സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1990-02-04-ൽ പ്രസിദ്ധീകരിച്ചതു്)

images/Chemmanam_Chacko.jpg
ചെമ്മനം ചാക്കോ

കുടിക്കാനായി ഒരു ഗ്ലാസ്സ് ശുദ്ധജലം എന്റെ അടുത്തു കൊണ്ടുവച്ചിരുന്നു. എന്റെ പേനയിലെ മഷി തീർന്നതുകൊണ്ടു മഷി നിറച്ചിട്ടാവാം വെള്ളം കുടിക്കുന്നതെന്നു ഞാൻ കരുതി. പേനയിൽ മഴി ഒഴിച്ചിട്ടു് മഷിക്കുപ്പി മാറ്റി വയ്ക്കുന്ന വേളയിൽ എങ്ങനെയോ ഒരു തുള്ളി മഷി വെള്ളത്തിലേയ്ക്കു വീണു. അതോടെ ഞാൻ ഗ്ലാസിലേയ്ക്കു നോക്കുകയായി. എന്തൊരു ആകർഷകമായ കാഴ്ച! നീലനിറമാർന്ന ഒരു വക്രരേഖ ക്രമേണ താഴത്തേക്കു ഇഴഞ്ഞു തുടങ്ങി. പിന്നീടു് പല വക്രരേഖകൾ. എല്ലാംകൂടി ഏതാനും നിമിഷങ്ങൾ കൊണ്ടു കെട്ടുപിണഞ്ഞു. ഏതു കലാകാരൻ വിചാരിച്ചാലും നിർമ്മിക്കാനാവാത്ത ‘ഡിസൈൻ’. അല്പം കഴിഞ്ഞപ്പോൾ രേഖകൾ പടർന്നു തുടങ്ങി. എല്ലാം ഒരുമിച്ചു ചേർന്നു. ഒന്നു രണ്ടു നിമിഷം കൊണ്ടു് ജലം ഇളംനീലനിറമായി. ശുദ്ധജലത്തിനു് എത്ര ഭംഗി ഉണ്ടായിരുന്നുവോ അതിന്റെ നൂറിരട്ടി ഭംഗിയുണ്ടായി ആ നീലനിറത്തിനു്. വേറെ വെള്ളം കുടിക്കേണ്ടതില്ല, അതു് അങ്ങനെതന്നെയിരുന്നു കണ്ണിനു് ആഹ്ലാദം പകരട്ടെയെന്നു ഞാൻ തീരുമാനിച്ചു. ഇതിനു ശേഷമാണു് ഞാൻ കെ. കെ. സുധാകരന്റെ ‘കാലൊച്ചയില്ലാതെ’ എന്ന ചെറുകഥ വായിച്ചതു് (മാതൃഭൂമി ആഴചപ്പതിപ്പു്). അതിലും കണ്ടു ഒരു നീലരേഖയുടെ വക്രഗതിയാർന്ന സഞ്ചാരം. ഒരു രേഖയല്ല, പല രേഖകൾ. എല്ലാം കൂടി ഒരുമിച്ചു ചേർന്നു് രതിയുടെ ആ നീല വർണ്ണം. നിഷ്കളങ്കതയും നിരപരാധിയുമായ ഒരു പെൺകുട്ടിക്കു് പ്രേമലേഖനം കിട്ടുന്നതായി ആദ്യത്തെ പ്രസ്താവം. പിന്നീടു തുടർച്ചയായി ലഭിക്കുന്ന കത്തുകൾ യഥാർത്ഥങ്ങളാവാം, ഭ്രമാത്മകമായ തോന്നലുകളാവാം. ആദ്യം ഒരു പെൺകുട്ടിയിൽ തന്നെ ദ്വന്ദ്വഭാവം. താൻ സ്നേഹിക്കുന്ന അച്ഛനമ്മമാരുടെ മകൾ ഒന്നു്. രണ്ടാമത്തേതു് സ്വന്തം കാമോത്സുകതയെ അവരിൽ നിന്നു മറച്ചുവയ്ക്കുന്ന കാമുകി. മകൾക്കു് ആദ്യമൊക്കെ പ്രാധാന്യം. പിന്നീടു് കാമുകിക്കു പ്രാധാന്യം. അതു കൈവരുമ്പോൾ മകളെന്ന ഭാവം അപ്രത്യക്ഷമാകുന്നു. ബാഹ്യാവയവങ്ങളിൽ കേന്ദ്രീകരിച്ച ലൈഗികത്വം ഇല്ലിവിടെ. ആന്തരമായ ഒരു ലോലവികാരമേയുള്ളൂ. ആ നീലരേഖയാണതു്. അതു് ഋജുവായും വക്രമായും ഒഴുകുന്നു. ഒടുവിൽ പല രേഖകളുമായി ഒരുമിച്ചു ചേർന്നു രതിയുടെ ഇളം നീലവർണ്ണമായി പരിണമിക്കുന്നു. രതി എന്ന വാക്കു് ഞാൻ ഉപയോഗിച്ചെങ്കിലും അതിനെയും അതിശയിച്ച ഒരവസ്ഥയാണു് ഇവിടെയുള്ളതു്. കഥയ്ക്കു് ആകെയുള്ള സന്ദിഗ്ദ്ധാർത്ഥത പെൺകുട്ടിയുടെ മനസ്സിന്റെ ഭ്രമാത്മകതയെ സൂചിപ്പിക്കുന്നു.

ചോദ്യം, ഉത്തരം

ചോദ്യം: നിങ്ങൾ സ്ത്രീകളെ കുറ്റം പറയുന്നതു പ്രായം കൂടിയ കാലത്തെ സെക്സ് റിപ്രെഷൻ കൊണ്ടല്ലേ?

ഉത്തരം: ഈ ചോദ്യത്തിനു് ഉത്തരം പറയാൻ പ്രയാസമുണ്ടു്. യഥാർത്ഥത്തിൽ അങ്ങനെയൊരു നിരോധമുണ്ടെങ്കിൽ അതു് അബോധാത്മകമായിരിക്കും. അബോധാത്മകമായതു് ഞാനെങ്ങനെ അറിയും? പിന്നെ ഞാനങ്ങനെ സ്ത്രീകളെ കുറ്റം പറയാറില്ല. സ്ത്രീയെ മാനദണ്ഡമാക്കി പുരുഷനെയും പുരുഷനെ മാനദണ്ഡമാക്കി സ്ത്രീയെയും അളക്കരുതു്. സ്ത്രീയെ അവളുടെ സ്വതസ്സിദ്ധമായ മേന്മകൊണ്ടളക്കണം. പുരുഷനെയും അങ്ങനെതന്നെ. ഭർത്താവു കൊടുക്കുന്ന തുച്ഛമായ പണം കൊണ്ടു കുടുംബബജറ്റ് തയ്യാറാക്കി വീട്ടിലെ കാര്യങ്ങൾ ഭംഗിയായി നടത്തുന്ന സ്ത്രീ, ഭരിക്കാനറിയാതെ നാടു നശിപ്പിക്കുന്ന ഏതു പ്രധാനമന്ത്രിയെക്കാളും കേമത്തമുള്ളവളാണു്. (മുകളിലെഴുതിയ ചോദ്യം എനിക്കു നേരിട്ടയച്ചതല്ല. പ്രശസ്തനായ ഹാസ്യകവി ചെമ്മനം ചാക്കോ യോടു് സിവിൽ സപ്ളൈസ് ഡിപാർട്ട്മെന്റിലെ ഒരുദ്യോഗസ്ഥ എന്നെക്കുറിച്ചു പറഞ്ഞ ഒരഭിപ്രായം ചോദ്യരൂപത്തിലാക്കിയതാണു് ഞാൻ.)

