SFNസായാഹ്ന ഫൌണ്ടേഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1990-07-08-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

images/WalterdelaMare.jpg
വാൾ­ട്ടർ ദ ല മർ

എന്റെ ഒരു കൂ­ട്ടു­കാ­രൻ ഇം­ഗ്ലീ­ഷ് കവി വാൾ­ട്ടർ ദ ല മറി ന്റെ (de la Mare) കാ­വ്യ­ങ്ങ­ളെ­ക്കു­റി­ച്ചു് ഡി. ലി­റ്റ് തീ­സി­സ് എ­ഴു­തു­ക­യാ­യി­രു­ന്നു. അ­ദ്ദേ­ഹ­ത്തി­ന്റെ കൈയിൽ ആ ക­വി­യു­ടെ സ­മ്പൂർ­ണ്ണ കാ­വ്യ­സ­മാ­ഹാ­രം ഇ­രി­ക്കു­ന്ന­തു ക­ണ്ടു് ഞാൻ ചോ­ദി­ച്ചു. ‘നോവൽ വാ­യി­ക്കു­ന്ന­തു­പോ­ലെ ഒ­റ്റ­യി­രു­പ്പിൽ ഇതു വാ­യി­ച്ചു തീർ­ക്കു­മോ?’ സു­ഹൃ­ത്തു് മ­റു­പ­ടി പ­റ­ഞ്ഞ­തു് ഇ­ങ്ങ­നെ: ‘ഒരു കവിത വാ­യി­ച്ചു തീ­രു­മ്പോൾ അ­തി­ന്റെ ക­ണ്ണ­ഞ്ചി­പ്പി­ക്കു­ന്ന സൗ­ന്ദ­ര്യം ക­ണ്ടു് ഞാൻ പ­ര­വ­ശ­നാ­യി­പ്പോ­കും. തു­ടർ­ന്നു വാ­യി­ക്കാൻ താ­ല്പ­ര്യം തോ­ന്നു­മെ­ങ്കി­ലും ഞാനതു ചെ­യ്യി­ല്ല. സൗ­ന്ദ­ര്യം പൂർ­ണ്ണ­മാ­യും ആ­സ്വ­ദി­ച്ചു ക­ഴി­ഞ്ഞാൽ പി­ന്നെ­ന്തു ചെ­യ്യും? അ­തു­കൊ­ണ്ടു പണം ചെ­ല­വാ­ക്കാ­തെ സൂ­ക്ഷി­ച്ചു വ­യ്ക്കു­ന്ന­തു­പോ­ലെ ഞാൻ ആ­സ്വാ­ദ­ന ത­ല്പ­ര­ത്വ­ത്തെ നി­യ­ന്ത്രി­ക്കും. വേ­റൊ­രു­ദി­വ­സം വേ­റൊ­രു കവിത വാ­യി­ക്കും. ഉടനെ പു­സ്ത­കം അ­ട­ച്ചു­വ­യ്ക്കും’. സ്നേ­ഹ­ത്തി­ന്റെ ആ വാ­ക്കു­കൾ കേ­ട്ടി­ട്ടു് എ­നി­ക്കു് ആ­ഹ്ലാ­ദ­മേ ഉ­ണ്ടാ­യു­ള്ളു. ഞാനും ആ വി­ധ­ത്തിൽ വാ­യി­ക്കു­ന്ന­വ­നാ­ണു്. 1936-ൽ ആ­ണെ­ന്നു തോ­ന്നു­ന്നു ച­ങ്ങ­മ്പു­ഴ യുടെ ‘ബാ­ഷ്പാ­ഞ്ജ­ലി’ എന്റെ കൈയിൽ കി­ട്ടി­യ­തു്. ആ­ദ്യ­ത്തെ കാ­വ്യം ‘ആ പൂമാല’ വാ­യി­ച്ചു. ഹർ­ഷാ­തി­ശ­യ­ത്തിൽ വീണു. തു­ടർ­ന്ന­ങ്ങു വാ­യി­ച്ചാൽ എ­ല്ലാം തീർ­ന്നു പോ­കി­ല്ലേ? അ­തു­കൊ­ണ്ടു് മ­ധു­ര­പ­ല­ഹാ­രം പകുതി തി­ന്നി­ട്ടു് ശേ­ഷ­മു­ള്ള­തു സൂ­ക്ഷി­ച്ചു­വ­യ്ക്കു­ന്ന കു­ട്ടി­യെ­പ്പോ­ലെ അന്നു കു­ട്ടി­യാ­യി­രു­ന്ന ഞാൻ ‘ബാ­ഷ്പാ­ഞ്ജ­ലി’ തു­ടർ­ന്നു വാ­യി­ക്കാ­തെ അ­ല­മാ­രി­യിൽ കൊ­ണ്ടു­വ­ച്ചു.

images/BohumilHrabal1985.jpg
ബൊ­ഹൂ­മിൽ ഹ്രോ­ബെൽ

ഇ­തു­ത­ന്നെ­യാ­ണു് യു­വാ­വാ­യി­രു­ന്ന കാ­ല­ത്തു് സു­ന്ദ­രി­ക­ളെ കാ­ണു­മ്പോൾ എ­നി­ക്കു­ണ്ടാ­യ അ­നു­ഭ­വ­വും. എ­നി­ക്കു് അ­വ­രു­ടെ ക­ണ്ണു­ക­ളിൽ നോ­ക്കാൻ ക­ഴി­യു­മാ­യി­രു­ന്നി­ല്ല. വാ­ക്കു­കൾ വേ­ണ്ട­പോ­ലെ നാ­വിൽ­നി­ന്നു വീ­ഴു­ക­യി­ല്ല. പെ­ണ്ണി­നെ­പ്പോ­ലെ കാൽ­വി­ര­ലു­കൾ­കൊ­ണ്ടു് ഭൂ­മി­യിൽ വരകൾ വ­ര­ച്ചു ഞാൻ നി­ല്ക്കു­മാ­യി­രു­ന്നു. ക­ഴി­യു­ന്ന­തും വേ­ഗ­ത്തിൽ ഞാൻ അ­വ­രോ­ടു യാ­ത്ര­ചോ­ദി­ച്ചു പോ­കു­മാ­യി­രു­ന്നു. ഇതു് എന്റെ അ­നു­ഭ­വം മാ­ത്ര­മ­ല്ല. മീലാൻ കു­ന്ദേ­ര യെ­ക്കാൾ വലിയ നോ­വ­ലി­സ്റ്റ് എന്നു ഞാൻ വി­ചാ­രി­ക്കു­ന്ന ബൊ­ഹൂ­മിൽ ഹ്രോ­ബെൽ Closely Watched Trains എന്ന അ­തി­സു­ന്ദ­ര­മാ­യ നോ­വ­ലിൽ എ­ഴു­തി­യി­രി­ക്കു­ന്നു: I’ve never been able to talk coherently to them. (beautiful people) I always sweated and stammered. I had such an admiration for beauty, and was so dazzled by it that I never could look a handsome person in the face (P. 8). എ­നി­ക്കു് ഏ­റ്റ­വും ഇ­ഷ്ട­മു­ള്ള ക­വി­യാ­ണു് വാൾ­ട്ടർ ദ ല മർ. അ­ദ്ദേ­ഹ­ത്തി­ന്റെ മ­നോ­ഹ­ര­ങ്ങ­ളാ­യ ക­ഥ­ക­ളു­ടെ സ­മാ­ഹാ­രം എന്റെ കൈ­യി­ലു­ണ്ടു്. അ­തു­പോ­ലെ കാ­വ്യ­സ­മാ­ഹാ­ര­വും. ര­ണ്ടും പൂർ­ണ്ണ­മാ­യി ഞാൻ വാ­യി­ച്ചി­ട്ടി­ല്ല. അ­തി­സൗ­ന്ദ­ര്യം മു­ഴു­വ­നു­മാ­സ്വ­ദി­ക്കാൻ എ­നി­ക്കു വയ്യ.

കാർ­ത്തി­ക ന­ക്ഷ­ത്ര­ത്തിൽ ക­ന്യാ­കു­മാ­രി­യു­ണ്ടോ?

ഈ ലോ­ക­ത്തു് ഓരോ ആളും നി­സ്തു­ല­നാ­ണു്. ഒരു വ്യ­ക്തി മ­റ്റൊ­രു വ്യ­ക്തി­യെ­പ്പോ­ലി­രി­ക്കു­ക­യി­ല്ല. അ­ക്കാ­ര­ണ­ത്താൽ ഒരേ വ­സ്തു­വി­നെ­സ്സം­ബ­ന്ധി­ച്ചു് ഓരോ ആ­ളി­നും ഓരോ അ­വ­ഗ­മ­ന­മാ­ണു്.

അ­ടു­ത്ത­കാ­ല­ത്തു­ണ്ടാ­യ സം­ഭ­വ­മാ­ണു്. സ­മ്മേ­ള­ന­ത്തി­ന്റെ അ­ധ്യ­ക്ഷ­നെ­ത്താൻ പ്ര­ഭാ­ഷ­ക­രാ­യ ഞങ്ങൾ കാ­ത്തി­രി­ക്കു­ക­യാ­യി­രു­ന്നു. ഒരു യു­വാ­വു് പെ­ട്ടെ­ന്നു് മു­റി­യി­ലേ­ക്കു ക­ട­ന്നു­വ­ന്നു് എ­ന്നോ­ടു ചോ­ദി­ച്ചു: “ഒരു സം­ശ­യ­മു­ണ്ടു്. ഭൂ­മി­യിൽ ഓ­ടു­ന്ന തീ­വ­ണ്ടി ക­ട­ലി­ന്റെ മു­ക­ളിൽ­ക്കൂ­ടി ഓ­ടാ­ത്ത­തു് എ­ന്താ­ണു് സാർ?” “ആ­ലോ­ചി­ച്ചു മ­റു­പ­ടി പറയാം”. എന്നു ഞാൻ അ­റി­യി­ച്ചു. “മതി” എന്നു മൊ­ഴി­യാ­ടി­യി­ട്ടു വന്ന വേ­ഗ­ത്തിൽ അ­ദ്ദേ­ഹം പോയി. മറ്റു പ്ര­ഭാ­ഷ­കർ ആ ചോ­ദ്യ­വും ഉ­ത്ത­ര­വും കേ­ട്ടു ചി­രി­ച്ചു. ഞാൻ ചി­രി­ച്ചി­ല്ല. ചി­രി­ക്കാ­ത്ത­തി­നു കാരണം ഇ­തു­പോ­ലെ­യു­ള്ള പല ചോ­ദ്യ­ങ്ങ­ളും ഞാൻ എ­ന്നോ­ടു­ത­ന്നെ ചോ­ദി­ക്കാ­റു­ണ്ടു് എ­ന്ന­താ­ണു്. “ച­ന്ദ്ര­ന്റെ ത­ല­സ്ഥാ­നം എ­ന്താ­ണു്?” “തി­രു­വ­ന­ന്ത­പു­ര­ത്തെ പ്ര­ധാ­ന­പ്പെ­ട്ട റോ­ഡി­ലൂ­ടെ പോ­കു­മ്പോൾ വേ­ലു­ത്ത­മ്പി യുടെ പ്ര­തി­മ ക­ണ്ടാൽ നാഷനൽ ബു­ക്ക് സ്റ്റോ­ളിൽ കയറി വൈ­ലോ­പ്പി­ള്ളി യുടെ ‘മ­ക­ര­ക്കൊ­യ്ത്തു്’ എന്ന കാ­വ്യ­സ­മാ­ഹാ­ര­ഗ്ര­ന്ഥം ഞാൻ വാ­ങ്ങു­മോ?” “കാ­പ്പി­ക്ക­ട­യിൽ­നി­ന്നു ത­രു­ന്ന കാ­പ്പി­യിൽ ത­ല­മു­ടി­നാ­രു ക­ണ്ടാൽ രാ­മ­നാ­ട്ട­മോ കൃ­ഷ്ണ­നാ­ട്ട­മോ ആ­ദ്യ­മു­ണ്ടാ­യ­തെ­ന്നു് ആ­ലോ­ചി­ക്കു­മോ?” “ജ­ന്തു­ശാ­ല­യിൽ­ച്ചെ­ന്നു ക­ടു­വ­യെ­യും സിം­ഹ­ത്തെ­യും ക­ണ്ടാൽ ഏ­തി­ന്റെ പ­ല്ലു് തേ­ച്ചു­കൊ­ടു­ക്ക­ണ­മെ­ന്നു് ആ­ലോ­ചി­ച്ചു നോ­ക്കു­മോ?”

