സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1990-08-05-ൽ പ്രസിദ്ധീകരിച്ചതു്)

ദിനക്കുറിപ്പുകള്‍ കാലത്തു് ഏഴു മണി
images/DHLawrence.jpg
ഡി. എച്ച്. ലോറൻസ്

“ചില പ്രധാനപ്പെട്ട കാര്യങ്ങൾ സംസാരിക്കാനുണ്ടു്. ഞാൻ അങ്ങോട്ടു വരട്ടോ? ടെലിഫോണിൽക്കൂടിയുള്ള വിനയം കലർന്ന ചോദ്യമാണു്. ആളിനെ എനിക്കു മുൻപേ അറിയാം. വന്നാൽ വാതോരാതെ മൂന്നുമണിക്കൂർ ജെ. കൃഷ്ണമൂർത്തിയെക്കുറിച്ചു് സംസാരിക്കും. ഒരക്ഷരംപോലും പറയാൻ സമ്മതിക്കില്ല. അയാളുടെ പ്രഭാഷണം കഴിയുമ്പോൾ ഞാൻ ശാരീരികമായും മാനസികമായും തളരും. പിന്നെ ആ ദിവസം ഒന്നും ചെയ്യാൻ വയ്യ. എങ്കിലും മര്യാദയുടെ ലംഘനമരുതല്ലോ എന്നു വിചാരിച്ചു “വരൂ” എന്നു ഞാൻ പറഞ്ഞു. വന്നു കയറി. കൃഷ്ണമൂർത്തിയെക്കുറിച്ചു പൂർണ്ണവിരാമമില്ലാത്ത പ്രഭാഷണവും തുടങ്ങി. ബാങ്കിൽ പോയി ഒരു ചെക്ക് മാറണം എനിക്കു്. അതു കിട്ടിയിട്ടേ ചില മരുന്നുകൾ വാങ്ങാനാവൂ. ആഗതൻ വല്ലതിനും സമ്മതിക്കുമോ? ‘എന്തു ഭയങ്കരമാ സാറേ കൃഷ്ണമൂർത്തിയുടെ ചിന്ത! എന്നു കൂടക്കൂടെ പറയും. ‘സഹികെട്ടു്’ ഞാൻ പറഞ്ഞു. “നിറുത്തു. ചിന്താക്കുഴപ്പം ഉണ്ടാക്കുന്നവനാണു് നിങ്ങളുടെ കൃഷ്ണമൂർത്തി. ഭഗവദ്ഗീതയും ഉപനിഷത്തുകളുമാണു് കൃഷ്ണമൂർത്തിയെ കൃഷ്ണമൂർത്തിയാക്കിയതു്. അവയെ നിരാകരിക്കുന്ന ആൾ തന്നെത്തന്നെ നിരാകരിക്കുകയാണു്. കൃഷ്ണമൂർത്തി ഭൗതികവാദിയല്ല. ആധ്യാത്മികജീവിതം അംഗീകരിക്കുന്നവനുമല്ല. പിന്നെങ്ങനെയാണു് സത്യം സാക്ഷാത്കരിക്കുന്നതു്?” യുവാവു് എഴുന്നേറ്റു് പോയി. ഒരു കാര്യത്തിലും അന്ധത്വം പാടില്ല. അതിരു കടന്ന കമ്മ്യൂണിസ്റ്റ് വിരോധമുള്ളവൻ പെട്ടെന്നു കമ്മ്യൂണിസ്റ്റാകും. അതിരുകടന്നു കമ്മ്യൂണിസത്തെ ആദരിക്കുന്നവൻ ഉത്തരക്ഷണത്തിൽ ആന്റികമ്മ്യൂണിസ്റ്റാകും. ഈ യുവാവു് വളരെ വൈകാതെ കൃഷ്ണമൂർത്തി വിരുദ്ധനായി എന്റെ അടുത്തെത്തും.

വൈകുന്നേരം അഞ്ചു മണി

സ്റ്റാറ്റ്യൂ ജംഗ്ഷനിൽവച്ചു് ഒരു ചെറുപ്പക്കാരനെ പരിചയപ്പെട്ടു. കുറെനേരം സംസാരിച്ചതിനുശേഷം അയാൾ യാത്രപറഞ്ഞപ്പോൾ ‘സാഹിത്യവാരഫലം’ എഴുതാനായി സാറ് ദീർഘകാലം ജീവിച്ചിരിക്കട്ടെ എന്നു പറഞ്ഞു. ഇങ്ങനെ പലരും പറയാറുണ്ടു്. അപ്പോഴൊക്കെ ഞാൻ ഞെട്ടാറില്ലെങ്കിലും മരണമടുത്തുപോയി എന്നാണല്ലോ അവർ മറ്റൊരു വിധത്തിൽ അറിയിക്കുക എന്നു വിചാരിക്കാറുണ്ടു്. മരണം ഭയജനകമല്ല എനിക്കു്. പക്ഷേ, മരിച്ചുകൊണ്ടിരിക്കുക എന്നതു ഭീതിപ്രദമാണു്. ആശുപത്രിയിലോ വീട്ടിലോ പലമാസങ്ങൾ കിടന്നു് അനുനിമിഷം മരിച്ചുകൊണ്ടിരിക്കുന്നതു് വീട്ടുകാർക്കും കിടക്കുന്ന ആളിനും ഒരേമട്ടിൽ ‘റ്റെറിഫിക് ’ ആണു്.

ആറു മണി

വീട്ടിനടുത്തു് എത്താറായപ്പോൾ ആലുവാക്കാരിയായ ഒരു ചെറുപ്പക്കാരി ശാസ്തമംഗലം ജങ്ഷനിൽവച്ചു പരിചയപ്പെടാനെത്തി. പരിചയപ്പെടുന്നതൊക്കെ വിമർശിക്കാനാണു്. ‘അയ്യപ്പന്റെ കവിതയെക്കുറിച്ചു് എഴുതാത്തതു് ശരിയോണോ? എന്നു് അവർ പരുക്കൻമട്ടിൽ ചോദിച്ചു. മറുപടി പറയാതെ ഞാൻ ആ യുവതിയുടെ തലമുടിയിലേക്കാണു് നോക്കിപ്പോയതു്. വലിച്ചു മുറുക്കിയ മട്ടിൽ തലമുടിനാരുകൾ പിറകോട്ടാക്കി പോണിടെയ്ലാക്കി കെട്ടിവച്ചിരിക്കുന്നു. മനസ്സിനു് അയവില്ലാത്തവരാണു് ഇങ്ങനെ തലമുടി കെട്ടിവയ്ക്കുന്നതു്. സ്ത്രീകൾക്കു് എന്തെങ്കിലും ആകർഷകത്വം സ്വാഭാവികമായി ഉണ്ടെങ്കിൽ ഈ പോണിടെയ്ൽ സംവിധാനം അതില്ലാതെയാക്കും. ആ ചെറുപ്പക്കാരിയുടെ ദാർഢ്യമാർന്ന മനസ്സിനെ തലമുടിക്കെട്ടലന്റെ രീതിയിലൂടെ കണ്ട ഞാൻ ‘ശരി, ഇനിയൊരിക്കൽ കാണാം’ എന്നു പറഞ്ഞിട്ടു് നടന്നു. അലസമായ വസ്ത്രധാരണത്തിനാണു് ഭംഗി. തലമുടി ‘അലക്ഷ്യ’മായി ഇടുന്നതാണു് ചോതോഹരം. If a women hasn’t got a tiny streak of harlot in her, She’s a dry stick as a rule’ എന്നു് ഡി. എച്ച്. ലോറൻസ്.