എന്നാണു്?
images/Maupassant.jpg
മോപസാങ്ങ്

വേശ്യകൾക്കാണു ചാരിത്രശാലിനികളെക്കാൾ കാരുണ്യമുള്ളതു് എന്ന സത്യം തെളിയിക്കുന്നു മോപസാങ്ങി ന്റെ ‘ബൂൽ ദ സ്വീഫ് ’ എന്ന ചെറുകഥ (Boule-de-Suif). ഫ്രാങ്കോ-പ്രഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ രചിച്ച ഇക്കഥ മനോഹരമാണു്. ജർമ്മൻ പട്ടാളത്തിലെ ചില ഉദ്യോഗസ്ഥന്മാർ മറ്റു ചില യാത്രക്കാരുമായി റ്വാങ്ങ് (Rouen) പട്ടണത്തിൽനിന്നു പോകുകയാണു്. അവരുടെ കൂട്ടത്തിൽ ബൂൽ ദ് സ്വീഫ് എന്ന വേശ്യയുമുണ്ടു്. അവളുടെ കൈയിൽ മാത്രമേ ആഹാരമുള്ളൂ. മറ്റു യാത്രക്കാർ വിശന്നുപൊരിയുന്നതുകണ്ടു് വേശ്യ താൻ കൊണ്ടുവന്ന ഭക്ഷണസാധനങ്ങൾ അവർക്കും കൊടുത്തു. ആഹാരമൊക്കെക്കഴിഞ്ഞനുശേഷം യാത്ര ആരംഭിക്കേണ്ടതാണു്. പക്ഷേ, വേശ്യ തനിക്കു വഴങ്ങിയെങ്കിലേ മുന്നോട്ടു പോകാനൊക്കൂ എന്നായി ജർമ്മൻ സൈനികോദ്യോഗസ്ഥൻ. ആദ്യം വേശ്യയെ പുച്ഛിച്ചിരുന്ന യാത്രക്കാർ അവളുടെ ഭക്ഷണസാധനങ്ങൾ കഴിച്ചതിനുശേഷം ദയയോടെ അവളെ നോക്കിത്തുടങ്ങിയതാണു്. ജർമ്മനുദ്യോഗസ്ഥൻ യാത്ര തുടരാൻ സമ്മതിക്കില്ലെന്നു കണ്ടപ്പോൾ അവർ അവളെ ഉപദേശിച്ചു അയാൾക്കു വിധേയയാകാൻ. വേഴ്ച കഴിഞ്ഞപ്പോൾ വണ്ടി മുന്നോട്ടുപോയി. അതിനുശേഷം വേശ്യയെക്കൊണ്ടു് യാത്രക്കാർക്കു് ഒന്നും നേടാനായില്ല. അതുകൊണ്ടു് അവർ അവളെ വീണ്ടും പുച്ഛിച്ചു. ബൂൽ ദ് സ്വീഫ് വണ്ടിയുടെ മൂലയിലിരുന്നു കരഞ്ഞു. കന്യാസ്ത്രീകളും ജനാധിപത്യവാദികളും ഇടത്തരക്കാരും പ്രഭുക്കന്മാരും ഉള്ള ആ യാത്രക്കാരുടെ സമൂഹം അന്നത്തെ സമുദായത്തിന്റെ ഒരു പരിച്ഛേദമാണു്. അതിന്റെ കാപട്യത്തെയാണു് മോപസാങ്ങ് പരിഹസിച്ചതു്.

images/Kp_ramanunni.jpg
കെ. പി. രാമനുണ്ണി

കെ. പി. രാമനുണ്ണി യുടെ “വിധാതാവിന്റെ ചിരി” എന്ന ചെറുകഥയിൽ (കലാകൗമുദി) ഒരു വേശ്യയുടെ കാരുണ്യവും സമുദായത്തിന്റെ കാപട്യവും ചിത്രീകരിച്ചിരിക്കുന്നു. സദാചാരസമിതിയിലെ നേതാവു് വേശ്യയെ പ്രാപിച്ചവനാണെങ്കിലും ഒരു യുവാവുമായി അവൾ വേഴ്ച തേടുന്നതു് അയാൾക്കിഷ്ടമില്ല. ഒരു മാന്യസ്ത്രീയെ വിവാഹം കഴിക്കാൻ തീരുമാനിച്ചിരിക്കുകയാണു് ആ യുവാവു്. വിവാഹദിനവും ഉറപ്പിച്ചുകഴിഞ്ഞു. എങ്കിലും സദാചാരസമിതിക്കാർ വേശ്യയുടെയും യുവാവിന്റെയും വിവാഹം ബലാൽക്കാരമായി നടത്തി. ചെറുപ്പക്കാരന്റെ നൈരാശ്യവും ദുഃഖവും മനസ്സിലാക്കിയ വേശ്യ അയാളെ പറഞ്ഞയച്ചു. അങ്ങനെ തന്നെ രക്ഷിച്ചവളെ അയാൾ തെറിവിളിച്ചിട്ടാണു് അവിടംവിട്ടുപോയതു്.

images/Eliot.jpg
റ്റി. എസ്. എല്യറ്റ്

നൃശംസതയുള്ളവർക്കു രാമനുണ്ണി മോപസാങ്ങിന്റെ കഥയിലെ ഇമേജുകൾക്കു മാറ്റം വരുത്തിയിട്ടേയുള്ളൂ എന്നു പറയാം. എനിക്കു നൃശംസതയുണ്ടെങ്കിലും ഞാനങ്ങനെ പറയുന്നില്ല. പക്ഷേ, ഫ്രഞ്ചെഴുത്തുകാരന്റെ വിശ്വവിഖ്യാതമായ കഥ പല പരിവൃത്തി വായിച്ച എനിക്കു് മലയാളമെഴുത്തുകാരന്റെ കഥ ഒരു നേരിയ ചലനംപോലുമുളവാക്കിയില്ല എന്നു പറയേണ്ടിയിരിക്കുന്നു. എന്നാണു് നമുക്കു് തികച്ചും മൗലികമായ ഒരു കഥ കിട്ടുക!

ചോദ്യം, ഉത്തരം

ചോദ്യം: വേശ്യാവൃത്തിയെ താങ്കൾ അംഗീകരിക്കുന്നോ?

ഉത്തരം: വിശപ്പുള്ള പത്തുപേർക്കു് ഒരേസമയം ഭക്ഷണം വിളമ്പിക്കൊടുത്തു സ്ത്രീ അവരുടേയെല്ലാം വിശപ്പു മാറ്റുന്നു. അവൾ തന്നെ അവരുടെ വേറൊരു വിശപ്പുകൂടി മാറ്റിയാൽ അതിനെ അത്ര കണ്ടു പുച്ഛിക്കേണ്ടതുണ്ടോ?