മേരി ആൻ­ഡേ­ഴ്സൺ എന്ന ച­ല­ച്ചി­ത്ര­താ­ര­ത്തി­ന്റെ പ്രോ­ഫൈൽ ഫോ­ട്ടോ എ­ടു­ക്കാൻ ഭാ­വി­ച്ച­പ്പോൾ ഡ­യ­റ­ക്ടർ ഹി­ച്ച­ക്കോ­ക്കി­നോ­ടു് അവർ ചോ­ദി­ച്ചു: ഏ­താ­ണു് എന്റെ നല്ല ഭാഗം?’ ‘ഹി­ച്ച­കോ­ക്ക് മ­റു­പ­ടി പ­റ­ഞ്ഞു: ‘ഓമനേ നീ അ­തി­ലാ­ണു് ഇ­രി­ക്കു­ന്ന­തു്.’

വിജയൻ എസ്. ക­ല്ലു­നാ­ടു് കു­ങ്കു­മം വാ­രി­ക­യി­ലെ­ഴു­തി­യ ‘ചരടു്’ എന്ന ക­ഥാ­സാ­ഹ­സി­ക്യം വാ­യി­ച്ചു­തീർ­ത്ത­പ്പോൾ ഇ­തു­പോ­ലൊ­രു മണ്ടൻ ചോ­ദ്യം ചോ­ദി­ക്കാ­നാ­ണു് എ­നി­ക്കു തോ­ന്നി­യ­തു്. ചോ­ദ്യം മ­ന­സ്സി­ലു­ണ്ടു്, ചോ­ദി­ക്കു­ന്നി­ല്ല. വ­ക്കീൽ നോ­ട്ടീ­സ് വ­ന്നാ­ലോ?

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: മീ­റ്റി­ങ്ങി­നു പോ­ക­ണ­മെ­ന്നു് ഏ­റ്റി­ട്ടു് പ­റ്റി­ക്കു­ന്ന നി­ങ്ങ­ളെ, പു­സ്ത­കം റെ­വ്യൂ ചെ­യ്യാ­മെ­ന്നു് സ­മ്മ­തി­ച്ചി­ട്ടു് അ­ങ്ങ­നെ പ്ര­വർ­ത്തി­ക്കാ­ത്ത നി­ങ്ങ­ളെ, ‘വീ­ട്ടിൽ വ­ര­ട്ടോ’ എന്നു ചോ­ദി­ക്കു­ന്ന­വ­രോ­ടു് ‘ഞാൻ സാ­ഹി­ത്യ അ­ക്കാ­ദ­മി മീ­റ്റി­ങ്ങി­നു് പോ­കു­ന്നു’ എന്നു കള്ളം പ­റ­യു­ന്ന നി­ങ്ങ­ളെ കോ­ട­തി­യിൽ ക­യ­റ്റി­യാൽ എ­ത്ര­വർ­ഷം നി­ങ്ങൾ ജ­യി­ലിൽ കി­ട­ക്കും?

ഉ­ത്ത­രം: “മ­രി­ക്കു­ന്ന­തു­വ­രെ കി­ട­ക്കും. എ­നി­ക്കു മീ­റ്റി­ങ്ങി­നു പോ­കു­ന്ന­തു് ഇ­ഷ്ട­മു­ള്ള കാ­ര്യ­മ­ല്ല. നിർ­ബ­ന്ധി­ക്കു­മ്പോൾ ചെ­ല്ലാ­മെ­ന്നു് കള്ളം പറയും. പു­സ്ത­ക­ങ്ങൾ റെ­വ്യൂ ചെ­യ്യാ­നു­ള്ള കോ­ള­മ­ല്ല ഇതു്. ചീ­ത്ത­പ്പു­സ്ത­ക­ങ്ങൾ ന­ല്ല­താ­ണെ­ന്നു മറ്റു വാ­രി­ക­ക­ളിൽ ഞാൻ എ­ഴു­തു­ക­യി­ല്ല. ആ­ളു­ക­ളെ പാ­ട്ടി­നു വി­ട്ടേ­ക്ക­ണം. അവരെ വീ­ട്ടിൽ­ച്ചെ­ന്നു­ക­ണ്ടു് ര­ണ്ടും മൂ­ന്നും മ­ണി­ക്കൂർ നേ­ര­മി­രു­ന്നു് ബോ­റ­ടി­ച്ചു് അ­വ­രു­ടെ ജോ­ലി­ക്കു ത­ട­സ്സ­മു­ണ്ടാ­ക്ക­രു­തു്. One should be left alone എന്ന മ­ത­ക്കാ­ര­നാ­ണു് ഞാൻ. അ­തു­കൊ­ണ്ടു് കള്ളം പറയാൻ നിർ­ബ്ബ­ദ്ധ­മാ­യി­പ്പോ­കും ഈ എ­ളി­യ­വൻ. അതു പ­റ­ഞ്ഞി­ല്ലെ­ങ്കിൽ സാ­ഹി­ത്യ­വാ­ര­ഫ­ലം മു­ട­ങ്ങി­പ്പോ­കും”.

ചോ­ദ്യം: ദയ കാ­ണി­ച്ചാൽ?

ഉ­ത്ത­രം: അ­പ­മാ­നി­ക്ക­പ്പെ­ടും. ക­ഴി­ഞ്ഞ­യാ­ഴ്ച ഒരു യാചകൻ ‘എ­ന്തെ­ങ്കി­ലും തരണ’മെ­ന്നു് എ­ന്നോ­ടു് അ­പേ­ക്ഷി­ച്ചു. ഞാൻ അ­യാൾ­ക്കു് ഒ­രു­രൂ­പ കൊ­ടു­ത്തി­ട്ടു് വീ­ട്ടി­ന­ക­ത്തു­പോ­യി. ഒരു മ­ണി­ക്കൂർ ക­ഴി­ഞ്ഞു് വാതിൽ തു­റ­ന്നു­നോ­ക്കി­യ­പ്പോൾ ഒരു രൂ­പ­യ്ക്കു­ള്ള പ­ച്ച­മു­ള­കു് പ­ടി­യിൽ വ­ച്ചി­രി­ക്കു­ന്നു. അ­ടു­ത്തു പ­ച്ച­ക്ക­റി വി­ല്ക്കു­ന്ന ക­ട­യു­ണ്ടു്.

ചോ­ദ്യം: ഹാവലി നെ­ക്കു­റി­ച്ചു് എ­ന്താ­ണു് അ­ഭി­പ്രാ­യം?

ഉ­ത്ത­രം: മ­ഹാ­നാ­യ നാ­ട­കർ­ത്താ­വു്. അ­ദ്ദേ­ഹ­ത്തി­ന്റെ Largo Desolato എന്ന നാടകം (English version by Tom Stoppard) അ­ത്യുൽ­കൃ­ഷ്ട­മാ­ണു്. നവീന നാ­ട­ക­ങ്ങ­ളിൽ അതു് അ­ദ്വി­തീ­യ­മാ­ണു്.

ചോ­ദ്യം: ഞെ­ട്ടാ­റു­ണ്ടോ?

ഉ­ത്ത­രം: ഉ­ണ്ടു്. ദി­വ­സ­ന്തോ­റും പലതവണ. ഡോർ­ബെൽ പ­രു­ക്കൻ­മ­ട്ടി­ല­മർ­ത്തി വലിയ ശബ്ദം കേൾ­ക്കു­മ്പോൾ.

ചോ­ദ്യം: പ്ലേ ബോയ് നേ­ര­മ്പോ­ക്കൊ­ന്നും വേണ്ട. യ­ഥാർ­ത്ഥ­ത്തിൽ ഉ­ണ്ടാ­യ ഒരു സെ­ക്സി ജോ­ക്ക് അ­റി­യാ­മെ­ങ്കിൽ പറയു?

ഉ­ത്ത­രം: മേരി അൻ­ഡേ­ഴ്സൺ എന്ന ച­ല­ചി­ത്ര­താ­ര­ത്തി­ന്റെ പ്രോ­ഫൈൽ (പാർ­ശ്വ­മു­ഖ­രു­പം) ഫോ­ട്ടോ എ­ടു­ക്കാൻ ഭാ­വി­ച്ച­പ്പോൾ ഡ­യ­റ­ക്ടർ ഹി­ച്ച­കോ­ക്കി­നോ­ടു് അവർ ചോ­ദി­ച്ചു: ഏ­താ­ണു് എന്റെ നല്ല ഭാഗം? ഹി­ച്ച­കോ­ക്ക് മ­റു­പ­ടി പ­റ­ഞ്ഞു: ഓമനേ നീ അ­തി­ലാ­ണു് ഇ­രി­ക്കു­ന്ന­തു്.

ചോ­ദ്യം: നി­ങ്ങൾ മ­രി­ച്ചു­ക­ഴി­ഞ്ഞാൽ ശവം പ­ട്ട­ട­യിൽ വ­ച്ചു് ദ­ഹി­പ്പി­ക്ക­ണോ, വൈ­ദ്യു­തി­കൊ­ണ്ടു് ചാ­ര­മാ­ക്ക­ണോ, അതോ കു­ഴി­ച്ചി­ട­ണോ?

ഉ­ത്ത­രം: മ­രി­ച്ചാൽ­പി­ന്നെ ഞാ­നൊ­ന്നു­മ­റി­യു­ക­യി­ല്ല. അ­തു­കൊ­ണ്ടു് പ­ക്ഷി­കൾ­ക്കു കൊ­ത്തി­ത്തി­ന്നാ­നാ­യി കാ­ട്ടി­ലി­ട്ടാ­ലും എ­നി­ക്കൊ­ന്നു­മി­ല്ല.

ചോ­ദ്യം: ഈ ലോ­ക­ത്തു് നി­ങ്ങൾ ബ­ഹു­മാ­നി­ക്കു­ന്ന­തു് ആരെ?

