സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1991-02-10-ൽ പ്രസിദ്ധീകരിച്ചതു്)

images/Thakazhi.jpg
തകഴി ശിവശങ്കരപ്പിള്ള

ആലപ്പുഴെ സനാതനധർമ്മ വിദ്യാലയത്തിലാണു് ഞാൻ ഫേസ്റ്റ്, സെക്കെൻഡ് ഈ ക്ലാസ്സുകളിൽ പഠിച്ചതു്. ഓർമ്മ വഞ്ചിക്കുന്നില്ലെങ്കിൽ 1933, 1934 എന്നീ വർഷങ്ങളാണെന്നു പറയാം. കൂടെ പഠിച്ചവരെയൊക്കെ മറന്നുപോയിരിക്കുന്നു. രണ്ടു ക്ലാസ്സുകളിലും സ്നേഹിതനായിരുന്നു ചിത്രകലാവിദഗ്ദ്ധനായ എ. നടരാജൻ. നാല്പത്തഞ്ചുവർഷങ്ങൾക്കു ശേഷം അദ്ദേഹത്തെ സനാതനധർമ്മ കൊളിജിലെ ഇംഗ്ലീഷ് പ്രഫെസെറായി കണ്ടു. സെക്കെൻഡ് ഫോമിൽ രണ്ടുകൂട്ടുകാരന്മാർകൂടി ഉണ്ടായിരുന്നു. കളർകോട്ട് നിന്നു വന്ന മാധവൻനായർ; രണ്ടാമത്തെയാൾ ഹാസ്യനടനായിരുന്ന തിരുവാമ്പാടി പാച്ചു പിള്ളയുടെ മകൻ. അദ്ദേഹത്തിന്റെ പേരു് ഓർമ്മയിൽ നിന്നു ഓടിപ്പോയിരിക്കുന്നു. ആ ക്ലാസ്സിലെ ഒരു പെൺകുട്ടിയെ നല്ല ഓർമ്മയുണ്ടു്. പേരു ചിന്മയീദേവി. ആ കുട്ടിയെ മറക്കാതിരിക്കാൻ കാരണമുണ്ടു്. ക്ലാസ്സ് കയറ്റം കിട്ടി സെക്കെൻഡ് ഫോമിൽ ചെന്നദിവസം. അടുത്തിരുന്ന ഒരു വിദ്യാർത്ഥി ആ പെൺകുട്ടിയെ മറ്റാരും കാണാതെ ചൂണ്ടിക്കാണിച്ചിട്ടു് എന്നോടു പറഞ്ഞു. “ബെല്ലടിച്ചു കഴിഞ്ഞാൽ ആ കുട്ടി കേൾക്കെ ഐ. സി. എസ്. എന്നുപറയണം. പറഞ്ഞാൽ മുട്ടായിവാങ്ങിത്തരാം.” ക്ലാസ്സ് കഴിഞ്ഞു പെൺകുട്ടികൾ ക്ലാസ്സിൽ നിന്നിറങ്ങിപ്പോകുമ്പോൾ ഞാൻ ചിന്മയീദേവിയുടെ അടുത്തുചെന്നു് ഐ. സി. എസ്. എന്നു പറഞ്ഞു. ആ കുട്ടി നേരേപോയതു ഹെഡ്മാസ്റ്ററുടെ മുറിയിലേക്കാണു്. ഉടനെ തന്നെ അദ്ദേഹം ഒരു വലിയ ചൂരലുമായി എത്തി. മഞ്ചേരിരാമകൃഷ്മയ്യർ എന്ന മഹായശസ്കനായ ഹെഡ്മാസ്റ്റർ. സ്വത്വശക്തി പ്രതിഫലിക്കുന്ന വലിയ മുഖം. അതിലെ തീക്ഷ്ണങ്ങളായ കണ്ണുകൾ. വേഷം പാളത്താറു്, ഷർട് വിദ്യാർത്ഥികൾ കണ്ടു രസിച്ചുകൊള്ളട്ടെ എന്നു കരുതി കോട്ടിന്റെ (കൗട്ട് എന്നു ശരിയായ ഉച്ചാരണം) ഒരു ബട്ടണും ഇടില്ല. അതിന്റെ രണ്ടറ്റവും ചിറകുകൾ പോലെ വീശും സാറ് നടന്നു വരുമ്പോൾ. “ആരടാ അവൻ?” എന്നു് വിദ്യാലയം കിടുങ്ങുന്നമട്ടിൽ ഒരു ചോദ്യം. പേടിച്ചു വിറച്ചുനിന്ന എന്നെ ആനിബസന്റ് ഹോളിലെ പ്ലാറ്റ്ഫോമിലേയ്ക്കു ചൂരലുകൊണ്ടുള്ള ഒരടിയോടുകൂടി കയറി. വിദ്യാലയത്തിലെ കുട്ടികളെയെല്ലാം താഴെ ബഞ്ചുകളിലിരുത്തി. “പേരെന്തടാ, കൃഷ്ണൻനായർ, നീട്ടെടാ കൈ.” ഞാൻ വലതു കൈനീട്ടി. മൂന്നു അടി. ഇടതുകൈയിൽ മൂന്നു്. കൈ രണ്ടും പൊട്ടി. പിൽക്കാലത്തു് ഐ. ജി.-യായി റിട്ടയർ ചെയ്ത ശ്രീ. എൻ ചന്ദ്രശേഖരൻ നായർ അന്നു് അവിടെ പൊലീസ് ഇൻസ്പെക്ടറായിരുന്നു. അദ്ദേഹത്തോടു പരാതിപറയാൻ എക്സൈസ് ഇൻസ്പെക്ടറായിരുന്ന എന്റെ അച്ഛൻ തുനിഞ്ഞെങ്കിലും ഞാൻ പോയില്ല.

എനിക്കു് ഹെഡ്മാസ്റ്ററിൽ നിന്നു് അടികിട്ടിയതു് കൂടെപ്പഠിച്ച പെൺകുട്ടിയെ ഐ. സി. എസ്. എന്നു വിളിച്ചതാണല്ലോ. പിന്നീടാണു് അതിനെക്കുറിച്ചു പൂർണ്ണമായി എനിക്കു മനസ്സിലാക്കാൻ കഴിഞ്ഞതു്. ആ പെൺകുട്ടിയുടെ വിവാഹം കഴിഞ്ഞു. ഭർത്താവു് ഇംഗ്ലണ്ടിൽ പഠിക്കാൻ പോയിരിക്കുകയായിരുന്നു. അദ്ദേഹം ഐ. സി. എസ്. പരീക്ഷയിൽ ചേരാൻ പോയിരിക്കുകയാണെന്നു കുട്ടികൾ കരുതിയിട്ടു ചിന്മയീദേവിയെ കാണുമ്പോൾ ഐ. സി. എസ്. എന്നു വിളിച്ചിരുന്നു. മുട്ടായിക്കൊതികൊണ്ടു ഞാൻ വഞ്ചിക്കപ്പെട്ടുപോയി.

