സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1991-12-15-ൽ പ്രസിദ്ധീകരിച്ചതു്)

images/Gandhi.jpg
ഗാന്ധിജി

മഹാരാഷ്ട്ര സ്റ്റെയ്റ്റിലെ ചാന്ദ എന്ന സ്ഥലത്തുനിന്നു മൂന്നുനാഴിക പോയാൽ ഒരു വിജനപ്രദേശത്തു് ഒരു ഹിന്ദു ദേവാലയം കാണാം. അധികമാളുകൾ അവിടെ തൊഴാൻ പോകാറില്ല. ഞാൻ അമ്പലങ്ങളിൽ പോകുന്നവനല്ലെങ്കിലും ഏകാന്തത കൊതിച്ചു് ആ ദേവാലയത്തിനടുത്തു സന്ധ്യാവേളയിൽ പോകാറുണ്ടായിരുന്നു. അപ്പോഴെല്ലാം ഒരാളെപ്പോലും കണ്ടിട്ടില്ല. ചുറ്റും കാടായതുകൊണ്ടും ആ കാട്ടിൽ പുലികൾ ഏറെയുള്ളതുകൊണ്ടും പേടിയോടെയാണു് ഞാനവിടെ ഇരിക്കാറു്, ഇരുട്ടിനു കനം കൂടുമ്പോൾ തിരിച്ചുപോരികയും ചെയ്യും. അവിടുത്തെ ഭീതിദമായ അന്തരീക്ഷത്തിൽ എനിക്കു് അല്പമാശ്വാസമരുളിയിരുന്നതു് ആ അമ്പലത്തിൽ പൂജാരി കത്തിച്ചുവച്ച ഒറ്റനെയ്ത്തിരിയാണു്. കാറ്റടിക്കുമ്പോൾ ജീവഹാനി സംഭവിക്കാതിരിക്കാനായി ആ ദീപം ചാഞ്ഞുകൊടുക്കും. ശക്തമായിട്ടാണു് കാറ്റു വീശുന്നതെങ്കിൽ അതു് സ്വാഭാവികാകൃതി ഉപേക്ഷിച്ചു് താണു പരന്നു നില്ക്കും അല്പനേരത്തേക്കു് കാറ്റു വീശിക്കഴിഞ്ഞാൽ വീണ്ടും പൂർവാകാരമാർജ്ജിക്കും. ആ ദീപത്തെ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നതു് എത്ര ആഹ്ലാദകരം! ചേതോഹരം പക്ഷേ, അതുകൊണ്ടെന്തു പ്രയോജനം? ഈശ്വരന്റെ നേർക്കു തൊഴുകൈ ഉയർത്തി നില്ക്കുന്നുണ്ടെങ്കിലും ചുറ്റുമുള്ള ഇരുട്ടു മാറ്റാൻ അതു് അശക്തമാണു്. ദൂരെനിന്നു നോക്കിയാൽ അതിനെ കാണാനും വയ്യ. ഒരു കണക്കിൽ ആ ദീപം ഒരലങ്കാര ‘വസ്തു’ മാത്രമാണു്. അങ്ങനെ അവിടെയിരുന്നു് അതു നോക്കിക്കൊണ്ടിരുന്നപ്പോൾ ഒരാശയം എന്റെ മനസ്സിലൂടെ കടന്നുപോയി. മലയാളസാഹിത്യത്തിലെ പല കൃതികളും ഇമ്മട്ടിൽ വിജനപ്രദേശത്തെ ഒറ്റദീപംപോലെയല്ലേ? രാമകഥാപ്പാട്ടു്, രാമചരിതം, കണ്ണശ്ശരാമായണം ഈ കൃതികൾ എല്ലാം സുന്ദരങ്ങളായിരിക്കാം. പക്ഷേ, അവ കുമാരനാശാന്റെ കാവ്യങ്ങൾപോലെ, വള്ളത്തോളി ന്റെ കാവ്യങ്ങൾപോലെ, ജി. ശങ്കരക്കുറുപ്പി ന്റെ കാവ്യങ്ങൾപോലെ സഹൃദയരെ ഉത്തേജിപ്പിക്കുന്നുണ്ടോ? ഇല്ല എന്നാണു് എന്റെ അസന്ദിഗ്ദ്ധമായ ഉത്തരം. നവീന സാഹിത്യത്തിലേക്കു വരാം. വെണ്ണിക്കുള ത്തിന്റെ കവിതയ്ക്കു മനോഹാരിതയുണ്ടു്. എന്നാൽ അതു് വിജനപ്രദേശത്തെ മൂകമായ അമ്പലത്തിലെ ഒറ്റ നെയ്ത്തിരിദീപം മാത്രമല്ലേ? രാഷ്ട്ര വ്യവഹാരത്തിന്റെ മണ്ഡലത്തിലേക്കു വരാം. ഗാന്ധിജി തെറ്റുകൾ പലതും ചെയ്തു. വിനോബഭാവേ തെറ്റൊന്നും ചെയ്തില്ല. പക്ഷേ, പ്രവർത്തനംകൊണ്ടും ജീവിതംകൊണ്ടും ഭാരതീയരെ കർമ്മമാർഗ്ഗത്തിലേക്കു നയിച്ച മഹാത്മാഗാന്ധിയെയാണോ നമ്മൾ ആദരിക്കുന്നതു്, അതോ വിശുദ്ധനായ വിനോബയെയാണോ? വിശുദ്ധി ഉത്കൃഷ്ടമായ മൂല്യംതന്നെ. എന്നാൽ ജീവിതത്തിന്റെ അർത്ഥം നമുക്കു പ്രദാനം ചെയ്യുന്നതു് തെറ്റുകൾ ചെയ്ത ഗാന്ധിജിയാണു്. ജീവിതത്തിന്റെ അർത്ഥത്തിലേക്കു കൈചൂണ്ടാത്ത കാവ്യങ്ങൾ അലങ്കാരങ്ങൾ മാത്രം.

ആശയമൂഷികൻ

ഒരു കിലോ മുളകിനു് 70 രൂപയായിരുന്നു മൂന്നു ദിവസം മുൻപു്. വില കൂടുന്തോറും ‘വില നിയന്ത്രിക്കും’ എന്ന സർക്കാർ പ്രസ്താവം കൂടിക്കൂടിവരും. ഭാഗ്യം. ഹന്തഭാഗ്യം ജനാനാം.

