സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1991-08-18-ൽ പ്രസിദ്ധീകരിച്ചതു്)

​ ​

images/MPPaul.jpg
എം. പി. പോൾ

പ്രശസ്തനായ നിരൂപകൻ എം. പി. പോൾ എവിടെയോ പോകാനായി തീവണ്ടിയിൽ ഇരിക്കുകയായിരുന്നു. അദ്ദേഹത്തെ യാത്ര അയയ്ക്കാൻ വന്നവരിൽ ഒരാൾ സന്തോഷത്തോടെ ചോദിച്ചു: “അല്ല മാഷ് ഖദറാക്കിയോ?” പോൾസ്സാറ് മന്ദസ്മിതത്തോടെ പറഞ്ഞു: “ഓർക്കായ്കയല്ല. വല്ല കരിഞ്ചന്തക്കാരനോ കള്ളക്കടത്തുകാരനോ ആയി എന്നെ തെറ്റിദ്ധരിച്ചേക്കുമെന്നു് എനിക്കറിയാം”. ഞാൻ ചില സമ്മേളനങ്ങൾക്കു പോകുമ്പോൾ സംഘാടകർ എന്നെ ഖദർമാല ചാർത്തി ബഹുമാനിക്കാറുണ്ടു്. അപ്പോഴൊക്കെ ഞാൻ പോൾസ്സാറിന്റെ നേരമ്പോക്കിനെക്കുറിച്ചു് ഓർമ്മിക്കാറുമുണ്ടു്. ഖദർമാല സഹിക്കാം. നമ്മുടെ ഷേർട് ചീത്തയാക്കുന്ന അരളിപ്പൂമാല സഹിക്കാനാവില്ല. ചില സ്ഥലങ്ങളിൽ നാറുന്ന ജമന്തിപ്പൂക്കൾ കൊണ്ടുണ്ടാക്കിയ ചെണ്ടാവും തരുന്നതു്. ബഹുമാനപൂർവ്വം അതു വാങ്ങി താഴെ വച്ചിട്ടു് സമ്മേളനം തീരുമ്പോൾ എടുക്കാൻ മറന്നുവെന്ന മട്ടിൽ കാറിൽ കയറിയിരിക്കും ഞാൻ. സംഘാടകരുണ്ടോ വെറുതേ വിടുന്നു! “സാറിന്റെ പൂച്ചെണ്ടു് കാറിൽ കൊണ്ടുവയ്ക്കു്” എന്നു കല്പന പുറപ്പെടുവിക്കും സുപ്രധാനൻ. കാറോടുമ്പോൾ ഒന്നു മയങ്ങി തല പിറകോട്ടുവച്ചാൽ പൂച്ചെണ്ടിന്റെ കട്ടികൂടിയ തണ്ടു് നമ്മുടെ ‘മിഡുല ഒബ്ളോങ്ഗാറ്റ’യിൽത്തന്നെ (Medulla oblongata—ഉപമസ്തിഷ്കം) വന്നിടിക്കും. ജമന്തിപ്പൂക്കളുടെ തീക്ഷ്ണഗന്ധം ഓക്കാനമുണ്ടാക്കും. ഇപ്പോൾ ഈ രീതിയൊന്നു മാറിയിട്ടുണ്ടു്. ‘കേരളത്തിലെ കോൾറിജ്ജും മാത്യു ഓർനാൾഡു മായ ശ്രീ. എം. കൃഷ്ണൻ നായർ ക്കു ഞാൻ സ്വാഗതം ആശംസിക്കുന്നു’ എന്നു പ്രഭാഷകൻ പറഞ്ഞുതീരുമ്പോൾ ഒരുത്തൻ കച്ചത്തോർത്തുകൊണ്ടുവന്നു് എന്നെ പുതപ്പിക്കും. ഒരിക്കൽ കൊല്ലത്തു് ഒരു മീറ്റിംഗിനു പോയപ്പോൾ കിട്ടിയതു് വീനസിന്റെ കൊച്ചു പ്രതിമയായിരുന്നു; ചന്ദനത്തടിയിൽ നിർമ്മിച്ചതു്. സ്നേഹത്തിന്റെയും സൗന്ദര്യത്തിന്റെയും അധിഷ്ഠാന ദൈവതം. മാർബിളിൽ നിർമ്മിച്ച വീനസിന്റെ ഗ്രീക്ക് പ്രതിമ ഗ്രീസിനു തെക്കുള്ള മീലോസ് ദ്വീപിൽ 1820-ൽ കാണുകയുണ്ടായി. ആ പ്രാചീന കലാസൃഷ്ടി ‘വീനസ് ദ് മീലോ’ എന്ന പേരിൽ പാരീസിലെ ഒരു കാഴ്ചബംഗ്ലാവിൽ ഇരിക്കുന്നുണ്ടു്. അതിന്റെ ഹ്രസ്വാകാരമാണു് എനിക്കു കിട്ടിയതു്. അർദ്ധനഗ്നമെന്നു പറഞ്ഞാൽ സത്യമാവില്ല. പരിപൂർണ്ണ നഗ്നമെന്നും പറയാൻ വയ്യ. പൊക്കിളിനു താഴെയായി വസ്ത്രമുണ്ടു്. അതു് ഏതു നിമിഷവും ഊർന്നുപോകുമെന്ന മട്ടിലാണു്. അർദ്ധ രാത്രിയാണു് വീട്ടിലെത്തിയതു്. കാലത്തു് പ്രതിമയെടുത്തു് ഒളിച്ചുവയ്ക്കാമെന്നു കരുതി അതു മേശപ്പുറത്തു വച്ചിട്ടു് ഉറങ്ങാൻ കിടന്നു. ഇടയ്ക്കിടയ്ക്കു കണ്ണുതുറന്നുനോക്കുമ്പോൾ വീനസ് അനാച്ഛാദിതമായ മാറിടം കാണിച്ചു നില്ക്കുന്നതു കണ്ണിൽ വീഴും. എനിക്കഭിമുഖമായി അവൾ നിന്നതുകൊണ്ടു് ‘ഗ്ളൂറ്റിയൽ’ മാംസപേശികളുടെ അസാധാരണമായ സ്ഥൂലത എനിക്കു കാണാൻ ഇട വന്നില്ല. ചന്ദനത്തിന്റെ പരിമളം ആസ്വദിച്ചുകൊണ്ടു് ഞാൻ “നിദ്രയുടെ നീരാഴി”യിൽ വീണു. അതു കാലത്തു “നീന്തിക്കടന്ന”തും പേരക്കിടാവു് മുറിക്കകത്തു കയറിവന്നതും ഒരേ സമയത്തായിരുന്നു. “അയ്യേ മുണ്ടു താഴെ വീഴുകയില്ലേ” എന്നു അവൻ ശിശുസഹജമായ നിഷ്കളങ്കതയോടെ ചോദിച്ചപ്പോൾ “അവൾ അതു കൈകൊണ്ടു പിടിച്ചുകൊള്ളും” എന്നു ഞാൻ പറഞ്ഞു. ഉടനേ കുട്ടി പറയുകയായി. “അതിനു കൈയില്ലല്ലോ മുത്തച്ഛാ”. അപ്പോഴാണു ഞാൻ സൂക്ഷിച്ചു നോക്കിയതു് കൊച്ചു സുന്ദരിയെ. അവൾക്കു കൈകളില്ല. എന്തേ ഞാനതു നേരത്തേ കാണാത്തതു? അങ്ങനെയാണു്. സാകല്യാവസ്ഥയിലുള്ള സൗന്ദര്യത്തിൽ ദോഷങ്ങൾ മറഞ്ഞുപോകും. മനോഹരമായ കാവ്യം. അതു വായിച്ചു് ആഹ്ലാദാതിരേകത്തിൽ വീഴുമ്പോൾ ദോഷങ്ങൾ ശ്രദ്ധിക്കാറില്ല നമ്മൾ. വീനസാണു് ഈ തത്വം എന്നെ ഗ്രഹിപ്പിച്ചതു്. അതുപോലെ ഉജ്ജ്വലതയുടെ സമീപത്തുള്ള സർവ്വസാധാരണത്വം നമ്മുടെ കണ്ണിൽപ്പെടില്ല. വള്ളത്തോൾ ജീവിച്ചിരുന്ന കാലത്തു് വെണ്ണിക്കുളം അവഗണിക്കപ്പെട്ടു. സ്ക്കൂട്ടറിന്റെ പിറകിലിരിക്കുന്ന സുന്ദരിയെ ആർത്തിയോടെ നോക്കുന്ന പാന്ഥൻ അയാളുടെ കൂട്ടുകാരനും സ്കൂട്ടറോടിക്കുന്നവനുമായ അവളുടെ ഭർത്താവു് ചിരിക്കുന്നതോ സലാം വയ്ക്കുന്നതോ കാണില്ല. ഈ. വി. കൃഷ്ണപിള്ള യും എഴുതിയിട്ടുണ്ടു്. കൊലപാതകി സുന്ദരിയായ ഭാര്യയോടുകൂടി ജനനിബിഡമായ രാജരഥ്യയിലൂടെ നടന്നാൽ ആളുകളൊക്കെ അവളെ മാത്രമേ നോക്കുകയുള്ളൂവെന്നു്; അങ്ങനെ കൊലപാതകിക്കു രക്ഷപ്പെടാൻ കഴിയുമെന്നു്.

