സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1991-07-28-ൽ പ്രസിദ്ധീകരിച്ചതു്)

ചെറുകഥയ്ക്കുമുണ്ടു് പാറ്റേൺ. അതിൽ കൊച്ചു കൊച്ചു ഭാഗങ്ങൾ പലതും കാണുമല്ലോ. ഓരോ ഭാഗത്തിനും മറ്റു ഭാഗങ്ങളോടു് ഐക്യം ഉണ്ടായിരിക്കണം. അവയെല്ലാം ചേർന്നു സാകല്യാവസ്ഥയിൽ ഒരു പാറ്റേണുണ്ടാകും. ചെറിയ ഭാഗങ്ങളിൽ ഏതെങ്കിലുമൊന്നു് ചേർച്ചയില്ലായ്മയുടെ പ്രതീതിയുളവാക്കിയാൽ കഥയാകെ തകരും.

“ആഹ്ലാദത്തിന്റെ ഫലം വിഷാദമാണെന്നു അറിയില്ലേ?” വടക്കേയിന്ത്യയിലെ ഒരുദ്യാനത്തിൽ സായാഹ്നവേളയിൽ കാറ്റു കൊണ്ടിരിക്കവെ പരിചയപ്പെടാൻ ഇടവന്ന ഒരു മഹാരാഷ്ട്ര യുവതി ഇംഗ്ലീഷിൽ എന്നോടു ചോദിച്ചതാണു് ഈ ചോദ്യം. നാഗപ്പൂർ സർവകലാശാലയിൽ എഞ്ചിനീയറിങ്ങിനോ മറ്റോ പഠിക്കുന്ന അവൾ, ടോൾസ്റ്റോയി യുടെ ക്രൊയിറ്റ്സർ സനാറ്റ (Kreutzer Sonata) എന്ന നോവൽ ഏഴാമത്തെ തവണ വായിച്ചു കൊണ്ടിരുന്ന എന്റെ അടുത്തു വന്നിരുന്നു പുസ്തകത്തിലേക്കു നോക്കിയിട്ടു സംഭാഷണം തുടങ്ങിയതാണു്. “It is an absorbing novel. Really a pleasure to read it” എന്നു ശ്രീമതി ആരംഭിച്ച സംഭാഷണം ആഹ്ലാദത്തിലേക്കും അതിന്റെ അന്തിമഫലമായ വിഷാദത്തിലേക്കും വരികയാണുണ്ടായതു്. ടോൾസ്റ്റോയിയിൽ നിന്നു് അവർ കേട്ടിരിക്കാനിടയില്ലാത്ത ഫ്രഞ്ചെഴുത്തുകാരൻ റോബ് ഗ്രിയേ യിലേക്കു ഞാൻ സംഭാഷണം മാറ്റി. പക്ഷേ, എന്നെ പരാജയപ്പെടുത്തിക്കൊണ്ടു് അവർ പറഞ്ഞു: “Yes. ‘The Voyeur’ by Robbe Grillet shows the consciousness of a criminal”.

images/RobbeGrillet.jpg
റോബ് ഗ്രിയേ

തുടർന്നു് എന്തെല്ലാം വിഷയങ്ങളാണു് ആ ചെറുപ്പക്കാരി അനായാസമായി കൈകാര്യം ചെയ്തതു്. ശുഷ്കമായ കൈകാര്യം ചെയ്യലല്ല. ആ സന്ദർഭത്തിൽ റോസാദലങ്ങൾ വിടരും, ശോഭ പ്രസരിക്കും. തേനൊഴുകും. എനിക്കെവിടെ പനിനീർപ്പൂവിന്റെ ഇതളുകൾ? ധൂമ്രപാനം കൊണ്ടു കറുത്തു പോയ ചുണ്ടുകളല്ലേ എനിക്കുള്ളു. എന്റെ മന്ദസ്മിതത്തിനു തിളക്കമെവിടെ? എന്റെ വാക്കുകൾക്കു തേനിന്റെ മാധുര്യമുണ്ടോ? അതു പോകട്ടെ. അവളെ പരാജയപ്പെടുത്താനുള്ള വിജ്ഞാനവും ആവിഷ്കാര സാമർത്ഥ്യവും എനിക്കില്ല. എനിക്കു ദുഃഖം തോന്നി. “ക്രൊയിറ്റ്സർ സനാറ്റ” കണ്ടു് അതിലെ ആദ്യത്തെ ആഹ്ലാദം വിഷാദമായി മാറുന്നുവെന്നു തോന്നിയതു കൊണ്ടാണു് ആ യുവതി ആച്ചോദ്യം എന്റെ നേർക്കെറിഞ്ഞതു്. അവളുടെ വർത്തമാനം കേട്ടുണ്ടായ ആഹ്ലാദം എനിക്കു ദുഃഖകാരണമായിത്തീർന്നു. ആ ചെറുപ്പക്കാരിയുടെ ബുദ്ധിയോ ഭാവനയോ എനിക്കില്ലല്ലോ എന്ന ദുഃഖം. ടോൾസ്റ്റോയിയുടെ നോവൽ മാത്രമല്ല ബുദ്ധി കൂടിയവരോടു ബുദ്ധി കുറഞ്ഞവർ സംസാരിക്കുമ്പോഴും അന്തിമഫലം വിഷാദമായിരിക്കും. “ഡോക്ടർ ഷിവാഗോ ” എന്ന നോവൽ ചവറാണെന്നു പറയുന്നവർ ധാരാളം. പ്രതിഭ കൂടിയ പസ്തർനക്ക് പ്രതിഭ ഇല്ലാത്തവരോടു നോവലിലൂടെ സംസാരിക്കുമ്പോൾ അവർക്കു ദുഃഖമുണ്ടാകും. മഹരാഷ്ട്രക്കാരിയോടു സംസാരിച്ചിട്ടു് ഒൻപതു വർഷം കഴിഞ്ഞു. എങ്കിലും അവളുടെ സൂക്തം എന്റെ കാതിന്റെ കാതിൽ മുഴങ്ങിക്കൊണ്ടിരിക്കുന്നു.

സേതു

യഥാതഥമായി എന്തെങ്കിലുമെഴുതുക. എഴുതിവരുമ്പോൾ ‘ശ്ശേ കലയായില്ലല്ലോ’ എന്നു തോന്നലുണ്ടാവുക. അതുണ്ടായാലുടൻ വായനക്കാരനു ചിന്താക്കുഴപ്പമുണ്ടാക്കുന്ന ഒരു ഇമേജ് കൊണ്ടുവരിക. അതിനെ ആവുന്നിടത്തോളം ഇരുട്ടിൽ നിറുത്തുക. അനുവാചകനു പിടി കിട്ടാത്ത ഒരു തലക്കെട്ടു നല്കുക. ഇതാണു് കഥാരചനയെന്നു നമ്മുടെ ചെറുപ്പക്കാർ ധരിച്ചുവച്ചിരിക്കുന്നു.