വേദന

ഒരുകാര്യം അന്ധത്വം പാടില്ല. അതിരുകടന്ന കമ്മ്യൂണിസ്റ്റ് വിരോധമുള്ളവർ പെട്ടെന്നു കമ്മ്യൂണിസ്റ്റാകും. അതിരുകടന്നു കമ്മ്യൂണിസത്തെ ആദരിക്കുന്നവൻ ഉത്തരക്ഷണത്തിൽ ആന്റികമ്മ്യൂണിസ്റ്റാകും.

‘നിയമമനുസരിച്ചുള്ള ജോലി’ എന്നതു ആശുപത്രിയിലെ ജീവനക്കാർ സ്വീകരിച്ചുകഴിഞ്ഞാൽ രോഗികളുടെ ദയനീയാവസ്ഥ എന്താകുമെന്നു നേരിട്ടറിഞ്ഞവനാണു ഞാൻ. എനിക്കു വയറ്റിലൊരു ശസ്ത്രക്രിയ നടന്ന ദിവസം തന്നെയാണു് നേഴ്സുകൾ ‘വർക്ക് റ്റൂ റൂൾ’ എന്ന തത്ത്വം നടപ്പിൽ വരുത്തിയതു്. രാത്രിയായപ്പോൾ എനിക്കു വലിയ വേദന വന്നു. മരുന്നു കുത്തിവയ്ക്കാനുള്ള നിർദ്ദേശം ഡോക്ടർ നൽകിയെങ്കിലും ഒരു ദിവസം ഇത്ര കുത്തിവയ്ക്കൽ എന്നു തീരുമാനിച്ച നേഴ്സുകളിൽ ആരും എന്റെ സമീപത്തുപോലും വന്നില്ല. വേദനകൊണ്ടു് നിലവിളിച്ച എന്നെക്കണ്ടു് എന്റെ മകൻ ഓരോ നേഴ്സിന്റെയും മുൻപിൽച്ചെന്നു കെഞ്ചുന്നതു ഞാൻ കണ്ടു. ചത്താലും വേണ്ടില്ല. മകന്റെ അഭിമാനത്തിനു മുറിവേല്പിക്കരുതു് എന്നു കരുതി ഞാൻ അവനെ തിരിച്ചുവിളിച്ചു ‘വേദന പോയി ആരോടും ഇനി അപേക്ഷിക്കേണ്ടതില്ല’ എന്നു പറഞ്ഞു. അവൻ ഉറങ്ങിയപ്പോൾ വേദന സഹിക്കാനാവാതെ ഞാൻ മെഡിക്കൽ കോളേജാശുപത്രിയുടെ മുകളിലത്തെ നിലയിൽനിന്നു താഴത്തേക്കു ചാടി ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചു. വരാന്തയുടെ അറ്റത്തു ചെല്ലുകയും ചെയ്തു. താഴത്തേക്കു നോക്കിയപ്പോൾ എനിക്കു പേടിയായി. മാത്രമല്ല, ചാടിയാൽ മരിക്കാതെ കൈയും കാലും ഒടിഞ്ഞു കിടന്നാലോ എന്ന ചിന്തയുമുണ്ടായി. ഞാനിഴഞ്ഞു് കട്ടിലിൽ വന്നു കിടന്നു. വീട്ടിൽനിന്നു കൊണ്ടുവന്ന ബാഗിൽ ഉറക്കഗ്ഗുളികയുണ്ടെന്നു ഞാനോർമ്മിച്ചു. അതു് ഒന്നിനു പകരം രണ്ടെണ്ണം വിഴുങ്ങി. അല്പസമയംകൊണ്ടു് ഉറങ്ങിപ്പോവുകയും ചെയ്തു. അടുത്തദിവസം എനിക്കു ഇൻജെക്ഷൻ കിട്ടിയെന്നു എന്റെ വായനക്കാരിൽ ആരെങ്കിലും ധരിക്കുന്നെങ്കിൽ ആ ആളിന്റെ നന്മയിൽ എനിക്കു വിശ്വാസമുണ്ടു് എന്നേ പറയാനുള്ള. പക്ഷേ, ആശുപത്രിയിലെ നൃശംസതയെപ്പറ്റി ഒരറിവുമില്ലെന്നു് എഴുതേണ്ടതായി വരും.

images/Uakhader.jpg
യു. എ. ഖാദർ

ഈ അനുഭവമുള്ളതുകൊണ്ടു് യു. എ. ഖാദർ മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ ‘ഇടത്താവളം’ എന്ന ചെറുകഥ എനിക്കു കൂടുതൽ ഹൃദയസ്പർശകമായി. തനിക്കു് അർബ്ബുദമാണെന്നു മനസ്സിലാക്കിയ സുഗുണൻ എന്ന ആൾ ഒരെഴുത്തു് എഴുതിവച്ചിട്ടു് അപ്രത്യക്ഷനാകുന്നു. അതേസമയം ആശുപത്രിയുടെ മുകളിലത്തെ നിലയിൽനിന്നു് ഒരു രോഗി താഴത്തേക്കു ചാടി ചാവുകയും ചെയ്യുന്നു. ആത്മഹത്യ ചെയ്തവനും സുഗുണനും ഒരാൾതന്നെയാണെന്നു വ്യക്തമാക്കുന്നില്ല കഥാകാരൻ. അതു നന്നായി. വേദനയ്ക്കും ആത്മഹത്യയ്ക്കുമാണു് പ്രാധാന്യം. അവരണ്ടും സാർവ്വലൌകികമാണെന്നു് അഭിവ്യഞ്ജിപ്പിച്ചുകൊണ്ടു് കഥ പരിസമാപ്തിയിലെത്തിക്കുന്നു ഖാദർ. അജ്ഞാതനായ ആ ഭീകരനെ—മരണത്തെ—മുന്നിൽക്കണ്ടു് കഥാപാത്രം അനുഭവിച്ച വേദന സാർവ്വജനീനമായ വേദനയാണെന്നു പറയുകയാണു് കഥാകാരൻ. നന്നു്. പക്ഷേ, അദ്ദേഹത്തിന്റെ കഥയ്ക്കു് വിഷയത്തിനു യോജിച്ചു് സാന്ദ്രത കൈവന്നിട്ടില്ല.

