സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1990-04-01-ൽ പ്രസിദ്ധീകരിച്ചതു്)

​ യോഗിയായ അരവിന്ദഘോഷ് സ്ത്രീകളെക്കുറിച്ചു പറഞ്ഞതു് രസാവഹവും അദ്ഭുതജനകവുമാണു്. സത്യമെന്ന നിലയിൽ രസപ്രദം. യോഗിയിൽനിന്നു് അതു് ആവിർഭവിച്ചു എന്ന നിലയിൽ വിസ്മയാവഹം. അരവിന്ദഘോഷ് പറഞ്ഞ ഇംഗ്ലീഷ് വാക്യങ്ങളുടെ ഭാഷാന്തരീകരണം ഇതാ: “മനസ്സുകൊണ്ടു സ്നേഹിക്കാൻ കഴിയുന്ന പല സ്ത്രീകളുണ്ടു്. പക്ഷേ, ശരീരത്തിൽ തൊട്ടാൽ അവർ പിറകോട്ടു വലിയും. അതു സമ്മതിച്ചാൽത്തന്നെയും ശരീരംകൊണ്ടുള്ള പ്രവർത്തനം അവർക്കു ജുഗുപ്സാവഹമായിരിക്കും. നിർബന്ധിച്ചാൽ അവർ വഴങ്ങിയെന്നു വരും. പക്ഷേ, ആ പ്രവർത്തനത്തോടു് അവർക്ക് അനുരഞ്ജിക്കാനാവില്ല. മൃഗീയവും തരം താഴ്‌ന്നതുമായി അവർ അതിനെ കാണുന്നു.” ഇതിനോടു യോജിക്കുന്നവർ ഇതിനുശേഷം അദ്ദേഹം പറഞ്ഞതിനോടു യോജിച്ചില്ലെന്നു വന്നേക്കാം. “തീരെ സാധാരണമല്ലാത്തതും വിലകുറഞ്ഞതല്ലാത്തതും ആയ ഏതിനോടും അനിയതമെന്ന വാക്ക് നിങ്ങൾക്ക് ഒട്ടിച്ചു വയ്ക്കാം. ആ രീതിയിൽ ജീനിയസു് അനിയതമാണു്. ആധ്യാത്മികത്വവും അങ്ങനെത്തന്നെ. ഉന്നതങ്ങളായ ‘ആദർശ’ങ്ങളെ കണ്ടുകൊണ്ടു ജീവിക്കുന്നതു് അനിയതമാവും അവർക്ക്. സ്ത്രീകളുടെ ‘ശാരീരിക ചാരിത്ര’പ്രവണത അനിയതമല്ല. അതു സർവസാധാരണവും സമുന്നതവുമായ സ്ത്രീത്വത്തിൽ പെടുന്നതുമത്രേ.” യോജിക്കാത്തവരോടു ഞാനുംകൂടിയുണ്ടു്. ചാരിത്രം നിയതമാകട്ടെ, മൂല്യമുള്ളതാകട്ടെ പക്ഷേ, അതു് അതിരുകടക്കുമ്പോൾ വ്യഭിചാരാഭിലാഷത്തിന്റെ മറുപുറമായിട്ടേ മനഃശാസ്ത്രജ്ഞന്മാർക്കു ദർശിക്കാൻ കഴിയൂ. അരവിന്ദഘോഷിന്റെ അഭിപ്രായം വ്യക്തമാക്കിക്കഴിഞ്ഞു. ഇനിയുള്ളതു് ഇതെഴുതുന്ന ആളിന്റേതാണു്. A maind that laughs is half taken-ചിരിക്കുന്ന യുവതി പകുതിയോളം വഴങ്ങിയവളാണ്-എന്നൊരു പഴഞ്ചൊല്ലുണ്ടു്. പക്ഷേ, അതു ശരിയല്ല. ചിലർ ചിരിക്കും. ശരീരത്തിൽ ഉരുമ്മിനില്ക്കും. സെക്സിനോടു ബന്ധപ്പെട്ട കാര്യങ്ങൾ പറയും. അതൊക്കെ കണ്ടുംകേട്ടും പുരുഷൻ അരുതാത്തതിനു തുനിഞ്ഞാൽ അവൾ മാറിനിന്നു് കൈവീശി അയാളുടെ കവിളിലടിക്കും. പുരുഷനെ ലൈംഗികമായി ചലനംകൊള്ളിച്ചിട്ടു് അയാളെ പ്രഹരിക്കുന്നതു് ചിലരുടെ സ്വഭാവമാണു്. തിരുവനന്തപുരത്തുതന്നെ ഈ രീതിയിൽ ഒരു സുന്ദരിയുണ്ടായിരുന്നു. അവർ അടികൊടുത്ത ഒരു പാവത്തിനെ ഞാൻ കൂടക്കൂടെ കാണാറുണ്ടു്. കാണുമ്പോഴെല്ലാം അയാൾക്കുവേണ്ടി ഒരുതുള്ളിക്കണ്ണുനീർ എന്റെ കണ്ണിന്റെ അറ്റത്തു് അങ്കുരിക്കുമായിരുന്നു. സ്ത്രീകൾക്ക് അസ്തിത്വത്തെക്കുറിച്ച് അനിശ്ചിതത്വമുണ്ടു്. അതുകൊണ്ടാണു് നന്മയുള്ള ഒരു പുരുഷനിൽനിന്നു് കൂടുതൽ നന്മയുള്ള മറ്റൊരു പുരുഷനിലേക്ക് അവർ പോകുന്നതു്. അതു മനസ്സിലാക്കിയാൽ ‘അങ്കുശമില്ലാത്ത ചാപല്യമേ മന്നിലംഗനയെന്നു വിളിക്കുന്നു നിന്നെ ഞാൻ’ എന്നു് പുരുഷനു് നിലവിളിക്കേണ്ടതായി വരില്ല. ഇക്കൂട്ടരിൽ സ്വഭാവദാർഢ്യം കുറഞ്ഞവർ പുരുഷനെ ഒരു മാർഗ്ഗമായി സ്വീകരിച്ചിട്ടു് അയാളെ തള്ളിക്കളയുന്നു. പുരുഷനിൽനിന്നു് എന്തെല്ലാം സ്വീകരിക്കാമോ അതൊക്കെ സ്വീകരിച്ചിട്ടു് അയാളെ എല്ലാക്കാലത്തേക്കുമായി ഉപേക്ഷിക്കുന്നു അവർ. നന്ദികേടു് എന്ന വാക്കുകൊണ്ടു് ഇതിനെ വിശേഷിപ്പിക്കാനാവില്ല. അതിനു മനഃശാസ്ത്രപരമായ വിശദീകരണം നല്കാനാണു് എനിക്കു കൗതുകം. പുരുഷനു പുരുഷത്വമെന്നപോലെ സ്ത്രീക്കു സ്ത്രീത്വമുണ്ടു്. പണം കൊടുത്തു പുരുഷൻ സ്ത്രീയെ സഹായിക്കുമ്പോൾ സ്വന്തം സ്ത്രീത്വത്തിനു് ഏല്ക്കുന്ന അടിയായിട്ടാണു് സ്ത്രീ അതിനെ കരുതുക. മറ്റു മാർഗ്ഗമില്ലാത്തതുകൊണ്ടു് അവൾ അതു സ്വീകരിക്കുന്നു. സ്വീകരിക്കുമ്പോൾ സ്ത്രീത്വത്തിനു് ആഘാതമേല്ക്കുന്നു. ആ ആഘാതം വെറുപ്പായി മാറുന്നു. സഹായമവസാനിക്കുമ്പോൾ, അല്ലെങ്കിൽ ഇനി അയാളുടെ ഒരു സഹായവും ആവശ്യമില്ലെന്നു വരുമ്പോൾ അവൾ വെറുപ്പോടുകൂടി പിന്മാറുന്നു. ആ പിന്മാറ്റമുണ്ടായാൽ അയാളെ യാദൃച്ഛികമായി റോഡിൽവച്ചു കണ്ടാൽ അവൾ നോക്കുകപോലുമില്ല. എന്റെ വായനക്കാരിൽപ്പെട്ട പുരുഷന്മാർ ഞാനിപ്പറയുന്നതു സത്യമാണെന്നു സമ്മതിക്കുമെന്നാണു് എന്റെ വിചാരം, അവർ ദയയുടെ പേരിലോ സ്നേഹത്തിന്റെ പേരിലോ ഏതെങ്കിലും സ്ത്രീക്കു ജോലി വാങ്ങിച്ചുകൊടുത്തിരിക്കുമല്ലോ. ആ സ്ത്രീ പിന്നീടു് ആ ആളിനെ കണ്ടാൽ കാണാത്ത മട്ടിൽ പോയിരിക്കും. നന്ദികേടു് എന്നു നിങ്ങൾ ഉള്ളിൽ പറഞ്ഞിരിക്കും. ആ വാക്കു തെറ്റു്. സ്ത്രീത്വത്തിനു് ഉപകാരത്തിലൂടെ ആഘാതമേല്പിച്ചതുകൊണ്ടാണു് ആ അവഗണന. എന്റെ ഈ നിരീക്ഷണവും ഒരുതരത്തിലുള്ള സ്ത്രീത്വാഘാതമാണു്. അതിനാൽ എന്റെ വായനക്കാരികൾ ദേഷ്യപ്പെടരുതെന്നു് അപേക്ഷിക്കുന്നു. ഞാനിത്രയും എഴുതിയതു് കലാകൗമുദിയിൽ ബി.ഹരികുമാർ എഴുതിയ ‘അണ്ണാച്ചി’ എന്ന ചെറുകഥ വായിച്ചതുകൊണ്ടാണു്. അണ്ണാച്ചിയിൽനിന്നു സഹായം സ്വീകരിച്ച സ്ത്രീ അയാൾ അവശനായിയെന്നു കണ്ടപ്പോൾ അകന്നുപോയി. സ്ത്രീയുടെ സൈക്കോളജിക്ക് യോജിച്ച പ്രവൃത്തി. പക്ഷേ, ഇതു കലയാവണമെങ്കിൽ പ്രതിഭയുള്ളവർ തൂലികയെടുക്കണം. ഞാൻ മോപസാങ് എന്നും ചെക്കോവെന്നും മറ്റും പറയുന്നില്ല. പി.സി.കുട്ടികൃഷ്ണന്റെയോ ബഷീറിന്റെയോ തകഴിയുടെയോ തൂലികയല്ലല്ലോ അദ്ദേഹത്തിന്റെ കൈയിലിരിക്കുന്നത്! ഒരനുഭവത്തെ ഭാവനാത്മകമായി ആവിഷ്കരികുമ്പോഴാണു് ചെറുകഥയുടെ ഉദയം. ആ രീതിയിലുള്ള രചനയല്ല ഇതു്. What makes a woman sexy എന്ന പുസ്തകത്തിൽ (Julia Grice എഴുതിയതു്) പുരുഷനെ ഇഷ്ടപ്പെടുന്ന സ്ത്രീയുടെ ചേഷ്ടകൾ എടുത്തുപറഞ്ഞിട്ടുണ്ടു്.

