സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1989-06-18-ൽ പ്രസിദ്ധീകരിച്ചതു്)

images/Isadorakids.jpg

വിശ്വവിഖ്യാതയായ നർത്തകിയായിരുന്നു ഇസഡോറ ഡങ്കൻ (1878–1927). അവർ നൃത്തപരിശീലനത്തിനു പോകുന്നതിനുമുൻപു് സ്വന്തം കുഞ്ഞുങ്ങളെ നേഴ്സിനോടൊരുമിച്ചു് വീട്ടിലേക്കു് അയച്ചു. നേഴ്സും രണ്ടു് കുഞ്ഞുങ്ങളും സഞ്ചരിച്ചിരുന്ന കാറ് വഴിക്കു വച്ചു നിന്നു പോയി. ‘റിവേഴ്സ് ഗിയറി’ലാണു് കാറ് ഇട്ടിരിക്കുന്നതെന്നതു് മറന്ന ഡ്രൈവർ അതിൽ നിന്നിറങ്ങി സ്റ്റാർട്ട് ചെയ്യാൻ ശ്രമിച്ചു. മോട്ടോർ പെട്ടെന്നു് പ്രവർത്തിച്ചു. വാഹനം വേഗത്തിൽ പിറകോട്ടു പോയി സെൻ (Sein) നദിയിലേക്കു വീണു. പതിനഞ്ചടിയായിരുന്നു കരയോടു് അടുപ്പിച്ച വെള്ളത്തിന്റെ താഴ്ച. ഇസഡോറയുടെ ഭർത്താവു് സിങ്ങർ റിഹേഴ്സൽ നടക്കുന്ന സ്ഥലത്തുചെന്നു പറഞ്ഞു: “കുഞ്ഞുങ്ങൾ, കുഞ്ഞുങ്ങൾ മരിച്ചു”. ഓടുന്ന കാറിന്റെ ചക്രത്തിൽ സ്കാർഫ് ചുറ്റി ശ്വാസം മുട്ടി മരിക്കുന്നതു വരെ ഇസഡോറ ആ തകർച്ചയിൽനിന്നു രക്ഷനേടിയില്ല. കുഞ്ഞുങ്ങളുടെ മരണത്തിനു ശേഷം ഒരു സായാഹ്നത്തിൽ ഇസഡോറ കടൽക്കരയിലൂടെ നടക്കുകയായിരുന്നു. തന്റെ രണ്ടു് കുഞ്ഞുങ്ങളും കൈകോർത്തുപിടിച്ചു നടക്കുന്നതുപോലെ ഇസഡോറയ്ക്കു തോന്നി. അവർ കുട്ടികളെ വിളിച്ചു. പക്ഷേ, അവർ ചിരിച്ചുകൊണ്ടു് ഓടിക്കളഞ്ഞു. സമുദ്രശീകരത്തിൽ അപ്രത്യക്ഷരായി. ഇസഡോറ ഉറക്കെക്കരഞ്ഞു. എത്ര നേരം അവരങ്ങനെ കരഞ്ഞെന്നു നിശ്ചയമില്ല. അർദ്ധബോധാവസ്ഥയിൽ കിടന്ന ഇസഡോറയുടെ ശിരസ്സിൽ ആരോ തടവി. അവർ നോക്കിയപ്പോൾ ഒരു സുന്ദരനായ യുവാവു നില്ക്കുന്നു. “നിങ്ങളെന്തിനു കരയുന്നു? എനിക്കു നിങ്ങൾക്കു വേണ്ടി ഒന്നും ചെയ്യാനാവില്ലേ? നിങ്ങളെ രക്ഷിക്കാനാവില്ലേ?” എന്നു് അയാൾ അവരോടു ചോദിച്ചു. ഇസഡോറ മറുപടി പറഞ്ഞു: “എന്നെ രക്ഷിക്കൂ—എന്റെ ജീവിതത്തെക്കാളേറെ എന്റെ യുക്തിയെ രക്ഷിക്കൂ— എനിക്കൊരു കുഞ്ഞിനെ തരൂ”. തുടർന്നുള്ള ഭാഗം ഇസഡോറയുടെ വാക്കുകളിൽത്തന്നെ കേൾക്കുക:

That night we stood together on the roof of my villa. The sun was setting beyond the sea. The moon rising and flooding with sparkling light the marble side of the moutain, and when I felt his strong youthful arms about me and his lips on mine, when all his italian passion descended on me. I felt that I was rescued from grief and death, brought back to light—to love again.
images/ThePersistenceofMemory.jpg

മണൽക്കാട്ടിലെ വലിയചൂടിൽ ഡാലി യുടെ ‘വാച്ചു’കൾ ഉരുകിയൊലിക്കുന്നതുപോലെ—കാലം ഉരുകിയൊലിക്കുന്നതുപോലെ കാമത്തിന്റെ ചൂടു് ഉയരുമ്പോൾ ദുഃഖം ഉരുകിപ്പോകുമോ? അതു കാമം കൂടിയായതുകൊണ്ടാണോ? മരണം ജനിപ്പിച്ച ദുഃഖം അത്രമാത്രമേ ഉള്ളൂ എന്നതുകൊണ്ടാണോ? സ്ത്രീയുടെ മനസ്സ്! എന്നല്ലാതെ എന്തു പറയാനാണു്? അങ്ങനെയാണെങ്കിൽ മരിക്കുന്നതുവരെ ഇസഡോറ തകർച്ചയിൽനിന്നു രക്ഷനേടിയില്ല എന്ന എന്റെ പ്രസ്താവം തിരുത്തേണ്ടതല്ലേ?

