സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1990-11-04-ൽ പ്രസിദ്ധീകരിച്ചതു്)

​ പ്രായം കൂടി വരുമ്പോൾ സ്വഭാവത്തിനു് യോജിച്ച മുഖം നമുക്കു കിട്ടുമെന്നു് ഒരു ഫ്രഞ്ചെഴുത്തുകാരൻ പറഞ്ഞിട്ടുണ്ടു്. അതു് സ്ഥാപിക്കാനായി അദ്ദേഹം ഒരു നോവലെഴുതുകയും ചെയ്തു. സ്വഭാവശുദ്ധിയുള്ളവരുടെ മുഖങ്ങൾ യൗവനകാലത്തു് സുന്ദരങ്ങളായിരിക്കും. ആ വിശുദ്ധി വാർദ്ധക്യ കാലം വരെയും അവർ പുലർത്തിയാൽ സൗന്ദര്യത്തിനു് ലോപം വരില്ല. എന്നാൽ കാലം കഴിയുന്തോറും ക്രൂരത കൂടിക്കൂടി വരുമ്പോൾ മുഖത്തും ആ ക്രൂരത പ്രതിഫലിക്കും. ചെറുപ്പകാലത്തു് സുന്ദരികളും സുന്ദരന്മാരുമായിരുന്നവർ വാർദ്ധക്യകാലത്തു് വൈരൂപ്യമുള്ളവരായി ഭവിക്കുന്നതിന്റെ കാരണമിതാണു്. എന്റെ ബന്ധുക്കളായ ചില സുന്ദരികൾ ഇപ്പോഴത്തെ വാർദ്ധക്യത്തിൽ വൈരൂപ്യത്തിനു് ആസ്പദങ്ങളായി മാറിയിട്ടുണ്ടു്. അവരുടെ സ്വഭാവനൃശംസതയെക്കുറിച്ചു് അറിയാവുന്ന എനിക്കു് അതിൽ അദ്ഭുതം തോന്നിയിട്ടില്ല. അവരെക്കാണുമ്പോഴൊക്കെ, ഞാൻ കണ്ണാടിയിൽ നോക്കുമ്പോഴൊക്കെ ആ ഫ്രഞ്ചെഴുത്തുകാരന്റെ മുമ്പിൽ മനസ്സുകൊണ്ടു് നമസ്കരിക്കാറുണ്ടു്. പൂതനയുടേയും താടകയുടേയും ചെറുപ്പകാലത്തു് അവർ എങ്ങനെയായിരുന്നിരിക്കും? സംശയമൊന്നുമില്ല. സുന്ദരികൾ തന്നെ. ഫ്രഞ്ചെഴുത്തുകാരൻ—ബൽസാക്ക് വാഴ്ത്തപ്പെടട്ടെ.

കാലത്തിന്റെ ക്രൂരത

ചെറുപ്പക്കാരോടു് ഒരു വാക്കു്. നിങ്ങളുടെ വീട്ടിൽ പ്രായം കൂടിയവർ മൗനമവലംബിച്ചു് കഴിയുന്നുണ്ടെങ്കിൽ അതു തത്വചിന്തയോടു് ബന്ധപ്പെട്ട മൗനമാണെന്നു് വിചാരിക്കരുതേ. സമുദായത്തോടും നിങ്ങളെ നിങ്ങളാക്കിയ നിങ്ങളോടുമുള്ള പ്രതിഷേധമാണതു്. ആ പ്രതിഷേധം മൂല്യനിരാസത്തിൽ നിന്നു് ജനിക്കുന്നതാണു്.

കാലം വരുത്തുന്ന മാറ്റങ്ങൾക്കു് ആരും ആരെയും കുറ്റപ്പെടുത്തേണ്ടതില്ല. ഒരുവനും അതിൽ നിന്നു് രക്ഷപ്പെടാനുമാവില്ല. മിക്ക ആളുകൾക്കും രക്തസമ്മർദ്ദം കൂടും, പ്രമേഹംവരും, ഹൃദയത്തിനു് രോഗം വരും, അപ്പോൾ ആശുപത്രിയെ ശരണം പ്രാപിക്കും. ഹൃദ്രോഗമാണെങ്കിൽ അമേരിക്കയിലുള്ളവർ ‘പ്രഷർ കുക്കർ’ എന്നു വിളിക്കുന്ന ‘ഇന്റൻസീവ് കെയർ യൂണിറ്റിൽ’ ആയിപ്പോകും. പഴുപ്പു് മുകളിലേക്കു് കയറിവരുന്ന കാലാണു് പ്രമേഹ രോഗിക്കുള്ളതെങ്കിൽ അയാളുടെ ജീവനെ രക്ഷിക്കാൻ ഡോക്ടർ അതു് മുറിച്ചുമാറ്റും. മുറിച്ചാൽ മൂന്നുമാസം കൂടി രോഗി ജീവിക്കും. മുറിച്ചില്ലെങ്കിൽ രണ്ടുമാസവും ഇരുപത്തഞ്ചു ദിവസവും ജീവിച്ചിരിക്കും. അഞ്ചു ദിവസം കൂടി ജീവിച്ചിരിക്കാനാണു് ശസ്ത്രക്രിയ. കാലമേ നീയെത്ര ഭയങ്കരൻ! ഹൃദയാഘാതത്താൽ മരിക്കുന്നവരിലേറെയും കാർഡിയോളജിസ്റ്റുകളാണല്ലോ. നിന്നെ ആർക്കും തോൽപ്പിക്കാനാവില്ല.

images/Kamala_das.jpg
മാധവിക്കുട്ടി

മനുഷ്യശരീരങ്ങൾക്കു മാത്രമല്ല മാറ്റം വരുന്നതു്. മാനുഷിക ബന്ധങ്ങൾക്കും അതുണ്ടാവും. അപ്പോൾ മൂല്യങ്ങൾ തകരും. പണം വാരിക്കോരി ചെലവാക്കി മക്കളെ രാജകുമാരന്മാരെപ്പോലെ, രാജകുമാാരികളെപ്പോലെയാക്കിയ ഗൃഹനായകൻ, സഹധർമ്മിണിയെ രാജ്ഞിയാക്കി വാഴിച്ച ഗൃഹനായകൻ ആരോഗ്യം നശിച്ചു് വൃദ്ധനായി വീട്ടിന്റെ ഒരു മൂലയിൽ കിടന്നാൽ രാജ്ഞിയും രാജകുമാരന്മാരും രാജകുമാരികളും തിരിഞ്ഞു നോക്കില്ല. അപ്പോൾ വൃദ്ധൻ അല്ലെങ്കിൽ വൃദ്ധ മൗനത്തിൽ വീഴും. ഈ മൗനം ഒരായുധമാണു് ആ വ്യക്തിയുടെ. അച്ഛൻ ‘സെനൈൽ’ ആയിപ്പോയി; അമ്മ ‘സെനൈൽ’ ആയിപ്പോയി എന്നു മക്കൾ പറയും. അല്ല, അവരുടെ ബുദ്ധിമാന്ദ്യവും അതിനോടു് ചേർന്ന മൗനവും ഒരുതരം പകരം വീട്ടലാണു്.