“വിധി എന്നൊന്നുണ്ടോ? “സംശയമെന്തു്? ബുദ്ധിമാൻ ഗുമസ്തനായും അയാളുടെ ആയിരത്തിലൊരംശം ബുദ്ധിയില്ലാത്തവൻ അയാളുടെ മേലധികാരിയായും വരുന്നതു് വിധികൊണ്ടല്ലേ?

‘ധിക്കൃതശക്രപരാക്രമനാകിന’ മഞ്ചേരിസ്സാറിന്റെ കോപാകുലമായ മുഖവും ആഞ്ഞടിക്കലും അതോടു ചേർന്നുണ്ടായ അപമാനവുമൊക്കെ ഞാൻ മറന്നു കഴിഞ്ഞു. പക്ഷേ, എന്റെ സ്മരണയിൽ ആനിബെസന്റ് ഹോൾ വിപുലമായ ആകാരം പൂണ്ടു് നിന്നു. നീളവും വീതിയും കൂടിയ ഹോൾ. പ്ളാറ്റ്ഫോം കുറഞ്ഞതു് പത്തടിപ്പൊക്കത്തിൽ. പക്ഷേ, ഓർമ്മയിലെ ഈ ഹോൾ സ്ഥുലീകരിക്കപ്പെട്ടതാണെന്നു കുറെ വർഷങ്ങൾക്കുമുമ്പു മാത്രമാണു് ഞാൻ മനസ്സിലാക്കിയതു്. ശ്രീ. തകഴി ശിവശങ്കരപ്പിള്ള യെ അഭിനന്ദിക്കാൻ അവിടെക്കൂടിയ ഒരു സമ്മേളനത്തിൽ പ്രസംഗിക്കാൻ ഞാനുമുണ്ടായിരുന്നു. സ്മരണയിലെ ഹോളായിരുന്നില്ല അതു്. ഒരു ചെറിയ മുറി. പ്ളാറ്റ്ഫോമിന്റെ പൊക്കം രണ്ടടി. നാൽപത്തഞ്ചുവർഷങ്ങൾക്കു മുൻപുണ്ടായിരുന്ന ആനിബെസന്റ് ഹോൾ തന്നെ അതു്. ദീർഘതയ്ക്കും വിസ്തീർണ്ണതയ്ക്കും ഈ അന്തരം എങ്ങനെവന്നു? ഒന്നേയുള്ളു ഉത്തരം. എന്റെ സ്മരണയിൽ ഞാൻ ആനിബെസന്റ് ഹോളിനെ സ്ഥൂലീകരിച്ചാണു് വച്ചിരുന്നതു്. ഓർമ്മശക്തിയെ അത്ര കണ്ടു വിശ്വസിക്കാൻ വയ്യ എന്നു് സ്പഷ്ടമാകുന്നു. ഈ തത്ത്വം സാഹിത്യത്തിനും ചേരും. സി. വി. രാമൻപിള്ള യുടെ ‘മാർത്താണ്ഡവർമ്മ’യെയും ചന്തുമേനോന്റെഇന്ദുലേഖ’യെയും നമ്മൾ ഇന്നുവാഴ്ത്തുന്നതു് അമ്പതുകൊല്ലത്തിനുമുൻപു നടന്ന പാരായണത്തെ അവലംബിച്ചാണു്. ഇന്നു വീണ്ടും വായിച്ചുനോക്കുക. സ്ഥൂലീകരണം നടന്നിട്ടുണ്ടോ എന്നു പരിശോധിക്കുക. ഇല്ലെങ്കിൽ നന്നു്. ഏറെ നന്നു്.

images/Chandu_Menon.jpg
ചന്തുമേനോൻ

ഇതിന്റെകൂടെ, എന്നെ അടിച്ചു് മറ്റുള്ളവരുടെ മുൻപിൽ വച്ചു് അപമാനിച്ച മഞ്ചേരിസ്സാറിനെ അന്നു ഞാൻ വെറുത്തെങ്കിലും ക്രമാനുഗതമായി ആ വെറുപ്പു് മാറി. ഞാൻ അദ്ദേഹത്തെ സ്നേഹിക്കാനും ബഹുമാനിക്കാനും തുടങ്ങി. മഹാനായ ആ ഗുരുനാഥന്റെ മുൻപിൽ ഞാനിന്നു തലകുനിച്ചു നില്ക്കുന്നു. കുറച്ചുകാലം മുൻപു് ശ്രീമതി ചിന്മയീദേവി കാറിൽ പോകുന്നതു് തിരുവനന്തപുരത്തു വച്ചു ഞാൻ കണ്ടു. അവരോടും എനിക്കു അന്യൂനമായ ബഹുമാനമാണുള്ളതു്. ഇക്കാര്യത്തിൽ സ്ഥൂലീകരണമില്ല.

യൂസഫലി കേച്ചേരി

ത്രിപാർശ്വകാചത്തിലൂടെ കടന്നുവരുന്ന സൂര്യരശ്മി ഏഴുനിറങ്ങളായി ചിന്നിച്ചിതറുന്നതുപോലെ കവിയുടെ വാക്കുകളിലൂടെ കടന്നുവരുന്ന അനുഭവങ്ങൾ സപ്തവർണ്ണങ്ങളായി പ്രസരിക്കുന്നു. ചങ്ങമ്പുഴക്കവിത ഇതാണു്.

“മലരൊളിതിരളും മധുചന്ദ്രികയിൽ

മഴവിൽക്കൊടിയുടെ മുനമുക്കി

എഴുതാനുഴറീ കല്പനദിവ്യമൊ-

രഴകിനെയെന്നെ മറന്നൂ ഞാൻ.

മധുരസ്വപ്നശതാവലി പൂണ്ടൊരു

മായാലോകത്തെത്തി ഞാൻ.

അദ്വൈതാമല ഭാവസ്പന്ദിത

വിദ്യുന്മേഖല പൂകീ ഞാൻ.”

ഇവിടെ മാരിവില്ലിന്റെ നിറങ്ങളുണ്ടു്. കാചത്തിലൂടെ പ്രവേശിച്ചു് ഒരു ബിന്ദുവിൽ വന്നുകൂടി ആ ബിന്ദുവിനെ ജ്വലിപ്പിക്കുന്ന ‘ഫോക്കൽ പൊയ്ന്റ്’ ഇല്ല.