  1. കുടക്കൂടെ ചിരിക്കും.
  2. ആഹ്ലാദം നിറഞ്ഞ മുഖമുണ്ടായിരിക്കും.
  3. പുരുഷന്റെ തലതൊട്ടു് കാൽവിരലുവരെ കണ്ണു വ്യാപരിപ്പിക്കും.
  4. അയാളുടെ കണ്ണുകളിലേക്കു നോക്കും.
  5. അടുത്തോട്ടു ചെല്ലും. 6. അയാളുടെ കൈയിൽ തൊടും.
  6. വാ തുറന്നു ചിരിക്കും. 8. അയാൾക്ക് അഭിമുഖമായി ഇരിക്കും.
പുരുഷനെ വെറുക്കുന്ന സ്ത്രീയുടെ ചേഷ്ടകൾ
  1. വികാരരഹിതമായി നോക്കും.
  2. മേല്ത്തട്ടിലേക്കു കണ്ണുകൊണ്ടു ചെല്ലും.
  3. ദേഷ്യപ്പെടും.
  4. ചൂണ്ടു വക്രിപ്പിച്ച് വെറുപ്പു കാണിക്കും.
  5. നഖങ്ങളിലേക്കു നോക്കി അവ വൃത്തിയാക്കും.
  6. അയാളിൽനിന്നു് അകന്നു് ഇരിക്കും.
  7. കോട്ടുവായിടും.
ഒരിക്കലും ശരിയാവുകയില്ല

