക്കുന്നു. സുന്ദരമായ പ്രതിമയല്ല അതു്; സുന്ദരിയായ പെൺകുട്ടി. വീനസ് ദേവതയ്ക്കു് പിഗ്മേലിയൻ നന്ദി പറഞ്ഞു.

images/GeorgeBernardShaw10.jpg
ബർണാഡ് ഷാ

ഈ പിഗ്മേലിയൻ കഥയുടെ നവീനമായ നാടകീയാവിഷ്കാരമാണു് ഷാ യുടെ ‘പിഗ്മേലിയൻ’ എന്ന കൃതി. ഹെൻട്രി ഹിഗ്ഗിൻസ്സാണു് ഷായുടെ പിഗ്മേലിയൻ. അയാളുടെ കാമുകി എലിസയും. അവൾ ലണ്ടന്റെ കിഴക്കുഭാഗത്തുള്ള ഒരു പൂക്കാരിയാണു്. എലിസയുടെ വർത്തമാനംകേട്ടു് അതിന്റെ സവിശേഷതകൾ കുറിച്ചെടുക്കുകയാണു് ഹിഗ്ഗിൻസ്. ഭാഷാ ശാസ്ത്രജ്ഞനായ അദ്ദേഹത്തിനു് തെരുവിൽ എന്തവകാശമുണ്ടോ അതേ അവകാശം തനിക്കുണ്ടെന്നു അവൾ പറഞ്ഞു. അതു കേട്ടപ്പോൾ ഹിഗ്ഗിൻസിനും ദേഷ്യം വന്നു. അമ്മട്ടിൽ താഴ്‌ന്നതും ജുഗുപ്സാവഹവുമായ ശബ്ദങ്ങൾ (ഭാഷയെന്ന മട്ടിൽ) പുറപ്പെടുവിക്കുന്ന അവൾക്കു് ഒരിടത്തു നിൽക്കാനുള്ള അവകാശമില്ലെന്നാണു് അയാൾ പറഞ്ഞതു്. മാത്രമല്ല അവൾക്കു് ജീവിച്ചിരിക്കാനുള്ള അവകാശം പോലുമില്ല. ഷേക്സ്പിയറി ന്റെയും മിൽട്ടന്റെ യും ഭാഷ. ബൈബിളിലെ ഭാഷ. അതാണു് ഇംഗ്ലീഷ്. അവൾ സംസാരിക്കുന്ന ഭാഷയെ അവലംബിച്ചു നോക്കുകയാണെങ്കിൽ ജീവിതാവസാനം വരെ അവൾ ഓടയിലേ കിടക്കൂ. കിഴക്കൻ ലണ്ടനിലെ അവളെ പടിഞ്ഞാറൻ ലണ്ടനിൽ താമസിപ്പിക്കാം. നല്ലപോലെ വസ്ത്രധാരണം ചെയ്യിപ്പിക്കാം. എങ്കിലും അവളുടെ ഭാഷ ഓടയിലേ ഭാഷ തന്നെയായിരിക്കും. ചെയ്യേണ്ടതെന്താണു്? അവളുടെ ഭാഷയ്ക്കു മാറ്റം വരുത്തണം. അതു ചെയ്താൽ സമൂഹത്തിൽ അവൾക്കു് അന്തസ്സുണ്ടാകും. ഭാഷാപരങ്ങളായ പരിമിതികൾ മാറും എന്നാണു് ഷായുടെ മതം. നല്ല ഇംഗ്ലീഷ് സംസാരിക്കാൻ എലിസയെ പഠിപ്പിച്ചു് ഹിഗ്ഗിൻസ് അവളെ ‘ലേഡി’യാക്കി മാറ്റുന്നു.

മഹാനായ ഷാ പറഞ്ഞതു് സത്യമാണെന്നു് ഞാനെന്തിനു പറയണം? വായനക്കാർക്കുതന്നെ അറിവുള്ള കാര്യമാണല്ലോ അതു്. കാഴ്ചയ്ക്കു് അതിസുന്ദരി. ദ്രഷ്ടാവിനു ബഹുമാനം. അങ്ങനെയിരിക്കെ അവൾ കൂട്ടുകാരിയോടു് സംസാരിക്കുന്നതു് അയാൾ കേൾക്കുന്നു. “എന്തെരെടീ മൊഖവും വീർപ്പിച്ചു് ഇരിക്കണതു്. വല്ല കിന്ത്രാണ്ടവും ഒപ്പിച്ചെങ്കിൽ നീ പറ. അല്ലെങ്കിൽ പങ്കലാക്ഷിയോടു് ഒന്നു കേട്ടുനോക്കു്” എന്നു് അവളുടെ നാവിൽ നിന്നു വീണാലോ? ആ സൗന്ദര്യത്തോടായിരിക്കും ദ്രഷ്ടാവിന്റെ പുച്ഛമത്രയും. സ്ത്രീയെക്കുറിച്ചുമാത്രമല്ല. പുരുഷനെക്കുറിച്ചും ഇതുതന്നെ ശരി. ബസ്സ് സ്റ്റോപ്പിൽ നിന്ന എന്റെ അടുക്കലെത്തി ആ സുന്ദരപുരുഷൻ. ഉജ്ജ്വലമായ വേഷം. ഫോറിൻ ബ്രീഫ്കേസ്. മേൽമീശ ആ യുവാവിന്റെ സൗന്ദര്യം വർദ്ധിപ്പിക്കുന്നു. വല്ല മുഖത്തും ആ മുഖമൊന്നു് അമർന്നാൽ രണ്ടാമത്തെയാളിനു് ഹാർഡ് ടൂത്തു് ബ്രഷ് ഉരയുന്ന അസുഖം ഉണ്ടാവുകയില്ലേ എന്നു് ഞാൻ ആലോചിച്ചു കൊണ്ടു് നില്ക്കുമ്പോൾ അയാൾ എന്നോടൊരു ചോദ്യം: “ലിമിറ്റേഡ് സ്റ്റോപ്പ് ബസ്സ് ഇവിടെ നിറുത്തുമോ?” limited എന്നതിന്റെ ആ നൂതനമായ ഉച്ചാരണം കേട്ടു് എന്റെ “നാവിറങ്ങിപ്പോയി” അയാൾ പിന്നീടൊന്നും മിണ്ടിയില്ല. ലോകത്തിന്റെ പൊരുത്തക്കേടു കണ്ടു് ഓരോ മനുഷ്യനും അന്യനായി—outsider ആയി—മാറുന്നുവെന്നു് അസ്തിത്വവാദികൾ പറഞ്ഞു. എന്നെ സ്സംബന്ധിച്ചാണെങ്കിൽ നേരത്തേ പറഞ്ഞ സുന്ദരികളും സുന്ദരന്മാരുമാണു് എനിക്കു് അന്യതയുടെ തോന്നൽ ഉളവാക്കുന്നതു്. ഭാഷാപരമായ ഈ അരക്ഷിതാവസ്ഥയാണു് യഥാർത്ഥത്തിലുള്ള അരക്ഷിതാവസ്ഥ.