“മറ്റെന്തിതിൻ നേർക്കു നമസ്കരിക്ക

സാഷ്ടാംഗമായ് നീ മലയാള ഭാഷേ”

എന്നു തുഞ്ചൻ പറമ്പിനെ വള്ളത്തോൾ വാഴ്ത്തുമ്പോൾ ‘ഫോക്കൽപൊയ്ന്റ്” തിളങ്ങുന്നു. ഒരു കഷ്ണം പഞ്ഞി അവിടെവച്ചുകൊടുക്കു. അതു കത്തും. ഈ രണ്ടുവിധത്തിലുള്ള കവിതകളിൽ ഏതു ഉത്തമം എന്ന ചോദ്യത്തിനു മറുപടിയില്ല. സഹൃദയന്റെ അഭിരുചിക്കു് യോജിച്ചിരിക്കും ആസ്വാദനം. ചിലർക്കു മഴവില്ലു കാണുന്നതാവും ‘രസം’ മറ്റു ചിലർക്കു ജ്വലിക്കുന്ന ബിന്ദുവും.

നല്ല കവിയായ ശ്രീ. യൂസഫലി കേച്ചേരിയുടെ രാത്രി എന്ന കാവ്യം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വായിച്ച ഞാൻ ആഹ്ലാദിച്ചു. വിശേഷിച്ചും ഒടുവിലത്തെ വരികളിൽ എത്തിയപ്പോൾ കേൾക്കുക:

“നിനക്കായ് തിരിനീട്ടിനില്ക്കുന്നു പൊൻതാരങ്ങൾ

നിനക്കായ് വെൺചാമരം വീശുന്നു നിലാവൊളി.

നിനക്കായ് മഹാസൂര്യബിംബത്തെപ്പിഴുതാംബു-

നിധിയിൽ താഴ്ത്തുന്നിതാ വിശ്വൈകമഹാശില്പി.

അങ്കത്തിലെന്നെപ്പാടിയുറക്കും ശമദാത്രി

അമ്മിഞ്ഞനിലാവൂട്ടും ലോകധാത്രി നീ രാത്രി”

images/C_V_Raman_Pillai.png
സി. വി. രാമൻപിള്ള

ഈ വരികളുടെ ഭംഗിയെക്കുറിച്ചു രണ്ടഭിപ്രായമുണ്ടാകാൻ വയ്യ. പക്ഷേ, അതിനുമുൻപുള്ള വരികളിൽ ഇന്ദ്രധനുസ്സുണ്ടോ? തേജഃസങ്കർഷദേശമുണ്ടോ? ഉണ്ടെന്നു പറയാൻ എനിക്കു ധൈര്യമില്ല. ആ വരികളിലൂടെയുള്ള അനുവാചകന്റെ സഞ്ചാരം വിജ്ഞാന പ്രദമാണെങ്കിലും അനുഭൂതിജനകമല്ല. ശ്രീ. വിഷ്ണു നാരായണൻ നമ്പൂതിരിയെപ്പോലെ ആർഷസംസ്കാരസമുദ്രത്തിൽ മുങ്ങിയേ അടങ്ങൂ എന്നു കവിക്കു വാശി.

പകലിൻ നിഴലേ നീ, സൗരഹോമകുണ്ഡത്തിൻ

പുകയോ, ദ്രവീഭൂതകൃഷ്ണയാജൂഷ മന്ത്ര

സാരമോ, സർഗോൽക്കമാം ബ്രഹ്മനാഭിയിൽ നിന്നു

സാന്ദ്രസൗരഭമുറന്നൊഴുകും കസ്തൂരിയോ?

ചോദ്യം, ഉത്തരം

ചോദ്യം: മഹാത്മാഗാന്ധിയുടെ ഏതു ചിത്രമാണു നിങ്ങൾക്കിഷ്ടം?

ഉത്തരം: ഗാന്ധിജി കാലു രണ്ടും മടക്കി പിറകോട്ടാക്കി ഇടതുകൈ തറയിലൂന്നി പുഞ്ചിരിപൊഴിച്ചുകൊണ്ടു് ഇരിക്കുന്ന പടം. ആ ചിത്രം എന്റെ വീട്ടിലുണ്ടു്. പക്ഷേ, ഇപ്പോൾ ഞാനതിൽ നോക്കുമ്പോഴെല്ലാം അദ്ദേഹം എഴുന്നേറ്റുനിന്നു് രണ്ടുകൈകൊണ്ടും മുഖം പൊത്തി കരയുന്നതായി കാണുന്നു. അതു് എന്റെ ഭ്രമമോ അതോ യാഥാർത്ഥ്യമോ.

ചോദ്യം: നിങ്ങൾ കണ്ട കാഴ്ചകളിൽ ഏറ്റവും ബീഭത്സമേതു് ?

ഉത്തരം: ബീഭത്സം ഒരു രസമല്ലേ? ജുഗുപ്സാവഹം ഏതെന്നു പറയാം. വടക്കൻ കേരളത്തിൽ ഒരു സമ്മേളനത്തിനുപോയപ്പോൾ ഒരു ഹോട്ടലിൽ (ഹൗട്ടെൽ) താമസിക്കേണ്ടിവന്നു. സ്ഥലം വളരെക്കുറവു് എങ്കിലും അവിടെ നിന്നു് ഒരു വശത്തേക്കു നോക്കിയപ്പോൾ ഒഴിഞ്ഞ മദ്യക്കുപ്പികൾ കുന്നുകൂടി കിടക്കുന്നു. ഏതാണ്ടു് മൂന്നു സെന്റ് സ്ഥലം മുഴുവനും കുപ്പികൾ. അവയെടുത്തുമാറ്റി കെട്ടിടം വച്ചാൽ കുറഞ്ഞതു് ഇരുപതു പേർക്കുകൂടി സുഖമായിതാമസിക്കാം. മദ്യക്കുപ്പികളുടെ ദർശനം എനിക്കു ജുഗുപ്സയുളവാക്കി.

ചോദ്യം: പരിഹാസ്യമായ കാഴ്ചയേതു്?

ഉത്തരം: ബസ്സിൽ സഞ്ചരിക്കുന്നവൻ ഫുട്ട് പാത്തിലൂടെ പോകുന്ന സുന്ദരിയെ കാണാൻവേണ്ടി ചന്തിയുയർത്തി അവളെ വീണ്ടും വീണ്ടും നോക്കുന്നതു്.

ചോദ്യം: ഹിപ്പൊക്രെസിക്കു് ഒരു ഉദാഹരണം?

ഉത്തരം: ഹിപ്പൊക്രെസിക്കു് ഒരു ഉദാഹരണം പറയാം. വൈരൂപ്യത്തിനു് ആസ്പദങ്ങളായ വരനും വധുവും. വിവാഹം കഴിഞ്ഞു. പിരിഞ്ഞു പോകാൻ സമയമായി. ക്ഷണിക്കപ്പെട്ടവരിൽ ഓരോ വ്യക്തിയും വന്നു് വരന്റെ കൈപിടിച്ചുകുലുക്കുന്നതു്. അവന്റെയും അവളുടെയും കണ്ണീരൊപ്പുന്നതിനു് കൈലേസ് കൊടുത്തിട്ടുപോകുകയാണുവേണ്ടതു്.