images/John_Keats.jpg
കീറ്റ്സ്

ശ്രീമതി മാധവിക്കുട്ടി ‘ഇന്ത്യാ ടുഡേ’ മാസികയിൽ എഴുതിയ ‘തിമിരം’ എന്ന ചെറുകഥയിൽ വാർദ്ധക്യത്തിലെത്തിയ അമ്മയോടു് മന്ത്രിയായ മകനു് ഉണ്ടായിരിക്കേണ്ട സ്നേഹ ബഹുമാനങ്ങളുടെ തകർച്ചയാണു് ചിത്രീകരിച്ചിട്ടുള്ളതു്. മകൻ കേന്ദ്രമന്ത്രി. നാട്ടിലൊരു കോൺഫറൻസിനു വരുമ്പോൾ വൃദ്ധമാതാവിനെ കണ്ടുകളയാമെന്നു മനസ്സില്ലാമനസ്സോടേ വിചാരിക്കുന്നു, കാണുന്നു. തിമിരം ബാധിച്ച അമ്മയ്ക്കു് ടി. വി. സെറ്റ് വേണം. കണ്ണിനു് കൂടുതൽ കേടുവരും എന്നു പറഞ്ഞു് മകൻ ഒഴിയുന്നു. അമ്മയ്ക്കു് കൊടുക്കാൻ കരുതിവച്ച അഞ്ഞൂറു രൂപ അബോധമനസ്സിന്റെ പ്രേരണയാൽ കൊടുക്കാൻ മറന്നു പോകുന്നു. അമ്മയുടെ കഞ്ഞിയും ചമ്മന്തിയും ഉപേക്ഷിച്ചു് കൂട്ടുകാരനായ ഹൈക്കോടതി ജഡ്ജിയുടെ വീട്ടിൽ ഉണ്ണാൻ പോകുന്നു. അടുത്ത തവണ താൻ വരുമ്പോൾ തിമിരം ശസ്ത്രക്രിയ ചെയ്തു മാറ്റാൻ അമ്മയെ മദ്രാസിൽ കൊണ്ടു പോകാമെന്നു് അയാൾ പറയുന്നു. ഏറെ മാസങ്ങൾക്കു മുൻപു് തനിക്കു് തിമിരമാണെന്നു് അമ്മ എഴുതി അയയ്ച്ചതു് അയാൾ മറന്നു പോയിരിക്കുന്നു. വ്യക്തിഗതങ്ങളായ ഉത്കൃഷ്ടമൂല്യങ്ങളുടെ തകർച്ചയുടെ ആവിഷ്കാരമാണു് മാധവിക്കുട്ടിയുടെ കഥയിലുള്ളതു്. ചെറുപ്പക്കാരോടു് ഒരു വാക്കു്. നിങ്ങളുടെ വീട്ടിൽ പ്രായം കൂടിയവർ മൗനമവലംബിച്ചു കഴിയുന്നുണ്ടെങ്കിൽ അതു് തത്വചിന്തയുയോടു് ബന്ധപ്പെട്ട മൗനമാണെന്നു് വിചാരിക്കരുതേ. സമുദായത്തോടും നിങ്ങളെ നിങ്ങളാക്കിയ നിങ്ങളോടുമുള്ള പ്രതിഷേധമാണതു്. ആ പ്രതിഷേധം മൂല്യനിരാസത്തിൽനിന്നു് ജനിക്കുന്നതാണു്.

ചോദ്യം, ഉത്തരം

ചോദ്യം: ഭാര്യക്കു് വലിയ സംശയം ഉണ്ടാകുന്നതു് എപ്പോഴാണു് ?

ഉത്തരം: നിങ്ങൾ വിവാഹം കഴിഞ്ഞയാളാണെന്നു് ഞാൻ വിചാരിക്കുന്നു. നിങ്ങൾ മറ്റു സ്ത്രീകളെ കൗതുകത്തോടെ നോക്കുമ്പോഴല്ല അവർക്കു് (ഭാര്യക്കു്) സംശയമുണ്ടാകുന്നതു്. സ്വപ്നത്തിൽ നിങ്ങൾ ചിരിച്ചാൽ, അതു് ഭാര്യ കാണാനിടവന്നാൽ, ഏതു സുന്ദരിയെ കണ്ടിട്ടാണു് നിങ്ങൾ ചിരിച്ചതെന്നു് ഭാര്യ ചോദിക്കും. അതാണു് വലിയ സംശയം.

ചോദ്യം: കുറുക്കുവഴിയുണ്ടായിട്ടും നീളം കൂടിയ വഴിയേ പോകുന്നവരെക്കുറിച്ചു് നിങ്ങൾ എന്തുപറയുന്നു?

ഉത്തരം: കുറുക്കുവഴി (Short-cut) എന്നല്ലേ ഉദ്ദേശിച്ചതു് ? ചില സവിശേഷ സന്ദർഭങ്ങളിൽ ഉപയോഗിക്കാനുള്ളതാണു്. കാമുകിയെക്കാണാൻ കുറുക്കുവഴിയേ പോകും കാമുകൻ. കാമുകൻ വേറൊരുത്തിയുടെ ഭർത്താവു് കൂടിയാണെങ്കിൽ തിരിച്ചു് വീട്ടിലെത്താൻ നീളം കൂടിയ വഴിയേ പോരും. ഉദാഹരണം നൽകാം. തിരുവനന്തപുരത്തിനു് കിഴക്കു് ഭാഗത്താണു് തിരുമല എന്ന സ്ഥലം. പടിഞ്ഞാറേക്കോട്ട പേരു് സൂചിപ്പിക്കുന്നതുപോലെ പടിഞ്ഞാറും. തിരുമല താമസിക്കുന്നവൻ തൊട്ടപ്പുറത്തുള്ള പൂജപ്പുരയിലെ കാമുകിയെ കണ്ടിട്ടു് തിരിച്ചു് വീട്ടിൽ പോകുന്നതു് തിരിഞ്ഞു നടന്നിട്ടല്ല. ആദ്യം പടിഞ്ഞാറേക്കോട്ടയിൽ വരും. എന്നിട്ടു് വടക്കു ഭാഗത്തുള്ള പേരൂർക്കടയിലെത്തും. അവിടെ നിന്നു് പൈപ്പിൻമൂടു വഴി ശാസ്തമംഗലത്തെത്തി കിഴക്കുവശത്തുള്ള തിരുമലയിലേയ്ക്കു് നടക്കും. ഒരു കിലോമീറ്റർ നടക്കുന്നതിനു പകരം പതിനഞ്ചു കിലോമീറ്റർ നടക്കും. അയാളെ അന്വേഷിച്ചു് പോയിട്ടു കണ്ടില്ല എന്നു് ഭാര്യകേൾക്കെപ്പറഞ്ഞു് വീട്ടിലേയ്ക്കു് കയറി ചാരുകസേരയിലേയ്ക്കു് മറിയും.

ചോദ്യം: ടാഗോറിനു് കീറ്റ്സിനെക്കാൾ ഇഷ്ടം ബ്രൗണിങ്ങിനെയായിരുന്നുവെന്നു് ശാന്തിനികേതനത്തിൽ പഠിച്ച ശ്രീ. കെ. സി. പിള്ള പറഞ്ഞതു് ഞാൻ കേട്ടു. എന്താ അതിനു കാരണം?