ഇ. വി. ശ്രീധരൻ

എഡ്ന വിൻസെന്റ് മിലേ യുടെ ഒരു കൊച്ചുകാവ്യം ഭാഷാന്തരീകരണം കൊണ്ടു വികലമാക്കാതെ ഇംഗ്ലീഷിൽത്തന്നെ ഉദ്ധരിക്കട്ടെ:

Listen, Children:

Your father is dead.

From his old coats

I’ll make you litle jackets;

I’ll make you little trousers

From his old pants.

There’ll be in his pockets

Thing’s he used to put there,

keys and pennies

Covered with tobacco;

Dan shall have the pennies

To save in his bank;

Anne shall have the keys

To make pretty noise with.

Life must go on,

Through good men die;

Anne, eat your breakfast

Dan, take your medicine

Life must go on;

I forget just why.

images/EdnaVincentMillay.jpg
എഡ്ന വിൻസെന്റ് മിലേ

ഇതാണു മനുഷ്യസ്വഭാവം. അച്ഛൻ മരിച്ചാൽ അയാളുടെ പഴയ കോട്ടുകൾ വെട്ടിത്തച്ചു് ചെറിയ ഉടുപ്പുകൾ ഉണ്ടാക്കും ബന്ധു. അയാളുടെ പാന്റ്സിൽനിന്നു കൊച്ചു ട്രൗസേഴ്സും. മരിച്ചയാളിന്റെ കീശയിൽ പണവും താക്കോലുകളും കാണും. പണം മകനു് ബാങ്കിലിടാം; താക്കോൽകൊണ്ടു ശബ്ദമുണ്ടാക്കി മകൾക്കു കളിക്കാം. കുട്ടികൾ ഭക്ഷണം കഴിക്കണം; മരുന്നു കുടിക്കണം. ജീവിതം മുന്നോട്ടു പോകാൻ അതെല്ലാം വേണമല്ലോ. പക്ഷേ, എന്തിനു ജീവിതം മുന്നോട്ടു പോകണം? അതിനുത്തരമില്ല. ധിഷണാപരമായും വൈകാരികമായും ശാരീരികമായും നമുക്കു വേറൊരാളിന്റെ മരണം സ്വീകരിക്കാം. ധിക്ഷണാശക്തി വ്യാപരിക്കുമ്പോൾ മരണം സ്വാഭാവികമാണെന്നു മനസ്സിലാകും. ‘ഞാൻ സ്നേഹിച്ചു. ഇനി സ്നേഹിക്കാൻ ആളില്ല’ എന്നു ഗ്രഹിക്കുമ്പോൾ വികാരത്തിന്റെ ഉത്കടാവസ്ഥ മാറിപ്പോകും. ഇന്നലെവരെയുണ്ടായിരുന്ന ആൾ ഇന്നില്ല. ഇനി ദുഃഖിച്ചിട്ടു കാര്യമില്ല എന്നു ഗ്രഹിക്കുമ്പോൾ മനസ്സു് സാധാരണഗതിയിലാകും. അതുകൊണ്ടു് ഭാര്യ മരിച്ച ഭർത്താവിന്റെ ഉടുപ്പുകളെടുത്തു് അടുത്ത വീട്ടുകാരനു കൊടുത്താൽ അവളെ കുറ്റപ്പെടുത്തേണ്ടതില്ല. ജീവിതം മുന്നോട്ടു പോകണമല്ലോ. അതുപോകും. അതുപോയിപ്പോയി അന്ത്യത്തിലെത്തുമ്പോൾ അയാളുടെയോ അവളുടെയോ മക്കൾ അതുപോലെ നിസ്സംഗതയോടെ പെരുമാറിക്കൊള്ളും. അർത്ഥരഹിതമായ ഈ ജീവിതത്തിന്റെ സ്വഭാവം എടുത്തുകാണിക്കുകയാണു് ശ്രീ. ഇ. വി. ശ്രീധരൻ. (“ജീവചരിത്രമില്ലാത്ത ഒരാൾ” എന്ന ചെറുകഥ—മാതൃഭൂമി ആഴ്ചപ്പതിപ്പു്.) സ്പഷ്ടമായ ബാഹ്യരേഖ വരച്ചു് അതിനകത്തു് ഒരു ജേണലിസ്റ്റിന്റെ വിശ്വാസങ്ങളില്ലാത്ത, മോഹങ്ങളില്ലാത്ത, അതുകൊണ്ടുതന്നെ മോഹഭംഗങ്ങളില്ലാത്ത ജീവിതത്തെ കഥാകാരൻ ഒതുക്കിവയ്ക്കുന്നു. അപ്പോൾ ജീവിതത്തിന്റെ വ്യർത്ഥത മുഴുവനും നമ്മുടെ മുൻപിലുണ്ടു്. ആ ജേണലിസ്റ്റിന്റെ ജീവിതം തന്നെയാണല്ലോ നമ്മുടെയും ജീവിതം എന്നു നമുക്കു തോന്നുന്നു. അതോടെ മരിച്ചയാൾ നമ്മുടെ സഹോദരനായിമാറുന്നു. കഥയ്ക്കു് ഇതിൽക്കൂടുതലായി ഒന്നും അനുഷ്ഠിക്കാനില്ല.