ചോദ്യം: വേശ്യയുടെയും കുലീനയുടെയും പ്രവൃത്തികൾക്കു തമ്മിൽ എന്താണു വ്യതാസം?

ഉത്തരം: സായ്പ് നൽകിയ ഉത്തരമെഴുതാം. “A Prostitute is a women who does the same thing for a living that other women do for pleasure.”

ചോദ്യം: അഫ് റോഡിസിയക് എന്നാൽ എന്താണു് ?

ഉത്തരം: കാമോദ്ദീപനൗഷധം എന്നു് അർത്ഥം. പലർക്കും പലതാണു് അത്തരം ഔഷധങ്ങൾ. അശ്വഗന്ധം (അമുക്കൂരം) ഇത്തരമൊരു ഔഷധമാണെന്നു ചിലർ പറയുന്നു. ചില സ്ത്രീകൾക്കു നൂറുരൂപയുടെ നോട്ടുകെട്ടുകൾ അഫ് റോഡിസിയക് ആണത്രേ. തരുണി, എഴുത്തുകാരനെ അയാളുടെ രചനകളുടെ പേരിൽ പ്രശംസിച്ചാൽ അയാൾക്കതു് കാമോദ്ദീപനൗഷധമാകുമെന്നു സൊൾ ബെലോ എന്ന നോവലിസ്റ്റ് പറഞ്ഞിട്ടുണ്ടു്. (ചോദ്യങ്ങൾ എല്ലാം സ്വന്തം)

ഇന്ത്യയെ വിൽക്കാനുണ്ടു്
images/AllAboutHHatterr.jpg

ഇംഗ്ലണ്ടിനെസംബന്ധിച്ച ഇന്ത്യാക്കാരന്റെ അനുഭവങ്ങളെ ആവിഷ്കരിക്കുന്ന പല നോവലുകളും ഉണ്ടായിട്ടുണ്ടു്. ജി. വി. ദേശാനി യുടെ All About H. Hatterr എന്ന നോവലിനെ റ്റി. എസ്. എല്യറ്റ് പോലും വാഴ്ത്തി. ജോർജ്ജ് ലാമിങ്ങി ന്റെ THe Emmigrants നയ്പൊളി ന്റെ The Enigma of Arrival എന്നീ കൃതികൾ ബാർബേഡോസിലും ട്രിനിഡഡിലും ജനിച്ചവർക്കു് ഇംഗ്ലണ്ടിലുണ്ടാകുന്ന അനുഭവങ്ങളെ പ്രതിപാദിക്കുന്നു. റുഷ്ദി യുടെ The Satanic Verses ബ്രിട്ടനിലെ കുടിയേറ്റക്കാരന്റെ അനുഭവങ്ങളെ അവിദഗ്ദ്ധമായി ചിത്രീകരിക്കുന്ന നോവലാണു്. ദേശാനിയുടെ നോവലിനെ റുഷ്ദിയുടെ നോവലിന്റെ ‘മുൻഗാമി’യായി കരുതാം. ഗ്രാമ്യവും പ്രകടാത്മകവും വിലക്ഷണവുമായ ഇംഗ്ലീഷ് ഭാഷ കരുതിക്കൂട്ടി പ്രയോഗിച്ചു് ദേശാനി ബ്രട്ടീഷ് ഇംപീരിയലിസത്തെ പരിഹസിക്കുന്നു. വായിക്കാനെടുത്താൽ താഴെ വയ്ക്കാൻ തോന്നാത്ത നോവലാണു് അതു്. റുഷ്ദി അതിനെ മാതൃകയാക്കി എഴുതിയ The Satanic Verses തികഞ്ഞ വൈരസ്യമാണു് വായനക്കാർക്കു് ഉളവാക്കുന്നതു്. വിദ്വേഷത്തിന്റെ നാദമാണു് നോവലിലാകെ. ബ്രട്ടീഷ് പ്രധാനമന്ത്രി താച്ചറെ മിസ്സിസ് ടോർച്ചർ, മാഗി ദ് ബീച്ച്, റെഡ് റൈഡിങ്ങ് ഹുഡ്ഡിലെ ചെന്നായ് അമ്മൂമ്മ എന്നൊക്കെ വിളിക്കുന്ന റുഷ്ദിക്കു് ശത്രുതയല്ലാതെ വേറെ എന്താണുള്ളത് ? ഇന്ത്യൻ പ്രധാനമന്ത്രിയെ എയർ ലൈൻ പൈലറ്റ് എന്നാണു് അദ്ദേഹം വിളിക്കുക. ഞാൻ രാജീവ്ഗാന്ധിയുടെ ആരാധകനല്ല. പക്ഷേ, കരുതിക്കൂട്ടി ഒരാളെ ആക്ഷേപിക്കാമോ? ചലച്ചിത്രതാരം അഭിതാഭ് ബച്ചനെക്കുറിച്ചു് അദ്ദേഹം എഴുതിയിരിക്കുന്നതെല്ലാം അസഭ്യമാണു്. ശതാബ്ദങ്ങളായി മനുഷ്യർ ആരാധിക്കുന്ന ആചാര്യന്മാരെ റുഷ്ദി എങ്ങനെ ആക്ഷേപിക്കുന്നു എന്നതു് ഞാൻ വീണ്ടും എഴുതേണ്ടതില്ല.

images/George_Lamming.jpg
ജോർജ്ജ് ലാമിങ്ങ്

സത്യമിതായിരുന്നിട്ടും സായ്പന്മാർ അദ്ദേഹത്തെ സുപ്രധാനനായ സാഹിത്യകാരനായി അവതരിപ്പിക്കുന്നു. (ജനുവരി 16-ലെ The Independent ദിനപത്രത്തിൽ റുഷ്ദിയെപ്പറ്റി George Walden എഴുതിയ ലേഖനം എടുത്തുചേർത്തിരിക്കുന്നു.) റുഷ്ദിയുടെ ഇംഗ്ലീഷിനെ വാഴ്ത്തുന്നവരുണ്ടു്. ഇന്ത്യയിലുള്ളവരും ഫ്രാൻസ്, ജർമ്മനി, റഷ്യ ഈ രാജ്യങ്ങളിലുള്ളവരും ഇംഗ്ലീഷ് പഠിച്ചു് ആ ഭാഷയിൽ ഗ്രന്ഥങ്ങൾ എഴുതുമ്പോൾ ഇംഗ്ലീഷ് ഭാഷയുടെ ‘ജീനിയസ്’ ഇല്ലാതാവുന്നു. സ്വന്തം ശൈലികൊണ്ടു് effect ഉണ്ടാക്കാനാണു് അവർ ശ്രമിക്കുന്നതു്. ഇംഗ്ലീഷുകാർ ഈ യത്നത്തെ പുച്ഛിക്കുകയേയുള്ളൂ. റുഷ്ദിയുടെ ഇംഗ്ലീഷ് സ്വാഭാവികമല്ല. എങ്കിലും ഇംഗ്ലീഷുകാർ അദ്ദേഹത്തെ പ്രശംസിക്കുന്നു. അതിനു കാരണമുണ്ടു്. റുഷ്ദിയും നയ്പോളും ഇംഗ്ലണ്ടിലെ തെരുവുകളിലൂടെ ‘ഇന്ത്യയെ വിൽക്കാനുണ്ടു് വേണോ, വേണോ’ എന്നു ചോദിക്കുകയാണു്. താച്ചർക്കു് ചെന്നായ് അമ്മൂമ്മയുടെ വലിയ പല്ലുകളാണുള്ളതെന്നു പറഞ്ഞ റുഷ്ദിക്കു് ഇപ്പോൾ ലണ്ടനിലെ റോഡിലൂടെ നടക്കാൻ വയ്യ. അദ്ദേഹം നിന്ദിച്ച താച്ചർ തന്നെ അദ്ദേഹത്തെ സംരക്ഷിക്കുന്നു. നയ്പോളിനു നല്ല വില കിട്ടി. ‘സർ’ സ്ഥാനം ഇംഗ്ലണ്ടിലെ സർക്കാർ അദ്ദേഹത്തിനു കൊടുത്തു. ഒളിച്ചിരിക്കേണ്ട ഗതികേടു് റുഷ്ദിക്കു സംഭവിച്ചില്ലായിരുന്നെങ്കിൽ അദ്ദേഹത്തിനും ‘സർ’ സ്ഥാനം കിട്ടുമായിരുന്നു. പ്രസിഡന്റ് Rafsanjani കാരുണ്യം കാണിച്ചാൽ റുഷ്ദി വീണ്ടും സായ്പന്മാരോടു് ‘ഇന്ത്യയെ വിൽക്കാനുണ്ടു് വേണോ വേണോ’ എന്നു വിളിക്കുന്നതു് നമുക്കൊക്കെ കേൾക്കാറാകും.