ഉ­ത്ത­രം: മ­ഹാ­ത്മാ­ഗാ­ന്ധി യെ.

ചോ­ദ്യം: അ­വാർ­ഡു­കൾ­ക്കു് ഇ­പ്പോൾ ഒരു വി­ല­യു­മി­ല്ലെ­ന്നു് ഒരു എ­ഴു­ത്തു­കാ­രി പ്ര­സം­ഗി­ച്ച­തു കേ­ട്ടു. നി­ങ്ങ­ളെ ഉ­ദ്ദേ­ശി­ച്ച­ല്ലേ അതു?

ഉ­ത്ത­രം: എന്നെ ല­ക്ഷ്യ­മാ­ക്കി­യാ­ണു് അവർ അതു പ­റ­ഞ്ഞ­തെ­ന്നു് എ­നി­ക്കു തോ­ന്നു­ന്നി­ല്ല. സാ­മാ­ന്യ പ്ര­സ്താ­വം ന­ട­ത്തു­മ്പോൾ ചിലർ അതു് ത­ങ്ങൾ­ക്കു ചേ­രു­ന്ന തൊ­പ്പി­യാ­ണെ­ന്നു ക­രു­തും. എന്റെ ചില സാ­മാ­ന്യ­പ്ര­സ്താ­വ­ങ്ങ­ളിൽ കോ­പി­ച്ചി­ട്ടു­ണ്ടു് ചില വ്യ­ക്തി­കൾ. ഞാൻ എ­ഴു­തി­യ­പ്പോൾ അ­വ­രു­ടെ സ്മ­ര­ണ­പോ­ലും ഉ­ണ്ടാ­യി­യെ­ന്നു വ­രി­ല്ല. ഇനി എന്നെ ല­ക്ഷ്യ­മാ­ക്കി­യാ­ണു് അവർ അ­ങ്ങ­നെ പ­റ­ഞ്ഞ­തെ­ങ്കി­ലും എ­നി­ക്കു വ­ല്ലാ­യ്മ­യി­ല്ല. വലിയ സാ­ഹി­ത്യ­കാ­ര­നാ­യ ഗി­രീ­ഷ് കർ­ണാ­ടു്, ബു­ദ്ധി­ശാ­ലി­നി­യും സു­ന്ദ­രി­യു­മാ­യ ചി­ത്രാ­സു­ബ്ര­ഹ്മ­ണ്യം, അ­മേ­രി­ക്കൻ അം­ബാ­സി­ഡർ ആ­യി­രു­ന്ന പാൽ­ക്കി­വാ­ല ഇവർ പ്ര­ശം­സി­ച്ച­താ­ണു് ഈ പം­ക്തി. ഇതിനു സ­മ്മാ­നം നി­ശ്ച­യി­ച്ച മ­ഹാ­വ്യ­ക്തി­ക­ളിൽ ഒ­രാ­ളാ­യി­രു­ന്നു വൈസ് ചാൻ­സ­ലർ അ­ന­ന്ത­മൂർ­ത്തി. അ­ദ്ദേ­ഹം ഇ­തി­ന്റെ മേന്മ പ­രോ­ക്ഷ­മാ­യി അം­ഗീ­ക­രി­ച്ച ആ­ളാ­ണു്.

ജീ­വ­നി­ല്ല

ഏതാണു സത്യം എ­ന്ന­താ­ണു പ്ര­ശ്നം. ജീ­വി­തം അ­ന­ന്ത­മാ­യി ആ­കർ­ഷ­ത്വ­മു­ള്ള­താ­ണെ­ന്നു സ്വയം തെ­ളി­യി­ക്കു­മ്പോൾ ഉ­ണ്ടാ­കു­ന്ന ഉ­റ­പ്പി­ന്റെ നി­മി­ഷ­ങ്ങ­ളോ? അതോ ന­മ്മു­ടെ ഉ­ണർ­ന്നി­രി­ക്കു­ന്ന ജീ­വി­ത­ങ്ങ­ളെ നി­റ­യ്ക്കു­ന്ന സാ­ധാ­ര­ണ­ത്വ­ത്തി­ന്റെ വേ­ദ­നാ­ജ­ന­ക­മാ­യ ബോധമോ?

എന്റെ ദേ­ശ­സ്നേ­ഹം എന്ന വി­കാ­രം വാ­യ­ന­ക്കാ­ര­ന്റെ ആ വി­കാ­ര­ത്തിൽ­നി­ന്നു വി­ഭി­ന്ന­മാ­യി­രി­ക്കും. വാ­യ­ന­ക്കാ­ര­ന്റെ വി­കാ­ര­ത്തി­നു സാ­ന്ദ്ര­ത കൂ­ടു­ത­ലാ­യി­രി­ക്കാം. അ­തി­ന്റെ അളവു് വേ­റൊ­രു വി­ധ­ത്തി­ലാ­യി­രി­ക്കാം. അ­തി­നാൽ ദേ­ശ­സ്നേ­ഹ­മെ­ന്ന വി­കാ­ര­ത്തെ ഞാനും വാ­യ­ന­ക്കാ­ര­നും കാ­വ്യ­ത്തി­ലൂ­ടെ ആ­വി­ഷ്ക­രി­ച്ചാൽ ര­ണ്ടു­കാ­വ്യ­ങ്ങ­ളും വ്യ­ത്യ­സ്ത­ങ്ങ­ളാ­യി­രി­ക്കും. അ­തു­പോ­ലെ വ­സ്തു­ക്കൾ­ക്ക­ല്ല പ്രാ­ധാ­ന്യം, അ­തി­നെ­ക്കു­റി­ച്ചു് ഓരോ വ്യ­ക്തി­ക്കു­മു­ണ്ടാ­കു­ന്ന തോ­ന്ന­ലി­ലാ­ണു്. ഈ ലോ­ക­ത്തു് ഓരോ ആളും നി­സ്തു­ല­നാ­ണു്. ഒരു വ്യ­ക്തി മ­റ്റൊ­രു വ്യ­ക്തി­യെ­പ്പോ­ലി­രി­ക്കു­ക­യി­ല്ല. അ­ക്കാ­ര­ണ­ത്താൽ ഒരേ വ­സ്തു­വി­നെ­സ്സം­ബ­ന്ധി­ച്ച ഓരോ ആ­ളി­നും ഓരോ അ­വ­ഗ­മ­ന­മാ­ണു്. ഒരു വ്യ­ക്തി­ക്കു് വീണു കി­ട­ക്കു­ന്ന പൂ­വി­നെ­ക്കു­റി­ച്ചു് എന്തു തോ­ന്ന­ലു­ണ്ടാ­യി­യെ­ന്ന­റി­യാൻ മറ്റു വ്യ­ക്തി­കൾ­ക്കു താ­ല്പ­ര്യ­മു­ണ്ടു്. സാ­ഹി­ത്യാ­സ്വാ­ദ­ന­ത്തി­ന്റെ അ­ടി­സ്ഥാ­ന­ഘ­ട­കം ഇ­ത­ത്രേ. ആകെ 34 ക­ഥാ­സ­ന്ദർ­ഭ­ങ്ങ­ളേ­യു­ള്ളു. വ­സ്തു­ക്കൾ പ­ല­തു­ണ്ടെ­ങ്കി­ലും ഒ­ന്നി­നും മാ­റ്റ­മി­ല്ല. ച­ന്ദ്രൻ എ­പ്പോ­ഴും ച­ന്ദ്രൻ­ത­ന്നെ. കടൽ എ­പ്പോ­ഴും കടലും. പക്ഷേ, ആ ക­ഥാ­സ­ന്ദർ­ഭ­ങ്ങ­ളെ­യും വ­സ്തു­ക്ക­ളെ­യും സം­ബ­ന്ധി­ച്ചു് ഓ­രോ­രു­ത്ത­നു­മു­ണ്ടാ­കു­ന്ന തോ­ന്ന­ലെ­ന്തെ­ന്ന­റി­യാ­നാ­ണു് ‘കടൽ ഇ­ന്നു് എ­ങ്ങ­നെ­യി­രി­ക്കു­ന്നു? മ­മ്മൂ­ട്ടി സു­ന്ദ­ര­നാ­ണോ?’ എ­ന്നൊ­ക്കെ മ­റ്റു­ള്ള­വർ ചോ­ദി­ക്കു­ന്ന­തു്. ഒരു വ­സ്തു­വി­നെ­ക്കു­റി­ച്ചു് ഒ­രു­ത്ത­നു­ണ്ടാ­കു­ന്ന തോ­ന്നൽ മ­റ്റൊ­രു­ത്ത­നു് അതേ വ­സ്തു­വി­നെ­ക്കു­റി­ച്ചു­ണ്ടാ­കു­ന്ന തോ­ന്ന­ലിൽ­നി­ന്നു വി­ഭി­ന്ന­മ­ല്ലെ­ങ്കിൽ അതു് ആ­ഹ്ലാ­ദ­ദാ­യ­ക­മാ­യി­രി­ക്കി­ല്ല. ഈ ആ­ഹ്ലാ­ദ­രാ­ഹി­ത്യ­മാ­ണു് സി. എം. അ­ഹ­മ്മ­ദ്കു­ട്ടി മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പി­ലെ­ഴു­തി­യ “ഓർ­മ്മ­യിൽ ഒരു പുഴ” എന്ന കാ­വ്യം വാ­യി­ച്ച­പ്പോൾ എന്റെ മാ­ന­സി­ക നി­ല­യാ­യി ഭ­വി­ച്ച­തു്.

ഞ­ങ്ങൾ­ക്കൊ­രു പു­ഴ­യു­ണ്ടാ­യി­രു­ന്നെ­ന്ന

പൊ­ങ്ങ­ച്ച­മി­പ്പോ­ഴും കൊ­ണ്ടു ന­ട­പ്പു ഞാൻ

മൂ­ക്കും പി­ടി­ച്ചു­കി­ട­ന്നു മു­ങ്ങി­ത്ത­ല

നീർ­ത്തു­വാ­നാ­കാ­ത­തു വ­റ്റി­യെ­ങ്കി­ലും

എന്ന വരികൾ വാ­യി­ക്കു­മ്പോൾ അ­നു­വാ­ച­ക­ന്റെ മ­ന­സ്സിൽ എ­ന്തെ­ങ്കി­ലും ച­ല­ന­മു­ണ്ടോ? കാ­വ്യ­മാ­കെ വാ­യി­ച്ചാ­ലും അ­തു­ണ്ടാ­കു­ന്നു­ണ്ടോ? ഇല്ല. അ­ഹ­മ്മ­ദ്കു­ട്ടി­യു­ടെ കാ­വ്യ­ത്തി­നു നി­റ­മി­ല്ല. അ­ദ്ദേ­ഹ­ത്തി­ന്റെ വാ­ക്കു­കൾ­ക്കു ശ­ക്തി­യി­ല്ല. ശ­ക്തി­യി­ല്ലാ­ത്ത­തു­കൊ­ണ്ടു് ധ്വ­നി­യി­ല്ല. നിർ­ജ്ജീ­വ­ങ്ങ­ളാ­യ കുറെ വരികൾ എഴുതി കാ­വ്യ­മെ­ന്നു വി­ളി­ക്കു­ന്നു അ­ദ്ദേ­ഹം. Wye എന്ന നദിയെ നോ­ക്കി വെ­ഡ്സ്വർ­ത്ത്

Five years have past; five summers with the length

Of five long winters! and again I hear

These waters, rolling from their mountain-​springs

With Soft inland murmur

എന്നു പാ­ടു­മ്പോൾ എന്തു രസം! (Lines, Tintern Abbey, P. 163, The Poetical Works of Wordsworth, Oxford University Press), (ഝടുതി എന്ന കാ­വ്യ­ത്തിൽ കാ­ണു­ന്നു. ഝടിതി എന്നു വേണം. കൺകൾ എന്നു വേ­റൊ­രു പ്ര­യോ­ഗം. അതും ശ­രി­യ­ല്ല. ‘ജ്വ­ലി­ച്ച കൺ­കൊ­ണ്ടൊ­രു നോ­ക്കു­നോ­ക്കി’ എന്ന വ­ള്ള­ത്തോ­ളി ന്റെ പ്ര­യോ­ഗം തെ­റ്റു്).

