സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1990-11-25-ൽ പ്രസിദ്ധീകരിച്ചതു്)

കഥാപാത്രത്തിന്റെ ബോധമണ്ഡലത്തെ ചില വാക്കുകൾ കൊണ്ടു പിടിച്ചെടുത്തു് വികാരസാന്ദ്രതയെ ആവിഷ്കരിക്കുമ്പോഴാണു് കലയുടെ ഉദയം.

എനിക്കു കോളിൻ വിൽസന്റെ എല്ലാപ്പുസ്തകങ്ങളും ഇഷ്ടമാണു്. പ്രശസ്തനായ ഡൊം മൊറൈസ് ഒരിക്കൽ അദ്ദേഹത്തെക്കണ്ടപ്പോൾ “എന്തു ചെയ്യുന്നു” എന്നു ചോദിച്ചു. “ഞാൻ വൃത്തികെട്ട പുസ്തകങ്ങൾ എഴുതുന്നു” എന്നു് അദ്ദേഹം മറുപടി നൽകി. കോളിൻ വിൽസൻ എഴുതുന്നതു് വൃത്തികെട്ട പുസ്തകങ്ങൾ തന്നെയെന്നു് അടുത്തകാലത്തു് ഡൊം മൊറൈസ് The Independent ദിനപത്രത്തിൽ എഴുതി. സൗന്ദര്യം സൃഷ്ടിക്കുന്നതിൽ മാത്രം തൽപ്പരനായ കവിയുടെ നിരർത്ഥക പ്രസ്താവമായി മാത്രം അതിനെ പരിഗണിച്ചാൽമതി.

images/ColinWilson.jpg
കോളിൻ വിൽസൻ

കഴിഞ്ഞയാഴ്ച ഞാൻ വായിച്ച Written in Bloods—A History of Forensic Detection എന്ന പുസ്തകം (Grafton Books—£3=50 special price) നമ്മൾ എല്ലാവരും വായിക്കേണ്ടതാണു്. വിശേഷിച്ചും പൊലീസ് ഉദ്യോഗസ്ഥന്മാർ. കുപ്രസിദ്ധമായ Ruxton case അതിൽ മറ്റു കെയ്സുകളെപ്പോലെ വികാരോത്തേജകമായ വിധത്തിൽ വർണ്ണിച്ചിട്ടുണ്ടു്. 1935 സെപ്റ്റംബർ 29-നു് ഒരു യുവതി ലിൻ നദിയുടെ പാലത്തിൽ ചാരിനിന്നപ്പോൾ ഒരു കെട്ടു് പാറക്കല്ലിൽ തടഞ്ഞുനിൽക്കുന്നതായും അതിൽ നിന്നു് ഒരു കൈ ഉയർന്നുവന്നിരിക്കുന്നതായും കണ്ടു. രണ്ടു മനുഷ്യശിരസ്സുകൾ. നാലുകെട്ടുകളിലായി തുടയെല്ലുകളും മാംസക്കഷണങ്ങളും കൈയില്ലാത്ത ഉടലും. രണ്ടു കൈകൾ, 1935 സെപ്റ്റംബർ 15-ആം തീയതിയിലെ ഒരു വർത്തമാനപ്പത്രത്തിൽ പൊതിഞ്ഞുവച്ചിരുന്നു. മരിച്ചവരെ തിരിച്ചറിയാതിരിക്കാൻ വേണ്ടി മുഖത്തെ തൊലി ഉരിച്ചുകളഞ്ഞിരിക്കുന്നു. ആകെ എഴുപതു കഷണങ്ങൾ വിഖ്യാതനായ ഗ്ലേസ്റ്ററാണു് പരിശോധന നടത്തിയതു്. അദ്ദേഹവും അനുചരന്മാരും ചേർന്നു് ആ മാംസക്കട്ടകളിൽ നിന്നു രണ്ടു രൂപങ്ങൾ ഉണ്ടാക്കി. രണ്ടും സ്ത്രീകളുടെ മൃതദേഹങ്ങൾ മൂന്നു സ്തനങ്ങൾ കെട്ടുകളിൽ ഉണ്ടായിരുന്നു. അസ്ഥിബന്ധങ്ങളെക്കുറിച്ചു് അറിവുള്ള ഡോക്ടറാണു കൊലപാതകി എന്നായി അഭ്യൂഹം. അതു ശരിയായിരുന്നു താനും. കൊലപ്പെട്ടവരുടെ പല്ലുകൾ പറിച്ചെടുത്തുകളഞ്ഞിരുന്നെങ്കിലും പിന്നീടുകിട്ടിയ ഒരു കെട്ടിലെ രണ്ടു കൈകളിൽ വിരലുകൾ ഉണ്ടായിരുന്നു. അവ ചൂടുവെള്ളത്തിൽ കുതിർത്തെടുത്തപ്പോൾ നല്ല വിരലടയാളങ്ങൾ കിട്ടി. നാല്പതുവയസ്സുകഴിഞ്ഞാൽ തലയോടുകളിലെ ചേർപ്പുകൾ നല്ലപോലെ ചേർന്നുപോകും. ഒരു തലയോടിലെ ചേർപ്പുകളിൽ നിന്നു് നാൽപ്പതു വയസ്സിനോടു് അടുപ്പിച്ച സ്ത്രീയാണു് കൊല്ലപ്പെട്ടതെന്നു ഗ്ലേസ്റ്റർ മനസ്സിലാക്കി. മറ്റേ സ്ത്രീക്കു് ഇരുപതിനോടു് അടുപ്പിച്ച വയസ്സും.

images/Dom_Moraes.jpg
ഡൊം മൊറൈസ്

അക്കാലത്തു് ലങ്കാസ്റ്ററിൽ ഒരു പെർഷ്യൻ ഡോക്ടർ ബക്ക് റക്സ്റ്റൺ തന്റെ ഭാര്യയെ കാണാനില്ലെന്നു പൊലീസിനോടു പരാതി പറഞ്ഞിരുന്നു. പക്ഷേ, അയാൾ തന്നെയാണു് ഭാര്യയെ ജാരസംസർഗ്ഗ സംശയത്തിന്റെ പേരിൽ കൊന്നതു്. സ്ത്രീയുടെ നിലവിളികേട്ടു് ഓടിയെത്തിയ പരിചാരികയെയും അയാൾ കൊന്നു. ആറ്റിൽക്കണ്ട മൃതദേഹങ്ങൾ ഡോക്ടറുടെ ഭാര്യയുടെയും വേലക്കാരിയുടെയും മൃതദേഹങ്ങളല്ലെന്നു് അയാളുടെ വക്കീൽ വാദിച്ചെങ്കിലും ഫിങ്കർ പ്രിന്റ് തുടങ്ങിയ തെളിവുകൾ കൊലപാതകി ആരെന്നു് തെളിയിച്ചു. ഡോക്ടറെ തൂക്കിക്കൊന്നു കോടതി വിധിയനുസരിച്ചു്.