ചോദ്യം, ഉത്തരം

ചോദ്യം: ആരാണു് ജോർജ്ജ് ലാമിങ്ങ് ?

ഉത്തരം: ബാർബേഡോസ് ദ്വീപിൽ ജനിച്ചു. നോവലിസ്റ്റ് എന്ന നിലയിൽ അദ്ദേഹം വിശ്വവിഖ്യാതനായി. 1953-ൽ പ്രസിദ്ധപ്പെടുത്തിയ In the Castle of My Skin എന്ന നോവലാണു് അദ്ദേഹത്തിന്റെ മാസ്റ്റർ പീസ്. 1954-ൽ പ്രസാധനം ചെയ്ത The Emigrants വേറൊരു നോവൽ. ഒരു Carribean ദ്വീപിൽ വളർന്നുവരുന്ന നാലു കുട്ടികൾക്കു് ജീവിത പരിവർത്തനം സംഭവിക്കുന്നതിനെ ഹൃദ്യമായി ചിത്രീകരിക്കുന്നു ആദ്യത്തെ നോവൽ. രണ്ടാമത്തെ കൃതിയിൽ, 1950-ൽ ബ്രിട്ടനിൽ പോകുന്ന കുറെ വെസ്റ്റ് ഇൻഡ്യാക്കാർക്കുണ്ടാകുന്ന അനുഭവങ്ങളാണു് പ്രതിപാദ്യം. 1960-ൽ പ്രസിദ്ധപ്പെടുത്തിയ The Pleasures of Exile എന്ന പുസ്തകം നോവലല്ല. അതിലെ പ്രബന്ധങ്ങൾ കൊളോണിയലിസത്തിന്റെ സവിശേഷതകൾ എടുത്തുകാണിച്ചു് ഒരു പുതിയ തലമുറയുടെ വിചാരവികാരങ്ങളെ സ്ഫുടീകരിക്കുന്നു. ലാമിങ്ങ് വേറെ പലതും എഴുതിയിട്ടുണ്ടു്. അവ ഞാൻ വായിച്ചിട്ടില്ല.

ചോദ്യം: രചനയുടെ സ്വഭാവം കാണിക്കാൻ കുറെ വാക്യങ്ങൾ എഴുതാമോ?

ഉത്തരം: കേൾക്കൂ. For a whole week i travelled through Manhattan like a boy scout on holiday. Literature seemed irrelevant beside the eloquence of those sky scrapers. I had no time to think who or what civilisation had built them. It was the, work of human hands, man’s energy, a collective enterprise. I thought simply that some of them were too tall. Buildings made and inhabited by men shouldn’t, for some reason, be so tall” (The pleasures of Exile page 188. Allison, Busy London, GBP 3.50). (ചോദ്യങ്ങൾ സ്വന്തം)