എന്റെ വീട്ടിന്റെ മുൻപിൽ വയലുകളാണു്. ഒരുദിവസം കാലത്തു് എന്റെ ടെലിഫോണിന്റെ കമ്പി പൊട്ടിച്ചുകൊണ്ടു് മണ്ണുകയറ്റിയ ലോറി വന്നുനിന്നു. വയലിലേക്കു മണ്ണു കോരിയിട്ടു. പലതവണ ലോറി വന്നപ്പോൾ വയൽ അപ്രത്യക്ഷമായി. പിന്നീടു വന്നതു് കരിങ്കൽക്കഷണങ്ങൾ കയറ്റിയ ലോറിയാണു്. അതും പലതവണ എത്തി. മണ്ണുനിറച്ച സ്ഥലത്തിനു ചുറ്റും മതിലായി. അതോടെ അതിനു രൂപശില്പത്തികവുണ്ടായി. ആ സ്ഥലത്തിന്റെ ഉടമസ്ഥൻ ഭാവനയിൽ നേരത്തേ കണ്ടരൂപത്തിനു സദൃശമായ രൂപം സ്ഥലത്തിനു ലഭിച്ചു. മനുഷ്യൻ ഇങ്ങനെയാണു് ജീവിക്കുക. അവൻ രൂപങ്ങളുണ്ടാക്കുന്നു. കുട്ടികളെ പഠിപ്പിച്ച് രൂപരഹിതമായ ജീവിതത്തിനു രൂപം നല്കുന്നു അച്ഛൻ. മദ്യപാനോത്സുകനായ ഭർത്താവിനെ അതിൽനിന്നു പിന്തിരിപ്പിച്ച് ഒരു മാതൃകാപുരുഷന്റെ രൂപം നിർമ്മിക്കുന്നു ഭാര്യ. അതിലേക്ക് അയാളെ സംക്രമിപ്പിക്കാൻ അല്ലെങ്കിൽ ആ മാതൃകയുടെ ആഹ്വാനങ്ങൾ അനുസരിച്ച് ജീവിക്കാൻ അവൾ അയാളോടു് അഭ്യർത്ഥിക്കുന്നു. ഭാര്യയില്ലാത്ത മദ്യപനും ചിലപ്പോൾ ഇതുപോലെ ഒരു മാതൃക നിർമ്മിച്ചെന്നു വരും. അവൻഅതിന്റെ ആഹ്വാനമനുസരിച്ച് ജീവിച്ചാൽ മദ്യപാനാസക്തി ഇല്ലാതാക്കാം. അതുപോലെ ജീവിക്കാൻ കഴിഞ്ഞില്ലെങ്കിൽ ജീവിതം ദുരന്തത്തിലെത്തും. ഞാൻ ഉത്കൃഷ്ടങ്ങളായ് പല ചെറുകഥകളും വായിച്ച് ഒരു രൂപമുണ്ടാക്കി വച്ചിട്ടുണ്ടു് മനസ്സിൽ. അതിനു ചേർന്നുവരാത്ത ഏതു രചനയും നിന്ദ്യമാണു് എനിക്ക്. വി.ആർ.സുധീഷ് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതിയ “ചരമവാക്യങ്ങൾ” എന്ന ചെറുകഥ എന്റെ രൂപകല്പനയ്ക്കു യോജിച്ചതല്ല. വ്യക്തികൾ മരിക്കാൻ സമയത്തു് പറയുന്ന വാക്കുകൾ കുറിച്ചുവയ്ക്കുന്ന ഒരു സ്ത്രീയെയാണു് നമ്മൾ സുധീഷിന്റെ കഥയിൽ കാണുന്നതു്. അത്തരം വാക്യങ്ങളിൽ അവർക്കേറ്റവും ഇഷ്ടം ജർമ്മൻ മഹാകവിഗെറ്റേയുടെ ‘വെളിച്ചം കുറെക്കൂടി വെളിച്ചം’ എന്നതാണു്. ആ സ്ത്രീ വസ്ത്രത്തിൽ തീകൊളുത്തി ആത്മഹത്യ ചെയ്തു. കഥ പറയുന്ന ആൾ അവരുടെ ഡയറി നോക്കിയപ്പോൾ ഗെറ്റേയുടെ ആ വാക്യം കണ്ടു.

സുധീഷ് വിത്തു് മണ്ണിൽ പാകി വളമിട്ടു് വെള്ളമൊഴിച്ച് അതു മുളപ്പിച്ച് വളർത്തിയെടുക്കുകയല്ല. ചെടി കൊച്ചു മരമായും മരം പിന്നീടു് വന്മരമായും മാറുകയല്ല. വൃക്ഷത്തിന്റെ രാസദ്രവ്യങ്ങൾ ഏവയെന്നു മനസ്സിലാക്കിയിട്ടു് അവയെ ഒരുമിച്ചു ചേർത്തു മരമുണ്ടാക്കാൻ ശ്രമിക്കുകയാണു്. ആദ്യത്തേതു സ്വാഭാവികപ്രക്രിയ. രണ്ടാമത്തേതു കൃത്രിമം. ഈ കൃത്രിമരാചനയാണു് സുധീഷിന്റേതു്. നേരത്തേ കൂട്ടി ഇന്നതു പറയണമെന്നു വിചാരിക്കുക. അതിനുവേണ്ടി കഥാപാത്രമുൾപ്പെടെയുള്ള പലതും നിവേശിപ്പിക്കുക-ഇതാണു്. അദ്ദേഹത്തിന്റെ മാർഗ്ഗം. അതുകൊണ്ടാണു് കഥയിലെ സ്ത്രീയുടെ ആത്മഹത്യയ്ക്കു സ്വാഭാവികത ഇല്ലാത്തതു്. സുധീഷാണു് അവരുടെമേൽ മണ്ണെണ്ണ ഒഴിക്കുന്നതു്. തീപ്പെട്ടി ഉരച്ച് വസ്ത്രങ്ങളിൽ തീപിടിപ്പിക്കുന്നതു്. കലാകാരന്റെ ‘ഒറിജിനാലിറ്റി’യുള്ള മനസ്സു് സുധീഷിനില്ല. അദ്ദേഹം എത്രകാലം കഥയെഴുതിയാലും ഇങ്ങനെയേ ആവൂ.