images/JamesHopwoodJeans.jpg
ജേംസ് ജീൻസ്

കോളിൻ വിൽസന്റെ പുസ്തകങ്ങൾ പലർക്കും ഇഷ്ടമല്ല. പക്ഷേ, ഞാൻ അവ “ആർത്തി”യോടെ വാങ്ങുന്നു, വായിക്കുന്നു. അദ്ദേഹത്തിന്റെ ഒരു പുസ്തകത്തിൽ സർ ജേംസ് ജീൻസി ന്റെ The Mysterious Universe എന്ന പുസ്തകം വായിച്ചതിന്റെ അസുലഭാനുഭൂതി ആവിഷ്കരിച്ചിട്ടുണ്ടു്. ഗ്രന്ഥത്തിലെ ആദ്യത്തെ വാക്യം ‘The eternal silence of these infinite spaces terrifies me’ എന്നാണു്. ഇതു വായിച്ചു് പ്രകമ്പനം കൊണ്ട വിൽസൺ ഇതിന്റെ വിശദീകരണത്തിനു വേണ്ടി എഡിങ്ടനു് ഇരുപതു പുറം വരുന്ന കത്തെഴുതി വച്ചു. എഡിങ്ടന്റെ മേൽവിലാസം അന്വേഷിച്ചപ്പോൾ ലൈബ്രറിയൻ അറിയിച്ചു അദ്ദേഹം മരിച്ചിട്ടു് ഒരു വർഷം കഴിഞ്ഞെന്നു്. ജീൻസിന്റെ വാക്യം വായിച്ച വിൽസൺ അതിലെ ആശയവുമായി ഇണങ്ങി. ഈ ഇണക്കം ജനിപ്പിക്കാൻ ഭാഷ അസമർത്ഥമാണെങ്കിൽ ആളുകൾ എന്തിനു് എഴുതുന്നു?

നൂറിൽ ഇരുപത്തഞ്ച്
images/TMU.jpg

കുട്ടിക്കൃഷ്ണമാരാർ ‘ഭാരത പര്യടനം’ എഴുതിയപ്പോൾ വ്യക്തിവിവേകകാരന്റെ ശിഷ്യനായി പ്രത്യക്ഷനാവുകയായിരുന്നുവെന്നു് മുൻപൊരിക്കൽ പറഞ്ഞല്ലോ. എങ്കിലും യുക്തികൾ പ്രദർശിപ്പിച്ചേ അദ്ദേഹം എഴുതിയിട്ടുള്ളൂ. ആ യുക്തികളുടെ അവാസ്തവികത സൂക്ഷ്മവിചിന്തനം കൊണ്ടേ സ്പഷ്ടമാകുകയുള്ളൂ. അങ്ങനെ സ്പഷ്ടീഭവിക്കുമ്പോൾ ‘മഹാഭാരത’ത്തിലെ ധർമ്മമൊക്കെ അദ്ദേഹത്തിനു് അധർമ്മമായി തോന്നി എന്ന സത്യം നമ്മൾ ഗ്രഹിക്കും. ഭാരത പര്യടനത്തിൽ പ്രത്യക്ഷനാകുന്ന കുട്ടിക്കൃഷ്ണമാരാരല്ല ‘രാജാംഗണ’ത്തിലെ (‘രാജാങ്കണ’മെന്നല്ല) കുട്ടിക്കൃഷ്ണമാരാർ. അവിടെയും വ്യക്തിവിവേകകാരനെ ചിലയിടങ്ങളിൽ കാണാമെങ്കിലും ഏറിയകൂറും സർഗ്ഗാത്മക ചിന്തയിൽ വ്യാപരിക്കുന്ന നിരൂപകനെ നമുക്കു ദർശിക്കാം (നളചരിതത്തെ അവലംബിച്ചു് അദ്ദേഹമെഴുതിയ പ്രബന്ധം ഒരു ഉദാഹരണം). ഇവിടെ സർഗ്ഗാത്മക ചിന്ത എന്നു ഞാൻ പറഞ്ഞതു് നൂതന ചിന്തകളെ ലക്ഷ്യമാക്കിയാണു്. സർവസാധാരണങ്ങളായ വിചാരശീലങ്ങളോടു് ‘അകലെ’ എന്നു് ആജ്ഞാപിച്ചിട്ടു് സവിശേഷതയാർന്ന ചിന്തകളെ അദ്ദേഹം സ്വാഗതം ചെയ്തു. അവയെ നിവേശനം ചെയ്തപ്പോൾ കുട്ടിക്കൃഷ്ണമാരാരുടെ നിരൂപണ പ്രബന്ധത്തിനു് ഉജ്ജ്വലത കൈവന്നു. ചിന്തയിലെ ആ സർഗ്ഗാത്മകത്വത്തിനു് അമിത പ്രാധാന്യം കല്പിക്കാൻ അദ്ദേഹം യത്നിച്ചില്ല. യത്നിച്ചിരുന്നെങ്കിൽ അതിപ്രയത്നത്തിന്റെ പ്രതീതി ഉളവാകുമായിരുന്നു. അതോടെ നിരൂപകൻ വീഴുകയും ചെയ്യുമായിരുന്നു.