ഉത്തരം: കീറ്റ്സ് പാടിയപ്പോൾ ബ്രൗണിങ്ങ് ഗർജ്ജിക്കുകയാണു് ചെയ്തതെന്നു് ഏതോ ഒരു നിരൂപകൻ പറഞ്ഞിട്ടുണ്ടു്. അതാണു് ശരി. ടാഗോർ എന്തുകൊണ്ടു് ബ്രൗണിങ്ങിനെ ഇഷ്ടപ്പെട്ടു എന്നെനിക്കു് അറിഞ്ഞുകൂടാ.

ചോദ്യം: നിങ്ങളുടെ സത്യസായി ബാബഭക്തി ബുദ്ധിശൂന്യതയല്ലേ? (നൂറ്റുക്കണക്കിനു് കിട്ടിയ ചോദ്യങ്ങളെ ഒറ്റ ചോദ്യമാക്കിയതു്.)

ഉത്തരം: ഞാൻ അങ്ങനെയൊരു ബാബഭക്തനല്ല. ഐശ്വര്യമായ ശക്തി എല്ലാവരിലും ഒരേ രീതിയിലല്ല പ്രവർത്തിക്കുന്നതു്. എന്നിലും നിങ്ങളിലുമുള്ള ഐശ്വര്യ ശക്തിയേക്കാൾ കൂടുതലായിരുന്നു, വിവേകാനന്ദസ്വാമി യിൽ ഉണ്ടായിരുന്ന ശക്തിവിശേഷം. വിവേകാനന്ദനിലുണ്ടായിരുന്ന ആ ശക്തിയേക്കാൾ കൂടുതലായിരുന്നു, ശ്രീരാമകൃഷ്ണനിലുണ്ടായിരുന്ന ശക്തി. സായിബാബ യിൽ divine will—ഐശ്വര്യമായ ശക്തി—അതിപ്രസരമാർന്നു് പ്രവർത്തിക്കുന്നു. അതേസമയം അദ്ദേഹം മനുഷ്യനുമാണു്. അദ്ദേഹത്തിനും ദിനകൃത്യങ്ങൾ അനുഷ്ഠിക്കണം. അദ്ദേഹത്തിനു രോഗം വന്നാൽ ഡോക്ടർ ചികിത്സിക്കാൻ വരണം. കാലത്തിന്റെ അനിവാര്യ ശക്തിയാൽ അദ്ദേഹവും ഇവിടം വിട്ടു പോകും. ഐശ്വര്യത്തെക്കുറിച്ചു് പറഞ്ഞതു് ബുദ്ധിശക്തിയെക്കുറിച്ചും ശരിയാണു്. ഐൻസ്റ്റൈന്റെ ബുദ്ധിശക്തി നമ്മുടെ ബുദ്ധിശക്തിയേക്കാൾ വളരെ വലുതാണു്. അതുകൊണ്ടു് ഐൻസ്റ്റൈനെ ബഹുമാനിക്കുന്നവരെ മണ്ടന്മാർ എന്നു് വിളിക്കാമോ?

ക്ഷമാപണത്തോടെ

സ്ത്രീയോടു് വാദപ്രതിവാദത്തിനു് പോകരുതു്. പോകുന്ന പുരുഷൻ പരാജയപ്പെടുകയേ ഉള്ളൂ.

സാഹിത്യവാരഫലക്കാരൻ എഴുതിയെഴുതി വൃത്തികേടു് വരെ എഴുതുന്നു എന്നു് പ്രിയപ്പെട്ട വായനക്കാർ പറഞ്ഞാൽ അതു ശരിയായിരിക്കും. പല വൃത്തികേടുകളും എടുത്തുകാണിക്കേണ്ടതല്ലേ? മോഷ്ടിക്കുന്നവനെ നോക്കി ‘അതാ കള്ളൻ; മോഷ്ടിക്കുന്നേ’ എന്നു നിലവിളിച്ചാൽ അവന്റെ കൈ അറച്ചുപോകുമല്ലോ. അതുപോലെ ‘ഇതാ വൃത്തികേടു്’ എന്നു് ഉറക്കെപ്പറഞ്ഞാൽ അതു് ആവർത്തിക്കാൻ മടികാണും. അതുകൊണ്ടു് വായനക്കാരുടെ സദയാനുമതിയോടെ എഴുതുകയാണു്. തിരുവനന്തപുരത്തെ മിക്ക ഹോട്ടലുകളിലും ചെന്നുകയറിയാൽ പലഹാരങ്ങൾ എടുത്തു തരുന്നവൻ ഒന്നുകിൽ പല്ലിടകുത്തിക്കൊണ്ടിരിക്കുന്നതു കാണാം. ഇങ്ങോട്ടു വരേണ്ടതില്ലായിരുന്നുവെന്നു് വിചാരിച്ചുകൊണ്ടു് നമ്മൾ കസേരയിൽ ഇരിക്കുമ്പോൾ ദന്തശോധനം നടത്തിക്കൊണ്ടിരുന്നവൻ അടുത്തു് വന്നു് ‘ചൂടു് വടയിരുക്കു് സാർ’ എന്നു് പറയുന്നു. ആ വിരൽ കൊണ്ടവൻ വടയെടുക്കുമല്ലോ എന്നു വിചാരിച്ചു് ‘വട വേണ്ട’ എന്നു നമ്മൾ മറുപടി നൽകുന്നു. ‘കാപ്പി മാത്രം മതി’ എന്നു് നിർദ്ദേശിക്കാനും വയ്യ. കപ്പിലും അവൻ ആ വിരൽ അമർത്തുമല്ലോ. അങ്ങനെയുള്ള പല സന്ദർഭങ്ങളിലും ‘അയ്യോ ഒന്നും വേണ്ട. ഒരു സ്നേഹിതൻ ഇവിടെയിരിക്കാമെന്നു് പറഞ്ഞിരുന്നു. അയാളെ അന്വേഷിച്ചു് വന്നതാണു്’ എന്നു പറഞ്ഞു ഞാൻ. അവിടെ നിന്നു് എഴുന്നേറ്റു് റോഡിലേയ്ക്കു് പോന്നിട്ടുണ്ടു്. വടക്കേ ഇന്ത്യയിൽ ഒരു മലയാളി കുടുംബം താമസിക്കുന്ന വീട്ടിൽ ഞാൻ സായാഹ്നത്തിൽ ചെന്നു കയറി. ഗൃഹനായകനില്ല. അദ്ദേഹത്തിന്റെ മകൻ—മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന കൊച്ചുകുട്ടി—അറിയിച്ചു: “അച്ഛനില്ല. അമ്മ ബാത്ത്റൂമിലാണു്. ഇപ്പോൾ വരും.” ബാത്ത്റൂമെന്ന ‘യൂഫിമിസ്റ്റിക് യൂസേജ്’ മനസ്സിലാക്കി ഞാൻ മിണ്ടാതിരുന്നു. ഗൃഹനായിക എന്റെ അടുത്തു വന്നു പറഞ്ഞു: “ഇരിക്കൂ ചായ ചേർത്തുവച്ചിരിക്കുന്നു. എടുത്തുകൊണ്ടുവരേണ്ട താമസമേയുള്ളൂ.” ഞാൻ വെപ്രാളത്തോടെ അറിയിച്ചു: ‘ചായയും കാപ്പിയും ഞാൻ കുടിക്കില്ല. പാലും കുടിക്കില്ല. ഇനി അദ്ദേഹമുള്ളപ്പോൾ വരാം.’ ഇതു പറഞ്ഞതു പാതി പറയാത്തതു പാതി ഞാൻ ഒറ്റച്ചാട്ടത്തിനു റോഡിലെത്തി. മഴ പെയ്യുകയായിരുന്നു. ഒരു തുള്ളി മഴവെള്ളം തലയിൽ വീണാൽ കുറഞ്ഞതു് രണ്ടാഴ്ച പനി പിടിച്ചു കിടക്കും. എങ്കിലും മഴ നനഞ്ഞു കൊണ്ടു് ഞാൻ വീട്ടിലേയ്ക്കു് ഓടി.