“ചുറ്റും നില്ക്കുന്നവർക്കു മനസ്സിലാക്കാൻ കഴിയാതെ ഞാൻ ഉച്ചത്തിൽ എന്നോടുതന്നെ സംസാരിച്ചാൽ എന്റെ ചിന്തകൾ അവരിൽനിന്നു മറഞ്ഞുനില്ക്കും.” ഇതു പറഞ്ഞതു് ഓസ്റ്റ്രിയൻ തത്ത്വചിന്തകൻ ലൂട്വിഹ് വിറ്റ്ഗൻഷ്ടൈനാ ണു്. (Ludwig Wittgenstein, 1889–1951) ഭാഷയുടെയും അതിനെ അവലംബിച്ചു ജന്മംകൊള്ളുന്ന സാഹിത്യസൃഷ്ടികളുടെയും പ്രഥമമായ കർത്തവ്യം ആശയമോ വികാരമോ പകർന്നുകൊടുക്കലാണു്. അതനുഷ്ഠിച്ചുകഴിഞ്ഞാൽ ആ സാഹിത്യസൃഷ്ടി നമുക്കു പരിചിതമായിബ്ഭവിക്കുന്നു. ഒരുദാഹരണംകൊണ്ടുകൂടി ഇതു വ്യക്തമാക്കാം. അന്യദേശത്തു ചെന്ന നമ്മോടു് ഒരുത്തൻ നമുക്കറിഞ്ഞുകൂടാത്ത മറാഠിയിലോ ഹിന്ദിയിലോ ഗുജറാത്തിയിലോ സംസാരിക്കാൻ തുടങ്ങിയാൽ അയാളെ അന്യനായേ നമ്മൾ കരുതു. എന്നാൽ അയാൾ മലയാളം പഠിച്ചിട്ടുണ്ടെന്നും ആ ഭാഷയിൽ നമ്മളോടു സംസാരിക്കുന്നുവെന്നും കരുതു. പെട്ടെന്നു അപരിചിതത്വം മാറുന്നു. അയാളോടു നമ്മൾ മാനസികമായി അടുക്കുന്നു. കുറച്ചുദിവസം അയാളുടെകൂടെ നടന്നാൽ അയാൾ നമ്മുടെ ബന്ധുവിനെപ്പോലെയാകും. ഈ അടുപ്പമോ പരിചയമോ ആണു് സാഹിത്യസൃഷ്ടികൾ ഉളവാക്കേണ്ടതു്. എത്രകണ്ടു ഭാഷ നമ്മളിൽ നിന്നകലുമോ അത്രകണ്ടു് അപരിചിതത്വം കൂടും. ദൗർഭാഗ്യംകൊണ്ടു് ശ്രീ. ബാലചന്ദ്രൻ ചുള്ളിക്കാടി ന്റെ ‘സദ്ഗതി’ എന്ന കാവ്യം അനുവാചകനായ എന്നിൽനിന്നു വളരെ അകന്നുനില്ക്കുകയാണു്. (മാതൃഭൂമി ആഴ്ചപ്പതിപ്പു്) മരണത്തെക്കുറിച്ചാണു് കവി എഴുതിത്തുടങ്ങുന്നതെന്നു് മനസ്സിലായി. പക്ഷേ, ക്രമേണ അദ്ദേഹം ആവിഷ്കാരത്തിൽ ദുർഗ്രഹത വരുത്തുന്നു. ഇമേജറിയിൽ ദുർഗ്രഹത വരുത്തുന്നു. ഒടുവിൽ താഴെച്ചേർക്കുന്ന വരികളിലെത്തുമ്പോൾ പൂർണ്ണമായ ‘ബ്ലാക്കൗട്ട്’.

“പരകോടിയെത്തിയെൻ യക്ഷജന്മം

പരമാണു ഭേദിക്കുമാനിമിഷം

ഉദിതാന്തരബാഷ്പ പൗർണമിയിൽ

പരിദീപ്തമാകും നിന്നന്തരംഗം

ക്ഷണികേ, ജഗൽസ്വപ്നമുക്തയാം നിൻ

ഗതിയിലെൻ താരം തിളച്ചൊലിക്കും.”

അനുഭൂതിയുളവാക്കാത്ത, വികാരം പകർന്നുതരാത്ത, ആശയം പ്രകാശിപ്പിക്കാത്ത ഇത്തരം വരികൾകൊണ്ടു് എന്തു പ്രയോജനം?

images/Wittgenstein.jpg
ലൂട്വിഹ് വിറ്റ്ഗൻഷ്ടൈൻ

മൂന്നൂറു രൂപ, നാന്നൂറു രൂപ എന്ന കണക്കിനാണു് ഞാൻ ഇംഗ്ലീഷ് പുസ്തകങ്ങൾ വാങ്ങുന്നതു്. ഇപ്പോൾ പവന്റെ എക്സ്ചെയ്ഞ്ജ് നിരക്കു് അമ്പതുരൂപയായതുകൊണ്ടു് വില ഇനിയും കൂടും. ഞാനങ്ങനെ പട്ടിണികിടന്നു വാങ്ങുന്ന എന്റെ പുസ്തകങ്ങൾ ഒരു തടിയൻ എലി തിന്നു നശിപ്പിക്കുന്നു. ഈശ്വരാനുഗ്രഹംകൊണ്ടാവണം ഒരു കറുത്ത പൂച്ച ഒരാഴ്ചയ്ക്കുമുൻപു് വീട്ടിൽ വന്നുകയറി. എന്റെ അഭിവന്ദ്യ മിത്രം ശ്രീ. ഒ. വി. വിജയനു വളരെ ഇഷ്ടമായ പൂച്ച എനിക്കു് അഹിതമാണു്. എങ്കിലും പുസ്തകങ്ങളെക്കരുതി ഞാൻ പൂച്ചയ്ക്കു പാലുകൊടുത്തു് ഇഷ്ടപ്പെടുത്തി. പക്ഷേ, ആ പൂച്ചയ്ക്കും എലിയെ പിടിക്കാൻ കഴിയുന്നില്ല. പൂച്ച ഒന്നു ചാടുമ്പോൾ എലി വേറൊരു സ്ഥലത്തേക്കു ചാടും; രക്ഷപ്പെടും, എങ്കിലും വൈകാതെ മാർജ്ജാരൻ മൂഷികനെ പിടികൂടുമെന്നും കൊല്ലുമെന്നും ഞാൻ കരുതുന്നു. ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ആശയമൂഷികൻ എന്റെ ആസ്വാദനമാർജ്ജാരനു പിടികൊടുക്കാതെ കുറെക്കാലമായി ചാടുന്നു. ആ എലി എന്റെ സഹൃദയത്വത്തെ കരളാൻ തുടങ്ങിയിട്ടും കാലം കുറെയായി. പക്ഷേ, എന്റെ ആസ്വാദനമാർജ്ജാരൻ ചുള്ളിക്കാടിന്റെ ആശയമൂഷികനെ പിടികൂടത്തക്കവിധത്തിൽ കരുത്താർജ്ജിക്കുമെന്നു് ഞാൻ വിശ്വസിക്കുന്നു.