ലയത്തിനു മാറ്റമില്ല
images/Dostoevskij1872.jpg
ദസ്തെയെവ്സ്കി

അതൊക്കെയെന്തുമാകട്ടെ. അമ്മമാരുടെ കുഞ്ഞുങ്ങൾ കുളത്തിലും ആറ്റിലും കടലിലും മുങ്ങിമരിക്കുന്നതു സാധാരണം. അങ്ങനെയുള്ള എത്രയോ വാർത്തകൾ നമ്മൾ കേട്ടിരിക്കുന്നു. മൂന്നു കുഞ്ഞുങ്ങൾ പമ്പാനദിയിൽ മുങ്ങി മരിച്ച ഒരു സംഭവം എനിക്കു നേരിട്ടറിയാം. അവരുടെ അമ്മ പിന്നീടും പ്രസവിക്കാതിരുന്നില്ല. ഇസഡോറയുടെ മഹാദുഃഖം മറ്റനേകം അമ്മമാരുടെ മഹാദുഃഖത്തിൽ നിന്നും വിഭിന്നമല്ല. എങ്കിലും ആ നർത്തകി അതു് ആത്മകഥയിൽ ആവിഷ്കരിച്ച രീതി അന്യാദൃശ്യമത്രേ. വേറൊരു അനുഗ്രഹീതനോ അനുഗ്രഹീതയോ പ്രതിപാദിച്ചാൽ അതു് മറ്റൊരു വിധത്തിലായിരിക്കും. അതിനും കൈവരും അന്യാദൃശ സ്വഭാവം. അതുകൊണ്ടാണു് ദസ്തെയെവ്സ്കി പറഞ്ഞതു് ഏതു പഴയ വിഷയത്തെക്കുറിച്ചും നൂതനമായി എന്തെങ്കിലും പറയാൻ സാധിക്കുമെന്നു്. There is no subject so old that something new cannot be said about it (A Diary of a Writer). ഇതിനു കഴിയുന്നില്ല മാതൃഭൂമി ആഴ്ചപ്പതിപ്പിൽ “തക്ഷകൻ” എന്ന ചെറുകഥ എഴുതിയ റഹിം മുഖത്തലയ്ക്കു്. രാഷ്ട്രവ്യവഹാരത്തിലെ അമിതവാദികൾ. അവരിൽ ഒരുത്തൻ സ്ഫോടനത്തിൽ മരിക്കുന്നു. മരിച്ചവന്റെ ഭാര്യ മറ്റൊരു അമിതവാദിയുടെ പൂർവ്വകാമുകി. അമിതവാദിയുടെ മരണം അയാളുടെ സ്നേഹത്തെ പ്രത്യാനയിക്കുന്നു. ഇനി താൻ ജീവിച്ചിരുന്നിട്ടു കാര്യമില്ലെന്നു കരുതി പോലീസിനു പിടികൊടുക്കാനായി ഇറങ്ങി നടക്കുമ്പോൾ കഥ പര്യവസാനത്തിലെത്തുന്നു. പഴയ വിഷയം. അതിനെ പഴയമട്ടിൽത്തന്നെ പ്രതിഭയില്ലാത്ത കഥാകാരൻ പ്രതിപാദിച്ചിരിക്കുന്നു. കഥയോ കവിതയോ വായിക്കുമ്പോൾ അതിലന്തർഭവിച്ചിരിക്കുന്ന ലയം നമ്മുടെ ശാരീരിക ലയങ്ങളോടു് ചേർന്നു്—രക്തപ്രവാഹം, ഹൃദയസ്പന്ദനം, ശ്വാസോച്ഛ ്വാസം ഈ ലയങ്ങളോടു് ചേർന്നു്—സുഖപ്രദമായ അനുഭൂതിയുളവാക്കുന്നു. നമ്മുടെ കഥാകാരന്റെ ചിന്താദാരിദ്ര്യവും പ്രതിഭാദാരിദ്ര്യവും കഥയ്ക്കു് നൂതന ലയം നൽകുന്നില്ല. അതിനാൽ നമ്മുടെ ശരീരത്തിന്റെ ലയങ്ങൾക്കു് ഒരു മാറ്റവും ഉണ്ടാകുന്നില്ല. മാറ്റമില്ലാത്തതുകൊണ്ടു് ഒരു കലാസൃഷ്ടിയുടെ മുൻപിലാണു് നമ്മൾ എന്ന തോന്നൽ ഉളവാകുന്നില്ല. പലപ്പോഴും ആവർത്തിച്ച പ്രയോഗം ഇനിയും ആവർത്തിക്കാൻ മടിയുണ്ടെനിക്കു്. എങ്കിലും അതു് അനുഷ്ഠിച്ചുകൊള്ളട്ടെ. വ്യർത്ഥമായ രചന.

images/JoshBillings.jpg
ഹെൻട്രി വ്ഹീലർഷാ

അമെരിക്കൻ ഹാസ്യസാഹിത്യകാരൻ ഹെൻട്രി വ്ഹീലർഷാ യുടെ ചില ഉക്തികൾ രസകരങ്ങളാണു്. അദ്ദേഹം ഒരിക്കൽ പറഞ്ഞു: പോസ്റ്റേജ് സ്റ്റാമ്പ് എത്തേണ്ടിടത്തു് എത്തുന്നതുവരെ കവറിൽ ഒട്ടിയിരിക്കുന്നതിലാണു് അതിന്റെ പ്രയോജനമിരിക്കുന്നതു്. കഥാപോസ്റ്റേജ് സ്റ്റാമ്പുകൾ വെള്ളംതൊട്ടു് ഒട്ടിച്ചതുകൊണ്ടു് പ്രയാണത്തിനിടയ്ക്കു് ഇളകി വീഴുന്നു. ‘കൂലിയടിച്ച’ എഴുത്തു നമുക്കു കിട്ടുന്നു. കുറഞ്ഞതു ഒരു രൂപ നമുക്കു നഷ്ടം. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ കഥ പോസ്റ്റ് ചെയ്യുമ്പോൾ നഷ്ടം മൂന്നുരൂപയാണു്.

കൃഷ്ണമൂർത്തി
images/HelenaPetrovnaBlavatsky.jpg
ബ്ലവത്സ്കി

ഭാരതത്തിന്റെയും മറ്റു കിഴക്കൻ രാജ്യങ്ങളുടെയും നിഗൂഢതത്ത്വശാസ്ത്രങ്ങളെക്കുറിച്ചു് പടിഞ്ഞാറുള്ളവർക്കു് അറിവുനൽകാനായി റഷ്യക്കാരിയായ ബ്ലവത്സ്കി (Blavatsky) ന്യൂയോർക്കിൽ 1875-ൽ സ്ഥാപിച്ച സംഘടനയാണു് തിയോസഫിക്കൽ സസൈയറ്റി (Theosophical Society). അവരുടെ മരണത്തിനു ശേഷം അനീ ബെസന്റ് അതിന്റെ പ്രസിഡന്റായി. തെക്കേയിന്ത്യയിൽ ജനിച്ച കൃഷ്ണമൂർത്തി എന്ന ശിശുവിനെ കണ്ടെത്തി. എന്നാൽ താൻ ‘സാധാരണ മനുഷ്യൻ’ മാത്രമാണെന്നു് കൃഷ്ണമൂർത്തി 1929-ൽ പ്രസ്താവിച്ചു. ആ ‘സാധാരണ മനുഷ്യ’നാണു് പിൽകാലത്തു് അസാധാരണനായ അധ്യാത്മികാചാര്യനായി മാറിയതു് (ആചാര്യപദം കൃഷ്ണമൂർത്തി അംഗീകരിച്ചിരുന്നില്ല എന്നതു് അറിഞ്ഞുകൊണ്ടുതന്നെയാണു് ഞാനിവിടെ അങ്ങനെ എഴുതുന്നതു്). ഞാൻ കൃഷ്ണമൂർത്തിയുടെ എല്ലാ ഗ്രന്ഥങ്ങളും വായിച്ചിട്ടുണ്ടെങ്കിലും സമ്പൂർണ്ണമായി, സംശയലേശം കൂടാതെ അവയിൽ ആവിഷ്കരിച്ച സിദ്ധാന്തങ്ങൾ മനസ്സിലാക്കിയിട്ടില്ല. മനസ്സിലാക്കിയിടത്തോളം വച്ചുകൊണ്ടു ചിലതു കുറിക്കട്ടെ.