വിറ്റ്മാൻ മരണത്തെ വിളിക്കുന്നു:

Come, lovely and soothing Deaths

Undulate round the world,

serenely arriving

arriving

In the day, in the night, to all

to each,

Sooner or later, deplicate Death.

ചങ്ങമ്പുഴ മരണത്തെ വിളിക്കുന്നു:

പോരികെൻ മാറത്തേക്കെന്നോമനയല്ലേ! ബാഷ്പ-

ധാര ഞാൻ തുടച്ചോളാം, നാണമെന്തയ്യോ പോരൂ!

ചോദ്യം, ഉത്തരം

ചോദ്യം: ജീവിതത്തെക്കുറിച്ചു നിങ്ങൾ എന്തുപറയുന്നു?

ഉത്തരം: പ്രഭാതം മനോഹരം, മദ്ധ്യാഹ്നം ഊർജ്ജസ്വലം, സായാഹ്നം പരീക്ഷണം, രാത്രി ഭയദായകം.

ചോദ്യം: ഞാൻ അവനെ ഉയർത്തി. അവൾക്കു ജീവിതമാർഗ്ഗം നൽകി എന്നൊക്കെപ്പറയുന്നതിൽ എന്തർത്ഥമിരിക്കുന്നു സാറേ?

ഉത്തരം: ഒരർത്ഥവുമില്ല. പ്രകൃതി ഉയർത്തേണ്ടവനെ ഉയർത്തും. ജീവിതമാർഗ്ഗം നൽകേണ്ടവൾക്കു് അതു നൽകും. ഉപകർത്താവു് ഇല്ലെങ്കിലും അതൊക്കെ സംഭവിക്കും.

ചോദ്യം: അടുത്ത ജന്മത്തിൽ സ്ത്രീയാകാൻ താല്പര്യമുണ്ടോ?

ഉത്തരം: ചുരുണ്ട തലമുടി കൂടുതൽ ചുരുളുള്ളതാക്കി, നെറ്റിയിൽ സിന്ദൂരപ്പൊട്ടിട്ടു്, പുരികങ്ങളും കണ്ണുകളുമെഴുതി, കവിളുകളിൽ പൗഡർ പൂശി, കാമോദ്ദീപകങ്ങളായ അവയവങ്ങൾ കൂടുതൽ കാമോദ്ദീപകങ്ങളാക്കി, നിതംബം വെട്ടിച്ചു നടന്നു് മന്ദസ്മിതത്തോടെ പുരുഷന്മാരെ നോക്കാൻ എനിക്കു കൊതി. പക്ഷേ, അടുത്ത ജന്മത്തിൽ പുരുഷനായിത്തന്നെ ജനിച്ചാൽ മതിയെനിക്കു്. വൈരൂപ്യമാർന്ന രൂപമാണു് പ്രകൃതി തരുന്നതെങ്കിലും പുരുഷനായാൽ മതി.

ചോദ്യം: പുരുഷന്റെ ചിരിയും ദുഃഖഭാവവും പലപ്പോഴും കള്ളമല്ലേ?

ഉത്തരം: അതേ. ശത്രുവിനെ നോക്കി പുരുഷൻ ഹൃദ്യമായി ചിരിക്കും. ദുഃഖമൊട്ടുമില്ലാതെ കണ്ണീരിന്റെ ഛായ വരുത്തും കണ്ണുകളിൽ. സ്ത്രീയും ഏതാണ്ടു് അങ്ങനെതന്നെ. പക്ഷേ, അവരുടെ കണ്ണീരു് പലപ്പോഴും കള്ളമായിരിക്കും. ചിരിയെ പകുതി വിശ്വസിക്കാം.

ചോദ്യം: കവികളും പാട്ടുകാരും അവരായിത്തന്നെ ജനിച്ചവരല്ലേ?

ഉത്തരം: ശരി. കവികളും ഗായകരും മത്രമല്ല, അധ്യാപകരും ഡോക്ടർമാരും ബിസ്നെസ്സുകാരും ജന്മനാ അവർ തന്നെയായിരിക്കണം. ജന്മവാസനയില്ലാതെ ബിസ്നെസ്സിനു പോയാൽ ഉള്ള പണം നഷ്ടപ്പെടും.

ചോദ്യം: സ്ത്രീകൾ പൊതുവേ ബുദ്ധി കുറഞ്ഞവരല്ലേ?

ഉത്തരം: എന്നു പറയാൻ വയ്യ. റെബേക്ക വെസ്റ്റ്, സീമോൻ ദെ ബോവ്വാർ ഇവർ യഥാക്രമം എച്ച്. ജി. വെൽസി നെക്കാളും സാർത്രി നെക്കാളും പ്രതിഭാശാലിനികളായിരുന്നു; ദാർശനികൻ എന്ന നിലയിൽ സാർത്ര് അദ്വിതീയനായിരുന്നുവെങ്കിലും.

വിക്ക് എത്ര ഭേദം!