കുങ്കുമം വാരിക എന്ന പാനപാത്രത്തിൽ അമല വച്ചുനീട്ടുന്ന ‘അയാൾ’ എന്ന ചായ എനിക്കു വേണ്ട. ഗവേഷണം നടത്തുന്ന ഒരാളിനോടു ഒരു സ്ത്രീക്കു് സ്നേഹംപോലും. ഒരനുഭൂതിയും ജനിപ്പിക്കാത്ത, വാക്യങ്ങളുടെ സമാഹാരം മാത്രമായ ഒരു രചന. സാഹിത്യത്തിന്റെ വിശുദ്ധിയില്ലെന്നു മാത്രമല്ല, കലാരാഹിത്യത്തിന്റെ മാലിന്യമേറെയുണ്ടുതാനും.

images/Robert_Browning.jpg
ബ്രൗണിങ്ങ്

മൃദുലമായ ഭാഷയിൽ വിമർശിച്ചാലും പ്രതിഷേധമുണ്ടാകും. 1955-ൽ ഞാനൊരു നാടകം കണ്ടിട്ടു് പത്രത്തിലെഴുതി:“ഇതിൽ നായികയായി അഭിനയിച്ചവർക്കു നാടകകർത്താവു് കഥാപാത്രത്തിനു കരുതിയ പ്രായം തന്നെയാണോ ഉള്ളതെന്ന കാര്യത്തിൽ എനിക്കു സംശയമുണ്ടു്.” കുറെ മാസം കഴിഞ്ഞു് അവരെ യൂണിവേഴ്സിറ്റി കോളേജിനടുത്തു വച്ചുകണ്ടു. കാണാത്തമട്ടിൽ ഞാൻ പോയെങ്കിലും അവർ എന്നെ വിളിച്ചു. ഞാൻ നിന്നു. ദേഷ്യത്തോടെ ശ്രീമതി ചോദിച്ചു: “അപ്പോൾ എനിക്കു് പ്രായം വളരെക്കൂടിപ്പോയോ സാർ?” “അങ്ങനെയൊന്നും എഴുതിയില്ലല്ലോ ഞാൻ” എന്നു പറഞ്ഞു രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അവർ വിട്ടില്ല. “എനിക്കു പ്രായം കൂടിപ്പോയെന്നു തന്നെയാണു് സാറ് എഴുതിയതു്. എനിക്കെത്ര വയസ്സായിയെന്നാണു് വിചാരം?” സ്ത്രീയോടു വാദ പ്രതിവാദത്തിനു പോകരുതു്. പോകുന്ന പുരുഷൻ പരാജയപ്പെടുകയേയുള്ളൂ. അതുകൊണ്ടു ഞാൻ മിണ്ടാതെ നിന്നു. അവർ കോപത്തോടെ നടന്നുനീങ്ങി. മുകളിലത്തെ ഖണ്ഡികകളിലെ ആശയം പ്രതിഷേധം ക്ഷണിച്ചുവരുത്തുമെന്നു് എനിക്കറിയാം. മൃദുലമായ പദപ്രയോഗം പ്രതിഷേധാർഹമാണെങ്കിൽ കഠിനമായ പദപ്രയോഗം എത്രകണ്ടു പ്രതിഷേധാർഹമായിരിക്കില്ല! ‘മഹദ്വചനങ്ങൾക്കു മർദ്ദവമില്ലെങ്കിൽ ഉദ്ദേശ്യശുദ്ധിയാൽ മാപ്പു നൽകിൻ.’

മുട്ടപ്പായൽ
images/Rabindranath_Tagore.jpg
ടാഗോർ

ശ്രീ. വിഷ്ണുനാരായണൻ നമ്പൂതിരി മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതിയ ‘കൃഷ്ണ സദ്ഗതി’ എന്ന കാവ്യം വായിച്ചപ്പോൾ എനിക്കു ചോദിക്കാൻ തോന്നിയതു് ഇങ്ങനെ: “വിഷ്ണുനാരായണൻ നമ്പൂതിരി മിഥോളജിയെ സത്യമാക്കുന്നോ അതോ സത്യത്തെ മിഥോളജിയാക്കുന്നോ? “അശ്വിനത്തിലെ ശുക്ലപക്ഷത്തിലാണു് എൻ. വി. കൃഷ്ണവാരിയർ കടന്നുപോയത്; ആ കാലത്തെ ചില യാത്രാക്കുറിപ്പുകളാണിവ” എന്ന വാക്യങ്ങൾ വായിച്ച ഞാൻ താല്പര്യത്തോടെ കാവ്യത്തിലേയ്ക്കു മുങ്ങാൻ ശ്രമിച്ചു. പക്ഷേ, പുരാവൃത്ത വിജ്ഞാനത്തിന്റെ മുട്ടപ്പായൽ എന്റെ ആമജ്ജനത്തെ തടഞ്ഞു. പണ്ടത്തെ ‘പദ്മതീർത്ഥ’ക്കുളത്തിലെ വെള്ളം കുഴമ്പിന്റെ പരുവത്തിലായിരുന്നു. അതുപോലെ Viscosity—അർദ്ധദ്രവാവസ്ഥയാർന്ന രചന. ജലോപരി കിടന്നുകൊണ്ടു് പലതവണ ഞാൻ നോക്കിയിട്ടും എൻ. വി. കൃഷ്ണവാരിയരെ കണ്ടില്ല. അദ്ദേഹത്തിന്റെ വിയോഗത്താലുളവായ ദുഃഖവും അനുഭവിച്ചില്ല.

കടലടങ്ങു അടക്കമറിയുന്നേൻ ഈ ചുടലവക്കിൽ

കതിരവങ്കെടും ഇരുളുമറിയുന്നേൻ.

താരപടലമുലച്ചു ചീറിവരും കല്പാന്ത വിശ്വ

പ്രാണനിശ്ചല മൗനമറിയുന്നേൻ.

ജീവരതി ജനമൃതികൾ വാസനകൾ പുകപോൽ മറഞ്ഞോ

രാദിശീത സ്പർശമറിയുന്നേൻ.

അതിരെഴാത്താകാശമാം അറിവാൽ

വാഴ്‌വെന്ന പൊരുളിൻ

അതിരളന്നോരാണ്മയറിയുന്നേൻ

അസ്ത്രമേല്ക്കേകാൽവിരൽത്തുമ്പിൽ തൻ ദ്വാദശാരം

ചക്രമൊരു നൊടി നിന്നുപോയാലും,

ഇറ്റുവീഴും ചോരയാൽ പാരിൻ യുഗ കാല്യമെഴുതും

കൃഷ്ണ! നിന്നുയിരാഴാം ഇന്നറിവേൻ

എന്ന വരികളിൽ കവിതയാണോ ഉള്ളതു്? അതോ കവിതയുടെ ഗോസ്റ്റോ?