ഒരു കത്ത്

പ്രീഡിഗ്രിക്ലാസ്സിൽ പഠിക്കുന്ന ഒരു പെൺകുട്ടി എനിക്കെഴുതുന്നു: “എന്റെ വീട്ടിൽ ഞാനൊഴിച്ച് ബാക്കിയെല്ലാവരും വെളുത്തു നല്ല ഭംഗിയുള്ളവരാണു്. എന്നാൽ ഞാൻ മാത്രം അവരുടെ അടുത്തു നില്ക്കാൻ കൊള്ളാത്തവണ്ണം ഭംഗിയില്ലാത്തവളാണു്. മാത്രമല്ല, തീരെ മെലിഞ്ഞതാണു്. എന്റെ അമ്മ എന്നെ മറ്റുള്ളവരുടെ മുമ്പിൽവച്ചും അല്ലാതെയും രോഗി എന്നു വിളിക്കും. എന്നാൽ എനിക്കു പ്രത്യേകിച്ച് ഒരു രോഗവും ഇല്ലതാനും ഞാൻ കഴിയുന്നത്ര പുറത്തോട്ടിറങ്ങിയാൽ ആരെങ്കിലും കളിയാക്കും... എന്റെ അമ്മപോലും എന്നെ ‘മോളേ’യെന്നു വിളിച്ചിട്ടില്ല... എനിക്കു മരിക്കണമെന്നു പലപ്പോഴും തോന്നിയിട്ടുണ്ടു്... എന്തു ചെയ്യണം?”- ഹൃദയം ദ്രവിപ്പിക്കുന്ന ഈ കത്തു് അതിന്റെ പൂർണ്ണരൂപത്തിൽ പ്രസിദ്ധപ്പെടുത്താൻ സ്ഥലമില്ല. എന്റെ പേരകുട്ടിയുടെ പ്രായം വരുന്ന ഈ പെൺകുട്ടിയോടു് ഇക്കാര്യത്തിൽ എനിക്കൊന്നും പറയാനുമില്ല. കുട്ടികളെ നോക്കി ഇവൾ കാണാൻ കൊള്ളില്ല എന്നു പറയുന്ന അച്ഛനമ്മമാർ ധാരാളമുണ്ടു്, അതിന്റെ ഫലമായ ‘ഇൻഫീഇരിയോറിറ്റി’യാണു് ആത്മഹത്യവരെ കുട്ടികളെ കൊണ്ടുചെല്ലുന്നതു്. ഈ ലോകത്തു് ഒരു സ്ത്രീക്കും വൈരൂപ്യമില്ല. ഇനി അതുണ്ടെന്നു വാദത്തിനുവേണ്ടി സമ്മതിച്ചാലും ഇരുപത്തിനാലുമണിക്കൂർകൊണ്ടു് അനാകർഷകത്വം ആകർഷകത്വമായി മാറും. അതു് നമ്മളെല്ലാം കണ്ടുട്ടുണ്ടല്ലോ. പഠിക്കാനുള്ളതു പഠിച്ച് മനസ്സിന്റെ സമനില പാലിച്ചു ജീവിക്കു. ആരെങ്കിലും കളിയാക്കിയാൽ ‘ഈ നിസ്സാരങ്ങളായ വാക്കുകൾ എന്റെ ജീവിതത്തെ എങ്ങനെ ബാധിക്കും, എന്നാലോചിക്കൂ. ബാധിക്കുകയില്ലെന്നു മനസ്സിലാക്കുമ്പോൾ വിഷാദമകലും, നൈരാശ്യം ഒഴിയും. ഇന്നു ശരീര സൗഭഗമില്ലെന്നു കുട്ടിയെ അധിക്ഷേപിക്കുന്നവർ അധികം ദിനങ്ങൾ കഴിയുന്നതിനുമുൻപു് ‘കൊച്ചുസുന്ദരി’ എന്നു വിളിക്കും. ഇതു് ആശ്വസിപ്പിക്കാൻവേണ്ടി പറയുന്നതല്ല. സത്യകഥനമാണ്

വസൂരി എത്ര ഭേദം

ഇപ്പോൾ വസൂരിയില്ല. ആ രോഗമുണ്ടായിരുന്ന കാലത്തു് പേടിച്ചാൽ അതു പിടികൂടുമെന്നൊരു വിശ്വാസമുണ്ടായിരുന്നു. അന്ധവിശ്വാസമാണു് അതെന്നു പറയാനും വയ്യ. പേടിക്കുമ്പോൾ പ്രതിരോധശക്തി കുറയും. രോഗാണുവിനു് ആക്രമണം നടത്താൻ അപ്പോൾ സൗകര്യമുണ്ടാകും. കോളറ പകരുന്നതും പേടിച്ചിട്ടാണത്രേ. അരശതാബ്ദത്തിനു മുൻപു് ദക്ഷിണ തിരുവിതാംകൂറിലെ തക്കല എന്ന സ്ഥലത്തു് കോളറ പടർന്നുപിടിച്ചു. നടന്നുപോകുന്ന ആളുകൾ പെട്ടെന്നു മറിഞ്ഞുവീഴുന്നതും മരിക്കുന്നതും കൂട്ടിയായിരുന്ന ഞാൻ കണ്ടതാണു്. അവരുടെ ഇടയിലൂടെ എന്റെ പിതാവു് നടക്കുമായിരുന്നു. ധീരനായിരുന്ന അദ്ദേഹത്തിനു കോളറയിൽനിന്നു് ഒഴിഞ്ഞുനില്ക്കാൻ സാധിച്ചു. പേടിയുള്ള അമ്മയും ഞാനും തിരുവനന്തപുരത്തേക്കു പോന്നു.

വാരികകളിൽ വരുന്ന വൃത്തികെട്ട ചെറുകഥകൾ വായിച്ചു വായിച്ച് എന്റെ രക്തത്തിന്റെ ശ്വേതാണുക്കളുടെ പ്രതിരോധശക്തി നശിച്ചുകഴിഞ്ഞു. അതുകൊണ്ടു് എനിക്കിപ്പോൾ കൂടക്കൂടെ അസുഖം വരുന്നു. ഇതെഴുതുമ്പോൾ എനിക്കു രോഗമൊന്നുമില്ലെങ്കിലും ഉടനെ അതുണ്ടാകുമെന്നു തോന്നുന്നു. കാരണം വേണുനമ്പ്യാർ കുങ്കുമം വാരികയിൽ എഴുതിയ ‘ഓലക്കുട’ എന്ന ചെറുകഥ ഞാൻ വായിച്ചുപോയി എന്നതാണു്. പെണ്ണുകാണാൻ പോകുന്ന ഒരുത്തനു് മഴകൊണ്ടു വീട്ടിൽനിന്നു പുറത്തിറങ്ങാൻ വയ്യ. നല്ല കുടയുമില്ല വീട്ടിൽ. അതുകൊണ്ടു് അമ്മയോടു് അടുത്ത വീട്ടിൽനിന്നു് കുട വാങ്ങിക്കൊണ്ടു വരാൻ മകൻ ആവശ്യപ്പെടുന്നു. നേരമേറെക്കഴിഞ്ഞപ്പോൾ അമ്മ ഒരോലക്കുടയുമായി വന്നു. അതിന്റെ പുറത്തു് മഴവെള്ളം വീണു് ടബ് ഡബ് ടബ് ഡബ് എന്നു ശബ്ദം ഉണ്ടാകുന്നു. കഥ ഇവിടെ അവസാനിക്കുന്നു. കോളറയും വസൂരിയും പ്ലേഗുമൊക്കെ എത്ര ഭേദം!

ചോദ്യം, ഉത്തരം

ചോദ്യം: വിവാഹിതകളാണെന്നു് അറിയാക്കാനായി സ്ത്രീകൾ സീമന്തത്തിൽ സിന്ദൂരം ചാർത്തുന്നതുപോലെ പുരുഷന്മാർ തങ്ങൾ വിവാഹിതരാണെന്നു് അറിയിക്കാനായി എന്തെങ്കിലും ചെയ്യേണ്ടതല്ലേ?