ഈ സംഗ്രഹത്തിൽ നിന്നു് ഗ്ലേസ്റ്ററുടെ ഫാറെൻസിക് (forensic) വിജ്ഞാനത്തെക്കുറിച്ചു് ഒന്നും സ്പഷ്ടമാക്കുന്നില്ലെന്നു് എനിക്കറിയാം. അതുകൊണ്ടു് പുസ്തകം വായിച്ചു നോക്കാൻ ഞാൻ അവരോടും വിശേഷിച്ചു് പൊലീസ് ഉദ്യോഗസ്ഥന്മാരോടും അപേക്ഷിക്കുന്നു. “…Written In Blood” is an authoritative and compelling work that will fascinate the expert criminologist and the general reader alike എന്ന പ്രസ്താവം സത്യം.

കമ്പിയാപ്പീസിലെ ശിപായി

“ഒരു കവിയുടെ സമ്പൂർണ്ണ കൃതികൾ ഒറ്റയിരിപ്പിൽ വായിച്ചുതീർക്കുന്നതു് നല്ലതാണോ?” “ജിലേബിയുടെ സ്വാദു് അറിയണമെങ്കിൽ അല്പാല്പമായി രുചിക്കണം. വിഴുങ്ങിയാൽ പറ്റില്ല. ഒറ്റയിരിപ്പിലെ വായന വിഴുങ്ങലാണു്.”

എന്റെ കാരണവരുടെ ഭാര്യക്കു് ആവശ്യത്തിലധികം മക്കളുണ്ടായിരുന്നെങ്കിലും അവർ ഒരനാഥശിശുവിനെ എടുത്തുവളർത്തി. കാരണവരും ഭാര്യയും ആ ശിശുവിനെ പഠിപ്പിച്ചു നല്ല നിലയിലാക്കാൻ നന്നേശ്രമിച്ചെങ്കിലും അവന്റെ വിദ്യാഭ്യാസം അഞ്ചാം ക്ലാസ്സിനപ്പുറം പോയില്ല. നിലവിളക്കു കത്തിച്ചു വച്ചു കഴിഞ്ഞാൽ പയ്യൻ പാഠപുസ്തകമെടുത്തു വായന തുടങ്ങും. എന്നും ഒരു പാഠം തന്നെ വായിക്കും. ‘ടൈറ്റാനിക്കിന്റെ അത്യാഹിതം’ ആണ്ടിൽ മുന്നൂറ്റിയറുപത്തിയഞ്ചു ദിവസവും ആ ബാലൻ അയൽവീട്ടുകാരുടെ ചെവിപൊട്ടിക്കുമാറു് ‘ടൈറ്റാനിക്കിന്റെ അത്യാഹിതം’ വായിക്കുന്നതു് ഞാൻ കേട്ടിട്ടുണ്ടു്. കണക്കിന്റെ ഉത്തരക്കടലാസ്സിലും അവൻ ‘ടൈറ്റാനിക്’ കടലിൽ മുങ്ങിയതെങ്ങനെയെന്നു് എഴുതിവച്ചിരിക്കും. അഞ്ചാം ക്ലാസ്സിലു് വച്ചു വിദ്യാഭ്യാസം നിറുത്തി. കാലം കഴിഞ്ഞു. കാരണവർ മരിച്ചു. ഭാര്യയ്ക്കു് കഷ്ടപ്പാടായി. അവർ കടംവാങ്ങിച്ചുതുടങ്ങി. “പരമേശ്വരാ, നീ കുറുങ്കുടി വീട്ടിൽച്ചെന്നു് ഇരുപത്തഞ്ചു രൂപ കടം വാങ്ങിക്കൊണ്ടുവാ” എന്നു് അവർ ഒരു ദിവസം പറഞ്ഞു. അപ്പോഴേക്കും യുവാവായിമാറിയ പരമേശ്വരൻ കുറുങ്കുടി വീട്ടിലേക്കു പോയിവരുന്നതും കാത്തു് ഗൃഹനായിക ഇരിക്കുകയാണു്. മൂന്നു മണിക്കൂർ കഴിഞ്ഞു പരമേശ്വരൻ എത്തുന്നു. കാരണവരുടെ ഭാര്യ ഉത്കണ്ഠയോടെ ‘രൂപകിട്ടിയോ?’ എന്നു ചോദിക്കുന്നു. പരമേശ്വരൻ തോർത്തുകുടഞ്ഞു് തറയിൽ വിരിച്ചിട്ടു തുടങ്ങുന്നു: “ഞാൻ ഇവിടെ നിന്നു് റോഡിലേക്കു് ഇറങ്ങിയപ്പോൾ നമ്മുടെ കാർത്തി അമ്മച്ചിവരുന്നു. ‘എവിടെപ്പോകുന്നു പരമേശ്വരാ’ എന്നു് അമ്മച്ചിയുടെ ചോദ്യം. ‘കുറുങ്കുടിയിലേക്കു്’ എന്നു് ഉത്തരം. ശ്രീകണ്ഠേശ്വരത്തേക്കു തിരിഞ്ഞപ്പോൾ നമ്മുടെ കൊച്ചിലാണ്ടണ്ണൻ വരുന്നു. (മേക്കപ്പ് ആർടിസ്റ്റായ കെ. വി. നീലകണ്ഠൻ നായരാണു് ഈ കൊച്ചിലാണ്ടണ്ണൻ) ‘പരമേശ്വരാ എന്തെല്ലാം വിശേഷം?’ എന്നു് അണ്ണൻ ചോദിച്ചു. ഇത്രയുമാകുമ്പോൾ ഗൃഹനായികയുടെ ക്ഷമനശിക്കുന്നു. കൊണ്ടുവന്ന പണം കൊടുത്തിട്ടു വേണം അരിവാങ്ങി അടുപ്പിലിടാൻ അവർ ദേഷ്യത്തോടെ “എടാ… മോനേ പണം കിട്ടിയോ എന്നുപറ” എന്നു അലറുന്നു. “പറയാം അമ്മച്ചി” എന്നു പറഞ്ഞിട്ടു് പിന്നീടും അയാൾ അരമണിക്കൂർ നേരം വഴിയിലെ വിശേഷങ്ങൾ വർണ്ണിക്കുന്നു. കാരണവരുടെ ഭാര്യ ലോകത്തുള്ള സകലതെറിവാക്കുകളുടെയും ഉടമസ്ഥയാണെന്നു തെളിയിക്കുമ്പോൾ “ങ്ഹാ കുറുങ്കുടിയിലെ ചേട്ടൻ പറഞ്ഞു ഒറ്റക്കാശില്ലെന്നു്” എന്നു പരമേശ്വരൻ അരുളിചെയ്യുന്നു. ഈ പരമേശ്വരനെ ഒരു ‘റ്റിപ്പിക്കൽ ക്യാരിക്ട’റായി കരുതാം.