സാഹിത്യനിരൂപണത്തിനു ശ്രമിക്കുന്ന ആരും ഈ സർഗ്ഗാത്മക ചിന്തയ്ക്കാണു് ഊന്നൽ നൽകേണ്ടതു്. അങ്ങനെ ചെയ്യുമ്പോൾ പഴകിയ വിചാരശീലങ്ങൾ അപ്രത്യക്ഷങ്ങളാവും. തിരുനല്ലൂർ കരുണാകരന്റെ കാവ്യങ്ങളെ കുറിച്ചു് ഉപന്യസിക്കുന്ന ടോണി മാത്യു വിനു് ഒരു നൂതനാശയവും നൽകാൻ കഴിയുന്നില്ല. അദ്ദേഹം ആവിഷ്കരിക്കുന്ന ആശയങ്ങൾ തെറ്റാണെന്നു് ഞാൻ പറയുന്നില്ല. പക്ഷേ, സർഗ്ഗാത്മകത്വം അല്ലെങ്കിൽ നൂതനത്വം ഉളവാക്കുന്ന ചാരുത പ്രബന്ധത്തിനില്ല. കാവ്യത്തെക്കുറിച്ചു് ആയിരകണക്കിനാളുകൾ പണ്ടു പറഞ്ഞതൊക്കെ എടുത്തു നിരത്തി വിചാരശീലത്തിൽ ഞാൻ പഴയപുള്ളി തന്നെ എന്നു വ്യക്തമാക്കിത്തരാനേ ടോണി മാത്യുവിനു് കഴിഞ്ഞിട്ടുള്ളൂ. അങ്ങനെ ചെയ്യുന്നവർ കോളേജ് വിദ്യാർത്ഥികളാണു്. അതിനാൽ അദ്ദേഹത്തിന്റെ പ്രബന്ധം കോളേജ് ബോയ് കോമ്പൊസിഷൻ പോലിരിക്കുന്നു. ഞാൻ അധ്യാപകനെന്ന നിലയിൽ ഈ പ്രബന്ധത്തിനു മാർക്കിട്ടാൽ നൂറിൽ മുപ്പത്തഞ്ചു മാർക്കിടും. പിന്നെ ചില തെറ്റുകൾക്കു് മാർക്ക് കുറയ്ക്കുകയും ചെയ്യും. ആ തെറ്റുകൾ:

  1. ജീവിതദർശന വാചകത്തിൽ (പുറം 32, കോളം 1)—Sentence എന്ന അർത്ഥത്തിൽ വാചകമെഴുതുന്നതു തെറ്റു്. വാക്യം എന്നു വേണം.
  2. മുമ്പു തന്നെ (കോളം 2)—മുൻപു് എന്നതു ശരി.
  3. സാമൂഹ്യ… (പുറം 33, കോളം 1)—സാമൂഹികം എന്നു വേണം.
  4. ഉദ്ഗാതാവുമായിരിക്കണം (കോളം 3)—യാഗം നടത്തുമ്പോൾ സാമവേദ മന്ത്രങ്ങൾ ചൊല്ലുന്നവനാണു് ഉദ്ഗാതാവു്. സ്തോതാവു് എന്നാകാം.
  5. കാവ്യപന്ഥാവിലൂടെ (പുറം 34, കോളം 2)—പന്ഥാവു് സമാസത്തിൽ പഥമെന്നാകും. താരാപഥം, സാഹിത്യപഥം, സഞ്ചാരപഥം ഇനിയുമുണ്ടു് തെറ്റുകൾ. അവ പോകട്ടെ. ഒരു തെറ്റിനു രണ്ടു മാർക്ക് എന്ന കണക്കു വച്ചു് പത്തു മാർക്ക് കുറയ്ക്കാം. (5 × 2 = 10). അപ്പോൾ ടോണി മാത്യു എന്ന കോളേജ് സ്റ്റുഡന്റിനു് കിട്ടുന്ന മാർക്ക് നൂറിൽ ഇരുപത്തഞ്ച് (പ്രബന്ധം മാതൃഭൂമി ആഴ്ച്ചപതിപ്പിൽ).
കാലനും ബോധക്കേട്

തിരുവനന്തപുരത്തു് മാതൃഭൂമി ആഴ്ച്ചപ്പതിപ്പു് കിട്ടുന്നതു് ചൊവ്വാഴ്ച്ചയാണു്. അന്നു തന്നെ ഞാനതു വായിച്ചു തീർക്കും. ബുധനാഴ്ച്ച സാഹിത്യവാരഫലം എഴുതി തുടങ്ങും. അപ്പോഴേക്കും ഓരോ വാരികയായി വരും. മാതൃഭൂമി ആഴ്ചപ്പതിപ്പു് വായിച്ച ദിവസം രാത്രി ഞാനൊരു സ്വപ്നം കണ്ടു. ഞാൻ മരിച്ചു. പോത്തിന്റെ പുറത്തു് കയറുമായി ഇരിക്കുന്ന കാലന്റെ മുൻപിൽ എന്നെ കൊണ്ടു ചെന്നിരിക്കുകയാണു് കാലദൂതന്മാർ.

രക്തരൂക്ഷിതങ്ങളായ കണ്ണുകൾ കൊണ്ടു് കാലൻ എന്നെ നോക്കിയിട്ടു് പറഞ്ഞു: എടാ, സാഹിത്യവാരഫലമെഴുതിയ നിന്നെ തിളച്ച എണ്ണ നിറച്ച ചെമ്പുകിടാരത്തിലിട്ടു് പൊരിക്കേണ്ടതാണു്. എങ്കിലും മലയാള വാരികകളിലെ ചെറുകഥകൾ വായിച്ച നീ പാപവിമുക്തനായി തീർന്നിരിക്കുകയാണു്. അതുകൊണ്ടു് ഒരു കൊല്ലം കൂടി നീ ഭൂമിയിൽ ജീവിച്ചു കൊള്ളൂ. നിനക്കു് എവിടെ പോകണം? തിരുവനന്തപുരത്തേക്കു തന്നെ അയയ്ക്കട്ടോ?

ഞാൻ വിറച്ചു കൊണ്ടു മറുപടി പറഞ്ഞു: പ്രഭോ എന്നെ തിരുവനന്തപുരത്തു് അയയ്ക്കരുതേ. അവിടേക്കല്ല ഇന്ത്യയിലേക്കു തന്നെ അയയ്ക്കരുതേ. വേറെ ഏതു രാജ്യത്തു വേണമെങ്കിലും പൊയ്ക്കൊള്ളാം.

കാലൻ ചോദിച്ചു: എന്തെടാ ഇന്ത്യയോടും കേരളത്തോടും കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തോടും ഇത്ര വെറുപ്പു്?

ഞാൻ മറുപടി നൽകി: പ്രഭോ തിരുവനന്തപുരത്താണെങ്കിൽ കാലത്തു് വെള്ളം കിട്ടുകയില്ല. ടാപ്പു് തുറന്നാൽ ‘ശൂ’ എന്നൊരു ശബ്ദം മാത്രം. ചൂടുകാലത്തു് ദിവസം പത്തു തവണയെങ്കിലും വിദ്യുത്ച്ഛക്തി പോകും. കാലത്തു തൊട്ടു വൈകുന്നേരം വരെ പിരിവുകാർ വന്നു കൊണ്ടിരിക്കും. അരി വാങ്ങാനുള്ള പണമെടുത്തു് അവർക്കു് കൊടുത്തിട്ടു് പട്ടിണി കിടക്കേണ്ടതായി വരും. ബസ്സിൽ തിരക്കു കാരണം യാത്ര വയ്യ. ഓട്ടോറിക്ഷയിലും ഇപ്പോൾ കേറാൻ വയ്യ. അത്രയ്ക്കു് കൂടുതലാണു് കൂലി. ഞായാറാഴ്ച്ച ആണെങ്കിൽ ‘റിപ്പയർ’ എന്നു പറഞ്ഞു് ഇലക്ട്രിസിറ്റി തുടർച്ചയായിട്ടു് ഇല്ലേയില്ല. വടക്കേയിന്ത്യയിൽ പോയാൽ അങ്ങയുടെ തീരുമാനത്തെയും ലംഘിച്ചു് ഭീകരർ വെടിവച്ചു കൊന്നു കളയും. പിന്നെ ഇവയെക്കാൾ ഭയങ്കരമായ ഒരു കാര്യം കൂടിയുണ്ടു്.

കാലൻ: അതെന്താണു്?

ഞാൻ: എം. ഡി. രാധിക എന്നൊരു പെൺകുട്ടി ചെറുകഥകൾ എഴുതുന്നു. കേരളത്തിൽ താമസിച്ചാൽ അവ വായിക്കേണ്ടി വരും.

കാലൻ: എന്തെടാ എഗ്സാജെറേറ്റ് ചെയ്യുന്നതു?

ഞാൻ: ഇല്ല പ്രഭോ, നാല്പതാം ലക്കം മാതൃഭൂമി ആഴ്ചപതിപ്പിൽ ‘പ്രതികാരം’ എന്നൊരു കഥയുണ്ടു് അവരുടേതായി. അതൊന്നു് അങ്ങു വായിക്കൂ”.

ഒരു നിമിഷംകൊണ്ടു് എന്റെ വീട്ടിലെ ചവറ്റുകുട്ടയിൽ ഞാൻ കീറിയിട്ടിരുന്ന ഈ കഥയുള്ള നാല്പത്തിരണ്ടാം പുറം ഒരു കാലാനുചരൻ കൊണ്ടുവന്നു. സർവഭാഷാ വിശാരദനായ യമധർമ്മൻ അതൊന്നു വായിച്ചു. അദ്ദേഹം പോത്തിന്റെ പുറത്തുനിന്നു് ബോധശൂന്യനായി നിലം പതിച്ചു. ഞാൻ കണ്ണു തുറന്നു. കാലനു് ബോധം തിരിച്ചു കിട്ടിയോ ഇല്ലയോ എന്നു് എനിക്കറിഞ്ഞുകൂടാ.

ചോദ്യം, ഉത്തരം

ചോദ്യം: നിങ്ങൾ വ്യാകരണതെറ്റുകൾ എടുത്തു കാണിക്കുന്നല്ലോ. നിങ്ങളെഴുതുന്നതിൽ തെറ്റുകളില്ലേ?

ഉത്തരം: ഇല്ലെന്നു് ആരു പറഞ്ഞു? ഈ ലേഖനത്തിൽ തന്നെ claim, right എന്ന അർത്ഥത്തിൽ അവകാശമെന്നു് ഞാൻ എഴുതിയിട്ടുണ്ടു്. സ്ഥലം എന്ന അർത്ഥത്തിലാണു് സംസ്കൃതത്തിൽ അവകാശം പ്രയോഗിക്കുക.

ചോദ്യം: വലിയ നൈരാശ്യമുണ്ടാകുന്നതു് എപ്പോൾ?

ഉത്തരം: വളരെ നേരമായി വീട്ടിൽ വന്നിരുന്നു ബോറടിക്കുന്ന പരിചയക്കാരൻ പോകാറാവുമ്പോൾ മഴ കോരിച്ചൊരിയാൻ തുടങ്ങിയാൽ. വിശേഷിച്ചും അയാൾക്കു കുടയില്ലാതെയിരിക്കുമ്പോൾ.

ചോദ്യം: ഭാര്യയും കാമുകിയും തമ്മിൽ വ്യത്യാസമെന്തു് ?

ഉത്തരം: കാമുകിയോടു് അവൾ സുന്ദരിയാണെന്നു് വല്ലപ്പോഴുമൊരിക്കൽ കള്ളം പറഞ്ഞാൽ മതി. ഭാര്യയോടാണെങ്കിൽ അവൾ വയ്ക്കുന്ന കൂട്ടാനു് നല്ല സ്വാദാണെന്നു് എപ്പോഴും കള്ളം പറയണം.

ചോദ്യം: സ്ത്രീ വെറുക്കുന്ന സംബോധന?

ഉത്തരം: അമ്മൂമ്മ എന്നതു്.

ചോദ്യം: മത്സരപരീക്ഷ ജയിച്ചു് വലിയ ഉദ്യോഗസ്ഥനായാൽ?

ഉത്തരം: വല്ലാതെ വീർക്കും.

ചോദ്യം: മുഖ്യമന്ത്രിയായിരുന്ന കരുണാകരൻ ഈശ്വരവിശ്വാസിയാണെന്നതിനു തെളിവു് അദ്ദേഹം ഗുരുവായൂരമ്പലത്തിൽ പതിവായി തൊഴാൻ പോകുന്നു എന്നതല്ലേ?

ഉത്തരം: അല്ല. അദ്ദേഹം കാറിൽ വളരെ വേഗത്തിൽ പോകുന്നു എന്നതാണു്.

ചോദ്യം: ഈ ലോകത്തെ ഏറ്റവും ദയനീയമായ കാഴ്ചയേതു?

ഉത്തരം: മഹാദുഃഖത്തിനു വിധേയയായ സ്ത്രീ. അവൾ നിലവിളിക്കില്ല. കണ്ണീരൊഴുക്കില്ല. എങ്കിലും അവളെ കാണുമ്പോൾ നമ്മൾ ഞെട്ടും.

ചോദ്യം: വൈലോപ്പിള്ളി യും ചങ്ങമ്പുഴ യും തമ്മിലെന്തേ വ്യത്യാസം?

ഉത്തരം: വൈലോപ്പിള്ളിയുടെ കവിത ഇന്റലെക്ച്വലാണു്. ചങ്ങമ്പുഴയുടെ കവിത ഇന്റ്യൂഷന്റേതും. ആദ്യത്തേതു് ബുദ്ധിപരം. രണ്ടാമത്തേതു് സഹജാവബോധത്തോടു ബന്ധപ്പെട്ടതു്.

ചോദ്യം: രണ്ടും നിലനിൽക്കില്ലേ?