ആഹ്ലാദത്തിൽ ആരംഭിച്ചു് വിഷാദത്തിലെത്തി ഞാൻ കഴിഞ്ഞ ഖണ്ഡികയിൽ. ശ്രീ. സേതു വിന്റെ “ഉച്ച” എന്ന മനോഹരമായ കഥയിലാവട്ടെ വിഷാദത്തിൽ തുടങ്ങി വിഷാദത്തിൽത്തന്നെ എത്തുന്നു. വെറും വിഷാദമോ? അല്ല ഉത്കടവിഷാദമാണതു്. ബന്ധനസ്ഥനായ മകൻ നട്ടെല്ലു തകരുന്ന ജോലിയിൽ മുഴുകിയിരിക്കുന്നതു് അറിയുമ്പോൾ അമ്മയ്ക്കുണ്ടാകുന്ന ആ കൊടും വിഷാദം ഒരുത്കടവികാരമാണു്. അതിനെ ആളിക്കത്തിക്കുന്നു മകൻ അമ്മയെ കാണാൻ വരുന്നുവെന്നു് അറിയിക്കുന്ന കുറിമാനം. അതു് എത്രകണ്ടു സത്യമാണെന്നു് അവർക്കു് അറിഞ്ഞുകൂടാ. അവനോടു ബന്ധപ്പെട്ട രണ്ടു പേരുടെ പ്രവേശം അവരെ (അമ്മയെ) തളർത്തുന്നുണ്ടെങ്കിലും മകനോടുള്ള സ്നേഹം ജനിപ്പിക്കുന്ന യുക്തിക്കു ഭംഗം വരാതെ അവർ പ്രവർത്തിക്കുന്നു. ഏതെങ്കിലുമൊന്നു കൈക്കലാക്കുവാൻ വേണ്ടി അദമ്യമായ ആഗ്രഹം ഉണ്ടായാൽ യുക്തി തെറിച്ചു പോകും. പക്ഷേ, കഥയിലെ അമ്മയ്ക്കു് അതു സംഭവിക്കുന്നില്ല. അവർ യാതനയ്ക്കും കനത്ത ദുഃഖത്തിനും വിധേയയായിക്കൊണ്ടു് ആഗ്രഹത്തിന്റെ സാക്ഷാത്കാരത്തിനായി കാത്തിരിക്കുന്നു. സാർവലൗകികമായ, സാർവജനീനമായ ഒരു വികാരത്തെ ചില വ്യക്തികളിലേക്കു സംക്രമിപ്പിച്ചു് ഒരു ശാശ്വതസത്യത്തെ തന്റേതു മാത്രമായ രീതിയിൽ പ്രകാശിപ്പിച്ചിരിക്കുകയാണു് സേതു.

images/PhilipLarkin.jpg
ഫിലിപ്പ് ലാർക്കിൻ

ഭാവതീക്ഷ്ണതയാണു് ഈ കഥയുടെ സവിശേഷത. ലിറിക്കിൽ ഒരു ഭാവത്തെ സാന്ദ്രതയോടെ ആവിഷ്കരിക്കുന്നു കവി. കഥാകാരനാവട്ടെ അതു് സംഭവങ്ങളിലേക്കും കഥാപാത്രങ്ങളിലേക്കും ബന്ധിപ്പിക്കുന്നു (ഈ ആശയം ഫിലിപ്പ് ലാർക്കി ന്റേതു്). പ്രതിഭ കുറഞ്ഞവർ ആ പ്രക്രിയ നടത്തുമ്പോൾ കഥയുടെ ഭാവാത്മകത നഷ്ടപ്പെടും. സേതു പ്രതിഭാശാലിയായതു കൊണ്ടു് ഭാവഗാനം പോലെ ഇക്കഥ തീക്ഷ്ണത ആവഹിക്കുന്നു. വിഷാദത്തിൽത്തുടങ്ങി വിഷാദത്തിൽ അവസാനം. പക്ഷേ, ആ വിഷാദം കലയിലൂടെ എനിക്കു ലഭിക്കുന്നതുകൊണ്ടു് ആഹ്ലാദം എന്ന ഫലപ്രാപ്തി.

ചവറു്

എനിക്കു് എസ്. കെ. പൊറ്റെക്കാട്ടി നെ അറിയാമായിരുന്നു. നേരിട്ടു് അദ്ദേഹത്തെ കാണുന്നതിനു മുൻപു്, അദ്ദേഹം വക്കം അബ്ദുൾ ഖാദറി നു് പതിവായി എഴുതിയിരുന്ന കത്തുകളിലൂടെയാണു് പരോക്ഷമായി പരിചയമായതു്. കത്തുകളിൽ നിന്നു കിട്ടുന്ന സ്വത്വത്തിന്റെയും വ്യക്തിത്വത്തിന്റെയും അറിവുകൾ പലപ്പോഴും ശരിയായിരിക്കും. കാശ്മീരിൽ നിന്നു് പൊറ്റെക്കാട്ടു് അബ്ദുൾ ഖാദറിനു് എഴുതിയ എഴുത്തുകൾ ഭാഷയുടെ ഭംഗികൊണ്ടും ആശയത്തിന്റെ ചാരുത കൊണ്ടും ഇമേജുകളുടെ സൗന്ദര്യം കൊണ്ടും എന്റെ മനസ്സിനെ വല്ലാതെ പിടിച്ചുകുലുക്കിയിരുന്നു. കാശ്മീരിലെ താഴ്‌വരകൾ വളഞ്ഞു തിരിയുന്നിടത്തു മരങ്ങൾ പൊക്കമാർന്നു നില്ക്കുന്നതും അവയുടെ ചുവട്ടിൽനിന്നു സുന്ദരിപ്പെൺകുട്ടികൾ പൊറ്റെക്കാട്ടിനെ കൗതുകത്തോടെ നോക്കുന്നതും പെട്ടെന്നു് അവരുടെ മധ്യത്തിൽ മഞ്ഞിന്റെ തിരശ്ശീല വീഴുന്നതുമൊക്കെ അദ്ദേഹം വർണ്ണിച്ചിരുന്നതു് എന്റെ ഓർമ്മയിൽ നിന്നു് ഇപ്പോഴും പോയിട്ടില്ല. പക്ഷേ, ആ കത്തുകൾ ഇന്നു വായിച്ചാൽ എനിക്കു് അതേ വികാരങ്ങൾ ഉണ്ടാവണമെന്നില്ല. യൗവനകാല കൗതുകങ്ങൾ പില്ക്കാലത്തു മാറിപ്പോകും, വിരസങ്ങളായിത്തീരുകയും ചെയ്യും.

images/vakkomabdulkhader.jpg
വക്കം അബ്ദുൾ ഖാദർ

കത്തുകൾ വെറും പ്രകൃതിവർണ്ണനമോ വനിതാ വർണ്ണനമോ ആയാൽപ്പോരാ എനിക്കിന്നു്. പ്രകൃതിയും വനിതയും സങ്കീർണ്ണമായ ജീവിതത്തിനു നല്കുന്ന സന്ദേശങ്ങൾ എഴുത്തുകാരൻ എനിക്കു പകർന്നു തരണം. അല്ലാതെ ‘ആനന്ദലബ്ധിക്കിനിയെന്തു വേണം!’ എന്നു അദ്ഭുതം കൂറിയതു കൊണ്ടോ ‘കടാക്ഷശാസ്ത്ര പഠിപ്പു നേടാത്ത വിടർന്ന കണ്ണാൽ’ അവളെന്നെ നോക്കിയെന്നു പറഞ്ഞതു കൊണ്ടോ പ്രയോജനമില്ല. ജീവിതത്തെയും സ്ഥലത്തെയും വർണ്ണിക്കുന്ന എഴുത്തുകാരൻ അദ്ദേഹത്തെയും എന്നെയും കൂട്ടിയിണക്കുമ്പോഴാണു് രചന ഫലപ്രദമാകുന്നതു്. ഇതൊന്നും മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധപ്പെടുത്തുന്ന, പൊറ്റെക്കാട്ടിന്റെ കത്തുകളിൽ ഇല്ല. വാരികയുടെ മൂല്യമാർന്ന പുറങ്ങളെ നിഷ്പ്രയോജനങ്ങളാക്കി മാറ്റുന്നതേയുള്ളു ഈ ചവറുകൾ.

