സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1989-09-24-ൽ പ്രസിദ്ധീകരിച്ചതു്)

images/EyeoftheHeart.jpg

കഥ പറയുക എന്ന ഒറ്റലക്ഷ്യത്തോടെ ഒരു സംഭവം വിവരിക്കുന്നവരുണ്ടു്— മലബാർ കെ. സുകുമാരന്റെ ‘ജഡ്ജിയുടെ കോട്ട്’ അല്ലെങ്കിൽ ‘ആരാന്റെ കുട്ടി.’ സമൂഹപരിഷ്കരണം മനസ്സിൽ വച്ചുകൊണ്ടു് കഥയെഴുതുന്നവർ വേറൊരു കൂട്ടർ—പൊൻകുന്നം വർക്കി യുടെ ‘മോഡൽ’ തത്ത്വചിന്താത്മകമായ രചനയാണു് ചെറുകഥയെന്നു് വിശ്വസിക്കുന്നവർ മറ്റൊരു വിഭാഗം—അസ്തിത്വവാദത്തെ സംബന്ധിച്ച, ഒ. വി. വിജയന്റെ ഏതു ചെറുകഥയും ഇതിനു് ഉദാഹരണമാണു്. ‘സംഭവവർണ്ണനയിലോ സമൂഹപരിഷ്കരണത്തിലോ തത്വചിന്താവിഷ്കാരത്തിലോ ഞങ്ങൾക്കു താല്പര്യമില്ല, കഥയെന്നതു് ഒരു നിർമ്മിതവസ്തു മാത്രമാണു്’ എന്നു കരുതുന്നവർ. ഇംഗ്ലീഷിൽ ‘ആർടിഫാക്റ്റ്’ എന്നു വിളിക്കുന്ന ഇത്തരം കഥകൾ മുകുന്ദനും കാക്കനാടനും മുൻപു് ധാരാളമെഴുതിയിട്ടുണ്ടു്. ഇവിടെപ്പറഞ്ഞ ഈ കഥാകാരന്മാരുടെ രചനകളെ നിയന്ത്രിക്കുന്ന മാനസികനിലകളോടു വായനക്കാർക്കു് ഒരെതിർപ്പും ഉണ്ടാകേണ്ടതില്ല. നിങ്ങൾ സംഭവം ഹൃദ്യമായി വർണ്ണിച്ചിട്ടുണ്ടോ, സമൂഹപരിഷ്കരണമെന്ന നിങ്ങളുടെ ലക്ഷ്യം കഥാഗതിയുടെ കരകളെ കവിഞ്ഞു് ഒഴുകി പാർപ്പിടങ്ങളെ നശിപ്പിക്കുന്നുണ്ടോ, നിങ്ങളുടെ തത്ത്വചിന്തയോടു് ഞങ്ങൾ യോജിക്കുന്നില്ലെങ്കിലും അതിനു് ആകർഷകമായ രൂപം നൽകാൻ നിങ്ങൾക്കു കഴിഞ്ഞിട്ടുണ്ടോ, കഥ ആർടിഫാക്റ്റാണെങ്കിൽ ആയിക്കൊള്ളട്ടെ അതു് അനുഭൂതിജനകമാണോ എന്നൊക്കെയാണു് വായനക്കാർ ചോദിക്കുക. വർണ്ണന സുന്ദരമാണെങ്കിൽ, സമൂഹപരിഷ്കരണം കലയുടെ പഞ്ജരത്തിലിരിക്കുന്ന കിളിയാണെങ്കിൽ, തത്ത്വചിന്താ പ്രതിപാദനം കലാപരമായ ദൃഢപ്രത്യയം ഉളവാക്കുന്നതാണെങ്കിൽ വായനക്കാരനു പരാതിയില്ല. അയാൾ ‘ജഡ്ജിയുടെ കോട്ട്’ വായിച്ചു രസിക്കും; ‘പാറകൾ’ വായിച്ചു രസിക്കും. എന്നാൽ കഥ വികാരചാപല്യത്തിലേക്കു ചെന്നാൽ, മാതൃകയാക്കലിലേക്കു ചെന്നാൽ ഹൃദയസംവാദമെന്ന പ്രക്രിയ ഉണ്ടാവുകയില്ല. പൈങ്കിളിക്കഥകൾ വികാര ചാപല്യം പ്രദർശിപ്പിക്കുന്നവയാണു്. അതിനാലാണു് ‘അസത്യ’മെന്നു മുറവിളികൂട്ടി വായനക്കാർ—മനസ്സിനു പരിപാകം വന്ന വായനക്കാർ—അവയെ നിരാകരിക്കുന്നതു്. അതുപോലെ കഥയിലെ സംഭവങ്ങളെയോ കഥാപാത്രങ്ങളെയോ പരിപൂർണ്ണമാതൃകകളാക്കുമ്പോഴും വായനക്കാർ പ്രതിഷേധിക്കും. ആളുകൾ എങ്ങനെയാണു് യഥാർത്ഥത്തിലെന്നതു മറന്നോ കരുതിക്കൂട്ടിയോ അവയെ കുറ്റമറ്റവരായി പ്രദർശിപ്പിക്കുമ്പോൾ ജനിക്കുന്ന അവാസ്തവികതയാണിതു്. മുപ്പതോ മുപ്പത്തഞ്ചോ വർഷങ്ങൾക്കുമുമ്പു് എൻ. മോഹനൻ വികാരചപലങ്ങളായ കുറെ കഥകളെഴുതി. വേണ്ടിടത്തോളം സാഹിത്യ വിജ്ഞാനമാർജ്ജിക്കാത്ത ഞാൻ അന്നു് അവയെക്കുറിച്ചു നല്ലവാക്കു പറഞ്ഞോ എന്നു സംശയം. ഇന്നു് ഈ കഥാകാരൻ കഥാപാത്രങ്ങളെ സ്വഭാവപരിപൂർണ്ണതയുടെ പ്രതീകങ്ങളായി ചിത്രീകരിച്ചു് അസത്യാത്മകതയുടെ ബോധമുളവാക്കുന്നു വായനക്കാർക്കു്. ഉദാഹരണം അദ്ദേഹം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതിയ ‘ശേഷപത്രം’ എന്ന കഥ തന്നെ. കലയുടെ ആവശ്യകതയ്ക്കു് അതീതമായി ദൈർഘ്യം വരുത്തിയ ആ കഥയിലെ പ്രധാനകഥാപാത്രം ഗോവിന്ദൻകുട്ടിയാണു്. അയാളുടെ ഭാര്യ ദുബായിൽ വേറൊരുത്തനോടുകൂടി താമസിക്കുന്നു. മകൻ അമേരിക്കയിൽ ഒരു മദാമ്മയുടെ ഭർത്താവായി വിലസുന്നു. ഗോവിന്ദൻകുട്ടി ചെറുപ്പകാലത്തു് ഒരു പരിചാരികയെ —സരസ്വതിക്കുട്ടിയെ—ഗർഭിണിയാക്കി. അവളെ വിവാഹം കഴിക്കാൻ അയാൾക്കു സമ്മതമായിരുന്നു. പക്ഷേ, ‘ഐഡിയലൈസേഷ’ന്റെ തുണിത്തുണ്ടുകൊണ്ടു് കണ്ണുകൾ മൂടിക്കെട്ടിയ ആ ഗാന്ധാരിയുണ്ടോ ഗോവിന്ദൻകുട്ടിയെ കാണുന്നു. ഒരു വലിയ ‘നോ’ (No) അവൾ അയാളുടെ അഭ്യർത്ഥനയുള്ള ധവള പത്രത്തിലിട്ടു കൊടുത്തു. കാലം കഴിഞ്ഞു. സരസ്വതിക്കുട്ടി ഗർഭിണിയാണെന്നു് അറിഞ്ഞുകൊണ്ടു തന്നെ ഒരു ഭാസ്കരൻ അവളെ കല്യാണം കഴിച്ചു. ഗോവിന്ദൻകുട്ടിക്കുണ്ടായ മകളോടും തനിക്കുണ്ടായ സന്താനങ്ങളോടും കൂടി അയാളങ്ങു ജീവിച്ചു ആഹ്ലാദാതിരേകത്തോടെ (ഇവിടെയും ഐഡിയലൈസേഷന്റെ മൂർഖൻപാമ്പു് പത്തി വിടർത്തുന്നു. മോഹനൻ കുഴലൂതുകയല്ലേ? ഫണം വിടരാതിരിക്കുന്നതെങ്ങനെ?). കാലം കഴിഞ്ഞു. ഗോവിന്ദൻകുട്ടിയും സരസ്വതിക്കുട്ടിയും തമ്മിൽ കാണുന്നതിനു വേണ്ടി—അവരുടെ പുനസ്സമാഗമത്തിനു വഴിയൊരുക്കുന്നതിനുവേണ്ടി—കഥാകാരൻ ഭാസ്കരനെയങ്ങു കൊന്നു. ടെലിവിഷൻകാരുടെയും റേഡിയോക്കാരുടെയും ഭാഷയിൽ പറഞ്ഞാൽ അയാൾ കൊല്ലപ്പെട്ടു. ഗോവിന്ദൻകുട്ടി ധനികനാണു്. തന്റെ സമ്പത്തെല്ലാം അയാൾ തലനരച്ച സരസ്വതിക്കുട്ടിക്കു് ഓഫർ ചെയ്യുന്നു. ജലോപരിനടക്കുന്ന യോഗാഭ്യാസിയെപ്പോലെ അവൾ ‘മാതൃകയാക്കലി’ന്റെ മുകളിൽക്കൂടി ഒറ്റ നടത്തം വച്ചു കൊടുത്തു. ഗത്യന്തരമില്ലാതെ അയാൾ അവളുടെ മൂത്തമോൾക്കു് (അയാളുടെ മകൾക്കു്) സ്വത്തു് നൽകാമെന്നു പറയുമ്പോൾ കഥ പര്യവസാനത്തിലെത്തുന്നു. തള്ളക്കോഴിയുടെ ചുറ്റുമായി കോഴിക്കുഞ്ഞുങ്ങൾ നെന്മണിക്കോ മണ്ണെരയ്ക്കോ വേണ്ടി തത്തിത്തത്തി നില്ക്കുന്നതുപോലെ ഐഡിയലൈസേഷന്റെ പ്രതിരൂപമായ സരസ്വതിക്കുട്ടിയുടെ ചുറ്റും അതേ അവാസ്തവികതയുടെ പ്രതിരൂപങ്ങളായ മറ്റു കഥാപാത്രങ്ങൾ ത്രിപുടതാളം ചവിട്ടിക്കൊണ്ടു നില്ക്കുന്നു. അസത്യാത്മകതയാണു് ഇക്കഥയുടെ മുദ്ര. മാതൃകയാക്കൽ നിത്യജീവിതത്തിൽ നല്ലതാണു്. അതു് ജീവിക്കാനുള്ള മാർഗ്ഗം കാണിച്ചു കൊടുക്കും. കലയിൽ അതിനു അതിപ്രസരം വന്നാൽ വിശ്വാസ്യത നഷ്ടപ്പെടും. ഗോവിന്ദൻ കുട്ടിയുടെയും സരസ്വതിക്കുട്ടിയുടെയും വേഴ്ച ഒരു ദുർഭഗസന്തതിയുടെ ജനനത്തിനു ഹേതുവായി. മോഹനനും ഐഡിയലൈസേഷനും തമ്മിലുള്ള വേഴ്ചയുടെ ഫലമായ ദുർഭഗസന്തതിയാണു് ‘ശേഷപത്രം’.