images/Ernst_Weiss.jpg
Ernst Weiss

എനിക്കു പരിചയമുള്ള ഒരു പ്രഫെസറോടു ഞാൻ ഒരു ദിവസം പറഞ്ഞു: “സർ, വിഷമായ രാസവസ്തുവീണ പഞ്ചാരകഴിച്ചു് പലരും മരണമടഞ്ഞു. അറിഞ്ഞോ?” പ്രഫെസർ ഇതുകേട്ടു് തുടങ്ങി: ‘ഓ ഷുഗറിൽ അതു വീണോ? ഷുഗർ മിൽ തിരുവല്ലയിലോ മറ്റോ ഇല്ലേ? മന്നം ഷുഗർ മില്ലോ? മന്നം. മന്നത്തുപദ്മനാഭൻ. അദ്ദേഹത്തിന്റെ വീടു് എവിടെയാണു് ? ചങ്ങനാശ്ശേരിയിലോ? ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ള എന്നൊരു വലിയ ആൾ ഉണ്ടായിരുന്നല്ലോ? അദ്ദേഹത്തിന്റെ ജീവചരിത്രം എഴുതിയതു് ആരു്? സി. നാരായണപിള്ളയോ? സി. നാരായണപിള്ള ഇടപ്പള്ളിക്കാരനല്ലേ? രാഘവൻപിള്ള എന്നൊരു കവിയും ഇടപ്പള്ളിയിൽ ഉണ്ടായിരുന്നല്ലോ. അദ്ദേഹം ആത്മഹത്യചെയ്തു അല്ലേ? ആത്മഹത്യ മാനസികരോഗമാണു്. അതിനെക്കുറിച്ചു് ഏമിൽ ദുർകേം പുസ്തകമെഴുതിയിട്ടുണ്ടു്. യൂണിവേഴ്സിറ്റി ലൈബ്രറിയിൽ അതുണ്ടു്. ഓ ഇന്നു് ലൈബ്രറിക്കു് അവധിയാണു്. തൊട്ടതിനും പിടിച്ചതിനുമൊക്കെ അവധി. നമ്മുടെ നാടു്! റഷ്യയിലാണെങ്കിൽ അവധിയേയില്ല. അവിടെ ക്രൂഷ്ചേവാണു് അധികാരി. നമ്മുടെ പാർവത്യകാരന്മാരെയും അധികാരി എന്നുവിളിക്കും” ഇത്യാദി. മരണത്തെക്കുറിച്ചു് അദ്ദേഹത്തോടു സംസാരിച്ച ഞാൻ പ്രാണനും കൊണ്ടു് ഓടി. ഈ പ്രഫെസറും ‘റ്റിപ്പിക്കൽ ക്യാരിക്ടർ’തന്നെ.

images/kuttykrishnan.jpg
കടവനാടു കുട്ടിക്കൃഷ്ണൻ

ഈ രണ്ടുപേരെയും—പരമേശ്വരനെയും പ്രഫെസററെയും—ഓർമ്മിപ്പിക്കുന്നു മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ‘ആംബ്യുലൻസ് ’ എന്ന ചെറുകഥ എഴുതിയ ശ്രീ. എം. രാഘവൻ. ഗർഭിണി വീട്ടിലിരിക്കുന്നു. കമ്പിയാപ്പീസിലെ ജോലിക്കാരൻ കമ്പിസന്ദേശവുമായി വരുന്നു. അയാൾ വരുന്നവഴി, ഗെയ്റ്റിലെ വിടവു്, ഗർഭിണിയുടെ വീർത്ത വയറു്, വിറയൽ, ഇങ്ങനെ പോകുന്ന പരസ്പരബന്ധമില്ലാത്ത വിവരണങ്ങൾ. കഥയാകെ മൂന്നു പുറങ്ങളിൽ, രണ്ടു പുറത്തോളമായിട്ടും കമ്പിയാപ്പീസ് ജോലിക്കാരൻ ടെലിഗ്രാം കൊടുക്കുന്നില്ല ഗർഭിണിയുടെ കൈയിൽ. പിന്നീടു് കൊടുത്തിരിക്കണം. ആംബ്യുലൻസിൽ മൃതദേഹം കൊണ്ടുവരുന്നു. മരിച്ചയാളിന്റെ വീട്ടിലേക്കാണു് അതുകൊണ്ടു പോകുന്നതു്. ഗർഭിണി കുളിക്കാൻ തുടങ്ങുമ്പോൾ വായനക്കാരുടെ ഭാഗ്യംകൊണ്ടു് പരമേശ്വരൻ പണം കിട്ടിയില്ലെന്നു പറയുന്നു. പ്രഫെസർ നിറുത്തുന്നില്ലെന്നു കണ്ടു് വേറൊരധ്യാപകൻ ഓടുന്നു. സഹജാവബോധത്തിന്റെ തീക്ഷ്ണതയോടുകൂടി മരിച്ചയാളിന്റെ ഭാര്യയുടെ മാനസികനില ചിത്രീകരിക്കാതെ നമ്മുടെ കഥാകാരൻ ശാഖാചംക്രമണം നടത്തുന്നു. കഥാപാത്രത്തിന്റെ ബോധമണ്ഡലത്തെ ചില വാക്കുകൾ കൊണ്ടുപിടിച്ചെടുത്തു് വികാരസാന്ദ്രതയെ ആവിഷ്ക്കരിക്കുമ്പോഴാണു് കലയുടെ ഉദയം. അതു് രാഘവനു് അറിഞ്ഞുകൂടാ. അറിഞ്ഞുകൂടാത്തതുകൊണ്ടാണു് കമ്പിയാപ്പീസ് ജോലിക്കാരനെ രണ്ടുപുറങ്ങളിൽ ടെലിഗ്രാം കൈയിൽ വയ്പിച്ചുകൊണ്ടു നിറുത്തുന്നതു്; ഇടയ്ക്കിടെ ഗതാവലോകന കലാസങ്കേതമുപയോഗിച്ചു് ഗൾഫ് രാജ്യത്തിൽ വച്ചു് ഗർഭിണി ഏതോ ഉണങ്ങിയ കായുടെ കുരുനീട്ടിത്തുപ്പിയപ്പോൾ ഗ്രില്ലിൽ ചെന്നടിച്ചു് താഴെ വീണതു വർണ്ണിക്കുന്നതു്. ജീവിതത്തെ വിരസമായ ഒരു ടെക്നിക്കിൽ ഒതുക്കിയാൽ അതു് കലയാവും, കഥയാവും എന്നു് രാഘവൻ “ധരിച്ചു വശാ”യിരിക്കുന്നു. വികാരത്തിലേക്കല്ല അനുവാചകൻ വലിച്ചെറിയപ്പെടുന്നതു്. അർത്ഥശൂന്യങ്ങളും ഔചിത്യരഹിതങ്ങളുമായ പ്രസ്താവങ്ങളിലേക്കാണു്.

കടലിൽ മുങ്ങിത്താഴാൻ പോകുന്ന ബോട്ടിൽ സഞ്ചരിക്കുന്നവരെക്കുറിച്ചെഴുതിയ ഒരു കഥയുടെ ആരംഭം ഇങ്ങനെയാണു്. (The Open Boat Stephen Crane) None of them knew the color of the sky. മുങ്ങിച്ചാകാൻ പോകുന്നവർ ആകാശത്തേക്കു നോക്കില്ല. തങ്ങൾക്കു നേരെ ആഞ്ഞടിക്കുന്ന തിരകളെമാത്രമേ കാണൂ. ഇതാണു് ‘ഇൻസൈറ്റ്’. ഇതില്ലാത്തവർ കഥയെഴുതി മനുഷ്യരെ ഉപദ്രവിക്കരുതു്.