  1. ജ്ഞാനമാർജ്ജിക്കലാണു് പ്രാധാന്യമർഹിക്കുന്നതു്. (ജ്ഞാനം=സാർവലൗകിക ചൈതന്യത്തെ ധ്യാനിച്ചു ലഭിക്കുന്ന ഉത്കൃഷ്ടമായ അറിവു. വിജ്ഞാനം=ലൗകിക അറിവു്—ലേഖകൻ) ആ ജ്ഞാനമാർജ്ജിക്കാൻ സത്യം കണ്ടുപിടിക്കണം.
  2. സത്യം മനസ്സിന്റെ ഒരവസ്ഥയാണു്. രാഷ്ട്രവ്യവഹാരം, മതം ഇവകൊണ്ടു് സത്യം കണ്ടുപിടിക്കാനാവില്ല. നേരിട്ടു നോക്കൂ, കേൾക്കൂ, നിരീക്ഷണം ചെയ്യൂ. സത്യം മനസ്സിന്റെ അവസ്ഥയിൽ മാറും. മതത്തിലൂടെയോ രാഷ്ട്രവ്യവഹാരത്തിലൂടെയോ സാമ്പദികശാസ്ത്രത്തിലൂടെയോ സത്യം കണ്ടുപിടിക്കാൻ കഴിയുകയില്ല. അങ്ങനെ ശ്രമിച്ചാൽ ആകുലാവസ്ഥയേ ഉണ്ടാകൂ.
  3. സത്യം മനസ്സിന്റെ അവസ്ഥാവിശേഷമായി മാറുമ്പോൾ നിസ്സ്വാർത്ഥമായ സ്നേഹം ജനിക്കും. അതാണു് ശ്രേഷ്ഠം.
  4. സത്യത്തിലെത്തിച്ചേരാൻ ധ്യാനം സഹായിക്കുന്നു. ധ്യാനമെന്നതു് മന്ത്രങ്ങൾ വീണ്ടും വീണ്ടും ചൊല്ലുക എന്നതല്ല. മൗനമവലംബിക്കലുമല്ല. ലോകം എന്താണെന്നു ഗ്രഹിക്കലാണതു്. അവിടെയും കാഴ്ചയ്ക്കും കേഴ്‌വിക്കുമാണു് പ്രാധാന്യം. കാലത്തെ കടന്നുചെല്ലാൻ ധ്യാനം സഹായിക്കും. അതിൽ (ധ്യാനത്തിൽ) ചിന്തയ്ക്കു സ്ഥാനമില്ല. ചിന്ത ആകുലാവസ്ഥയേ ഉളവാക്കൂ. ധ്യാനംകൊണ്ടു് ലോകത്തിന്റെ ഭാഗമായിതീരുന്നു വ്യക്തി.

ഗ്രന്ഥങ്ങൾ വായിച്ചുകിട്ടിയ അറിവാണു് ഞാൻ അക്കങ്ങളിട്ടു് മുകളിലെഴുതിയതു്. എഴുതാൻ പ്രേരിപ്പിച്ചതു് ഹരിദാസ് വളമംഗലം കലാകൗമുദിയിലെഴുതിയ നല്ല ലേഖനവും.

വൈരുദ്ധ്യങ്ങൾ

നന്മയും തിന്മയും സമാന്തരങ്ങളായിട്ടാണു് ഈ ലോകത്തു പ്രവഹിക്കുക. നീലാന്തരീക്ഷത്തിൽ പക്ഷി ആവർത്തനചക്രത്തിലൂടെ ഭ്രമണം ചെയ്യുന്നതുനോക്കി രസിക്കുന്ന ഒരാൾ. അതേസമയം വേറൊരാൾ അതിന്റെ നേർക്കു വെടിയുണ്ട അയയ്ക്കുന്നു. ശ്വാനനെ കുളിപ്പിച്ചു് നല്ല ഭക്ഷണം കൊടുത്തു കാറിലിരുത്തിക്കൊണ്ടു പോകുന്നു ഒരാൾ. മറ്റൊരാൾ കുരുക്കിട്ടു് അതിനെപ്പിടിച്ചു മുനിസിപ്പാലിറ്റി ജോലിക്കാരനു നൽകുന്നു വിഷം കുത്തിവച്ചു കൊല്ലാനായി. പരുന്തു റാഞ്ചിക്കൊണ്ടുപോയെങ്കിലും തിരിച്ചുകിട്ടിയ കോഴിക്കുഞ്ഞിന്റെ മുറിവിൽ മഞ്ഞളരച്ചുപുരട്ടി കിണ്ണംകൊണ്ടു മൂടി അതിൽത്തട്ടി ശബ്ദമുണ്ടാക്കി വീട്ടമ്മ അതിനെ ജീവിപ്പിക്കാൻ ശ്രമിക്കുന്നു. അതേസമയം അടുത്തവീട്ടിലെ സ്ത്രീ കോഴിക്കുഞ്ഞിനെ കൊന്നു സൂപ്പ് ഉണ്ടാക്കുന്നു.

അലക്സാണ്ടർച്ചക്രവർത്തി രക്തപ്പുഴകൾ ഒഴുക്കിയപ്പോൾ അദ്ദേഹത്തിന്റെ ഗുരുനാഥൻ അരിസ്റ്റോട്ടിൽ നന്മയെന്താണെന്നും അതു ഉത്കൃഷ്ടമാവുന്നതു് എപ്പോഴാണെന്നും വിശദീകരിക്കുകയായിരുന്നു. മഹാത്മാഗാന്ധി അക്രമരഹിത സമരത്തിലൂടെ ബ്രിട്ടീഷ് സിംഹത്തെ പരാജയപ്പെടുത്തുമ്പോൾ സർ. സി. പി. രാമസ്സ്വാമി അയ്യർ എന്ന ദിവാൻ തിരുവിതാംകൂറിലെ പാവപ്പെട്ട ആളുകളെ വെടിവച്ചു കൊല്ലുകയായിരുന്നു. ഇന്ത്യയ്ക്കുവേണ്ടി ജവഹർലാൽ നെഹ്രു ജയിലിൽ കിടക്കുമ്പോൾ രാമസ്സ്വാമി അയ്യർ ബ്രിട്ടീഷുകാർക്കു പാദസേവ നടത്തുകയായിരുന്നു.