നിരീക്ഷണങ്ങൾ
  1. ദേശാഭിമാനി വാരികയിലെ സാംസ്കാരികരംഗം എന്ന പംക്തി പ്രയോജനമുള്ളതാണു്. ഞാനതു പതിവായി വായിക്കാറുണ്ടു്. 31-ആം ലക്കത്തിലെ വാരികയിൽ എ. പി. പി. നമ്പൂതിരി ഇങ്ങനെ പറഞ്ഞതായി കാണുന്നു. “നിരൂപണ സാഹിത്യത്തിൽ ജേണലിസത്തിനും ആത്മഘോഷണത്തിനും പ്രാമുഖ്യം ലഭിക്കുന്നതു് ദുഷിച്ച പ്രവണതയാണു്. ജേണലിസം സാഹിത്യ നിരൂപണത്തിൽ കടന്നുവരുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണു് മലയാള മനോരമയിലെ, കഥയെക്കുറിച്ചുള്ള എം. കൃഷ്ണൻ നായരുടെ ലേഖനം. ഒ. വി. വിജയനെ പ്പോലുള്ളവർ ആത്മഘോഷണ പ്രവണതയിലേയ്ക്കു് കടക്കുന്നു.” എ. പി. പി. നമ്പൂതിരിയുടെ ഈ പ്രസ്താവത്തിൽ തെറ്റൊന്നുമില്ല. ഞാൻ നിരൂപകനോ വിമർശകനോ അല്ലെന്നും ജേണലിസ്റ്റ് മാത്രമാണെന്നും എത്രയോ തവണ പറഞ്ഞിട്ടുണ്ടു്. ഇപ്പോഴും അതു പറയുന്നു. എ. പി. പി. നമ്പൂതിരിയെപ്പോലെ നിരൂപകനായി വിരാജിക്കുന്നതിനെക്കാൾ മാന്യത ജേണലിസ്റ്റായി കഴിയുന്നതിനാണു്. പിന്നെ ഒരു സംശയം. എന്റെ ഒരു പുസ്തകം കോഴിക്കോട്ടു വച്ചു് ‘റിലീസ് ’ ചെയ്തപ്പോൾ അദ്ദേഹവും പ്രഭാഷകനായി എത്തി. അന്നു് എന്റെ ജേണലിസ്റ്റ് പ്രബന്ധങ്ങളെ അദ്ദേഹം വാഴ്ത്തുകയുണ്ടായി. നമ്പൂതിരി സത്യം പറഞ്ഞതു് ഇപ്പോഴാണോ അതോ അപ്പോഴോ?— “സ്രാവുകളെ ഞാൻ വെട്ടിച്ചു പോന്നു. കടുവകളെ കൊന്നു. എന്നെ തിന്നുന്നതു് മൂട്ടകളാണ്”— ബ്രഹ്റ്റ്.
  2. തമിഴ് എഴുത്തുകാരി ശിവശങ്കരിയുമായി കുങ്കുമം വാരികയുടെ പ്രതിനിധി നടത്തിയ ഒരഭിമുഖ സംഭാഷണത്തിൽ അവർ വിമർശനത്തെക്കുറിച്ചു പറഞ്ഞതിങ്ങനെ: “വിമർശനം ആത്മാർത്ഥതയുള്ളതും രചനാത്മകവുമാണെങ്കിൽ അതു് ഉൾക്കൊള്ളണമെന്നാണെന്റെ പക്ഷം. ചിലപ്പോൾ കുശുമ്പുകൊണ്ടായിരിക്കും വിമർശനമുണ്ടാകുന്നതു്. അത്തരം വിമർശനങ്ങളെ ഒട്ടും ഗൗനിക്കേണ്ടതില്ല.” ‘നിരൂപകനാണോ അവൻ? എന്നാൽ കൊല്ലു് ആ പട്ടിയെ’ എന്നു് കേരളത്തിലുള്ള കൊച്ചെഴുത്തുകാർ തൊണ്ടകീറി വിളിക്കുമ്പോൾ സർഗ്ഗാത്മകത്വത്തിൽ വ്യാപരിക്കുന്ന ശിവശങ്കരി ഇങ്ങനെയൊരു അഭിപ്രായം പ്രകടിപ്പിച്ചതിൽ എനിക്കു് സന്തോഷമുണ്ടു്. യഥാർത്ഥ സാഹിത്യകാരന്മാർ നിരൂപണത്തെ നിന്ദിക്കാറില്ല— “നിരൂപണത്തിനു കൈകൾ പ്രദാനം ചെയ്യൂ. രാഷ്ട്രങ്ങളെ അതു തകർക്കും”—ബ്രഹറ്റ്.
  3. ഒരു ദിനം നിന്റെ കണ്ണൊന്നടയുകിലതുമതി നിന്നെ ലോകം മറക്കുവാൻ’ എന്നു കവി. അതു ശരിയാണു്. പക്ഷേ, അപ്പോൾ മറ്റൊരു കവിയുണ്ടാകും. എന്റെ വീട്ടിന്റെ മുറ്റത്തുനിൽക്കുന്ന പനിനീർച്ചെടിയിലെ പൂവു് വൈകുന്നേരം കൊഴിഞ്ഞുവീഴുന്നു. സൂര്യൻ ക്ഷീണിച്ചു് അസ്തമിച്ചു. ഇരുട്ടു വ്യാപിച്ചു… നേരം വെളുക്കുമ്പോൾ വേറൊരു പൂവു് ചെടിയിൽ വിടർന്നു നിൽക്കുന്നു. പ്രഭാത സൂര്യനു് എന്തൊരു തിളക്കം. പ്രകൃതിക്കു നവീകരണത്തിലാണു് താല്പര്യം. പുതിയ വ്യക്തികളിലൂടെ പുതിയ വസ്തുക്കളിലൂടെ അതു നവീകരണം നിർവഹിച്ചുകൊണ്ടിരിക്കുന്നു.
കുളിമുറികളെ മലിനമാക്കരുതു്

സ്രാവുകളെ ഞാൻ വെട്ടിച്ചു പോന്നു. കടുവകളെ കൊന്നു. എന്നെ തിന്നുന്നതു് മൂട്ടകളാണു്. നിരൂപണത്തിനു കൈകൾ പ്രദാനംചെയ്യൂ. രാഷ്ട്രങ്ങളെ അതു തകർക്കും.—ബ്രഹറ്റ്

‘മലയാളനാടു്’ വാരികയുടെ എഡിറ്ററായിരുന്ന എസ്. കെ. നായരുടെ വീടു് മാത്രമല്ല അവിടത്തെ കുളിമുറിയും ദേവലോകം പോലെയാണു്. ഞങ്ങൾക്കു് ഒരു സമ്മേളനത്തിനു പോകണം. കൂടെയുള്ള ഒരു സാഹിത്യകാരനു കുളിച്ചേതീരൂ. ‘കുളിച്ചിട്ടുവരൂ’ എന്നു് കുളിമുറി ചൂണ്ടിപ്പറഞ്ഞു എസ്. കെ. സാഹിത്യകാരൻ കുളിച്ചിട്ടു് തിരിച്ചെറങ്ങിയപ്പോൾ എസ്. കെ. പറഞ്ഞു: ‘അപ്പോൾ ഒരാഴ്ച എത്രവേഗം കഴിഞ്ഞു അല്ലേ?’ എനിക്കു കാര്യം മനസ്സിലായില്ല. എസ്. കെ. വിശദീകരിച്ചു. ‘ഇഷ്ടൻ ആഴ്ചയിലൊരിക്കലേ കുളിക്കൂ. കഴിഞ്ഞ കുളിക്കുശേഷം ഒരാഴ്ചയായി എന്നാണു് ഞാൻ പറഞ്ഞതു്.’ കുളികഴിഞ്ഞു് എത്തിയ സാഹിത്യകാരന്റെ ദുർഗ്ഗന്ധം മാറിയിരിക്കുന്നു. സോപ്പിന്റെ മണം മുറിയിൽ വ്യാപിച്ചു. അദ്ദേഹം ഡ്രസ്സ് ചെയ്തുകഴിഞ്ഞപ്പോൾ ഞങ്ങൾ മീറ്റിങ്ങ് സ്ഥലത്തേക്കു യാത്രയായി.

images/EnigmaOfArrival.jpg

ജനയുഗം വാരിക എന്ന സുന്ദരമായ സ്നാനാഗാരത്തിലേക്കു കയറിയിറങ്ങിയിട്ടും മദൻ തോട്ടശ്ശേരി എന്ന കഥാകാരൻ വിശുദ്ധിയാർജ്ജിക്കുന്നില്ല. വിശുദ്ധിയുണ്ടാകുന്നില്ലെന്നു മാത്രമല്ല സ്നാനാഗാരത്തെ മലിനമാക്കുകയും ചെയ്യുന്നു. മഞ്ഞസ്സാരിയുടുക്കുന്ന ഒരു പെണ്ണിനെ ഒരുത്തൻ സ്നേഹിക്കുന്നു. അയാൾ നായർ. അവൾ ബ്രാഹ്മണവർഗ്ഗത്തിൽപ്പെട്ടവർ. അവരുടെ പ്രേമം സാഫല്യത്തിലെത്തിയില്ല. അച്ഛന്റെ നിർബ്ബന്ധത്താൽ അവൾ സ്വന്തം ജാതിയിൽപ്പെട്ട ഒരുത്തനെ വിവാഹം കഴിച്ചു. പൈങ്കിളിക്കഥാകാരനു പ്രേമത്തെ പുഷ്പിച്ചല്ലേ പറ്റൂ. അദ്ദേഹം പെണ്ണിന്റെ ഭർത്താവിനെയങ്ങു കൊന്നു. എന്നിട്ടു് കുറെക്കാലം കഴിഞ്ഞു് ജോലിസ്ഥലത്തു് എത്തുന്ന നായരെ വിധവയുടെ “നായരാ”ക്കുന്നു. കുളിക്കാത്തവർ കുളിച്ചെങ്കിലും വേണ്ടില്ല. കുളിമുറികളെ വൃത്തികേടാക്കരുതു്. (കഥയുടെ പേരു് ‘പൂവണിഞ്ഞ സ്വപ്നങ്ങൾ’ എന്നു്.)