Cardiac Suture എന്നൊരു വിസ്മയജനകമായ ജർമ്മൻകഥ ഞാൻ വായിച്ചിട്ടുണ്ടു് (Ernst Weiss എഴുതിയതു്) ഹൃദയത്തിലേക്കു സ്റ്റീൽ പെൻ കുത്തിയിറക്കി ആത്മഹത്യയ്ക്കു ശ്രമിച്ച ഒരു പെൺകുട്ടിയുടെ ഹൃദയത്തിൽ തയ്യലിടുന്നതിനെ വർണ്ണിക്കുന്ന ആ കഥയിൽ ഏതാനും വാക്യങ്ങൾ കൊണ്ടു് കഥാകാരൻ സംഭ്രമം സൃഷ്ടിക്കുന്നു. ശസ്ത്രക്രിയയ്ക്കുശേഷം: Good. From now on, pure oxygen, three and a half, four litres-by and by. And camphor for safety’s sake. Keep her head low, up in the ward too… Blood transfusion only if required. Rather yes than no, which blood group? A? And you Mr. Von B?

“Also A Sir”

ഇതു വായിക്കു. കലയുടെ അദ്ഭുതം കാണാം. കഥയെഴുതേണ്ടതു് എങ്ങനെയെന്നു ഗ്രഹിക്കാം.

കടവനാടു് കുട്ടിക്കൃഷ്ണൻ

“ടെലിവിഷനു് ഒരു നല്ല നിർവ്വചനം തരൂ” “സ്വന്തമായി ഒന്നും തോന്നുന്നില്ല. ഒരു മിടുക്കൻ പറഞ്ഞതു് എഴുതാം. ‘നമ്മൾ ഒരിക്കലും വീട്ടിൽ കയറ്റാത്ത ആളുകളെ വീട്ടിനകത്തു കൊണ്ടുവരുന്ന ഒരു ഉപകരണം.”

ഇതെഴുതിക്കൊണ്ടിരിക്കുമ്പോൾ വിദ്യുച്ഛക്തി ഇല്ലാതെയായി. അങ്ങനെയുള്ള ഭംഗങ്ങൾ കൂടക്കൂടെ ഉണ്ടാകുമെന്നറിയാവുന്നതുകൊണ്ടു് ഞാൻ വലിയൊരു മെഴുകുതിരി വാങ്ങിച്ചുവച്ചിട്ടുണ്ടു്. അതു കത്തിച്ചു. ജന്നലിൽക്കൂടി കയറിവരുന്ന ചെറുകാറ്റേറ്റു് അതു് ചാഞ്ഞും ചരിഞ്ഞും കത്തുന്നുണ്ടു്. കാറ്റടിക്കുമ്പോൾ ഒന്നു ചാഞ്ഞാൽ, ആ കാറ്റിനു് തെല്ലു ശക്തികൂടുമ്പോൾ ഒന്നു ചരിഞ്ഞാൽ മരണം സംഭവിക്കില്ലെന്നു മെഴുകുതിരി ദീപത്തിനറിയാം. കാറ്റു് തീരെയില്ലാതെയായിട്ടും അതു ചഞ്ചലമാകുന്നല്ലോ. എന്റെ ഹൃദയവികാരം തരംഗങ്ങളായി അതിനെ സ്പർശിക്കുന്നുണ്ടോ? അതുമാവാം. വിദ്യുച്ഛക്തി വന്നിട്ടു് എഴുത്തുതുടരാമെന്നു വിചാരിച്ചു് ഞാൻ ഭവനത്തിന്റെ പൂമുഖത്തു വന്നു നിന്നു. ഒരു സുന്ദരിപ്പെൺകുട്ടി പാതയിലൂടെ പോകുന്നു. വഴുക്കലുള്ള പാതയിലെ വെള്ളക്കെട്ടുകൾ പാവാടയിൽ തട്ടരുതെന്നുവിചാരിച്ചു് അവൾ പാവാട കണങ്കാലോളം ഉയർത്തിപ്പിടിച്ചിട്ടുണ്ടു്. അവളുടെ കാലിലെ വെള്ളിക്കൊലുസ്സു് നേരിയ നിലാവുതട്ടി തിളങ്ങുന്നു. എന്തൊരു സുന്ദരമായ ലോകം! ലോകം സുന്ദരമായി തോന്നുന്നതു് നമ്മളുടെ മനസ്സു് ആഹ്ലാദനിർഭരമായിരിക്കുമ്പോഴാണു്. വിഷാദമഗ്നമാണു് മനസ്സെങ്കിൽ മെഴുകുതിരി ദീപവും കൊലുസ്സിന്റെ തിളക്കവും നമ്മെ വിഷാദിപ്പിക്കുകയേയുള്ളു. ഇപ്പോൾ ഈ ആഹ്ലാദത്തിനു ഹേതുവെന്തു? മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ശ്രീ. കടവനാടു കുട്ടിക്കൃഷ്ണൻ എഴുതിയ ‘ബസ് ഗുരുവായൂർക്കു്’ എന്ന മനോജ്ഞമായ കാവ്യം വായിച്ചു എന്നതുതന്നെ. കവി ഗുരുവായൂർക്കു ബസ്സിൽ പോകുന്നതായി സങ്കല്പം. അതിൽ ഒരു യുവാവും ഒരു യുവതിയും സഞ്ചരിക്കുന്നതായി സങ്കല്പം. അവർ തങ്ങളുടെ ഇഷ്ടമനുസരിച്ചു് അമ്പലത്തിൽച്ചെന്നു വിവാഹം കഴിക്കാൻ പോകുന്നതായി സങ്കല്പം. കുറേക്കഴിഞ്ഞപ്പോൾ അവരെ ബസ്സിൽ കാണുന്നില്ലെന്നു സങ്കല്പം. കാവ്യം വായിച്ചുകഴിഞ്ഞപ്പോൾ ഒരു കിനാവുകണ്ടതിനു ശേഷം ഉണർന്നതായി തോന്നിയെനിക്കു്. കവി സൃഷ്ടിക്കുന്ന സൗന്ദര്യത്തിനു ചുറ്റും ഹാസ്യത്തിന്റെ പരിവേഷം. സങ്കൽപ്പത്തിലെ യുവാവു് യുവതിയോടു പറയുകയാണു്:

“എന്നാൽ നാമിന്നെത്തിയിരിപ്പതു

പെൺമോഷ്ടാവിൻ സന്നിധിയിൽ, തൻ-

പെങ്ങളെയും മോഷ്ടിക്കാനായ് തുണ

നിന്നൊരഭേദ ശുഭാശിസ്സിങ്കൽ

എന്തിന്നമലേ ഖേദം?

എനിക്കു് ആഹ്ലാദത്തിന്റെ അനുഭൂതി നൽകിയ ഈ കവിക്കു് അഭിവാദനം.

ചോദ്യവും ഉത്തരവും (സാഹിത്യപരം)

ചോദ്യം: വള്ളത്തോളിന്റെയും കുമാരനാശാന്റെയും കാവ്യസങ്കൽപ്പങ്ങൾക്കുള്ള വ്യത്യാസമെന്തു?

