കവി, തത്ത്വചിന്തകൻ, ശാസ്ത്രജ്ഞൻ ഇവരെല്ലാം ഒരു ദിവസം ഇരുപത്തിനാലു മണിക്കൂറും യഥാക്രമം കവിയായും തത്ത്വചിന്തകനായും ശാസ്ത്രജ്ഞനായും പെരുമാറിക്കൊള്ളണമെന്നാണു് നമ്മുടെ തെറ്റിദ്ധാരണ. വള്ളത്തോൾ നാരായണമേനോൻ “മഗ്ദലനമറിയം ” എഴുതിക്കൊണ്ടിരുന്ന സമയത്തു മാത്രമേ കവിയായിരുന്നുള്ളു. “The Life Divine” എഴുതിയ സമയത്തു മാത്രമേ അരവിന്ദ് ഘോഷ് തത്ത്വചിന്തകനായിരുന്നുള്ളു. E = mc2 എന്ന സമകാവ്യം ബുദ്ധിയിൽ അങ്കുരിക്കുകയും അതു് കടലാസിലേക്കു പകർത്തുകയും ചെയ്ത സന്ദർഭത്തിൽ മാത്രമാണു് ഐൻസ്റ്റൈൻ ശാസ്ത്രജ്ഞൻ. മറ്റുള്ള സമയങ്ങളിലെല്ലാം അവരും സാധാരണക്കാരായ നമ്മളും തമ്മിൽ ഒരു വ്യത്യാസവുമില്ല. ഒരു ദിവസം കാലത്തു് ഞാൻ കന്യാകുമാരി കടൽക്കരയിൽ സൂര്യോദയം കാണാൻ നിന്നപ്പോൾ തെല്ലകലെയായി ഒരു ബ്രാഹ്മണൻ ആകാശത്തു നോക്കിക്കൊണ്ടു നടക്കുന്നതായി കണ്ടു. വേഷം കൊണ്ടു ബ്രാഹ്മണനായി പ്രത്യക്ഷനായ അദ്ദേഹം ആരാണെന്നു് ഞാൻ അന്വേഷിച്ചു. വിശ്വവിഖ്യാതനായ ദാർശനികൻ ഡോക്ടർ രാധാകൃഷ്ണനാണു് ആ വ്യക്തിയെന്നും പരുന്തിനെക്കാണാൻ ശ്രമിക്കുകയാണു് അദ്ദേഹമെന്നും ആരോ എന്നോടു പറഞ്ഞു. പരുന്തിനെ കണ്ടതിനു ശേഷമേ അദ്ദേഹം പ്രഭാത ഭക്ഷണം കഴിക്കൂ എന്നും എനിക്കു ഗ്രഹിക്കാൻ കഴിഞ്ഞു. ‘ഇദ്ദേഹമാണോ ഫിലോസഫർ’ എന്നു ഞാൻ എന്നോടു തന്നെ ചോദിച്ചു. ആ ചോദ്യത്തിലടങ്ങിയ പുച്ഛത്തോടെ ഞാനവിടെ നിന്നപ്പോൾ ഒരു പരുന്തു് ആകാശത്തെത്തി. രാധാകൃഷ്ണൻ അതിനെ തൊഴുതിട്ടു് തിരിച്ചു പോയി. ഇന്നു് എനിക്കു് ആ പുച്ഛമില്ല. “ഇന്ത്യൻ ഫിലോസഫി” എഴുതിയ സമയത്തു മാത്രമാണു് രാധാകൃഷ്ണൻ ദാർശനികൻ. കടപ്പുറത്തെത്തി പരുന്തിനെ നോക്കിയ രാധാകൃഷ്ണൻ യാഥാസ്ഥിതികനായ വ്യക്തി മാത്രം. അദ്ദേഹം ഭാര്യയോടു ശണ്ഠ കൂടിയിരിക്കും. വേലക്കാരനെ ശകാരിച്ചിരിക്കും. തലപ്പാവു ശരിയായില്ലെന്നു വന്നു് അതു് കെട്ടിക്കൊടുക്കുന്നവനോടു് കയർത്തിരിക്കും. പക്ഷേ, “ഭഗവദ്ഗീത” വ്യാഖ്യാനിക്കുമ്പോൾ ദാർശനികൻ. കവിയും വിഭിന്നനല്ല. ഊണു കഴിക്കാനിരിക്കുമ്പോൾ കോഴിയിറച്ചിക്കറിയില്ലെങ്കിൽ കോപിക്കുന്ന കവി പേനയെടുത്തു കോഴിയെക്കുറിച്ചു കവിതയെഴുതുമ്പോൾ അതിന്റെ കഴുത്തറുക്കുന്നവനെ രോഷത്തോടെ ഘാതകൻ എന്നു വിളിക്കും. “ധിഷണാശക്തിയുടെ പരകോടി” എന്നു് അറിവുള്ളവർ വാഴ്ത്തിയ “Human knowledge: Its Scope and Limits” എന്ന ഗ്രന്ഥമെഴുതിയ ബർട്രഡ് റസ്സൽ സ്ത്രീകളെ സംബന്ധിക്കുന്ന കാര്യങ്ങളിൽ തികഞ്ഞ ആഭാസനെപ്പോലെ പെരുമാറിയിരുന്നുവെന്നു് എത്രയെത്ര ആളുകളാണു് തെളിവുകളോടെ സ്പഷ്ടമാക്കിയത്! ഇതിലൊന്നും അദ്ഭുതപ്പെട്ടിട്ടു കാര്യമില്ല. ലോകപ്രസിദ്ധനായ കവി ഹോലുബി ന്റെ (Miroslav Holub) ഒരു കാവ്യമുണ്ടു് ഈ തത്ത്വം സമർത്ഥിക്കുന്നതായിട്ടു്.
“നിങ്ങൾ കവിയാണു് അല്ലേ?”
“അതേ ഞാൻ കവിയാണു്”
“നിങ്ങൾക്കെങ്ങനെ അറിയാം?”
“ഞാൻ ഒരു കാവ്യം എഴുതി”
“നിങ്ങൾ കാവ്യം രചിച്ചപ്പോൾ നിങ്ങൾ കവിയാണെന്നു വന്നു. പക്ഷേ, ഇപ്പോൾ?”
