സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1991-07-07-ൽ പ്രസിദ്ധീകരിച്ചതു്)

images/Saadat_Hasan_Manto.jpg
സാദത്തു് ഹസൻ മന്തോ

സാദത്തു് ഹസൻ മന്തോ യുടെ രണ്ടാമത്തെ കഥാസമാഹാരഗ്രന്ഥമായ “Partition: Sketches and Stories” ഞാൻ വാങ്ങിവച്ചിട്ടു് മാസങ്ങളേറെയായി. സൗകര്യംപോലെ വായിക്കാമെന്നു തീരുമാനിച്ചിരിക്കുമ്പോഴാണു് ഡൊം മൊറെസി ന്റെ ഒരു നിരൂപണം ‘Gentleman’ മാസികയിൽ വായിക്കാനിടയായതു്. “Dom Moraes Chooses Saadat Hasan Manto’s ‘Partition’ as his literary choise of the month” എന്ന പത്രാധിപക്കുറിപ്പിന്റെ താഴെ അച്ചടിച്ച ആ നിരൂപണം ഉത്സാഹപ്രകർഷത്തോടെ വായിച്ചു. “I have not read a more impressive book this month than ‘Partition: Sketches and Stories’ by Saadat Hasan Manto” എന്ന അദ്ദേഹത്തിന്റെ ആദ്യത്തെ വാക്യം തന്നെ എന്നെ വൈഷമ്യത്തിലേക്കു കൊണ്ടുചെന്നു. അതുവരേയും പുസ്തകം വായിച്ചില്ലല്ലോ എന്നതു് വിചാരിച്ചിട്ടുണ്ടായ വൈഷമ്യം. റെവ്യു താഴെവച്ചു. പുസ്തകമെടുത്തു് മനസ്സിരുത്തി വായിച്ചു. 1947-ലെ കൂട്ടക്കൊലപാതകങ്ങളെ പ്രതിപാദ്യവിഷയമാക്കി രചിച്ച ഇതിലെ ബാഹ്യരേഖാചിത്രങ്ങളും കഥകളും വായനക്കാരെ പ്രക്ഷുബ്ധരാക്കുന്നതേയുള്ളൂ, കലയുടെ ആഹ്ലാദം അവർക്കു പ്രദാനം ചെയ്യുന്നില്ല എന്ന സത്യത്തിലേക്കു ഞാൻ ചെല്ലുകയും ചെയ്തു. ഭാവനയുടെ സന്തതികളല്ല ഈ രചനകൾ. വിഭജനത്തിന്റെ ഫലമായ കൊലപാതകങ്ങളും ബലാൽകാരസംഭോഗങ്ങളും കണ്ടിട്ടു ജനിച്ച ക്ഷോഭത്തിന്റെ ജേണലിസ്റ്റിക്കായ ആവിഷ്കാരം മാത്രമാണു് ഇതു്. പുരുഷനിൽ വിശ്വാസമർപ്പിച്ചു് സ്ത്രീ അയാളെ വിവാഹം കഴിക്കുന്നു. അയാളാകട്ടെ അവളെ വേശ്യാലയത്തിലേക്കു് അയയ്ക്കാൻ ശ്രമിക്കുന്നു. അതറിഞ്ഞു് അവൾ രക്ഷപ്പെടുന്നു. മുസ്ലിമിന്റെ മകളെ ഹിന്ദുക്കൾ ബലാത്സംഗം ചെയ്തു കൊന്നപ്പോൾ അയാൾ ഒരു ഹിന്ദുവിന്റെ മകളെ ധർഷണം ചെയ്തു നിഗ്രഹിക്കുന്നു. “Bimla, my daughter, Bimla” എന്നു ഹിന്ദു നിലവിളിച്ചുകൊണ്ടു് മകളുടെ മൃതദേഹത്തിലേക്കു നോക്കുന്നു. ഇങ്ങനെ രണ്ടു കഥകൾ. മൂന്നാമത്തെ കഥയിൽ രുക്മ ഭർത്താവായ ഗിരിധരിയെ കമ്പി കഴുത്തിൽ ചുറ്റിക്കെട്ടി ശ്വാസം മുട്ടിച്ചു കൊല്ലുന്നതായി പ്രസ്താവം. മൃതദേഹത്തിന്റെ അടുത്തുകിടന്നു രുക്മയും വേറൊരുത്തനും ലൈംഗികവേഴ്ച നടത്തുന്നു. അയാളെ അതുപോലെ കൊല്ലാൻ ശ്രമിച്ചപ്പോൾ അയാൾ പ്രതികാരം നിർവഹിക്കുന്നു. തന്നെ കൊല്ലാൻ ശ്രമിച്ച രുക്മയെ ചന്തിയിൽ പിടിച്ചുപൊക്കി ജന്നലിൽക്കൂടി താഴെയിട്ടാണു് കൊലപാതകം നടത്തുക. എന്നിട്ടു് അവളുടെ കാമുകനെ അയാൾ കുത്തിക്കൊല്ലുന്നു. (കൊലപാതകം നടത്തുമ്പോഴും കാമോദ്ദീപകമായ അവയവത്തെ സ്പർശിക്കാതിരിക്കാൻ കൊലപാതകിക്കും മന്തോക്കും കഴിയുന്നില്ല. അതുകൊണ്ടാണല്ലോ നിതംബത്തിൽത്തന്നെ പിടിച്ചുപൊക്കുന്നതു്.)

വേശ്യയുടെ ശൃംഗാരം പോലെ അതിവിനയം അസഹനീയമാണു്.

മന്തോയുടെ ബാഹ്യരേഖാചിത്രങ്ങളും ഇതുപോലെ ജുഗുപ്സാവഹങ്ങളാണു്. ഹിന്ദുക്കൾ ഒരുത്തനെ കശാപ്പുചെയ്യാനായി പിടികൂടി. താൻ ഹിന്ദുവാണെന്നും വേദങ്ങൾ ഹൃദിസ്ഥങ്ങളാക്കിയിട്ടുണ്ടെന്നും അയാൾ പറഞ്ഞു. ഹിന്ദുക്കളുണ്ടോ അയാളെ വിടുന്നു. “ട്രൗസേഴ്സ് താഴ്ത്തു്” എന്നായി അവർ. താഴ്ത്തി. താഴ്ത്തിക്കഴിഞ്ഞപ്പോൾ “കൊല്ലവനെ, കൊല്ലവനെ” എന്ന വിളിയായി. “ഞാൻ നിങ്ങളുടെ സഹോദരനാണു്. ഭഗവാൻ സത്യമായിട്ടു പറയുന്നു സഹോദരനാണു് ഞാൻ.” “അപ്പോൾ സുന്നത്തോ?” എന്നു ചോദ്യം. താൻ കടന്നുവന്ന പ്രദേശം ശത്രുക്കളുടേതായിരുന്നു; അതുകൊണ്ടു് മുൻകരുതലെന്ന വിധത്തിൽ ഒരുതെറ്റു ചെയ്യേണ്ടതായിവന്നു എന്നു് അയാൾ അറിയിച്ചു. തെറ്റു മാറ്റാൻ ഹിന്ദുക്കൾ ആജ്ഞാപിച്ചു. അതോടൊപ്പം ആ പാവവും മാറ്റപ്പെട്ടു. ജന്മവാസനയോടു ബന്ധപ്പെട്ട മൃഗീയവികാരങ്ങളെ അതേരീതിയിൽ ചിത്രീകരിക്കുന്ന ഇത്തരം കഥകൾ, ബാഹ്യരേഖാചിത്രങ്ങൾ ക്രിമിനലുകളെ നമ്മുടെ മുൻപിൽ കൊണ്ടുവരുന്നുണ്ടെങ്കിലും കലയുടെ തലത്തിൽ അവയ്ക്കു നിലനിൽപ്പില്ല. മന്തോ റഷ്യൻ സാഹിത്യകാരനായ ഗൊഗൊലിനു തുല്യനാണെന്നു് അനിതാദേശായിയും അദ്ദേഹം ഒരു master story teller ആണെന്നു ഖുശ്വന്ത്സിങ്ങും പറയുന്നു. വിവരമുള്ള ഡൊം മൊറെസ് പോലും അത്യുക്തിയിൽ മുഴുകിയിരിക്കുകയാണല്ലോ. അതുകൊണ്ടു് അവരുടെ രണ്ടുപേരുടെയും അഭിപ്രായങ്ങളെ ശഷ്പതുല്ല്യം പരിഗണിച്ചാൽ മതി നമ്മൾ.