ചോദ്യം, ഉത്തരം

ചോദ്യം: മഞ്ഞസാരി ഉടുക്കുന്നതിനെക്കുറിച്ചു് എന്താണഭിപ്രായം?

ഉത്തരം: വൃത്തികേടു്.

ചോദ്യം: ഞാൻ പെണ്ണുകാണാൻ പോകുന്നു. ഒരുപദേശം തരാമോ?

ഉത്തരം: വെറുതെ കണ്ടാൽപ്പോരാ. അവളെക്കൊണ്ടു സംസാരിപ്പിക്കണം. സ്ത്രീസ്വരം തന്നെയാണു് അവൾക്കുള്ളതെങ്കിൽ നന്നു്. സ്ത്രീക്കു പുരുഷന്റെ സ്വരം പാടില്ല. പുരുഷനു സ്ത്രീയുടെ ശബ്ദവും പാടില്ല.

ചോദ്യം: വർദ്ധിച്ചുവരുന്നു നരഹത്യകൾ, പഞ്ചാബിൽ. നിങ്ങളെന്തു പറയുന്നു?

ഉത്തരം: എന്തു പറയാൻ. അതിനെക്കാളേറെ കൊലപാതകങ്ങൾ നമ്മുടെ നാട്ടിലുണ്ടു്. ഭർത്താക്കന്മാർ ഭാര്യമാരെ ഞെക്കിക്കൊല്ലുന്നു. ചവിട്ടിക്കൊല്ലുന്നു. കാരാഗൃഹത്തെ പേടിക്കുന്നവർ ഭാര്യമാരെ ചിത്തരോഗികളാക്കിക്കൊല്ലുന്നു. പ്രത്യക്ഷ ശരീരങ്ങളെ ഇല്ലാതാക്കുന്നതിനെക്കാൾ, ക്രൂരമാണു് ഇത്തരം ‘മാനസികഹനനങ്ങൾ.’

ചോദ്യം: വലിയ കാപട്യമെന്തു്?

ഉത്തരം: ഭാര്യയെ ഉള്ളിൽ വെറുക്കുന്ന ഭർത്താവു് സ്നേഹമഭിനയിച്ചു് മധുരസ്സ്വരത്തിൽ അവളെ ലളിതേ, കമലേ, മേരീ എന്നൊക്കെ വിളിക്കുന്നതു്. (രണ്ടാമത്തെച്ചോദ്യം മാത്രം പോസ്റ്റിൽ കിട്ടിയതു്)

പുതിയ പുസ്തകം
images/Marguerite_Yourcenar.jpg
മാർഗറീത് യോർസെനാർ

‘ധിക്കൃതശക്രപരാക്രമനാകിയ നക്തഞ്ചരപതിയായിരിക്കും’ പുരുഷൻ. പക്ഷേ, അയാൾ പെണ്ണിന്റെ ഒരു കടക്കണ്ണേറിൽ വീണുപോകും. പുസ്തകങ്ങളുടെ കടാക്ഷങ്ങളേറ്റാൽ ഞാൻ വീണുപോകാറുണ്ടു്. അങ്ങനെ വർഷങ്ങൾക്കു മുൻപു് ഏതോ ഒരു പുസ്തകകടയിൽനിന്നു് ഞാൻ കരസ്ഥമാക്കിയ ആഖ്യായികാസുന്ദരിയയിരുന്നു The Asiatics. ഗ്രന്ഥകാരന്റെ പേര് Frederic Prokosch. വായിച്ചു. എന്തൊരസുലഭാനുഭൂതി! മറ്റു പലരെയുംകൊണ്ടു വായിപ്പിച്ചു. ഒടുവിലത്തെയാൾ അവളെ സ്വന്തമാക്കിക്കഴിഞ്ഞു. ‘ഏഷ്യാറ്റിക്സ്’ വായിച്ച രസംകൊണ്ടു് തിരുവനന്തപുരത്തെ പബളിക് ലൈബ്രറിയിലേക്കു ചെന്നു. അദ്ദേഹത്തിന്റെ The seven Who Fled എന്നൊരു നോവൽ കൂടി കിട്ടി. അതും മനോഹരം. പക്ഷേ, മഹാനായ ഈ കലാകാരനെക്കുറിച്ചു് ഒരു നിരൂപകനും പറഞ്ഞു് കേട്ടില്ല. സാഹിത്യചരിത്രങ്ങളിൽ അദ്ദേഹത്തിന്റെ പേരു കണ്ടില്ല. എന്റെ അഭിരുചിക്കു വൈയ്കല്യമുണ്ടോ എന്നുവരെ ഞാൻ സംശയിച്ചു. അങ്ങനെയിരിക്കെ, കഴിഞ്ഞാഴ്ച Armageddon എന്നൊരു പ്രബന്ധസമാഹാരഗ്രന്ഥം കിട്ടി. പ്രശസ്തനായ നോവലിസ്റ്റ് ഗോർ വീഡാൽ എഴുതിയ ആ പുസ്തകം ഞാൻ ആലസ്യത്തോടെ മറിച്ചു നോക്കി. ഒരു പ്രബന്ധത്തിന്റെ തലക്കെട്ടു കണ്ടു് ഞാൻ ഹർഷത്തിൽ വീണു. Frederic Prokosch: The European Connection എന്നാണു് പേര്. ഉൾക്കാഴ്ചയോടെ, മനോഹാരിതയോടെ വീഡാൽ എഴുതിയിരിക്കുന്നു. ഈ നോവലിസ്റ്റ് ഷീദ്, കമ്യൂ, റൊമൊങ്ങ് കിനോ (Raymond Queneau) ഇവരാൽ പ്രശംസിക്കപ്പെട്ടവനാണെന്നു മനസ്സിലാക്കി. മാർഗറീത് യോർസെനാർ (Marguerite Yourcenar) The Seven Who Fled എന്ന നോവൽ ഫ്രഞ്ച് ഭാഷയിലേക്കു തർജ്ജമ ചെയ്തുവെന്നും ഗ്രഹിച്ചു. വീഡാൽ പറയുന്നതു കേൾക്കുക: Garcia Marquez would not write the way that he does if Prokosch had not written the way that he did.

ഇതുപോലെയുള്ള ഉത്കൃഷ്ടങ്ങളായ പ്രബന്ധങ്ങൾ പലതുണ്ടു് ഈ ഗ്രന്ഥത്തിൽ. മറ്റൊന്നു് ഈറ്റാലോ കാൽവീനോ യെക്കുറിച്ചുള്ളതാണു്. കാൽവിനോയുടെ ഒടുവിലത്തെ നോവലായ Palomer-നെക്കുറിച്ചുള്ള ലേഖനം വായിച്ചിട്ടു് ഞാൻ മറ്റാരും കേൾക്കാതെ Fasinating എന്നു പറഞ്ഞുപോയി. കാൽവിനോയെപ്പറ്റി നോവലിസ്റ്റ് അപ്ഡൈക്ക് എഴുതിയതു ഞാൻ വായിച്ചിട്ടുണ്ടു്. വീഡാൽ എഴുതിയ ഉപന്യാസത്തിന്റെ സമീപത്തു പോലും അതു വരില്ല. എഴുതുന്നെങ്കിൽ വീഡാലിനെപ്പോലെ എഴുതണം. ഇല്ലെങ്കിൽ പേന താഴെ വയ്ക്കണം. താഴെ വയ്ക്കാൻ ചില കാരണങ്ങളാൽ പ്രയാസമുള്ളതുകൊണ്ടു് ഞാൻ തുടർന്നെഴുതുന്നു. (Armagadden, Essays, 1983–1987, Grafton Books, London GBP 3.99.)