കഥ വികാരചാപല്യത്തിലേക്കു ചെന്നാൽ ഹൃദയസംവാദമെന്ന പ്രക്രിയ ഉണ്ടാവുകയില്ല. പൈങ്കിളിക്കഥകൾ വികാരചാപല്യം പ്രദർശിപ്പിക്കുന്നവയാണു്. അതിനാലാണു് ‘അസത്യ’മെന്നു മുറവിളി കൂട്ടി വായനക്കാർ—മനസ്സിനു പരിപാകം വന്ന വായനക്കാർ—അവയെ നിരാകരിക്കുന്നതു്.

ന്യൂയോർക്കിലെ ഏവൻ (Avon) പ്രസാധകരുടെ ഏതു പുസ്തകവും നമുക്കു വിശ്വസിച്ചു വാങ്ങാം. സാഹിത്യപരമായ മൂല്യം അതിൽ കാണാതിരിക്കില്ല. അടുത്ത കാലത്തു് ഞാൻ വായിച്ച പുസ്തകമാണു് Eye of the Heart എന്നതു്. ബ്രസീലിലെ ഷ്വാകീം മരിയ മഷാദൂ ഡി അസീസി ന്റെ (Joaquim Maria Machado de Assis, 1839–1908) The Psychiatrist എന്നൊരു കൊച്ചു നോവൽ സേസാർ വായേഹോ (Cesar Vallejo, 1895, 1938, പെറൂവ്യൻ കവി), പാവ്ലോ നെറൂദ (Pablo Neruda, 1903–73 ചിലിയൻ കവി), ഹൊർഹേ ലൂയിസ് ബൊർഹേസ് (Jorge Luis Borges, ആർജന്റിൻ കവി, കഥാകാരൻ), ഗീമറാങ്ഷ് റോസ്സ (Guimaraes Rosa, 1908–1967, ബ്രസീലിലെ നോവലിസ്റ്റ്), കാവ്രീറ ഇൻഫാന്റോ (Cabrera Infante, b. 1929) ക്യൂബൻ നോവലിസ്റ്റ് മീഗൽ ആങ്ഹെൽ ആസ്റ്റുറ്യാസ് (Miguel Angel Asturias, 1899–1974, ഗ്വാട്ടിമാലൻ നോവലിസ്റ്റ്), ഒക്ടോവ്യാ പാസ് (Octavio Paz, b. 1914, മെക്സിക്കൻ കവി) ഇങ്ങനെ നാല്പത്തിരണ്ടു മഹാന്മാരുടെ ചെറുകഥകൾ ഇതിലടങ്ങിയിരിക്കുന്നു. ഓരോന്നും സുന്ദരം. വായേഹോയുടെയും പാസ്സിന്റെയും ചെറുകഥകൾ വായിക്കുന്നവർ marvellous എന്നു പറയാതിരിക്കില്ല. വല്ല പറട്ടക്കഥയെഴുതുകയും അതു കൊള്ളുകില്ല എന്നു പറയുന്നവനെ നോക്കി പിന്നീടു് പുലഭ്യം പറയുകയും ചെയ്യുന്ന നമ്മുടെ നവീന കഥാകാരന്മാർ ഇപ്പുസ്തകം വായിക്കണം. ഒരിക്കൽ വായിച്ചാൽ അവർ പേന താഴെവയ്ക്കും (1974-ലെ വില $5.95, Avon/Bard, Edited by Barbara Howes).