ചോദ്യം, ഉത്തരം

ചോദ്യം: മറ്റുള്ളവരുടെ കുറ്റംപറച്ചിൽകൊണ്ടു് എന്റെ മനസ്സു് വിഷമിക്കുന്നു. ഞാൻ എന്തുചെയ്യണം?

ഉത്തരം: വെർജീനിയ വുൾഫ് എന്ന എഴുത്തുകാരി എവിടെയോ പറഞ്ഞിട്ടുണ്ടു്, മറ്റാളുകളുടെ കണ്ണുകൾ നമ്മുടെ തടവറകളും അവരുടെ ചിന്തകൾ നമ്മുടെ പഞ്ജരങ്ങളുമാണെന്നു്. അതു് അംഗീകരിക്കരുതു്. അവർ നോട്ടംകൊണ്ടു കാരാഗൃഹം സൃഷ്ടിച്ചാലും നിങ്ങൾ അതിൽ വീഴരുതു്. അവരുടെ ചിന്തകളാകുന്ന കൂടുകളിൽ ബന്ധനസ്ഥനാവരുതു്. ആരു പ്രതിഷേധിച്ചാലും ശരിയെന്നു തോന്നുന്നതു ചെയ്തേക്കു. അതു് സ്വസ്ഥതയരുളും.

ചോദ്യം: ഫ്ളാഷ്ലൈറ്റിന്റെ പ്രകാശം എന്നു നിങ്ങൾ എഴുതിയതു ശരിയോ?

ഉത്തരം: ഞാനതു് എഴുതിയപ്പോൾത്തന്നെ ഈ ചോദ്യമുണ്ടാകുമെന്നു വിചാരിച്ചു. ആ പ്രയോഗം തിരുത്തേണ്ടതില്ല എന്നും കരുതി. വാക്കുകളുടെ അവയവാർത്ഥങ്ങൾ നോക്കിയാൽ ഒരുവാക്കും പ്രയോഗിക്കാനാവില്ല. ഫ്ളാഷ്ലൈറ്റിനെ ഒരു വസ്തുവായി സ്വീകരിക്കണം. അതിൽനിന്നു പ്രകാശം പ്രസരിക്കുന്നു എന്നും കരുതണം. ഫ്ളാഷ്ലൈറ്റിൽ ലൈറ്റു് എന്നതുകൂടിയുള്ളതുകൊണ്ടു് പ്രകാശം എന്നു പ്രയോഗിച്ചുകൂടാ എന്നു കരുതരുതു്.

ചോദ്യം: നിങ്ങളുടെ തലസ്ഥാനമെങ്ങനെ?

ഉത്തരം: എന്റെ തലയെക്കുറിച്ചാണു് ചോദിക്കുന്നതെങ്കിൽ ഒരു തകരാറുമില്ല. അതുകൊണ്ടാണു് ഈ ജീവിതാസ്തമയത്തിലും എഴുതാൻ കഴിയുന്നതു്. അതല്ല തിരുവനന്തപുരത്തെക്കുറിച്ചാണു ചോദിക്കുന്നതെങ്കിൽ ഉപജാപങ്ങളുടെയും അപവാദ വ്യവസായങ്ങളുടെയും കുതികാൽവെട്ടുകളുടെയും ക്ലിക്കുകളുടെയും അതിസുന്ദരമായ നഗരം എന്നാവും ഉത്തരം.

ചോദ്യം: പുരുഷന്റെ ചിരിയും സ്ത്രീയുടെ ചിരിയും തമ്മിൽ എന്തേ വ്യത്യാസം?

ഉത്തരം: പുരുഷന്റെ ചിരി നൂറിനു തൊണ്ണൂറ്റിയൊൻപതും വ്യാജം. സ്ത്രീയുടെ ചിരി നൂറിനു തൊണ്ണൂറ്റിയൊൻപതും സത്യം. സ്ത്രീ, വിരോധം ഉള്ളിൽവച്ചുകൊണ്ടു ചിരിക്കുമ്പോഴും അതിൽ ആ വിരോധത്തിന്റെ കറുപ്പു് ഉണ്ടായിരിക്കും.

ചോദ്യം: വിപ്ലവം നിങ്ങൾക്കിഷ്ടമാണോ?

ഉത്തരം: അല്ല. എനിക്കെന്നല്ല ഒരാൾക്കും അതിഷ്ടമില്ല. പക്ഷേ, ജീവിക്കാൻ വയ്യാത്ത പരിതഃസ്ഥിതികൾ ഉണ്ടാവുമ്പോൾ മനുഷ്യൻ താനറിയാതെ വിപ്ലവത്തിലേക്കു നീങ്ങും.

ചോദ്യം: ആധുനികോത്തര സാഹിത്യം മരിച്ചോ?

ഉത്തരം: മരിച്ചില്ല. പക്ഷേ, അഴുകിയ ശവത്തെക്കാൾ അതു നാറുന്നു. ആധുനികോത്തരം എന്ന പ്രയോഗം തെറ്റാണു്. നവീന സാഹിത്യം, നവീനതര സാഹിത്യം, നവീനതമ സാഹിത്യം എന്നൊക്കെ പ്രയോഗിക്കാം.

ചോദ്യം: പത്രങ്ങളിലാകെ ചലച്ചിത്രവാർത്തകൾ, തിരുവനന്തപുരത്താകെ രാത്രിയിൽ വിദ്യുച്ഛക്തിവിളക്കുകൾ സൃഷ്ടിക്കുന്ന ഇന്ദ്രജാലം, കനകക്കുന്നു കൊട്ടാരത്തിലാകെ ചലച്ചിത്രോത്സവം. പാവപ്പെട്ടവന്റെ വീട്ടിലോ?

ഉത്തരം: പഞ്ചാബിലാകെ ചോരയുടെ നാറ്റം. ജമ്മുകാശ്മീരിലാകെ രക്തത്തിന്റെ ഗന്ധം. ആസ്സാമിലാകെ മനുഷ്യക്കുരുതിയുടെ രോദനം. മന്ത്രി മന്ദിരങ്ങളിൽ ആകെ ‘അതു ചെയ്യും ഇതു ചെയ്യും’ എന്ന പ്രസ്താവങ്ങൾ. പാവപ്പെട്ടവന്റെ വീട്ടിൽ കണ്ണീരിന്റെ പ്രവാഹം.

സംഭവങ്ങൾകൊണ്ടു കളിക്കുന്നു

പുരുഷന്റെ ചിരി നൂറിനു തൊണ്ണൂറ്റിയൊൻപതും വ്യാജം. സ്ത്രീയുടെ ചിരി നൂറിനു തൊണ്ണൂറ്റിയൊൻപതും സത്യം. സ്ത്രീ, വിരോധം ഉള്ളിൽ വച്ചു കൊണ്ടു ചിരിക്കുമ്പോഴും അതിൽ ആ വിരോധത്തിന്റെ കറുപ്പു് ഉണ്ടായിരിക്കും.