ദോഹനം
images/VaclavHavel2014.jpg
ഹാവൽ

ഇൻ­സ്റ്റ­ന്റ് കോ­ഫി­പോ­ലെ ഇൻ­സ്റ്റ­ന്റ് ക­വി­ത­യു­മു­ണ്ടു്. അ­നു­ഗൃ­ഹീ­ത­നാ­യ കവി പാലാ നാ­രാ­യ­ണൻ­നാ­യ­രു ടെ ഒ­രു­ദാ­ഹ­ര­ണം കടം വാ­ങ്ങ­ട്ടെ. തി­രു­വ­ന­ന്ത­പു­ര­ത്തെ ചാ­യ­ക്ക­ട­ക­ളു­ടെ മുൻ­പിൽ എ­രു­മ­യെ കൊ­ണ്ടു­വ­ന്നു കെ­ട്ടി പാ­ലു­ക­റ­ന്നു­കൊ­ടു­ക്കു­ന്ന­തു­പോ­ലെ കവിത ക­റ­ന്നു­കൊ­ടു­ക്കു­ന്ന ക­വി­ക­ളു­ണ്ടു് ന­മു­ക്കു്. പാൽ­പൊ­ടി­യ­ല്ല­ല്ലോ പാ­ലാ­ണ­ല്ലോ ചാ­യ­യിൽ ചേർ­ക്കു­ന്ന­തു് എന്നു വി­ചാ­രി­ച്ചു ചാ­യ­കു­ടി­ക്കാ­നെ­ത്തു­ന്ന­വർ­ക്കു സ­ന്തോ­ഷം. വെ­ള്ളം ചേർ­ക്കാ­ത്ത പാലു കി­ട്ടി­യ­ല്ലോ എന്നു വി­ചാ­രി­ച്ചു് ക­ട­ക്കാ­ര­നു സ­ന്തോ­ഷം. താൻ അ­പ്പോ­ഴെ­ങ്കി­ലും നാ­ലു­പേ­രു­ടെ മുൻ­പിൽ സ­ത്യ­സ­ന്ധ­നാ­യ­ല്ലോ എന്നു മ­ന­സ്സി­ലാ­ക്കി ക­റ­വ­ക്കാ­ര­നു സ­ന്തോ­ഷം. തൊ­ട്ട­ടു­ത്തു് കാ­ലു­കൾ ഇ­ള­ക്കി­ച്ചാ­ടാ­തെ എരുമ നി­ല്ക്കു­ന്ന­തു­പോ­ലെ കാ­വ്യ­വി­ഷ­യം അ­ന­ങ്ങാ­തെ നി­ന്നാൽ ക­റ­വ­ക്കാ­ര­നാ­യ കവി എ­ത്ര­ക­ണ്ടു് ആ­ഹ്ലാ­ദി­ക്കി­ല്ല! ചൈന ഇ­ന്ത്യ­യെ ആ­ക്ര­മി­ച്ച­പ്പോൾ വി­ഷ­യ­മാ­കു­ന്ന എരുമ തൊ­ട്ട­ടു­ത്തു­ത­ന്നെ­യു­ണ്ടാ­യി­രു­ന്നു ക­വി­കൾ­ക്കു്. ക­റ­ന്നെ­ടു­ക്ക­ലോ­ടു­ത­ന്നെ ക­റ­ന്നെ­ടു­ക്കൽ! ഇ­പ്പോൾ ഭാ­ര­ത­വും പാ­കി­സ്ഥാ­നും ത­മ്മി­ലു­ള്ള യു­ദ്ധ­ഭീ­ഷ­ണി എന്ന എരുമ മുൻ­പിൽ നി­ന്നി­ട്ടും ആർ­ക്കും പാ­ലു­ക­റ­ക്കേ­ണ്ട. എ­ങ്കി­ലും ഒരു കവി മു­ന്നോ­ട്ടു വന്നു. എന്റെ സ്നേ­ഹി­തൻ പി. ജ­വ­ഹ­ര­ക്കു­റു­പ്പു് ദോ­ഹ­ന­ക്രി­യ ന­ട­ത്തു­ന്നു. പക്ഷേ, അ­ദ്ദേ­ഹം മ­ഹി­ഷീ­സ്ത­നം പീ­ഡി­പ്പി­ച്ച­ല്ല ദു­ഗ്ദ്ധം പാ­ത്ര­ത്തി­ലേ­ക്കു ഒ­ഴു­ക്കു­ന്ന­തു്. പാ­ത്ര­ത്തിൽ വെ­ള്ളം­വ­ച്ചി­ട്ടു­മി­ല്ല.

അ­ജ്ഞ­ത­യെ­ല്ലാ­മ­ക­റ്റി സ്വയം നിങ്ങ-​

ളർ­ജ്ജു­ന­ന്മാ­രാ­യു­ണർ­ന്നെ­ഴു­ന്നേ­ല്ക്കു­ക.

മൽ­ക്ക­ര­ങ്ങൾ­ക്കു­ണ്ടു ശ­ക്തി­നി­ന്നാ­ത്മാ­വിൽ

നി­ല്ക്കു­ന്നു ഞാൻ നീ പു­റ­പ്പെ­ട്ടു­കൊ­ള്ളു­ക

ഇ­ദ്ധർ­മ്മ­യു­ദ്ധം തുടരൂ വിജയത്തി-​

ലെ­ത്തും കു­രു­ക്ഷേ­ത്ര­യു­ദ്ധം സു­നി­ശ്ചി­തം.

എന്ന വ­രി­ക­ളി­ലെ സ്വ­ദേ­ശ­സ്നേ­ഹ­വും പ്ര­സാ­ദാ­ത്മ­ക­ത്വ­വും എ­നി­ക്കി­ഷ്ട­പ്പെ­ട്ടു. (കാ­വ്യം ക­ലാ­കൗ­മു­ദി­യിൽ)

പുതിയ പു­സ്ത­കം
images/BTO.jpg

“ഏതാണു സത്യം എ­ന്ന­താ­ണു പ്ര­ശ്നം. ജീ­വി­തം അ­ന­ന്ത­മാ­യി ആ­കർ­ഷ­ത്വ­മു­ള്ള­താ­ണെ­ന്നു സ്വയം തെ­ളി­യി­ക്കു­മ്പോൾ ഉ­ണ്ടാ­കു­ന്ന ഉ­റ­പ്പി­ന്റെ നി­മി­ഷ­ങ്ങ­ളോ? അതോ ന­മ്മു­ടെ ഉ­ണർ­ന്നി­രി­ക്കു­ന്ന ജീ­വി­ത­ങ്ങ­ളെ നി­റ­യ്ക്കു­ന്ന സാ­ധാ­ര­ണ­ത്വ­ത്തി­ന്റെ വേ­ദ­നാ­ജ­ന­ക­മാ­യ ബോധമോ? വാൻ­ഹോ­ഹി ന്റെ ചില ചി­ത്ര­ങ്ങൾ ഈ ജീ­വി­ത­ദൃ­ഢീ­ക­ര­ണ­ത്തി­ന്റെ അ­തി­ശ­ക്ത­ങ്ങ­ളാ­യ ആ­വി­ഷ്കാ­ര­ങ്ങ­ളാ­ണു്. എ­ങ്കി­ലും അ­ദ്ദേ­ഹ­ത്തി­ന്റെ ആ­ത്മ­ഹ­ത്യാ­രേ­ഖ­യിൽ “ക­ഷ്ട­പ്പാ­ടു് ഒ­രി­ക്ക­ലും അ­വ­സാ­നി­ക്കി­ല്ല” എ­ന്നു­ണ്ടാ­യി­രു­ന്നു. നീചേ യുടെ ത­ത്ത്വ­ചി­ന്ത തു­ള­ച്ചു­ക­യ­റു­ന്ന­താ­യി­രു­ന്നു; കാ­ല്പ­നി­ക­വി­ഷാ­ദ­ത്തി­ന്റെ നി­രാ­ക­ര­ണ­മാ­യി­രു­ന്നു. എ­ങ്കി­ലും അ­ദ്ദേ­ഹം ഭ്രാ­ന്ത­നാ­യി മ­രി­ച്ചു… പ്ര­സാ­ദാ­ത്മ­ക­ത്വ­ത്തിൽ­നി­ന്നു് വി­ഷാ­ദാ­ത്മ­ക­ത്വ­ത്തി­ലേ­ക്കും അ­തിൽ­നി­ന്നു് തി­രി­ച്ച­ങ്ങോ­ട്ടു­മു­ള്ള ഈ പാ­ച്ചിൽ­കൊ­ണ്ടാ­ണു് ഷെ­യ്ക്സ്പി­യ­റി ന്റെ മ­ക്ബ­ത്ത് ജീ­വി­തം വി­ഡ്ഢി പ­റ­യു­ന്ന ക­ഥ­യാ­ണെ­ന്നു പ­റ­ഞ്ഞ­തു്”. ചി­ന്തോ­ദ്ദീ­പ­ക­ങ്ങ­ളാ­യ ഇ­ത്ത­രം നി­രീ­ക്ഷ­ണ­ങ്ങൾ നി­റ­ച്ചു­വ­ച്ചു പു­സ്ത­ക­മാ­ണു് കോളിൻ വിൽ­സ­ന്റെ Beyond the Occult. അ­ദ്ദേ­ഹ­ത്തി­ന്റെ The Occult എന്ന വി­ഖ്യാ­ത­മാ­യ ഗ്ര­ന്ഥ­ത്തി­ന്റെ അ­നു­ബ­ന്ധ­മാ­ണി­തു്. ഭൗ­തി­ക­സ­ത്യ­ത്തി­നു് അ­പ്പു­റ­ത്തു­ള്ള സ­ത്യ­ത്തെ—അ­തി­ന്ദ്രി­യ­സ­ത്യ­ത്തെ­ക്കു­റി­ച്ചു് ഒരു നൂ­ത­ന­സി­ദ്ധാ­ന്തം സ്ഫു­ടീ­ക­രി­ക്കു­ന്ന ഈ പു­സ്ത­കം എ­ല്ലാ­വർ­ക്കും സ്വീ­ക­ര­ണീ­യ­മ­ല്ല. പക്ഷേ, അ­വർ­ക്കും ഇ­തി­ലുൾ­ക്കൊ­ള്ളി­ച്ച വി­ജ്ഞാ­ന­ശ­ക­ല­ങ്ങൾ പ്ര­യോ­ജ­ന­പ്പെ­ടും. കോളിൻ വിൽ­സ­ന്റെ ‘ഇൻ­സൈ­റ്റു’കൾ വി­സ്മ­യം ജ­നി­പ്പി­ക്കും.