ചോദ്യം, ഉത്തരം

ചോദ്യം: അതിവിനയം കാണിക്കുന്ന ആളുകളെക്കുറിച്ചു് എന്തു പറയുന്നു?

ഉത്തരം: വേശ്യയുടെ ശൃംഗാരംപോലെ അതിവിനയം അസഹനീയമാണു്.

ചോദ്യം: സ്ത്രീസമത്വവാദത്തെക്കുറിച്ചു് എന്തുപറയുന്നു?

ഉത്തരം: നൂറിനു നൂറും യോജിക്കുന്നു. പക്ഷേ, സ്ത്രീസമത്വത്തിനുവേണ്ടി ഇറങ്ങുന്നവർ ആദ്യം സ്ത്രീകളായിരിക്കണം. രണ്ടാമതേ പ്രവർത്തനനണ്ഡലം വരുന്നുള്ളൂ. കാരണമുണ്ടു്. സ്ത്രീയാണു് സ്ത്രീസമത്വവാദത്തെക്കാൾ വലിയ സത്യം. എനിക്കു് പരിചയമുള്ള പലരും സ്ത്രീത്വത്തിനു് പ്രാഥമികത്വം നൽകുന്നില്ല.

ചോദ്യം: പുരുഷൻ ഊഹിക്കുന്ന. സ്ത്രീയും ഊഹങ്ങളിൽ മുഴുകുന്നു. ആരുടെ അഭ്യൂഹങ്ങളാണു് ശരി?

ഉത്തരം: പുരുഷന്മാരുടെ അഭ്യൂഹങ്ങൾ എപ്പോഴും തെറ്റു്. സ്ത്രീകളുടെ അഭ്യൂഹങ്ങൾ ഒരിക്കലും തെറ്റിപ്പോകാറില്ല. വിശേഷിച്ചും ഭർത്താക്കന്മാരുടെ വ്യഭിചാരത്തെക്കുറിച്ച്.

ചോദ്യം: കറുപ്പിനാണു് സൗന്ദര്യമെന്നു് നിങ്ങൾ പ്രചരിപ്പിക്കുന്നതു് നിങ്ങൾ കറുത്തവനായതുകൊണ്ടല്ലേ?

ഉത്തരം: അല്ല. വിനി മണ്ടേലയുടെ ചെറുപ്പകാലത്തെ ചിത്രം നോക്കുക. അവർക്കുള്ള സൗന്ദര്യം വേറെ ഏതു വെളുത്ത സ്ത്രീക്കുണ്ടു്?

ചോദ്യം: ജെലസി കൂടുതൽ പുരുഷന്മാർക്കല്ലേ?

ഉത്തരം: അതെയോ? ഭർത്താവിനു സുന്ദരിയെ പരിചയപ്പെടുത്തിക്കോടുക്കും ഭാര്യ. അവളുമായി ദൃഢബന്ധം വരത്തക്കവിധത്തിൽ സന്ദർഭങ്ങളൊരുക്കും. പക്ഷേ, ബന്ധത്തിനു് ദാർഢ്യം വരുമെന്നു് കണ്ടാൽ ഭാര്യ തന്നെ ബഹളം കൂട്ടി ബന്ധത്തിനു് അറുതി വരുത്തും.

ചോദ്യം: ഇവിടെ (സ്ഥലപ്പേരു ഞാൻ— സാഹിത്യവാരഫലക്കാരൻ—വിട്ടുകളയുന്നു) സാഹിത്യവാരഫലം വായിക്കുന്ന പതിനാറാരായിരത്തെട്ടു സുന്ദരികൾ നിങ്ങളെ കാണാൻ ആഗ്രഹിക്കുന്നു. അവരെ അങ്ങോട്ടു് അയയ്ക്കട്ടോ?

ഉത്തരം: വയസ്സുകാലം സുഹൃത്തേ, അത്രയും പേരെ അയയ്ക്കണ്ട. പതിനാറായിരത്തിയേഴുപേരെ അയച്ചാൽ മതി.

ചോദ്യം: പല്ലെല്ലാം വായിലുണ്ടോ?

ഉത്തരം: സാഹിത്യവാരഫലം ഇരുപത്തിരണ്ടു കൊല്ലമായി എഴുതിയിട്ടും മുപ്പത്തിരണ്ടു പല്ലുകളുമുണ്ടു്.

ചോദ്യം: ഫിലിപ്പു് ലാർക്കിന്റെ കവിതയെങ്ങനെ?

ഉത്തരം: Dull and insipid.

ഇങ്ങനെയും ഒരു കഥ

സ്ത്രീ സമത്വത്തിനു വേണ്ടി ഇറങ്ങുന്നവർ ആദ്യം സ്ത്രീകളായിരിക്കണം. രണ്ടാമതേ പ്രവർത്തന മണ്ഡലം വരുന്നുള്ളൂ. കാരണമുണ്ടു്. സ്ത്രീയാണു് സ്ത്രീസമത്വവാദത്തെക്കാൾ വലിയ സത്യം…

“ഇങ്ങനെയും ഒരാൾ” എന്നു ശ്രീ വെട്ടൂർ രാമൻ നായരുടെ ചെറുകഥ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ. ‘ഇങ്ങനെയും ഒരു കഥ!’ എന്നു സാഹിത്യവാരഫലക്കാരൻ. ഈ “സ്റ്റ്രോങ് വേഡ്സി”നു് എന്തു നീതിമത്കരണമെന്നാണു ചോദ്യമെങ്കിൽ കഥ തന്നെ വായിക്കണമെന്നു് ഉത്തരം. ഏതു കഥയുടെയും ചുരുക്കം നൽകി അതിനെ പരിഹാസ്യമാക്കാം. എങ്കിലും സംക്ഷേപിക്കാനല്ലേ കഴിയൂ പറ്റിയെഴുത്തുകാർക്കു്.