ഉത്തരം: ധിഷണയോടു ബന്ധപ്പെട്ടതു് അതിന്റെ ആവിർഭാവ കാലത്തു് ആഹ്ലാദജനകമാവും. പിന്നീടു് അതിന്റെ പ്രാധാന്യം പോകും. സഹജാവബോധത്തോടു ബന്ധപ്പെട്ടതു് ആദ്യം പ്രതിഷേധം ക്ഷണിച്ചുവരുത്തും. കാലം ചെല്ലുന്തോറും ആളുകളെ ആഹ്ലാദിപ്പിക്കുമതു്.

അതിഭാവുകത്വം

ലൂക്കാച്ച് മാർക്സിസ്റ്റായിരുന്നെങ്കിലും സാഹിത്യത്തെക്കുറിച്ചു് വിശാലമായ വീക്ഷണഗതിയാണു് അദ്ദേഹത്തിനുണ്ടായിരുന്നതു്. സമൂഹത്തിന്റെ ഘടനയെ ഭാവനയുടെ സഹായത്തോടെ അപഗ്രഥിക്കുമ്പോഴാണു് സാഹിത്യം ഉത്കൃഷ്ടമാകുന്നതെന്നും അങ്ങനെ പ്രവർത്തിച്ചവരാണു് യഥാർത്ഥ റീയലിസ്റ്റുകളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബൽസാക്കി നെയും ടോൾസ്റ്റോയി യെയും അദ്ദേഹം ആ നിലയിൽ പ്രശംസിച്ചു. കാണുന്നതൊക്കെ പകർത്തിവയ്ക്കുന്ന സൊല (Zola) യെപ്പോലുള്ള നാച്ചുറലിസ്റ്റുകളെ നിന്ദിക്കുകയും ചെയ്തു. കലാശക്തിയിൽ സൊലയുടെ അടുത്തെങ്ങും വരില്ല മാക്സിം ഗോർക്കി. പക്ഷേ, സമൂഹഘടനയെ അപഗ്രഥിച്ച റീയലിസ്റ്റെന്ന നിലയിൽ ഗോർക്കി അദ്ദേഹത്തിനു് ‘ഗ്രെയ്റ്റ് റൈറ്ററാ’യി. ഈ തെറ്റു തിരുത്താൻ വളരെക്കാലം വേണ്ടിവന്നു ലൂക്കാച്ചിനു്.

സമീകരിച്ചു പറയുകയല്ല. കലാകൗമുദിയിൽ “വാസന്തി” എന്ന കഥയെഴുതിയ അനിൽ വള്ളിക്കാടിനു് സാഹിത്യത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണ നീങ്ങാൻ ഇനി എത്രകാലം വേണ്ടിവരുമെന്നു് അദ്ദേഹത്തിനേ അറിഞ്ഞുകൂടൂ. ഒരു പഴയ പ്രേമവും അല്പം സഹശയനവും പിന്നീടു് ഭ്രാന്തും വർണ്ണിച്ചാൽ സാഹിത്യമാകുമെന്ന ഭീമമായ തെറ്റിദ്ധാരണയിലാണു് അദ്ദേഹം. റീയലിസത്തിനുമപ്പുറത്തുള്ള സൂപർ റിയാലിറ്റിയിലേക്കു നയിക്കുന്നതാണു് ഏതു സാഹിത്യസൃഷ്ടിയും. അനിൽ വള്ളിക്കാടിന്റെ കഥയാവട്ടെ നമ്മളെ സെന്റിമെന്റലിസത്തിന്റേയും അതിന്റെ സന്തതിയായ അവാസ്തവികതയിലേക്കും തള്ളിയിടുന്നു.

മുപ്പത്തഞ്ചുകൊല്ലം അയാൾ അവളുടെ അലട്ടൽ സഹിച്ചു. ‘ഇനി വയ്യ’ എന്നു കരുതി ഒരു പുതിയ നേരിയതുമുടുത്തു മുറിയിൽ കയറി തട്ടിലെ വളയത്തിൽ അതു കെട്ടി. മറ്റേയറ്റത്തു കുരുക്കുണ്ടാക്കി കഴുത്തിലിട്ടപ്പോഴാണു് ഭാര്യ അവിടേക്കു വന്നതു്. അവൾ ചോദിച്ചു: “ഇതിനു് കോടി പോകാത്ത ഈ പുതിയ നേരിയതേ കണ്ടുള്ളോ നിങ്ങൾ?” പൈങ്കിളി പ്രായങ്ങളായ കഥകൾ നല്ല വാരികകളിൽ പ്രസിദ്ധപ്പെടുത്തുന്ന കഥാകാരന്മാരോടു് ഈ ‘പെമ്പ്രന്നോരു’ടെ ചോദ്യമാണു് ചോദിക്കേണ്ടതു്.