ഈ വൈരുദ്ധ്യം മനുഷ്യന്റെ അവയവങ്ങളിൽപോലുമുണ്ടു്. അതിമനോഹരമായ നാദത്തിലൂടെ ശ്രോതാക്കളെ പുളകമണിയിക്കുന്നു യേശുദാസൻ. ആ നാദമുളവാക്കുന്ന രസന ആത്മകഥയിലൂടെ അരുതാത്ത വാക്കുകൾ വാരിവിതറുന്നു. കുകുമം വാരിക നോക്കൂ. കുഞ്ഞുണ്ണി, പി. കുഞ്ഞിരാമൻ നായരെ ക്കുറിച്ചു് എഴുതിയ വാക്കുകൾ വായിച്ചു് വായനക്കാർ ആർദ്രങ്ങളായ കണ്ണുകളോടെ ഇരിക്കുമ്പോൾ തോപ്പിൽ ഭാസി യുടെ പാരുഷ്യമാർന്ന വാക്കുകൾ കേട്ടു് അവർ കർണ്ണങ്ങൾക്കു തീവ്രവേദനയോടെ ഇരിക്കുന്നു. എന്നെക്കുറിച്ചു് അശ്ലീലപദങ്ങൾ പ്രയോഗിക്കുന്നതിലോ എന്നെ അസഭ്യത്തിൽ കുളിപ്പിക്കുന്നതിലോ അല്ല പരാതി. ആ സ്ഥിരം പംക്തി സ്ഥിരമായ അസഭ്യപദവർഷം നടത്തുന്നു എന്നതാണു് പരിവേദനത്തിനു ഹേതു. സത്യം പറയുന്നു എന്ന വ്യാജത്തിലൂടെ കേരളത്തിലെ മാന്യന്മാരെയൊക്കെ അദ്ദേഹം അമാന്യങ്ങളായ വാക്കുകൾകൊണ്ടു് എറ്റുന്നു. ‘രാത്രി ഉറങ്ങാൻ കിടക്കുന്നതിനു മുൻപു് നിങ്ങൾ പ്രാർത്ഥിക്കാറുണ്ടോ?’ എന്ന ചോദ്യത്തിനു് ഉത്തരമായി ‘ഇല്ല ഫ്ലാഷ് ലൈറ്റ് പ്രകാശിപ്പിച്ചു് മേശയ്ക്കടിയിലും മറ്റും പാമ്പു് ഇരിക്കുന്നുണ്ടോ എന്നു ഞാൻ നോക്കും’ എന്നു ഞാൻ മറുപടി നൽകിയിരുന്നു. ആ മറുപടി എന്റെ മനസ്സിന്റെ രോഗമാണെന്നു് ഭാസി പറയുന്നു. രോഗമാണെങ്കിൽ ആയിക്കൊള്ളട്ടെ. ആ ശീലം എനിക്കുണ്ടായതു് ഭാസിയുടെ അനന്തരവളുടെ മരണത്തിൽ നിന്നാണു്. സൗന്ദര്യമുള്ള, ബുദ്ധിയുള്ള ആ കുട്ടി രാത്രി പഠിച്ചുകൊണ്ടിരുന്നപ്പോൾ മേശയ്ക്കടിയിൽ കിടന്ന പാമ്പു് ആ കുട്ടിയെ കടിച്ചു. ഭാസിയോ മറ്റു ബന്ധുക്കളോ ടോർച്ച്ലൈറ്റടിച്ചു് വീടു് പരിശോധിക്കുക എന്നതു് ശീലമാക്കിയിരുന്നെങ്കിൽ ആ പെൺകുട്ടി ഇന്നും ജീവിച്ചിരിക്കുമായിരുന്നു. മരണവാർത്ത പത്രത്തിൽ നിന്നറിഞ്ഞ ഞാൻ ഏറെ ദിവസങ്ങൾ ദുഃഖിച്ചു. ഇന്നും ഇതെഴുതുമ്പോൾ എന്റെ മനസ്സു് പിടയുന്നു. ആ പാമ്പുകടിയുളവാക്കിയ ആഘാതമാണു് ടോർച്ചടിച്ചു് വീടാകെ നോക്കുക എന്നതിനു കാരണമായിത്തീർന്നതു്. ഭാസിക്കു് ഈ “മനോരോഗ”മില്ലാത്തതിനാലാണു് അനന്തരവൾ എല്ലാക്കാലത്തേക്കുമായി ഇല്ലാതെയായിപ്പോയതു്. ദൗർഭാഗ്യങ്ങൾ അടിക്കടി ഉണ്ടാകുമ്പോൾ മനുഷ്യൻ നന്മയാർജ്ജിക്കും. ഭാസി തിന്മയിലേക്കു പോകുകയാണു്.

എന്നെ കൊല്ലണമെന്നും അടിക്കണമെന്നും അദ്ദേഹം കൂടെക്കൂടെ എഴുതുന്നു. അതെനിക്കു വേണം. അദ്ദേഹം അവശനായി ആശുപത്രിയിൽ കിടന്നപ്പോൾ ഞാൻ അന്വേഷിച്ചു ചെന്നവനാണു്. ഉറങ്ങിക്കിടന്ന അദ്ദേഹത്തെ നോക്കി കണ്ണീരൊഴുക്കിക്കൊണ്ടു് നിശ്ശബ്ദനായി തിരിച്ചുപോന്നവനാണു്. ഭാസിയുടെ ഒരുകാലിനു സ്പർശനമറിവാൻ കഴിവില്ലെന്നു ബോധം ജന്മംകൊണ്ടു ഉണ്ടാകേണ്ടതാണു്. കൊലപാതകവാസനയുള്ളവർ, അന്യരെ അടിക്കാൻ താല്പര്യമുള്ളവർ ആ രണ്ടു ഹീനകൃത്യങ്ങളെക്കുറിച്ചു് എപ്പോഴും പറഞ്ഞു കൊണ്ടിരിക്കും.

തനിക്കു് ആക്രമിച്ചു് കീഴടക്കാനും പീഡനമേൽപ്പിക്കാനും ഇനി ആളുകളില്ലല്ലോ എന്നു മനസ്സിലാക്കിയപ്പോൾ അലക്സാണ്ടർ ചക്രവർത്തി ‘വാവിട്ടു്’ കരഞ്ഞു. ചിലർക്കു് നിലവിളിക്കേണ്ട കാലമുണ്ടാകും. ഏതു് ‘ആക്ഷ’നും ‘റിയാക്ഷ’നുണ്ടെന്നു ന്യൂട്ടൺ കണ്ടുപിടിക്കുന്നതിനു മുൻപു് ഭാരതത്തിലെ മഹർഷിമാർ ആ സത്യം കണ്ടുപിടിച്ചു.