ചോദ്യം, ഉത്തരം

ചോദ്യം: നിങ്ങൾ കണ്ട ഒരു രസാവഹമായ കാഴ്ച?

ഉത്തരം: മീറ്റിങ്ങിനു് ഒരുമിച്ചു പോകുന്നു. രണ്ടുപേർ മിണ്ടാതിരിക്കുന്നു. ഇടയ്ക്കു കൊല്ലത്തു സേവിയറിൽ കയറുന്നു. ഓരോ പെഗ്ഗ് അകത്തു ചെല്ലുമ്പോൾ രണ്ടുപേരും സ്നേഹിച്ചു തുടങ്ങുന്നു. പെഗ്ഗ് കൂടുന്തോറും ‘അളിയാ’ എന്നു് അങ്ങോട്ടുമിങ്ങോട്ടും വിളിക്കുന്നു. ലഹരിയുടെ പാരമ്യത്തിൽ അന്യോന്യം ചുംബിക്കുന്നു. പിന്നെയും ലാർജിന്മേൽ ലാർജാകുമ്പോൾ മട്ടുമാറുന്നു. ‘എടാ …മോനേ!’ തുടങ്ങിയ വിളികൾ. ഒടുവിൽ നൂലു ബന്ധമില്ലാതെ അങ്ങോട്ടുമിങ്ങോട്ടും ഇടിയും ചവിട്ടും. എത്രതവണയാണു് ഞാൻ ഇമ്മാതിരിക്കാഴ്ചകൾ കണ്ടിട്ടുള്ളത്!

ചോദ്യം: ചങ്ങമ്പുഴ യും കെടാമംഗലം പപ്പുക്കുട്ടി യും തമ്മിലുള്ള വ്യത്യാസമെന്തു?

ഉത്തരം: ചങ്ങമ്പുഴ നിങ്ങളുടെ വീട്ടിൽ വന്നാൽ ഭവനമാകെ അദ്ദേഹം നിറഞ്ഞുനില്ക്കുന്നുവെന്നു തോന്നും. പപ്പുക്കുട്ടി വന്നാൽ വന്നതായി അറിയില്ല.

ചോദ്യം: നിങ്ങൾ ദുഃഖത്തോടെ പറയുന്ന വാക്കുകൾ വല്ലതുമുണ്ടോ?

ഉത്തരം: ഞാൻ ജനിച്ചു എന്ന വാക്കുകൾ.

ചോദ്യം: എനിക്കു് അംഗീകരിക്കാവുന്ന ഒരു സൂക്തം പറയൂ?

ഉത്തരം: ഞാൻ തനിച്ചു ജനിച്ചു. തനിച്ചു മരിക്കും. (ഈ ആശയം എന്റേതല്ല. ഡി. എച്ച്. ലോറൻസി ന്റേതാണു്.)

ചോദ്യം: ചങ്ങമ്പുഴക്കവിതയും ഇടപ്പള്ളിക്കവിതയും തമ്മിലുള്ള വ്യത്യാസമെന്തു?

ഉത്തരം: ചങ്ങമ്പുഴക്കവിതയിൽനിന്നു ചങ്ങമ്പുഴ കൃഷ്ണപിള്ളയെ മനസ്സിലാക്കാനാവില്ല. ഇടപ്പള്ളിക്കവിതയിൽനിന്നു് ഇടപ്പള്ളി രാഘവൻ പിള്ള യെ മനസ്സിലാക്കാം.

ചോദ്യം: ആരുടെയെല്ലാം പ്രേമം സഹിക്കാം?

ഉത്തരം: വണ്ണം വളരെക്കൂടിയ സ്ത്രീയുടെ ശൃംഗാരം സഹിക്കാനാവില്ല. അവളുടെ പ്രേമവും അതു പോലെ.

ചോദ്യം: സ്ത്രീകളെ നിന്ദിക്കുന്ന നിങ്ങൾ ഒരുകാര്യം മനസ്സിലാക്കണം. യേശുക്രിസ്തുവിനെ ചതിച്ചതു് സ്ത്രീയല്ല എന്നു്. (പ്രശസ്തയായ ഒരു കഥയെഴുത്തുകാരിയുടെ കത്തിൽനിന്നു്. പേരുപറയുന്നതു മര്യാദയല്ല; കത്തിലെ മര്യാദകേടു് അത്രയ്ക്കുണ്ടെങ്കിലും.)

ഉത്തരം: ഞാൻ സ്ത്രീകളെ നിന്ദിക്കാറില്ല. എനിക്കു് അവരോടു ബഹുമാനമേയുള്ളു. പിന്നെ യേശുവിനെ ചതിച്ചതു സ്ത്രീയല്ലെങ്കിലും രാജീവ് ഗാന്ധി യെ വധിച്ചതു് പുരുഷനല്ലായിരുന്നുവെന്നു് ശ്രീമതി ഓർമ്മിക്കണം. അതും ഒരു സ്ത്രീയോ? എത്രയോ സ്ത്രീകൾ.

ചോദ്യം: നിങ്ങൾക്കു് എങ്ങനെ മരിക്കണം?

ഉത്തരം: വഴിയിൽ വീണു്, ഇടിമിന്നലേറ്റു്, ഭീകരന്മാരുടെ വെടിയേറ്റു്, തീവണ്ടിയുടെ അടിയിൽ അകപ്പെട്ടു് ചതഞ്ഞരഞ്ഞു് ഒക്കെ മരിക്കാൻ സന്നദ്ധൻ. പക്ഷേ, ആശുപത്രിയിൽ കിടന്നു മരിക്കാൻ വയ്യ.

പാറ്റേൺ

വായനക്കാരെ ചലനം കൊള്ളിക്കുകയും ഉദാത്തമണ്ഡലത്തിലേക്കു പ്രവേശിപ്പിക്കുകയും അവർക്കു ജീവിതമാർഗ്ഗം എന്തെന്നു കാണിച്ചുകൊടുക്കുകയും ചെയ്യുന്ന ഗ്രന്ഥമാണിതു് (ഓബ്രി മേനന്റെ ‘The Space Within the Heart’). ജീവിതത്തിന്റെ സ്പന്ദം ഇതിലെ ഓരോ വാക്യത്തിലുമുണ്ടു്. ആർജ്ജവത്തിന്റെ തിളക്കം എങ്ങും.