ചോദ്യം, ഉത്തരം

ചോദ്യം: വിവാഹം കഴിഞ്ഞവളെ എങ്ങനെ തിരിച്ചറിയാം? വിവാഹം കഴിഞ്ഞവനെ അറിയാനുള്ള മാർഗ്ഗമെന്തു?

ഉത്തരം: താലി അന്തസ്സിൽ പ്രദർശിപ്പിക്കുകയും തലമുടി പകുത്ത രേഖയിൽ സിന്ദൂരം വാരിത്തേച്ചു് തലയുയർത്തി നടക്കുകയും ചെയ്യുന്നവൾ വിവാഹിത. താടിവളർത്തി മുഷിഞ്ഞ വേഷം ധരിച്ചു് ‘എന്റെ ജീവിതം അവസാനിക്കുന്നില്ലല്ലോ’ എന്ന മുഖഭാവത്തോടെ അവളുടെ മുൻപിൽ നടക്കുന്നവൻ അവളുടെ ഭർത്താവു്.

ചോദ്യം: ജീവിതാസ്തമയത്തിൽ പല പുരുഷന്മാരും നിശ്ശബ്ദരായി ഏകാന്തത്തിൽ കഴിയുന്നതു് എന്തുകൊണ്ടു്? അധ്യാത്മചിന്തകൊണ്ടാണോ?

ഉത്തരം: അല്ല. ദാമ്പത്യജീവിതം പരാജയമായതുകൊണ്ടു്. ഭാര്യയോടു മിണ്ടാതിരിക്കാൻ വേണ്ടി മറ്റുള്ളവരോടും മിണ്ടുന്നില്ലെന്നു കാണിക്കുന്നു.

ചോദ്യം: എൻ. ഗോപാലപിള്ള?

ഉത്തരം: പേനകൊണ്ടു് ആരെയും വധിക്കാത്ത സാഹിത്യകാരൻ. നാക്കുകൊണ്ടു് എല്ലാരെയും വധിച്ച ബുദ്ധിമാൻ.

ചോദ്യം: സിനിമ കണ്ടുകൊണ്ടിരിക്കുമ്പോൾ വലിയ ക്രിട്ടിക്കാണെന്നു ഭാവിച്ചു് തീയറ്ററിൽനിന്നു് തിടുക്കത്തിൽ ഇറങ്ങിപ്പോകുന്നവരെക്കുറിച്ചു് എന്താണു് അഭിപ്രായം?

ഉത്തരം: ഒരു സിനിമയും പൂർണ്ണമായി കാണാതെ മൂല്യം നിർണ്ണയിക്കാനൊക്കുകയില്ല. പുസ്തകം അവസാനത്തെപ്പുറംവരെ വായിച്ചെങ്കിലേ അതു നല്ലതോ ചീത്തയോ എന്നു തീരുമാനിക്കാനാവൂ.

ചോദ്യം: Close the door; Shut the door ഇവ തമ്മിൽ വ്യത്യാസമുണ്ടോ?

ഉത്തരം: ഞാൻ ഇംഗ്ലീഷ് പ്രഫെസറാണോ? Close എന്ന വാക്കിൽ വാതിൽ അടയ്ക്കുന്നവൻ തന്നിലേക്കു് സംക്രമിക്കുന്നതിന്റെ പ്രതീതിയുണ്ടു്. Shut എന്ന വാക്കിൽ അതില്ല. പുറത്തുനിന്നു വരുന്നവരെ തടയാനുള്ള അഭിലാഷമാണു് അതിൽ മുന്നിട്ടു നില്ക്കുക. പദമുയർത്തുന്ന നാദമവലംബിച്ചാണു് ഞാനിതു് എഴുതുന്നതു്. Sit എന്നു കേൾക്കുമ്പോൾ വേഗത്തിൽ അനുഷ്ഠിക്കുന്ന ഒരു പ്രക്രിയയുടെ പ്രതീതി. stand എന്നു കേൾക്കുമ്പോൾ സ്വല്പം സമയമെടുത്തുചെയ്യുന്ന പ്രവൃത്തിയുടെ തോന്നൽ. സ്വരത്തിന്റെ ദീർഘതയാലാണു് അതുണ്ടാവുക.

ചോദ്യം: നിങ്ങൾ ജഡ്ജിയായാൽ വിധശിക്ഷ വിധിക്കുന്നതെങ്ങനെ?

ഉത്തരം: ഈ പ്രതി കൊലപാതകം ചെയ്തവനാണു്. അതുകൊണ്ടു് ഇയാളെ വധിക്കേണ്ടതത്രേ. പക്ഷേ, കയറിൽ തൂക്കുകയോ വെടിവയ്ക്കുകയോ ഇലക്ട്രിക് ചെയറിൽ ഇരുത്തുകയോ അരുതു്. അവയെക്കാളൊക്കെ കഠിനമായ ശിക്ഷയാണു് ഇയാൾക്കു നൽകേണ്ടതു്. ദൂരദർശൻ പ്രവർത്തിക്കുമ്പോൾ ഇയാളെ ഒരു ടി. വി. സെറ്റിന്റെ മുൻപിൽ ഇരുത്തണം. വൈകിട്ടു് അഞ്ചരമണിതൊട്ടു് ഇരുത്തിയാൽ മതി. അരമണിക്കൂറോ ഒരു മണിക്കൂറോ കൊണ്ടു മരിച്ചുകൊള്ളും.