ഉത്തരം: പുരുഷന്മാർക്ക് അങ്ങനെയൊന്നും വേണ്ട. താടിവളർത്തി മുഷിഞ്ഞ വേഷം ധരിച്ച് ‘എന്തിനു ജീവിക്കുന്നു’ എന്ന രീതിയിൽ നടക്കുന്നവരെക്കണ്ടാൽ വിവാഹം കഴിഞ്ഞവരാനെന്നു മനസ്സിലാക്കാം.

ചോദ്യം: കവർ,ഇൻലൻഡ് ഇവയ്ക്കൊക്കെ വിലകൂട്ടിയതിനെക്കുറിച്ച് എന്തു പറയുന്നു?

ഉത്തരം: എന്നെ അതു ബാധിക്കില്ല. ഞാൻ വിരളമായേ കത്തെഴുതൂ. കാമുകിമാർക്കും കാമുകന്മാർക്കും ഇനി പഴയ മട്ടിൽ ‘ചീപ്പാ’യി പ്രേമലേഖനങ്ങൾ എഴുതാൻ പറ്റില്ല.

ചോദ്യം: സ്ത്രീകൾ നിങ്ങളെക്കണ്ടു കൈക്കൂപ്പുമ്പോൾ നിങ്ങൾക്ക് എന്തു തോന്നും? “അവർ പ്രായംകൂടിയവരെ ബഹുമാനിക്കുന്നുവെന്നു്.

ചോദ്യം: അന്യനെ കണ്ടാൽ എന്തു ചോദിക്കണം?

ഉത്തരം: പലതവണ ഉത്തരം എഴുതിയതാണു്. എവിടെ പോകുന്നുവെന്നു ചോദിക്കരുതു്. എന്താ ഇത്ര ക്ഷീണിച്ചു പോയതു്. എന്നു ചോദിക്കരുതു്. വൃദ്ധനായിപ്പോയല്ലോ എന്നു പറയരുതു്. കൈയിലിരിക്കുന്ന പൊതിയിൽ എന്താണെന്നു ചോദിക്കരുതു്. ലേഖനമെഴുതിയാൽ എന്തു കിട്ടുമെന്നോ ശംബളമെത്രയെന്നോ ചോദിക്കരുതു്. അയാൾ വല്ല സ്ഥലത്തും പോകുകയാണെങ്കിൽ ‘ഞാൻ കൂടെ വരാ’മെന്നു പറയരുതു്. ഇത്രയും വിലക്കങ്ങൾ. എന്തു ചോദിക്കണമെന്നതു് എനിക്കറിഞ്ഞുകൂടാ.

ചോദ്യം: സ്ത്രീ മിണ്ടാതിരിക്കുന്നതെപ്പോൾ? പുരുഷൻ മിണ്ടുന്നതെപ്പോൾ?

ഉത്തരം: ഭർത്താവു് വീട്ടിലില്ലാതിരുന്നാൽ സ്ത്രീ നിശബ്ദയായിരിക്കും. അല്ലെങ്കിൽ ടെലിഫോൺ കേടായിരിക്കണം. ഒട്ടും സംസാരിക്കാത്ത പുരുഷൻ സുന്ദരിയായ ചെറുപ്പക്കാരിയെക്കണ്ടാൽ ഭാര്യയെ അവഗണിച്ചിട്ടു ധാരാളം സംസാരിക്കും.

ചോദ്യം: സർഗ്ഗാത്മകനിരൂപണവും വിനാശാത്മകനിരൂപണവും- എങ്ങനെ തിരിച്ചറിയാം?

ഉത്തരം: ഞാൻ പ്രഫെസർ സുകുമാർ അഴീക്കോടിനെ വിമർശിച്ചാൽ അതു് എന്റെ ദൃഷ്ടിയിൽ സർഗ്ഗാത്മകനിരൂപണം. അദ്ദേഹം യുക്തിഭദ്രമായ രീതിയിൽ എന്നെ വിമർശിച്ചാൽ ഞാൻ അതിനെ വിനാശത്മകനിരൂപണമായി കരുതും.

ചോദ്യം: സ്ത്രീകൾ സംസാരിക്കുന്നതു് എപ്പോൾ? മിണ്ടാതിരിക്കുന്നതു് എപ്പോൾ?

ഉത്തരം: ശനിയാഴ്ചതോറും ടി.വി.യിൽ മലയാളസിനിമയുള്ളപ്പോൾ അവർക്കു മിണ്ടാട്ടമില്ല. ഏഴരയ്ക്കു വാർത്തകൾ വായിക്കുമ്പോൾ പുരുഷന്മാർക്ക് അവ കേൾക്കാൻ വയ്യാത്ത വിധത്തിൽ അവർ കലപില കൂട്ടും.

ചോദ്യം: നിങ്ങളുടെ ഏറ്റവും വലിയ ആഗ്രഹമെന്തു?

ഉത്തരം: മഹാത്മാഗാന്ധി തിരിച്ചുവന്നു് എന്റെ ജന്മഭൂമിയായ ഭാരതത്തിന്റെ ഇന്നത്തെ അവസ്ഥ ഒന്നു കാണണമെന്നു്. കണ്ടാൽ അദ്ദേഹം ഗോഡ്സെയുടെ തോക്കിനു നേരേ ശുഷ്കിച്ച മാറിടം മടികൂടാതെ കാണിച്ചുകൊടുക്കും.