ഓർമ്മകൾ
  1. ഞാൻ കൊട്ടാരക്കര ഇംഗ്ലീഷ് ഹൈസ്ക്കൂളിൽ പഠിച്ചവനാണു്; 1940-ൽ. നാല്പത്തൊൻപതു വർഷത്തിനു ശേഷം അവിടത്തെ പുലമൺ ജങ്ഷനിൽ ചെന്നു. വലിയ വ്യത്യാസമില്ല. ഒരു വികാസവുമില്ലാത്ത സ്ഥലമാണു് കൊട്ടാരക്കര. ഒരു കാര്യത്തിൽ മാത്രം വ്യത്യാസം കണ്ടു. ഗണപതിക്ഷേത്രത്തിലെ ഉണ്ണിയപ്പത്തിനു് അന്നു മൃദുത്വവും മാധുര്യവും കൂടുതലുണ്ടായിരുന്നു. ഇന്നു കാഠിന്യവും മാധുര്യക്കുറവും. കൊട്ടാരക്കര തീവണ്ടിയാപ്പീസിനടുത്തിരുന്നു് ഞാനും അഭിനേതാവു് കൊട്ടാരക്കര ശ്രീധരൻ നായരും മലയാളിപ്പത്രത്തിന്റെ പ്രതിനിധി കെ. പി. ഗോപാലൻ നായരുംചിന്താവിഷ്ടയായ സീത’ വായിച്ചു രസിക്കുമായിരുന്നു. വർഷങ്ങൾക്കു ശേഷം ആ കാവ്യം കോളേജിൽ പഠിപ്പിച്ചപ്പോൾ അന്നു കാണാത്ത അർത്ഥതലങ്ങൾ കണ്ടു. കൂടുതൽ അതാസ്വദിച്ചു. ഈ ജീവിതാസ്തമയത്തിൽ അതിലെ അർത്ഥതലങ്ങൾക്കും അതിന്റെ ആസ്വാദനത്തിനും വ്യാപ്തി വർദ്ധിച്ചിരിക്കുന്നു. വർഷങ്ങൾ സ്ഥലങ്ങൾക്കു വലിയ മാറ്റം വരുത്തുകയില്ല. കാവ്യാസ്വാദനത്തിനു് വലിയ പരിവർത്തനം വരുത്തും.
  2. കുങ്കുമം വാരികയുടെ പത്രാധിപരായിരുന്ന ചെങ്ങന്നൂർ ശങ്കരവാരിയരെ ഒരിക്കൽ തിരുവനന്തപുരത്തെ ആയുർവ്വേദകോളേജിനടുത്തുവച്ചു കണ്ടു. ഡി. സി. ബുക്ക്സിനു തർജ്ജമ ചെയ്തുകൊടുക്കാൻ വേണ്ടി അദ്ദേഹം ആഗതാ ക്രിസ്റ്റി യുടെ ഒരു നോവൽ വാങ്ങി കൈയിൽ വച്ചിരുന്നു. അതു ഞാൻ അദ്ദേഹത്തിന്റെ കൈയിൽ നിന്നു വാങ്ങി നോക്കിയിട്ടു പറഞ്ഞു: ഞാൻ പ്രധാനമന്ത്രിയായാൽ ഇത്തരം നോവലുകൾക്കു നിരോധനം ഏർപ്പെടുത്തും. ശങ്കരവാരിയർ ഉടനെ അറിയിച്ചു: ഞാൻ പ്രധാനമന്ത്രിയായാൽ വൃത്തമില്ലാതെ കവിത എഴുതുന്നവരെ ജയിലിലാക്കും (അദ്ദേഹം പത്രാധിപസമിതിയിൽ ഉണ്ടായിരുന്ന കാലമത്രയും വൃത്തമില്ലാത്ത കവിതകൾ വാരികയിൽ പ്രസിദ്ധപ്പെടുത്തിയിരുന്നില്ല).
  3. എന്റെ പരിചയക്കാരനായ ഒരു കവി … അത്ര മാത്രമേ ഞാൻ എഴുതൂ. കവി ഉണ്ടായിരുന്നെന്നോ ഉണ്ടെന്നോ പറയുകയില്ല. അദ്ദേഹം ചെറിയ പഴവർഗ്ഗങ്ങളേ കഴിക്കൂ. നീലമുന്തിരിയോ മുഴുപ്പേറിയ മുന്തിരിയോ ഇഷ്ടമല്ല. തീരെ ചെറുതും കുരുവില്ലാത്തതുമായ മുന്തിരിക്കുല ധാരാളം വാങ്ങിക്കൊണ്ടു പോകും. അടുത്തിരിക്കുന്നവർക്കു് ഒരെണ്ണം പോലും കൊടുക്കാതെ മുഴുവനും തിന്നും. പാളയംതോടൻ, കപ്പ, ഏത്തൻ, ഈ പഴങ്ങൾ തിന്നുകയില്ല. തെക്കൻ തിരുവിതാംകൂറിൽ മാത്രം കിട്ടുന്ന ഒന്നരയിഞ്ച് നീളമുള്ള ഒരുതരം കൊച്ചുപഴം മാത്രം കഴിക്കും. ഈ മാനസികഭ്രംശത്തിനു് കാരണമെന്താണെന്നു് ഞാൻ പലപ്പോഴും ആലോചിച്ചു. അങ്ങനെയിരിക്കെ പ്രായംകൂടിയ അദ്ദേഹത്തെ കടപ്പുറത്തും മ്യൂസിയം ഉദ്യാനത്തിലും കാണാറായി. കൂടെ എപ്പോഴും പതിനേഴുവയസ്സിൽ കവിയാത്ത ഒരു പെൺകുട്ടി കാണും. ഒരിക്കൽ കണ്ട പെൺകുട്ടിയല്ല അടുത്ത ദിവസം കാണുക. വേറൊരാളായിരിക്കും. ഇങ്ങനെ പല ദിവസങ്ങളിലായി പലരെ കണ്ടപ്പോൾ (എല്ലാപ്പെൺകുട്ടികളും പതിനേഴോ അതിൽ കുറഞ്ഞ പ്രായമുള്ളവരോ ആണു്) കൊച്ചുമുന്തിരിങ്ങയിൽ അദ്ദേഹത്തിനുളള കൊതിക്കു കാരണം എനിക്കു മനസ്സിലായി.
അരവിന്ദനും ഗാന്ധിജിയും