റ്റൊ­മാ­സ് മന്നി ന്റെ Disillusionmentന്നൊരു ക­ഥ­യെ­ക്കു­റി­ച്ചു് ഗ്ര­ന്ഥ­കാ­രൻ പ­റ­യു­ന്നു­ണ്ടു്. ക­ഥ­പ­റ­യു­ന്ന ആൾ ഒ­ര­പ­രി­ചി­ത­നെ ഒ­രി­ട­ത്തു­വ­ച്ചു കണ്ടു. അയാൾ ചോ­ദി­ച്ചു: ‘എന്റെ പ്രി­യ­പ്പെ­ട്ട സർ അ­ങ്ങ­യ്ക്ക­റി­യാ­മോ മോ­ഹ­ഭം­ഗ­മെ­ന്നാൽ എ­ന്തെ­ന്നു് ? ചെറിയ, പ്ര­ധാ­ന­ങ്ങ­ളാ­യ കാ­ര്യ­ങ്ങ­ളിൽ പ­റ്റു­ന്ന പാ­ളി­ച്ച­ക­ള­ല്ല. എ­ല്ലാ­റ്റി­ലു­മു­ള്ള വലിയ, പൊ­തു­വാ­യ നി­രാ­ശ­ത­യാ­ണ്… ഞാൻ വെറും ശി­ശു­വാ­യി­രു­ന്ന കാ­ല­ത്തു് എന്റെ വീ­ട്ടിൽ തീ­പി­ടി­ത്ത­മു­ണ്ടാ­യി… വീ­ടു­മു­ഴു­വൻ ക­ത്തി­യെ­രി­ഞ്ഞു. പ്ര­യാ­സ­പ്പെ­ട്ടാ­ണു് എന്റെ കു­ടും­ബ­ത്തെ ര­ക്ഷി­ച്ച­തു്. എ­നി­ക്കു ചില പൊ­ള്ള­ലു­കൾ ഉ­ണ്ടാ­യി… അ­പ്പോൾ വീടു തീ­പി­ടി­ക്കു­ക­യെ­ന്നു പ­റ­ഞ്ഞാൽ ഇ­താ­ണു്. ഇ­ത്ര­യേ­യു­ള്ളു അല്ലേ? ഞാൻ ആ­ദ്യ­മാ­യി കടൽ കണ്ടു. സ­മു­ദ്രം വി­പു­ലം. വീ­തി­യു­ള്ള­തു്. എന്റെ ക­ണ്ണു­കൾ വി­ദൂ­ര­ത­യിൽ വി­സ്തൃ­തി­യിൽ അ­ല­ഞ്ഞു. പക്ഷേ, ച­ക്ര­വാ­ള­മു­ണ്ട­ല്ലോ. അ­ന­ന്ത­ത­യെ അ­ഭി­ല­ഷി­ക്കു­ന്ന എ­നി­ക്കെ­ന്തി­നു ച­ക്ര­വാ­ളം?… ഞാൻ മ­ര­ണ­ത്തെ സ്വ­പ്നം കാ­ണു­ക­യും അ­തി­നു­വേ­ണ്ടി കാ­ത്തി­രി­ക്കു­ക­യും ചെ­യ്യു­ന്നു… അ­വ­സാ­ന­ത്തെ നി­മി­ഷ­ത്തിൽ ഞാൻ എ­ന്നോ­ടു­ത­ന്നെ പറയും. “അ­പ്പോൾ ഇ­താ­ണു് വലിയ അ­നു­ഭ­വം? ശരി അ­തു­കൊ­ണ്ടെ­ന്തു? അ­ല്ലെ­ങ്കിൽ ഇ­തെ­ന്താ­ണു്?”

images/Baudelaire1862.jpg
ബോ­ദ­ലേർ

ഇതു ജീ­വി­ത­ത്തോ­ടു­ള്ള നി­ഷേ­ധാ­ത്മ­ക­മാ­യ നി­ല­പാ­ടാ­യ­തു­കൊ­ണ്ടു് കോളിൻ വിൽ­സ­നു് ഇ­തം­ഗീ­ക­രി­ക്കാൻ വയ്യ. ബോ­ദ­ലേ­റി ന്റെ Carcass എന്ന കാ­വ്യം റിൽ­ക്കെ ക്കു് ഇ­ഷ്ട­പ്പെ­ട്ടു. അ­ഴു­കു­ന്ന ശ­വ­ത്തി­ന്റെ വർ­ണ്ണ­നം­പോ­ലും വാ­യ­ന­ക്കാ­ര­ന്റെ മാ­ന­സി­ക­തീ­ക്ഷ്ണ­ത വർ­ദ്ധി­പ്പി­ച്ചു് ആ­കർ­ഷ­ക­മാ­യി­ത്തീ­ര­ണം എ­ന്നാ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ മതം. പാ­രാ­യ­ണ­യോ­ഗ്യ­മാ­യ പു­സ്ത­ക­മാ­ണി­തു്. (Corgi Edition, 1989, Rs.90/-)

ദി­ന­ക്കു­റി­പ്പു­കൾ
  1. കൽ­ക്ക­ട്ട­യി­ലെ ‘ആനന്ദ ബസാർ പ­ത്രി­ക’യുടെ ചീഫ് സബ് എ­ഡി­റ്റർ ദ­യാ­പൂർ­വം എ­ന്നെ­ക്കാ­ണാൻ വന്നു. ബി. ഡി. ഗോ­യ­ങ്ക അ­വാർ­ഡി­നോ­ടു ചേർ­ത്തു തന്ന സൂ­ര്യ­ഭ­ഗ­വാ­ന്റെ റെ­പ്ലി­ക്ക­യു­ടെ അ­ടു­ത്തു് എന്നെ നി­റു­ത്തി അ­ദ്ദേ­ഹം ഫോ­ട്ടോ­യെ­ടു­ത്തു. പി­ന്നീ­ടു് പാ­ശ്ചാ­ത്യ­സാ­ഹി­ത്യ­ത്തെ­ക്കു­റി­ച്ചു പലതും ചോ­ദി­ച്ചു. ഫ്വേ­ന്റ­സ് എന്ന ലാ­റ്റി­ന­മേ­രി­ക്കൻ സാ­ഹി­ത്യ­കാ­ര­ന്റെ സർ­ഗ്ഗ­ശ­ക്തി­യെ­ക്കു­റി­ച്ചു് അ­ദ്ദേ­ഹം വാ­ഗ്മി­ത­യോ­ടെ, അ­വ­ഗാ­ഹ­ത്തോ­ടെ സം­സാ­രി­ച്ചു. എ­ന്തൊ­രു അ­റി­വു്. ഈ രീ­തി­യിൽ നി­ശ്ശ­ബ്ദ­രാ­യി വാ­യി­ക്കു­ന്ന അ­നേ­ക­മാ­ളു­കൾ എ­ങ്ങു­മു­ണ്ടു്. അതു മ­ന­സ്സി­ലാ­ക്കാ­തെ ‘ഞാൻ വാ­യി­ച്ചു. ഇതു വാ­യി­ച്ചു’ എന്നു പ­റ­യു­ന്ന­തു് മൗ­ഢ്യം.
  2. കാ­ളി­ദാ­സ­ന്റെര­ഘു­വം­ശം’ വാ­യി­ക്കാ­നെ­ടു­ത്തു. എ­ത്രാ­മ­ത്തെ ത­വ­ണ­യാ­ണു് അതു വാ­യി­ക്കു­ന്ന­തെ­ന്നു് അ­റി­ഞ്ഞു­കൂ­ടാ. തേൻ കു­ടി­ക്കു­ന്ന­തു­പോ­ലെ­യാ­ണു് ര­ഘു­വം­ശ­പാ­രാ­യ­ണം. ഇത്ര മ­നോ­ഹ­ര­മാ­യ കാ­വ്യ­ത്തി­ന്റെ കർ­ത്താ­വു് സു­ന്ദ­ര­നാ­യി­രി­ക്കു­മോ? പ­ണ്ടു് ഞാ­നി­ക്കാ­ര്യം കെ. സു­രേ­ന്ദ്ര­നോ­ടു സം­സാ­രി­ച്ചു. അ­ദ്ദേ­ഹം പ­റ­ഞ്ഞ­തി­ങ്ങ­നെ: ‘കാ­ളി­ദാ­സൻ വി­രൂ­പ­നാ­യി­രു­ന്നി­രി­ക്കും. ആ വൈ­രൂ­പ്യ­മാ­ണു് സൗ­ന്ദ­ര്യ ചി­ത്രീ­ക­ര­ണ­ത്തി­നു് അ­ദ്ദേ­ഹ­ത്തെ പ്രേ­രി­പ്പി­ച്ച­തു്’. അ­തു­കേ­ട്ട ചെ­റു­തി­ട്ട നാ­രാ­യ­ണ­ക്കു­റു­പ്പു് അ­ഭി­പ്രാ­യ­പ്പെ­ട്ടു. ‘കാ­ളി­ദാ­സൻ അ­തി­സു­ന്ദ­ര­നാ­യി­രു­ന്നി­രി­ക്കും. നല്ല പൊ­ക്കം, വെ­ളു­പ്പു­നി­റം. ബംഗാൾ ചി­ത്ര­ക­ല­യി­ലെ നീണ്ട ക­ണ്ണു­കൾ­പോ­ലു­ള്ള ക­ണ്ണു­കൾ. പാ­ള­ത്താ­റു്’. ഇതിൽ ഏതു സത്യം? എ­നി­ക്കി­പ്പോൾ കാ­ളി­ദാ­സ­നെ കാ­ണ­ണ­മെ­ന്നു തോ­ന്നു­ന്നു.
  3. ഒരു സ­ന്യാ­സി എന്നെ കാണാൻ വന്നു. അ­ദ്ദേ­ഹ­ത്തെ ക­ണ്ട­പ്പോൾ 1955-​ലുണ്ടായ ഒരു സംഭവം ഓർ­മ്മ­യി­ലെ­ത്തി. അ­ന്നു് ഞാൻ തി­രു­വ­ന­ന്ത­പു­രം സം­സ്കൃ­ത­കോ­ളേ­ജി­ലെ അ­ദ്ധ്യാ­പ­ക­നാ­യി­രു­ന്നു. ഓഫീസ് റൂമിൽ അ­വി­ടു­ത്തെ ക്ലാർ­ക്കി­നോ­ടു സം­സാ­രി­ച്ചി­രി­ക്കു­ക­യാ­യി­രു­ന്നു ഞാൻ. എ­വി­ടെ­നി­ന്നോ എ­ത്തി­യ ഒ­രു­സ­ന്ന്യാ­സി ഗോ­പാ­ല­പി­ള്ള­സ്സാ­റി­നെ കാ­ണ­ണ­മെ­ന്നു് ആ­വ­ശ്യ­പ്പെ­ട്ടു. ‘സാറ് ഇ­പ്പോൾ വരും, ഇ­രു­ന്നാ­ട്ടെ’ എന്നു ക്ലാർ­ക്ക് അ­റി­യി­ച്ചു. ഇ­രി­ക്കാൻ ഭാ­വി­ച്ച സ­ന്ന്യാ­സി­യു­ടെ തോ­ളിൽ­നി­ന്നു് കാ­ഷാ­യ­നി­റ­മാർ­ന്ന ര­ണ്ടാ­മു­ണ്ടു് താഴെ വീണു. സ­ന്ന്യാ­സി­മാ­രോ­ടു് പൊ­തു­വേ ബ­ഹു­മാ­ന­മു­ള്ള ശു­ദ്ധാ­ത്മാ­വാ­യ ക്ലാർ­ക്ക് ചാ­ടി­യെ­ഴു­ന്നേ­റ്റു് അ­ദ്ദേ­ഹ­ത്തോ­ടു പ­റ­ഞ്ഞു: ‘അ­ങ്ങ­യു­ടെ കൗ­പീ­നം താഴെ വീണു’. സ­ന്ന്യാ­സി ചി­രി­ച്ചി­ല്ല. ഞാൻ ചി­രി­ക്കാ­തി­രി­ക്കാൻ­വേ­ണ്ടി ഓ­ടി­ക്ക­ള­ഞ്ഞു.
പ്ര­തി­ലോ­മ­ഗ­തി