ആവശ്യകത—സന്മാർഗ്ഗത്തിന്റെ പേരിൽ

കാവ്യം വായിച്ചിട്ടു് മിഴിനീരു വീണു എന്നു പറഞ്ഞാൽ അതു രണ്ടാംതരം സഹൃദയത്വമാണെന്നു ചിലർ പറഞ്ഞേക്കും. എങ്കിലും എനിക്കു പരാതിയില്ല. ടി. കെ. ജയന്തൻ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതിയ ‘ഉൾക്കരച്ചിൽ’ എന്ന കാവ്യം വായിച്ചു് ഞാൻ കരഞ്ഞു. വൃദ്ധനും മകളും കൂടി ബാങ്ക് ഓഫീസറുടെ മുൻപിലെത്തുന്നു; അയ്യായിരം രൂപ നിക്ഷേപിക്കാൻ. മാസമറുതിക്കു് അവൾ വന്നു പലിശ വാങ്ങിക്കൊള്ളുമെന്നു് അച്ഛൻ പറഞ്ഞപ്പോൾ ഓഫീസർ നിർദ്ദേശിച്ചു ഭർത്താവിന്റെ പേരുകൂടി ചേർത്താൽ രണ്ടിലൊരാൾക്കു് അതു വാങ്ങാൻ കഴിയുമെന്നു് അപ്പോൾ,

“നൊടിയിട വീർത്തുവോ, തേങ്ങിയോ തയ്യലാൾ

നടുപാതിരക്കാറ്റിലില കണക്കെ

‘പട്ടാളക്കാരൻ, സമാധാനസേനയിൽ കിട്ടീ

അശനിപോൽ കമ്പിവാർത്ത

അടിയന്തരാശ്വാസത്തുകയി’തിടർച്ചയിൽ

മുഴുവൻ പറഞ്ഞോ പിതാവു വൃദ്ധൻ”. ഓഫീസർ പ്രതികരിക്കുന്നു:

“കേട്ടു ഞാൻ, എന്നാലും കേട്ടില്ലറിയാതെ

നോക്കി വിറയ്ക്കും മിഴികളോടെ

കുങ്കുമമില്ലാത്ത നെറ്റിയിൽ വാടിയ

ഗണ്ഡത്തിലേറെ വരണ്ട കണ്ണിൽ”.

ഒരു സമകാലിക ദുരന്തത്തെ സഹതാപത്തോടെ ആവിഷ്കരിച്ചതിലാണു് ഈ കാവ്യത്തിന്റെ സവിശേഷതയിരിക്കുന്നതു്. പര്യവസാനം ശക്തമല്ലെങ്കിലും ഇതിനാകെ ഒരു moral urgency ഉണ്ടു്. അതു് നമ്മെ ചിന്തിപ്പിക്കുന്നു. വികാരത്തിലേക്കു് എറിയുന്നു.

വലിയ ദോഷം
images/Uroob.jpg
പി. സി. കുട്ടിക്കൃഷ്ണൻ

അനുഗൃഹീതനായ കഥാകാരൻ പി. സി. കുട്ടിക്കൃഷ്ണൻ ഒരിക്കൽ എന്റെ വീട്ടിൽ വന്നിട്ടുണ്ടു്. കുങ്കുമം വിശേഷാൽപ്രതിക്കു ലേഖനം ചോദിക്കാനായിരുന്നു അദ്ദേഹത്തിന്റെ ആഗമനം. കുറെനേരം അദ്ദേഹം സംസാരിച്ചു. മലബാർ സുകുമാരന്റെ ‘ആരാന്റെ കുട്ടി’ എന്ന ചെറുകഥയെ വാഴ്ത്തിയിട്ടു് കുട്ടിക്കൃഷ്ണൻ അദ്ദേഹത്തിന്റെ നേരമ്പോക്കുകളിലേക്കു തിരിഞ്ഞു. സുകുമാരൻ ശിരസ്തദാരായിരുന്നല്ലോ. പത്തു രൂപ സ്റ്റാമ്പ് ഒട്ടിക്കേണ്ട ഹർജിയിൽ പത്തു രൂപയ്ക്കുള്ള ഒറ്റ സ്റ്റാമ്പു തന്നെ പതിച്ചിരിക്കണമെന്നു് അദ്ദേഹത്തിനു നിർബ്ബന്ധമുണ്ടായിരുന്നു. ആ നിർബ്ബന്ധം കണ്ടു് ഒരു ഹർജിക്കാരൻ ചോദിച്ചു: ‘എന്താ അഞ്ചുറുപ്പികയുടെ രണ്ടു സ്റ്റാമ്പായാൽ? സർക്കാരിനു് കിട്ടേണ്ടതു കിട്ടില്ലേ?’ സുകുമാരൻ ചിരിച്ചിട്ടു് അയാളോടു ചോദിച്ചു: ‘വയസ്സെത്ര?’

ഹർജിക്കാരൻ:
25
സുകുമാരൻ:
വിവാഹം കഴിഞ്ഞില്ലല്ലോ. പെണ്ണിനു് എത്ര വയസ്സുണ്ടായിരിക്കണം?
ഹർജിക്കാരൻ:
പതിനെട്ടു്.
സുകുമാരൻ:
എന്നാൽ ഒൻപതു വയസ്സുവീതമുള്ള രണ്ടു പെൺകുട്ടികളെ വിവാഹം കഴിച്ചു തന്നാൽ തൃപ്തിപ്പെടുമോ?
ഇത്രയും പറഞ്ഞിട്ടു കുട്ടിക്കൃഷ്ണൻ ഹൃദ്യമായി ചിരിച്ചു. ആ ചിരിയുടെ തിളക്കം ഇന്നും എന്റെ കണ്ണിന്റെ മുൻപിലുണ്ടു്. അദ്ദേഹം മാത്രം ഇന്നില്ല.

കാലമേറെക്കഴിഞ്ഞു. ഇന്നു ഞാൻ സുകുമാരനോടു ചോദിക്കുകയാണു്: (അദ്ദേഹത്തിന്റെ ബന്ധുക്കൾ സദയം ക്ഷമിക്കണം. രചനയുടെ ഭംഗിയെ ലക്ഷ്യമാക്കിമാത്രം ഞാൻ എഴുതുകയാണു്) അതേ ഞാനൊരു സങ്കല്പസംഭാഷണമെഴുതുകയാണു്. ആദ്യം പറഞ്ഞതുപോലെ മലബാർ സുകുമാരനോടു് ഒരു ചോദ്യം:

അങ്ങയുടെ ഭാര്യയ്ക്കു് എത്ര വയസ്സായി?
സുകുമാരൻ:
അമ്പതു്.
ഞാൻ:
ഇരുപത്തഞ്ചുവയസ്സു വീതമുള്ള രണ്ടു സുന്ദരികളെ അങ്ങയ്ക്കു തന്നാൽ അമ്പതു വയസ്സുള്ള സഹധർമ്മിണിയെ ഉപേക്ഷിച്ചിട്ടു് അവരെ സ്വീകരിക്കില്ലേ? സുകുമാരൻ സദാചാര തല്പരനായിരുന്നതുകൊണ്ടു് എന്നെ ആട്ടിപ്പുറത്താക്കുമായിരുന്നു. പക്ഷേ, ‘എന്നാൽ അവരെ കൊണ്ടുവരൂ’ എന്നു പറയുന്നവർ ഈ ലോകത്തു ധാരാളം കാണില്ലേ?

