
എദ്മൊങ് ഗൊങ്കുറുംഷ്യുൾ ഗൊങ്കുറും ഫ്രാൻസിലെ പ്രഖ്യാതരായ സാഹിത്യകാരന്മാരായിരുന്നു. അവരുടെ ‘ദിനക്കുറിപ്പുകൾ’ രസപ്രദങ്ങളാണു് (Edmond de Goncourt, 1822–96; Jules Goncourt, 1830–1870). അക്കാലത്തെ മഹാന്മാരായ സാഹിത്യകാരന്മാരുടെ ചിത്രങ്ങൾ നമുക്കു് ഈ ഗ്രന്ഥത്തിൽ കാണാം. ഫ്ലോബർ (Flaubert) ഷൊർഷ് സാങ് (George Sand) വിക്തോർ യൂഗോ (Victor Hugo) ബോദലേർ (Baudelaire) റോദങ് (Rodin) ഈ കലാകാരന്മാരെല്ലാം ‘തനിനിറം’ കാണിച്ചുകൊണ്ടു് ഇതിലെ കറുത്ത അക്ഷരങ്ങളിൽ നിന്നു് എഴുന്നേറ്റുവരുന്നു. ഗോങ്കുർ സഹോദരന്മാർ എത്രകണ്ടു സത്യം പറഞ്ഞു എന്നതു വേറെ കാര്യം. എങ്കിലും അവർ വരച്ച ചിത്രങ്ങൾ രസാവഹങ്ങളാണു് എന്നതിൽ സംശയമില്ല. അക്കാലത്തെ ഫ്രഞ്ച് ചക്രവർത്തിയെക്കുറിച്ചു് അവർ എഴുതിയതു് ഇങ്ങനെ: “15, മാർച്ച്. ഇന്നുകാലത്തു്, ചക്രവർത്തിയുടെ കാമപ്രവൃത്തികളെക്കുറിച്ചു് ഒരു ഡോക്ടർ വിസ്മയജനകമായ അറിവു് എനിക്കു നൽകി. (ചക്രവർത്തിയുടെ കൊട്ടാരമായ) ട്വിൽറീയിൽ (Tuileries) ഓരോ പുതിയ സ്ത്രീയെ വണ്ടിയിൽ കൊണ്ടുവരും. ചെറിയ മുറിയിൽ വച്ചു് അവൾ നഗ്നയാക്കപ്പെടുന്നു. അടുത്തമുറിയിൽ നഗ്നനായി ഇരിക്കുന്ന ചക്രവർത്തിയുടെ മുൻപിലേയ്ക്കു് അവൾ നയിക്കപ്പെടുന്നു. അവൾക്കു് നൽകുന്നതു് ഈ മുന്നറിയിപ്പും അനുമതിയുമാണു്: ‘തിരുമനസ്സിന്റെ മുഖമൊഴിച്ചു് മറ്റെവിടെ വേണമെങ്കിലും നിനക്കു ചുംബിക്കാം.’ ദേവത്വാരോപണത്തിന്റെ സമ്പൂർണ്ണമായ ചരിത്രത്തിൽ, ചുംബനം കൊണ്ടു് പങ്കിലമാക്കാതെ അതിവിശുദ്ധി നൽകുന്ന വേറൊരു മുഖത്തെക്കുറിച്ചും എനിക്കൊന്നുമറിഞ്ഞുകൂടാ.”

ഈ ഭയങ്കരനായ ചക്രവർത്തിയുടെ സ്ഥാനത്തു് ഞാൻ കലാദേവതയെ ഇരുത്തട്ടെ. അനാച്ഛാദിത ശരീരത്തോടുകൂടി കനക സിംഹാസനത്തിൽ ഇരിക്കുന്ന സാത്ത്വികശുദ്ധിയുള്ള അവളെ ചുംബിച്ചു ചുംബിച്ചു് മാലിന്യമുള്ളവളാക്കുന്നു ചില പുരുഷന്മാർ. അങ്ങോട്ടു കയറരുതെന്നു മുന്നറിയിപ്പു നൽകിയിട്ടും, അനുമതി ഒരു കാലത്തും കിട്ടുകയില്ലെന്നു് അറിയാമായിരുന്നിട്ടും ചാടിവീണു് ഉമ്മവയ്പോടു് ഉമ്മവയ്പുതന്നെ. ഈ കാമവിഷയ പ്രവർത്തനമാണു് ഇന്നത്തെ ഭാഷാവിഷയകമായ ജീർണ്ണത. കഥയെഴുത്തുകാരും കവിതയെഴുത്തുകാരും നിരൂപണമെഴുത്തുകാരും ഈ ജീർണ്ണതയ്ക്കു് ആക്കം കൂട്ടിക്കൊണ്ടിരിക്കുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പിലുള്ള രണ്ടു ചെറുകഥകൾ വായിച്ചാൽ ഞാൻ പറയുന്നതു സത്യമാണെന്നു വ്യക്തമാകും. ഒന്നു്, ശ്രീ. ടി. പി. കിഷോറിന്റെ “സ്നേഹനാഥന്റെ മരണം, ഒരു ഭാവരേഖ”; രണ്ടു്, ശ്രീ. പായിപ്ര രാധാകൃഷ്ണന്റെ “കളിവണ്ടി.” രണ്ടുപേരും എനിക്കു് അഭിമതർ. കിഷോർ ബുദ്ധിമാൻ. രാധാകൃഷ്ണൻ ബുദ്ധിമാനെന്നതിനു പുറമേ എന്റെ ഉപകർത്താവും സ്നേഹിതനും. പക്ഷേ, സാഹിത്യകാരന്മാരെന്ന നിലയിൽ അവർ എനിക്കു് അനഭിമതർ. എന്തുകൊണ്ടു് അനഭിമതരായിയെന്നു ചോദിച്ചാൽ അവർ സൃഷ്ടിക്കുന്നതു് ആർട് അല്ല സ്യൂഡോ ആർട് ആണു് എന്നതത്രേ ഉത്തരം. എത്ര പരിവൃത്തിയാണു ഞാൻ ഈ രണ്ടുകഥകളും വായിച്ചതു്. ഒരുനുഭൂതിശകലം പോലും കിട്ടിയില്ലല്ലോ. സാഹിത്യത്തിന്റെ ഭാഷ നിത്യജീവിതത്തിലെ ഭാഷയെയാണു് സംശോധിത രൂപത്തിലാക്കുന്നതു്. ആ സംശോധിത രൂപത്തിനു നിത്യജീവിതത്തിലെ ഭാഷയോടു ബന്ധമുണ്ടെങ്കിലും കീലിട്ട റോഡിൽ വീണ പെട്രോൾത്തുള്ളിയുടെ ചുറ്റും മഴവില്ലിന്റെ നിറങ്ങൾ കാണുന്നതുപോലെ പദങ്ങൾക്കു ചുറ്റുമായി വർണ്ണോജ്ജ്വലത ദൃശ്യമാകും. അതാണു് കിഷോറിന്റെയും രാധാകൃഷ്ണന്റെയും കഥകൾക്കില്ലാത്തതു്. അവ കലാശില്പങ്ങളല്ല, പദങ്ങൾകൊണ്ടു് ഉണ്ടാക്കിവച്ച യന്ത്രങ്ങളാണു്. കിഷോറിന്റേതു് ഭീമാകാരമായ യന്ത്രം. അത്രേയുള്ളു വ്യത്യാസം.