അഭിനന്ദനാർഹം
images/KrishnapillaiChangampuzha.jpg
ചങ്ങമ്പുഴ കൃഷ്ണപിള്ള

ചങ്ങമ്പുഴ നിസ്തുലനായ ഭാവാത്മക കവിയാണു്. അദ്ദേഹത്തിന്റെ കാവ്യങ്ങളിലെ ഭാവാത്മകത കേരളത്തിലെ വേറൊരു കവിയുടെ കാവ്യത്തിലുമില്ല. അനുഭവത്തിന്റെയും ദർശനത്തിന്റെയും (Vision) ചാരുതയാർന്ന ആവിഷ്കാരമാണു് അദ്ദേഹത്തിന്റെ കാവ്യങ്ങൾ. ‘മനസ്വിനി’, ‘കാവ്യനർത്തകി’ ഈ കാവ്യങ്ങളിൽ കാണുന്ന സർഗ്ഗവൈഭവം കീറ്റ്സ്, ഷെല്ലി ഈ കവികൾക്കുപോലും കൊതിക്കത്തക്കതാണു്. ‘മഗ്ദലനമറിയം’, ‘അച്ഛനും മകളും’, ‘നളിനി’, ‘ലീല’ ഇവ പോലുള്ള ക്രീയേറ്റീവായ കൃതികൾ കൂടി ചങ്ങമ്പുഴ രചിച്ചിരുന്നെങ്കിൽ അദ്ദേഹം മഹാകവിയായി കൊണ്ടാടപ്പെടുമായിരുന്നു. ‘രമണൻ’ രചിച്ച കവി ക്രീയേറ്റീവല്ല എന്നു പറയാൻ വയ്യ. എങ്കിലും വള്ളത്തോളിന്റെയും കുമാരനാശാന്റെയും ആ കൃതികൾക്കുള്ള ‘വിശാലമനുഷ്യത്വം’ രമണനു് ലഭിച്ചില്ല. അസുലഭ സിദ്ധികളാർന്ന ഈ കവിയെ ആദരിക്കാനായി ഗ്രന്ഥശാലാസംഘം പ്രസാധനം ചെയ്ത ചങ്ങമ്പുഴ ജന്മവാർഷികപ്പതിപ്പു് ഒന്നാന്തരമെന്നേ പറഞ്ഞുകൂടൂ. വിദ്വജ്ജനോചിതങ്ങളായ ലേഖനങ്ങൾ, ചങ്ങമ്പുഴയുടെ മാനസികലോകത്തെ സ്പഷ്ടമാക്കിത്തരുന്ന അദ്ദേഹത്തിന്റെ കത്തുകൾ, കവിയുടെ സ്വഭാവസവിശേഷതകൾ വ്യക്തമാക്കുന്ന പ്രബന്ധങ്ങൾ, അദ്ദേഹത്തിന്റെ “അപ്രകാശിത കാവ്യങ്ങൾ” ഇവയെല്ലാം ഇതിലുണ്ടു്. ചങ്ങമ്പുഴയുടെ കൈയക്ഷരത്തിലുള്ള ‘മൃതി’ എന്ന ജാപ്പനീസ് നാടകത്തിന്റെ തർജ്ജമയും ഇതിൽ ചേർത്തിരിക്കുന്നു. ഈ കൈയെഴുത്തുപ്രതി കണ്ടുപിടിച്ചതു് പ്രൊഫസർ കവിയൂർ ലീലയാണു്. ചങ്ങമ്പുഴയ്ക്കിഷ്ടപ്പെട്ട വയലിറ്റ് മഷിയിൽത്തന്നെ അതു് മാസികയിൽ അച്ചടിച്ചിരിക്കുന്നു. കവിയുടെയും കുടുംബത്തിന്റെയും പല ഫോട്ടോകളും ഉചിതജ്ഞതയോടെ ഇതിൽ ചേർത്തിട്ടുണ്ടു്. എല്ലാംകൊണ്ടും സൂക്ഷിച്ചുവയ്ക്കേണ്ട പ്രസാധനമാണിതു്. ഇതു് ഇമ്മട്ടിൽ പ്രസിദ്ധപ്പെടുത്തിയ ഗ്രന്ഥശാലാസംഘവും പത്രാധിപന്മാരായ മനയത്തു ചന്ദ്രനും പിരപ്പൻകോടു മുരളി യും അഭിനന്ദനം അർഹിക്കുന്നു.

തിരിച്ചു പോകുമോ ഭവാൻ

വളരെ വിചിത്രമായ ഒരു കഥ ഞാൻ എവിടെയോ വായിച്ചു. ആ ചുവന്ന മനുഷ്യൻ കാലത്തു ഉണർന്നു. ചുവന്ന ജന്നൽ കർട്ടൻ നീക്കി ചുവന്ന സൂര്യനെ നോക്കി. ചുവന്ന വസ്ത്രങ്ങൾ ധരിച്ചു് ചുവന്ന വീട്ടിൽ നിന്നിറങ്ങി. ചുവന്ന മാരുതിക്കാറിൽ കയറി ചുവന്ന ഓഫീസിലെത്തി. ചുവന്ന ഭാര്യയോടു വഴക്കുകൂടി അവിടെയെത്തിയ അയാൾ ചുവന്ന പിടിയുള്ള കത്തിയെടുത്തു കൈത്തണ്ടയിലെ ചുവന്ന ധമനി മുറിച്ചു. ചുവന്ന രക്തം ഒഴുകി. ചുവന്ന സാരി ധരിച്ച സെക്രട്ടറി അവിടെ വന്നു. അവൾ ചുവന്ന ഫോൺ കറക്കി ചുവന്ന ആശുപത്രിയിലേക്കു വിളിച്ചു. ചുവന്ന ആംബുലൻസ് വന്നു. ചുവന്ന ആശുപത്രി ജീവനക്കാർ അയാളെ എടുത്തു വാനിനകത്തു കിടത്തി. ചുവന്ന ആശുപത്രിയിലെ ചുവന്ന ഓപ്പറേഷൻ തീയറ്ററിൽ അയാളെ കൊണ്ടുചെന്നു. ചുവന്ന വസ്ത്രം ധരിച്ച നേഴ്സുകൾ ചുറ്റും നിന്നു. അപ്പോഴാണു് വെളുത്ത വസ്ത്രം ധരിച്ച ഡോക്ടർ വന്നതു്. “ഞാൻ ഇവിടെ വരാനുള്ളവനല്ല” എന്നു പറഞ്ഞു് അയാൾ ഇറങ്ങിപ്പോയി. വർണ്ണോജ്ജ്വലമായ കഥാലോകത്തു് വർണ്ണരഹിതമായ ഒരു കഥയുമായി ശിഹാബുദ്ദീൻ പൊയ്ത്തുംകടവു് കടന്നു വരുന്നു (ജനയുഗം വാരിക നോക്കിയാൽ ഈ ആഗമനം കാണാം). തന്റെ തെറ്റു മനസ്സിലാക്കി കഥാകാരൻ തനിയെ അങ്ങ് തിരിച്ചു പോകുമോ?