കലാകൗമുദിയിൽ ‘ഞായറാഴ്ച’ എന്ന ചെറുകഥ എഴുതിയ ശ്രീ. കെ. ഗോവിന്ദൻ ക്ഷമിക്കണം. അദ്ദേഹത്തിന്റെ കഥാരചന എന്ന പ്രക്രിയയ്ക്കു ഏറ്റവും ചേർന്ന ഒരു യൂറോപ്യൻ നേരമ്പോക്കു ഞാൻ പറയുകയാണു്. അയാൾ നിരാശനായി വിഷാദമഗ്നനായി വീട്ടിന്റെ മുൻവശത്തു് ഇരിക്കുന്നതു കണ്ടു് ഒരു സ്നേഹിതൻ അങ്ങോട്ടു കയറി ചെന്നു ചോദിച്ചു:

എന്താ ദുഃഖിച്ചു് ഇരിക്കുന്നതു?

വിക്കനായ അയാൾ പറഞ്ഞു: ഒ ഒ ഒരു ജോ ജോലിക്കു് അ അ അ അപേക്ഷിച്ചു. കി കി കിട്ടി യി യി ല്ല ല്ല.

എന്തു ജോലി?

റ്റെ റ്റെ റ്റെലിവിഷൻ അ അ അനൗൺ സ സ ർ ർ. എ എന്റെ പേ പേരു് എ എ എന്തെന്നുന്നു് അ അവർ ചോ ചോ ദി ദി ച്ചു. ഗോ ഗോ വി വ്വി ന്ദ ന്ദ ൻ എന്നു ന്നു പ പ റ റ ഞ്ഞു. വൃ വൃത്തി കെ കെട്ട വവ ന്മാരു പൊ പൊക്കൊള്ളാൻ പ് പറഞ്ഞു.

images/MKSanu1.jpg
എം. കെ. സാനു

ഇനി വായനക്കാർ കെ. ഗോവിന്ദന്റെ കഥ വായിച്ചു നോക്കട്ടെ. വിക്കിനെക്കാൾ വൃത്തികെട്ട രചനയാണു് അതെന്നു മനസ്സിലാക്കാം. രണ്ടു വീട്ടുകാർ തമ്മിൽ വലിയ സ്നേഹം. അടുത്ത വീട്ടിലെ കുഞ്ഞു് ഇപ്പുറത്തെ വീട്ടിലെ ഇരിക്കു. അങ്ങനെ കഴിയുമ്പോൾ കുഞ്ഞിന്റെ സ്വർണ്ണച്ചെയിൻ കാണാതായി. കുഞ്ഞിന്റെ അമ്മയ്ക്കു സംശയം കൂട്ടുകാരിയെത്തന്നെ. അതു മനസ്സിലാക്കി കൂട്ടുകാരി നാലുപവന്റെ വളകൾ വിറ്റു് സ്വർണ്ണച്ചെയിൻ വാങ്ങാൻ തീരുമാനിക്കുമ്പോൾ ഗോവിന്ദന്റെ കഥാബീഭത്സത അവസാനിക്കുന്നു. ഇവിടെ നിരൂപണത്തിന്റെയോ വിമർശനത്തിന്റെയോ ഭാഷയ്ക്കു് ഒരു സ്ഥാനവുമില്ല. നിരൂപണയോഗ്യവും വിമർശനയോഗ്യവുമായ രചനകളെക്കുറിച്ചു പറയുമ്പോൾ മാത്രമല്ലേ അത്തരം വാക്കുകൾക്കു സാംഗത്യമുള്ളൂ. മനുഷ്യനെ അവിദഗ്ദ്ധത കൊണ്ടു ബോറടിക്കാൻ തീരുമാനിച്ചിറങ്ങുന്നവരെക്കുറിച്ചു്, അവരുടെ അത്തരം രചനാസാഹസികങ്ങളെക്കുറിച്ചു് നിരൂപണത്തിന്റെയും വിമർശനത്തിന്റെയും ഭാഷയിൽ എന്തെങ്കിലും പറയാനൊക്കുമോ? അടുക്കളക്കാരികൾക്കു പോലും ഓക്കാനമുണ്ടാക്കുന്ന ഇക്കഥ കഥാകാരന്റെയും വായനക്കാരായ നമ്മുടെയും സംസ്കാരലോപത്തെയാണു് കാണിക്കുന്നതു്. വിക്കനും ഗോവിന്ദനും തമ്മിൽ വ്യത്യാസമില്ലാതില്ല. വിക്കനോടു് നമുക്കു സഹതാപം. ഗോവിന്ദനോടു നമുക്കു കോപം. ആളുകൾ കഥയെഴുതിയില്ലെങ്കിലും വേണ്ടില്ല. പാവങ്ങളായ വായനക്കാരെ കൊല്ലാതിരുന്നാൽ മതി.

images/Vtbhattathiri.jpg
വി. ടി. ഭട്ടതിരിപ്പാട്

സായ്പിന്റെ ഒരു നേരമ്പോക്കിനു കൂടി രൂപാന്തരം വരുത്തിക്കൊള്ളട്ടെ. ബേക്കറി അടയ്ക്കാൻ ഭാവിച്ചപ്പോഴാണു് അയാൾ വാതിലിലൂടെ തള്ളിക്കയറി “രണ്ടുറൊട്ടി” എന്നു പറഞ്ഞതു്. ഭയങ്കരമായ മഴ. റൊട്ടി വാങ്ങാൻ വന്നവന്റെ കുട കാറ്റടിച്ചു മലർന്നിരിക്കുകയാണു്. പഴയ സ്ഥാനത്തു കൊണ്ടുവരാൻ ശ്രമിച്ചിട്ടും കുട കൂട്ടാക്കിയില്ല. അയാളുടെ ഷർട്ടും മുണ്ടും നനഞ്ഞു് ശരീരത്തോടു് ഒട്ടിയിരിക്കുന്നു. പാവം നല്ലപോലെ വിറയ്ക്കുന്നുമുണ്ടു്. അയാളെ നോക്കി ബേക്കറിയുടമസ്ഥൻ ചോദിച്ചു “രണ്ടു റൊട്ടി മാത്രം മതിയോ?” ഉത്തരം ഉടനെ ഉണ്ടായി. “മതി, ഒന്നു് എനിക്കും ഒന്നു സാറയ്ക്കും”. “സാറ നിങ്ങളുടെ ഭാര്യയാണോ?” എന്നു ബേക്കറിക്കാരന്റെ ജിജ്ഞാസയാർന്ന ചോദ്യം. റൊട്ടി വാങ്ങാനെത്തിയവനു കലശലായ ദേഷ്യം വന്നു. അയാൾ അട്ടഹസിച്ചു.

“എടോ ഈ മഴയത്തു് എന്റെ അമ്മ എന്നെ പുറത്തേക്കു പറഞ്ഞയയ്ക്കുമെന്നു താൻ വിചാരിക്കുന്നുണ്ടോ?”