കാരൂർ നീലകണ്ഠപിള്ള യുടെ “മരപ്പാവകൾ” എന്ന ചെറുകഥ വായിക്കുമ്പോൾ ഓരോ വാക്കും ആഹ്ലാദാനുഭൂതി ജനിപ്പിക്കുന്നു. അവയുടെ വിദഗ്ദ്ധമായ സങ്കലനത്തിലൂടെ നമ്മൾ മുന്നോട്ടുപോകുമ്പോൾ ആ ആഹ്ലാദം വർദ്ധിച്ചു വർദ്ധിച്ചുവരുന്നു. അർത്ഥങ്ങളും അർത്ഥാന്തരങ്ങളും നമ്മളെ സമാക്രമിക്കുന്നു. നമ്മുടെ മനസ്സിനു വികാസം. ജീർണ്ണിച്ച നവീനകഥ മടുപ്പാണു ജനിപ്പിക്കുന്നതു്. മുഴുവനും വായിക്കാൻ തന്നെ സാധിക്കുന്നില്ല. കഥകൾ വായിക്കുമ്പോൾ നമ്മൾ നമ്മളെത്തന്നെ അവയിൽ കാണണം. കഥാകാരൻ പ്രേതരൂപമാർന്നു നിൽക്കുന്നതു കാണരുതു്.

സായാഹ്നം. ശംഖുമുഖം കടല്പുറം. ഞാനിരിക്കുന്നിടത്തു് എവിടെ നിന്നോ പറന്നെത്തിയ കുറെപ്പക്ഷികൾ തലയ്ക്കു മുകളിലായി വട്ടമിടുകയാണു്. കടല്പുറമായതുകൊണ്ടു് മരങ്ങളില്ല. ഒരു മരമെങ്കിലും ഉണ്ടായിരുന്നെങ്കിൽ! പക്ഷികൾക്കു് അതിൽച്ചെന്നു് ഇരിക്കാമായിരുന്നു. ഞാനന്നു യുവാവു്. ഒരു സ്വീഡിഷ് കഥവായിച്ചതിന്റെ ലഹരിയിലായിരുന്നു ഞാൻ. ഒരു സ്ത്രീ പ്രസവിക്കാൻ ഭാവിക്കുകയാണു്. അപ്പോഴുണ്ടു് രാജാവിനെ ബഹുമാനിക്കാനുള്ള ‘ആചാരവെടി’കളുടെ കാതടപ്പിക്കുന്ന ശബ്ദമുയരുന്നു. ഓരോ ശബ്ദം ഉണ്ടാകുമ്പോഴും ഗർഭിണി ഞെട്ടിത്തളരുന്നു. ഭർത്താവു് അതുകണ്ടു പരിഭ്രമിച്ചു് അവളെ ആശ്വസിപ്പിക്കുന്നു. തലയിണകൾ അടച്ച ജന്നലിൽ ചേർത്തുവച്ചു് ശബ്ദം ലഘൂകരിക്കാൻ ശ്രമിക്കുന്നു. ഫലമില്ല. ഇരുപത്തൊന്നുവെടികൾ വച്ചുകഴിഞ്ഞപ്പോൾ ഗർഭിണി ശാരീരികവും മാനസികവുമായ ആഘാതത്താൽ തകർന്നു മരിച്ചു. രാജകീയ പ്രഭാവം സാധാരണ മനുഷ്യത്വത്തെ നശിപ്പിക്കുന്ന അക്കഥ തർജ്ജമചെയ്തു് ഏതെങ്കിലും പത്രത്തിൽ കൊടുക്കാൻ കഴിഞ്ഞെങ്കിൽ! സാദ്ധ്യമല്ല. ഞാൻ എഴുതിക്കൊടുക്കുന്നതു് അക്കാലത്തു് ഒരു പത്രവും വാരികയും പരസ്യപ്പെടുത്തില്ല. പക്ഷികൾക്കു് ഇരിക്കാൻ സ്ഥലമില്ലാത്തതുപോലെ എന്റെ രചനയ്ക്കു് ആശ്രയിക്കാൻ പത്രമില്ല. അങ്ങനെ വിചാരിച്ചിരിക്കുമ്പോൾ പൗരുഷത്തിന്റെ മൂർത്തിമദ്ഭാവമായ ശ്രീ. ബോധേശ്വരൻ എന്റെ മുൻപിൽ നിൽക്കുന്നു. അദ്ദേഹം പറഞ്ഞു: “ഞാനൊരു മാസിക നടത്തുന്നുണ്ടു്. വല്ലതും എഴുതിത്തരണം” അടുത്തദിവസം കാലത്തു് ബോധേശ്വരൻ ഉറക്കമെഴുന്നേൽക്കുന്നതിനു മുൻപു് ഞാൻ അക്കഥയുടെ ഭാഷാന്തരീകരണവുമായി അദ്ദേഹത്തിന്റെ വീട്ടിൽ ചെന്നില്ലെന്നുണ്ടെങ്കിൽ ഞാൻ ഞാനല്ല എന്നു പ്രിയപ്പെട്ട വായനക്കാർ ഗ്രഹിച്ചുകൊള്ളണം. പക്ഷികൾ നിരാശതയോടെ പറന്നുപോയി. എന്റെ കഥാവിഹംഗമത്തിനു ചെന്നിരിക്കാൻ ഒരു മഹാവൃക്ഷം കിട്ടി. ഒരു മാസം കഴിഞ്ഞു് ബോധേശ്വരനെ രാജവീഥിയിൽ വച്ചുകണ്ടപ്പോൾ അദ്ദേഹം പറഞ്ഞു: “കൃഷ്ണൻ നായരുടെ ആ ചെറുകഥ ഒന്നാന്തരം” തുടർന്നു്, ആ മാസികയിൽ പ്രസിദ്ധപ്പെടുത്തിയിരുന്ന വേറൊരു മൗലികമായ കഥയെക്കുറിച്ചു് അദ്ദേഹം പറയുകയുണ്ടായി:

“പ്രഭയുടെ ആ കഥ ആഭാസമായിപ്പോയി. അല്ലേ?’ മഴ നനയാതിരിക്കാൻ വേണ്ടി ഒരാൾ ഒരു വീടിന്റെ വരാന്തയിൽ കയറി നിൽക്കുന്നതും ഗൃഹനായിക അയാളെ അകത്തേയ്ക്കു വിളിക്കുന്നതും രണ്ടുപേരും ഹൃദയത്തിന്റെയും മാംസത്തിന്റെയും വിശപ്പു് സഹിക്കാനാവാതെ അതു ശമിപ്പിക്കുന്നതും ഒക്കെയായ കഥ.“അശ്ലീലമായിട്ടൊന്നുമില്ല സാർ” എന്നു് എന്റെ മറുപടി. ബോധേശ്വരൻ പിന്നീടൊന്നും പറയാതെ പോയി. അന്നുതൊട്ടു് ആ സ്വീഡിഷ് കഥ എന്നെ ‘ഹോൺട്’ ചെയ്യുകയാണു്. ഇന്നു് അതുപോലൊരു കഥ ഞാൻ കലാകൗമുദിയിൽ വായിച്ചു് ആഹ്ലാദിച്ചു. തെറ്റിദ്ധരിക്കരുതു് വായനക്കാർ. ഇക്കഥ തികച്ചും മൗലികമാണു്. നാല്പതോ നാല്പത്തഞ്ചോ വർഷം മുൻപു് പഴയ പത്രം വാങ്ങിക്കുന്നവന്റെ കുട്ടയിൽനിന്നു ഞാനെടുത്ത ഒരു മാസികയിൽ കണ്ട കഥ കലാകൗമുദിയിലെ കഥാകാരൻ വായിക്കുന്നതെങ്ങനെ? അന്നു് അദ്ദേഹം ജനിച്ചിരിക്കാൻ തന്നെ ഇടയില്ല. തെറ്റായ ഇംഗ്ലീഷ് പറയുന്ന ഒരു പ്രിൻസിപ്പൽ യൂണിവേഴ്സിറ്റി കോളേജിൽ പണ്ടുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഭാഷയിൽ പറഞ്ഞാൽ He was not even pregnant at that time. ഗർഭിണി കാലത്തു് അടുത്ത വീട്ടിൽ തൂങ്ങിനിൽക്കുന്നവനെ കാണുന്നു. അതോടെ അവൾക്കു ഗർഭച്ഛിദ്രമുണ്ടാകുന്നു. ഇതാണു് പി. എഫ്. മാത്യൂസി ന്റെ ‘അടഞ്ഞമുറി’ എന്ന കഥയുടെ സാരാംശം. സുനിയത മാനസികനിലയുള്ള ഒരു വ്യക്തിയെ ഒരനിയത സംഭവം എങ്ങനെ ബാധിക്കുന്നു എന്നതു് കഥാകാരൻ ഭേദപ്പെട്ടരീതിയിൽ വ്യക്തമാക്കിയിട്ടുണ്ടു്. ചില കഥകൾക്കു് ഇംഗ്ലീഷിൽ പറയുന്ന narrative perspective—ആഖ്യാനം നൽകുന്ന കാഴ്ചപ്പാട്—മാത്രമേ കാണൂ. അതു് ഇക്കഥയ്ക്കുണ്ടു്.
- “കുറച്ചാളുകളെ എക്കാലത്തും പറ്റിക്കാം. എല്ലാ ആളുകളെയും കുറച്ചുകാലത്തേയ്ക്കു പറ്റിക്കാം. എന്നാൽ എല്ലാ ആളുകളേയും എല്ലാകാലത്തേയ്ക്കും പറ്റിക്കാനൊക്കുകയില്ല”—സ്നേഹിതന്മാരുടെ പുസ്തകങ്ങളെക്കുറിച്ചു് അനുകൂലമായി എഴുതുന്നവർ ഇതു് ഓർമ്മിക്കുന്നതു കൊള്ളാം.
- “സുന്ദരിയായ പരിചാരികയുള്ള വീട്ടിലെ ഗൃഹനായകൻ ഭാര്യയ്ക്കു ഒരു കാരണവും കൂടാതെ സ്വർണ്ണവാച്ചു വാങ്ങിക്കൊണ്ടുവന്നാൽ കാരണമുണ്ടു് എന്നു മനസ്സിലാക്കണം”—സാഹിത്യവാരഫലക്കാരൻ എപ്പോഴും ചങ്ങമ്പുഴയെ വാഴ്ത്തിയാൽ അതിനും കാരണമുണ്ടെന്നു ഗ്രഹിക്കണം.
- “കുരങ്ങു് കൂടുതൽ കൂടുതലായി മരത്തിന്റെ മുകളിലേക്കു കയറുന്തോറും താഴെ നിൽക്കുന്നവൻ കാണുന്നതു് അതിന്റെ പൃഷ്ഠമാണു്”—വായനക്കാരനു മനസ്സിലാക്കാൻ വയ്യാത്തരീതിയിൽ ഗദ്യമോ പദ്യമോ എഴുതുന്നവനും കാണിക്കുന്നതു് ഈ അവയവം തന്നെയാണു്.
- “തിരുവനന്തപുരത്തെ ജീവിതം ക്ലേശഭൂയിഷ്ഠമാകാൻ അവിടെ ബന്ധുക്കൾ ഉണ്ടാകണമെന്നില്ല” —സാഹിത്യകാരന്മാർ ധാരാളമുണ്ടല്ലോ.
- “ഹർഷാതിശയത്തിനും ബലാത്സംഗത്തിനും ഇടയ്ക്കുള്ളതാണു് പ്രേമസംഭാഷണം”— ലൈബ്രറികളിൽ നിന്നു് ഇതു സത്യമാണെന്നു ഗ്രഹിക്കാം.