എല്ലാ വസ്തുക്കൾക്കും മനുഷ്യർക്കും ഒരേ സത്വാംശമാണുള്ളതെന്നും സ്വകീയമായ ബോധമണ്ഡലത്താലാണു് ഓരോന്നും വിഭിന്നമാണെന്ന തോന്നലുണ്ടാക്കുന്നതെന്നും അരവിന്ദഘോഷ് അഭിപ്രായപ്പെട്ടു. ഈ തോന്നൽ ഇല്ലാതാക്കിയാൽ എല്ലാം ഒന്നാണു്—ദൈവികത്വം മാത്രമാണു് ആ ഒന്നു്— എന്നു വ്യക്തമാകും. തോന്നലിനെ ഇല്ലാതാക്കുന്നതു പരിണാമത്തിലൂടെയാണു്. പരിണാമത്തിന്റെ ആദ്യത്തെ അവസ്ഥ ജീവിതം. രണ്ടാമത്തെ അവസ്ഥ മനസ്സു്. പരിണാമം അവിടെ അവസാനിക്കുന്നില്ല. മനസ്സു് (mind) ‘സൂപർമൈൻഡാ’യി മാറുമ്പോൾ സ്വാതന്ത്ര്യമായി. ഈ സൂപർമൈൻഡിലേക്കു ചെല്ലുമ്പോൾ ദൈവികത്വം ആവിഷ്കരിക്കപ്പെടുന്നു. അരവിന്ദഘോഷിന്റെ സാഹിത്യനിരൂപണ സിദ്ധാന്തങ്ങളും ഈ ദാർശനിക സിദ്ധാന്തങ്ങൾക്കു് അനുരൂപങ്ങളാണു്. വെറും മനസ്സിന്റെ കവിത, അതിശയമനസ്സിന്റെ കവിത എന്നൊക്കെ അദ്ദേഹം പറഞ്ഞിട്ടുള്ളതു് ഓർമ്മിക്കുക.

അരവിന്ദഘോഷിന്റെ തത്ത്വചിന്തയുടെ ഗുണവും ദോഷവും വ്യക്തമാക്കുന്ന ഒരു ലേഖനം “ആസ്വാദനം” മാസികയിൽ കാണാം. വിദ്വജ്ജനോചിതമായ ആ പ്രബന്ധത്തിൽ അരവിന്ദന്റെ ആരാധകർ കൈകാര്യം ചെയ്യാൻ മടിക്കുന്ന ഒരു വസ്തുത കൂടി പ്രതിപാദിച്ചിട്ടുണ്ടു്. അരവിന്ദനു് മഹാത്മാഗാന്ധി യോടുള്ള പുച്ഛം. അരവിന്ദഘോഷിന്റെ എല്ലാക്കൃതികളും വായിച്ചിട്ടുള്ള എനിക്കു് ഈ പുച്ഛത്തെക്കുറിച്ചു് നേരത്തെ അറിയാമായിരുന്നു. അതിന്റെ കാരണവും ഈ ലേഖനത്തിൽ സ്പഷ്ടമാക്കിയിട്ടുണ്ടു് (മാസികയിൽ ‘ഇച്ഛാനുസാരി’ എഴുതിയ അരവിന്ദദർശന വിചാരം എന്ന പ്രബന്ധം നോക്കുക).

മഹാത്മാഗാന്ധിയെ വധിച്ച ദിവസം അരവിന്ദാശ്രമത്തിൽ മധുരപലഹാരങ്ങൾ വിതരണം ചെയ്തുവെന്നു് അക്കാലത്തു് പത്രങ്ങളിൽ ഞാൻ വായിച്ചു. അതുണ്ടായില്ല എന്ന നിഷേധപ്രസ്താവവും കാണുകയുണ്ടായി പിന്നീടു്. ഒരു മഹാത്മാവിനെ നിഗ്രഹിച്ചുകഴിഞ്ഞപ്പോൾ മധുരപലഹാരങ്ങൾ വിതരണം ചെയ്യാൻ ആജ്ഞ നൽകിയ മനുഷ്യാധമനാണു് അരവിന്ദഘോഷെന്നു് വിശ്വസിക്കാൻ വയ്യ. മാത്രമല്ല, 1926 തൊട്ടു് 1950 വരെ (അരവിന്ദൻ മരണമടഞ്ഞ വർഷം) അദ്ദേഹം മൗനവ്രതത്തിലായിരുന്നു. അനുധ്യാനത്തിൽ വിലയംകൊണ്ട ഒരു മഹർഷി ജിലേബിയും ബോളിയും എടുത്തുകൊണ്ടു വരുമോ?

ചോദ്യം, ഉത്തരം

ചോദ്യം: എനിക്കു എല്ലാവിധത്തിലും ഉയരണമെന്നുണ്ടു്. എന്തുചെയ്യണം ഞാൻ?

ഉത്തരം: ഔന്നത്യം ആർജ്ജിക്കണമെന്ന വിചാരം നിങ്ങൾക്കുള്ളതുകൊണ്ടു് തീർച്ചയായും നിങ്ങൾ ഉയരും. രാഷ്ട്രവ്യവഹാരത്തിലാണോ താല്പര്യം? എങ്കിൽ മഹാത്മാഗാന്ധിയെ മാതൃകയാക്കി പ്രവർത്തിക്കൂ. സാഹിത്യത്തിലാണോ കൗതുകം? എങ്കിൽ വാൽമീകി യെയും ഷെക്സ്പിയറെയും മാതൃകകളാക്കി എഴുതൂ. മലയാളം പോലുള്ള കൊച്ചു സാഹിത്യത്തെ മാതൃകയാക്കിയാൽ ഒന്നും നിങ്ങൾ നേടുകയില്ല.

ചോദ്യം: ലോഡ്ഷെഡ്ഡിങ് നിങ്ങൾ എങ്ങനെ സ്വീകരിക്കുന്നു?

ഉത്തരം: എനിക്കതു് ഒരുപദ്രവവും ചെയ്യുന്നില്ല. ഉഷ്ണകാലത്തും ചൂടറിയാത്ത ഒരു സ്ഥലത്താണു് എന്റെ താമസം. അതുകൊണ്ടു് ഫാൻ കറങ്ങിയില്ലെങ്കിലും എനിക്കു പ്രയാസമില്ല. പിന്നെ ലോഡ്ഷെഡ്ഡിങ് ഒഴിവാക്കാൻ ഒരു മാർഗ്ഗമുണ്ടു്. പൈങ്കിളി നോവലുകളും പൈങ്കിളിക്കഥകളും വായിക്കുന്ന എല്ലാ പെണ്ണുങ്ങളും കരയും. അവ വായിക്കാത്ത സ്ത്രീകൾക്കു പുരുഷന്മാരുടെ മുൻപിൽ പ്രവഹിപ്പിക്കാൻ ‘റെഡിമെയ്ഡ്’ കണ്ണീരുണ്ടു്. ഈ കണ്ണീരൊക്കെ ശേഖരിച്ചു് ‘സംഭരണി’യിലാക്കിയാൽ എത്ര മെഗാവാട്ട്സ് വിദ്യുച്ഛക്തി വേണമെങ്കിലും ഉൽപാദിപ്പിക്കാം.

ചോദ്യം: സ്ത്രീകൾ പൊതുവേ വിചാരിക്കുന്നതെന്താണു്?