ഒരതിരു തർക്കം അനുരഞ്ജനത്തിൽ എത്തിക്കണമെന്നു് സതീശനോടു് ജോസ് ആവശ്യപ്പെട്ടു. അതിനു പണിക്കരുചേട്ടനാണു് പറ്റിയ ആളെന്നു കണ്ടു് സതീശൻ ജോസിനെയും കൂട്ടി അദ്ദേഹത്തിന്റെ വീട്ടിലേയ്ക്കു് പോയി. പണിക്കരുചേട്ടൻ ത്യാഗോജ്ജലമായ ജീവിതത്തിനുശേഷം ദാരിദ്ര്യത്തിൽ കഴിയുന്നു. സതീശന്റെ അപേക്ഷയെ മാനിച്ചു് വേണ്ടവരെ കാണാൻ അദ്ദേഹം വീട്ടിൽ നിന്നിറങ്ങുമ്പോൾ വെട്ടൂരിന്റെ കഥ പരിസമാപ്തിയിൽ എത്തുന്നു.

images/Dom_Moraes.jpg
ഡൊം മൊറെസി

അനുരഞ്ജനത്തിന്റെ കാര്യം ആദ്യമൊന്നു സൂചിപ്പിച്ചിട്ടു് കഥാകാരൻ പണിക്കരുചേട്ടന്റെ സ്വഭാവമഹിമയിലേയ്ക്കും ദാരിദ്ര്യത്തിലേയ്ക്കും മറ്റും കടക്കുന്നു. പൽപ്പൊടി വിൽക്കാൻ വരുന്ന തെരുവു കച്ചവടക്കാരൻ കൈലേസെടുത്തു പാമ്പിന്റെ ആകൃതിയിൽ വളച്ചുവച്ചിട്ടു് ‘ഇതാ മാജികു് കാണിക്കാൽ പോകുന്നു’ എന്നു പറയും. എന്നിട്ടു് അര മണിക്കൂർ നേരം പലതും പ്രസംഗിച്ചിട്ടു് പല്ലുരോഗങ്ങളിലേയ്ക്കു് കടക്കും. മാജികു് കാണാൻ അക്ഷമരായി നിൽക്കുകയാണു് കാഴ്ചക്കാർ. അവരെ വകവയ്ക്കാതെ വിൽപ്പനക്കാരൻ പതുക്കെ പൽപ്പൊടിയിലേയ്ക്കു് വാക്കുകൾ കൊണ്ടുവരും. അതുപോലെ അനുരഞ്ജനം എങ്ങനെ സംഭവിക്കുമെന്നു് അറിയാൻ ഉത്ക്കണ്ഠയോടെ ഇരിക്കുന്ന വായനക്കാർക്കു് അതിനെക്കുറിച്ചു് ഒന്നും അറിയാൻ കഴിയുന്നില്ല. പണിക്കരുചേട്ടന്റെ വീടന്വേഷിച്ചു് നടക്കൽ. വീടു കണ്ടുപിടിക്കൽ, ഖദർ തോർത്തു് മാത്രമുടുത്തു് ഉടുപ്പു് ചിരട്ടക്കനലിട്ട ഇസ്തിരിപ്പെട്ടികൊണ്ടു തേയ്ക്കുന്ന പണിക്കരുചേട്ടനെ ദർശിക്കൽ, ഇങ്ങനെ വിശദാംശങ്ങൾ ഒന്നിനു മേലെ ഒന്നായി അടുക്കിവയ്ക്കുന്നു കഥാകാരൻ. അവ പ്രമേയത്തിനു സ്പഷ്ടത നൽകുന്നില്ല. ‘വിഷൻ’ എന്നൊന്നുണ്ടെങ്കിൽ അതു വ്യക്തമാകുന്നില്ല. വെട്ടൂർ രാമൻ നായർ കോട്ടയത്തുനിന്നു് മൂന്നു് മണിക്കൂർകൊണ്ടു് തമ്പാനൂർ തീവണ്ടിയാപ്പീസിലെത്തും. പക്ഷേ, അദ്ദേഹത്തിന്റെ കഥ ഒരിടത്തും എത്തുന്നില്ല. അതു് അനവരതം സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. പണിക്കരുചേട്ടനു കാറു വിളിച്ചു കൊടുക്കാം. അതിനു മുൻപു് ഡ്രൈവറോടു് കൂലിയെക്കുറിച്ചു് തർക്കിക്കാം. കയറുമ്പോൾ ഡോർ വലിച്ചടയ്ക്കാം. അതിന്റെ ഇടയിൽപ്പെട്ടു് പണിക്കരുചേട്ടന്റെ വിരലു മുറിയാം. അദ്ദേഹത്തെ ആശുപത്രിയിൽ കൊണ്ടുപോയി മുറിവു ഡ്രെസ്സ് ചെയ്യിക്കാം. അങ്ങനെ എന്തെല്ലാം! കഥാകാരൻ എന്തേ അതൊക്കെ വർണ്ണിക്കാത്തതു്? ജീവിതത്തെക്കുറിച്ചു് ഒരവബോധവും പ്രദർശിപ്പിക്കാത്ത ഇത്തരം രചനകൾകൊണ്ടു് എന്തു പ്രയോജനം? വെട്ടൂർ രാമൻ നായർ പടിഞ്ഞാറൻ കഥകൾ വായിക്കണമെന്നില്ല. ഉറൂബിന്റെയും ബഷീറിന്റെയും ചെറുകഥകൾ വായിച്ചാൽ മതി. താനെഴുതിയതു് കലയുടെ മണ്ഡലത്തിൽ ചെന്നില്ല എന്നു് ഗ്രഹിക്കും അദ്ദേഹം.

എന്റെ ഗുരുനാഥന്മാരിൽ ഞാൻ ഏറ്റവും ബഹുമാനിക്കുന്നതു് …പിള്ളസ്സാറിനെയാണു്. അദ്ദേഹം ഡി. ഇ. ഒ. ആയി പെൻഷൻ പറ്റി. അന്തരിച്ചുപോവുകയും ചെയ്തു. സാറിനെ ചിലർ അതിരുതർക്കം തീർക്കാൻ വിളിച്ചുകൊണ്ടുപോകും. ഒരുത്തൻ ഒരു ഭവനം കൈയേറിയപ്പോൾ അതിന്റെ ശരിയായ ഉടമസ്ഥൻ സ്സാറിനെ തർക്കം തീർക്കാൻ വിളിച്ചുകൊണ്ടുപോയി. കൈയേറ്റക്കാരൻ സാറിനെ ആദ്യമേ കണ്ടിട്ടു പറഞ്ഞു: “സാറേ ഞാൻ നിരപരാധിയാണു്.” ഉടനെ സാറ് മറുപടി പറഞ്ഞു. “ ഓഹോ നെരെയും പുരയും കൈക്കലാക്കി എന്നു മാത്രമല്ല ആധിയുമുണ്ടു് അല്ലെ?”