ചൈനയിലെ സാഹിത്യഗ്രന്ഥങ്ങൾ ഇവിടെ കിട്ടാനില്ല. എന്താണു് അതിനു ഹേതുവെന്നും എനിക്കറിഞ്ഞുകൂടാ. പക്ഷേ, അടുത്ത കാലത്തു് എനിക്കു ചില സാഹിത്യകൃതികൾ കിട്ടുകയുണ്ടായി. പണ്ടാരോ പറഞ്ഞതു പോലെ വില തുച്ഛം. ഗുണം മെച്ചം. അങ്ങനെ ലഭിച്ച Poetry and Prose of the Han, Wei and Six Dynasties എന്നു് പുസ്തകത്തിൽ Liu Xie (c 465–532 cr c 470–539 AD) എഴുതിയ On Discrimination എന്നൊരു കൊച്ചു ലേഖനമുണ്ടു് (ചൈനീസ് ഉച്ചാരണം അറിഞ്ഞുകൂടാത്തതുകൊണ്ടു് ഇംഗ്ലീഷിൽ തന്നെ പേരുകൾ എഴുതുകയാണു്). Liu Xie പറയുന്നു: “വിവേചനശക്തി വിരളമാണു്… മിക്ക നിരൂപകരും സ്വന്തം തലമുറയെ മൂല്യമില്ലാത്തതായി കരുതുകയും പ്രാചീനമായതിനെ അഭിനന്ദിക്കുകയും ചെയ്യുന്നു. ഇതു് എന്നും അടുത്തുള്ളതിനെ നിരാകരിച്ചിട്ടു് ദൂരെ നിന്നു കേൾക്കുന്ന സംഗീതത്തെ അഭിലഷിക്കുന്നതു പോലെയാണു്. Han Fei-യുടെ രചനകൾ ആദ്യമായി പ്രത്യക്ഷപ്പെടുകയും Sima Xiangru ആദ്യത്തെ കാവ്യം രചിക്കുകയും ചെയ്തപ്പോൾ Quin-ലെ ചക്രവർത്തിയും Han-ലെ ചക്രവർത്തി Win-ഉം അവർ സമകാലികരായിരുന്നെങ്കിൽ എന്നു് ആഗ്രഹിച്ചു. പക്ഷേ, അവർ രണ്ടുപേരും ജീവിച്ചിരുക്കുന്നുവെന്നു കണ്ടപ്പോൾ Han Fei-യെ ജയിലിലാക്കി. Sima Xiangru-നെ പുച്ഛത്തോടെ വീക്ഷിച്ചു. സമകാലിക സാഹിത്യത്തെ വില കുറഞ്ഞതായി പരിഗണിക്കുന്നു എന്നതിനു് ഇതു തെളിവു നൽകുന്നില്ലേ?”
“യൂനികൊനും (പുരാവൃത്തത്തിലെ സാങ്കൽപ്പികമൃഗം, ഒറ്റക്കൊമ്പാണിതിനു്) ഫിനിക്സും (പുരാവൃത്തത്തിലെ മറ്റൊരു സാങ്കല്പിക വിഹംഗമം) മാൻ. ഫെസന്റ് (വാൻകോഴി) ഇവയിൽ നിന്നു് വിഭിന്നമാണു്. മുത്തും പച്ച രത്നവും ഉരുളങ്കല്ലു് വെറും കല്ലു് ഇവയിൽ നിന്നു് തികച്ചും വ്യത്യസ്തങ്ങൾ. അവയുടെ രൂപം മനുഷ്യനു മനസ്സിലാക്കാനായി സൂര്യപ്രകാശം അവയെ നല്ലപോലെ തിളക്കുന്നുണ്ടു്. എങ്കിലും Lu-ലെ ഒരാൾ യൂനികൊനെ മാനായും Chu-ലെ ഒരാൾ ഫെസന്റിനെ ഫിനിക്സായും കരുതി. Wei-ലെ ഒരാൾ പച്ചത്നം കല്ലാണെന്നും Song-ലെ ഒരു പൗരൻ ഉരുളൻ കല്ലു് വില കൂടിയ മുത്താണെന്നും വിചാരിച്ചു.”

ദേശാഭിമാനി വാരികയിൽ “എനിക്കു സുഖം തന്നെ” എന്നതു് എഴുതിയ ശ്രീ. എൻ. പ്രഭാകരൻ യൂനികൊനെ മാനായും ഫെസന്റിനെ ഫീനിക്സായും ഉരുളൻ കല്ലിനെ മുത്തായും കരുതുന്നു. അതിനു തെളിവു് അദ്ദേഹത്തിന്റെ രചന തന്നെ. ഒരുത്തന്റെ കഷ്ടപ്പാടിനെ അയാളുടെ കത്തിലൂടെ വിവരിക്കുന്ന റിപ്പോർട്ടിനെ അദ്ദേഹം ചെറുകഥയായി തെറ്റിദ്ധരിക്കുന്നു. Lie Xie വാഴ്ത്തപ്പെടട്ടെ. അദ്ദേഹം പ്രഭാകരനെ ആയിരത്തിയഞ്ഞൂറു വർഷം മുമ്പു് ചൈനയിലെ Shandong പ്രദേശത്തിരുന്നു് കണ്ടല്ലോ (Panda Books, Beijing, Rs. 12.00).
ചോദ്യം: ഞാൻ വയസ്സനായിപ്പോയിയെന്നു ചിലരെപ്പോഴും പറയുന്നതെന്തിനു്?
ഉത്തരം: ‘അത്രയ്ക്കു് വയസ്സൊന്നുമായില്ലല്ലോ’ എന്നു് മറ്റുള്ളവർ പറയാൻ വേണ്ടി.
ചോദ്യം: ഈ ലോകത്തു് സഹിക്കാനാവാത്തതു്?
ഉത്തരം: മറ്റുള്ളവരുടെ പിള്ളേർ.
ചോദ്യം: മിലാൻ കുന്ദേര യുടെ The Joke എന്ന നോവലിനെക്കുറിച്ചു് എന്താണു് അഭിപ്രായം?
ഉത്തരം: പുസ്തകം കൈയിലുണ്ടെങ്കിലും ഞാനതു് വായിച്ചിട്ടില്ല. ഫ്രഞ്ച് നിരൂപകൻ ആരാഗൊങ് (Aragon) അതിനെക്കുറിച്ചു പറഞ്ഞതു് ‘one of the greatest novels of the century’ എന്നാണു്.
ചോദ്യം: വില്യം ഗോൾഡിങ്ങിനെക്കുറിച്ചു് നിങ്ങൾ എന്തു പറയുന്നു?
ഉത്തരം: തീർച്ചയായും അദ്ദേഹം നോവലിസ്റ്റല്ല.
ചോദ്യം: നിങ്ങളെ സ്ത്രീകൾ വിനയത്തോടെ തൊഴുന്നതു് ഞാൻ പലപ്പോഴും കണ്ടിട്ടുണ്ടു്. നിങ്ങളുടെ കഴിവു കണ്ടിട്ടുള്ള ബഹുമാനമാണോ അതു്?
ഉത്തരം: അല്ല. പ്രായാധിക്യത്തെ സ്ത്രീകൾ ബഹുമാനിക്കുന്നതു പോലെ മറ്റാരും ബഹുമാനിക്കാറില്ല.
ചോദ്യം: ഗാന്ധിജിയുടെ ജന്മദിനത്തിൽ റോഡ് അടിച്ചു വാരുന്ന പെൺകുട്ടികൾ വീട്ടിൽ ഒരു മുറിപോലും അടിച്ചു വാരാത്തതെന്തു്?