പണ്ടു പീരുമേട്ടിനടുത്തുള്ള മാട്ടുപ്പെട്ടി എന്ന കാട്ടുപ്രദേശത്തു് ഞാനൊരു സമ്മേളനത്തിനു പോയി. ജീവിതത്തിലെ വലിയ ദൗർഭാഗ്യങ്ങളിൽ ഒന്നായിരുന്നു അതു്. ഭീമാകാരമാർന്ന കാളയെക്കൊണ്ടു് പശുവിനെ സമാക്രമിപ്പിക്കുക, പശു ഒഴിഞ്ഞു പോകാതിരിക്കാൻ വേണ്ടി തടികൊണ്ടുള്ള ഒരു മുക്കോണിൽ നേരത്തേ അതിനെ കയറ്റി നിറുത്തുക, എന്നിട്ടു ആനയോളം വലിപ്പമുള്ള കാളയെ അതിന്റെ അടുത്തു കൊണ്ടു ചെല്ലുക, അച്ചടിക്കാൻ വയ്യാത്ത വൈകൃതത്വം പ്രദർശിപ്പിച്ചുകൊണ്ടു് ആ മൃഗം ജന്മവാസന പ്രകടിപ്പിക്കുക ഇവയെല്ലാം മാന്യന്മാരുടെ മുൻപിൽ വച്ചു നടന്നു. മാന്യന്മാരുടെ മാന്യത ഉളവാക്കിയ ഒരു പാറ്റേണിനെ തകർത്തു കാളയെ കയറൂരിവിടലും അതിനുശേഷമുള്ള അതിന്റെ ആഭാസപ്രവൃത്തികളും.

അകലെ മലനിരകൾ, അവയ്ക്കുതാഴെ കാടുകൾ, കൃത്രിമോദ്യാനങ്ങളും സ്വാഭാവികോദ്യാനങ്ങളും. മന്ദഗതിയാർന്ന കാറ്റു്, നേരിയ ശൈത്യം, ഇങ്ങനെ പ്രശാന്തിയരുളുന്ന അന്തരീക്ഷത്തിൽ ഒരു കിഴവൻ കാളയെ കൊണ്ടുനിറുത്തി ഒരാൾ. പ്രയോജനശൂന്യമായ മൃഗത്തെ അവർ ഇല്ലാതാക്കുന്നതെങ്ങനെയെന്നു് അതിഥികളെ ധരിപ്പിക്കുകയായിരുന്നു അയാൾ. കാളയുടെ മുഖം ഒരു കെണിയിലാക്കിയിട്ടു് കൈത്തോക്കിന്റെ രീതിയിലുള്ള ഒരു മാരകായുധം അതിന്റെ കണ്ണുകൾക്കു നടുവിലമർത്തി അയാൾ കാഞ്ചി വലിച്ചു. ഒരു നേരിയ ശബ്ദം. കാള ‘നാലുകാലും പറിച്ച്’ ചത്തു മലർന്നു. ദയാപൂർവം. ഉപയോഗമില്ലാത്ത മൃഗത്തെ കൊല്ലുന്ന രീതിയാണു് അതെന്നു് എന്റെ അടുത്തു നിന്ന ഉദ്യോഗസ്ഥൻ എന്നോടു പറഞ്ഞു. ഞാൻ വിചാരിച്ചു: “ഞാൻ പ്രയോജനമില്ലാത്തവനായിത്തീരുമ്പോൾ ആരെങ്കിലും എന്റെ നെറ്റിയിൽ ഇങ്ങനെ മാരകായുധം അമർത്തി കാഞ്ചി വലിച്ചാലോ?” കാനനരാശിയുടെ ആകർഷകമായ പാറ്റേണിനു് ഭംഗംവരുത്തി ഈ കാളക്കൊലപാതകം.

അതുകഴിഞ്ഞു് കാപ്പികുടി. അദ്ധ്യക്ഷനായ മന്ത്രി ശ്രീ. വക്കം പുരുഷോത്തമന്റെ അടുത്താണു് ഞാൻ ഇരുന്നതു്. വിളമ്പുന്ന ഒരു തടിയൻ തമിഴൻ, മന്ത്രിയുടെ പ്ലേറ്റിൽ മാത്രമേ ഭക്ഷണസാധനങ്ങൾ വയ്ക്കൂ. എന്റെ മുൻപിലിരുന്ന പ്ലേറ്റിൽ ഒന്നും വയ്ക്കില്ല. ഞാൻ ഒഴിഞ്ഞ പിഞ്ഞാണവുമായി ഇരുന്നു. വക്കം പുരുഷോത്തമൻ യാദൃച്ഛികമായി അതു കണ്ടപ്പോൾ വിളമ്പുകാരനോടു് “നിങ്ങൾ അതിലൊന്നും വച്ചില്ലല്ലോ” എന്നു പറഞ്ഞതു കൊണ്ടു് എനിക്കു് ഒരു കഷണം റൊട്ടി കിട്ടി. റ്റീപ്പാർട്ടിയുടെ ആകർഷകമായ പാറ്റേണിൽ ഒരു തമിഴൻ പാറ്റേൺ ഭംഗം ഉണ്ടാക്കി.

സമ്മേളനമായി, സാഹിത്യസംസ്കാരവുമായി ഒരു ബന്ധവുമില്ലാത്ത കുറെ തൊഴിലാളികൾ. മലയാളം അറിഞ്ഞുകൂടാത്ത തമിഴരും തെലുങ്കരും കന്നടക്കാരും. പിന്നെ ദേവികുളത്തെയും മൂന്നാറ്റിലെയും എസ്റ്റേറ്റുകളിൽ ജോലി നോക്കുന്ന കുറെ സായ്പന്മാർ. എത്ര അടിസ്ഥാനപരങ്ങളായ കാര്യങ്ങൾ എത്ര ലളിതമായി ഏതു ഭാഷയിൽ പറഞ്ഞാലും മനസ്സിലാക്കാൻ കഴിയാത്ത സദസ്സു്. അവിടെ എന്റെ സാഹിത്യ പ്രഭാഷണം. പാറ്റേണില്ലായ്മയിൽ പാറ്റേൺ ഭംഗം. പ്രസംഗം കഴിഞ്ഞയുടനെ വൈക്കത്തുകാരനായ ഒരു പയ്യൻ കയറി എന്നെ കുറെ തെറി വിളിക്കൽ. കരുതിക്കൂട്ടി ഏർപ്പാടു ചെയ്തതാണു് അതെന്നു പിന്നീടു മനസ്സിലായി എനിക്കു്. ആ പയ്യന്റെ ഉപാലംഭം അത്ര ശരിയായില്ലെന്നു വക്കം പുരുഷോത്തമൻ ഉപസംഹാരപ്രസംഗത്തിൽ സൂചിപ്പിച്ചതു് മാത്രമേ എനിക്കു് ആശ്വാസദായകമായുള്ളു. ഇങ്ങനെ എത്രയെത്ര പാറ്റേണുകളും പാറ്റേൺ ഭംഗങ്ങളും!

ജീവിതത്തെയും സ്ഥലത്തെയും വർണ്ണിക്കുന്ന എഴുത്തുകാരൻ അദ്ദേഹത്തെയും എന്നെയും കൂട്ടിയിണക്കുമ്പോഴാണു് രചന ഫലപ്രദമാകുന്നതു്.