ആദ്യമെഴുതിയ യഥാർത്ഥ സംഭവവും രണ്ടാമതു് എഴുതിയ സാങ്കല്പികസംഭവവും രസാവഹമായതു് എന്തുകൊണ്ടു്? അതിലെ പ്രച്ഛന്നമായ സെക്സു തന്നെ ഹേതു. സെക്സില്ലെങ്കിൽ ഒന്നും രസാവഹമായിരിക്കില്ല. ‘കാതിലോലാ? നല്ല താളി’ എന്ന ചോദ്യത്തിലും ഉത്തരത്തിലും ശോഭ പ്രസരിപ്പിക്കുന്നതു് സെക്സല്ലാതെ മറ്റെന്താണു് ? ഇത്തരം നിർദ്ദോഷമായ ലൈംഗികതയേ സാഹിത്യവാരഫലത്തിലുമുള്ളു. എന്നിട്ടും ചില സദാചാരവ്യസനികൾ ‘അയ്യോ സെക്സ്’ എന്നു മുറവിളികൂട്ടുന്നു. അതൊരു മാനസിക ഭ്രംശമായോ റിപ്രെഷനായോ മാത്രം കരുതിയാൽമതി.

ഈ നിർദ്ദോഷമായ ലൈംഗികതയാണു് സി. വി. ബാലകൃഷ്ണൻ ദേശാഭിമാനി വാരികയിലെഴുതിയ ‘മെതിയടിപ്പുറത്തു്’ എന്ന കഥയിലും ഉള്ളതു്. സ്രാമ്പിക്കൽ വലിയ കോയയ്ക്കു് ഒരു കാലത്തു് സുന്ദരിയായ ബീയാത്തുവിനോടു ബന്ധമുണ്ടായിരുന്നു. ഇന്നു് അവൾ കോയയുടെ ആശ്രിതന്റെ ഭാര്യയാണു്. മാദകത്വം വിടാത്ത അവളെക്കണ്ടു് കോയ ‘അന്തംവിട്ടു’ നില്ക്കുമ്പോൾ അയാളുടെ ഭാര്യവന്നു് ‘ഈ മോന്തിക്കു നിങ്ങളാട എന്തു് കാണാൻ നിക്ക്വ’ എന്നു ചോദിക്കുന്നു. കള്ളം കണ്ടുപിടിക്കപ്പെട്ട തസ്കരനെപ്പോലെ ഇളിഭ്യനായി കോയ ഭാര്യയുടെ അടുക്കലേക്കു പോകുന്നു. കൊമ്പൊടിഞ്ഞ കാള ചിലപ്പോൾ കുത്താൻ വരും. സുൽത്താന്മാരുടെ ‘ഹേര’ങ്ങളിലെ ഷണ്ഡന്മാർ അവിടെയുള്ള സുന്ദരിമാരുടെ നേർക്കു് കാമോത്സുകതയോടെ ചെന്ന കഥകൾ ധാരാളം ഞാൻ വായിച്ചിട്ടുണ്ടു്. സ്രാമ്പിക്കൽ വലിയ കോയ കൊമ്പു പോയ കാളയാണു്. അതിനു് ഇടിക്കണമെന്നു തോന്നുന്നു. സഹധർമ്മിണി വഴിമുടക്കാൻ വന്നതു കഷ്ടമായി. പക്ഷേ, സി. വി. ബാലകൃഷ്ണന്റെ ചെറുകഥ, ചെറുകഥയെന്ന പേരിനു് അർഹതയുള്ളതല്ലെന്നു് ഒരു ദോഷം. കോയയുടെ കാമോത്സുകതയെക്കാൾ അതു വലിയ ദോഷം തന്നെ.

കൗതുകമില്ല എനിക്കു്
images/ErichFromm1974.jpg
എറിക് ഫ്രെമ്മ്

“പ്രകൃതിയെ പ്രജ്ഞകൊണ്ടു നിയന്ത്രിക്കുക, കൂടുതൽ കൂടുതൽ വസ്തുക്കൾ ഉൽപാദിപ്പിക്കുക, ഇവ ജീവിതത്തിലെ പ്രധാനലക്ഷ്യങ്ങളായി. ഈ പ്രവർത്തനത്തിലൂടെ മനുഷ്യനും സ്വയം വസ്തുവായി മാറി. വസ്തുവിനു് കീഴ്പ്പെട്ടുപോയി ജീവിതം. ‘നേടുക’യെന്നതു് (to have) ‘ആയിരിക്കുക’ (to be) എന്നതിൽ ആധിപത്യം സ്ഥാപിച്ചു. ജീവിതത്തിന്റെ ലക്ഷ്യം മനുഷ്യന്റെ അന്യൂനാവസ്ഥയാണെന്നു് പടിഞ്ഞാറൻ സംസ്കാരവും—ഗ്രീക്ക് സംസ്കാരവും ഹീബ്രു സംസ്കാരവും—കരുതി. എന്നാൽ ആധുനിക മനുഷ്യൻ വസ്തുക്കളുടെ അന്യൂനാവസ്ഥയിലാണു് താല്പര്യം കാണിക്കുക; അവയെ (വസ്തുക്കളെ) നിർമ്മിക്കുന്നതിനെസ്സംബന്ധിച്ച അറിവിലും. സത്യത്തിൽ താനെന്തിനു ജീവിക്കുന്നുവെന്നു് ഒരുത്തനും അറിഞ്ഞുകൂടാ. അവനു ലക്ഷ്യമില്ല. അരക്ഷിതാവസ്ഥയിൽ നിന്നും ഏകാന്തതയിൽ നിന്നും രക്ഷപ്പെടാനുള്ള ആഗ്രഹം മാത്രമേ അവനുള്ളു. “മഹാനായ എറിക് ഫ്രെമ്മി ന്റെ ഈ വാക്കുകൾ ഐഡന്റിറ്റി (അനന്യത) നഷ്ടപ്പെട്ട മനുഷ്യന്റെ ചിത്രം വരയ്ക്കുന്നു. ഈ ആശയം പടിഞ്ഞാറൻ രാജ്യങ്ങളിൽ പ്രചുര പ്രചാരമാർന്നതു് ഏതാണ്ടു് നാല്പതു കൊല്ലം മുൻപാണു്. അന്നു് അതിനെ അവലംബിച്ചു് നോവലുകളും ചെറുകഥകളും ധാരാളമുണ്ടായി. മാക്സ് ഫ്രിഷി ന്റെ I’m not Stiller എന്ന നോവൽ ഈ അനന്യതയുടെ നാശത്തെ കലാത്മകമായി സ്ഫുടീകരിക്കുന്നു. ഫ്രിഷിന്റെ നോവലിനു മുൻപും പിൻപും പല കൃതികളും ഈ ചിന്താഗതിയെ അവലംബിച്ചു് ആവിർഭവിച്ചു.