In the most high and palmy state of Rome

A little ere the mightiest julius fell,

The graves stood tentless and the sheeted dead

Did Squeak and gibber in the Roman Streets.

എന്നു ഷെയ്ക്സ്പിയർ (Hamlet, 1.1). പ്രേതങ്ങളുടെ ജല്പനം റോമാത്തെരുവുകളിൽ ഉണ്ടായതു് അതിശക്തനായ സീസർ വീഴുന്നതിനു മുൻപാണു്. ഇവിടെ ഒരതിശക്തൻ ശക്തൻ വീണതിനു ശേഷം. വ്യത്യാസം അത്രമാത്രം.

കാവ്യത്തിൽ കവി പ്രത്യക്ഷനായിക്കൊണ്ടു് ശോകമാവിഷ്കരിക്കാം. അതു് ഈ കാവ്യത്തിലില്ല. കവി മറഞ്ഞു നിന്നു് അനാമകമായി ദുഃഖം സ്ഫുടീകരിക്കാം. അതും ഇതിലില്ല. ആകെയുള്ളതു് മിഥോളജിയുടെ മുട്ടപ്പായൽ മാത്രം. ഇത്തരം mythological stereotypes കൊണ്ടു് എന്തു പ്രയോജനം? മിഥിനെ (myth) സത്യമാക്കൂ. സത്യത്തെ മിഥ് ആക്കാതിരിക്കൂ.

ലയത്തിന്റെ മാറ്റം
images/ChristobalNonato.jpg

കാർലോസ് ഫ്വേന്തസ് മഹാനായ നോവലിസ്റ്റാണു്. അദ്ദേഹത്തിന്റെ Christopher Unborn എന്ന അന്യാദൃശവും നൂതനവുമായ കൃതിയിൽ ഒരു കഥാപാത്രം നോവൽ രചനയ്ക്കു ഉദ്യുക്തനാവുന്നതിന്റെ വിവരണമുണ്ടു്. ആ കഥാപാത്രം ആദ്യമായി എഴുതുന്നു: “When he woke up that morning after a restless night, the insect found he’d been transformed into Franz Kafka ” (pp. 131). കാഫ്കയുടെ ‘രൂപന്തരപ്രാപ്തി’ എന്ന കഥ തുടങ്ങുന്നതു് ഇങ്ങനെ: When Gregor Samsa woke up one morning from unsettling dreams, he found himself changed in his bed into a monstrous insect. സമാരംഭം ശരിയായില്ലെന്നു കണ്ടു് കഥാപാത്രം വേറെ രീതിയിൽ എഴുതി. “All ufortunate families resemble each other; happy families are such each in its own manner”. ഇതു് ടോൾസ്റ്റോയിയുടെ അന്നാകരേനീനയുടെ തുടക്കത്തിനു് മാറ്റം വരുത്തിയതാണു്. ടോൾസ്റ്റോയിയുടെ ആ നോവൽ തുടങ്ങുന്നതു് ഇമ്മട്ടിൽ. ഓർമ്മയിൽ നിന്നാണു് ഞാനെഴുതുന്നത്: “All happy families are alike; but every unhappy family is unhappy in its own way.” ഇതുപോലെ പ്രൂസ്തിന്റെയും ഡിക്കിൻസിന്റെയും നോവലുകളുടെ തുടക്കം ആ കഥാപാത്രം മാറ്റി എഴുതുന്നുണ്ടു്. ഇതു് നേരമ്പോക്കായി മാത്രം കരുതേണ്ടതില്ല. ആശയപരമായി വരുന്ന മാറ്റങ്ങളെക്കൂടി ഫ്വേന്തസ് സൂചിപ്പിക്കുകയാണെന്നു തോന്നുന്നു.

ആശയങ്ങൾക്കും മനുഷ്യബന്ധങ്ങൾക്കും ലയമുണ്ടു്. ആശയത്തിനു് ഒരു ലയമുണ്ടായിരിക്കുമ്പോൾ അതു് അദ്ഭുതപ്പെടുത്തും നമ്മളെ. അതേ ആശയം തന്നെ മറ്റൊരു ലയത്തിൽ വന്നു വീഴുമ്പോൾ നമുക്കു പുച്ഛം തോന്നും.

ആശയങ്ങൾക്കും മനുഷ്യബന്ധങ്ങൾക്കും ലയമുണ്ടു്. ആശയത്തിനു് ഒരു ലയമുണ്ടായിരിക്കുമ്പോൾ അതു് അദ്ഭുതപ്പെടുത്തും നമ്മളെ. അതേ ആശയം തന്നെ മറ്റൊരു ലയത്തിൽ വന്നു വീഴുമ്പോൾ നമുക്കു പുച്ഛം തോന്നും. പിതാപുത്ര ബന്ധം നോക്കുക. അമ്പതു വർഷം മുൻപുണ്ടായലയമല്ല ഇന്നു് അതിനുള്ളതു്. മദ്യപനും വ്യഭിചാരിയും ഭാര്യതാഡകനും (wife-beater) ആണു് പിതാവെങ്കിലും അയാളുടെ ദർശനത്തിൽ മകൻ എഴുന്നേറ്റു നിൽക്കുമായിരുന്നു അരശതാബ്ദത്തിനു മുൻപു്. ഇന്നത്തെ പിതാവു് മാന്യനും ഏകപത്നീവ്രതക്കാരനും മദ്യവിരോധിയുമൊക്കെയാണെങ്കിലും മകൻ അയാളെ സ്നേഹിക്കില്ല, ബഹുമാനിക്കില്ല. കഴിയുന്നിടത്തോളം അയാളെ അപമാനിക്കുകയേയുള്ളൂ. ബന്ധത്തിന്റെ ലയത്തിനു വന്ന മാറ്റമാണിതിനു ഹേതു.

images/Kafka.jpg
കാഫ്ക

വിവാഹം കഴിഞ്ഞോ എങ്കിൽ പത്തു മാസത്തിനകം പെണ്ണു പെറ്റിരിക്കണം അന്നു് ഭർത്താവിന്റെ വീട്ടുകാർക്കു നിർബന്ധം. അതു് പണ്ടായിരുന്നു. അതുപോലെ ഗർഭം ധരിച്ചില്ലെങ്കിൽ പെണ്ണിനു ദേഷ്യവും നൈരാശ്യവും. ലയം മാറി. ഇന്നു കുഞ്ഞിനെ വേണ്ടാത്ത പെണ്ണുങ്ങൾ അസംഖ്യം. ഈ ലയ പരിവർത്തനത്തെ ഭേദപ്പെട്ടരീതിയിൽ ആലേഖനം ചെയ്യുന്ന ഒരു ചെറുകഥയുണ്ടു് ദേശാഭിമാനി വാരികയിൽ; നാസുവിന്റെ ‘പ്രണയകാലത്തിലെ കറുത്തപക്ഷം.’ താൻ ചിത്രീകരിക്കുന്ന സ്ത്രീയുടെയും അവളുടെ ഭർത്താവിന്റെയും മാനസികതലങ്ങളിൽ പ്രകാശം ചെന്നുവീഴത്തക്ക വിധത്തിൽ കഥാകാരൻ കഥ പറഞ്ഞിട്ടുണ്ടു്.