രവിവർമ്മയുടെ നേർക്കു്
images/Salman-Rushdie.jpg
റുഷ്ദി

കേരളത്തിലെയും കേരളത്തിനു വെളിയിലുള്ള സ്ഥലങ്ങളിലെയും സഹൃദയരുടെ ശ്രദ്ധയിൽ ചെന്നു വീഴുകയും അവരുടെ അഭിനന്ദനത്തിനു പാത്രമാവുകയും ചെയ്ത മഹാനായ കലാകാരനാണു് രാജാരവിവർമ്മ. ഇതിഹാസം, പുരാണം, കാളിദാസ കൃതികൾ ഇവയിൽനിന്നുള്ള കഥാപാത്രങ്ങളെ സ്വീകരിച്ചു് കൂട്ടേണ്ടതു കൂട്ടിയും കുറയ്ക്കേണ്ടതു കുറച്ചും വ്യക്തിത്വമുള്ള രൂപങ്ങൾ സൃഷ്ടിച്ച ചിത്രകാരനായിട്ടാണു് അദ്ദേഹത്തെ ആളുകൾ കാണുക. പുരാണങ്ങളിൽനിന്നും മറ്റു ക്ലാസിക് കൃതികളിൽനിന്നും ചിലരെ അടർത്തിയെടുത്തു് സത്വവും വ്യക്തിത്വവുമുള്ള നൂതന വ്യക്തികളായി അവതരിപ്പിച്ചു എന്നതിനാണു് ആ കലാകാരന്റെ മഹനീയത നമ്മൾ കാണേണ്ടതു്. ആ ചിത്രങ്ങൾക്കു ന്യൂനതകൾ ഉണ്ടായിരിക്കാം. പക്ഷേ, ആ ന്യൂനതകളെക്കാളേറെ ഗുണങ്ങളാണു് അവയ്ക്കുള്ളതു്. ഈ ഗുണങ്ങൾക്കു നേരെ കണ്ണടച്ചുകൊണ്ടാണു് ആർ. നന്ദകുമാർ ‘സംസ്കാര കേരളം’ ത്രൈമാസികത്താൽ എഴുതിയ Ravi Varma and his relevance എന്ന ഇംഗ്ലീഷ് ലേഖനം മൃദുലമായ ഭാഷയിൽ പറഞ്ഞാൽ ഗർഹണീയമാണു്. രാജാരവിവർമ്മയെ ശത്രുവാക്കി മനസ്സിൽ വച്ചുകൊണ്ടു് എഴുതിയതുപോലിരിക്കുന്നു ആ പ്രബന്ധം. രവിവർമ്മയുടെ ലക്ഷ്യമോ കലാപാടവമോ പശ്ചാത്തലമോ കാണാതെ “ആധുനികോത്തര”നായി നിന്നുകൊണ്ടുള്ള ഈ വിമർശനം നന്ദകുമാറിന്റെ വൃത്തികെട്ട ഇംഗ്ലീഷിനെക്കാൾ വൃത്തികെട്ടതാണു്. കൂടുതലെഴുതാൻ നന്ദകുമാറിനോടുള്ള സ്നേഹം പ്രതിബന്ധമായി വർത്തിക്കുന്നു.

ചോദ്യം, ഉത്തരം

ചോദ്യം: എക്സ്പ്രഷനിസം എന്നാൽ എന്താണു്?

ഉത്തരം: എന്തെങ്കിലും വസ്തുവിനെയോ വ്യക്തിയെയോ കണ്ടാൽ നമുക്കു പ്രതികരണമുണ്ടാകുമല്ലോ. ആ പ്രതികരണത്തെ ഏറ്റക്കുറവില്ലാതെ ആവിഷ്കരിക്കുന്നതു് റീയലിസം. ചിലപ്പോൾ പ്രതികരണം ശക്തിയാർന്ന അളവിലുണ്ടാകും. അതിനു സ്ഫുടീകരണം നൽകാൻ ശ്രമിക്കുമ്പോൾ സാധാരണത്വത്തിൽക്കവിഞ്ഞ പദങ്ങളും രൂപങ്ങളും ഉണ്ടാകും. അതിനെയാണു് എക്സ്പ്രഷനിസം എന്നുപറയുന്നതു്. ഫ്രാൻസിൽ ജനിച്ച അമേരിക്കൻ പ്രതിമാനിർമ്മാതാവു് ഗേസ്തൊങ്ങ് ലേഷസിന്റെ (Gaston Lachaise) Standing Women എന്ന പ്രതിമയുടെ പടം ഞാൻ കണ്ടിട്ടുണ്ടു്. ഏഴടിയിൽ കവിഞ്ഞ പൊക്കമുണ്ടു് അതിനു്. പൂർണ്ണമായും നഗ്നം. പക്ഷേ, ആ നഗ്നത നമുക്കു ജുഗുപ്സ ഉളവാക്കിയില്ല. എക്സ്പ്രഷനിസ്റ്റ് ടെക്നിക് കൊണ്ടുളവാക്കുന്ന ചൈതന്യമാണു് നമ്മെ വല്ലാതെ സ്പർശിക്കുന്നതു്. മലമ്പുഴ ഡാമിനടുത്തുള്ള യക്ഷിക്കോ കൊല്ലത്തെ ഒരു ഹോട്ടലിന്റെ മുൻപിലുള്ള ഭീമാകാരങ്ങളായ പ്രതിമകൾക്കോ ഈ ചൈതന്യമില്ല.