ഭാര്യമാരും കഥാകാരന്മാരും ഏതു ക്രൂരകൃത്യവും ചെയ്തു കളയും.

വി. ടി; എം. കെ. സാനു

ജീവിതത്തെക്കുറിച്ചു് നിങ്ങൾ എന്തു പറയുന്നു? പ്രഭാതം മനോഹരം, മദ്ധ്യാഹ്നം ഊർജ്ജസ്വലം, സായാഹ്നം പരീക്ഷണം, രാത്രി ഭയദായകം.

കഥകൾക്കു് ഒരു ദോഷമുണ്ടു്. വീണ്ടും വീണ്ടും കേട്ടാൽ അവയുടെ അർത്ഥം നഷ്ടമായി ഭവിക്കും. ഏകലവ്യ ന്റെ കഥ കേട്ടുകേട്ടു് എനിക്കിപ്പോൾ വൈരസ്യം. കാസാബിയൻകാ യുടെ കഥ ഞാൻ കുട്ടിയായിരിക്കെ കേട്ടപ്പോൾ രോമഹർഷം. അതു കാതിൽ വന്നു വീണു വീണു് ഇപ്പോൾ വെറുപ്പു്. രഥചക്രത്തിന്റെ ആണി പോയപ്പോൾ അവിടെ വിരലുവച്ച ദശരഥ പത്നിയോടു് എനിക്കിപ്പോൾ പുച്ഛമേയുള്ളു. വാഷിങ്ടണും മരവും എനിക്കിന്നു വെറുപ്പു് ഉണ്ടാക്കുന്നു. പക്ഷേ, പ്രൊഫെസർ എം. കെ. സാനു ചരിത്രപുരുഷനായ വി. ടി. ഭട്ടതിരിപ്പാടി ന്റെ പ്രവർത്തനങ്ങളെ “ആദർശവത്കരി”ക്കാതെ യഥാർത്ഥമായി ആവിഷ്കരിക്കുമ്പോൾ എനിക്കു വി. ടി.യോടും സാനുവിനോടും ബഹുമാനം. സ്കൂളിൽ ഗുരുനാഥന്മാരുണ്ടു്. കോളേജിലും അവരുണ്ടു്. അവർ കുട്ടികളുടെ സാംസ്കാരികജീവിതത്തെ വികസിപ്പിക്കുന്നു. അതുപോലെ ഒരു ദേശത്തിനു മാത്രം ഒരു ഗുരുനാഥനുണ്ടാവാം. അദ്ദേഹം കാലദേശപരിധികളെ ലംഘിച്ചു് സത്യത്തിന്റെ മണ്ഡലത്തിൽ എത്തുന്നു. വി. ടി. ഭട്ടതിരിപ്പാട് ആ വിധത്തിലൊരു ഗുരുനാഥനായിരുന്നു. ഞാനൊരിക്കലേ അദ്ദേഹത്തെ കണ്ടിട്ടുള്ളൂ. തേജോമയനായ ആ മഹാപുരുഷന്റെ മുൻപിൽ നമസ്കരിക്കണമെന്നുവരെ എനിക്കാഗ്രഹമുണ്ടായി. അദ്ദേഹത്തെ ഞാനിന്നു വീണ്ടും കാണുന്നതു സാനു കുങ്കുമം വാരികയിൽ എഴുതിയ ലേഖനത്തിലൂടെയാണു്. ഏതാനും വാക്യങ്ങൾകൊണ്ടു് അദ്ദേഹം വി. ടി. യുടെ മഹത്ത്വം സ്പഷ്ടമാക്കിത്തരുന്നു. ആർജ്ജവമാണു് സാനുവിന്റെ ലേഖനത്തിനുള്ള ഗുണം.