“ഇനി വേറൊരു ദിവസം ഞാൻ മറ്റൊരു കാവ്യമെഴുതും”
“അപ്പോൾ നിങ്ങൾ വീണ്ടും കവിയാകും എന്നാൽ ആതു യഥാർത്ഥത്തിൽ കാവ്യമാണെന്നു നിങ്ങൾ എങ്ങനെ അറിയും?”
“ഒടുവിലെഴുതിയതിനോടു് സദൃശമായിരിക്കും അതു്”
“അങ്ങനെയാണെങ്കിൽ അതു കാവ്യമേ ആയിരിക്കില്ല. കാവ്യം ഒരിക്കൽ മാത്രമേ അതായിരിക്കു—അതു വീണ്ടും അതായിരിക്കില്ല”.
“അതു് നല്ലതാണെന്നേ ഞാൻ അർത്ഥമാക്കുന്നുള്ളു”.
“അങ്ങനെ കരുതാനൊക്കുകയില്ലല്ലോ. കവിതയുടെ നന്മ ഒരിക്കൽ മാത്രമേ ഉള്ളു. അതു് നിങ്ങളെ ആശ്രയിച്ചല്ല, പരിതഃസ്ഥിതികളെ ആശ്രയിച്ചാണിരിക്കുന്നതു്”.
“പരിതഃസ്ഥിതികൾ ഒരേ രീതിയിലായിരിക്കുമെന്നു ഞാൻ വിചാരിക്കുന്നു”.
“അതാണു് നിങ്ങളുടെ അഭിപ്രായമെങ്കിൽ നിങ്ങൾ ഒരിക്കലും കവിയായിരുന്നില്ല. കവിയാകുകയുമില്ല”.
“ശരി എനിക്കു സത്യത്തിൽ അറിഞ്ഞുകൂടാ”.
“എന്നാൽ നിങ്ങൾ ആരാണു്?”
ഈ കാവ്യമെഴുതിയിട്ടു ഹോലുബ് പറയുന്നു: സമയത്തിന്റെ തൊണ്ണൂറ്റിയഞ്ചു ശതമാനവും നമ്മൾ സെക്രട്ടറിമാരും ടെലിഫോണിൽ സംസാരിക്കുന്നവരും ആശാരിമാരും അപേക്ഷകരും വീട്ടുജോലിക്കാരികളും ഗുമസ്തന്മാരും ഉപദ്രവും ചെയ്യുന്നവരും മറ്റുള്ളവർ പറയുന്നതു കേൾക്കുന്നവരും ഡ്രൈവർമാരും ഓട്ടക്കാരും രോഗികളും നിഴലുകളും ആയിരിക്കുമ്പോൾ കവിയോ ശാസ്ത്രജ്ഞനോ ആണെന്നു കരുതുന്നതിൽ എന്തർത്ഥമിരിക്കുന്നു?
പതിനേഴാം ശതാബ്ദത്തിലെ ചൈനീസ് ക്ലാസിക്കാണു് ലിയു എഴുതിയ ‘The Carnal Paryer Mat’ എന്ന കാമോത്സുകതയാർന്ന നോവൽ. ഇംഗ്ലീഷിൽ ആദ്യമായി അതു പ്രസിദ്ധപ്പെടുത്തുന്നുവെന്നു പറഞ്ഞുകൊണ്ടു് Arrow Books അതു് ഈ വർഷം നമുക്കു നൽകുന്നുണ്ടെങ്കിലും വർഷങ്ങൾക്കു മുൻപു് ഞാൻ ഈ നോവൽ ഇംഗ്ലീഷിൽ വായിച്ചിട്ടുണ്ടു്. ചൈനീസിൽ നിന്നു ജർമ്മൻ ഭാഷയിലേക്കു തർജ്ജമ ചെയ്തതിന്റെ ഇംഗ്ലീഷ് തർജ്ജമയാണതു്. അശ്ലീല വർണ്ണനകൾ ഇതിൽ നിറഞ്ഞിരിക്കുന്നുവെങ്കിലും ചില നിരീക്ഷണങ്ങൾ രസകരങ്ങളാണു്. ഒരു ഭാഗം നോക്കുക:
“യഥാർത്ഥത്തിൽ സുന്ദരിയായവളുടെ ഗുണങ്ങൾ മറഞ്ഞുപോകാൻ വയ്യ. മഴയുടെയോ മുളങ്കൂട്ടത്തിന്റെയോ യവനികയിലൂടെ നോക്കിയാലും വാതിലിന്റെ വിടവിലൂടെ അവളെ വീക്ഷിച്ചാലും ഇരുട്ടിൽ അവൾ മറഞ്ഞിരുന്നാലും അവളുടെ ആകർഷികത്വം സ്വയം പ്രകടമാവുകയും നോക്കുന്നവൻ അതിൽ അദ്ഭുതപ്പെട്ടുപോകുകയും ചെയ്യും. അവൾ സ്വർഗ്ഗീയ കന്യകയായതെങ്ങനെ? അവൾ ദേവതയായതു് എങ്ങനെ? അവളുടെ ശാരീരിക രൂപത്തിൽ ഈ ഗുണങ്ങൾ അടങ്ങിയിരിക്കുന്നുവെന്നു് നിങ്ങൾ കരുതുന്നുവെങ്കിൽ അതു് തെറ്റു്. ശാരീരിക രൂപത്തിനു പുറത്താണു് അവയെന്നു് കരുതിയാലും തെറ്റു്. അവ വിശദീകരണത്തിനു് വഴങ്ങിത്തരില്ല. അതിനാൽ അത്ഭുതാവഹം”. (പുറം 57)
ലി യു സ്ത്രീസൗന്ദര്യത്തെക്കുറിച്ചു പറയുന്നതു് സാഹിത്യ സൃഷ്ടിയെക്കുറിച്ചും ശരിയാണു്. ദുർഗ്രഹതയുടെയോ ലാക്ഷണികതയുടെയോ പ്രതിരൂപാത്മകതയുടെയോ യവനികയിലൂടെ നോക്കിയാലും കലാസൃഷ്ടി ചേതോഹരമായിരിക്കണം. യവനികയൊന്നുമില്ലാതെ സഹൃദയന്റെ മുൻപിൽ അവതരിച്ചാൽ അതു് ഹൃദയഹാരി ആയിരിക്കണം. രൂപശില്പത്തിലോ ഭാവശില്പത്തിലോ അല്ല അതിന്റെ രാമണീയകമിരിക്കുന്നതു്. വിവരണത്തിനു് വിധേയമാകാത്ത വിസ്മയദായകമായ സൃഷ്ടിവിശേഷമാണു്. കലയുടെ ഈ അത്ഭുതമൊന്നും ശ്രീ. എം. ജി. രാധാകൃഷ്ണൻ കലാകൗമുദിയിലെഴുതിയ “തായ്വേരുകൾ” എന്ന കഥയിൽ ഇല്ല. നപുസകം സ്ത്രീവേഷം കെട്ടിവരുമ്പോൾ സേട്ട് കാമപരവശനാകുന്നു. അതിനെ പ്രാപിക്കാൻ അയാൾ ശ്രമിക്കുമ്പോൾ ഭാര്യയെത്തുന്നു. അവൾ കോപിക്കുമ്പോൾ താൻ സ്ത്രീയല്ല. നപുംസകമാണെന്നു് ആ രൂപം അറിയിക്കുന്നു. അതോടെ ഭാര്യയുടെ കോപമകലുന്നു. കഷായത്തിനു മേമ്പൊടി എന്ന പോലെ കഥാകാരൻ അശ്ലീലസ്പൃഷ്ടങ്ങളായ വാക്യങ്ങൾ രചനയിൽ തിരുകിക്കയറ്റുന്നു. ചില സാഹിത്യ സൃഷ്ടികൾ വായിച്ചാൽ നമുക്കു ജീവതത്തിന്റെ സദാചാരപരമായ അംശങ്ങൾ ലഭിക്കും. വേറെ ചിലതു് ജീവിതത്തിന്റെ വികാരപരങ്ങളായ അംശങ്ങൾ പ്രദാനംചെയ്യും. അവ രണ്ടും നമുക്കു ജീവിക്കാനുള്ള മാർഗ്ഗം കാണിച്ചുതരികയും ചെയ്യും. രാധാകൃഷ്ണന്റെ കഥ എന്റെ മനസ്സിനെ മലിനമാക്കുന്നു.
- ഇരുപതാം ശതാബ്ദത്തിലെ ഏറ്റവും വലിയ നോവലിസ്റ്റ് പ്രൂസ്താ ണു്. അദ്ദേഹത്തിന്റെ ‘Remembrance of Things Past’ എന്ന നോവൽ വായിക്കാത്തവർ സാഹിത്യമെന്തെന്നു് അറിയുന്നില്ല.
- Frazer എഴുതിയ ‘Golden Bough’. Sherrington എഴുതിയ ‘Man on his Nature’ ഈ ഗ്രന്ഥങ്ങൾ വായിച്ചിട്ടില്ലാത്തവർ ചിന്താമണ്ഡലത്തിന്റെ വ്യാപ്തിയും ഔന്നത്യവും അറിഞ്ഞവരല്ല. തെരുവുതെണ്ടിയുടെ ശ്വാസകോശം കാർന്നു തിന്നുന്ന ക്ഷയരോഗാണു തന്നെയാണു് പ്രതിഭാശാലിയായ കീറ്റ്സി ന്റെയും ശ്വാസകോശത്തെ നശിപ്പിച്ചതു് എന്ന സൂചിപ്പിച്ചിട്ടു് ഷെറിങ്ടൻ പ്രകൃതിയെക്കുറിച്ചു പറയുന്നു: “…Nature, though she has evolved life makes no appraisal of it. She has no lives of higher worth or of lower worth because to her all lives are without worth” (P. 282, Penguin Books).
- ടെനിസൺ stupidest (ഏററവും മൂഢനായ) കവിയാണെന്നു് W. H. Auden എന്ന മഹാനായ കവി പറഞ്ഞു. അതുകേട്ടു് മറ്റൊരു മഹാനായ കവി റ്റി. എസ്. എൽയെറ്റ് അഭിപ്രായപ്പെട്ടു ഓഡൻ പണ്ഡിതനല്ലെന്നു്; പണ്ഡിതൻ ആയിരുന്നെങ്കിൽ കൂടുതൽ മണ്ടന്മാരായ കവികളെ അദ്ദേഹം കണ്ടുപിടിക്കുമായിരുന്നുവെന്നു്, എൽയെറ്റും ഓഡനുമെവിടെ? ഞാനെവിടെ? എങ്കിലും എഴുതട്ടെ. ടെനിസൺ എന്ന കവിയെ അങ്ങനെ പുച്ഛിക്കേണ്ടതില്ല.
- വിമർശകൻ നിശിതമായി വിമർശിക്കുമ്പോൾ രചയിതാവിനു കോപവും ശത്രുതയുമുണ്ടാകും, പക്ഷേ, ആ വികാരങ്ങൾ ക്ഷണികങ്ങളാണു്. അവയുടെ കൂടെത്തന്നെ വിമർശകന്റെ നേർക്കു രചയിതാവിനു് ലേശം ബഹുമാനം ഉണ്ടായെന്നു വരും. മഹാകവി ജി. ശങ്കരക്കുറുപ്പി നെ ഒരു ദയയുമില്ലാതെ വിമർശിച്ചു പ്രഫെസർ ജോസഫ് മുണ്ടശ്ശേരി. പക്ഷേ, കാലം കഴിഞ്ഞപ്പോൾ അവർ സുഹൃത്തുക്കളായി. എന്നാൽ സദസ്സിന്റെ മുൻപിൽ വച്ചു് പ്രഭാഷകനെ അദ്ധ്യക്ഷൻ പരിഹസിച്ചാൽ അയാൾക്കു് അതു മറക്കാനൊക്കുകയില്ല. ശത്രുത ദിനംപ്രതി വർദ്ധിക്കുകയെയുള്ളു. സമ്മേളനങ്ങളിൽ വച്ചു് എൻ. ഗോപാലപിള്ള സ്സാർ പലരെയും തേജോവധം ചെയ്തിട്ടുണ്ടു്. അവർ അദ്ദേഹത്തിന്റെ ശത്രുക്കളായി എല്ലാക്കാലത്തും വർത്തിച്ചു. പരിഹസിക്കപ്പെടുമ്പോൾ വ്യക്തി മാനസികമായി തളരും. ആ തളർച്ചയിൽ നിന്നു് അയാൾ ഒരിക്കലും രക്ഷപ്പെടില്ല.