ചോദ്യം: വിധി (fate) എന്നൊന്നുണ്ടോ?

ഉത്തരം: സംശയമെന്തു്? ബുദ്ധിമാൻ ഗുമസ്തനായും അയാളുടെ ആയിരത്തിലൊരംശം ബുദ്ധിയില്ലാത്തവൻ അയാളുടെ മേലധികാരിയായും വരുന്നതു് വിധികൊണ്ടല്ലേ?

സി. ആർ. ഓമനക്കുട്ടൻ

സി. വി. രാമൻപിള്ളയുടെ മാർത്താണ്ഡവർമ്മയെയും ചന്തുമേനോന്റെ ഇന്ദുലേഖയെയും നമ്മൾ ഇന്നു വാഴ്ത്തുന്നതു് അമ്പതു കൊല്ലത്തിനുമുൻപു നടന്ന പാരായണത്തെ അവലംബിച്ചാണു്. ഇന്നു വീണ്ടും വായിച്ചു നോക്കുക. സ്ഥൂലീകരണം നടന്നിട്ടുണ്ടോ എന്നു പരിശോധിക്കുക. ഇല്ലെങ്കിൽ നന്നു്. ഏറെ നന്നു്.

മരത്തിനു ചുറ്റും തടമെടുത്തു ചാണകം വളമായി ഇടുന്നതു് മരത്തിനുനന്നു്. എന്നാൽ കാവ്യ വൃക്ഷത്തിന്റെ ആലവാലത്തിൽ ഹൈന്ദവാശയങ്ങളുടെ ഗോമയാദി സമ്മിശ്രദ്രവ്യമിടുന്നതു് നന്നല്ല. ലോകസംഭവങ്ങൾ കാണുമ്പോൾ കവിക്കു് ഒരു ചിത്തസംസ്കാരമുണ്ടാകും. അതിനെ ആവിഷ്കരിക്കാൻ വേണ്ടി മാത്രമേ വാക്കുകൾ പ്രയോഗിക്കാവൂ. അപ്പോഴാണു് കവിതയുടെ ഉദയം.

വർഷങ്ങൾക്കു മുൻപുണ്ടായതാണിതു്. ‘കേരളകൗമുദി’ ദിനപത്രം ഒരു ദിവസം കാലത്തു തുറന്നുനോക്കിയപ്പോൾ “ഉറക്കംതൂങ്ങികൾ ഒഴുകിപ്പോയി” എന്നൊരു വാർത്തകണ്ടു. സമതലത്തിൽ കുറെ ആളുകൾ കിടന്നുറങ്ങിയിരിക്കും. പെട്ടെന്നു വെള്ളം കയറി അവരാകെ ഒഴുകിപ്പോയിരിക്കും എന്നു ഞാൻ വിചാരിക്കുകയും ചെയ്തു. വാർത്തമുഴുവനും വായിച്ചുനോക്കിയപ്പോഴാണു് ആളുകളല്ല ഒഴുകിപ്പോയതെന്നു് എനിക്കു മനസ്സിലാക്കാൻ കഴിഞ്ഞതു്. Sleepers എന്ന പദത്തിനു് ബ്രിട്ടീഷ് ഇംഗ്ലീഷിൽ തീവണ്ടിപ്പാളത്തെതാങ്ങുന്ന തടിക്കഷണം, കൊൺക്രീറ്റ് കഷണം എന്നു് അർത്ഥമുണ്ടു്. നദിയിലെ വെള്ളം പൊങ്ങിയപ്പോൾ കരയിൽ വച്ചിരുന്ന തടിക്കഷണങ്ങൾ ഒഴുകിപ്പോയതിനെയാണു് തർജ്ജമചെയ്തയാൾ ഉറക്കംതൂങ്ങികളുടെ ഒഴുകിപ്പോകലാക്കിയതു്. അടുത്തദിവസം പത്രമാപ്പീസ് തുറന്നപ്പോൾ ഈ തർജ്ജമക്കാരൻ മാത്രം ഇല്ല. അദ്ദേഹം പിന്നീടൊരിക്കലും അവിടെ കാലുകുത്തിയില്ല എന്നാണറിവു്.

ഒരുദിവസം ഞാൻ തിരുവനന്തപുരത്തെ നാഷനൽ ബുക്ക്സ്റ്റാളിൽ ഇരിക്കുമ്പോൾ ഈ ഭാഷാന്തരീകരണവീരൻ അവിടെ വന്നുകയറി. കോട്ടയത്തേക്കോ മറ്റോപോയ ബുക്ക്സ്റ്റാൾ മാനേജർ എവിടെയെന്നു് അദ്ദേഹം എന്നോടു ചോദിച്ചു. “മാറിപ്പോയി” എന്നു ഞാൻ പറഞ്ഞു. അദ്ദേഹത്തിനു വല്ലാത്ത ദേഷ്യം. ‘മാറിപ്പോയോ? നളൻ ബാഹുകനായതുപോലെ മാറിപ്പോയോ’ എന്നു എന്റെ നേർക്കു ചോദ്യമെറിഞ്ഞു. ഞാൻ മറുപടി നൽകി: “Railway sleepers റെയിൽവേ ഉറക്കംതൂങ്ങികളായി മാറിപ്പോയതുപോലെ മാറിപ്പോയി.” അദ്ദേഹം ഉണ്ടക്കണ്ണുകൾകൊണ്ടു് എന്നെ ദഹിപ്പിച്ചിട്ടുമൊഴിയാടി: “ട്രാൻസഫർ ആയിപോയി എന്നു പറയണം ഹേ.”