യാഥാർത്ഥ്യത്തിനു് വസ്തുനിഷ്ഠത്വത്തിനു് സത്യത്തിന്റെ മൂല്യമുണ്ടു്. ആ മൂല്യത്തെ ധ്വംസിക്കാൻ ശ്രീ. വൈക്കം മുഹമ്മ ബഷീറോദ് ശ്രീ. തകഴി ശിവശങ്കരപ്പിള്ള യോ ശ്രമിച്ചിട്ടില്ല. അതിരുകടന്ന കാല്പനികതകൊണ്ടു് സത്യത്തിൽ ഇരുട്ടു പരത്താൻ എസു്. കെ. പൊറ്റെക്കാട്ടു് പലപ്പോഴും യത്നിച്ചിട്ടുണ്ടു്. ആ യത്നത്തിൽ വിജയം പ്രാപിക്കുകയും ചെയ്തു. പ്രചാരണത്തിന്റെ കറുത്ത ലക്ഷ്യം മുന്നിലുണ്ടാവുമ്പോൾ ശ്രീ. പൊൻകുന്നം വർക്കി ആഹ്ലാദിക്കും. അതുകൊണ്ടു് അദ്ദേഹത്തിന്റെ ചൊല്കൊണ്ട കഥകൾ ഇരുണ്ടവയാണു്. സംഭവിക്കാനിടയില്ലാത്തവയെ വർണ്ണിച്ചും വൈചിത്ര്യത്തിനുവേണ്ടി അനിയന്ത്രിതങ്ങളായ കാര്യങ്ങൾ പ്രതിപാദിച്ചുമാണു് ശ്രീ. എൻ. ടി. ബാലചന്ദ്രൻ കഥയെഴുതുന്നതു്. അദ്ദേഹത്തിന്റെ “മകൻ” എന്ന ദീർഘമായ കഥ ഇതിനു നിദർശകമാണു് (മാതൃഭൂമി). അച്ഛൻ, മകൻ, മകന്റെ മകൻ ഇങ്ങനെ ചില കഥാപാത്രങ്ങളെക്കൊണ്ടു് സ്നേഹത്തിന്റെയും നന്ദികേടിന്റെയും മൃദുത്വത്തിന്റെയും പാരുഷ്യത്തിന്റെയും ലോകം സൃഷ്ടിക്കുന്നു ബാലചന്ദ്രൻ മകനെ “ഓമന”യായി വളർത്തിക്കൊണ്ടു വരുന്നു അച്ഛൻ. കൊച്ചുകുട്ടിയായിരിക്കുമ്പോൾത്തന്നെ അവനു പരുക്കൻ പെരുമാറ്റം. യുവാവാകുമ്പോഴും അതു വിട്ടുപോകുന്നില്ല. ഒടുവിൽ അച്ഛൻ മരിക്കാറാവുമ്പോൾ അവൻ സ്വന്തം മകനുമായി എത്തുന്നു. ആ അന്ത്യം ഏതാണ്ടു് ഹൃദയസ്പർശകമാണു്. എന്നാൽ യാഥാതഥ്യത്തിൽ അന്ധകാരം വീഴ്ത്തുന്ന സംഭവങ്ങളുടെ പ്രതിപാദനംകൊണ്ടു് കഥാകാരൻ കഥയിൽ വിടവുണ്ടാക്കുന്നു. അതു് രണ്ടുഭാഗങ്ങളായി വേർതിരിഞ്ഞു കിടക്കുകയും ചെയ്യുന്നു. ഭാര്യ പിണങ്ങിപ്പോയപ്പോൾ ഭർത്താവു് കുഞ്ഞിനെ കൊടുക്കുന്നില്ല. അയാൾ അതിനെയും ചുമന്നാണു് ഓഫീസിൽ പോകുന്നതു്. ഓഫീസിൽ ചെന്നാൽ ശിപായി കൊച്ചിനെ തോളിലിട്ടുകൊണ്ടു് വരാന്തയിൽ സ്റ്റൂളിലിരിക്കും. ഇതു സംഭവിക്കുന്നതാണെങ്കിൽ കേരളത്തിലുള്ള എല്ലാ ഓഫീസുകളുടെയും വരാന്തകളിൽ കൊച്ചുങ്ങളെ തോളിൽ കിടത്തിക്കൊണ്ടിരിക്കുന്ന ശിപായിമാരെ മാത്രമേ കാണാനാവൂ. അച്ഛൻ ചന്തയിൽപ്പോയി ചിലതൊക്കെ വാങ്ങിയിട്ടു് കീശയിൽ നോക്കിയപ്പോൾ കറൻസി നോട്ടില്ല. കുറച്ചുകഴിഞ്ഞപ്പോൾ ശൈശവം കടന്നിട്ടില്ലാത്ത മകൻ രണ്ടു പത്തുരൂപ നോട്ടുമായി വരുന്നു. അച്ഛൻ വഴിയിൽ കളഞ്ഞ നോട്ടാണത്രേ അതു്. ഇങ്ങനെ പലതും. ധിഷണയുടെ പ്രകാശത്തെ തടയുന്ന ഇത്തരം സംഭവങ്ങൾ കലാമൂല്യത്തിന്റെ കഴുത്തിൽ കത്തിവച്ചുകളയും. വളരെക്കാലമായി ബാലചന്ദ്രൻ ഇത്തരം അനിയതങ്ങളും അസ്വാഭാവികങ്ങളുമായ സംഭവങ്ങൾകൊണ്ടു കളിക്കുന്നു. അതിഷ്ടപ്പെടുന്നവർ കാണുമായിരിക്കും. അവരുടെ കൂട്ടത്തിൽ ഞാനില്ല.