ഉത്തരം: വള്ളത്തോൾ ജീവിതത്തിന്റെ സൗന്ദര്യത്തിൽ മാത്രം കവിത കണ്ടു. (മാനം ചേർന്ന ഭടന്റെ… എന്നു തുടങ്ങുന്ന ശ്ലോകം നോക്കുക) കുമാരനാശാൻ ജീവിതത്തിന്റെ സൗന്ദര്യത്തിലും വൈരൂപ്യത്തിലും കവിത ദർശിച്ചു. (പോരാളിപ്പരിഷ ചൊരിഞ്ഞ ചോരയാറ്റിൽ… എന്ന ഭാഗം നോക്കുക) പിടയുന്ന കാർമേഘത്തിലും പിടയുന്ന മനുഷ്യനിലും കുഞ്ഞിന്റെ കണ്ണുകളിലും കവിത കണ്ട കവിയാണു് ഹരീന്ദ്രനാഥ്!!

ചോദ്യം: മലയാള സാഹിത്യത്തിലെ ഏറ്റവും ശ്രേഷ്ഠമായ നോവലേതു്?

ഉത്തരം: സി. വി. രാമൻപിള്ള യുടെ ‘രാമരാജാബഹദൂർ’.

ചോദ്യം: കേരളത്തിലെ ഏറ്റവും വലിയ അഭിനേതാവു് ആരു്?

ഉത്തരം: ടി. ആർ. സുകുമാരൻനായർ (അന്തരിച്ചു പോയി).

ചോദ്യം: നവീന മലയാള സാഹിത്യത്തിലെ ഉത്കൃഷ്ടമായ നോവലേതു്?

ഉത്തരം: ഒ. വി. വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസം’.

ചോദ്യം: ഒരു കവിയുടെ സമ്പൂർണ്ണകൃതികൾ ഒറ്റയിരിപ്പിൽ വായിച്ചുതീർക്കുന്നതു് നല്ലതാണോ?

ഉത്തരം: ജിലേബിയുടെ സ്വാദു് അറിയണമെങ്കിൽ അല്പാല്പമായിരുചിക്കണം. വിഴുങ്ങിയാൽ പറ്റില്ല. ഒറ്റയിരിപ്പിലെ വായന വിഴുങ്ങലാണു്. (ഉത്തരം മൗലികമല്ല. ഏതോ ഒരു കവിയുടെ കാവ്യത്തിലെ ആശയമാണെന്നു് ഓർമ്മ പറയുന്നു.)

ചോദ്യം: അതി സുന്ദരമായ ഒരു പ്രേമകഥ ഏതാണെന്നു പറയൂ?

ഉത്തരം: Carson Mc Cullers എഴുതിയ The Sojourner.

നിമിഷസത്യങ്ങൾ

നിത്യജീവിതത്തിൽ ആരോ കളഞ്ഞ കറൻസിനോട്ട് നമുക്കു കിട്ടിയെന്നു വിചാരിച്ചു കലയുടെ ലോകത്തും അതാകാൻ പാടില്ല. ആകാമെന്നു തോന്നണമെങ്കിൽ കഥാസന്ദർഭത്തെ ആ രീതിയിൽ ചിത്രീകരിക്കണം.

നേരിയ നിലാവിൽ നീങ്ങുന്ന മേഘത്തുണ്ടുകൾ. അവ അല്പമകന്നുകഴിഞ്ഞാൽ സൌന്ദര്യം ഇല്ലാതാവുന്നു. നിശാഗന്ധി വിരിയാൻ തുടങ്ങുകയാണു് എന്റെ വീട്ടുമുറ്റത്തു്. വിടർന്നാൽ എന്തൊരു ഭംഗി. പക്ഷേ, എത്ര മണിക്കൂർ നേരമാണു് ഈ രാമണീയകം നിൽക്കുക? നിശാശലഭം പനിനീർച്ചെടിയിലെ ഒരിലയിൽ വന്നിരുന്നിട്ടു് പറന്നകലുന്നു. ഇവയെല്ലാം—മേഘവും നിശാഗന്ധിയും നിശാശലഭവും— താൽകാലികസത്യങ്ങളാണു് കവി തകഴി ശങ്കര നാരായണന്റെ ഭാഷയിൽ പറഞ്ഞാൽ ‘നിമിഷസത്യങ്ങ’ളാണു്. ഈ നിമിഷസത്യങ്ങളെക്കുറിച്ചു പാടിയ കവിയാണു് ചങ്ങമ്പുഴ. ചങ്ങമ്പുഴക്കവിതയുടെ സാരാംശത്തിലേക്കു അന്തർദൃഷ്ടി വ്യാപരിച്ചു് ശ്രീ. ശങ്കരനാരായണൻ പാടുന്നു:

നിമിഷസത്യങ്ങൾക്കു

നിറമാരിവില്ലിന്റെ

രുചിയേറ്റി മാങ്മയം തത്തി

ധനുമാസ ചന്ദ്രികയി

ലേഴിലംപാലയുടെ

ധവള സുമസൗരഭ്യമുറി.

അസ്ഥിയുടെ പൂക്കളായ്

വാക്കുവിരിയുന്നൊരാ

ശക്തി സൗന്ദര്യ പ്രവാഹം.

ചങ്ങമ്പുഴക്കവിതയ്ക്കുള്ള ശക്തിയും സൌന്ദര്യവും അവയെ പ്രകീർത്തിക്കുന്ന ഈ കാവ്യത്തിനുമുണ്ടു്. സിൽവിയ പ്ലാത്തിന്റെ ഒരു കാവ്യമാരംഭിക്കുന്നതു് ഇങ്ങനെയാണു്:

If the moon smiled, she would resemble you

You leave the same impression

Of something beautiful, but annihilating

Both of you are great light borrowers

Her O-mouth grieves at the world. Yours is unaffected.

ചങ്ങമ്പുഴയും മാറ്റൊലിക്കവികളും ഒരുപോലെ. രണ്ടു കൂട്ടരും പ്രകാശം കടംവാങ്ങുന്നുവെന്നു പ്ലാത്തു് പറഞ്ഞതു് ചങ്ങമ്പുഴയ്ക്കു ചേരില്ല. അദ്ദേഹം പ്രകാശം തന്നെയാണു്. ആ കവി ലോകത്തെ നോക്കി വിഷാദിച്ചു. മാറ്റൊലിക്കവികൾക്കു ഭാവവ്യത്യാസമേയില്ല. വിഷാദമഗ്നമാണെങ്കിലും തകഴി ശങ്കരനാരായണൻ പറയുന്നതു പോലെ അതു ഇടിനാദവുമായിരുന്നു.

യുഗസംക്രമത്തിന്റെ

കവിയായ് പൊലിഞ്ഞ നിൻ

തുടികൊള്ളുമസ്ഥിമാടത്തിൽ

തിലബിന്ദുവാലല്ല

ഹൃദയരക്തത്തിനാൽ

ബലിനൽകുവാൻ ഞങ്ങളെത്തി

ഇടറാത്തൊരായുഗ

സ്പന്ദങ്ങളോരോന്നു

മിടിനാദമായ് ഞങ്ങൾ കേൾക്കെ

പിടയുമാത്മാവുകൾ

പുത്തൻ പ്രതീക്ഷതൻ

തുടിമുഴക്കങ്ങളായ് മാറി.