images/Rudyard_Kipling.jpg
Rudyard Kipling

പ്രായമായവർക്കു് ഇമ്മാതിരി തെറ്റുകൾ വരുമെങ്കിൽ കുട്ടികളുടെ കാര്യം എന്തുപറയാനിരിക്കുന്നു? എങ്കിലും ഈ തെറ്റുകൾ ആരുവരുത്തിയാലും നമ്മൾ ചിരിക്കും. അവിടെ പ്രായഭേദം പരിഗണനാർഹമാവുകയില്ല. ഞാൻ സംസ്കൃത കൊളിജിൽ അധ്യാപകനായിരിക്കുമ്പോൾ ഒരു ഇംഗ്ലീഷ് ഖണ്ഡിക തർജ്ജമയ്ക്കായി നൽകി! എല്ലാമറിയാമെന്നു ഭാവിക്കുന്ന ഒരു വിദ്യാർത്ഥി എഴുന്നേറ്റു് “സാർ, ഡിസ്റെയ്ലി (Disraeli) എന്ന വാക്കിന്റെ മലയാളം എന്താ”ണെന്നു് ചോദിച്ചു. Rudyard Kipling-നെ ഒരു നിരൂപകൻ രുദ്രട കപിലിംഗനാക്കിയതുപോലെ, David Copperfield-നെ വേറൊരാൾ’ ചെമ്പുകണ്ടത്തിലെ ദാവീദാ’ക്കിയതുപോലെ ഡിസ്റേലിയെ എനിക്കും മലയാളമാക്കാമായിരുന്നു. പക്ഷേ, ഞാനതു ചെയ്തില്ല. ഇംഗ്ലീഷിൽ howler എന്നു വിളിക്കുന്നതു ഇത്തരം തെറ്റുകളെ ഫലിതം കലർത്തി ചിത്രീകരിക്കുകയാണു് ശ്രീ. സി. ആർ. ഓമനക്കുട്ടൻ (കലാകൗമുദിയിലെ മലയോളം എന്ന ചെറിയ പ്രബന്ധം) സംഭവങ്ങൾ കണ്ടുപിടിക്കാനും അവയെ ഹാസ്യാത്മകമായി പ്രതിപാദിക്കാനും ഓമനക്കുട്ടനു് എപ്പോഴും വൈദഗ്ദ്ധ്യമുണ്ടു്. ആ വൈദഗ്ദ്ധ്യത്തിനു് ഉദാഹരണമായിട്ടുണ്ടു് ഈ രചന. ഹാസ്യരചനയെ ഒരിക്കലും അപഗ്രഥിക്കരുതു്. അതുകൊണ്ടു് ഇതു വായിച്ചുനോക്കാൻ അഭ്യർത്ഥിച്ചുകൊണ്ടു് ഞാൻ പിന്മാറട്ടെ.

ഇംഗ്ലീഷിൽ നിന്നു രൂപാന്തരം വരുത്തിയ ചില പത്രവാർത്തകൾ:

  1. രോഗിക്കു പക്ഷാഘാതമുണ്ടായി. മരിക്കുന്നതു വരെ അയാൾക്കു അതു മാറിയിട്ടില്ല.
  2. കൃഷ്ണപിള്ളയ്ക്കും ഭാര്യക്കും ഒരു മകൻ ജനിച്ചു. ജോർജ്ജിനു അഭിനന്ദനം.
  3. പൊലീസ് ലാത്തിച്ചാർജ്ജിൽ കുറഞ്ഞ പക്ഷം ഒരുത്തന്റെ രണ്ടു കാലുകളെങ്കിലും ഒടിഞ്ഞിരിക്കണം.
  4. വളരെ ഗൗരവമുള്ള ശസ്ത്രക്രിയയ്ക്കു ശേഷം രാഷ്ട്രീയനേതാവു് സുഖം പ്രാപിച്ചു വരികയാണെന്നു ഞങ്ങൾ ദുഃഖത്തോടെ റിപ്പോർട് ചെയ്തു കൊള്ളുന്നു.
  5. ഏകാന്തതകൊതിച്ചു് ആളുകൾ കോവളം കടപ്പുറത്തു തടിച്ചുകൂടുന്നു.
മാധവിക്കുട്ടിയും ഡോക്ടർ ഷിവാഗോയും

മഹാത്മാഗാന്ധിയുടെ ഏതു ചിത്രമാണു് നിങ്ങൾക്കിഷ്ടം. ഗാന്ധിജി കാലുരണ്ടും മടക്കി പിറകോട്ടാക്കി ഇടതുകൈ തറയിലൂന്നി പുഞ്ചിരി പൊഴിച്ചുകൊണ്ടു ഇരിക്കുന്ന പടം. ആ ചിത്രം എന്റെ വീട്ടിലുണ്ടു്. പക്ഷേ, ഇപ്പോൾ ഞാനതിൽ നോക്കുമ്പോഴെല്ലാം അദ്ദേഹം എഴുന്നേറ്റുനിന്നു് രണ്ടു കൈകൊണ്ടും മുഖംപൊത്തി കരയുന്നതായി കാണുന്നു. അതു് എന്റെ ഭ്രമമോ അതോ യാഥാർത്ഥ്യമോ?

ശ്രീമതി മാധവിക്കുട്ടി എഴുതുന്നതെല്ലാം ഞാൻ വായിക്കാറുണ്ടു്. കുങ്കുമം വാരികയിൽ അവർ എഴുതുന്ന ഡയറിക്കുറിപ്പുകളിൽ “ഡോക്ടർ ഷിവാഗോ”യെക്കുറിച്ചു് പറഞ്ഞിരിക്കുന്നതു വായിച്ചപ്പോൾ എനിക്കു അനല്പമായ സന്തോഷമുണ്ടായി. കാരണം അവർ ചൂണ്ടിക്കാണിച്ച ഭാഗം തന്നെ ഞാൻ 1960-ൽ വായിച്ചു് പെൻസിൽ കൊണ്ടു് അടയാളപ്പെടുത്തിവച്ചിരുന്നു എന്നതാണു്. “ഡോക്ടർ ഷിവാഗോ ” എന്ന നോവലിലെ അതിസുന്ദരമായ പ്രേമരംഗത്തിന്റെ ചിത്രീകരണമാണു് അതു്.

കാമുകിയായ ലാറ ഉറങ്ങുന്നു. ഷിവാഗോ രാത്രിമൂന്നുമണിക്കു് എഴുന്നേറ്റു. ഇനിയുള്ള ഭാഗം നോവലിസ്റ്റിന്റെ ഭാഷയിൽത്തന്നെയാകട്ടെ. (ഇംഗ്ളീഷ് തർജ്ജമയെ ലക്ഷ്യമാക്കിയാണു് നോവലിസ്റ്റിന്റെ ഭാഷയെന്നു പറഞ്ഞതു്.)

“He was dazzled by the white flame playing on the shadowless, moonlit snow and could at first see nothing. Then the long, whimpering, deep-bellied baying sounded again, muffled by the distance, and he noticed four long shadows, no thicker than pencil strokes, on the edge of the snow-field just beyond the gully.

The wolves stood in a row, their heads raised and their muzzles pointing towards the house, baying at the moon or at its silver reflection on the windows.”

images/Kamala_das.jpg
മാധവിക്കുട്ടി

പെൻസിൽ രേഖകളെക്കാൾ കനംകൂടാത്ത നിഴലുകൾ. നാലുചെന്നായ്ക്കൾ ചന്ദ്രനെ നോക്കിയോ ജന്നലുകളിലെ അതിന്റെ രജത പ്രതിഫലനം നോക്കിയോ ഓരിയിടുകയാണു്. ഷിവാഗോ നോക്കി. അദ്ദേഹത്തിന്റെ വിചാരങ്ങൾ മനസ്സിലാക്കിയെന്നമട്ടിൽ അവ ഓടിക്കളഞ്ഞു. ആ സമയത്തു് ലാറ ഉണർന്നു അവൾ: “Still at work, my love? Burning and shining like a candle in the night. Come and sit beside me for a moment. I’ll tell you my dream.’ He put out the light.” (Fontana Books. pp. 428, 429.) ഇതിനെക്കാൾ രമണീയമായ പ്രേമരംഗ ചിത്രീകരണം ഞാൻ മറ്റൊരു നോവലിലും കണ്ടിട്ടില്ല. സഹൃദയത്വമുള്ള മാധവിക്കുട്ടി അതു എടുത്തുകാണിച്ചിരിക്കുന്നു.