നാനാവിഷയകം
  1. വള്ളത്തോളിന്റെ പദപ്രയോഗ വൈദഗ്ദ്ധ്യത്തെക്കുറിച്ചു പറയുകയായിരുന്നു എം. പി. അപ്പൻ സാറ്. മഹാകവിയുടെ ശിഷ്യനും മകനും എന്ന കാവ്യത്തിൽ “അമലസുഷമനാമവങ്കൽ യക്ഷപ്രമദകൾ സസ്പൃഹ വീക്ഷണങ്ങളാലേ കമലദലവിശാലമാല ചാർത്തി സ്വമനസ്സി തദ്വിധ പുത്രലബ്ധി നേർന്നു.” എന്നൊരു ശ്ലോകമുണ്ടല്ലോ. അതിലെ പ്രമദശബ്ദപ്രയോഗത്തിന്റെ ഔചിത്യം ചൂണ്ടിക്കാണിച്ചു അപ്പൻ അവർകൾ. കാമവേഗമുള്ളവളാണു് പ്രമദ. “പ്രമദസ്സമ്മദേമത്തേ സ്ത്രീയാമുത്തമയോഷിതി” എന്നു മേദിനി (പാൽമഗ്വരീ വ്യാഖ്യാനമുള്ള അമരകോശത്തിൽ നിന്നു എടുത്തെഴുതുന്നതു്.) പ്രമദപദത്തിനു പകരമായി വൃത്തത്തിനു ചേർന്ന മട്ടിൽ വേറെ ഏതു വാക്കു് അവിടെവച്ചാലും കവിതയ്ക്കു ന്യൂനത്ത്വം വരുമെന്നാണു് ശ്രീ. എ. പി. അയ്യപ്പന്റെ അഭിപ്രായം. അതുപോലെ ‘ബന്ധനസ്ഥനായ അനിരുദ്ധ’നിൽ ‘അലസഗമനയാളെ ’ എന്നു പ്രയോഗിച്ചതും ഉചിതജ്ഞതയുടെ ലക്ഷണമാണെന്നു് അദ്ദേഹം പറഞ്ഞു. തടവറയ്ക്കകത്തു നിന്നു പുറത്തേക്കു പോരാനുള്ള ഉഷയുടെ വൈഷമ്യം ആ പ്രയോഗം അഭിവ്യഞ്ജിപ്പിക്കുന്നു.
  2. പണ്ടു്, ജി. ശങ്കരക്കുറുപ്പു് കവിയല്ലെന്നു എൻ. ഗോപാലകൃഷ്ണപിള്ള സാറും അദ്ദേഹത്തിന്റെ അനുചരന്മാരും പറഞ്ഞു പരത്തിയപ്പോൾ മഹാകവി ഓരോ പ്രഭാഷണവേദിയിലും കയറി മറുപടി പറഞ്ഞു. അതുകൂടാതെ തികച്ചും ബാലിശമായി ഒരു സംഭവത്തെക്കുറിച്ചു് എഴുതുകയും ചെയ്തു. മീറ്റിംഗിനു പോയപ്പോൾ കാറിനു കേടു വന്നതുകൊണ്ടു് ജിയും മറ്റുള്ള പ്രഭാഷകരും ഒരു തയ്യൽക്കടയിലേക്കു കയറി. തയ്യൽക്കാരൻ ഉടനെ അദ്ദേഹത്തെ കണ്ടറിയുകയും ‘മഹാകവി ജിയല്ലേ?’ എന്നു ചോദിച്ചുകൊണ്ടു് ബഹുമാനത്തോടുകൂടി എഴുന്നേറ്റു നില്ക്കുകയും ചെയ്തു. താൻ ബഹുജനത്തിന്റെ മനസ്സിൽക്കൂടി കടന്നുചെന്നിരിക്കുന്നുവെന്നാണു് ജി ഈ സംഭവവിവരണത്തിലൂടെ ഗോപാലപിള്ളസാറിനെ അറിയിച്ചതു്. ജിയാരു് ഞാനാരു്? എങ്കിലും സാഹിത്യവാരഫലത്തിന്റെ നിന്ദകന്മാർക്കു മറുപടിയായി എന്റെ ഒരു ശിഷ്യയുടെ കത്തു് ഇവിടെ പകർത്തി അവർക്കു മറുപടി നൽകട്ടെ; ബാലിശമാണു് ഈ പ്രവൃത്തി എന്നു് അറിഞ്ഞുകൊണ്ടുതന്നെ. “13 വർഷങ്ങൾക്കുമുൻപു് സാറിന്റെ ക്ലാസിൽ ഞാൻ പഠിച്ചിട്ടുണ്ടു്. ഇപ്പോൾ നാലു കുട്ടികളുടെ അമ്മയാണു്. വായനയിൽ ഞാനൊരു ശിശുവാണെങ്കിലും വർഷങ്ങളായി ‘സാഹിത്യവാരഫലം’ വായിക്കാറുണ്ടു്. അതു് എനിക്കു തരുന്ന മാനസികാഹ്ലാദം വാക്കുകൾക്കു് അതീതമാണു്. അതു് എന്റെ അസ്വസ്ഥമാകുന്ന മനസ്സിനെ സ്വച്ഛമാക്കുന്നു. അതിൽ സാറ് തരുന്ന ഉപദേശങ്ങൾ. ജീവിതവീക്ഷണങ്ങൾ എല്ലാം എന്നെ പക്വതയിലെത്തിക്കുന്നു. ഒരു സാധാരണ വീട്ടമ്മയായ ഞാൻ ക്ഷീണിതയാകുമ്പോൾ, പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ‘സാഹിത്യ വാരഫലം’ എന്നെ ശാന്തമാക്കുന്നു. ഇളനീർ കുടിക്കുന്നതിനേക്കാൾ മധുരമാണു് അതു്. ആ മാന്ത്രിക ശക്തിയുടെ മുൻപിൽ ഞാൻ തല കുനിക്കുന്നു. അങ്ങേയ്ക്കു് അഭിനന്ദനത്തിന്റെ ആയിരമായിരം പൂച്ചെണ്ടുകൾ. ഒരു വരി അല്ലെങ്കിലൊരു കൈ ഒപ്പു് മാത്രം മറുപടി ആയി അയയ്ക്കുമോ? ഇതു് ഒരു അവിവേകം ആണെങ്കിൽ ക്ഷമിക്കണം എന്നു സാറിനെ എന്റെ അച്ഛനെപ്പോലെ സ്നേഹിക്കുന്ന ഒരു മകൾ”. ഈ കത്തു് വായിച്ചു ഞാൻ നിറഞ്ഞ നയനങ്ങളോടെ ഇരുന്നു. എന്നെ പ്രശംസിച്ചതുകൊണ്ടല്ല. സ്ത്രീകൾ എത്ര നല്ലവരാണെന്നു വിചാരിച്ചു്.
  3. ഞാൻ അത്യന്താധുനികനായാൽ ‘ആകാശത്തു് നക്ഷത്രം, മേശപ്പുറത്തു മഷിക്കുപ്പി’ എന്നെഴുതുകയില്ല. ‘ആകാശത്തു മഷിക്കുപ്പി മേശപ്പുറത്തു നക്ഷത്രം’ എന്നേ എഴുതൂ. ‘ശബ്ദത്തിന്റെ പച്ചനിറം ഞാൻ കണ്ണുകൾകൊണ്ടു് കേട്ടു. എന്റെ അടുത്തുകൂടെപ്പോയ സ്കൂട്ടറിന്റെ ശബ്ദം ഞാൻ കൈകൊണ്ടു കേറിപ്പിടിച്ചു. അപ്പോഴുണ്ടായ മാധുര്യം ഞാൻ കാതുകൊണ്ടു് ആസ്വദിച്ചു’ എന്നൊക്കെ ഞാൻ എഴുതും. അതോടെ ‘ഇതാ ഒരു ആധുനികോത്തരൻ’ എന്നു് എന്റെ അഭിവന്ദ്യസുഹൃത്തുക്കളായ പ്രൊഫെസർ തോമസ് മാത്യു വും ഡോക്ടർ എം. എം. ബഷീറും വാഴ്ത്തും. ആ വാഴ്ത്തലിനു ‘ഇൻ ആന്റിസിപേഷനായി’ നന്ദി.
  4. ബ്ലൗസിൽ ആവശ്യത്തിലധികം സെയ്ഫ്റ്റി പിന്നുകൾ കുത്തുന്നതും തൊടുന്നതിനു് അഞ്ഞൂറുവട്ടം മേൽമുണ്ടു് വലിച്ചിട്ടു മാറുമറയ്ക്കുന്നതും അറുപതു വയസ്സു കഴിഞ്ഞ സ്ത്രീകളുടെ സ്വഭാവമാണു്. കോട്ട ആക്രമിക്കപ്പെടുകില്ലെങ്കിൽ അതിനു കൂടുതൽ സുരക്ഷിതത്വം നൽകുമെന്നു യൂഗോ പറഞ്ഞിട്ടുണ്ടു്.
ആർ. നരേന്ദ്രപ്രസാദ്

ശത്രുവിനെ നോക്കി പുരുഷൻ ഹൃദ്യമായി ചിരിക്കും. ദുഃഖമൊട്ടുമില്ലാതെ കണ്ണീരിന്റെ ഛായ വരുത്തും കണ്ണുകളിൽ. സ്ത്രീയും ഏതാണ്ടു് അങ്ങനെ തന്നെ. പക്ഷേ, അവരുടെ കണ്ണീരു് പലപ്പോഴും കള്ളമായിരിക്കും. ചിരിയെ പകുതി വിശ്വസിക്കാം.