ചുവരെഴുത്തുകൾ
  1. സംസ്കൃതത്തിൽ പാണ്ഡിത്യമുള്ള പ്രഫെസർ എം. പി. ശങ്കുണ്ണിനായർ മലയാളഭാഷ കൈകാര്യം ചെയ്യുമ്പോൾ വിദ്യയുടെ അധിഷ്ഠാനദൈവതമായ സരസ്വതീദേവി ലജ്ജിക്കുന്നു. അതു കാണാതിരിക്കാൻ വായനക്കാരേ കണ്ണടയ്ക്കൂ. (മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ലേഖനങ്ങൾ വായിച്ചപ്പോൾ ചുവരിലെഴുതാൻ എനിക്കു തോന്നിയതു്.)
  2. ചങ്ങമ്പുഴ പാടുമ്പോൾ സരസ്വതീദേവി ഹൃദ്യമായി വീണാവാദനം നടത്തുന്നു.
  3. യജമാനൻ വളർത്തുപട്ടിയെ നന്ദിയുള്ള മൃഗമായി. കരുതുന്നു. പട്ടിയാകട്ടെ യജമാനനെ നന്ദികെട്ട പട്ടിയായും.
  4. ഒരു കിലോ മുളകിനു് 70 രൂപയായിരുന്നു മൂന്നുദിവസത്തിനുമുൻപു്. വില കൂടുന്തോറും വില നിയന്ത്രിക്കും എന്ന സർക്കാർ പ്രസ്താവങ്ങൾ കൂടിക്കൂടി വരും. ഭാഗ്യം. ഹന്തഭാഗ്യം ജനാനാം.
  5. മാർത്താണ്ഡവർമ്മ’ എഴുതിയ സി. വി. രാമൻപിള്ള മുഖാവരണം ധരിച്ചില്ല. ‘ധർമ്മരാജാ’, ‘രാമരാജാബഹദൂർ’ ഇവയെഴുതിയപ്പോൾ കണ്ണുകളുടെ സ്ഥാനത്തും ദ്വാരങ്ങളില്ലാത്ത മുഖാവരണങ്ങൾ അദ്ദേഹം ധരിച്ചു.
  6. പഞ്ചാബിൽ ഭീകരർ, തിരുവനന്തപുരത്തു പിരിവുകാർ.
  7. പഞ്ജരത്തിൽ കിടക്കുന്ന കിളി പാടിയാലും അതു മധുരതമമായിരിക്കും. പ്രചാരണത്തിന്റെ പഞ്ജരത്തിൽ കിടന്ന വയലാർ രാമവർമ്മ യുടെ ചലച്ചിത്രഗാനങ്ങൾ മധുരതമങ്ങളാണു്.
  8. ഒരു സ്ത്രീയുടെ മഹാദുഃഖം മറ്റൊരു സ്ത്രീക്കു് മഹാദുഃഖമായി തോന്നുകില്ല; പുരുഷനു തോന്നും.
  9. സംഭവത്തെക്കാൾ ശക്തിയുണ്ടു് ആശയത്തിനു്. അതുകൊണ്ടു കമ്മ്യൂണിസമെന്ന ആശയം മരിച്ചുവെന്നു സങ്കല്പിക്കുന്നതു ബുദ്ധിശൂന്യതയാണു്—ഈ ചുവരെഴുത്തു കമ്മ്യൂണിസ്റ്റല്ലാത്ത ഒരുത്തന്റേതു്.
മദ്ധ്യത്തിൽ വർത്തിക്കുന്നു
images/KrishnapillaiChanganpuzha.jpg
ചങ്ങമ്പുഴ

യഥാർത്ഥമായ സ്നേഹം വിമർശനത്തിനു പ്രതിബന്ധമായി വർത്തിക്കും. സ്പഷ്ടമായില്ല അല്ലേ? എന്നാൽ തെളിച്ചു പറയാം. എയും ബിയും സ്നേഹിതന്മാരാണെന്നു കരുതു. എ എല്ലാ സ്വാതന്ത്ര്യവും കാണിക്കും ബിയോടു്. ബിയുടെ വീട്ടിൽച്ചെല്ലുന്ന എ അടുക്കളവരെ കയറും വീടുകാണാനാണു് എന്ന മട്ടിൽ. എത്ര ബെഡ് റൂം? എവിടെയാണു് നിങ്ങളൊക്കെ ഉറങ്ങുന്നതു? എന്നൊക്കെ ലജ്ജകൂടാതെ ചോദിക്കും. അതിനും പുറമേ ബി എന്തു ചെയ്താലും എ വിമർശിക്കും. ‘സ്നേഹിതനല്ലേ, വിമർശിക്കാൻ എനിക്കവകാശമുണ്ടു്’ എന്നാണു് അയാളുടെ മട്ടു്. എന്നാൽ ഇതേ സ്വാതന്ത്ര്യം ബി കാണിക്കില്ല. കാണിച്ചാൽ എക്കു് ഇഷ്ടമാവുകയുമില്ല. ഈ എ എന്ന മനുഷ്യൻ സ്നേഹിതനല്ല, ബിയെ അയാൾ ഉള്ളുകൊണ്ടു വെറുക്കുകയാണു് എന്നുവരെ ഞാൻ പറയും. സ്നേഹം സത്യാത്മകമാണെങ്കിൽ ആ സ്നേഹഭാജനത്തിന്റെ പ്രവൃത്തികളെ വിമർശിക്കാനേ പറ്റില്ല. മനസ്സു് അനുവദിക്കില്ല. അതുകൊണ്ടു് മാന്യവായനക്കാരോടു ഞാൻ ആദരപൂർവം പറയുന്നു എ യെപ്പോലെ നിങ്ങൾക്കു് ഒരു സ്നേഹിതനുണ്ടെങ്കിൽ ഉടനെ അയാളെ വർജ്ജിക്കുക. കാരണം അയാൾ നിങ്ങളെ സ്നേഹിക്കുന്നില്ല എന്നതാണു്. ഇതിനാലാണു് യഥാർത്ഥമായ സ്നേഹം വിമർശനത്തിനു തടസ്സം സൃഷ്ടിക്കുമെന്നു് ആദ്യം എഴുതിയിതു്.

ചില കഥാകാരന്മാർ എ എന്ന ആളിനെപ്പോലെയാണു്. സമൂഹത്തിൽ എന്തുണ്ടെങ്കിലും അതിനെ വിമർശിക്കലാണു് തന്റെ ജോലിയെന്നു് ആ കഥാകാരൻ വിചാരിക്കുന്നു. വിമർശനത്തോടു വിമർശനംതന്നെ. അയാളുടെ തനിനിറം ബുദ്ധികുറഞ്ഞവർക്കു് പെട്ടെന്നു കാണാനാവുകയില്ല. കണ്ടുകഴിഞ്ഞാൽ താമസമൊട്ടുമില്ലാതെ അയാൾ ഗളഹസ്തം ചെയ്യപ്പെടും. അങ്ങനെ സഹൃദയർ കഴുത്തിനു കുത്തിപ്പിടിച്ചു പുറത്താക്കിയ അനവധി കഥാകാരന്മാർ കേരളത്തിലുണ്ടു്.

പഞ്ചാബിലാകെ ചോരയുടെ നാറ്റം. ജമ്മുകാശ്മീരിലാകെ രക്തത്തിന്റെ ഗന്ധം. ആസ്സാമിലാകെ മനുഷ്യക്കുരുതിയുടെ രോദനം. മന്ത്രിമന്ദിരങ്ങളിൽ ആകെ ‘അതും ചെയ്യും ഇതും ചെയ്യും’ എന്ന പ്രസ്താവങ്ങൾ പാവപ്പെട്ടവന്റെ വീട്ടിൽ കണ്ണീരിന്റെ പ്രവാഹം.