ശ്രീരേഖ

വായനക്കാരും ഞാനും ജീവിതത്തിൽ പലതലങ്ങളിൽ നിൽക്കാറുണ്ടു്. ഇതെഴുതുന്ന ഞാനും വായിക്കുന്ന നിങ്ങളും സാഹിത്യത്തിന്റെ തലത്തിൽ നിൽക്കുകയാണിപ്പോൾ. ഏതു സാഹിത്യം? ആദികാവ്യത്തിന്റെ (മാഹാഭാരതം) അധ്യാത്മരാമായണത്തിന്റെ (എഴുത്തച്ഛന്റെ കൃതി-മൂലഗ്രന്ഥം വ്യാസന്റേതെന്നു സങ്കല്പം) തലത്തിലുള്ള സാഹിത്യം. അവിടെ നമ്മളെ കൊണ്ടുനിറുത്തിയതു് ദേശാഭിമാനി വാരികയിൽ ‘കാഞ്ഞിരമരത്തോട്’ എന്ന കാവ്യമെഴുതിയ ശ്രീ. ശ്രീരേഖയാണു്. കാഞ്ഞിരമരം എഴുത്തച്ഛനോടു ബന്ധപ്പെട്ട കാഞ്ഞിരമരം തന്നെ. അതിനെ അഭിസംബോധനചെയ്തുകൊണ്ടു് രാമായണത്തിന്റെയും മഹാഭാരതത്തിന്റെയും ആന്തരതത്ത്വം ഗ്രഹിക്കാത്തവരോടു കവി കയർക്കുന്നു. ഒടുവിൽ ഒരു പ്രാർത്ഥനയോടുകൂടി കവി കാവ്യം പര്യവസാനത്തിലെത്തിക്കുന്നു.

“കളകളമണികാഞ്ചി കിലുക്കി

കിളിമകളെപ്പാടിക്കുക നീ!

കുളിർകാകളികേകകളായി-

പ്പല രാഗം പെയ്യിക്കുക നീ!

ആ പെയ്ത്തിലൊലിച്ചൊഴിയട്ടെ

അപശബ്ദശ്ശീലുകളെല്ലാം.

ആഴങ്ങളിൽ നിന്നുയരട്ടെ

ആത്മീയത്തെളിനീരുറവ!

അത്തെളിമ പരക്കെപ്പറയാൻ

അടിയങ്ങടെ നാവിൻതുമ്പിൽ

മുൾമുനയാൽ മുറുകെക്കോറുക

മുത്തച്ഛാ, പുതിയ ഹരിശ്രീ!”

images/Swami_Madhavananda.jpg
Swami Madhavananda

ആന്റി ഹ്യൂമനിസത്തിന്റെ ന്യശംസതയിലേക്കു വിരൽ ചൂണ്ടിസമകാലിക സംസ്കാരത്തിൽ കവിക്കും അദ്ദേഹത്തിന്റെ കർമ്മത്തിനുമുള്ള പ്രാധാന്യം വ്യക്തമാക്കി ശ്രീരേഖ എഴുതുന്നു. അദ്ദേഹത്തിന്റെ രചന പ്രചാരണത്തിലേക്കു വഴുതിവീഴുന്നില്ല. അതുകൊണ്ടു് എനിക്കിതു് ഇഷ്ടപ്പെട്ടു. ഒരു വസ്തുതകൂടി എടുത്തു കാണിച്ചില്ലെങ്കിൽ ഈ അഭിപ്രായക്കുറിപ്പിനു സത്യസന്ധത എന്ന ഗുണം കൈവരില്ല. ശ്രീരേഖ മാസ്മരം എന്ന വാക്കു പ്രയോഗിക്കുന്നു. (മാസ്മരം നവമുരളി വിളിച്ചു.) അങ്ങനെയൊരു വാക്കില്ല സംസ്കൃതത്തിലും മലയാളത്തിലും. മെസ്മർ എന്നൊരു ജർമ്മൻ ഹിപ്നൊട്ടിസ്റ്റ് പത്തൊൻപതാം ശതാബ്ദത്തിൽ ഉണ്ടായിരുന്നു. മെസ്മറെ സംബന്ധിക്കുന്നതാണു് മാസ്മരം. ശ്രീകൃഷ്ണന്റെ കാലം മെസ്മർക്കും മുൻപായിരുന്നതുകൊണ്ടു് അദ്ദേഹത്തെക്കൊണ്ടു മാസ്മര നവമുരളി വിളിപ്പിക്കുന്നതു് നന്നല്ല. (മാസ്മരത്തിനു് ഒരു തരത്തിൽ ഭംഗിയുണ്ടു്. എന്നെങ്കിലും സമ്മതിക്കാം. കേട്ടാൽ ഓക്കാനത്തോളം കൊണ്ടെത്തിക്കുന്ന വേറെ രണ്ടു വാക്കുകൾ കൂടിയുണ്ടു്. രണ്ടും മലയാളമല്ല, സംസ്കൃതവുമല്ല. 1) ഇത്തരുണത്തിൽ 2) മനഃപ്രയാസം. വരമൊഴിയിലെങ്കിലും എഴുത്തുകാർ ഈ പ്രയോഗങ്ങൾ ഒഴിവാക്കേണ്ടതാണു്. ഇത്രയും എഴുതിക്കഴിഞ്ഞപ്പോൾ ഞാൻ എന്നോടു തന്നെ ചോദിക്കുന്നു. ‘നിങ്ങൾ ഭംഗി എന്നു മുകളിൽ എഴുതിയല്ലോ. ഭംഗിക്കു സൗന്ദര്യം എന്ന അർത്ഥം സംസ്കൃതത്തിലുണ്ടോ?’ ‘ഇല്ല’ എന്നു തന്നെ ഉത്തരം എങ്കിലും മലയാളത്തിൽ രാമണീയകമെന്ന അർത്ഥത്തിൽ ഭംഗിയെന്നു വളരെക്കാലമായി പ്രയോഗിക്കുന്നു. മാസ്മരം അങ്ങനെയല്ലല്ലോ.)