images/Peter-handke.jpg
പേറ്റർ ഹൻഡ്കെ

സാറ് സഞ്ചാരപ്രിയനാണു്. അതുകൊണ്ടു് ഒരിക്കലും വീട്ടിൽ കാണില്ല. ഒരുദിവസം സാറിന്റെ ഭാര്യയുടെ ചേച്ചി പറഞ്ഞു: “ഇയാളെ ഒരുസമയത്തും ഇവിടെ കാണുന്നില്ല. കെട്ടിയിടേണ്ടതാണു്.” ഇതുകേട്ട സാറ് ഉടനേ ഭാര്യയെ വിളിച്ചു പറയുകയുണ്ടായി: “സരോജം ഓടിവാ. നിന്റെ ചേച്ചി എന്നെ കെട്ടാൻ പോകുന്നു.” സാഹിത്യവാരഫലത്തിൽ ഇതിനൊക്കെ എന്തു പ്രസക്തിയെന്നു പലരും ചോദിച്ചേക്കും. ചോദ്യം ശരിയാണു്. വെട്ടൂരിന്റെ ചെറുകഥയിലെ അതിരുതർക്കം എന്റെ ഗുരുനാഥന്റെ നേരമ്പോക്കുകളിലേക്കു് എന്നെ നയിച്ചെന്നേയുള്ളൂ. എനിക്കു നാലക്ഷരം പറഞ്ഞുതന്ന അദ്ദേഹത്തെ ഞാൻ ഒന്നു ഓർമ്മിച്ചുവെന്നേയുള്ളൂ. ഗുരുനാഥനെയും അച്ഛനേയും ഈശ്വരനേയും കാലുമടക്കി അടിക്കുന്ന ഇക്കാലത്തു് ഗുരുഭക്തിയുള്ളവൻ പുച്ഛിക്കപ്പെടുമെന്നറിയാതെയല്ല ഞാനിതു് എഴുതിയതു്.

അന്വേഷണം
images/Repetition.jpg

“കഥയുടെ നേത്രമേ എന്നെ പ്രതിഫലിപ്പിക്കൂ. നീ മാത്രമേ എന്നെ അറിയുന്നുള്ളൂ. അന്തരീക്ഷത്തിന്റെ നീലിമേ, എന്റെ ആഖ്യാനം കൊണ്ടു സമതലത്തിലേക്കു് അവരോഹണം ചെയ്യൂ. ആഖ്യാനമേ, സഹതാപത്തിന്റെ സംഗീതമേ ഞങ്ങളോടു ക്ഷമിക്കൂ. കഥയേ, അക്ഷരങ്ങൾക്കു പ്രകമ്പനം നല്കൂ.” ഓസ്റ്റ്രിയൻ സാഹിത്യകാരനായപേറ്റർ ഹൻഡ്കെ യുടെ (Peter Handke) ‘Repetition ‘ എന്ന അത്യുജ്ജ്വലമായ നോവലിലുള്ളതാണിതു്. വാക്കുകളിലൂടെ ആത്മതയെ അന്വേഷിക്കുകയാണു് നോവലിലെ പ്രധാനപ്പെട്ട കഥാപാത്രം.

ജീവിതത്തിന്റെ മഹാദ്ഭുതങ്ങളിൽനിന്നു മാറി നില്ക്കാതെ അവയിൽ വിലയംകൊണ്ടു് ആത്മതതേടുന്ന വൊസ്സ് എന്ന കഥാപാത്രത്തെ ആ പേരിലുള്ള നോവലിൽ പാട്രിക് വൈറ്റ് ചിത്രീകരിക്കുന്നു. വൈറ്റിന്റെ നോവലുകൾ പാരായണ യോഗ്യങ്ങളല്ല. പക്ഷേ, കഷായം കുടിക്കുന്നതു പോലെ ‘Voss’ വായിച്ചുതീർത്താൽ അന്വേഷണത്തിന്റെ ഉദാത്തസ്വഭാവം വ്യക്തമാകും.

images/Hermann_Hesse.jpg
ഹെസ്സെ

ഹെസ്സെ യുടെ എല്ലാ നോവലുകളും അന്വേഷണത്തെ കലാസുഭഗമായി ആലേഖനം ചെയ്യുന്നു; വിശേഷിച്ചും അദ്ദേഹത്തിന്റെ ‘ഷ്ടെപൻ വൊൾഫ് ’ എന്ന നോവൽ. (steppenwolf) ചലച്ചിത്രം, ടെലിഫോൺ, റേഡിയോ, വർത്തമാനപ്പത്രങ്ങൾ ഇവ പ്രതിനിധാനം ചെയ്യുന്ന സാങ്കേതികലോകം മനുഷ്യനെ ജീർണ്ണതയിലേക്കു പോകാൻ, അന്വേഷണം നടത്താൻ ഹെസ്സേ ആഹ്വാനം ചെയ്യുന്നു. ക്ളാസിക്കൽ സംഗീതത്തിലൂടെ ആധ്യാത്മിക മൂല്യങ്ങളെ സാക്ഷാത്കരിക്കാമെന്നാണു് അദ്ദേഹത്തിന്റെ മതം. നോവലിലെ കഥാപാത്രമായ പാവ്ലോ വൈഷയ്ക സംഗീതത്തിന്റെ പ്രതിനിധിയാണു്. അത്തരം സംഗീതം—ക്ഷുദ്രങ്ങളായ ചലച്ചിത്രഗാനങ്ങൾ—ബഹുജനത്തെ രസിപ്പിക്കും. പക്ഷേ, മോറ്റ്സാർട്ടി ന്റെ (Mozart) ദിവ്യസംഗീതം അധ്യാത്മികമൂല്യങ്ങൾ സാക്ഷാത്കരിക്കാൻ സഹായിക്കും. “One day I would learn how to laugh. Pablo was waiting for me, and Mozaart too” എന്നു നോവലിന്റെ അവസാനം.

ഇങ്ങനെ എത്രയെത്ര മാസ്റ്റർപീസുകൾ അന്വേഷണമെന്ന പ്രക്രിയയുടെ ഔജ്ജ്വല്യത്തെ സ്ഫുടീകരിച്ചു് അനുവാചകരെ കലയുടെ ഔന്നത്യത്തിലേക്കു നയിക്കുകയും അവർക്കു മാനസികമായ ഉയർച്ച ഉണ്ടാക്കുകയും ചെയ്യുന്നു.

പറയാനുള്ളതു് നേരെയങ്ങു പറഞ്ഞു് സൗന്ദര്യം സൃഷ്ടിക്കുകയാണു വേണ്ടതു്. അതിനു കഴിവില്ലാത്തവരാണു് ലാക്ഷണികതയെ ആശ്രയിക്കുന്നതു്.