ഭാഗ്യംകൊണ്ടു് ശ്രീ. രാഹൂൽ വളപട്ടണം എ എന്ന സ്നേഹിതനല്ല. അദ്ദേഹം ബിയെപ്പോലെ ആർജ്ജവത്തോടെ മാറിനില്ക്കുന്നതേയുള്ളു. വാചാലതയെക്കാൾ മൗനത്തിലാണു് അദ്ദേഹത്തിനു താല്പര്യം. എങ്കിലും തികഞ്ഞ മൗനം കലാവിരുദ്ധമാണല്ലോ. അതുകൊണ്ടു് മിതഭാഷണം മാത്രമേ അദ്ദേഹം നടത്തുന്നുള്ളു. ഹിന്ദു മുസ്ലിം ശത്രുതയെ പിറകിൽ നിറുത്തി അദ്ദേഹം ദേശാഭിമാനി വാരികയിലെഴുതിയ “എവിടെയോ ഒരു തീപ്പൊരി” എന്ന ചെറുകഥയിൽ മിതമായേ അദ്ദേഹം സംസാരിക്കുന്നുള്ളു. ചെറുപ്പക്കാർ ശണ്ഠയ്ക്കു തയ്യാറാകുന്നു. മനസ്സിനു പരിപാകവും ജീവിതത്തിൽനിന്നു് ഏറെ അനുഭവവും നേടിയ ഒരു മുസ്ലിം വൃദ്ധൻ അവർക്കു നേർവഴി കാണിച്ചുകൊടുത്തു. പക്ഷേ, അഗ്നി ആളിക്കത്തിക്കാൻ സന്നദ്ധരായ അവരുണ്ടോ ആ മാർഗ്ഗം കാണുന്നു? അഗ്നി പടർന്നുപിടിച്ചാൽ അതിനെ നേരിടാൻ അയാളും കൊച്ചു മകളും ധൈര്യമവലംബിച്ചു് നില്ക്കുമ്പോൾ കഥ പര്യവസാനത്തിലെത്തുന്നു. കഥ മോശമായിപ്പോയോ? ഇല്ല. നന്നായോ? അതുമില്ല. മദ്ധ്യവർത്തിയായി അതു നിലകൊള്ളുന്നു.

പ്രവാദങ്ങൾ
1.
14-ആം ലക്കം കുങ്കുമം വാരികയിൽ “ഉപബോധ മനസ്സിന്റെ കലാപകാരിതയ്ക്കു്” എന്ന പേരിൽ വിലക്ഷണവും പക്ഷപാതപരവും ആയ ലേഖനം അച്ചടിച്ചിട്ടുണ്ടു്. അതൊരു അബദ്ധപ്പഞ്ചാംഗവുമാണു്. അതു പോകട്ടെ. ലേഖനം തുടങ്ങുന്ന പുറത്തിൽ ചങ്ങമ്പുഴയുടെ ഒരു പടം അച്ചടിച്ചിരിക്കുന്നു. ഞാൻ ചങ്ങമ്പുഴയെ നേരിട്ടറിയും. അദ്ദേഹത്തിന്റെ പല ഫോട്ടോഗ്രാഫുകൾ കണ്ടിട്ടുണ്ടു്. ഈ പടത്തിൽ കാണുന്ന രൂപം അദ്ദേഹത്തിനു് ഉണ്ടായിരുന്നില്ല ഒരിക്കലും. പിന്നെ കവി ക്രാന്തദർശിയായതുപോലെ ചിത്രകാരനും ക്രാന്തദർശിതന്നെ. ചങ്ങമ്പുഴ വളരെക്കാലം ജീവിച്ചിരുന്നെങ്കിൽ ഈ രൂപം അദ്ദേഹത്തിനു വരുമെന്നായിരിക്കാം ചിത്രകാരൻ വിചാരിച്ചതു്. അദ്ദേഹത്തിനുള്ള ക്രാന്തദർശിത്വം നമുക്കില്ലല്ലോ.
2.
ശ്രീ. ടോണി മാത്യു മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പള്ളത്തു രാമനെ ക്കുറിച്ചെഴുതിയ “കവിതയുടെ അസിധാര” എന്ന ലേഖനത്തിൽ ഇങ്ങനെയൊരു വാക്യം: “ചാതുർവർണ്യം മായാസൃഷ്ടമത്രെ.” പള്ളത്തുരാമൻ മായാസൃഷ്ടമെന്നു കളിയാക്കിപ്പറഞ്ഞതാണെങ്കിൽ തെറ്റില്ല ഇതിൽ. ‘മയാസൃഷ്ട’മെന്നതിനെ കരുതിക്കൂട്ടി അദ്ദേഹം മായാസൃഷ്ട’മെന്നാക്കിയതാവാം. ‘മയാസൃഷ്ട’മെന്നതു് അച്ചടിയിൽ ‘മായാസൃഷ്ട’മെന്നായിപ്പോയിയെന്നാണു് ഞാൻ ആദ്യം വിചാരിച്ചതു്. പിന്നീടു്, ലേഖകൻ ടോണി മാത്യു ആയതുകൊണ്ടു് അച്ചടിത്തെറ്റു് ആകണമെന്നില്ലെന്നും വിചാരിച്ചു. ‘അത്രെ’ എന്നെഴുതുന്നതു് തെറ്റു്. ‘അത്രേ’ എന്നു വേണം. അതും അച്ചടിത്തെറ്റാവാം. അല്ലെങ്കിൽ ടോണി മാത്യു എഴുതിയതുമാവാം.
3.
അനിതാതമ്പി കലാകൗമുദിയിൽ എഴുതിയ ‘സ്വപ്നസന്നിഭം’ എന്ന കാവ്യത്തിൽനിന്നു് ഒരുഭാഗം:

“ഇതു് വേനലാവാം

അദൃശ്യസഞ്ചാരിതൻ മാറാപ്പിൽനിന്നും

അപൂർവ്വമാം സ്പന്ദനം.

ആരുടെ ഹൃദയം തുടിക്കുന്നു ചകിതം?

നമുക്കെത്രയരികിൽ ജ്വലിപ്പു

ചുവന്നൊരു ചുംബനം!

ഇരു താപതരംഗങ്ങൾ

ഭൂമിക്കുമേലെ നാം

ആതുരാലത വളപ്പിലെ

കണിക്കൊന്നപോലെ നീ

പൊട്ടിച്ചിരിക്കാതിരിക്കു്

രോഗകമ്പിതം.

ഉടൽ ജ്വലിക്കുന്നെനിക്കു്.”

കവിത ഇല്ലാത്ത കാലത്തു് ജീവിച്ച പൂർവപുരുഷന്മാരേ നിങ്ങളെത്ര ഭാഗ്യമുള്ളവർ!