ചെറുകഥയ്ക്കുമുണ്ടു് പാറ്റേൺ അതിൽ (കഥയിൽ) കൊച്ചുകൊച്ചു ഭാഗങ്ങൾ പലതും കാണുമല്ലോ. ഓരോ ഭാഗത്തിനും മറ്റുഭാഗങ്ങളോടു് ഐക്യം ഉണ്ടായിരിക്കണം. അവയെല്ലാം ചേർന്നു സാകല്യാവസ്ഥയിൽ ഒരു പാറ്റേണുണ്ടാകും. ചെറിയ ഭാഗങ്ങളിൽ ഏതെങ്കിലുമൊന്നു് ചേർച്ചയില്ലായ്മയുടെ പ്രതീതിയുളവാക്കിയാൽ കഥയാകെ തകരും. ഈ തകർച്ചയ്ക്കു നിദർശകമാണു് ശ്രീ. സോക്രട്ടീസ് വാലത്തി ന്റെ “പാഴ്മരക്കൊമ്പിലെ കാക്ക” എന്ന ചെറുകഥ (കലാകൗമുദി). അച്ഛനും മകളും മകനും. ദാരിദ്ര്യത്തിന്റെ ഉടലെടുത്ത രൂപങ്ങളാണു് അവർ. കൂടക്കൂടെ വീടുകൾ മാറാൻ നിർബ്ബദ്ധരായ അവർ ഒരു ശവപ്പറമ്പിന്റെ അടുത്തു് എത്തി പാർക്കാനായി. അതുവരെ കഥയ്ക്കു പാറ്റേണുണ്ടു്. അപ്പോൾ കയറിവരുന്നു ഒരു രൂപം. ദുർഗ്രഹതയാർന്ന ആ രൂപം—അതു് ഏതിന്റെയോ പ്രതീകമാവാം—യഥാതഥമായ ആഖ്യാനത്തിന്റെ ഐക്യം തകർക്കുന്നു. യഥാതഥമായി എന്തെങ്കിലുമെഴുതുക. എഴുതിവരുമ്പോൾ ‘ശ്ശേ കലയായില്ലല്ലോ’ എന്ന തോന്നലുണ്ടാവുക. അതുണ്ടായാലുടൻ വായനക്കാരനു ചിന്താക്കുഴപ്പമുണ്ടാക്കുന്ന ഒരു ഇമേജ് കൊണ്ടുവരിക. അതിനെ ആവുന്നിടത്തോളം ഇരുട്ടിൽ നിറുത്തുക. അനുവാചകനു പിടികിട്ടാത്ത ഒരു തലക്കെട്ടു നല്കുക. ഇതാണു് കഥാരചനയെന്നു നമ്മുടെ ചെറുപ്പക്കാർ ധരിച്ചു വച്ചിരിക്കുന്നു. നടുക്കു് ഒരു വലിയ നിലവിളക്കു പല തിരികളിട്ടു കത്തിച്ചു വച്ചിരിക്കുന്നു. ചുറ്റും കത്തിച്ചുവച്ച കൊച്ചു നിലവിളക്കുകൾ, ചെറിയ വിളക്കുകൾ വലിയ വിളക്കിനും വലിയ വിളക്കു ചെറിയ വിളക്കുകൾക്കും വെളിച്ചം നല്കുന്നുണ്ടു്. എന്നാൽ ചെറിയ വിളക്കുകളുടെ കൂട്ടത്തിൽ മണ്ണെണ്ണ ചിമ്നി കത്താതെ ഇരുന്നാലോ? എല്ലാം തകരില്ലേ? അതാണു് ഈ കഥയിൽ സംഭവിച്ചിരിക്കുന്നതു്.

ഇപ്പോൾ തോന്നുന്നത്
  1. ഏതോ നവാബ് ശതാബ്ദങ്ങൾക്കു മുൻപു കെട്ടിയ കോട്ട ഇന്നും ഇവിടെ പരിരക്ഷിപ്പെടുന്നു. ശിവജി യുടെ ആക്രമണം ഭയന്നാണത്രേ ആ കോട്ട നിർമ്മിക്കപ്പെട്ടതു്. അതിന്റെ തുറന്ന വാതിലിലൂടെ ഞാൻ പട്ടണത്തിന്റെ ഉള്ളിലേക്കു കടന്നു. പട്ടണമെന്നു പറഞ്ഞെങ്കിലും ഒരു കടപോലുമില്ല. തികഞ്ഞ ശൂന്യത. നവീന മലയാളസാഹിത്യത്തിലേക്കു കടന്ന പ്രതീതി.
  2. എം. സി. ജോസഫ് സഹജാവബോധത്തെ നിന്ദിച്ചിട്ടു് യുക്തിയെ മാത്രം അവലംബിച്ചു എന്ന അർത്ഥത്തിൽ പ്രഫെസർ എം. കെ. സാനു കുങ്കുമം വാരികയിൽ എഴുതിയിരിക്കുന്നു. സഹജാവബോധവും (intuition) സത്യദർശനത്തിനുള്ള മാർഗ്ഗമാണെന്നു് ബർട്രഡൻഡ് റസ്സൽ അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുണ്ടു്. വലിയ ഇടിവെട്ടുമ്പോൾ മൂച്ചുപെരുക്കി ‘ബൈ സെപ്സ്’ മാംസപേശി കൈമടക്കി വലുതാക്കിക്കൊണ്ടു ഗുസ്തിക്കാരൻ മിന്നലിനെ നേരിടാൻ നില്ക്കുന്നതുപോലുണ്ടു് എം. സി. ജോസഫിന്റെ നില. ഒരു വ്യത്യാസമേയുള്ളു അവർക്കു തമ്മിൽ. ഗുസ്തിക്കാരൻ ലങ്കോട്ടി മാത്രം ധരിച്ചിരിക്കുന്നു. എം. സി. പൂർണ്ണമായും വസ്ത്രധാരണം നിർവഹിച്ചിരിക്കുന്നു.
  3. വരാപ്പുഴ പൊലീസ് സ്റ്റേഷനടുത്താണു് ഞാൻ 1938-ൽ താമസിച്ചിരുന്നതു്. ഒരു ദിവസം കാലത്തു് സ്റ്റേഷന്റെ മുൻവശത്തു ചെന്നപ്പോൾ ഇരുമ്പഴികൾക്കു് അകത്തു കിടക്കുന്ന തടവുപുള്ളികൾക്കുള്ള പ്രഭാതഭക്ഷണം കൺസ്റ്റബിൾ തറയുടെയും അഴികളുടെയും ഇടയിലുള്ള വിടവിലൂടെ തള്ളി അകത്തേക്കു് ആക്കിക്കൊടുക്കുന്നതു കണ്ടു. അക്കാഴ്ച അന്നൊരു വിചാരവും ജനിപ്പിച്ചില്ല. ഇന്നിങ്ങനെ തോന്നുന്നു. “ആധുനികോത്തര” സാഹിത്യാചാര്യന്മാർ തങ്ങളുടെ കുഞ്ഞാടുകളുടെ ബുദ്ധി വികസിക്കുന്നതിനുവേണ്ടി സ്വന്തം പുസ്തകങ്ങൾ രഹസ്യമായി ഏല്പിക്കുമ്പോലെയാണു് അതെന്നു്.
  4. ഒരു മാസം കഴിഞ്ഞേ താനെത്തുകയുള്ളു എന്നു ഭാര്യയോടു പറഞ്ഞിട്ടു് മറുനാട്ടിലേക്കു പോയ ഭർത്താവു് ഒരാഴ്ച കഴിഞ്ഞോ അതിനു മുൻപോ പെട്ടെന്നു വീട്ടിൽ വന്നുകയറിയാൽ അവൾക്കു് എന്തൊരാഹ്ലാദമായിരിക്കും! മീലാൻ കുന്ദേര യുടെ പുതിയ നോവൽ ഇംഗ്ലണ്ടിലും അമേരിക്കയിലുമൊക്കെ വാങ്ങാൻ കിട്ടുന്നതു് ഒരു വർഷം കഴിഞ്ഞേ കേരളത്തിലെത്തുകയുള്ളു എന്നു് ഇവിടുത്തെ വായനക്കാരൻ വിചാരിക്കുന്നു. എന്നാൽ അയാൾ നാളെ കാലത്തു് പുസ്തകക്കടയിൽ ചെല്ലുമ്പോൾ ആ നോവലിരിക്കുന്നതു കണ്ടാൽ ഭർത്തൃദർശനത്തിൽ ഭാര്യയ്ക്കുണ്ടായ ആഹ്ലാദത്തെക്കാൾ വലിയ ആഹ്ലാദമാകും വായനക്കാരനു് ഉണ്ടാവുക.
കുട്ടിയുടെ കഥ