“അതിഥിയോടു് ചെയ്യാവുന്ന ഏറ്റവും വലിയ മര്യാദകേടു്?” “അതിഥി വീട്ടിൽ ഇരിക്കുമ്പോൾ ടെലിവിഷൻ സെറ്റ് പ്രവർത്തിപ്പിക്കുന്നതു്.”

കാർസനോമ—Carcinoma—എന്നു പറഞ്ഞാൽ അർബ്ബുദമെന്നർത്ഥം. ഹിപൊക്രറ്റീസ് (Hippocrates) എന്ന ഗ്രീക്ക് ഭിഷഗ്വരനിൽനിന്നാണു് കാർസനോമ എന്ന വാക്കു കിട്ടിയതു്. Karkinos എന്ന ഗ്രീക്ക് പദത്തിനു ഞണ്ടു് എന്നാണർത്ഥം. മുഴയുടെ (tumour) ചുറ്റുമുള്ള വലിയ ഞരമ്പുകൾ ഞണ്ടിന്റെ നീണ്ട നഖങ്ങൾ പോലേ ഇരിക്കുന്നതുകൊണ്ടാണു് ആ പേരുവന്നതു്. മുഴയെ അവ അള്ളിപ്പിടിക്കുന്നു. മനുഷ്യശരീരത്തിലെ പല അവയവങ്ങളെയും ഈ ‘ഞണ്ടുകൾ’ ആക്രമിക്കുന്നു. കാർസനോമയെക്കാൾ യാതന നൽകുന്നു മനുഷ്യക്രൂരത. അതു് സമകാലികജീവിതത്തിന്റെ ഒരു ഭാഗമായിത്തീർന്നതുകൊണ്ടു് നമുക്കു് ഒരു പരാതിയും വേണ്ട. നമ്മൾ അവരാണെങ്കിൽ ഇമ്മട്ടിൽത്തന്നെ നമ്മളും പൊരുമാറുകയില്ല എന്നതിനു് എന്താണു് ഉറപ്പു്?

പുസ്തകം
images/MrNoon.jpg

ഡി. എച്ച്. ലോറൻസിന്റെ Mr. Noon പരിപൂർണ്ണമാക്കപ്പെടാത്ത നോവലാണു്. അതു് ഏറെക്കാലം അപ്രത്യക്ഷമായിരുന്നു. കുറച്ചുകാലം മുൻപാണു് അതു കണ്ടുപിടിച്ചതും Cambridge Edition ആയി പ്രസിദ്ധപ്പെടുത്തിയതും. 1989-ൽ ഇംഗ്ലണ്ടിലെ Grafton Books പ്രസാധനം ചെയ്ത ഈ നോവൽ ഇപ്പോഴാണു് എന്റെ കൈയിൽ വന്നുചേർന്നതു്.

കഥാകാരൻ ജീവിത സംഭവങ്ങളെ തിരഞ്ഞെടുത്തു് വായനക്കാരിൽ അടിച്ചേല്പിക്കൽ നടത്തരുതു്. അവർ അബോധാത്മകമായി തിരഞ്ഞെടുത്തുവച്ചിരിക്കുന്ന ജീവിത സംഭവങ്ങൾക്കു സദൃശ്യമായി കഥയിലെ ജീവിത സംഭവങ്ങൾ പ്രത്യക്ഷങ്ങളാകണം. അപ്പോഴാണു് ‘ഹാ ഇതെന്റെ കഥയാണല്ലോ’ എന്നു് വായനക്കാരൻ പറയുക.

രണ്ടുഭാഗങ്ങളായി ഇതു രചിക്കപ്പെട്ടിരിക്കുന്നു. ഒന്നാംഭാഗത്തിൽ നൂൺ എന്നൊരു സ്ക്കൂളധ്യാപകൻ ഒരു ചെറുപ്പക്കാരിയുമായി വേഴ്ച നടത്തുന്നതു് അവളുടെ അച്ഛൻ കാണുന്നതായി പ്രസ്താവം. ജോലി നഷ്ടപ്പെടുന്നതിനുമുൻപു് അയാളതു് രാജിവച്ചു് ജർമ്മനിയിലേക്കു പോകുന്നു. ലോറൻസിനുതന്നെ കഥാപാത്രങ്ങളെസ്സംബന്ധിച്ചു് വൈരസ്യം. “Well then, let them. Let them go to hell. Gentle reader, this is the end of Mr. Noon and Emmie.” പക്ഷേ, നൂണിനു് രണ്ടാംഭാഗമുണ്ടു്. ആ രണ്ടാംഭാഗത്തിൽ അയാൾ ജർമ്മനിയിൽ പഠിക്കുന്നതായിട്ടാണു് നമ്മൾ കാണുക. അവിടെവച്ചു് അയാൾ ഒരു ഡോക്ടറുടെ ഭാര്യയും രണ്ടുകുഞ്ഞുങ്ങളുടെ അമ്മയുമായ ജോഹന്നയെ പരിചയപ്പെടുന്നു. പരിചയം ലൈംഗികബന്ധമായിത്തീരുന്നു. അവർ ഇറ്റലിയിലേക്കു പോകുമ്പോൾ വഴിക്കുവച്ചു പരിചയപ്പെട്ട ഒരു യുവാവുമായി ജോഹന്ന ലൈംഗികവേഴ്ചയിൽ ഏർപ്പെടുന്നു. ഇതിനുശേഷം നോവൽ വളരെയൊന്നും മുന്നോട്ടു പോകുന്നില്ല. പരിപൂർണ്ണമാകാതെ അതു് അവസാനിക്കുന്നു.

പ്രത്യക്ഷത്തിൽ ക്ഷുദ്രമെന്നു തോന്നിക്കുന്ന ഈ നോവൽ കണ്ടുപിടിച്ചു പ്രസാധനം ചെയ്തതുകൊണ്ടു് ഏന്തു നേട്ടമുണ്ടാകുന്നു എന്ന ചോദ്യത്തിനു പ്രസക്തിയുണ്ടു്. മറഞ്ഞ ആത്മകഥയാണിതു്. ലോറൻസിനെ കുടുതൽ മനസ്സിലാക്കാൻ ഇതു നമ്മെ സഹായിക്കും എന്നാണു് ഉത്തരം.