മ­നു­ഷ്യൻ അ­നു­നി­മി­ഷം വ­ള­രു­ന്നു­ണ്ടെ­ങ്കി­ലും അ­വ­ന്റെ മ­ന­സ്സു് വ­ള­രു­ന്നി­ല്ല. ശ­രീ­ര­ത്തി­ന്റെ വ­യ­സ്സു് എ­ഴു­പ­താ­യി­രി­ക്കും. ആ എ­ഴു­പ­തു­കാ­ര­ന്റെ മാ­ന­സി­ക വ­യ­സ്സു് പ­ത്താ­യി­രി­ക്കും. മെ­ന്റൽ എയ്ജ് പ­ത്താ­യ­വർ­ക്കാ­ണു് പൈ­ങ്കി­ളി നോ­വ­ലു­കൾ എ­ഴു­താൻ കൗ­തു­കം. അവ വാ­യി­ച്ചു ര­സി­ക്കു­ന്ന­വർ­ക്കും മ­ന­സ്സി­ന്റെ വ­യ­സ്സു് പത്തു തന്നെ.

മ­നു­ഷ്യൻ അ­നു­നി­മി­ഷം വ­ള­രു­ന്നു­ണ്ടെ­ങ്കി­ലും അ­വ­ന്റെ മ­ന­സ്സു് വ­ള­രു­ന്നി­ല്ല. ശ­രീ­ര­ത്തി­ന്റെ വ­യ­സ്സു് എ­ഴു­പ­താ­യി­രി­ക്കും. ആ എ­ഴു­പ­തു­കാ­ര­ന്റെ മാ­ന­സി­ക­വ­യ­സ്സു് പ­ത്താ­യി­രി­ക്കും. മെ­ന്റൽ എയ്ജ് പ­ത്താ­യ­വർ­ക്കാ­ണു് പൈ­ങ്കി­ളി­നോ­വ­ലു­കൾ എ­ഴു­താൻ കൗ­തു­കം. അവ വാ­യി­ച്ചു ര­സി­ക്കു­ന്ന­വർ­ക്കും മ­ന­സ്സി­ന്റെ വ­യ­സ്സു് പത്തു തന്നെ. മ­ണി­യൂർ ഇ. ബാലൻ വ­ള­രെ­ക്കാ­ല­മാ­യി ക­ഥ­യെ­ഴു­തു­ന്നു. അ­തു­കൊ­ണ്ടു് അ­ദ്ദേ­ഹം യു­വാ­വാ­യി­രി­ക്കാൻ ഇ­ട­യി­ല്ല. അ­ദ്ദേ­ഹ­ത്തി­ന്റെ മെ­ന്റൽ എയ്ജ്—മാ­ന­സി­ക­വ­യ­സ്സു്—ഫി­സി­ക്കൽ എ­യ്ജി­നു്—ശാ­രീ­രി­ക­വ­യ­സ്സി­നു്—അ­നു­രൂ­പ­മാ­ണോ? ആ­ണെ­ങ്കിൽ ച­തി­ക്കു­ഴി­കൾ എന്ന ചെ­റു­ക­ഥ അ­ദ്ദേ­ഹം എ­ഴു­തു­മാ­യി­രു­ന്നി­ല്ല. ആ­രെ­യും സ­ഹാ­യി­ക്കു­ന്ന ഒ­രു­ത്ത­നെ സ്വ­ന്തം കു­ഞ്ഞി­നെ ഏ­ല്പി­ച്ചി­ട്ടു് ഒരു സ്ത്രീ ആ­ത്മ­ഹ­ത്യ ചെ­യ്യു­ന്നു. ക­ഥ­യു­ടെ പൂർ­വ­ഭാ­ഗം മലബാർ കെ. സു­കു­മാ­ര­ന്റെ “ആ­രാ­ന്റെ കു­ട്ടി” എന്ന ചെ­റു­ക­ഥ­യെ­യാ­ണു് എന്റെ ഓർ­മ്മ­യിൽ കൊ­ണ്ടു­വ­ന്ന­തു്. അതു പോ­ക­ട്ടെ. ക­ഥാ­സാ­ഹി­ത്യം വ­ളർ­ന്ന ഇ­ക്കാ­ല­ത്തു് ഇ­ങ്ങ­നെ­യു­മു­ണ്ടോ ഒരു കഥ? സം­സ്കാ­ര­ത്തെ മു­ന്നോ­ട്ടു കൊ­ണ്ടു­പോ­കു­ന്ന­വ­രും അതിനെ പി­ടി­ച്ചു പി­റ­കോ­ട്ടു വ­ലി­ക്കു­ന്ന­വ­രു­മു­ണ്ടു്. ടാഗോർ പാടിയ കാ­ല­ത്തു് ഒരു സാ­യ്പ് ജാ­ലി­യൻ­വാ­ല ബാഗിൽ അനേകം ഭാ­ര­തീ­യ­രെ വെ­ടി­വ­ച്ചു­കൊ­ന്നു. മ­ണി­യൂർ ഇ. ബാലൻ ഈ ക­ഥ­യി­ലൂ­ടെ ‘റി­ട്രോ­ഗ്ര­ഷൻ’—retrogression = പി­ന്നോ­ക്കം പോ­ക്കു്—ന­ട­ത്തു­ക­യാ­ണു്.

ഞാൻ എന്റെ കൂ­ട്ടു­കാ­ര­നാ­യ ഒരു ഫ്ര­ഞ്ചു­കാ­ര­നോ­ടു പ­റ­ഞ്ഞു: ജീ­വി­തം സ­ങ്കീർ­ണ്ണ­വും ഉ­ദാ­ത്ത­വും മ­നോ­ഹ­ര­വു­മാ­ണു്. ഞ­ങ്ങ­ളു­ടെ ക­ഥാ­കാ­ര­ന്മാർ അതിനെ വി­രൂ­പ­മാ­ക്കു­ന്നു.

മ­സ്തി­ഷ്ക­പ്ര­ധാ­നം

ഓരോ ക­വി­ക്കും സ്വ­ന്ത­മാ­യ കാ­വ്യ­സ­ങ്ക­ല്പ­മു­ണ്ടു്. അതിനു വി­പ­രീ­ത­മാ­യ കാ­വ്യ­സ­ങ്ക­ല്പ­മു­ള്ള ക­വി­യു­ടെ കാ­വ്യം ആ ക­വി­ക്കു് ഇ­ഷ്ട­പ്പെ­ടു­ക­യി­ല്ല.

A. Alwarez അ­വ­താ­രി­ക എ­ഴു­തി­യ Miroslav Holub-ന്റെ ഒരു കാ­വ്യ­സ­മാ­ഹാ­ര­ഗ്ര­ന്ഥം എന്റെ കൈ­യി­ലു­ണ്ടു്. ആളുകൾ വർ­ത്ത­മാ­ന­പ്പ­ത്രം വാ­യി­ക്കു­ന്ന­തു­പോ­ലെ­യോ ഫു­ട്ബോൾ കളി കാണാൻ പോ­കു­ന്ന­തു­പോ­ലെ­യോ കവിത വാ­യി­ക്ക­ണ­മെ­ന്നു് അ­ഭി­പ്രാ­യ­പ്പെ­ട്ട ക­വി­യാ­ണു് അ­ദ്ദേ­ഹം. (Martin Seymour Smith) പക്ഷേ, താൻ ഉ­ദ്ഘോ­ഷി­ച്ച ഈ ക­ലാ­ത­ത്ത്വം അ­ദ്ദേ­ഹ­ത്തി­ന്റെ ക­വി­ത­യ്ക്കു ചേ­രു­ന്ന­ത­ല്ല. വർ­ത്ത­മാ­ന­പ്പ­ത്രം വാ­യി­ച്ചാൽ കാ­ര്യ­ങ്ങൾ മ­ന­സ്സി­ലാ­കും; സിനിമ ക­ണ്ടാൽ ര­സ­മു­ണ്ടാ­കും. ഹോ­ലൂ­ബി­ന്റെ കവിത ദുർ­ഗ്ര­ഹ­വും വി­ര­സ­വു­മാ­ണു്. പ­രീ­ക്ഷ­ണ­പ­ര­മാ­യ­തി­നാൽ ദുർ­ഗ്ര­ഹം. ഭാ­വാ­ത്മ­ക­ത­യി­ല്ലാ അ­തി­നാൽ വിരസം.

Prince Hamlet’s Milk Tooth എന്ന കാ­വ്യ­ത്തിൽ നി­ന്നു് ഒ­രു­ഭാ­ഗം എ­ടു­ത്തെ­ഴു­താം.

At dusk you hear the drunken

revels of the Danes

and the trampling of the pollinated flowers

at dawn the typewriters tap out

piles of loyalty checks,

with skelton fingers,

at noon the paper tigers roar

… …

Hamlet, we’re on our way

ഇവിടെ ചൂ­ണ്ടി­ക്കാ­ണി­ച്ച രണ്ടു ദോ­ഷ­ങ്ങ­ളും ഈ കാ­വ്യ­ഭാ­ഗ­ത്തി­നു­ണ്ടു്. ഹോ­ലൂ­ബ് മ­സ്തി­ഷ്ക­പ­ര­ങ്ങ­ളാ­യ വ­രി­ക­ളെ­ഴു­തു­ന്ന കവി മാ­ത്ര­മാ­ണു്.