എനിക്കു കുട്ടികളുടെ ചിത്രകല ഇഷ്ടമല്ല. അവർ ഭാവനയുള്ളവരാണെന്നു സമ്മതിക്കുന്നു. പക്ഷേ, ഈ ഭാവനാശക്തിക്കു ചിന്തയോടു ചേർന്നുണ്ടാകുന്ന ദാർഢ്യം കൈവരാറില്ല. തിരയിളകുന്ന കുളത്തെ നോക്കി നാലോ അഞ്ചോ വയസ്സുള്ള കുട്ടി കുളം എന്നെ നോക്കി ചിരിക്കുന്നുവെന്നു പറയുമായിരിക്കും. ഈ പ്രസ്താവത്തിൽ ഭാവനയുണ്ടെങ്കിലും.

An old silent pond.

Into the pond

A frog jumps,

Splash! Silence again.

എന്ന ജാപ്പനീസ് കവിത കേൾക്കുമ്പോൾ ഉണ്ടാകുന്ന ആഹ്ലാദം അതു് ജനിപ്പിക്കുന്നില്ല. കാരണം തിരയുടെ ചലനത്തെ കുട്ടിക്കു മാത്രം കഴിയുന്ന മട്ടിൽ അതു് (കുട്ടി) ആവിഷ്കരിച്ചു എന്നതാണു്. എന്നാൽ ജാപ്പനീസ് കവിയാകട്ടെ ചിന്തയോടു അതിനെ ബന്ധപ്പെടുത്തി ഒരന്യാദൃശ്യമായ അനുഭവമായി പ്രകാശിപ്പിക്കുകയാണു്. കുളം എന്നെ നോക്കി ചിരിച്ചു എന്നു പറയുന്ന കുട്ടി അവനു പ്രായപൂർത്തിയാവുമ്പോൾ ജാപ്പനീസ് കവിതയെ അതിശയിക്കുന്ന കവിത എഴുതുമായിരിക്കും. അതു കാര്യം വേറെ.

നമ്മുടെ ചില കഥാകാരന്മാർ കുട്ടികളെപ്പോലെയാണു്. പ്രായമേറെയുണ്ടെങ്കിലും കുളം എന്നെ നോക്കി ചിരിച്ചു എന്നു മാത്രമേ അവർക്കു പറയാനാവൂ. കുങ്കുമം വാരികയിൽ പതിവായി കഥയെഴുതുന്ന ശ്രീ. വേണുനമ്പ്യാർ ആ വിധത്തിലൊരു കുട്ടിയാണു്. ഈ ആഴ്ചയിൽ അദ്ദേഹം എഴുതിയ ‘സങ്കീർത്തനം’ എന്ന കഥയും ഒരു ബാലരചന മാത്രമാണു്. ഏതുവിധത്തിൽ ബാലിശം എന്നറിയണമെങ്കിൽ വായനക്കാർ കഥതന്നെ വായിച്ചുനോക്കണം. വേണു നമ്പ്യാരുടെ ശരീരത്തിനു വളർച്ചയുണ്ടായിയെങ്കിലും അതിനു് അനുസരിച്ചു മനസ്സു വളർന്നില്ല.

ചേതോഹരമായ ആത്മകഥ
images/TristesTropiques.jpg

ഞാൻ വായിച്ച ആത്മകഥകളിൽ മഹനീയങ്ങൾ എന്നു വിശഷിപ്പിക്കാവുന്നവ: ക്ളോദ് ലേവി സ്റ്റ്രോസി ന്റെ “ത്രീസ്തേ ത്രോപികേ ” (Claude Levi-Strauss—“Trieste Tropiques”), റൂസോ യുടെ “The Confessions ”, ഷാതോ ബ്രീയാങ്ങി ന്റെ “The Memoirs ” (Chateaubriand), കാസാൻദ്സാക്കീസി ന്റെ “Report to Greco” (ഫിക്ഷനാണെന്നു ചിലർ, ആ മതം ശരിയല്ല), ബെൻവെനൂറ്റോ ചെല്ലിനി യുടെ “The Autobiography” (Benvenuto Cellini), ആങ്ന്ദ്രേ മൽറോ യുടെ (Andre Malraux) “Anti-Memoirs” എന്നതും മഹനീയമാണു്. മഹത്ത്വമാർന്നതല്ലെങ്കിലും ചേതോഹരമാണു് കാർലോ ലേവി യുടെ (Carlo Levi) “Christ Stopped at Eboli ” എന്ന ആത്മകഥ. ഇതിനെക്കാൾ സുന്ദരമാണു് ഓബ്രി മേനന്റെ “The Space Within the Heart” (Penguin Books, 1991, Rs.60).

The Space Within the Heart, It is All Right ഇങ്ങനെ രണ്ടു ഭാഗങ്ങളാണു് ഈ ആത്മകഥയിൽ. ഐറിഷ് അമ്മയും മലയാളിയായ അച്ഛനുമുള്ള മേനൻ ആത്മതയെ (identity) കണ്ടെത്തുന്നതാണു് ഒന്നാംഭാഗത്തിലെ പ്രതിപാദ്യം.