വിജ്ഞാനശകലങ്ങൾ
  1. രജനീഷ് സെക്സും തത്ത്വചിന്തയും കൂട്ടിക്കലർത്തിയെന്നു് ചിലർ കുറ്റപ്പെടുത്താറുണ്ടു്. നമ്മുടെ വേദാന്തം പോലും സെക്സിൽ നിന്നു് നിർമ്മുക്തമായിരുന്നില്ല എന്നതാണു് സത്യം. ‘ബൃഹദാരണ്യകോപനിഷ’ത്തിൽ നിന്നു് ഒരു ഭാഗം എടുത്തെഴുതാം. “യോഷാ വാ അഗ്നിഃ ഗൗതമ; തസ്യാ ഉപസ്ഥ ഏവ സമിത്, ലോമാനി ധൂമഃ യോനിരർചിഃ യദന്തഃ കരോതി തേങ്ഗാരാഃ, അഭിനന്ദാ വിസ്ഫൂലിങ്ഗാഃ” (The Brhadaranyaka Upanisad, Translated by Swami Madhavananda, Advaita Ashrama, Almora, pp. 904.)
  2. തർജ്ജമ ചെയ്ത മാധവാനന്ദസ്സ്വാമി ഇതിന്റെ അർത്ഥം ശരിയായി പറയാതെ “ഉഡാൻസ്” നടത്തിയിരിക്കുന്നു. Woman, O Gautama, in fire. In this fire the gods offer the seed” എന്നും മറ്റുമാണു് സ്വാമിയുടെ തർജ്ജമ. എനിക്കറിയാവുന്ന സംസ്കൃതത്തെ അവലംബിച്ചു് ഞാൻ ഇതിന്റെ തർജ്ജമ നൽകാം. അല്ലയോ ഗൗതമ, സ്ത്രീ അഗ്നിയാണു്. അവളുടെ ഉപസ്ഥം യാഗത്തിനുള്ള ചമതയാണു്. രോമങ്ങൾ പുകയാണു്. യോനി അർച്ചിയാണു് (ജ്വാലയാണു്) പുരുഷൻ അവളെ വേധനം ചെയ്യുമ്പോൾ അതു് അവൾക്കു അംഗാരമാണു് (കൊള്ളി—തീയുള്ളതോ ഇല്ലാത്തതോ) ഹർഷോന്മാദം അവളുടെ സ്ഫുലിംഗങ്ങളും, അർത്ഥമിങ്ങനെയായിരിക്കെ സ്വാമി ഒളിച്ചുകളിനടത്തുന്നതെന്തിനു്! രജനീഷിനെ ഇക്കാര്യത്തിൽ—സെക്സ് കലർത്തിയെന്നതിൽ—അത്രയ്ക്കു കുറ്റപ്പെടുത്താനൊന്നുമില്ല.
  3. കുമാരനാശാന്റെ നളിനിയിലെ ‘സൃന്ദമാനവനദാരു’ എന്ന പ്രയോഗം ശരിയാണോ എന്നു വള്ളത്തോൾ ഒരിക്കൽ എന്നോടു ചോദിച്ചു. “തെറ്റൊന്നുമില്ല” എന്നു ഞാൻ പറഞ്ഞപ്പോൾ “സ്യന്ദമാനത്വം ആർക്കു്” എന്നു് അദ്ദേഹം വീണ്ടും ചോദിച്ചു. ഞാൻ മിണ്ടാതെനിന്നപ്പോൾ വള്ളത്തോൾ പറഞ്ഞു: “സ്യന്ദമാനത്വം (ഒഴുക്കുക എന്നതു്) നദിക്കാണു് ചേരുക. വനദാരുവിനല്ലേ. വനദാരു ഒഴുകുകയല്ല, ഒഴുക്കപ്പെടുകയാണു്.” ശരിയാണു് വള്ളത്തോൾ പറഞ്ഞതു്. കാലം കഴിഞ്ഞു് “വിവേകചൂഡാമണി” ഞാൻ വായിച്ചപ്പോൾ “സ്രോതസാ നീയതേ ദാരു യഥാ നിമ്നോന്നത സ്ഥലം” എന്നു കണ്ടു. ദാരു (തടി) നദിയായി പറഞ്ഞിരിക്കുന്നു. അടുത്തകാലത്തു മുണ്ഡകോപനിഷത്തു് വായിച്ചപ്പോൾ ഇങ്ങനെയും: “യഥാ നദ്യഃ സ്യന്ദമാനാ” സമുദ്രേ സ്തം ഗച്ഛന്തി നാമരൂപേ വിഹായ… ” (നാമവും രൂപവും ഉപേക്ഷിച്ചു് നദികൾ സമുദ്രത്തിലേക്കു ഒഴുകുമ്പോൾ…!
  4. പുരുഷൻ സ്ത്രീയെ പ്രാപിക്കുന്നതു് വ്യഭിചാരമായി കരുതപ്പെടുന്നു. സ്ത്രീ, പുരുഷന്റെ അടുത്തുചെന്നാലോ അവളെ നിരാകരിക്കരുതു് എന്നാണു് ശ്രുതി. “തല്പാഗതാം നപരിഹരേതു്” ഏതിനും യുക്തി ഉണ്ടാക്കിവച്ചിട്ടുണ്ടു് ഭാരതീയർ.
ഗൗതമൻ

17-1-91 ഇന്നു കാലത്തു മൂന്നു മണിയോടെ ഗൾഫ് യുദ്ധം ആരംഭിച്ചു. എന്റെ വായനക്കാർക്കെന്നപോലെ എനിക്കും അതറിഞ്ഞു് ദുഃഖം, നൈരാശ്യം. എനിക്കു് അതു മാത്രമല്ല ആ വികാരങ്ങൾ ഉളവാക്കുന്നതു്. കഴിഞ്ഞ 21 കൊല്ലമായി മലയാളസാഹിത്യം ജീർണ്ണിച്ച അവസ്ഥയിലാണല്ലോ എന്ന വിചാരമാണു് ഈ രണ്ടു വികാരങ്ങളുടെയും ഉദ്ഭവത്തിനു ഹേതു. ഓരോ വർഷം കഴിയുന്തോറും ആ ജീർണ്ണത കൂടിക്കൂടി വരുന്നതേയുള്ളു.