ശിഥില ബന്ധങ്ങൾ
images/The_Satanic_Verses.jpg

ബന്ധങ്ങളിൽ ഏറ്റവും ശക്തമെന്നു കരുതപ്പെടുന്നതു് ദാമ്പത്യബന്ധമാണു്. പക്ഷേ, ഒരു വികാരത്തിനും ശാശ്വത സ്വഭാവമില്ലാത്തതുകൊണ്ടു് ആ ബന്ധം ക്രമേണ ശിഥിലമായിത്തീരുന്നു. ആ ശൈഥില്യത്തോടെയാണു് ഭാര്യയും ഭർത്താവും ജീവിക്കുന്നതു്. ഭാര്യ ഭർത്താവിനും ഭർത്താവു ഭാര്യയ്ക്കും തലവേദനയുണ്ടാക്കുന്നു. പണ്ടു് ‘പഞ്ച്’ മാസിക തിരുവനന്തപുരത്തെ ഒരു ലൈബ്രറിയിൽ വരുത്തുമായിരുന്നു. അവയിലൊന്നിൽ ഒരു ചിത്രം കണ്ട ഓർമ്മയുണ്ടെനിക്കു്. ഭാര്യയും ഭർത്താവും ഇരട്ടക്കട്ടിലിൽ കിടക്കുന്നു. എന്റെ തലവേദനയുടെ മുപ്പത്തഞ്ചു ശതമാനം സ്വാഭാവികം. അറുപത്തഞ്ചുശതമാനം നിങ്ങളുണ്ടാക്കുന്നതു് എന്നു് ഭാര്യ ഭർത്താവിനോടു പറയുന്നു. ഈ തലവേദനയോടെ ‘എടുത്തഭാരം കൊണ്ടിറക്കണമല്ലോ’ എന്നുവിചാരിച്ചു് രണ്ടുപേരും കഴിഞ്ഞു കൂടുന്നുവെന്നേയുള്ളൂ. ജീവിതാസ്തമയത്തിൽ ഇവളില്ലെങ്കിൽ എന്റെ കാര്യങ്ങൾ ശരിയായി നടക്കുകയില്ലല്ലോ എന്നു് ഭർത്താവും ഇയാളില്ലെങ്കിൽ ഞാൻ പട്ടിണി കിടക്കുമല്ലോ എന്നു ഭാര്യയും വിചാരിക്കുന്നു. ഈ വിചാരമാണു് ശണ്ഠ കൂടാനുള്ള പ്രവണതയെ നിയന്ത്രിക്കുന്നതു്.

ഈശ്വരനല്ല സർവശക്തൻ; മരണമാണു്. അതിന്റെ മുൻപിൽ ഞാനെന്തു ചെയ്യും? ഈ വിചാരത്തോടെ ടോൾസ്റ്റോയി പലതവണ ആത്മഹത്യയ്ക്കു് ഒരുങ്ങി. ഒടുവിൽ ഒരു ബന്ധത്തിലും സത്യമില്ലെന്നുകണ്ടു് അദ്ദേഹം വീട്ടിൽനിന്നു് ഇറങ്ങിയോടി. ഒരു തീവണ്ടിയാപ്പീസിൽ ആശ്രയസ്ഥാനം തേടി. അന്തരിക്കുകയും ചെയ്തു. ടോൾസ്റ്റോയിയുടെ അന്ത്യമിതാണെങ്കിൽ നമ്മുടെയൊക്കെ അന്ത്യം എന്തു രീതിയിലുള്ളതായിരിക്കും?

ഒരേ ജോലി ചെയ്യുന്നവർ (തൊഴിലാളികൾ, അധ്യാപകർ, ഡോക്ടർമാർ) കൂട്ടുകാരാവും. ഒരു കൂട്ടുകാരനെ വെളിയിൽനിന്നു് ആരെങ്കിലും ദ്രോഹിക്കാനെത്തിയാൽ അയാളുടെ സ്നേഹിതൻ സംരക്ഷണത്തിനെത്തും. പക്ഷേ, ഈ ബന്ധവും ശിഥിലമാണു്. രണ്ടു സ്നേഹിതരിൽ ഒരാൾക്കു് ഉദ്യോഗക്കയറ്റം കിട്ടിയാൽ മറ്റേയാൾക്കു് ഈർഷ്യയുണ്ടാവും. അതു ശത്രുതയിലെത്തുകയും ചെയ്യും. ശത്രുത വഞ്ചനയോളമെത്തും. ‘സ്നേഹിതൻ ചതിക്കും’ എന്ന ചൊല്ലു് അങ്ങനെയാണുണ്ടായതു്. മക്കളും അച്ഛനമ്മമാരും തമ്മിലുള്ള ബന്ധത്തിനും ദാർഢ്യമില്ല. സദാചാരഭ്രംശം കൊണ്ടു് മകനെ അന്യരുടെ ദൃഷ്ടിയിൽ മോശക്കാരനാക്കുന്ന അച്ഛനെ ആ മകൻ വെറുക്കുന്നു. തന്റെ ലക്ഷ്യങ്ങൾക്കു വിരുദ്ധമായി പ്രവർത്തിക്കുന്ന മകനെ അച്ഛനും വെറുക്കുന്നു. മകളുടെ വിവാഹം കഴിയുന്നതുവരെ മാത്രമേ മകൾക്കു് അച്ഛനമ്മമാരോടു സ്നേഹമുള്ള ഭാഷയിൽ other ആയിത്തീരുന്നു. അച്ഛൻ ആശുപത്രിയിൽ കിടക്കുമ്പോൾ ഒരു ഡസൻ ഓറഞ്ചു കൊണ്ടുവരും. അയാൾ ചത്താൽ ഉറക്കെ നാലു വിളിവിളിക്കും. അതോടെ എല്ലാം തീരുന്നു. വിവാഹിതയായ മകളോടും അച്ഛനമ്മമാർക്കു് പഴയ അടുപ്പം കാണില്ല.

images/VS_Naipaul.jpg
നയ്പൊൾ

അയൽവീട്ടുകാരുമായുള്ള ബന്ധം ഏറ്റവും ശിഥിലമാണു്. അധികം അടുക്കാതിരുന്നാൽ അങ്ങനെ കഴിഞ്ഞുപോകാം. അടുത്താൽ പെട്ടന്നു് അവർ ശത്രുക്കളാകും. ശത്രുക്കളായില്ലെങ്കിൽ ആപത്തുണ്ടാകുമ്പോൾ അവരുടെ സഹായമുണ്ടാകും. ആ സഹായം ബന്ധുക്കളെന്നു പറയുന്നവരിൽ നിന്നുണ്ടാകുന്ന സഹായത്തെക്കാൾ ആർജ്ജവമുള്ളതായിരിക്കും ചെയ്യും. പി. ആർ. നാഥന്റെ ‘അരയാലിന്റെ ശിഖിരങ്ങൾ’ എന്ന ഭേദപ്പെട്ട കഥ (കുങ്കുമം) വായിച്ചപ്പോൾ എനിക്കുണ്ടായ വിചാരങ്ങളാണിവ. പലരും എന്നോടു യോജിക്കില്ലെന്നു് അറിയാം. അവർ കല്ലെറിഞ്ഞെന്നും വരും. സത്യം കല്ലേറു വാങ്ങാറുണ്ടല്ലോ.

ഈശ്വരനല്ല സർവശക്തൻ; മരണമാണു്. അതിന്റെ മുൻപിൽ ഞാനെന്തു ചെയ്യും? ഈ വിചാരത്തോടെ ടോൾസ്റ്റോയി പലതവണ ആത്മഹത്യയ്ക്കു് ഒരുങ്ങി. ഒടുവിൽ ഒരു ബന്ധത്തിലും സത്യമില്ലെന്നുകണ്ടു് അദ്ദേഹം വീട്ടിൽനിന്നു് ഇറങ്ങിയോടി. ഒരു തീവണ്ടിയാപ്പീസിൽ ആശ്രയസ്ഥാനം തേടി. അന്തരിക്കുകയും ചെയ്തു. ടോൾസ്റ്റോയിയുടെ അന്ത്യമിതാണെങ്കിൽ നമ്മുടെയൊക്കെ അന്ത്യം എന്തു രീതിയിലുള്ളതായിരിക്കും?

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1990-02-04.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 6, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.