മലയാളം സംസ്കൃതത്തെപ്പോലെ മൃതഭാഷയാകാനാണു് സാദ്ധ്യത. ചില മലയാള സാഹിത്യകാരന്മാരുടെ കഥകളും ലേഖനങ്ങളും വായിച്ചാൽ അതു് ഇംഗ്ലീഷോ മലയാളമോ എന്നു് സംശയം തോന്നും. കൂടുതലും ഇംഗ്ലീഷ് വാക്യങ്ങളായിരിക്കും. എന്നാൽ പിന്നെ ഇവർക്കു് മുഴുവനും ഇംഗ്ലീഷിൽ തന്നെ എഴുതിക്കൂടെ. എന്തിനിങ്ങനെ ഭാഷാദ്രോഹം ചെയ്യുന്നു.

യൂറോപ്പിലുണ്ടാകുന്ന ഏതാശയവും ഇങ്ങോട്ടുപകർത്താൻ തല്പരരായിരിക്കുകയാണു് ഇവിടത്തെ എഴുത്തുകാർ. പക്ഷേ, അല്പം വൈകും. ഫ്രഞ്ച് ഭാഷയിലോ ജർമ്മൻ ഭാഷയിലോ രചിക്കപ്പെടുന്ന കൃതികൾ ഇംഗ്ലീഷിലേക്കു തർജ്ജമചെയ്യാൻ കാലം കുറച്ചെങ്കിലുമാകുമല്ലോ. അവ കേരളത്തിലെത്താൻ അതിലും വൈകും. എത്തിക്കഴിഞ്ഞാൽ ഉടനെ ഇവിടെയുള്ളവർ ‘ലോസ് ഒഫ് ഐഡന്റിറ്റി’ എന്ന വിഷയത്തെ അവലംബിച്ചു കൊണ്ടു് കഥകളും നോവലുകളും പടച്ചു വിടും. യൂറോപ്പിൽ ഈ ആശയത്തിന്റെ സാംഗത്യം നഷ്ടപ്പെട്ടു കഴിഞ്ഞു. ഈ വൈകിയ വേളയിലാണു് എൻ. പി. തമ്പി ‘അപരിചിതൻ’ എന്ന കഥയുമായി രംഗപ്രവേശം നടത്തുന്നതു് (കലാകൗമുദി). ഒരു വാദ്ധ്യാർക്കു് ഐഡന്റിറ്റി ഇല്ല; സമുദായം നിർമ്മിച്ചുകൊടുക്കുന്ന ഐഡന്റിറ്റിയേ അയാൾക്കുള്ളു എന്ന ആശയം ഭേദപ്പെട്ട രീതിയിൽ കഥാകാരൻ പ്രതിപാദിച്ചിരിക്കുന്നു. ഇതേ ആശയത്തിന്റെ ആവിഷ്കാരം വേറെ പലയിടങ്ങളിലും കണ്ടിട്ടുള്ള എനിക്കു് ഇക്കഥ ഒരു കൗതുകവും ജനിപ്പിച്ചില്ല.

നിർവ്വചനങ്ങൾ, നിരീക്ഷണങ്ങൾ
ചങ്ങമ്പുഴ:
മലയാളഭാഷയുടെ മാധുര്യം അദ്ദേഹത്തിന്റെ കവിതയിലുള്ളതുപോലെ വേറെ ഒരു കവിതയിലുമില്ല. കേരളത്തിനു മാത്രമേ ഇമ്മട്ടിലൊരു പുത്രനുണ്ടാകൂ.
റ്റി. എസ്. എൽയറ്റ് (Eliot):
കുറേക്കാലം മുമ്പു കവിയായിരുന്നു. ഇപ്പോൾ കവിയെന്ന നിലയിൽ വിസ്മരിക്കപ്പെട്ടിരിക്കുന്നു. നൂറു കൊല്ലം കഴിയുമ്പോഴും ഷെല്ലി ഉണ്ടായിരിക്കും എൽയറ്റ് കാണുകില്ല. എലിയറ്റ് എന്നെഴുതി അദ്ദേഹത്തെ എലി അറ്റതാക്കാതിരുന്നാൽ നല്ലതു്.
പി. കേശവദേവ്:
ശുദ്ധാത്മാവായ സാഹിത്യകാരൻ. താനൊരു ടോൾസ്റ്റോയി യാണെന്ന വിശ്വാസത്തോടെയാണു് അദ്ദേഹം ഇവിടം വിട്ടുപോയതു്.
ബുക്ക് റിവ്യൂ:
വിദഗ്ദ്ധൻ എഴുതിയ പുസ്തകത്തെ അവിദഗ്ദ്ധൻ വാക്കുകൾ കൊണ്ടു് എറ്റുന്ന ഏർപ്പാടു് (ഡോക്ടർ കെ. ഭാസ്കരൻ നായർ തന്റെ ഒരു പുസ്തകവും മറ്റൊരാളെക്കൊണ്ടു് റിവ്യൂ ചെയ്യിച്ചില്ല. തന്നെക്കാൾ മോശക്കാരാണു് കേരളത്തിലെ പറ്റിയെഴുത്തുകാരെന്നു് അദ്ദേഹം ഗ്രഹിച്ചിരുന്നു).
അവതാരികകൾ:
മഹാകവികളും മഹാപണ്ഡിതന്മാരും ജീവിച്ചിരുന്നകാലത്തു് അവരെയൊന്നു് എത്തിനോക്കാൻ പോലും അർഹതയില്ലാതിരുന്നവർ അവർ മരിച്ചു എന്നതു സൗകര്യമാക്കിക്കൊണ്ടു് അവരുടെ ഉജ്ജ്വലങ്ങളായ കൃതികളിൽ ചേർത്തുവയ്ക്കുന്ന മാലിന്യങ്ങൾ. (ഒരിക്കൽ മഹാകവി കുമാരനാശാന്റെ മകൻ പ്രഭാകരൻ എന്നോടു് ആവശ്യപ്പെട്ടു, ‘ചിന്താവിഷ്ടയായ സീത’യ്ക്കു് അവതാരിക എഴുതിക്കൊടുക്കണമെന്നു്. ഞാൻ അദ്ദേഹത്തോടു ചോദിച്ചു: ‘ആശാൻ ജീവിച്ചിരുന്നെങ്കിൽ എന്നെക്കൊണ്ടു് അവതാരിക എഴുതിക്കുമായിരുന്നോ?’ പ്രഭാകരൻ കുറെനേരം മിണ്ടാതിരുന്നിട്ടു് അങ്ങുപോയി. എന്റെ ചോദ്യം ശരിയെന്നു് അദ്ദേഹത്തിനു് തോന്നിയിരിക്കണം.)
വി. എസ്. നൈപൊൾ:
ഒരു വെസ്റ്റിൻഡ്യൻ നോവലിസ്റ്റ്. നോബൽ സമ്മാനം വാങ്ങാൻ കൈയും നീട്ടി ഇരിക്കുന്നു. അദ്ദേഹം താമസിക്കുന്ന വീട്ടിന്റെ മുമ്പിൽ ‘ഒരു പത്താംതരമെഴുത്തുകാരൻ’ എന്ന ബോർഡ് വയ്ക്കാൻ എനിക്കാഗ്രഹം. നൈപൊളിന്റെ A Turn in the South എന്ന പുതിയ പുസ്തകം ഞാൻ വായിച്ചു. അതു വാങ്ങിയ പണംകൊണ്ടു് ഏതെങ്കിലും ടോണിക് വാങ്ങിക്കഴിച്ചാൽ മതിയായിരുന്നു.
കൃതജ്ഞത
images/Chateaubriand.jpg
ഷാതോ ബ്രീയാങ്