ശ്രീ. ഗോപിക്കുട്ടന്റെ ‘മകൾ’ എന്ന ചെറുകഥ (കുങ്കുമം) നഷ്ടപ്പെട്ട മകളെക്കുറിച്ചുള്ള അന്വേഷണത്തെയാണു് പ്രതിപാദിക്കുന്നതെങ്കിലും വിശാലമായ അർത്ഥത്തിൽ അതു് അജ്ഞാതവും അജ്ഞേയവുമായതിന്റെ അന്വേഷണമായി ഞാൻ കാണുന്നു. ജീവിതത്തിൽ പരാജയം സംഭവിച്ച ഒരു പെൺകുട്ടി അപ്രത്യക്ഷയാകുന്നു. അവളെ അന്വേഷിക്കുന്നു ദുഃഖമാർന്ന അച്ഛൻ. റിയലിസത്തിന്റെ തലത്തിൽ ഇതു് അന്യൂനമെന്നു പറഞ്ഞുകൂടാ. എങ്കിലും നന്നു്. മകളെ കാണാതെ അച്ഛനും അയാളുടെ ഉപകർത്താവും ഹതാശരായി നില്ക്കുംപ്പോൾ മകളിൽക്കവിഞ്ഞ ഒരു സത്യത്തിലേക്കു് വായനക്കാരൻ ചെല്ലുകയായി.

ചിരിക്കാതെന്തു ചെയ്യും
  1. ഇന്നു തിരഞ്ഞെടുപ്പു ദിവസമാണു്. കാലത്തു് പത്തരമണിക്കു് ഇതെഴുതുന്നു. ഈ സമയം വരെ എന്റെ വീട്ടിൽ ആരെങ്കിലും വരികയോ വോട്ടേഴ്സ് ലിസ്റ്റിലെ പേരും നമ്പരും കാണിക്കുന്ന തുണ്ടു തരികയോ ചെയ്തില്ല. കാര്യം അന്വേഷിച്ചു. ലിസ്റ്റിൽ എന്റെ പേരില്ല. വീട്ടിൽ രണ്ടുപേർക്കുകൂടി വോട്ടുണ്ടു്. അവരും ലിസ്റ്റിലില്ല. തിടുക്കത്തിൽ അടുത്ത വീട്ടിൽ ചെന്നു. ഗൃഹനായകൻ പറഞ്ഞു: “അയ്യോ എന്റെ പേരും എന്റെ വീട്ടിലുള്ളവരുടെയും പേരുകളില്ല.” അതിന്റെ അടുത്തുള്ള വേറൊരു വീട്ടിൽച്ചെന്നു. അവിടെയും സ്ഥിതി അതുതന്നെ. അവിടെ പ്രായപൂർത്തി ആയവർ ഏറെ. ലിസ്റ്റിൽ കടന്നുകൂടാൻ അവർക്കും ഭാഗ്യം സിദ്ധിച്ചില്ല. എന്നിട്ടും അധികാരി (പ്രധാനപ്പെട്ട ഉദ്യോഗസ്ഥൻ) പറഞ്ഞതു് എല്ലാം perfect എന്നാണു്. ചിരിക്കാതെന്തു ചെയ്യും?
  2. എനിക്കു Thomas Pynchon എന്ന അമേരിക്കക്കാരന്റെ നോവലുകൾ ഇഷ്ടമല്ല. വായിക്കാൻ വയ്യാത്ത, അസഹനീയങ്ങളായ രചനകളാണു് അവ. അദ്ദേഹത്തിന്റെ ‘Vineland‘ എന്ന പുതിയ നോവൽ പ്രയാസപ്പെട്ടു വായിച്ചു. ഗൂന്റർ ഗ്രാസ്സിന്റെ നോവലുകളെ അനുസ്മരിപ്പിക്കുന്ന രീതിയിൽ എഴുതപ്പെട്ട ഈ നോവൽ അമേരിക്കൻ സർക്കാർ ജനങ്ങളെ നിശ്ചേതനരാക്കി മാറ്റുന്നതിനെ പരിഹസിക്കുന്നു. (Zoyd eyeballed himself in the mirror behind the bar, gave his hair a shake, turned, poised, then sreaming ran empty—minded at the window and went crashing through എന്ന വാക്യത്തിൽ ഗ്രാസ്സിന്റെ സ്വാധീനം). എന്നിട്ടും സൽമാൻ റുഷ്ദി ഇദ്ദേഹത്തെ “one of America’s greatest writers” എന്നു് വാഴ്ത്തുന്നു. ചിരിക്കാതെന്തു ചെയ്യും?
  3. മോപസാങ്ങിന്റെ Useless Beauty എന്ന ചേതോഹരമായ കഥയിൽ പലതിന്റെയും ദ്വന്ദ്വഭാവങ്ങളെക്കുറിച്ചു് പറഞ്ഞിട്ടുണ്ടു്. ഭക്ഷണം ഉള്ളിലേക്കു് കൊണ്ടുപോകുന്ന വായ് ചിന്തയും ഭാഷണവും ലോകത്തിനു് നൽകുന്നു. ശ്വാസകോശങ്ങളിലേക്കു് വായുവിനെ കൊണ്ടു പോകുന്ന മൂക്കു് പരിമളങ്ങളെ തലച്ചോറിൽ എത്തിക്കുന്നു. മറ്റുള്ളവർക്കു് ഉള്ളിലുള്ളതു് പകർന്നു കൊടുക്കാൻ സഹായിക്കുന്ന കാതു് സംഗീതം ശ്രവിക്കുന്നു. മോപസാങ്ങ് പറയാത്തതും നമുക്കു പറയാം. ചിന്ത, ലോകത്തു് പ്രസരിപ്പിക്കുന്ന വായ് തെറിവാക്കുകൾ വിസർജ്ജിക്കുന്നു. സൗരഭ്യം ഉൾക്കൊള്ളുന്ന മൂക്കു് പുതിയ ഗന്ധവും ഉൾക്കൊള്ളൂന്നു. ‘സോജാ രാജകുമാരി’ എന്ന ഗാനം കേൾക്കുന്ന കാതുതന്നെയാണു് പൂരപ്പാട്ടും കേൾക്കുന്നതു്. ഈ ദ്വന്ദ്വഭാവം സാർവ്വലൗകികവും, സാർവ്വകാലികവും, സാർവ്വജനീനവുമാണു്. സത്യമിതായിരുന്നിട്ടും The Economist വാരിക “Loving and Killing in India” എന്ന ലേഖനത്തിൽ, അതു് ഇന്ത്യയിലെ സവിശേഷത മാത്രമാണെന്നു് പറഞ്ഞിരിക്കുന്നു. രാജീവു് ഗാന്ധിയുടെ കാലിൽ തൊട്ടുകൊണ്ടു് ഒരുത്തി ബോംബിന്റെ സ്വിച്ചു് അമർത്തുന്നു. ഇതു് എഴുതിയിട്ടു് ലേഖകൻ നേരെ അദ്വൈത സിദ്ധാന്തത്തിലേക്കു് കടക്കുന്നു. ആ സിദ്ധാന്തത്തിനെതിരായി ചാർവാക മതമുള്ളതു് ദ്വന്ദ്വഭാവത്തെയാണത്രേ കാണിക്കുന്നതു്. സൈന്യത്തെ പിരിച്ചുവിടണമെന്നു് ഗാന്ധിജി നിർദ്ദേശിച്ചെങ്കിലും ഇന്ത്യക്കു് വലിയ സൈന്യം ഉണ്ടുപോലും. ലൈംഗിക കര്യങ്ങളിൽ നിയന്ത്രണം വേണമെന്നു് ഗാന്ധിജി ചൂണ്ടിക്കാണിച്ച ഇന്ത്യയിൽ ‘കാമശാസ്ത്രവും’, ‘അനംഗരംഗവും’ ഉണ്ടായി. ഈ വൈരുദ്ധ്യം ഭാരതീയരുടെ സവിശേഷതയാണെന്നാണു് വാരികയുടെ അഭിപ്രായം. അതുകൊണ്ടാണത്രേ ഘാതിക, രാജീവു് ഗാന്ധിയുടെ “പാദപദ്മം ഒരു കൈകൊണ്ടു് തുടച്ചിട്ടു്” മറ്റേക്കൈ കൊണ്ടു് ബോംബ് പൊട്ടിച്ചതു്. ഈ ദ്വന്ദ്വഭാവം ഏതു രാജ്യത്താണു് ഇല്ലാത്തതു? ഇംഗ്ലണ്ടിലില്ലേ? അമേരിക്കയിൽ ഇല്ലേ? സഹിത്യത്തിലേക്കു് മാത്രം വരാം. റ്റി. എസ്. എല്യെറ്റിനെയും എസ്ര പൗണ്ടിനെയും നിന്ദിക്കുന്നു ഫിലിപ്പു് ലാർക്കിൻ. എല്യെറ്റിനെ അതിശയിച്ച മഹാകവി വേറെയില്ലെന്നു് വേറെ എത്രപേർ പറയുന്നു! ബഹിർഭാഗസ്ഥങ്ങളായ ചിന്തകളെ ഗഹനങ്ങളായ ചിന്തകളായി പ്രതിപാദിച്ചു് ഭാരതീയരെ The Economist ആക്ഷേപിക്കുമ്പോൾ ചിരിക്കാതെന്തു ചെയ്യും?
ലാക്ഷണികത