images/Thespacewithin theheart.jpg

രണ്ടാമത്തെ ഭാഗം അർബ്ബുദം പിടിച്ചു് (വായിലെ ക്യാൻസർ) മരണത്തോടു് അടുത്ത മേനൻ അതിനെ എങ്ങനെ ശാന്തതയോടെ കണ്ടു എന്നു സ്പഷ്ടമാക്കുന്നു. അതു വായിച്ചു തീരുമ്പോൾ മരണത്തിനു് അഭിമുഖീഭവിച്ചു നില്ക്കേണ്ടതെങ്ങനെയെന്നു നമുക്കു ഗ്രഹിക്കാൻ കഴിയും. പ്രതിഭാശാലിയും മഹാനുമായ ആളിനു മാത്രമേ മരണത്തെ ഇങ്ങനെ നോക്കാൻ കഴിയൂ; ഇങ്ങനെ അതിനെ വർണ്ണിക്കാൻ കഴിയൂ. എന്തൊരു സമചിത്തത! എന്തൊരു ഉജ്ജ്വലത! ഉപനിഷത്തുകൾ വായിച്ചു് സത്തയുടെ കേന്ദ്രം കണ്ടെത്തിയ മേനൻ (ആ കേന്ദ്രത്തെയാണു് the space within the heart എന്നു് അദ്ദേഹം വിളിക്കുന്നതു്) മരണം തന്നെ ഗ്രസിക്കുന്നുവെന്നു മനസ്സിലാക്കിയപ്പോൾ ഡാന്റേ യുടെ ഡിവൈൻ കോമഡി, കഠോപനിഷത്തു്, St Augustine-ന്റെ City of God, ഗിബൺ എഴുതിയ കത്തുകൾ, ഇവയെയെല്ലാം ശരണം പ്രാപിച്ചു. ഈ പുസ്തകങ്ങളെല്ലാം അദ്ദേഹത്തിനു കൊണ്ടുകൊടുത്തതു് തിരുവനന്തപുരം യൂണിവേഴ്സിറ്റി ലൈബ്രറിയിലെ ഉദ്യോഗസ്ഥയായ ശ്രീമതി മേരി മാണി. ആ യുവതിയെക്കുറിച്ചു് മേനൻ പറയുന്ന നല്ല വാക്കുകൾ കേട്ടാലും: The problem was solved by the charming young assistant librarian, Mary Mani, who maintained her remarkable good looks amid all the dust, holding that she actually liked finding books. തന്നെ ചികിത്സിച്ച ക്യാൻസർ സ്പെഷലിസ്റ്റ് ഡോക്ടർ എം. കൃഷ്ണൻ നായരെക്കുറിച്ചും പുസ്തകങ്ങൾ കിട്ടാൻ സഹായിച്ച യൂണിവേഴ്സിറ്റി ലൈബ്രേറിയൻ ശ്രീ. ജോണിനെക്കുറിച്ചും മേനൻ പറയുന്ന നല്ല വാക്കുകൾ അദ്ദേഹത്തിന്റെ വിശുദ്ധിയാർന്ന മാനസികമണ്ഡലത്തെയാണു് പ്രത്യക്ഷമാക്കുന്നതു്. മേരി മാണിയെയും ജോണിനെയും ഡോക്ടർ കൃഷ്ണൻ നായരെയും വിശിഷ്ടമായ ആത്മകഥയിലൂടെ അദ്ദേഹം immortalise ചെയ്തിരിക്കുന്നു—ശാശ്വതയശസ്വികളാക്കിയിരിക്കുന്നു. അവർക്കു വേണ്ടി ഞാൻ അദ്ദേഹത്തിന്റെ ആത്മാവിനോടു നന്ദി പറയുന്നു.

ലിറിക്കിൽ ഒരു ഭാവത്തെ സാന്ദ്രതയോടെ ആവിഷ്കരിക്കുന്നു കവി. കഥാകാരനാവട്ടെ അതു് സംഭവങ്ങളിലേക്കും കഥാപാത്രങ്ങളിലേക്കും ബന്ധിപ്പിക്കുന്നു (ഈ ആശയം ഫിലിപ്പ് ലാർക്കിന്റേതു്). പ്രതിഭ കുറഞ്ഞവർ ആ പ്രക്രിയ നടത്തുമ്പോൾ കഥയുടെ ഭാവാത്മകത നഷ്ടപ്പെടും.

വായനക്കാരെ ചലനം കൊള്ളിക്കുകയും ഉദാത്തമണ്ഡലത്തിലേക്കു പ്രവേശിപ്പിക്കുകയും അവർക്കു ജീവിതമാർഗ്ഗം എന്തെന്നു കാണിച്ചു കൊടുക്കുകയും ചെയ്യുന്ന ഗ്രന്ഥമാണിതു്. ജീവിതത്തിന്റെ സ്പന്ദം ഇതിലെ ഓരോ വാക്യത്തിലുമുണ്ടു്. ആർജ്ജവത്തിന്റെ തിളക്കം എങ്ങും. സർവോപരി, വിശുദ്ധിയുടെ പരകോടിയിലെത്തിയ ഒരു മഹാന്റെ നിഷ്കളങ്കങ്ങളായ പ്രസ്താവങ്ങളും. ഇന്ത്യൻ പെൻഗ്വിൻ ബുക്ക്സ് ഒടുവിൽ ഒരു നല്ല പുസ്തകം പ്രസാധനം ചെയ്തല്ലോ. അഭിനന്ദനം.

ദൗർഭാഗ്യം
images/edwardgibbon.jpg
ഗിബൺ

ഒരുദിവസം കാലത്തു് ഇലക്ട്രിസിറ്റി ബോർഡിലെ സമുന്നതരായ ചില ഉദ്യോഗസ്ഥന്മാർ എന്റെ വീട്ടിലെത്തി “കറന്റ് കൂടക്കൂടെ ഇല്ലാതാവുന്നോ” എന്നു ചോദിച്ചു. അവരുടെ ആഗമനം എന്നെ അമ്പരപ്പിച്ചു. അപ്പോൾ ഒരുദ്യോഗസ്ഥൻ പറഞ്ഞു: “ഞങ്ങളുടെ മേലുദ്യോഗസ്ഥൻ ശ്രീ. കാളീശ്വരൻ ഹൃദ്രോഗബാധയാൽ ആശുപത്രിയിൽ കിടക്കുകയാണു്. അദ്ദേഹം അവിടെ കിടന്നു കൊണ്ടു ‘സാഹിത്യവാരഫലം’ വായിച്ചപ്പോൾ താങ്കളുടെ ഒരു പ്രസ്താവം കണ്ടു. “നാഴികയ്ക്കു് അഞ്ഞൂറു വട്ടം കറന്റ് പോകുന്ന തിരുവനന്തപുരം എന്ന ഈ പട്ടിക്കാട്ടിൽ”. അതു വായിച്ചയുടനെ കാളീശ്വരൻ ഞങ്ങളെ വിളിച്ചു അന്വേഷിച്ചിട്ടു വരാൻ ആജ്ഞാപിച്ചു. അങ്ങനെയാണു് ഞങ്ങൾ ഇവിടെ എത്തിയതു്. ഉദ്യോഗസ്ഥന്മാരുടെ ആ വാക്കുകൾ കേട്ടു് നീതിതല്പരരായ കാളീശ്വരനോടും അന്വേഷണത്തിനു വന്ന അവരോടും എനിക്കു സ്നേഹബഹുമാനങ്ങൾ ഉണ്ടായി. കാളീശ്വരനെപ്പോലെയുള്ള ഉദ്യോഗസ്ഥന്മാർ എങ്ങും ഉണ്ടായെങ്കിൽ ലോകം സ്വർഗ്ഗമായേനെ എന്നു ഞാൻ വിചാരിച്ചു. ഇപ്പോൾ അതേ സ്നേഹവും ബഹുമാനവും എനിക്കു ശ്രീ. ടി. എൻ. ജയചന്ദ്രനോടും (ചീഫ് എലക്ട്രൽ ഓഫീസർ) തോന്നുന്നു. എന്റെയും വീട്ടിലുള്ളവരുടെയും അയൽക്കാരുടെയും പേരുകൾ വോട്ടർ പട്ടികയിൽ ഇല്ലാത്തതിനാൽ എനിക്കും മറ്റുള്ളവർക്കും വോട്ടു ചെയ്യാൻ കഴിഞ്ഞില്ല എന്നു സാഹിത്യവാരഫലത്തിൽ എഴുതിയതിനു് അദ്ദേഹം എനിക്കു കത്തു് അയച്ചിരിക്കുന്നു. എന്റെ ലേഖനം വായിച്ചതിനു് അദ്ദേഹത്തോടു നന്ദി പറയുന്നു; കത്തയച്ചതിനും നന്ദി.