images/CKeshavan.jpg
സി. കേശവൻ

പട്ടം താണുപിള്ള പ്രധാനമന്ത്രി (അന്നു മുഖ്യമന്ത്രി എന്നല്ല പറയുക) സി. കേശവൻ, ടി. എം. വർഗ്ഗീസ് ഇവർ മന്ത്രിമാർ. ആദ്യത്തെ ആ മന്ത്രിസഭ ഭരണം നടത്തുമ്പോൾ വടക്കു് ഒരു ലാത്തിച്ചാർജ്ജ് ഉണ്ടായി. ക്ഷതമേറ്റവരെ കോട്ടയം ആശുപത്രിയിൽ കിടത്തിയിരിക്കുന്നുവെന്നു് അറിഞ്ഞ സി. കേശവൻ അവരെ കാണാൻ ചെന്നു. ഡി. എസ്. പി., മന്ത്രിയുടെ അടുത്തുതന്നെ നില്ക്കുന്നുണ്ടു്. മുറിവേറ്റവരെ കണ്ടപ്പോൾ സി. കേശവനു ദുഃഖമുണ്ടായി. അദ്ദേഹം “അസഹനീയം, അസഹനീയം നിങ്ങളിതു കാണുന്നില്ലേ?” എന്നു പോലീസ് ഓഫീസറോടു് ചോദിച്ചു. അന്നു പത്രത്തിൽ വായിച്ചതാണു് ഇതു്. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ബേക്കറും ചന്ദ്രിക ആഴ്ചപ്പതിപ്പിൽ ബാവ താനൂരും വരക്കുന്ന “ഹാസ്യചിത്രങ്ങൾ” കണ്ടു ക്ഷതം പറ്റിയിരിക്കുന്ന വായനക്കാരെ ലക്ഷ്യമാക്കി ഞാൻ പത്രാധിപന്മാരോടു് ചോദിക്കട്ടെ: “അസഹനീയം, അസഹനീയം നിങ്ങളൊക്കെ ഇതു കാണുന്നില്ലേ? വാരിക പണം കൊടുത്തു വാങ്ങുന്നവരെ ഇങ്ങനെ ലാത്തിച്ചാർജ്ജ് നടത്തി കൈയും കാലും ഒടിക്കാമോ?” (ഇത്രയും എഴുതിക്കഴിഞ്ഞപ്പോഴാണു് ദീപിക ആഴ്ചപ്പതിപ്പു് കിട്ടിയതു്. അതിൽ പരശുവും ബേക്കർ സായിപ്പിന്റെ ഹാസ്യചിത്രങ്ങളെ വിമർശിച്ചിരിക്കുന്നതു് കണ്ടു).

തൃതീയ പ്രകൃതി

ലൂക്കാച്ച് മാർക്സിസ്റ്റായിരുന്നെങ്കിലും സാഹിത്യത്തെക്കുറിച്ചു വിശാലമായ വീക്ഷണഗതിയാണു് അദ്ദേഹത്തിനുണ്ടായിരുന്നതു്. സമൂഹത്തിന്റെ ഘടനയെ ഭാവനയുടെ സഹായത്തോടെ അപഗ്രഥിക്കുമ്പോഴാണു് സാഹിത്യം ഉത്കൃഷ്ടമാകുന്നതെന്നും അങ്ങനെ പ്രവർത്തിച്ചവരാണു് യഥാർത്ഥ റീയലിസ്റ്റുകളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു

സി. വി. കുഞ്ഞുരാമൻ, ഈ. വി. കൃഷ്ണപിള്ള, എം. ആർ. നായർ (സഞ്ജയൻ), കുട്ടികൃഷ്ണമാരാർ ഇവരാണു് നല്ല ഗദ്യകാരന്മാർ. ഇംഗ്ലീഷിൽ സ്വിഫ്റ്റ്, ബർനാർഡ് ഷാ, ബർട്രൻഡ് റസ്സൽ, ആൽഡസ് ഹക്സിലി ഇവരെ സമീപിക്കുന്ന ഗദ്യകാരന്മാർ ഇല്ല. I have heard of a man who had a mind to sell his house, and therefore carried a piece of brick in his pockets, which he showed as a pattern to encourage purchasers എന്ന സ്വിഫ്റ്റിന്റെ വാക്യം നോക്കുക. അനായാസമായി വാക്കുകൾ വന്നു വീഴുന്നു. അവ ലയത്തിലൂടെ ഒഴുകുന്നു. നേരിയ ഹാസ്യം അതിനു തിളക്കം നൽകുന്നു. ഭാവനാത്മകമായ ഗദ്യം സാധാരണമായ ഗദ്യത്തിൽ നിന്നു് അല്പം വിഭിന്നമാണു് എന്നു ഞാൻ സമ്മതിക്കുന്നു. എങ്കിലും അതു് താഴെച്ചേർക്കുന്ന ഗദ്യംപോലെയാകുമോ?

images/HLMencken1928.jpg
എച്ച്. എൽ. മെങ്കൻ

“കൊടുംപാപത്തിന്റെ ശില പിളർന്നു മരിക്കുന്ന താഴ്‌വരയിലെ തീർത്ഥതീരത്തു നിന്നു നിഴലുകളുടെ മയക്കത്തിലേയ്ക്കു കയറുമ്പോൾ ഈ ഓർമ്മ കണ്ണീരാവുന്നു” (ആറ്റിങ്ങൽ വിജയൻ കുങ്കുമം വാരികയിൽ എഴുതിയ ‘സംക്രമദിനത്തിലെ പൂവുകൾ എന്ന ചെറുകഥയുടെ തുടക്കം) തൃതീയ പ്രകൃതികളായ ഈ വാക്കുകൾ കൊണ്ടു് എന്തു പ്രയോജനം? എഴുത്തുകാർ ഇങ്ങനെ വായനക്കാർക്കു “ചിന്താക്കുഴപ്പം” ഉണ്ടാക്കുന്നതെന്തിനാണു്?

സംഭവങ്ങൾ
  1. അമേരിക്കൻ സാഹിത്യനിരൂപകനായ എച്ച്. എൽ. മെങ്കൻ: “മാഥമാറ്റിക്സ് അനുസരിച്ചു് ഗർഭധാരണം ഒഴിവാക്കാൻ കത്തോലിക്കാ സ്ത്രീകൾക്കു് ഇന്നു് നിയമപരമായി അവകാശമുണ്ടു്. പക്ഷേ, അവർ ഫിസിക്സിനെയും കെമിസ്ട്രിയെയും ആശ്രയിച്ചുകൂടാ” (ഓർമ്മയിൽ നിന്നെഴുതുന്നതു്).
  2. ചങ്ങമ്പുഴക്കവിതയെക്കുറിച്ചു് സംസാരിക്കുന്നതിനിടയിൽ ജി. ശങ്കരക്കുറുപ്പു് എന്നോടു്: “ഉത്സവസ്ഥലത്തു് പോകുമ്പോൾ യാദൃച്ഛികമായി കിട്ടുന്ന സ്പർശം ജനിപ്പിക്കുന്ന ആഹ്ലാദമാണു് കവിത നൽകേണ്ടതെന്നു നിങ്ങൾ വിചാരിക്കരുതു്”.
  3. കാലത്തു കുളിക്കാതെ ഇരിക്കുന്ന എന്റെ പടമെടുക്കാൻ ക്യാമറയുമായി വന്ന ഒരു പെൺകുട്ടിയോടു് ‘ഇപ്പോൾ ഫോട്ടോ എടുക്കണ്ട. ഞാൻ കുളിച്ചില്ല’ എന്നു പറഞ്ഞപ്പോൾ: “കുളിക്കാതെയിരിക്കുമ്പോൾ പടമെടുക്കുന്നതാണു് നല്ലതു്. കുളിച്ചിട്ടെടുത്താൽ കോഴിയെപ്പോലിരിക്കും”.
  4. ഒരു തെറ്റും ചെയ്യാതെ, ഒരു കള്ളം പോലും പറയാതെ ജീവിക്കുന്ന ഒരാളിനെക്കുറിച്ചു് പി. കേശവദേവ് എന്നോടു്: “അങ്ങേരു് ഒരു നാരായണമാണു്. പക്ഷേ, ഒരു സുന്ദരിപ്പെണ്ണിന്റെ കടക്കണ്ണേറു് ഏറ്റാൽ വീണുപോകും”.
  5. സംസ്ക്കൃത കോളേജ്ജിലെ ചില വിദ്യാർത്ഥികളെ നാടകം റെക്കോർഡിങ്ങിനായി ആകാശവാണിയിൽ ഞാൻ കൊണ്ടു ചെന്നു. ‘വടിയും കുടയുമെടുത്തുകൊണ്ടു് അയാൾ പോയി’ എന്നു് പറയുന്നതിനു പകരം ഒരു വിദ്യാർത്ഥി ‘ വടിയും കുടിയുമെടുത്തുകൊണ്ടു് പോയി’ എന്നു പറഞ്ഞു (നാടകം ടേപ്പിലെടുത്തുകൊണ്ടിരുന്നയാൾ—കരമന ഗംഗാധരൻ നായരാണെന്നു തോന്നുന്നു—ചിരിച്ചുകൊണ്ടു് ഓടി).
പുനത്തിൽ കുഞ്ഞബ്ദുള്ള