ഉത്തരം: അടിച്ചു വാരുമല്ലോ. വീട്ടിനകത്തു് ചൂലു കൈയിൽ വച്ചുകൊണ്ടു് അവർ മുറിയാകെ ഒന്നു നോക്കും. എന്നിട്ടു് “അമ്മേ പൊടിയും ചവറുമൊന്നുമില്ല. ഞാൻ നല്ലപോലെ തൂത്തു” എന്നു് അടുക്കളയിലിരിക്കുന്ന അമ്മയോടു് ഉറക്കെപ്പറയും. ഗാന്ധിജിയുടെ ജന്മദിനത്തിലാണെങ്കിൽ സാരിത്തുമ്പു് ഇടുപ്പിൽ കുത്തിക്കൊണ്ടു് റോഡ് അടിച്ചു വാരലോടു് അടിച്ചു വാരൽ തന്നെ.

കുങ്കുമം വാരികയിൽ ശ്രീ. വേണു നമ്പ്യാരുടെ ‘കമ്പിളി’ എന്ന ചെറുകഥ കണ്ടപ്പോൾ വായിക്കേണ്ടതില്ലെന്നു ഞാൻ തിരുമാനിച്ചു. അദ്ദേഹത്തിന്റെ പല കഥകളും വായിച്ചു കലയുമായി ഒരു ബന്ധവുമില്ലാത്ത രചനകളാണു് അവയെന്നു് ഞാൻ മനസ്സിലാക്കിക്കൊണ്ടാണു് പാരായണം വേണ്ടെന്നു വച്ചതു്. എങ്കിലും അതൊരു ധിഷണാപരമായ ക്രൂരതയാകുമല്ലോ എന്നു വിചാരിച്ചു് വായന തുടങ്ങി. ആദ്യമൊക്കെ ആഖ്യാനത്തിന്റെ പ്രാഗൽഭ്യം. കഥ വായിച്ചവസാനിപ്പിച്ചപ്പോൾ ആലപ്പുഴ കിടങ്ങാം പറമ്പു മൈതാനത്തു് ചെന്നു നിന്നു പലപ്പോഴും ഞാൻ കണ്ടിട്ടുള്ള അമിട്ടുപൊട്ടിക്കൽ പോലെ എന്നു തോന്നിപ്പോയി. ആഗ്നേയ ക്രീഡാവിദ്യ നടത്തുന്നവൻ അമിട്ടിനു തീകൊളുത്തും. അതു് ശബ്ദത്തോടെ ഉയരും. വിവിധ വർണ്ണങ്ങളാർന്ന ഗോളങ്ങളായി അതു് അന്തരീക്ഷത്തിൽ ചിതറുമെന്നു പ്രതീക്ഷിച്ചു നിൽക്കെ ‘ശൂ’ എന്നൊരു ശബ്ദം കേൾപ്പിച്ചുകൊണ്ടു് അതങ്ങു് അപ്രത്യക്ഷമാകും. അതോടെ നിരാശത എനിക്കു്. വെറും ‘ശൂ’വിൽ അവസാനിക്കുന്ന കഥയാണിതു്. ഭാര്യയും കുഞ്ഞുമായി നാട്ടിലെത്തിയ ഒരുത്തൻ ഭാര്യയോടു കള്ളം പറഞ്ഞിട്ടു് അച്ഛനെ കാണാൻ പോകുന്നു. വൃദ്ധനായ അയാൾ സ്വന്തം ഭാര്യയുടെ മരണത്തിനു കാരണക്കാരനാണു്. തന്തയ്ക്കു് ഒരു കമ്പിളിപ്പുതപ്പു് ഇട്ടുകൊടുത്തിട്ടു് അയാൾ തിരിച്ചു പോരുന്നു. ഈ രചനയെ വിശേഷിപ്പിക്കാൻ എന്റെ കൈവശം മലയാള ഭാഷയിലെ വാക്കുകളില്ല. ഉള്ളവ പലപ്പോഴും പ്രയോഗിച്ചു് അർത്ഥശൂന്യങ്ങളായി പോയിരിക്കുന്നു. അതു കൊണ്ടു് രണ്ടു് ഇംഗ്ലീഷ് പദങ്ങളെ ശരണം പ്രാപിക്കുന്നു ഞാൻ—banality and platitude.

കൃഷിക്കാരൻ പറമ്പിൽ ജോലിചെയ്തിട്ടു വീട്ടിൽ രാത്രി തിരിച്ചെത്തി. ഭാര്യ അയാളോടു ചോദിച്ചു: “കൈക്കോട്ടെവിടെ?” അയാൾ: “ഞാനതു പറമ്പിൽത്തന്നെ വച്ചിട്ടുപോന്നു.” ഭാര്യയ്ക്കു ദേഷ്യം വന്നു. “കൈക്കോട്ടു് പറമ്പിലിട്ടിട്ടു പോന്നതും പോരാ. ഉറക്കെപ്പറയുകയും ചെയ്യുന്നു. അല്ലേ. പതുക്കെപ്പറയൂ. ഇല്ലെങ്കിൽ അയൽ വീട്ടുകാരൻ അതെടുത്തുകൊണ്ടു പോകും.” കൈക്കോട്ടു തിരിച്ചെടുത്തു കളയാം എന്നു തീരുമാനിച്ചു് പറമ്പിലേയ്ക്കു പോയ കൃഷിക്കാരൻ വീട്ടിൽ മടങ്ങിയെത്തിയ ഭാര്യയുടെ ചെവിയിൽ രഹസ്യമെന്ന പോലെ പറഞ്ഞു: “അതു് ആരോ എടുത്തുകൊണ്ടു പോയി” വേണു നമ്പ്യാരുടെ കഥകൾ കഥകളല്ലെന്നു ഞാൻ പലപ്പോഴും ഉറക്കെ പറഞ്ഞിട്ടുണ്ടു്. അപ്പോഴൊക്കെ അദ്ദേഹത്തിന്റെ ആരാധകർ എനിക്കു തെറിക്കത്തുകൾ മുടങ്ങാതെ അയച്ചിട്ടുണ്ടു്. അതുകൊണ്ടു് ഇപ്പോൾ അദ്ദേഹത്തിന്റെ കാതിൽ ഞാൻ ആരും കേൾക്കാതെ പറയുന്നു: “ശ്രീമാൻ, താങ്കളുടെ രചനകളിൽ നിന്നു കലാത്മകത ആരോ മോഷ്ടിച്ചുകൊണ്ടു പോകുന്നു.”