ചങ്ങമ്പുഴയുടെ കാവ്യഗ്രന്ഥങ്ങളുടെ പേരുകൾ പറയാതെ അവയുടെ ചൈതന്യത്തെ കണ്ടറിഞ്ഞു് സ്വന്തം ഭാഷയിൽ ആവിഷ്ക്കരിക്കുന്ന തകഴി ശങ്കരനാരായണന്റെ ഈ കാവ്യം സുന്ദരമാണു്.

ചോദ്യവും ഉത്തരവും (ആത്മവിഷയകം)

ചോദ്യം: നിങ്ങളെ മറ്റുള്ളവർ കുറ്റം പറയുമ്പോൾ നിങ്ങൾക്കു് എന്തു തോന്നും?

ഉത്തരം: അവർ സത്യം പറയുന്നു. അതു കാണാൻ എനിക്കു കണ്ണില്ലല്ലോ എന്നു്.

ചോദ്യം: നിങ്ങൾ ചിരിക്കാത്തതെന്തു?

ഉത്തരം: ഞാൻ ബഹുമാനിക്കുന്ന മന്ത്രിയാണു് ശ്രീമതി കെ.ആർ. ഗൗരിഅമ്മ. അവർ ‘കൃഷ്ണൻനായർ ചിരിക്കാത്തതെന്തു?’ എന്നു് ഒരു സമ്മേളനത്തിൽ പരസ്യമായി ചോദിച്ചു. പ്രഫെസർ എം.കെ. സാനുവാണു് ആ ചോദ്യത്തിനു് ഉത്തരം നൽകിയതു് പ്രഭാഷണത്തിനിടയിൽ. ‘കൃഷ്ണൻനായർ ചിരിക്കുന്നുണ്ടു്. ഉള്ളിലാണു് ആ ചിരി. പുറത്തു കാണുന്നില്ല എന്നേയുള്ളു.

ചോദ്യം: നിങ്ങൾ യൂറോപ്യൻ വേഷം ധരിച്ചാൽ എങ്ങനെയിരിക്കും?

ഉത്തരം: എങ്ങനെയിരിക്കുമെന്നു് എനിക്കറിയാം. അതുകൊണ്ടാണു് എന്നെ ഗൾഫ് രാജ്യങ്ങളിലേക്കു പലരും ക്ഷണിച്ചിട്ടും ഞാൻ പോകാത്തതു്?

ഒന്നു കരയൂ

മാനസം കല്ലുകൊണ്ടല്ലാത്തതായുള്ള

മാനവരാരാനുമുണ്ടെന്നിരിക്കുകിൽ

ഇക്കല്ലറതൻ ചവിട്ടുപടിയിലൊ

രല്പമിരുന്നു കരഞ്ഞേച്ചു പോകണേ

images/cvramanpilla.png
സി. വി. രാമൻപിള്ള

എന്നു് ആവശ്യപ്പെട്ടതു ചങ്ങമ്പുഴയാണെന്നല്ലേ നമ്മളുടെ വിചാരം? അല്ല. ദേശാഭിമാനി വാരികയിൽ ‘സുധാകരന്റെ ഓണം’ എന്ന ചെറുകഥ എഴുതിയ മേഘനാദനാണു് ആ ദയനീയമായ അപേക്ഷ നടത്തുന്നതു്. “ഞാൻ കഥയുടെ ശവക്കല്ലറ നിർമ്മിച്ചു വച്ചിരിക്കുന്നു. മനസ്സു് കല്ലല്ലാത്ത വല്ല വായനക്കാരനുമുണ്ടെങ്കിൽ ഇതിന്റെ പുറത്തുകയറി അല്പനേരമിരുന്നു കരഞ്ഞിട്ടുപോകണേ” എന്നാണു് അദ്ദേഹത്തിന്റെ അഭ്യർത്ഥന. ഞാൻ കരഞ്ഞു. കരയാതിരിക്കുന്നതെങ്ങനെ? ദരിദ്രനായ സുധാകരൻ ഒരു കൂട്ടുകാരനോടു പണം കടംവാങ്ങാൻ ബസ് സ്റ്റാൻഡിൽ വന്നു നിൽക്കുന്നു. രണ്ടുപേരെ നേരത്തേ ഉള്ളിൽ കരുതിയെങ്കിലും ഒരുത്തനെ കണ്ടു. കടം കിട്ടിയില്ല. ചായകുടിക്കാൻ പോലും പൈസയില്ല. അങ്ങനെ ദുഃഖിച്ചു നില്ക്കുമ്പോൾ അതാ കിടക്കുന്നു ഒരു നൂറുരൂപനോട്ട് റോഡിൽ. ആരും കാണാതെ ഭയത്തോടെ അതെടുത്തു. മകനു് റെഡിമെയ്ഡ് ഉടുപ്പുവാങ്ങിച്ചു. ഓണസ്സദ്യക്കു് വേണ്ടതൊക്കെ മേടിച്ചു. തിരുവോണ ദിവസം ഭാര്യ ചോറുവിളമ്പി. പക്ഷേ, സുധാകരനു ചോറു് ഇറങ്ങുന്നില്ല. നോട്ട് കളഞ്ഞവൻ തന്നെപ്പോലെ ദരിദ്രനാണെങ്കിലോ? അയാൾ ഓണത്തിനു് ഉണ്ണാതെ ഇരിക്കുകയാവുമല്ലോ. ഇംഗ്ലീഷിൽ tear jerker എന്നു വിളിക്കുന്ന കഥയുണ്ടു്. നോവലുണ്ടു്. മേഘനാദൻ കണ്ണീരു ചാടിച്ചേ അടങ്ങു എന്ന മട്ടുകാണിക്കുന്നു. ആരെങ്കിലും കരഞ്ഞോ, കരയുമോ? ഞാൻ കരഞ്ഞു എന്നു് മുൻപെഴുതിയതു് തമാശയായിട്ടാണു്. എന്റെ മാനസം അത്രകരിങ്കല്ലൊന്നുമല്ല. എന്നിട്ടും ഞാൻ ഇതിലെ അതിഭാവുകത്വവും കലാരാഹിത്യവും ബാലിശത്വവും കണ്ടു് പൊട്ടിച്ചിരിച്ചു. കരയിക്കാനാണല്ലോ ചായകുടിക്കാൻ പൈസയില്ലാത്ത അയാൾക്കു് വഴിയിൽ കിടക്കുന്ന നോട്ട് കഥാകാരൻ കാണിച്ചുകൊടുത്തതു്. നമുക്കും പലതും കളഞ്ഞുകിട്ടാറില്ലേ? അതുകൊണ്ടു് കഥാലോകത്തും കഥാപാത്രത്തിനു് നൂറല്ല. അഞ്ഞൂറു രൂപയുടെയോ അയ്യായിരം രൂപയുടെയോ നോട്ട് റോഡിൽ നിന്നു കിട്ടിക്കൊള്ളട്ടെ. പക്ഷേ അതു് വിശ്വാസ്യത ജനിപ്പിക്കണം. നിത്യജീവിതത്തിൽ ആരോ കളഞ്ഞ കറൻസിനോട്ട് നമുക്കു് കിട്ടിയെന്നു വിചാരിച്ചു കലയുടെ ലോകത്തും അതാകാൻ പാടില്ല. ആകാമെന്നു തോന്നണമെങ്കിൽ കഥാസന്ദർഭത്തെ ആ രീതിയിൽ ചിത്രീകരിക്കണം. ഇന്നത്തെ നിലയിൽ ഇതു് സ്കൂൾ ബോയ് ഷോർട് സ്റ്റോറിയാണു്. ദേശാഭിമാനി വാരിക ധിഷണാശാലികളും മനസ്സിനു പരിപാകം വന്നവരും വായിക്കുന്ന ഉത്കൃഷ്ടമായ വാരികയാണു്. അതിലെ ‘കുട്ടികളുടെ ലോകം’ എന്ന പംക്തിയിൽ ഇതു് അച്ചടിച്ചുവന്നെങ്കിൽ ഞാൻ വായിക്കില്ലായിരുന്നു. എനിക്കു് ഇതു് എഴുതേണ്ടിവരുമായിരുന്നില്ല.