ഉത്തരം: എന്റെ ചെറുപ്പകാലത്തു് അവർ ഉടുക്കുന്ന സാരികളെക്കുറിച്ചുമാത്രം വിചാരിച്ചിരുന്നു. ചെറുപ്പക്കാരികൾ വിവാഹത്തെക്കുറിച്ചു മാത്രം ചിന്തിച്ചിരുന്നു. അമ്മമാർ പെൺപിള്ളേരെ വിവാഹം കഴിച്ചയയ്ക്കാൻ മാർഗ്ഗമെന്താണെന്നു് ആലോചിച്ചിരുന്നു. ഇന്നു് പെൺകുട്ടികൾ തൊട്ടു് വൃദ്ധകൾ വരെയുള്ളവർക്കു് ആ വിചാരമൊന്നുമില്ല. സാരി, വിവാഹം, മക്കളുടെ വിവാഹം ഇതെല്ലാം അവരുടെ മനസ്സിൽ നിന്നു പൊയ്ക്കഴിഞ്ഞു. ഇന്നു് ഒറ്റവിചാരം മാത്രം. അതു ശനിയാഴ്ച്ച എന്ന ദിവസമാണു്. അന്നു ടെലിവിഷനിൽ സിനിമയുണ്ടു്. ആ സിനിമയെക്കുറിച്ചാണു് സ്ത്രീകളുടെ വിചാരം. സിനിമയുള്ള ദിവസം ഗൃഹനായകന്മാർക്കു് അത്താഴം പോലും സമയത്തിനു കിട്ടുകില്ല.

ചോദ്യം: നിങ്ങൾ പല വാക്കുകളും ആവർത്തിച്ചു കൊണ്ടിരിക്കുന്നു. അവയിൽ ചിലതു്: ‘അമ്മാതിരി’, ‘ആവിഷ്കാരം’, ‘ദുർബ്ബല നിമിഷം’, ദുർബ്ബല നിമിഷം കൂടക്കൂടെ വരുന്നു. എന്താണു് കാരണം?

ഉത്തരം: പദദാരിദ്ര്യം കൊണ്ടായിരിക്കും. ഒരു സിഗററ്റും വലിക്കാത്ത ദിവസം അതിശക്തദിനം. ദിവസം ആറു സിഗററ്റ് മാത്രം വലിച്ചാൽ അതു് ശക്തദിനം. അരമണിക്കൂറിലൊരിക്കൽ ഓരോ സിഗററ്റ് എടുത്തു കത്തിച്ചാൽ അതു ദുർബ്ബല നിമിഷം. ഞാൻ ദുർബ്ബലനിമിഷങ്ങളിലാണു് ജീവിക്കുന്നതു്.

കനകശ്രീ

പ്ലേറ്റോ യുടെ ഒരു കാവ്യശകലമുണ്ടു്. “ജീവിച്ചിരിക്കുന്നവരുടെ കൂട്ടത്തിൽ നീ ഒരിക്കൽ പ്രഭാതനക്ഷത്രം പോലെ ശോഭിച്ചു. മരിച്ചവരുടെ കൂട്ടത്തിൽ നീ ഇപ്പോൾ സായാഹ്നനക്ഷത്രം പോലെ ശോഭിക്കുന്നു”. തിക്കുറിശ്ശി സുകുമാരൻ നായരു ടെ മകൾ കനകശ്രീ പ്രഭാതനക്ഷത്രമായിരുന്നു; ഇന്നു് ആ പെൺകുട്ടി സായാഹ്നനക്ഷത്രമാണു് എന്നു് ഞാൻ പറയുമ്പോൾ അത്യുക്തിയാണെന്നു തോന്നിയേക്കാം. അങ്ങനെയാണെങ്കിൽ തന്നെയും അന്തരിച്ച ആ കുട്ടിയുടെ സ്വഭാവസൗന്ദര്യവും ആകൃതിസൗന്ദര്യവും അഭിവ്യഞ്ജിപ്പിക്കാനാണു് ഞാൻ ആ അത്യുക്തിയിൽ വിലയം കൊണ്ടതെന്നു് മാന്യവായനക്കാർ ധരിച്ചാൽ മതി. മകളുടെ വിയോഗത്താൽ സന്ന്യാസിയെപ്പോലെയായി മാറിയ തിക്കുറുശ്ശി ഇന്നും ഏങ്ങിയേങ്ങി കരയുന്നു. അടുത്ത കാലത്തുണ്ടായ ഒരു സംഭവം അദ്ദേഹത്തിന്റെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വിഷാദം ഏറെ വർദ്ധിപ്പിച്ചിരിക്കുന്നു. അതു് എന്തെന്നല്ലേ? മരിച്ച കനകശ്രീ അനുഗൃഹീതയായ കവയിത്രിയായിരുന്നു എന്നതു് ഏതാനും ദിവസങ്ങൾക്കു മുൻപു് കണ്ടുപിടിക്കപ്പെട്ടു എന്നതു തന്നെ. നൂറോളം കാവ്യങ്ങൾ ആ പെൺകുട്ടി രചിച്ചു് അച്ഛനെപ്പോലും കാണിക്കാതെ ഒളിച്ചു വച്ചിരുന്നു. ജീവിച്ചിരുന്ന കാലത്തു് അവ പ്രസിദ്ധപ്പെടുത്തിയിരുന്നെങ്കിൽ കനകശ്രീ കവയിത്രിയെന്ന നിലയിൽ യശസ്സു് ആർജ്ജിച്ചേനെ. ഞാൻ ആ കാവ്യങ്ങളിൽ പലതും വായിച്ചു. പ്രതിഭാശാലിനിയായിരുന്നു ആ പെൺകുട്ടിയെന്നു ഗ്രഹിക്കുകയും ചെയ്തു. പ്രിയപ്പെട്ട വായനക്കാരേ ശ്രദ്ധിക്കുക. കനകശ്രീ പാടുകയാണു്:

കല്പനാതീതമായദ്ഭുതദ്യോതക

ശില്പകലാഭംഗി തങ്ങിനിൽക്കും

കാഞ്ചന നിർമ്മിത പഞ്ജരമെങ്കിലും

പഞ്ചവർണ്ണക്കിളിക്കെന്തു സൗഖ്യം

പാടത്തു തത്തിക്കളിക്കണം, പൂത്തൊരു

പാലമരക്കൊമ്പിൽ ചേക്കേറണം

പഞ്ചമരാഗവിസ്താരം നടത്തണം

മഞ്ചാടിച്ചില്ലയിൽ ചാഞ്ചാടണം

അംബരത്തോളം പറന്നൊരു ചുംബന

മമ്പിളിക്കുട്ടനു നൽകിടേണം

എന്തെന്തു മോഹങ്ങളിക്കൊച്ചു പൈങ്കിളി

യേന്തിയിരുന്നെന്നോ നെഞ്ചകത്തിൽ

………

പട്ടുകൊണ്ടങ്ങു പുറം പൊതിഞ്ഞീടണം

കൽക്കണ്ടു കൊണ്ടു ചുവരുവേണം

തേൻകരിമ്പിൻ തുണ്ടു തൂണായ് നിറുത്തണം

തെച്ചിപ്പൂമാല മറയിടണം.