images/Kuttikrishnamarar.jpg
കുട്ടിക്കൃഷ്ണമാരാർ

ലോറൻസ് തന്റെ ഗുരുനാഥന്റെ ‘ജർമ്മൻ ഭാര്യ’യുമായി ഒളിച്ചോടിയ കാര്യം സർവ്വവിദിതമാണു്. പന്ത്രണ്ടുകൊല്ലം ആ സ്ത്രീ ഭർത്താവിനോടൊരുമിച്ചു കഴിഞ്ഞവളാണു്. അയാളിൽ നിന്നു മൂന്നുകുട്ടികളും അവൾക്കുണ്ടായി. പാവപ്പെട്ട ആ ഭർത്താവിനെയും കുഞ്ഞുങ്ങളെയും ഉപേക്ഷിച്ചു് അവൾ ലോറൻസുമായി ജർമ്മനിയിലേക്കു ഒളിച്ചോടി. നോവലിൽ ജോഹന്ന ഒരു യുവാവുമായി ലൈംഗികവേഴ്ചയിൽ ഏർപ്പെട്ടപോലെ അവൾ ലോറൻസിനെ വഞ്ചിച്ചു് ഒരു ചെറുപ്പക്കാരനായുമായി വേഴ്ച നടത്തുകയും ചെയ്തു. ആത്മകഥാപരങ്ങളായ ഈ സംഭവങ്ങളെ തനിക്കുമാത്രം കഴിയുന്ന മട്ടിൽ കാവ്യാത്മകമായി ചിത്രീകരിച്ചിരിക്കുകയാണു് ലോറൻസ് താഴെ ചേർക്കുന്ന ഭാഗം ലോറൻസിന്റെ തത്വചിന്തയെയും കവിഹൃദയത്തെയും വ്യക്തമാക്കിത്തരും:

“What is the soul gentle reader? What is your soul, what is my soul? It is that deep core of individual unity where life itself, the very god throbs incalculably, whose throbbing unfolds the leaves and stem of the body, and brings forth the flower of the mind and the spirit. But the spirit is not the soul. Ah. no.” (p. 239) വായിക്കേണ്ട പുസ്തകമെന്ന നിലയിലല്ല ഞാനിതിനെക്കുറിച്ചു് എഴുതുന്നതു്. പരിപൂർണ്ണമാക്കാത്ത ഒരു നോവൽ ലോറൻസിന്റേതായി ഉണ്ടെന്നു് വായനക്കാരെ അറിയിക്കാൻ മാത്രമേ എനിക്കു് ഉദ്ദേശ്യമുള്ളു. എന്റെ വായനക്കാരിൽ ചിലരെങ്കിലും ഇതു വായിച്ചിരിക്കാൻ ഇടയുമുണ്ടു്. ബി. ബി. സി-യുടെ Listener ഈ നോവലിനെ ‘A major literary find’ എന്നു വാഴ്ത്തുകയുണ്ടായി.

ചോദ്യം, ഉത്തരം

ചോദ്യം: സ്ത്രീയുടെ ഹെവി മേക്കപ്പ് പുരുഷനു് ഇഷ്ടമോ?

ഉത്തരം: എല്ലാ ആളുകളുടെയും ഇഷ്ടാനിഷ്ടങ്ങൾ എനിക്കു് എങ്ങനെ അറിയാം? ലൈറ്റ് മേക്കപ്പ് പോലും എനിക്കിഷ്ടമില്ല. റെഡ് ലിപ്സ്റ്റിക് തേച്ച സ്ത്രീയെക്കണ്ടാൽ എനിക്കു് പേടിയാകും.

ചോദ്യം: കുട്ടിക്കൃഷ്ണമാരാരുടെ ഏതെല്ലാം ഗ്രന്ഥങ്ങൾ വായിക്കണം?

ഉത്തരം: എല്ലാം വായിക്കണം. അതിനു സമയമില്ലെങ്കിൽ കേരള സാഹിത്യ അക്കാദമി പ്രസാധനം ചെയ്ത ‘തെരഞ്ഞെടുത്ത പ്രബന്ധങ്ങൾ’ വായിക്കു. വില നാല്പതു രൂപ. അദ്ദേഹത്തിന്റെ പേരുകേട്ട മുപ്പതു പ്രബന്ധങ്ങൾ ഇതിലുണ്ടു്. (തെരയുക എന്നതിനു് അന്വേഷിക്കു എന്നാണർത്ഥം. Choose എന്ന അർത്ഥത്തിൽ തിരയുക എന്നാണു് പ്രയോഗിക്കേണ്ടതു്. അതിനാൽ ‘തിരഞ്ഞെടുത്ത പ്രബന്ധങ്ങൾ എന്നു വേണ്ടിയിരുന്നു ഗ്രന്ഥനാമം.’)

ചോദ്യം: പണം ഭീമമായ പലിശയ്ക്കു കടം കൊടുക്കുന്നവരെക്കുറിച്ചു് എന്താണഭിപ്രായം?

ഉത്തരം: അവർ ജിവിക്കുകയല്ല. ജീവിക്കാൻവേണ്ടി അക്ഷീണയത്നം നടത്തുകയാണു്. അവരെ നോക്കു. റോഡിലൂടെ അവർ ഓടും. വാഹനത്തിലാണു് യാത്രയെങ്കിൽ പാഞ്ഞുപോകും. പ്രശാന്ത ജീവിതം നയിക്കുന്ന ഒരു ഋണദാതാവിനെയും ഞാൻ കണ്ടിട്ടില്ല?

ചോദ്യം: ഭർത്താവിന്റെ നേരമ്പോക്കു കേട്ടു പൊട്ടിച്ചിരിക്കുന്ന ഭാര്യയെ ഞാൻ സ്ക്കൂട്ടറിന്റെ പിറകിൽ കണ്ടിട്ടുണ്ടു്. എന്നിട്ടും നിങ്ങൾ ദാമ്പത്യജീവിതം വിരസമാണെന്നു പറയുന്നു. എന്തൊരു വിരോധാഭാസം.

ഉത്തരം: ഒരു ഭർത്താവും—നർമ്മബോധമുള്ള ഒരു ഭർത്താവും—ഭാര്യയോടു നേരമ്പോക്കു പറയാറില്ല. പറഞ്ഞെങ്കിൽ ദാമ്പത്യദീവിതത്തിനു തിളക്കം വന്നേനേ. സ്ക്കൂട്ടറിന്റെ പിറകിലിരിക്കുന്ന സ്ത്രീ ചിരിക്കുന്നെങ്കിൽ അതു് യഥാർത്ഥമായ ഫലിതം കേട്ടിട്ടല്ല. പിന്നെ വിരോധം, വൈരുദ്ധ്യം എന്ന അർത്ഥത്തിൽ വിരോധാഭാസമെന്നു് പറയരുതു്. വിരോധാഭാസത്തിനു് ആ അർത്ഥമില്ല. വിരോധമില്ലാതിരിക്കെ വിരോധം തോന്നുന്നതാണു് വിരോധാഭാസം. നമ്മുടെ പല പണ്ഡിതന്മാരും ഈ തെറ്റു വരുത്താറുണ്ടു്.

ചോദ്യം: വൃത്തികെട്ട വസ്തുക്കളെക്കൂടി സൃഷ്ടിച്ചതെന്തിനു് ഈശ്വരൻ?