ക്ഷമിക്കൂ

1967 അല്ലെങ്കിൽ 1968. ഒറ്റപ്പാലം കോളേജിലെ അധ്യാപകൻ വിശ്വനാഥൻ നായർ എന്നെ ആ കോളേജിലെ ഒരു മീറ്റിങ്ങിൽ പങ്കെടുക്കാൻ ക്ഷണിച്ചു. യാത്രയ്ക്ക് അങ്ങോട്ടുമിങ്ങോട്ടും കാറു് തരാമെങ്കിൽ ചെല്ലാമെന്നു ഞാൻ സമ്മതിച്ചു. മീറ്റിങ്ദിവസം വിശ്വനാഥൻ കാറുമായി എത്തി. ചിറ്റൂർ കോളേജിലായിരുന്നു എനിക്കു ജോലി. ഞാൻ അവിടെനിന്നു യാത്രതിരിച്ച് പാലക്കാട്ടു് ഒളപ്പമണ്ണയുടെ വീട്ടിലെത്തി. അദ്ദേഹമായിരുന്നു സമ്മേളനത്തിന്റെ ഉദ്ഘാടകൻ. ഒളപ്പമണ്ണയുടെ രണ്ടുനിലക്കെട്ടിടത്തിന്റെ താഴത്തെ നിലയിൽ ഞാനും വിശ്വനാഥൻ നായരും കാത്തിരുന്നു. ചെന്നയുടനെ ഒളപ്പമണ്ണയെ വിവരമറിയിച്ചെങ്കിലും മുകളിലത്തെ നിലയിൽ ഏതോ അതിഥിയുമായി സംഭാഷണത്തിലേർപ്പെട്ടിരുന്ന അദ്ദേഹം ഒന്നരമണിക്കൂർ കഴിഞ്ഞാണു് താഴത്തേക്കു വന്നതു്. ഭാഗ്യംകൊണ്ടു്, പോകാനുള്ള വേഷംതന്നെയാണു് അദ്ദേഹത്തിന്റേതു്. ചിറ്റൂരിൽനിന്നു് ഞാൻ വന്ന ടാക്സിക്കാറു് വിശ്വനാഥൻനായർ പറഞ്ഞയച്ചിരുന്നു. ഒളപ്പമണ്ണയും വിശ്വനാഥൻ നായരും ഞാനും ഒളപ്പമണ്ണയുടെ കാറിൽ ഒറ്റപ്പാലത്തേക്കു തിരിച്ചു. അദ്ദേഹമിട്ടിരുന്ന ഷർട്ടിന്റെ മടക്കിവച്ച കൈകളിൽ നൂറുരൂപനോട്ടുകൾ തിരുകിയിരുന്നു. കാറിന്റെ ഗതി വേഗത്തിൽ വന്നടിച്ച കാറ്റുകൊണ്ടു് അവ പറന്നുപോകുമോ എന്നു് നൂറുരൂപനോട്ടു് കണ്ടിട്ടില്ലാത്ത ഞാൻ വല്ലാതെ ഭയന്നു. പറന്നങ്ങു പോയാൽ ‘എനിക്കു പുല്ലാണു്’ എന്നു ഒളപ്പമണ്ണയുടെ ഭാവം. ഏതാണ്ടു് അഞ്ചുനാഴിക ചെന്നപ്പോൾ അദ്ദേഹം എന്നോടു സ്നേഹത്തോടെതന്നെ ചോദിച്ചു: “കൃഷ്ണൻനായർ തിരിച്ച് എങ്ങനെയാണു വരിക? ഞാൻ പാലക്കാട്ടേക്ക് ഇല്ല. ഒറ്റപ്പാലത്തു് ഒളപ്പമണ്ണ ഇല്ലത്തു് ഇന്നു തങ്ങുകയാണു്.” ഞാൻ അമ്പരന്നു വിശ്വനാഥൻനായരെ നോക്കി. “തിരിച്ചു ബസ്സിൽ വരാം. കൂലിയും തരാം” എന്നു് അദ്ദേഹം. ബസ്സിൽ വരാൻ മടിച്ചു. “ഞാൻ ഇവിടെ ഇറങ്ങിക്കൊള്ളാം” എന്നു പറഞ്ഞു. ഒളപ്പമണ്ണയുടെ വാഹനത്തിൽനിന്നു റോഡിലേക്ക് ഇറങ്ങി. കൈയിൽ ഒരണപോലുമില്ല. അവിടെനിന്നു് വെയിലത്തു് അഞ്ചുനാഴിക നടന്നു് പാലക്കാട്ടു് എത്തി. എന്റെ സ്നേഹിതൻ ഇംഗ്ലീഷ് പ്രഫെസർ എസു്. വൈദ്യനാഥയ്യരെക്കണ്ടു് (വിക്ടോറിയ കോളേജ്) ഒരുരൂപ കടം വാങ്ങി ചിരൂരുവന്നിറങ്ങി. ഈ സംഭവം ഞാൻ പലതവണ പലരോടും പറഞ്ഞിട്ടുണ്ടു്. ഇന്നു് ‘സിമ മാസികയിൽ ഒളപ്പമണ്ണ നിസ്സാരനായ എന്നെക്കുറിച്ചു പറഞ്ഞ കാര്യങ്ങൾ ഇപ്പറഞ്ഞ ഭൂതകാലസംഭവംകൂടി കണ്ടുകൊണ്ടു വായനക്കാർ വിലയിരുത്തണമെന്നു് അപേക്ഷിക്കുന്നു. എനിക്കു ചങ്ങമ്പുഴയ്ക്കുശേഷമുള്ള കവിത ആസ്വദിക്കാൻ കഴിയില്ലെന്നും എന്റേതു ശുദ്ധമായ മലയാളമല്ലെന്നുമൊക്കെ അദ്ദേഹം പറയുന്നു. ആ മതങ്ങൾ ശരിയാണെന്നോ ശരിയല്ലെന്നോ ഞാൻ പറയുന്നില്ല. മാന്യവായനക്കാർ തീരുമാനത്തിൽ ചെന്നാൽ മതി. ആ തീരുമാനം ഞാൻ അംഗീകരിക്കും. ഒളപ്പമണ്ണ പദ്യത്തിൽ ചില ആശയങ്ങൾ ആവിഷ്കരിക്കുന്നു. അതിനെക്കാൾ മനോഹരങ്ങളായ ആശയങ്ങൾ ഞാൻ ഗദ്യത്തിൽ സ്ഫുടീകരിക്കുന്നു. അതല്ലാതെ ഞങ്ങൾക്കു തമ്മിൽ എന്തേ വ്യത്യാസം?

മനയിൽ ചെല്ലേണ്ട ഒളപ്പമണ്ണ എന്നെക്കരുതി പാലക്കാട്ടേക്കു തിരിച്ചു വരണമെന്നു ഞാൻ പറയുകയില്ല. അതുകൊണ്ടു് അദ്ദേഹം എന്നെ കാറിൽനിന്നിറക്കി വിട്ടതു തെറ്റല്ല. ഒരുകാലത്തു് ഞാൻ പഠിപ്പിച്ച വിദ്യാർത്ഥികളുടെകൂടെ ഇരുന്ന വിശ്വനാഥൻനായർ ഒരക്ഷരംപോലും മിണ്ടാതിരുന്നതിലും എനിക്കു വല്ലായ്മയില്ല. അതിനെക്കാളേറെ നൃശംസതയ്ക്ക് ഞാൻ അഭിമുഖീഭവിച്ചു നിന്നിട്ടുണ്ടു്. പക്ഷേ, ഷർട്ടിന്റെ കൈയിൽ നൂറുരൂപ നോട്ടുകൾ വച്ച് കാറ്റിൽ അവയെ ഇളക്കി ഒളപ്പമണ്ണ എന്നെ പേടിപ്പിച്ചതു് അത്ര ശരിയായില്ല എന്നു ഞാൻ പറയുമ്പോൾ അതിൽ തെറ്റുണ്ടെങ്കിൽ മഹാകവി സദയം മാപ്പുതരണം.