- നവീന ഗദ്യകാരന്മാരുടെ രചനകൾ ദുർഗ്രങ്ങളാണെന്നു മറ്റുള്ളവർ പറയുമ്പോൾ അവർ കോപിക്കേണ്ടതില്ല. തങ്ങൾ എഴുതിയതിന്റെ മുൻപിൽ തങ്ങളെത്തന്നെ പ്രതിഷ്ഠിച്ചു് അവർ വായനക്കാരായിമാറി വായിച്ചുനോക്കണം. അപ്പോൾ തങ്ങൾ എഴുതിയതു് മനസ്സിലാകുന്നില്ലല്ലോ എന്നു് അവർക്കു് മനസ്സിലാകും.
പഞ്ചാബിൽ ഒരു ബസ്സിൽ നിന്നു മുപ്പതോളം യാത്രക്കാരെ ഭീകരർ പിടിച്ചിറക്കി. അവരുടെ യാചനകളെ തൃണവൽഗണിച്ചു് ഓരോ വ്യക്തിയെയും അവർ വെടിവെച്ചു കൊന്നു. ഈ വാർത്ത വായിച്ചു തളർന്ന ഞാൻ അടുത്ത വീട്ടിലേക്കു് നോക്കുമ്പോൾ പരുന്തെടുത്തു കൊണ്ടുപോയ കോഴിക്കുഞ്ഞിനെ വീണ്ടെടുത്തു് അതിന്റെ മുറിഞ്ഞ കൊച്ചുകാലിൽ മഞ്ഞളരച്ചു പുരട്ടി അതിനെ കിണ്ണം കൊണ്ടു മൂടി, കമ്പി കൊണ്ടു തട്ടി ശബ്ദമുണ്ടാക്കി ജീവിപ്പിക്കാൻ ശ്രമിക്കുന്നു ഗൃഹനായിക. എന്റെ വീട്ടിന്റെ മുൻവശത്തുള്ള വയലാകെ യന്ത്രംകൊണ്ടു് ഉഴുതുമറിച്ചിട്ടും വരമ്പിന്റെ ഒരറ്റത്തു് ഒരു മുക്കുറ്റിപ്പൂവു് മന്ദഹാസം തൂകിക്കൊണ്ടു നില്ക്കുന്നു. കാതടപ്പിക്കുന്ന ശബ്ദത്തോടെ ഉച്ചഭാഷിണികൾ ലോറികളിലൂടെ നീങ്ങുന്നു; അതാ ആ കിളിമരത്തിൽ ഒരു കൊച്ചു കിളി വന്നിരുന്നു് മധുരനാദം കേൾപ്പിക്കുന്നു. തെല്ലകലെയുള്ള രാജവീഥിയിലൂടെ മോട്ടോർ കാറുകളും ഓട്ടോറിക്ഷകളും ചീറിപ്പാഞ്ഞിട്ടും എന്റെ മുൻപിലുള്ള വയലുകളിൽ വെള്ളക്കൊക്കുകൾ പറ്റംപറ്റമായി വന്നു് ഇരിക്കുന്നു. തിരഞ്ഞെടുപ്പു് വരാനിരിക്കുന്നതേയുള്ളു. എങ്കിലും തെരുവുകളിൽ മഹാസ്വനങ്ങൾ; ആ മഹാശബ്ദങ്ങളിലൂടെ അടുത്തുള്ള ശിവൻ കോവിലിലെ മണിനാദം ഒഴുകിവന്നു് എനിക്കു് ആശ്വാസമരുളുന്നു. പരുക്കൻ പദങ്ങളും അസ്വാഭാവികങ്ങളായ കല്പനകളും ചേർന്നു് അനാകർഷമായ നവീനകവിത കേരളീയരെ ശ്വാസം മുട്ടിക്കുമ്പോൾ ലയത്തിന്റെ മാധുര്യത്തോടെ ശ്രീ. ശ്രീധരനുണ്ണി യുടെ ‘കടംകഥ’ എന്ന കാവ്യം അവരുടെ നേർക്കു് ഒഴുകിവരുന്നു. സ്ഫുടതയാർന്ന ആശയങ്ങളുണ്ടോ? ഇല്ല. തീക്ഷ്ണതയുള്ള ജീവിത വീക്ഷണമുണ്ടോ? ഇല്ല. എങ്കിലും ഇതു വായിക്കുമ്പോൾ ആഹ്ലാദാനുഭൂതി.
“കുന്നിൻചരിവിൽ പ്രതീക്ഷകൾ പൂവിട്ടു-
മിന്നും വസന്ത സ്മൃതിയിൽ
പൊന്നിന്റെ തേരിൽക്കൂളമ്പടിച്ചെത്തുന്ന
പുണ്യജന്മത്തിൽ സ്മൃതിയിൽ
എന്നും വെളുക്കച്ചിരിക്കുമുദാരാമാം
ധന്യമോഹത്തിൻ തുടിപ്പിൽ
ചക്രവാളത്തിൻ ചരിവിലെനിക്കൊരു
നക്ഷത്രമുണ്ടായിരുന്നു…!”
എന്ന വരികൾ ചൊല്ലി ‘ക്ലീഷേ’യല്ലാതെ ഇതിലെന്തുണ്ടെന്നു ചോദിക്കുമായിരിക്കും ചിലർ. ആ ചോദ്യം തികച്ചും നിരാസ്പദമെന്നു ഞാൻ പറയുകയില്ല. എങ്കലും ഏകാന്തത്തിലിരുന്നു് ഇക്കവിത ഒന്നുറക്കെ ചൊല്ലിനോക്കുക. ഞാൻ മുൻപു് പറഞ്ഞ ആഹ്ലാദാനുഭൂതിയുണ്ടാകും.