ഉത്തരം: അങ്ങനെ വൃത്തികെട്ട വസ്തുക്കളുണ്ടോ? വസ്തു വർത്തിക്കുന്ന പരിതഃസ്ഥിതിയെയും പശ്ചാത്തലത്തെയും ആശ്രയിച്ചിരിക്കും അതിന്റെ വൃത്തിയും വൃത്തിയില്ലായ്മയും. മുടി സുന്ദരിയുടെ തലയിലിരുന്നാൽ ആകർഷകം. അതു ചോറിൽ കിടന്നാൽ ഛർദ്ദിലുണ്ടാകും. റോസാപ്പൂ ചെടിയിൽ നിന്നാൽ മനോഹരം. നരച്ച തലമുടിയിലിരുന്നാൽ വൃത്തികേടു്.

ചോദ്യം: എന്റെ ഭാര്യ കുറച്ചു ദിവസമായ സംസാരിക്കുന്നതേയില്ല. എന്താവാം കാരണം.?

ഉത്തരം: താങ്കളുടെ വീട്ടിലെ ടെലിഫോൺ കേടായിരിക്കും.

ചോദ്യം: ഏറ്റവും വലിയ കണ്ടുപിടിത്തം?

ഉത്തരം: ചക്രമാണെന്നു് (wheel) ചിലർ പറയുന്നു. എന്റെ അഭിപ്രായത്തിൽ സോപ്പ്.

ചോദ്യം: അതിഥിയോടു ചെയ്യാവുന്ന ഏറ്റവും വലിയ മര്യാദകേടു്?

ഉത്തരം: അതിഥി വീട്ടിൽ ഇരിക്കുമ്പോൾ ടെലിവിഷൻ സെറ്റ് പ്രവർത്തിപ്പിക്കുന്നതു്.

ചോദ്യം: നിങ്ങളെ സർവ്വകലാശാലയുടെ പരമാധികാരിയാക്കിയാൽ എന്തുചെയ്യും?

ഉത്തരം: എല്ലാ ലൈബ്രറികളും സല്ലാപത്തിനു് ഒരു മുറിയുണ്ടാക്കാൻ ആജ്ഞാപിക്കും. അതുണ്ടാക്കിയാൽ പുസ്തകമെടുക്കാൻ ചെല്ലുന്നവർക്കു കരഞ്ഞുതീർക്കൽ കാണേണ്ടതായിവരില്ല?

പരാജയം
images/kochubava.jpg
ടി. വി. കൊച്ചുബാവ

ടി. വി. കൊച്ചുബാവ യെ വർഷങ്ങൾക്കു മുൻപു് തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളേജിനടുത്തുവച്ചു കാണാനിടയായി എനിക്കു്. (കോളേജ് എന്നല്ല കോളിജ് എന്നാണു് ഉച്ചാരണം. അങ്ങനെയെഴുതിയാൽ പലർക്കും മനസ്സിലായില്ലെന്നു വരും. അതുകൊണ്ടു കരുതിക്കൂട്ടിയാണു് കോളേജ് എന്നെഴുതുന്നതു്). കൂടെയുണ്ടായിരുന്ന ഒരാൾ ‘ഇദ്ദേഹമാണു് ടി. വി. കൊച്ചുബാവ’ എന്നു പറഞ്ഞു പരിചയപ്പെടുത്തി. ‘ഇത്ര കൊച്ചു പയ്യനോ?’ എന്നു ഞാൻ തെല്ലൊരദ്ഭുതത്തോടെ ചോദിച്ചു. പരിചയപ്പെടത്തിയ ആൾ പറഞ്ഞു:

“നിങ്ങളെ സർവകലാശാലയുടെ പരമാധികാരിയാക്കിയാൽ എന്തുചെയ്യും?” “എല്ലാ ലൈബ്രറികളിലും സല്ലാപത്തിനു് ഒരു മുറിയുണ്ടാക്കാൻ ആജ്ഞാപിക്കും. അതുണ്ടാക്കിയാൽ പുസ്തകമെടുക്കാൻ ചെല്ലുന്നവർക്കു കരഞ്ഞു തീർക്കൽ കാണേണ്ടതായി വരില്ല.”

“അതേ. ആളെന്ന നിലയിൽ ചെറുതു്. പക്ഷേ, കഥയെഴുത്തുകാരനെന്ന നിലയിൽ വലിയ ആൾ.” ഭേദപ്പെട്ട കഥകളുടെ രചയിതാവെന്ന നിലയിൽ ഞാൻ കൊച്ചു ബാവയെ ശ്രദ്ധിച്ചുപോന്നു. ഈ ആഴ്ചത്തെ കലാകൌമുദിയിൽ അദ്ദേഹത്തിന്റെ ‘കലശം’ എന്ന കഥ കണ്ടപ്പോൾ കൌതുകത്തോടെ ഞാനതു വായിച്ചു. ഒരു സ്ത്രീയുടെ ഭർത്താവു് സൈനികസേവനമനുഷ്ഠിക്കുമ്പോൾ മരിച്ചു പോയിയെന്നു് പട്ടാളമേധാവിയുടെ കമ്പി സന്ദേശം വന്നു. കാലം ഏറെയായി. വാർദ്ധക്യത്തിലേക്കു നീങ്ങുന്ന ഒരാൾ ആ വിധവയുടെ വീട്ടിലെത്തി താൻ തന്നെയാണു് അവളുടെ ഭർത്താവെന്നു് അറിയിച്ചു. താൻ വെടിയേറ്റു് വീണുവെന്നും ശത്രുക്കൾ തന്നെ എടുത്തുകൊണ്ടുപോയി തടവിലിട്ടുവെന്നും മറ്റും അയാൾ പറഞ്ഞിട്ടും അവൾക്കു വിശ്വാസം വന്നില്ല. അല്പം കഞ്ഞി അവളുടെ കൈകൊണ്ടു വിളമ്പിക്കൊടുക്കണമെന്ന അയാളുടെ അപേക്ഷപോലും നിരാകരിക്കപ്പെട്ടു. അയാൾ അമ്മയുടെ അസ്ഥിത്തറയിലേക്കു നീങ്ങിയപ്പോൾ. അവൾക്കു പശ്ചാത്താപം. കഞ്ഞിയെടുത്തു കൊണ്ടുവന്നു. പക്ഷേ, അപ്പോഴേക്കു അയാൾ അന്തർദ്ധാനം ചെയ്തുകഴിഞ്ഞു.