ഒരു കാ­ല­ത്തു് മാർ­ക്സി­സ്റ്റാ­യി­രു­ന്നെ­ങ്കി­ലും ഇ­ന്നു് അ­ദ്ദേ­ഹം അ­ങ്ങ­നെ­യ­ല്ല. I was never in the Communist Party… Before the Communist Coup of 1948 I was in the Czech Socialist party എ­ന്നു് The Economist വാ­രി­ക­യു­ടെ ലേ­ഖ­ക­നോ­ടു പ­റ­ഞ്ഞു് അ­ദ്ദേ­ഹം ഭൂ­ത­കാ­ല­ത്തെ നി­രാ­ക­രി­ക്കു­ന്നു. വർ­ത്ത­മാ­ന­കാ­ല­ത്തി­നു യോ­ജി­ച്ച­വി­ധ­ത്തിൽ സം­സാ­രി­ക്കു­ന്നു. അ­ക്കാ­ല­ത്തെ സർ­ക്കാ­രി­ന്റെ ക്രൂ­ര­ത­യാ­ലാ­ണു് ഭാ­വാ­ത്മ­ക­ത്വം ഉ­പേ­ക്ഷി­ക്കേ­ണ്ടി­വ­ന്ന­തെ­ന്നും അ­ദ്ദേ­ഹം അ­ഭി­പ്രാ­യ­പ്പെ­ടു­ന്നു. It is better not to express inner feelings because, frankly, you cannot flow about your feelings. The conditions are so terrible that the only thing is plain statement. (The Economist 2–9 June)

images/AnnaAkhmatova1922.jpg
ആന്ന ആ­ഹ­മാ­ത­വ

അ­വ­സ്ഥാ­വി­ശേ­ഷ­ങ്ങൾ ഭ­യ­ജ­ന­ക­ങ്ങ­ളാ­യാൽ തു­റ­ന്ന പ്ര­സ്താ­വം സാ­ദ്ധ്യ­മാ­കു­മോ? ഈ കവി സൂ­ചി­പ്പി­ക്കു­ന്ന ഭ­യ­ജ­ന­ക­ങ്ങ­ളാ­യ അ­വ­സ്ഥ­കൾ ഉ­ള്ള­പ്പോ­ഴ­ല്ല ആന്ന ആ­ഹ­മാ­ത­വ യും മ­റ്റ­നേ­കം ക­വി­ക­ളും ഭാ­വാ­ത്മ­ക­ങ്ങ­ളാ­യ കാ­വ്യ­ങ്ങൾ എ­ഴു­തി­യ­തു്. ന­മ്മു­ടെ ചില നവീന ക­വി­ക­ളു­ണ്ട­ല്ലോ. അ­വ­രു­ടെ­കൂ­ടെ നിൽ­ക്കാൻ മാ­ത്രം യോ­ഗ്യ­നാ­ണു് ഹോ­ലൂ­ബ്.

ല­ജ്ജാ­വ­ഹം

പ­ണ്ട­ത്തെ­ക്കാ­ര്യ­മാ­ണു പ­റ­യു­ന്ന­തു്; ആരും അ­തു­കൊ­ണ്ടു വ­ഴ­ക്കി­നു വ­ര­രു­തു്. അ­ക്കാ­ല­ത്തു് ഒരു സ്ത്രീ എ­ന്നോ­ടു് ആ­റു­ചോ­ദ്യ­ക്ക­ട­ലാ­സ്സു­കൾ ഉ­ണ്ടാ­ക്കി­ക്കൊ­ടു­ക്ക­ണ­മെ­ന്നു് ആ­വ­ശ്യ­പ്പെ­ട്ടു. പു­സ്ത­ക­ങ്ങ­ളൊ­ക്കെ വാ­യി­ക്ക­ണം. മുൻ­പു് ചോ­ദി­ച്ചി­ട്ടി­ല്ലാ­ത്ത ചോ­ദ്യ­ങ്ങൾ ഉ­ണ്ടാ­ക്ക­ണം. അ­തി­നും പുറമെ ദൗർ­ഭാ­ഗ്യം­കൊ­ണ്ടു് പ­രീ­ക്ഷ­യ്ക്കു­മുൻ­പു് ചോ­ദ്യ­ക്ക­ട­ലാ­സ്സു് ചോർ­ന്നാൽ ആ സ്ത്രീ ചെ­ന്നു് അ­ധി­കാ­രി­ക­ളോ­ടു പറയും ‘ആ കൃ­ഷ്ണൻ­നാ­യ­രെ വി­ശ്വ­സി­ച്ചു ഞാൻ. അ­തു­കൊ­ണ്ടു പ­റ്റി­യ പ­റ്റാ­ണു്’ എ­ന്നു്. അ­തി­ന്റെ പേരിൽ എന്നെ ഒ­ന്നും ഒ­ന്നും ചെ­യ്യാൻ ഒ­ക്കു­കി­ല്ലെ­ങ്കി­ലും അ­ധി­കാ­രി­കൾ­ക്കു് എന്നെ, ഇ­ല്ലാ­ത്ത കെ­യ്സു­ണ്ടാ­ക്കി കു­ടു­ക്കാം. അ­ക്കാ­ര­ണ­ങ്ങ­ളാൽ ഞാൻ അ­വ­രോ­ടു ‘വയ്യ’ എ­ന്ന­ങ്ങു പ­റ­ഞ്ഞു. അ­വ­രു­ണ്ടോ വി­ട്ടു­പോ­കു­ന്നു. നിർ­ബ്ബ­ന്ധ­ത്തി­നു വ­ഴ­ങ്ങി ഞാൻ ആറു ചോ­ദ്യ­ക്ക­ട­ലാ­സ്സു­കൾ ഉ­ണ്ടാ­ക്കി. സ­ന്തോ­ഷ­ത്തോ­ടെ അവ വാ­ങ്ങി നോ­ക്കി­യി­ട്ടു് അവർ പ­റ­ഞ്ഞു: ‘കൃ­ഷ്ണൻ­നാ­യർ വൈ­കു­ന്നേ­രം വരണം. ഞാ­നി­തു വ­ര­യി­ട്ട ക­ട­ലാ­സ്സിൽ പ­കർ­ത്തി­വ­യി­ക്കും. അ­തു­കൂ­ടി നി­ങ്ങ­ളൊ­ന്നു നോ­ക്ക­ണം’ ഞാൻ അ­ത­നു­സ­രി­ച്ചു് അ­വ­രു­ടെ വീ­ട്ടിൽ­ച്ചെ­ന്ന­പ്പോൾ പ­കർ­ത്തി­വ­ച്ച ചോ­ദ്യ­ക്ക­ട­ലാ­സ്സു­കൾ അ­വ­രെ­ടു­ത്തു തന്നു. നോ­ക്കി­യ­പ്പോൾ ഘ­ടോൽ­ഘ­ചൻ എന്നു ശ്രീ­മ­തി­യു­ടെ കൈ­യെ­ഴു­ത്തു­പ്ര­തി­യിൽ കണ്ടു. ഘ­ടോ­ത്ക­ചൻ എന്നു ഞാ­നെ­ഴു­തി­യ­തു് പ­കർ­ത്തി­യ­പ്പോൾ ഘ­ടോൽ­ഘ­ച­നാ­യി. ഞാൻ ആ പേരു വി­രൽ­കൊ­ണ്ടു തോ­ട്ടി­ട്ടു് ‘ഈ പേരു്, ഈ പേരു് ’ എന്നു പ­റ­ഞ്ഞു. ഘ­ടോ­ത്ക­ച­ന­ല്ല ഘ­ടോൽ­ഘ­ചൻ­ത­ന്നെ­ന്നു് അവർ വാ­ദി­ച്ചു. ത­ല­മു­ടി­യി­ല്ലാ­തെ­യാ­ണു് മകൻ ജ­നി­ച്ച­തെ­ന്നും അ­തി­നാൽ ഘ­ടം­പോ­ലെ—കു­ടം­പോ­ലെ—ത­ല­യു­ള­ള അവനു ഘ­ടോ­ത്ക­ചൻ എ­ന്നു് അ­ച്ഛ­ന­മ്മ­മാർ പേ­രി­ട്ടെ­ന്നും ഞാൻ അ­റി­യി­ച്ചു. മറ്റു മാർ­ഗ്ഗ­മി­ല്ലാ­തെ അവർ ശ­ബ്ദ­മു­യർ­ത്തി­പ്പ­റ­ഞ്ഞു: ‘എന്റെ കൈ­യി­ലു­ള്ള മ­ഹാ­ഭാ­ര­ത­ത്തിൽ ഘ­ടോൽ­ഘ­ചൻ’ എ­ന്നാ­ണു്. പി­ന്നെ ഞാ­നൊ­ന്നും മി­ണ്ടി­യി­ല്ല.