Leo Rosten’s Gaint Book of Laughter എന്ന പുസ്തകത്തിൽ കണ്ട ഒരു നേരമ്പോക്കു് ഇവിടെ എടുത്തെഴുതുന്നു: ഐറിഷ് സാഹിത്യകാരനായ ജോർജ് മോറി ന്റെ എൺപതാമത്തെ ജന്മദിനത്തിൽ ആരോ അദ്ദേഹത്തോടു ചോദിച്ചു. ആ വിധത്തിലുള്ള ദീർഘവും ആരോഗ്യപൂർണ്ണവുമായ ജീവിതത്തിനു ഹേതുവെന്താണെന്നു്. മോർ മറുപടി നൽകി: “ഞാൻ അതിനെക്കുറിച്ചു് ഏറെച്ചിന്തിച്ചിട്ടുണ്ടു്. എന്റെ പ്രായത്തിനും ആരോഗ്യത്തിനുമുള്ള കാരണം ഉറപ്പോടെ എനിക്കു് വ്യക്തമാക്കാൻ കഴിയും. ഞാൻ ഒരു സിഗററ്റ് തൊടുകയോ കുടിക്കുകയോ ഒരു പെൺകുട്ടിയെ സ്പർശിക്കുകയോ ചെയ്തിട്ടില്ല, എനിക്കു പത്തുവയസ്സാകുന്നതുവരെ.”

പാരുഷ്യമില്ല
images/VS_Naipaul.jpg
നൈപോൾ

തിരുവനന്തപുരത്തെ ഒരു പീടികയിൽവച്ചു് ഒരു ഡോക്ടറെ കാണാനിടയായി. അദ്ദേഹവും അദ്ദേഹത്തിന്റെ സഹധർമ്മിണിയും പതിവായി സാഹിത്യവാരഫലം വായിക്കുന്നുവെന്നു് എന്നോടു പറഞ്ഞു. ഞാൻ സർക്കാർ സർവ്വീസിൽ നിന്നു് (സർവ്വീസ് എന്ന പ്രയോഗത്തെ നൈപോൾ അദ്ദേഹത്തിന്റെ പുതിയ പുസ്തകത്തിൽ കളിയാക്കിയിട്ടുണ്ടു്) വിരമിച്ചുവെന്നു് അദ്ദേഹം പറഞ്ഞപ്പോൾ പ്ലാറ്റിറ്റ്യൂഡ് ആണെന്നറിഞ്ഞുകൊണ്ടുതന്നെ ഞാൻ പറഞ്ഞു: You don’t look so. ഉടനെ ഡോക്ടർ അറിയിച്ചു “ദൃഷ്ടിദോഷത്തിൽ ഞാൻ വിശ്വസിക്കുന്നു.” അതൊരന്ധവിശ്വാസമാണെന്നു് എനിക്കാദ്യം തോന്നിയെങ്കിലും പിന്നീടുള്ള ആലോചനയിൽ അങ്ങനെ അന്ധവിശ്വാസമല്ല അതു് എന്നു് എനിക്കു ഉറപ്പായി. കാമം കത്തുന്ന കണ്ണുകൾകൊണ്ടു് സ്ത്രീയെ നോക്കിയാൽ അസൂയ തിളച്ചുമറിയുന്ന കണ്ണുകൾകൊണ്ടു മറ്റുള്ളവരെ നോക്കിയാൽ ആ കണ്ണുകളിൽ നിന്നു പുറപ്പെടുന്ന സവിശേഷങ്ങളായ രശ്മികൾ ആ വ്യക്തികൾക്കു ദോഷം ചെയ്യും. The five senses എഴുതിയ ആളും ഇതു പറഞ്ഞിട്ടുണ്ടെന്നാണു് എന്റെ ഓർമ്മ. മുസ്ലിം സ്ത്രീകൾ മുഖം മറക്കുന്നതു് ദൃഷ്ടിദോഷമൊഴിവാക്കാനാണു്. ശ്രീ സതീഷ് ബാബു പയ്യന്നൂർ കലാകൗമുദിയിൽ എഴുതിയ ‘വൃശ്ചികം വന്നുവിളിച്ചു’ എന്ന ചെറുകഥയിൽ കണ്ണിനു അമൃതം പകരുന്ന ഒരു പെൺകുട്ടിയുടെ ചിത്രമാണുള്ളതു്. അവളെക്കാണുന്ന യുവാവിനു കാമമില്ല, സ്നേഹമേയുള്ളൂ. സ്നേഹത്തിനു രശ്മികളുണ്ടു്. വളരെ നേരം അവ പെൺകുട്ടിയിൽ പതിച്ചാൽ അവളും അയാളെ സ്നേഹിച്ചുതുടങ്ങും. പക്ഷേ, മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിക്കാനുള്ള ബന്ധുവിന്റെ ആഹ്വാനത്തോടെ ആ ദർശനത്തിനു ഭംഗം വന്നു പോകുന്നു. ആ സ്നേഹഭംഗത്തെ കഥാകാരൻ പാരുഷ്യമൊട്ടുമില്ലാതെ സ്ഫുടീകരിച്ചിരിക്കുന്നു.

പ്രേമസംഭാഷണം: ബലാൽസംഗത്തിനും ഹർഷോന്മാദത്തിനും തമ്മിലുള്ള വ്യത്യാസം. (മുകളിൽപ്പറഞ്ഞ Giant Book of Laughter-ൽ നിന്നു്.)

പി. എസ്സ്.
images/Carlos_Fuentes.jpg
കാർലോസ് ഫ്വേന്തസ്

പണ്ടു് ഒരാനയുണ്ടായിരുന്നു. ആ ഗജശ്രേഷ്ഠൻ എവിടെപ്പോയാലും ഒരെലി കൂടെയുണ്ടാവും. എപ്പോഴും കൂടെ നടക്കുന്നവനോടു സ്നേഹം തോന്നും. പുച്ഛവും തോന്നാം. പക്ഷേ, നമ്മുടെ ആന മാന്യനും നല്ലവനുമായിരുന്നതുകെണ്ടു് അയാൾക്കു എലിയോടു വാത്സല്യമേ ഉണ്ടായിരുന്നുള്ളൂ. കൊത്തിക്കൊത്തി മുറത്തിൽ കയറിക്കൊത്തുന്നതു് ചില ദുർബ്ബലരുടെ സ്വഭാവമാണല്ലോ. അതുകൊണ്ടു് എലി ഒരു ദിവസം ആനയോടു പറഞ്ഞു: ചില ഉപദേശങ്ങൾ അങ്ങേയ്ക്കു തരാനുണ്ടു്. ഉറക്കെപ്പറയാൻ വയ്യ. മറ്റുള്ളവർ കേൾക്കും. അതുകൊണ്ടു ചെവി എന്റെ വായ്ക്കടുത്തു വച്ചു് തരണം. മഹാമനസ്കനായ ആന ഈ അപേക്ഷ കേട്ടയുടനെ കാലുകൾ മടക്കി താഴെയിരുന്നു. എന്നിട്ടും എലിക്കു് ചെവിയോളമെത്താൻ കഴിയുന്നില്ല. അതുകണ്ടു് ആന തല ചരിച്ചു. പക്ഷേ, കഴുത്തിലെ മാംസപേശികൾ ഒരളവുവരെ മാത്രമേ ആ ചരിയലിനു സഹായമരുളിയുള്ളൂ. ‘ചെവി അടുപ്പിക്കൂ, ചെവി അടുപ്പിക്കൂ’ എന്നു എലി വീണ്ടും വീണ്ടും പറഞ്ഞിട്ടും ആനയുടെ കഴുത്തു വഴങ്ങിക്കൊടുത്തില്ല.