ഇന്നലെ ബസ് കാത്തു് റോഡിൽ നിന്നപ്പോൾ ഒരു മാരുതിക്കാർ അടുത്തുവന്നു നിന്നു. അതിനകത്തു് ഇരുന്ന ഒരാൾ എന്നോടു് എന്തോ ചോദിച്ചു. ആ മനുഷ്യന്റെ വായനങ്ങുന്നതു് എനിക്കുകാണാമെന്നല്ലാതെ ഒരുവാക്കും കേൾക്കാൻവയ്യ. കാർഡോറിന്റെ കണ്ണാടി ഉയർത്തിവച്ചിരിക്കുകയാണു്. ഞാൻ മറുപടി പറയാതെ നിന്നപ്പോൾ ‘ഇവനൊരു തണ്ടൻ’ എന്ന മട്ടിൽ കാറു് കൊണ്ടുപോകാൻ അയാൾ ഡ്രൈവറോടു് പറഞ്ഞു. അതും ആംഗ്യമായി ഞാൻ കണ്ടു.

ഇതുപോലെ ആശയം പകർന്നുകൊടുക്കാത്ത കഥകളുണ്ടു്. അവരുടെ ഭാഷ എന്ന കണ്ണാടിയിലാണു് തടസ്സം ഉണ്ടാക്കുന്നതു്.

‘ഇൻസൈറ്റ്’ ഇല്ലാത്തവർ കഥയെഴുതി മനുഷ്യരെ ഉപദ്രവിക്കരുതു്.

ഒരു മാസത്തിനു മുമ്പു് ഒരാൾ പണം കടം ചോദിക്കാൻ വീട്ടിലെത്തി. ചോദിച്ചു കഴിഞ്ഞയുടനെ മകനെവിടെ എന്നായി വേറൊരു ചോദ്യം. മകൻ മരിച്ചു കഴിഞ്ഞിട്ടു് എട്ടു വർഷമായിയെന്നു ഞാൻ പറഞ്ഞപ്പോൾ അവനെ കണ്ടിട്ടില്ലാത്ത ആഗതൻ ‘അയ്യോ ആ പയ്യൻ പോയോ’ എന്നു ചോദിച്ചുകൊണ്ടു് നെഞ്ചത്തടിച്ചു നിലവിളിച്ചു. അയാളുടെ തേങ്ങലും ഏങ്ങലും നിലവിളിയും കേട്ടു വീട്ടുകാർ പേടിച്ചു. കള്ളക്കരച്ചിൽ. പണം കിട്ടാൻവേണ്ടിയുള്ള രോദനം. ഇങ്ങനെ വ്യാജവിലാപം നടത്തുന്ന ചെറുകഥകളുമുണ്ടു്.

ചോദ്യവും ഉത്തരവും (സാമൂഹികം)

ചോദ്യം: നിങ്ങൾ ശുദ്ധമായ മലയാള പദങ്ങൾ ഉള്ളപ്പോൾ സംസ്കൃതപദങ്ങൾ പ്രയോഗിക്കുന്നതെന്തിനു്?

ഉത്തരം: അച്ചടിത്തെറ്റുവന്നാൽ അസഭ്യമാകുന്ന ചില മലയാള പദങ്ങൾ ഉണ്ടു്. ആ തെറ്റു വരാനിടയുള്ള വാക്കുകൾ സംസ്കൃതത്തിലാക്കിയാണു് ഞാൻ എഴുതാറു്. ടെലിഗ്രാം അയയ്ക്കുമ്പോഴും ഞാൻ സൂക്ഷിക്കാറുണ്ടു്. ഒരുത്തൻ അയാളുടെ ഭാര്യക്കു് Wish you were here എന്നു കമ്പി സന്ദേശമയച്ചു. Here എന്ന പദത്തിന്റെ അവസാനത്തെ അക്ഷരമില്ലാതെയാണു് ടെലിഗ്രാം അവർക്കു കിട്ടിയതു്. അപ്പോൾ Wish you were her എന്നായി.

ചോദ്യം: ടെലിവിഷനു് ഒരു നല്ല നിർവ്വചനം തരൂ

ഉത്തരം: സ്വന്തമായി ഒന്നും തോന്നുന്നില്ല. ഒരു മിടുക്കൻ പറഞ്ഞതു് എഴുതാം. ‘നമ്മൾ ഒരിക്കലും വീട്ടിൽ കയറ്റാത്ത ആളുകളെ വീട്ടിനകത്തു കൊണ്ടുവരുന്ന ഒരു ഉപകരണം’

ചോദ്യം: തിരുവനന്തപുരത്തെ ഹോട്ടലുകളിൽ എഴുതിവയ്ക്കാവുന്ന ബോർഡ് എന്താവാം?

ഉത്തരം: ‘കൈകഴുകാനുള്ള സ്ഥലം’ എന്നതു മാറ്റി ‘ഛർദ്ദിക്കാനുള്ളസ്ഥലം’ എന്നാക്കാം. അല്ലെങ്കിൽ ഇങ്ങനെയുമാകാം: ‘ഒരിക്കൽ നിങ്ങൾ ഇവിടെ നിന്നു ഭക്ഷണം കഴിച്ചാൽ പിന്നെ വേറൊരിടത്തുനിന്നും ഭക്ഷണം കഴിക്കില്ല’