ചോദ്യം: ഉള്ളൂരിന്റെ മഹാകവിത്വത്തെക്കുറിച്ചു് നിങ്ങളുടെ അഭിപ്രായമെന്താണു്?
ഉത്തരം: അരവിന്ദ്ഘോഷ് പറയുന്ന supreme poetic utterance മഹാകവിത്വത്തിന്റെ മാനദണ്ഡമാണെങ്കിൽ ഉള്ളൂർ പരമേശ്വരയ്യർ ക്കു് ആ ശ്രേഷ്ഠഭാഷണമുണ്ടു്. പക്ഷേ, സർഗ്ഗപ്രക്രിയ ഒരു പേലവപ്രക്രിയയാണു്. സത്യദർശനത്തെ ഭാവനാത്മകമായി ആവിഷ്കരിക്കുമ്പോൾ അതു് പനിനീർപ്പൂപോലെ മൃദുലമാവണം. സത്യദർശനത്തെ എപ്പോഴും ആ രീതിയിൽ ചിത്രീകരിക്കാൻ ഉള്ളൂരിനു കഴിഞ്ഞിട്ടില്ല. ഫാൻസിയിൽ— കല്പനാഭാസത്തിൽ അദ്ദേഹം വിഹരിക്കും. അപ്പോൾ കവിതയല്ല ജനിക്കുന്നതു്.
ചോദ്യം: വൈലോപ്പിള്ളി യുടെ ‘മകരക്കൊയ്ത്തി’ന്റെ അടുത്തു വരുമോ നിങ്ങളുടെ ചങ്ങമ്പുഴയുടെ സ്പന്ദിക്കുന്ന അസ്ഥിമാടം?
ഉത്തരം: ധിഷണയിൽ നിന്നും ഹൃദയത്തിൽ നിന്നും കവിത ഉത്ഭവിക്കും. poetic intellect എന്നും poetic heart എന്നും അവയെ യഥാക്രമം ഇംഗ്ലീഷിൽ വിളിക്കാം. ‘മകരക്കൊയ്ത്തു്’ വൈലോപിള്ളിയുടെ poetic intellect-ൽ നിന്നു ജനിച്ചതാണു്. ‘സ്വപ്നന്ദിക്കുന്ന അസ്ഥിമാടം‘ poetic heart-ൽ നിന്നും. നൂറുകൊല്ലം കഴിഞ്ഞാൽ ‘മകരക്കൊയ്ത്തു്’ കാണില്ല: ‘സ്പന്ദിക്കുന്ന ആസ്ഥിമാടം’ അപ്പോഴും സ്പന്ദിച്ചുകൊണ്ടിരിക്കും.
ചോദ്യം: മഹാവിഷ്ണു കല്പങ്ങളോളം യോഗനിദ്രയിൽ ആണ്ടിരിക്കുമെന്നുള്ളതു ശരിയാണോ സാറേ?
ഉത്തരം: ശരി, ശരി. പാലാഴി അങ്ങു പൊക്കത്തിലല്ലേ? അവിടെ ടെലിവിഷൻ ഇല്ലാത്തതുകൊണ്ടു് എപ്പോഴും ഉറങ്ങാം മഹാവിഷ്ണുവിനു്.
ചോദ്യം: പ്രാസംഗികൻ പ്രസംഗിക്കുമ്പോൾ സദസ്സിലെ ഒരുത്തൻ റിസ്റ്റ് വാച്ച് നോക്കുന്നതും കോട്ടുവായിടുന്നതും പ്രാസംഗികനെ അപമാനിക്കലല്ലേ?
ഉത്തരം: അല്ല. പ്രഭാഷകൻ കാണാതെ ഒളികണ്ണിട്ടു വാച്ച് നോക്കുന്നതും വന്നുപോയ കോട്ടുവാ അടക്കാൻ ശ്രമിച്ചു മുഖം വക്രിപ്പിക്കുന്നതും അപമാനനമാണു്.
ചോദ്യം: ആളുകളെ തട്ടിക്കൊണ്ടു് പോകുന്നതിനെക്കുറിച്ചും വിമാനം റാഞ്ചുന്നതിനെക്കുറിച്ചും നിങ്ങൾക്കെന്താണു് അഭിപ്രായം?
ഉത്തരം: ഒരു വിമാനത്തിനകത്തു് കേരളത്തിലെ നവീന നിരൂപകന്മാരാകെ ഉണ്ടെങ്കിൽ ആ വിമാനം റാഞ്ചുന്ന സംഘത്തിന്റെ നേതാവായിരിക്കും ഞാൻ. ആരെന്തു സന്ധി സംഭാഷണത്തിനു വന്നാലും ഞാൻ വഴങ്ങുകയില്ല. ആ വിമാനം തകർത്തു ഞാനും മരിക്കും.
ചോദ്യം: ചില സ്ത്രീകൾ— സുന്ദരികളായിരിക്കുമവർ—അസ്വാഭാവികമായി സംസാരിക്കും. തല വെട്ടിക്കും. ‘ഓ എവിറ്റെ പോയ്കുന്നു?’ എന്നു ചോദിക്കും. നെഞ്ചു തള്ളി, ചന്തി കുലുക്കി നടന്നു പോകും. സുന്ദരികളാണെന്ന അഹംഭാവം കൊണ്ടാണോ?
ഉത്തരം: അല്ല. അവർക്കു് എന്തെങ്കിലും മറയ്ക്കാൻ കാണും. ഭർത്താവു് മദ്യപാനിയായിരിക്കും. അല്ലെങ്കിൽ പരസ്ത്രീഗമനാഭിലാഷമുള്ളവനായിരിക്കും. അയാളുടെ കൊള്ളരുതായ്മ അവരുടെ മനസ്സിനെ എപ്പോഴും അലട്ടും. അതിന്റെ ഫലമാണു് ഈ വൈലക്ഷണ്യം.