136 തിരുവനന്തപുരം ഈസ്റ്റ് അസംബ്ലി നിയോജകമണ്ഡലത്തിലെ വോട്ടർ പട്ടികയുടെ മൂന്നാം ഭാഗത്തിൽ ശാസ്തമംഗലം വാർഡിൽ എന്റെയും സഹധർമ്മിണിയുടെയും പേരുകൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും സത്യമതായിരിക്കെ അസത്യസൂചകമായ പരസ്യപ്രസ്താവം നടത്തിയതു നിർഭാഗ്യകരമായിപ്പോയിയെന്നും ജയചന്ദ്രൻ അവർകൾ അറിയിച്ചിരിക്കുന്നു. വോട്ടർ പട്ടികയുടെ പ്രസക്തഭാഗവും അദ്ദേഹം അയച്ചിട്ടുണ്ടു്.

images/SaintAugustine.jpg
St Augustine

പട്ടികയുടെ പ്രസക്തഭാഗത്തിൽ രണ്ടു പേരുകളുമുണ്ടു്. പക്ഷേ, അതു് മൂന്നു കൊല്ലം മുൻപു് ഞാൻ ജവഹർ ലെയ്നിലെ ഒരു വാടകക്കെട്ടിടത്തിൽ താമസിച്ചിരുന്നപ്പോൾ ഉണ്ടാക്കിയ ഒരു ലിസ്റ്റിന്റെ ഭാഗമാണു്. ഇപ്പോൾ താമസിക്കുന്ന വീടും പണ്ടത്തെ വാടകക്കെട്ടിടവും തമ്മിലുള്ള ദൂരം കുറഞ്ഞതു് മൂന്നു കിലോമീറ്റർ വരും. ഈ രണ്ടു വീട്ടിൽ താമസമായിട്ടു രണ്ടു കൊല്ലമാകാൻ പോകുന്നു. ഒരാന്റിഡിലുവിയൻ ലിസ്റ്റിൽ പേരുകളുണ്ടെന്നു് ഞാൻ തിരഞ്ഞെടുപ്പിനു മുൻപു് മനസ്സിലാക്കുന്നതെങ്ങനെ? വസ്തുത പ്രകടമാണു്. ഇന്യൂമെറെയ്ഷൻ നടത്തിയ ആളുകൾ എന്റെ വീട്ടിൽ വന്നില്ല. എന്റെ വീട്ടിൽ മാത്രമല്ല, അടുത്തുള്ള വീടുകളിലും പോയില്ല. എന്റെ വീട്ടിന്റെ തൊട്ടടുത്തുള്ള വീട്ടിൽ പി. ഡബ്ൾയു. ഡി യിലെ ഒരുദ്യോഗസ്ഥനും കുടുംബവും; അതിനപ്പുറത്തു് ചീഫ് എഞ്ചിനീയറായിരുന്ന ശ്രീ. മുസ്തഫ. അവരാരും ലിസ്റ്റിൽ ഉള്ളവരല്ല. വേറെയും പല വീട്ടുകാരുമുണ്ടു് ലിസ്റ്റിൽ വരാത്തവരായി. തിരഞ്ഞെടുപ്പു സമയത്തു് ശ്രീ. കെ. രാമൻപിള്ളയും അദ്ദേഹത്തെപ്പോലുള്ള സമുന്നത നേതാക്കന്മാരും ദയാപൂർവം എന്റെ വീട്ടിൽ വരികയുണ്ടായി. ലിസ്റ്റിൽ പേരുകളില്ലെന്നു തോന്നുന്നുവെന്നു് ഞാനവരെ അറിയിച്ചപ്പോൾ ഇങ്ങനെ പല സ്ഥലത്തും സംഭവിച്ചിട്ടുണ്ടെന്നു് അവർ പറഞ്ഞു.

സത്യം ഇതായിരിക്കെ ജയചന്ദ്രൻ ഭാഗികവീക്ഷണം നടത്തി കത്തയച്ചതു് എന്റെ ദൗർഭാഗ്യം കൊണ്ടു തന്നെയാണു്. ദോഷങ്ങൾ മാത്രം കാണാൻ പലരുമുള്ളപ്പോൾ താൻ സാഹിത്യ സൃഷ്ടികളിലെ ഗുണങ്ങൾ മാത്രം കാണുകയാണെന്നു് മുൻപു് അദ്ദേഹം പ്രസംഗിച്ചതു് സഭാവേദിയിലിരുന്ന ഞാൻ കേട്ടു. സാഹിത്യത്തിലായാലും വ്യക്തിയുടെ പരാതിയിലായാലും തിരഞ്ഞെടുപ്പിനെസ്സംബന്ധിച്ച എഴുത്തുകുത്തുകളിലായാലും രണ്ടുവശങ്ങളും കാണുന്നതാണു് നല്ലതു്.

എനിക്കു തീരെക്കൊതിയില്ലാത്തതു പണത്തിനാണു്. എങ്കിലും പുസ്തകങ്ങൾ വാങ്ങിക്കാനായി ഞാൻ പ്രസാധകരെയും പത്രാധിപന്മാരെയും പണത്തിനായി ശല്യംചെയ്യാറുണ്ടു്. ഒരുദിവസം കേശവദേവി നോടൊരുമിച്ചു് ഒരിടത്തു സമ്മേളനത്തിനു പോയി. അതുകഴിഞ്ഞു് ഒരാറ്റിൻതീരത്തു ചെന്നു നിന്നപ്പോൾ “സാർ ഇവിടം കഴിച്ചാൽ രത്നം കിട്ടും” എന്നു് ഒരാൾ പറഞ്ഞു. രത്നങ്ങൾ പറമ്പുകളിലും നദീതീരങ്ങളിലും കിടക്കുന്നുവെന്നു വാർത്ത പ്രചരിച്ച കാലം. ആരോ മൺവെട്ടി കൊണ്ടുവന്നു് കുഴികുഴിച്ചു. കിട്ടിയതു കുപ്പിച്ചില്ലുകൾ മാത്രം. ഞാൻ ചിരിച്ചുകൊണ്ടു കാറിൽ കയറിയപ്പോൾ അവർ പറഞ്ഞു: “സാറിനിയും വരുമ്പോൾ ഞങ്ങൾ കുഴിക്കാം. രത്നം കിട്ടും. അതു സാറിനു തരാം”. ഞാൻ മറുപടി നല്കി: “രത്നം കിട്ടുകയാണെങ്കിൽ ദേവിനു കൊടുത്തേക്കു. എനിക്കു വേണ്ട”. കാറിൽ കയറിയിരുന്നിട്ടും ദേവ് ആറ്റിനരികത്തു നിന്നു വന്നില്ല. അദ്ദേഹം അവിടെയൊക്കെ ‘പരപരാ’ നോക്കുകയാണു്. കഥാരത്നങ്ങൾ കേരളീയർക്കു നല്കിയ ദേവിനു സാക്ഷാൽ രത്നം പകരമായി വേണം. പാവം പോയി.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1991-07-28.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 7, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.