‘സം­സ്കാ­ര കേരളം’ ത്രൈ­മാ­സി­ക­ത്തിൽ പി. വി. തമ്പി യുടെ കർ­മ്മ­യോ­ഗി­യാ­യ കു­മ്മ­മ്പ­ള­ളിൽ രാ­മൻ­പി­ള്ള ആശാൻ എന്ന ലേഖനം വാ­യി­ച്ച­പ്പോൾ ഈ പഴയ സംഭവം ഞാൻ ഓർ­മ്മി­ച്ചു­പോ­യി. “മ­ഹാ­ക­വി ഉ­ള്ളൂർ തന്റെ കേരള സാ­ഹി­ത്യ­ച­രി­ത്ര ത്തിൽ (വാ­ല്യം 4, പേജ് 243–247) രാ­മൻ­പി­ള്ള ആ­ശാ­ന്റെ ഒരു ല­ഘു­ജീ­വ­ച­രി­ത്രം പ്ര­സി­ദ്ധം ചെ­യ്തി­ട്ടു­ള്ള­തും… ” എന്നു ക­ണ്ട­പ്പോൾ ഞാൻ ആ ഗ്ര­ന്ഥ­മെ­ടു­ത്തു് 243-ആം പെ­യ്ജ് തൊ­ട്ടു് 247-ആം പെ­യ്ജ് വരെ നോ­ക്കി­ക­യു­ണ്ടാ­യി. അ­വി­ടെ­യെ­ങ്ങും കു­മ്മ­മ്പ­ള­ളിൽ രാ­മൻ­പി­ള്ള ആ­ശാ­നെ­ക്കു­റി­ച്ചു് ഒ­ന്നും ക­ണ്ടി­ല്ല. പി. വി. ത­മ്പി­യു­ടെ കൈ­യി­ലു­ള്ള പു­സ്ത­ക­ത്തിൽ ആ പെ­യ്ജു­ക­ളി­ലാ­യി­രി­ക്കും ആശാൻ വീ­ണു­കി­ട­ക്കു­ന്ന­തെ­ന്നു വി­ചാ­രി­ച്ചു് എന്റെ കൈ­യി­ലു­ള­ള പു­സ്ത­ക­ത്തി­ലെ 225-ആം പുറം തൊ­ട്ടു് 230-ആം പു­റം­വ­രെ­യു­ള്ള ഭാഗം വാ­യി­ച്ചു. പി­ന്നീ­ടു് പി. വി. ത­മ്പി­യു­ടെ പ്ര­ബ­ന്ധ­വും. “കേരള സാ­ഹി­ത്യ­ച­രി­ത്ര­ത്തി­ലെ വി­വ­ര­ങ്ങ­ളും അ­ദ്ദേ­ഹ­ത്തി­ന്റെ അ­ന­ന്ത­രാ­വ­കാ­ശി­കൾ സൂ­ക്ഷി­ച്ചി­ട്ടു­ള്ള ആ­ധി­കാ­രി­ക­പ്ര­മാ­ണ­ങ്ങ­ളും ആ­ധാ­ര­മാ­ക്കി­യാ­ണു് ഞാൻ ഈ പഠനം ത­യ്യാ­റാ­ക്കി­യ­തു് ”. എന്നു ലേഖകൻ എ­ഴു­തി­യ­തു ക­ണ്ടു് വി­ജ്ഞാ­ന­ദാ­ഹ­മു­ള്ള ഞാൻ ആ ലേഖനം “ആർ­ത്തി”യോ­ടെ­യാ­ണു് വാ­യി­ച്ച­തു്. പക്ഷേ, ദൗർ­ഭാ­ഗ്യ­ത്താ­ലാ­വ­ണം ഉ­ള്ളൂർ പ­റ­ഞ്ഞ­തിൽ­ക്ക­വി­ഞ്ഞു് തമ്പി അവർകൾ വ­ള­രെ­യൊ­ന്നും പ­റ­ഞ്ഞി­ട്ടി­ല്ല എന്നേ ആ­ഗ്ര­ഹി­ക്കാൻ ക­ഴി­ഞ്ഞു­ള്ളു. പ­ദ്യ­ഭാ­ഗ­ങ്ങൾ ഉ­ദ്ധ­രി­ച്ച­തും ഭാ­ഷാ­ച­രി­ത്ര­ത്തിൽ ഉ­ള്ള­വ­ത­ന്നെ. ‘യ­സ്യാം­ബ…’ എ­ന്നു് ഉ­ള്ളൂർ. ‘യ­സ്യാം­ബ…’ എന്നു തമ്പി. “വീ­ര­ശി­ഖാ­മ­ണി­ഗ്രാ­മ­വാ­സി… ” എ­ന്നു് ഉളളൂർ. “വീ­ര­ശി­ഖാ­മ­ണി­ഗ്രാ­മ­വാ­സി… ” എന്നു തമ്പി. “ഖ­ല­ന­ധി­ക­നി­കൃ­തി­പ­ര­നാ­യ ധർ­മ്മി­ഷ്ഠ­നാ­യ” എന്നു തമ്പി. “അ­ങ്ഗ­മ­ശേ­ഷം… ” എ­ന്നു് ഉ­ള്ളൂർ. “അ­ങ്ഗ­മ­ശേ­ഷം… ” എന്നു തമ്പി. ഉ­ള്ളൂർ പു­സ്ത­ക­ങ്ങൾ കണ്ടു. പി. വി. തമ്പി ഉ­ള്ളൂർ എ­ടു­ത്തെ­ഴു­തി­യ­വ കണ്ടു. ഉ­ദ്ധ­രി­ച്ച ഭാ­ഗ­ത്തി­ന്റെ പ­ര്യ­വ­സാ­ന­വും ഒ­രു­പോ­ലെ. ഒ­രു­വ­രി­പോ­ലും കൂ­ടു­ത­ലി­ല്ല. ത­മ്പി­യു­ടെ ലേ­ഖ­ന­ത്തിൽ “ഗു­രു­മ­തി­യാം കൈ­ലാ­സ­ക്ഷി­തി­സു­ര­ശി­ഷ്യ­നാ­കും… ” എ­ന്നൊ­രു കാ­വ്യ­ഭാ­ഗം വെ­ളു­ത്തേ­രി­യു­ടേ­താ­യി ഉ­ദ്ധ­രി­ച്ചി­ട്ടു­ണ്ടു്. അ­തെ­ങ്കി­ലും തനിയെ ക­ണ്ട­ല്ലോ എ­ന്നു് ആ­ഹ്ലാ­ദി­ച്ചു ഞാ­നി­രു­ന്നു. അ­പ്പോ­ഴാ­ണു് സാ­ഹി­ത്യ­ച­രി­ത്ര­ത്തി­ന്റെ 231-ആം പെ­യ്ജിൽ എന്റെ കണ്ണു ചെ­ന്നു­വീ­ണ­തു്. അ­വി­ടെ­യു­ണ്ടു് ആ ഭാഗം. പി. വി. തമ്പി “ആ­ധാ­ര­മാ­ക്കി­യ ആ­ധി­കാ­രി­ക­പ്ര­മാ­ണ­ങ്ങ”ളുടെ സ്വ­ഭാ­വം ക­ണ്ടി­ല്ലേ? തെ­റ്റി­ല്ല. ഉ­ള്ളൂ­രി­ന്റെ രചനകൾ ആ­ധി­കാ­രി­ക­പ്ര­മാ­ണ­ങ്ങൾ­ത­ന്നെ. കു­ട്ടി­കൾ­ക്കു­ള്ള ചോ­ദ്യ­ക്ക­ട­ലാ­സ്സിൽ വ­ള്ള­ത്തോ­ളി ന്റെ ഒരു ശ്ലോ­കം കൊ­ടു­ത്തി­ട്ടു് വ്യാ­ഖ്യാ­ന­മെ­ഴു­തു­ക എന്നു നിർ­ദ്ദേ­ശി­ച്ചി­രി­ക്കും. അ­ഞ്ചാ­മ­ത്തെ­ച്ചോ­ദ്യം ‘വ­ള്ള­ത്തോ­ളി­ന്റെ ദേ­ശ­ഭ­ക്തി­യെ­ക്കു­റി­ച്ചു് ഉ­പ­ന്യ­സി­ക്കു­ക’ എ­ന്നു­മാ­യി­രി­ക്കും. വി­ദ്യാർ­ത്ഥി അ­ഞ്ചാം­ചോ­ദ്യ­ത്തി­നു ഉ­ത്ത­ര­മെ­ഴു­തു­മ്പോൾ ഒ­ന്നാം­ചോ­ദ്യ­ത്തി­ലെ ദേ­ശ­ഭ­ക്തി വി­കാ­ര­ര­ഹി­ത­മാ­യ ശ്ലോ­ക­മെ­ടു­ത്തെ­ഴു­തി­യി­ട്ടു് ‘ഇ­തു­പോ­ലെ എ­ത്ര­യെ­ത്ര ശ്ലോ­ക­ങ്ങൾ വേ­ണ­മെ­ങ്കി­ലും ഉ­ദ്ധ­രി­ക്കാ­വു­ന്ന­താ­ണു്’ എ­ന്നു് എ­ഴു­തി­വ­യ്ക്കും. ത­മ്പി­യും ആ വി­ദ്യാർ­ത്ഥി­യും ത­മ്മിൽ എന്തേ വ്യ­ത്യാ­സം? മ­ഹാ­ക­വി ഉ­ള്ളൂർ എ­ഴു­തി­യ­തിൽ­ക്ക­വി­ഞ്ഞു് പി. വി. ത­മ്പി­യു­ടെ പ്ര­ബ­ന്ധ­ത്തിൽ വ­ള­രെ­യോ­ന്നു­മി­ല്ല എ­ന്ന­തു് ഒ­ന്നു­കൂ­ടെ പ­റ­യ­ട്ടെ. ഒരു വ്യ­ത്യാ­സ­മു­ണ്ടു്. ഉ­ള്ളൂർ സാ­ക്ഷേ­പ­ണ­വൈ­ദ­ഗ്ദ്യ­ത്തോ­ടെ ആ­വി­ഷ്ക­രി­ച്ച­തു് തമ്പി അവർകൾ അ­ടി­ച്ചു­ട­ച്ചു പ­ര­ത്തി­യി­ട്ടി­രി­ക്കു­ന്നു. അ­ത്യു­ക്തി­ക­ളും വാ­ക്യ­വൈ­ക­ല്യ­ങ്ങ­ളും ധാ­രാ­ള­മു­ണ്ടു് ഈ പ്ര­ബ­ന്ധ­ത്തിൽ. സം­സ്കാ­ര കേരളം ത്രൈ­മാ­സി­ക­ത്തി­നു് ഈ ലേഖനം ഭൂ­ഷ­ണ­മ­ല്ല.

ഓരോ ക­വി­ക്കും സ്വ­ന്ത­മാ­യ കാ­വ്യ­സ­ങ്ക­ല്പ­മു­ണ്ടു്. അതിനു വി­പ­രീ­ത­മാ­യ കാ­വ്യ­സ­ങ്ക­ല്പ­മു­ള്ള ക­വി­യു­ടെ കാ­വ്യം ആ ക­വി­ക്കു് ഇ­ഷ്ട­പ്പെ­ടു­ക­യി­ല്ല. അ­ര­വി­ന്ദ്ഘോ­ഷി ന്റെ കാ­വ്യ­സി­ദ്ധാ­ന്ത­ങ്ങൾ ശ­രി­യ­ല്ലെ­ന്നു് ഒ­രി­ക്കൽ ജി. ശ­ങ്ക­ര­ക്കു­റു­പ്പു്| എ­ന്നോ­ടു പ­റ­ഞ്ഞു.

images/LeaffromAeneid.jpg

“കൃ­ഷ്ണൻ­നാ­യർ ച­ങ്ങ­മ്പു­ഴ­ത്തൊ­പ്പി ഉ­ണ്ടാ­ക്കി­വ­ച്ചി­ട്ടു് ഓരോ ക­വി­യു­ടെ­യും തലയിൽ അതു വ­ച്ചു­നോ­ക്കു­ന്നു. ‘ചേ­രു­ന്നി­ല്ല ചേ­രു­ന്നി­ല്ല’ എന്നു മു­റ­വി­ളി കൂ­ട്ടു­ന്നു”. ഇ­ങ്ങ­നെ എൻ. വി. കൃ­ഷ്ണ­വാ­രി­യർ എ­ന്നെ­ക്കു­റി­ച്ചു് ഒ­രാ­ളോ­ടു പ­റ­ഞ്ഞു. ആ ഏ­ഷ­ണി­ക്കാ­രൻ ഉ­ട­നെ­ത­ന്നെ അതു് എന്നെ അ­റി­യി­ച്ചു. ശ­രി­യ­ല്ല ആ പ്ര­സ്താ­വം. ച­ങ്ങ­മ്പു­ഴ­യു­ടെ തൊ­പ്പി ജി. ശ­ങ്ക­ര­ക്കു­റു­പ്പി­നു ചേ­രി­ല്ല­ല്ലോ. എ­ങ്കി­ലും ജിയെ ഞാൻ ബ­ഹു­മാ­നി­ക്കു­ന്നു. മ­ഹാ­ക­വി­യെ­ന്ന നി­ല­യിൽ. പ്രൊ­പർ­ഷ­സും ഒ­വി­ഡും, വെർ­ജി­ലി നെയും അ­ദ്ദേ­ഹ­ത്തി­ന്റെ കാ­വ്യം, ഇ­നീ­യി­ഡി നെയും ആ­ക്ഷേ­പി­ച്ചി­രു­ന്നു (Less Than One, Essays, J. Brodsky).

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1990-07-08.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 6, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.