പടിഞ്ഞാറൻ ആഫ്രിക്കയിലെ റിപ്പബ്ലിക്കാണു് സെനഗൊൽ. അവിടത്തെ ജനതയുടെ തൊണ്ണൂറു ശതമാനവും ഇസ്ലാമിൽ പെട്ടവരാണു് (സുന്നി). അവരുടെ സാഹിത്യനായകനാണു് സെംബെനെ ഉസ്മാൻ. അവരുടെ സാഹിത്യനായകൻ എന്നു പറഞ്ഞതു് പരിഹാസസൂചകമായിട്ടല്ല. രാഷ്ടാന്തരീയ പ്രശസ്തിയാർജ്ജിച്ച സാഹിത്യകാരൻ തന്നെയാണു് ഉസ്മാൻ. The Money Order, Xala ഈ നോവലുകളും അവയുടെ ചലച്ചിത്രാവിഷ്കാരവുമാണു് അദ്ദേഹത്തിനു് വിശ്വവിഖ്യാതി നൽകിയതു്. ‘മണിയോർഡർ’ എന്ന നോവലിനെക്കുറിച്ചു് ഞാൻ വേറൊരിടത്തു് എഴുതിപ്പോയതുകൊണ്ടു് ഇവിടെ അതു വിട്ടുകളയുന്നു. ന്യൂയോർക്ക് ഫിലിം ഫെസ്റ്റ്വലിൽ സമ്മാനം നേടിയ ഹല (Xala) ധ്വജഭംഗത്തിന്റെ കഥയാണു്. ധ്വജഭംഗമുണ്ടാക്കുന്ന (impotence) ശാപമാണു് ‘ഹല’. സെനഗൊലിലെ ഒരു ബിസ്നെസ്കാരനു് രണ്ടു ഭാര്യമാരുണ്ടു്. മൂന്നാമത്തെ ഭാര്യയെ വിവാഹം കഴിച്ചു കൊണ്ടുവന്ന ദിവസത്തെ രാത്രിയിൽ താൻ ധ്വജഭംഗമുള്ളവനാണെന്നു് അയാൾ മനസ്സിലാക്കുന്നു. ആ ധ്വജഭംഗം അയാളുടെ ജീവിതത്തെ തകർക്കുന്നു. ഒടുവിൽ അയാൾക്കു ശാപമോക്ഷം ലഭിക്കുന്നു.
ഉസ്മാന്റെ White Genesis എന്ന ചെറിയ നോവൽ ആരംഭിക്കുന്നതു് ഇങ്ങനെ: ഞാൻ ഇന്നു നിങ്ങളോടു പറയാൻ പോകുന്ന കഥ ലോകത്തോടൊപ്പം തന്നെ പഴക്കമുള്ളതാണു്. ഏറ്റവും പ്രാകൃതങ്ങളായ സ്ഥാപനങ്ങളും താരതമ്യേന കൂടുതൽ സങ്കീർണ്ണങ്ങളായ നമ്മുടെ ഇക്കാലത്തെ സ്ഥാപനങ്ങളും ഇക്കഥയുടെ വിഷയമായ കുറ്റത്തെ സംബന്ധിച്ചിടത്തോളം അചഞ്ചലമാണു്” ഈ കുറ്റമെന്താണു്? അഗമ്യഗമനം തന്നെ. ആ ദുരന്തകഥ പ്രതിപാദിച്ചു് ഉസ്മാൻ സമകാലിക സമുദായത്തിന്റെ ജീർണ്ണതയിലേയ്ക്കും അതിന്റെ പുനരുദ്ധാരണത്തിന്റെ ആവശ്യകതയിലേയ്ക്കും നമ്മളെ നയിക്കുന്നു.

ഉസ്മാന്റെ മാസ്റ്റർപീസായി പരിഗണിക്കപ്പെടുന്നതു് God’s Bits of Wood എന്ന നോവലാണു്. സെനഗൊലിലെ നഗരമായ ഡാക്കാറിൽ നിന്നു നൈജർ റിപ്പബ്ലിക്കിലേക്കുള്ള റെയിൽവേയിൽ 1947–48-ൽ ഉണ്ടായ പണിമുടക്കിനെ അവലംബിച്ചെഴുതിയും ‘മാർക്സിസ്റ്റ് ഫ്രയിംവർക്കിൽ’ തിളങ്ങുന്നതുമായ ഈ നോവലിൽ സുശക്തമത്രേ. ഫ്രഞ്ച് അധികാരികളും ട്രെയ്ഡ് യൂനിയൻ പ്രവർത്തകരും തമ്മിലുള്ള സംഘട്ടനം രക്തച്ചൊരിച്ചിലിൽ അവസാനിക്കുന്നു. പട്ടിണി കിടക്കുന്ന തൊഴിലാളികളുടെ നിത്യജീവിതത്തിനു് അധികാരികൾ പ്രതിബന്ധം സൃഷ്ടിക്കുമ്പോഴാണു് വെടിപൊട്ടുന്നതു്. Two shots rang out, followed by a brief hystercal burst from an automatic rifle, and one of the soldiers clapped a hand to his thigh. Beatrice seemed to leap into the air and roll over, like a rabbit brought down in full flight, and then she lay stretched on the gravel walk of the garden… At the sound of the shots, an echoing silence had fallen on the crowd, as if they had written a brutal ending to a long, long story whose climax, untill then, had been unknown. Even the drums were silent. വായനക്കാരെ പ്രകമ്പനം കൊള്ളിക്കുന്ന നോവൽ.