‘വിഷാദഗീത’മെന്ന ഈ കാവ്യം മൃത്യുവിനെ ഉപാസിക്കുന്നു. കനകശ്രീയുടെ മിക്ക കാവ്യങ്ങളും മരണോപാസനകളാണു്. ആ കവയിത്രി മരണത്തെ നേരത്തേതന്നെ അന്തർനേത്രത്തിനു മുൻപിൽ കണ്ടിരുന്നുവോ? മകളുടെ മരണം അച്ഛനമ്മമാർക്കു ശാശ്വതമായ രാത്രിയെയാണു് സൃഷ്ടിച്ചതു്. ആ കൂരിരുട്ടിൽ ആ മകളുടെ കാവ്യങ്ങൾ നക്ഷത്രത്തിന്റെ വെളിച്ചം വ്യാപിപ്പിക്കുന്നു. അവർ സമാശ്വസിക്കട്ടെ.

കോളിൻ വിൽസന്റെ പുതിയ പുസ്തകം
images/ColinWilson.jpg
കോളിൻ വിൽസൻ

എനിക്കു കോളിൻ വിൽസന്റെ ഗ്രന്ഥങ്ങളാകെ ഇഷ്ടമാണു്. അദ്ദേഹമെഴുതിയവ എല്ലാം ഇവിടെ കിട്ടിയിട്ടില്ല. കിട്ടിയവ മുഴുവനും ഞാൻ വായിച്ചിട്ടുണ്ടു്. വീണ്ടും വീണ്ടും വായിച്ചിട്ടുണ്ടു്. അതുകൊണ്ടു് അദ്ദേഹത്തിന്റെ മതങ്ങളോടു് ഞാൻ യോജിക്കുന്നുവെന്നു് അർത്ഥമാക്കരുതു്. ധിഷണയ്ക്കു് ആഹ്ലാദമരുളുന്ന ഗ്രന്ഥങ്ങളാണു് കോളിൻ വിൽസന്റേതു്. അതുകൊണ്ടാണു് ഞാനവ ‘ആർത്തി’യോടെ വായിക്കുന്നതു്.

1989-ൽ ലണ്ടനിലെ Grafton Books പ്രസാധനം ചെയ്ത The misfits—A study of Sexual Outsiders എന്ന പുസ്തകവും ഒരുതരം ‘ആവറീസോ’ടെ (ദുര) ഞാൻ വായിച്ചു തീർത്തു. രണ്ടാമത്തെ വായനയ്ക്കു് എന്നെ കൈയിലെടുക്കൂ എന്നു പറഞ്ഞു് ആ ഗ്രന്ഥസുന്ദരി മെത്തപ്പുറത്തു കിടക്കുന്നു. ‘വരട്ടെ, ഇതൊന്നു എഴുതിത്തീർക്കട്ടെ’ എന്നു് എന്റെ മറുപടി.

ഇപ്പുസ്തകം നിയതമായ ലൈംഗികതയും അനിയതമായ ലൈംഗികതയും തമ്മിലുള്ള ബന്ധത്തിന്റെ പഠനമാണു്. സാമാന്യജനതയുടെ സെക്സിനെക്കുറിച്ചുള്ള പഠനമാണെങ്കിൽ അത്തരത്തിലുള്ള ആയിരം പുസ്തകങ്ങളിലൊന്നു് എന്നു പറഞ്ഞു് നാമതിനെ ദൂരെയെറിയുമായിരുന്നു. പക്ഷേ, അങ്ങനെയല്ല ഇതു്. സ്വിൻബേൺ, ദസ്തെയെവ്സ്കി, ബൈറൺ, ദ സാദ് (De Sade), ഗൊഗൽ, ജോയിസ്, ഡി. എച്ച്. ലോറൻസ്, ഹെൻട്രി മില്ലർ, യൂക്കിയോ മിഷിമ ഇങ്ങനെ പല സാഹിത്യനായകന്മാരുടെയും അനിയത ലൈംഗികതയെ വിശദീകരിക്കുകയാണു് ഗ്രന്ഥകാരൻ. ഓരോന്നും സ്പഷ്ടമാക്കാൻ ഇവിടെ സ്ഥലമില്ല. മിഷിമ വയറുകീറി ആത്മഹത്യ ചെയ്യുകയായിരുന്നല്ലോ. രാഷ്ട്രീയവ്യവഹാരത്തോടു ബന്ധപ്പെട്ട കൃത്യമായിട്ടാണു് അതിനെ എല്ലാവരും കാണുക. ചോര, അക്രമം ഇവയോടു ചേർന്ന ലൈംഗിക ഭ്രംശമായിട്ടാണു് കോളിൻ വിൽസൻ അതിനെ ദർശിക്കുന്നതു്. ബർട്രൻഡ് റസ്സൽ അറുപതാം കാലത്തു് ഇരുപത്തൊന്നു വയസ്സുള്ള ഒരു ചെറുപ്പക്കാരിയെ വശീകരിച്ചതും അവളോടൊരുമിച്ചു് പ്രയോജനശൂന്യമായി ശയിച്ചതും ഗ്രന്ഥകാരൻ വിവരിക്കുന്നു. ഹോട്ടൽമുറിക്കു് വാടക കൂടുതലാണെന്നു് പെൺകുട്ടിയെ കൊണ്ടു് ഹോട്ടലധികാരികൾ കേൾക്കാനായി ഉറക്കെ പറയിപ്പിക്കാനായിരുന്നു റസ്സലിന്റെ ‘ട്രിക്ക് ’. അതു കേൾക്കുന്ന ഹോട്ടലുകാർ അവർ ദമ്പതികളാണെന്നു വിചാരിച്ചു കൊള്ളും. ഇതായിരുന്നു റസ്സലിന്റെ വിചാരം. ധിഷണയുടെ കൊടുമുടിയിലെത്തിയ ഈ തത്ത്വചിന്തകൻ വൈകാരികമായ പരിപാകമില്ലാത്തയാളായിരുന്നു.

കോളിൻവിൽസന്റെ ഈ പുസ്തകത്തെ അദ്ദേഹത്തിന്റെ Origins of the Sexual Impulse എന്ന ഗ്രന്ഥത്തെപ്പോലെ Soft Pornography ആയി ചിലർ കണ്ടെന്നു വരും. എനിക്കിതു് ധിഷണാപരമായ ആഹ്ലാദം നൽകി (Grafton Books, London, £ 4.50, Spl. Price £ 2.50).

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1989-06-18.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 6, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.