പാസ്സും സ്പെൻഡറും
images/Ramarajabahadoor.jpg

ഒരു മഹാനായ കവി മറ്റൊരു മഹാനായ കവിയെ ആദരിക്കുന്നതെങ്ങനെയെന്നു ഗ്രഹിക്കണമെങ്കിൽ സ്റ്റീഫൻ സ്പെൻഡർ നോബൽ സമ്മാനം നേടിയ ഒക്ടാവ്യോ പാസ്സിനെക്കുറിച്ചു് എഴുതിയതു വായിക്കണം. (The Economist വാരിക 20—26 October) ലോകത്തെസ്സംബന്ധിച്ചു് ഒരു വീക്ഷണഗതിയുള്ള എഴുത്തുകാരന്റെ അനന്യത—identity— അമൂർത്താശയങ്ങളിൽ വിലയം കൊണ്ടുപോകുമെന്നാണു് സ്പെൻഡറുടെ അഭിപ്രായം. പാസ്സിന്റെ കാര്യത്തിൽ അതു സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം സ്പാനിഷ് ഭാഷയിലെഴുതുന്ന മെക്സിക്കൻ തന്നെയായി വർത്തിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. സമുന്നതമായവിധത്തിൽ മൗലികപ്രതിഭയുള്ള സ്വത്വശക്തിയാണു് പാസ്സിന്റേതു്. അതു് അദ്ഭുതമാവഹിക്കുന്നതും ഏതിലും കടന്നു ചെല്ലുന്നതുമാണു്. പാസ്സിനു് നോബൽ സമ്മാനം നൽകിയ അക്കാഡമി ആ കൃത്യം കൊണ്ടു് മാന്യത ആർജ്ജിച്ചിരിക്കുന്നുവെന്നു് സ്പെൻഡർ അസന്ദിഗ്ദ്ധമായി പ്രസ്താവിക്കുന്നു.

images/Carsonmccullers.jpg
Carson Mc Cullers

പാസ്സിന്റെ കവിതയ്ക്കാണോ ഉപന്യാസങ്ങൾക്കാണോ സമ്മാനം കിട്ടിയതെന്നു ന്യൂസു് വീക്കിന്റെ സാറാ അദ്ദേഹത്തോടു ചോദിച്ചു. കവിതയ്ക്കും ഉപന്യാസങ്ങൾക്കുമാണു് അക്കാഡമി സമ്മാനമെന്നു് സ്പഷ്ടമാക്കിയതിനുശേഷം പാസ്സു് പറഞ്ഞു കവിതാരചനയ്ക്കു പകരമായിട്ടാണു് പ്രബന്ധരചനയിൽ ഏർപ്പെട്ടതെന്നു്. കവികൾ പാടുന്നവരാണു് എന്നൊരു പരമ്പരാഗതമായ ആശയമുണ്ടു്. കവിക്കു കണ്ഠം മാത്രമല്ല മനസ്സുമുണ്ടല്ലോ. അതിനാൽ കവിയുടെ വ്യപാരമണ്ഡലം വികാസമാർന്നതാണു്. (ന്യൂസ്വീക്ക് Oct 22) ഈ വിചാരഗതിയുള്ളതുകൊണ്ടാവണം പാസ്സു് സാമാന്യകരണത്തിലുള്ള താൽപര്യം വിട്ടു് ബ്ലേക്കിന്റെ minute particulars—സൂക്ഷ്മങ്ങളായ വിശദാംശങ്ങളിലേക്കു പോയതു് (സ്പെൻഡർ പറയുന്നതാണിതു്).

വൈരൂപ്യം

ഖരനെ വധിച്ചു. ശൂർപ്പണഖയ്ക്കു അംഗവൈരൂപ്യം വരുത്തി. അങ്ങനെ രാവണന്റെ അടുത്തേക്കു പോകുന്ന രാക്ഷസിയെ പുനം നമ്പൂതിരി വർണ്ണിച്ചിട്ടുണ്ടു്. ചില വരികളേ ഓർമ്മയുള്ളു. അവ എഴുതാം:

“മധ്യേമാർഗ്ഗം നവനവരുധിരം

വർഷിച്ചീടും കാളഘനാഘന

മാലയിതെന്നും, ബാലാതപനിര

പൂണ്ടു നടക്കും നീലാഞ്ജനഗിരി

നൂനമിതെന്നും പരിചൊടു ജഗതാ

മാർത്തിവളർപ്പാൻ പെരുമാറീടിന

കൃത്യയിതെന്നും നാസികയില്ലതി

ഘോരതതേടിന യാതനതന്നേ

പാർക്കിലിതെന്നും ഭീഷണതയ്ക്കൊരു

ഭൂഷണമെന്നും വൈരൂപ്യത്തിനൊ

രാസ്പദമെന്നും… ”

images/Stephen_Spender.jpg
സ്റ്റീഫൻ സ്പെൻഡർ

ആ പ്രയോഗം നോക്കുക; വൈരൂപ്യത്തിനൊരാസ്പദമെന്നും. ശൂർപ്പണഖയുടെ ആ വൈരൂപ്യം ഇപ്പോൾ ഞാൻ കാണുന്നതു് സിസിലിയാമ്മ പെരുമ്പനാനി ‘കൈരളീ സുധ’ ആഴ്ചപ്പതിപ്പിൽ എഴുതിയ ‘ഉറപ്പു്’ എന്ന കഥ (?) യിലാണു്. ഭാരതീറ്റീച്ചറിന്റെ ഒരു ശിഷ്യൻ പിശകാണു്. അവനെ നേരയാക്കാൻ റ്റീച്ചർ അവനെ വീട്ടിലേക്കു വിളിക്കുന്നു. മാമ്പഴം ചെത്തിക്കൊടുക്കുന്നു. മേലിൽ പഠിക്കാമെന്നു് വാക്കുകൊടുത്തിട്ടു പോകുമ്പോൾ ഭാരതീ റ്റീച്ചർ ഗെയ്റ്റിൽ പിടിച്ചുകൊണ്ടു് അങ്ങനെ നിന്നുപോയി പോലും. എന്തൊരു കഥയാണിതു്.

ത്രിദശമഹാരിപുനിശിചരപെരുമാൾ

ശൗര്യക്കട്ട ദശഗ്രീവൻ താൻ

മന്ത്രികളോടും തെളിവിലിരിക്കും

മണിമയരംഗാങ്കണഭുവിഗത്വാ

മൂക്കും മുലയും പ്രാഭൃതമാക്കി-

പ്പെരികെരുദിത്വാ സാരജനീചരി

രാവണനോടു പഴിച്ചുപറഞ്ഞാൾ

വൈരുപ്യംവന്ന ശൂർപ്പണഖയെക്കാൾ വൈരുപ്യമുണ്ടു് ഇക്കഥയ്ക്കു്. ഇതുപോലെയുള്ള പത്തു കഥകൾ തുടർച്ചയായി വായിച്ചാൽ ജീവിതത്തോടു തന്നെ നമുക്കു വെറുപ്പുതോന്നും.

അപമാനിക്കൽ—മറുപടിയും
  1. “ഇംഗ്ലീഷ് പുസ്തകങ്ങളെക്കുറിച്ചു് താൻ എഴുതുമ്പോൾ അവയുടെ വിലകൂടി കാണിക്കാറുണ്ടല്ലോ. പുസ്തകക്കച്ചവടക്കാർ തനിക്കെന്തു കമ്മിഷൻ തരും? (സ്ത്രീയുടെ പേരു്. പുരുഷന്റെ കൈയക്ഷരം)—മനുഷ്യൻ തന്നിലുള്ളതേ മറ്റുള്ളവരിലും കാണൂ.
  2. പൈങ്കിളിക്കഥയും നിങ്ങളുടെ പൈങ്കിളി നിരൂപണവും ഒന്നല്ലേ?—കോഴിക്കാഷ്ഠവും കോഴിയിറച്ചിക്കറിയും ചിലർക്കു് ഒന്നുപോലെയാണു്. രണ്ടും അവർ ഭുജിക്കും.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1990-11-25.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 6, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.