മുത്ത്

വടക്കേയിന്ത്യയിലെ ഒരു ചരിത്രപ്രസിദ്ധമായ സൗധം കാണാൻ ഞാനൊരിക്കൽ പോയി. കോണിപ്പടി കയറുമ്പോൾ എന്റെ പദവിന്യാസശബ്ദം പ്രതിധ്വനിച്ചു. ആ പ്രതിധ്വനിയുടെ പ്രതിധ്വനിയും ഞാൻ കേട്ടു. സൗധം ഭീമാകാരന്മാർന്നതു്. ദേശാഭിമാനി വാരികയിലെ ‘ചോറും പാട്ടും’ എന്ന രചനയ്ക്കു (സി.ആർ.ഓമനക്കുട്ടന്റേതു്) ഹ്രസ്വാകാരമേയുള്ളൂ. എങ്കിലും അതിൽനിന്നു പ്രതിധ്വനിക്കുന്ന കലയുടെ തത്ത്വം, ആ പ്രതിധ്വനിയുടെ പ്രതിധ്വനിയുടെ പ്രതിധ്വനി എന്നെ ആഹ്ലാദിപ്പിക്കുന്നു. എന്താണു രചനയുടെ സ്വഭാവമെന്നു് ഞാൻ സ്പഷ്ടമാക്കുന്നില്ല. അതു ചെയ്താൽ കലാകൊലപാതകമാവും സംഭവിക്കുക. ഹാസ്യപ്രധാനങ്ങളായ കഥകൾ രചിക്കുന്ന ഓമനക്കുട്ടൻ ഈ രീതിയിൽ ഗൗരവപൂർണ്ണമായ വിഷയം കലാത്മകമായി പ്രതിപാദിച്ചതിൽ എനിക്ക് അനല്പമായ സന്തോഷമുണ്ടു്.

കട്ടൻതറയിൽ ആഞ്ഞുവെട്ടിച്ചെല്ലുമ്പോൾ സ്വർണ്ണപ്പാത്രത്തിൽ അനേകം പവൻ ഇരിക്കുന്നതു കാണുക, ചിപ്പി തുറന്നുനോക്കുമ്പോൾ മുത്തിരിക്കുന്നതു കാണുക ഇവയൊക്കെ ആഹ്ലാദദായകമല്ലേ? ആ രീതിയിലുള്ള ദർശനമാണു് ഈ രചന എനിക്കു നല്കിയതു്.

അറിയാത്തതു് എഴുതുന്നു

എനിക്കേറെ ഉപകാരങ്ങൾ ചെയ്തിട്ടുള്ള ആളാണു് ഡോക്ടർ എം.എം. ബഷീർ. ആ ഉപകാരസ്മരണയോടെയാണു് ഇനിപ്പറയുന്ന കാര്യങ്ങൾ. ബഷീർ സിമി മാസികയിൽ എഴുതുന്നു: “സിമൺ ദി ബുവറുടെ പേരുഷീൻ.പാൾ സാർത്രിനോടൊപ്പമോ അതുമായി ബന്ധിച്ചോ ആണു പലപ്പോഴും പറഞ്ഞുകേൾക്കാറുള്ളതു്.”-സിമൺ ദി ബുവർ എന്നൊരു ഫ്രഞ്ചെഴുത്തുകാരി ഇല്ല. Simone de Beauvoir എന്നൊരു എഴുത്തുകാരി ഉണ്ടായിരുന്നു. അവരുടെ പേരു് സീമൊൻ ദ ബോവ്വർ എന്നെഴുതിയാൽ ഫ്രഞ്ചുച്ചാരണത്തോടു് ഏതാണ്ടു് അടുത്തു വരും; ഏതാണ്ടു മാത്രമേ അടുത്തു വരികയുള്ളൂ. ബോവ്വാർ എന്നും പറഞ്ഞുകേട്ടിട്ടുണ്ടു്. ബുവർ എന്നു ബഷീർ മാത്രമേ പറയാറുള്ളൂ. ഷാങ് എന്നതു ഷീൻ ആക്കുന്നു അദ്ദേഹം.

2.“... പ്രതിഭാശാലിയായ എഴുത്തുകാരിയാണു് സിമൺ ദി ബൂവർ.”-പ്രതിഭാശാലിനിയായ എഴുത്തുകാരിയാണു് എന്നുവേണം. 3. “അവരുടെ ആത്മകഥാഭാഗങ്ങൾ മൂന്നു ഗ്രന്ഥങ്ങളായി പ്രസിദ്ധപ്പെടുത്തിയിട്ടുള്ളവയിൽ..”-മൂന്നല്ല, നാലു ഭാഗങ്ങളുണ്ടു്: i)Memoirs of a Dutiful daughter. ii) The Prime of Life. iii) Force of Circumstance. iv) All Said and Done. അവരുടെ A very Easy Death എന്നതും ആത്മകഥയാണു്. അങ്ങനെയാണെങ്കിൽ അഞ്ചുഭാഗങ്ങളായിട്ടാണു് ആത്മകഥ ആവിർഭവിച്ചതെന്നു പറയാം. എഴുത്തുകാർ മിണ്ടാതിരുന്നാലും കുഴപ്പമില്ല. ആളുകളെ വഴിതെറ്റിക്കരുതു്.

ലവ്-രണ്ടുതരത്തിൽ

ജി.ശങ്കരപ്പിള്ള അന്തരിച്ചിട്ടു് മാസങ്ങൾ കുറെയായി. നാടകകർത്താവെന്ന നിലയിൽ അദ്ദേഹത്തിനുള്ള സ്ഥാനത്തെക്കുറിച്ച് നിങ്ങളെന്തേ ഒന്നും പറയാത്തതു് എന്നു പലരും ചോദിച്ചു. ഞാനൊരു പ്രമാണിയെന്ന മട്ടിലല്ല അവർ അങ്ങനെ ചോദിച്ചതു്. എല്ലാ വിഷയങ്ങളെക്കുറിച്ചും തെറ്റോ ശരിയോ ആയ അഭിപ്രായങ്ങൾ പറയുന്നു. ശങ്കരപിള്ളയെക്കുറിച്ചും അതാകാമല്ലോ എന്നാണു് അവരുദ്ദേശിച്ചതു്. ഇപ്പോൾ ദീപിക വാരികയിൽ ഡോ.കുര്യാസു് പി. ഗോവിന്ദപിള്ളയ്ക്ക് എഴുതിയ മറുപടി വായിച്ചപ്പോൾ എനിക്കു തോന്നുന്നതു പരസ്യപ്പെടുത്തുന്നതിൽ അപാകമില്ലെന്നു കരുതുന്നു. കുര്യാസിന്റെ പ്രബന്ധം തുടങ്ങുന്നതു് ഇങ്ങനെ:

“മലയാള നാടകവേദിയിൽ ജി.ശങ്കരപിള്ള തുറന്നുവിട്ട ദുർഭൂതത്തെ തിരികെ കുടത്തിലടയ്ക്കാതെ നമ്മുടെ നാടകവേദി ശുദ്ധമാകുകയില്ലെന്നു് പി.ഗോവിന്ദപിള്ള ഈയിടെ പ്രസ്താവിക്കുകയുണ്ടായി. സ്ക്കൂൾ ഒഫ് ഡ്രാമയിൽ ശങ്കരപ്പിള്ളയും ശിഷ്യരും നടത്തിയ പരീക്ഷണാഭാസങ്ങൾ മലയാള നാടകവേദിയെ സാധാരണ ആസ്വാദകരിൽനിന്നകറ്റി ഒരു ന്യൂനപക്ഷ അഭിജാതവർഗ്ഗത്തിന്റേതു മാത്രമാക്കിക്കളഞ്ഞുവെന്നാണു് അദ്ദേഹം ആരോപിക്കുന്നതു്. ഏതോ തുടക്കകാരനായ ഒരു വിമർശകൻ ഉത്തരവാദിത്വരഹിതമായി ആവേശത്തോടെ നടത്തിയ പ്രഖ്യാപനമെന്ന നിലയിൽ അവഗണിച്ചുകളയാവുന്നതല്ലല്ലോ പി. ഗോവിന്ദപിള്ളയുടെ അഭിപ്രായപ്രകടനം.”

കുര്യാസിന്റെ ഈ അഭിപ്രായത്തിൽ സത്യത്തോടുള്ള ‘ലവു്’ ഇല്ല, ശങ്കരപിള്ള ലവു്’ മാത്രമേയുള്ളൂ, പോളിഷ് സ്റ്റെയ്ജ് ഡിറക്ടർ യിഷി ഗ്രൊട്ടൊഫ്സ്കീ നിർമ്മിച്ച ഒരു ‘കൗണ്ടർ കൾച്ചറി’ന്റെ ഉദ്ഘോഷകരായി ഇവിടെ കുറെ നാടകകർത്താക്കളും അഭിനേതാക്കളുമുണ്ടായി. ഗ്രൊട്ടൊഫ്സ്കിക്കു അല്പമൊരു പ്രതിഭയുള്ളതുകൊണ്ടു് അദ്ദേഹത്തിന്റെ ആ പ്രസ്ഥാനത്തിനു പ്രചാരം ലഭിച്ചു. പക്ഷേ,കേരളത്തിലുള്ളവർ അനുകർത്താക്കളാണു്. അവരുടെ നാടകങ്ങളും നാടകാഭിനയരീതികളും വെറും ടെക്നിക്കുകളായിത്തീർന്നു. അങ്ങനെയൊരു ടെക്നീഷ്യനായിരുന്നു ജി.ശങ്കരപിള്ള. തന്റെ മൗലിക പ്രതിഭാസാഹിത്യത്തെ മറയ്ക്കാൻ അദ്ദേഹം സ്വന്തം രചനകളെ കൂടുതൽ കൂടുതൽ ദുർഗ്രഹങ്ങളാക്കി. അദ്ദേഹത്തിന്റെ നാടകങ്ങൾ വായിക്കുകയെന്നു പറഞ്ഞാൽ ‘ടോർച്ചറി’നു വിധേയനാവുക എന്നാണർത്ഥം.

പണ്ടു് ഞാൻ താമസിച്ചിരുന്നിടത്തു് ഒരഭ്യാസിയെത്തി. അയാൾ ലോഹംകൊണ്ടുള്ള ആറു പന്തുകൾ ഒരേസമയത്തു് അമ്മാനമാടിയതു് എന്നെ അദ്ഭുതപരവശനാക്കി. അയാൾ പോയതിനുശേഷം വീട്ടിലെ കുട്ടികൾ ആറുപുന്നയ്ക്ക കൊണ്ടുവന്നു് അയാളെപ്പോലെ അമ്മാനമാടാൻ ശ്രമിച്ചു. ആറും മുകളിലോട്ടു് അവർ എറിഞ്ഞപ്പോൾ ഒന്നുപോലും തിരിച്ചുകൈയിൽ വീണില്ല. എല്ലാംകൂടെ താഴെ വീണതേയുള്ളു. അഭ്യാസി ഔന്നത്യത്തിലേക്കു പന്തുകളെറിഞ്ഞ് ഉന്നതനായി വർത്തിച്ചു. കുട്ടികൾ കുട്ടികളായിത്തന്നെ കാണപ്പെട്ടു. ശങ്കരപ്പിള്ള ആ ബാലന്മാരിൽ പെട്ട ആളാണു്. അതുകൊണ്ടു് പി.ഗോവിന്ദപിള്ളയുടെ സത്യകഥനത്തോടു യോജിക്കാനാണു് എനിക്കു താല്പര്യം. എനിക്കും കുര്യാസിനുള്ള ശങ്കരപിള്ള ലവു്’ ഉണ്ടു്. പക്ഷേ, അതു സത്യത്തെ മറയ്ക്കരുതല്ലോ.

സാഹിത്യം എത്രപ്പേരുടെ വിശപ്പുമാറ്റിയെന്നു് സാർത്രു് ഒരിക്കൽ ചോദിച്ചു. സാഹിത്യം വിശപ്പു മാറ്റാനുള്ളതല്ലെന്നാണു് എന്റെ മറുപടി. വീട്ടിനകത്തിരുന്നു് ആഹാരം മാത്രം കഴിച്ചാൽ മതിയോ? നിലാവു പരന്നൊഴുകുന്ന രാത്രിയിൽ മുറ്റത്തിറങ്ങി ചന്ദ്രനെയും നക്ഷത്രങ്ങളെയും കാണേണ്ടതില്ലേ? ചോറു് വിശപ്പു മാറ്റും. നിലാവിന്റെ ഭംഗികണ്ടു രസിച്ചാൽ വിശപ്പു മാറില്ല. എങ്കിലും അതു വേണ്ടേ? ഇല്ലെങ്കിൽ നമ്മൾ പരിപൂർണ്ണ മനുഷ്യനാവുമോ? വിശപ്പു മാറ്റുന്നതു് എന്തോ അതു മാത്രം മതി എന്ന ചിന്താഗതി തെറ്റാണു്. അല്ലെങ്കിലും സാഹിത്യം വിശപ്പു മാറ്റാനുള്ളതല്ല. ചന്ദ്രികാസ്പർശംപോലെ നിക്ഷത്രദർശനംപോലെ അതു് അനാസക്തപ്രക്രിയയാണു്.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1990-04-01.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 6, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.