images/maradona.jpg
മാറഡോണ

അന്തർദ്ധാനം ചെയ്തതു് ആഗതൻ മാത്രമല്ല, ഇത്തരം കഥകളും കൂടിയുമാണു്. കരുതിക്കൂട്ടി നാടകീയത വരുത്തി പ്രതിപാദനം ചെയ്ത ഈ കഥയുടെ പോരായ്മ കഥാകാരൻ വായനക്കാർക്കുവേണ്ടി ചില ജീവിതസംഭവങ്ങൾ തിരഞ്ഞെടുത്തവച്ചു് ഇവ ആസ്വദിച്ചോ എന്നു നമ്മളോടു ആഞ്ജാപിക്കുന്നു എന്നതാണു്. അങ്ങനെ ആജ്ഞാപിക്കുമ്പോൾ നമമുടെ ആസ്വാദനമണ്ഡലത്തിനു് സ്വാഭാവികമായുള്ള സ്വാതന്ത്ര്യം നഷ്ടപ്പെട്ടു പോകുന്നു. ഒരു പടിഞ്ഞാറൻ കഥയെടുത്തു് ഇതു സ്പഷ്ടമാക്കിയാൽ കൊള്ളാമെന്നുണ്ടു് എനിക്കു്. പക്ഷേ, ചിലയാളുകൾ ഉടനെ ഉദ്ഘോഷിക്കും പാശ്ചാത്യദേശത്തെ മാനദണ്ഡങ്ങൾകൊണ്ടു് ഇവിടത്തെ കഥകളെ അളന്നു നോക്കുന്നുവെന്നു്. ഞാനങ്ങനെ ചെയ്യാറെയില്ല. ഷെയ്ക്സ്പിയറി ന്റെ ഭാവന എൻ. കൃഷ്ണപിള്ളയ്ക്കില്ലെന്നു ഞാൻ എഴുതിയാൽ അതെഴുതിയ ഞാൻ ‘ഫൂൾ’ ആവില്ലേ? ഉത്കൃഷ്ടമായ കലയെന്തെന്നു ചൂണ്ടിക്കാണിക്കാനായി മാത്രമേ ഞാൻ താരതമ്യം നടത്താറുള്ളു. അതുകൊണ്ടു് സങ്കോചത്തോടെ പറയട്ടെ. ടോൾസ്റ്റോയിയുടെ ‘ഇവൻ ഇലീച്ചിന്റെ മരണം’ എന്ന കഥ വായിക്കുമ്പോൾ രചയിതാവു് നമ്മളുടെ മേൽ ഒന്നും അടിച്ചേല്പിക്കുന്നില്ല. നമ്മുടെ സ്വാതന്ത്ര്യത്തിനു പരിധി കല്പിക്കുന്നുമില്ല. കഥാകാരൻ ജീവിതസംഭവങ്ങളെ തിരഞ്ഞെടുത്തു് വായനക്കാരിൽ അടിച്ചേൽപ്പിക്കൽ നടത്തരുതു്. അവർ അബോധാത്മകമായി തിരഞ്ഞെടുത്തുവച്ചിരിക്കുന്ന ജീവിതസംഭവങ്ങൾക്കു സദൃശമായി കഥയിലെ ജീവിതസംഭവങ്ങൾ പ്രത്യക്ഷങ്ങളാകണം. അപ്പോഴാണു് ‘ഹാ ഇതെന്റെ കഥയാണല്ലോ’ എന്നു് വായനക്കാരൻ പറയുക. അതിനാൽ കൊച്ചുബാവയുടെ ‘കലശ’മെന്ന കഥ പരാജയമാണു്.