നവീനനാടകങ്ങൾ—സാമുവൽ ബക്കിറ്റ്, യെനസ്കോ ഇവരുടെ നാടകങ്ങൾ—ധിഷണാപരങ്ങളും മുൻകൂട്ടി തീരുമാനിക്കപ്പെട്ടവയുമായതുകൊണ്ടു് ശ്രീ. ആർ. നരേന്ദ്രപ്രസാദി ന്റെ “കുമാരൻ വരുന്നില്ല” എന്ന ചെറിയ നാടകത്തിനു് (ഭാഷാപോഷിണി) ആ ന്യൂനതകളുണ്ടെന്നു പറയുന്നതു് മര്യാദകേടായിരിക്കും. ഘടനയിലും ക്രിയാംശത്തിലും ഫാന്റസിയുടെ നിവേശത്തിലും ഇതു ധൈഷണികത കാണിക്കുന്നു. പൂർവകല്പിത സ്വഭാവം പ്രകടിപ്പിക്കുന്നു. പാരമ്പര്യത്തെ മാനിക്കാതെ, അതിന്റെ അനുശാസനകളെ വകവയ്ക്കാതെ, അച്ഛനെ ബഹുമാനിക്കാതെ രാഷ്ട്രവ്യവഹാരത്തിലേക്കു കുതിച്ചു ചാടുകയും മോഹഭംഗം വന്നു തിരിച്ചു ഭവനത്തിലെത്തുകയും ചെയ്യുന്ന ഒരുത്തന്റെ കഥ നരേന്ദ്രപ്രസാദ് ധിഷണയ്ക്കു് ആഹ്ലാദം നൽകുന്ന മട്ടിൽ ആവിഷ്കരിച്ചിട്ടുണ്ടു്. നാടകത്തിലെ പ്രധാന കഥാപാത്രമായ കുമാരൻ അച്ഛൻ മരിക്കുന്ന വേളയിൽ വീട്ടിൽ വന്നെത്തുന്നു. അയാൾ ബലിയിട്ടു് ചോറു മുറ്റത്തു വച്ചു് കൈനനച്ചു തട്ടിയിട്ടും മരകൊമ്പുകളിലിരിക്കുന്ന അനേകം കാക്കകളിൽ ഒന്നു പോലും ചോറു കൊത്തിത്തിന്നാൻ വരുന്നില്ല. പൂർവികരുടെ പ്രതിഷേധം. രാഷ്ട്രവ്യവഹാരം മനുഷ്യനെ നിശ്ചേതന വസ്തുവാക്കി മാറ്റിയാൽ മനുഷ്യത്വം എതിർപ്പു കാണിക്കുമല്ലോ. ക്രമേണ കുമാരൻ തകർന്നടിയുകയും അയാൾ തന്നെ കാക്കയായി മാറുകയും ചെയ്യുന്നു. ഫാന്റസിയുടെ ഈ പ്രാഥമിക തലത്തിലൂടെ നരേന്ദ്രപ്രസാദ് അഭിവ്യഞ്ജിപ്പിക്കാൻ ശ്രമിക്കുന്നതു് വിപ്ലവാത്മകമായ സൗഭ്രാത്രം വിജയിക്കുന്നതു് വിപ്ലവാത്മകമായ വ്യക്തിവാദത്തിലൂടെ മാത്രമാണെന്ന ആശയമാണു്. കുമാരൻ വിപ്ലവകാരിയായിക്കൊള്ളട്ടെ; പക്ഷേ, പൈതൃകത്തിനെ അയാൾ ശഷ്പതുല്യം പരിഗണിക്കരുതു്. നരേന്ദ്രപ്രസാദിന്റെ ഫാന്റസി പ്രയോഗം അത്ര വിശ്വാസ്യമല്ലെങ്കിലും പ്രധാന കഥാപാത്രത്തിന്റെ മാനസാന്തരത്തിനു വേണ്ടിടത്തോളം പ്രേരകങ്ങൾ കാണിച്ചിട്ടില്ലെങ്കിലും നാടകത്തിനു സമകാലിക പ്രാധാന്യം കൈവന്നിട്ടുണ്ടു്. രാഷ്ട്രവ്യവഹാരത്തിന്റെ നിസ്തുല ശക്തി സത്യത്തെ സമാക്രമിക്കുമ്പോൾ വ്യക്തികൾ വെറും കാക്കകളായി മാറുമെന്നും ഞാൻ ഈ നാടകത്തിൽ നിന്നു മനസ്സിലാക്കുന്നു.

കുതിരപ്പുറത്തു്

അടുത്ത ജന്മം പുരുഷനായിത്തന്നെ ജനിച്ചാൽ മതിയെനിക്കു്. വൈരൂപ്യമാർന്ന രൂപമാണു് പ്രകൃതി തരുന്നതെങ്കിലും പുരുഷനായാൽ മതി.