ഞാൻ കഥകൾ കെട്ടിച്ചമയ്ക്കുകയാണോ എന്നു ചിലരെങ്കിലും സംശയിച്ചേയ്ക്കും. ആ സംശയം വേണ്ട. സംഭവിച്ചതാണു് പറയുന്നതു്. മധ്യതിരുവിതാംകൂറിലെ ഒരു ഗ്രാമത്തിൽ ഒരാൾ വിവാഹമുറപ്പിച്ചു. അയാളുടെ ഒരു ബന്ധുവിന്റെ പ്രാഭവവും പ്രഭാവവും പരിഗണിച്ചാണു് പെണ്ണിന്റെ അച്ഛൻ വിവാഹം നടത്താമെന്നു തീരുമാനിച്ചതു്. വിവാഹദിനമായി, പത്തുമണിക്കാണു് വിവാഹം നടക്കേണ്ടതു്. പതിനൊന്നായിട്ടും വരനെ കാണുന്നില്ല. എല്ലാവർക്കും ഉത്കണ്ഠ. ഏതാണ്ടു പതിനൊന്നരയായപ്പോൾ വരൻ മുഷിഞ്ഞമുണ്ടും മുഷിഞ്ഞ ഷർട്ടും ധരിച്ചു് ആഗതനായി. തോർത്തു് കഴുത്തിൽ ചുറ്റിയിട്ടിട്ടുണ്ടു്. എന്തായാലും ഉടനെ കല്യാണം നടത്തിക്കളയാമെന്നു വിചാരിച്ചു് പെണ്ണിന്റെ അച്ഛൻ സ്വർണ്ണമാലയെവിടെ? പുടവയെവിടെ? എന്നെല്ലാം ചോദിച്ചു. വരൻ കൈമലർത്തി. രണ്ടുകൈയും വീശിയാണു് അയാളെത്തിയതെന്നു മനസ്സിലാക്കിയ അച്ഛൻ അയാളെ അവിടെയിരുത്തിയിട്ടു കാറിറക്കി പന്ത്രണ്ടുമൈൽ അകലെയുള്ള പട്ടണത്തിൽച്ചെന്നു് ആഭരണങ്ങളും പട്ടു വസ്ത്രങ്ങളും മറ്റും വാങ്ങിക്കൊണ്ടുവന്നു. വരൻ കതിർമണ്ഡപത്തിലേയ്ക്കു് ആനയിക്കപ്പെട്ടു. അച്ഛൻ വാങ്ങിയ സ്വർണ്ണനൂലിലുള്ള താലി പെണ്ണിന്റെ കഴുത്തിൽ കെട്ടി. സ്വർണ്ണമാലയിട്ടു. ഹാരമിട്ടു. പട്ടണത്തിലെ ജവുളിക്കടയിൽ നിന്നുകൊണ്ടുവന്ന പുടവയും മറ്റും അയാൾ വധുവിനുകൊടുത്തു. അവൾ ഭക്തിയോടെ അതു തൊഴുതുവാങ്ങി. വരനും വധുവും ഇസ്പീഡ് ഗുലാനെപ്പോലെയും ഇസ്പീഡ് രാജ്ഞിയെപ്പോലെയും കതിർമണ്ഡപത്തിനു താഴെ നിന്നു. ഫോട്ടോയെടുത്തു (അക്കാലത്തു് വീഡിയോ ഏർപ്പാടില്ല) ചുറ്റിക്കറങ്ങൽ നടന്നു. പാലും പഴവും കൊടുത്തു. സദ്യകഴിഞ്ഞു. എല്ലാവരും പോയി. സുന്ദരിപ്പെണ്ണിനെ വീട്ടിൽ കൊണ്ടുപോകാൻ തയ്യാറെടുത്തു് ഇരുന്നവരൻ ഒരാഴ്ചത്തെ അഴുക്കുള്ള തോർത്തു് ഒന്നുകൂടെ കഴുത്തിൽ മുറുക്കിയിട്ടു. പെട്ടെന്നു് പെണ്ണിന്റെ തന്ത അയാളുടെ മുൻപിലെത്തി അച്ചടിക്കാൻ വയ്യാത്ത ചില വാക്കുകൾ അദ്ദേഹം അയാളുടെ മുഖത്തേക്കു് എറിഞ്ഞിട്ടു് “ഛീ ഇറങ്ങടാ നായുടെ മേനേ എന്റെ വീട്ടിൽ നിന്നു്” എന്നു് ആക്രോശിച്ചു. വധു വീട്ടിലിരുന്നു. വരൻ തോർത്തു് ഒന്നുകൂടെ മുറുക്കിക്കൊണ്ടു് പാതയിലേയ്ക്കു് ഇറങ്ങി.

images/Kumaran_Asan.jpg
കുമാരനാശാൻ

ഒരു യഥാർത്ഥ സംഭവത്തിലെ ഈ കഥാപാത്രത്തെ ലേശം മാറ്റത്തോടെ ഞാൻ ഇന്നു് ശ്രീ. ഗൗതമന്റെ ‘വിദ്യാധരൻ എന്ന ചെറുകഥയിൽ കാണുന്നു (ഭാഷാപോഷിണി, ലക്കം 4). നിത്യജീവിതത്തിലെ വ്യക്തിയെ കഥാപാത്രമായി ഫിക്ഷനിൽ കണ്ടാൽ നമുക്കു സന്തോഷമാണു്. ആ സന്തോഷത്തോടെ പറയട്ടെ ഗൗതമന്റെ ചെറുകഥ ഭേദപ്പെട്ടതാണെന്നു്. കഥയിലെ വിദ്യാധരൻ ആദ്യമൊക്കെ യഥാർത്ഥ സംഭവത്തിലെ വ്യക്തിയെപ്പോലെ പെരുമാറിയെങ്കിലും വിചാരിച്ചപെണ്ണിനെത്തന്നെ കല്യാണം കഴിച്ചു. കഥ പറയുന്ന ആളിനെ അയാൾ കൂടക്കൂടെ വീട്ടിലേയ്ക്കു ക്ഷണിക്കുകയും ചെയ്തു. പ്രതിപാദ്യത്തെ ഗൗതമൻ റബർപോലെ വലിച്ചുനീട്ടുന്നുവെങ്കിലും അദ്ദേഹത്തിന്റെ ആഖ്യാനം നന്നു്. അതിനു പരിവേഷമിടുന്നു നേരിയ ഹാസ്യം. കഥയെന്നതു് സംഭവങ്ങളുടെ വർണ്ണനമാണു്. അതിനു് കാര്യകാരണബന്ധം കാണും. അതിനെ കലാപരമായി സംവിധാനം ചെയ്യുമ്പോഴാണു് പ്ലോട്ട് ആകുന്നതു്. ആ സംവിധാനം കൂടുതൽ ആകർഷകമാകുമായിരുന്നു ഇപ്പോഴുള്ള ദീർഘത ഒഴിവാക്കിയിരുന്നെങ്കിൽ.

17-1-91 ഇന്നു കാലത്തു മൂന്നുമണിയോടെ ഗൾഫ് യുദ്ധം ആരംഭിച്ചു. എന്റെ വായനക്കാർക്കെന്നപോലെ എനിക്കും അതറിഞ്ഞു് ദുഃഖം, നൈരാശ്യം. എനിക്കു് അതുമാത്രമല്ല ആ വികാരങ്ങൾ ഉളവാക്കുന്നതു്. കഴിഞ്ഞ 21 കൊല്ലമായി മലയാളസാഹിത്യം ജീർണ്ണിച്ച അവസ്ഥയിലാണല്ലോ എന്ന വിചാരമാണു് ഈ രണ്ടു വികാരങ്ങളുടെയും ഉദ്ഭവത്തിനു ഹേതു. ഓരോ വർഷം കഴിയുന്തോറും ആ ജീർണ്ണതകൂടിക്കൂടി വരുന്നതേയുള്ളു.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1991-02-10.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 6, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.