ചിലർ നമ്മളോടു് ശ്രീരാമകൃഷ്ണ പരമഹംസനെപ്പോലെ, വിവേകാനന്ദ സ്വാമിയെപ്പോലെ സംസാരിക്കും. അവരുടെ മനസ്സു് കായംകുളം കൊച്ചുണ്ണിയുടേതായിരിക്കും; അല്ലെങ്കിൽ ജംബുലിംഗത്തിന്റേതായിരിക്കും.

ലാക്ഷണികതയും പ്രതിരൂപാത്മകതയും വിഭിന്നങ്ങളാണു്. ദുഷ്ടതയെ രാക്ഷസനാക്കിയോ ധൈര്യത്തെ സിംഹമാക്കിയോ പ്രദർശിപ്പിച്ചാൽ അതു ലാക്ഷണികത. ‘അതാ സിംഹം വരുന്നു’ എന്നു് ഒരുത്തൻ പറയുകയും ശ്രോതാവു് അമ്പരന്നു നോക്കുകയും ചെയ്യുമ്പോൾ ധീരനായ രാമൻ വരുന്നതു കണ്ടാൽ ശ്രോതാവിന്റെ അമ്പരപ്പു് മാറും. സിംഹം എന്ന പദത്തിലൂടെ രാമനെക്കുറിച്ചുള്ള പ്രത്യഭിജ്ഞാനമുണ്ടായാൽ പിന്നെ ഒന്നുമില്ല. ആ പ്രക്രിയ അവിടെ അവസാാനിച്ചു. പ്രതിരൂപത്മകത അതല്ല. ശാരീരികവും മാനസികവും ആധ്യാത്മികവുമായ കാര്യങ്ങൾക്കു വേണ്ടി പ്രതിരൂപം ആവിർഭവിക്കുകയും അതു് അനന്തങ്ങളായ അർത്ഥവിശേഷങ്ങൾക്കു് കാരണമായി ഭവിക്കുകയും ചെയ്യുമ്പോൾ അതിനെ പ്രതിരൂപാത്മകത അല്ലെങ്കിൽ സിംബലിസമെന്നു വിളിക്കുന്നു. ഇവിടെ മാനസിക പ്രക്രിയയ്ക്കു് അവസാനമില്ല. ഈ പ്രക്രിയയുടെ അനവരതസ്വഭാവം ആഹ്ലാദജനകമായിത്തീരുന്നു. ഇതൊക്കെക്കൊണ്ടാണു് ലാക്ഷണികതയ്ക്കു് കലയുമായി ഒരു ബന്ധവുമില്ലെന്നു് ഹേഗലും ക്രോചെയും വാട്സ്ലാഫ് ഹാവലും പറഞ്ഞതു്. ശ്രീ ശശിധരൻ ശ്രീപുരം ദേശാഭിമാനി വാരികയിലെഴുതിയ ‘സ്വപ്നത്തെ മായ്ക്കുന്ന മഴത്തുള്ളികൾ’ എന്ന ചെറുകഥ വിരസമായ ലാക്ഷണിക കഥയാണു്. ശവപ്പെട്ടി ഉണ്ടാക്കുന്നതിനെക്കുറിച്ചുള്ള കഥ. ആ ശവപ്പെട്ടി ഏതോ ഒന്നിന്റെ ‘ലാക്ഷണിക പ്രതിരൂപം’. എന്താണു് അതെന്നു് ഗ്രഹിക്കാൻ തക്ക വിധത്തിൽ സൂചകപദങ്ങൾ കഥയിൽ നൽകിയിട്ടുമില്ല ശശിധരൻ. പറയാനുള്ളതു് നേരേയങ്ങ് പറഞ്ഞു് സൗന്ദര്യം സൃഷ്ടിക്കുകയാണു് വേണ്ടതു്. അതിനു കഴിവില്ലാത്തവരാണു് ലാക്ഷണികതയെ ആശ്രയിക്കുന്നതു്.

ചങ്ങമ്പുഴ
images/Steppenwolf.jpg

ജീനിയസ്സുകളെ സംബന്ധിച്ചു് പലകഥകളും അവരുടെ ജീവിതകാലത്തുതന്നെ പ്രചരിക്കും. ധിഷണയുടെ സ്ഫുലിംഗങ്ങളൂള്ള പല പ്രസ്താവങ്ങളൂം അവർ നടത്തിയതായി പത്രങ്ങളിൽ വരും. ആ കഥകളും പ്രസ്താവങ്ങളും യഥാക്രമം അവരോടു് ബന്ധപ്പെട്ടതായിരിക്കില്ല; അവർ നിർവഹിച്ചതായിരിക്കില്ല. എങ്കിലും അവർ അവ നിഷേധിക്കില്ല. സമയക്കുറവാണു് അതിനു ഹേതു. ബർണാർഡ് ഷായെക്കുറിച്ചു്, ചർച്ചിലിനെക്കുറിച്ചു് ഇന്നു പ്രചരിക്കുന്ന കഥകളെല്ലാം കള്ളങ്ങളാണു്. അവരുടേതായി എടുത്തെഴുതപ്പെട്ട വാക്യങ്ങൾ അവരുടേതല്ല. “എന്റെ സൗന്ദര്യവും അങ്ങയുടെ ബുദ്ധിയും ചേർന്നു് കുഞ്ഞു ജനിച്ചാൽ നന്നല്ലേ?” എന്നു് ചലച്ചിത്രതാരം ചോദിച്ചപ്പോൾ ഷാ “ഒരുപക്ഷേ, എന്റെ സൗന്ദര്യവും നിന്റെ ബുദ്ധിയും ചേർന്നാണു് ശിശു ജനിക്കുന്നതെങ്കിലോ? എന്നു പറഞ്ഞതായി പ്രചരിക്കുന്ന കഥ ശുദ്ധമായ കള്ളമാണു്. ഇതുപോലെ അവാസ്തവികങ്ങളാണു് ചങ്ങമ്പുഴയെ സംബന്ധിച്ച കഥകളും. ഒരു കള്ളക്കഥ കവിയുടെ ബന്ധുക്കളുടെ സദയാനുമതിയോടെ എഴുതട്ടെ. മകൾക്കു് പണമയയ്ക്കാൻ അഞ്ചലാഫീസിൽ വന്ന വൃദ്ധൻ മണിയോർഡർ ഫോം പൂരിപ്പിച്ചു കൊടുക്കാൻ ചങ്ങമ്പുഴയോടു് ആവശ്യപ്പെട്ടപ്പൊൾ അദ്ദേഹം സ്വന്തം മേൽവിലാസമെഴുതി അടുത്ത ദിവസം മണിയോർഡർ ഒപ്പിട്ടു പണം വാങ്ങിച്ചു പോലും. ഈ ഹീനപ്രവൃത്തി ചങ്ങമ്പുഴ ചെയ്തിട്ടില്ല.