നീരീക്ഷണങ്ങൾ
  1. അൽബർടോ മൊറാവ്യ എന്ന പ്രഖ്യാതനായ സാഹിത്യകാരൻ ഫുട്ബോൾ മത്സരത്തിന്റെ ബഹളം സഹിക്കാനാവാതെ ഇറ്റലിവിട്ടോടിപ്പോകുന്നുവെന്നു പത്രങ്ങളിൽ കണ്ടു. അദ്ദേഹം പോയോ ഇല്ലയോ എന്നു നിശ്ചയമില്ല. ഞാനൊരു ഫുട്ബോൾ ഭ്രാന്തനാണു്. പക്ഷേ, ഇത്തവണത്തെ മത്സരങ്ങൾ കണ്ടുകഴിഞ്ഞപ്പോൾ ആ ഉന്മാദം എനിക്കു വളറെക്കുറഞ്ഞുപോയി. കാരണം പലതും ഫെയർ പ്ലേയല്ല, ഫൗൾ പ്ലേ ആയിരുന്നു എന്നതാണു്. വിശേഷിച്ചും അവസാനത്തെ മത്സരം. വിഖ്യാതനായ മാറഡോണ പോലും റഫറി പെനൽറ്റികിക്ക് വിധിച്ചപ്പോൾ ഓടി വന്നു് നെഞ്ചുകൊണ്ടു് അദ്ദേഹത്തെ തള്ളുന്നതു കണ്ടു. കളികഴിഞ്ഞതിനുശേഷം മാറഡോണ യുടെ കൂടെക്കളിച്ചവർ റഫറിയെ തള്ളുകയും ഇടിക്കുകയും ചെയ്തു. മാറഡോണ ഉൾപ്പെട്ട അർജന്റീന ടീമിന്റെ കോച്ചു് ഓടിവന്നു് അവരെ പിടിച്ചു മാറ്റിയില്ലായിരുന്നെങ്കിൽ മെക്സിക്കോക്കാരനായ റഫറിയുടെ എല്ലുകളും മുടിയും മാത്രമേ മിച്ചം വരുമായിരുന്നുള്ളു. പെനൽറ്റികിക്കിനു വിധിയുണ്ടായതു നൂറുശതമാനവും ശരി. പക്ഷേ, അതുപോലത്തെ വിധി മറുപക്ഷത്തെക്കുറിച്ചും ഉണ്ടാകേണ്ടിയിരുന്നു. അതു സംഭവിച്ചില്ല. ജർമ്മൻ ടീമിലെ ചിലരുടെ ഫൌളുകൾ അർജ്ജന്റീന ടീമിന്റെ ഫൌളുകളെക്കാൾ ഭയങ്കരമായിരുന്നു. എങ്കിലും ജയിക്കേണ്ടവർ ജർമ്മൻകളിക്കാരായിരുന്നു. കളിയുടെ ആദ്യത്തെ നാല്പത്തഞ്ചു മിനിറ്റിൽ മാറഡോണയ്ക്കും കൂട്ടുകാർക്കും നാടൻ ഭാഷയിൽ പറയുന്നതുപോലെ കച്ചിയിൽ തൊടാൻ കഴിഞ്ഞില്ല. എന്നിട്ടും തോറ്റതിൽ അവർക്കു പരിഭവം. റഷ്യൻ ടീമിനോടു മത്സരിച്ചപ്പോൾ മാറഡോണ പന്തു കൈകൊണ്ടു തടുത്തു, അതു റഫറി കണ്ടില്ല. അതിനാലാണു് റഷ്യൻ ടീം തോറ്റതു്. നീതി പൂർവ്വകമല്ലാത്തവിധത്തിൽ ഫേനൽസിലെത്തിയ അർജന്റീന ടീം തോറ്റതിൽ ‘ഡിവൈൻ ജസ്റ്റീസ് ’ ഞാൻ കാണുന്നു. നാലു് വർഷത്തിനുമുൻപുണ്ടായ ഫുട്ബോൾ മത്സരത്തിലും മാറഡോണ പന്തു കൈകൊണ്ടു തടുത്തു. അദ്ദേഹം 1994-ൽ ഫീൽഡിൽ ഇറങ്ങുകില്ലത്രേ. ഞാനന്നു ജീവിച്ചിരിക്കുമോ എന്തോ. ജീവനോടെ ഇരിക്കുമെങ്കിൽ ഫുട്ബോൾ മത്സരം കാണാൻ ടി. വി. സെറ്റിന്റെ മുൻപിൽ ഞാൻ ഇരിക്കില്ല. തീർച്ച.
  2. സർവ്വകലാശാലയുടെ വൈസ് ചാൻസലറായിരുന്ന രാമസ്വാമി മുതലിയാർ ഒരിക്കൽ പ്രസംഗിക്കുന്നതു കേട്ടു, നീതി ഒട്ടുമില്ലാത്ത അപേക്ഷകളുമായി കോളേജധ്യാപികമാർ വരുമെന്നു്. പക്ഷേ, അവരോടു ‘നോ’ എന്നു പറയാൻ അദ്ദേഹത്തിനു ധൈര്യമില്ല. കാരണം അവർ irresistible ആയിരുന്നുപോലും. അതുകേട്ട ഞാൻ അദ്ദേഹത്തെയാകെ നോക്കി. എന്തൊരു വാർദ്ധക്യം! എന്തൊരു വൈരൂപ്യം! അങ്ങനെയുള്ള ആളിനു് ഇവിടത്തെ അധ്യാപകന്മാർ irrestible ആണെങ്കിൽ ചെറുപ്പക്കാരുടെ സ്ഥിതിയെന്താവും.
  3. മാധവിക്കുട്ടിയുടെ (കമലാദാസിന്റെ) ചെറുകഥകൾ എനിക്കു് ഇതുപോലെ ചെറുക്കാൻ കഴിവില്ലാത്തവയാണു് (ഇറിസ്സറ്റബ്ൾ). മാനുഷികാനുഭവങ്ങളെ അന്യാദൃശമായ രീതിയിൽ അവർ രൂപവത്കരിക്കുന്നു. അവ വായിച്ചുണ്ടായ ആദരാതിശയത്തോടെ അവരുടെ വീട്ടിൽച്ചെന്നാൽ പെട്ടെന്നു് അവരെ കാണാൻ കഴിഞ്ഞില്ലെന്നു വരും. ഞാനാരെയും കുറ്റപ്പെടുത്തുകയില്ല. ആരാധകരുടെ സംഖ്യ ഏറിയാൽ എഴുത്തുകാരിക്കു് സ്വന്തം കാര്യം നോക്കാൻ സമയം കിട്ടില്ല. അതുകൊണ്ടു സന്ദർശനങ്ങൾക്കു നിയന്ത്രണം വരുത്തുന്നതിൽ തെറ്റില്ല. ശ്രീമതിയെ കാണാൻ കഴിഞ്ഞാൽ അവർ ആഗതനോടു ബഹുമാനത്തോടെ സംസാരിക്കും. മാധവിക്കുട്ടിയുടെ സംസാരത്തിന്റെ സവിശേഷത അവർ ആരോടു സംസാരിക്കുന്നുവോ ആ ആളിനു തോന്നും തന്നോടു മാത്രമേ അവർ അമ്മട്ടിൽ ആർജ്ജവത്തോടെ സംസാരിക്കുകയുള്ളുവെന്നു്. ആ തോന്നൽ ശരിയാണു്. മാധവിക്കുട്ടി മനസ്സിലുള്ളതു് കൃത്രിമത്വം ഒട്ടുമില്ലാതെ ആവിഷ്കരിക്കുന്നു. അതുകൊണ്ടാണു് ആളുകൾ അവരുടെ കഥകളെയും അവരുടെ സാന്നിദ്ധ്യത്തെയും ഇഷ്ടപ്പെടുന്നതു്.
കുഞ്ഞുങ്ങളും കഥകളും
images/moravia.jpg
അൽബർടോ മൊറാവ്യ

കുടുംബം! സകല തിന്മകളുടെയും ഇരിപ്പിടം. അടിമയുടെ മനഃസ്ഥിതിയോടുകൂടി ഗൃഹനായകൻ ഭക്ഷണത്തിനു വകയുണ്ടാക്കുന്ന തടവറയിലെ തൊഴിൽശാല. കുട്ടികളുടെ ‘നരകം’ ഏതാണ്ടു് ഈ രീതിയിൽ സ്റ്റ്രീൻഡ്ബർഗ്ഗ് പറഞ്ഞു. ഇതിനോടു് ഞാൻ നൂറിനു നൂറും എന്ന കണക്കിനു യോജിക്കുന്നു. അച്ഛൻ പ്രായമായ മക്കളോടു കാണിക്കുന്ന സ്നേഹം കള്ളം. മക്കൾ അച്ഛനോടു കാണിക്കുന്ന സ്നേഹം കള്ളം. ഭാര്യ ഭർത്താവിനോടും ഭർത്താവു് ഭാര്യയോടും പ്രകടിപ്പിക്കുന്ന സ്നേഹം വ്യാജം. നാടകത്തിലെ കഥാപാത്രങ്ങളെപ്പോലെ ഓരോ കുടുംബാംഗവും അഭിനിയക്കുകയാണു്. അതുകൊണ്ടു് കുടുംബത്തെ ഞാനൊരു ‘തീയറ്ററാ’യിട്ടേ കാണുന്നുള്ളു. സത്യമിതായതുകൊണ്ടാണു് ഭാര്യയുടെ ആസ്മ ഭേദമാക്കാൻ ഒരു സന്ന്യാസിയെ സമീപിച്ച ഭർത്താവിനെ അവളും സന്ന്യാസിയും കൂടിച്ചേർന്നു വഞ്ചിക്കുന്നതു്. സന്ന്യാസിയുടെ പ്രവർത്തനങ്ങളിൽ സംശയമനസ്കനായ ഭർത്താവു് ഭാര്യയെ തിരിച്ചു കൊണ്ടുപോകാൻ ശ്രമിച്ചപ്പോൾ അവൾ അയാളുടെകൂടെ ചെല്ലുന്നില്ലെന്നു പറയുന്നു. (ദോശാഭിമാനിയിലെ ‘ചതിക്കുഴി’ എന്ന കഥ. ടി. എൻ. പ്രകാശ് എഴുതിയതു്.) സന്ന്യാസി അവളുടെ ലൈംഗികാസക്തിയെ ഉദ്ദീപിപ്പിച്ചപ്പോൾ അതിനു കഴിയാത്ത ഭർത്താവിനെ അവൾ ഉപേക്ഷിക്കുന്നു. ഭർത്താവിനെ മാത്രമല്ല, സ്വന്തം കുഞ്ഞുങ്ങളെയും അവൾ വേണ്ടെന്നു വയ്ക്കുന്നു.