ഫ്രഞ്ചെഴുത്തുകാരനും രാജ്യതന്ത്രജ്ഞനുമായിരുന്ന ഷാതോ ബ്രീയാങ്ങി ന്റെ ആത്മകഥ—The Memoirs of Chateau Briand —സംസ്കാരത്തിൽ താല്പര്യമുള്ളവരെല്ലാം വായിച്ചിരിക്കണം. അത്രയ്ക്കു് അതു മനോഹരവും പ്രൗഢവുമാണു്. ഫ്രഞ്ചു വിപ്ലവം നേരിട്ടുകണ്ടയാളാണു് ഷാതോ ബ്രീയാങ്. അദ്ദേഹം മാറി ആങ്ത്വാനതു് രാജ്ഞി യെ (Marie, Antoinette, 1755–93) കണ്ടതു വർണ്ണിക്കുന്നു: “I shall never forget that look of hers which was soon to be extinguished. Marie-Antoinette, when she smiled, shaped her lips so clearly that, horrible to relate, the recollection of that smile enabled me to recognize the jawbone of the daughter of kings when the head of the unfortunate woman was discovered in the exhumations of 1815”.

ഇനി വേറൊരു രംഗം. വിപ്ലവകാരികൾ രണ്ടുപേരുടെ തലകൾ മുറിച്ചെടുത്തു് കമ്പികളിൽ കോർത്തു വച്ചു് ആഹ്ലാദാതിരേകത്തോടെ വരികയായിരുന്നു. ഷാതോ ബ്രീയാങ് ഒരു ഹോട്ടലിന്റെ ജന്നലിനു പിറകിൽ നില്ക്കുന്നു. വിപ്ലവകാരികൾ അദ്ദേഹത്തിന്റെ മുമ്പിൽ നിന്നിട്ടു് തലകൾ കോർത്ത കമ്പികൾ അദ്ദേഹത്തിന്റെ മുഖത്തിനടുത്തേക്കു കൊണ്ടുചെന്നു. അവർ പാടുന്നു, ചാടുന്നു, നൃത്തം വയ്ക്കുന്നു. ഒരു മുഖത്തിൽ നിന്നു് കണ്ണു തൂങ്ങിവെളിയിൽ കിടക്കുകയാണു്. തുറന്ന വായിലൂടെ കടന്നുവന്ന കമ്പിയിൽ ശവത്തിന്റെ പല്ലുകൾ അമർന്നിട്ടുണ്ടു്. ഷാതോബ്രീയാങ്ങിനു വല്ലാത്ത കോപം വന്നു. അദ്ദേഹം ചോദിച്ചു: “കവർച്ചക്കാരേ, ഇതാണോ സ്വാതന്ത്ര്യം?’ അവർ ഹോട്ടലിന്റെ അടച്ച വാതിൽ തല്ലിപ്പൊളിക്കാൻ ശ്രമിച്ചു. ഷാതോ ബ്രീയാങിന്റെ തലകൂടി കമ്പിയിൽ കോർത്തുകൊണ്ടു പോകാനായിരുന്നു അവരുടെ ആഗ്രഹം. ഭാഗ്യത്താൽ അദ്ദേഹം രക്ഷപ്പെട്ടു.

ചലച്ചിത്രങ്ങളിലെ രംഗങ്ങൾപോലെയാണു് ഇവയൊക്കെ. പ്രാചീനങ്ങളായ യഥാർത്ഥ സംഭവങ്ങൾ ഷാതോ ബ്രീയാങ്ങിനെപ്പോലുള്ളവർ വർണ്ണിച്ചു വച്ചതു് നമ്മുടെ ഭാഗധേയം എന്നേ പറയേണ്ടു.

ഇതുപോലെ വായിക്കേണ്ട പുസ്തകമാണു് Pages from the Goncourt Journal. എദ്മങ് ഗൊൻകുറും അദ്ദേഹത്തിന്റെ സഹോദരനായ ഷ്യൂൾ ഗൊൻകൂറും ചേർന്നെഴുതിയ ഈ ജേണലിൽ അക്കാലത്തെ പല സാഹിത്യനായകന്മാരുടെയും കാര്യങ്ങൾ വർണ്ണിച്ചിട്ടുണ്ടു്. ‘മദാം ബൂവറി’ എന്ന തന്റെ നോവലിനെക്കുറിച്ചു് ഫ്ലോബർ അവരോടു് പറഞ്ഞതു കേൾക്കുക: Flaubert told us that while writing the description of the poisoning of Madame Bovary, he had felt a pain as if he had a copper plate in his stomach, a pain which had made him vomit twice over.

images/EdmondetJulesGoncourt.jpg
ഗൊർകൂർ സഹോദരന്മാർ

ഷാതോ ബ്രീയാങ്ങിനും ഗൊർകൂർ സഹോദരന്മാർക്കും ഞാനിപ്പോൾ നന്ദിപറയുന്നു. ‘നിങ്ങളില്ലാതിരുന്നെങ്കിൽ ഞാനെങ്ങനെയാണു് ഇതൊക്കെ മനസ്സിലാക്കുക?’ ഇതേ കൃതജ്ഞതയാണു് എനിക്കു കെ. എ. രാജനോടു്. അദ്ദേഹം ഗായകനായ ഒരു കൂട്ടുകാരനോടു കൂടി ജീവിതാന്ത്യത്തിൽ എത്തിയ ചങ്ങമ്പുഴ യെ കാണാൻ പോയതും ഗായകൻ ‘മനസ്വിനി’ എന്ന കാവ്യം പാടിയപ്പോൾ കവി ഈരടികൾക്കൊത്തു് ആടിയതും അദ്ദേഹത്തിന്റെ കണ്ണുകൾ കണ്ണീരുകൊണ്ടു നിറഞ്ഞതുമൊക്കെ ലേഖകൻ വിവരിക്കുന്നു. നേരത്തേ ചോദിച്ച ചോദ്യം ഞാൻ രാജനോടും ചോദിക്കുന്നു: താങ്കൾ ഇതു് എഴുതിയില്ലെങ്കിൽ ഞാനെങ്ങനെയാണു് ചങ്ങമ്പുഴയുടെ വികാരപാരവശ്യം മനസ്സിലാക്കുക? (ലേഖനം ജനയുഗം വാരികയിൽ).