സ്വഭാവശുദ്ധിയുള്ളവരുടെ മുഖങ്ങൾ യൗവ്വനകാലത്തു് സുന്ദരങ്ങളായിരിക്കും. ആ വിശുദ്ധി വാർദ്ധക്യകാലം വരെയും അവർ പുലർത്തിയാൽ സൗന്ദര്യത്തിനു് ലോപം വരില്ല.

ചങ്ങമ്പുഴ എന്ന ഗജശ്രേഷ്ഠൻ ജീവിച്ചിരുന്ന കാലത്തു് ചില എലികൾ അദ്ദേഹത്തിന്റെ പിറകേ നടന്നു ‘ഉപദേശം കേൾക്കൂ’ എന്നു പറഞ്ഞു. അദ്ദേഹം അതു കേൾക്കാൻ സന്നദ്ധനായിരുന്നുവെങ്കിലും പ്രതിഭയുടെ ശക്തിയാർജ്ജിച്ച ഗജനാളം ചരിഞ്ഞുവന്നില്ല. പ്രഭാവവും പ്രാഭവവും കാണിച്ച ആ കവി മണ്മറഞ്ഞിട്ടും ചില എലികൾ ഉപദേശവുമായി ഇവിടെ നടക്കുന്നുണ്ടു്. ആ മൂഷികക്കൂട്ടങ്ങൾക്കു് എക്സ്പ്രസ്സ് ആഴ്ചപ്പതിപ്പിലൂടെ പി. എസ്. നല്ല മറുപടി നൽകിയിരിക്കുന്നു. “മൂന്നു പന്തീരാണ്ടുമാത്രം ജീവിക്കാൻ കഴിഞ്ഞ ചങ്ങമ്പുഴ മുപ്പതു പുരുഷാന്തരത്തിന്റെ പൂർണ്ണിമയായിരുന്നു. ഇന്നു ആ പുരുഷാന്തര പൂർണ്ണിമയെ നമുക്കു സ്മരിക്കുക. ദരിദ്രമെന്നു പറയാവുന്ന ഇന്നത്തെ മലയാള കവിതയ്ക്കു് ആ സ്മരണ സൗന്ദര്യവും ശക്തിയും നൽകട്ടെ.” സത്യത്തിൽ സത്യമായ ഈ പ്രസ്താവം നടത്തിയ പി. എസ്സിനെ ഈ ലേഖകൻ സവിനയം അഭിനന്ദിക്കട്ടെ.

സംഭവങ്ങൾ
  1. വെറ്റില മുറുക്കിക്കൊണ്ടിരിക്കുന്നവന്റെ ചെകിട്ടത്തു് അടിക്കരുതു് എന്നു പറയാറുണ്ടു്. ചെകിട്ടിലടിച്ചില്ലെങ്കിലും കുഴപ്പമുണ്ടാകുമെന്നതിനു തെളിവുണ്ടു്. ശ്രീ. പൊന്നറ ശ്രീധർ, വേറെ ചിലർ ഇവരോടു് ഒരുമിച്ചു ഞാനൊരു വിവാഹത്തിനു പോകുകയായിരുന്നു. വലിയ മുറുക്കുകാരനായിരുന്നു ശ്രീധർ. അദ്ദേഹം ഭേഷായി ഒന്നു മുറുക്കി കാറിന്റെ ജന്നലിൽക്കൂടി പുറത്തേക്കു തുപ്പി. പക്ഷേ, തുപ്പിയതു മുഴുവൻ ശ്രീധറിന്റെയും ഞങ്ങളുടെയും പുറത്തു വന്നുവീണു. കാർഡോറിന്റെ മുകളിലുള്ള കണ്ണാടി ഉയർത്തിവച്ചിരിക്കുകയായിരുന്നു. ശ്രീധർ അതറിഞ്ഞില്ല. പിന്നെ തിരിച്ചു വീട്ടിലേക്കു പോന്നു എല്ലാവരും. കുളിച്ചു വേഷം മാറി വിവാഹത്തിനുപോകാൻ സമയമില്ലായിരുന്നു.
  2. വെട്ടിക്കവല നാരായണ ദാസിനെ എനിക്കു പരിചയമുണ്ടായിരുന്നു. ചാലുക്കോണം കുട്ടൻ പിള്ള, മലയാളിപ്പത്രത്തിന്റെ കൊട്ടാരക്കര പ്രതിനിധി കെ. പി. ഗോപാലൻ നായർ, ഞാൻ, മറ്റു ചിലർ ഇവരെല്ലാം കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിന്റെ അടുത്തിരുന്നു സംസാരിക്കുകയായിരുന്നു (1940 എന്നു് ഓർമ്മ). വെട്ടിക്കവല നാരായണദാസ് വിചിത്രമായ ഒരഭിപ്രായം പറഞ്ഞു. സ്ത്രീകളുടെ ചാരിത്രം അവരുടെ ഒരു മാനസിക രോഗമാണു്.
  3. എറണാകുളം മഹാരാജാസ് കോളേജിൽ ഒരു സമ്മേളനം. പേരുകേട്ട ഒരു സാഹിത്യകാരൻ വിരസമായി പ്രസംഗിക്കുകയാണു്. പ്രഭാഷണത്തിനിടയ്ക്കു് ഇലക്ട്രിസിറ്റി ഇല്ലാതെയായി. പ്രഭാഷകൻ ഇരുന്നു. എന്റെ അടുത്തു പ്രൊഫസർ എം. എസ്. മേനോൻ ഇരിക്കുകയായിരുന്നു. അദ്ദേഹം പറഞ്ഞു: ‘മൈക്ക് ഇസ് മോർ സെൻസിബിൾ’—മൈക്കിനു കൂടുതൽ വിവേകമുണ്ടു്.
  4. കേശവദാസ് പൂജപ്പുരെ മഹിളാ മന്ദിരത്തിനു എതിർവശത്തുള്ള ഒരു വാടകകെട്ടിടത്തിൽ താമസിച്ചിരുന്നു. ഒരു ദിവസം വൈകുന്നേരം ഞങ്ങൾ സംസാരിച്ചിരിക്കെ ഒരു ഇൻഷുറൻസ് ഏജന്റ് അവിടെ വന്നു കയറി. ‘ഒരു പോളിസി എടുക്കണം സർ’ എന്നു് അയാളുടെ അഭ്യർത്ഥന. ‘ഇന്നിവിടെ ചായയിടാൻ ചായപ്പൊടിയില്ല. പിന്നെയാണു് ഇൻഷ്വറൻസ്’ എന്നു ദേവ്. അയാളുണ്ടോ വിടുന്നു. “സർ ഈശ്വരനെയും തോൽപ്പിക്കാനാണു് ഇൻഷ്വറൻസ് ഏർപ്പെടുത്തിയിരിക്കുന്നതു്. കാറ് എവിടെയെങ്കിലും ഇടിച്ചാൽ അമ്പതിനായിരം രൂപ കമ്പനി തരും. നമുക്കു് എന്തെങ്കിലും ആപത്തു സംഭവിച്ചാൽ ഒരുലക്ഷം രൂപ അവർ തരും. ഈശ്വരനു് അപകടങ്ങൾ ഉണ്ടാക്കാൻ കഴിയും. ഇൻഷ്വറൻസ് കമ്പനി വലിയ തുക തന്നു് അദ്ദേഹത്തെയും തോൽപ്പിക്കും.” അതുകേട്ടു് എനിക്കു് ആ ഏജന്റിനോടു ബഹുമാനം തോന്നി. ദേവാകട്ടെ കൂടുതൽ അസ്വസ്ഥതയോടെ ‘നിറുത്തൂ, നിറുത്തൂ’ എന്നു ആവശ്യപ്പെട്ടു. അയാൾ ചിരിച്ചുകൊണ്ടു് തൊഴുതിട്ടു് ഇറങ്ങിപ്പോയി.
  5. സാത്ത്വികനും ഞാനേറെ ബഹുമാനിക്കുന്ന ആളുമായ ഒരു ക്രൈസ്തവ പുരോഹിതൻ പ്രസംഗിക്കുന്നതു് ഞാൻ കേട്ടു. ഒരു മലയാളി ജോലിയില്ലാതെയിരിക്കുമ്പോൾ വെറും മലയാളി. അയാൾക്കു ജോലി കിട്ടിയാൽ ജോലിക്കാരൻ. ഒരു ജോലിക്കാരൻ കൂടി അയാളോടു ചേർന്നാൽ അവർ തൊഴിലാളികൾ. അങ്ങനെ മൂന്നു തൊഴിലാളികൾ ഒരുമിച്ചു ചേർന്നാൽ സംഘടന. സംഘടനയിൽ അംഗങ്ങൾ കൂടിയാൽ പണിമുടക്കു്. പണിമുടക്കായാൽ ലോക്കൗട്ട്. ലോക്കൗട്ട് ആയാൽ വീട്ടിൽ വെറുതെ വന്നിരിക്കുന്ന മലയാളി. ഇതു് ഞാൻ കേശവദേവിനോടു പറഞ്ഞപ്പോൾ അദ്ദേഹം ചിരിച്ചുകൊണ്ടു അറിയിച്ചു. “ഒരു നായർ തണ്ടൻ; രണ്ടു നായന്മാർ രണ്ടു തണ്ടന്മാർ; മൂന്നു നായന്മാർ മൂന്നു തണ്ടന്മാർ” ‘എന്തേ അങ്ങനെ പറയാൻ?’ എന്നു എന്റെ ചോദ്യം. അതിനു കേശവദേവ് മറുപടി നൽകി. “ഞാനിന്നു് കാറിൽ സ്റ്റാറ്റ്യു ജംഗ്ഷനിലേക്കു പോകുമ്പോൾ… (പേരു്) പൂജപ്പുര ബസ് സ്റ്റാൻഡിൽ ബസ്സ് കാത്തുനിൽക്കുന്നതു കണ്ടു. ഞാൻ കാറു നിറുത്തി ‘വരൂ’ എന്നു വിളിച്ചു. ‘വരുന്നില്ല’ എന്നു തണ്ടോടെ പറഞ്ഞു. നായരേ ഈ തണ്ടു കാണിക്കൂ.”
“കർമ്മകോല”
images/KarmaCola.jpg