അച്ഛൻ പ്രായമായ മക്കളോടു കാണിക്കുന്ന സ്നേഹം കള്ളം. മക്കൾ അച്ഛനോടും കാണിക്കുന്ന സ്നേഹം കള്ളം. ഭാര്യ ഭർത്താവിനോടും ഭർത്താവു് ഭാര്യയോടും പ്രകടിപ്പിക്കുന്ന സ്നേഹം വ്യാജം. നാടകത്തിലെ കഥാപാത്രങ്ങളെപ്പോലെ ഓരോ കുടുംബാംഗവും അഭിനയിക്കുകയാണു്. അതുകൊണ്ടു്, കുടുംബത്തെ ഞാനൊരു ‘തീയറ്ററായിട്ടേ കാണുന്നുള്ളു.’

മഹാപ്രളയത്തിനു മുൻപുള്ള ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ എഴുത്തുകാർ തങ്ങൾക്കു് നൂതനമായ സംവേദനങ്ങളും ഉൾക്കാഴ്ചകളും ഉണ്ടെന്നു വായനക്കാരെ ബോദ്ധ്യപ്പെടുത്തണം. അതിനു കഴിയാതെ ഇങ്ങനെ വാക്യങ്ങൾ സമാഹരിച്ചുവച്ചിട്ടു് ആ കൂമ്പാരത്തെ ചെറുകഥയെന്നു വിളിക്കുന്നതിൽ ഒരർത്ഥവുമില്ല. Familiarity breeds contempt—and children എന്നു മാർക്ക് ട്വയിൻ പറഞ്ഞു. Familiarity breeds contempt, children—and short stories എന്നു പറയേണ്ട കാലയളവിലാണു് നമ്മൾ.

നിർവ്വചനങ്ങൾ

ഒ. വി. വിജയൻ

വായനക്കാരുടെ ചന്താമണ്ഡലത്തിലും നാവിൻതുമ്പിലും ഇപ്പോഴും നിൽക്കുന്ന സാഹിത്യകാരൻ.

തകഴി ശിവശങ്കരപിള്ള

തന്റെ പ്രഗാൽഭ്യം എത്രത്തോളമുണ്ടെന്നു മനസ്സിലാക്കിയ വിനീതനായ സാഹിത്യകാരൻ.

പി. കേശവദേവു്

തന്റെ പരിമിതികൾ ഒരിക്കലും അറിഞ്ഞിട്ടില്ലാത്ത സാഹിത്യകാരൻ.

നമ്പൂതിരി

ഏതാനും രേഖകൾ വരച്ചു് വിശ്വവശ്യമായ സ്ത്രീസൌന്ദര്യത്തെ ആവിഷ്കരിക്കുന്ന അനുഗ്രഹീതൻ.

സച്ചിദാനന്ദൻ

ചിലപ്പോഴൊക്കെ മനോഹരങ്ങളായ കാവ്യങ്ങൾ രചിക്കുന്ന കവി. അദ്ദേഹം ഗദ്യമെഴുതാതിരുന്നെങ്കിൽ എന്നു് എന്റെ ഒരാഗ്രഹം.

മുട്ടത്തുവർക്കി

ജീവിച്ചിരുന്നപ്പോൾ പുച്ഛിക്കപ്പെട്ടിരിന്ന നോവലിസ്റ്റ്. മരിച്ചുകഴിഞ്ഞപ്പോൾ ചിലർക്കു സി. വി. രാമൻപിള്ളയെക്കാൾ കേമൻ.

കുട്ടിക്കൃഷ്ണമാരാർ

മഹാഭാരതത്തിലും രാമായണത്തിലും ധർമ്മം എവിടയെല്ലാമുണ്ടോ അതൊക്കെ അധർമ്മമായി കാണുകയും അധർമ്മം എവിടെയെല്ലാമുണ്ടോ അതൊക്കെ ധർമ്മമായി കാണുകയും ചെയ്ത സരസനായ ഗദ്യകാരൻ. മലയാളഗദ്യത്തിന്റെ സൌന്ദര്യവും ശക്തിയും അദ്ദേഹത്തിന്റെ കൃതികളിൽ കാണാം.

ആഷർ

മലയാള സാഹിത്യത്തെക്കുറിച്ചു വലിയ അറിവൊന്നുമില്ലാത്ത സായ്പു്.

ശങ്കർ

ഭാവഗീതങ്ങൾപോലെ മനോഹരങ്ങളായ കെട്ടിടങ്ങൾ മലയാളിക്കു നിർമ്മിച്ചുകൊടുക്കുന്ന വിദഗ്ദ്ധൻ.

കെ. പി. അപ്പൻ

സാഹിത്യജീവിതത്തിലും നിത്യജീവിതത്തിലും സത്യന്ധത പുലർത്തുന്ന മാന്യൻ. നൂറുശതമാനവും മാന്യൻ.

എൻ. ഗോപാലപിള്ളസാറിന്റെ സംസ്കൃതപാണ്ഡിത്യത്തെക്കുറിച്ചു് സംശയമൊന്നുമില്ല. പക്ഷേ, പടിഞ്ഞാറൻ തത്ത്വചിന്തയെക്കുറിച്ചും കലയെക്കുറിച്ചും അദ്ദേഹം അവഗാഹത്തോടെ സംസാരിച്ചിരുന്നതു് എൻസൈക്ലോപീഡിയ വായിച്ചിട്ടാണു് എന്നു് പ്രഫെസർ ആർ. പി. നായർ (മരിച്ചുപോയി) എന്നോടു പറഞ്ഞിട്ടുണ്ടു്. ആൽഡസ് ഹക്സിലിയും ഇങ്ങനെയായിരുന്നുപോലും. ഏതെങ്കിലും വിഷയത്തെക്കുറിച്ചു് എൻസൈക്ലോപീഡിയ വായിച്ചു് എല്ലാം ഗ്രഹിച്ചുവയ്ക്കും. സുഹൃത്തുക്കൾ കുടുമ്പോൾ ആ വിഷയത്തിലേക്കു സംഭാഷ​ണം കൊണ്ടുചെല്ലും. എന്നിട്ടു് ഒരു പ്രഭാഷണം അങ്ങു നടത്തും. ശ്രോതാക്കൾ അമ്പരന്നിരിക്കും (അലൻ വാട്സ് പറഞ്ഞതു്).

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1990-08-05.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 6, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.