വളരെക്കാലമായി കാണാതിരുന്ന ഒരു ബന്ധുവിനെ ഒരു വിവാഹസ്ഥലത്തുവച്ചു ഞാൻ കണ്ടു. ആളൊരു ഓഫീസറാണു്. കണ്ടയുടനെ അദ്ദേഹം പറഞ്ഞു: “ടെലിവിഷൻ പരിപാടി കണ്ടു. എന്തു ബോറായിരുന്നു നിങ്ങൾ? അറുപതു വയസ്സു കഴിഞ്ഞില്ലേ നിങ്ങൾക്കു്. ഈ ലജ്ജയെന്തിനായിരുന്നു? രണ്ടു ചെറുപ്പക്കാരികളും ഒരു പെൺകുട്ടിയും എത്ര തന്റേടമായി കാര്യങ്ങൾ പറഞ്ഞു! നിങ്ങൾക്കു് നാണം. വിഷയമാവാം നാണമുണ്ടാക്കിയതു്”. എന്നെയോ എന്റെ പ്രവൃത്തികളെയോ വിമർശിച്ചാൽ വിമർശിക്കുന്നവനോടു് എതിർത്തൊന്നും പറയുകയില്ല ഞാൻ. അതുകൊണ്ടു് ‘നിങ്ങൾ പറഞ്ഞതെല്ലാം ശരിയാണു്. കാഴ്ചബംഗ്ലാവിനകത്തു് ഒരു മരത്തിന്റെ ചുവട്ടിൽ വച്ചായിരുന്നു ഫോട്ടോ എടുത്തതു്. ചുറ്റും ഒരു പാടു് ആളുകൾ. ഞാൻ നെർവസായിപ്പോയി’ എന്നു വിനയത്തോടെ മറുപടി നല്കി. എന്നിട്ടും അപമാനിച്ചേ അടങ്ങൂ എന്ന പിടിവാശിയോടെ നിന്ന ഓഫീസർ തുടർന്നു പറഞ്ഞു: ‘ബാലചന്ദ്രമേനോനെ നോക്കിപ്പഠിക്കാത്തതെന്തു? എന്തു് അന്തസ്സായി അദ്ദേഹം കാര്യങ്ങൾ പറഞ്ഞു! ഞാൻ മറുപടി നല്കി അതിനും. ‘ബാലചന്ദ്രമേനോൻ എന്റെ ശിഷ്യനാണു്. പഠിക്കുന്ന കാലത്തും ഇപ്പോഴും സമർത്ഥൻ. അദ്ദേഹം ഗുരുവിനെക്കാൾ മിടുക്കനായതിൽ ഗുരുവിനു സന്തോഷമേയുള്ളു.’ കരുതിക്കൂട്ടി ഓഫീസർ അപമാനിക്കുന്നുവെന്നു കണ്ടു് അടുത്തുനിന്ന അദ്ദേഹത്തിന്റെ ബന്ധു (എന്റെയും) അപ്പറഞ്ഞതെല്ലാം ശരിയല്ലെന്നു് അറിയിച്ചു. പിന്നെയും ഓഫീസർ നിന്ദിക്കുമെന്നും അപമാനിക്കുമെന്നും മനസ്സിലാക്കി ഞാൻ പോകാനായി ചാടി കാറിൽക്കയറി. തിരിച്ചു പോരുകയും ചെയ്തു. ഈ സംഭവം ഒരു സാങ്കല്പികസംഭാഷണത്തിനു ഹേതുവാകട്ടെ. ആദ്യത്തെ ചോദ്യം ഓഫീസറുടേതു്. രണ്ടാമതുവരുന്നതു് എന്റെ ഉത്തരം. ഈ രീതിയിൽ വായിക്കുക:

“നമുക്കു് നാക്കുതന്നിരിക്കുന്നതു് എന്തിനാണു്?”

“അന്യനെ ചീത്തപറയാൻ”.

“ചീത്തയെന്നാൽ?”

“അന്യനെ വേദനിപ്പിക്കുന്നതെല്ലാം ചീത്ത”.

“വേദനയെന്നാൽ?”

“എല്ലാം വേദന തന്നെ. ഓഫീസ് ജോലി വേദന. മേലുദ്യോഗസ്ഥൻ അരുതാത്ത വാക്കു പറയും. വിദ്യാർത്ഥി ജീവിതം വേദന. എതിരായ രാഷ്ട്രീയകക്ഷികളും അധ്യാപകരും പരുക്കൻ ഭാഷയിൽ സംസാരിക്കും. നിരൂപണം വേദന. ഒരുത്തനെ പുകഴ്ത്തിയാൽ മറ്റു സാഹിത്യകാരന്മാർ കോപിക്കും. വിമർശനവും വേദന. വിമർശനത്തിനു വിധേയനാകുന്ന സാഹിത്യകാരൻ തെറിവിളിക്കും. ദാമ്പത്യജീവിതം തുടക്കം തൊട്ടു് ഒടുക്കംവരെ വേദന”.

“അതെങ്ങനെ?”

“ഭാര്യയുടെ അച്ഛൻ തരാമെന്നുപറഞ്ഞ സ്വത്തു് തരില്ല. അപ്പോൾ അയാളോടും ഭാര്യയോടും ശണ്ഠ. ഫലം വേദന. സഹധർമ്മിണിയുടെ സൗന്ദര്യം പോകുമ്പോൾ വെളിയിൽ കൊണ്ടിറങ്ങാൻ കൊള്ളില്ല. അപ്പോഴും വേദന. പ്രസവിക്കുമ്പോൾ അവൾ കിടന്നുനിലവിളിക്കുന്നതു് കേൾക്കുമ്പോൾ യാതന. കുഞ്ഞുങ്ങൾ വളർന്നു വലുതായാൽ അവർ താന്തോന്നികളായി നടക്കും. പ്രേമ വിവാഹങ്ങൾ നടത്തും. അപ്പോഴും വേദന”.

“ആങ്ഹാ!”

“അതേ അതുതന്നെയാണു് ഞാൻ മറ്റൊരു രീതിയിൽ ടെലിവിഷനിലൂടെ പറഞ്ഞതു്”.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1989-09-24.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 6, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.