ഉസ്മാന്റെ The Last of the Empire എന്ന കൃതി പൊളിറ്റിക്കൽ ത്രില്ലറാണു്. സെനഗൊലിൽ കഥ നടക്കുന്നതായിട്ടാണു് സങ്കല്പം. അവിടത്തെ പ്രായം കൂടിയ പ്രസിഡന്റിനെ കാണാതെയാവുന്നു. അദ്ദേഹത്തിന്റെ ഡ്രൈവറെ കൊന്നിട്ടിരിക്കുന്നതു് കണ്ടു. പക്ഷേ, പ്രസിഡന്റ് അപത്യക്ഷനായതിനെക്കുറിച്ചു് ഒരറിവുമില്ല. ഇദ്ദി അമിനാണോ കാരണക്കാരൻ? അല്ല, അയാൾ നാടുവിട്ടു് ഓടിയല്ലോ. ഇസ്രായേൽകാരാണോ അതു ചെയ്ത്? അതോ പലിസ്റ്റൈനിൽ ഉള്ളവരാണോ? അറിഞ്ഞുകൂടാ. അഞ്ചു ദിവസത്തെ സംഭവത്തെ വായനക്കാരന്റെ ഹൃദയത്തെ പിടിച്ചുകുലുക്കുന്നു. രാജ്യത്തിലെ ശക്തികൾ സർക്കാരിനെ തകിടം മറിക്കാൻ ശ്രമിക്കുന്നു. പ്രജാധിപത്യമാണു് നാട്ടിൽ. പക്ഷേ, അഴിമതിയും അക്രമവുമാണു് എവിടെയും. ഫ്യൂഡൽ മൂല്യങ്ങളാണു് രാജ്യത്തെ തകർക്കുന്നതു്. ‘Up to yesterday, the former government claimed to be socialist while promoting embezzlement’ എന്നു് ഒരു കഥാപാത്രം പറയുന്നു. പുരോഗമനാത്മകങ്ങളായ ആശയങ്ങൾക്കു പ്രാമുഖ്യം നല്കി ആഫ്രിക്കയുടെ സത്യാത്മകതയ്ക്കു യോജിച്ച സർക്കാരുണ്ടാകണമെന്നു് ഉദ്ബോധിപ്പിക്കുന്ന നോവലാണിതു്. ഉസ്മാൻ 1923-ൽ സെനഗൊലിൽ ജനിച്ചു. ഫ്രഞ്ച് കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ അംഗമാണു് അദ്ദേഹം. വിശ്വവിഖ്യാതരായ മറ്റു് ആഫ്രിക്കൻ നോവലിസ്റ്റുകളോടൊപ്പം തലയുയർത്തി നിൽക്കുന്ന പ്രതിഭാശാലിയാണു് ഉസ്മാനെന്നതിൽ സംശയമില്ല. അദ്ദേഹത്തിന്റെ നോവലുകളിലെ മാർക്സിസ്റ്റ് ഫ്രയിംവർക്കിനോടു യോജിക്കാത്തവർക്കും നോവലുകളുടെ ശക്തിയെ നിഷേധിക്കാനാവില്ല.

വർഷങ്ങൾക്കു മുൻപുണ്ടായ ഒരു സംഭവത്തെക്കുറിച്ചാണു് ഞാൻ പറയുന്നതു്. വിലകൂടിയ ഒരു കോടാലി വീട്ടിനു പുറത്തുവച്ചിട്ടു് ഞങ്ങളെല്ലാവരും ഉറങ്ങി. നേരം വെളുത്തപ്പോൾ അതു കാണാനില്ല. പതിവായി പറമ്പു കിളയ്ക്കാൻ വരുന്ന ഒരുത്തനെ സംശയിച്ചെങ്കിലും അയാളോടു് ഒന്നും ചോദിക്കാൻ പോയില്ല. ഒരു ദിവസം ഞാൻ അയാളോടു പറഞ്ഞു: “പാച്ചൻ പിള്ളേ ഇവിടെ ഒരു കോടാലിയുണ്ടായിരുന്നതു് ആരോ എടുത്തുകൊണ്ടു പോയി. വാങ്ങിയ വിറകൊന്നു പിളർക്കണമെങ്കിൽ ഒരു മാർഗ്ഗവുമില്ല. വേറൊന്നു വാങ്ങാം. അതേ പറ്റൂ.” ഇതുകേട്ട പാച്ചൻപിള്ള മറുപടി നൽകി: “സാറേ പുതിയ കോടാലി വാങ്ങണ്ട. എന്റെ കോടാലി വിലയ്ക്കു തരാം. ഞാൻ സമ്മതിച്ചു.” അല്പം കഴിഞ്ഞപ്പോൾ പാച്ചൻപിള്ള കോടാലിയുമായി വന്നു. മുപ്പതു രൂപ കൊടുത്തു ഞാനതു വാങ്ങി. വീട്ടിൽ നിന്നു കാണാതെയായ കോടാലി തന്നെയായിരുന്നു അതു്. ഇതു് ചെറിയ തരത്തിലുള്ള ഹീനത്വം. വലിയ തരത്തിലുള്ള ഹീനകൃത്യങ്ങൾ സമുദായത്തിൽ നടന്നുകൊണ്ടിരിക്കുന്നു. നേരം വെളുത്താൽ ഇരുട്ടുന്നതു വരെ ചിലർ പരബ്രഹ്മത്തെക്കുറിച്ചു പ്രസംഗിച്ചിട്ടു് കൊട്ടാരം പോലുള്ള കെട്ടിടം വയ്ക്കുന്നു. വർഷം തോറും കാറ് മാറിമാറി വാങ്ങുന്നു. ബാങ്ക് ബാലൻസ് വർദ്ധിപ്പിക്കുന്നു. ചിലർ സദാചാരതൽപരരുടെ വേഷം കെട്ടി പരസ്ത്രീഗമനം നിന്ദ്യമെന്നു ഉദ്ബോധിപ്പിക്കുന്നു. എന്നിട്ടു രാത്രി വേശ്യാലയത്തിൽ കയറുന്നു. മറ്റു ചിലർ മദ്യപാനം പാപകർമ്മം എന്നു പ്രസംഗം തകർത്തിട്ടു് രഹസ്യമായി ലാർജ്ജും ലാർജ്ജിനുമേൽ ലാർജ്ജും കഴിക്കുന്നു. Illusrated Weekly-യിൽ കന്നട സാഹിത്യകാരനായ പി. ലങ്കേശിന്റെ ഒരു കഥ ഇംഗ്ലീഷിൽ തർജ്ജമ ചെയ്തിട്ടു് എ പോയിന്യെന്റ് സ്റ്റോറി—a poigant story—മൂർച്ചയുള്ള കഥ എന്നു് മുകളിൽ അച്ചടിച്ചു ചേർത്തിരിക്കുന്നു (The Touch). വായിച്ചു നോക്കിയപ്പോൾ ഒരു പറട്ടകഥ. താണ ജാതിയിൽപ്പെട്ട ഡോക്ടർ ഉന്നത വർഗ്ഗത്തിൽപ്പെട്ട ഒരുത്തന്റെ കണ്ണിൽ ശസ്ത്രക്രിയ ചെയ്തിട്ടു് കുളിക്കരുതെന്നു് ഉപദേശിക്കുന്നു. അയിത്തജാതിക്കാരൻ തൊട്ടതുകൊണ്ടു് കണ്ണുരോഗി കുളിക്കുന്നു. കണ്ണു നഷ്ടപ്പെടുന്നു. മറ്റേ കണ്ണിനു സുഖക്കേടു തുടങ്ങിയപ്പോൾ ഗത്യന്തരമില്ലാതെ അയാൾ ആ ഡോക്ടറെത്തന്നെ ശരണം പ്രാപിക്കുന്നു. ഏതു സ്കൂൾകുട്ടിയും ഇതിനെക്കാൾ നല്ല കതയെഴുതും. അങ്ങനെ എഴുതിയതു് ഞാൻ പലതവണ കണ്ടിട്ടുണ്ടു്. ലങ്കേശിനു് മോപാസാങ്ങിന്റെ ഭാവന വേണമെന്നു പറയത്തക്ക ബുദ്ധിശൂന്യത എനിക്കില്ല. പക്ഷേ, poigant story എന്നു് അച്ചടിച്ചു് വായനക്കാരന്റെ മുൻപിൽ പാച്ചൻ പിള്ളയായി ആരും നിൽക്കരുതു്. രാത്രി മദ്യം ആവോളം കുടിച്ചിട്ടു പകൽസമയത്തു് മദ്യനിരോധനമാണു് അഭികാമ്യം എന്നു പ്രസംഗിക്കരുതു്.