4.
ഡോ. കുര്യാസ് ഭാഷാപോഷിണിയിൽ ശ്രീ. പാലാ നാരായണൻനായരു ടെ കവിതയെക്കുറിച്ചു് എഴുതിയ “വാഗർത്ഥങ്ങളുടെ നിത്യപൗർണമി” എന്ന ലേഖനത്തിന്റെ തുടക്കം ഇങ്ങനെ: “ജീവിതംതന്നെ കവിതയായി പരിണമിക്കുക—ഈ അത്ഭുതമാണു് പാലാ നാരായണൻനായർ.”—പാലാ നാരായണൻനായർ അത്ഭുതമാകുന്നതെങ്ങനെയെന്നു് എനിക്കറിഞ്ഞുകൂടാ. നാരായണൻ നായർ സ്വന്തം ജീവിതത്തെ കവിതയാക്കി മാറ്റി ദ്രഷ്ടാക്കൾക്കു് അത്ഭുത (വികാര) മുളവാക്കിയെന്നാവാം ലേഖകൻ കരുതുന്നതു്. ആ ആശയം പാലാ നാരായണൻനായർ അത്ഭുതമാണെന്നു പറഞ്ഞാൽ ആവിഷ്കരിക്കപ്പെടില്ല. ജീവനോടെ ഇരിക്കുന്ന കവിക്കു് അമൂർത്തസ്വഭാവം നല്കിയതു് ഒട്ടും നന്നായില്ല. ഇംഗ്ലീഷിൽ ചിന്തിച്ചിട്ടു് അതു മലയാളത്തിലാക്കുമ്പോൾ ഇത്തരം തെറ്റുകൾ വന്നുപോകും. “സ്വന്തം ജീവിതം എണ്ണമറ്റ നിമ്നോന്നതങ്ങളിലൂടെ കയറിയിറങ്ങിയപ്പോഴും… ” എന്നു രണ്ടാമത്തെ വാക്യത്തിന്റെ തുടക്കം. നിമ്നം താഴ്ചയുള്ളതു്; ഉന്നതം ഉന്നമിച്ചതു്. ഉയർന്നതു്. താണസ്ഥലത്തു് ഇറങ്ങാം. ഉയർന്ന സ്ഥലത്തു കയറാം. എന്നാൽ കുര്യാസ് താണസ്ഥലത്തു് കയറുകയും ഉയർന്ന സ്ഥലത്തു് ഇറങ്ങുകയും ചെയ്യുന്നു. കലികാലവൈഭവം! ലേഖനത്തിനിടയിൽ ഇങ്ങനെയും ഒരു കാച്ച്: “ചങ്ങമ്പുഴക്കവിതയെ പാലാ ശ്രദ്ധിച്ചതിനെക്കാൾ പാലാക്കവിതയെ ചങ്ങമ്പുഴയല്ലേ കരുതലോടെ വായിച്ചുപോയതെന്നും സംശയിക്കേണ്ടിയിരിക്കുന്നു.”—ഹായ് എന്നല്ലാതെ എന്തു ശബ്ദമാണു് കേൾപ്പിക്കേണ്ടതു് ഞാൻ? മകനെ കണ്ടിട്ടു് “ഹാ അച്ഛനെപ്പോലെയിരിക്കുന്നു” എന്നു പറയാം. അച്ഛനെ കണ്ടിട്ടു് “ഹാ മകന്റെ ഛായതന്നെ” എന്നു പറയാറുണ്ടോ?
ചവറ്റുകുട്ട ഇല്ല

മുൻപു് നക്സലൈറ്റുകൾ ധനികരെ ‘ലിക്വിഡേറ്റ്’ ചെയ്തിരുന്ന കാലം. കുറച്ചു നിലവും കുറച്ചു പുരയിടവും ഉണ്ടായിരുന്ന എന്റെ ഒരു ബന്ധുവിനു് ഒരുദിവസം കത്തുകിട്ടി. “അയ്യായിരം രൂപ നാളെ കാലത്തു് അഞ്ചുമണിക്കുമുൻപു് ‘ഇന്ന’ സ്ഥലത്തുള്ള മതിലിന്റെ പുറത്തു വച്ചില്ലെങ്കിൽ തന്റെ കഴുത്തു കണ്ടിക്കുന്നതാണു്” എഴുത്തിന്റെ താഴെ ചോരകൊണ്ടുള്ള ഒരടയാളവും. ബന്ധു ഭയന്നു. അന്നത്തെ അയ്യായിരം രൂപയ്ക്കു് ഇന്നത്തെ അഞ്ചുലക്ഷം രൂപയുടെ വിലയുണ്ടു്. വിലയില്ലെങ്കിലും ഒരുരൂപ പോകുന്നിടത്തു് മരിക്കുന്ന ആളായിരുന്നു ബന്ധു. വിവരമറിഞ്ഞു് ഞാനും അദ്ദേഹത്തിന്റെ വീട്ടിൽച്ചെന്നു. കത്തു കണ്ടു. നക്സലൈറ്റുകളായിരിക്കില്ല ഇതെഴുതിയതു്, പണം തട്ടാനായി വല്ലവനും എഴുതിയതാവാം. എങ്കിലും അങ്ങു കൊടുത്തുകളയണം എന്നു ഞാൻ ഉപദേശിച്ചു. ആ മനുഷ്യനുണ്ടോ അതു സമ്മതിക്കുന്നു. ചത്താലും രൂപ കൊടുക്കില്ല എന്നു് കട്ടായമായി അദ്ദേഹം പറഞ്ഞു. ഞാൻ തിരിച്ചു് എന്റെ വീട്ടിലേക്കു പോരികയും ചെയ്തു. അന്നു രാത്രി ബന്ധു പന്ത്രണ്ടു ചെറുപ്പക്കാരെ സംഘടിപ്പിച്ചു് ശയനമുറിക്കകത്തു കയറ്റി. അവരുടെ ഒത്ത നടുക്കു് അദ്ദേഹം കിടന്നുറങ്ങി. ഉറങ്ങിയോ എന്നു നിശ്ചയമില്ലെനിക്കു്. അങ്ങനെ എഴുതിയെന്നേയുള്ളു. രാത്രി മൂത്രമൊഴിക്കണമെന്നു തോന്നുമ്പോൾ കിട്ടാ, നാരായണാ, ചങ്കുവേ എന്നൊക്കെ അദ്ദേഹം വിളിക്കും. അവരെല്ലാം ഉണർന്നു വെട്ടുകത്തി, കഠാരി, പിച്ചാത്തി എന്നീ ആയുധങ്ങളോടുകൂടി ബന്ധുവിനെ അനുഗമിക്കും. കയ്യാലയുടെ അടുത്തുചെന്നു് അദ്ദേഹം “മുക്തമൂത്ര”നാകുമ്പോൾ (ഈ വിലക്ഷണ പ്രയോഗത്തിനു മാപ്പു്) പരിരക്ഷകർ അർദ്ധവ്യൂഹം ചമച്ചു പിറകിൽ നില്ക്കും. അങ്ങനെ കാലം കഴിഞ്ഞു. കത്തയച്ചവർക്കു് അയ്യായിരം രൂപ കൊടുക്കാതെ സംരക്ഷകർക്കു തീറ്റിയിട്ടവകയിൽ, കൂലികൊടുത്ത വകയിൽ ബന്ധു അമ്പതിനായിരം രൂപയോളം ചെലവാക്കി. എന്റെ ബന്ധു അങ്ങനെ യുവാക്കന്മാരുടെ കായബലത്തെ അവലംബിച്ചു് ആപത്തുകൂടാതെ ജീവിച്ചു.