images/Mozart.jpg

ഞാനിത്രയും എഴുതിയതു് കലാകൗമുദിയിൽ ശ്രീ. പി. എം. ബിനുകുമാർ എഴുതിയ ‘ചങ്ങമ്പുഴയെത്തേടി’ എന്ന പരായണയോഗ്യമായ ലേഖനം പരായണം ചെയ്തതു കൊണ്ടാണു്. ഞാൻ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ചിലരാണു് ചങ്ങമ്പുഴയെക്കുറിച്ചു് അതിൽ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചിട്ടുള്ളതു്. അവരുടെ ശ്രദ്ധയില്ലായ്മ കൊണ്ടാവാം, അല്ലെങ്കിൽ കൗമാരപ്രായം കഴിഞ്ഞിട്ടില്ലാത്ത ലേഖകൻ വേണ്ട രീതിയിൽ ചോദ്യങ്ങൾ ചോദിക്കാത്തതു കൊണ്ടാവാം വേണ്ടിടത്തോളം ആകർഷകമായിട്ടില്ല ആ ലേഖനം. എങ്കിലും മുൻപു പറഞ്ഞതുപോലെ അതു വായിക്കാൻ കൊള്ളാം.

ബി. മാധവമേനോൻ
images/kpnarayanapisharadi.jpg
കെ. പി. നാരായണപ്പിഷാരടി

1938-ലാണു്—അമ്പത്തിമൂന്നു വർഷം മുൻപാണു്—ഞാൻ ശ്രീ. ബി. മാധവമേനോനുമായി ഒരുമിച്ചു വടക്കൻ പറവൂർ സ്കൂളിൽ പഠിച്ചതു്. ഞങ്ങൾ രണ്ടുപേരും ഫിഫ്ത്തു് ഫോമിൽ; പക്ഷേ, രണ്ടു ഡിവിഷൻ. അതിനുശേഷം ഇന്നലെ (11-6-91) അദ്ദേഹത്തെ ഇവിടെവച്ചു (തിരുവനന്തപുരം) കണ്ടു. അദ്ഭുതാവഹം. ബാല്യകാലത്തു് അദ്ദേഹത്തിനുണ്ടായിരുന്ന സൗന്ദര്യം ഇന്നുമുണ്ടു്. ഇൻഡ്യൻ എഡ്മിനിസ്റ്റ്രേറ്റീവ് സർവ്വീസിൽ സമുന്നതമായ ജോലി നോക്കിയിരുന്ന അദ്ദേഹം അതിൽനിന്നു വിരമിച്ചിട്ടു കുറച്ചുകാലം കഴിഞ്ഞെങ്കിലും ഇന്നും യുവാവിനെപ്പോലെ ഊർജ്ജസ്വലനാണു്. ഇപ്പോഴും സംസ്കാരപരങ്ങളായ കാര്യങ്ങളിൽ പ്രവർത്തിച്ചുകൊണ്ടു് ദില്ലിയിൽ താമസിക്കുന്നു. മാധവമേനോൻ എന്റെ സുഹൃത്താണെങ്കിലും അദ്ദേഹത്തിന്റെ ചെറുകഥകളെ ഞാൻ കുറ്റം പറഞ്ഞിട്ടേയുള്ളൂ. പക്ഷേ, ആ വിമർശനങ്ങളിലെല്ലാം തികഞ്ഞ സന്തോഷം പ്രകടിപ്പിച്ചുകൊണ്ടാണു് അദ്ദേഹം സാഹിത്യത്തെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചും എന്നോടു സംസാരിച്ചതു്. അതിൽ കാപട്യമില്ല, നാട്യമില്ല, ബാഹ്യാകൃതിപോലെ വെളുത്തതാണു്—നിർമ്മലമാണു്—അദ്ദേഹത്തിന്റെ മാനസികമണ്ഡലവും. മാധവമേനോനെപ്പോലെ സംസ്കാരമുള്ള ആളുകളെ ഞാൻ അധികം കണ്ടിട്ടില്ല. ചിലർ നമ്മളോടു ശ്രീരാമകൃഷ്ണ പരമഹംസനെപ്പോലെ, വിവേകാനന്ദസ്സ്വാമിയെപ്പോലെ സംസാരിക്കും. അവരുടെ മനസ്സു് കായങ്കുളം കൊച്ചുണ്ണിയുടേതായിരിക്കും; അല്ലെങ്കിൽ ജംബുലിംഗത്തിന്റേതായിരിക്കും. മാധവമേനോൻ വിശുദ്ധിയുള്ള ആളാണു്. ആ വിശുദ്ധി അദ്ദേഹത്തിന്റെ സംഭാഷണത്തിലും ചേഷ്ടകളിലുമുണ്ടു്. നല്ല മനുഷ്യരോടു സമ്പർക്കം പുലർത്തുമ്പോൾ നമ്മളും നല്ല മനുഷ്യരായി കുറച്ചുനേരത്തേക്കെങ്കിലും മാറും. ആ താൽകാലികപരിവർത്തനം എനിക്കു നൽകിയ മാധവമേനോനു നന്ദി.