മഹാത്മാഗാന്ധി ജീവിച്ചിരുന്ന കാലത്തു ജീവിച്ചവനാണു് ഞാൻ. അദ്ദേഹത്തെ ഞാൻ കണ്ടിട്ടുണ്ടു്. രണ്ടു വാക്കു് അദ്ദേഹം എന്നോടു് പറഞ്ഞു എന്നൊക്കെ അഭിമാനത്തോടെ ഞാൻ ഉദ്ഘോഷിക്കും. അതുപോലെ ജവഹർലാൽ നെഹ്റു പ്രധാനമന്ത്രിയായിരുന്ന ഇന്ത്യയിൽ ജീവിച്ചവനാണു് ഞാൻ എന്നും അഭിമാനഭരിതമായ ശബ്ദത്തിൽ പറയും. തേജസ്വിയായ അദ്ദേഹത്തെ ദൂരെ നിന്നെങ്കിലും പലതവണ ഞാൻ കണ്ടിട്ടുണ്ടു് എന്നും പ്രഖ്യാപിക്കും. ഇന്നു ഭരണയന്ത്രം ശബ്ദായമാനമായി ഉരുളുമ്പോൾ, അതു് ദിഗന്തങ്ങളെ പ്രകമ്പനം കൊള്ളിക്കുമ്പോൾ, ഭാരതത്തിലെ ജനത ആ നിർഘോഷം കേട്ടു് ഞെട്ടിവിറക്കുമ്പോൾ, പഞ്ചാബിലെ ഓരോ നിരപരാധിയായ പൗരനും മരണത്തിന്റെ സാന്നിധ്യം അനവരതം അറിയുമ്പോൾ ഗാന്ധിജിയെയും നെഹ്റുവിനെയും ആ പൗരനും നമ്മളും ഓർമ്മിക്കാതിരിക്കില്ല. സെൻസിറ്റീവായ ഹൃദയം ഉള്ള ഒരു എഴുത്തുകാരൻ അതറിഞ്ഞു എന്നതിനു തെളിവാണു മനോരമ ആഴ്ചപ്പതിപ്പിലെ ‘നെഹ്റുവിനെ കണ്ടെത്തൽ’ എന്ന ലേഖനം. ലേഖനകർത്താവായ പുനത്തിൽ കുഞ്ഞബ്ദുള്ള നെഹ്റുവിനെയും ഇന്ദിരാഗാന്ധി യെയും കണ്ടതിന്റെ ആകർഷകമായ വർണ്ണനമാണിതു്. മഹനീയവും മാനസികോന്നമനം ജനിപ്പിക്കുന്നതുമായ പരിതഃസ്ഥിതികളിൽ മഹാനായ നെഹ്റു എങ്ങനെ സഞ്ചരിച്ചു, എങ്ങനെ പെരുമാറി എന്നതു ഗ്രഹിക്കുമ്പോൾ നമുക്കു് അന്യൂനസ്വഭാവം കൈവരുന്നു. ഇമ്മാതിരി ലേഖനങ്ങൾ എപ്പോഴും സ്വാഗതാർഹങ്ങളത്രേ.

images/Gurdjieff1922.jpg
ഗർദ്ദേവ്

റഷ്യൻ മിസ്റ്റിക് ഗർദ്ദേവ് പറഞ്ഞ കഥ. ഒരിടത്തു് ഒരു മാന്ത്രികനുണ്ടായിരുന്നു. അയാൾക്കു് ആയിരമാടുകളും. ഓരോ ആടിനെയും അയാൾ കൊന്നു തിന്നുന്നതു കണ്ടു് ആടുകൾ കാട്ടിലേയ്ക്കു് ഓടിക്കളഞ്ഞു. മാന്ത്രികവിദ്യകൊണ്ടു് അവയെ തിരിച്ചു കൊണ്ടു് വന്നിട്ടു് അയാൾ ഒരാടിനോടു് പറഞ്ഞു: ‘നീ ആടല്ല, സിംഹമാണു്.’ വേറൊരാടിനോടു്: ‘നീ ആടല്ല കടുവയാണ്!’. എങ്ങനെ എല്ലാ ആടുകളോടും ഓരോന്നു പറഞ്ഞു. കാലത്തു് ആടു് വധിക്കപ്പെടുമ്പോൾ മറ്റുള്ളവ “ഞാൻ സിംഹമല്ലേ? ഞാൻ കടുവയല്ലേ? എന്നെക്കൊല്ലാൻ ഒക്കുകയില്ല, ഇന്നു വധിക്കപ്പെട്ടതു് ‘ആടുമാത്രം’ എന്നു സമാധാനിച്ചു. മലയാളത്തിലെ മാന്ത്രികരായ നിരൂപകർ ക്ഷുദ്രസാഹിത്യകാരന്മാരോടു താങ്കൾ സിംഹമാണു്, കടുവയാണു്” എന്നൊക്കെ പറയുന്നു. സൗകര്യം കിട്ടുമ്പോൾ അവർ അവരെ ആടായിത്തന്നെ കണ്ടു വധിക്കുകയും ചെയ്യും.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1989-01-08.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 6, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.