- വിക്തോർ യൂഗൊയൊടൊരുമിച്ചു് ഏതാനും ദിവസം താമസിച്ചിട്ടു് ജേണലിസ്റ്റും നാടകകർത്താവുമായ Charles Edmond തിരിച്ചെത്തി. അദ്ദേഹം യൂഗോയുടെ വീട്ടിൽച്ചെന്ന ദിവസമാണു് നോവലിന്റെ അവസാനത്തെ വാക്യം എഴുതിയതു്. “ഡാന്റേ കവിതയിൽ നിന്നു നരകം സൃഷ്ടിച്ചു. സത്യത്തിൽ നിന്നു് അതു സൃഷ്ടിക്കാനാണു് ഞാൻ ശ്രമിച്ചതു്.”
- പ്രശസ്തനായ ഒരു ഡാൻസർ പല നൃത്തങ്ങളും ചെയ്തു. തൽക്കാലത്തേയ്ക്കു യവനിക വീണപ്പോൾ മൈക്കിലൂടെ കേൾക്കാറായി: “അടുത്തതായി ശ്രീ. ഹനുമാന്റെ വേഷം കെട്ടി രംഗത്തുവരുന്നതാണു്.” ജനം ഒന്നിച്ചു പറഞ്ഞു: “വേഷം കെട്ടണ്ട. അദ്ദേഹം തന്നെ സ്റ്റേജിൽ വന്നങ്ങു നിന്നാൽ മതി. വേഷത്തെക്കാൾ തനിമ കാണും.” (തിരുവനന്തപുരത്തെ മരുതംകുഴി ദേവീക്ഷേത്രത്തിൽ സംഭവിച്ചതു്.)
- പേരു് എഴുതാൻ വൈഷമ്യം. മലയാളസാഹിത്യത്തിൽ മായാത്ത മുദ്രചാർത്തിയ ഒരു നോവലിസ്റ്റുമായി (കഥാകാരനുമാണു് അദ്ദേഹം) ഞാൻ ഒരു സമ്മേളനത്തിനു പോയി. പോകുന്നവഴി മൊറാവ്യാ യുടെ We Two എന്ന നോവലിന്റെ കഥ സംഗ്രഹിച്ചു് ഞാൻ അദ്ദേഹത്തോടു പറഞ്ഞു. ഒരു കൊല്ലം കഴിഞ്ഞു് വീണ്ടും അദ്ദേഹത്തോടൊരുമിച്ചു് ഞാൻ ഒരു മീറ്റിങ്ങിനു പോയി. സംഭാഷണത്തിനിടയ്ക്കു് അദ്ദേഹം “കൃഷ്ണൻ നായരേ മൊറാവ്യായുടെ We Two എന്ന നോവൽ വായിച്ചിട്ടുണ്ടോ?” എന്നു ചോദിച്ചു് എന്റെ മറുപടിക്കു് കാത്തുനിൽക്കാതെ ഞാൻ നൽകിയ കഥാസംഗ്രഹം അതേരീതിയിൽ—വള്ളിപുള്ളി വിസർഗ്ഗം വിടാതെ— എന്നോടു തിരിച്ചു പറഞ്ഞു.
- എന്റെ മുത്തച്ഛൻ (അമ്മയുടെ അച്ഛൻ) പേരുകേട്ട ഗുസ്തിക്കാരനായിരുന്നു. ഒടുവിൽ, ജീവിക്കാൻ വേണ്ടി അദ്ദേഹം ട്രാൻസ്പോർട്ട് ബസ് ഡ്രൈവറായി. മുത്തച്ഛനു കാപ്പി കൊണ്ടു കൊടുക്കുന്നതു് എന്റെ ജോലിയായിരുന്നു. വെള്ളയമ്പലം ജങ്ങ്ഷനിൽ ബസ്സ് നിറുത്തുമ്പോൾ കാപ്പിമൊന്ത ഞാൻ അദ്ദേഹത്തിന്റെ നേർക്കു നീട്ടും. ഒരു ദിവസം എന്റെ ഒരു കൂട്ടുകാരൻ ആ കാപ്പി കൊടുക്കൽ കണ്ടു് ‘ആരതു്’ എന്നു് ചോദിച്ചു. ഞാൻ അഭിമാനഭംഗം വരാതിരിക്കാൻ വേണ്ടി പറഞ്ഞു: “ആയില്യം തിരുനാൾ മഹാരാജാവിന്റെ കാലത്തു് സർവ്വാധികാര്യക്കാരും എക്സൈസ് കമ്മിഷ്ണറുമായിരുന്ന മാധവൻപിള്ളയ്ക്കു്, ‘സന്താനഗോപാലം’ ചമ്പു എഴുതിയ കരുവേലിൽ ഗൗരിക്കുട്ടി അമ്മയിൽ ജനിച്ച മൂത്തപുത്രൻ അയ്മനം കുട്ടൻപിള്ള”. ഇതു കേട്ടു് ജങ്ഷനിലെ കോൺക്രീറ്റ് ഇരുപ്പിടത്തിൽ ഇരുന്ന ഒരു അപരിചിതൻ എന്റെ വാക്യം ഒന്നു തിരുത്തിപ്പറഞ്ഞു: “മൂത്തപുത്രനും ഇപ്പോഴത്തെ ട്രാൻസ്പോർട്ട് ഡ്രൈവറുമായ അയ്മനം കുട്ടൻപിള്ള”.

ചിരിയും കരച്ചിലും ‘ഈസ്തെറ്റിക്ക’ല്ല—സൗന്ദര്യാത്മകമല്ല—എന്നു സ്പാനിഷ് തത്ത്വചിന്തകൻ ഒർട്ടേഗ ഇ ഗാസറ്റ് പറഞ്ഞിട്ടുണ്ടു്. നോവൽ വായിച്ചു് ‘ഞാൻ കരഞ്ഞു’, ഹാസ്യകൃതി വായിച്ചു് ‘ഞാൻ പൊട്ടിച്ചിരിച്ചു’ എന്നൊക്കെപ്പറയുന്ന വായനക്കാരൻ സഹൃദയനല്ല.