പാണ്ഡിത്യം
images/Levi-strauss.jpg
ക്ലോദ് ലെവി സ്റ്റ്രോസ്

ശ്രീ. കെ. പി. നാരായണപ്പിഷാരടി അദ്ദേഹത്തിന്റെ നിലയിൽ പണ്ഡിതനാണു്; മഹാപണ്ഡിതനാണു്. ആ മഹാപാണ്ഡിത്യംകൊണ്ടു് അദ്ദേഹം ഉത്കൃഷ്ടങ്ങളായ ഗ്രന്ഥങ്ങൾ രചിച്ചു. നല്ല വ്യാഖ്യാനങ്ങൾ കേരളീയർക്കു നൽകി. അങ്ങനെ നമ്മുടെ സാംസ്കാരിക ചക്രവാളത്തെ അദ്ദേഹം വികസിപ്പിച്ചു. അതിനാൽ ഓരോ കേരളീയനും അദ്ദേഹത്തോടു നന്ദി കാണിക്കേണ്ടതാണു്. ആ കൃതജ്ഞത പ്രകാശിപ്പിക്കുകയാണു് പ്രൊഫെസർ എ. പി. പി. നമ്പൂതിരി ‘കൈരളീസുധ’യിൽ എഴുതിയ ‘കുറ്റിയറ്റു പോകുന്ന വർഗ്ഗത്തിലെ ഒരുവ്യക്തി’ എന്ന ലേഖനത്തിൽ. ആദരണീയമാണു് ലേഖകന്റെ പ്രവൃത്തി.

പാണിനിയുടെ തുളച്ചുകയറുന്ന ബുദ്ധി ചോസ്കിക്കുമുണ്ടു്. എന്നാൽ പാണിനീയമറിയുന്നവൻ മാത്രമാണു് നമുക്കു പണ്ഡിതൻ; ചോംസ്കിയുടെ സിദ്ധാന്തങ്ങൾ ഗ്രഹിച്ചിട്ടുള്ളവർ പണ്ഡിതനല്ല.

ഒരുതരം ക്ലാസ്സിക്കൽ സംസ്ക്കാരമാണു് പ്രാചീന സംസ്കൃത കൃതികളിൽ പ്രതിഫലിക്കുക. വ്യാകരണത്തെസ്സംബന്ധിച്ചു്, സാഹിത്യത്തെസ്സംബന്ധിച്ചു്, ദർശനത്തെസ്സംബന്ധിച്ചു് അന്നു പ്രചരിച്ച ആശയങ്ങൾ അക്കാലത്തു് സജീവങ്ങളായിരുന്നു. ഇക്കാലത്താകട്ടെ അവയ്ക്കു ജീവനില്ല. ഇന്നത്തെ സങ്കീർണ്ണമായ ജീവിതത്തിനോ കൂടുതൽ സങ്കീർണ്ണമായ നവീന സാഹിത്യത്തിനോ ആ ആശയങ്ങൾ കൊണ്ടു പ്രയോജനമില്ല. സാഹിത്യത്തിന്റെ കാര്യം മാത്രമെടുക്കാം. “ഉത്തരരാമചരിത”ത്തിലെ രസം കരുണമാണോ കരുണവിപ്രലംഭമാണോ എന്നു് ഇന്നാലോചിക്കുന്നതു് പാഴ്‌വേലയാണു്. ചോദ്യക്കടലാസ്സുണ്ടാക്കുന്നവർക്കു് അതൊരു ചോദ്യമാക്കാം. പരീക്ഷയെഴുതുന്നവനു് ഒരുത്തരവും എഴുതിവയ്ക്കാം. അതു് അവിടെ അവസാനിക്കുന്നു. അല്ലാതെ നവീനജീവിതത്തിനു് അതു് ഒരുപകാരവും ചെയ്യുന്നില്ല. ഞാൻ കുറ്റം പറയുകയല്ല. ആർക്കെങ്കിലും വേണമെന്നുണ്ടെങ്കിൽ രസാവിഷ്കാരചർച്ച നടത്താം. അതിനു് അതിന്റേതായ വിലയുണ്ടു്. പക്ഷേ, ആ ചർച്ച നടത്തുന്നയാൾ മാത്രമാണു് പണ്ഡിതൻ, റൊളാങ് ബാർത്, ക്ലോദ് ലെവി സ്റ്റ്രോസ്, മിഷൽ ഫൂക്കോ ഇവരുടെ സിദ്ധാന്തങ്ങൾ ഹൃദിസ്ഥമാക്കിയിട്ടുള്ളവൻ പണ്ഡിതനല്ല എന്നു കരുതുന്നതു ശരിയല്ല. ദൗർഭാഗ്യംകൊണ്ടു് നമ്മുടെ ചിന്താഗതി അതാണു്. ‘അഷ്ടാധ്യായി’യിലെ സൂത്രങ്ങൾ കാണാപ്പാഠം പഠിച്ചവനെ നമ്മൾ മഹാപണ്ഡിതനായി കൊണ്ടാടുന്നു. ഒരു സൂത്രം പോലും അറിയാത്തവൻ മറ്റു നവീന വിഷയങ്ങളിൽ അവഗാഹമുള്ളവനാണെങ്കിൽ അയാളെ പണ്ഡിതനായി നമ്മൾ അംഗീകരിക്കില്ല. പാണിനിയുടെ തുളച്ചു കയറുന്ന ബുദ്ധി ചോംസ്കിക്കുമുണ്ടു്. എന്നാൽ പാണിനീയമറിയുന്നവൻ മാത്രമാണു് നമുക്കു പണ്ഡിതൻ; ചോംസ്കിയുടെ സിദ്ധാന്തങ്ങൾ ഗ്രഹിച്ചിട്ടുള്ളവൻ പണ്ഡിതനല്ല. ഈ സങ്കല്പം മാറേണ്ടതാണെന്നു് എനിക്കു തോന്നുന്നു. കെ. പി. നാരായണപ്പിഷാരടിയെ മാനിക്കുന്നതുപോലെ സംസ്കൃതവ്യാകരണ സൂത്രങ്ങളിൽ ഒന്നുപോലുമറിയാത്തവനെങ്കിലും ലോകവിജ്ഞാനം മുഴുവനും ഗ്രഹിച്ചുവച്ചിരിക്കുന്നവനെയും നമ്മൾ മാനിക്കണം.

images/MichelFoucault.jpg
മിഷൽ ഫൂക്കോ

സ്വാമി വിവേകാനന്ദൻ ഒരിക്കൽ ശിഷ്യന്മാരോടു പറഞ്ഞു. “നിങ്ങളെല്ലാവരും യൂറോപ്യൻ ഫിലോസഫി പഠിക്കുന്നു. ജീവിതത്തിലെ ഏറ്റവും മഹനീയമായ സത്യമേതെന്നു പറയാമോ?” ആരും ഉത്തരം നൽകാതിരുന്നപ്പോൾ സ്വാമിജി അറിയിച്ചു. “നമ്മൾ മരിക്കും. ഇതെപ്പോഴും മനസ്സിൽ വേണം. അതുണ്ടെങ്കിൽ ചൈതന്യം ഉണർന്നു് എഴുന്നേൽക്കും. മനസ്സിനും ശരീരത്തിനും അതു് തേജസ്സു് തരും. ആദ്യമൊക്കെ ആ ചിന്ത മനസ്സിനു് ഇടിവുണ്ടാക്കും. പക്ഷേ, ദിനങ്ങൾ കഴിയുമ്പോൾ നിങ്ങളുടെ ഹൃദയത്തിനു ശക്തിയുണ്ടാകും. മരണത്തെക്കുറിച്ചുള്ള അനവരതമായ ചിന്ത നൂതനജീവിതം പ്രദാനം ചെയ്യും.”

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1991-07-07.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 6, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.