images/KMMathew.jpg
കെ. എം. മാത്യു

‘ഭാഷാപോഷിണി’ ഉത്കൃഷ്ടമായ മാസികയാണെന്നതു് ഞാൻ പറഞ്ഞിട്ടു വേണ്ട വായനക്കാർക്കു മനസ്സിലാക്കാൻ അതിന്റെ ഉത്കൃഷ്ടതയിലും ബലത്തിലും ചാരിക്കൊണ്ടു് ശ്രീമതി ബീനാ ജോർജ് കഥയെഴുത്തുകാരിയായി വിലസുന്നു; എന്റെ ബന്ധു വിലസിയതുപോലെ. “കാവൽക്കാരന്റെ നാൾവഴി” എന്നാണു് “കഥ”യുടെ പേരു്. കഥയെന്ന പദം ഉദ്ധരണ ചിഹ്നത്തിൽ. എന്തൊരു രചനാസാഹസിക്യമാണതു്! ഏതോ ഒരു സഖറിയെക്കുറിച്ചു് കഥയെഴുത്തുകാരി അതുമിതും പറയുന്നു. അയാൾക്കു് ‘ഇൻസെസ്റ്റ്’ എന്ന വൈകല്യം ഉണ്ടായിരുന്നുപോലും. ഒടുവിലങ്ങു ചത്തുപോലും. ഞാൻ മലയാളമനോരമ ഓഫീസിൽ ഒരിക്കൽ പോയിട്ടുണ്ടു്. ചീഫ് എഡിറ്റർ ശ്രീ. കെ. എം. മാത്യു എന്നോടു സ്നേഹത്തോടുകൂടി, കാരുണ്യത്തോടുകൂടി പെരുമാറി. അദ്ദേഹത്തെ കണ്ടതിനു ശേഷം അന്നു് ആഴ്ചപ്പതിപ്പിന്റെ എഡിറ്ററായിരുന്ന പ്രഫെസർ കെ. എം. തരകന്റെ മുറിയിൽച്ചെന്നു. അദ്ദേഹം ഏതോ സമ്മേളനത്തിനു പോയിരിക്കുകയായിരുന്നു. അന്നു ഭാഷാപോഷിണിയുടെയും എഡിറ്ററായിരുന്ന അദ്ദേഹത്തിന്റെ മേശയുടെ താഴെ ചവറ്റുകുട്ട ഇല്ലായിരുന്നു. ഇന്നും ഇല്ലെന്നു ഞാൻ വിചാരിക്കുന്നു.

ഗൾഫ് രാജ്യങ്ങളിൽനിന്നു ചില കഥയെഴുത്തുകാർ കഥകളോടൊപ്പം ചെക്കും അയയ്ക്കുന്നുണ്ടു് എനിക്കു്. കലാകൗമുദിയിൽ അവ പ്രസിദ്ധപ്പെടുത്താൻവേണ്ടി പത്രാധിപരോടു ശുപാർശ ചെയ്യാനാണു് ഈ കൈക്കൂലി. ഇതു് അരുതെന്നു് മുൻപു് ഞാൻ എഴുതിയിട്ടുണ്ടു്. ഇന്നലെ ഒരു കഥയോടൊപ്പം ഒരു ചെക്കും എനിക്കു കിട്ടി. ആളിന്റെ പേരു് എഴുതുന്നതു ശരിയല്ല. എങ്കിലും ചെക്കിന്റെ നമ്പരും തീയതിയും ബാങ്കിന്റെ പേരും എഴുതുന്നു, ഇനി ഇങ്ങനെ അയയ്ക്കുന്നവർക്കുള്ള മുന്നറിയിപ്പായി. നമ്പർ: 593935; തീയതി: 29-10-1991; ബാങ്ക്: സ്റ്റെയ്റ്റു് ബാങ്ക് ഓഫ് ഇൻഡ്യ, തങ്കശ്ശേരി. ഇനി ചെക്ക് ആരെങ്കിലുമയച്ചാൽ ഞാൻ അതയയ്ക്കുന്ന ആളിന്റെ പേരു വാരികയിൽ എഴുതുന്നതാണു്.

വ്യാമോഹം
images/KJYesudas.jpg
യേശുദാസ്

ഞാൻ കൊട്ടാരക്കര ഇംഗ്ലീഷ് ഹൈസ്ക്കൂളിൽ പഠിക്കുന്ന കാലം. ഒരധ്യാപകൻ ബ്ലാക്ക് ബോർഡ് തുടയ്ക്കുന്ന തുണിയെടുത്തു് അതിന്റെ ഒരറ്റം ബോർഡിൽ വിരലുകൊണ്ടു് ഉറപ്പിച്ചു് മറ്റൊരറ്റത്തിൽ ചോക്ക് കഷണം വച്ചു് ഒന്നു കറക്കി വൃത്തം വരയ്ക്കും. അതു് ഭംഗിയുള്ള വട്ടമായി വരുമ്പോൾ സാറു് അഭിമാനത്തോടെ പുഞ്ചിരിതൂകി നില്ക്കും. അദ്ദേഹത്തിന്റെ വിചാരം താനൊരു ന്യൂട്ടനോ ഐൻസ്റ്റൈയി നോ ആണെന്നാണു്. ഗായകനായ യേശുദാസ് സഭാവേദിയിലിരിക്കുമ്പോൾ ഞാൻ എന്റേതായ കാളരാഗത്തിൽ കവിതകൾ ചൊല്ലാറുണ്ടു്. യോശുദാസു് താരമാണെന്നും ഞാൻ പുല്ക്കൊടിയാണെന്നും എനിക്കറിയാൻ പാടില്ലാതില്ല. എങ്കിലും ചങ്കൂറ്റത്തോടെ കവിത ഈണത്തിൽ ചൊല്ലുമ്പോൾ അതു മോശമല്ല എന്നു് ഉപബോധമനസ്സിലെങ്കിലും ഒരു വിചാരം കാണും എനിക്കു്. വ്യാമോഹങ്ങളാണു് നമ്മളെ ഭരിക്കുന്നതു്. കഥയെഴുത്തുകാരും ഇക്കാര്യത്തിൽ വിഭിന്നരല്ല.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1991-12-15.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 7, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.