സി. പി. രാമസ്വാമിഅയ്യർ തിരുവിതാംകൂർ ദിവാനായിരുന്ന കാലത്തു് റ്റി. സി. എസ് പരീക്ഷ ഏർപ്പെടുത്തി. പല ഉന്നതോദ്യോഗസ്ഥന്മാരുടെ മക്കളും റ്റി. സി. എസ് പരീക്ഷയിൽ ജയിച്ചു. കുറച്ചു കാലയളവു കൊണ്ടു് അവരും പിതാക്കന്മാരെപ്പോലെ വലിയ ഉദ്യോഗസ്ഥരായി. ഈ പരീക്ഷ ജയിച്ചവർക്കു ചില പരിശീലനങ്ങളുണ്ടായിരുന്നു. ഒന്നു കുതിരസ്സവാരി. മൈതാനത്തു കുതിരയെ കൊണ്ടു നിറുത്തും. സ്റ്റിറപ്പിൽ ചവിട്ടികൊണ്ടു് ഒറ്റക്കയറ്റമാണു് കുതിരപ്പുറത്തു്. പക്ഷേ, പലർക്കും അതിനു കഴിഞ്ഞിരുന്നില്ല. ഒരു ദിവസം കാലത്തു് ഞാൻ മൈതാനത്തിന്റെ അടുത്തുള്ള റോഡിലൂടെ പോകുമ്പോൾ അക്കാഴ്ച്ച കണ്ടു. സ്റ്റിറപ്പിൽ കാലുറപ്പിച്ചു കൊണ്ടു് ദുർബലനായ ഒരു റ്റി. സി. എസ്. ട്രെയിനി പൊങ്ങുന്നു. ഉയരുന്നില്ല. കാലു വീണ്ടും ബലപ്പിച്ചു പൊങ്ങുന്നു; പൊങ്ങുന്നില്ല. പിന്നെയും അതു തന്നെ പ്രയോഗം. ഒടുവിൽ ട്രെയിനിങ് നടത്തി കൊടുക്കുന്ന ഒരു മിലിറ്ററി ശിപായി അവിടെ വന്നു് അയാളുടെ ചന്തിയിൽ കൈകളുറപ്പിച്ചു് ഒറ്റപ്പൊക്കു്. ട്രെയിനി കുതിരപ്പുറത്തായി. താൻ തനിച്ചു കയറിയെന്ന മട്ടിൽ മന്ദസ്മിതം. ശ്രീ. അക്ബർ കക്കട്ടിൽ എന്നെ മാതൃഭൂമി വാരാന്ത്യപ്പതിപ്പിലൂടെ രാജാവാക്കിയ ആളാണു്. എങ്കിലും അദ്ദേഹത്തിന്റെ ചെറുകഥയെക്കുറിച്ചു് സത്യം പറയാതിരിക്കുന്നതെങ്ങനെ? ‘മാമന്റെ കൊട്ടാരം’ എന്ന കഥാശ്വത്തെ കൊണ്ടു നിറുത്തി അദ്ദേഹം അതിന്റെ പുറത്തു കയറാൻ പലതവണ ശ്രമിക്കുന്നു. പറ്റുന്നില്ല. കാലുകളിലെ മാംസപേശികൾ വേദനിക്കുന്നതേയുള്ളൂ. ഒടുവിൽ പത്രാധിപർ വന്നു് അദ്ദേഹത്തെ പൊക്കുന്നു. കയറിയിരുന്നു് അദ്ദേഹം മന്ദസ്മിതം പൊഴിക്കുന്നു. അക്ബറിന്റെ വിചാരം താനങ്ങു കയറിയെന്നാണു്. പക്ഷേ, ശക്തിയുള്ള പത്രാധിപരുടെ ഹസ്തങ്ങളാണു് തന്നെ കഥാശ്വത്തിൽ കയറ്റിയിരുത്തിയതു് എന്നു് അദ്ദേഹത്തിനു് അറിഞ്ഞുകൂടാ.

images/MPAppan.jpg
എം. പി. അപ്പൻ

സൗധം പോലുള്ള തന്റെ പാർപ്പിടം കാണാൻ ഒരുത്തൻ ഒരു കൊച്ചുകുട്ടിയെ വിളിക്കുന്നു. പലതവണ വിളിച്ചിട്ടും കുട്ടിക്കു പോകാൻ സാധിക്കുന്നില്ല. ഒടുവിൽ അയാൾ രോഗിയായി വീണപ്പോൾ കുട്ടി അച്ഛനമ്മമാരോടു് ഒരുമിച്ചു് അവിടെയെത്തി. സൗധത്തിനു പകരം ഒരു ചെറ്റക്കുടിലാണു കുട്ടി കണ്ടതു്. ദേശാഭിമാനി വാരികയിലാണു് അക്ബർ കക്കട്ടിലിന്റെ കഥ മഷിപുരണ്ടു വന്നിരിക്കുന്നതു്. വാരികയുടെ പത്രാധിപസമിതിയിലെ അംഗങ്ങളെ എനിക്കറിയാം. പത്രാധിപർ ശ്രീ. സിദ്ധാർത്ഥൻ പരുത്തിക്കാടു് എന്റെ സ്നേഹിതനും. അതുകൊണ്ടു് ഞാനിനിപ്പറയുന്നതു് അവർ തെറ്റിദ്ധരിക്കില്ല. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപർ ജി. ശങ്കരക്കുറുപ്പിനോടു കവിത ചോദിച്ചാൽ അദ്ദേഹം നക്ഷത്രത്തെക്കുറിച്ചു് മനോഹരമായ കാവ്യമെഴുതി അയയ്ക്കും. ജനയുഗം പത്രാധിപരാണു് അതു ചോദിച്ചതെങ്കിൽ കവി ‘കമ്പിനി മുറ്റത്തെ കാട്ടുമുല്ല’യെ കുറിച്ചും കഷ്ടപ്പെടുന്ന തൊഴിലാളിയെ കുറിച്ചും അതെഴുതി കളയും. അതൊരു ദൗർബ്ബല്യമായി മാത്രം കരുതിയാൽ മതി. അതുപോലൊരു സൂത്രം കക്കട്ടിലിന്റെ കഥയിലുമുണ്ടു്. കുടിലിൽ കിടന്നു കൊണ്ടു രോഗി അതിന്റെ പിറകിലുള്ള സൗധം ചൂണ്ടിക്കാണിച്ചു് അതു തന്റെ വീടാണെന്നും അവിടെ ചൂടുള്ളതുകൊണ്ടു് കുടിലിൽ വന്നു കിടക്കുകയാണെന്നും കുട്ടിയോടു പറയുന്നു. ധനികനും ദരിദ്രനും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കി, സ്ഥിതി സമത്വം വരേണ്ടതിന്റെ ആവശ്യകത ഗ്രഹിച്ചു് കുട്ടി കരയുന്നു. പക്ഷേ, വായനക്കാരനായ എനിക്കു കരച്ചിൽ വരുന്നില്ല. എന്റെ മിഴിനീരു് ഒഴുകണമെങ്കിൽ കഥയ്ക്കു കലാപരമായ മേന്മ ഉണ്ടാകണം.

അക്ബർ സ്വന്തം സ്നേഹിതനായ—എന്റെയും സ്നേഹിതനായ—ശ്രീ. പുനത്തിൽ കുഞ്ഞബ്ദുള്ള യെ പരോക്ഷമായും പ്രത്യക്ഷമായും കഥയിൽ വാഴ്ത്തുന്നുണ്ടു്. നല്ലതു്. സ്നേഹിതരെ ‘അവസരത്തിലും അനവസരത്തിലും’ പ്രശംസിച്ചു വിട്ടില്ലെങ്കിൽ പണ്ടത്തെ നോവലിസ്റ്റ് പറഞ്ഞ പോലെ “അമ്മണാ പിന്നെ നിങ്ങളെന്തൊരു ചമ്മന്തി?” എന്നു നമ്മൾ അക്ബറിനോടു ചോദിക്കില്ലേ?

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1991-08-18.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 7, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.