ലോകകഥാസാഹിത്യത്തിലെ ഒരു മാസ്റ്റർപീസാണു് മെക്സിക്കൻ കവി ഒക്താവ്യോ പാസ്സി ന്റെ (Octavio Paz) ‘The Blue Boquet’ എന്ന കൊച്ചു കഥ. അതിന്റെ സംഗ്രഹം നല്കിയാൽ അതൊരു കലാഹിംസയാകും. അതുകൊണ്ടു് ഞാനതിനു തുനിയുന്നില്ല. ഇംഗ്ലീഷ് തർജ്ജമ വായിച്ചു നോക്കാൻ വായനക്കാരോടു് അഭ്യർത്ഥിക്കുന്നതേയുള്ളു. ഏർവിങ് ഹൌ (Irving Howe) പ്രസാധനം ചെയ്ത ‘Short Stories’ എന്ന പുസ്തകത്തിലും പെൻഗ്വിൻ ബുക്ക്സ് പ്രസാധനം ചെയ്ത ‘Selected Poems—Octavio Paz’ എന്ന സമാഹാര ഗ്രന്ഥത്തിലും ഈ കഥയുടെ ഇംഗ്ലീഷ് തർജ്ജമയുണ്ടു്, Eliot Weinberger-ന്റെ തർജ്ജമ. എന്റെ സ്നേഹിതൻ ശ്രീ. വിജയൻ കാരോട്ടു് അതിനെ ഭാഷാന്തരീകരണം ചെയ്തു വിരൂപമാക്കിയിരിക്കുന്നു. ഒരുദാഹരണം കാണിക്കട്ടെ:
“Crickets bivouacked in the tall grass. I raised my head: up there the stars too had set up camp. I thought the universe was a vast system of signs, a conversation between giant being, My actions, the cricket’s saw, the star’s blink, were nothing but passes and syllables, scattered phrases from that dialogue. What word could it be, of which I was only a syllable? who speaks the word?”.
ഇതിനു വിജയൻ കാരോട്ടു് നല്കുന്ന തർജ്ജമ:
“ഉയർന്നുനില്ക്കുന്ന കോറപ്പുല്ലുകൾക്കിടയിൽ നിന്നും ചീവിടുകൾ മൂളാൻ തുടങ്ങി. ആ ശബ്ദങ്ങൾ ഈ പ്രപഞ്ചത്തിന്റെ പ്രതിഭാസങ്ങളാണെന്നു് തോന്നി. രാക്ഷസ്സ ജീവികൾ ആ പ്രതിഭാസത്തെക്കുറിച്ചു് നേർത്ത സ്വരത്തിൽ സംസാരിക്കുന്നുണ്ടു്. ഞാൻ വിചാരിച്ചു. എന്തെന്തു വിചാരങ്ങൾ. ചീവീടുകളുടെ അശ്രദ്ധമായ ശൃംഗാരചേഷ്ഠകളാണന്നും തോന്നാതിരുന്നില്ല.
നക്ഷത്രങ്ങൾ കൺചിമ്മി തുറന്നു കൊണ്ടിരുന്നു. അതു് എന്തോ ഒരു മുന്നറിയിപ്പിന്റെ സൂചനകളായി തോന്നി. നിശാജീവികളുടെ ചിലയ്ക്കലുകളിലനുഭവപ്പെടുന്ന വിരാമം ഈ പ്രപഞ്ചത്തിന്റെ പ്രയാണത്തിൽ ചിതറിവീഴുന്ന വാക്കുകളായും എനിയ്ക്കു് തോന്നി.
ഞാനൊരു സ്വരമായിരുന്നെങ്കിൽ അതേതു സ്വരമാകുമായിരിക്കും? അതാരായിരിക്കും ആലപിക്കുക? അരോടു് ചോദിക്കും?”
“ബിവ്വാക് ” (bivouac) എന്ന പദത്തിന്റെ അർത്ഥം പട്ടാളക്കാർക്കോ മലകയറുന്നവർക്കോ ഉള്ള താൽക്കാലികമായ താവളമെന്നോ പാളയമെന്നോ ആണു്. വിജയൻ അതിനെ ‘മൂളാൻ തുടങ്ങി’ എന്നാക്കിയിരിക്കുന്നു. ‘I raised my head: up there the stars too had set up camp’—ഞാൻ ശിരസ്സുയർത്തി. മുകളിൽ നക്ഷത്രങ്ങളും താവളമൊരുക്കിയിരുന്നു”. ഈ ഭാഗം തർജ്ജമയിൽ ഇല്ലേയില്ല. തുടർന്നു് വിജയൻ നൽകുന്ന ഭാഷാന്തരീകരണമാകെ അബദ്ധമാണു്. ഈ മലയാളം തർജ്ജമ ഇംഗ്ലീഷിലാക്കി പാസ്സിനു കൊടുത്താൽ അദ്ദേഹം ആത്മഹത്യ ചെയ്യും. ഇല്ലെങ്കിൽ അതിനെക്കുറിച്ചു് ആലോചിക്കുകയെങ്കിലും ചെയ്യും. ഇത്തരത്തിലുളള ഭാഷാന്തരീകരണങ്ങൾ മഹാദ്രോഹങ്ങളാണു് (തർജ്ജമ ദേശാഭിമാനി വാരികയിൽ).