ഭാരതീയർ, വിശേഷിച്ചും കേരളീയർ വായിക്കേണ്ട പുസ്തകമാണു് ഗീത മേത്ത യുടെ ‘കർമ്മകോല’. ഈ വർഷം ‘മിനർവ’ പ്രസാധകർ പുനഃപ്രസാധനം ചെയ്ത ഈ ഗ്രന്ഥത്തിനു് ഗീത ഒരവതാരിക എഴുതിച്ചേർത്തിട്ടുണ്ടു്. അതിലെ ഒരു ഭാഗം ഗ്രന്ഥത്തിന്റെ സ്വഭാവം സ്പഷ്ടമാക്കിത്തരും. കർമ്മകോല വായിച്ച ഒരു സ്ത്രീ—അവർ ഇന്നു് ഭ്രാന്താശുപത്രിയിലാണു്—ഗീതയ്ക്കു് എഴുതി. ഭൗതിക ജീവിതത്തിന്റെ വൈരസ്യത്തിൽ നിന്നു രക്ഷപ്പെടാൻ ഇന്ത്യയിലെ വിശുദ്ധ സന്ന്യാസികളെ തേടി അമേരിക്കയിൽ നിന്നു് എത്തിയ ആയിരമായിരം ആളുകളിൽ പെട്ടവളായിരുന്നു ആ സ്ത്രീ. റോഡിൽ വച്ചു കണ്ട ഒരു കാഷായ വസ്ത്രക്കാരൻ അവരുടെ ആദ്ധ്യാത്മിക ഗുരുവായിക്കൊള്ളാമെന്നു സമ്മതിച്ചു. ആ സ്ത്രീയെ അയാൾ ഹിമാലയ പർവ്വതത്തിലെ ഒരു ഗുഹയിൽ കൊണ്ടു ചെന്നു. അവിടെ പല സന്ന്യാസികൾ. അവരൊക്കെ മിസ്റ്റിസം ആ സ്ത്രീക്കു പറഞ്ഞു കൊടുക്കാൻ സന്നദ്ധരായിരുന്നു. പിന്നീടു് ഉദ്ബോധനം തുടങ്ങി. അതിനു മുൻപു് അവർ ആ സ്ത്രീക്കു കൊടുത്ത ഭക്ഷണത്തിൽ മയക്കുമരുന്നുകൾ ചേർത്തിരുന്നു. അശക്തയായിത്തീർന്ന ആ സ്ത്രീയെ ആ സന്ന്യാസിമാരെല്ലാം ബലാത്സംഗം ചെയ്തു. ആഴ്ചകളോളം അവരെ ആ ഗുഹയിൽ താമസിപ്പിച്ചു് ‘സെക്ച്വൽ അസോൾട്ട്’ നടത്തി. ഒടുവിൽ അവർ അവിടെ നിന്നു രക്ഷപ്പെട്ടു് അമേരിക്കയിലെത്തി. ഇന്നു് അവർ ഭ്രാന്തിയാണു്.

ഗീത മേത്ത അധ്യാത്മവിദ്യയ്ക്കു് എതിരല്ല. കാഷായം ധരിച്ചു കൊണ്ടു ബലാത്സംഗം നടത്തുന്ന ഹീനന്മാരെ ‘തൊലിപൊളിച്ചു’ കാണിക്കുകയാണു് ശ്രീമതി. അതു് അവർ അനുഷ്ഠിക്കുന്ന മഹനീയമായ സേവനമാണുതാനും.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1990-11-04.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 6, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.