ശബ്ദങ്ങളെക്കാൾ ചിലപ്പോൾ ചിത്രങ്ങൾ അർത്ഥത്തിന്റെ സാന്ദ്രത പകർന്നുതരും. അപ്പോൾ ആ ചിത്രങ്ങൾ തന്നെ ഭാഷയായി പരിവർത്തനം ചെയ്യും. ശ്രീ. ജി. അരവിന്ദൻ മരിച്ചു കഴിഞ്ഞപ്പോൾ എത്രയെത്ര നല്ലയാളുകളാണു് ദുഃഖം പ്രഗല്ഭമായി വാക്കുകളിലൂടെ ആവിഷ്കരിച്ചതു്. അതേ പ്രാഗല്ഭ്യം തന്നെ ശ്രീ. പി. വി. കൃഷ്ണനും ഒരു ചിത്രത്തിലൂടെ പ്രദർശിപ്പിക്കുന്നു. അദ്ദേഹത്തിന്റെ തത്ത്വചിന്തകൻ ജീവനാർന്ന കഥാപാത്രമായിട്ടുണ്ടു്. ആ കഥാപാത്രം അരവിന്ദന്റെ തിരോധാനത്തിൽ ദുഃഖിക്കുന്നു. അരവിന്ദന്റെ കഥാപാത്രമായ രാമു കണ്ണീരൊഴുക്കുന്നു. മിഴിനീർ തൂകുന്ന രാമുവിനെ സമാശ്വസിപ്പിച്ചുകൊണ്ടു തത്ത്വചിന്തകൻ നില്ക്കുകയാണു്. അവരുടെ മുകളിലായി അരവിന്ദന്റെ ചിത്രം. വരച്ചചിത്രമല്ല, ഫോട്ടോയുടെ പകർപ്പു്. ആശയം പകർന്നു തരുന്നതിനു് വികാരം ആവിഷ്കരിക്കുന്നതിനു് വരകൾക്കു് എത്രമാത്രം ശക്തി ആവഹിക്കാമെന്നതിനു നിദർശകമായിട്ടുണ്ടു് കൃഷ്ണന്റെ ഈ ചിത്രം (കുങ്കുമം). അരവിന്ദന്റെ മരണം എന്ന യാഥാർത്ഥ്യത്തെക്കാൾ തീഷ്ണതയുള്ള യാഥാർത്ഥ്യമായി പരിണമിച്ചിരിക്കുന്നു കൃഷ്ണന്റെ ഈ കലാസൃഷ്ടി.
ചിത്രത്തിന്റെ രേഖകൾ ഒരു കണക്കിൽ പ്രതിരൂപങ്ങളാണു്. വാക്കുകൾ പ്രതിരൂപങ്ങളായതുപോലെ. പ്രതിരൂപങ്ങളെ ചേർക്കേണ്ട രീതിയിൽ ചേർക്കുമ്പോൾ അതു കാണുന്ന നമ്മൾ യഥാർത്ഥാനുഭവത്തിലേക്കു പോകുന്നു. ആ യഥാർത്ഥാനുഭവം കലയിലൂടെ ലഭിക്കുന്നതുകൊണ്ടു് അതിനു സാന്ദ്രത വർദ്ധിക്കുന്നു. ആ സാന്ദ്രത നമ്മുടെ ജീവിതാനുഭവത്തെ തീക്ഷ്ണതമമാക്കുമ്പോൾ മരണത്തെക്കുറിച്ചു് ചിന്തിക്കാനും വികാരമനുഭവിക്കാനും നമുക്കു് കഴിവുണ്ടാകുന്നു. അങ്ങനെ നമ്മുടെ മനസ്സിനും പരിവർത്തനമുണ്ടാകുന്നു. ഈ പരിവർത്തനം എനിക്കുളവാക്കിയ പി. വി. കൃഷ്ണനു നന്ദി.
Leopold Fechtner പ്രസാധനം ചെയ്ത ‘5000 One and Two Liners’ എന്ന പുസ്തകത്തിൽ നിന്നു.
- നിങ്ങളുടെ ലൈബ്രറി ഭദ്രമായിരിക്കണമെങ്കിൽ ഓരോ പുസ്തകത്തിന്റേയും മൂന്നു കോപ്പികൾ വീതം വാങ്ങണം—ഒന്നു കാണിക്കാൻ, ഒന്നു മറ്റുള്ളവനു വായിക്കാൻ കൊടുക്കാൻ, ഒന്നു നിങ്ങൾക്കു വായിക്കാൻ.
- എനിക്കു് നൂറു് പുസ്തകങ്ങളുണ്ടു്. പക്ഷേ, അതു വയ്ക്കാൻ ഷെൽഫില്ല. ആരും ഷെൽഫ് കടം തരുന്നില്ല.
- ഞാൻ ഡോക്ടറാവാൻ ശ്രമിക്കുകയാണു്. അതിനു പറ്റിയ കൈയക്ഷരമാണു് എന്റേതു്.
- ഡോക്ടർ, എനിക്കു് ജീവിതം അവസാനിപ്പിക്കണമെന്നു് എപ്പോഴും തോന്നുന്നു. ഞാനെന്തു ചെയ്യണം? ‘അക്കാര്യം എനിക്കു വിട്ടുതന്നാൽ മതി.’
- അപ്പോൾ ഡോക്ടർ നിങ്ങളുടെ ജീവനെ രക്ഷിച്ചു. അല്ലേ? ‘അതേ ഞാൻ വിളിച്ചിട്ടും അദ്ദേഹം വന്നില്ല’
- അവിവാഹിതനു ഷേർട്ടിൽ ബട്ടണില്ല; വിവാഹിതനു് ഷേർട്ടേ ഇല്ല.
- എന്റെ ഭാര്യ എല്ലാമെടുത്തുകൊണ്ടു് അവളുടെ വീട്ടിൽ പോയി. ‘നിങ്ങൾ ഭാഗ്യവാൻ. എന്റെ ഭാര്യ പോകുന്നില്ല.’
- ‘നിന്റെ എച്ചിൽപാത്രങ്ങൾ കഴുകുന്നവനെ പറഞ്ഞയച്ചോ?’ ‘അതേ ഞാൻ വിവാഹമോചനം നേടി. കോടതി വിധിയനുസരിച്ചു്.’ ഇനി എന്റെ സ്വന്തമനുഭവത്തെ ഈ സായ്പിന്റെ നേരമ്പോക്കുമായി ഘടിപ്പിക്കുന്നു.
- ഞാനയച്ച ചെക്ക് കിട്ടിയോ?’ (പ്രസാധകന്റെ ചോദ്യം) ‘രണ്ടുതവണ കിട്ടി. ഒരിക്കൽ നിങ്ങളിൽ നിന്നു്, രണ്ടാമതു ബാങ്കിൽ നിന്നു്.’ (എന്റെ മറുപടി)
അധരങ്ങൾ എന്നു് അറിവുള്ളവർ പോലും പ്രയോഗിക്കുന്നു. അതു തെറ്റാണു്. അധരം കീഴ് ചുണ്ടും ഓഷ്ഠം മേൽചുണ്ടുമാണു് എന്നു് പലപ്പോഴും ഞാൻ ഈ പംക്തിയിൽ എഴുതിയിട്ടുണ്ടു്. ഇപ്പോൾ ശ്രീ. ഡി. ശ്രീമാൻ നമ്പൂതിരി പണ്ഡിതോചിതമായി അതുതന്നെ എടുത്തു കാണിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ പദപരിചയം എന്ന പംക്തി (ജനയുഗം) പ്രയോജനമുള്ളതാണു്. അദ്ദേഹം അതു നിറുത്താതിരിക്കട്ടെ.
ലോകത്തുള്ള ജനസംഖ്യ കൂടി. അതിന്റെ ഫലമായി വായനക്കാർ വർദ്ധിച്ചു. എന്നാൽ ജനസംഖ്യയുടെ വർദ്ധനയ്ക്കു യോജിച്ച വിധത്തിൽ പ്രതിഭാശാലികൾ ഉണ്ടാവുകയില്ലല്ലോ. വർദ്ധിച്ച ജനസംഖ്യ പാരായണ വർദ്ധനയുളവാക്കിയപ്പോൾ അവിദ്ഗ്ദ്ധരായ എഴുത്തുകാർ രംഗപ്രവേശം ചെയ്തു. ഇവിടെ സാമ്പത്തിക ശാസ്ത്രത്തിലെ തത്ത്വം തന്നെയാണു് കാണുന്നതു്. “ഡിമാന്റ്” അനുസരിച്ചു് ‘സപ്ലൈ’ വെണം. ആവശ്യകത നിറവേറ്റാനായി കലാസൃഷ്ടികൾ എന്ന വ്യാജേന കലാഭാസങ്ങൾ ഏറെയുണ്ടായി. പല പ്രസാധകസംഘങ്ങൾക്കും അധഃപതനം വരാൻ കാരണമിതു തന്നെ. കാരൂർ നീലകണ്ഠപിള്ള സാഹിത്യ പ്രവർത്തകസംഘത്തിലെ പരമാധികാരിയായിരുന്നപ്പോൾ ഏതു് സംഘംവക പുസ്തകവും വിശ്വാസത്തോടെ വാങ്ങാമായിരുന്നു. എന്തെങ്കിലും ഗുണം അതിനു കാണും. ഇന്നു് അതുണ്ടെന്നു് എനിക്കു് ധൈര്യത്തോടെ പറയാൻ വയ്യ. നമ്മുടെ നാട്ടിലെ സ്ഥിതിപോലെ തന്നെയാണു് മറ്റു നാടുകളിലെയും സ്ഥിതി. ഒരു കാലത്തു് പെൻഗ്വിൻ ബുക്കസ് മാസ്റ്റർ പീസുകളേ പ്രസിദ്ധപ്പെടുത്തിയിരുന്നുള്ളു. ഇന്നു് പൈങ്കിളി നോവലുകൾ വരെ അവർ പ്രസിദ്ധപ്പെടുത്തുന്നു. സൂക്ഷിച്ചില്ലെങ്കിൽ നമ്മൾ കഷ്ടപ്പെട്ടുണ്ടാക്കുന്ന പണം മുഴുവൻ പോകും. പെൻഗ്വിൻ ബുക്ക്സിൽ പൈങ്കിളിയുടെ അതിപ്രസരം ഉണ്ടായപ്പോഴും ആഭിജാത്യത്തോടെ മാറിനിന്ന പ്രസാധകരമാണു് Faber and Faber. പക്ഷേ, അവരുടെ ഇന്നത്തെ പല പുസ്തകങ്ങളും ചവറുകളാണു്. ഉദാഹരണമായി ഹനീഫ് കുറൈഷി യുടെ ഒരു നോവൽ ഞാനെടുത്തു കാണിച്ചിരുന്നു ഈ പംക്തിയിൽ. 1991-ൽ പ്രസിദ്ധപ്പെടുത്തിയ Such a Long Journey (Rohinton Mistry) ദുർഗന്ധം വമിക്കുന്ന മറ്റൊരു ചവറാണു്. ഏതാണ്ടു് പതിനാലു് പവനാണു് ഇതിന്റെ വില. ഇന്ത്യാക്കാർക്കു വേറൊരു വില നിശ്ചയിച്ചിട്ടുണ്ടെങ്കിലും ഇവിടത്തെ ‘ദരിദ്രനാരായണ’ന്മാർക്കു് അടുക്കാനൊക്കാത്തതാണു് ആ വില. സുന്ദരമായ അച്ചടി. മനോഹരമായ കവർ, കട്ടിക്കടലാസ്സു് ഇവ കണ്ടും സംസ്കാരം വർദ്ധിപ്പിക്കാനുള്ള കൊതി പൂണ്ടും ഈ നോവൽ വാങ്ങി വായിച്ചാൽ നമ്മൾ ദുഃഖിക്കും. ഗുസ്താദ് നോബിൽ എന്നൊരുത്തന്റെ ജീവിതം വിരസമായി ചിത്രീകരിക്കുന്ന ഈ കുത്സിത കൃതി എങ്ങനെ Faber and Faber പ്രസിദ്ധപ്പെടുത്തി? എനിക്കു് ഉത്തരമില്ല.
ഇതെഴുതുന്നയാൾ കോൺഗ്രസുകാരനല്ല. സാഹിത്യാസ്വാദകൻ മാത്രം. ഫിക്ഷന്റെ തലത്തിൽ നോക്കുമ്പോൾ സാംഗത്യമല്ലാത്ത ഇത്തരം പകപോക്കലുകൾ കലയെ വ്യഭിചരിക്കലാണു്. പക്ഷേ, ആ വ്യഭിചാരമില്ലെങ്കിൽ നോവൽ മഷി പുരണ്ടു വരില്ല. പണമുണ്ടാക്കാൻ കീർത്തി നേടാൻ ചില ഇന്ത്യനെഴുത്തുകാർ ഇന്ത്യയെ വില്ക്കുന്നു. ഇതു തടയാൻ സൽമാൻ റുഷ്ദി യ്ക്കും വി. എസ്. നയ്പോളി നും റോഹിന്റൺ മിസ്റ്റ്രിക്കും കടിഞ്ഞാണിടാൻ—നമ്മെക്കൊണ്ടാവില്ല. നമുക്കു ആകാവുന്നതു് ഇത്തരം ചവറുകളെ വർജ്ജിക്കുക എന്നതു മാത്രമാണു്.